താനൂർ ബോട്ടപകടത്തിൽ മരിച്ചവരിൽ 15 പേർ കുട്ടികൾ, ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല

 താനൂരിൽ വിനോദസഞ്ചാര ബോട്ട് മുങ്ങി 15 കുട്ടികളുൾപ്പെടെ 22 പേർ മരിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ബോട്ടിലെ സഹായികളായ അപ്പു, അനി, ബിലാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബോട്ടുടമ നാസറും സ്രാങ്ക് ദിനേശനും നേരത്തെ അറസ്റ്റിലായിരുന്നു. ബോട്ട് ഡ്രൈവർ ദിനേശൻ താനൂരിൽ വെച്ചാണ് പൊലീസിന്‍റെ പിടിയിലായത്. ബോട്ടുടമ നാസറിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റി. നാസറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ് അപേക്ഷ നൽകി. 

താനൂരിൽ അപകടം വരുത്തിയ ബോട്ടിൽ 37 പേരാണ് ഉണ്ടായിരുന്നതെന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. 22 പേർക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്. ആളുകളെ അശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകട കാരണം എന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബോട്ടിന്‍റെ ഡക്കിൽ പോലും ആളുകളെ കയറ്റി. ഇവിടേക്ക് കയറാൻ സ്റ്റെപ്പുകൾ വെച്ചു. ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയതാണ് വൻ ദുരന്തത്തിന് കാരണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

താനൂര്‍ ബോട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ തീരുമാനിച്ച് സര്‍ക്കാര്‍. ജസ്റ്റിസ് വി കെ മോഹനന്‍റെ നേതൃത്വത്തിലുള്ള സമിതിയെയാണ് മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയത്. സംസ്ഥാനത്തെ മുഴുവൻ യാനങ്ങളിലും സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താൻ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ബോട്ടുകളിൽ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പ്രദര്‍ശിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കാനും തീരുമാനമായി.

ഡോക്ടർമാർ സമരം തുടരും, അത്യാഹിത വിഭാഗങ്ങളിൽ മാത്രം സഹകരണം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ കൊല ചെയ്യപ്പെട്ട സംഭവത്തിന് തുടർച്ചയായി കെ.ജി.എം.ഒ.എ പ്രതിഷേധം വ്യാഴാഴ്ചയും തുടരും. എമര്‍ജന്‍സി സേവനങ്ങള്‍ ഒഴികെയുള്ള ഡ്യൂട്ടികളില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും എന്നാണ് അറിയിച്ചിട്ടുള്ളത്

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതു വരെ വി.ഐ.പി ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്നും കെ.ജി.എം.ഒ.എ പ്രസ്താവനയില്‍ അറിയിച്ചു. ഏഴിന ആവശ്യങ്ങൾ മുന്നോട്ട് വെച്ചു

:-

  • ആശുപത്രി സംരക്ഷണ നിയമം പരിഷ്‌കരിച്ചുള്ള ഓര്‍ഡിനന്‍സ് ഒരാഴ്ചക്കകം പുറപ്പെടുവിക്കുക.
  • സിസിടിവി ഉള്‍പ്പടെയുളള സെക്യൂരിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയും പരിശീലനം സിദ്ധിച്ച വിമുക്തഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിച്ചും ആശുപത്രികളിലെ സുരക്ഷ വര്‍ധിപ്പിക്കുക.
  • അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളില്‍ ആംഡ് റിസര്‍വ് പോലീസിനെ നിയമിച്ച് പോലീസ് എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിക്കുക
  • അത്യാഹിത വിഭാഗങ്ങളില്‍ ട്രയാജ് സംവിധാനങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ നടപ്പിലാക്കുക.
  • പോലീസ് കസ്റ്റഡിയില്‍ ഉള്ള ആളുകളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ജയിലില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും കൂടുതല്‍ ഡോക്ടര്‍മാരെ ജയിലില്‍ ഡ്യൂട്ടിക്ക് നിയമിക്കുകയും ചെയ്യുക.
  • കൃത്യവിലോപം നടത്തിയ പോലീസുകാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുക.
  • അത്യാഹിത വിഭാഗത്തില്‍ ഒരു ഷിഫ്റ്റില്‍ രണ്ട് സിഎംഒ മാരെ ഉള്‍പ്പെടുത്താന്‍ സാധിക്കും വിധം കൂടുതല്‍ സിഎംഒമാരെ നിയമിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുക.

11 തവണ കുത്തി

 കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദനയുടെ മൃതദേഹം കോട്ടയത്തെ വീട്ടിലെത്തിച്ചു. വൻജനാവലിയാണ് വന്ദനക്ക് യാത്രൊമൊഴിയേകാൻ വീട്ടിലേക്ക് ഒഴുകിയെത്തിയത്. ഇന്ന് രാവിലെയാണ് വന്ദനയെ അക്രമി കുത്തിക്കൊലപ്പെടുത്തിയത്. 

കൊല്ലപ്പെട്ട വനിതാ ഹൗസ് സർജന്റെ ശരീരത്തിൽ 11 കുത്തുകളേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതിൽ 22 കാരിയായ ഡോക്ടറുടെ തലയ്ക്ക് മാത്രം മൂന്ന് തവണ പ്രതി കുത്തി. ആറ് തവണ വന്ദനയുടെ മുതുകിലും കുത്തേറ്റു. മുതുകിലും തലയിലുമേറ്റ ഒന്നിലധികം കുത്തുകൾ യുവ ഡോക്ടറുടെ മരണത്തിന് കാരണമായെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. മൃതദേഹം നാളെയാണ് സംസ്കരിക്കുക.

