ചാറ്റ് ജിപിടി പണിമുടക്കി; ഉത്തരമില്ലാതെ ബ്ലാങ്ക് സ്ക്രീൻ

ചാറ്റ് ജിപിടിയും ഓപൺ എഐയും പണിമുടക്കി. പുലർച്ചെ മുതൽ പല ഉപയോക്താക്കൾക്കും സേവനം ലഭ്യമാകുന്നില്ല. ( chat gpt down ) അഗോള തലത്തിൽ തന്നെ ഇത് സംബന്ധിച്ച് പ്രതികരണങ്ങൾ വന്നു നിറഞ്ഞു

ചാറ്റ് ജിപിടിയിൽ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉത്തരം ലഭിക്കാതെ ടൈപ്പിംഗ് ചിഹ്നം മാത്രമാണ് കാണിക്കുന്നത്. ആദ്യം പലരും ഇന്റർനെറ്റ് പ്രശ്‌നമാകുമെന്ന് കരുതിയെങ്കിലും എന്നാൽ പ്രശ്‌നം ചാറ്റ് ജിപിടിയുടേതാണെന്ന് മനസിലാവുകയായിരുന്നു.

ഡൗൺ ഡിടക്ടറും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേരാണ് ട്വിറ്ററിൽ സ്‌ക്രീൻ ഷോട്ട് പങ്കുവച്ച് രംഗത്തെത്തിയിരിക്കുന്നത്.

പ്ലസ് വൺ പ്രവേശനം; ജൂൺ 2 മുതൽ അപേക്ഷ സമർപ്പിക്കാം, ട്രയൽ അലോട്ട്മെൻ്റ് 13 ന്

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന തീയതി പ്രഖ്യാപിച്ചു. ഏകജാലകം വഴി ജൂണ്‍ 2 മുതല്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂണ്‍ 13 നാണ് ട്രയല്‍ അലോട്ട്‌മെൻ്റ്. ജൂണ്‍ 19ന് ആദ്യ അലോട്ട്‌മെൻ്റ് പ്രസിദ്ധപ്പെടുത്തും. ആദ്യ ഫേസിലെ അവസാന അലോട്ട്‌മെന്റ് ജൂലൈ ഒന്നിനും നടക്കും.

മുഖ്യഘട്ടത്തിലുള്‍പ്പെട്ട മൂന്ന് അലോട്ട്‌മെൻ്റ് വഴി ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനമുറപ്പാക്കി ജൂലൈ അഞ്ചിന് സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും.

മുഖ്യഘട്ടത്തിന് ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ ബാക്കി സീറ്റുകള്‍ നികത്തി ഓഗസ്റ്റ് നാലിനായിരിക്കും പ്രവേശന നടപടികള്‍ പൂർത്തീകരിക്കുക. പ്ലസ് ടു ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്

അധിക ബാച്ചുകൾ തുടരും

സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂളുകളിലെ 2023-24 വര്‍ഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് കഴിഞ്ഞ വർഷം അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരാനും മാർജിനൽ സീറ്റ് വർദ്ധനവിനും മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു.

2022-23 അധ്യയനവർഷം നിലനിർത്തിയ 18 സയൻസ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും 8 കോമേഴ്സ് ബാച്ചുകളും തുടരാനാണ് അനുമതി.

താല്ക്കാലികമായി അനുവദിച്ച 2 സയൻസ് ബാച്ചുകളും താല്കാലികമായി ഷിഫ്റ്റ് ചെയ്ത ഓരോ ഹ്യുമാനിറ്റീസ്, കോമേഴ്സ് ബാച്ചുകളും കണ്ണൂർ കെ കെ എൻ പരിയാരം സ്മാരക സ്കൂളിൽ താല്ക്കാലികമായി അനുവദിച്ച ഒരു കോമേഴ്സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉള്‍പ്പെടെയുള്ള 81 താല്‍ക്കാലിക ബാച്ചുകളാണ് തുടരുക.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ സർക്കാർ ഹയർസെക്കണ്ടറി സ്കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് ഹയർസെക്കണ്ടറി സ്കൂളുകളില്‍ 20 ശതമാനവും മാർജിനൽ സീറ്റ് വർദ്ധനവ് വരുത്തും.

