നടൻ കൊല്ലം സുധി കാർ അപകടത്തിൽ കൊല്ലപ്പെട്ടു

 സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ്‌ തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു.

നടന്‍ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല.

2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.ഫ്ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ സുധി കുടുംബപ്രേക്ഷകരുടെ പ്രിയ താരമായി. കരിയറിലെ ഒരു സുവര്‍ണകാലഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് സുധിയുടെ അപ്രതീക്ഷിത വിയോഗം.

നേർക്ക് നേർ കൂട്ടിയിടി

അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്. കാറിന്റെ ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണം. എയർബാഗ് മുറിച്ചാണ് കൊല്ലം സുധിയെ പുറത്തെത്തിച്ചത്. ഡ്രെവറെ പുറത്തിറക്കി കസേരയിലിരുത്തി.  അപ്പോഴേക്കും കുറേപ്പേർ ഓടിയെത്തി. കാറിലുണ്ടായിരുന്നവരെ മൂന്ന് ആംബുലൻസിലാക്കി ആശുപത്രിയിലേക്ക് കയറ്റി വിടുകയായിരുന്നുവെന്നും ദൃക്സാക്ഷി സുനിൽ മാധ്യമങ്ങളോട് വിശദീകരിച്ചു. ഉല്ലാസ് അരൂര്‍ എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്.

നിമകളിലും ടിവി ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി. ജ​ഗദീഷിനെ അനുകരിച്ച് ഏറെ കയ്യടി നേടിയിട്ടുള്ള താരം കൂടിയായിരുന്നു അദ്ദേഹം. പല വേദികളിലും ബിനു അടിമാലി, ഉല്ലാസ് എന്നിവർക്കൊപ്പം സുധി പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഇവർ ഒന്നിച്ച് സ്റ്റേജിൽ എത്തുമ്പോൾ തന്നെ കാണികളിൽ ആവേശം നിറയുമായിരുന്നു. അക്കൂട്ടത്തിലെ ഒരു ചിരി മാഞ്ഞതിന്റെ ഞെട്ടലിലാണ് കലാകേരളം. ഫ്ലവേഴ്സ് ചാനലിന്റെ പ്രോഗ്രാമിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് വിവരം

ഒഡിഷ ട്രെയിൻ ദുരന്തം, കണക്കുകൾ വ്യാജമെന്ന് ചൂണ്ടികാട്ടി മമതാ ബാനർജി

 ഒഡീഷ ട്രെയിൻ ദുരന്തത്തിൽ റെയിൽവേ ഔദ്യോഗികമായി പുറത്ത് വിട്ട മരണക്കണക്ക് തെറ്റെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാന‍ജി. ട്രെയിനിൽ ഉണ്ടായിരുന്ന ബംഗാളിൽ നിന്നുള്ള 182 പേരെക്കുറിച്ച് ഇനിയും വിവരമില്ല. ‘മരിച്ചവരിൽ 62 പേർ പശ്ചിമ ബംഗാൾ സ്വദേശികളാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ മൃതദേഹങ്ങൾ ബംഗാളിലേക്ക് എത്തിച്ചിട്ടുണ്ട്. എന്നാൽ ഇതിനു പുറമെ കാണാതായ 182 പേരെക്കുറിച്ച് യാതൊരു വിവരവും ഇനിയും ലഭിച്ചിട്ടില്ല. ഇതു മുൻ നിർത്തിയാണ് ചോദ്യം.

ആയിരത്തിലേറെ പേരാണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുളളത്. പലരും ഗുരുതരാവസ്ഥയിലാണ്. നാളെ അവർക്കെന്ത് സംഭവിക്കുമെന്നതിൽ പോലും വ്യക്തതയില്ല. റെയിൽവെ തെറ്റായ വിവരങ്ങളാണ് പുറത്ത് വിടുന്നതെന്നും മമതാ ബാനര്‍ജി ആരോപിച്ചു. എന്ത് കൊണ്ടാണ് മരണക്കണക്ക് കേന്ദ്രം കുറച്ച് കാണിക്കുന്നത് ? ഏറ്റവും ദാരുണമായ അപകടമാണുണ്ടായത്. തങ്ങളുടെ പിഴവിൽ ക്ഷമാപണം നടത്താൻ പോലും കേന്ദ്രം തയ്യാറായിട്ടില്ലെന്നും മമതാ ബാനർജി പറഞ്ഞു’. ഇപ്പോൾ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ച് ജനരോഷം തണുപ്പിക്കാനുള്ള ശ്രമമാണ്.  

നേരത്തെ മത ബാനർജി, നിതീഷ് കുമാർ, ലാലു പ്രസാദ് എന്നീ മുന്‍ റെയില്‍വെ മന്ത്രിമാരുടെ കാലത്തെ ട്രെയിന്‍ അപകടങ്ങള്‍ പങ്കുവെച്ച് ഇതിനെ പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നു. യുപിഎ കാലത്തെ റെയില്‍വെ മന്ത്രിമാര്‍ ദുരന്തമായിരുന്നുവെന്ന് ബിജെപി വക്താവ് അമിത് മാളവ്യ ട്വീറ്റ് ചെയ്യുകയും ചെയ്തു. 

ആരോപണങ്ങളെ മമതാ ബാനർജി തള്ളി താനും ലാലുവും നിതീഷ് കുമാറും റെയിൽ വെ മന്ത്രിയായിരുന്ന കാലത്തെ റെയില്‍ മരണങ്ങളുടെ കണക്കെന്ന പേരിൽ പ്രചരിപ്പിക്കുന്നത് തെറ്റായ കണക്കുകളാണെന്ന് മമതാ ബാനർജി തിരിച്ചടിച്ചു. തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നത് കണ്ടു. താൻ മന്ത്രിയായിരിക്കുന്ന സമയത്ത് സമയത്ത് റെയില്‍വെ മന്ത്രാലയം നവീകരിക്കപ്പെടുകയാണുണ്ടായതെന്നും തൃണമൂൽ കോൺഗ്രസ് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.  

എ ഐ ക്യാമറകൾ റെഡി, ഇന്നു മുതൽ പിഴ ഈടാക്കി തുടങ്ങും

 ‘സേഫ് കേരള പദ്ധതിക്ക് തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് തുടക്കമാകും. കേന്ദ്ര തീരുമാനം വരും വരെ ഇരുചക്ര വാഹനങ്ങളിൽ മൂന്നാം യാത്രക്കാരായി 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ കണക്കാക്കുമെന്നും പിഴ ഈടാക്കില്ലെന്നും ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്രനിയമത്തില്‍ ഭേദഗതി വേണമമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമ തീരുമാനം വരും വരെ കേരളത്തിൽ ഇരുചക്ര വാഹനങ്ങളിലെ മൂന്നാം യാത്രക്കാരായ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് പിഴ ഈടാക്കില്ലെന്നും മന്ത്രി വിവരിച്ചു. എന്നാൽ നാല് വയസുകഴിഞ്ഞ കുട്ടികൾക്കെല്ലാം ഹെൽമറ്റ് നിർബന്ധമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെ എട്ട് മണി മുതലാണ് എ ഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കൽ പദ്ധതി ആരംഭിക്കുക. ഹെൽമെറ്റ് സീറ്റ്ബെൽറ്റ്, മൊബൈൽ ഉപയോഗം, അമിത വേഗത, തുടങ്ങി വിവിധങ്ങളായ നിയമലംഘനങ്ങൾക്കെല്ലാം പിഴ ഈടാക്കും. റോഡ് സുരക്ഷാ നിയമം കർശനമാക്കുന്നത് ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാനാണെന്നും റോഡപകട നിരക്കിൽ കേരളം മുന്നിലാണെന്നും മന്ത്രി ചൂണ്ടികാട്ടി. കേരളത്തിലെ ഒരു ദിവസം ശരാശരി 161 അപകടങ്ങളാണ് സംഭവിക്കുന്നത്. പ്രതിദിനം ശരാശരി 12 മരണങ്ങളും റിപ്പോർട്ട് ചെയ്യാറുണ്ട്. വാഹനങ്ങൾ കൂടുമ്പോള്‍ അപകട നിരക്ക് കൂടുന്നുവെന്നും ഇത് ഒഴിവാക്കാനാണ് നിയമലംഘനങ്ങൾക്ക് പൂട്ടിടാനുള്ള നീക്കമെന്നും മന്ത്രി വിവരിച്ചു. ഒരു ദിവസം 25000 പേർക്ക് എങ്കിലും നൊട്ടീസ് നൽകും.

ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ടു വീലറില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്‍താല്‍ 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ, അനധികൃത പാര്‍ക്കിംഗ് 250 രൂപ, അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ. ജംഗ്ഷനുകളില്‍ ചുവപ്പു സിഗ്‌നല്‍ ലംഘനം കോടതിക്കു കൈമാറും. ഓരോ തവണ ക്യാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കും. അനധികൃത പാര്‍ക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക.

ഓർക്കുക

റോഡിന്റെ മധ്യഭാഗത്ത് തുടർച്ചയായുള്ള വെള്ള, മഞ്ഞ വരകൾ മുറിച്ചുകടക്കരുത്.

ഇരട്ട മഞ്ഞവരകൾ ഡിവൈഡറായി പരിഗണിക്കണം.

ഇടവിട്ട വെള്ളവരകളുള്ളിടത്ത് ഓവർടേക്ക് ചെയ്യാം.