പൊലീസ് എന്തു ചെയ്യുകയായിരുന്നു എന്ന് കോടതിയും

വെറും 22 വയസ് മാത്രം പ്രായമുള്ള യുവ ഡോക്ടറുടെ കുടുംബത്തിനേറ്റ ദുഖത്തിന്‍റെ ആഘാതം തിരിച്ചറിയണമെന്ന് കോടതി ആവശ്യപ്പെട്ടു. സുരക്ഷാ സംവിധാനം എന്തിനെന്ന് സർക്കാരിനോട് ചോദിച്ച കോടതി, സംഭവങ്ങളെ മുൻകൂട്ടി കാണാൻ സാധിക്കണമെന്നും അങ്ങനെ ഇത്തരം സംഭവങ്ങൾ  തടയാൻ പൊലീസിനാകണമെന്നും അദ്ദേഹം പറഞ്ഞു. ഇതേ സംഭവം നാളെ മറ്റ് ആശുപത്രികളിലും നടക്കില്ലേയെന്ന് കോടതി ചോദിച്ചു. ഇത്തരം സംഭവങ്ങൾ ഭാവിയിലും പ്രതീക്ഷിക്കണം. സുരക്ഷ ഏർപെടുത്തണമെന്നത് കോടതിയല്ല പറയേണ്ടത്. അത് സർക്കാർ ചെയ്യേണ്ടതാണെന്നും കോടതി പറഞ്ഞു. വിദ്യാർത്ഥികളും ,രക്ഷകർത്താക്കളും ഭയപ്പാടിലാണെന്ന് ആരോഗ്യ സർവകലാശാലയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ഇത്തരം ആക്രമങ്ങൾ ചെറുക്കാൻ മുൻകൂർ നടപടികൾ സ്വീകരിക്കാനല്ലേ സുരക്ഷാ സംവിധാനങ്ങളെന്ന് ഈ ഘട്ടത്തിൽ കോടതി ചോദിച്ചു. പൊലീസിന്‍റെ കൈയ്യിൽ തോക്കില്ലേ? ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രാഥമിക ചുമതല പൊലീസിനില്ലേ? പിന്നെ എന്തിനാണ് പൊലീസിന് തോക്ക് കൊടുക്കുന്നത്? ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ വികാരപരമായി മാത്രമേ കോടതിക്ക് കൂടി ഇടപെടാനാകൂ. കാരണം എന്തായാലും സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് കോടതി വിലയിരുത്തി.

ഇതിൽക്കൂടുതൽ എന്ത്  സംഭവിക്കാനാണെന്നും കോടതി ചോദിച്ചു. യുവ ഡോക്ടറാണ് കൊല്ലപ്പെട്ടതെന്ന കാര്യം ആരും മറക്കരുത്. ഇക്കാര്യത്തിൽ പൊലീസ് പൂർണമായും പരാജയപ്പെട്ടു. പ്രതികളെ മജിസ്ട്രേറ്റുമാരുടെ വസതിയിൽ ഹാജരാക്കുമ്പോൾ എന്താണ് നടപടികളെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. പ്രതിയ്ക്കു മുന്നിലേക്ക് ഡോക്ടറെ എറിഞ്ഞുകൊടുക്കുന്നത് ശരിയാണോ? പ്രത്യേകിച്ചും 22 വയസുളള യുവ ഡോക്ടറുടെ മുന്നിലേക്കെന്നും കോടതി ചോദിച്ചു. 

കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സർക്കാർ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ആരാണ് ഉത്തരവാദിത്തം പറയേണ്ടത്? സമാനമായ സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടുമെന്ന് പറഞ്ഞ കോടതി, ഇത് തടയാൻ എന്താണ് ചെയ്യാൻ പറ്റുകയെന്ന് പറയാനും പൊലീസിനോട് ആവശ്യപ്പെട്ടു. എല്ലാവരും രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ ഇത് മറക്കും. മരിച്ചയാളുടെ കുടുംബം ജീവിതകാലം മുഴുവൻ വേദന തിന്നും. നാലോ അഞ്ചോ പൊലീസുകാർ നോക്കിനിൽക്കുമ്പോഴാണ് യുവ ഡോക്ടർ കൊല്ലപ്പെട്ടത്. പ്രതിയുടെ പ്രത്യാക്രണങ്ങളെ തടയാൻ പരിശീലനം കിട്ടിയവരല്ലേ പൊലീസുകാരെന്നും കോടതി ചോദിച്ചു. ഈ ഘട്ടത്തിൽ ഡോ വന്ദന ദാസിന്റെ മരണത്തിന് കാരണം പൊലീസിന്‍റെ പരാജയമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ അഭിഭാഷകനും കുറ്റപ്പെടുത്തി.

പ്രിയസഹോദരീ, മാപ്പ്

എറ്റവും അടുത്ത് പരിചയമുള്ള ഒരാളുടെ മകളുടെ വിയോഗത്തിൽ നിന്നും അദ്ദേഹത്തിൻ്റെ കുടുംബത്തിൽ ഉണ്ടായ ദുരന്തത്തിൽ നിന്നും ഉണ്ടായ ആ വേദനയിൽ ഇരുന്നാണ് ഇന്ന് ഇത് എഴുതുന്നത്.നമ്മളാരും സുരക്ഷിതരല്ലെന്നും അരക്ഷിതമായ സമൂഹത്തിലാണ് ജീവിക്കുന്നതെന്നും ഇനിയും മനസ്സിലാക്കാതെ പോയാൽ ദുരന്തങ്ങൾ സംഭവിക്കുന്നവരുടെ കുടുംബത്തിനോ അല്ലെങ്കിൽ ആ വ്യക്തിക്കോ വേണ്ടി whatsapp അല്ലെങ്കിൽ facebook statusകൾ ഇടാൻ മാത്രമേ നമുക്ക് കഴിയുകയുള്ളൂ.

