“ആർഷോ എഴുതാത്ത പരീക്ഷ ജയിച്ചത് സാങ്കേതിക പിഴവല്ല, എസ് ഏഫ് ഐക്ക് എതിരായ ഗൂഡാലോചന” -എം വി ഗോവിന്ദൻ

എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ എഴുതാത്ത പരീക്ഷ ജയിച്ചതായി എറണാകുളം മാഹാരാജാസ് കോളേജ് മാര്‍ക്ക് ലിസ്റ്റില്‍ വന്നത് ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇത് സാങ്കേകിത പിഴവല്ല. മനപൂർവ്വം പ്രവർത്തിച്ചവരുണ്ട്. സാങ്കേതികപ്പിഴവാണെന്ന കോളേജിന്റെ വിശദീകരണം അദ്ദേഹം തള്ളി.

സാങ്കേതിക പിഴവാണെന്ന വാദം നേരത്തെ ആര്‍ഷോയും തള്ളിയിരുന്നു. പിന്നില്‍ ഗൂഢാലോചന ആരോപിച്ചു.

‘എസ്എഫ്‌ഐയെക്കെതിരായിട്ട് വലിയൊരു ഗൂഢാലോചന നടന്നു. അതുകൊണ്ട് എല്ലാ തലത്തിലുമുള്ള അന്വേഷണം നടത്തണം. സാങ്കേതിക പിഴവാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും അതൊന്നുമല്ല ഞാന്‍ വിശ്വസിക്കുന്നത്. പിന്നില്‍ പ്രവര്‍ത്തിച്ച ശക്തി ആരാണെന്ന് കൃത്യമായ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്’ എം.വി ഗോവിന്ദന്‍ പ്രതികരിച്ചു.

പരീക്ഷ എഴുതാതെ ആരെങ്കിലും ജയിക്കുമോ. അതൊരു അത്ഭുതകരമായ സംഭവമാണ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എന്ന നിലയിലുള്ള ഒരു സഖാവിന്റെ നേരെ ഇത്തരം തികച്ചും അസംബന്ധമായ ഒരു ആരോപണം ഉന്നയിച്ച് അത് മുഴുവന്‍ വാര്‍ത്തയാക്കിയതാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തിയാല്‍ ആ വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

വിദ്യയെ തള്ളി, തെറ്റായ നിലപാട് സ്വീകരിച്ച ആരെയും പിന്തുണയ്ക്കില്ല

അതേ സമയം ഗസ്റ്റ് ലക്ചററാകാന്‍ വ്യാജരേഖ ചമച്ച എസ്എഫ്‌ഐ മുന്‍ നേതാവ് കെ.വിദ്യയെ പിന്തുണയ്ക്കാനില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

‘അതെല്ലാം പരിശോധിക്കട്ടെ. അതിനൊന്നും കൂട്ട് നില്‍ക്കേണ്ട കാര്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ല. തെറ്റായ നിലപാട് സ്വീകരിച്ച ഒരാളെയും പിന്തുണയ്ക്കില്ല’ ഗോവിന്ദന്‍ പറഞ്ഞു.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിനൊപ്പം എസ്.എഫ്.ഐ നേതാവ് കെ. വിദ്യ മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ചതും കൂടി വന്നതോടെ സി.പി.എം പ്രതിരോധത്തിലായിരിന്നു. അട്ടപ്പാടി കോളജിന് പുറമേ കരിന്തളം കോളജിലും കെ. വിദ്യ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നിയമനം നേടിയെന്നാണ് കണ്ടെത്തൽ. മുൻ എസ്.എഫ്‌.ഐ നേതാവ് കൂടിയായ വിദ്യക്ക് കാലടി സർവകലാശാലയിൽ പിഎച്ച്.ഡിക്ക് പ്രവേശനം ലഭിക്കാൻ മന്ത്രി പി. രാജീവ് ഇടപെട്ടു എന്നും വാർത്തയുണ്ടായി.

നാലു വർഷ ബിരുദം പ്രസ്താവനയിൽ തന്നെ; സർവ്വകലാശാലകൾ സന്നദ്ധമെങ്കിൽ ഈ വർഷം തന്നെ തുടങ്ങാമെന്ന് കൈ ഒഴിഞ്ഞ് മന്ത്രി

സർവകലാശാലകൾക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ ഈ വർഷം നാലുവർഷബിരുദം തുടങ്ങാമെന്ന് മന്ത്രി ബിന്ദു. ഇതിനുള്ള സ്വാതന്ത്ര്യം സർവകലാശാലകൾക്കുണ്ട്‌ എന്നു പറഞ്ഞ അവർ ഉത്തരവാദിത്തം സർവ്വകലാശാലകളുടെ ഭാഗത്തേക്ക് മാറ്റി.

ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിൽ നാലുവർഷ ബിരുദം തുടങ്ങാനാവുമെന്ന് വിസിമാരുടെ യോഗത്തിൽ കേരള സർവകലാശാല അറിയിച്ചിട്ടുണ്ട്. ഇത്തത്തിൽ തുടങ്ങാനാകുന്ന കോഴ്‌സുകളുടെ പട്ടിക 15 ദിവസത്തിനുള്ളിൽ സർവകലാശാലകൾ നൽകണം.

2024ൽ എല്ലായിടത്തും ഇതാരംഭിക്കും. മൂന്നാം വർഷം ബിരുദസർട്ടിഫിക്കറ്റോടെ വിദ്യാർഥിക്ക്‌ പുറത്തുപോകാം. താൽപ്പര്യമുള്ളവർക്ക്‌ മാത്രമാണ്‌ നാലുവർഷ ബിരുദം. ബിരുദ പാഠ്യപദ്ധതിയുടെ ഫൗണ്ടേഷൻ കോഴ്‌സിൽ ഭരണഘടന, സാമൂഹികനീതി സങ്കൽപ്പം, ശാസ്ത്രീയവീക്ഷണം, മതനിരപേക്ഷത, ലൈംഗിക വിദ്യഭ്യാസം തുടങ്ങിയ ഉൾപ്പെടുത്തുമെന്നും പറഞ്ഞു.

ഒരുക്കം തുടങ്ങിയിട്ട് വർഷങ്ങൾ, ഓരോ വർഷവും നീട്ടി പ്രസ്താവനകൾ

അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ ഓണേഴ്‌സ് കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു കഴിഞ്ഞ വർഷം അറിയിച്ചിരുന്നു. 2022 നവംബറിൽ ഇക്കാര്യം മന്ത്രി ആവർത്തിക്കയും ചെയ്തു. എന്നാൽ തുടർ നടപടികൾ ഒന്നുമില്ലാതെ സർവ്വകലാശാലകളും കാത്തിരുന്നു. ദേശീയ നിലവാത്തിനപ്പുറം വിദ്യാഭ്യാസ ആവശ്യങ്ങൾ വർധിച്ചു കൊണ്ടിരിക്കുന്ന കേരളത്തിലാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇഴച്ചിലും പ്രസ്താവനകളും.

