ഗണേഷ് കുമാറിന് ഗതാഗതം, കടന്നപ്പള്ളിക്ക് പുരാവസ്തു, റജിസ്ട്രേഷൻ

0

മന്ത്രിമാരുടെ വകുപ്പുകൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അംഗീകാരം ലഭിച്ചു. ഗണേഷ് കുമാറിന് ഗതാഗതം, മോട്ടോർ വെഹിക്കിൾ, ജലഗതാഗതം എന്നീ വകുപ്പുകളും രാമചന്ദ്രൻ കടന്നപ്പള്ളിക്ക് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പുകളുമാണ് ലഭിച്ചത്. വി എൻ വാസവൻ സഹകരണത്തിന് പുറമേ തുറമുഖ വകുപ്പ് കൂടി കൈകാര്യം ചെയ്യും. തുറമുഖ വകുപ്പ് സി പി എം ഏറ്റെടുത്തു.

കെഎസ്ആര്‍ടിസിയെ ഇപ്പോഴുള്ള അപകടാവസ്ഥയില്‍നിന്ന് കരകയറ്റാൻ പരമാവധി ശ്രമിക്കുമെന്ന് കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. പരിഷ്കരണങ്ങള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കും. ഒന്നും വെച്ച് താമസിപ്പിക്കില്ല. അതിനായി തൊഴിലാളികളും യൂനിയനുകളും സഹകരിക്കുമെന്നാണ് പ്രതീക്ഷ.

സിനിമ വകുപ്പ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി) കത്തു നൽകിയിരുന്നു. എന്നാൽ ഇത് ലഭിച്ചില്ല.

രണ്ടരവര്‍ഷമാണ് ഇനിയുള്ളത്. അതിനാല്‍ അതിനുള്ളില്‍ നല്ലകാര്യങ്ങള്‍ ചെയ്ത് സര്‍ക്കാരിന് സല്‍പ്പേരുണ്ടാക്കാന്‍ ശ്രമിക്കുമെന്നും ഗണേഷ്‌കുമാർ വ്യക്തമാക്കി. എല്ലാം പഠിക്കാന്‍ ഒരാഴ്ച സമയം വേണമെന്നും കമ്പ്യൂട്ടറൈസേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പാക്കുമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

ആദ്യം കടന്നപ്പള്ളി രാമചന്ദ്രനാണ് സത്യപ്രതിജ്ഞ ചെയ്തത്. തുറമുഖ വകുപ്പ് മന്ത്രിയായി കടന്നപ്പള്ളി സത്യപ്രതി‍ജ്ഞ ചെയ്തു. കടന്നപ്പള്ളിയുടേത് ‘സഗൗരവ’ സത്യപ്രതിജ്ഞയായിരുന്നു.

അതീവ ഗൗരവത്തിലായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്ക് മുഖം കൊടുക്കാതിരിക്കാൻ ഗവർണർ ശ്രദ്ധിച്ചു. ചടങ്ങ് തീർന്നയുടനെ മുഖ്യമന്ത്രി സ്ഥലംവിട്ടു. ഗവർണറുടെ ചായ സൽക്കാരത്തിന് നിന്നില്ല.

അയോധ്യയിലെ ക്ഷേത്രവും ഉദ്ഘാടനവും ബി ജെ പിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയം ഇ പി ജയരാജൻ

0

ബി.ജെ.പിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് അയോധ്യ ക്ഷേത്രവും അതിന്റെ ഉദ്ഘാടന ചടങ്ങുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഇത് തിരിച്ചറിയാന്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുമെന്നും ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഉയര്‍ന്ന ആശയക്കുഴപ്പം സംബന്ധിച്ച ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.

