ചരിത്രമായി ബഹിരാകാശ നിലയത്തിൽ അറബ് വനിതകളുടെ കൂടിക്കാഴ്ച

സൗദിസംഘത്തെ വരവേറ്റത് അൽ നെയാദി

ആദ്യമായി അറബ് വനിതയെ ബഹിരാകാശത്തേക്ക് അയച്ച് സൗദി അറേബ്യ ചരിത്രംകുറിച്ചപ്പോൾ യു എ ഇ വനിതയാണ് ബഹിരാകാശ നിലയത്തിൽ അവരെ വരവേറ്റത്. ആറുമാസത്തെ ദൗത്യത്തിനായി ബഹിരാകാശത്ത് കഴിയുന്ന യു.എ.ഇ.യുടെ ഡോ. സുൽത്താൻ അൽ നെയാദിയുടെ നേതൃത്വത്തിലായിരുന്നു വരവേൽപ്പ്. ഇതോടെ ബഹിരാകാശത്തെ ആദ്യ യു.എ.ഇ.-സൗദി കൂടിക്കാഴ്ചയ്ക്കും ഐ.എസ്.എസ്. നിലയം സാക്ഷിയായി.

സൗദി അറേബ്യയുടെ രണ്ടാമത് ബഹിരാകാശദൗത്യമാണിത്. സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ ഏഴുദിവസത്തെ ദൗത്യത്തിനായി 1985 ജൂൺ 17-ന് ബഹിരാകാശത്ത് എത്തിയിരുന്നു.

മൂടുപടങ്ങളുടെ തടവ് വിട്ട് റയാന അൽ ബർനാവിയും സംഘവും

സ്തനാർബുദഗവേഷകയും സൗദി സ്വദേശിനിയുമായ റയാന അൽ ബർനാവി(33)യാണ് മറ്റ് മൂന്നുപേർക്കൊപ്പം യു.എസിലെ ഫ്ളോറിഡ കെന്നഡി സ്‌പേസ് സെന്ററിൽനിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ്.) എത്തിയത്. ഇന്ത്യൻസമയം തിങ്കളാഴ്ച പുലർച്ചെ 3.07-ന് യാത്രതിരിച്ച സംഘം വൈകുന്നേരം 6.42-ന് ബഹിരാകാശ നിലയത്തിലെത്തി.

ആക്‌സിയം സ്‌പേസിന്റെ രണ്ടാമത് സ്വകാര്യ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായാണ് സൗദി അറേബ്യന്‍ പൗരന്മാരായ അലി അഖാര്‍ണിയും റയ്യാന ബര്‍ണാവിയും ബഹിരാകാശ നിലയത്തിലെത്തിലേക്ക് യാത്രയായത്. മിഷന്‍ ലീഡ് ആയ നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയായ പെഗ്ഗി വൈറ്റ്‌സണ്‍, പൈലറ്റ് ജോണ്‍ ഷോഫ്‌നര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.ഇതോടെ ഒരേസമയം വനിത ഉൾപ്പെടെ രണ്ടുപേരെ നിലയത്തിൽ എത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലും സൗദി ഇടംപിടിച്ചു.

20 ഓളം ശാസ്ത്ര ഗവേഷണങ്ങളാണ് പുതിയ സംഘം നിലയത്തില്‍ വെച്ച് നടത്തുക. ബഹിരാകാശ നിലയത്തില്‍ 10 ദിവസം ചിലവഴിക്കുന്ന റയ്യാന സ്തനാര്‍ബുദം, സ്റ്റെം സെല്‍ ഗവേഷണങ്ങളിലേര്‍പ്പെടും. യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദിയും സഹകരിക്കും.

ആൺ കാഴ്ചകളുടെ തടവിൽ നിന്നും സ്വാതന്ത്ര്യത്തിൻ്റെ ആകാശത്ത്

കാർ ഓടിക്കാനും ഒറ്റയ്ക്ക് പുറത്തിറങ്ങാനും പോലും വിലക്കുകൾ നേരിട്ടിരുന്ന മത യാഥാസ്ഥിതികതയുടെ കെട്ടുകൾ അഴിഞ്ഞാണ് ശാസ്ത്ര പുരോഗതിയിൽ അറേബ്യൻ വനിതാ ലോകവും കണ്ണി ചേരുന്നത്. ലോകത്തെ മൂടുപടമണിയിച്ച് വരുതിയിലാക്കാൻ പുരുഷ ഫത്വകൾ ആയുധമണിയുമ്പോൾ സൌദി തന്നെ ഇതിന് തിരിച്ചടി നൽകുന്നത് ആധുനിക ലോകത്തിന് പ്രതീക്ഷ പകരുന്നതുമായി.

സൗദി അറേബ്യയിലെ ജനങ്ങളുടെയും എല്ലാ വനിതകളുടേയും പ്രതീക്ഷകളെയും സ്വപ്നങ്ങളെയും പ്രതിനിധാനം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് വിക്ഷേപണത്തിന് മുമ്പ് റയ്യാന പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ അനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സ്വന്തം നാട്ടില്‍ നിന്നുള്ള ബഹിരാകാശ സഞ്ചാരികളുടെ മുഖം നേരില്‍ കാണുന്നത് അവര്‍ക്ക് ഏറെ ആവേശകരമായിരിക്കുമെന്നും അവര്‍ പറഞ്ഞു.

കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് സിദ്ധരാമയ്യ തന്നെ തുടരും, വിവാദത്തിരിയുമായി എം ബി പാട്ടീൽ

കര്‍ണാടകയില്‍ അധികാര കൈമാറ്റ ഫോര്‍മുല ഇല്ലെന്നും അഞ്ച് വര്‍ഷവും സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും അവകാശപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ എം.ബി.പാട്ടീല്‍. അധികാരത്തര്‍ക്കത്തെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും തമ്മില്‍ അധികാര കൈമാറ്റ ഫോര്‍മുല ഉണ്ടാക്കിയതായി വാർത്തകൾ ഉണ്ടായിരുന്നു. ഇത് നിഷേധിക്കുന്നതാണ് സിദ്ധരാമയ്യ പക്ഷക്കാരനായ എം ബി പട്ടീലിൻ്റെ പ്രസ്താവന.