ഇടതുവശത്തെ മഞ്ഞവരയുള്ളിടത്ത് ഇടതുവശത്ത് പാർക്കിങ് പാടില്ല.

പാർക്കിങ് അനുവദിച്ച സ്ഥലങ്ങളിൽമാത്രം.

നോ പാർക്കിങ് ബോർഡില്ലെന്നുകരുതി എല്ലായിടത്തും പാർക്കിങ് അനുവദനീയമല്ല.

വാഹനത്തിന്റെ എൻജിൻ ഓഫ് ചെയ്തില്ലെങ്കിലും റോഡിൽ നിർത്തിയാൽ പാർക്കിങ്ങായി പരിഗണിക്കും.

വളവുകൾ, കയറ്റം, ഇറക്കം, ഇടുങ്ങിയ റോഡ്, പാലങ്ങൾ എന്നിവിടങ്ങളിൽ പാർക്കിങ് പാടില്ല.

റോഡിൽ തിരക്കില്ലെങ്കിലും മറ്റുവാഹനങ്ങളുടെ യാത്ര തടസ്സപ്പെടുത്തുന്ന വിധത്തിൽ വാഹനം നിർത്തരുത്.

അനുവദനീയമായ വേഗം

സ്കൂൾമേഖല 30 കി.മീ.

തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങൾ 50 കി.മീ.

കാറുകൾ

സംസ്ഥാനപാത 80 ക.മീ, ദേശീയപാത 85 കി.മീ., ദേശീയപാത നാലുവരി 90 കി.മീ.

ഇരുചക്രവാഹനങ്ങൾ

സംസ്ഥാനപാത 50 കി.മീ, ദേശീയപാത 60 കി.മീ, നാലുവരി 70 കി.മീ.
ബസ്, ലോറി -60 കി.മീ.

നിയമലംഘനങ്ങളും പി‍ഴയും ചുവടെ:

ലൈറ്റുകൾ പ്രവർത്തിപ്പിക്കാതിരിക്കുക,നോ പാർക്കിങ്ങിൽ വാഹനം നിർത്തുക,
റിയർവ്യൂ മിറർ ഇളക്കിമാറ്റുക -250 രൂപ.

തുടർച്ചയായ വെള്ളവര മുറിച്ചുകടന്നാൽ -250

സീറ്റ്‌ബെൽറ്റ്, ഹെൽമെറ്റ് ഉപയോഗിക്കാതിരുന്നാൽ -500

അമിതവേഗം (കാർ) -1500

ഇരുചക്രവാഹനങ്ങളിൽ രണ്ടിൽക്കൂടുതൽ പേർ യാത്രചെയ്യുക -2000.

ഇൻഷുറൻസില്ലാത്ത വാഹനങ്ങൾ – ആദ്യപിഴ 2000, തുടർന്ന് 4000.

അപകടകരമായ ഓവർടേക്കിങ് -ആദ്യപിഴ 2000, ആവർത്തിച്ചാൽ കോടതിയിലേക്ക്.

ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം -2000.

മൂന്നുവർഷത്തിനുള്ളിൽ ആവർത്തിച്ചാൽ -5000 (ബ്ലൂടൂത്ത് ഹെഡ് സെറ്റ്, ഇയർപോഡ്, നിയമവിരുദ്ധം)

മഞ്ഞവര മുറിച്ചുകടന്നാൽ (അപടകരമായ ഡ്രൈവിങ്) -2000.

ലെയ്ൻ ട്രാഫിക് ലംഘനം -2000.

നിയമംലംഘിച്ച് മറികടക്കൽ -2000.

രാജ്യദ്രോഹക്കുറ്റം ശക്തമാക്കി നിലനിർത്തണമെന്ന് നിയമ കമ്മീഷൻ, ശുപാർശ സുപ്രീം കോടതി മരവിപ്പിച്ച് ഒരു വർഷമാവും മുൻപേ

സുപ്രീംകോടതി മരവിപ്പിച്ച  രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന് കേന്ദ്രസർക്കാരിന്‌ ശുപാർശ നൽകി നിയമകമീഷൻ. രാജ്യദ്രോഹം ക്രിമിനൽ കുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐപിസി 124 എ വകുപ്പ് വ്യക്തമായി നിർവചിക്കുന്ന ചില ഭേദഗതികളോടെ നിലനിർത്തണമെന്ന് കർണാടക ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ഋതുരാജ് അവസ്‌തി അധ്യക്ഷനായ 22-ാം നിയമ കമീഷനാണ്‌ ശുപാർശ നൽകിയത്‌. നിയമം പിൻവലിക്കേണ്ട സാഹചര്യമില്ലന്നും വകുപ്പ്‌ ഇല്ലാതാക്കുന്നത്‌ രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക്‌ വെല്ലുവിളിയാകുമെന്നും റിപ്പോർട്ടിൽ അവകാശപ്പെടുന്നു. പൂർവാധികം ശക്തമാക്കാനുള്ള നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്

അതോടാപ്പം കുറഞ്ഞ തടവ്‌ ശിക്ഷ മൂന്നുവർഷം മാത്രം നൽകുന്നത്‌ പര്യാപ്‌തമല്ലന്നും അത്‌ ഏഴുവർഷമാക്കി ഉയർത്തണമെന്നും ശുപാർശ ചെയ്‌തു. ഐപിസിയുടെ ആറാം അധ്യായത്തിൽ കുറ്റങ്ങൾക്കായി നൽകിയിരിക്കുന്ന ശിക്ഷകളും സെക്ഷൻ 124 എയിൽ നിർദ്ദേശിച്ചിരിക്കുന്ന ശിക്ഷയും പരസ്‌പരം ഒത്തുപോകുന്നില്ലന്നാണ്‌ ഇതിനുള്ള ന്യായീകരണം. രാജ്യദ്രോഹക്കുറ്റത്തിനുള്ള പരമാവധി ശിക്ഷ  ജീവപര്യന്തമാണ്‌.  പിഴയോടു കൂടിയോ അല്ലാതെയൊ മൂന്നുവർഷം തടവ്‌, പിഴയോടുകൂടി ജീവപര്യന്തം, പിഴ എന്നിവയാണ്‌ നിലവിൽ ശിക്ഷ. ഇതിൽ പിഴയോടുകൂടിയുള്ള മൂന്നുവർഷം തടവ്‌ ഏഴുവർഷമാക്കണമെന്നാണ്‌ ആവശ്യം.  വാക്കുകൊണ്ടോ, ആംഗ്യം കൊണ്ടോ, എഴുത്തിലൂടെയൊ മറ്റ്‌ ഏത്‌ മാർഗത്തിലൂടെയോ  സർക്കാരിനെതിരെ വിദ്വേഷം ജനിപ്പിക്കുന്ന പ്രവർത്തി രാജ്യദ്രോഹമാണന്നായിരുന്നു വ്യവസ്ഥ.

വിദ്വേഷം പടർത്തണമെന്ന പ്രവണതയോടെ മേൽപ്പറഞ്ഞ പ്രവൃത്തിയിൽ ഏർപ്പെടുകയോ പൊതുക്രമത്തെ വെല്ലുവിളിക്കുകയോ ചെയ്‌താലും രാജ്യദ്രോഹമാണെന്നാണ്‌ പുതിയ റിപ്പോർട്ടിലുള്ളത്‌.  അക്രമത്തിൽ ഏർപ്പെട്ടതിന്‌  തെളിവില്ലങ്കിലും അതിനെ പ്രോത്സാഹിപ്പിക്കുന്നതും അനുഭാവം പ്രകടിപ്പിക്കുന്നതും ‘പ്രവണത’യുടെ പരിധിയിൽവരും. ഇൻസ്‌പെക്‌ടറിൽ താഴെയല്ലാത്ത പൊലീസ്‌ ഉദ്യോഗസ്ഥൻ ഏഴുദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്തിവേണം കേസ്‌ രജിസ്‌‌റ്റർ ചെയ്യണോ എന്ന്‌ തീരുമാനിക്കേണ്ടത്‌- റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷം മേയിലാണ്‌ ചീഫ്‌ ജസ്‌റ്റിസായിരുന്ന എൻ വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച്‌ ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യ സമര സേനാനികളെ നേരിടാൻ രൂപം നൽകിയ രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചത്‌. കുറ്റം സംബന്ധിച്ച പുന:പരിശോധിക്കാമെന്നായിരുന്നു കേന്ദ്രസർക്കാർ നൽകിയ ഉറപ്പ്‌.

രാജ്യദ്രോഹ കുറ്റം ഇന്ത്യൻ ശിക്ഷാ നിയമത്തിൽ നിലനിർത്തുന്ന കാര്യം പഠിക്കാൻ നിയമ കമ്മീഷനെ നിയോഗിക്കാമെന്ന ശിപാർശയും അന്ന് കേന്ദ്രസർക്കാർ മുന്നോട്ട് വച്ചിരുന്നു. ഈ നിർദേശം സുപ്രീംകോടതി അംഗീകരിച്ചതിനെ തുടർന്നാണ് കമ്മീഷൻ പഠനം തുടങ്ങിയത്. ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനാനായ 22 മത് നിയമ കമ്മീഷനാണ് ഇപ്പോൾ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്

നിർദ്ദേശം സുപ്രീം കോടതി ഇടപെട്ട് ഒരു വർഷം തികയും മുൻപേ

എതിർശബ്‌ദങ്ങളുടെ നാവരിയാൻ വ്യാപകമായി ദുരുപയോഗിച്ച  ഇന്ത്യൻ ശിക്ഷാനിയമത്തിലെ  124എ വകുപ്പ്  മരവിപ്പിച്ച്‌ സുപ്രീംകോടതി ചരിത്രപരമായ ഇടപെടൽ നടത്തിയത് 2022 മെയിലാണ്. വകുപ്പിന്റെ പുനഃപരിശോധനയിൽ തീരുമാനമാകുംവരെ 124എ വകുപ്പ്‌ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുന്നത് കോടതി തടഞ്ഞിരുന്നു.

