സ്വാശ്രയ കോളിജുകളിൽ വിദ്യാർഥി പരാതി പരിഹാര സെൽ നിയമമാക്കും -മന്ത്രി

കോട്ടയം അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജിൽ ശ്രദ്ധയെന്ന വിദ്യാർത്ഥിനി ജീവനൊടുക്കിയ കേസിൻ്റെ പശ്ചാത്തലത്തിൽ സ്വാശ്രയ കോളേജുകളിൽ വിദ്യാർത്ഥി പരാതി പരിഹാര സെൽ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു. സെല്ലിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ സർവകലാശാലയിൽ മോണിറ്ററിങ് സമിതിയെ സമീപിക്കാൻ അവസരമുണ്ടാകും. ഇക്കാര്യം ഉടൻ സർവകലാശാല നിയമത്തിന്റെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു.

കോളിജിൽ വിവിധ തരത്തിലുള്ള അവഹേളനങ്ങൾക്ക് വിദ്യാർഥികൾ വിധേയമാവുന്നു. മാനേജ്മെൻ്റുകളുടെ യാഥാസ്ഥിതിക മനോഭാവങ്ങൾ അടിച്ചേൽപ്പിക്കുന്ന സാഹചര്യവുമാണ് തുടരുന്നത്. അച്ചടക്കത്തിൻ്റെ പേരിൽ മതാത്മക മൂല്യങ്ങൾ വൈകൃതത്തോടെ കുട്ടികൾക്ക് മേൽ പ്രയോഗിക്കാൻ തുനിയുന്ന സാഹചര്യമാണ്. ഇക്കാര്യം വിദ്യർഥികൾ തന്നെ പരാതിപ്പെട്ടിട്ടും ഫലം ഉണ്ടായില്ല. ഈ അനാസ്ഥയുടെ അവസാന ഇരയായി തീരുകയാണ് ശ്രദ്ധ എന്ന പെൺകുട്ടി. അമൽ ജ്യോതി കോളിജിലെ തന്നെ വിദ്യാഥിനികൾ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. ഇതോടെയാണ് സർക്കാരിനും നിലപാട് എടുക്കേണ്ടി വന്നത്.

വിദ്യാർഥി യൂണിയൻ പ്രതിനിധിയും അംഗമാവും

തിരുവനന്തപുരത്ത് വാർത്താസമ്മേളനം വിളിച്ചുചേർത്താണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപനം നടത്തിയത്. കോളേജുകളിൽ പ്രിൻസിപ്പാളായിരിക്കും സെൽ മേധാവി. സർവകലാശാലകളിൽ വകുപ്പ് മേധാവി അധ്യക്ഷനാകും. പരാതി പരിഹാര സെല്ലിൽ ഒരു വനിതയുണ്ടാകും. വിദ്യാർത്ഥി യൂണിയൻ പ്രതിനിധികളും സെല്ലിൽ ഉണ്ടാകും. ഏഴ് അംഗങ്ങളായിരിക്കും പരാതി പരിഹാര സെല്ലിൽ ഉണ്ടാവുകയെന്നും മന്ത്രി വ്യക്തമാക്കി. 

എസ് സി എസ് ടി / ഭിന്നശേഷി പ്രാതിനിധ്യം വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ പരാതികളിൽ നടപടി എടുത്തില്ലെങ്കിൽ കോളേജിന്റെ അംഗീകാരം റദ്ദാക്കുന്നതടക്കം നടപടി സ്വീകരിക്കും. അല്ലെങ്കിൽ പുതിയ കോഴ്സുകൾ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വരുന്ന വലിയ മാറ്റങ്ങൾക്ക് വേണ്ടി പുതിയ നിയമങ്ങൾ അടുത്ത നിയമസഭാ സമ്മേളനത്തിൽ പരിഗണനയ്ക്ക് വെക്കും. എന്നാൽ പുതിയ സാഹചര്യത്തിൽ പെട്ടെന്ന് പാസാക്കേണ്ടതിനാലാണ് ഇക്കാര്യം ഉത്തരവായി ഇറക്കിയതെന്നും ഇത് സംബന്ധിച്ച നിയമ നിർമ്മാണം അടുത്ത നിയമസഭാ സമ്മേളനത്തിൽ നടക്കുമെന്നും മന്ത്രി ബിന്ദു പറഞ്ഞു. 