സുരക്ഷിതമായ ഒരു ജീവിതം നയിക്കുവാൻ എന്നാണ് നമ്മൾ സ്വയം പരുവപ്പെടുന്നത്?
ഒരു വ്യക്തി എന്ന, ഒരു പൗരൻ എന്ന അവകാശങ്ങൾ ഭരണകൂടവും അധികാരവർഗ്ഗങ്ങളും എന്നാണ് നേടിതരിക?
അധികാരം,ഭരണകൂടങ്ങൾ എന്നീ വാക്കുകളുടെ അർത്ഥം മാറി പോയൊരു നാട്ടിലിരുന്ന് ഇത് എഴുതുമ്പോൾ സ്വയം നെടുവീർപ്പ് ഇടുകയും മറ്റുള്ളവർക്കുവേണ്ടി കണ്ണുനീര് പൊഴിക്കാനും മാത്രമേ നമുക്കിന്ന് ചെയ്യാൻ കഴിയുന്നുള്ളൂ.

ഒരു boat ദുരന്തം ഉണ്ടാവുമ്പോൾ, മറ്റൊരു മധുവും കൂടി ഇവിടെ മരിക്കുമ്പോൾ, സ്ത്രീ പീഡനങ്ങളുടെ എണ്ണം കൂടി വരുമ്പോൾ, പോക്‌സോ കേസുകളുടെ രജിസ്റ്റർബുക്ക് നിറയുമ്പോൾ, സൈബർ കുറ്റകൃത്യങ്ങളിൽ ഒരു പെൺകുട്ടി അവളുടെ ജീവൻ വെടിയുമ്പോൾ, കഞ്ചാവ് കേസുകളും, ലഹരി ഉപയോഗത്തിൻ്റെ കേസുകളും കൂടി വരുമ്പോൾ, ട്രാഫിക് നിയമങ്ങൾ ഒരിക്കലും തെറ്റാതെ ഇരിക്കാൻ AI ക്യാമറകൾ സ്ഥാപിക്കുമ്പോഴും, റോഡ് അപകടങ്ങൾ സാധാരണ കാഴ്ചയായി മാറുമ്പോഴും, ബ്രഹ്മപുരവും, എൻമകജവും, പിന്നെ, ദുരന്തങ്ങളുടെയും സങ്കടങ്ങളുടെയും കെട്ടുകാഴ്ചകളും നിറയുമ്പോഴും, നമ്മൾക്ക് താൽപര്യം അഴിമതി കഥകളുടെ സന്ധ്യചർച്ചകൾക്ക് മാത്രമാകുമ്പോൾ ലോകത്തെങ്ങും ഇല്ലാത്ത അഴുകിയ രാഷ്ടീയത്തിൻ്റെ വോട്ട് പതിക്കൽ യന്ത്രങ്ങൾ മാത്രമായി നമ്മുടെ സമൂഹം മാറുന്നു എന്നറിയുന്നുവെങ്കിലും നാം നിശബ്ദരാവുന്നു.

എന്താണ് നമുക്ക് ചെയ്യാൻ ഉള്ളത്?
എന്താണ് നമ്മൾ ചെയ്യുന്നത്?
അടച്ചാക്ഷേപിക്കുകയും കുറ്റപ്പെടുത്തലുകൾ ചെയ്യുകയും ചെയ്യുന്നതിനപ്പുറം നിങ്ങളുടെയും എൻ്റെയും ഉള്ളിലുള്ള ചില ചോദ്യങ്ങൾ ഒന്ന് പറഞ്ഞുകൊള്ളട്ടെ!

മനുഷ്യന് പ്രാഥമികമായി ശുദ്ധവായു, ശുദ്ധജലം, അടിസ്ഥാനസൗകര്യങ്ങൾ, പ്രാഥമികാരോഗ്യ സംവിധാനങ്ങൾ, നൂതനവും സുതാര്യവുമായ കാലഘട്ടത്തിന് ആവശ്യമായ വിദ്യാഭ്യാസം, മനുഷ്യനും പ്രകൃതിക്കും ഉതകുന്ന വികസനം, മനുഷ്യത്വപരമായ സഹവർത്തിത്വത്തോടെ, സഹകരണത്തോടെ ജീവിക്കാൻ വേണ്ട സാഹചര്യം ഒരുക്കുക എന്നതിനപ്പുറം എന്ത് മഹാകാര്യമാണ്, എന്ത് വലിയ വികസനമാണ് നമുക്ക് ചെയ്യാനാവുക?

ആ പെൺകുട്ടിയുടെ മരണത്തിന് ഇടയാക്കിയ സാഹചര്യങ്ങളിലേക്ക് വീണ്ടും വരാം. ആ സാഹചര്യത്തിൽ ഉണ്ടായിരുന്ന ആളുകൾ , അവളുടെ സഹപ്രവർത്തകർ, സമചിത്തതയോടെ, കൃത്യനിർവഹണത്തിലെസർക്കാരിൽ അർത്ഥസർക്കാരുമായ ഒരു പൗരന് ജീവിക്കാൻ ആവശ്യമായ, അവൻ്റെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഏതൊരു machineryയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.വിവരമില്ലായ്മയും, ലാഘവബുദ്ധിയും കൂടി ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