‘അധികാരം പങ്കിടല്‍ ധാരണയുണ്ടായിരുന്നെങ്കില്‍ മുതിര്‍ന്ന നേതാക്കള്‍ അറിയിക്കുമായിരുന്നു. അങ്ങനെയൊരു നിര്‍ദേശമില്ല. അങ്ങനെയൊരു നിര്‍ദേശം ഉണ്ടായിരുന്നെങ്കില്‍ കെ.സി.വേണുഗോപാലോ എഐസിസി ജനറല്‍ സെക്രട്ടറിയോ അറിയിക്കുമായിരുന്നു’ പാട്ടീല്‍ പറഞ്ഞു.

ഡി കെ ശിവകുമാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പ്രസ്താവന സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. കര്‍ണാടക മന്ത്രിസഭയില്‍ ഏക ഉപമുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാറിനെ പ്രഖ്യാപിച്ചാണ് ഒത്തു തീർപ്പ് ഉണ്ടാക്കിയത്. ലോക്‌സഭവരെ ശിവകുമാർ തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് ഹൈക്കമാൻഡ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അധികാര കൈമാറ്റം സംബന്ധിച്ച് നിശ്ശബ്ദത പാലിച്ചു.

30 മാസം വീതം സിദ്ധരാമയ്യയും ശിവകുമാറും കര്‍ണാടക മുഖ്യമന്ത്രി പദം പങ്കിടുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ ശിവകുമാര്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നും ഉള്ള ഫോര്‍മുലയാണ് കോണ്‍ഗ്രസ് നേതൃത്വം ഉണ്ടാക്കിയതെന്നായിരുന്നു വാർത്തകൾ

ഇന്ന് കോഴിക്കോട് വയനാട് ജില്ലകളിൽ മഴ മുന്നറിയിപ്പ്

0

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കേരള – കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന തിരമാല ജാഗ്രതാ നിർദേശവുമുണ്ട്. കേരള തീരത്ത് 21-05-2023 രാത്രി 11.30 വരെ 1.2 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, വേഗത സെക്കൻഡിൽ 35 cm നും 70 cm നും ഇടയിൽ മാറിവരുവാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ, ഹയർ സെക്കൻ്ററി ഫലം 25 ന്

0

പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം വർഷ ഹയർ സെക്കൻഡറിയിൽ ചേരാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും അവസരം ഉറപ്പാക്കും. കഴിഞ്ഞ വർഷമുണ്ടായ 81 അധിക ബാച്ച് തുടരുമെന്നും മന്ത്രി പറഞ്ഞു. ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഈ മാസം 25 ന് പ്രഖ്യാപിക്കും.

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രശ്നം പരിഹരിക്കാൻ താലൂക്ക് തലത്തിൽ വിവരം ശേഖരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മലബാർ മേഖലയിലെ പ്രശ്നങ്ങൾക്ക് സ്ഥിര പരിഹാരം ഇനിയുമില്ല

മലബാറിൽ ഇത്തവണ 22 5702 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയത്. നിലവിലുള്ള സീറ്റുകൾ 19 5050 മാത്രമാണ്. യോഗ്യത നേടിയവർക്കെല്ലാം തുടർന്ന് പഠിക്കണമെങ്കിൽ 30652 സീറ്റുകളുടെ കുറവാണ് ഉള്ളത്. സിബിഎസ്ഇ കുട്ടികളുടെ എണ്ണം കൂടി കൂട്ടിയാലത് പിന്നെയും കൂടും. വിജയശതമാനം കൂടിയത് കൊണ്ട് ഇഷ്ടവിഷയം പഠിക്കാനുള്ള അവസരത്തിനും വെല്ലുവിളിയാകും. കഴിഞ്ഞ കൊല്ലത്തെപ്പോലെ സീറ്റ് വർധിപ്പിക്കുകയെന്നത് പരിഹാരമല്ലെന്നും അത് പഠന നിലവാരത്തെ വലിയ തോതിൽ ബാധിക്കുന്നുവെന്നുമാണ് അധ്യാപകരുടെ പരാതി.

സീറ്റ് ക്ഷാമം പഠിച്ച വി കാർ‍ത്തികേയൻ കമ്മിറ്റി മലബാറിൽ 150 അധിക ബാച്ചുകൾ വേണമെന്നാണ് സ‍ർക്കാരിന് നൽകിയ ശുപാർശ. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ കുട്ടികൾ തീരെ കുറഞ്ഞ ബാച്ചുകൾ ഇവിടേക്ക് മാറ്റാമെന്നുമാണ് കമ്മിറ്റിയുടെ നിർദേശം.

സ്കൂളുകളിൽ സൗകര്യമൊരുക്കുന്നത് മുതൽ തുടങ്ങുന്ന പ്രതിസന്ധികൾ കാരണം ശുപാർശയിലെ നിർദേശങ്ങൾ നടപ്പാക്കുകയെളുപ്പമല്ല. സ്വാകാര്യ മേഖലയിൽ നിന്നും യോഗ്യത നേടുന്ന കുട്ടികൾ കൂടി എത്തുമ്പോൾ ഇപ്പോഴും പതിറ്റാണ്ടു പിറകിലാണ് മലബാറിലെ ജില്ലകൾ.

ട്രെയിൻ ഗാതഗതത്തിന് നിയന്ത്രണം, ഇന്നും നാളെയും വിവിധ തീവണ്ടികൾ മുടങ്ങും

0

 സംസ്ഥാനത്തെ റെയില്‍പാതകളില്‍ രണ്ടു സ്ഥലങ്ങളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഞായർ തിങ്കൾ ദിവസങ്ങളിൽ ട്രെയിന്‍ ഗതാഗതം ഭാഗികമായി മുടങ്ങും. ആലുവ-അങ്കമാലി പാതയിലെ പാലം മാറ്റല്‍ ജോലികളും മാവേലിക്കര-ചെങ്ങന്നൂര്‍ പാതയില്‍ വേഗം കൂട്ടുന്നതിനുള്ള അറ്റകുറ്റപണികളുമാണ് നടക്കുന്നത്.

