ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവർ ജാഗ്രതൈ, ചോർത്തൽ ലക്ഷ്യവുമായി

0

ആന്‍ഡ്രോയിഡ് ഫോണുകളെ ബാധിക്കുന്ന മാല്‍വെയർ സംബന്ധിച്ച മുന്നറിയിപ്പുമായി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍). കോള്‍ റെക്കോര്‍ഡുകള്‍, കോണ്‍ടാക്റ്റുകള്‍, കോള്‍ ഹിസ്റ്ററി, ക്യാമറ എന്നിവ ഹാക്ക് ചെയ്യാനാകുന്ന) എന്ന മാല്‍വെയര്‍ അവസരം കാത്തിരിക്കയാണ്.

ഈ മാല്‍വെയറിന് ആന്റിവൈറസുകളെ മറികടക്കാനാവും. മാത്രമല്ല ഫോണില്‍ റാന്‍സംവെയര്‍ വിന്യസിക്കാനും കഴിയും.

തേഡ് പാര്‍ട്ടി വെബ്‌സൈറ്റുകളിലൂടേയും അപരിചിതമായ ഉറവിടങ്ങളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകൾ ഇതുവഴി നിങ്ങളുടെ ഫോണിലും എത്തിക്കാം.

ഫോണില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍, ഫോണിലെ സുരക്ഷാ പരിശോധനയെ മറികടക്കുകയാണ് ഇത് ആദ്യം ചെയ്യുക. ഇത് വിജയകരമായാല്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ തുടങ്ങും. ഫോണിലെ കോള്‍ റെക്കോര്‍ഡുകള്‍ ക്യാമറ, ഡൗണ്‍ലോഡും അപ്ലോഡും ചെയ്യുന്ന ഫയലുകള്‍ പാസ് വേഡുകള്‍ എന്നിവയെല്ലാം ഹാക്ക് ചെയ്യാന്‍ ഈ മാല്‍വെയറിന് സാധിക്കും എന്നാണ് പറയുന്നത്.

അഡ്വാന്‍സ്ഡ് എന്‍ക്രിപ്ഷന്‍ സ്റ്റാന്റേര്‍ഡ് എന്‍ക്രിപ്ഷന്‍ അല്‍ഗൊരിതം ഉപയോഗിച്ചാണ് ഇരയുടെ ഫോണിലെ ഫയലുകള്‍ ഈ മാല്‍വെയര്‍ കോഡ് ചെയ്യുന്നത്. മറ്റ് ഫയലുകള്‍ ഫോണില്‍ നിന്ന് നീക്കം ചെയ്യുകയും എന്‍ക്രിപ്റ്റ് ചെയ്ത ഫയലുകള്‍ മാത്രം നിലനിര്‍ത്തുകയും ചെയ്യും. ഇതോടെ .enc എന്ന് അവസാനിക്കുന്ന ഫയലുകളാണ് ഉണ്ടാവുക. ഒപ്പം readme_now.txt എന്ന പേരില്‍ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കുറിപ്പും ഉണ്ടാവും.

ഓർക്കുക

  • സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകളോ, ലിങ്കുകളോ സന്ദര്‍ശിക്കരുത്. ഇമെയിലുകള്‍, എസ്എംഎസുകള്‍ എന്നിവയിലൂടെ ലഭിക്കുന്ന ലിങ്കുകള്‍ അപകടം ചെയ്യാം
  • ബാങ്കുകളും മറ്റും അയക്കുന്ന യഥാര്‍ത്ഥ എസ്എംഎസുകള്‍ക്കൊപ്പം ബാങ്കിന്റെ പേരിനെ പ്രതിനിധീകരിക്കുന്ന ചുരുക്കപ്പേരും ലോഗോയും ഉണ്ടാവാറുണ്ട്. ഫോണ്‍ നമ്പറുകളില്‍ നിന്ന് ഇത്തരം സന്ദേശം വരില്ല.
  • അതുപോലെ bitly’ , ‘tinyurl തുടങ്ങിയ സേവനങ്ങളിലൂടെ ദൈര്‍ഘ്യം കുറച്ച യുആര്‍എല്‍ ക്ലിക്ക് ചെയ്യുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക

ഹോട്ടലുടമയെ കൊന്നത് നഗ്നനാക്കി വീഡിയോ എടുക്കാനുള്ള ശ്രമത്തിനിടെ, വെട്ടി നുറുക്കിയത് ഒരുമിച്ച്

ഹോട്ടലുടമയെ വെട്ടി നുറുക്കി ട്രോളി ബാഗിൽ ഉപേക്ഷിച്ച സംഭവം ഹണിട്രാപ്പെന്ന് പൊലീസ്. തിരൂർ സ്വദേശിയായ സിദ്ദിഖിനെ ഹണിട്രാപ്പിൽ കുരുക്കാനുള്ള ശ്രമത്തിനിടെയാണ് കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് കണ്ടെത്തൽ. മുഖ്യ പ്രതിയുടെ പതിനെട്ടു കാരിയായ കാമുകി ഫർഹാനയെ മുൻനിർത്തി ഹണി ട്രാപ്പ് ഒരുക്കിയാണ് സിദ്ധിഖിനെ ഹോട്ടലിലേക്ക് എത്തിച്ചത്. മെയ് 18 ന് ഹോട്ടലിലെത്തിയ സിദ്ധിഖിനെ തർക്കത്തിനിടെ കൊലപ്പെടുത്തുകയായിരുന്നു.

സിദ്ധിഖ് പ്രതിരോധിക്കുകയാണെങ്കിൽ മർദ്ദിക്കാൻ കൈയ്യിൽ കത്തിയും ചുറ്റികയും അടക്കമുള്ള ആയുധങ്ങൾ കരുതിയിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിൽ മൂന്ന് പേർക്കും പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മലപ്പുറം എസ് പി സുജിത് ദാസാണ് അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇന്നലെ രാത്രി മലപ്പുറത്ത് എത്തിച്ചത് മുതൽ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് കിട്ടിയത്. (hotel owners murder)

ഫർഹാനയ്ക്ക് ഒപ്പം നഗ്നനാക്കി

സിദ്ധിഖിനെ ഫർഹാനയ്ക്ക് ഒപ്പം നഗ്നനാക്കി നിർത്തി ഫോട്ടോയെടുത്ത് പണം തട്ടാനായിരുന്നു ഷിബിലിയുടെയും ഫർഹാനയുടെയും ആഷിഖിന്റെയും പദ്ധതിയെന്നും എസ് പി പറഞ്ഞു.