ദുരന്തങ്ങൾക്ക് ശേഷം വരുന്ന ഭരണകൂടത്തിൻ്റെയും അധികാരികളുടെയും സ്റ്റേറ്റ്മെൻ്റ്കൾ സമൂഹത്തിൻ്റെ നിലവാരതകർച്ചയെ കൂടിയാണ് ബോധ്യപ്പെടുത്തുന്നത്. കുത്തേറ്റു ഡോക്ടർ മരിച്ചത് അക്രമം തടയാൻ അനുഭവപരിചയം ഇല്ലാത്തത് കൊണ്ടാണെന്ന് പറയുന്ന ആരോഗ്യമന്ത്രിമാർ ഉള്ള ഈ നാട്ടിൽ എന്ത് സുരക്ഷയാണ് സർക്കാരിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയുക. ഒരു കുടുംബത്തിൽ ഒരു ദുരന്തം ഉണ്ടാവുമ്പോൾ ആ കുടുംബത്തിൻ്റെ സന്തോഷങ്ങളും, അവരുടെ പ്രതീക്ഷകളുമാണ് ഇല്ലാതാവുന്നത്.ദുരന്തങ്ങളും അപകടങ്ങളും നിൻ്റെ കുടുംബത്തിലേക്ക് കയറി വരുമ്പോൾ മാത്രമേ നിനക്ക് മനസിലാകൂ, അതുവരെ അത് സ്റ്റാറ്റസ്സുകളും പോസ്റ്റുകളും മാത്രമായി മാറുന്നു.

ഇന്ന് ആ പ്രിയപ്പെട്ട അനിയത്തിയുടെ വീട്ടിൽ ഒരുപാട് പേരുണ്ടാകും, നാളെയും കുറച്ച് പേരുണ്ടാകും, മറ്റന്നാൾ അവർ ഒറ്റക്കാകും, ആ അച്ഛനും അമ്മയും മാത്രമായി മാറും, ആർക്കും ആരുടെയും പകരക്കാരകാൻ ആവിലല്ലോ.

പ്രിയസഹോദരി, മാപ്പ് 🙏

പോലീസ് എന്ത് ചെയ്തെന്നും, ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടണം എന്നും, രാജ്യത്ത് ഇതിനുമുമ്പ് ഇത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യവും ഈ സംസ്ഥാനത്തിൻ്റെ പരമോന്നതകോടതി ചോദിക്കുമ്പോൾ ഉത്തരം നൽകാൻ ബാധ്യസ്ഥരായവർ അടുത്ത ദുരന്തത്തിന് മറുപടി പറയാൻ വാക്കുകൾ തിരയുകയാണ്.സമരങ്ങളും മാധ്യമ ചർച്ചകളും ഒക്കെ കുറച്ചു നാളത്തേക്ക് കൂടി ഉണ്ടാവും. പിന്നെ എല്ലാം പോലെ ഇതും അങ്ങ് അവസാനിക്കും. എല്ലാവരും ബോധപൂർവ്വം ഒക്കെ മറക്കും. നഷ്ടപെട്ടവരുടെ പ്രിയപ്പെട്ടവർ മാത്രം കുറച്ചു കാലം കൂടെ ഓർക്കും, വേദനിക്കും. അതൊക്കെ അത്രേ ഒള്ളൂ..!!

കേരളത്തിൽ ഇനിയും അവശേഷിക്കുന്ന ഡോക്ടർ സുഹൃത്തുക്കളോട് പറയാൻ ഉള്ളത് :

പേടികൂടാതെ ജോലി ചെയ്യണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ നല്ല നാടുകളിലേക്ക് എത്രയും പെട്ടന്ന് താമസം മാറുക. ബോധവും വിവരവും ഉള്ള മനുഷ്യരുടെ സമൂഹത്തിൽ ജോലി ചെയ്യുക. നാടും രാജ്യവും ഇമോഷൻസും പിടിച്ചിരുന്നിട്ടൊന്നും ഒരു കാര്യവും ഇല്ല. നിങ്ങളെ ഒക്കെ തല്ലി കൊല്ലാൻ പോലും മടിയില്ലാത്ത മനുഷ്യരുള്ള നാടാണ് ഇത്. ഇവിടെ സിസ്റ്റം ഒന്നും ഒരിക്കലും മാറാൻ പോവുന്നില്ല. ഈ ടോക്സിക് സൊസൈറ്റി ഒന്നും നിങ്ങളെ അർഹിക്കുന്നുമില്ല. സ്വന്തം ജീവിതം സേഫ് ആക്കാൻ നോക്കുക. എല്ലാവരും എല്ലാം മറക്കും. പക്ഷേ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നിങ്ങളെ ഒള്ളൂ. നഷ്ടം എപ്പോഴും നിങ്ങൾക്ക് മാത്രമായിരിക്കും…!!

വിട പ്രിയപ്പെട്ട അനിയത്തി

– ശ്രീനാഥ്‌ രഘു

താനൂർ ബോട്ടപകടം, ഉടമ അറസ്റ്റിൽ

മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഉടമ അറസ്റ്റിൽ. ‘അറ്റ്ലാന്റിക്’ ബോട്ടിന്റെ ഉടമനാസർ ആണ് പൊലീസ് പിടിയിലായത്. കോഴിക്കോട് എലത്തൂരില്‍നിന്നാണ് നാസര്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഇയാളുടെ ഫോൺ ഏറണാകുളത്താണ് ഉള്ളതെന്ന് കണ്ടെത്തിയിരുന്നു. അപകടത്തിന് പിന്നാലെ നാസര്‍ ഒളിവില്‍ പോയിരുന്നു. ഇതിനെ പിന്തുടർന്നാണ് പൊലീസ് കണ്ടെത്തൽ.