‘എൻ്റെ വിദ്യാ’…. പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്, വ്യാജ രേഖ കേസിൽ മെല്ലെ പോക്ക്

എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യ പ്രതിയായ വ്യാജരേഖ കേസിൽ പൊലീസ് മെല്ലെ പോക്ക്. എഫ്ഐആർ രജിസ്റ്റർ ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞിട്ടും വിദ്യ എവിടെയെന്ന് വ്യക്തത വരുത്താൻ പൊലീസിനായിട്ടില്ല. വ്യാജരേഖയുടെ ഒറിജിനൽ പിടിച്ചെടുക്കാൻ അലംഭാവം കാണിച്ചത് കേസ് ദുർബലമാക്കും.

വ്യാജരേഖയുണ്ടാക്കാൻ കെ വിദ്യ ഉപയോഗിച്ചത് മഹാരാജാസിൽ നിന്ന് 2018- 19 കാലയളവിൽ കിട്ടിയ ആസ്പയർ സ്കോളർഷിപ്പിന്റെ പ്രോജക്ട് സർട്ടിഫിക്കറ്റാണെന്നും വാർത്തയുണ്ട്. 

ജാമ്യമില്ലാ കുറ്റം

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വ്യാജ രേഖയുമായി കെ വിദ്യ അട്ടപ്പാടി കോളേജിലെത്തിയത്. സംശയം തോന്നിയ അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ മഹാരാജസ് കോളേജിനെ തിങ്കളാഴ്ച രേഖാമൂലം ബന്ധപ്പെട്ടു. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ അന്ന് വൈകീട്ട് പൊലീസിൽ പരാതി നൽകി. വ്യാജ രേഖ ഉണ്ടാക്കി വഞ്ചിക്കാൻ ശ്രമിച്ചതിൽ ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി പൊലീസ് കേസെടുത്തു. സംഭവം നടന്ന അഗളി പൊലീസിന് കേസ് കൈമാറാനായിരുന്നു കൊച്ചി പൊലീസിന്‍റെ തീരുമാനം. എന്നാൽ കാസർകോട് കരിന്തളം കോളേജ് അവിടെ ലഭിച്ച വ്യാജ രേഖ മഹാരാജാസിലേക്ക് അയക്കാൻ തീരുമാനിച്ചതോടെ കേസ് നടപടികൾ ഇഴഞ്ഞു.

വ്യാജ രേഖയുടെ കോപ്പിയാണ് നിലവിൽ പൊലീസിന്‍റെ കൈയ്യിലുള്ളത്. പ്രതി ഉണ്ടാക്കിയ അസ്സൽ പകർപ്പ് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ കേസ് കോടതിയിൽ ദുർബലമാകും. സംഭവം പുറത്ത് വന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ കെ വിദ്യ തെളിവ് നശിപ്പിക്കാനുള്ള സാധ്യത കൂടുകയാണ്. രേഖ കണ്ടെത്തിയില്ലെങ്കിൽ ഇത് പ്രതിക്ക് സഹായകമാവും.

എം ഫിൽ പഠനത്തിനിടെ മഹാരാജാസിൽ ചെയ്ത പ്രൊജക്ട് സർട്ടിഫിക്കറ്റിലെ ഒപ്പും സീലുമാണ് വ്യാജ രേഖയിലേക്ക് വിദ്യ പകർത്തിയതെന്ന വിവരവും പുറത്ത് വന്നു. അന്ന് വൈസ് പ്രിൻസിപ്പലായിരുന്ന ജയമോൾ വി കെയുടെ ഒപ്പും സീലിനുമൊപ്പം ലെറ്റർ പാഡിലുള്ള കോളേജ് എംബ്ലവും കൂട്ടിചേർത്താണ് വ്യാജ രേഖ ഉണ്ടാക്കിയത്. 2018 ലാണ് വിദ്യ കാലടി സർവ്വകലാശാലയിൽ എംഫിൽ കോഴ്സിന് ചേർന്നത്. എം ഫിലിന്റെ് ഭാഗമായി ആയിരുന്നു ആസ്പയർ സ്കോളർഷിപ്പ് വഴി മഹാരാജാസിൽ പ്രോജക്ട് ചെയ്യാനുള്ള അവസരം ലഭിച്ചത്. ഇതിന് ശേഷം കാസർകോട് കരിന്തളം കോളേജിലെത്തിയപ്പോഴാണ് വ്യാജ രേഖ ആദ്യം ഉപയോഗിച്ചത്.