തൃശ്ശൂര്‍ യാര്‍ഡിലും തിരുവനന്തപുരം ഡിവിഷനിലെ ആലുവ-അങ്കമാലി സെക്ഷനുകള്‍ക്കുമിടയില്‍ എന്‍ജിനീയറിങ് ജോലികളും മാവേലിക്കര- ചെങ്ങന്നൂര്‍ റൂട്ടിലെ പാലത്തിന്റെ ഗര്‍ഡര്‍ നവീകരണവും പുരോഗമിക്കുകയാണ്.

ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍

  • കൊച്ചുവേളി- ലോകമാന്യ തിലക് ഗരീബ് രഥ് എക്‌സ്പ്രസ് (12202)
  • നാഗര്‍കോവില്‍ ജങ്ഷന്‍- മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്‌സപ്രസ്- (16650)
  • നിലമ്പൂര്‍ റോഡ്- കൊച്ചുവേളി രാജറാണി എക്‌സ്പ്രസ് (16349)
  • തിരുവനന്തപുരം- മധുരൈ ജങ്ഷന്‍ അമൃത എക്‌സ്പ്രസ് (16343)
  • കൊല്ലം ജങ്ഷന്‍- എറണാകുളം മെമു (06788)
  • കൊല്ലം ജങ്ഷന്‍- എറണാകുളം മെമു (06778)
  • എറണാകുളം ജങ്ഷന്‍- കൊല്ലം ജങ്ഷന്‍ മെമു (06441)
  • കായംകുളം ജങ്ഷന്‍- എറണാകുളം ജങ്ഷന്‍ മെമു (16310)
  • കൊല്ലം ജങ്ഷന്‍- കോട്ടയം അണ്‍റിസര്‍വ്ഡ് സ്‌പെഷ്യല്‍ (06786)
  • എറണാകുളം ജങ്ഷന്‍- കൊല്ലം ജങ്ഷന്‍ മെമു സ്‌പെഷ്യല്‍ (06769)
  • കോട്ടയം- കൊല്ലം ജങ്ഷന്‍ മെമു സ്‌പെഷ്യല്‍ (06785)
  • കായംകുളം- എറണാകുളം അണ്‍റിസരര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍ (06450)
  • എറണാകുളം ആലപ്പുഴ മെമു എക്‌സ്പ്രസ് സ്‌പെഷ്യല്‍ (06015)
  • ആലപ്പുഴ എറണാകുളം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍ (06452)

നാളെ റദ്ദാക്കിയ ട്രെയിനുകള്‍

  • ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ്(12201)
  • നിലമ്പൂര്‍ റോഡ്- ഷൊര്‍ണൂര്‍ ജങ്ഷന്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (06466)
  • മധുരൈ- തിരുവനന്തപുരം അമൃത എക്സ്പ്രസ് ( 16344)
  • ഷൊര്‍ണൂര്‍ ജങ്ഷന്‍- നിലമ്പൂര്‍ റോഡ് അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (06467)
  • നിലമ്പൂര്‍ റോഡ്- കൊച്ചുവേളി രാജറാണി എക്‌സ്പ്രസ് (16350)

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…

“യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ട്രെയിൻ നമ്പർ 16301/ 16302 വേണാട് എക്സ്പ്രസ്, മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് ഉടൻ എത്തി ചേരുന്നതാണ്.” ഏറ്റുമാനൂർ റെയ്ൽവേ സ്റ്റേഷനിൽ ഈ ഒരു അന്നൗൺസ്മെൻ്റ് കേട്ടുകൊണ്ട് ഇരിക്കുമ്പോൾ കൈയിലൊരു സീസൺ ടിക്കറ്റും ഏറ്റുമാനൂർ to പിറവം റോഡ്, ഒരു ട്രാൻസ്ഫർ ഓർഡറും.

ദീർഘകാലത്തെ അവധിക്ക് ശേഷം എൻ്റെ സഹകരണ പ്രസ്ഥാനത്തിലെ വെള്ളൂർ ബ്രാഞ്ചിലാണ് എനിക്ക് ട്രാൻസ്ഫർ ഡ്യൂട്ടി.
ദൂരം, കുഞ്ഞ്, വീട്ടിലേക്ക് കാര്യങ്ങൾ, പാർട്ടി ഇനിയൊന്നും നടക്കില്ല, നേരത്തെ ഉള്ള യാത്ര, താമസിച്ചുള്ള മടക്കം ഒക്കെ ആകെക്കൂടെ ഒരു മടുപ്പ് തോന്നി, എങ്കിലും…

ഇന്ന് ആ നാടിനോടും എൻ്റെ വേണാട് യാത്രികരോടും യാത്ര പറഞ്ഞ് പോരുമ്പോൾ എന്തോ ഒരു വിങ്ങൽ ഉള്ളിൽ..തിരിച്ചുള്ള യാത്രയിൽ ഞാൻ സ്വയം തിരിച്ചറിയുകയായിരുന്നു എനിക്ക് എന്തൊക്കെയോ നഷ്ടപ്പെട്ടിരിക്കുന്നു, ഇനിയും തിരിച്ച് കിട്ടാത്ത ഒന്നിൻ്റെ വിങ്ങൽ പോലെ..

ഒരുപാട് area ഉള്ള വെള്ളൂർ ബ്രാഞ്ച്,
വെള്ളൂരും, തോന്ന്ല്ലൂരും, വടകരയും, കരിപ്പാടവും, ഇറമ്പയവും, ഇടതുപക്ഷ ഹൃദയമുള്ള നാട്. ഏവർക്കും രാഷ്ട്രീയമുള്ള, രാഷ്ട്രീയ നിലപാടുള്ള മനുഷ്യർ. ഈ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഞാൻ ആ നാട്ടുകാരനായി മാറുകയായിരുന്നു.

