ഒരു കഥയും അവസാനിക്കുന്നില്ല, അല്ലെങ്കില്‍ എഴുതി അവസാനിപ്പിക്കാനാകില്ല

അഭിമുഖം
നകുൽ വി.ജി / സൽമാൻ റഷീദ്

ആശയങ്ങളിലെയും അവതരണത്തിലെയും പരീക്ഷങ്ങളാണ് നകുൽ വി.ജി എന്ന കഥാകൃത്തിന്റെ കാതൽ. മുമ്പേ പോയവരുടെയോ ഒപ്പം നടക്കുന്നവരുടെയോ രീതികൾ കടമെടുക്കാതെ, ഭാഷയുടെ ഉപയോഗത്തിലും ആഖ്യാനത്തിന്റെ ഘടനയിലും നിയമങ്ങള്‍ക്കപ്പുറം പോകുന്ന പുതുമകളെ അയാൾ എപ്പോഴും അന്വേഷിക്കുന്നു…. ‘ഈ രീതിയിൽ എഴുതിയാലേ കഥയാകു’ എന്ന ചിന്തയെ, സങ്കൽപ്പങ്ങളെ പൊളിച്ചു കളയുന്നു… ഒന്നിൽ കുടുങ്ങി നിൽക്കാതെ മറ്റൊന്നിലേക്കു പറന്നെത്താൻ കൊതിക്കുന്ന ഇത്തരമൊരു പരീക്ഷണ വ്യഗ്രത നകുലിന്റെ മിക്ക കൃതികളിലും കാണാം.
പൊകയില, സെൽഫി ഫിഷ്, ദൈവത്തിന്റെ പെൻഡ്രൈവ്, കാമുകിമാരുടെ ലൈബ്രറി, ഉടൽ തിയറ്റർ (കഥ), ഗോസ്റ്റ് റൈറ്റർ, നോവൽ മാഫിയ, ചീങ്കണ്ണി ബാർ (നോവെല്ല) എന്നിവയടക്കം വിവിധ വിഭാഗങ്ങളിൽ നകുൽ വി.ജിയുടെ കൃതികൾ വായനക്കാരുടെ മുമ്പിലുണ്ട്.
തന്റെ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരമായ ‘കഥ – നകുൽ വി.ജി’യുടെ പശ്ചാത്തലത്തിൽ അദ്ദേഹം സംസാരിക്കുന്നു…

ആദ്യ സമാഹാരമായ ‘പൊകയില’യിലെ കഥകളിൽ നിന്നു, അടുത്തിടെ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച ‘എഴുതിത്തീർക്കാത്ത നോവലിലെ മനുഷ്യർ’ എന്ന കഥയിലേക്കെത്തുമ്പോൾ,കഴിഞ്ഞ 9 വർഷത്തിനിടെ, സ്വന്തം എഴുത്തിൽ എന്തൊക്കെ മാറ്റങ്ങളുണ്ടായി എന്നാണ് തോന്നുന്നത് ?

അങ്ങനെ ചിന്തിക്കാറുണ്ട്. എങ്കിലും ഗ്രാഫ് മുകളിലേക്കാണോ താഴേക്കാണോ എന്നു തീരുമാനിക്കേണ്ടത് വായിക്കുന്നവരാണല്ലോ. എന്നെ സംബന്ധിച്ച് ‘പൊകയില’യിൽ നിന്നു ‘എഴുതിത്തീർക്കാത്ത നോവലിലെ മനുഷ്യരി’ലേക്കെത്തുമ്പോൾ തൃപ്തി നൽകുന്ന നിരവധി പുരോഗതികളുണ്ടെന്നതാണ് സത്യം. ‘പൊകയില’യിലെ കഥകൾ അവയെഴുതിയ കാലത്തെ എന്റ വായനയുടെയും ചിന്തകളുടെയും പ്രതിഫലനം കൂടിയാണ്. ദുരൂഹവും സങ്കീർണവുമായ അവതരണമാണ് നല്ലതെന്നായിരുന്നു അക്കാലത്തെ തോന്നൽ. എന്നാൽ പിന്നീടു വന്ന ‘സെൽഫി ഫിഷ്’, ‘ദൈവത്തിന്റെ പെൻഡ്രൈവ്’, ‘കാമുകിമാരുടെ ലൈബ്രറി’ എന്നീ സമാഹാരങ്ങളിലൂടെ ഞാനത്തരം ആലോചനകൾക്ക് പുറത്തു കടക്കാനും പരമാവധി തെളിച്ചമുള്ള ആഖ്യാനം സൃഷ്ടിക്കുവാനും ശ്രമിക്കുകയായിരുന്നു. അതിന്റെ ഭാഗമായി, അവതരണത്തില്‍ പുതിയ മാതൃകകൾ പരീക്ഷിക്കാനും കൂടുതൽ മുറുക്കത്തോടെ ഭാഷ ഉപയോഗിക്കാനും തുടങ്ങി. എന്നാൽ, എത്ര മിനക്കെട്ടാലും ചില കഥകൾ മറ്റേതെങ്കിലുമൊന്നിനോട് തട്ടി നിൽക്കുമെന്നതാണ് യാഥാർഥ്യം. കൊല്ലാമല, കുളത്തുവയൽ പ്രണയകാലങ്ങൾ തുടങ്ങി, ‘കൊല്ലാമല’ പരമ്പരയിലുള്ള കഥകൾ ഉദാഹരണം. ഹിംസയും പകയും വിഭ്രാത്മകമായ സന്ദർഭങ്ങളുമൊക്കെയാണ് അവയിലുള്ളത്. പലതും ഒരേ മീറ്ററിലുള്ള ആഖ്യാനങ്ങൾ.
വർഷങ്ങൾക്കു ശേഷം ‘പൊകയില’യുടെ രണ്ടാം പതിപ്പ് തയാറാക്കിയപ്പോൾ അതിലെ എല്ലാ കഥകളും ഞാൻ പുതുക്കിയെഴുതി. ചില കഥകള്‍ ചേർത്ത് ഒരു കഥയാക്കി. പലതിന്റെയും പേരും ആശയവും മാറി. ഫലത്തില്‍, ആദ്യ പതിപ്പിനെ മൊത്തത്തിൽ അസാധുവാക്കുന്ന പുതിയ പുസ്തകമാണ് ‘പൊകയില’യുടെ രണ്ടാം പതിപ്പ്.
എന്റെ ഓരോ കഥയും എപ്പോഴും എഡിറ്റിങ്ങിനു വിധേയമാകാൻ തയാറാകുന്നവയാണ്. പേരും തുടക്കവും ഒടുക്കവും ആഖ്യാനവും ആശയവും മറ്റൊന്നാകാം. ‘സെൽഫി ഫിഷി’ലെ പല കഥകളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടപോലെയല്ല പുസ്തകത്തിൽ ഉള്ളത്. സമാഹാരത്തിൽ ഉൾപ്പെടുത്തിയപ്പോൾ പലതിന്റെയും രൂപവും പേരും മാറ്റി.
എന്റെ ചില കവിതകളും അത്തരത്തിൽ കഥകളായിട്ടുണ്ട്. നോവെല്ലകളിലും സന്ദർഭാനുസരണം ചില കഥകള്‍ കൊരുത്തു ചേർത്തിട്ടുണ്ട്.