അന്നു പറഞ്ഞ പ്രകാരം

രാജ്യത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലും അടുത്ത അധ്യയനവര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് യു.ജി.സി ചെയര്‍മാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് നാല് വര്‍ഷ ഡിഗ്രി കോഴ്‌സുകള്‍ ആരംഭിക്കുന്നത്. 45 കേന്ദ്രസര്‍വകലാശാലകള്‍, കല്‍പിത സര്‍വകലാശാലകള്‍, സംസ്ഥാന സര്‍വകലാശാലകള്‍, സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവര്‍ ഇതിനോടകം താത്പര്യം അറിയിച്ചതായി ചെയര്‍മാന്‍ എം. ജഗദേഷ് കുമാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കോഴ്‌സിന്റെ മാര്‍ഗരേഖയ്ക്ക് യുജിസി അന്തിമരൂപം നല്‍കിയിട്ടുണ്ട്.

ഡിഗ്രിമുതല്‍ തന്നെ വിദ്യാര്‍ഥികളില്‍ ഗവേഷണ ആഭിമുഖ്യം വളര്‍ത്തുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. കോഴ്സിന്റെ നാലാം വര്‍ഷം ഗവേഷണവും ഇന്റേണ്‍ഷിപ്പും ഒരു പ്രോജക്റ്റും ഉണ്ടായിരിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നേരിട്ടുള്ള പിഎച്ച്ഡി പ്രവേശനം സാധ്യമാകും. മാത്രമല്ല, ഇവര്‍ക്ക് പി.ജി രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രിയും നല്‍കും. നാല് വര്‍ഷ കോഴ്‌സുകള്‍ക്ക് ഓണേഴ്‌സ് ഡിഗ്രിയാണ് നല്‍കുക. മൂന്ന് വര്‍ഷത്തിന് ശേഷം കോഴ്‌സ് അവസാനിപ്പിക്കുന്നവര്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റും നല്‍കും.

പരമ്പരാഗത വിഷയങ്ങളോടൊപ്പം പുതിയ പഠനശാഖകള്‍ കൂടി ഉള്‍പ്പെടുത്തിയാകും കോഴ്‌സുകള്‍ എന്നാണ് സൂചന. അടുത്ത അധ്യയന വര്‍ഷത്തെ കോഴ്‌സുകള്‍ ആരംഭിക്കുമ്പോള്‍ നാല് വര്‍ഷ ബിരുദകോഴ്‌സുകള്‍ക്കും പ്രവേശനം നേടാം. പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെയുള്ള വിവിധ ഘട്ടങ്ങള്‍ ഏകീകരിക്കുന്നതിനായി സര്‍വകലാശാലകള്‍ക്കായി പൊതു അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു (2022 നവംബർ )

2020 ൽ കേരളം തുടങ്ങിയ ഒരുക്കം, ഇപ്പോഴും കൃത്യതയില്ലാതെ പ്രസ്താവകൾ

 ഗവേഷണത്തിനു മുൻതൂക്കം നൽകുന്ന നാലുവർഷ ബിരുദവും ട്രിപ്പിൾമെയിനും സംസ്ഥാനത്ത് നടപ്പ് അധ്യയനവർഷം തന്നെ തുടങ്ങാമെന്ന് വിദഗ്ധസമിതി ശുപാർശ 2020 ലാണ് സർക്കാരിന് ശുപാർശ നൽകിയത്. ഇതോടൊപ്പം, തുടങ്ങാവുന്ന കോഴ്സുകളും നിർദേശിക്കുന്ന റിപ്പോർട്ട് എം.ജി. സർവകലാശാലാ വി.സി. ഡോ. സാബു തോമസ് അധ്യക്ഷനായ സമിതി സർക്കാരിനു നൽകിയിരുന്നു.

പരമ്പരാഗതവിഷയങ്ങളോടൊപ്പം പുതിയ പഠനശാഖകൾ ഉൾപ്പെടുത്തണം. സംസ്ഥാനത്ത് പഠനം തുടങ്ങിയിട്ടില്ലാത്ത പുതിയ വിഷയങ്ങളിൽ കോഴ്സുകളും റിപ്പോർട്ടിൽ നിർദേശിക്കുന്നു. നാക് എ ഗ്രേഡോ എൻ.ഐ.ആർ.എഫ്. റാങ്കിങ്ങിൽ നൂറിനുള്ളിലുള്ളതോ ആയ കോളേജുകളിൽ കോഴ്സ് തുടങ്ങാം.

നാലുവർഷ ബിരുദം കഴിഞ്ഞാൽ പി.ജി. ഒരുവർഷം മതി. തുടർന്ന് ഗവേഷണത്തിലേക്കു കടക്കുന്നതാകണം സംവിധാനമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. നാലുവർഷ ബിരുദം നിർദേശിക്കുന്നത് ഡിഗ്രിമുതൽതന്നെ ഗവേഷണത്തിന് ആഭിമുഖ്യം വേണ്ടതിനാലാണെന്നും അധ്യക്ഷൻ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് കേന്ദ്ര നിർദ്ദേശം വന്നത്. പക്ഷെ മുന്നേ നടന്ന കേരളം ഇപ്പോഴും ഒന്നും തീർത്ത് പറയാവുന്ന അവസ്ഥയിൽ എത്തിയിട്ടില്ല.

റിപ്പോർട്ടിലെ പ്രധാന ശുപാർശകൾ

നാലാംവർഷം ഒരു വിഷയം ഐച്ഛികമായി പഠിക്കണം

കോഴ്സുകൾ: എപ്പിഡിയമോളജി, വൈറോളജി, ഇമ്മ്യൂണോളജി, ക്ലൈമറ്റ് മോണിറ്ററിങ് ആൻഡ് ഫ്ളഡ് മാനേജ്മെന്റ്, പ്ലാന്റേഷൻ മാനേജ്മെന്റ്, ഫുഡ് ക്വാളിറ്റി അഷ്വറൻസ്, ഓർഗാനിക് ഫാമിങ്, പെട്രോകെമിക്കൽ സയൻസസ്, നാനോ സയൻസസ്, ഫൊറൻസിക് സയൻസസ്, എനർജി കൺസർവേഷൻ, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിസാസ്റ്റർ മാനേജ്മെന്റ്, ക്രിമിനോളജി, ക്രിട്ടിക്കൽ ഹെറിറ്റേജ് സ്റ്റഡീസ്, ആർക്കൈവൽ സ്റ്റഡീസ്.

ട്രിപ്പിൾ മെയിൻ

ബി.എസ്സി.:

മോഡേൺ ബയോളജി (സുവോളജി, ബോട്ടണി എന്നിവയും മൈക്രോബയോളജി/ ബയോ കെമിസ്ട്രി/ബയോ ടെക്നോളജി/ ബയോ ഇൻഫർമാറ്റിക്സ് എന്നിവയിൽ ഒരു വിഷയവും). കെമിസ്ട്രി, ഫിസിക്സ് എന്നിവയും കണക്ക്/നാനോ സയൻസ്/അസ്ട്രോ ഫിസിക്സ്/അസ്ട്രോണമി/സ്പേസ് സയൻസ് എന്നിവയിൽ ഒരു വിഷയവും. ഡിസാസ്റ്റർ മാനേജ്മെന്റ് എൻവയോൺമെന്റൽ സ്റ്റഡീസ്, സസ്റ്റെയ്നബിലിറ്റി സയൻസ്. സൈക്കോളജിക്കൽ ആൻഡ് ബിഹേവിയറൽ സയൻസസ്(സൈക്കോളജി, ബിഹേവിയറൽ സയൻസ്, കൗൺസലിങ്). ബി.എ. ഫോറിൻ ലാംഗ്വേജസ് (ഇംഗ്ലീഷ്, ഫ്രഞ്ച്, ചൈനീസ്). ഇന്റർനാഷണൽ റിലേഷൻസ് (ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി/എക്കണോമിക്സ്)

ഓണേഴ്സ് ബിരുദം

എക്കണോമിക്സ്/എക്കണോമെട്രിക്സ്, ഫിസിക്സ്, സൈക്കോളജി, ജിയോളജി.

