അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ നിന്ന് സർക്കാർ അംഗീകൃത വിദ്യാലയങ്ങളിലെക്ക് കുട്ടികളെ മാറ്റി ചേർത്താൻ ഇനിമുതല്‍ ടി.സി നിര്‍ബന്ധമല്ലെന്ന് വിദ്യാഭ്യാസവകുപ്പ് ഉത്തരവ്.
ടി.സി ലഭ്യമല്ലെങ്കിലും തടസ്സമില്ല. ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകളില്‍ പഠിച്ചിരുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അംഗീകാരമുള്ള സ്‌കൂളിലേക്ക് മാറ്റി പ്രവേശനം നൽകാം.
വയസ്സ് അടിസ്ഥാനത്തിലും ചെറിയ പ്രവേശനപരീക്ഷാ അടിസ്ഥാനത്തിലുമായിരിക്കും ഇങ്ങനെ എത്തുന്നവർക്ക് പ്രവേശനം നല്‍കുക. ഈ അധ്യയന വര്‍ഷം മുതല്‍ തന്നെ ഉത്തരവ് നടപ്പാക്കാനാണ് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയിരുന്നത്.
സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്കെതിരേ പതിവ് പോലെ കര്‍ശന നടപടി മുന്നറിയിപ്പും നൽകി
പങ്കാളിയെ കൈമാറിയ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന കേസിൽ വിഷം കഴിച്ച ഭർത്താവും മരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. മാരകവിഷം കഴിച്ച് ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്ന് പുലർച്ചെ മരണം.
യുവതിയുടെ കൊലപാതകത്തിന് പിന്നാലെ വിഷം കഴിച്ച നിലയിലാണ് ഷിനോ മാത്യുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മണര്‍കാട് മാലത്തെ വീട്ടില്‍ വച്ച് ഈ മാസം 19നായിരുന്നു യുവതി ദാരുണമായി കൊല്ലപ്പെട്ടത്. അന്ന് വൈകിട്ടാണ് ഷിനോയെ വിഷം കഴിച്ച നിലയിൽ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.
നേരത്തെ യുവതി നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് അടക്കം 9 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. 2014 ആയിരുന്നു പരാതിക്കാരിയുടെ വിവാഹം. വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം 2018 മുതലാണ് ഇത്തരം ബന്ധങ്ങള്‍ക്ക് നിര്‍ബന്ധിച്ച് തുടങ്ങിയതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ വന്നതോടെയാണ് യുവതി ദുരിതം തുറന്നു പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു യുവതി വെട്ടേറ്റ് കൊല്ലപ്പെടുന്നത്.
പ്രായപരിധി കഴിഞ്ഞവരും വിവാഹം കഴിഞ്ഞവരും സംസ്ഥാന ഭാരവാഹികളായി തുടരുന്ന വിഷയത്തിൽ കെ എസ് യു നേതാക്കൾ ഏറ്റുമുട്ടി. കെ.എസ്.യു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഇത് വാക്കേറ്റത്തിലും കയ്യാങ്കളിയിലുമെത്തി.
പ്രായം കഴിഞ്ഞവരും വിവാഹം കഴിച്ചവരുമായി 10 പേര്‍ സംസ്ഥാന സമിതിയിലുണ്ട്. ഇവരെ പുറത്താക്കണമെന്നാണ് ഗ്രൂപ്പുകളുടെ ആവശ്യം. എ, ഐ ഗ്രൂപ്പുകളിലെ അഞ്ചോളം നേതാക്കള്‍ നേരത്തെ പ്രായപരിധിയും വിവാഹവുമായി ബന്ധപ്പെട്ട നിബന്ധന പാലിച്ച് മാറിയിരുന്നു. എന്നിട്ടും തുടരുന്നവരെ മുൻ നിർത്തിയാണ് ചർച്ച കൊഴുത്തത്. എ, ഐ ഗ്രൂപ്പുകള്‍ സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ അനുകൂലികളുമായി ഏറ്റുമുട്ടുകയായിരുന്നു.
മലപ്പുറത്തുനിന്നുള്ള കണ്ണന്‍ നമ്പ്യാര്‍ ഉള്‍പ്പെടെ വിവാഹം കഴിഞ്ഞ നേതാക്കള്‍ സംസ്ഥാന ഭാരവാഹി പട്ടികയില്‍ നിന്ന് സ്വയം രാജിവെക്കണമെന്ന് എ, ഐ. ഗ്രൂപ്പുകള്‍ ഒരുമിച്ച് ആവശ്യപ്പെട്ടു. തർക്കത്തിൽ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റിന് പിന്തുണയുമായി കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍ പക്ഷം കൂടെ എത്തിയതോടെയാണ് യോഗം കയ്യാങ്കളിയില്‍ കലാശിച്ചത്.
കഴിഞ്ഞ യോഗത്തിലെ തുടര്‍ച്ചയായാണ് ഞായറാഴ്ചത്തെ യോഗവും തമ്മില്‍ തല്ലിലും കയ്യാങ്കളിയിലും കലാശിച്ചത്. ഇതു കാരണം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാതെ യോഗം പിരിഞ്ഞു. 27 വയസ് പ്രായപരിധി പിന്നിട്ടവരുടെയും വിവാഹം കഴിഞ്ഞവരുടെയും രാജി എന്‍.എസ്.യു നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. 27 വയസ് കഴിഞ്ഞ കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന് മാത്രം ഇളവ് നല്‍കിയാണ് മറ്റുള്ളവരുടെ രാജി ആവശ്യപ്പെട്ടത്.
എന്നാൽ സംഘടനാപരമായ കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമാണ് യോഗത്തിലുണ്ടായതെന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
മലബാർ ജില്ലകളിലെ സീറ്റ് പ്രതിസന്ധി പരിഹരിക്കാനാവശ്യപ്പെട്ടുളള വിവിധ സമരങ്ങളും പ്രക്ഷോഭങ്ങളും ഒന്നാം പിണറായി സർകാരിൻ്റെ കാലം മുതൽ തുടരുന്നതാണ്. തത്കാലം ഓരോ ക്ലാസിലും കുട്ടികളെ അധികമായി കുത്തി നിറച്ച് വിമർശനങ്ങളിൽ നിന്നും രക്ഷപെടുക എന്ന തന്ത്രമാണ് സർക്കാർ തുടരുന്നത്. പഠനവും പഠിക്കാനുള്ള അന്തരീക്ഷവും നഷ്ടമായി തലമുറകൾ തന്നെ പാതി വഴിയിൽ ഭാവിയും സ്വപ്നങ്ങളും തുലയുന്ന സാഹചര്യമാണ്. 2021 ലെ ഇലക്ഷൻ മാനിഫെസ്റ്റോയിൽ മലബാറിലെ വിദ്യാഭ്യാസ പ്രശ്നം പഠിച്ചശേഷം പരിഹരിക്കുമെന്നത് എൽ ഡി എഫ് വാഗ്ദാനമായിരുന്നു.