കോളനിവാഴ്ചക്കാലത്തിന്റെ ബാക്കിപത്രമായ നൂറ്റാണ്ടിലേറെ പഴക്കമുള്ള നിയമമാണ് ചീഫ്‌ ജസ്റ്റിസ്‌ എൻ വി രമണ അധ്യക്ഷനും  ജസ്റ്റിസുമാരായ ഹിമാകോഹ്‌ലി, സൂര്യകാന്ത്‌ എന്നിവര്‍ അം​ഗങ്ങളുമായ ബെഞ്ച്‌ മരവിപ്പിച്ചത്‌. 124എ വകുപ്പിന്റെ നിയമസാധുത ചോദ്യം ചെയ്‌ത്‌ രാഷ്ട്രീയ, സാമൂഹ്യ, മാധ്യമ പ്രവർത്തകർ നൽകിയ ഹർജികളിലാണ്‌ സുപ്രീംകോടതി ഇടപെടൽ.

124എ നിലനിർത്തണോ വേണ്ടയോ എന്നതിൽ ബന്ധപ്പെട്ട സമിതികൾ തീരുമാനമെടുക്കുംവരെ കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരുകളോ ഈ വകുപ്പ്‌ ചുമത്തി കേസെടുക്കരുതെന്ന് ഇടക്കാല ഉത്തരവിലുണ്ട്. 124എ ചുമത്തിയ എല്ലാ കേസും അപ്പീലുകളും അന്വേഷണം തുടരുന്ന കേസുകളും  ഇനി ഉത്തരവ്‌ ഉണ്ടാകുന്നതുവരെ മരവിപ്പിച്ചു. 124എ ചുമത്തപ്പെട്ട്‌ ജയിലിലുള്ളവർക്ക്‌ ജാമ്യത്തിനായി കോടതികളെ സമീപിക്കാം. സുപ്രീംകോടതി ഉത്തരവ് അവഗണിച്ച്‌ ഈ വകുപ്പ്‌ ചുമത്തിയാൽ അവർക്കും കോടതിയിലെത്താം. 124എ വകുപ്പിനൊപ്പം മറ്റു വകുപ്പുകൾ ചുമത്തിയിട്ടുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട നടപടികൾ തുടരാമെന്നും സുപ്രീംകോടതി അറിയിച്ചു. 124എ വകുപ്പിന്റെ കഠോരസ്വഭാവം ഈ കാലഘട്ടവുമായി യോജിച്ചുപോകുന്നതല്ലെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചു. രാജ്യം കൊളോണിയൽ ഭരണത്തിനു കീഴിലായിരുന്ന കാലത്താണ്‌ ഈ വകുപ്പ്‌ നിലവിൽ വന്നത്‌. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ അത്‌ പുനഃപരിശോധിക്കണം. പരിശോധന പൂർത്തിയാകുംവരെ 124എ വകുപ്പ്‌ പ്രയോഗിക്കാതിരിക്കുന്നതാണ്‌ ഉചിതം–- സുപ്രീംകോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചിട്ട് ഒരു വർഷമാവുന്നു

ഈ വകുപ്പ്‌ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി സുപ്രീംകോടതി നേരത്തേ ചൂണ്ടിക്കാ‌ട്ടിയിരുന്നു. വകുപ്പ്‌ നിലനിർത്തണമെന്ന നിലപാടാണ്‌ കേന്ദ്രം തുടക്കത്തിൽ സ്വീകരിച്ചത്‌. എന്നാൽ, പൗരാവകാശങ്ങൾ നിഷേധിക്കുന്ന വകുപ്പിനെതിരെയാണ്‌ കോടതിയുടെ വികാരമെന്നു മനസ്സിലാക്കിയതോടെ സർക്കാർ മലക്കംമറിഞ്ഞു. നിയമം ബന്ധപ്പെട്ട സമിതികൾ പരിശോധിക്കുകയാണെന്നും അതുവരെ കോടതി ഇടപെടരുതെന്നും നിലപാട്‌ തിരുത്തി. എന്നാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട്‌ ഇപ്പോൾ ജയിലിൽ ഉള്ളവരുടെയും ഭാവിയിൽ ജയിലിലാകാൻ പോകുന്നവരുടെയും അവകാശങ്ങൾ നിഷേധിക്കപ്പെടരുതെന്ന നിലപാടിൽ സുപ്രീംകോടതി ഉറച്ചുനിന്നു.

എന്താണ് 124എ
സുപ്രീംകോടതി മരവിപ്പിച്ച ഐപിസിയുടെ 124 എ വകുപ്പ് ഇങ്ങനെ പറയുന്നു: രാജ്യദ്രോഹം:- ‘ പറയുകയോ എഴുതുകയോ ചെയ്യുന്ന വാക്കുകളാലോ അല്ലെങ്കിൽ ആംഗ്യങ്ങളാലോ ദൃശ്യങ്ങളാലോ മറ്റു പ്രകാരത്തിലോ ഇന്ത്യയിൽ നിയമപ്രകാരം സ്ഥാപിക്കപ്പെട്ട സർക്കാരിനെതിരെ വെറുപ്പോ നിന്ദയോ ജനിപ്പിക്കുകയോ ജനിപ്പിക്കുവാൻ ശ്രമിക്കുകയോ അല്ലെങ്കിൽ അപ്രീതി ഉദ്ദീപിപ്പിക്കുകയോ ഉദ്ദീപിപ്പിക്കുവാൻ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരാളും പിഴകൂടി ചേർക്കാവുന്ന ജീവപര്യന്തം ശിക്ഷയോ അല്ലെങ്കിൽ പിഴകൂടി ചേർക്കാവുന്ന മൂന്നുവർഷം തടവോ അല്ലെങ്കിൽ പിഴയോ നൽകി ശിക്ഷിക്കപ്പെടുന്നതാകുന്നു’.

എന്താണ് രാജ്യദ്രോഹ നിയമം?

സെക്ഷൻ 124എ രാജ്യദ്രോഹത്തെ ഇങ്ങനെ നിർവചിക്കുന്നു: “വാക്കിലൂടെയോ, എഴുതിയതോ, അല്ലെങ്കിൽ അടയാളങ്ങളിലൂടെയോ, അല്ലെങ്കിൽ ദൃശ്യമായ പ്രാതിനിധ്യത്തിലൂടെയോ, സർക്കാരിന് നേർത്ത് വിദ്വേഷമോ അവഹേളനമോ ഉണ്ടാക്കുകയോ ഉത്തേജിപ്പിക്കുകയോ അസംതൃപ്തി ഉണർത്താൻ ശ്രമിക്കുകയോ ചെയ്യുന്നവരെ നിയമപ്രകാരം സ്ഥാപിതമായ സർക്കാരിന് ജീവപര്യന്തം തടവുശിക്ഷ ലഭിക്കും, അതോടൊപ്പം പിഴയും ചേർക്കാം…”

വ്യവസ്ഥയിൽ മൂന്ന് വിശദീകരണങ്ങളും അടങ്ങിയിരിക്കുന്നു: 1- “അതൃപ്തി” എന്ന പ്രയോഗത്തിൽ അവിശ്വസ്തതയും ശത്രുതയുടെ എല്ലാ വികാരങ്ങളും ഉൾപ്പെടുന്നു; 2- വിദ്വേഷമോ അവഹേളനമോ അതൃപ്തിയോ ഉണർത്താനോ ഉത്തേജിപ്പിക്കാനോ ശ്രമിക്കാതെ, നിയമാനുസൃതമായ മാർഗങ്ങളിലൂടെ അവയിൽ മാറ്റം വരുത്താൻ ഗവൺമെന്റിന്റെ നടപടികളോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ, ഈ വകുപ്പ് പ്രകാരം കുറ്റകരമല്ല; 3- ഗവൺമെന്റിന്റെ ഭരണപരമായ അല്ലെങ്കിൽ മറ്റ് നടപടികളോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ, വിദ്വേഷമോ അവഹേളനമോ അതൃപ്തിയോ ഉത്തേജിപ്പിക്കാതിരിക്കുമ്പോൾ, ഈ വകുപ്പിന് കീഴിൽ കുറ്റകരമല്ല.

രാജ്യദ്രോഹ നിയമത്തിന്റെ ഉത്ഭവം

ഇന്ത്യൻ ശിക്ഷാനിയമം തയ്യാറാക്കിയ തോമസ് മക്കാലെ രാജ്യദ്രോഹ നിയമം ഉൾപ്പെടുത്തിയിരുന്നെങ്കിലും 1860-ൽ നിലവിൽ വന്ന കോഡിൽ അത് ചേർത്തിട്ടില്ല. ഈ ഒഴിവാക്കൽ ആകസ്മികമാണെന്ന് നിയമവിദഗ്ധർ കരുതുന്നു. 1890-ൽ, പ്രത്യേക നിയമം XVII മുഖേന ഐപിസി 124എ വകുപ്പ് പ്രകാരം രാജ്യദ്രോഹം ഒരു കുറ്റമായി ഉൾപ്പെടുത്തി.

