സമരത്തെ രാഷ്ട്രീയവൽക്കരിച്ച് രക്ഷപെടാൻ ബ്രിജ് ഭൂഷൺ, രാജി സന്നദ്ധതയറിയിച്ച് പാർട്ടിയെയും വെട്ടിലാക്കി മുന്നോട്ട്

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ എം.പി. സ്ഥാനം രാജിവെക്കാമെന്ന് റെസ്ലിംങ് ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി. എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്. പൗരത്വ ഭേദഗതിക്കെതിരായി ഷഹീന്‍ ബാഗിലുണ്ടായത് പോലെ പ്രതിഷേധം വ്യാപിക്കുകയാണ്. താനല്ല, പാര്‍ട്ടിയാണ് അവരുടെ ലക്ഷ്യമെന്നും ആരോപിച്ച് കൊണ്ട് സമരത്തെ രാഷ്ട്രീയവൽക്കരിക്കാൻ ബ്രിജ് ഭൂഷണ്‍ രംഗത്ത് ഇറങ്ങി.

ഇതോടെ ബി ജെ പി നേതൃത്വവും വെട്ടിലായി. ഉത്തർ പ്രദേശിൽ നാല് ജില്ലകളിൽ എങ്കിലും സ്വന്തമായി സ്വാധീനമുള്ള മാഫിയ ബന്ധങ്ങൾ ആരോപിക്കപ്പെട്ട വ്യക്തിയാണ് ബ്രിജ് ഭൂഷൺ. ലോക് സഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ഇയാളെ പിണക്കുക അപകടകരമായി മാറും എന്നതാണ് പ്രതിസന്ധി.

സമരത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമത്തെ ബ്രിജ്ഭൂഷണ് എതിരായ നിരവധി എഫ് ഐ ആറുകളിൽ എന്ത് നടപടികൾ ഇതുവരെ എടുത്തു എന്ന ചോദ്യവുമായി ഗുസ്തി താരങ്ങൾ നേരിട്ടു.

പീഡന കേസിൽ പോക്സോയും, രാഷ്ട്രീയമെന്ന് വരുത്താൻ തന്ത്രം

തുക്‌ഡേ തുക്‌ഡേ ഗ്യാങ്ങിലുള്ളവരും ഷഹീന്‍ബാഗ് സമരത്തില്‍ പങ്കെടുത്തവരും കര്‍ഷക സമരത്തിലുണ്ടായിരുന്നവരും ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിലുണ്ട്. അവര്‍ക്ക് പണം ലഭിക്കുന്നുണ്ട്. എന്നാണ് ബ്രിജ് ഭൂഷൺ ആരോപിച്ചത്. അവരുടെ ലക്ഷ്യം ഹരിയാനയേയും ഉത്തര്‍പ്രദേശിനേയും വിഭജിക്കുകയാണെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയോ, ആഭ്യന്തരമന്ത്രി അമിത് ഷായോ, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയോ നിര്‍ദേശിച്ചാല്‍ താന്‍ ആ സമയം രാജിവെക്കാമെന്ന് ബ്രിജ് ഭൂഷണ്‍ എ.ബി.പി. ന്യൂസിനോട് പറഞ്ഞു. തനിക്കെതിരായ ആരോപണത്തെക്കുറിച്ച് പ്രധാനമന്ത്രിയോട് സംസാരിച്ചിട്ടില്ല. താന്‍ ആറു തവണ എം.പിയായിട്ടുണ്ട്. ഭാര്യ എം.പിയായിരുന്നു, മകന്‍ എം.എല്‍എയാണ്. നരേന്ദ്രമോദി ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ തന്നെ താന്‍ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.

വിവാഹ മോചനത്തിന് ആറുമാസത്തെ കാത്തിരിപ്പ് നിർബന്ധമാക്കേണ്ടതില്ല- സുപ്രീം കോടതി

വിവാ​ഹ മോചന കാര്യത്തിൽ ഏറെക്കാലമായി അനുഭവിക്കുന്ന പ്രശ്നത്തിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. വീണ്ടെടുക്കാനാത്ത വിധം തകർച്ച നേരിട്ട വിവാഹ ബന്ധങ്ങൾ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ച് വേർപെടുത്താമെന്ന് കോടതി പറഞ്ഞു. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ നിർബന്ധിത കാലയളവ് വ്യവസ്ഥകൾക്ക് വിധേയമായി ഒഴിവാക്കാമെന്നാണ് ഇതിനായി നിർദ്ദേശിച്ചത്.

എപ്പോഴാണ് ഒരു വിവാഹബന്ധം വീണ്ടെടുക്കാനാകാത്ത വിധം തകർച്ചയുണ്ടാകുന്നതെന്ന് നിർണയിക്കാൻ മാനദണ്ഡങ്ങൾ നിർദേശിച്ചിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, എ എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ച് ചൂണ്ടികാട്ടുകയും ചെയ്തു.

മെയിന്റനൻസ്, ജീവനാംശം, കുട്ടികളുടെ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള നിർണയം എങ്ങനെ സന്തുലിതമാക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 ബി പ്രകാരം പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായുള്ള നിർബന്ധിത കാത്തിരിപ്പ് കാലയളവ് ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം വിനിയോഗിച്ച് സുപ്രീം കോടതിക്ക് ഒഴിവാക്കാനാകുമോ എന്നതായിരുന്നു ഭരണഘടനാ ബെഞ്ച് പരി​ഗണിച്ച പ്രധാന വിഷയം. ആറു മാസത്തെ കാത്തിരിപ്പ് പല രാജ്യങ്ങളെയും സംബന്ധിച്ച് പഴഞ്ചൻ ആയി മാറിയിരുന്നു.