ഒരേ സമാഹാരത്തിൽ ഉൾപ്പെടുന്ന, കുളത്തുവയൽ പ്രണയകാലങ്ങൾ, ലിംഗപനി എന്നീ കഥകളുടേത് പരസ്പര ബന്ധമില്ലാത്ത അവതരണ ശൈലിയാണ്. ‘ഇതിങ്ങനെയാകണം’ എന്ന ധാരണയോടൊടെയാണോ ഓരോ കഥകളും എഴുതുക ? അതോ, ആശയം ആവശ്യപ്പെടുന്നതിനനുസരിച്ച് ആഖ്യാനം ഉരുത്തിരിയുകയാണോ ?

‘ഇങ്ങനെ ആരംഭിച്ച്, ഇങ്ങനെ അവസാനിക്കണം’ എന്ന ‘പ്രീ പ്ലാനിങ്ങ്’ അനുസരിച്ചല്ല എന്റെ ഒരു കഥയും എഴുതപ്പെട്ടിട്ടുള്ളത്. നേരത്തേ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ, ഒരു വാക്കോ വരിയോ മനസ്സിൽ തെളിയും. അവിടെ നിന്നു തുടങ്ങുന്ന എഴുത്ത് അപ്പപ്പോഴുണ്ടാകുന്ന തോന്നലുകളിലൂടെ വികസിക്കുകയാണ്. കഥ അവസാനിക്കുമ്പോഴാണ് ഞാനും അതിന്റ വികാസത്തെക്കുറിച്ചും അന്ത്യത്തെക്കുറിച്ചും മനസ്സിലാക്കുക. ചിലപ്പോൾ ഒരു പേരിൽ നിന്നാണ് കഥ തുടങ്ങുക. ആ പേര് മൊത്തം കഥയെയും തരും. അത്തരം അനുഭവങ്ങൾ ധാരാളം.
എഡിറ്റിങ്ങിൽ‌ ചില കഥകളുടെ രൂപം പരിഷ്കരിക്കുകയോ, പൊളിച്ചു പണിയുകയോ ചെയ്തിട്ടുണ്ട്. വളരെയധികം ചിന്തിച്ച്, യോജിക്കുമെന്നുറപ്പിച്ചിട്ടാണ് അതിനു തയാറാകുക. ‘ഭാഷാപോഷിണി’യിൽ പ്രസിദ്ധീകരിച്ച ‘കുളത്തുവയൽ പ്രണയകാലങ്ങൾ’ മൂന്നു കഥകളായി എഴുതിത്തുടങ്ങി ഒന്നിൽ അവസാനിച്ച ആശയമാണ്. ‘എഴുതിത്തീർക്കാത്ത നോവലിലെ മനുഷ്യർ’ പെട്ടെന്നുണ്ടായ ഒരു തോന്നലിൽ എഴുതിത്തുടങ്ങി, അധികം തിരുത്തുകളില്ലാതെ പ്രസിദ്ധീകരിച്ചതാണ്.

‘ചീങ്കണ്ണിബാർ’ എന്ന നോവെല്ലയുടെ ആഖ്യാനഘടനയിലുള്ള പരീക്ഷണങ്ങളും ഇങ്ങനെയുണ്ടായതാണോ ?

സാധാരണ ആഖ്യാനത്തിലല്ല, എന്തെങ്കിലുമൊരു കൗതുകത്തിനുള്ളിലാകുമ്പോഴാണ് ആ കഥ നന്നാകുക എന്നു തോന്നി. എഴുതിപ്പോകുമ്പോഴേ, ‘ഇങ്ങനെയാകണം ഇത്, അങ്ങനെയാകണം അത്’ എന്നൊക്കെ ചിന്തിച്ചുറപ്പിച്ചിരുന്നു.
ഒരു ചിത്രത്തോടോ, ശിൽപ്പത്തോടെ ഉള്ള അടുപ്പം സാഹിത്യസൃഷ്ടിയോടും ആസ്വാദകർക്കുണ്ടാകണം എന്നതാണ് എന്റെ ആഗ്രഹം.
വിദേശത്തൊക്കെ ഇക്കാര്യത്തിൽ അതിശയങ്ങൾ സംഭവിക്കുമ്പോഴും നേർരേഖയിൽ കഥ പറഞ്ഞവസാനിപ്പിക്കുന്നതാണ് മലയാളത്തിലെ ‘സേഫ് സോൺ’. മേതിൽ രാധാകൃഷ്ണന്റെ നോവലുകൾ, ബെന്യാമിന്റെ ‘തരകൻസ് ഗ്രന്ഥവരി’, വി.എച്ച് നിഷാദിന്റെ ‘ഏകാന്തതയെക്കുറിച്ച് ഒരു നോവൽ കൂടി’, സുരേഷ് പി തോമസിന്റെ ‘1100 കി.മി’, വി.എം ദേവദാസിന്റെ ‘ഡിൽഡോ’, രാകേഷ് നാഥിന്റെ ‘ഞാൻ എക്സ്പ്രസ്’ എന്നിവയുൾപ്പടെ ചുരുക്കം ചില കൃതികളാണ് അപവാദം. എം.നന്ദകുമാറിന്റെ ‘പ്രണയം കുറുക്കുവഴികൾ’, കരുണാകരന്റെ ‘പരസ്യജീവിതം’ തുടങ്ങിയ നോവലുകളും മറക്കുന്നില്ല. ഇവയുമായൊക്കെ താരതമ്യം ചെയ്യുമ്പോൾ ‘ചീങ്കണ്ണിബാർ’ ഒരു പരീക്ഷണമേയല്ല.
ഇപ്പോൾ, പ്രസിദ്ധീകരണത്തിനു തയാറാകുന്ന രണ്ട് നോവെല്ലകളിലും ആഖ്യാനത്തിലെ പരീക്ഷണങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്.