സ്വാതന്ത്ര്യ സമര കാലത്ത് രാഷ്ട്രീയ വിയോജിപ്പുകൾ തടയാൻ ഈ വ്യവസ്ഥ വ്യാപകമായി ഉപയോഗിച്ചിരുന്നു. സ്വാതന്ത്ര്യസമര സേനാനികളായ ബാലഗംഗാധര തിലകൻ, ആനി ബസന്റ്, ഷൗക്കത്ത്, മുഹമ്മദ് അലി, മൗലാനാ ആസാദ്, മഹാത്മാഗാന്ധി എന്നിവരുൾപ്പെടെയുള്ളയുള്ളവർക്ക് നേർക്ക് ഐപിസിയുടെ 124 എ വകുപ്പ് ഉൾപ്പെടുന്ന നിരവധി കേസുകൾ ഫയൽ ചെയ്തിരുന്നു. ഈ സമയത്താണ്, 1898-ൽ രാജ്യദ്രോഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വിചാരണയായ ക്വീൻ എംപ്രസ് വേഴ്സസ് ബാലഗംഗാധര തിലകൻ നടന്നത്.

ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള മൗലികാവകാശത്തിന് രാജ്യദ്രോഹത്തെ ഒരു അപവാദമാക്കുന്നത് ഭരണഘടനാ അസംബ്ലി ചർച്ച ചെയ്തിരുന്നു. എന്നാൽ നിരവധി അംഗങ്ങൾ ശക്തമായി വിയോജിച്ചു. അതിനാൽ രാജ്യദ്രോഹം എന്ന വാക്ക് രേഖയിൽ ഉൾപ്പെടുത്തിയിട്ടില്ല.

രാജ്യദ്രോഹ നിയമത്തെ നിയമപരമായി ചോദ്യം ചെയ്തപ്പോൾ

1950-ൽ തന്നെ, റൊമേഷ് ഥാപ്പർ വേഴ്സസ് സ്റ്റേറ്റ് ഓഫ് മദ്രാസ് കേസിലെ സുപ്രീം കോടതി വിധിയിൽ ഈ നിയമത്തെക്കുറിച്ച് പരാമർശിക്കുന്നു. “സർക്കാരിനെതിരെ അതൃപ്തിയോ മോശം വികാരങ്ങളോ ഉത്തേജിപ്പിക്കുന്ന തരത്തിൽ വിമർശിക്കുന്നത്, ആവിഷ്കാര സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും നിയന്ത്രിക്കുന്നതിനുള്ള ന്യായീകരണ കാരണമായി കണക്കാക്കേണ്ടതില്ല. അത് ഭരണകൂടത്തിന്റെ സുരക്ഷയെ ദുർബലപ്പെടുത്തുന്നതോ അട്ടിമറിക്കാനുള്ള പ്രവണതയോ ഉള്ളതല്ലെങ്കിൽ,” എന്ന് നിയമത്തിന്റെ ലിബറൽ വായനയ്ക്കായി ഭരണഘടനയിൽ നിന്ന് രാജ്യദ്രോഹം എന്ന വാക്ക് ഭരണഘടനാ അസംബ്ലി ബോധപൂർവം ഒഴിവാക്കിയത് ജസ്റ്റിസ് പതഞ്ജലി ശാസ്ത്രി ഉദ്ധരിച്ചു.

തുടർന്ന്, രണ്ട് ഹൈക്കോടതികൾ – താരാ സിംഗ് ഗോപി ചന്ദ് വേഴ്സസ് ദ സ്റ്റേറ്റിൽ പഞ്ചാബ്, ഹരിയാന ഹൈക്കോടതി (1951), രാം നന്ദൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് ഉത്തർപ്രദേശിൽ അലഹബാദ് ഹൈക്കോടതി (1959) – ഐപിസിയുടെ 124 എ വകുപ്പ് രാജ്യത്തെ അതൃപ്തി ശമിപ്പിക്കാനുള്ള കൊളോണിയൽ യജമാനന്മാർക്കുള്ള ഒരു ഉപകരണമായിരുന്നു എന്ന് പ്രഖ്യാപിച്ചു.

എന്നിരുന്നാലും, 1962-ൽ, കേദാർനാഥ് സിംഗ് വേഴ്സസ് ബീഹാർ സ്റ്റേറ്റ് എന്ന കേസിൽ സുപ്രീം കോടതിയുടെ മുമ്പാകെ ഈ പ്രശ്നം ഉയർന്നു.കേദാർ നാഥ് കേസിന്റെ വിധി

അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഹൈക്കോടതികളുടെ മുൻ വിധികളെ അസാധുവാക്കുകയും ഐപിസി സെക്ഷൻ 124 എയുടെ ഭരണഘടനാ സാധുത ഉയർത്തുകയും ചെയ്തു. എന്നിരുന്നാലും, ദുരുപയോഗത്തിനുള്ള സാധ്യത പരിമിതപ്പെടുത്താൻ കോടതി ശ്രമിച്ചു. അക്രമത്തിന് പ്രേരണയോ ആഹ്വാനമോ കൂടാതെ സർക്കാരിനെ വിമർശിച്ചാൽ രാജ്യദ്രോഹമായി മുദ്രകുത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി. “പൊതുജനസംഘർഷം” ഉണർത്തുന്നതിനാൽ രാജ്യദ്രോഹപരമായ പ്രസംഗം എന്നതിൽ ഈ വിധി പരിമിതപ്പെടുത്തി. രാജ്യദ്രോഹപരമായ പ്രസംഗം എന്ന പ്രയോഗം സെക്ഷൻ 124 എയിൽ തന്നെ ഉൾക്കൊള്ളുന്നില്ലെങ്കിലും കോടതി അത്തരത്തിൽ പ്രയോഗിച്ചു

വിമർശനാത്മക പ്രസംഗം രാജ്യദ്രോഹമായി കണക്കാക്കാൻ കഴിയില്ലെന്ന് അടിവരയിട്ട് ഏഴ് “മാർഗ്ഗനിർദ്ദേശങ്ങളും” കോടതി പുറപ്പെടുവിച്ചു.

രാജ്യദ്രോഹ നിയമത്തിന്റെ പുതിയ, നിയന്ത്രിത നിർവചനം ഉപയോഗിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളിൽ, ഭരണകൂടത്തിനെതിരെ “അനിഷ്‌ടത”, “വിദ്വേഷം” അല്ലെങ്കിൽ “അവഹേളനം” എന്നിവ ഉയർത്തുന്ന എല്ലാ പ്രസംഗങ്ങളും രാജ്യദ്രോഹമായി കരുതാനാവില്ലെന്നും മറിച്ച് “പൊതു ക്രമക്കേടുകൾ” ഉണർത്താൻ സാധ്യതയുള്ള പ്രസംഗം മാത്രമേ അങ്ങനെയാവൂ എന്നും പറയുന്നു.

കേദാർ നാഥ് വിധിയെത്തുടർന്ന്, രാജ്യദ്രോഹം ചുമത്തണമെങ്കിൽ “പൊതു ക്രമക്കേട്” വേണമെന്ന് കണക്കാക്കപ്പെടുന്നു. പൊതു ക്രമസമാധാനത്തിന് ഭീഷണിയില്ലാതെ മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരില്ലെന്ന് കോടതി വ്യക്തമാക്കി.

ബൽവന്ത് സിംഗ് വേഴ്സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബിലെ (1995) വിധി, പ്രസംഗത്തെ രാജ്യദ്രോഹമെന്ന് മുദ്രകുത്തുന്നതിനുമുമ്പ് അതിന്റെ യഥാർത്ഥ ഉദ്ദേശ്യം കണക്കിലെടുക്കണമെന്ന് ആവർത്തിച്ചു. “ഖലിസ്ഥാൻ സിന്ദാബാദ്, രാജ് കരേഗാ ഖൽസ, ഹിന്ദുവാൻ നൂൺ പഞ്ചാബ് ചോൻ കാധ് കെ ഛദാംഗേ, ഹുൻ മൗക്കാ ആയാ ഹേ രാജ് കയം കർ” (ഹിന്ദുക്കൾ പഞ്ചാബ് വിട്ടുപോകും, ​​ഞങ്ങൾ ഭരിക്കും) തുടങ്ങിയ മുദ്രാവാക്യങ്ങൾ ഒരു പൊതുസ്ഥലത്ത് ഉയർത്തിയതിന് ഹരജിക്കാർക്കെതിരെ അന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.

തുടർന്നുള്ള വിധികളിൽ – ഡോ. വിനായക് ബിനായക് സെൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് ഛത്തീസ്ഗഡ് (2011), – രാജ്യദ്രോഹപരമായ പ്രസംഗത്തിന്റെ രചയിതാവല്ലെങ്കിലും അത് പ്രചരിപ്പിച്ച വ്യക്തിയാണെങ്കിൽ പോലും രാജ്യദ്രോഹക്കുറ്റത്തിന് ഒരു വ്യക്തിയെ ശിക്ഷിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.