മുറിയിൽ വെച്ച് നഗ്നനാക്കി ഫോട്ടോയെടുക്കാൻ ശ്രമിച്ചപ്പോൾ തർക്കമുണ്ടായി. ഇതിനിടയിൽ മൂന്ന് പേരും താഴെ വീണു. ഈ സമയത്ത് ഫർഹാനയുടെ കൈയ്യിലെ ചുറ്റിക ഉപയോഗിച്ച് ഷിബിലി സിദ്ധിഖിന്റെ തലയ്ക്ക് ആഞ്ഞടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആഷിഖ് ഈ സമയത്ത് സിദ്ധിഖിന്റെ നെഞ്ചിൽ ആഞ്ഞ് ചവിട്ടി. വാരിയെല്ലുകൾ തകർന്നു. ശ്വാസകോശം മുറിവേൽക്കുകയും ചെയ്തു.

ഷിബിലി സിദ്ദിഖിൻ്റെ ഹോട്ടലിൽ ജോലി ചെയ്തിരുന്നു. 15 ദിവസം മാത്രമാണ് തുടർന്നത്. പിന്നീട് സ്വഭാവ ദൂഷ്യത്തെ തുടർന്ന് പുറത്താക്കുകയായിരുന്നു എന്നാണ് സഹപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നത്.

മൃതദേഹം ബാഗിലാക്കാൻ ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മുറിച്ചു

സിദ്ധിഖ് മരിച്ച ശേഷം പ്രതികൾ കോഴിക്കോട് നിന്ന് ട്രോളി ബാഗ് വാങ്ങി. എന്നാൽ മൃതദേഹം ഒരു ബാഗിൽ ഒതുങ്ങിയില്ല. തുടർന്ന് തൊട്ടടുത്ത ദിവസം കോഴിക്കോട് നിന്ന് ഇലക്ട്രിക് കട്ടറും മറ്റൊരു ട്രോളി ബാഗും വാങ്ങി. ഹോട്ടൽ മുറിയിലെ ശുചിമുറിക്കകത്ത് വെച്ച് മൃതദേഹം വെട്ടിമുറിച്ച് ബാഗിലാക്കുകയായിരുന്നു. പിന്നീട് മെയ് 19 നാണ് മൃതദേഹം അട്ടപ്പാടിയിലെ കൊക്കയിൽ കൊണ്ടുപോയി തള്ളിയത്.

പണം പിൻവലിച്ച എടിഎമ്മിലെ ചിത്രം തിരിച്ചറിഞ്ഞു

ഇക്കഴിഞ്ഞ 18നാണ് സിദ്ധിഖിനെ കാണാതായത്. അന്നുതന്നെ സിദ്ദിഖിന്റെ ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തു. തുടർന്ന് 22 ന് മകൻ പോലീസിൽ പരാതി നൽകി.  പിന്നീടുളള അന്വേഷണത്തിലാണ് സിദ്ദീഖിന്‍റെ ഹോട്ടലിൽ ജീവനക്കാരനായിരുന്നു ഷിബിലിയെയും കാണാതായ കാര്യം പൊലിസ് അറിഞ്ഞത്. പെരുമാറ്റ ദൂഷ്യത്തെ തുടർന്ന് ഇയാളെ സിദ്ദിഖ് പറഞ്ഞ വിടുകയായിരുന്നുവെന്നും വ്യക്തമായി. ഇതിനു പിന്നാലെ എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ദീഖ് മുറിയെടുത്ത വിവരവും  അന്വേഷണ സംഘത്തിന് കിട്ടി. സിദ്ദീഖിനെ കാണാതായ അന്ന് മുതല്‍ സിദ്ദീഖിന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിൻവലിക്കുന്ന കാര്യം കുടുംബാംഗങ്ങൾ പോലീസിനെ അറിയിക്കുകയും ചെയ്തു. 

പിന്നീട് ഷിബിലിയെ കേന്ദ്രീകരിച്ചായി പൊലീസിന്‍റെ അന്വേഷണം. ഷിബിലിക്കൊപ്പം ഫര്‍ഹാനയെന്ന 18കാരി കൂടി ഉണ്ടെന്നും പൊലീസിന് വ്യക്തമായി. ഇവരിലേക്ക് അന്വേഷണം നീളുന്ന ഘട്ടത്തിലാണ് ഇരുവരും സിദ്ദീഖിന്‍റെ കാര്‍ ഉപേക്ഷിച്ച് കേരളം വിട്ടത്. ഇരുവരും ചൈന്നൈയിലേക്ക് കടന്ന കാര്യം തിരൂര്‍ പൊലീസ് റെയില്‍വേ പൊലീസിന് കൈമാറി. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് പ്രധാന പ്രതികളായ ഷിബിലിയും ഫർഹാനയെയും ചെന്നൈ റെയിൽവേ പോലീസിന്റെ പിടിയിലായത് . തുടർന്ന് ഇരുവരും നടത്തിയ വെളിപ്പെടുത്തലിലാണ് സിദ്ദിഖിനെ കൊലപ്പെടുത്തി അട്ടപ്പാടി വനമേഖലയിൽ ഉപേക്ഷിച്ചു വന്ന കാര്യം പോലീസിനെ സ്ഥിരീകരിക്കാൻ ആയത്. തുടർന്നാണ് ഇന്ന് രാവിലെ പോലീസ് സ്ഥലത്തെത്തി രണ്ട് ട്രോളി ബാഗുകളിലായി ഉപേക്ഷിച്ച നിലയിൽ മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്.