‘അയോധ്യയിലെ ബാബറി പള്ളി തകര്‍ത്തത് രാജ്യത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി മതപരമായ ചേരിതിരിവുണ്ടാക്കി വോട്ടുബാങ്ക് സൃഷ്ടിക്കാന്‍ ബിജെപി നടത്തിയിട്ടുള്ള രാഷ്ട്രീയ സമരമാണ്. ആ കാലഘട്ടത്തില്‍ കോണ്‍ഗ്രസിലെ പല നേതാക്കളും അവരുടെ അനുഭാവികളും അതിനകത്ത് അകപ്പെട്ടുപോയി. ഇപ്പോള്‍ ആ സ്ഥാനത്ത് ക്ഷേത്രനിര്‍മാണവും അതിന്റെ ഭാഗമാണ്.

ഇതിന്റെയൊക്കെ നേട്ടമാണ് ബിജെപി ഇപ്പോള്‍ കൊയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ ഒരാളുടെ വിശ്വാസത്തിലും രാഷ്ട്രീയം ഇടപെടാന്‍ പാടില്ല. അതാണ് മതനിരപേക്ഷതയുടെ മൂല്യം. മതത്തെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയമായി കൂട്ടിക്കുഴച്ച് വര്‍ഗീയതയും വിദ്വേഷവും സൃഷ്ടിച്ചെടുത്ത് അതില്‍നിന്ന് നേട്ടംകൊയ്യുകയാണ് ബിജെപി. ബിജെപിയുടെ രാഷ്ട്രീയ കാഴ്ചപ്പാട് തന്നെയാണിത്’, ഇ.പി പറഞ്ഞു.

‘ബിജെപി ഇനിയും സംഘര്‍ഷമുണ്ടാക്കും. മണിപ്പൂര്‍ കത്തിയത് അതിന്റെ ഭാഗമായാണ്. ഇന്ത്യയില്‍ പലഭാഗത്തും നടന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ അതിന്റെ ഭാഗമാണ്. ബിജെപി അധികാരത്തില്‍ വന്നതുമുതല്‍ അവര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഓരോ നയം എടുത്തുനോക്കിയാലും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാനുള്ളതാണ്. ബിജെപിയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് അയോധ്യ ക്ഷേത്രവും ഉദ്ഘാടനവുമെല്ലാം. ഇത് തരിച്ചറിയാന്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയും. ജനാധിപത്യ ശക്തികള്‍ ഇത് മനസ്സിലാക്കും. അതിനുസരിച്ച് ജനങ്ങള്‍ ചിന്തിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കും’, ഇപി പറഞ്ഞു.

കടന്നപ്പള്ളിയും ഗണേഷ് കുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, ഗവർണറും മുഖ്യമന്ത്രിയും വേദിയിലെത്തും

0

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് വേദിയാകുന്ന രാജ്ഭവനില്‍ ശ്രദ്ധയാകര്‍ഷിക്കുക മുഖ്യമന്ത്രിയും ഗവര്‍ണറും നേര്‍ക്കുനേര്‍ വരുന്ന കാഴ്ചയാകും. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് മഞ്ഞുരുകലിനുള്ള വേദിയാകുമോ എന്നതാണ് ശ്രദ്ധേയം.

രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെ.ബി. ഗണേഷ് കുമാറും ഇന്ന് വൈകീട്ട് നാലിന് മന്ത്രിമാരായി ഗവര്‍ണര്‍ക്കുമുന്നില്‍ സത്യപ്രതിജ്ഞചെയ്യും. വേദിയിലെ ശ്രദ്ധേയമായ സാന്നിധ്യം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനുമാവും. 900 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് രാജ്ഭവനില്‍ ഒരുക്കിയിട്ടുള്ളത്. ക്ഷണിതാക്കള്‍ക്കുമാത്രമേ പ്രവേശനമുള്ളൂ.

പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കുന്നായി പ്രഖ്യാപിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്കുശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറുടെ ചായസത്കാരം ഉണ്ടാവും.