തീവണ്ടിചൂളം വിളികളും, വെള്ളൂർ പുഴയുടെ തണുപ്പും, ഫാക്ടറി അലാറം കേട്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന ഒരു ഗ്രാമം. ഉപജീവനത്തിനായി, അതിജീവനത്തിനായി വന്നെത്തിയവരുടെയും,അവരെ വരവേറ്റവരുടെയും നാട്, തൊഴിലാളികളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും നാട്. അവരുടെ കഥയാണ് ഞാൻ ഇത്രയുംനാൾ കേട്ടുകൊണ്ടിരുന്നത്. അതിൽ പ്രതികാരമുണ്ട്, പ്രണയമുണ്ട്, നഷ്ടങ്ങളുടെ കുറെ സ്വപ്നങ്ങളുണ്ട്, നന്മയുള്ള കുറെ മനുഷ്യരുണ്ട്. അതിൽ ഒരുപാട് പേരെ യാത്രയാക്കിയ, ഒരുപാട് പേരോട് യാത്ര പറഞ്ഞും പറയാതെയും പോയ ഒരു റയിൽവേ സ്റ്റേഷനുണ്ട്, മുറിവുണക്കിയ വെള്ളൂർ പുഴയുണ്ട്, അതിനുമപ്പുറം ഒരുപാട് പേരുടെ കഥകൾ ഉറങ്ങുന്ന മണ്ണാണിവിടം.

ആ നാട് എന്നെ കാണിക്കാൻ തൻ്റെ മകളുടെ പേരെഴുതിയ ഓട്ടോയിൽ വിജയൻ ചേട്ടൻ, എൻ്റെ സന്തത സഹചാരിയായിരുന്നു. സമാനമനസുള്ള 2 പേർ. എഴുതാനറിയില്ലെങ്കിലും നാട്ടുകാരുടെ, നാടിൻ്റെ, നാഡീനടുപ്പ് അറിയാവുന്ന നല്ലൊരു മനുഷ്യൻ. ഒന്ന് വിട പറയാൻ പോലും ഞാൻ നിൽക്കാതെ, “പിന്നെകൂടാം വിജയൻ ചേട്ടാ” എന്ന് പറയുമ്പോൾ എൻ്റെ അച്ഛൻ്റെ അടുത്ത് പ്രായമുള്ള ആ മനുഷ്യനും ഞാനും പറയാതെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

തട്ടാവേലി പാലത്തിനപ്പുറം ഒരു ചായകുടിയിൽ ഇരുന്നുകൊണ്ട് പോയകാലത്തിൻ്റെ, തൻ്റെ പാർട്ടിയുടെ ചരിത്രവും, നാടിൻ്റെ പശ്ചാത്തലവും പഠിപ്പിക്കുന്ന ഗൗതമൻ ചേട്ടൻ. പുതിയ ഒരു രാഷ്ട്രീയ സംസ്ക്കാരം ആ നാട് എനിക്ക് കാണിച്ച് തരുന്നു. അതിൽ മനുഷ്യത്വവും, മനുഷ്യനും മാത്രമേയുള്ളൂ. പിന്നെ ജീവിതത്തിൻ്റെ പ്രാരാബ്ധം വീട്ടാൻ ലോൺ എടുത്ത് കുടിശ്ശികയായ എത്രയോ പാവം മനുഷ്യർ, അവരുടെ ജീവിതങ്ങൾ.. ജീവിതം ഇങ്ങനെയൊക്കെക്കൂടെയാണ് എന്ന് എന്നെ പഠിപ്പിക്കുന്നു.

പിന്നെ എൻ്റെ പ്രിയപ്പെട്ട ട്രെയിൻ യാത്രികൻ, മുരളി. ഞാനും മുരളിയും 20 മിനിറ്റ് ഉള്ള ട്രെയിൻ യാത്രക്കിടയിൽ ആകാശത്തിന് താഴെയുള്ള എന്തിനെക്കുറിച്ചും സംസാരിക്കുന്നു. സൗഹൃദത്തിന് മറ്റ് ബന്ധത്തേക്കാൾ സ്ഥാനവും മാനവും ഉണ്ടെന്ന് എന്നെ പഠിപ്പിക്കുന്നു.

പിന്നെ ജോയിയേട്ടൻ. ജോയിയേട്ടൻ്റെ കോഫി കുടിക്കാതെ വൈകിട്ട് വേണാട് ട്രെയിനിൽ കേറാനാവില്ല.സ്നേഹത്തിൽ കോഫി കലർത്തുന്ന എന്ത് മായാജാലമാണ് ജോയിയേട്ടൻ അതിൽ ചേർക്കുന്നത് എന്ന് എനിക്കറിയില്ല!
എങ്കിലും…

ഒരു ട്രാൻസ്ഫർ വരും എന്ന് കരുതി കാത്തിരിക്കുന്ന ശാസ്താംകോട്ടക്കാരി വിദ്യചേച്ചി, പിന്നെ എൻ്റെ പ്രിയപ്പെട്ട സുഹൃത്ത് സൗമ്യ. പുതിയ കാലത്തിൻ്റെ സ്ത്രീകൾ independent ആയി ജീവിക്കണമെന്നും ഒരു ചെറുപ്പക്കാരി എത്രമാത്രം bold ആയിരിക്കണമെന്നും പഠിപ്പിച്ച് തരുന്നു. എന്നും ചിരിയോടെ സംസാരിക്കുന്ന 2 പേർക്കിടയിലുള്ള സംസാരങ്ങളിൽ ഒരിക്കലും മടുപ്പ് തോന്നാത്ത പ്രിയപ്പെട്ട കൂട്ടുകാരി. പിന്നെയും എത്രയോ മനുഷ്യർ!
ഒരിക്കൽ തലകറങ്ങി വീണപ്പോൾ എന്നെ താങ്ങിയെടുത്ത സതീഷേട്ടൻ. ട്രെയിൻ യാത്രക്കിടയിൽ കണ്ടും സംസാരിച്ചും ചിരിച്ചും സമയം കളഞ്ഞ എത്രയോ മനുഷ്യർ!

മടിയാണ് എഴുതാൻ, അത്കൊണ്ട് നിർത്തുന്നു. മനുഷ്യൻ്റെ കഥ പറഞ്ഞ് തുടങ്ങിയാൽ കടൽ പോലും തോൽക്കും!