ഫർഹാനയെ പീഡിപ്പിച്ചതിന് ജയിലിലായി, പിന്നീട് പ്രണയം

ഫർഹാനയും ഷിബിലിയും തമ്മിൽ വർഷങ്ങളുടെ പരിചയമാണ് ഉള്ളതെന്ന് ഫർഹാനയുടെ ഉമ്മ വെളിപ്പെടുത്തി. റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഫർഹാന ആദ്യമായി സിദ്ദിഖിനെ പരിചയപ്പെടുന്നത്. ഈ പരിചയത്തിന്റെ ഭാഗമായാണ് ഫർഹാന ഷിബിലിക്ക് ജോലി വാങ്ങി കൊടുക്കുന്നത്. ഫർഹാനയും ഷിബിലിയും തമ്മിൽ 7-ാം ക്ലാസ് മുതൽ പ്രണയത്തിലായിരുന്നു. പിന്നീട് 2021 ൽ ഷിബിലിക്കെതിരെ ഫർഹാന തന്നെ പോക്‌സോ കേസ് നൽകിയിരുന്നു. തുടർന്ന് ഷിബിലി ജയിലിലായി. പിന്നീട് ഇരുവരും വീണ്ടും പ്രണയത്തിലായി.

‘ഷിബിലി ചെയ്യിച്ചതാവും എല്ലാം. ഫർഹാനയെ എല്ലാത്തിനും പ്രേരിപ്പിക്കുന്നത് ഷിബിലിയാണ്. ഫർഹാനയെ കടക്കാരിയാക്കിയതും ഷിബിലിയാണ്. മോഷ്ടിക്കാൻ പ്രേരിപ്പിച്ചതും ഷിബിലിയാണ്’- ഉമ്മ പറയുന്നു. ഷിബിലിയാണ് ഫർഹാനയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തിയത്. ഷിബിലിയുടെ ആധാർ കാർഡുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കാനാണ് ഫർഹാനയെ കൊണ്ടുപോയതെന്നും ഉമ്മ പറയുന്നു. ഇതല്ലാതെ തങ്ങൾക്ക് കേസുമായി ബന്ധപ്പെട്ട് ഒന്നുമറിയില്ലെന്ന് അവർ വെളിപ്പെടുത്തി.

ഫർഹാനയും ഷിബിലിയും തമ്മിൽ വിവാഹം കഴിക്കാൻ വേണ്ടി സമീപിച്ചെന്ന് ചളവറ മഹല്ല് കമ്മറ്റി സെക്രട്ടറി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ നോയമ്പിന് മുന്നോടിയായി വിവാഹം നടത്താനായിരുന്നു ആവശ്യം. എന്നാൽ ഷിബിലിയുടെ മഹല്ലിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. അതുകൊണ്ട് വിവാഹം നടത്തി കൊടുത്തില്ല.

സ്കൂളുകളിൽ 220 പ്രവർത്തി ദിനങ്ങൾ ഉറപ്പാക്കാൻ സർക്കാർ, എതിർപ്പുമായി സംഘടനകൾ

 സ്കൂളുകളിൽ 220 പ്രവൃത്തിദിനങ്ങൾ ഉറപ്പാക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്ത് രക്ഷിതാക്കളും വിദ്യാർഥികളും. അധ്യാപക സംഘടനകൾ വിരുദ്ധ അഭിപ്രായവുമായി എത്തുമ്പോൾ ഈ നീക്കത്തെ ഗുണപരം എന്നാണ് കുട്ടികളുടെ രക്ഷിതാക്കൾ വിലയിരുത്തുന്നത്.

സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ സർക്കാർ തീരുമാനമെടുത്താൽ പുതിയ അധ്യയനവർഷത്തെ പകുതി ശനിയാഴ്ചകൾ ക്ലാസുണ്ടാവും. വിദ്യാഭ്യാസ ഗുണനിലവാരസമിതി യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ച കരട് അക്കാദമിക് കലണ്ടറിലാണ് 220 പ്രവൃത്തിദിനത്തിനുള്ള നിർദേശം ഉന്നയിച്ചിട്ടുള്ളത്. ഇക്കാര്യം കഴിഞ്ഞ വാർത്താസമ്മേളനത്തിൽ മന്ത്രി വി. ശിവൻകുട്ടിയും ശരിവെച്ചു.

ഇക്കഴിഞ്ഞ അധ്യയനവർഷം ഇരുനൂറോളം ദിവസം ലഭിച്ചു. കോവിഡിനെത്തുടർന്ന് മുൻവർഷങ്ങളിൽ ഇതുസാധിച്ചിരുന്നില്ല. സ്വാഭാവികമായും കുട്ടികളെ ഇത് ബാധിച്ചു.

പുതിയ കലണ്ടറനുസരിച്ച്, ആറുമാസം മൂന്നു ശനിയാഴ്ചകൾ പ്രവൃത്തിദിനമായിരിക്കും. മൂന്നുമാസം രണ്ടുശനിയാഴ്ചകൾ പ്രവൃത്തിദിനവും ഒരുമാസം മുഴുവൻ ശനിയാഴ്ചകളും പ്രവൃത്തിദിനമാകും. ജൂൺ, സെപ്റ്റംബർ, ഒക്ടോബർ, ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരിക്കും മൂന്നുശനിയാഴ്ചകൾവീതം ക്ലാസുകളുണ്ടാവുക.

ജൂലായിൽ എല്ലാശനിയാഴ്ചയും പ്രവൃത്തിദിനമായിരിക്കും. ഓഗസ്റ്റ്, നവംബർ, ഡിസംബർ മാസങ്ങളിൽ രണ്ടുവീതം ശനിയാഴ്ച പ്രവൃത്തിദിനമാക്കാനാണ് നിർദേശം. മൊത്തം 28 ശനിയാഴ്ചകളിൽ ക്ലാസ് നടത്തി 220 അധ്യയനദിവസങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം.

വി.എച്ച്.എസ്.ഇ.യിൽ 221 പ്രവൃത്തിദിനങ്ങൾ വേണമെന്നാണ് നിർദേശം. ഹയർസെക്കൻഡറിയിൽ 192 പ്രവൃത്തിദിനങ്ങളേ നിർദേശിച്ചിട്ടുള്ളൂ. ചുരുങ്ങിയത് ആയിരം മണിക്കൂർ, അധ്യയനവർഷം ഉറപ്പാക്കണമെന്നാണ് വിദ്യാഭ്യാസ അവകാശനിയമത്തിലെ വ്യവസ്ഥ.