നാസറിന്റെ കാര്‍ കൊച്ചിപോലീസ് തിങ്കളാഴ്ച തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ നാസറിന്റെ സഹോദരന്‍ സലാം, സഹോദരന്റെ മകന്‍, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവരെയും കൊച്ചി പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇവര്‍ പോലീസിന്റെ പിടിയിലാകുന്നത്. ഹൈക്കോടതിയില്‍നിന്ന് ജാമ്യം തേടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത് എന്നാണ് വ്യക്തമാവുന്നത്.

ഞായറാഴ്ച രാത്രി മുതല്‍ ഒളിവില്‍ പോയ പ്രതിയെ പോലീസ് അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് കൊച്ചിയിലുണ്ടെന്ന വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ് അന്വേഷണം നടത്തി. ഇയാളുടെ കാര്‍ കണ്ടെത്തുന്നത്. കാറിനുള്ളില്‍നിന്ന് നാസറിന്റെ ഫോണും കണ്ടെടുത്തിരുന്നു.

താനൂരില്‍ പൂരപ്പുഴ അറബിക്കടലിലേക്കുചേരുന്ന ഭാഗത്ത് ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. അറ്റ്‌ലാന്റിക്‌ എന്ന ഇരുനിലയുള്ള ബോട്ടിലെ രണ്ടുതട്ടിലും യാത്രക്കാരുണ്ടായിരുന്നു. കരയിൽനിന്ന് 300 മീറ്റർ ദൂരത്തുള്ളപ്പോൾ വലതുവശത്തേക്ക് ചെരിഞ്ഞ ബോട്ട് തലകീഴായി മറിയുകയായിരുന്നു. 37 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. പത്ത് പേരെ രക്ഷപ്പെടുത്തി. അഞ്ച് പേര്‍ അപകടത്തിന് പിന്നാലെ നീന്തിരക്ഷപ്പെട്ടതായും സ്ഥിരീകരിച്ചിരുന്നു.

കേരള സ്റ്റോറി നിരോധിച്ച് മമത സർക്കാർ

മത രാഷ്ട്രിയ വിഭജനത്തിൻ്റെ പേരിൽ വിവാദത്തിലായ കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനത്തിന് പശ്ചിമബംഗാള്‍ സര്‍ക്കാർ നിരോധനം ഏർപ്പെടുത്തി. സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി മമത ബാനര്‍ജി ചിത്രം നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തി. സംസ്ഥാനത്ത് ചിത്രം പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു.

കേരള സ്റ്റോറിയുടെ നിഷേധ പ്രചാരണത്തിൽ നിശ്ശബ്ദത പാലിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മമതാ ബാനർജി വിമർശനം ഉന്നയിക്കയും ചെയ്തു.

ബംഗാളില്‍ സമാധാനം നിലനിര്‍ത്താനും വിദ്വേഷ ആക്രമണങ്ങളും കുറ്റകൃത്യങ്ങളും തടയാനുമായാണ് നിരോധനം എന്ന് മമത ബാനര്‍ജി അറിയിച്ചു. ‘ഒരുവിഭാഗത്തെ അപമാനിക്കാനാണ് അവര്‍ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം നിര്‍മിച്ചത്. അവരിപ്പോള്‍ കേരളത്തേയും അധിക്ഷേപിക്കുകയാണ്. വളച്ചൊടിക്കപ്പെട്ട കഥയാണ് കേരള സ്റ്റോറിയുടേത് എന്നും മമത വിവരിച്ചു.

നേരത്തേ തമിഴ്‌നാട്ടിലും മള്‍ട്ടിപ്ലെക്‌സുകളടക്കം ചിത്രത്തിന്റെ പ്രദര്‍ശനം നിർത്തിച്ചിരുന്നു. ക്രമസമാധാനപ്രശ്‌നം പരിഗണിച്ച് പ്രദര്‍ശനം ഞായറാഴ്ചത്തോടെ അവസാനിപ്പിക്കുകയാണെന്ന് തമിഴ്നാട് മള്‍ട്ടിപ്ലക്‌സ് അസോസിയേഷനും നിലപാട് എടുത്തു.

ബോട്ട് മറിഞ്ഞ് ചളിയിൽ പൂഴ്ന്നു, മൃതദേഹങ്ങൾ പുറത്തെടുത്തത് വെട്ടിപ്പൊളിച്ച്

മലപ്പുറം പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങിയുള്ള അപകടത്തിൽ മരണസംഖ്യ ഉയരുന്നു. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ 21 മരണം സ്ഥിരീകരിച്ചു. 6 കുട്ടികളും 3 സ്ത്രീകളുമടക്കമുള്ളവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

35 ലധികം പേര്‍ ബോട്ടിലുണ്ടായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കണ്ടൽക്കാടും ചതുപ്പും ഉള്ള സ്ഥലത്താണ് ബോട്ട് മറിഞ്ഞതെന്ന് വ്യക്തമായിട്ടുണ്ട്. രണ്ടുതട്ടുള്ള ബോട്ടാണ് മറിഞ്ഞത്. അപകടത്തിൽപ്പെട്ട ബോട്ട് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്. രക്ഷാപ്രവർത്തനം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. താനൂരിന് അടുത്ത് ഓട്ടുമ്പ്രം തൂവൽ തീരം എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്ന് സംശയം. ആറ് മണിക്ക് ഇവിടുത്തെ ബോട്ട് സർവീസ് അവസാനിപ്പിക്കേണ്ടിയിരുന്നതാണ്. എന്നാൽ അതിന് ശേഷമാണ് അപകടം നടന്നിരിക്കുന്നത്.