ജീവിതത്തിൽ ആദ്യമായി ലോട്ടറി അടിച്ചതും അവിടെ വെച്ചാണ്. ലോട്ടറി ശശി ചേട്ടനും ഞാനും തമ്മിൽ അധികം സംസാരിക്കാറില്ല. അപ്രതീക്ഷിതമായി കയറിവന്ന് ലോട്ടറി നീട്ടി ” ഇത് നിനക്കുള്ളതാടാ ” എന്ന് പറയുന്ന പഴയ തൊഴിലാളി നേതാവിനെ എനിക്ക് മറക്കാനാവുമോ..

യാത്ര ചോദിക്കുന്നില്ല, വാക്കുകൾ നനയുന്നു. കണ്ണീരണിയുന്നു. എങ്കിലും എന്തോ ഒന്ന് മറന്നു വെച്ചത് പോലെ ..എന്തോ ഒന്ന് തിരികെ വിളിക്കുന്നത് പോലെ…
സ്നേഹത്തിൻ്റെ വിടവാങ്ങൽ എനിക്ക് സഹിക്കാൻ പറ്റുന്നില്ല, അത്കൊണ്ട് മാത്രം നിർത്തുന്നു.
യാത്ര മുറിയുന്നു…ചില മനുഷ്യരെ, ചിലയിടങ്ങളെ ഞാൻ സ്വയം ഉപേക്ഷിക്കുന്നു..കാരണം ദേശാടനക്കിളികൾക്ക് കരയാനാവിലല്ലോ…

വീണ്ടും കാണുമ്പോൾ പറയാൻ കാലത്തിൻ്റെ കഥ ഓർത്ത് വെച്ചിരിക്കണം.
യാത്രാമൊഴി… ആ തീവണ്ടിയും ആ നാടും എൻ്റെ nostalgia ആണ്.ചില വാചകങ്ങൾക്ക് ആ പ്രയോഗം ശരിയല്ല എന്ന് എനിക്കറിയാം, എങ്കിലും… ചില വാചകങ്ങളിൽ ക്രിയകൾക്ക് ചിലപ്പോൾ ജീവിതത്തിൻ്റെ വിലയെ ഉണ്ടാകൂ…

വെള്ളൂർ പുഴയും, ആ റെയിൽവേ സ്റ്റേഷനും, ആ നാടും എൻ്റെ കാഴ്ചയിൽ നിന്നും മറയുന്നു… നന്ദി….നന്ദി….

“യാത്രപോയവരെ കണ്ടുവോ
കാത്തിരിപ്പിൻ്റെ ഗദ്ഗദം അവർ ഉൾക്കൊണ്ടുവോ”
“യാത്രപോയവരെ എങ്ങാൻ കണ്ടുവോ
കാത്തിരിപ്പിൻ്റെ ഗദ്ഗദം അവർ ഉൾക്കൊണ്ടുവോ”

നന്ദി…നന്ദി…അത്രമാത്രം!!

ശ്രീനാഥ് രഘു ❤

ഒപ്പമാകുന്നതിനെ കുറിച്ച്… ഒറ്റയാകുന്നതിനെ കുറിച്ചും…

0

– ആതിര സരാഗ്

കവിത ഒരു പ്രളയമാണ്. മണ്ണും മരവും മനുഷ്യനും ചേർന്ന് ഒഴുകുന്ന സഞ്ചാരപഥം.
ആ പ്രളയം തീർത്ത വഴികളിലൂടെ, അഗാധങ്ങളിൽ പിടയുന്ന പാതിജീവനുമായി സഞ്ചരിക്കുന്ന അന്വേഷികൾക്ക് പറ്റുന്നൊരിടം. അതാണ് കെ ജി സൂരജിന്റെ പ്രളയത്തിന്റെ മാനിഫെസ്റ്റോ എന്ന പുസ്തകം.

പ്രാണനെടുക്കുന്ന വേട്ട ആശയകറ്റുന്നതു കൂടിയാണ്. ജീവിതത്തെ നായാടുന്നവർ അനുഭവിക്കുന്ന വിനോദം കാരുണ്യമില്ലായ്മയുടെ കയ്പ്പാണ്. കൊല്ലപ്പെടുന്ന മുയലും ചക്രങ്ങൾക്കടിയിൽ ചതഞ്ഞരഞ്ഞ നായക്കുട്ടിയും ബാക്കിയാക്കുന്ന അശാന്തത, മരണപ്പെടാതെ തന്നെ മരണപ്പെട്ടവന്റെ കൂടിയാണ്.

ഒട്ടും മെരുങ്ങാത്തൊരു
വേട്ടമൃഗമുണ്ടാകും
ഓരോരുത്തരിലും.
ചിലരതിനെ മറന്നു പോകുന്നു.
(അകം)

പരസ്പരം പേടിക്കുന്ന രാത്രിയും പകലും പോലെ തണലില്ലാത്തവരും കടിഞ്ഞാൺ ഉള്ളവരും തമ്മിൽ നടക്കുന്ന നിശബ്ദ പോരാട്ടം ഉയരാകെ ഉലയ്ക്കുന്നു. പെയ്തടങ്ങുവാൻ കൊതിക്കുന്ന തീത്തുള്ളിയായി മാറുന്നു സൂരജിന്റെ ഓരോ വാക്കും.

അടക്കിപ്പിടിച്ച ഗദ്ഗദങ്ങളെല്ലാം പൊട്ടിത്തെറിച്ച് പല കഷണങ്ങളായതായി തോന്നും അറ, കുടീരങ്ങൾ, പരകായം എന്നീ കവിതകൾ. ആഴങ്ങളിലേക്ക് വീണുപോയ വിലാപങ്ങളെല്ലാം കുപ്പായം അഴിച്ചുവെച്ച് തിരികെ തീരത്തടിയുന്നു. ഒറ്റയായി പലയിടത്ത് കഴിഞ്ഞവയെല്ലാം ഒന്നിച്ച് ഒരു പ്രളയമാകുന്നു.

വിടുതൽ നൽകാതെ പ്രഹരം നൽകുന്ന യാഥാർത്ഥ്യങ്ങളാണ് മധുവല്ല ജീവിതം, കാളബിരിയാണി, രാഷ്ട്രം എന്നീ കവിതകളിൽ തെളിയുന്നത്. ക്രൂരതയുടെ നടമാട്ടം നെഞ്ചിൽ കുത്തിത്തിറക്കുമാറ് വ്യക്തമാണിവിടെ.