ഇപ്പോൾത്തന്നെ പലകാരണങ്ങളാൽ അധ്യയനം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ട്. കുട്ടികൾക്ക് പഠനമുറപ്പാക്കാൻ അവസരമൊരുക്കുകയെന്നതാണ് പ്രവൃത്തിദിനം കൂട്ടാൻ സർക്കാർ ഉന്നയിക്കുന്ന വാദം.

കുട്ടികൾക്ക് പഠനഭാരം കൂടുമെന്നാണ് അധ്യാപകസംഘടനകളുടെ എതിർവാദം. ഇത് വിദ്യാഭ്യാസനിലവാരത്തെ ബാധിക്കുമെന്ന ന്യായമാണ് ഉന്നയിക്കുന്നത്.

സമ്മർദ്ദവുമായി അധ്യാപകസംഘടനകൾ

ആഴ്ചയിലെ ആറുപ്രവൃത്തിദിനങ്ങൾ വിദ്യാർഥികൾക്ക് ശാരീരിക -മാനസിക സമ്മർദങ്ങൾക്കിടയാക്കുമെന്ന് കെ.എച്ച്.എസ്.ടി.യു. അഭിപ്രായപ്പെട്ടു. പുതിയ സിലബസോ പാഠപുസ്തകങ്ങളോ വരാത്ത സാഹചര്യത്തിൽ അധികപ്രവൃത്തിദിനങ്ങൾക്ക് അക്കാദമികതീരുമാനമാണ് വേണ്ടതെന്ന് കെ.എച്ച്.എസ്.ടി.യു. ജനറൽ സെക്രട്ടറി പാണക്കാട് അബ്ദുൾ ജലീൽ അവകാശപ്പെട്ടു.

തീരുമാനം ഏകാധിപത്യപരമാണെന്ന് എ.എച്ച്.എസ്.ടി.എ. ജനറൽ സെക്രട്ടറി എസ്. മനോജ് പറഞ്ഞു. എൻ.എസ്.എസ്., എൻ.സി.സി. തുടങ്ങിയവയൊക്കെ നടക്കുന്നത് ശനിയാഴ്ചയാണ്. പുതിയക്രമീകരണത്തിൽ ഇതൊക്കെ താളംതെറ്റുമെന്ന ന്യായമാണ് ഉന്നയിച്ചത്.

പാഠഭാഗങ്ങൾ തീർക്കാൻ മതിയായ സമയം നിലവിലുണ്ടെന്നിരിക്കേ, ശനിയാഴ്ച അധികപ്രവൃത്തിദിനമാക്കേണ്ട ആവശ്യമില്ലെന്ന് എച്ച്.എസ്.എസ്.ടി.എ. ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് അഭിപ്രായപ്പെട്ടു.

അരിക്കൊമ്പൻ നഗരത്തിൽ, തമിഴ്നാട്ടിൽ പരിഭ്രാന്തി

കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പനെ മയക്ക് വെടി വെക്കാൻ ഒരുങ്ങി തമിഴ്നാട് വനം വകുപ്പ്. ഇതിന് മുന്നോടിയായി ആനയെ ആകാശത്തേക്ക് വെടിവെച്ച് തുരത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചു. ഇത്തവണ നഗര പരിധിയിലേക്ക് ഇറങ്ങിയാണ് കൊമ്പൻ്റെ പരാക്രമണം. അഞ്ച് വാഹനങ്ങൾ തകർത്ത് മുന്നേറുകയാണ്. ഭയന്നോടിയ ഒരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്.

മുൻപ് ജനവാസ മേഖലയിൽ അരിക്കൊമ്പൻ ഇറങ്ങിയിരുന്നെങ്കിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നില്ല. എന്നാൽ ആയിരക്കണക്കിനാളുകൾ താമസിക്കുന്ന, മുനിസിപ്പാലിറ്റിയായ കമ്പം മേഖല പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ്. ഇവിടേക്ക് ആന എത്തുന്നത് വലിയ അപകടങ്ങൾക്ക് ഇടയാക്കും. ജനരോഷം ശക്തമാവുന്ന സാഹചര്യമാണ് തമിഴ്നാട്ടിൽ.

കമ്പം ടൗണിൽ വന്യമൃഗങ്ങൾ ഇറങ്ങുന്ന പതിവില്ല. കേരളത്തിലും തമിഴ്നാട്ടിലും വൻ വാർത്താ പ്രാധാന്യം നേടിയ അരിക്കൊമ്പൻ ടൗണിലെത്തിയതറിഞ്ഞ് കാഴ്ചക്കാർ കൂടുന്നതും വെല്ലുവിളിയാവുകയാണ്. കമ്പത്ത് പുളിമരങ്ങൾക്കിടയിൽ ഒളിച്ചിരിക്കുകയാണ് ആന ഇപ്പോൾ. തമിഴ്നാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനയെ സർക്കാർ മയക്കുവെടി വെച്ച് കുങ്കിയാനയാക്കുന്നതാണ് പതിവ്.

വനം വകുപ്പ് അധികൃതർ തോക്കുമായി കമ്പത്ത് എത്തി. ആകാശത്തേക്ക് വെടിവെച്ച് ആനയെ തുരത്താൻ ശ്രമിച്ചു. ആന കൂടുതൽ പരിഭ്രാന്തി സൃഷ്ടിക്കുകയാണെങ്കിൽ മയക്കുവെടി വെക്കുമെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് കമ്പത്തെ ജനവാസ മേഖലയിൽ ആന എത്തിയത്. ലോവർ ക്യാമ്പിൽ നിന്നും വനാതിർത്തിയിലൂടെ ഇവിടെ എത്തിയെന്നാണ് നിഗമനം. തമിഴ്നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ഇന്നലെ രാത്രി ആനയുണ്ടായിരുന്നത്. രാവിലെ ആനയുടെ സിഗ്നൽ നഷ്ടമായതോടെ വനം വകുപ്പ് നടത്തിയ തിരച്ചിൽ നടത്തിയിരുന്നു. ആന കമ്പത്ത് ജനവാസ മേഖലയിൽ എത്തിയെന്ന് വ്യക്തമായത്.