താനൂർ തൂവൽ തീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങി 20 പേർ മരിച്ചു, അധികവും കുട്ടികളും സ്ത്രീകളും

താനൂര്‍ നഗരസഭാ പരിധിയിലെ ഒട്ടുംപുറത്ത് തൂവല്‍തീരം ബീച്ചില്‍ വിനോദ യാത്രാ ബോട്ട് മറിഞ്ഞ് 21 പേർ മരിച്ചു. 40 ഓളം യാത്രികരുമായി മുങ്ങിയ ബോട്ടിൽ സ്ത്രീകളും കുട്ടികളുമാണ് അധികവും ഉണ്ടായിരുന്നത്. കടൽ തീരത്തിന് 300 മീറ്റര്‍ അകലെയാണ് ബോട്ട് മുങ്ങിയത്. താനൂരിന് അടുത്ത് ഓട്ടുമ്പ്രം തൂവൽ തീരം എന്ന സ്ഥലത്താണ് അപകടം. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ രാത്ര വൈകിയും തുടരുകയാണ്. 

പത്ത് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണ്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം രക്ഷാപ്രവര്‍ത്തനം രാത്രി വൈകിയും തുടരുകയാണ്. പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും.

തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങി താഴ്ന്നു. ആദ്യം ഒരു വശത്തേക്ക് മറിഞ്ഞ ബോട്ട് അല്‍പസമയം കൊണ്ട് തന്നെ പൂര്‍ണമായും തലകീഴായി മുങ്ങുകയായിരുന്നു. ചളിയിലേക്കാണ് ബോട്ട് മുങ്ങിയത്. ബോട്ട് ജെസിബി ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തേക്ക് എടുത്തത്. 

അവധി ദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു. പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി,കോട്ടക്കല്‍,താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.

താനൂര്‍, തിരൂര്‍ ഫയര്‍ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും മറ്റും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും രംഗത്തുണ്ട്.

രക്ഷകരായി ചെറു തോണികളിൽ നാട്ടുകാർ

ബോട്ട് അപകടത്തില്‍പ്പെട്ടത് രാത്രിയോടെ ആയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. കടലും കായലും സംഗമിക്കുന്ന സ്ഥലമാണ്. ബോട്ട് അവസാന ട്രിപ്പിനിടെയാണ് അപകടത്തില്‍പ്പെട്ടത്. അപകടവിവരം പുറത്തറിഞ്ഞപ്പോഴേക്കും ഇരുട്ടിയിരുന്നു. ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുമ്പുതന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ചെറിയ തോണികള്‍ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. ചെറിയ തോണികളില്‍ അപകടം നടന്ന സ്ഥലത്തേക്ക് എത്തി നാട്ടുകാര്‍ ഒന്നും രണ്ടുപേരെ രക്ഷപ്പെടുത്തുകയാണ് ആദ്യംചെയ്തത്.

മരിച്ചവരോടുള്ള ആദരസൂചകമായി തിങ്കളാഴ്ച സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. താലൂക്കുതല അദാലത്തുകൾ ഉൾപ്പെടെ ഔദ്യോഗിക പരിപാടികൾ മാറ്റി.

മണിപ്പൂരിൽ സംഘർഷത്തിൽ കൊല്ലപ്പെട്ടത് 50 ൽ അധികം പേർ, സൈനിക നീക്കം തുടരുന്നു

മണിപ്പുരിൽ സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 50 കടന്നു. മരണസംഖ്യ ഇതിനെക്കാൾ കൂടുതലാണ്. ഇതുവരെ സ്ഥിരീകരിച്ച ഔദ്യോഗിക കണക്കിൽ മാത്രം ഇത്രയും മരണങ്ങൾ രേഖപ്പെടുത്തി. ഗോത്ര മേഖലകളിൽ മിലിട്ടറി, പൊലീസ് ഇടപെടലിലും നിരവധി പേർ കൊല്ലപ്പെട്ടതായി വിവരമുണ്ട്.

സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ സുരക്ഷാസേനയെ വിന്യസിച്ചിരിക്കയാണ്. ഇംഫാലിൽ കടകൾ തുറന്ന് പ്രവർത്തിച്ചു. ഗോത്ര വിഭാഗങ്ങൾ കൂടുതലായുള്ള ഹിൽ ഡിസ്ട്രിക്റ്റുകളിൽ മിലിട്ടറി സാന്നിധ്യം തുടരുകയാണ്.

മരിച്ചവരില്‍ 16 പേരുടെ മൃതദേഹം ഗോത്രമേഖലയിലെ ചുരചന്ദപുര്‍ ജില്ലാ ആശുപത്രിയിലാണ്. 15 പേരുടെ മൃതദേഹങ്ങള്‍ ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്കും മാറ്റി.

ചുരചന്ദ്പുരില്‍ പൊലീസ് സേനാ ഇടപെടലിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട് ചെയതു. കൂടുതൽ പേർക്ക് ജീവഹാനി ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു.

സൈനിക അർധ സൈനിക വിഭാഗങ്ങളിൽ നിന്നായി പതിനായിരത്തിൽ അധികം ഭടൻമാർ രംഗത്തുണ്ട്. മണിപ്പൂരിലെ മൊത്തം ജനസംഖ്യം മുപ്പത് ലക്ഷത്തിൽ താഴെയാണ്. തലസ്ഥാനമായ ഇംഫാൽ ഉൾപ്പെടുന്ന താഴ് വരയിലെ പ്രബല വിഭാഗമായ മെയ്ത്തേയികൾക്ക് എസ് ടി പദവി നൽകുന്നതിനുള്ള രാഷ്ട്രീയ തന്ത്രമാണ് സംഘർഷത്തിലേക്ക് നയിച്ചത്.