മണങ്ങളെല്ലാം വെറും മണങ്ങൾ അല്ല എന്ന് പലയിടത്തും സൂരജ് പറയാതെ പറയുന്നുണ്ട്. ആഴത്തിൽ ഉറഞ്ഞുപോയ ഇലയനക്കങ്ങൾ, മഴവൈകുന്നേരങ്ങൾ, കടൽമണം എന്നിവ ചില സ്നേഹസഞ്ചാരങ്ങളാണ്. മറന്നു പോകാതെ ബാക്കിയായ നന്മകൾ…

മുൻപേ നടക്കുന്നവർ
ഉള്ളിൽനിന്നൊട്ടുമേ
വിട്ടു പോകാത്തവർ.
ഒട്ടിപ്പിടിച്ചവർ.
അവർ, അവരാണു നമ്മൾ.
(സ്വം)

യാഥാർത്ഥ്യങ്ങളിൽ തട്ടി വീഴാതെ ആർക്കും ഈ കവിതകളിലൂടെ കടന്നു പോകാനാകില്ല. അവസാനിക്കാത്ത ആകുലതകളുടെ ഒരു നേർസഞ്ചാരമാണിത്.

മുറിവേറ്റവന് മാത്രം മനസ്സിലാകുന്ന ചിലത് കവിതയിൽ സൂരജ് ഒളിപ്പിച്ചു വച്ചിരിക്കുന്നു. വേട്ടയാടപ്പെട്ട മുയലിൽ നിന്ന് തെറിച്ചു വീണ ചോര, കഴുകി കളയുവാൻ കഷ്ടപ്പെടുന്ന സ്വന്തം വിരലുകളിലേക്ക് നോക്കിയിരിക്കേണ്ടി വരും നിങ്ങൾക്ക് കുറച്ചുനേരം.

പറഞ്ഞു തീരാത്ത എന്തെല്ലാമോ ഉണ്ടല്ലോ ഇതിൽ എന്ന തോന്നൽ ബാക്കി വെച്ചാണ് ഓരോ കവിതയും നാം വായിച്ചവസാനിപ്പിക്കുക. ഇനിയും ഒരുപാട് പറയുവാൻ, കവി വീണ്ടും അക്ഷരങ്ങളിലേക്ക് ഓടിയടുക്കട്ടെ. അതുവരെ നീറാനുള്ളത് ഈ പുസ്തകത്തിലുണ്ട്.

പ്രളയത്തിന്റെ മാനിഫെസ്റ്റോ
– കെ ജി സൂരജ്
ഡി സി ബുക്സ്
വില : 130 രൂപ

കോൺഗ്രസ് നേടിയത് വൻ ജന പിന്തുണ, ബി ജെ പി ലക്ഷ്യം വെച്ചത് അധികാരം

കഴിഞ്ഞ തവണ തോറ്റു എങ്കിലും ഏറ്റവും അധികം വോട്ടർമാർ കോൺഗ്രസിന് ഒപ്പമായിരുന്നു. പക്ഷെ ജനാഭിലാഷത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ അവർക്ക് കഴിയാതെ പോയി.

വോട്ടുവിഹിതത്തില്‍ അഞ്ചുശതമാനത്തോളം വര്‍ധനവുണ്ടായപ്പോള്‍ കോണ്‍ഗ്രസിന് ഇത്തവണ അധികമായി ലഭിച്ചത് അമ്പതിലധികം സീറ്റുകളാണ്. 2018-ലെ തിരഞ്ഞെടുപ്പില്‍ 38.14% ആയിരുന്നു കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം. അന്ന് 80 സീറ്റുകളിലായിരുന്നു വിജയം. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള കണക്കനുസരിച്ച് 43% വോട്ടാണ് കോണ്‍ഗ്രസ് നേടിയത്. അഞ്ചുശതമാനം വോട്ട് കൂടിയപ്പോള്‍ 2018-നെക്കാള്‍ അമ്പതിലധികം സീറ്റുകളില്‍ പാര്‍ട്ടിക്ക് വിജയിക്കാനായി. ഇത്തവണ 135-ഓളം സീറ്റുകളിലാണ് കോണ്‍ഗ്രസിന്റെ വിജയം.

കഴിഞ്ഞതവണയും കോൺഗ്രസിന് ഒപ്പമായിരുന്നു ഭൂരിപക്ഷം

2018-ലെ തിരഞ്ഞെടുപ്പില്‍ 36.35% വോട്ട് നേടിയ ബി.ജെ.പി. 104 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. എന്നാല്‍ 2023-ലെ തിരഞ്ഞെടുപ്പില്‍ വോട്ടുവിഹിതത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെങ്കിലും 40-ലേറെ സീറ്റുകള്‍ ബി.ജെ.പി.ക്ക് നഷ്ടമായി. ഇത്തവണ 35.8 ശതമാനാണ് ബി.ജെ.പി.യുടെ വോട്ടുവിഹിതം. അതോ സമയം കോൺഗ്രസിന് കഴിഞ്ഞ തവണ 38.14 ശതമാനം പുന്തുണയുണ്ടായിരുന്നു.

2018-ല്‍ 40 സീറ്റുകളില്‍ വിജയിച്ച ജെ.ഡി.എസിന് 18.3% വോട്ട് കിട്ടിയിരുന്നു. പക്ഷേ, 2023-ല്‍ വോട്ടുവിഹിതത്തില്‍ കാര്യമായ കുറവുണ്ടായി. ഇതുവരെയുള്ള കണക്കനുസരിച്ച് 13.3% മാത്രമാണ് ജെ.ഡി.എസിന് കിട്ടിയ വോട്ട്. വിജയിച്ച സീറ്റുകളുടെ എണ്ണത്തിലും പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടു. 2018-ല്‍ 37 സീറ്റുലഭിച്ച ജെ.ഡി.എസ്. ഇത്തവണ 19 സീറ്റുകളിലേക്ക് ചുരുങ്ങുകയായിരുന്നു.