ഗവര്‍ണര്‍ക്കെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കേസ് നൽകിയിട്ടുണ്ട്. ഭരണഘടനാബാധ്യത നിറവേറ്റുന്നില്ലെന്ന് കേന്ദ്രസര്‍ക്കാരിനും രാഷ്ട്രപതിക്കും പരാതിയും നല്‍കിയിട്ടുണ്ട്. ബില്ലുകള്‍ പരിഗണിക്കുന്നതിന് മാര്‍ഗരേഖ വേണമെന്നമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹര്‍ജിയില്‍ ഭേദഗതിയും നടത്തിയ സാഹചര്യമാണ്. ഭരണഘടനാപരമായ അധികാരങ്ങള്‍ വിനിയോഗിക്കുന്നതില്‍ ഗവര്‍ണര്‍ക്ക് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2023 ജനുവരി നാലിന് സജി ചെറിയാന്റെ സത്യപ്രതിജ്ഞാച്ചടങ്ങുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഗവര്‍ണറെ വിളിച്ചപ്പോഴാണ് കഴിഞ്ഞ നയപ്രഖ്യാപനത്തിനുമുമ്പ് രൂക്ഷമായിരുന്ന ശീതസമരത്തിന് അറുതിയായത്.

ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്റെപേരില്‍ രാജിവെച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിപദത്തിലേക്ക് തിരിച്ചെത്തുന്നതിനോട് ഗവര്‍ണര്‍ ആദ്യം യോജിച്ചിരുന്നില്ല. മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ച് ഗവര്‍ണറെ അറിയിച്ചിട്ട് നാലുദിവസമായിട്ടും അദ്ദേഹം അതിന് അനുമതി നല്‍കിയിരുന്നില്ല. ഇതിനിടയില്‍ മുഖ്യമന്ത്രി ഗവര്‍ണറെ ഫോണില്‍വിളിച്ച് സംസാരിച്ചു. പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്ന് അറിയിച്ചാണ് അന്ന് സത്യപ്രതിജ്ഞയ്ക്ക് രാജ്ഭവന്‍ വേദിയായത്.

വോട്ടിങ് മെഷീനുകളിലെ കൃത്രിമ സാധ്യത വീണ്ടും ഉയർത്തി സാം പിത്രോദ, പരിഹരിച്ചില്ലെങ്കിൽ 2024 ൽ ബിജെപി 400 സീറ്റ് കൈവരിക്കും

0

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ കൃത്രിമ വീണ്ടും ഉയർത്തി കോൺഗ്രസ് നേതാവ് സാം പിത്രോദ. വോട്ടിങ് യന്ത്രങ്ങള്‍ ശരിയാക്കിയില്ലെങ്കിൽ 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റുകൾ നേടുമെന്ന് അദ്ദേഹം പറഞ്ഞു. വിവിപാറ്റ് സംവിധാനത്തിൻ്റെ നിലവിലെ പ്രവര്‍ത്തനരീതി കൃത്രിമ സാധ്യതയുള്ളതാണ് എന്ന കാര്യം ചൂണ്ടികാട്ടിയാണ് പ്രതികരണം.

ബിജെപിക്ക് 400 കടക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പിത്രോദ. മുൻ സുപ്രീം കോടതി ജഡ്ജി മദൻ ലോകൂർ അധ്യക്ഷനായ എൻജിഒയുടെ പ്രധാന ശുപാർശ വിവിപാറ്റ് സംവിധാനത്തിലെ പിഴവ് ചൂണ്ടികാട്ടുന്നതായിരുന്നു എന്ന് ടെക്നോക്രാറ്റായ പിത്രോദ ചൂണ്ടികാട്ടി.

ഇക്കാര്യത്തിൽ ഇലക്ഷൻ കമ്മീഷൻ പ്രതികരിക്കും എന്നായിരുന്നു പ്രതീക്ഷ. പക്ഷെ നിശ്ശബ്ദത പാലിച്ചതോടെയാണ് പരസ്യ പ്രതികരണം വേണ്ടി വന്നത് എന്നും വെളിപ്പെടുത്തി.