താങ്കളുടെ പല കഥകളും ‘അപൂർണം’ എന്ന തോന്നലിലാണ് അവസാനിക്കുന്നത്. അവിടെ വായനക്കാരന്റെ ചോദ്യങ്ങളും സംശയങ്ങളും ആരംഭിക്കുന്നു. പല കഥകൾക്കും ഈ സാമ്യതയുണ്ട്. എന്താണങ്ങനെ ? വിശദീകരിക്കാമോ ?

ഒരു കഥയും അവസാനിക്കുന്നില്ല, അല്ലെങ്കില്‍ എഴുതിയവസാനിപ്പിക്കാനാകില്ല, എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഏതു കഥയുടെയും അന്ത്യത്തിൽ നിന്നു ഭാവനാസമ്പന്നനായ ഒരു വായനക്കാരന്‍ മറ്റൊരു പുതിയ കഥ കണ്ടെത്തും. ഇല്ലെങ്കിൽ നോവലുകൾക്കും സിനിമകൾക്കുമൊന്നും തുടർ ഭാഗങ്ങളുണ്ടാകില്ലല്ലോ. എന്റെ പല കഥകളും വായനക്കാർക്ക് അവരുടെ ഭാവനയനുസരിച്ച് പൂരിപ്പിക്കാവുന്ന തരത്തിലാണ് അവസാനിക്കുന്നത്. വായനക്കാരെക്കൂടി സങ്കൽപമെന്ന പ്രക്രിയയിൽ പങ്കാളിയാക്കിക്കൊണ്ടാണ് അവ വളരുന്നതും. എഴുത്തിൽ സ്പൂൺ ഫീഡിങ് എന്ന ഏർപ്പാട് വേണ്ടതാണോ എന്ന് ചിന്തിക്കണം. ഞാനതിന് എതിരാണ്. ഈ ഉത്തരം ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്.

വിചിത്രമായ കഥാ സന്ദർഭങ്ങൾ അവതരിപ്പിക്കുമ്പോഴും ഭാഷ ലളിതമാക്കാൻ ശ്രദ്ധിക്കാറുണ്ടല്ലോ ?

മറ്റൊരാൾക്ക് വായിക്കാൻ കൂടിയാണല്ലോ എഴുതുന്നത്. അപ്പോൾ എന്താണോ കഥാകൃത്ത് ഉദ്ദേശിച്ചത് അത് കൃത്യമായി വായിക്കുന്നവർക്ക് മനസ്സിലാകണം. അത്രേയുള്ളൂ… പത്രപ്രവർത്തനം എന്ന തൊഴിലും അക്കാര്യത്തിൽ എന്നെ തുണയ്ക്കുന്നു. ‘വായിച്ചാല്‍ ആർക്കും മനസ്സിലാകണം’ എന്നത് മാഗസിൻ ജേണലിസത്തിന്റെ പ്രധാന പാഠങ്ങളിൽ ഒന്നാണ്. കഥയെഴുതുമ്പോഴും ഞാനത് പാലിക്കുന്നു. ‘പൊകയില’യിലെ കഥകളിൽ ദുർഗ്രഹമായ അവതരണവും ഭാഷയുടെ പരുക്കൻ സാധ്യതകളുമാണ് ഉപയോഗിച്ചിട്ടുള്ളത്. വായിച്ചുണ്ടായ ബോധ്യങ്ങൾ എന്നെ തിരുത്തി, ‘വായിച്ചാല്‍ ആർക്കും മനസ്സിലാകണം’ എന്ന നിലപാടിലേക്കെത്തിക്കുകയായിരുന്നു.
അൻവർ അബ്ദുള്ള കഥകളിലും നോവലുകളിലും ഭാഷ ഉപയോഗിക്കുന്ന രീതി എന്നെ ആകർഷിച്ചിട്ടുണ്ട്.
ഡ്രാക്കുളയും റിപ്പബ്ലിക്കും ഓപ്പറേഷന്‍ ബ്ലൂസ്റ്റാറും കുത്സിത നീക്കങ്ങളിൽ ദൈവവും കപ്പൽചേതങ്ങളുടെ രാത്രിയും ഗതിയുമുൾപ്പെടുന്ന നോവലുകൾ…അലിഗഡില്‍ ഒരു പശുവും അമേരിക്കകളും കഥകളും ഉൾപ്പെടുന്ന കഥാസമാഹാരങ്ങൾ… ഇവയൊക്കെയെഴുതിയ – എഴുതുന്ന അൻവർ അബ്ദുള്ളയാണ് റൈറ്റർ… ദി റിയല്‍ റൈറ്റർ! അവതരണത്തിലെ പരീക്ഷണങ്ങളും ചടുലതയും ഭാഷയെ ഉപയോഗിക്കുന്ന രീതിയും ആശയങ്ങൾ തിരഞ്ഞെടുക്കുന്നതിലെ ശ്രദ്ധയും…ഗംഭീരം! എല്ലാവരും ഉപയോഗിച്ചു തേഞ്ഞ പലതും ഇവയിലെങ്ങുമില്ല. മറ്റൊന്നു കണ്ടെത്താനുള്ള കൊതി! എന്നിട്ടും കൂടുതലാളുകളും വായിക്കുന്നത് അൻവർ അബ്ദുള്ളയുടെ ഡിറ്റക്ടീവ് നോവലുകളാണ്. പ്രൈം വിറ്റ്നസ്സും കംപാർട്ടുമെന്റും കോമയുമൊക്കെ മലയാളത്തിലെ ലക്ഷണമൊത്ത എ ഗ്രേഡ് കുറ്റാന്വേഷണ കൃതികളാണെന്നതില്‍ തർക്കമില്ല. എന്നാൽ അവയുടെ പ്രഭയിൽ മറ്റുള്ളവ മറക്കരുതെന്നാണ് ഉദ്ദേശിച്ചത്.

താങ്കളുടെ കഥാപാത്രങ്ങൾ പലതും സാധാരണക്കാരല്ല. അവരുടെ പ്രവൃത്തികളും അസാധാരണമാണ്. എങ്ങനെയാണ് ഇത്തരം മനുഷ്യരെ സൃഷ്ടിക്കുന്നത് ?