നൂതനമേഖല -ബിരുദം

ഡിസൈൻ, സ്പോർട്സ് മാനേജ്മെന്റ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്സ് ആൻഡ് ലാംഗ്വേജ് ടീച്ചിങ്, ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി, ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ.

ഇന്റഗ്രേറ്റഡ് പി.ജി.

കെമിസ്ട്രി, ഫിസിക്സ്, കണക്ക്, ബയോളജി എന്നിവയിൽ ഇന്റഗ്രേറ്റഡ് എം.എസ്സി.യും എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിവയിൽ ഇന്റഗ്രേറ്റഡ് എം.എ.യും.

പി.ജി. കോഴ്സുകൾ

എം.എസ്സി.- ജിയോളജി/പെട്രോളിയം ജിയോളജി, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്,/ഡേറ്റാ അനാലിസിസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ്, സ്പേസ് സയൻസ്. എം.എ.- ഗ്ലോബൽ ഹിസ്റ്ററി എം.എസ്.ഡബ്ള്യു. -ഡിസാസ്റ്റർ മാനേജ്മെന്റ്

എം.ടെക്.

എജ്യുക്കേഷണൽ ടെക്നോളജി, എനർജി ആൻഡ് എൻവയോൺമെന്റൽ എൻജിനിയറിങ്, എൻജിനിയറിങ് ഇന്നവേഷൻ ആൻഡ് ഓൺട്രപ്രണർഷിപ്പ്, മീഡിയ എൻജിനിയറിങ് ആൻഡ് ടെക്നോളജി.

സർവകലാശാലകളിൽ തുടങ്ങേണ്ടവ

എം.ടെക്: നാനോസയൻസ് ആൻഡ് നാനോടെക്നോളജി (എം.ജി., കേരള, കുസാറ്റ് സർവകലാശാലകൾ ചേർന്ന് നടത്താം), ഫുഡ് സയൻസ് ആൻഡ് ടെക്നോളജി.

എം.എസ്സി.: ഡേറ്റാ അനാലി സിസ്, ജെൻഡർ സ്റ്റഡീസ് ആ ൻഡ് സെക്ഷ്വാലിറ്റി, എനർജി മെറ്റീരിയൽസ് ആൻഡ് സസ്റ്റെയ്നബിൾ ഡെവലപ്മെന്റ്.

എം.എ.: ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾച്ചർ സ്റ്റഡീസ്, കമ്പാരറ്റീവ് ലിറ്ററേച്ചർ, പോപ്പുലേഷൻ സ്റ്റഡീസ്.

കടക്കണം ആറ് കടമ്പകള്‍

* തലേവര്‍ഷം ഓഗസ്റ്റ് 31-നുമുമ്പ് കോഴ്സ് തുടങ്ങാനുള്ള അപേക്ഷ അതത് കോളേജുകള്‍ സര്‍വകലാശാലയ്ക്ക് നല്‍കണം. ഈ സമയപരിധി കഴിഞ്ഞതിനാല്‍ കാലാവധിക്ക് ഇളവുതേടി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് അനുവദിക്കപ്പെടാനാണു സാധ്യത.

* സര്‍വകലാശാലയ്ക്കു ലഭിക്കുന്ന അപേക്ഷ പരിഗണിച്ച് ആദ്യം ലെറ്റര്‍ ഓഫ് കണ്‍സെന്റ് നല്‍കണം.

* സര്‍ക്കാര്‍ എതിര്‍പ്പില്ലാരേഖ നല്‍കണം. ഇതിനുമുമ്പ് കോഴ്സുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കണം. അധ്യാപക തസ്തിക സൃഷ്ടിക്കില്ലെന്നോ കരാര്‍അധ്യാപകര്‍ മതിയെന്നോ ഉള്ള ഉപാധിയുണ്ടെങ്കില്‍ അതും നിശ്ചയിക്കണം.

* എ.ഐ.സി.ടി.ഇ., മെഡിക്കല്‍കൗണ്‍സില്‍ പോലുള്ള ഉപരി സംവിധാനങ്ങളുണ്ടെങ്കില്‍ അവയുടെ അനുമതിവേണം.

* കോളേജിലെ സൗകര്യം വിലയിരുത്തി സര്‍വകലാശാല കോഴ്സ് അനുവദിക്കും.

* നിലവില്‍ ഇല്ലാത്ത കോഴ്സാണെങ്കില്‍ സ്‌കീമും സിലബസും അധ്യാപകയോഗ്യതയും കുട്ടികളുടെ യോഗ്യതയും നിശ്ചയിക്കണം.

കോളിജുകളുടെ ദേശീയ റാങ്കിങ്ങിൽ തിളങ്ങി കേരളവും തമിഴ്നാടും

ദേശീയ ഇൻസ്‌റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക്‌ റിപ്പോർട്ടിൽ കോളേജുകളുടെ വിഭാഗത്തിൽ കേരളത്തിന് തിളക്കം. സംസ്ഥാനത്തെ 14 കോളേജുകളാണ് പട്ടികയിൽ ഉൾപ്പെട്ടത്.

തമിഴ്നാട്ടിൽ നിന്ന് 35 കോളേജാണ് റാങ്കിങ്ങിലുള്ളത്. ഡൽഹി സർവ്വകലാശാലയിലെ കോളേജുകളുടെ മികവിൽ കേന്ദ്രഭരണ പ്രദേശമായ ഡൽഹി 32 കോളേജുമായി പട്ടികയിലുണ്ട്. പശ്‌ചിമ ബംഗാളിൽ നിന്ന്‌ എട്ട്‌ കോളേജുകൾ ആദ്യത്തെ നൂറിൻ്റെ പട്ടികയിൽ എത്തി.

കേരളത്തിലെ 166 കോളേജുകൾ പരിഗണിച്ചതിൽ നിന്നാണ് ഇത്രയും കോളേജുകൾ മുന്നിലെത്തിയത്. ആദ്യ 200ൽ കേരളത്തിൽ നിന്ന് 42 കോളേജുകളും ഉൾപ്പെട്ടിട്ടുമുണ്ട്. തമിഴ്നാട്ടിൽ നിന്ന്‌ 384 കോളേജുകളിൽ നിന്നാണ് 35 എണ്ണം പട്ടികയിലുൾപ്പെട്ടത്.



ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ആന്ധ്ര, രാജസ്ഥാൻ, പഞ്ചാബ്, ബീഹാർ, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ഒരു കോളേജ് പോലും റാങ്കിങ്ങിൽ ഇടം നേടിയില്ല.
മഹാരാഷ്ട്രയിൽ നിന്ന് മൂന്നും കർണാടകത്തിൽ നിന്ന് രണ്ടും കോളേജുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഗുജറാത്ത്, ഹരിയാന, മിസോറാം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നും  കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിൽ നിന്നും  ഒന്നു വീതവും കോളേജുകൾ.