ഉത്തർ പ്രദേശിൽ ഏറ്റുമുട്ടൽ കൊലപാതകത്തിൽ കൊല്ലപ്പെട്ടത് 186 പേർ, മാസത്തിൽ 60 പേർ പൊലീസ് സേനയുടെ തോക്കിനിരയാവുന്നു

ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റതിനു ശേഷം ഇതുവരെ 186 ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നതായി റിപ്പോർട്ട്. 2017 മുതലുള്ള പൊലീസ് എൻകൗണ്ടറുകളുടെ കണക്കുകൾ ദി ഇന്ത്യൻ എക്സ്പ്രസ്സാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓരോ പതിനഞ്ച് ദിവസത്തിലും ഒരാളെങ്കിലും പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.’അപരാധ മുക്ത് ഉത്തർപ്രദേശ്’ എന്ന മുദ്രാവാക്യത്തിന് കീഴിലാണ് പൊലീസ് രാജ് നിയന്ത്രിക്കുന്നത്

186 പേരെയാണ് നീതിന്യായ സംവിധാനത്തിനു കീഴിൽ കൊണ്ടുവരാതെ പൊലീസ് ഏറ്റുമുട്ടലുകളിലൂടെ കൊല ചെയ്തത്. 5,000ത്തിലധികം പേരുടെ കാലുകളിൽ വെടിവെച്ച് വീഴ്ത്തി. ഏറ്റുമുട്ടലുകളിൽ 16 പൊലീസ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടമായി. 1,443 പൊലീസുകാർക്ക് പരുക്കേറ്റു. 2017നു ശേഷം യുപിയിലെ സ്ഥിതി ഇതാണെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.2018ലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നത്.

41 പേർ ആ വർഷം കൊല ചെയ്യപ്പെട്ടു. ഓരോ പതിനഞ്ച് ദിവസത്തിനിടയിലും 30 പേർക്കെങ്കിലും പൊലീസിൽ നിന്ന് വെടിയേൽക്കുന്നുണ്ട്. കൊല്ലപ്പെട്ട 186 പേരിൽ 96 പേർ കൊലപാതകക്കുറ്റത്തിന് നിയമനടപടികൾ നേരിടുന്നവരാണ്. ഇവരിൽ രണ്ടുപേര്‍ ബലാൽസംഗം, കൂട്ടബലാൽസംഗം, പോക്സോ തുടങ്ങിയ കേസുകളും നേരിടുന്നുണ്ട്. ഏറ്റുമുട്ടൽ സംഭവങ്ങളിൽ മരണം നടന്നിട്ടുണ്ടെങ്കിൽ മജിസ്ട്രേറ്റ് അന്വേഷണം നിർബന്ധമാണ്. 161 കേസുകളിൽ മജിസ്ട്രേറ്റ് അന്വേഷണം പൂർത്തിയായിട്ടുണ്ട്.

ഇതിലൊന്നുംതന്നെ പൊലീസിനെതിരായ പരാമർശം ഒ!രിക്കൽപ്പോലും വന്നിട്ടില്ല. ഒരു കേസിൽപ്പോലും അന്വേഷകർക്ക് സംശയങ്ങളൊന്നുമുണ്ടായിട്ടില്ല. 186 ഏറ്റുമുട്ടൽ കൊലപാതകക്കേസുകളിൽ 156 എണ്ണത്തിലും പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയുണ്ടായതായും ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനോ കൊടും കുറ്റവാളികളെ ഒതുക്കുന്നതിനോ വേണ്ടിയുള്ള ഞങ്ങളുടെ തന്ത്രത്തിന്റെ ഭാഗമല്ല പൊലീസ് ഏറ്റുമുട്ടലുകളെന്നാണ് ഈ കണ്ടെത്തലുകളെക്കുറിച്ച് ചോദിച്ചപ്പോൾ യുപി പൊലീസിലെ ക്രൈം ആൻഡ് ലോ ആൻഡ് ഓർഡർ സ്പെഷ്യൽ ഡിജി പ്രശാന്ത് കുമാർ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്.

ഏറ്റുമുട്ടൽ മരണങ്ങളിൽ ഭൂരിഭാഗവും ഫലപ്രദമായും ചോദ്യം ചെയ്യപ്പെടാതെയും വെല്ലുവിളികളില്ലാതെയും നടക്കുന്നതായി രേഖകൾ കാണിക്കുന്നു. പൊലീസ് ഏറ്റുമുട്ടലിനെ തുടർന്നുണ്ടാകുന്ന മരണങ്ങളിൽ മജിസ്ട്രേറ്റ് തല അന്വേഷണം നിർബന്ധമാണ്. എന്നാൽ, 161 കേസുകൾ ആരുടെയും എതിർപ്പുകളില്ലാതെ തീർപ്പാക്കിയതായി രേഖകൾ കാണിക്കുന്നു.

ഒരു മജിസ്‌ട്രേറ്റ് അന്വേഷണത്തിൽ, ഏറ്റുമുട്ടലിൽ ഏർപ്പെട്ട പൊലീസുകാരുടെയും മൊഴി നൽകാൻ ആഗ്രഹിക്കുന്ന മറ്റ് ആളുകളുടെയും മൊഴി രേഖപ്പെടുത്തുകയും കണ്ടെത്തലുകളുടെ റിപ്പോർട്ട് മജിസ്ട്രേറ്റിനു മുന്നിൽ സമർപ്പിക്കുകയും വേണം. എന്നാൽ, ഈ 161 കേസുകളിൽ ഒന്നിന്റെയും (25 ഇപ്പോഴും കെട്ടിക്കിടക്കുന്നു), മജിസ്‌ട്രേറ്റ് അന്വേഷണ റിപ്പോർട്ടിൽ പ്രതികൂലമായ അഭിപ്രായങ്ങളൊന്നും പരാമർശിച്ചിട്ടില്ല.