ഞാൻ പലപ്പോഴായി കേട്ടും കണ്ടും മനസ്സിലാക്കിയ മനുഷ്യരെ എന്റെ സങ്കൽപ്പങ്ങളിൽ കയറ്റിയിറക്കിയാണ് ഇത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കുക. വളരെ റോ ആയ, റഫ് ആയ, റെയർ ആയ മനുഷ്യരെ സൃഷ്ടിക്കുകയെന്നത് വലിയ താൽ‌പര്യമാണ്.
എന്നാൽ അങ്ങനെയൊരാളെ ഇപ്പോഴും എനിക്ക് കഥയിലാക്കാനായിട്ടില്ല. മുൻപ് ഞാൻ പറഞ്ഞതാണ് ഈ സംഭവം. എങ്കിലും ചോദ്യവുമായി ബന്ധപ്പെട്ടതായതിനാൽ ആവർത്തിക്കാം.
‘കലാകൗമുദി’യിൽ പ്രവർത്തിക്കുന്ന കാലത്ത്, തിരുവനന്തപുരത്തെ ഒരു മെൻസ് ഹോസ്റ്റലിൽ ഞാൻ കുറച്ചു കാലം താമസിച്ചിരുന്നു. രണ്ടു നിലകളുള്ള കെട്ടിടം. താഴത്തെ ഫ്ലോറിലായിരുന്നു എന്റെ മുറി. രണ്ടു നിലകളിലും അതാതിടങ്ങളിലെ എല്ലാ താമസക്കാർക്കുമായി 2കക്കൂസും 2 കുളിമുറിയുമാണുള്ളത്.
ഞങ്ങളുടെ നിലയിലാണ് മുകളില്‍ സൂചിപ്പിച്ച കഥാപാത്രത്തിന്റെ വാസം. ഇയാളുടെ പ്രത്യേകതയെന്തെന്നാൽ, ഒരു ദിവസത്തിന്റെ ഏറിയ പങ്കും കക്ഷി കുളിമുറിക്കുള്ളിലായിരിക്കുമെന്നതാണ്! ഷവർ തുറന്ന്, അതിനു കീഴെയിരുന്നു പിറുപിറുക്കുന്നതാണ് വിനോദം. രാത്രിയെന്നോ പകലെന്നോവില്ലാതെ മിക്കപ്പോഴും അയാളെ അതിനുള്ളിൽ കാണാം. കയറിയാൽ ഒന്നോ രണ്ടോ മണിക്കൂർ കഴിയാതെ പുറത്തിറങ്ങില്ല. അപ്പോഴൊക്കെ ജലധാരയും മന്ത്രിക്കലുമുണ്ടാകും. എത്ര ശ്രദ്ധയോടെ കേട്ടാലും എന്താണു പറയുന്നതെന്നു മാത്രം മനസ്സിലാകുകയേയില്ല ! പലപ്പോഴും ഇയാളുടെ ഈ ശീലം മറ്റുള്ള അന്തേവാസികൾക്കൊരു ശല്യമാണ്. അതായത്, അത്യാവശ്യമായി രണ്ടാളുകൾക്ക് കുളിക്കണം. അവർ ചെല്ലുമ്പോള്‍ ഒരു കുളിമുറിക്കുള്ളിൽ നമ്മുടെ കഥാപാത്രമുണ്ടാകും. ഒരാള്‍ കാത്തുനിൽക്കുകയേ നിവൃത്തിയുള്ളൂ. ആദ്യമൊക്കെ പലരും വഴക്കുകളുണ്ടാക്കിയിരുന്നുവെങ്കിലും ഗുണമില്ലെന്നു കണ്ടു നിർത്തി. ഒന്നു രണ്ടു തവണ ഞാനും തർക്കിച്ചിട്ടുണ്ട്. എങ്കിലും ലോഡ്ജിന്റെ കെയർ ടേക്കര്‍ അയാളോടൊന്നും മറുത്തു പറയാറില്ലെന്നത് എന്നെ അതിശയിപ്പിച്ചിരുന്നു. പിന്നീടാണറിഞ്ഞത്, ഇരട്ടിയിലധികം വാടകയാണത്രേ ഈ ജലധാരയുടെ പേരിൽ അയാളിൽ നിന്ന് ഈടാക്കുന്നത്. അയാള്‍ ആരാണ് ? എവിടുത്തുകാരനാണ് ? എന്താണ് ജോലി ? എന്നൊന്നും ആർക്കുമറിയില്ല. മധ്യവയസ്സു പിന്നിട്ട, ദുർബലശരീരമുള്ള അയാൾ ജോലിക്കു പോകുന്നതിന്റെ ലക്ഷണങ്ങളുമില്ല. അടുത്തൂൺ പറ്റിയ ഏതെങ്കിലും സർക്കാർ സേവകനാകാം….പെൻഷൻ കിട്ടുന്നതൊക്കെ ജലധാരയ്ക്കേ തികയാൻ സാധ്യതയുള്ളൂ… അയാൾ ആരോടും മിണ്ടാറില്ല. അയാളുടെ പേരെന്താണെന്നും പലർക്കുമറിയില്ല.
ഞാൻ അവിടം വിട്ടിട്ടിപ്പോള്‍ കൊല്ലങ്ങളായി. അതിനിടെ പലപ്പോഴും അയാളെ ഒരു കഥയിലാക്കണമെന്നു കരുതിയതാണെങ്കിലും സ്വാഭാവികമായ അലസത അതിനു തടസ്സമായി.
എന്നാൽ എനിക്കു മുന്നേ സമാന സ്വഭാവമുള്ള മറ്റൊരു കഥാപാത്രത്തെ ‘സ്റ്റാച്യു പി.ഒ’ എന്ന നോവലില്‍ എസ്.ആര്‍ ലാല്‍ അവതരിപ്പിച്ചു. തികച്ചും യാദൃശ്ചികം!
ആ നോവൽ വായിച്ച ശേഷം ഇക്കാര്യം ഞാൻ ലാലേട്ടനോ‍ട് പറഞ്ഞിട്ടുണ്ട്. എങ്കിലും അയാളെ മറക്കാൻ സാധിക്കുന്നില്ല. എന്നെങ്കിലും ഒരു കഥയിലുൾപ്പടുത്തണം എന്നാഗ്രഹിക്കുന്നു.

പൊകയില, ചീങ്കണ്ണി ബാർ, ദൈവത്തിന്റെ പെൻഡ്രൈവ്, കാമുകിമാരുടെ ലൈബ്രറി, ഗോസ്റ്റ് റൈറ്റർ, ഉടൽ തിയറ്റർ, നോവൽ മാഫിയ… പുസ്തകങ്ങൾക്ക് കൗതുകകരമായ ഇത്തരം പേരുകൾ നൽകുന്നത് ബോധപൂർവമാണോ ?