ഡൽഹി മിറാൻഡ ഹൗസ്, ഡൽഹി ഹിന്ദു കോളേജ്, ചെന്നൈ പ്രസിഡൻസി കോളേജ് എന്നിവയാണ് ദേശീയ തലത്തിൽ ആ​ദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

കേരളത്തിലെ 14 കോളേജുകളിൽ  3 എണ്ണം സർക്കാർ മേഖലയിൽ നിണ്.

അധ്യാപനം, അടിസ്ഥാന സൗകര്യം, ഗവേഷണം, തൊഴിലധിഷ്ഠിത പരിശീലനം, ബിരുദധാരികളുടെ എണ്ണം, ഭിന്നശേഷി -സ്ത്രീസൗഹൃദ വിദ്യാഭ്യാസം തുടങ്ങി വിവിധ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്. അഞ്ച് മാനദണ്ഡങ്ങളിൽ വിവിധ കാറ്റഗറികളിലായാണ് റാങ്കിങ് നിശ്ചയിക്കുന്നത്.

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച കുടുംബ ചിത്രത്തിനൊപ്പം വൈറലായി 35 വർഷം മുൻപത്തെ ഓർമ്മ ചിത്രം

മൂന്നു പതിറ്റാണ്ടിന് ശേഷം എന്ന വിശേഷണവുമായി മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും കുടുംബസമേതമുള്ള ചിത്രങ്ങൾ വെെറലാകുന്നു. മമ്മൂട്ടിയും ഭാര്യ സുൽഫത്തും മോഹൻലാലും ഭാര്യ സുചിത്രയും ഒരൊറ്റ ഫ്രെയിമിൽ വരുന്ന ചിത്രം ഒരു വിവാഹ ചടങ്ങിൽ നിന്നാണ്. ഇതോടൊപ്പം മമ്മൂട്ടിയും സുൽഫത്തും മോഹൻലാലിന്റെയും സുചിത്രയുടേയും വിവാഹത്തിന് പങ്കെടുത്ത പഴയ ചിത്രം പങ്കുവെച്ചാണ് ആരാധകർ 35 വർഷം മുൻപത്തെ ഓർമ്മ ആഘോഷിച്ചത്.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹത്തിനാണ് താരകുടുംബം ഒന്നിച്ചത്. സിനിമാ രംഗത്തെ സ്റ്റിൽ ഫോട്ടോഗ്രഫറായ ജയപ്രകാശ് പയ്യന്നൂർ എടുത്ത ചിത്രങ്ങളാണ്.

ലുലു എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയായ തൃശ്ശൂര്‍ നാട്ടിക മുസ്ലിയാം വീട്ടില്‍ എം.എ. അഷ്‌റഫ് അലിയുടെയും സീന അഷ്‌റഫ് അലിയുടെയും മകള്‍ ഫഹിമയുടെ വിവാഹത്തിനാണ് താരം സംഗമം ഒരുങ്ങിയത്. ജയറാം, പാർവ്വതി, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ആസിഫ് അലി, ടോവിനോ തോമസ്, ദിലീപ് എന്നിവരും കുടുംബസമേതം എത്തി.

നടന്‍ ജോജു ജോര്‍ജ്ജ്, നിര്‍മാതാവ് ആന്റോ ജോസഫ്, നടനും സംവിധായകനുമായ രമേഷ് പിഷാരടി, നടി അപര്‍ണ്ണ ബാലമുരളി, കാളിദാസ്, മാളവിക, കാവ്യാ മാധവന്‍, കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ, ജയസൂര്യയുടെ ഭാര്യ സരിത, ആസിഫ് അലിയുടെ ഭാര്യ സമ എന്നിവരും പങ്കെടുത്തിരുന്നു.

അടുത്ത അഞ്ച് ദിവസം മഴ

0

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി, മിന്നല്‍, കാറ്റ് എന്നിവയോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ് . ജൂണ്‍ 6, 7 തീയതികളില്‍ കേരളതീരങ്ങളില്‍ ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

തെക്ക് കിഴക്കന്‍ അറബിക്കടലിലെ തീവ്ര ന്യൂന മര്‍ദ്ദം വടക്ക് ദിശയില്‍ സഞ്ചരിച്ച് മധ്യ കിഴക്കന്‍ അറബിക്കടലില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ജൂണ്‍ 6 മുതല്‍ 10 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ദക്ഷിണ കേരളത്തിൽ ആയിരിക്കും മഴയ്ക്ക് ശക്തിയേറുക.

രഹ്ന ഫാത്തിമയെ വേട്ടയാടിയ “സദാചാര പൊലീസിങ്ങി”ന് തിരിച്ചടി, പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി

രഹ്ന ഫാത്തിമയെ വേട്ടയാടിയ സദാചാര പൊലീസിങ്ങിന് തിരിച്ചടി. രഹ്ന ഫാത്തിമയ്‌ക്കെതിരായ പോക്‌സോ കേസിന്റെ തുടര്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. നഗ്‌ന ശരീരത്തില്‍ മക്കള്‍ ചിത്രം വരക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ടായിരുന്നു രഹ്ന ഫാത്തിമക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്. പോക്‌സോ, ഐ ടി ആക്ട് പ്രകാരമായിരുന്നു രഹ്നക്കെതിരെ സൗത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രഹ്ന നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കേസ് റദ്ദാക്കിയത്.

ബോഡി ആര്‍ട് ആന്‍ഡ് പൊളിറ്റിക്‌സ് എന്ന തലക്കെട്ടില്‍ രഹ്ന തന്റെ യൂട്യൂബിലാണ് മക്കള്‍ തന്റെ ശരീരത്തില്‍ ചിത്രം വരയ്ക്കുന്ന വിഡിയോ പങ്കുവച്ചിരുന്നത്. സമൂഹത്തിന്റെ കപട സദാചാരത്തിനെതിരെയാണ് തന്റെ വിഡിയോ എന്ന് ആമുഖമായി രഹ്ന സൂചിപ്പിക്കുകയും ചെയ്തിരുന്നു. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതിന് ശേഷമാണ് പൊലീസില്‍ പരാതി ലഭിക്കുകയും ബാലനീതി നിയമത്തിലെ 75-ാം വകുപ്പ് പ്രകാരവും ഐടി നിയമത്തിലെ 67-ാം വകുപ്പ് പ്രകാരവും കേസെടുക്കപ്പെടുന്നത്. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും സദാചാരപരമായി ഇടപെട്ടിരുന്നു.

തിരുവല്ല, എറണാകുളം സൗത്ത് സ്‌റ്റേഷനുകളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നതും അത് വിഡിയോയെടുത്ത് പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമ പ്രകാരം കേസെടുത്തേണ്ട കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തിരുവല്ല സ്വദേശിയായ അഭിഭാഷകന്‍ രഹ്നയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നത്.

സദാചാര വേട്ടയ്ക്ക് ഇരയായത് നിയമ സംവിധാനത്താൽ തന്നെ

കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് രഹന ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം നിരസിച്ചിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനിൽ ഹാജരായി ജാമ്യത്തിലിറങ്ങുകയായിരുന്നു.

പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതോടെ രഹ്ന ഒളിവിൽ പോകുകയായിരുന്നു. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും ഐടി ആക്ട് പ്രകാരവും ബാലനീതി നിയമപ്രകാരവും കേസ് നിലനിൽക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി തള്ളുകയായിരുന്നു. സുപ്രീം കോടതിയിൽ അപേക്ഷ നൽകിയെങ്കിലും പരമോന്നത കോടതിയും അപേക്ഷ തള്ളി. ഇതോടെയാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

ബോഡി ആൻഡ്​ പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയാണ് തന്റെ നഗ്​നശരീരത്തിൽ മക്കൾ ചിത്രം വരയ്ക്കുന്ന വീഡിയോ രഹ്ന സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. സ്ത്രീശരീരം എന്താണെന്നും ലൈംഗീകത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണമെന്നും അത് വീട്ടിൽ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂവെന്നും രഹ്ന വീഡിയോയ്ക്കൊപ്പമുളള കുറിപ്പിൽ പറഞ്ഞിരുന്നു.

സ്ത്രീശരീരത്തെ വെറും കെട്ടുകാഴ്ചകളായി നോക്കിക്കാണുന്ന സദാചാര ഫാഷിസ്​റ്റ് സമൂഹത്തിൽ അവർ ഒളിച്ചിരുന്ന് കാണാൻ ശ്രമിക്കുന്നത് തുറന്നുകാട്ടുകയെന്നത് രാഷ്​ട്രീയപ്രവർത്തനം തന്നെയാണ്. നഗ്​നതയെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ പറയാൻപോലും സാധിക്കാത്തവിധം സ്തീകളുടെ നാവിന് സെൻസർഷിപ് ഏർപ്പെടുത്തിയിരിക്കുന്ന ഈ സമൂഹത്തിൽ ഇത്തരം ധീരമായ പ്രവൃത്തികൾ കാലഘട്ടത്തി​​ന്റെ ആവശ്യം കൂടിയാണെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.

ക്യാമറ കണ്ടിട്ടും ആദ്യ ദിസവം 28,891 പേർ കുടുങ്ങി; ഏറ്റവും കൂടുതൽ നിയമ ലംഘനം കൊല്ലത്ത്, കുറവ് മലപ്പുറത്ത്

എ.ഐ ക്യാമറകൾ ആദ്യ ദിവസം കണ്ടെത്തിയത് 28,891 നിയമലംഘനങ്ങള്‍. തിങ്കളാഴ്ച രാവിലെ മുതല്‍ വൈകീട്ട് അഞ്ചു വരെയുള്ള നിരീക്ഷണ വിവരമാണ്. ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ് (4,778 എണ്ണം). ഏറ്റവും കുറവ് മലപ്പുറത്തും (545 എണ്ണം).

തിരുവനന്തപുരം (4362), പത്തനംതിട്ട (1177), ആലപ്പുഴ (1288), കോട്ടയം (2194), ഇടുക്കി (1483), എറണാകുളം (1889), തൃശ്ശൂര്‍ (3995), പാലക്കാട് (1007), കോഴിക്കോട് (1550), വയനാട് (1146), കണ്ണൂര്‍ (2437), കാസര്‍കോട് (1040) എന്നിങ്ങനെയാണ് തിങ്കളാഴ്ച കണ്ടെത്തിയ റോഡിലെ നിയമലംഘനങ്ങള്‍.

എ.ഐ. ക്യാമറ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിവസം ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് നല്ല സൂചനയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ എ.ഐ. ക്യാമറകളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിനു മുന്‍പുള്ള ദിവസം 4.5 ലക്ഷവും ഉദ്ഘാടന ദിവസം 2.8 ലക്ഷവുമായിരുന്ന നിയമലംഘനങ്ങള്‍ ഇന്നലെ 1.93 ലക്ഷമായി കുറയുകയുകയുണ്ടായി. എന്നാല്‍ ഇന്ന് രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ കേരളത്തില്‍ ആകെ 28,891 നിയമലംഘനങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

ക്യാമറ സ്ഥാപിച്ചതിനു ശേഷം ബോധവല്‍കരണത്തിന് നല്‍കിയ കാലഘട്ടത്തിനേക്കാള്‍ നിയമലംഘനങ്ങള്‍ വളരെയധികം കുറഞ്ഞത് ഗതാഗതസുരക്ഷയെ മുന്‍നിര്‍ത്തി എല്ലാവരും വാഹന നിയമങ്ങള്‍ പാലിക്കുവാന്‍ ആരംഭിച്ചതിന്‍റെ സൂചനയാണ്‌. വരും ദിവസങ്ങളില്‍ നിയമലംഘനങ്ങള്‍ വീണ്ടും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോഡപകട രഹിത കേരളം സൃഷ്ടിക്കുന്നതിനുള്ള പരിശ്രമത്തിന് എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും മന്ത്രി പറഞ്ഞു.

കൊയിലാണ്ടിയിൽ ട്രെയിനിൽ തീയിടാൻ ശ്രമം; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

 കോഴിക്കോട് ട്രെയിനിന് തീവെക്കാന്‍ ശ്രമിച്ചയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ കംപാര്‍ട്ട്‌മെന്റിന് ഉള്ളില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ യുവാവാണ് പോലീസ് പിടിയിലായത്.

കൊയിലാണ്ടിക്കും എലത്തൂരിനും ഇടയിലായിരുന്നു സംഭവം. യാത്രക്കാരനായ പ്രതി കംപാര്‍ട്ട്‌മെന്റിനകത്ത് ഒട്ടിച്ചിരുന്ന മുന്നറിയിപ്പ് സ്റ്റിക്കര്‍ കീറിയെടുത്ത് അത് കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. യാത്രക്കാർ ഇടപെട്ട് ബലമായി തടഞ്ഞെ വെച്ചു. ഇയാളെ പോലീസ് ചോദ്യംചെയ്തുവരികയാണ്.

കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് രണ്ട് മാസംമുമ്പ് എലത്തൂരിൽ തീ വെച്ചിരുന്നു. കഴിഞ്ഞദിവസം കണ്ണൂരിലും സമാനമായ തീവെയ്പ്പ് ഉണ്ടായി. ഈ ആശങ്കകൾ നിലനില്‍ക്കുമ്പോഴാണ് വീണ്ടുമൊരു തീവണ്ടി തീവെപ്പ്.

“നിയമം അതിൻ്റെ വഴിയേ പോകും” ഗുസ്തി താരങ്ങളോട് പതിവ് പല്ലവി- എങ്കിൽ എന്തിനാണ് ബ്രിജ് ഭൂഷനെ ഇത്ര പേടിക്കുന്നത്

ആരാണ് എല്ലാ നേതാക്കളും പേടിക്കുന്ന ഈ മാഫിയ തലവൻ

ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിട്ടുകണ്ടു. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ അധ്യക്ഷനും ബി ജെ പി എംപിയുമായ ബ്രിജ് ഭൂഷനിൽ നിന്നും ലൈംഗിക ആക്രമണം നേരിട്ട സമര രംഗത്തുള്ള താരങ്ങളാണ് കേന്ദ്രമന്ത്രിയെക്കണ്ടത്.

ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവര്‍ ഞായറാഴ്ച രാത്രി 11 മണിക്കാണ് കൂടിക്കാഴ്ച നടത്തിയത്. നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്ന് അമിത് ഷാ താരങ്ങളോട് പറഞ്ഞുവെന്നാണ് വാർത്ത. നിയമം എല്ലാവര്‍ക്കും ഒരുപോലെയായിരിക്കുമെന്ന പതിവ് വാക്കിൻ്റെ ആവർത്തനം.

ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് താരങ്ങള്‍ നല്‍കിയ അന്ത്യശാസനം ശനിയാഴ്ച അവസാനിച്ചിരുന്നു. ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് തങ്ങളുടെ മെഡലുകള്‍ ഒഴുക്കിക്കളയാന്‍ ഹരിദ്വാറിലെത്തിയ താരങ്ങളെ കര്‍ഷകര്‍ അനുനയിപ്പിച്ച് തത്ക്കാലം തിരിച്ചയക്കുകയായിരുന്നു. കേന്ദ്രത്തിന് അഞ്ച് ദിവസത്തെ താക്കീത് നല്‍കുന്നതായി സാക്ഷി മാലിക്ക് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

എം.പി. കൂടിയായ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഏപ്രില്‍ 21 മുതല്‍ ഗുസ്തി താരങ്ങള്‍ പ്രതിഷേധം നടത്തിവരികയാണ്. നിരവധി ദേശീയ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗികപിഡനപരാതി ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു താരവും ഉള്‍പ്പെടും. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ പ്രതിഷേധമാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളില്‍ പലരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താരങ്ങളുടെ സമരപ്പന്തലുകള്‍ പൊളിക്കുകയും പ്രതിഷേധസമരത്തിന്റെ സംഘാടകര്‍ക്കെതിരെ കലാപം, നിയമവിരുദ്ധമായ കൂടിച്ചേരലിനും കേസെടുക്കുകയും ചെയ്തിരുന്നു

എന്താണ് ഇയാളെ ഇത്രയും ഭയക്കാൻ

ഒരു ലോക്കൽ ഗുണ്ടയായായിരുന്നു തുടക്കം. ക്രമേണ രാഷ്ട്രീയ പിന്തുണയോടെ മാഫിയയായി വളര്‍ന്നു. ഇന്ത്യയില്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ആരു കളിക്കണം എന്നുവരെ നിശ്ചയിക്കുന്ന ഡോണായി. ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതിയാണ് എന്നത് അകത്ത് പലർക്കും പ്രിയപ്പെട്ടവനാക്കി.

വാ തുറന്നാല്‍ അതൊരു സുനാമിയായിരിക്കുമെന്നാണ് ബ്രിജ്ഭൂഷൻ വിരട്ടിയത്. ഉന്നതങ്ങളില്‍ എവിടെയോ ഒരു ബ്രിജ്ഭൂഷണ്‍ ഭയം തങ്ങിനില്‍ക്കുന്നുണ്ടോ എന്ന് പലരും സംശയിക്കുന്നു. നിയമം അതിൻ്റെ വഴിക്ക് പോകും എന്ന് പറഞ്ഞു തുടങ്ങിയിട്ടും താരങ്ങൾ തെരുവിൽ ഇരിക്കാൻ തുടങ്ങിയിട്ടും കുറച്ചായി. 2024-ലെ തിരഞ്ഞെടുപ്പില്‍ അഞ്ചോ ആറോ സീറ്റ് നഷ്ടപ്പെടുമോ എന്ന ആശങ്ക മാത്രമല്ല. പാര്‍ട്ടി ചിഹ്നം പോലും ആവശ്യമില്ലാത്ത രാഷ്ട്രീയക്കാരനായ ബ്രിജ് ഭൂഷന് മൂന്നു ജില്ലകളിൽ അസ്വന്തമായ അനുയായി വൃന്ദമുണ്ട്. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലെ കിരീടം വെക്കാത്ത മാടമ്പി രാജാക്കളെ അറിയുന്നവർക്കെ അറയൂ. അവരെ എത്ര ശക്തരായാലും കേന്ദ്ര കസേരയിൽ ഇരിക്കുന്നവരും ഭയക്കുന്നത് സ്ഥിരം കാഴ്ചയാണ്.

സുഹൃത്തിനെ തെളിവ് സഹിതം ഇല്ലാതാക്കി

‘ബ്രിജ്ഭൂഷണ് ബി.ജെ.പിയെ ആവശ്യമില്ല. ബി.ജെ.പിക്കാണ് അദ്ദേഹത്തെ വേണ്ടത്.’ ഒരു പ്രാദേശിക നേതാവ് പരസ്യ പ്രസ്താവന നടത്തിയത് വാർത്തായിയിരുന്നു.

യു.പിയില്‍ അയോധ്യ ഉള്‍പ്പടെ വലിയൊരു മേഖലയില്‍ സര്‍വപ്രതാപിയാണ് ബ്രിജ്ഭൂഷണ്‍. ചെറിയ കുറ്റകൃത്യങ്ങളില്‍ തുടങ്ങി കരാര്‍ പണികളില്‍ ഗുണ്ടാ പിരിവ് നടത്തിയാണ് വളർന്നത്. കൂട്ടാളിയും ബിസിനസ്സ് പങ്കാളിയുമായിരുന്ന സമാജ്വാദി ഭരണകാലത്തെ മന്ത്രിയായ പണ്ഡിറ്റ് സിങ്ങിനെ വധിക്കാന്‍ ശ്രമിച്ച കേസിലൂടെയാണ് ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്. 1993-ലാണിത്. 20 തവണയാണ് നിറയൊഴിച്ചത്. 14 മാസം നീണ്ട ആശുപത്രി വാസത്തിനൊടുവില്‍ അന്ന് രക്ഷപ്പെട്ടെങ്കിലും കോവിഡിനെ തുടര്‍ന്ന് പണ്ഡിറ്റ് സിങ് മരണത്തിന് കീഴടങ്ങി. ഇക്കാലത്തിനിടെ കോടതിയില്‍ ഹാജരായി പ്രതിയെ തിരിച്ചറിയാനോ മൊഴി നല്‍കാനോ പോലും ധൈര്യം കിട്ടിയില്ല.

ഒടുവില്‍ ആ കേസില്‍നിന്ന് ബ്രിജ്ഭൂഷണ്‍ മുക്തനായി. തെളിവ് കണ്ടെടുക്കാനോ മൊഴി രേഖപ്പെടുത്താനോ ശ്രമിക്കാതെ അന്വേഷണം പോലും അട്ടിമറിച്ചതാണെന്ന് പറഞ്ഞുകൊണ്ട് തെളിവില്ലാത്തതിനാല്‍ പ്രതിയെ വിട്ടയക്കുന്നുവെന്നാണ് കോടതി പറഞ്ഞത്. അതായത് കോടതിക്ക് പോലും നിസ്സഹായമായി നോക്കി നിൽക്കേണ്ടി വന്നു. ഇത്തരം നേതാക്കളെ ആസ്രൂത്രിതമായി ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ എത്തിക്കുന്ന ദേശത്താണ് ഇപ്പോഴും രാജ്യത്തിൻ്റെ പേരിനു തന്നെ കളങ്കം ചാർത്തിയിട്ടും നിയമം അതിൻ്റെ വഴിക്ക് പോകും എന്ന് വീരവാദം മുഴക്കി നിൽക്കേണ്ടി വരുന്നത്.