2013-ല്‍ 122 സീറ്റുകള്‍ നേടി ഏറ്റവുംവലിയ ഒറ്റകക്ഷിയായപ്പോളും കോണ്‍ഗ്രസിന് 40% വോട്ടുപോലും ലഭിച്ചിരുന്നില്ല. 2013-ല്‍ 36.6% ആയിരുന്നു കോണ്‍ഗ്രസിന് കിട്ടിയ വോട്ട്. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 40% കടക്കുന്നതെന്നതും ശ്രദ്ധേയമാണ്. 72 സീറ്റുകള്‍ പിടിച്ചെടുത്താണ് ഇത്തവണ കര്‍ണാടകയില്‍ കോണ്‍ഗ്രസ് കുതിച്ചത്. ഏറ്റവും ഒടുവിലെ ഫലമനുസരിച്ച് 21 സിറ്റിങ് സീറ്റുകള്‍ പാര്‍ട്ടിക്ക് നഷ്ടമായി.

വെറുപ്പിൻ്റെ ചന്തയിൽ സ്നേഹത്തിൻ്റെ കട തുറന്നു – രാഹുൽ ഗാന്ധി

കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിൻ്റേത് മിന്നുന്ന വിജയം. ഉടൻ പ്രതികരണവുമായി രാഹുൽ  ​ഗാന്ധി രംഗത്ത് എത്തി. വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്നു. പോരാട്ടം നടത്തിയത് സ്നേഹത്തിൻ്റെ ഭാഷയിലായിരുന്നു. അതിൻ്റെ വിജയമാണ് നേടിയത് എന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കും. സാധാരണക്കാരനൊപ്പം പാർട്ടിയുണ്ടാകും. ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദി. കർണാടകയിൽ സാധാരണക്കാരുടെ ശക്തി വിജയിച്ചിരിക്കയാണ്. എഐസിസി ആസ്ഥാനത്ത് നേരിട്ടെത്തിയാണ് രാഹുൽ ​​പ്രതികരണമറിയിച്ചത്. 

സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ കേവലഭൂരിപക്ഷമായ 113 ഉം കടന്ന് 137 സീറ്റിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 65 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. 22 സീറ്റിലാണ് ജെഡിഎസ് ലീഡ് ചെയ്യുന്നത്. ജെഡിഎസ് പിന്തുണയോടെ ബാഗേപ്പള്ളിയിൽ മത്സരിച്ച സിപിഎമ്മിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇവിടെയും കോൺഗ്രസ് തന്നെ വിജയിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ആറ് ശതമാനം വോട്ടിന്റെ വർധനയാണ് കോൺഗ്രസ് നേടിയത്. മൈസൂർ മേഖലയിൽ മാത്രം ആകെയുള്ള 61 സീറ്റിൽ 35 ഉം കോൺഗ്രസ് നേടി. ജെഡിഎസിന്റെ ശക്തികേന്ദ്രമായിരുന്നു ഇവിടം. മധ്യ കർണാടകയിൽ 25 ൽ 16 സീറ്റും ഹൈദരാബാദ് കർണാടകയിൽ 41 ൽ 23 സീറ്റും കോൺഗ്രസ് നേടി. വടക്കൻ കർണാടകയിൽ അൻപതിൽ 32 സീറ്റിൽ കോൺഗ്രസ് ജയിച്ചു.

തീരമേഖലയും നഗര കേന്ദ്രമായ ബംഗളൂരുവും ആണ് ബിജെപിക്ക് ഒപ്പം നിന്നത്. ഈ രണ്ടു മേഖലകളിലെ 47 സീറ്റിൽ 29 എണ്ണം ബിജെപി നേടി. ന്യൂനപക്ഷ മേഖലകളിൽ മിക്കയിടത്തും കോൺഗ്രസിന് അനുകൂലമായി. എല്ലാ വിധ വിഭജന ശ്രമങ്ങളും നടത്തി എങ്കിലും ദക്ഷിണേന്ത്യയിൽ വെറുപ്പിൻ്റെ രാഷ്ട്രീയം പരാജയം ഏറ്റു വാങ്ങുന്ന കാഴ്ചയാണ്.

ബി ജെ പി മുക്ത ദക്ഷിണേന്ത്യ യാഥാർത്ഥ്യമായി – ഖാർഗെ

”കോണ്‍ഗ്രസിനെ നിരന്തരം അധിക്ഷേപിക്കുന്ന ബിജെപി കോണ്‍ഗ്രസ് മുക്ത ഭാരതം നിര്‍മിക്കുമെന്ന് പറഞ്ഞു. എന്നാലിപ്പോള്‍ ബിജെപി മുക്ത ദക്ഷിണേന്ത്യ യാഥാര്‍ഥ്യമായിരിക്കുകയാണ്. അഹന്തയുമായി ഒരിക്കലും ദീര്‍ഘകാലം മുന്നോട്ടുപോകാനാവില്ല. ഇത് ജനാധിപത്യമാണ്, ജനങ്ങള്‍ പറയുന്നതിന് നാം ചെവികൊടുക്കേണ്ടതുണ്ട്. ഇത് ആരുടേയും സ്വകാര്യ വിജയമല്ല, മറിച്ച് ഒരു സംസ്ഥാനത്തിലെ മുഴുവന്‍ ജനങ്ങളുടേയും വിജയമാണ്. അവര്‍ തീരുമാനിച്ചു, തിരഞ്ഞെടുത്തു. അങ്ങനെയാണ് 36 കൊല്ലത്തിനുശേഷം നമുക്ക് 136 സീറ്റുകള്‍ ലഭിച്ചത്”, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. പാര്‍ട്ടിക്കുണ്ടായ നേട്ടത്തില്‍ രാഹുലിന് നന്ദിയറിക്കുന്നതായും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