അതേസമയം, മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ കുറ്റാരോപിതയായ വിദ്യ കെയുടെ ഗവേഷണ ഗൈഡ് സ്ഥാനത്ത് നിന്ന് ബിച്ചു എക്സ്‌മലയിൽ പിന്മാറി. വിദ്യ കെ നിയമപരമായി നിരപരാധിത്വം തെളിയിരുന്നത് വരെ ഗൈഡ് സ്ഥാനത്ത് നിന്ന് മാറിനിൽക്കുകയാണെന്ന് ബിച്ചു എക്സ്മല കാലടി സർവകലാശാലയെ അറിയിച്ചു. കാലടി സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർത്ഥിയാണ് വിദ്യ കെ എന്ന വിദ്യ വിജയൻ. വിദ്യയുടെ പി.എച്ച്.ഡി പ്രവേശനം മാനദണ്ഡം മറികടന്നാണെന്ന ആരോപണത്തിൽ കാലടി സർവ്വകലാശാലയിലും വിദ്യക്കെതിരെ പരിശോധന തുടങ്ങിയിട്ടുണ്ട്.

മന്ത്രി പറഞ്ഞത്

ആർഷോയുടെ മാർക് ലിസ്റ്റ് വിഷയത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്. സമാനമായ വേറെയും ചില തെറ്റുകൾ വന്നിട്ടുണ്ടെന്നാണ് കോളേജ് പ്രിൻസിപ്പൽ പറയുന്നത്. അക്കാര്യത്തിൽ കൂടുതൽ പരിശോധന വേണം. ഒരു ചെറുപ്പക്കാരൻ ഒട്ടും തെറ്റ് ചെയ്യാതെ ഇങ്ങനെ ചിത്രീകരിക്കുന്നത് മോശമാണ്. സർക്കാർ തലത്തിൽ അക്കാര്യത്തിൽ അന്വേഷണം നടത്തും. നാഷണൽ ഇൻഫോർമാറ്റിക് സെന്ററിന് പൊതുവിൽ ഒരു കീർത്തിയുണ്ട്. അതിനാലാണ് മഹാരാജാസ് കോളേജ് സേവനം തുടർന്നതെന്ന് കരുതുന്നുവെന്നും മന്ത്രി പറഞ്ഞു.

മഹാരാജാസ് കോളേജോ പ്രിൻസിപ്പലോ വ്യാജരേഖ കേസിൽ കുറ്റക്കാരല്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യയാണ് തെറ്റ് ചെയ്തത്. അക്ഷന്തവ്യമായ തെറ്റാണ്. പൊലീസ് അന്വേഷണം ആ സംഭവത്തിൽ നടക്കുന്നുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുതിർന്ന വ്യക്തിയാണ് വിദ്യ. അങ്ങിനെയൊരാൾ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ അതിന്റെ കുറ്റം അവരിൽ അത് നിക്ഷിപ്തമാണ്. ഞാനൊരു സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ അതിന്റെ ധാർമ്മികമായ ഉത്തരവാദിത്തം എനിക്ക് തന്നെയാണ്. വിദ്യയുടെ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. വിദ്യയുടെ പിഎച്ച്ഡി പ്രവേശന വിഷയത്തിൽ വൈസ് ചാൻസലറെ വിളിച്ചിരുന്നു. സിന്റിക്കേറ്റിന്റെ ലീഗൽ സബ് കമ്മിറ്റി അക്കാര്യം അന്വേഷിക്കുന്നുണ്ട്. സംവരണം പാലിക്കപ്പെടേണ്ടതാണ്. ഓരോ സർവകലാശാലയ്ക്കും ഓരോ നിയമമാണ് പിഎച്ച് ഡി പ്രവേശനത്തിലുള്ളത്. അത് പരിശോധിക്കുന്നുണ്ട്. കാലടി സർവകലാശാലയോട് ഇന്ന് വൈകുന്നേരത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

താമരശ്ശേരി മേഖലയിൽ ഇടി മിന്നൽ ഭീതി, ഒരു മാസത്തിനകം രണ്ട് മരണം

0

കോഴിക്കോട് കൊടുവള്ളിയിൽ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കൊടുവള്ളി സ്വദേശി കക്കോടൻ നസീർ (42) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറ കുറുന്താറ്റിൽ നിന്നാണ് നസീറിന് ഇടിമിന്നലേറ്റത്. സ്ഥലമിടപാടുമായി ബന്ധപ്പെട്ടാണ് നസീർ അടക്കം മൂന്നു പേർ കിഴക്കോത്ത് എത്തിയത്. വില്പനയ്ക്ക് വെച്ച വീട് കാണാൻ എത്തിയതാണ്. കൂടെയുണ്ടായിരുന്ന രണ്ടു പേർക്കും മിന്നലേറ്റെങ്കിലും മറ്റ് പ്രശ്നങ്ങൾ ഇല്ല.

മിന്നലേറ്റ് വീണ നസീർ എഴുന്നേറ്റ് തന്റെ കൈക്ക് എന്തെങ്കിലും പറ്റിയോ എന്ന് നോക്കാൻ സുഹൃത്തുക്കളോട് പറഞ്ഞു. പിന്നാലെ വീണ്ടും നിലത്തേക്ക് വീഴുകയും മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന വിവരം. പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു.