ഏതു പാർട്ടിയിലും സേഫ്, എതിരാളിക്ക് മരണ വാറണ്ട് ഉറപ്പ്

കൊല പുത്തിരിയല്ലെന്നും കൊന്നിട്ടുണ്ടെന്നും ഒരു മടിയും കൂടാതെ പറഞ്ഞുനടക്കുന്ന വ്യക്തിയാണ്. കൊലപാതകവും ഭീഷണിയും അടക്കം എത്ര കേസുകളുണ്ടെന്ന് അയാള്‍ക്ക് തന്നെ നിശ്ചയമുണ്ടാവില്ല. പോക്‌സോ കേസ് ചുമത്തിയതോടെ പോക്‌സോ നിയമം തന്നെ ശരിയല്ലെന്നാണ് പ്രഖ്യാപനം. പോക്‌സോ ഭേദഗതി ചെയ്യണമെന്ന ആവശ്യത്തിനായി സന്ന്യാസിമാരെ അടക്കം രംഗത്തിറക്കി. അത്രയും പരസ്യമയാ ഗുണ്ടായിസം രാജ്യത്തിൻ്റെ മുഖം തന്നെ വൃത്തി കേടാക്കി.

അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ ഗോണ്ട ലോക്‌സഭാ സീറ്റിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ ദുരൂഹമരണത്തിലും ബ്രിജ്ഭൂഷന്റെ നേര്‍ക്ക് ആരോപണം വന്നു. നിങ്ങളാണ് അത് ചെയ്തതെന്ന് വാജ്‌പേയി തന്നെ ബ്രിജ്ഭൂഷന്റെ മുഖത്ത് നോക്കിപ്പറഞ്ഞുവെന്നാണ് കഥ. 91-ലും 99-ലും ഗോണ്ട എം.പിയായിരുന്നു ബ്രിജ്ഭൂഷണ്‍. 2004-ല്‍ ബി.ജെ.പി. അവിടെ ഘന്‍ശ്യാം ശുക്ലയെ സ്ഥാനാര്‍ഥിയാക്കി. ബ്രിജ്ഭൂഷണെ ബല്‍റാംപൂരിലേക്ക് മാറ്റി. പോളിങ് ദിനത്തില്‍ കാറപകടത്തിലാണ് ശുക്ല മരിച്ചത്. എന്നിട്ടും ഒന്നും സംഭവിച്ചില്ല. ബ്രിജ്ഭൂഷണ്‍ ബി.ജെ.പി. എം.പിയായി തുടര്‍ന്നു. 2008-ല്‍ യു.പി.എ. സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്താണ് ബ്രിജ്ഭൂഷണ്‍ പാര്‍ട്ടിക്ക് പുറത്തായത്. പിന്നാലെ എസ്.പിയില്‍ ചേക്കേറി. 2009-ല്‍ സൈക്കിള്‍ ചിഹ്നത്തില്‍ ജയിച്ചു. വൈകാതെ വീണ്ടും ബി.ജെ.പിയിലെത്തി.

ഒരു പാര്‍ട്ടിയുടെയും മേല്‍വിലാസമില്ലെങ്കിലും ജയിക്കും. അതാണ് ബ്രിജ്ഭൂഷണ്‍ സിങ് ശരണ്‍. ആറ് തവണ ലോക്‌സഭാ എം.പിയായി. 2011 മുതല്‍ ഗുസ്തി ഫെഡറേഷന്‍ അഖിലേന്ത്യ പ്രസിഡന്റായി അടക്കിഭരിക്കുന്നു. ചാമ്പ്യന്‍ഷിപ്പുകളെല്ലാം നേരിട്ടുള്ള മേല്‍നോട്ടത്തിലാണ്.

പോക്സോ കേസിൽ പോലും നടപടി എടുക്കാനാവാതെ പൊലീസ് ഭയത്തിൻ്റെ വഴിക്ക് നീങ്ങി

വനിതാ ഗുസ്തി താരങ്ങള്‍ക്ക് നേരെ ലൈംഗിക അതിക്രമമാണ് പരാതി. ഒന്നല്ല നിരവധി. അതില്‍ പ്രായപൂര്‍ത്തിയാകാത്ത താരങ്ങള്‍ വരെ അതിക്രമത്തിനിരയായി എന്ന് പരാതിപ്പെട്ടു. പരാതി പറഞ്ഞത് ഇത്രയും പേരാണെങ്കില്‍ പറയാന്‍ ഭയക്കുന്നവരോ പറയാന്‍ മടിക്കുന്നവരോ ആയ എത്ര പേരുണ്ടാവും. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പരാതിയോടെ സംഗതി പോക്‌സോയായി. സാധാരണഗതിയില്‍ എഫ്.ഐ.ആര്‍. ഇട്ട് അറസ്റ്റ് ചെയ്യാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടാത്ത കുറ്റം. നിയമം അതാണ് പറയുന്നത്. എന്നിട്ടും എഫ്.ഐ.ആര്‍. പോലും ഇടാന്‍ പോലീസ് ഭയന്നു.

നുണ പരിശോധനയ്ക്ക് തയാർ, എങ്കിൽ റെഡി എന്നു പറഞ്ഞപ്പോൾ പിൻമാറി

ജന്തര്‍ മന്തറിലെ പ്രതിഷേധം നിര്‍ത്തണമെങ്കില്‍ എഫ്.ഐ.ആര്‍. ഇടണം എന്ന് പറഞ്ഞപ്പോള്‍ പോലീസ് മനസ്സില്ലാ മനസ്സോടെ തയ്യാറായി. ജനുവരി 20-ന് സമരം തുടങ്ങിയപ്പോള്‍ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ നല്‍കിയ ഉറപ്പ് ഗുസ്തി ഫെഡറേഷന്‍ തലപ്പത്ത് നിന്ന് ബ്രിജ്ഭൂഷണെ മാറ്റിനിര്‍ത്തുമെന്നാണ്. നാല് മാസം കഴിയുമ്പോള്‍ മന്ത്രി പറയുന്നത് നടപടിക്ക് അന്വേഷണം തീരാന്‍ കാത്തിരിക്കണമെന്നാണ്. രാജിയില്ല, കുറ്റം തെളിഞ്ഞാല്‍ തൂങ്ങി മരിക്കാം എന്ന ഭീഷണിയാണ് ബ്രിജ്ഭൂഷണ്‍ പയറ്റുന്നത്. നുണപരിശോധനയ്ക്ക് തയ്യാര്‍ എന്ന വെല്ലുവിളിയും നടത്തി. ഗുസ്തി താരങ്ങള്‍ അതിന് തയ്യാറായപ്പോള്‍ പിന്നെ അനക്കമില്ല. ഭീഷണിയാണ് പ്രധാന ഐറ്റം.

ആരുടെയൊക്കെ രഹസ്യങ്ങളാണ് സൂക്ഷിക്കുന്നത്

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ആരോപിച്ച ബ്രിജ്ഭൂഷന്‍ ഒന്നുകൂടി കടത്തി പറഞ്ഞു. താന്‍ പറയാന്‍ തുടങ്ങിയാല്‍ അതൊരു സുനാമിയായിരിക്കും എന്ന്. ആരെയാണെന്നോ എന്താണെന്നോ സൂചനയില്ല. ആ സുനാമി ഭീഷണി ഏറ്റു. ഇതുവരെ വായ തുറക്കേണ്ടിയും വന്നിട്ടില്ല. പദവി രാജിവെക്കേണ്ടിയും വന്നിട്ടില്ല.