പരസ്പര സമ്മതത്തോടെയുള്ള വേർപിരിയാൻ തീരുമാനിച്ച ദമ്പതികളെ നിയമനടപടികൾക്കായി  കുടുംബ കോടതികളിലേക്ക് റഫർ ചെയ്യാതെ വിവാഹമോചനം നൽകാം.

ഏഴ് വർഷം മുമ്പ് ജസ്റ്റിസുമാരായ ശിവകീർത്തി സിംഗ്, ആർ ഭാനുമത) എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് അഞ്ചംഗ ബെഞ്ചിന് കൈമാറിയത്.

ഇന്ത്യയിലെ വിവാഹ നിയമങ്ങൾ അറിയണം

നമ്മുടെ നാട്ടിലെ വിവാഹങ്ങളിൽ ഭൂരിഭാഗവും മതാചാരപ്രകാരമാണ്. വിവിധ മതസ്ഥർ അവരവരുടെ വ്യക്തി നിയമങ്ങൾ അനുസരിച്ചാണ് വിവാഹിതരാകുന്നത്. ഹിന്ദു മത വിശ്വാസികൾ ആണെങ്കിൽ ഹിന്ദു മാര്യേജ് ആക്ട് അനുസരിച്ചും മുസ്ലീം മത വിശ്വാസികൾ മുസ്ലീം വ്യക്തി നിയമങ്ങൾ അനുസരിച്ചും കൃസ്ത്യൻ മത വിശ്വാസികൾ കൃസ്ത്യൻ വ്യക്തി നിയമങ്ങൾ അനുസരിച്ചും വിവാഹിതരാകുന്നതാണ് പെതുവെ. വിവിധ മതവിശ്വാസികളായ മനുഷ്യർ ഒരു മതത്തിൻ്റെയും ആചാരപ്രകാരമല്ല വിവാഹിതരാകുന്നതെങ്കിൽ അത്തരം വിവാഹങ്ങൾ സ്പെഷൽ മാര്യേജ് ആക്ട് അനുസരിച്ചാണ് നടക്കുക. ഒരേ മതത്തിൽ ആയാലും തന്നെ മതാചാര പ്രകാരമല്ലാതെ വിവാഹം കഴിക്കാൻ സെപഷൽ മാര്യേജ് ആക്ട് അവസരം നൽകുന്നു. 

ആചാര പ്രകാരം നടന്നു എന്നത് കൊണ്ട് മാത്രം നിയമപരമായ സാധുത ലഭിക്കില്ല. അതിനായി വിവിധ മതാചാര പ്രകാരം നടന്ന വിവാഹങ്ങൾ അത്തരം വിവാഹങ്ങൾ നടന്ന അമ്പലമോ പള്ളിയൊ ഒക്കെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ റെജിസ്റ്റർ ചെയ്യണം. ഇനി സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹമെങ്കിൽ അവ റെജിസ്റ്റർ ചെയ്യപ്പെടുക മാര്യേജ് ഓഫീസറായ സബ് റെജിസ്റ്റാർ മുമ്പാകെ ആണ് എന്നത് കൊണ്ട് വേറെ റജിസ്ട്രേഷൻ്റെ ആവശ്യമില്ല. വിവാഹങ്ങൾ നടക്കുന്നത് വിവിധ ആക്ടുകൾ പ്രകാരമാണ് എന്നത് കൊണ്ട് ഡിവോഴ്സുകൾ നടത്തേണ്ടത് അതെ നിയമങ്ങൾ വച്ചാണ് എന്ന നിയമ പ്രശ്നമുണ്ട്.

ഓരോ വിഭാഗങ്ങൾക്കിടയിലെയും വിവാഹ മോചന നിയമങ്ങൾ അറിയാം

ഹിന്ദു മാര്യേജ് ആക്ട് 1955

ഹിന്ദു മാര്യേജ് ആക്ട് പ്രകാരം നമ്മുടെ നാട്ടിലെ ഹിന്ദുക്കൾക്കൊപ്പം ബുദ്ധ മതസ്ഥർ, ജൈനർ, സിഖുകാർ ഒക്കെയും ഈ ആക്ട് പ്രകാരമാണ് വിവാഹം റെജിസ്റ്റർ ചെയ്യേണ്ടത്. വിവാഹ സമയത്ത് ഈ നിയമ പ്രകാരം പുരുഷനൊ സ്ത്രീയൊ മറ്റൊരു സപൗസ് ഉണ്ടാകാൻ പാടില്ല എന്നതും പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സ് തികഞ്ഞിരിക്കണം എന്നതും നിർബന്ധമാണ്.

ഹിന്ദു മാര്യേജ് ആക്ടിലെ 13 വകുപ്പിലാണ് ഡിവോർസുകളെ കുറിച്ച് പറയുന്നത്. ഡിവോർസ് ഏതെങ്കിലും ഒരു കക്ഷിക്ക് അഥവാ ഭാര്യക്കൊ ഭർത്താവിനൊ ഫയൽ ചെയ്യാമെങ്കിലും അത് എളുപ്പത്തിൽ തീരാൻ പരസ്പരം യോജിപ്പോടെ ഫയൽ ചെയ്യുകയെ നിവൃത്തിയുള്ളൂ. സെക്ഷൻ 13 B യിലാണ് പരസ്പര സമ്മതത്തോടെയുള്ള ഡിവോസുകളെ കുറിച്ച് പറയുന്നത്. ഇതനുസരിച്ച് ഇനി പറയുന്ന കണ്ടീഷനുകൾ ഫുൾഫില്ല് ചെയ്താൽ ഭർത്താവിനും ഭാര്യക്കും ഒരുമിച്ച് ഡിവോർസ് പെറ്റീഷൻ കുടുംബ കോടതിയിൽ ഫയൽ ചെയ്യാം. 