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കമ്മീഷൻ റിപ്പോർട്ടിൽ ഒതുക്കി
ഇതു പ്രകാരം അധികാരത്തിൽ വന്നപ്പോൾ വിഷയം പഠിക്കുവാൻ വേണ്ടി പ്രൊഫ. കാർത്തികേയൻ നായർ അധ്യക്ഷനായ അഞ്ചംഗ കമ്മറ്റിയെ നിയമിക്കയും ചെയ്തു. സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ 30 ശതമാനം വരെയുള്ള മാർജിൻ സീറ്റ് വർദ്ധനവ് അശാസ്ത്രീയമാണെന്നും അതിനി ആവർത്തിക്കരുത് എന്നും കമ്മിറ്റി റിപ്പോർട്ടിൽ ഊന്നി പറഞ്ഞിരുന്നു. മലബാർ ജില്ലകളിൽ ആവശ്യമായ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കലും ഹയർസെക്കൻഡറി ഇല്ലാത്ത ഹൈസ്കൂളുകളെ ഹയർ സെക്കൻഡറി അപ്ഗ്രേഡ് ചെയ്യലും മാത്രമാണ് പ്രശ്നപരിഹാരമെന്ന് വ്യക്തമാക്കുകയും ചെയ്തു. തെക്കൻ ജില്ലകളിൽ കുട്ടികളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന നൂറിനടുത്ത ബാച്ചുകൾ മലബാർ ജില്ലകളിലേക്ക് പുനക്രമീകരിച്ച് നൽകാമെന്ന നിർദ്ദേശവും കമ്മറ്റി മുന്നോട്ട് വെച്ചിരുന്നു. പക്ഷെ ഇവയെല്ലാം രാഷ്ട്രീയമായ ചില ബാലൻസുകളിൽ തട്ടി പഴയപടിയായി.
ചെറുതല്ല മലബാറിലെ വിദ്യാർഥികൾ നേരിടുന്ന പ്രതിസന്ധി
പാലക്കാട് മുതൽ കാസർകോട് വരെയുള്ള 6 ജില്ലകളിലായി ഈ വർഷം SSLC വിജയിച്ചത് 225702 വിദ്യാർഥികളാണ്. സർക്കാർ – എയ്ഡഡ് മേഖലകളിലായി ഈ ജില്ലകളിലുള്ള പ്ലസ് വൺ സീറ്റുകൾ 144500. അപ്പോൾ 81202 പേർക്ക് നിലവിൽ ഇവിടെ +1 സീറ്റില്ല. ആറ് ജില്ലകളിലായി VHSE സീറ്റുകളുള്ളത് 9625. ഐ.ടി.ഐ സീറ്റുകൾ 11350. പോളിടെക്നിക് 4175 . ഇതൊക്കെ ചേർത്താലും 169650 ഉപരിപഠന സാധ്യതകളെ മലബാറിൽ ഉള്ളൂ. അപ്പോഴും 56052 കുട്ടികൾക്ക് ഉപരിപഠന സാധ്യത പൊതുമേഖലയിൽ ലഭ്യമല്ല.
ശാശ്വത പരിഹാരമില്ല, തത്ക്കാലം ക്ലാസിലിരിക്കാം
സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലെ 2023-24 വര്‍ഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് 2022-23 ൽ അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരാനും മാർജിനൽ സീറ്റ് വർദ്ധനവിനും മന്ത്രിസഭായോഗം അനുമതി നല്‍കി.
2022-23 അധ്യയനവർഷം നിലനിർത്തിയ 18 സയൻസ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും എട്ട് കോമേഴ്സ് ബാച്ചുകളും തുടരും. താൽക്കാലികമായി അനുവദിച്ച രണ്ട് സയൻസ് ബാച്ചുകളും താല്കാലികമായി ഷിഫ്റ്റ് ചെയ്ത ഓരോ ഹ്യുമാനിറ്റീസ്, കോമേഴ്സ് ബാച്ചുകളും കണ്ണൂർ കെ.കെ.എൻ പരിയാരം സ്മാരക സ്കൂളിൽ താൽക്കാലികമായി അനുവദിച്ച ഒരു കോമേഴ്സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉള്‍പ്പെടെയുള്ള 81 താല്‍ക്കാലിക ബാച്ചുകളാണ് തുടരുക.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളില്‍ 20 ശതമാനവും മാർജിനൽ സീറ്റ് വർദ്ധനവ് വരുത്തും.
ആവശ്യപ്പെടുന്ന എയ്ഡഡ് ഹയര്‍സെക്കൻഡറി സ്കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും. കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കൻഡറി സ്കൂളുകളിലും 20ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് ഉണ്ടാകും.
വിഭാഗീയത മുതലാക്കി മന്ത്രി
കേരളത്തെ തെക്കും വടക്കും എന്നൊക്കെ പറഞ്ഞ് വിലയിരുത്തുന്നത് തീർത്തും അനാരോഗ്യകരമായ പ്രവണതയാണ്. കേരള സംസ്ഥാനം രൂപവത്കരിച്ചതിന് ശേഷം അധികാരത്തിൽ വന്ന ഒരു സർക്കാരും ഇത്തരത്തിൽ ഒരു നിലപാട് കൈക്കൊണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
വ്യാജവാർത്ത ചമക്കുന്നതിന് പിന്നിലും നിക്ഷിപ്ത താല്പര്യം ഉണ്ട്. ഒരു വാർത്ത നൽകിയതിന് ശേഷം ഞങ്ങൾ അതല്ല ഉദ്ദേശിച്ചത് എന്ന് പറയുന്നത് മാധ്യമ ധർമമല്ല. അതിന് ശേഷം വീണ്ടും ഞങ്ങൾ അതുതന്നെയാണ് ഉദ്ദേശിച്ചത് എന്ന് പറയുന്നതും മാധ്യമ നീതിക്ക് നിരക്കുന്നതല്ലെന്ന് വയനാട്ടിലെ കോഴ്സുകളെ സംബന്ധിച്ച പരാമർശം ഒരു വാർത്താ ചാനൽ വാർത്തയാക്കിയതും എഡിറ്റർ മാപ്പുപറഞ്ഞതും സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് വിദ്യാർഥികളും രക്ഷാകർത്താക്കളും ഒട്ടും ആശങ്കപ്പെടേണ്ടതില്ല. പ്രവേശന നടപടികൾ പൂർത്തിയാകുമ്പോൾ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നു എന്ന് മുൻ വർഷത്തേത് പോലെ വ്യക്തമാകും. ഉപരിപഠനത്തിന് അർഹതയുള്ള എല്ലാ വിദ്യാർഥികൾക്കും കേരളത്തിൽ പഠനാവസരം ഉണ്ടാകുമെന്നും മന്ത്രി അവകാശപ്പെട്ടു.