തീർച്ചയായും. വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുക എന്നതാണ് ഇത്തരം പേരുകളുടെ ലക്ഷ്യം. ഒപ്പം കവർ പേജ്, ചിത്രങ്ങൾ, ലേ ഔട്ട് തുടങ്ങി ഒരു പുസ്തകത്തിന്റെ എല്ലാ വശങ്ങളും മനോഹരമായിരിക്കുകയെന്നതും പ്രധാനമാണ്. പുസ്തകം ഒരു കലാസൃഷ്ടി കൂടിയാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.
പേരുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്നത് മേതില്‍ രാധാകൃഷ്ണന്റെ ‘ബ്രാ’ എന്ന നോവലാണ്. അക്കാലത്ത് ഇങ്ങനെയൊരു പേര് കണ്ടെത്തിയതിലെ ധൈര്യം സമ്മതിക്കണം. അത്രയും എത്തിയിട്ടില്ലെങ്കിലും പുസ്തകങ്ങൾക്ക് പേര് തീരുമാനിക്കുമ്പോൾ അങ്ങനെയൊരു കൗതുകം‍ ഞാനും പ്രതീക്ഷിക്കുന്നുണ്ട്.

ഉന്മാദവും സ്വപ്നങ്ങളും പല കഥകളിലും നിറഞ്ഞു തുളുമ്പുന്നു. എന്തുകൊണ്ടാണത് ?

സ്വപ്നങ്ങൾക്ക് പരിധിയില്ലല്ലോ. സ്വപ്നത്തിലാണ് എന്ന തോന്നലിൽ എന്തും എഴുതിപ്പിടിപ്പിക്കാം. ഉൻമാദവും അങ്ങനെയാണ്. എന്റെ പല കഥകളും ഫാന്റസിയിലോ മിസ്റ്ററിയിലോ വേരിറക്കി നിൽക്കുന്നവയാണ്. വിഭ്രാത്മകമായ ഒരു അവസ്ഥയിലേക്ക് വായനക്കാരെ എത്തിക്കുകയെന്നത് രസകരമായ ഒരു പ്രവൃത്തിയാണല്ലോ. ഇതെങ്ങോട്ടാണ് പോകുന്നതെന്ന് ചിന്തിച്ചു കുഴയുമ്പോൾ നിമിഷങ്ങൾക്കുള്ളിൽ ഒരു ട്വിസ്റ്റ് സൃഷ്ടിച്ച് വായനക്കാരെ ഞെട്ടിക്കുന്നത് ഞാൻ ആസ്വദിക്കുന്നു. എല്ലാവർക്കും അത് ഇഷ്ടമാകില്ലെന്നറിയാം. എങ്കിലും ഫാന്റസി – മിസ്റ്ററി ഴോണറിൽ താൽപര്യമുള്ളവർ കുറവല്ല.
വി.ജയദേവിന്റെ കഥകളിൽ ഫാന്റസി പ്രവർത്തിക്കുന്ന രീതിയും കരുണാകരന്റെ കഥകളിലെ കിനാവുകള്‍ തുന്നുന്ന വിഭ്രാത്മക സംഭവങ്ങളും എന്നിവെ വായനക്കാരനെ ആകർഷിക്കുന്നു.

പല കഥകളിലും കോട്ടയം നഗരം കടന്നു വരുന്നുണ്ട് ?

എന്റെ പല കഥകളുടെയും പശ്ചാത്തലം കോട്ടയമാണ്. കോട്ടയം പട്ടണവും സമീപ പ്രദേശങ്ങളും അവയിൽ ഒളിഞ്ഞും തെളിഞ്ഞും വരുന്നു. പലരും പല കുറ്റങ്ങളും ആരോപിക്കുമെങ്കിലും എനിക്ക് പ്രിയപ്പെട്ട ദേശമാണ് കോട്ടയം. മംഗളം ദിനപത്രത്തിൽ സബ് എഡിറ്റർ ട്രെയിനിയായി കോട്ടയത്ത് എത്തിയ കാലം മുതൽ ഈ നാടിന്റെ മട്ടും ഭാവവും എനിക്ക് വലിയ ഇഷ്ടമാണ്. അവിടുത്തെ ബുക്ക് ഷോപ്പുകൾ, ടീ ഷോപ്പുകൾ, സുഹൃത്തുക്കളൊക്കെ എന്നെയും എന്റെ ക്രിയേറ്റിവിറ്റിയെയും പ്രചോദിപ്പിക്കുന്നു.

കഥകളിൽ പലതിലും കവിതയുടെ സ്വാധീനമുണ്ട് ?

എഴുതിത്തുടങ്ങിയത് കവിതകളാണ്. വർഷങ്ങളോളം കവിതയിലാണ് ശ്രദ്ധിച്ചതും. അതിന്റെയാകാം…
പല കാലങ്ങളിലായി എന്റെ 5 കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. പെൻസിൽ ചിത്രങ്ങൾ, ഒന്നാം ക്ലാസുകാരന്റെ പ്രാർത്ഥനാപുസ്തകം, പകൽ ത്രികോണങ്ങളും മൃഗമേഘങ്ങളും, പെൺ വൃത്തം, വെള്ളത്തിൽ വരച്ച ഒരു മീൻ. ഇവയിൽ പിന്നീടുള്ള ആലോചനകളിൽ എനിക്കു തൃപ്തി നൽകിയ പേരുകൾ രണ്ടെണ്ണം – പകൽ ത്രികോണങ്ങളും മൃഗമേഘങ്ങളും വെള്ളത്തിൽ വരച്ച ഒരു മീനും. കവിത ഇപ്പോൾ എഴുതാറില്ല. ഇനി ഒരു പുതിയ കവിതാ സമാഹാരവും എന്റെതായി പ്രസിദ്ധീകരിക്കപ്പെടാനും സാധ്യതയില്ല. എങ്കിലും ഈ പേരുകൾ ഇപ്പോഴും ഓർക്കും … കവിത അങ്ങനെയാണല്ലോ … വിട്ടു പോകില്ല…

ബ്രിജ് ഭൂഷൻ്റെ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തൽ, പിടി ഉഷയുടെ നിലപാട് തള്ളി ഡൽഹി വനിതാ കമ്മീഷനും എംപിക്കെതിരെ രംഗത്ത്

0

സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ തള്ളിപ്പറഞ്ഞ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷക്കെതിരേ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ രംഗത്ത് എത്തി. കുട്ടിക്കാലത്തെ ഹീറോകളോട് ബഹുമാനം നഷ്ടമാകുന്നത് ഇങ്ങനെയാണെന്ന് സ്വാതി മലിവാള്‍ പറഞ്ഞു.

റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിൻ്റെ ലൈംഗിക ചൂഷണങ്ങൾക്ക് എതിരെ ഗുസ്തി താരങ്ങള്‍ പോരാട്ടം തുടരുകയാണ്. ഇതിനെതിരെ പിടി ഉഷയുടെ വിമര്‍ശനം ട്വീറ്റ് ചെയ്തുകൊണ്ടാണ് സ്വാതി മാലിവാളിന്റെ പ്രതികരണം.

ഗുസ്തി താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയെന്നും സമരത്തിന് പോകും മുന്‍പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നുമായിരുന്നു ഉഷയുടെ വിമര്‍ശനം. ഡല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഉഷയുടെ വാക്കുകൾ.

റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരേ ഗുസ്തി താരങ്ങള്‍ ജന്ദര്‍ മന്തറില്‍ നടത്തുന്ന സമരം അഞ്ച് ദിനം പിന്നിടുന്ന ഘട്ടത്തിലായിരുന്നു ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ തന്നെ രംഗത്തെത്തിയത്. പി.ടി. ഉഷയില്‍ നിന്ന് ഇത്ര മോശം സമീപനം പ്രതീക്ഷിച്ചിരുന്നില്ലെന്നും അവരില്‍നിന്ന് പിന്തുണയാണ് പ്രതീക്ഷിക്കുന്നതെന്നും ഗുസ്തി താരം ബജ്രംഗ് പുനിയയും പറഞ്ഞിരുന്നു.

വർഷങ്ങളായി തുടരുന്ന ചൂഷണം, വെളിപ്പെടുത്തി താരങ്ങൾ

ഇപ്പോൾ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് ഗുസ്തി ഫിസിയോയും രംഗത്ത് വന്നിരിക്കയാണ്. 2014-ല്‍ ലഖ്‌നൗവില്‍ നടന്ന ക്യാംപില്‍ വെച്ച് മൂന്ന് ജൂനിയര്‍ താരങ്ങള്‍ ബ്രിജ് ഭൂഷണെതിരേ തന്നോട് കാര്യങ്ങള്‍ വിശദീകരിച്ചുവെന്ന് ഫിസിയോ പരജീത് മല്ലിക് പറഞ്ഞു. രാത്രിയില്‍ ബ്രിജ് ഭൂഷണെ കാണാന്‍ ജൂനിയര്‍ താരങ്ങള്‍ നിര്‍ബന്ധിക്കപ്പെട്ടുവെന്നും ഇക്കാര്യം അന്ന് തന്നെ വനിതാ കോച്ച് കുല്‍ദീപ് മാലിക്കിനെ അറിയിച്ചുവെന്നും പിന്നീട് കായിക മന്ത്രാലയത്തിന്റെ മേല്‍നോട്ട സമിതിയ്ക്ക് മുന്നില്‍ വിശദീകരിച്ചുവെന്നും പരജീത് മല്ലിക് വ്യക്തമാക്കി.

157 സർക്കാർ നഴ്‌സിംഗ് കോളെജുകൾക്ക് അനുമതി, കേരളത്തിന് പൂജ്യം, യുപിയിൽ 27

രാജ്യത്ത് 157 പുതിയ സർക്കാർ നഴ്‌സിംഗ് കോളേജുകൾക്ക് അനുമതി. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിലുള്ള മെഡിക്കൽ കോളേജുകൾക്കൊപ്പമാവും പുതിയ നഴ്സിംഗ് കോളജുകൾ. കോളജുകൾക് 10 കോടി രൂപ വീതം അനുവദിക്കും.

157 മെഡിക്കൽ കോളജുകളിൽ ഒന്നുപോലും കേരളത്തിന് ഇല്ല. 24 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പുതിയ കോളജുകൾ അനുവദിച്ചത്. ഉത്തർപ്രദേശിൽ 27 ഉം രാജസ്ഥാനിൽ 23ഉം മധ്യപ്രദേശിൽ 14 നഴ്സിംഗ് കോളേജുകൾക്കും അനുമതി നൽകി. തമിഴ്നാടിനും പശ്ചിമബംഗാളിനും 11 വീതം നഴ്സിംഗ് കോളജുകൾ വീതം ലഭിക്കും. കേരളത്തോടൊപ്പം തെലങ്കാന, ഡൽഹി, ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങൾക്കും നഴ്സിംഗ് കോളജ് അനുവദിച്ചില്ല.

റേഷൻ കടകൾ 29 വരെ പ്രവർത്തിക്കില്ല, ഓൺലൈൻ കമ്പ്യൂട്ടർ ശൃംഖലയിലെ പ്രശ്നം തുടരുന്നു

സെർവർ തകരാർ പരിഹരിക്കാനാവാത്തതിനാൽ സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും കൂടി അടച്ചിടും. തകരാർ പരിഹരിക്കാൻ 2 ദിവസം വേണം എന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ആവശ്യപ്പെട്ടു. 29ന് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. അതേസമയം, ഈ മാസത്തെ റേഷൻ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടിയിട്ടുണ്ട്. ആറാം തീയതി മുതൽ മാത്രമേ മെയിലെ റേഷൻ വിതരണം തുടങ്ങൂ. ഇ പോസ് സർവർ തകരാർ പരിഹരിക്കാൻ ശാശ്വത നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ജി. ആർ അനിൽ പറഞ്ഞു.

ഇ-പോസ് മെഷീനുകളിലെ തകരാർ പരിഹരിക്കാൻ വേണ്ടി സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് 4 മണി വരെ അടച്ചിടുമെന്ന് രാവിലെ അറിയിച്ചിരുന്നു. സർവർ തകരാർ മൂലം തുടർച്ചയായി റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു. മെഷീൻ തകരാർ മൂലം പാലക്കാട് ഇന്ന് റേഷൻ വിതരണം മുടങ്ങി. നാലു ദിവസമായി ജില്ലയിൽ റേഷൻ വിതരണം സെർവർ തകരാർ മൂലം പ്രതിസന്ധിയിലാണ്. വയനാട്ടിലും റേഷൻ വിതരണം മുടങ്ങിയിരുന്നു. നാലു ദിവസമായി ഇവിടെയും റേഷൻ വിതരണം സെർവർ തകരാർ മൂലം പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടു ദിവസം അടച്ചിരുന്ന തരത്തിലേക്ക് എത്തിയത്. 