* പരസ്പരം പിരിഞ്ഞ് താമസിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം ആയിരിക്കണം

* പരസ്പരം യോജിച്ച് മുന്നോട്ട് പോകാൻ ഒരു സാഹചര്യവുമില്ല എന്ന് ബോധ്യപ്പെട്ടിരിക്കണം

* വിവാഹബന്ധം വേർപെടുത്താർ ഭാര്യയും ഭർത്താവും പരസ്പരം സമ്മതിച്ചിരിക്കണം 

ഇങ്ങനെ ഒരു പെറ്റീഷൻ ഇരുവരും ഫയൽ ചെയ്ത് ആറ് മാസത്തിന് ശേഷം കോടതിക്ക് ഇരു കൂട്ടരെയും നേരിട്ട് കേട്ടതിന് ശേഷം രണ്ടു പേരും തീരുമാനം മാറ്റാത്ത സ്ഥിതിക്ക് ഡിവോർസ് ഉത്തരവിടാം. ഇത്തരമൊരു യോജിപ്പില്ലാതെ ഒരാൾ മാത്രമാണ് ഡിവോർസ് ഫയൽ ചെയ്യുന്നതെങ്കിൽ വർഷങ്ങൾ നീണ്ടു നിൽക്കുന്ന പ്രൊസസാണ്. ആറു മാസക്കാലയളവ് തന്നെയും വേണ്ടതില്ലെന്നാണ് പുതിയ ഉത്തരവിൽ സുപ്രീം കോടതി മുന്നോട്ട് വെച്ചത്.

മുസ്ലിം വ്യക്തി നിയമം

ഹിന്ദു മതവിശ്വാസികൾക്ക് ഹിന്ദു വ്യക്തി നിയമങ്ങൾ പോലെ മുസ്ലീം മതവിശ്വാസികൾക്ക് മുസ്ലീം വ്യക്തി നിയമങ്ങളുണ്ട്. മുസ്ലീം പേഴ്സണൽ ലോ (ശരീഅത്ത് ) ആപ്ലിക്കേഷൻ ആക്ട് അനുസരിച്ച് വിവാഹം, വിവാഹബന്ധം വേർപിരിയൽ, പിന്തുടർച്ചാവാകാശം, എന്നീ കാര്യങ്ങൾ മുസ്ലിം വ്യക്തി നിയമം അനുസരിച്ചാണ് മുസ്ലിങ്ങൾക്ക് ബാധകമാകുക. ഇതനുസരിച്ച് ഡിവോർസ് രീതികൾ ഇനി പറയുന്നവയാണ്. 

*തലാക്ക്

* ഇല

* സിഹർ

*lian 

* ഖുല 

* മുബാറാത്ത് 

ഈ പറഞ്ഞവയിൽ നമുക്കേറ്റവും പരിചയമുള്ളത് തലാക്ക് ആയിരിക്കും. ഭർത്താവ് നടത്തുന്ന ഡിവോർസ് ആണിത്. സിനിമകളിലും മറ്റും ഭർത്താവ് ഏകപക്ഷീയമായി നടത്തിയിരുന്ന തലാക്ക് എന്നാൽ ഇന്ന് നിലവിലില്ല. 2019 ലെ മുസ്ലീം വുമൻ ( പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓൺ മാരിയേജ് ) ആക്ട് പ്രകാരമാണിത്. ഇതനുസരിച്ച് വാക്ക് കൊണ്ടൊ എഴുതിയൊ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയൊ ഭർത്താക്കന്മാർ ഏകപക്ഷീയമായി നടത്തുന്ന തലാക്കുകൾ നിയമവിരുദ്ധമാണെന്ന് മാത്രമല്ല ജാമ്യമില്ലാ കുറ്റവുമാണ്. അപ്പൊൾ പിന്നെ ഡിവോർസ് എങ്ങനെ എളുപ്പത്തിലാക്കാം എന്നതിന് പരസ്പര സമ്മതത്തോടെ പിരിയുക എന്നൊരു വഴിയെ മുസ്ലീം വിശ്വാസികൾക്കും മുമ്പിലുള്ളു എന്ന് കാണാം. അത്തരമൊരു വിവാഹ മോചന രീതിയാണ് മുബാറാത്ത് എന്നത് . 

ഇതനുസരിച്ച് ഭർത്താവും ഭാര്യയും വേർപിരിഞ്ഞ് ജീവിക്കുകയും അവർ തമ്മിൽ യോജിച്ച് പോവാൻ ഇരു കൂട്ടരുടെയും ബന്ധുക്കൾ നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുകയും ചെയ്താൽ ഇരു കക്ഷികൾക്കും പരസ്പര യോജിപ്പോടെ മുബാറാത്ത് എന്ന വിവാഹ മോചന കരാർ ഒപ്പിടാം. ഈ കരാറിൽ സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകളൊ ബാധ്യതകളൊ ശേഷിക്കുന്നുണ്ടെങ്കിൽ അവ കൈമാറേണ്ട രീതിയും സമയവും കരാറിൽ മെൻഷൻ ചെയ്യാം. ഇനി  ബാധ്യതകൾ ഒന്നും പരസ്പരം ഇല്ലെങ്കിൽ അതും സൂചിപ്പിക്കാം. ഇത്തരമൊരു കരാർ സാക്ഷികളുടെ സാനിധ്യത്തിൽ ഒപ്പിടുന്നോടെ വിവാഹ മോചനം നിലവിൽ വരും. 