ഗോണ്ട ജില്ലയാണ് തട്ടകമെങ്കിലും സമീപത്തെ നാല് ജില്ലകളിലും സ്വാധീനമുണ്ട്. ആറ് ലോക്‌സഭാ സീറ്റില്‍ വോട്ടിന്റെ ഗതി നിര്‍ണയിക്കും, ബറൂച്ചിലും ഗോണ്ടയിലും ബല്‍റാംപുരിലും അയോധ്യയിലും വന്‍സ്വാധീനം. സ്വന്തമായി അമ്പതിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.

മാഫിയ സവർണത

‘മാഫിയ എന്ന് ആളുകള്‍ വിശേഷിപ്പിക്കുന്നു. കുട്ടികള്‍ മാതൃകാപുരുഷനായി കാണുന്നു. പണ്ടൊക്കെ ബ്രാഹ്‌മണരുടെ കാലില്‍ തൊട്ട് താന്‍ നമസ്‌കരിക്കുമായിരുന്നു. ഇപ്പോള്‍ യുവാക്കളായ ബ്രാഹ്‌മണരൊക്കെ തന്റെ കാലില്‍ തൊട്ടാണ് അനുഗ്രഹം വാങ്ങുന്നത്. എന്നെ ഗുരുജി എന്നാണ് വിളിക്കാറ.’-ഇങ്ങനെ പോകുന്നു ബ്രിജ്ഭൂഷന്റെ അവകാശാവാദങ്ങള്‍.

താരത്തെ മുഖത്തടിച്ച് വീഴ്ത്തിയത് രാജ്യം പൊറുത്തതോ പേടിച്ചോ

ഗുസ്തി താരങ്ങള്‍് ശക്തരാണ്. അവരെ നിയന്ത്രിക്കാന്‍ ശക്തന്‍ വേണം. അതിന് തന്നേക്കാള്‍ ശക്തന്‍ വേറെയുണ്ടോ എന്നാണ് ചോദ്യം. റഫറിമാരെ നിയന്ത്രിക്കും. വിധികര്‍ത്താക്കളെ ശാസിക്കും തിരുത്തും. കളിയുടെ വിധിയും സ്വന്തം നിലയ്ക്ക് നിര്‍ണയിക്കും. വിവാദങ്ങളില്‍ അവസാനിക്കുന്ന മത്സരങ്ങളില്‍ വിജയി ആരെന്ന അന്തിമ തീര്‍പ്പ് ബ്രിജ്ഭൂഷന്റെ വകയാണ്. ദേശീയ ചാമ്പ്യന്‍ഷിപ്പിനെത്തുന്ന താരങ്ങള്‍ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്നത് പതിവുകാഴ്ച. സ്റ്റേജില്‍വച്ച് ഒരു താരത്തിന്റെ മുഖത്തടിച്ചത് രാജ്യം മുഴുവന്‍ കണ്ടതാണ്. സ്‌പോണ്‍സര്‍ഷിപ്പ് തുകയില്‍ പകുതി അടിച്ചുമാറ്റും, പകുതിയെ താരങ്ങള്‍ക്ക് കിട്ടുന്നുള്ളൂവെന്നാണ് മറ്റൊരു ആരോപണം.

രാഷ്ട്രീയക്കാരനായ അതീഖും സഹോദരനും പോലീസ് കസ്റ്റഡിയിലിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് കൊല്ലപ്പെട്ടത്. മകന്‍ കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴാണ് അതീഖും വെടിയുണ്ടയ്ക്ക് ഇരയായത്. യു.പിയില്‍ ക്രിമിനലുകളെ അടിച്ചൊതുക്കാന്‍ എന്ന പേരിൽ വീടുകളും കെട്ടിടങ്ങളും ഇടിച്ചുനിരത്തുന്ന ബുള്‍ഡോസര്‍ രാഷ്ട്രീയമാണ് ഇപ്പോൾ. അതീഖിന്റെ കൊലയെ നീതി നടപ്പാക്കി എന്നായിരുന്നു വ്യാഖ്യാനം. രാഷ്ട്രീയക്കാരന്‍ തന്നെ ന്യായാധിപനായി ഭരണകൂടം തന്നെ ശിക്ഷാവിധി കല്‍പിക്കുന്ന കാഴ്ച. ഇതിൻ്റെ മറുപുറമാണ് ബ്രിജ് ഭൂഷൻ ശരൺ സിങ്. ബുൾഡോസർ രാജ്യത്തെ വലിയ സ്വയം പ്രഖ്യാപിത ബുൾഡോസർ.

അരിക്കൊമ്പനെ തമിഴ്നാട്ടിൽ മയക്കു വെടിവെച്ചു; മുണ്ടൻ തൂറൈ കടുവാ സങ്കേതത്തിലേക്ക് മാറ്റും

ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ മയക്കുവെടിവച്ചു. രാത്രി 12.30-നാണ് പൂശാനംപെട്ടിക്ക് സമീപത്തുവച്ച് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. സ്ഥലത്തുനിന്ന് മാറ്റുന്നതിനായി പിന്നീട് എലിഫന്റ് ആംബുലന്‍സിലേക്ക് മാറ്റി. അരിക്കൊമ്പനെ കൊണ്ടുപോകുന്നത്‌ തിരുനല്‍വേലിയിലെ കാട്ടിലേക്കെന്നാണ് വിവരം. അവിടെ കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേക്കാണ് ആനയെ കൊണ്ടുപോകുക.

1988-ല്‍ നിലവില്‍വന്ന കടുവാ സങ്കേതമാണ് കളക്കാട് മുണ്ടന്‍തുറൈ. തിരുനൽവേലിയിൽ നിന്നും ഏകദേശം 45 കിലോമീറ്റർ യാത്രയുണ്ട്

നാശവും ഭീതിയും വിതച്ച ആന

മൂന്നാറിലെ ചിന്നക്കനാലില്‍ ഏറെക്കാലം ഭീതി പരത്തിയ അരിക്കൊമ്പനെ കേരള വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം മയക്കുവെടിവച്ച് സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 29-നാണ് മയക്കുവെടിവച്ചത്. പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയിലിറങ്ങി. ദിവസങ്ങള്‍ക്കുമുമ്പ് കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പന്‍ നിരവധി വാഹനങ്ങള്‍ തകര്‍ത്തിരുന്നു. ആനയെക്കണ്ട് വാഹനത്തിനിന്ന് ഇറങ്ങിയോടുന്നതിനിടെ വീണ് പരിക്കേറ്റ ഒരാള്‍ പിന്നീട് മരിക്കുകയും ചെയ്തിരുന്നു. അതിനിടെ, അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാന്‍ അരിയും ചക്കയും വാഴക്കുലയും അടക്കമുള്ളവ തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ കാട്ടിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. അരിക്കൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച വനംവകുപ്പ് അധികൃതര്‍ ആന വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മയക്കുവെടി വെക്കുമെന്ന് വ്യക്തമാക്കി. പിന്നാലെയാണ് മാസങ്ങള്‍ക്കിടെ രണ്ടാം തവണയും മയക്കുവെടി വച്ചത്.