മാമുക്കോയ വിടവാങ്ങി. സെവൻസ് ഫുട്ബോൾ ഗ്രൗണ്ടിൽ ആരാധകർക്ക് നടുവിൽ

വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടന്‍ മാമുക്കോയ (76) അന്തരിച്ചു. മലയാളത്തിന്റെ കോഴിക്കോടൻ ശൈലിയുടെ നർമ്മവും നിഷ്കളങ്കതയും സിനിമയിൽ എടുത്ത നടനാണ് പൊതു ജനങ്ങൾക്ക് ഇടയിൽ നിൽക്കെ തന്നെ വിടവാങ്ങിയത്

ഫുട്ബോൾ മൈതാനിയിൽ

ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേ അഞ്ചോടെയായിരുന്നു അന്ത്യം.

കുതിരവട്ടം പപ്പു അതിന് മുന്‍പ് അവതരിപ്പിച്ചതില്‍ നിന്നും വ്യത്യസ്തമായി മുസ്ലിം സംഭാഷണശൈലിയാണ് മാമുക്കോയയുടെ സവിശേഷതയായിത്തീര്‍ന്നത്. വിദ്യാര്‍ഥിയായിരുന്ന കാലത്ത് തന്നെ നാടക പ്രവര്‍ത്തങ്ങളില്‍ സജീവമായിരുന്നു.

മരക്കണക്കും നാടകവും

ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിശയുടേയും മകനായി 1946-ല്‍ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് ജനിക്കുന്നത്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ചതിനാല്‍ ജ്യേഷ്ഠന്റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. കോഴിക്കോട് എം. എം. ഹൈസ്‌കൂളില്‍ പത്താംക്ലാസ് വരെയുള്ള പഠനം പൂര്‍ത്തിയാക്കിയത്. പഠനകാലത്തു തന്നെ സ്‌കൂളില്‍ നാടകങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുംഅഭിനയിക്കുകയും ചെയ്യുമായിരുന്നു.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് ജില്ലയിലെ കല്ലായിയില്‍ മരം അളക്കലായിരുന്നു തൊഴില്‍. മരത്തിനു നമ്പറിടുക, ക്വാളിറ്റി നോക്കുക, അളക്കുക എന്നിവയെല്ലാത്തിലും വിദഗ്ധനായി. അതോടൊപ്പം നാടകവും ഒരുമിച്ചുകൊണ്ടുപോകാന്‍ അദ്ദേഹം ശ്രദ്ധിച്ചു. മലബാര്‍ ഭാഗത്തെ ഭാഗത്തെ നിരവധി നാടക- സിനിമാ പ്രവര്‍ത്തകരുമായി സൗഹൃദമുണ്ടായിരുന്നു. കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞ്, ചെമ്മങ്ങാട് റഹ്മാന്‍ തുടങ്ങിയവരുടെ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

സുഹൃത്തുക്കളെല്ലാവരും ചേര്‍ന്ന് ഒരു നാടകം സിനിമയാക്കിയതാണ് ചലച്ചിത്ര രംഗത്തേക്കുള്ള വഴി തുറന്നത്. നിലമ്പൂര്‍ ബാലൻ സംവിധായകനായ ‘അന്യരുടെ ഭൂമി’ (1979) എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1982-ല്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശയില്‍ ഒരു വേഷം ലഭിച്ചു. മമ്മൂട്ടിയെ നായകനാക്കി സാജന്‍ സംവിധാനം ചെയ്ത സ്‌നേഹമുള്ള സിംഹമായിരുന്നു മൂന്നാമത്തെ ചിത്രം. സിനിമയില്‍ തന്റേതായ ഇടം നേടിയെടുക്കുകയായിരുന്നു മാമുക്കോയ. പിന്നീട് സത്യന്‍ അന്തിക്കാടിന്റെ ഗാന്ധിനഗര്‍, സെക്കന്റ് സ്ട്രീറ്റ്, സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങളിലൂടെ തിരക്കേറിയ നടനായി മാറി. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.

പെരുമഴക്കാലത്തിലെ അബ്ദു എന്ന കഥാപാത്രത്തിന് 2004 ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യക ജൂറി പരാമര്‍ശം ലഭിച്ചു, ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് 2008 ല്‍ മികച്ച ഹാസ്യനടനായി തിരഞ്ഞെടുക്കപ്പെട്ടു

സുഹ്‌റയാണ് മാമുക്കോയയുടെ ഭാര്യ. നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ് എന്നിവര്‍ മക്കളാണ്.

ഭൗതികശരീരം വൈകിട്ട് 3ന് കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിനു വയ്ക്കും. കബറടക്കം വ്യാഴാഴ്ച 10 ന് കണ്ണമ്പറമ്പ് പള്ളി ഖബറിസ്ഥാനിൽ

മറക്കാനാവാത്ത വേഷങ്ങൾ

നാടോടിക്കാറ്റിലെ തട്ടിപ്പുകാരന്‍ ഗഫൂര്‍ക്ക, സന്ദേശത്തിലെ കെ. ജി. പൊതുവാള്‍, ചന്ദ്രലേഖയിലെ പലിശക്കാരന്‍, വെട്ടത്തിലെ ഹംസക്കോയ/ രാമന്‍ കര്‍ത്താ, മഴവില്‍ക്കാവടിയിലെ കുഞ്ഞിഖാദര്‍, രാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, വരവേല്‍പ്പിലെ ഹംസ, പ്രാദേശിക വാര്‍ത്തകളിലെ ജബ്ബാര്‍, കണ്‍കെട്ടിലെ ഗുണ്ട കീലേരി അച്ചു, ഡോക്ടര്‍ പശുപതിയിലെ വേലായുധന്‍ കുട്ടി, തലയണമന്ത്രത്തിലെ കുഞ്ഞനന്ദന്‍ മേസ്തിരി, നരേന്ദ്രന്‍ മകന്‍ ജയകാന്തനിലെ സമ്പീശന്‍, കളിക്കളത്തിലെ പോലീസുകാരന്‍, ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ജമാല്‍, കൗതുക വാര്‍ത്തകളിലെ അഹമ്മദ് കുട്ടി, മേഘത്തിലെ കുറുപ്പ്, പട്ടാളത്തിലെ ഹംസ, മനസ്സിനക്കരയിലെ ബ്രോക്കര്‍, പെരുമഴക്കാലത്തിലെ അബ്ദു, ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രം, ഉസ്ദാത് ഹോട്ടലിലെ ഉമ്മര്‍, കെ.എല്‍ 10 പത്തിലെ ഹംസകുട്ടി, ആട് 2 ലെ ഇരുമ്പ് അബ്ദുള്ള, മരയ്ക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ അബൂബക്കര്‍ ഹാജി, കുരുതിയിലെ മൂസാ ഖാലിദ്, മിന്നല്‍ മുരളിയിലെ ഡോക്ടര്‍ നാരായണന്‍ തുടങ്ങിയവയെല്ലാം ശ്രദ്ധേയകഥാപാത്രങ്ങളാണ്.