അപ്പൊൾ തോന്നാവുന്ന ഒരു സംശയം, മത ആചാര പ്രകാരം മാത്രം നടത്തിയ വിവാഹ മോചനം കൊണ്ട് നിയമപരമായി ഇരുവരും വിവാഹ മോചിതർ ആകുമോ എന്നാണ്. കാരണം ഹിന്ദു മാര്യേജ് ആക്ട് അനുസരിച്ച് കുടുംബ കോടതിയിൽ ആണല്ലോ കേസ് ഫയൽ ചെയ്യുന്നത്. മുസ്ലീം നിയമത്തിൽ പരസ്പരം ഒരു കരാർ ഒപ്പിടുന്നു മാത്രമേ ഉള്ളൂ. മുബാറാത്ത് കരാർ ഒപ്പിട്ടതിന് ശേഷം അത് ഡിക്ലെയിൽ ചെയ്യാനായി ഇരു കക്ഷികൾക്കും കുടുംബ കോടതിയെ സമീപിക്കാം. ഫാമിലി കോർട്സ് ആക്ടിലെ 7 വകുപ്പനുസരിച്ചാണിത്. കോടതി ഇരു കക്ഷികളേയും കേട്ടതിന് ശേഷം വിവാഹ ചോചനം അംഗീകരിക്കുന്നതോടെ നടപടികൾ അവസാനിക്കും. ഇതോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ റെജിസ്റ്റർ ചെയ്തതടക്കമുള്ള ഒഫീഷ്യൽ രേഖകളിൽ നിന്നും ഇരു കൂട്ടരും ഭാര്യ ഭർത്താക്കന്മാർ അല്ലാതാകും. 

കൃസ്ത്യൻ വ്യക്തി നിയമം  

ഇനി കൃസ്ത്യൻ മതവിശ്വാസികളാണെങ്കിൽ ക്യസ്ത്യൻ മതാചാര പ്രകാരം വിവാഹം നടന്നതിന് ശേഷം അവ നേരത്തെ പറഞ്ഞ ഹിന്ദു – മുസ്ലിം വിവാഹങ്ങൾ പോലെ തന്നെ കോർപ്പറേഷനിലൊ മുൻസിപ്പാലിറ്റിയിലൊ റെജിസ്റ്റർ  ചെയ്യുകയാണ് രീതി. ഇങ്ങനെ നടക്കുന്ന വിവാഹങ്ങളുടെ വിവാഹ മോചനം നടത്തേണ്ടത് 2001 ലെ  ഇൻഡ്യൻ ഡിവോർസ് ആക്ട് അനുസരിച്ചാണിത്. 1869 ലെ ഡിവോർസ് ആകട് ഭേദഗതി ചെയ്താണ് ഇന്ത്യൻ ഡിവോർസ് ആക്ട് പാസ്സാക്കിയിരിക്കുന്നത്. നേരത്തെ ഡിവോർസിന് പുരുഷന് ആയിരുന്നു കൂടുതൽ അവകാശമുണ്ടായിരുന്നെതെങ്കിൽ അത്തരമൊരു അസമത്വം പരിഹരിച്ചാണ് പുതിയ ആക്ട് ഉണ്ടായത്. ഇതനുസരിച്ച് വിവാഹ മോചനം എളുപ്പത്തിലാക്കാൻ ആക്ടിലെ 10 A അനുസരിച്ചാണ് ഭാര്യയും ഭർത്തവും പെറ്റീഷൻ കുടുംബ കോടതിയിൽ ഫയൽ ചെയ്യേണ്ടത്. ഇതിനായി  *ഇരുവരും രണ്ട് വർഷമായി പിരിഞ്ഞ് താമസിച്ചു വരികയായിരിക്കണം

* വിവാഹ മോചനം നടത്താൻ ഭാര്യയും ഭർത്താവും പരസ്പരം സമ്മതിക്കണം. 

രണ്ട് വർഷമായി പിരിഞ്ഞ് താമസിക്കണം എന്ന കണ്ടീഷൻ 2010 ലെ സൗമ്യ ആൻ തോമസ് v. യൂണിയൻ ഓഫ് ഇൻഡ്യ എന്ന കേസിൽ സുപ്രീം കോടതി എടുത്തു കളഞ്ഞു. മറ്റു മത വിശ്വാസികൾക്കില്ലാത്ത ‘രണ്ടു വർഷം’ എന്ന നിയന്ത്രണം ഭരണഘടന ഉറപ്പ് നൽകുന്ന തുല്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണിത്. അതു കൊണ്ട് ഇപ്പോൾ കൃസ്ത്യൻ വിശ്വാസികൾക്കും വിവാഹ മോചനം നടത്താൻ ഒരു വർഷമായി പിരിഞ്ഞ് താമസിക്കുകയെ വേണ്ടു. പെറ്റീഷൻ ഫയൽ ചെയ്ത് ആറ് മാസത്തിന് ശേഷം ഇരു കക്ഷികളെയും കേട്ട് തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ കുടുംബ കോടതി ഇരുവരുടേയും വിവാഹ മോചന അപേക്ഷ അംഗീകരിക്കും. 

സ്പെഷൽ മാര്യേജ് ആക്ട് 

ഇനി മതാചാര പ്രകാരമല്ലാതെയുള്ള വിവാഹത്തിലേക്ക് വന്നാൽ അവ റെജിസ്റ്റർ ചെയ്യുക സ്പെഷൽ മാര്യേജ് ആക്ട് അനുസരിച്ചാണ്. വലിയ ആചാരങ്ങളുടെ അകമ്പടി ഒന്നുമില്ലെങ്കിലും ആക്ടിൽ എല്ലാത്തിനും നടപടി ക്രമങ്ങളുണ്ട്. അത് റെജിസ്റ്റർ ഓഫീസിൽ അപേക്ഷ കൊടുക്കുന്നത് മുതൽ നോട്ടീസ് രണ്ട് പേരുടെയും റെജിസ്റ്റർ ഓഫീസിൽ പബ്ലിഷ് ചെയ്യുന്നതിലും എത്ര സാക്ഷികൾ ഒപ്പിടണം എന്നതിൽ വരെയുണ്ട്. അത് കൊണ്ട് വിവാഹ മോചനവും ആക്ട് തന്നെ അനുവദിക്കുന്നുണ്ട്. 