2016-ൽ, അരുൺ ജെയ്റ്റ്‌ലി വേഴ്സസ് ഉത്തർപ്രദേശ് സംസ്ഥാനത്തിൽ, അലഹബാദ് ഹൈക്കോടതി ജുഡീഷ്യറിയെയോ കോടതി വിധിയെയോ വിമർശിച്ചത് രാജ്യദ്രോഹത്തിന് തുല്യമാകില്ലെന്ന് വിധിച്ചിരുന്നു.
ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷനെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീം കോടതിയുടെ 2016 ലെ വിധിയെ മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി ഒരു ബ്ലോഗ് പോസ്റ്റിൽ വിമർശിച്ചിരുന്നു.

ഇന്ത്യയുടെ ലോ കമ്മീഷന്റെയും സുപ്രീം കോടതിയുടെയും തുടർച്ചയായ റിപ്പോർട്ടുകൾ രാജ്യദ്രോഹ നിയമത്തിന്റെ വ്യാപകമായ ദുരുപയോഗത്തിന് അടിവരയിടുന്നു.

കഴിഞ്ഞ വർഷം, വിനോദ് ദുവ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് -19 പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനെ വിമർശിക്കുകയും വ്യവസ്ഥയുടെ നിയമവിരുദ്ധമായ പ്രയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തതിന് മാധ്യമപ്രവർത്തകനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട എഫ്ഐആറുകൾ സുപ്രീം കോടതി റദ്ദാക്കി.

രാജ്യദ്രോഹ നിയമത്തെ പുതുതായി ചോദ്യം ചെയ്തത്

മാധ്യമപ്രവർത്തകരായ കിഷോർചന്ദ്ര വാങ്‌ഖേംച, കനയ്യ ലാൽ ശുക്ല, ണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര എന്നിവർ നൽകിയ ഒരു കൂട്ടം ഹരജികൾക്ക് ശേഷം ഈ വ്യവസ്ഥയ്‌ക്കെതിരായ പുതിയ വാദങ്ങൾ കേൾക്കാൻ സുപ്രീം കോടതി സമ്മതിച്ചു. കേദാർ നാഥ് വിധി ശരിയാണോ എന്ന് പരിഗണിക്കുന്ന ഏഴംഗ ബെഞ്ച് ഇതിൽ ഉൾപ്പെടും.

“ഒറ്റപ്പെട്ട ദുരുപയോഗ സംഭവങ്ങൾക്ക്” ഈ വ്യവസ്ഥ തന്നെ നീക്കം ചെയ്യേണ്ട ആവശ്യമില്ലെന്ന് വാദിച്ചുകൊണ്ട് സർക്കാർ തുടക്കത്തിൽ വ്യവസ്ഥയെ ന്യായീകരിച്ചെങ്കിലും, കൊളോണിയൽ നിയമത്തിന്റെ ഒരു പുതിയ പുനരവലോകനം ആലോചിക്കുകയാണെന്ന് സർക്കാർ ഇപ്പോൾ കോടതിയെ അറിയിച്ചിട്ടുണ്ട്.

രാജ്യദ്രോഹത്തിന്റെ നിയന്ത്രിതമായ കേദാർ നാഥ് നിർവചനം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം പോലുള്ള കർശനമായ ഭീകരവിരുദ്ധ നിയമങ്ങൾ ഉൾപ്പെടെ മറ്റ് നിരവധി നിയമങ്ങളിലൂടെ പരിഗണിക്കാമെന്ന് ഹരജിക്കാർ വാദിച്ചു.

കോടതിയുടെ ഇടപെടൽ നിർണായകമാണ്, കാരണം അത് വ്യവസ്ഥയെ തല്ലിക്കെടുത്തിയാൽ, കേദാർ നാഥ് വിധിയെ അത് അസാധുവാക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മുൻ വിധികൾ ഉയർത്തിപ്പിടിക്കുകയും ചെയ്യും. എന്നിരുന്നാലും, ഭാഷയിൽ നേർപ്പിക്കുകയോ അസാധുവാക്കുകയോ ചെയ്തുകൊണ്ട് നിയമം പുനഃപരിശോധിക്കാൻ സർക്കാർ തീരുമാനിച്ചാൽ, അതിന് മറ്റൊരു രൂപത്തിൽ വ്യവസ്ഥ തിരികെ കൊണ്ടുവരാൻ കഴിയും.


“പ്രതിയുടെ പേരാണോ ആസൂത്രിതവും അനാസൂത്രിതവും തീരുമാനിക്കുന്നത്”- കണ്ണൂരിൽ ട്രെയിനിന് തീയിട്ട സംഭവത്തിൽ പൊലീസ് നിലപാടിനെതിരെ കെ ടി ജലീൽ

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് (16307) കോച്ചിന് തീ കൊളുത്തിയ കേസിൽ പ്രതിയെ കുറിച്ചുള്ള പോലീസ് വിശദീകരണം തള്ളി ഇടത്പക്ഷ എംഎല്‍എ കെ.ടി.ജലീല്‍. കേരളം കത്തിക്കാൻ ആരോ ശ്രമിക്കയാണെന്നാണ് ഫേസ് ബുക്ക് പോസ്റ്റിൽ സംശയം ഉന്നയിക്കുന്നത്.

ഫേസ് ബുക്ക് പോസ്റ്റുകളുടെ പശ്ചാത്തലത്തിൽ കെ ടി ജലീലിനെ നാടുകടത്തേണ്ട സമയം അതിക്രമിച്ചു എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതികരിച്ചു.

കേസില്‍ പ്രതി ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാന സ്വദേശി പ്രസോന്‍ജിത്ത് സിദ്ഗര്‍ ഭിക്ഷാടകനാണെന്നും ഭിക്ഷാടനത്തില്‍ പണം കിട്ടാതെ വന്നപ്പോഴുള്ള നിരാശയും മാനസികസംഘര്‍ഷവുമാണ് തീവണ്ടിക്ക് തീയിടാനുള്ള പ്രകോപനമെന്നുമായിരുന്നു ഉത്തരമേഖല ഐ.ജി. നീരജ്കുമാര്‍ ഗുപ്ത കഴിഞ്ഞ ദിവസം വിശദീകരിച്ചത്. ഇത് പൊതുവെ നിശ്ശബ്ദമായി സ്വീകരിക്കപ്പെട്ടു.

ഇതിനെതിരെ മാധ്യമങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും മുൻ നിർത്തിയാണ് കെ ടി ജലീലിൻ്റെ ചോദ്യം.

കണ്ണൂര്‍ ടൗണില്‍ ഭിക്ഷ യാചിച്ചിട്ട് ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞത് ഒരു നിലക്കും വിശ്വാസയോഗ്യമല്ല. അത് പറഞ്ഞവര്‍ വെറുതെ ഒരാളെ വേഷം കെട്ടി കണ്ണൂര്‍ സിറ്റിയില്‍ ഭിക്ഷക്ക് വിട്ടാല്‍ കാര്യം ബോദ്ധ്യമാകും.

‘കേരളത്തെ ഗുജറാത്താക്കാനുള്ള ‘ഗോധ്ര’ സൃഷ്ടിക്കലാണോ സൈഫിയേയും പുഷന്‍ ജിത്തിനെയും മുന്നില്‍ നിര്‍ത്തി ‘ആരെങ്കിലും’ ലക്ഷ്യമിടുന്നത്? പ്രതിയുടെ പേരാണോ ആസൂത്രിതവും അനാസൂത്രിതവും തീരുമാനിക്കാനുള്ള മാനദണ്ഡം?..കേരളത്തെ ദൈവം രക്ഷിക്കട്ടെ. എനിക്ക് ടിക്കറ്റെടുക്കുന്നവര്‍ ഒരു വിസയും കൂടി എടുത്താല്‍ നന്നാകും’ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കെ.ടി.ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

എന്നെ നാടു കടത്താന്‍ പറഞ്ഞ ശൂരനെവിടെ?
കണ്ണൂരില്‍ ട്രൈന്‍ കത്തിച്ച കല്‍ക്കത്തക്കാരനായ പുഷന്‍ജിത് സിദ്ഗറിന്റെ പശ്ചാതലം എന്താണ്? അദ്ദേഹത്തിന് ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ? അദ്ദേഹം ഉമാഭാരതിയുടേയോ മറ്റോ പ്രസംഗം സ്ഥിരമായി കേള്‍ക്കുന്നയാളാണോ? അദ്ദേഹം വിചാരധാര വായിക്കാറുണ്ടോ? എലത്തൂരില്‍ ട്രൈനിന് തീയിട്ട സൈഫിക്കും കണ്ണൂരില്‍ ‘തീപ്പെട്ടിക്കൊള്ളി’ കൊണ്ട് ട്രൈന്‍ കത്തിച്ച ‘മാന്ത്രികനും’ തമ്മില്‍ വല്ല ബന്ധവുമുണ്ടോ?


ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇനിയും വല്ല ‘മാനസിക രോഗികള്‍’ ഭിക്ഷയാജിക്കാന്‍ കേരളത്തിലെത്തുമോ? ഒന്നും കിട്ടാത്ത നിരാശയില്‍ വല്ല ട്രൈനിനോ ബസ്സിനോ തീയിടുമോ? കേന്ദ്ര ഏജന്‍സികള്‍ക്ക് പറന്നെത്താനാണോ ട്രൈനിന് തന്നെ മാനസിക രോഗികള്‍ തീയ്യിടുന്നത്?