ബിജെപിക്ക് അനുകൂലമായി ഇവിഎമ്മുകളിൽ കൃത്രിമം നടന്നുവെന്ന് പ്രതിപക്ഷം നിരവധി തവണ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇത് ശരിവെച്ചാണ് പ്രതികരണം. ഈ ആശങ്ക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു എങ്കിലും വോട്ടുകളിലെ മാറ്റം സംശയത്തിന് ഇടനൽകുന്നതായിരുന്നു എന്ന വിലയിരുത്തൽ ഉണ്ടായത് തിരുത്തപ്പെട്ടില്ല. വോട്ടർമാർക്ക് വിവിപാറ്റ് സ്ലിപ്പുകൾ നൽകണമെന്ന് കോൺഗ്രസും മറ്റ് രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടത് ഈ പശ്ചാത്തലത്തിലായിരുന്നു. പക്ഷെ പാലിക്കപ്പെട്ടില്ല.

രാമക്ഷേത്രത്തെക്കുറിച്ചുള്ള തന്റെ പരാമർശങ്ങൾ വളച്ചൊടിച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അടിസ്ഥാനപരമായി താൻ ഭരണഘടനയെ സംരക്ഷിക്കുകയാണ്. മതം വളരെ വ്യക്തിപരമായ കാര്യമാണ്, അത് ജനങ്ങൾക്ക് വിടൂ എന്നാണ് താൻ പറയുന്നത്. ഇത് രാഷ്ട്രീയവുമായി കൂട്ടിച്ചേര്‍ത്ത്‌ സങ്കീർണ്ണമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

2019 ൽ 350 സീറ്റുകളാണ് എൻ ഡി എ സഖ്യം നേടിയത്.

എൻ്റെ പൊന്നൂ…..സ്വർണ്ണവില വീണ്ടും റെക്കോഡ് ഭേദിച്ചു

0

സ്വര്‍ണവില സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന നിരക്കില്‍. പവന് 47,120 രൂപയും ഗ്രാമിന് 5,890 രൂപയുമാണ് കേരളത്തിൽ വിപണി വില. ഇതിന് മുമ്പ് ഡിസംബര്‍ നാലിന് സ്വര്‍ണ വില 47, 000 രൂപ കടന്നിരുന്നു. അന്നത്തെ റെക്കോഡാണ് തിരുത്തുന്നത്.

നിലവില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങുമ്പോള്‍ പണിക്കൂലിയടക്കം അര ലക്ഷത്തിലധികം രൂപ നല്‍കേണ്ടി വരും. ഡിസംബര്‍ ഒന്നിന് 46,160 രൂപയായിരുന്നു സ്വര്‍ണവില. മാസം പകുതി ആയപ്പോഴേക്കും ഇതില്‍ കുറവുണ്ടായി.

ഈ മാസം 13ന് 45,320 രൂപയിലെത്തിയിരുന്നു. പിന്നീടാണ് വീണ്ടും കുതിച്ചുയര്‍ന്നത്.

വിജയ് കാന്തിന് ആദരാഞ്ജലി അർപ്പിച്ച് സിനിമാ ലോകം

നടന്‍ വിജയകാന്തിന് ആദരാഞ്ജലി ആര്‍പ്പിച്ച് പ്രിയപ്പെട്ടവർ. നടന്റെ വിയോഗവാര്‍ത്ത അറിഞ്ഞ രജിനികാന്ത്‌ നാഗര്‍കോവിലില്‍ നടന്നുകൊണ്ടിരുന്ന സിനിമാചിത്രീകരണം നിര്‍ത്തിവച്ച് ചെന്നൈയിലേക്ക് തിരിച്ചു.

അസുഖബാധിതനായിരുന്ന വിജയകാന്ത് ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി.

വിജയരാജ് അളകര്‍സ്വാമി എന്നാണ് യഥാര്‍ത്ഥ പേര്. കരിയറിലുടനീളം തമിഴ് സിനിമയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച ചുരുക്കം നടന്മാരിലൊരാളായിരുന്നു വിജയകാന്ത്. പുരട്ചി കലൈഞ്ജര്‍ എന്നും ക്യാപ്റ്റന്‍ എന്നുമാണ് ആരാധകര്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്.