കാഴ്ചക്കാരനും കഥാപാത്രമാകുന്ന സിനിമ

ആത്യന്തികമായി സിനിമ ഒരു കലയാണെന്നും അത് മനുഷ്യനോട് സംവദിക്കുന്നതാണെന്നും അടിവരയിട്ട് സംസാരിക്കാൻ കഴിയുന്ന തരത്തിൽ ഒരു സിനിമ മലയാളത്തിൽ ഇറങ്ങിയിട്ട് കാലം ഒരുപാടായി. എന്നാൽ “2018” എന്ന സിനിമ വർത്തമാനകാലത്തിൻ്റെ കഥ പറയുമ്പോൾ, ഈ നൂറ്റാണ്ടിൻ്റെ സംഭവവികാസങ്ങളിൽ ഞാനും നിങ്ങളും നേരിട്ട ദുരന്ത അനുഭവത്തിൻ്റെ കഥ പറയുമ്പോൾ കാലഘട്ടത്തോട് നീതി പുലർത്തുവാൻ സംവിധായകന് കഴിഞ്ഞു. സിനിമ ടെക്നോളജിയുടെ അതിപ്രസരത്തിനുമപ്പുറം മനുഷ്യൻ്റെ ജീവിതത്തിൻ്റെ ഭാഗമാകുന്നത് അവൻ്റെ ജീവിതത്തിൻ്റെ പ്രതിബിംബമായി അത് മാറുമ്പോഴാണ്.”2018″ എന്ന സിനിമ കാണുന്ന ഒരു കാഴ്ചക്കാരനെ സംബന്ധിച്ച്, കാഴ്ചക്കാരനും അതിൻ്റെ ഭാഗമാവുന്ന, കഥാപാത്രമാവുന്ന സിനിമയുടെ രീതിശാസ്ത്രം സംവിധായകൻ മനസ്സിലാക്കി തരുന്നു.

സിനിമയിലേക്ക് വരാം, ആദ്യപകുതിയിൽ പലതരം ജീവിതപശ്ചാതലത്തിലെ മനുഷ്യരെ കാണിക്കുകയും ഓരോ കഥാപാത്രത്തിൻ്റെയും ജീവിതഘടന പറഞ്ഞ് തരുകയും ചെയ്യുന്നു. ഒടുവിൽ സംഭവബഹുലമായ/ ദുരന്തപരമായ ഒരു കഥയുടെ നൂലിഴകളെ കോർത്തിണക്കി കാഴ്ചക്കാരനെ സന്നിവേശിപ്പിക്കുന്ന ഒരു നോവലിസ്ററിൻ്റെയോ, ഒരു ചെറുകഥാകൃത്തിൻ്റെയോ രചനവൈഭവം സംവിധായകൻ തൻ്റെ സിനിമയിലെ നിർമാണത്തിൽ പ്രയോഗിച്ചിരിക്കുന്നു.

ഏച്ചുകെട്ടുകൾക്കപ്പുറത്ത് ഒരു നിത്യജീവിതത്തിൽ സാധാരണജീവിതം നയിക്കുന്ന ഒരു Common man/ സാധാരണക്കാരന് ഈ സിനിമാ ആസ്വാദനകരവും പൂർണതൃപ്തിയും നൽകുന്നു. നാടൻ പ്രയോഗത്തിൽ പറഞ്ഞാൽ കൊടുത്ത പൈസ മുതലാകുന്നു!

കഥയിലേക്ക്, കഥാപാത്രത്തിലേക്ക് കടന്നാൽ, നരേനും, ലാലും, ആസിഫ് അലിയും, പെണ്ണ് കാണലിൻ്റെ നിരാശയിൽ തൻ്റെ കടപ്പുറം വീടിൻ്റെ തിണ്ണയിൽ ഇരിക്കുമ്പോൾ പേര് പോലും അറിയാത്ത ആ നടിയുടെ 2 കട്ട് മാത്രമുള്ള ആ നീളൻ ഡയലോഗ് പത്മരാജൻ, ഭരതൻ, ലോഹിതദാസ്, സത്യൻ അന്തിക്കാട്, സിബി മലയിൽ, കാലവർത്തിയായ സിനിമയുടെ 80/90- കളുടെ സിനിമയുടെ നന്മയിലേക്കും, മനുഷ്യനെ പിടിച്ചിരുത്തുന്ന സിനിമയുടെ മാജിക്കിലേക്കും കയറി ചെല്ലുന്നു.

നഷ്ട്ടങ്ങളും, മനുഷ്യൻ്റെ ഇല്ലായ്മകളും, ഒരാളുടെ നഷ്ടവും, അയാളുടെ absence ആണ്. നമ്മുടെ ഉള്ളിലെ അയാളോടുള്ള നമ്മൾ പോലുമറിയാത്ത സ്നേഹത്തെ, കരുതലിനെ, കാണിച്ചുതരുന്നത് ഈ സിനിമയിലെ കഥാപാത്രങ്ങളാണ്. ‘കണ്ണുള്ളപ്പോൾ കണ്ണിൻ്റെ വിലയറിയില്ല’ എന്ന് പറയുന്നത് പോലെ.

പറഞ്ഞ് പറഞ്ഞ് വലുതാക്കുന്നില്ല, സിനിമ എന്തിനാണ്, അത് കാണാനുള്ളതാണ്, പ്രിയപ്പെട്ട ജൂഡ് ആൻ്റണി നന്ദി.
മലയാളസിനിമക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇമോഷൻസിനെ, ബന്ധങ്ങളെ, മനുഷ്യനും മനുഷ്യനും തമ്മിലുള്ള അദൃശ്യമായ ഏതോ ഒരാളാൽ കൂട്ടിയിണക്കപ്പെട്ട ചിലതിനെ വീണ്ടും തിരശ്ശീലയിൽ എത്തിച്ചതിന്, ഈ കെട്ട കാലത്ത് ആർദ്രമായ സിനിമ തന്നതിന്, പിന്നെ ലോഹിയെട്ടൻ്റെയും, സത്യെട്ടൻ്റെയും, ഭരതേട്ടൻ്റെയുമൊക്കെ സിനിമകളിലെ നടന്മാരെ തിരികെകൊണ്ട് വന്നതിന്, അതിലുമുപരി ഒരു നല്ല കാഴ്ച അനുഭവം തന്നതിന്, പിന്നെ ഇത് എഴുതാൻ കാരണക്കാരൻ ആയതിന്…
നന്ദി… നന്ദി മാത്രം… അത്രമാത്രം!
കല കടലും ആകാശവുമാണ്.
അത്രമാത്രം… അത്രമാത്രം, നന്ദി നന്ദി!!

ശ്രീനാഥ് രഘു❤️❤️