ആവശ്യപ്പെടുന്ന എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും. കൊല്ലം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്കൂളുകളിലും 20 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് ഉണ്ടാകും.
എന്നാൽ ഇവയ്ക്ക് പകരം മലബാറിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ സ്ഥിര സംവിധാനം ഇനിയും ആയിട്ടില്ല.

മാർക്ക് മെച്ചപ്പെടുത്താനും ഗ്രേഡ് ഉയർത്താനും സേ/ ഇംപ്രൂവ്മെൻ്റ് പരീക്ഷകൾ; അറിയേണ്ട കാര്യങ്ങൾ

ഹയർസെക്കൻ്ററി പരീക്ഷ ഫലത്തിൽ ഏതെങ്കിലും വിഷയത്തിൽ തോറ്റവർക്കായി നടത്തുന്നതാണ് സേ പരീക്ഷ (Save A Year).ഏതെങ്കിലും ഒരു വിഷയത്തിൽ  മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഇപ്രൂവ്മെൻ്റ് പരീക്ഷ എഴുതാനും ഇതോടൊപ്പം അവസരമുണ്ട്. യോഗ്യത നേടാനാവാത്ത വിഷയത്തിൽ വീണ്ടും പരീക്ഷ എഴുതാം. കേരള സംസ്ഥാന ഹയർ സെക്കൻ്ററി വിദ്യാഭ്യാസ വകുപ്പിനാണ് പ്ലസ് ടു പരീക്ഷ (Kerala Plus two exam) നടത്തിപ്പ് ചുമതല. ഒന്നാം വർഷ ഹയർ സെക്കൻ്ററി പരീക്ഷ ജയിച്ച വിദ്യാർത്ഥികൾക്കായിരിക്കും രണ്ടാം വർഷ പരീക്ഷ എഴുതാൻ അർഹതയുള്ളത്.

ഗ്രേഡുകൾ

A+,A,B+,B,C+,C,D+,D എന്നിങ്ങനെ ഒൻപത് ഗ്രേഡുകളുടെ അടിസ്ഥാനത്തിലാണ് യോഗ്യത കണക്കാക്കുക. എല്ലാ വിഷയങ്ങളിലും മിനിമം ഗ്രേഡായ D+ നേടിയെങ്കിൽ മാത്രമേ ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗ്യത നേടുകയുള്ളൂ. Dയോ അതിന് താഴെയോ ഗ്രേഡ് വാങ്ങിയവർ സേ പരീക്ഷ (സേവ് എ ഇയർ) എഴുതേണ്ടതായി വരും

ചോ1: പ്ലസ് ടു പരീക്ഷ ഫലം അറിയാൻ എന്ത് ചെയ്യണം?.

ഉ1: ജനന തീയതി, രജിസ്റ്റർ നമ്പർ എന്നിവ നൽകിയാണ് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് വിദ്യാർത്ഥികൾ പരീക്ഷഫലം പരിശോധിക്കേണ്ടത്. അതിനായി പിന്തുടരേണ്ട നിർദ്ദേശങ്ങൾ വിശദമായി Embibeൽ നൽകിയിട്ടുണ്ട്. നിങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

ചോ2: പ്ലസ് ടു പരീക്ഷഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതുണ്ടോ? പിന്നീട് സർട്ടിഫിക്കറ്റ് ലഭിക്കില്ലേ?

ഉ2: പ്ലസ് ടു ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ സമയമെടുക്കുമെന്നതിനാൽ പരീക്ഷഫലം അറിയുമ്പോൾ തന്നെ തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്കായി അതിൻ്റെ ഹാര്‍ഡ് കോപ്പി സൂക്ഷിക്കുന്നത് നല്ലതായിരിക്കും. ഉയർ ക്ലാസുകളിലേക്കുള്ള അപേക്ഷകൾക്കും പ്രവേശന പരീക്ഷകൾക്കുമെല്ലാം പരീക്ഷഫലത്തിൻ്റെ കോപ്പി ആവശ്യമായി വരും.