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ പ്രതിഷേധം നടത്തുന്ന ജന്തര്‍ മന്ദറിലെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കി. ഗുസ്തി താരങ്ങളെ റോഡിലൂടെ വലിച്ചിഴച്ചു. പൊലീസ് സാക്ഷി മാലികിനെയും വിനേഷ് ഫോഗട്ടിനെയും ബജ്‌രംഗ് പുനിയയെയും കസ്റ്റഡിയിലെടുത്തു. ജന്തര്‍ മന്ദറില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊലീസ് പെരുമാറിയത് ഭീകരവാദികളോട് പോലെയെന്ന് ഗുസ്തി താരം സംഗീത ഫോഗട്ട് പറഞ്ഞു. നീതിക്കായുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും പ്രതികരിച്ചു.
പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ അവകാശങ്ങള്‍ക്കായി പോരാടിയ സ്ത്രീകളെ അടിച്ചമര്‍ത്തുന്നത് എങ്ങനെയെന്ന് രാജ്യം ഓര്‍ക്കും – വിനേഷ് ഫോഗട്ട്
ജന്തര്‍ മന്ദറില്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് നടത്തുന്ന മഹിളാ പഞ്ചായത്തിന് മുന്‍പിലാണ് പ്രതിഷേധക്കാരെ പൊലീസ് കയ്യേറിയത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ നടത്താനിരുന്ന മഹിളാ സമ്മാന്‍ മഹാപഞ്ചായത്തിന് മുന്നോടിയായി പ്രതിഷേധിച്ച ഗുസ്തിക്കാരെ തടഞ്ഞുവച്ചു. ജനാധിപത്യം പരസ്യമായി കൊല്ലപ്പെടുകയാണെന്ന് വിനേഷ് ഫോഗട്ട് അപലപിച്ചു. പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ അവകാശങ്ങള്‍ക്കായി പോരാടിയ സ്ത്രീകളെ അടിച്ചമര്‍ത്തുന്നത് എങ്ങനെയെന്ന് രാജ്യം ഓര്‍ക്കുമെന്നും അവര്‍ പറഞ്ഞു. (Sakshi Malik and Vinesh Phogat in Police custody)
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരായ ഗുസ്തി താരങ്ങളുടെ പരാതി ഗൗരവ സ്വഭാവമുള്ളതെന്നാണ് പൊലീസ് റോസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കുന്നത്. പരാതിക്കാര്‍ക്ക് തല്‍സ്ഥിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് ജൂണ്‍ 27ന് വീണ്ടും പരിഗണിക്കാനിരിക്കയാണ്.
അതേസമയം ലൈംഗിക അതിക്രമ പരാതി ഉന്നയിച്ച വനിതാ ഗുസ്തി താരങ്ങളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഹര്‍ജീത് സിംഗ് ജസ്പാലിന് മുമ്പാകെയാണ് അന്വേഷണ സംഘം കോടതിയുടെ നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുദ്രവച്ച കവറിലാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
കസ്ററഡിയിൽ എടുത്ത താരങ്ങൾ എവിടെ
പട്ടാഭിഷേകം പൂര്‍ത്തിയായപ്പോള്‍ അഹങ്കാരിയായ രാജാവ് പൊതുജനത്തിന്റെ ശബ്ദം തെരുവില്‍ അടിച്ചമര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. രാജ്യത്തിന് വേണ്ടി മെഡലുകള്‍ നേടിയ വനിതാ താരങ്ങളുടെ ശബ്ദം ബൂട്ടുകള്‍ക്കടിയില്‍ ചവിട്ടിമെതിക്കുന്നത്രയും ബി.ജെ.പി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം വളര്‍ന്നുവെന്ന് പ്രിയങ്കാഗാന്ധി കുറ്റപ്പെടുത്തി.
‘ഗുസ്തി താരങ്ങളുടെ നെഞ്ചിലെ മെഡല്‍ രാജ്യത്തിന്റെ അഭിമാനമാണ്. കഠിനാധ്വാനത്തിലൂടെ കായിക താരങ്ങള്‍ നേടിയെടുത്ത മെഡല്‍ രാജ്യത്തിന്റെ യശ്ശസുയര്‍ത്തി. വനിതാ താരങ്ങളുടെ ശബ്ദം ബൂട്ടുകള്‍ക്കടിയില്‍ ചവിട്ടിമെതിക്കുന്നത്രയും ബി.ജെ.പി. സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം വളര്‍ന്നിരിക്കുന്നു. ഇത് പൂര്‍ണ്ണമായും തെറ്റാണ്. സര്‍ക്കാരിന്റെ ഈ ധാര്‍ഷ്ട്യവും അനീതിയും രാജ്യം മുഴുവന്‍ കാണുന്നുണ്ട്’ -പ്രിയങ്ക ട്വീറ്റ് ചെയ്തു.
താരങ്ങള്‍ക്കെതിരായ പോലീസ് നടപടിയെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും അപലപിച്ചു. ഇന്ത്യന്‍ കായിക മേഖലയ്ക്ക് ദുഃഖകരമായ ദിവസമാണ് ഇന്നത്തേതെന്ന് ഗുസ്തിതാരമായ സാക്ഷി മാലിക് ട്വീറ്റ് ചെയ്തു. താരങ്ങള്‍ തെരുവില്‍ വലിച്ചിഴയ്ക്കപ്പെടുമ്പോള്‍, ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ബി ജെ പി എം പിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് പാര്‍ലമെന്റില്‍ ഇരിക്കുകായണെന്ന് സാക്ഷി മാലിക് ഓർമ്മപ്പെടുത്തി. ഏതെങ്കിലും രാജ്യം തങ്ങളുടെ ചാമ്പ്യന്മാരോട് ഇങ്ങനെ പെരുമാറുമോയെന്ന് ബജ്‌റംഗ് പൂനിയ ചോദിച്ചു.
താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ജെ.എന്‍.യുവിന് പുറത്ത് പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.
ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി പാര്‍ലമെന്‍റിന് മുന്നില്‍ മഹിള മഹാപഞ്ചായത്ത് നടത്തുമെന്ന് കര്‍ഷകരും അറിയിച്ചിരുന്നു. എന്നാല്‍ പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി അംഗങ്ങളെ അംബാല അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിലും ജന്തർ മന്തറിലും കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതിർത്തിയില്‍ വാഹനങ്ങൾ പരിശോധനകൾക്ക് ശേഷം മാത്രമാണ് കടത്തിവിടുന്നത്.
കസ്റ്റഡിയിൽ എടുത്ത താരങ്ങളെ എവിടെക്കാണ് കൊണ്ടു പോയത് എന്ന് പൊലീസ് വെളിപ്പെടുത്തയില്ല. ഇത് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി. ട്വിറ്ററിൽ ആവർത്തിച്ച സന്ദേശമായി നിറഞ്ഞു.
പുതിയ പാര്ലമെന്റ് മന്ദിരം ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവ്വഹിച്ചു. ആരവം മുഴക്കി മോദി, മോദി മുദ്രാവാക്യം വിളികളോടെയാണ് ബിജെപി എംപിമാര്‍ പാര്‍ലമെന്റിനുള്ളിലേക്ക് പ്രധാനമന്ത്രിയെ വരവേറ്റത്. വി.ഡി സവര്‍ക്കറുടെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ പാര്‍ലമെന്റില്‍ പുതിയതാതിയി സ്ഥാപിച്ച ചിത്രത്തിന് മുന്നില്‍ പ്രണാമം അര്‍പ്പിച്ച ശേഷമാണ് മോദി ലോക്‌സഭയിലേക്ക് പ്രവേശിച്ചത്.
അധികാരകെമാറ്റത്തിന്‍റെ പ്രതീകമായ ചെങ്കോലിെന സാഷ്ടാംഗം നമസ്കരിച്ച പ്രധാനമന്ത്രി. തിരുവാവാട് തുറൈ അധികാരത്തിലെ പൂജാരി സംഘം കൈമാറിയ ചെങ്കോലുമായി പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് എത്തി. ലോക്സഭയില്‍ കടന്ന പ്രധാനമന്ത്രി സ്പീക്കറുടെ ഇരിപ്പിടത്തിന് വലത് വശത്തായി ചെങ്കോല്‍ സ്ഥാപിച്ചു വാഴിച്ചു. നിലവിളക്ക് തെളിച്ചു. ഫലകം അനാച്ഛാദനം ചെയ്ത് പാര്‍ലമെന്‍റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രണ്ടര വര്‍ഷത്തിനുള്ളില്‍ പുതിയ ആധുനിക രീതിയിലുള്ള പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് പുതിയ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് പറഞ്ഞു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ സന്ദേശവും അദ്ദേഹം സഭയില്‍ വായിച്ചു.
പാര്‍ലമെന്റിന് മുന്നിലേക്ക് ഗുസ്തി താരങ്ങളുടെ പ്രതിഷേധ സമരം നടക്കുന്നതിനിടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ പുരോഗമിക്കുന്നത്. സമര നേതാക്കൾ അറസ്റ്റിലാണ്.
പുതിയ പാര്ലമെന്റ് മന്ദിരം ഉദ്ഘാടനം രണ്ട് ഘട്ടങ്ങളായാണ് നടന്നത്. രാവിലെ ആദ്യഘട്ട ചടങ്ങുകള്‍ നടന്നിരുന്നു. 7.30 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ചടങ്ങുകളുടെ ഭാഗമായ ഹോമം, പൂജ എന്നിവ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്നു. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയും പൂജയില്‍ പങ്കെടുത്തു. തുടര്‍ന്ന് സ്വാതന്ത്ര്യപ്രഖ്യാപനത്തിനുമുമ്പ് നടന്നതെന്ന് സര്‍ക്കാര്‍ അവകാശം ഉയർത്തിയ ചെങ്കോല്‍ ഏറ്റുവാങ്ങി.
പൂജാ ചടങ്ങുകളുടെയും മന്ത്രോച്ചാരണങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ചെങ്കോല്‍ ധാരണം. തുടര്‍ന്ന് പ്രധാനമന്ത്രി നിലവിളക്ക് തെളിയിക്കുകയും ഉദ്ഘാടന ഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്തു.
ഇന്ത്യക്കിത് അഭിമാനത്തിന്‍റേയും പ്രതിക്ഷയുടേയും ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
As the new building of India’s Parliament is inaugurated, our hearts and minds are filled with pride, hope and promise. May this iconic building be a cradle of empowerment, igniting dreams and nurturing them into reality. May it propel our great nation to new heights of progress. pic.twitter.com/zzGuRoHrUS
പുതിയ പാര്ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിനെ രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസിവേണുഗോപാല്‍ രംഗത്ത് എത്തി. പാർലമെൻ്ററി ജനാധിപത്യത്തിലെ കറുത്ത ദിനമാണിന്ന്. ബിജെപിയുടെ പാർട്ടി ഓഫീസല്ല രാജ്യത്തിൻ്റെ പാർലമെൻ്റ് മന്ദിരമാണ് ഉദ്ഘാടനം ചെയ്തത്. ജനങ്ങളുടെ പണമാണ് ഇതിനെല്ലാം വിനിയോഗിക്കുന്നത്. രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ക്ഷണിക്കാത്തത് അവഹേളനമാണ്. ഗോത്ര വനിതായായ രാഷ്ട്രപതിയെ ചടങ്ങിൽ നിന്നും മാറ്റി നിർത്തി.
എന്തുകൊണ്ട്, അംബേദ്കറുടെയോ, മഹാത്മാ ഗാന്ധിയുടേയോ ഓർമ്മ ദിനങ്ങൾ തെരഞ്ഞെടുത്തില്ല ? സവർക്കറുടെ ദിനം തന്നെ തെരഞ്ഞെടുത്തതിൽ സവർണ വർഗീയ അജണ്ടയുണ്ട്. ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളോട് ബി ജെ പി ക്ക് ബഹുമാനമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശവപ്പെട്ടിയുടെ ആകൃതിയാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിനെന്ന് ആർജെഡി പരിഹസിച്ചു.
വിമർശനവുമായി സമാജ് വാദി പാർട്ടിയും രംഗത്തെത്തി. തെക്കേ ഇന്ത്യയിലെ തീവ്രനിലപാടുള്ള ബ്രാഹ്മണ സംഘത്തെ വച്ച് മോദി ഉദ്ഘാടനം നടത്തി. പ്രോട്ടോകോൾ ലംഘനം അപമാനകരമെന്നും എസ്പി കുറ്റപ്പെടുത്തി.