കുറച്ചുവര്‍ഷമായി പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമല്ലാതിരുന്ന വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് ഡി.എം.ഡി.കെ പാര്‍ട്ടിയെ നയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിയോഗം.

1952 ആഗസ്റ്റ് 25-ന് തമിഴ്നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്തിന്റെ ജനനം. എം.എ. കാജാ സംവിധാനം ചെയ്ത് 1979-ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു ആദ്യചിത്രം. നടന്‍ വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രങ്ങളാലാണ് ആദ്യം അഭിനയിച്ചു തുടങ്ങിയത്.

1980 കളിലാണ് ആക്ഷന്‍ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് ഉയരുന്നത്. നൂറാം ചിത്രമായ ക്യാപ്റ്റന്‍ പ്രഭാകര്‍ ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായാണ് അറിയപ്പെടുന്നത്. ഈ ചിത്രത്തോടെ ക്യാപ്റ്റനെന്നും ആരാധകര്‍ അദ്ദേഹത്തെ വിളിച്ചുതുടങ്ങി. നൂറാവത് നാള്‍, വൈദേഹി കാത്തിരുന്താള്‍, ഊമൈ വിഴിഗള്‍, പുലന്‍ വിസാരണൈ, സത്രിയന്‍, കൂലിക്കാരന്‍, വീരന്‍ വേലുത്തമ്പി, സെന്തൂരപ്പൂവേ, എങ്കള്‍ അണ്ണ, ഗജേന്ദ്ര, ധര്‍മപുരി, രമണ തുടങ്ങി 154 ചിത്രങ്ങളില്‍ അഭിനയിച്ചു. 2015-ല്‍ മകന്‍ ഷണ്‍മുഖ പാണ്ഡ്യന്‍ നായകനായെത്തിയ സഗാപ്തം എന്ന ചിത്രത്തില്‍ അതിഥിവേഷത്തിലുമെത്തിയിരുന്നു.

2005-ല്‍ ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ) എന്ന രാഷ്ട്രീയ പാര്‍ട്ടിക്കും വിജയകാന്ത് രൂപം നല്‍കി. 2006 ലെ തമിഴ് നാട് നിയമ സഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ എല്ല 234 സീറ്റുകളിലും മത്സരിച്ചെങ്കിലും വിജയകാന്ത് മത്സരിച്ച മണ്ഡലത്തില്‍ മാത്രമേ വിജയം നേടാനായുള്ളു. വിരുധാചലം, റിഷിവന്ദ്യം മണ്ഡലങ്ങളില്‍ നിന്ന് ഓരോ തവണ വിജയിച്ചു. 2011-2016 കാലയളവില്‍ തമിഴ്നാടിന്റെ പ്രതിപക്ഷനേതാവുമായിരുന്നു വിജയകാന്ത്.

1990-ലായിരുന്നു വിജയകാന്ത് പ്രേമലതയെ വിവാഹം ചെയ്യുന്നത്. ഷണ്‍മുഖ പാണ്ഡ്യന്‍, വിജയ് പ്രഭാകര്‍ അളകര്‍സാമി എന്നിവര്‍ മക്കളാണ്.

പ്രവാസയാത്ര

പിറുപിറുത്തു കൊണ്ട്
പ്രാരാബ്ധങ്ങളുടെ ഭാണ്ഡക്കെട്ടിൽ
പരിഭവങ്ങൾക്കൊപ്പം
സോപ്പും ചീർപ്പും തോർത്തുമെടുത്തു
വെക്കുന്നുണ്ടവൾ …….