കണ്ണൂര്‍ ടൗണില്‍ ഭിക്ഷ യാചിച്ചിട്ട് ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞത് ഒരു നിലക്കും വിശ്വാസയോഗ്യമല്ല. അത് പറഞ്ഞവര്‍ വെറുതെ ഒരാളെ വേഷം കെട്ടി കണ്ണൂര്‍ സിറ്റിയില്‍ ഭിക്ഷക്ക് വിട്ടാല്‍ കാര്യം ബോദ്ധ്യമാകും. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെയും മുഖ്യധാരാ മാധ്യമങ്ങളുടെയും മൗനം ഭയാനകമാണ്. നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു. അതല്ലെങ്കില്‍ ഭയപ്പെടുന്നു. രണ്ടിലൊന്ന് ഉറപ്പ്.
കേരളത്തെ ഗുജറാത്താക്കാനുള്ള ‘ഗോധ്ര’ സൃഷ്ടിക്കലാണോ സൈഫിയേയും പുഷന്‍ ജിത്തിനെയും മുന്നില്‍ നിര്‍ത്തി ‘ആരെങ്കിലും’ ലക്ഷ്യമിടുന്നത്? പ്രതിയുടെ പേരാണോ ആസൂത്രിതവും അനാസൂത്രിതവും തീരുമാനിക്കാനുള്ള മാനദണ്ഡം?
വരുംനാളുകളിലും ”മനോരോഗമില്ലാത്ത’ സൈഫിമാരും ‘മനോരോഗികളായ’ പുഷന്‍ജിത്തുമാരും തീവണ്ടിക്ക് തീ വെക്കാന്‍ കേരളത്തിലെത്തില്ല എന്ന് എന്താണ് ഉറപ്പ്? അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലുമൊരു സാദ്ധ്യത ‘ഉള്ളികള്‍ക്ക്’ തെളിയണമെങ്കില്‍ കേരളം കത്തണം. കേരളത്തെ മുസ്ലിം തീവ്രവാദ-ഭീകരവാദ കേന്ദ്രമാക്കി രാജ്യമൊട്ടുക്കും മാറ്റണം.
കേരളത്തെ ദൈവം രക്ഷിക്കട്ടെ.
എനിക്ക് ടിക്കറ്റെടുക്കുന്നവര്‍ ഒരു വിസയും കൂടി എടുത്താല്‍ നന്നാകും!

കെ ടി ജലീൽ നേരത്തെ ഇതു സംബന്ധിച്ച് ഇട്ട പോസ്റ്റിന് തുടർച്ചയായാണ് പൊലീസ് നിഗമനത്തെ തള്ളി കളയുന്നത്

ജൂൺ ഒന്നിലെ പോസ്റ്റ്

ഫാസിസ്റ്റുകളുടെ ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വലിയ തോതിലുള്ള വര്‍ഗീയ ധ്രുവീകരണമാണ്. തൃശൂര്‍ ഇങ്ങെടുക്കാനും കണ്ണൂര്‍ സ്വന്തമാക്കാനും ഹിന്ദു-മുസ്‌ലിം അകല്‍ച്ച ഉണ്ടാക്കലല്ലാതെ രക്ഷയില്ലെന്ന് ‘അവര്‍’മനസിലാക്കിക്കഴിഞ്ഞു.

ആദ്യശ്രമം കോഴിക്കോട്ടെ എലത്തൂരില്‍ പരാജയപ്പെട്ടപ്പോള്‍ നടത്തിയ രണ്ടാം ശ്രമമാണോ കണ്ണൂരിലേത്? ഇടതുപക്ഷത്തെ തകര്‍ക്കാന്‍ എന്തും ചെയ്യും സംഘപരിവാരങ്ങള്‍. കേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കം കരുതിയിരിക്കുക.

വര്‍ഷങ്ങള്‍ക്ക് മുമ്പ് താനൂരില്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച ശോഭയാത്രക്കു നേരെ പ്രയോഗിക്കാനിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊലീസ് പിടികൂടിയിരുന്നു. അന്നത്തെ മലപ്പുറം എസ്.പി പറഞ്ഞ വാക്കുകള്‍ പ്രസക്തമാണ്. ‘മലപ്പുറത്തെ ദൈവം രക്ഷിച്ചു’.

ഷഹീന്‍ബാഗില്‍ കെട്ടിത്തിരിയാതെ മാധ്യമങ്ങള്‍ ഗോധ്ര തീവണ്ടി ദുരന്തത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടുകളും ഈ സമയത്ത് പുറത്ത് വിടുകയല്ലേ ചെയ്യേണ്ടത്?

രാജസ്ഥാനിലെ ജയ്പൂരി ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന സ്ഫോടനത്തില്‍ 71 പേരാണ് കൊല്ലപ്പെട്ടത്.

നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് കീഴ്‌ക്കോടതി നല്‍കിയ വധശിക്ഷ രാജസ്ഥാന്‍ ഹൈക്കോടതി റദ്ദാക്കി. പ്രതികളെന്ന് പൊലീസ് പറഞ്ഞവരെ വെറുതെവിട്ടു.

ഹൈക്കോടതി വിധിന്യായത്തില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടാന്‍ കളമൊരുക്കിയ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. ബന്ധപ്പെട്ട പോലീസ് മേധാവികള്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് രാജസ്ഥാന്‍ ചീഫ് സെക്രട്ടറിക്ക് ശക്തമായ നിര്‍ദ്ദേശവും നല്‍കി.

കണ്ണൂര്‍ ട്രെയ്ന്‍ കത്തിക്കലിന്റെ പശ്ചാത്തലത്തില്‍ ഇതൊക്കെ ‘മാധ്യമ ഠാക്കൂര്‍ സേന’യുടെ മനസില്‍ ഉണ്ടാകുന്നത് നന്നാകും. സംശയം ജനിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കി കേരളത്തെ ഗുജറാത്തോ യു.പിയോ ആക്കരുത്.

ജലീലിനെ നാടുകടത്താനുള്ള സമയം അതിക്രമിച്ചു- പ്രതികരണവുമായി കെ സുരേന്ദ്രൻ

കണ്ണൂരിലെ ട്രെയിൻ തീവയ്പ് 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതെന്ന മുൻ മന്ത്രിയും എംഎൽഎയുമായ കെ ടി ജലീലിന്റെ പരാമർശത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. രാജ്യദ്രോഹ പരാമർശമാണ് ജലീൽ നടത്തിയതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഇപ്പോഴും പഴയ സിമി പ്രേതം ജലീലിനെ വിട്ടുമാറിയിട്ടില്ല. ജലീലിനെ നാടുകടത്തേണ്ട സമയം അതിക്രമിച്ചുവെന്നും സുരേന്ദ്രൻ പറ‌ഞ്ഞു. ട്രെയിൻ ആക്രമണത്തിന് പിന്നിൽ തീവ്രവാദ ശക്തികളുടെ കരങ്ങളുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.  

കോൺഗ്രസ് ബ്ലോക് കമ്മിറ്റി പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ചു, ആദ്യ പട്ടികയിൽ 230 പേർ

സംസ്ഥാനത്തെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു.11 ജില്ലകളിലെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെ ആണ് പ്രഖ്യാപിച്ചത്.കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, തൃശൂര്‍, വയനാട്, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലെ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുടെ ലിസ്റ്റാണ് കെപിസിസി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കോട്ടയം, മലപ്പുറം എന്നീ ജില്ലകളിലെ ഭാരവാഹികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.

230 പേരാണ് ഇപ്പോൾ ലിസ്ററിലുള്ളത്. 285 ബ്ലോക് പ്രസിഡൻ്റുമാരാണ് ബ്ലോക് തലത്തിലുള്ളത്.

മക്കൾക്ക് ഭാരമാവാനില്ല, കോഴിക്കോട് ഡോക്ടർ ദമ്പതിമാർ ജീവനൊടുക്കി

കോഴിക്കോട് മലാപറമ്പിൽ ദമ്പതികൾ ആത്മഹത്യാ കുറിപ്പെഴുതിവെച്ച് ജീവനൊടുക്കി. ഡോക്ടർ രാം മനോഹറിനെയും ഭാര്യയെയുമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മകൾക്കും മരുമകനും ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. ഇരുവരും നിത്യ രോഗികളായിരുന്നു. ഫീനോ ബാർബിറ്റോൺ എന്ന ഗുളിക അധികം കഴിച്ചതാണ് മരണ കാരണം. തൃശൂരിലാണ് മുഖ്യമായും പ്രാക്ടീസ് ചെയ്തിരുന്നത്. മലാപ്പറമ്പ് ഹൗസിങ് കോളനിയില്‍ താമസം.

ചേവായൂർ പൊലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തുകയാണ്. വീടിനുള്ളിൽ നിന്നുതന്നെയാണ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ ദുരൂഹതയില്ലെന്ന് മെഡിക്കൽ കോളേജ് എ സി പി സുദർശൻ വ്യക്തമാക്കി.