പൊലീസ് കൊലപ്പെടുത്തിയ കുറ്റവാളി (കൾ)ക്കെതിരെ കേസ് ഫയൽ ചെയ്യുന്നതും കോടതിയിൽ ഒരു ക്ലോഷർ റിപ്പോർട്ട് സമർപ്പിക്കുന്നതുമാണ് ഓരോ ഏറ്റുമുട്ടലിനുശേഷമുള്ള മറ്റൊരു നടപടിക്രമം. 186 ഏറ്റുമുട്ടലുകളിൽ 156 എണ്ണത്തിലും പൊലീസ് ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. ഇതുവരെ 141 കേസുകളിൽ ഇവ അതാത് കോടതികൾ സ്വീകരിച്ചു; 15 എണ്ണം കെട്ടിക്കിടക്കുന്നു. ബാക്കിയുള്ള 30 കേസുകളിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

മീററ്റ് സോണിനു കീഴിലുള്ള ജില്ലകളിൽവച്ചാണ് ഇവരിൽ മൂന്നിലൊന്ന് അല്ലെങ്കിൽ 65 കുറ്റവാളികൾ പൊലീസിനാൽ വെടിയേറ്റ് കൊല്ലപ്പെട്ടതെന്ന് ഏറ്റുമുട്ടൽ ഡാറ്റകളുടെ സൂക്ഷ്മപരിശോധന കാണിക്കുന്നു. വാരണാസിയിൽവച്ച് 20 പേരും ആഗ്രയിൽവച്ച് 14 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. 2017 മാർച്ചിനും 2023 ഏപ്രിലിനും ഇടയിൽ ഏറ്റുമുട്ടലിൽ 5,046 കുറ്റവാളികളുടെ കാലുകളിൽ വെടിയേറ്റിട്ടുണ്ടെന്നാണ് ‘ഓപ്പറേഷൻ ലാങ്ഡ’യുടെ (കുറ്റവാളിയുടെ കാലിൽ വെടിവച്ച് പരിക്കേൽപ്പിക്കുക) രേഖകൾ കാണിക്കുന്നത്. ഇതിലും മീററ്റ് സോൺ പട്ടികയിൽ ഒന്നാമതെത്തി, 1,752 പ്രതികൾക്കാണ് പൊലീസ് വെടിവയ്പിൽ പരുക്കേറ്റത്.

എന്തുകൊണ്ടാണ് മീററ്റ് ഈ ലിസ്റ്റുകളിൽ ആധിപത്യം സ്ഥാപിച്ചതെന്ന് ചോദിച്ചപ്പോൾ, പടിഞ്ഞാറൻ യുപി പരമ്പരാഗതമായി കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലമാണെന്നാണ് യുപി പൊലീസിലെ ക്രൈം ആൻഡ് ലോ ആൻഡ് ഓർഡർ സ്പെഷ്യൽ ഡിജി പ്രശാന്ത് കുമാർ ദി ഇന്ത്യൻ എക്സ്പ്രസ് അഭിമുഖത്തിൽ പറഞ്ഞത്.

വായ്പാ തുകയിലും കടും വെട്ട്, കേന്ദ്ര നടപടി കേരളത്തെ ഞെരുക്കാനെന്ന് ധനമന്ത്രി

 കേരളത്തിന് എടുക്കാവുന്ന വായ്പാ പരിധി വീണ്ടും വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് എതിരെ ധന മന്ത്രി കെ എൻ ബാലഗോപാൽ. 8,000 കോടി രൂപയാണ് വെട്ടിക്കുറച്ചത്. ഇതോടെ സംസ്ഥാനത്തിന് ഈ വര്‍ഷം 15,390 കോടി രൂപ മാത്രമേ വായ്പ എടുക്കാന്‍ സാധിക്കൂ.

നടപ്പു വര്‍ഷം 32442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി സാമ്പത്തിക വര്‍ഷാരംഭത്തില്‍ കേന്ദ്രം നല്‍കിയിരുന്നതാണ്. എന്നാല്‍ 15390 കോടി രൂപയുടെ അനുമതി മാത്രമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗ്രാന്റിനത്തില്‍ 10000 കോടിയുടെ വെട്ടിക്കുറവ് ഈ വര്‍ഷം വരുത്തിയതിന് പുറമെയാണ് കടും വെട്ട്. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ വഴിയിലും ശ്വാസം മുട്ടിക്കുക എന്നതായി മാറിയിരിക്കുന്നു കേന്ദ്രത്തിന്റെ സമീപനം.
കുറച്ചുനാളുകളായി കേരളത്തിനുള്ള ഗ്രാന്റുകളും വായ്പകളും നിഷേധിക്കുകയും വെട്ടിക്കുറക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

ഇത് കേരളത്തിലെ ജനങ്ങള്‍ക്കെതിരായുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്തിന്റെ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ജനങ്ങളാകെ ഒരുമിച്ച് നിന്ന് ഈ തെറ്റായ നടപടിക്കെതിരെ ശബ്ദമുയര്‍ത്തേണ്ടതുണ്ട്. രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവെച്ച് സംസ്ഥാനത്തിന്റെ ഉത്തമ താല്‍പര്യം സംരക്ഷിക്കാനായി എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിഷേധിക്കേണ്ട സന്ദര്‍ഭമാണിതെന്നും ധനമന്ത്രി ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

രാഷ്ട്രപതിയെ ഒഴിവാക്കിയത് എന്തിന് ?പാർലമെൻ്റ് മന്ദിരം ഉദ്ഘാടനം ബഹിഷ്കരിച്ച് പ്രതിഷേധവുമായി പ്രതിപക്ഷം

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന്‍റെ പശ്ചാത്തലത്തില്‍ ഡൽഹിയിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ. ന്യു ഡൽഹി ജില്ലയെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. വാഹനങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ അഞ്ചര മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. രാഷ്ട്രപതി ഭവന്‍റെ നാല് കിലോമീറ്റർ ചുറ്റളവിലും നിയന്ത്രിത പ്രദേശമായി പ്രഖ്യാപിച്ചു. ഗുസ്തി താരങ്ങളുടെ സമരം കൂടി കണക്കിലെടുത്താണ് കടുത്ത നിയന്ത്രണം കൊണ്ട് വന്നിരിക്കുന്നത്. ഇതോടൊപ്പം കർഷകരും അണിചേരും.