നൂറ്റാണ്ടോളം പഴക്കമുള്ള നിലവിലെ പാര്‍ലമെന്റ് മന്ദിരത്തെ ചരിത്രത്താളുകളിലാക്കി പുതിയ പാര്ലമെന്റ് മന്ദിരം പുതിയ ചരിത്രം കുറിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നടത്തി, അദ്ദേഹം തന്നെ ഉദ്ഘാടനം ചെയ്യുന്ന മന്ദിരം രാഷ്ട്രീയ വിവാദങ്ങൾക്കും കാരണമാക്കി. അധികാര കേന്ദ്രീകരണത്തിൻ്റെ മാറിയ കാലം പുതിയ പ്രക്ഷോഭങ്ങൾക്കും വഴി തുറക്കുമ്പോൾ രാജ്യത്തിൻ്റെ പുതു ചുവടുമാവുകയാണ് പുത്തൻ പാലർലമെൻ്റ് മന്ദിരം.
മാറിയ കാലത്തിന്റെ പ്രതീകമായി ഇത് ചരിത്രത്തില്‍ അടയാളപ്പെടുത്തും. ബ്രിട്ടീഷ് ഭരണകാലത്തിന്റെ ഭാഗമായിരുന്ന, ബ്രിട്ടീഷുകാര്‍ പണിത, നിലവിലെ പാര്‍ലമെന്റ് മന്ദിരം ചരിത്രത്തിലേയ്ക്ക് മടങ്ങും.വൈകാതെ മ്യൂസിയമായി മാറുമെന്നാണ് സൂചന. ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ പ്രതീകമാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പക്ഷം. ഡല്‍ഹിയുടെ ഭരണസിരാകേന്ദ്രങ്ങള്‍ പരിഷ്‌കരിക്കാന്‍ തയ്യാറാക്കിയ 20,000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി പാര്‍ലമെന്റിനെയും പരിസരപ്രദേശങ്ങളെയും മാറ്റി പ്പണിയുന്നതും തുടരുകയാണ്. (new parliament facts and figures)
യു.പി.എ. കാലത്ത് തുടങ്ങിയ ചര്‍ച്ച
കാലപ്പഴക്കവും സൗകര്യക്കുറവുമാണ് പുതിയ പാര്ലമെന്റ് മന്ദിരം നിര്‍മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ യു.പി.എ. സര്‍ക്കാരിന്റെ കാലത്തുതന്നെ ആരംഭിച്ചിരുന്നു. 2012-ല്‍ അന്നത്തെ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍ ഇതുപരിശോധിക്കാന്‍ സമിതിയെ നിയമിച്ചിരുന്നു. എന്നാല്‍, പിന്നീട് അധികാരത്തില്‍വന്ന മോദിസര്‍ക്കാരാണ് അതിലേക്ക് ചുവടുവെച്ചത്. 2019-ല്‍ സെന്‍ട്രല്‍ വിസ്ത പദ്ധതി പ്രഖ്യാപിച്ച സര്‍ക്കാര്‍ അതിന്റെ ഭാഗമായി 2020 ഡിസംബര്‍ പത്തിന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ശിലാസ്ഥാപനം നടത്തി.
പദ്ധതിക്കെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതിയും സെന്‍ട്രല്‍ വിസ്തയ്ക്ക് പച്ചകൊടി കാട്ടി. 971 കോടി രൂപയ്ക്കാണ് പാര്‍ലമെന്റ് നിര്‍മാണ പദ്ധതി ടാറ്റ പ്രോജക്ടിന് നല്‍കിയിരുന്നത്. രൂപരേഖയിലെ മാറ്റങ്ങളും അധിക നിര്‍മാണങ്ങളും വന്നതോടെ ചെലവ് പിന്നീട് 1200 കോടി കടന്നു. നവീകരിച്ച സെന്‍ട്രല്‍ വിസ്തയുടെ ഭാഗമായി നിര്‍മിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പണികള്‍ കഴിഞ്ഞ നവംബറില്‍ പൂര്‍ത്തിയാക്കാനായിരുന്നു ആദ്യ ലക്ഷ്യം. എന്നാല്‍ കോവിഡ് ലോക്ഡൗണും മറ്റുമായി നിര്‍മാണം വൈകി.
മേയ് 28-ന് പുതിയ പാര്ലമെന്റ് മന്ദിരം രാജ്യത്തിനു സമര്‍പ്പിക്കുമ്പോള്‍ നൂറ്റാണ്ടോളം പഴക്കമുള്ള നിലവിലെ പാര്‍ലമെന്റ് മന്ദിരം ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ്. ബ്രിട്ടീഷ് ഭരണകാലത്ത്, 1921-ല്‍ നിര്‍മിച്ച പഴയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിനു സ്വതന്ത്ര്യം ലഭിക്കുന്നതിനും അധികാര കൈമാറ്റത്തിനും പിന്നീട് സ്വതന്ത്ര ഇന്ത്യയിലെ ജനകീയ സര്‍ക്കാരുകള്‍ക്കും സാക്ഷിയായി
ചരിത്രം കൊത്തിയ കെട്ടിടം
പാര്‍ലമെന്റ് ഹൗസ് അഥവാ സന്‍സദ് ഭവന്‍ ആണ് രാജ്യത്തിന്റെ പാര്‍ലമെന്റ് മന്ദിരം. ബ്രിട്ടീഷ് ഭരണകാലത്ത്, വാസ്തുശില്‍പ്പികളായ എഡ്വിന്‍ ലുട്യന്‍സും ഹെര്‍ബര്‍ട് ബേക്കറും ചേര്‍ന്നാണ് ഈ മന്ദിരം രൂപകല്പന ചെയ്തത്. കല്‍ക്കട്ടയിലെ ഇംപീരിയല്‍ ക്യാപ്പിറ്റല്‍ ഡല്‍ഹിയിലേക്ക് മാറ്റിയപ്പോള്‍ ഇവര്‍ ഡല്‍ഹിക്കുള്ളില്‍ പുതിയ നഗരമായി ന്യൂഡല്‍ഹിയും പുതിയ ഭരണസിരാകേന്ദ്രമായി പാര്‍ലമെന്റ് മന്ദിരവും നിര്‍മിക്കുകയായിരുന്നു. പിന്നീട് രാഷ്ട്രപതിഭവനായി മാറിയ വൈസ്രോയിയുടെ ബംഗ്ലാവും നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളടങ്ങുന്ന മന്ദിര സമുച്ചയങ്ങളും നിര്‍മിച്ചതും അവര്‍തന്നെ. പാര്‍ലമെന്റ് മന്ദിരത്തിന് 1921 ഫെബ്രുവരി 12-നാണ് തറക്കല്ലിട്ടത്. ആറുവര്‍ഷമെടുത്ത് 1927 ജനവരി 18-ന് നിര്‍മാണം പൂര്‍ത്തിയായി. അന്നത്തെ ഇന്ത്യന്‍ വൈസ്രോയ് ലോര്‍ഡ് ഇര്‍വിനാണ് ഉദ്ഘാടനം ചെയ്തത്. ബ്രിട്ടീഷ് ഇന്ത്യന്‍ ഭരണകാലത്തെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ മൂന്നാമത്തെ സമ്മേളനം 1927 ജനുവരി 19-ന് ഈ മന്ദിരത്തിലായിരുന്നു ചേര്‍ന്നത്. 1947 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യം നേടിയപ്പോള്‍ ബ്രിട്ടീഷുകാര്‍ സ്വതന്ത്ര ഇന്ത്യയുടെ നേതാക്കള്‍ക്ക് ഭരണക്കൈമാറ്റം നടത്തിയത് പാര്‍ലമെന്റിന്റെ മധ്യഭാഗത്തുള്ള സെന്‍ട്രല്‍ ഹാളില്‍വെച്ചായിരുന്നു. സ്വാതന്ത്ര്യാനന്തരം ഡോ. ബി.ആര്‍. അംബേദ്കറുടെ നേതൃത്വത്തില്‍ ഭരണഘടന തയ്യാറാക്കാനുള്ള നടപടിക്രമങ്ങളും ചര്‍ച്ചകളും അരങ്ങേറിയതും സെന്‍ട്രല്‍ ഹാളിലാണ്.