കരഞ്ഞു കലങ്ങിയ കണ്ണിൽ
തീ ഊതിയപ്പോൾ
പൊടി പോയതാണെന്
നരച്ച പുഞ്ചിരിയാൽ
ഫലിക്കാതെ പോയ കള്ളം പറയുന്നുണ്ടുമ്മ

സങ്കടപ്പെരുമഴയിലും
‘ ടിക്കറ്റൊക്കെ എടുത്തിക്കെടോ ‘
എന്നാരാഞ്ഞ് കൃത്രിമഗൗരവം
നടിക്കുന്നുണ്ടുപ്പ

കളി ചിരി മാറാത്ത കുഞ്ഞു മുഖത്ത്
ഉപ്പയെങ്ങു പോവുന്നെന്ന
കൗതുകത്തോടെ ഉറ്റുനോക്കുന്ന കുഞ്ഞു മകൾ
ആന കളിക്കാനും തോട്ടിലെ
വെള്ളം തേവി പൊടിമീനിനെ
പിടിക്കാനിനിയാരെന്ന ചിണുങ്ങുന്നു

‘അന്യ നാടാണ് ചരയിക്കണേമോനെ ‘ന്ന്
അടക്കം പറയുന്നുണ്ട്
മുചുകുന്നിലെ മൂത്തുമ്മ

അനിയനും പെങ്ങൻമാരും
സങ്കട പുഞ്ചിരി സമ്മാനിച്ച്
ഒഴിഞ്ഞ് മാറുന്നുണ്ട്, …..

അടുക്കളയിലെ കലപില
ശബ്ദത്തിനിടയിൽ
‘ഇഞ്ഞാടത്തെയാൽ ബിളിക്കണേ’ ന്ന്
ഓർമ്മപ്പെടുത്തുന്നുണ്ട്
അക്കരേലെ ആമിൻച്ച

യാത്രമംഗളങ്ങൾ നേർന്ന് സ്നേഹ തലോടലായ്
വീട്ടിലെത്തിയിട്ടുണ്ട്
‘എടവലക്കാർ ‘

പെരുമ്പറ മുഴങ്ങുന്ന
ഹൃദയത്തേയും തോരാമഴ
പെയ്യുന്ന കണ്ണിനേയും നിയന്ത്രിക്കാൻ
പരാജയമടഞ്ഞൊരു പുഞ്ചിരി
മുഖത്തൊട്ടിച്ചു വെച്ചിട്ടുണ്ട് ഞാൻ

സങ്കടങ്ങൾക്ക് സംഗീതം
പകരാൻ
ഒരു ചാറ്റൽ മഴ
എന്നെ അനുഗമിക്കുന്നുണ്ടായിരുന്നു

അരിവില കൂടിയത് 14 ശതമാനം, തെരഞ്ഞെടുപ്പ് നേരിടാൻ ഭാരത് റൈസുമായി കേന്ദ്രം

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഭാരത് റൈസ്’ ഉടന്‍ വിപണിയിലെത്തിക്കാൻ നീക്കം. കിലോഗ്രാമിന് 25 രൂപ എന്ന നിരക്കിലാവും അരി ചില്ലറ വില്‍പ്പനയ്ക്കായി എത്തുക. അരിവില എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ്. ഇതിനെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് എത്തിക്കാതിരിക്കുക എന്നതാണ് അരിക്കച്ചവടത്തിലെ രാഷ്ട്രീയം.

ഇന്ത്യയിലെ അരിയുടെ ശരാശരി ചില്ലറവില്‍പ്പന വില കിലോഗ്രാമിന് 43.3 രൂപയാണ്. മുന്‍വര്‍ഷത്തെക്കാള്‍ 14.1 ശതമാണ്‌ അരി വില വര്‍ധിച്ചത്. ഒരു വർഷത്തെ മാത്രം വർധനവിൻ്റെ കണക്കാണിത്.

ഭാരത് ആട്ട (ഗോതമ്പുപൊടി), ഭാരത് ദാല്‍ (പരിപ്പ്) എന്നിവ കുറഞ്ഞ നിരക്കില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മോഡി സര്‍ക്കാര്‍ ഭാരത് അരിയുമായി എത്തുന്നത്. സര്‍ക്കാര്‍ ഏജന്‍സികളായ നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (നാഫെഡ്), നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍.സി.സി.എഫ്), കേന്ദ്രീയ ഭണ്ഡാല്‍ ഔട്ട്‌ലെറ്റുകള്‍, സഞ്ചരിക്കുന്ന വില്‍പ്പനശാലകള്‍ എന്നിവിടങ്ങളിൽ ഭാരത് റൈസ് ലഭിക്കും എന്നാണ് പ്രഖ്യാപനം. സാധാരണക്കാരനിലേക്ക് ഇത് എങ്ങിനെ എത്തും എന്നത് വിശദമല്ല. 2000-ത്തിലേറെ വില്‍പ്പനകേന്ദ്രങ്ങള്‍ മുഖേനെയാണ് രാജ്യത്ത് ഇവ വില്‍ക്കുന്നത് എന്നാണ് അറിയിപ്പ്.