സെപഷൽ മാര്യേജ് ആക്ടിലെ 28 വകുപ്പനുസരിച്ചാണ് യോജിച്ചുള്ള ഡിവോർസിനുള്ള പെറ്റീഷൻ ഫയൽ ചെയ്യേണ്ടത്. ഒരു വർഷമൊ അതിലധികമോ ആയി വേർ പിരിഞ്ഞ് താമസിക്കുന്ന ഭാര്യക്കും ഭർത്താവിനും ഇത്തരം പെറ്റീഷൻ കുടുംബ കോടതിയിൽ ഫയൽ ചെയ്യാം. ആറു മാസത്തിന് ശേഷം കോടതിക്ക് ഇരു കൂട്ടരെയും നേരിട്ട് കേട്ട ശേഷം ഡിവോർസ് അനുവദിക്കാം. ഹിന്ദു മാര്യേജ് ആക്ടും ഡിവോർസ് ആക്ടും പോലെ തന്നെയാണ് ഇവിടെയും ഒരുമിച്ച് നടത്തുന്ന ഡിവോർസിൻ്റെ നടപടി ക്രമങ്ങൾ. 

അപ്പോൾ യോജിച്ചല്ലെങ്കിൽ ഡിവോർസ് ചെയ്യാൻ പറ്റില്ലെ എന്ന ചോദ്യം ഉയരുന്നുണ്ട്. ചെയ്യാമെന്ന് തന്നെയാണ് ഉത്തരം. ഹിന്ദു മാര്യേജ് ആക്ടിലെ സെക്ഷൻ 13, ഡിസൊല്യൂഷൻ ഓഫ് മുസ്ലിം മാര്യേജ് ആക്ടിലെ സെക്ഷൻ 2, ഡിവോർസ് ആക്ടിലെ സെക്ഷൻ 10, സെപഷൽ മാര്യോജ് ആക്ടിലെ സെക്ഷൻ 27 എന്നിവയനുസരിച്ച് ഭർത്താവിനൊ ഭാര്യക്കൊ ഡിവോർസ് പെറ്റീഷൻ ഫയൽ ചെയ്യാം. അതിന് മതിയായ കാരണങ്ങൾ വേണമെന്നു മാത്രം. പൊതുവായ ചില കാരണങ്ങൾ ഇനി പറയുന്നവയാണ്. 

* താൻ അല്ലാതെ മറ്റൊരു സ്ത്രീയൊ പുരുഷനൊ ആയുള്ള ബന്ധം 

* വർഷങ്ങളായി ഉപേക്ഷിച്ച് പോകൽ 

* മാനസിക അസ്വാസ്ഥങ്ങൾ 

* ഏഴ് വർഷത്തിലധികമായി കാണാതാകൽ 

* പുരുഷൻ്റെ ഇംപൊട്ടൻസി 

* ക്രൂരമായ പെരുമാറ്റം

ചിലപ്പോൾ ഒരാൾ വിവാഹ മോചനത്തിന് സമ്മതിക്കാതിരിക്കുകയും ഇപ്പൊൾ പറഞ്ഞ കാരണങ്ങൾ  ഉണ്ടാകുകയും ചെയ്തു എന്ന് വരാം. അപ്പോൾ കേസ് ഫയൽ ചെയ്യാതെ വേറെ നിവൃത്തി ഇല്ല. എന്നാൽ പരസ്പര യോജിപ്പോടെ നടത്തുന്ന വിവാഹ മോചനത്തിലെ പോലെ കൃത്യമായ സമയ ക്രമം ഒന്നും ഇത്തരം കേസുകൾ തീർക്കുന്നതിൽ പറയാനാവില്ല. കാരണം ചിലപ്പോൾ ആരോപണവും നുണയും ആവാം. ഒരാൾ ഡിവോർസിന് സമ്മതിക്കാത്തത് കൊണ്ട് ചിലപ്പോൾ വ്യാജമായും പരാതി കൊടുക്കാം. അത് അറിയാൻ വർഷങ്ങൾ നീണ്ട വിചാരണ വേണ്ടി വരും. അതു കൊണ്ട് പരസ്പര യോജിപ്പോടെ ഡിവോർസ് നടത്തിയാലെ ഒരു നിശ്ചിത സമയം കൊണ്ട് കേസ് തീരു എന്ന പരിമിതിയുണ്ട്.

മുസ്ലീം ലീഗിനെ നിരോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്നതിന് എതിരെ നടപടിയെടുക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഇതേത്തുടർന്ന് പരാതിക്കാരനായ ഉത്തർപ്രദേശ് ഷിയാ വഖഫ് ബോർഡ് മുൻ ചെയർമാൻ സയ്യദ് വസീം റിസ്വി ഹർജി പിൻവലിച്ചു.

മുസ്ലിം ലീഗ്, ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ എന്നിങ്ങിനെ രണ്ട് രാഷ്ട്രീയ പാർട്ടികൾക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഹർജി.

മതചിഹ്നങ്ങൾ ഉപയോഗിക്കുന്ന ഈ രാഷ്ട്രീയപ്പാർട്ടികൾക്ക് അനുവദിച്ച പേരുകളും ചിഹ്നവും റദ്ദാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

കേസിനിടെ മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ വിലക്കണമെന്ന ഹർജിയിൽ ബിജെപിയെ കക്ഷിചേർക്കണമെന്ന് മുസ്ലീം ലീഗ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ബിജെപിയുടെ ചിഹ്നമായ താമര മതചിഹ്നമായതിനാൽ കക്ഷി ചേർക്കണമെന്നാണ് ആവശ്യപ്പെട്ടത്.

സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെ, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവരാണ് മുസ്ലിം ലീഗിന് വേണ്ടി ഹാജരായത്.

ഉത്തർപ്രദേശ് ശിയാ വഖഫ് ബോർഡ് മുൻ ചെയർമാൻ സയ്യിദ് വസീം റിസ്‌വിയാണ് ഇതുമായി ബന്ധപ്പെട്ട് ഹർജി നൽകിയത്. മതവുമായി ബന്ധപ്പെട്ട പേരും ചിഹ്നവും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. നിലവിൽ രണ്ട് കക്ഷികളെ മാത്രമാണ് കേസിൽ കക്ഷി ചേർത്തിട്ടുളളത്. മുസ്‌ലിം ലീഗ്, ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ എന്നീ രണ്ട് പാർട്ടികളെ മാത്രമാണ് റിസ്‌വി കേസിൽ കക്ഷി ചേർത്തത്. എന്നാൽ ഇത്തരത്തിലുളള എല്ലാ പാർട്ടികളെയും കേസിൽ കക്ഷി ചേർക്കണമെന്ന് റിസ്‌വിയോട് സുപ്രിംകോടതി നിർദേശിച്ചിരുന്നു.

പിതാവ് ആകാൻ ഒടുങ്ങാത്ത ആഗ്രഹം, പക്ഷ നിയമ കുരുക്കിൽ പറയാൻ വയ്യാതെ പോയെന്ന് സൽമാൻ ഖാൻ

അച്ഛനാകാനുള്ള ആഗ്രഹം ഉള്ളിൽ ഒതുക്കിയതിൻ്റെ സങ്കടം പങ്കുവച്ച് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. ഇന്ത്യ ടിവിയുടെ ആപ് കി അദാലത് ടി വി ഷോയിലെ അഭിമുഖത്തിലാണ് സല്‍മാന്‍ ഖാൻ്റെ സങ്കടം. ഒരു കുട്ടിയെ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇന്ത്യന്‍ നിയമമനുസരിച്ച് അത് സാധ്യമല്ലെന്ന ഭീഷണിയിലിലായെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു.(Salman Khan shares his desire to become a father)

കരണ്‍ ജോഹര്‍ രണ്ട് കുട്ടികളുടെ അച്ഛനാകാന്‍ ഒരുങ്ങുന്നുവെന്നത് വാര്‍ത്തയായി. മാധ്യമ പ്രവർത്തകരുടെ ഇതു സംബന്ധിച്ച് ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സല്‍മാന്‍ ഖാന്‍. കുഞ്ഞുങ്ങളെ എനിക്ക് വലിയ ഇഷ്ടമാണ്. പക്ഷേ നിയമങ്ങളൊക്കെ മാറി. നമുക്ക് നോക്കാം എന്ത് ചെയ്യാനാകുമെന്ന്. കുട്ടികള്‍ എന്റെയൊപ്പം വരുമ്പോള്‍ അവരുടെ അമ്മമാരും ഒപ്പമുണ്ടാകും.

കുട്ടികളെ സംബന്ധിച്ച് അത് നല്ലതായിരിക്കാം. പക്ഷേ എന്റെ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ എന്റെ ഭാര്യ കൂടിയായിരിക്കും’. സല്‍മാന്‍ ഖാന്‍ പറഞ്ഞു.

കിസി കാ ഭായ് കിസി കി ജാന്‍ ആണ് സല്‍മാന്റെ ഏറ്റവും പുതിയ ചിത്രം. ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെ, ഷെഹ്നാസ് ഗില്‍, പാലക് തിവാരി, സിദ്ധാര്‍ത്ഥ് നിഗം, വെങ്കിടേഷ് ദഗ്ഗുബതി, ഭൂമിക ചൗള, രാഘവ് ജുയല്‍, ജാസി ഗില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അമിത് ഷായെ വിമർശിച്ച് ലേഖനം എഴുതിയതിന് ജോൺ ബ്രിട്ടാസിന് കാരണം കാണിക്കൽ നൊട്ടീസ്

ജോൺ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കൽ നോട്ടീസ്. രാജ്യസഭ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ആണ് ബ്രിട്ടാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അമിത് ഷായെ വിമർശിച്ച് ലേഖനമെഴുതിയത് ചൂണ്ടിക്കാട്ടിയാണ് നടപടി. ഉള്ളടക്കം ദേശവിരുദ്ധമെന്നാരോപിച്ച് ബിജെപി നൽകിയ പരാതിയിലാണ് നോട്ടീസ്. ലേഖനത്തെ സംബന്ധിച്ച വിശദീകരണം രേഖാമൂലം നൽകണമെന്നാണ് ആവശ്യം. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിനാണ് കാരണം കാണിക്കൽ നോട്ടീസ്. 

ബൈജൂസ് ഓഫീസുകളിൽ ഇ ഡി റെയിഡ്

 വിദ്യാഭ്യാസ ടെക്‌നോളജി കമ്പനിയായ ‘ബൈജൂസ് ഓഫീസുകളിലും സി.ഇ.ഒ.ബൈജു രവീന്ദ്രൻ്റെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. വിദേശ ഫണ്ടിങ് നിയമങ്ങള്‍ ലംഘിച്ചെന്ന കണ്ടെത്തലിലാണ് റെയ്ഡ്. കമ്പനിയുടെ രണ്ട് ഓഫീസുകളിലും ബൈജു രവീന്ദ്രന്റെ താമസ സ്ഥലത്തുമാണ് പരിശോധന

പരിശോധനയില്‍ രേഖകളും ഡാറ്റകളും പിടിച്ചെടുത്തതായി ഇ.ഡി.പത്ര കുറിപ്പില്‍ വ്യക്തമാക്കി.