എഐ ക്യാമറ കരാർ യോഗത്തിൽ മുഖ്യമന്ത്രിയുടെ ബന്ധു പങ്കെടുത്തെന്ന് പ്രതിപക്ഷ നേതാവ്

എഐ ക്യാമറയുടെ മറവില്‍ 100 കോടിയുടെ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പത്ര സമ്മേളനത്തിൽ ആരോപിച്ചു. ഉപകരണങ്ങളുടെ ആകെ ചെലവ് 57 കോടി എന്നാണ് കണക്കാക്കിയത്. ഇത് കരാർ ആയപ്പോൾ എങ്ങിനെ 151 കോടിയായി എന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചു.

മുഖ്യമന്ത്രിയുടെ മകൻ്റെ ഭാര്യാ പിതാവ്

ഉപകരാറിനായി രൂപവത്കരിച്ച കണ്‍സോര്‍ഷ്യത്തിന്റെ യോഗത്തില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവായ പ്രകാശ് ബാബു പങ്കെടുത്തിരുന്നയാതി സതീശന്‍ പറഞ്ഞു. ഇത് സ്വപ്‌ന പദ്ധതിയാണെന്ന് വിവരിച്ചു കൊണ്ട് കമ്പനി പ്രതിനിധികളോട് പ്രകാശ് ബാബുവാണ്ഏറ്റവും കൂടുതല്‍ സമയം സംസാരിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വിചിത്രമായ തട്ടിപ്പ്

‘കണ്‍ട്രോള്‍ റൂമടക്കം എല്ലാ ഉപകരണങ്ങളും ഉള്‍പ്പടെ 57 കോടിയാണ് ട്രോയിസ് പ്രൊപോസ് നല്‍കിയിരിക്കുന്നത്. അതു തന്നെ യഥാര്‍ത്ഥത്തില്‍ 45 കോടിക്ക് ചെയ്യാന്‍ പറ്റുന്നതാണ്. എന്നാല്‍ 151 കോടിക്കാണ് ടെന്‍ഡര്‍ നല്‍കിയത്. എസ്ആര്‍ഐടിക്ക് ആറ് ശതമാനം വെറുതെ കമ്മീഷന്‍ കിട്ടി. ബാക്കി തുക എല്ലാവരും കൂടി വീതിച്ചെടുക്കാനായിരുന്നു പദ്ധതി. വിചിത്രമായ തട്ടിപ്പാണ് പദ്ധതിയില്‍ നടന്നിരിക്കുന്നത്’ സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാരിനെ നൂറ് കോടി പറ്റിച്ചത് കൂടാതെ ഹൈദരാബാദ് കമ്പനിയെ 25 കോടി രൂപയും പറ്റിച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പി രാജീവിൻ്റെ വെല്ലുവിളി

മുഖ്യമന്ത്രിയുടെ ബന്ധു പദ്ധതിയില്‍ ഇടപ്പെട്ടതിന് തെളിവുണ്ടോ എന്ന് മന്ത്രി രാജീവ് കഴിഞ്ഞ ദിവസം വെല്ലുവിളിച്ചു. എസ്ആര്‍ഐടിയും അല്‍ഹിന്ദും പ്രസാദിയോയും ചേര്‍ന്ന് രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിന്റെ ആദ്യത്തെ യോഗത്തില്‍ മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബു പങ്കെടുത്തുവെന്ന് ഞങ്ങള്‍ പറയുന്നു. പങ്കെടുക്കുക മാത്രമല്ല അദ്ദേഹമാണ്‌ യോഗത്തില്‍ ഏറ്റവും കൂടുതല്‍ സമയം സംസാരിച്ചത്. ഇതൊരു സ്വപ്‌ന പദ്ധതിയാണ്, ഇത് കേരളത്തില്‍ ചെയ്ത് തീര്‍ത്താല്‍ ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും നമുക്ക് ചെയ്യാന്‍ സാധിക്കുമെന്നും പ്രകാശ് ബാബു യോഗത്തില്‍ പറഞ്ഞു. ഈ കണ്‍സോര്‍ഷ്യല്‍ പണം നഷ്ടമായ കമ്പനികള്‍ പ്രകാശ് ബാബുവിനെ പിന്നീട് സമീപിച്ചിട്ടുണ്ടോ…ഇതിന് മറുപടി പറയാന്‍ മന്ത്രി രാജീവോ മുഖ്യമന്ത്രിയോ മുന്നോട്ട് വരുമോ’ സതീശന്‍ ചോദിച്ചു.

അന്വേഷണം നടത്തിയാല്‍ മുഖ്യമന്ത്രിയുടെ ബന്ധു പങ്കെടുത്തതിന്റെ രേഖ ഹാജരാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഉപകരാറില്‍ ഉള്‍പ്പെട്ട ഒരു കമ്പനിയുടെ ഏതോ ഒരാള്‍ ഗസ്റ്റ്ഹൗസ് ഉപയോഗിച്ചതിന് പണം നല്‍കാനുണ്ടെന്ന് കാണിച്ചത് മാത്രമാണ് മുഖ്യമന്ത്രിയുടെ ബന്ധുവിന് പദ്ധതിയുമായുള്ള ബന്ധം എന്നാണ് കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞിരുന്നത്.