പുതിയ പാർലമെന്റ് ഉല്ഘാടനം ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കോൺ​ഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കുകയാണ്. കൂടാതെ, ഗുസ്തി താരങ്ങളുടെ സമരവും ശക്തമായി തുടരുകയാണ്. ഗുസ്തി താരങ്ങളുടെ സമരം ദില്ലിയിലെ ജന്തർ മന്തറിലാണ്. കടുത്ത വെല്ലുവിളിയാണ് അവർ കേന്ദ്ര സർക്കാരിന് മുന്നിൽ വെച്ചിരിക്കുന്നത്.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കർഷക സംഘടനകൾ രം​ഗത്തെത്തിയിരുന്നു. ഈ മാസം 28ന് ദില്ലിയുടെ അതിർത്തികളിൽ നിന്ന് മാർച്ച് നടത്താനുള്ള തീരുമാനത്തിലാണ് കർഷകർ. മാർച്ച് സമാധാനപരമായിരിക്കുമെന്നും കർഷകർ അറിയിച്ചു. തിക്രി, ഗാസിപ്പൂർ, സിംഘു എന്നിവിടങ്ങളിൽ കർഷകർ എത്തും. പതിനൊന്നരയ്ക്ക് ജന്തർമന്തറിൽ നിന്ന് പുതിയ പാർലമെന്‍റിലേക്ക് മാർച്ച് നടത്തും. ഇതോടൊപ്പം മൂന്ന് അതിർത്തികളിൽ നിന്നും ദില്ലിക്ക് അകത്തേക്ക് മാർച്ച് നടത്തും.

ബ്രിജ് ഭൂഷനെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നത് തത്സമയം സംപ്രേഷണം ചെയ്യണമെന്ന് ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടു. പരാതിക്കാരായ താരങ്ങളും നുണ പരിശോധനയ്ക്ക് വിധേയരാകാൻ തയ്യാറാണെന്ന് ഇവർ തുറന്നടിച്ചത് കേന്ദ്രത്തെ പ്രതിരോധത്തിലാക്കി. ഒരാഴ്ചയ്ക്കുള്ളിൽ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പാർലമെന്റ് വളയാനാണ് തീരുമാനമെന്നും ​ഗുസ്തി താരങ്ങൾ വ്യക്തമാക്കിയിരിക്കയാണ്.

വ്യാപാരിയെ വെട്ടിനുറുക്കി ചുരത്തിൽ തള്ളിയതിൽ ദുരൂഹത, പ്രതികളിൽ 18 കാരിയും

വ്യാപാരിയെ കൊലപ്പെടുത്തി വെട്ടി നുറുക്കി ചുരത്തിൽ തള്ളിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. മൃതദേഹവും കൊലപാതകം നടന്ന സ്ഥലവും കണ്ടെത്തുകയും പ്രതികൾ അറസ്റ്റിലാവുകയും ചെയ്തു. എങ്കിലും ഇതിനു പിന്നിലെ പ്രേരണയും ബന്ധങ്ങളും ദുരൂഹമായി തുടരുകയാണ്. ഒരു പതിനെട്ട് കാരിയും 22 കാരനും പ്രതിയായി ചേർക്കപ്പെട്ടിരിക്കയാണ്.

അട്ടപ്പാടി ഒമ്പതാം വളവിലാണ് തിരൂർ സ്വദേശിയായ വ്യാപാരി സിദ്ദിഖിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വച്ചാണ് കൊലപാതകം നടന്നത്. വെട്ടി നുറുക്കി കഷണങ്ങളാക്കി പെട്ടിയിലാക്കിയാണ് മൃതദേഹം ഉപേക്ഷിച്ചത്. 

ഹോട്ടൽ മുറിയിൽ സിദ്ദിഖിന്റെ പേരിൽ രണ്ട് മുറിയെടുത്തിരുന്നു. സിദ്ദിഖിനെ കാണാതായതിന് പിന്നാലെ ബന്ധുക്കൾ പൊലീസിന് പരാതി നൽകിയിരുന്നു. ഇതിനിടെ സിദ്ദിഖിന്റെ അക്കൗണ്ട് വഴി പണമിടപാട് നടന്നു. എടിഎം വഴി പണം പിൻവലിക്കുകയും ​ഗൂ​ഗിൾ പേ വഴി പണം ട്രാൻസ്ഫർ ചെയ്യുകയും ചെയ്തിരുന്നുവെന്ന് മകൻ പറയുന്നു.

സംഭവത്തിൽ നാല് പേരെയാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഷിബിലി, സുഹൃത്ത് ഫർഹാന, ഫർഹാനയുടെ സഹോദരൻ ഷുക്കൂർ, ആഷിഖ് എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട സിദ്ധിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി. സിദ്ദിഖ് അവസാനം ഹോട്ടലിൽ എത്തിയത് വ്യാഴാഴ്ചയാണ്.

പ്രതി ഷിബിലി ഹോട്ടലിൽ ജോലിക്ക് എത്തിയത് 15 ദിവസം മുമ്പ് മാത്രമാണ്. പെരുമാറ്റ ദൂഷ്യം കൊണ്ട് ഇയാളെ ജോലിയിൽനിന്ന്  കണക്കുകൾ തീർത്തു പറഞ്ഞുവിട്ടു എന്ന് സഹപ്രവർത്തകൻ യൂസഫ് വ്യക്തമാക്കിയിട്ടുണ്ട്. ഷിബിലി മടങ്ങിയതിന് പിന്നാലെ സിദ്ധിഖും കടയിൽ എത്തിയില്ല.