ചോ3: സേ പരീക്ഷയെ കുറിച്ച് പറഞ്ഞു തരാമോ?

ഉ3: ഹയർസെക്കൻ്ററി പരീക്ഷ ഫലത്തിൽ ഏതെങ്കിലും വിഷയത്തിൽ തോറ്റവർക്കായി നടത്തുന്നതാണ് സേ പരീക്ഷ (Save A Year).ഏതെങ്കിലും ഒരു വിഷയത്തിൽ  മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഇപ്രൂവ്മെൻ്റ് പരീക്ഷ എഴുതാനും ഇതോടൊപ്പം അവസരമുണ്ട്. യോഗ്യത നേടാനാവാത്ത വിഷയത്തിൽ വീണ്ടും പരീക്ഷ എഴുതാൻ ഒരു വർഷം നഷ്ടപ്പെടുത്തേണ്ടതില്ല എന്നാണ് സേ പരീക്ഷയുടെ പ്രയോജനം

ചോ4: എസ്എംഎസിലൂടെ എങ്ങനെ പ്ലസ് ടു റിസൾട്ട് അറിയാനാകും?

ഉ4: 56263 എന്ന നമ്പറിൽ ടെക്സ്റ്റ് മെസ്സേജ് അയച്ചാണ് ഫലം കണ്ടെത്തേണ്ടത്. അതിനായി 56263 എന്ന നമ്പറിൽ “KERALA12<REGISTRATION NUMBER>” എന്ന ഫോർമാറ്റിൽ മെസ്സേജ് അയക്കുക. റിസൾട്ടുകൾ ഉടൻതന്നെ SMS ആയി ലഭിക്കും.

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു

പ്ലസ് ടു 2022-2023 പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. 82.95 ശതമാനമാണ് വിജയം. മുൻ വർഷത്തെ അപേക്ഷിച്ച് 0.92 ശതമാനം കുറവാണ്. കഴിഞ്ഞ വർഷം 83.87 ശതമാനം ആയിരുന്നു

78.39 ആണ് VHSE വിജയശതമാനം.

പരീക്ഷാഫലം വൈകീട്ട് 04.00 മണി മുതല്‍ വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ലഭ്യമാകും

മലപ്പുറവും എറണാകുളവും മുന്നിൽ

സംസ്ഥാനത്തെ 77 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 33,815 വിദ്യാര്‍ഥികളാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ ഫുള്‍ എപ്ലസ്. എറണാകുളമാണ് വിജയശതമാനം കൂടിയ ജില്ല 87.55%. കുറവ് പത്തനംതിട്ട ജില്ല 76.59%.

റെഗുലര്‍ വിഭാഗം

  • ആകെ കുട്ടികള്‍ 3,76,135
  • ആണ്‍കുട്ടികള്‍ – 1,81,624
  • പെണ്‍കുട്ടികള്‍ – 1,94,511
  • ഉപരിപഠനത്തിന് യോഗ്യത നേടിയത്- 3,12,005

വിജയശതമാനം വിഷയം തിരിച്ച് (റെഗുലര്‍ വിഭാഗം)

  • സയന്‍സ് – 87.31 (ആകെ കുട്ടികള്‍ – 1,93,544 -വിജയിച്ചത് – 1,68,975)
  • കൊമേഴസ് -82.75 (ആകെ കുട്ടികള്‍ – 1,08,109- വിജയിച്ചത് – 89,455)
  • ഹ്യൂമാനിറ്റീസ് -71.93 (ആകെ കുട്ടികള്‍ – 74,482- വിജയിച്ചത് – 53,575)

2028 സ്‌കൂളുകളിലായി റെഗുലര്‍ വിഭാഗത്തില്‍ ആകെ 3,76,135 വിദ്യാര്‍ഥികളാണ് (ആണ്‍കുട്ടികള്‍- 2,18,057, പെണ്‍കുട്ടികള്‍-2,14,379) പരീക്ഷയെഴുതിയത്. 3,12,005 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ – വിഭാഗം തിരിച്ച്;