രാജ്യത്തിന്റെ പരമോന്നത നിയമനിര്‍മാണ സഭയാണ് ഇന്ത്യന്‍ പാര്‍ലമെന്റ്. രാഷ്ട്രപതി, രാജ്യസഭ, ലോക്സഭ എന്നിവ ചേരുന്നതാണ് പാര്‍ലമെന്ററി സംവിധാനം. 1950 ജനുവരി 26-ന് ഭരണഘടന നിലവില്‍വന്ന ശേഷം പൊതുതിരഞ്ഞെടുപ്പ് നടത്തി, 1952 ഏപ്രിലിലാണ് തിരഞ്ഞെടുക്കപ്പെട്ട ആദ്യ പാര്‍ലമെന്റ് നിലവില്‍വന്നത്. 1952 മേയ് 13-നായിരുന്നു ആദ്യ ലോക്സഭാ യോഗം.
നിലവിലെ മന്ദിരത്തിന്റെ സവിശേഷതകള്‍
പാര്‍ലമെന്റ് വളപ്പ് ആറേക്കറോളം സ്ഥലമുണ്ട്. വൃത്താകൃതിയിലുള്ള പാര്‍ലമെന്റ് മന്ദിരത്തിന് 12 പ്രവേശന കവാടങ്ങളാണുള്ളത്. ലോക്സഭ, രാജ്യസഭ ഹാളുകള്‍ക്ക് പുറമെ ഇരുസഭകളുടെയും സംയുക്ത സമ്മേളനം നടക്കുന്ന സെന്‍ട്രല്‍ ഹാളുമുണ്ട്. മന്ദിരത്തിന്റെ മധ്യത്തിലാണ് സെന്‍ട്രല്‍ ഹാള്‍ സ്ഥിതി ചെയ്യുന്നത്.
ബ്രിട്ടീഷുകാര്‍ പണിത മന്ദിരത്തില്‍ സ്ഥലപരിമിതി കാരണം 1956-ല്‍ രണ്ടുനിലകള്‍കൂടി നിര്‍മിച്ചു. വശങ്ങളിലെ വലിയ തൂണുകള്‍ മന്ദിരത്തിന് അലങ്കാരമാണ്.144 കല്‍തൂണുകളാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ മറ്റൊരു സവിശേഷത.
പരവതാനിയുടെ നിറത്തില്‍നിന്ന് ലോക്സഭയെയും രാജ്യസഭയെയും തിരിച്ചറിയാം. ലോക്സഭയില്‍ പച്ച നിറത്തിലും രാജ്യസഭയില്‍ ചുവന്ന നിറത്തിലുമുള്ള പരവതാനിയാണ് വിരിക്കുന്നത്. കുതിരാലയത്തിന്റെ മാതൃകയിലാണ് ലോക്സഭയിലെ സീറ്റുകളുടെ രൂപകല്പന. 550-ലേറെ അംഗങ്ങള്‍ക്ക് ഇരിപ്പിടമുണ്ട്. ഭരണകക്ഷി അംഗങ്ങള്‍ സ്പീക്കറുടെ ചേംബറിന് അഭിമുഖമായി വലതുഭാഗത്തും പ്രതിപക്ഷ അംഗങ്ങള്‍ ഇടതുഭാഗത്തും ഇരിക്കും. സ്പീക്കറാണ് ലോക്സഭാധ്യക്ഷന്‍.
ഇരുസഭകള്‍ക്കും നിശ്ചിത കാലയളവില്‍ സമ്മേളനമുണ്ട്. എല്ലാ വര്‍ഷവും ആദ്യത്തെ പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമുണ്ടാകും. സെന്‍ട്രല്‍ ഹാളിലാണ് ഇതിനായി സംയുക്ത സമ്മേളനം ചേരുന്നത്.
രണ്ട് സഭകള്‍ക്കുള്ളിലും സന്ദര്‍ശകര്‍ക്കും വിശിഷ്ടാതിഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രത്യേകം ഇരിപ്പിടങ്ങളുണ്ട്. അംഗങ്ങളുടെ ഇരിപ്പിടങ്ങള്‍ക്ക് മുകളില്‍ വശങ്ങളിലായാണ് ഈ ഗ്യാലറികള്‍ സജ്ജീകരിച്ചിരിക്കുന്നത്.
പാര്‍ലമെന്റ് വളപ്പിനുള്ളില്‍ മഹാത്മാ ഗാന്ധി, ജവാഹര്‍ലാല്‍ നെഹ്രു, ഡോ. ബി. ആര്‍. അംബേദ്കര്‍ തുടങ്ങിയ മഹദ് വ്യക്തിത്വങ്ങളുടെ ബൃഹദ് പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്.
നിലവിലെ പാര്‍ലമെന്റിലേതുപോലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സംയുക്ത സമ്മേളനങ്ങള്‍ക്കായി സെന്‍ട്രല്‍ ഹാളില്ല. പുതിയ മന്ദിരത്തില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനം ലോക്സഭാ ചേംബറിലാകും നടക്കുക. അപ്പോള്‍ 1280 എം.പിമാര്‍ക്കുവരെ പങ്കെടുക്കാനാവും. സാധാരണ, രാഷ്ട്രപതിമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുന്നത് സെന്‍ട്രല്‍ ഹാളിലായിരുന്നു.