ചെർപ്പുളശ്ശേരി വല്ലപ്പുഴ സ്വദേശിയാണ് ഷിബിലി. സംഭവത്തിൽ ഷുക്കൂറിനെ ചളവറയിലെ വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തു. ആഷിക് കൊലപാതകം നടക്കുമ്പോൾ മുറിയിലുണ്ടായിരുന്നു. വ്യാഴാഴ്ച വൈകീട്ട് മുതൽ സിദ്ദിഖിന്റെ ഫോൺ സ്വിച്ച് ഓഫ് ആയി. വീട്ടിൽ നിന്നും പോയ വ്യാഴം രാത്രി ആണ് ഫോൺ സ്വിച് ഓഫ്‌ ആയത്. പണം പിൻവലിച്ചത് അങ്ങാടിപ്പുറം പെരിന്തൽമണ്ണ ഭാഗങ്ങളിലെ രണ്ട് എടിഎമ്മിൽ നിന്നാണ്. അന്ന് തന്നെയാണ് ഫോണിൽ നിന്ന് ഗൂഗിൾ പെ ഇടപാടും നടന്നത്. രണ്ട് ലക്ഷത്തോളം രൂപയാണ് പിൻവലിച്ചിട്ടുള്ളത്. ഈ തുകയ്ക്ക് മാത്രമായാണോ കൊലപാതകം എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്.

എൻഫോഴ്സമെൻ്റ് ജയിലിലാക്കിയ ഡൽഹി മുൻ മന്ത്രിക്ക് ഇടക്കാല ജാമ്യം

ഇ ഡി കേസിൽ ജയിലിൽ അട്ക്കപ്പെട്ട ഡൽഹി മുൻ മന്ത്രി സത്യേന്ദ്ര ജയിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂലൈ 11ന് വരെയാണ് ജാമ്യം. ആറ് ആഴ്ച്ച ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയെ സമീപിക്കാം. ഡൽഹി സംസ്ഥാനം വിട്ടു പോകാൻ പാടില്ല. മാധ്യമങ്ങളെ കാണാനോ അഭിമുഖം നൽകാനോ പാടില്ല തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകൾ. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് ജാമ്യം. ജയിലിലായി ഒരു വർഷത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്. 

കഴിഞ്ഞ മെയ് 30 തിനാണ് അരവിന്ദ് കെജ്രിവാൾ മന്ത്രി സഭയിലെ ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ അറസ്റ്റിലായത്. 2015-16 കാലയളവില്‍ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നായിരുന്നു ഇ ഡിയുടെ കേസ്.

പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രത്തിൽ പറഞ്ഞു. ഏപ്രിലില്‍ ഇദ്ദേഹത്തിൻ്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.ബിജെപി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതായുള്ള ആരോപണങ്ങൾക്ക് തുടർച്ചയായിരുന്നു അറസ്റ്റ്. ഇത്തരത്തിൽ മറ്റ് മന്ത്രിമാരെയും കുടുക്കാൻ സാധ്യതയുണ്ടെന്നാണ് ആംആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളും ആരോപിക്കുന്നത്. 

റസാഖ് പയമ്പ്രോട്ടിനെ പഞ്ചായത്ത് ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകനും കൊണ്ടോട്ടി മോയിൻ കുട്ടി വൈദ്യർ സ്മാരക അക്കാദമി മുൻ സെക്രട്ടറിയുമായ റസാഖ് പയമ്പ്രോട്ട് അന്തരിച്ചു. പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുലർച്ചെ അടുത്തുള്ള ആലുങ്ങൽ ബസാറിൽ ഇദ്ദേഹത്തെ കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു.

വീടിനടുത്തുള്ള പ്ലാസ്റ്റിക് ബോട്ടിൽ റീസൈക്ലിങ് പ്ലാൻ്റിനെതിരെ പ്രക്ഷോഭത്തിലായിരുന്നു. ഇതു സംബന്ധിച്ച ഫയലുകൾ കഴുത്തിൽ സഞ്ചിയിലാക്കി തൂക്കിയ നിലയിലായിരുന്നു മൃതദേഹം. ഇടതു പക്ഷം ഭരിക്കുന്ന പഞ്ചായത്തിൻ്റെ ഓഫീസ് വരാന്തയിലായിരുന്നു തൂങ്ങി മരിച്ചത്.

അടുത്ത കാലത്തായി രാഷ്ട്രീയമായും മറ്റുമുള്ള ഒറ്റപ്പെടലിൽ ദുഖിതനായിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു. എഴുത്തും പത്രപ്രവർത്തനവും പ്രഭാഷണവുമായി സാമൂഹിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. വര എന്ന പേരിൽ വാർത്താ പത്രം പുറത്തിറക്കിയിരുന്നു. കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന പത്രവും പുറത്തിറക്കിയിരുന്നു.

ഭാര്യ അടുത്തുള്ള വിദ്യാലയത്തിൽ അധ്യാപികയാണ്. സ്വന്തം പേരിലുള്ള സ്വത്തു വകകൾ എല്ലാം ഇ എം എസ് അക്കാദമിക്ക് ദാനം എഴുതിയിരുന്നു. മൃതദേഹം മെഡിക്കൽ കോളിജിന് കൈമാറണമെന്നും നിർദ്ദേശിച്ചിരുന്നു. തൻ്റെ പോരാട്ടങ്ങളിലും രാഷ്ട്രീയമായും ഒറ്റപ്പെട്ടതായുള്ള ചിന്തയിൽ ദുഖിതനായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു.

സഹോദരൻ്റെ വേർപാടും

വ്യാഴാഴ്ച രാത്രി പഞ്ചായത്ത് ഓഫിസെലെത്തി തൂങ്ങിമരിച്ചതാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കാരണം സഹോദരൻ ഏതാനും മാസം മുമ്പ് മരണപ്പെട്ടിരുന്നു. വീടിന് തൊട്ടടുത്തുള്ള മാലിന്യ സംസ്കരണ പ്ലാന്റിലെ പുക ശ്വസിച്ചതാണ് ആരോഗ്യം മോശമാകാൻ കാരണമെന്ന് റസാഖ് ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് നൽകിയ പരാതികൾ പഞ്ചായത്ത് അധികൃതർ അവഗണിക്കുകയാണെന്ന് പറഞ്ഞ് പലതവണ വാർത്ത സമ്മേളനം നടത്തിയിരുന്നു. പഞ്ചായത്തും മറുപടി വാർത്ത സമ്മേളനങ്ങൾ നടത്തി.