  • സയന്‍സ് 1,93,544
  • കൊമേഴസ് 1,08,109
  • ഹ്യൂമാനിറ്റീസ് 74,482
  • ടെക്‌നിക്കല്‍ 1,753
  • ആര്‍ട്‌സ് -64
  • സ്‌കോള്‍ കേരള 34,786
  • പ്രൈവറ്റ് കംപാര്‍ട്ട്‌മെന്റില്‍ 19,698

PRD Live, SAPHALAM 2023, iExaMS-Kerala ആപ്പുകളിലും ഫലം അറിയാം

2021ൽ കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ ജൂലൈ 28 നായിരുന്നു ഫലം പ്രഖ്യാപിച്ചത്. വിജയശതമാനം 87.94 ശതമാനമായിരുന്നു. അതേസമയം 2020ൽ 85.13 ശതമാനമായിരുന്നു വിജയശതമാനം. പ്ലസ് ടുവിന് 83.87 ശതമാനമാണ് വിജയം. മുൻ വർഷം ഇത് 87.94 %  ആയിരുന്നു. വിഎച്ച്എസ്ഇക്ക് 78.26 ശതമാനമാണ് വിജയം.

കേരളത്തിൽ ഇത്തവണ സാധാരണയിൽ കവിഞ്ഞ മഴയുണ്ടാവും, ആഗോള ഏജൻസികളുടെ മുന്നറിയിപ്പ്

കേരളത്തിൽ ഇത്തവണ കാലവർഷം കനത്തതാവുമെന്ന് പ്രവചനം. ആഗോള കാലാവസ്ഥ ഏജൻസികളുടെ പഠന റിപ്പോർട്ടിലാണ് നിരീക്ഷണം ഉള്ളത്. ഏഷ്യൻ, അമേരിക്കൻ, യൂറോപ്യൻ കാലാവസ്ഥ ഏജൻസികളുടെ ഏപ്രിൽ – മെയ് മാസങ്ങളിലെ മോഡൽ പ്രകാരം കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചനം.

എന്നാൽ മധ്യ- തെക്കൻ കേരളത്തിൽ സാധാരണയിൽ കൂടുതലും, വടക്കൻ കേരളത്തിൽ സാധാരണയിൽ കുറഞ്ഞ മഴയുമാണ് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇതോടൊപ്പം സൗത്ത് ഏഷ്യൻ ക്ലൈമറ്റ് ഔട്ട്‌ലുക്ക് ഫോറം പ്രവചിക്കുന്നത് കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴയാണ്. അമേരിക്കൻ ഏജൻസിയായ ക്ലൈമറ്റ് പ്രെഡിക്ഷൻ സെന്ററും യൂറേപ്യൻ ഏജൻസികളായ ഇസിഎംഡബ്ല്യുഎഫും സിഎസ്3യും കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ പ്രവചിക്കുന്നു.

ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിൽ സാധാരണയിൽ കുറവും, കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴയും ,തെക്ക് പടിഞ്ഞാറൻ മൺസൂണിൽ ലഭിക്കുമെന്നാണ് ലോക കാലാവസ്ഥ സംഘടനയുടെ പ്രവചനം.

കാലവർഷം ആരംഭിച്ചതിന് ശേഷമുണ്ടാകുന്ന ന്യൂനമർദം പോലുള്ള കാലാവസ്ഥ പ്രതിഭാസങ്ങൾ മഴയുടെ തോത് വർധിപ്പിക്കുന്നാവും എന്നും നിരീക്ഷിക്കുന്നു.

എ ഐ ക്യാമറയുടെ വിലയെത്ര ? കെൽട്രോണിൻ്റെ മൌനത്തിൽ അഴിമതിയെന്ന് ചെന്നിത്തല

എ.ഐ ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശം വഴിയുള്ള ചോദ്യത്തിന് വെളിപ്പെടുത്താനവില്ലെന്ന കെല്‍ട്രോണിന്റെ മറുപടി അഴിമതി മൂടി വയ്ക്കുന്നതിനുള്ളതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെല്‍ട്രോണ്‍ എന്ന പൊതു മേഖലാ സ്ഥാപനത്തിന് യോജിക്കാത്തതും അസംബന്ധവുമായ പ്രതികരണമാണിത്. കെൽട്രോണിൻ്റെ വിശ്വാസ്വത തന്ന പൂർണ്ണമായും നഷ്ടപ്പെടുത്തുന്നതാണ് മറുപടിയാണിതെന്നും ചെന്നിത്തല ആരോപിച്ചു.