രണ്ടാഴ്ചയ്ക്ക് ഇടയിൽ കിഴക്കോത്ത് മിന്നലേറ്റുള്ള മരണം ഇത് രണ്ടാമത്തെ സംഭവമാണ്.

കൊടുവള്ളി, താമരശേരി, മുക്കം, തിരുവമ്പാടി മേഖലകളിൽ ഏതാനും ദിവസങ്ങളായി ഇടിമിന്നൽ ശക്തമാണ്. ഉച്ചകഴിയുന്നതോടെ ഇടവിട്ട് കനത്ത മഴയും പെയ്യുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചിരുന്നു. കൊടുവള്ളി കിഴക്കോത്ത് നെല്ലാങ്കണ്ടി വീട്ടിൽ പ്രകാശന്‍റെ ഭാര്യ ഷീബ (38) ആണ് മരിച്ചത്. മെയ് 30ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നു ഷീബ മിന്നലേറ്റ് വീഴുകയായിരുന്നു. 

ഷാഫി പറമ്പിൽ തുടരുമോ, അഖിലിനും അഭിജിത്തിനും ഇടയിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം തർക്കത്തിൽ

 യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പോര് മുറുന്നു. ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ എ ഗ്രൂപ്പിനുള്ളില്‍ തന്നെ വ്യത്യസ്ത ചർച്ചകൾ ഉയർന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗവും ജെ.എസ്. അഖിലിനെ മത്സരിപ്പിക്കണമെന്ന് മറുവിഭാഗവും ആവശ്യത്തിലാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന എ ഗ്രൂപ്പ് യോഗം തര്‍ക്കത്തെ തുടര്‍ന്ന് തീരുമാനമാവാതെ പിരിഞ്ഞിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി വാദിച്ചത്. സ്ഥാനം ഒഴിയുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ തന്റെ താല്‍പര്യം കൂടി പരിഗണിക്കണം എന്നതായിരുന്നു ഷാഫിയുടെ ആവശ്യം.കാലങ്ങളായി ഗ്രൂപ്പിനൊപ്പം നില്‍ക്കുന്ന അഖിലിനെ പിന്തുണയ്ക്കണമെന്ന നിലപാടാണ് എ ഗ്രൂപ്പ് നേതാക്കളായ ബെന്നി ബെഹനാനും കെ. ബാബുവും സ്വീകരിച്ചത്.

കാലങ്ങളായി ഗ്രൂപ്പിനൊപ്പം നില്‍ക്കുന്ന ആളിനെ തഴഞ്ഞ് അടുത്ത കാലത്ത് മാത്രം എ ഗ്രൂപ്പിനൊപ്പം കൂടിയ ആളിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അധ്യക്ഷസ്ഥാനത്തേക്ക് വിജയം ഉറപ്പിക്കാനാകില്ലെന്നാണ് ഒരു വിഭാഗം വാദിച്ചത്. അഖിലിന് പകരം കെ.എസ്.യു. മുന്‍ അധ്യക്ഷന്‍ അഭിജിത്തിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിപ്പിക്കാമെന്ന ഉപാധി വന്നെങ്കിലും മത്സരിക്കാന്‍ താത്പര്യമില്ലെന്ന നിലപാടാണ് അഭിജിത് സ്വീകരിച്ചത്. കെ.എസ്.യു. അധ്യക്ഷസ്ഥാനത്തേക്ക് അഭിജിത്തിന് വേണ്ടി അഖില്‍ നേരത്തെ പിന്മാറിയിരുന്നു.

നിലപാടില്‍ ഇരുപക്ഷവും വിട്ടുവീഴ്ചയ്ക് തയാറായില്ല. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയത് ഈ മാസം 14 ആണ്.

ചാനല്‍ ചര്‍ച്ചകളിലും സാമൂഹിക മാധ്യമങ്ങളിലും സജീവമായി ഇടപെടുന്നതാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ത്തിക്കാട്ടാന്‍ ഉന്നയിച്ച വാദം. കെ.എസ്.യു. പ്രസിഡന്റ് സ്ഥാനം, എന്‍.എസ്.യു. പ്രസിഡന്റ് സ്ഥാനം എന്നിവ നല്‍കാതെ ഒഴിവാക്കിയിട്ടും ഗ്രൂപ്പ് വിട്ടുപോകാതെ നില്‍ക്കുന്നതാണ് അഖിലിനെ പിന്തുണച്ചവർ ഉയർത്തിയത്. യൂത്ത് കോൺഗ്രസ് ദേശീയ കോഡിനേറ്ററാണ് അഖിൽ. ബിനു ചള്ളിയിൽ മഞ്ജുക്കുട്ടൻ എന്നിവരുടെ പേരും രംഗത്തുണ്ട്.