ഒഡിഷയിലേത് റെയിൽവേ ദുരന്തങ്ങളിൽ ഏറ്റവും വലിയ കൂട്ടിയിടി, 238 മരണം, അവയവങ്ങൾ നഷ്ടമായും ഉപജീവന വഴിയടഞ്ഞും നിരവധി പേർ

 ഒഡിഷയിലെ ബാലസോറിൽ പാളം തെറ്റി മറിഞ്ഞ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 238 പേരുടെ മരണം സ്ഥിരീകരിച്ചു. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. അപകടം നടന്ന് പതിനഞ്ച് മണിക്കൂറിന് ശേഷവും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മനുഷ്യ ശരീരവും അവയവങ്ങളും ചിതറിക്കിടക്കുന്ന സാഹചര്യമാണ് അപകട സ്ഥലത്ത് ഉണ്ടായത്.

പാളം തെറ്റിയ വണ്ടിക്ക് മുകളിൽ രണ്ടു വണ്ടികൾ ഇടിച്ചു കയറി

വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം. യശ്വന്ത്പുരിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്(12864), ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസ്(12841), ചരക്കുതീവണ്ടി എന്നിവയാണ് അപകടത്തിൽപ്പെട്ടത്. യശ്വന്ത്പുരിൽനിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന തീവണ്ടിയാണ് ആദ്യം പാളംതെറ്റി മറിഞ്ഞത്. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമണ്ഡൽ എക്സ്പ്രസ് ഈ കോച്ചുകളിലേക്ക് വന്ന് ഇടിച്ചതോടെയാണ് അപകടം ​ഗുരുതരമാകുന്നത്. ഇതിലേക്ക് ഒരു ചരക്കുതീവണ്ടിയും വന്നിടിച്ചു.

ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. അപകടത്തെത്തുടർന്ന് 43 ട്രെയിനുകൾ റദ്ദ് ചെയ്തതായി റെയിൽവേ അറിയച്ചു. നിരവധി ട്രെയിനുകൾ ഭാ​ഗികമായി റദ്ദ് ചെയ്തതായും ചില വണ്ടികൾ വഴിതിരിച്ച് വിട്ടതായും അധികൃതർ കൂട്ടിച്ചേർത്തു. നിരവധി ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ നിർത്തിയിട്ടിരിക്കുകയാണ്. ആയിരക്കണക്കിന് യാത്രക്കാരാണ് ഈ നിരവധി സ്റ്റേഷനുകളിലായി കുടുങ്ങിക്കിടക്കുന്നത്. ചില ഇടങ്ങളിലേക്ക് സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്താനും റെയിൽവേ ശ്രമം നടത്തുന്നുണ്ട്.

അപകടത്തിൽപ്പെട്ട യാത്രക്കാരുടെ കുടംബാം​ഗങ്ങൾക്ക് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതവും ​ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. നിസാര പരിക്കേറ്റ യാത്രക്കാർക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. അപകടത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും എല്ലാവിധ സഹായങ്ങളും വാഗ്‍ദാനം ചെയ്തു.

ഒഡീഷയിൽ അപകടത്തിൽപ്പെട്ട കോറമണ്ഡൽ എക്സ്പ്രസിൽ ചെന്നൈയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തത് 867 പേരാണ്. ജനറൽ കമ്പാർട്ട്മെന്റുകളിൽ എത്ര പേരുണ്ടായിരുന്നുവെന്നതിനെ കുറിച്ച് വിവരം ലഭ്യമല്ല. മുഖ്യമന്ത്രി സ്റ്റാലിൻ, ഉദയനിധി സ്റ്റാലിൻ, മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും സംഘം എന്നിവർ ഒഡിഷയിലേക്ക് തിരിച്ചു. തമിഴ്നാട്ടിൽ ഇന്ന് ദുഃഖാചരണമാണ്. എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. മരിച്ച തമിഴ്നാട്ടിൽ നിന്നുള്ളവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ  5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്നും സ്റ്റാലിൻ അറിയിച്ചു.  

റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ), 8972073925 (ഖരഗ്പുർ), 8249591559 (ബാലസോർ), 044-25330952 (ചെന്നൈ).

കോറമാണ്ടൽ എക്സ്പ്രസ്

1977-ലാണ് കോറമണ്ഡൽ എക്സ്പ്രസ് ഇന്ത്യൻ റെയിൽവേസ് അവതരിപ്പിക്കുന്നത്. ചെന്നൈ മെയിലിനെക്കാൾ നേരത്തേ എത്തുമെന്നതാണ് കോറമണ്ഡലിനെ യാത്രക്കാര്‍ക്ക്‌ പ്രിയപ്പെട്ടതാക്കുന്നത്. ദെെനംദിന സർവീസ് നടത്തുന്ന 12841/12842 എക്സ്പ്രസുകളിൽ(അങ്ങോട്ടും ഇങ്ങോട്ടും) ടിക്കറ്റ് ലഭിക്കാൻ ഏറെ പ്രയാസമാണ്. പശ്ചിമബംഗാളിലെ ഹൗറയിലെ ഷാലിമാർ സ്റ്റേഷനിൽനിന്ന് ചെന്നൈയിലെ എം.ജി.ആർ. സെൻട്രൽ സ്റ്റേഷൻവരെയാണ് റൂട്ട്. വൈകീട്ട് 3.20-ന് ഷാലിമാർ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം വെെകീട്ട് 4.50 ന് ചെന്നെെയിലെത്തുന്ന രീതിയിലാണ് 12841 ഷാലിമാർ-ചെന്നെെ ട്രെയിനിന്റെ ഷെഡ്യൂൾ. അതേസമയം ചെന്നൈയില്‍ നിന്ന് രാവിലെ ഏഴ്‌ മണിക്ക് തിരിച്ച് അടുത്ത ദിവസം രാവിലെ 10.40-ന് ഷാലിമാറില്‍ എത്തുന്ന രീതിയിലാണ് ചെന്നൈ-ഷാലിമാര്‍ 12842 ട്രെയിനിന്റെ ഷെഡ്യൂള്‍. മണിക്കൂറിൽ 130 കിലോമീറ്ററാണ് പരമാവധി വേ​ഗം.

തൊഴിലാളി പ്രവാഹം വഹിക്കുന്ന വണ്ടി

ബം​ഗാളിൽ നിന്ന് തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും തൊഴിലാളികൾ കൂട്ടമായി എത്തുന്ന വണ്ടികളിൽ ഒന്നാണിത്. നിയമപരമായി ഉൾക്കൊള്ളാവുന്നതിലും അധികം യാത്രക്കാരുമായാണ് സ്ഥിരം സർവ്വീസ് നടത്തുന്നത്. കോറമാണ്ടൽ പ്രദേശത്തു കൂടെ ഇന്ത്യയുടെ കിഴക്കൻ തീര മേഖലകളെ ബന്ധിപ്പിക്കുന്ന സർവ്വീസാണ്.

അപകടങ്ങൾ

2002 മാർച്ച് 15-നാണ് ഹൗറ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ആദ്യമായി അപകടത്തില്‍പ്പെടുന്നത്‌. അന്ന് നെല്ലൂരിൽ വച്ച് തീവണ്ടിയുടെ ഏഴോളം ബോ​ഗികൾ പാളം തെറ്റിയുണ്ടായ അപകടത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റിരുന്നു. റെയിൽപാളത്തിൻ്റെ ശോചനീയാവസ്ഥ അന്ന് കാരണമായി ചൂണ്ടി കാണിക്കപ്പെട്ടിരുന്നതാണ്.

2009-ലും കോറമണ്ഡൽ എക്സ്പ്രസ് അപകടത്തിൽപ്പെട്ടു. 2009 ഫെബ്രുവരി 13-നുണ്ടായ അപകടത്തിൽ 15 പേർക്ക് ജീവഹാനിയുണ്ടായി. ട്രെയിൻ ജാജ്പൂർ റോഡ് റെയിൽവേ സ്റ്റേഷൻ കടന്ന് അതിവേഗത്തിൽ ട്രാക്ക് മാറുന്നതിനിടെയായിരുന്നു അപകടം.

ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടം രാജ്യത്തെ തന്നെ ഇന്നോളം ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ അപകടങ്ങളില്‍ ഒന്നാണ്. അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 288 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്‌. മരണ സംഖ്യ ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല.

കൂട്ടിയിടി ചരിത്രത്തിൽ

 42 വർഷം മുൻപും ഇന്ത്യയിൽ ട്രെയിൻ ദുരന്തമുണ്ടായത്. 1981 ഫെബ്രുവരി 12ന് മദ്രാസിലേക്കുള്ള (ഇന്നത്തെ ചെന്നൈ) ട്രിവാൻഡ്രം മെയിലും ഈറോഡിലേക്ക് പോകുകയായിരുന്നു ഏർക്കാട് എക്സ്പ്രസ്സും ഗുഡ്‌സ് ട്രെയിനിൽ നിന്ന് വേർപെട്ട വാഗണുകളുമായി വാണിയംപാടിയിൽ കൂട്ടിയിടിക്കുകയായിരുന്നു. മദ്രാസിൽ നിന്ന് 200 കിലോമീറ്റർ അകലെ അന്നത്തെ അപകടത്തിൽ 14 പേർ മരണപ്പെടുകയും 50 പേർക്ക് പരുക്കേൽക്കുകയും ചെയ്തതു അന്ന് ദക്ഷിണ റെയിൽവേ ഔദ്യോഗികമായി അറിയിച്ചിരുന്നു.