രമേശ് ചെന്നിത്തലയുടെ വാക്കുകൾ:
കെല്‍ട്രോണ്‍ ആര്‍ക്ക് വേണ്ടിയാണ് പണിയെടുക്കുന്നത്? കുത്തക കമ്പനിയുടെ കൊള്ളക്ക് കൂട്ട് നില്‍ക്കുന്ന കെല്‍ട്രോണ്‍ സാധാരണക്കാരന്റെ വീഴ്ചകള്‍ വിറ്റ് കാശാക്കാന്‍ നോക്കുകയാണ്. ക്യാമറയുടെ വില വെളിപ്പെടുത്തിയാല്‍ ആരുടെ ട്രേഡ് സീക്രട്ട് ആണ് നഷ്ടപ്പെടുന്നത്? ജനങ്ങളെ കൊള്ളയടിക്കാന്‍ കൂട്ട് നില്‍ക്കുന്ന കെല്‍ട്രോണിന്റെയും സര്‍ക്കാരിന്റെയും മുഖമാണിവിടെ വികൃതമായിരിക്കുന്നത്. കെല്‍ട്രോണ്‍ ചെയര്‍മാന്‍ നാരായണമൂര്‍ത്തി പറഞ്ഞത് ഒരു ക്യാമറയുടെ വില ഒന്‍പത് ലക്ഷമാണെന്നാണ്.

ഒരു ലക്ഷം പോലും വിലവരാത്ത ക്യാമറയാണെന്ന് മാലോകര്‍ക്കെല്ലാം മനസ്റ്റിലായിട്ടും കെല്‍ട്രോണ്‍ ളപ്പോഴും കള്ളക്കളി തുടരുകയാണ്. ആദ്യം ഒരു തവണ തന്‍ ഉന്നയിച്ച ആരോപണം ചോദ്യം ചെയ്ത നാരായണമൂര്‍ത്തി രേഖകള്‍ സഹിതം മുപടി നല്‍കിയിട്ട് പിന്നീട് ഇത് വരെ വായ് തുറന്നിട്ടില്ല. ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നു ഇനിയും ഈ തീവെട്ടി കൊള്ളക്ക് കൂട്ട് നില്‍ക്കുകയാണെങ്കില്‍ ശിവശങ്കറിന്റെ ഗതി തന്നെയായിരിക്കും അദ്ദേഹത്തിന് വരിക.

സ്‌കൂള്‍ തുറക്കുന്ന ആഴ്ചയില്‍ തന്നെ വിവാദക്യാമറ ഉപയോഗിച്ച് ചാകര കൊയ്യാനുള്ള പുറപ്പാടിലാണ് സര്‍ക്കാരെങ്കില്‍ ശക്തമായി തന്നെ നേരിടും. സര്‍ക്കാരിന്റെ നീക്കത്തെ ആശങ്കയോടെയാണ് ജനം കാന്നുന്നത്. സ്‌കൂള്‍ തുറക്കാറായിട്ടും റോഡിലെ കുണ്ടും കുഴിയും ദിവസേന കൂടുമ്പോഴും യാത്രക്കാര്‍ക്ക് സുരക്ഷിത യാത്രയൊരുക്കാതെ ജനങ്ങളെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍.

മയക്കു മരുന്ന് വലയിൽ പൊലീസ് ഓഫീസർമാരുടെ മക്കളും; വെളിപ്പെടുത്തലുമായി സിറ്റി കമ്മീഷണർ

പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾ ഉൾപ്പെടെ ലഹരിമാഫിയയുടെ വലയിൽ കുരുങ്ങിയതായി കണ്ടെത്തിയ വിവരം തുറന്ന് പറഞ്ഞ് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കെ സേതുരാമൻ. സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിക്കുന്നതിന്റെ ആശങ്ക പങ്കുവച്ചാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ തുറന്ന് പറച്ചില്‍ വെളിപ്പെടുത്തൽ. ഇത് ആശങ്ക ഉയർത്തുന്ന സാഹചര്യമാണ്. ദേശീയ ശരാശരിയെക്കാൾ കുറവാണ് എങ്കിലും കേരളം വേഗത്തിൽ വഴുതി വീഴുകയാണ്.