ഭാരത് ആട്ട ബ്രാന്‍ഡിലുള്ള ഗോതമ്പുപൊടി കിലോഗ്രാമിന് 27.50 രൂപ നിരക്കിലും ഭാരത് ദാല്‍ ബ്രാന്‍ഡിലുള്ള പരിപ്പ് കിലോഗ്രാമിന് 60 രൂപ നിരക്കിലുമാണ് സര്‍ക്കാര്‍ വില്‍ക്കുന്നത്. ഭാരത് റൈസും ഇതേ മാതൃകയില്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

തിരഞ്ഞെടുപ്പിന് മുന്നോടിയായി വിലക്കയറ്റം പിടിച്ച് നിർത്താൻ അരി പഞ്ചസാര പരിപ്പ് വർഗ്ഗങ്ങളുടെ കയറ്റുമതി നിയന്ത്രിച്ച് നിർത്തിയിരിക്കയാണ്. ലോക വിപണിയിൽ അരി കയറ്റുമതിയിൽ 40 ശതമാനത്തോളം കയ്യാളുന്നത് ഇന്ത്യയാണ്.

എംഫിൽ കോഴ്സുകളിൽ ചേർന്ന് വഞ്ചിതരാവരുത്, ഇനി അങ്ങിനെ ഒരു കോഴ്സില്ലെന്ന് യു ജി സി അറിയിപ്പ്

സര്‍വകലാശാലകള്‍ നല്‍കുന്ന എംഫില്‍ ബിരുദ കോഴ്സിന് ഇനി നിയമസാധുതയില്ലെന്ന് കമ്മീഷന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ എംഫില്‍ പ്രോഗ്രാമുകള്‍ നല്‍കരുതെന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് യുജിസി നിര്‍ദ്ദേശിച്ചിരുന്നു. പക്ഷെ പല സര്‍വകലാശാലകളും അഡ്മിഷന് ക്ഷണിച്ചു കൊണ്ടുള്ള നോട്ടിഫിക്കേഷന്‍ ഇട്ടതോടെയാണ് 2023-24 അധ്യയന വര്‍ഷത്തേക്കുള്ള എംഫില്‍ പ്രോഗ്രാമിലേക്കുള്ള പ്രവേശനം നിര്‍ത്താന്‍ അടിയന്തര നടപടികള്‍ സര്‍വകലാശാലകൾ അധികൃതര്‍ സ്വീകരിക്കണമെന്ന ഉത്തരവ് യുജിസി ഇറക്കിയത്.

“എംഫില്‍ (മാസ്റ്റര്‍ ഓഫ് ഫിലോസഫി) പ്രോഗ്രാമിലേക്ക് ഏതാനും സര്‍വകലാശാലകള്‍ പുതിയ അപേക്ഷകള്‍ ക്ഷണിക്കുന്നതായി യുജിസിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടണ്ട്. എംഫില്‍ ബിരുദം അംഗീകൃതമല്ല എന്നത് ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധയില്‍പ്പെടുത്തുകയാണ്.