അന്ന്, നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിന്റെ ബോഗികൾ ബന്ധിപ്പിക്കുന്ന കപ്ലിംഗ്‌സ് തകർന്ന് ഒഴിഞ്ഞ ഓയിൽ വാഗണുകൾ ഇളകി മറ്റൊരു പാളത്തിലേക്ക് വീണു. ആ പാളത്തിലൂടെ പോകുകയായിരുന്ന ട്രിവാൻഡ്രം മെയിൽ പിൻ വാഗണുകളിൽ ഇടിച്ചു. ഇടിയെ തുടർന്ന്, ട്രിവാൻഡ്രം മെയിലിന്റെ ബോഗികൾ പാളം തെറ്റി രണ്ടാം ലൈനിൽ വീണു. ആ പാളത്തിലൂടെ മദ്രാസിൽ നിന്നും വരികയായിരുന്ന ഏർക്കാട് എക്സ്പ്രസ് ഇടിച്ചു. ഏർക്കാട് എക്സ്പ്രസിന്റെ പതിനേഴ് ബോഗികളിൽ അഞ്ചെണ്ണം അപകടത്തിൽ തകർന്നു.

ഏറ്റവും വലിയ ദുരന്തം നദിയിലേക്ക് മറിഞ്ഞ്

അതെ വർഷമാണ് സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിൻ അപകടം സംഭവിക്കുന്നത്. 1981 ജൂൺ ആറിന് ബീഹാറിൽ പാലം കടക്കുന്നതിനിടെ ബാഗ്മതി നദിയിൽ ട്രെയിൻ മറിഞ്ഞതിനെ തുടർന്ന് രേഖപ്പെടുത്തിയത് 750-ൽ അധികം മരണമാണ്.

ഒഡിഷയിൽ പാളം തെറ്റി മറിഞ്ഞ ട്രെയിനിന് മുകളിൽ എതിരെ വന്ന വണ്ടി ഇടിച്ചു; 400 ഓളം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരുന്നു

0

ഒഡിഷയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 70 ൽ അധികം പേർ മരണപ്പെട്ടു. ​രക്ഷാപ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്. 400 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവിൽ ലഭിച്ച വിവരം. ഒഡീഷയിലെ ബാലസോറിലാണ് ദുരന്തം.  

ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്നു കോറോമാണ്ടല്‍ എക്സ്പ്രസും (12841).ബെംഗളൂരു-ഹൗറഎക്സ്പ്രസും (12864 )മാണ് അപകടത്തില്‍പ്പെട്ട യാത്രാ തീവണ്ടികള്‍. ഇതുകൂടാതെ ഒരു ചരക്ക് തീവണ്ടിയും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. രണ്ടു ട്രെയിനുകളിലുമായി മൂവായിരത്തിൽ അധികം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം.

പാളംതെറ്റിയും കൂട്ടിയിടിച്ചും മറിഞ്ഞ കോച്ചുകള്‍ക്കുള്ളില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു.

പാളം തെറ്റിയ ബോ​ഗികൾ മറ്റൊരു ട്രാക്കിലെക്ക് വീണു. ഇതിലേക്ക് യശ്വന്ത്പൂർ ഹൗറ ട്രെയിൻ ഇടിച്ചു കയറി. ഈ ട്രെയിനിന്റെ നാല് ബോ​ഗികളും പാളം തെറ്റി. ബോ​ഗികളിൽ നിന്ന് യാത്രക്കാരെ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. 15 ബോ​ഗികളാണ് പാളം തെറ്റിയത്. 

പാളം തെറ്റിയ വണ്ടിക്ക് മുകളിൽ ഇടിച്ചു കയറി

‘രാത്രി 7 മണിയോടെ, ഷാലിമാര്‍-ചെന്നൈ കോറോമാണ്ടല്‍ എക്സ്പ്രസിന്റെ 10-12 കോച്ചുകള്‍ ബാലേശ്വരിനടുത്ത് പാളം തെറ്റി എതിര്‍ ട്രാക്കില്‍ വീണു. കുറച്ച് സമയത്തിന് ശേഷം, യശ്വന്ത്പൂരില്‍ നിന്ന് ഹൗറയിലേക്കുള്ള മറ്റൊരു ട്രെയിന്‍ പാളം തെറ്റിയ ആ കോച്ചുകളിലേക്ക് ഇടിച്ചു, അതിന്റെ ഫലമായി അതിന്റെ 3-4 കോച്ചുകള്‍ പാളം തെറ്റി’ റെയില്‍വേ വാക്താവ് അമിതാഭ് ശര്‍മ പറഞ്ഞു. ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചാണ് കോറോമാണ്ടല്‍ എക്‌സ്പ്രസ് പാളം തെറ്റിയതെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ റെയില്‍വേ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലുള്ള നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

രക്ഷാപ്രവർത്തനങ്ങൾക്കായി ഹെൽപ് ലൈൻ നമ്പറുകൾ ആരംഭിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. കൂടുതൽ എൻഡിആർഎഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. വിശാഖപട്ടണം, ശ്രീകാകുളം റെയിൽവേ സ്റ്റേഷനുകളിൽ ഹെൽപ് ലൈൻ തുറന്നു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സംഘത്തെ നിയോഗിച്ചു.

ഹെൽപ്പ് ലൈൻ നമ്പറുകൾ

തമിഴ്നാട്
Toll Free No. 1070 
Mobile No. 94458 69843
WhatsApp No. 94458 69848
Landline 044-2859 3990

Bangalore 080-22356409
Bangarpet: 08153 255253
Kuppam : 8431403419
SMVB : 09606005129
KJM :+91 88612 03980

Howrah: 033-26382217
Kharagpur: 8972073925 & 9332392339
Balasore: 8249591559 & 7978418322
Shalimar: 9903370746
Santragachi: 8109289460 & 8340649469
Bhadrak: 7894099579 & 9337116373
Jajpur Keonjhar Road: 9676974398
Cuttack: 8455889917
Bhubaneswar: 06742534027
Khurda Road: 6370108046 & 06742492245

ശ്രീകാകുളം നമ്പറുകൾ
Railway no
85911
85912
85913
85914
BSNL no
08942-286213
08942-286245

വിശാഖ പട്ടണം ഹെൽപ് ലൈൻ നമ്പറുകൾ
Railway
83003
83004
80005
83006
Landline
08912746330
08912744619
Airtel Sim
8106053051
8106053052
BSNL Sim
8500041670
8500041671

ചെന്നൈയിലെ ഹെൽപ്പ് ലൈൻ നമ്പറുകൾ
04425330952,  04425330953 

ഹെൽപ്പ് ലൈൻ നമ്പറുകൾ
Shalimar- 9903370746
Kharagpur-
8972073925
9332392339
Baleswar-
8249591559
7978418322

എക്സിക്യൂട്ടീവ് എക്സ്പ്രസിൽ തീയിട്ടത് കസ്റ്റഡിയിലുള്ള പ്രതി തന്നെ, സ്ഥിരീകരിച്ച് പൊലീസ്

 കണ്ണൂരിൽ ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടിവ് ട്രെയിനിൽ തീ വെച്ചത് പൊലീസ് കസ്റ്റഡിയിലുള്ള പ്രതി തന്നെയെന്ന് പൊലീസ്. നാൽപ്പത് വയസ് പ്രായമുള്ള പ്രസൂൺ ജിത് സിക്ദർ എന്ന ബംഗാൾ സ്വദേശിയാണ് കൃത്യം നടത്തിയതെന്ന് ഉത്തര മേഖല ഐ ജി നീരജ് കുമാർ ഗുപ്ത വിശദീകരിച്ചു. 

കൊൽക്കത്തിൽ വെയിറ്ററായി ജോലി ചെയ്തിരുന്ന ഇയാൾ കുറച്ച് നാൾ മുമ്പാണ് കേരളത്തിലേക്ക് എത്തിയത്. മൂന്ന് ദിവസം മുമ്പ് തലശ്ശേരിയിൽ നിന്നും കാൽനടയായി കണ്ണൂരിലേക്ക് എത്തുകയായിരുന്നു. ഭിക്ഷയെടുത്തായിരുന്നു ഉപജീവനം. ഇതിന് അനുവദിക്കാത്തതിലെ പ്രകോപനത്തെ തുട‍ര്‍ന്നാണ് തീവെച്ചതെന്നാണ് പ്രതി മൊഴി നൽകിയത്.

ഭിക്ഷയെടുക്കാൻ അനുവദിക്കാത്തതിനാൽ ഇയാളുടെ കയ്യിൽ പണമുണ്ടായിരുന്നില്ല. ഇതിൽ പ്രതി മാനസിക സമ്മ‍ര്‍ദ്ദം അനുഭവിച്ചിരുന്നു. ഇതാണ് കൃത്യത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.

സ്ഥിരമായി ബീഡി വലിക്കുന്ന പ്രതി തീപ്പെട്ടി ഉപയോഗിച്ചാണ് തീകൊളുത്തിയത്. ഒരാൾ മാത്രമാണോ കൃത്യത്തിന് പിന്നിലെന്നതടക്കം പരിശോധിച്ച് വരികയാണെന്നും ഉത്തര മേഖല ഐ ജി നീരജ് കുമാർ ഗുപ്ത വിശദീകരിച്ചു. പ്രതി നൽകിയ വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനും കൂടുതൽ അന്വേഷണത്തിനുമായി കേരളാ പൊലീസിന്റെ ഒരു സംഘം കൊൽക്കത്തയിലുണ്ടെന്നും പൊലീസ് അറിയിച്ചു.