രക്ഷിതാക്കളുടെ ജാഗ്രത കുറവ് വളമാവുന്നു

അന്വേഷണ റിപ്പോർട്ടിൽ ഒരു എസ്. പിയുടെ രണ്ടുമക്കളും ഉൾപ്പെടുന്നു. ഉദ്യോഗസ്ഥർ സ്വയം ഇക്കാര്യം പരിശോധിക്കണമെന്നും ക്വാർട്ടേഴ്‌സുകളിൽ ഈ കാര്യം പരിശോധിക്കണമെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കെ സേതുരാമൻ ആവശ്യപ്പെട്ടു. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കമ്മിഷണറുടെ പരാമർശം. കേരളത്തിൽ കഞ്ചാവ്, എംഡിഎഎ  എന്നിവയുടെ ഉപയോഗം വർധിക്കുകയാണ്.

ദേശീയ ശരാശരി വെച്ചു നോക്കുമ്പോൾ കേരളത്തില്‍ ലഹരി ഉപയോഗം കുറവാണ്. എന്നാൽ നിരക്ക് വേഗം ഉയരാൻ സാധ്യതയെന്നും കെ സേതുരാമന്‍ മുന്നറിയിപ്പ് നല്‍കുന്നു. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്നും കെ സേതുരാമൻ ആവശ്യപ്പെട്ടു.

നേരത്തെ സിനിമാ താരങ്ങള്‍ക്കിടയിലെ ലഹരി ഉപയോഗത്തേക്കുറിച്ച് അറിവുണ്ടെന്ന് കെ സേതുരാമന്‍ വിശദമാക്കിയിരുന്നു.  ഇവർ ലഹരിമരുന്ന് കൈവശം വെക്കുമ്പോഴോ ഉപയോഗിക്കുന്ന സമയത്തോ മാത്രമേ പിടികൂടാനാകൂവെന്നതാണ് പരിമിതി. സഹായികളാണ് ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്നത്. ഈ താരങ്ങളുടെ പിന്നാലെ പൊലീസ് ഉണ്ടെന്നും ഇന്നല്ലെങ്കിൽ നാളെ ഇവർ പിടിയിലാകുമെന്നും കമ്മീഷണർ ഏഷ്യാനെറ്റ് ന്യൂസിനോട് നേരത്തെ പ്രതികരിച്ചിരുന്നു.

മയക്കുമരുന്ന് ഏത് സ്ഥലത്ത് വെച്ച് ഉപയോഗിച്ചാലും കുറ്റകരമാണ്. അതിനാൽ സിനിമാ സെറ്റിൽ പരിശോധന നടത്താൻ തടസമില്ല. കേരളത്തിലെ ലോകമറിയുന്ന കലാകാരന്മാർ ആരും മയക്കുമരുന്ന് ഉപയോഗിച്ചല്ല താരങ്ങളായത്. അവരിൽ പലരും തങ്ങളെ സഹായിക്കുന്നുണ്ടെന്നും കൊച്ചിയിലെ സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഉപയോഗം കുറഞ്ഞിട്ടുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കിയിരുന്നു. 

പ്ലസ് ടു ഫലം ഇന്ന്, ഈ സൈറ്റുകളിൽ അറിയാം

ഈ വർഷത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകളുടെ ഫലം ഇന്ന് (മെയ് 25) പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. 4,32,436 കുട്ടികളാണ് ഹയർസെക്കണ്ടറിഫലം കാത്തിരിക്കുന്നത്. 28,495 കുട്ടികളാണ് വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷ എഴുതിയത്. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം നാല് മണി മുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം അറിയാം. കഴിഞ്ഞ വർഷം 83.87 ശതമാനമായിരുന്നു വിജയം. ഇത്തവണ ഗ്രേസ് മാർക്ക് അനുവദിച്ചിട്ടുണ്ട്.