ലോക് സഭാ തിരഞ്ഞെടുപ്പിന് മുൻപ് വിവാദം വേണ്ട എന്ന നേതൃത്വത്തിൻ്റെ നിലപാട് ഷാഫി പറമ്പിലിന് തുടർച്ച നൽകുകയും ചെയ്യാം.

എഴുതാത്ത പരീക്ഷ ജയിച്ച വിവാദത്തിൽ എസ് എഫ് ഐ നേതാവിനെതിരെ മരുന്നിട്ടത് പാർട്ടിക്കാരൻ തന്നെ ?

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ എഴുതാത്ത പരീക്ഷ ജയിച്ചതായുള്ള വിവാദത്തിന് മരുന്നിട്ടത് പാർട്ടിക്ക് അകത്തെ കേന്ദ്രങ്ങളെന്ന്. ഗുഢാലോചന നടത്തിയെന്ന് ആര്‍ഷോ ആരോപിക്കുന്നുണ്ട്. പാർട്ടി സെക്രട്ടറിയും ഇത് ശരിവെച്ച് അന്വേഷണം ആവശ്യപ്പെട്ടു. എന്നാൽ ഈ അധ്യാപകന്‍ ഇടതുപക്ഷ സംഘടനാ നേതാവാണ് എന്നാണ് തുടർ പ്രസ്താവനകളിൽ വ്യക്തമാവുന്നത്.

ഇക്കാര്യത്തില്‍ വിശദീകരണം പാർച്ചിക്ക് നൽകിയിട്ടുണ്ട്. ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ചൂണ്ടിക്കാട്ടി നേതൃത്വത്തെ വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും ആർഷോ വ്യക്തമാക്കിയിട്ടുണ്ട്.

ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍ഡിനേറ്ററായിരുന്ന അധ്യാപകനെതിരെയാണ് ആര്‍ഷോ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ അധ്യാപകനെതിരെ നല്‍കിയ പരാതികൾ ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍ഡിനേറ്റര്‍ പദവിയില്‍ നിന്ന് നീക്കംചെയ്തിരുന്നു. ഇതൊക്കെ തനിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നിലുണ്ടെന്നാണ് ആര്‍ഷോ പരാതിയിൽ പറഞ്ഞത്.

ആഷോയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം മാര്‍ക്ക് ലിസ്റ്റില്‍ വന്ന സാങ്കേതിക പിഴവാണെന്നാണ് കോളേജ് അധികൃതര്‍ വിശദീകരിച്ചത്. അത് തള്ളിക്കളയുകയാണ് ആര്‍ഷോയും സിപിഎമ്മും.

ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ആര്‍ഷോ ആരോപിക്കുന്ന വ്യക്തി എകെജിസിടിഎ നേതാവാണ്. താന്‍ അധ്യാപകന്റെ രാഷ്ട്രീയം നോക്കിയല്ല പരാതി നല്‍കിയത് എന്ന നിലപാടും പാട്ടിക്ക് മുന്നിൽ വെച്ചിട്ടുണ്ട്. താന്‍ ഉന്നയിച്ച അധ്യാപകനെ ഇടതുപക്ഷ അധ്യാപക സംഘടനകളുടെ പരിപാടികളിൽ കണ്ടിട്ടില്ലെന്ന സംഘടനാ തല വിമർശവും ഉണ്ട്.

സിപിഎം സംസ്ഥാന നേതൃത്വത്തിനെ കാര്യങ്ങള്‍ അറിച്ചിട്ടുണ്ടെങ്കിലും ആരെയാണ് അറിയച്ചിരിക്കുന്നത് എന്ന് വ്യക്തമാാക്കിയിട്ടില്ല. ഔദ്യോഗികമായി പരാതിപ്പെടുകയല്ല ചെയ്തതത് എന്നും ഇതിൽ വ്യക്തമാവുന്നു. ഇതോടെ അധ്യാപകനെ മുൻനിർത്തിയുള്ള ആരോപണത്തിൽ വീണ്ടും വിള്ളൽ വരുന്നുമുണ്ട്.