‘ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ വ്യവസ്ഥകള്‍ പ്രകാരം (ഫെമ) പ്രകാരമായിരുന്നു റെയ്ഡ്. 2011 മുതല്‍ 2023 വരെയുള്ള കാലയളവില്‍ കമ്പനിക്ക് 28,000 കോടി രൂപ വിദേശ നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഇതേ കാലയളവില്‍ 9754 കോടി രൂപവിവിധ വിദേശ സ്ഥാപനങ്ങളിലേക്ക് നിക്ഷേപമായി മാറ്റുകയും ചെയ്തിട്ടുണ്ട്’

ഗുസ്തിതാരങ്ങളുടെ സമരത്തിന് പിന്നാലെ കോടതി ഇടപെട്ട് പോക്സോ ചുമത്തി; ബ്രിജ്ഭൂഷൻ്റെ വെല്ലുവിളിയിൽ പതറി പാർട്ടികൾ

വനിതാ ഗുസ്തിതാരങ്ങളെ ലൈംഗിക ചൂഷണങ്ങൾക്ക് വിധേയമാക്കി കേസിൽ ഡല്‍ഹി പോലീസ് കേസെടുത്തതിന് പിന്നാലെ വെല്ലുവിളിയുമായി റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങ്. ഗുസ്തി താരങ്ങളുയര്‍ത്തിയ ആരോപണങ്ങളില്‍ സ്ഥാനം രാജിവെക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ സ്വന്തം തട്ടകമായ ഗോണ്ടയിലാണ് പൂമാലയിട്ടും ബിജെപി എംഎല്‍എമാരെ അണി നിരത്തിയും കേസിന് പിന്നാലെ ബ്രിജ്ഭൂഷണ്‍ ശക്തിപ്രകടനം നടത്തിയത്.

അവസാനം പോക്സോ ചുമത്തി, വെല്ലുവിളി തുടർന്ന് എം പി

കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനിലാണ് വെള്ളിയാഴ്ച ബ്രിജ്ഭൂഷണെതിരെ രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമത്തിനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ വകുപ്പുകള്‍ പ്രകാരവുമാണ് രണ്ടുകേസുകളെന്ന് ഡല്‍ഹി ഡി.സി.പി. അറിയിച്ചു. പ്രായപൂര്‍ത്തിയാവാത്ത പരാതിക്കാരിക്ക് സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് കമ്മിഷണറോട് നിര്‍ദേശിച്ച സുപ്രീംകോടതി കേസ് മേയ് അഞ്ചിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

രാജിവെക്കുന്നത് വലിയ കാര്യമല്ല. പക്ഷേ ഞാനൊരു കുറ്റവാളി അല്ല. ഞാന്‍ രാജിവെച്ചാല്‍, അത് അവരുടെ (ഗുസ്തി താരങ്ങളുടെ) ആരോപണം ശരിവെക്കുന്നതാണെന്ന് അര്‍ത്ഥം വരും. പദവിയില്‍ എന്റെ കാലാവധി ഏതാണ്ട് കഴിയാനായി. സര്‍ക്കാര്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. 45 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പോടെ തന്റെ കാലാവധി അവസാനിക്കും’ ബ്രിജ്ഭൂഷണ്‍ അവകാശപ്പെട്ടു.

താന്‍ നിരപരാധിയാണെന്നും അന്വേഷണം നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന് മുമ്പ്, അവര്‍ എന്നെ പുകഴ്ത്തുകയും അവരുടെ വിവാഹത്തിന് എന്നെ ക്ഷണിക്കുകയും എന്നോടൊപ്പം ഫോട്ടോ എടുക്കുകയും എന്റെ അനുഗ്രഹം തേടുകയും ചെയ്യാറുണ്ടായിരുന്നു. ഇപ്പോള്‍ വിഷയം സുപ്രീം കോടതിയുടെയും ഡല്‍ഹി പോലീസിന്റെയും പക്കലാണ്, അവരുടെ തീരുമാനം ഞാന്‍ അംഗീകരിക്കും’ ബിജെപി എംപി പറഞ്ഞു.

ഗോണ്ടയിലെ ബ്രിജ്ഭൂഷണിന്റെ വീട്ടിലേക്ക് ശനിയാഴ്ച രാവിലെ മുതല്‍ ബിജെപി എംഎല്‍മാരുടെ ഒഴുക്കായിരുന്നു. കോണ്‍ഗ്രസും ചില വ്യവസായികളുമാണ് അദ്ദേഹത്തിനെതിനെതിരെയുള്ള ആരോപണത്തിന് പിന്നിലെന്നാണ് അനുയായികളുടെ ആരോപണം.

ജനപിന്തുണയിൽ അതിഖിനെ വെല്ലുന്ന അധോലോക ശക്തി

വലിയൊരു വോട്ടുബാങ്കുതന്നെയാണ് അയോധ്യയിലും സമീപജില്ലകളിലുമായി ബ്രിജ്ഭൂഷണുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രമേയുള്ളൂ. ആരോപണശരങ്ങളുയര്‍ന്നിട്ടും സിങ്ങിനെതിരേ ബി.ജെ.പി. നടപടിയെടുക്കാത്തതിന് കാരണവും ഈ വോട്ടുപേടിയാണ്.

അതിഖ് അഹമ്മദിൻ്റെ ജൂനിയർ പതിപ്പ് എന്നാണ് ഇയാളെ വിശേഷിപ്പിക്കുന്നത്. ഠാക്കൂർ വോട്ടുകളിൽ വൻ സ്വാധീനമുള്ള വ്യക്തിയാണ്. ആറു തവണ എം.പിയായിട്ടുണ്ട്. ഒരു തവണ സമാജ് വാദി ടിക്കറ്റിലും ജയിച്ചു. മത്സരിക്കാൻ ടിക്കറ്റ് നൽകിയാൽ മാത്രം മതി. വോട്ട് വീഴ്ത്തും എന്നതാണ് മണ്ഡലത്തിലെ ശക്തി. എം. എൽ. എ മാർ എല്ലാം ബ്രിജ് ഭൂഷൺ നിശ്ചയിക്കുന്നവരാണ്.