ഫലം അറിയാൻ

ഔദ്യോഗിക ഫല പ്രഖ്യാപനശേഷം വൈകീട്ട് നാലു മുതൽ PRD Live, SAPHALAM 2023, iExaMS-Kerala എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലും www.results.kite.kerala.gov.inwww.prd.kerala.gov.inwww.results.kerala.gov.inwww.examresults.kerala.gov.inwww.keralaresults.nic.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും.

ഫലം അറിയാനുള്ള വെബ്സൈറ്റിൽ നിന്ന് തന്നെ മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യാനും കഴിയും.


റോഡിലെ എ ഐ ക്യാമറകളിൽ ജൂൺ 5 മുതൽ പിഴ ഈടാക്കി തുടങ്ങും, 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് ബൈക്കിൽ ഇളവ്

സംസ്ഥാനത്ത് എഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ജൂൺ അഞ്ചാം തീയതി മുതൽ പിഴ ഈടാക്കി തുടങ്ങുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കേന്ദ്ര തീരുമാനം വന്നതിന് ശേഷം മാത്രമേ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴയ ഈടാക്കുകയുള്ളൂ. കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഇടരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ മോട്ടോർ വാഹന നിയമ ഭേദഗതിക്കായി കേന്ദ്രത്തോട് ആവശ്യപെട്ട് കത്തയച്ചിട്ടുണ്ട്. പൊതു വികാരം കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.  

സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എഐ ട്രാഫിക ക്യാമറകള്‍ വഴി ജൂൺ മാസം അഞ്ചു മുതൽ പിഴയീടാക്കാനാണ് തീരുമാനം. ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. നേരത്തെ ഈ മാസം 20 മുതൽ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു. മെയ് അഞ്ച് മുതലാണ് ബോധവത്ക്കരണ നോട്ടീസ് അയച്ച് തുടങ്ങിയത്. ഈ സാഹചര്യത്തിൽ ഒരു മാസം മുന്നറിയിപ്പ് നോട്ടീസ് നൽകിയ ശേഷം പിഴയീടാക്കി തുടങ്ങിയാൽ മതിയെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.  
നഗര- ഗ്രാമ വ്യത്യസമില്ലാതെ 726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. അനധികൃത പാർക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. 250 രൂപ. അമിതവേഗം, സീറ്റ് ബെൽറ്റും- ഹെൽമറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈൽ ഉപയോഗം, രണ്ടുപേരിൽ കൂടുതൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കൽ എന്നിവയാണ് എഐ ക്യാമറകള്‍ പിടികൂടുന്നത്.

ട്രയൽ റണ്‍ നടത്തിയപ്പോള്‍ പ്രതിദിനം 95,000 വരെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ നിയമലംഘനങ്ങള്‍ ആവർത്തിച്ചാൽ കോടികളാകും പിഴയിലൂടെ സർ‍ക്കാർ ഖജനാവിലേക്കെത്തുക. നിയമലംഘനം ക്യാമറ പിടികൂടിയാൽ ഉടൻ വാഹന ഉടമയുടെ മൊബൈലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. ഒരാഴ്ചക്കുള്ളിൽ പോസ്റ്റിലൂടെ ഇ- ചെല്ലാനുമെത്തും. 30 ദിവസത്തിനുളളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പ് നോട്ടീസച്ച് തുടർ നടപടികളിലേക്ക് കടക്കും. 

പ്രോട്ടോകോൾ ലംഘനം; പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കും

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്ക്കരിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എൻസിപി, എസ് പി,  ആർജെഡി സിപിഐ, സിപിഎം, മുസ്ലിംലീഗ്, ജാർക്കണ്ട് മുക്തി മോർച്ച, നാഷണൽ കോൺഫറൻസ്, കേരളാ കോൺഗ്രസ് എം, ആർഎസ്പി, രാഷ്ട്രീയ ലോക്ദൾ, വിടുതലൈ ചിരുതൈഗൽ കച്ചി, എംഡിഎംകെ അടക്കം 19 പാർട്ടികൾ സംയുക്ത പ്രസ്താവനയിറക്കി.