ആർഷോ പക്ഷത്തെ വിശദീകരണം

ചില മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകി. പ്രിൻസിപ്പൽ പറഞ്ഞ കാര്യങ്ങളിൽ നിന്നും മലക്കം മറിയുകയാണ്, ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും സംഭവിക്കാത്ത തെറ്റാണ് മഹാരാജാസ് കോളേജിലെ പ്രിൻസിപ്പലിൻ്റെ ഭാഗത്തു നിന്നുണ്ടായത് എന്നും ആർഷോ പറഞ്ഞു. 2021 ബാച്ചിനോടൊപ്പം വീണ്ടും പരീക്ഷക്ക് അപ്ലൈ ചെയ്‌തെങ്കിൽ പരീക്ഷ ഫീസ് അടച്ചതിന്റെ റസീപ്റ്റ്, അപ്ലൈ ചെയ്‌തതിന്റെ രേഖ ഹാജരാക്കണമെന്ന്‌ ആർഷോ പ്രിൻസിപ്പലിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ മാധ്യമങ്ങൾക്ക്‌ നൽകിയ രേഖയിൽ പിഴവുണ്ടായെന്ന്‌ സമ്മതിച്ച്‌ പ്രിൻസിപ്പൽ രംഗത്തെത്തിയത്‌.

കോളേജ് വെബ്സൈറ്റ് പ്രകാരം 2021 ബാച്ചിനൊപ്പം പരീക്ഷ എഴുതിയ 20 ബാച്ചിലെ വിദ്യാർത്ഥികളുടെ ലിസ്റ്റും ആർഷോ ഫെയ്‌സ്‌ബുക്കിലൂടെ പുറത്തുവിട്ടു. ഇതിലും ആർഷോയുടെ പേരില്ല.

മഴക്കാലമെത്തി, 48 മണിക്കൂറിനകം കേരളത്തിൽ

0

അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചനം. മധ്യകിഴക്കന്‍ അറബിക്കടലിന് മുകളിലുള്ള ബിപോര്‍ജോയ് ( Biparjoy) ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിട്ടുണ്ട്. ഇതിനു തുടർച്ചയായാണ് ഇപ്പോൾ മഴ ലഭിക്കുന്നത്.

ചുഴലിയുടെ ഭാഗമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലും കാറ്റോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ അതി തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള മൂന്ന് ദിവസം വടക്ക് – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

അമൽജ്യോതി കോളിജ് വിദ്യാർഥിനി ശ്രദ്ധയുടെ മരണം ക്രൈബ്രാഞ്ച് അന്വേഷിക്കും, സമരക്കാരുമായി ധാരണയായി

കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനിയറിങ് കോളേജിലെ വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ മരണം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കും.വിദ്യാർഥി സമരം തത്ക്കാലം നിർത്തി വെച്ചു. സമരത്തിന് നേതൃത്വം നൽകിയ വിദ്യാർഥികൾക്കെതിരേ നടപടി ഉണ്ടാകില്ലെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു. ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർഥികളും മാനേജ്മെന്റും അധ്യാപകരുമായുള്ള ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

‘വിദ്യാർഥികൾ പരാതിപ്പെട്ട എച്ച്.ഒ.ഡിക്കെതിരേ അന്വേഷണത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ മാത്രം നടപടി തീരുമാനിക്കും. കുറ്റക്കാരെ ശിക്ഷിക്കും. വാർഡനെ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യം സഭാനേതൃത്വവുമായി സംസാരിച്ച് മാനേജ്മെന്റ് അറിയിക്കും. സ്റ്റുഡന്റസ് കൗൺസിൽ ശക്തിപ്പെടുത്തും’ മന്ത്രി പറഞ്ഞു. വാർഡനെതിരെയാണ് വിദ്യാർഥികൾ എറ്റവും അധികം പരാതി ഉന്നയിച്ചത്. എന്നാൽ ഇക്കാര്യത്തിലും അന്വേഷണ ശേഷമാവും നടപടി എന്നാണ് വശദീകരണം.

സമരം തത്കാലം നിർത്തിയതായി വിദ്യാർഥികൾ വ്യക്തമാക്കി. എന്നാൽ ഇതിൽ പൂർണതൃപ്തരല്ല. അന്വേഷണവുമായി സഹകരിക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്നും വിദ്യാർഥികൾ കൂട്ടിച്ചേർത്തു. മന്ത്രിമാരായ വി.എൻ. വാസവൻ, ആർ. ബിന്ദു എന്നിവർ യോഗത്തില്‍ പങ്കെടുത്തു. 

 ഇതുവരെ നടന്ന പൊലീസ് അന്വേഷണം മാനേജ്മെന്റിന് അനുകൂലമായിരുന്നു എന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിലെങ്കിലും നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രദ്ധയുടെ അച്ഛന്‍ പ്രതികരിച്ചു.