ദേശീയ പക്ഷിയായ മയിലിനെ പ്രമേയമാക്കിയുള്ളതാണ് ലോക്സഭാ ചേംബര്‍. രാജ്യസഭാ ചേബര്‍ ദേശീയ പുഷ്പമായ താമരയുടെ മാതൃകയിലും.
ത്രികോണാകൃതിയില്‍ 65,000-ലേറെ ചതുരശ്ര മീറ്ററിലായി പരന്നുകിടക്കുന്ന കെട്ടിടത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ മന്ത്രിമാരുടെ ഓഫീസുകള്‍, സമിതിയോഗങ്ങള്‍ക്കുള്ള മുറികള്‍, ലൈബ്രറി, ഭക്ഷണശാല തുടങ്ങിയവയുണ്ടാകും.
അംഗങ്ങള്‍ക്ക് പരസ്പരം ഇടപഴകാന്‍ പൊതുസ്ഥലമായി സെന്‍ട്രല്‍ ലോഞ്ച് ഉണ്ടാകും. ഇതിന്റെ തുറസ്സായ മുറ്റത്ത് ദേശീയ വൃക്ഷമായ ആല്‍മരവുമുണ്ടാകും.
ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം പ്രദര്‍ശിപ്പിക്കുന്നതായിരിക്കും ഭരണഘടനാ ഹാള്‍.
ജ്ഞാന ദ്വാര്‍, ശക്തി ദ്വാര്‍, കര്‍മ ദ്വാര്‍ എന്നിങ്ങനെയാകും പ്രധാന കവാടങ്ങളുടെ പേരുകള്‍.
രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യം വെളിവാക്കുന്ന വിധത്തില്‍ പാര്‍ലമെന്റ് ജീവനക്കാരുടെ വേഷവിധാനത്തിലും മാറ്റമുണ്ടാകും.
സെന്‍ട്രല്‍ വിസ്ത 20,000 കോടിയുടെ പദ്ധതി
പുതിയ പാര്‍ലമെന്റ് മന്ദിരവും അതിനടുത്തുതന്നെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം ഉള്‍പ്പെടുന്നതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി. രാഷ്ട്രപതി ഭവന്‍ നിലവിലുള്ളത് തുടരും. നിലവിലെ പാര്‍ലമെന്റ് മന്ദിരം, നോര്‍ത്ത്- സൗത്ത് ബ്ലോക്കുകള്‍ എന്നിവ പൈതൃക കേന്ദ്രങ്ങളെന്ന നിലയില്‍ സംരക്ഷിക്കും. പുതിയ പദ്ധതി പൂര്‍ത്തിയാവുന്നതോടെ വിജയ് ചൗക്ക് ഉള്‍പ്പെടുന്ന തന്ത്രപ്രധാനമേഖലയുടെ മുഖച്ഛായ മാറും. രാഷ്ട്രപതിഭവന്‍, ഉപരാഷ്ട്രപതിഭവന്‍, പ്രധാനമന്ത്രിയുടെ വസതി, ഓഫീസ് എന്നിവ അടുത്തടുത്താകും. ആകെ 20,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ആറുവര്‍ഷമെടുത്താകും പൂര്‍ത്തിയാക്കുക.
ശില്പി
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശില്‍പി ആണ് പ്രമുഖ ആര്‍കിടെക്റ്റായ ബിമല്‍ ഹസ്മുഖ് പട്ടേല്‍. രാജ്യത്തുടനീളമുള്ള സ്ഥാപന, വാണിജ്യ, ഭവന, വ്യാവസായിക, നഗര രൂപകല്‍പനകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ബിമര്‍ പട്ടേലിന്റെ കൈവിരുതാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ സൃഷ്ടിക്കുപിന്നില്‍.(Who is Bimal Patel architect who designed new Parliament building)
സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് കീഴില്‍ നടപ്പാക്കുന്ന പ്രധാന നിര്‍മാണങ്ങളെല്ലാം രൂപകല്‍പന ചെയ്യുന്നത് ബിമല്‍ പട്ടേലാണ്.
പുതിയ പാര്‍ലമെന്റിലേക്കുള്ള ഗുസ്തി താരങ്ങളുടെ വനിതാ മഹാ പഞ്ചായത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് കനത്ത സുരക്ഷ. അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന റോഡുകളെല്ലാം ബാരികേഡുകള്‍ ഉപയോഗിച്ച് അടച്ചു. ജന്തര്‍മന്ദറില്‍ മാധ്യമങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പിഐബി കാര്‍ഡുള്ള മാധ്യമങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. (parliament mandhir inauguration)
രാവിലെ 11.30നാണ് ജന്തര്‍ മന്ദിറില്‍ നിന്ന് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഗുസ്തി താരങ്ങള്‍ മാര്‍ച്ച് നടത്തുക. ലൈംഗിക അതിക്രമ കേസിൽ പ്രതിയായ ബി ജെ പി എം.പി ബ്രിജ് ഭൂഷനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുയര്‍ത്തിയാണ് ഗുസ്തി താരങ്ങള്‍ പ്രതിഷേധം തുടരുന്നത്. തിക്രു, ഗാസിപ്പൂര്‍, സിംഘു അതിര്‍ത്തികൡ നിന്നും ഡല്‍ഹിയ്ക്ക് അകത്തേക്കും മാര്‍ച്ച് നടത്തുമെന്നാണ് താരങ്ങള്‍ അറിയിച്ചിരിക്കുന്നത്.
മഹിളാ മഹാ പഞ്ചായത്തിന്റെ ഭാഗമായ നിരവധി കര്‍ഷക നേതാക്കള്‍ ഇതിനോടകം പൊലീസ് കസ്റ്റഡിയിലായി. ബികെയു ഹരിയാന അധ്യക്ഷന്‍ ഗുര്‍നാം സിംഗ് ചതുണി യെ പോലീസ് വീട്ടില്‍ തടഞ്ഞു വച്ചിരിക്കുകയാണ്. ആനിരാജ ഉള്‍പ്പെടെയുള്ള ദേശീയ മഹിളാ ഫെഡറേഷന്‍ അംഗങ്ങളെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാരെ പാര്‍പ്പിക്കാനായി ഡല്‍ഹി പൊലീസ് താത്ക്കാലിക ജയില്‍ തുറന്നു. ഔട്ടര്‍ ഡല്‍ഹിയില്‍ ഓള്‍ഡ് ഭവാനിയിലെ എംസിഡി സ്‌കൂളാണ് താല്‍ക്കാലിക ജയിലാക്കി മാറ്റിയത്.
സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ചുവെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്‌കൂൾ തുറക്കൽ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്‌കൂളിന്റെ സുരക്ഷ പ്രധാനമായി കാണണം. അധ്യായനവർഷം ആരംഭിക്കുന്നതിനു മുൻപ് എല്ലാ സ്‌കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിനുള്ള നടപടി പൂർത്തീകരിക്കണം. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്‌കൂളുകളിൽ വാടക കെട്ടിടത്തിലോ മറ്റ് സ്ഥാപനങ്ങളിലോ ക്ലാസുകൾ പ്രവർത്തിക്കുന്നു ണ്ടെങ്കിൽ ഈ കെട്ടിടങ്ങൾ കൂടി പരിശോധിച്ച് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം. പി ടി എയുടെ നേതൃത്വത്തിൽ ജനകീയ സന്നദ്ധ പ്രവർത്തനം നടത്തി സ്‌കൂൾ ശുചീകരിക്കണം. സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, റസിഡണ്ട് അസോസിയേഷനുകൾ, അദ്ധ്യപക-വിദ്യാർത്ഥി-ബഹുജന സംഘടനകൾ മുതലായവയെ സഹകരിപ്പിക്കണം.
ഉപയോഗശൂന്യ വാഹനങ്ങൾ നീക്കംചെയ്യണം
സ്‌കൂളുകളിൽ നിർത്തിയിട്ട ഉപയോഗ ശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യാൻ നടപടി കൈക്കൊള്ളണം. ഉപയോഗശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്ത് സ്‌കൂളും പരിസരവും സുരക്ഷിതമാക്കണം. സ്‌കൂളുകളിൽ വിതരണം ചെയ്തിട്ടുള്ള ഐ ടി ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. ഹാർഡ്‌വെയർ ക്ലിനിക്ക് നടത്തി കംപ്യൂട്ടറുകളുടെയും ഇതര ഐടി ഉപകരണങ്ങളുടെയും പരിശോധന പൂർത്തീകരിച്ച് അറ്റകുറ്റ പണി ആവശ്യമെങ്കിൽ നടത്തണം. ഉപയോഗശൂന്യമായവ ഒഴിവാക്കണം. സ്‌കൂളിനടുത്തുള്ള വെളളക്കെട്ടുകൾ, കുളങ്ങൾ, കിണറുകൾ എന്നിവയ്ക്ക് സുരക്ഷാഭിത്തികൾ നിർമിക്കണം. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇത് ശ്രദ്ധിക്കണം.
അപകടാവസ്ഥയിലുള്ള മരങ്ങൾ നീക്കണം
സ്‌കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്‌സ് എന്നിവ നീക്കം ചെയ്യണം. സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ, വൈദ്യുത കമ്പികൾ എന്നിവ ഒഴിവാക്കണം. കുടിവെള്ള സ്രോതസ്സുകൾ വൃത്തിയാക്കി ക്ലോറിനേഷൻ അടക്കമുള്ള ജല ശുചീകരണ നടപടി പൂർത്തിയാക്കണം. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം. ദുരന്ത ലഘൂകരണത്തിന് വിദ്യാർഥികൾക്കും ജീവനക്കാർക്കും പരിശീലനം ലഭ്യമാക്കണം. പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി മോക്ക് ഡ്രിൽ സംഘടിപ്പിക്കണം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെളളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ സ്‌കൂളുകളിൽ ബോധവത്കരണം നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന നാഷണല്‍ ഡിഫന്‍സ് അക്കാദമി & നേവല്‍ അക്കാദമി തിരഞ്ഞെടുപ്പ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.
യോഗ്യത: ഏതെങ്കിലും സ്ട്രീമില്‍ പന്ത്രണ്ടാംക്ലാസ് വിജയിച്ചവര്‍ക്ക് എന്‍.ഡി.എയുടെ ആര്‍മി വിങിലേക്ക് അപേക്ഷിക്കാം. മറ്റുള്ളവയിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയുള്‍പ്പെട്ട ഗ്രൂപ്പില്‍ പന്ത്രണ്ടാംക്ലാസ് ജയിച്ചിരിക്കണം. അവസാന വര്‍ഷക്കാര്‍ക്കും വ്യവസ്ഥകള്‍ക്കു വിധേയമായി അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് നിര്‍ദ്ദിഷ്ട ശാരീരിക യോഗ്യതകളുണ്ടായിരിക്കണം.
അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമാണ് അവസരം. ഒഴിവുകൾ 395 പ്രായപരിധി: അപേക്ഷകര്‍ 2005 ജനുവരി 2-നും 2008 ജനുവരി 1-നും മധ്യേ ജനിച്ചവരായിരിക്കണം.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, സാറ്റാഫ് സെലക്ഷന്‍ ബോര്‍ഡിന്റെ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ടായിരിക്കും.
അപേക്ഷ: www.upsconline.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷകര്‍ യു.പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ (ഒ.ടി.ആര്‍) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇതിനുള്ള ലിങ്ക് വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഒ.ടി.ആര്‍. പ്രൊഫൈലില്‍ ലോഗിന്‍ ചെയ്തശേഷം ‘Latest Notification‘ ലിങ്ക് വഴി അപേക്ഷിക്കാം. തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ ഇതിനുള്ള അവസരം ജൂണ്‍ 7 മുതല്‍ 13 വരെ ലഭിക്കും. 100 രൂപയാണ് അപേക്ഷാഫീസ്. വനിതകള്‍, എസ്.സി., എസ്.ടി. വിഭാഗക്കാര്‍, സൈനികോദ്യോഗസ്ഥരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് ഫീസില്ല. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 6 (6 pm). വിശദവിവരങ്ങള്‍ക്ക് www.upsc.gov.in
900 മാര്‍ക്കിനുള്ള ഒബ്‌ജെക്ടിവ് ടൈപ്പ് എഴുത്തുപരീക്ഷയ്ക്ക് 5 മണിക്കൂറാണ് ദൈര്‍ഘ്യം. മാത്തമാറ്റിക്‌സ്, ജനറല്‍ എബിലിറ്റി ടെസ്റ്റ് എന്നീ വിഭാഗങ്ങളില്‍നിന്നായി യഥാക്രമം 300, 600 വീതം മാര്‍ക്കിനുള്ള ചോദ്യമുണ്ടാകും. ഓരോ വിഭാഗത്തിനും രണ്ടര മണിക്കൂര്‍ വീതമാണ് സമയം.