 ബി ആർ എസ്, ബിജു ജനതാദൾ, വൈ എസ് ആർ കോൺഗ്രസ് എന്നീ പാർട്ടികൾ ഇതുവരെയും നിലപാടറിയിച്ചിട്ടില്ല.

രാഷ്ട്രപതിയെ ഒഴിവാക്കി ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കുന്നത് അപമാനകരം

പ്രോട്ടോകോള്‍ ലംഘനമാണ് ചൂണ്ടികാട്ടുന്നത്. പാര്‍ലമെന്‍റ് ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തിലൂടെ  രാഷ്ട്രപതിയെ മാത്രമല്ല ജനാധിപത്യത്തെ കൂടി പ്രധാനമന്ത്രി അപമാനിച്ചിരിക്കുകയാണെന്ന് പ്രസ്താവന കുറ്റപ്പെടുത്തുന്നു. ഭരണഘടനയുടെ 79 ആം അനുച്ഛദേമനുസരിച്ച് രാഷ്ട്രപതിയാണ് പാര്‍ലമെന്‍റിന്‍റെ അവസാനവാക്ക്. എന്നാല്‍ അന്തസില്ലാത്ത പ്രവൃത്തിയിലൂടെ രാഷ്ട്രപതി തഴയപ്പെട്ടു. ആദിവാസി വനിത, രാഷ്ട്രപതിയായതിന്‍റെ സന്തോഷം കെടുത്തുന്ന തീരുമാനമായിപ്പോയെന്നും പ്രസ്താവനയിൽ പറഞ്ഞു.

ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. ലോക്സഭ സെക്രട്ടറി ജനറൽ എംപിമാ‍‌‍ർക്ക് ഓദ്യോഗികമായി കത്തയച്ചു തുടങ്ങി. ലോക്സഭാ സ്പീക്കറുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ദിരം ഉദ്ഘാടനം ചെയ്യുമെന്നാണ് കത്തിൽ സൂചിപ്പിച്ചിട്ടുള്ളത്. മോദിയല്ല  രാഷ്ട്രപതിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്ന നിലപാടാണ് പ്രതിപക്ഷ പാർട്ടികൾ മുന്നോട്ട് വെക്കുന്നത്.

ബ്രിട്ടീഷ് ആർക്കിടെക്റ്റുകളായ എഡ്വിൻ ല്യുട്ടൻസും ഹെർബർട്ട് ബേക്കറും രൂപകൽപ്പന ചെയ്തതാണ് ഇന്ത്യയുടെ ഇപ്പോഴുളള പാർലമെന്‍റ് മന്ദിരം. 96 വർഷമായി ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അടയാളമായ ഈ കെട്ടിടത്തിൽ നിന്ന്, രാജ്യം പുതിയൊരു മന്ദിരത്തിലേക്ക് വാതിൽ തുറക്കുകയാണ്. 970 കോടി ചെലവിൽ 64,500 ചതുരശ്ര മീറ്റർ വിസ്ത്രിതിയിലാണ് പുതിയ പാർലമെന്റ് കെട്ടിടം നിർമ്മിച്ചത്. രാജ്യസഭയിലും ലോക്സഭയിലുമായി 1,224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉൾക്കൊളളാനാകും. ലോക്സഭാ ചേംബറിൽ 888 ഇരിപ്പിടങ്ങൾ സജീകരിച്ചിട്ടുണ്ട്. രാജ്യസഭാ ചേംബറിൽ 384 ഇരിപ്പിടങ്ങളാണുളളത്. ത്രികോണാകൃതിയിലുള്ള മന്ദിരത്തിന് ഗ്യാൻ, ശക്തി, കർമ എന്നിങ്ങനെ മൂന്ന് കവാടങ്ങളാണുളളത്. എല്ലാ എംപിമാർക്കും കെട്ടിടത്തിൽ പ്രത്യേക ഓഫീസുണ്ട്. ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്ന വിശാലമായ ഭരണഘടനാ ഹാൾ, എംപിമാർക്കായി ലോഞ്ച്, ലൈബ്രറി, സമ്മേളനമുറികൾ എന്നിവയെല്ലാം പുതിയ മന്ദിരത്തിലുണ്ട്.