യുജിസിയുടെ (മിനിമം സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് പ്രൊസീജേഴ്സ് ഫോര്‍ അവാര്‍ഡ് ഓഫ് പിഎച്ച്ഡി) 2022 റെഗുലേഷന്‍പ്രകാരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എംഫില്‍ പ്രോഗ്രാം വാഗ്ദാനം ചെയ്യാന്‍ പാടില്ലെന്ന് പറയുന്നുണ്ട് .
അതിനാല്‍ അഡ്മിഷന്‍ നിര്‍ത്താന്‍ അടിയന്തിര നടപടി സര്‍വകലാശാലകള്‍ കൈക്കൊള്ളണമെന്നും നിര്‍ദേശിക്കുന്നു ‘എന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇ ഡി പരിശോധനകളിലെ രാഷ്ട്രീയം കാട്ടി ഭീഷണി മുഴക്കിയ ബി ജ പി ദേശീയ നേതാവിൻ്റെ സ്ഥാനം തെറിച്ചു

പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് അനുപം ഹസ്‌റയെ പാര്‍ട്ടി ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. സിബിഐയുടേയോ ഇ.ഡിയുടേയോ സമന്‍സ് പ്രതീക്ഷിച്ച് നില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിലെ അഴിമതിക്കാരായ നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ തന്നെ സമീപിച്ചാല്‍ മതിയെന്ന അനുപം ഹസ്‌റയുടെ കഴിഞ്ഞ മാസത്തെ പ്രസ്താവന വിവാദമായിരുന്നു.

പാര്‍ട്ടി നയത്തില്‍ നിന്ന് വ്യതിചലിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് അനുപം ഹ്‌സറയെ നീക്കം ചെയ്തത്. നഡ്ഡയും ആഭ്യന്തര മന്ത്രി അമിത് ഷായും ബംഗാളില്‍ സന്ദര്‍ശനത്തിന് എത്തിയ ദിവസമാണ് നടപടി.

2014-ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംപിയായ അനുപം ഹ്‌സറ പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു. ബിജെപിയില്‍ പട്ടികജാതി വിഭാഗങ്ങളുടെ കേന്ദ്രീകരണത്തിന് നേതൃത്വം വഹിച്ചു. 2020-ലാണ് ബിജെപി ദേശീയ സെക്രട്ടറിയാക്കിയത്. ഈ വര്‍ഷം ബിഹാറിലെ പാര്‍ട്ടിയുടെ സഹചുമതലയും നല്‍കിയിരുന്നു.

കഴിഞ്ഞ മാസം അനുപം നടത്തിയ ഒരു പ്രസ്താവന അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയം വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നതിനിടെ പാർട്ടിക്ക് കുരുക്കായി മാറിയിരുന്നു.

ഏത് അഴിമതിയും വെളുപ്പിക്കാനുള്ള വാഷിങ്‌മെഷീനാണ് ബിജെപി എന്ന് തൃണമൂല്‍ കോൺഗ്രസ് പ്രചാരണത്തിന് ഇത് ശക്തി പകർന്നു. സംസ്ഥാന നേതാക്കളെല്ലാം ഇതിനോട് മൗനം പാലിച്ച് മാറേണ്ടി വന്നു.

അന്വേഷണ ഏജൻസികളെ മുൻനിർത്തി ഭീഷണി രാഷ്ട്രീയം പരസ്യമായി പ്രഖ്യാപിച്ചു

‘ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ നിങ്ങള്‍ക്ക് മടി തോന്നുന്നുവെങ്കില്‍, ‘നിങ്ങള്‍ക്ക് എന്റെ ഫേസ്ബുക്ക് പേജില്‍ വന്ന് എന്നെ ബന്ധപ്പെടാം. നിങ്ങളുടെ സേവനം എങ്ങനെ ഉപയോഗിക്കാമെന്ന് ഞങ്ങള്‍ നോക്കും’ അനുപം ഹസ്‌റ വിവാദ പ്രസ്താവനയ്ക്കിടെ കൂട്ടിച്ചേര്‍ത്തു.

42 സീറ്റുകളുള്ള ബംഗാളില്‍ 2019-ലെ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകളാണ് ബിജെപിക്ക് നേടാനായത്. 22 സീറ്റുകള്‍ തൃണമൂലും രണ്ടിടത്ത് കോണ്‍ഗ്രസും ജയിച്ചിരുന്നു.