പദ്ധതിയിലെ തട്ടിപ്പുകളെ കുറിച്ച് അല്‍ഹിന്ദ് കമ്പനി വളരെ നേരത്തെ തന്നെ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പി.രാജീവ് മന്ത്രിയായിരിക്കുമ്പോള്‍ തന്നെയാണ് വ്യവസായ വകുപ്പ് സെക്രട്ടറിയെ 23-10-2021ന് അല്‍ഹിന്ദ് കത്തെഴുതി വിവരം അറിയിച്ചത്.

പ്രസാദിയോയുടെ കണ്‍ട്രോളിലാണ് എഐ ക്യാമറയുടെ മുഴുവന്‍ ഇടപാടുകളും നടന്നിരിക്കുന്നത്. ഇവരുടെ തട്ടിപ്പ് ചൂണ്ടിക്കാട്ടി ഒരു കമ്പനി സര്‍ക്കാരിനെ സമീപിച്ചിട്ടും ഒന്നും ചെയ്തില്ല. തട്ടിപ്പ് നടക്കുന്ന കാര്യം വ്യവസായ വകുപ്പിനും മന്ത്രിക്കും അറിയാമായിരുന്നുവെന്നും സതീശന്‍ ആരോപിച്ചു.

സ്വകാര്യ ട്യൂഷൻ വേണ്ട, നടപടിക്ക് നിർദ്ദേശം

അധ്യാപകരുടെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസെടുപ്പും സ്‌പെഷ്യൽ ട്യൂഷനും നിരീക്ഷിക്കാൻ നിർദ്ദേശം. ഇത്തരത്തിൽ ക്ലാസുകൾ എടുക്കുന്ന അധ്യാപർക്ക് എതിരെ കർശന നടപടി സ്വീകരിക്കും. തിരുവനന്തപുരത്ത് ചേർന്ന വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗത്തിലാണ് തീരുമാനം.

ജൂൺ 1 ന് വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്യുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചു ചേർത്തത്. സ്വകാര്യ ട്യൂഷൻുകൾ തടയുന്നതിന് നടപടി സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.

രക്ഷകർത്താക്കളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും സ്‌കൂളുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിൽ അടിയന്തിര ഇടപെടൽ നടത്തണം.

അച്ചടക്ക നടപടികളിൽ സ്വീകരിക്കേണ്ട വിഷയങ്ങളിൽ ആയത് സ്വീകരിക്കണം.

പി.റ്റി.എ. യുടെ പ്രവർത്തനം സംബന്ധിച്ച പരാതികളിൽ ബന്ധപ്പെട്ടവരുടെ യോഗം അതത് പരാതി ലഭിക്കുന്ന ഓഫീസുകളിൽ വിളിച്ചു ചേർത്ത് അടിയന്തിര പരിഹാരം കാണണം.

സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകളിൽ ഒരുതരത്തിലുള്ള അഴിമതിയും കാലതാമസവും അനുവദിക്കുന്നതല്ല.

ഭിന്നശേഷി നിയമന ഉത്തരവ് വരുന്നതിന് മുമ്പ് നടത്തിയ നിയമനങ്ങളിൽ ഇതുവരെയും അംഗീകാരം കൊടുക്കാതെ നീട്ടിക്കൊണ്ടു പോകുന്ന സ്ഥിതി വിശേഷം ഉണ്ടാകാൻ പാടില്ല.

ആർ.ഡി.ഡി., എ.ഇ.ഒ., ഡി.ഇ.ഒ, ഡി.ഡി. ഓഫീസുകളിൽ ഫയലുകൾ കെട്ടിക്കിടക്കാൻ പാടില്ല.

ഫയലുകളിൽ നിരത്തി ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സ്ഥിതിയുണ്ടാകരുത്.

ഫയലുകൾ പൂഴ്ത്തിവയ്ക്കുന്നതും പാരിതോഷികങ്ങൾ ആവശ്യപ്പെടുന്നതും അടക്കം ഏത് വിഷയം ശ്രദ്ധയിൽപ്പെട്ടാലും വിട്ടുവീഴ്ചയില്ലാത്ത നടപടി സർക്കാർ സ്വീകരിക്കും.

പ്രവൃത്തി ദിവസങ്ങളിൽ സ്‌കൂൾ ഓഫീസുകൾ 5 മണി വരെ പ്രവർത്തിക്കണം.

ലാന്റ് ഫോണുകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം.

സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ,പ്രവേശനോത്സവം, എസ്എസ്എൽസി – പ്ലസ് ടു ഫലങ്ങൾ, പ്ലസ് ടു പ്രവേശനം,സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, സ്കൂൾ വാഹനങ്ങളുടെ റിപ്പയറിങ്, ഉച്ചഭക്ഷണ പദ്ധതി, പച്ചക്കറിത്തോട്ടം, ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ് പദ്ധതി, പാഠപുസ്തക – യൂണിഫോം വിതരണം, കുടിവെള്ള ടാങ്കുകൾ – കിണറുകൾ ശുചീകരണം, സ്കൂൾ ഫർണിച്ചർ മെയിന്റനൻസ്, സ്കൂൾ പിടിഎയുടെ ജില്ലാതല യോഗം, ലഹരി വിമുക്ത സ്കൂൾ ക്യാമ്പസ്, പ്രീ പ്രൈമറി ക്ലാസുകൾ, അവധിക്കാല രക്ഷകർതൃ സംഗമം, സ്കൂൾ ക്യാമ്പസുകൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച്, സ്കൂൾ കുട്ടികളെ മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച്,അക്കാദമിക മികവ് ഉയർത്താനുള്ള പദ്ധതികൾ,ഹയർസെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചാവിഷയമായി.

പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, എ ഇ ഒ, ഡി ഇ ഒ, ഡി ഡി ഇ, ആർ ഡി ഡി തലം വരെയുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.