അധ്യാപക സംഘടനകളുടെ സമ്മർദ്ദം, സ്കൂൾ പ്രവർത്തി ദിവസം 205 ആയി കുറച്ച് സർക്കാർ പിന്മാറ്റം

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തി ദിവസം 210 ൽ നിന്ന് 205 ആയി കുറയ്ക്കും. ഭരണാനുകൂല സംഘടനയായ കെഎസ്ടിഎ അടക്കം ഇതിനെതിരെ നടത്തിയ സമ്മർദ്ദത്തിന് വഴങ്ങിയാണ് തീരുമാനം. മധ്യവേനലവധി ഏപ്രിൽ ആറ് മുതലെന്ന പ്രഖ്യാപനത്തിലും മാറ്റം വരുത്തി. നിലവിലെ മാർച്ച് 31 ന് തന്നെയായിരിക്കും ഇനിയും മധ്യവേനലവധി. ഇത്തവണത്തെ പ്രവേശനോത്സവ പരിപാടി മലയിൻകീഴ് സ്കൂളിൽ നടക്കുമ്പോൾ അധ്യക്ഷ പ്രസംഗത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. വിഷയത്തിൽ ഇന്ന് മന്ത്രിയുടെ അധ്യക്ഷതയിൽ അധ്യാപക സംഘടനകളുടെ യോഗം ചേർന്നിരുന്നു.

തീരുമാനം

2023-24 അക്കാദമിക വർഷത്തെ അധ്യയന ദിനങ്ങൾ 205 ആയി  നിജപ്പെടുത്തി. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി. അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ഏപ്രിൽ 01 മുതൽ 05 വരെയുള്ള തീയതികൾ വേനൽക്കാല അവധി ദിവസങ്ങളായി തുടരും. വേനലവധി ദിവസങ്ങൾക്ക് മാറ്റമില്ല.

അദ്ധ്യയന വർഷത്തിലെ ആകെയുള്ള 52 ശനിയാഴ്ചകളിൽ 13 ശനിയാഴ്ചകൾ മാത്രമാണ് പ്രവൃത്തി ദിനമായി നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ നിയമങ്ങളും കോടതി വിധികളും ഒരാഴ്ചയിൽ 5 പ്രവൃത്തി ദിനങ്ങൾ വേണം എന്ന് നിർദ്ദേശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് ആഴ്ചയിൽ 5 ദിവസം അധ്യയന ദിനങ്ങൾ ലഭിക്കാത്ത ആഴ്ചകളിൽ ശനിയാഴ്ച പഠന ദിവസമാക്കിയിട്ടുള്ളത്.

2022-23 അക്കാദമിക വർഷത്തിൽ 198 അധ്യയന ദിനങ്ങളാണ് വിദ്യാഭ്യാസ കലണ്ടറിൽ ഉണ്ടായിരുന്നത്. അതിനോടൊപ്പം 4 ശനിയാഴ്ചകൾ കൂടി അധ്യയന ദിനങ്ങളാക്കി 202 അധ്യയന ദിനങ്ങൾ ആണ് 2022-23 അക്കാദമിക വർഷത്തിലുണ്ടായിരുന്നത്. 2023-24 അക്കാദമിക വർഷത്തിൽ 192 അധ്യയന ദിനങ്ങളും 13 ശനിയാഴ്ചകളും ചേർന്ന് 205 അധ്യയന ദിനങ്ങൾ ആണ് ഉണ്ടാകുക. യോഗത്തിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് ഐ.എ.എസ്., പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ഐ.എ.എസ്. തുടങ്ങിയവരും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

എവിടെ സമാധാനം, അമിത് ഷായുടെ വസതിക്ക് മുന്നിൽ മണിപ്പൂരിൽ നിന്നുളള വനിതകൾ

മണിപ്പൂരില്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ദില്ലിയിലെ വസതിക്ക് മുന്നില്‍ പ്രതിഷേധവുമായി കുകി വനിതാ ഫോറം. ആഭ്യന്തരമന്ത്രി വാഗ്ദാനം ചെയ്ത സമാധാനം മണിപ്പൂരിലില്ല. അടിയന്തര ഇടപെടല്‍ വേണമെന്ന് വനിതാ ഫോറം ആവശ്യപ്പെട്ടു.

അമിത് ഷാ താങ്കള്‍ ഞങ്ങള്‍ക്ക് സമാധാനം വാഗ്ദാനം ചെയ്തു. പക്ഷേ എവിടെ സമാധാനം? മുഖ്യമന്ത്രി ബിരേന്‍ സിംഗ് സ്വേച്ഛാധിപതി, എന്നിങ്ങനെ മുദ്രാവാക്യങ്ങളുമായാണ് കുക്കി വനിതാ ഫോറം അമിത് ഷായുടെ വസതിക്ക് മുന്നിലേക്ക് പ്രതിഷേധവുമായെത്തിയത്.