ജന്തര്‍മന്തറില്‍ നടക്കുന്ന ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ വര്‍ധിച്ചിട്ടുണ്ട്. നിരവധി കായിക താരങ്ങള്‍ പിന്തുണയര്‍പ്പിച്ചതിന് പിന്നാലെ വിവിധ രാഷ്ട്രീയ നേതാക്കളും സമരപ്പന്തലില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. താരങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് സമരപ്പന്തലിലെത്തി.

പ്ലസ് വൺ സ്പ്ലിമെൻ്ററി പരീക്ഷകൾ ഇനി മാർച്ചിൽ തന്നെ എഴുതാം

പ്ലസ് വൺ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ അവസാന ഘട്ട പരീക്ഷകൾക്ക് ഒപ്പം തന്നെ നടത്താൻ ഉത്തരവ്. .പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പരീക്ഷാനടത്തിപ്പിലും മറ്റുമുള്ള പ്രശ്നങ്ങൾ പരിഗണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സാധാരണ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് നടക്കാറുള്ളത്.

പ്ലസ് ടു വിദ്യാർഥികൾക്ക് ഒന്നാം വർഷത്തെ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ അടുത്ത അധ്യയനവർഷം മുതൽ വാർഷികപ്പരീക്ഷയ്ക്കൊപ്പം എഴുതാൻ അവസരമൊരുക്കും. പ്ലസ് ടു പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ ഉച്ചയ്ക്കുശേഷമോ അടുത്ത ദിവസമോ പ്ലസ് വൺ പരീക്ഷ നടത്തിയാൽ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് എഴുതുന്നവർക്ക് സൗകര്യമൊരുക്കാമെന്നാണ് വിലയിരുത്തൽ.

അധ്യയനദിവസങ്ങൾ നഷ്ടപ്പെടുത്താതെ ഈ പരീക്ഷകൾ എഴുതാനാവുമെന്നും അധ്യാപകർക്ക് ജോലിഭാരം കുറയുമെന്നും ശുപാർശയിൽ വ്യക്തമാക്കിയിരുന്നു.

ലൈംഗിക പീഡന പരാതിയിൽ ഡൽഹി പൊലീസിനെ വിശ്വാസമില്ലെന്ന് തുറന്നടിച്ച് ഗുസ്തി താരങ്ങൾ

 റസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരായ ലൈംഗിക പീഡന പരാതിയില്‍ ധീരത കൈവിടാതെ അഭിമാനം ഉയർത്തിപ്പിടിച്ച് ഗുസ്തി താരങ്ങള്‍. ഡല്‍ഹി പോലീസില്‍ വിശ്വാസമില്ലെന്ന് അവർ തുറന്നടിച്ചു. വർഷങ്ങളായി വനിതാ താരങ്ങളെ ശാരീരികമായി ചൂഷണം ചെയ്യുന്നതായി വിവരങ്ങൾ പുറത്ത് വന്നിട്ടും ബി ജെ പി എം പി കൂടിയായ ബ്രിജ്ഭൂഷണെതിരെ നടപടി എടുക്കാൻ ഡൽഹി പൊലീസ് ഭയന്നിരുന്നു.

പ്രശ്നം ദേശീയ ശ്രദ്ധയിൽ വീണ്ടും എത്തിയതോടെ ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പരാതിയില്‍ ഇന്ന് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുമെന്ന് ഡല്‍ഹി പോലീസ് സൂപ്രീം കോടതിയെ അറിയിച്ചുണ്ട്. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുക മാത്രമല്ല മറിച്ച് ബ്രിജ്ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാനാണ് സമരം നടത്തുന്നതെന്നാണ് താരങ്ങള്‍ നിലപാട് വെച്ചത്. ഡല്‍ഹിയിലെ ജന്തര്‍മന്ദറിലാണ് താരങ്ങള്‍ സമരം നടത്തുന്നത്.

ഇന്ന് വൈകുന്നേരത്തിനകം ബ്രിജ്ഭൂഷണനിനെതിരേ കേസെടുക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 2014 മുതലുള്ള പാരാതികൾ ഉയർന്നിട്ടും പ്രതിഷേധകരെ തേജോവധം ചെയ്യുന്ന നിലപാടാണ് അധികാരികൾ എടുത്തിരുന്നത്.

വെള്ളാപ്പള്ളി പുറത്ത് നിൽക്കണം, ക്രിമിനൽ കേസുള്ളവർ എസ് എൻ ട്രസ്റ്റിൽ വേണ്ടെന്ന ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി

ക്രിമിനല്‍ കേസുള്ളവര്‍ എസ്.എൻ ട്രസ്റ്റ് ഭാരവാഹികളാകരുതെന്ന ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസ്സമ്മതിച്ചു. ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, സഞ്ജയ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് സ്റ്റേ ആവശ്യം തള്ളിയത്.

ഹൈക്കോടതി വിധിക്ക് എതിരെ എസ്.എൻ ട്രസ്റ്റും വെള്ളാപ്പള്ളി നടേശനും ആണ് സുപ്രീം കോടതിയെ സമീപിച്ചത്. വഞ്ചന, സ്വത്ത് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. കുറ്റവിമുക്തരാകുംവരെ ട്രസ്റ്റ് ഭാരവാഹിയായി ഇവര്‍ തുടരാന്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എസ്.എന്‍. ട്രസ്റ്റ് ബൈലോയില്‍ നിര്‍ണായക ഭേദഗതി വരുത്തിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. എന്നാൽ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ കേസിലെ എതിര്‍ കക്ഷിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.