സംഘര്‍ഷം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇടപെടല്‍ വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മുദ്രാവാക്യം വിളിച്ചവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. അമിത് ഷായുടെ സന്ദര്‍ശന ശേഷവും കലാപം നേരത്തെ പോലെ തുടരുകയാണ്. മുന്‍പ് കലാപം നടന്ന സ്ഥലങ്ങളില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. കഴിഞ്ഞ ദിവസം മൂന്ന് പേര്‍ കൂടി കൊല്ലപ്പെട്ടിരുന്നു. അമ്മയും നാലുവയസായ കുഞ്ഞു ആശുപത്രിയിലേക്കുള്ള വഴിയിൽ തീകൊളുത്തി കൊല്ലപ്പെട്ടു.

കഴിഞ്ഞ രണ്ട് രാത്രികളിലും സൈന്യവും കലാപകാരികളും തമ്മില്‍ വെടിവെയ്പുണ്ടായെന്നും സൈന്യം ഫലപ്രദമായി ചെറുത്തെന്നും ആര്‍മി വാര്‍ത്താക്കുറിപ്പിറക്കി. ജനവികാരം എതിരായതിനാല്‍ മുഖ്യമന്ത്രിയുടെ നില പരുങ്ങലിലാണ്. എന്നാൽ ഉത്തരവാദിത്തം നേർക്കുവരുന്നതിനെ മുഖ്യമന്ത്രിയെ മുൻ നിർത്തി ചെറുക്കുന്ന തന്ത്രമാണ്. ആഭ്യന്തരമന്ത്രാലയം അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.  

മണിപ്പൂരില്‍ നിന്നുള്ള നാഗ എംഎല്‍എമാരുടെ സംഘം ദില്ലിയിലെത്തിയിട്ടുണ്ടങ്കിലും അമിത്ഷായുമായി കൂടിക്കാഴ്ച അവസരം ലഭിച്ചില്ല. മെയ്തി കുകി വിഭാഗങ്ങളുടെ സമ്മര്‍ദ്ദത്തിനൊപ്പം മുഖ്യമന്ത്രി ബിരേന്‍സിംഗിനെ മാറ്റണമെന്നാണ് നാഗ വിഭാഗത്തിന്‍റെയും ആവശ്യം. 

ജെഡിഎസ് ബി ജെ പി മുന്നണിയിലേക്കെന്ന് സൂചന, ചർച്ച ഒരുക്കാൻ ദേവഗൗഡയും കുമാരസ്വാമിയും

ജെഡിഎസ് എൻഡിഎ സഖ്യത്തിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി വാർത്ത. ബിജെപി കേന്ദ്ര നേതൃത്വവുമായി ജെഡിഎസ് നേതൃത്വം ചർച്ചയ്ക്ക് ഒരുങ്ങുന്നതായാണ് സൂചന.

ദേവഗൗഡയും കുമാരസ്വാമിയും അമിത് ഷാ അടക്കമുള്ള നേതാക്കളുമായി കാണാനാണ് സാധ്യത. കർണാടകയിൽ നിന്ന് നാല് ലോക്സഭാ സീറ്റുകളിൽ മത്സരിക്കാനാണ് ജെഡിഎസ് ലക്ഷ്യം വെക്കുന്നത്. എൻഡിഎയുമായി സഖ്യം ചേർന്ന് മത്സരിച്ചാൽ നാല് സീറ്റുകൾ ആവശ്യപ്പെടും. ഇതിനുള്ള നീക്കങ്ങളാണ് സജീവമായിട്ടുള്ളത്. ഇത് കേരളത്തിലെ എൽ ഡി എഫ് മുന്നണിയിൽ ആശയ കുഴപ്പം ഉയർത്തും.

12-ാം തീയതി നിതീഷ് കുമാർ വിളിച്ച പ്രതിപക്ഷ യോഗത്തിൽ ജെഡിഎസ്സിന് ക്ഷണമുണ്ടായിരുന്നില്ല. ഒഡിഷ തീവണ്ടി ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ അശ്വിനി വൈഷ്ണവ് രാജി വയ്ക്കേണ്ടെന്ന് ഇന്നലെ ദേവഗൗഡ പറഞ്ഞിരുന്നു. ദുരന്തമുണ്ടായപ്പോൾ സ്ഥലത്ത് ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മന്ത്രി അഭിനന്ദനാർഹമായ തരത്തിലാണ് ജോലി ചെയ്തതെന്നും ദേവഗൗഡ പറയുകയുണ്ടായി.