2001 ല്‍ സുനില്‍ സംവിധാനം ചെയ്ത കോരപ്പന്‍ ദ ഗ്രേറ്റ്, ഇ.എം അഷ്‌റഫിന്റെ സംവിധാനത്തില്‍ 2023 ല്‍ പുറത്തിറങ്ങിയ ഉരു എന്നീ ചിത്രങ്ങളില്‍ നായകനായി. മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്. അരങ്ങേട്ര വേലൈ, കാസ്, കോബ്ര തുടങ്ങിയവയാണ് തമിഴ്ചിത്രങ്ങള്‍.

സ്റ്റാലിനെയും നിശ്ശബ്ദനാക്കാൻ കുരുക്കൾ മുറുക്കുന്നു, ധനമന്ത്രിയെ ലക്ഷ്യമിട്ട് അണ്ണാമലൈ വീണ്ടും

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് പിന്നാലെ ധനമന്ത്രിയെയും ലക്ഷ്യമിട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ വീണ്ടും രംഗത്ത്. ധനമന്ത്രി പളനിവേൽ ത്യാഗരാജന്‍റേത് എന്നപേരിൽ ഒരു ശബ്ദരേഖ കൂടി അണ്ണാമലൈ പുറത്തുവിട്ടു. എം കെ സ്റ്റാലിന്‍റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ, മരുമകൻ ശബരീശൻ എന്നിവരെപ്പറ്റി പളനിവേൽ ത്യാഗരാജൻ സംസാരിക്കുന്നു എന്ന് പരിചയപ്പെടുത്തിയാണ് വെളിപ്പെടുത്തൽ.

ഡി എം കെ ഫയൽസ് എന്ന പേരിലുള്ള വെളിപ്പെടുത്തലിന് പിന്നാലെ കേന്ദ്ര ഏജൻസികൾ പരിശോധന ആരംഭിച്ചിരുന്നു. ഇതിന് ശക്തിപകരുന്നതാണ് പുതിയ വെളിപ്പെടുത്തൽ.

അഴിമതിപ്പണം കൈകാര്യം ചെയ്യുന്നത് ഉദയനിധി സ്റ്റാലിനും ശബരീശുമാണെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. ഒരാൾക്ക് ഒരു പദവി എന്ന തത്വം ബിജെപി പാലിക്കുന്നുണ്ട്. ബിജെപിയെ സംബന്ധിച്ച് തനിക്ക് ഇഷ്ടപ്പെട്ട കാര്യം അതാണെന്നും ശബ്ദരേഖയിലുണ്ട്. ഒരു മാധ്യമപ്രവർത്തകനുമായി പളനിവേൽ ത്യാഗരാജൻ സംസാരിച്ചത് എന്ന പേരിലാണ് സംഭാഷണം പരിചയപ്പെടുത്തുന്നത്.. കഴിഞ്ഞയാഴ്ച ഫോൺ ശബ്ദരേഖയുടെ ആദ്യഭാഗം അണ്ണാമലൈ പുറത്തുവിട്ടിരുന്നു.

മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്‍റെ മരുമകൻ ശബരീശനും കഴിഞ്ഞ വർഷം വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു അണ്ണാമലൈ നേരത്തെ ആരോപിച്ചത്. ധനമന്ത്രി പളനിവേൽ ത്യാഗരാജൻ ഇത് സംബന്ധിച്ച് പറയുന്നതായി അവകാശപ്പെടുന്ന ടെലഫോൺ സംഭാഷണമാണ് അണ്ണാമലൈ നേരത്തെ പുറത്തുവിട്ടത്. ധനമന്ത്രിയും ഒരു മാധ്യമപ്രവർത്തകനും തമ്മിലുള്ള സംഭാഷണമാണ് ഇതെന്നാണ് അണ്ണാമലൈയുടെ അവകാശവാദം. ഡിഎംകെ ഫയൽസ് എന്ന പേരിൽ  മുഖ്യമന്ത്രി സ്റ്റാലിനടക്കം ഡിഎംകെ നേതാക്കൾക്കെതിരെ നിരവധി അഴിമതി ആരോപണങ്ങൾക്കാണ് അണ്ണാമലൈ തുടക്കമിട്ടത്.

മാമുക്കോയ ആശുപത്രിയിൽ

നടന്‍ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം കാളികാവില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം. അവിടെ വെച്ചാണ് അസ്വസ്ഥത തോന്നിയത്.

ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രിയില്‍ നിന്നു ലഭിക്കുന്ന വിവരം. ഉദ്ഘാടനച്ചടങ്ങു നടക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടന്‍ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.

റെസലിങ് താരങ്ങൾക്കു നേരെ ലൈംഗിക ചൂഷണം, എം പിക്ക് എതിരായ പരാതിയിൽ ഡൽഹി പെലീസിന് സുപ്രീം കോടതി നൊട്ടീസ്

റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യൂ.എഫ്.ഐ.) പ്രസിഡന്റും ബി.ജെ.പി. എം.പിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരായ വനിതാതാരങ്ങളുടെ ലൈംഗികചൂഷണം അടക്കമുള്ള പരാതികളില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാത്തതില്‍ ഡല്‍ഹി പോലീസിന് നോട്ടീസയച്ച് സുപ്രീം കോടതി. ദീർഘ കാലമായി താരങ്ങൾ പ്രക്ഷോഭത്തിലാണ്. എന്നാൽ കേസ് എടുക്കാൻ പോലും തയാറാവാതെ നടപടി ക്രമങ്ങളിൽ കുരുക്കുന്ന തന്ത്രമാണ് കോടതി ഇടപെട്ട് ചോദ്യം ചെയ്തത്. ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷനെതിരേ പരാതി നല്‍കിയിരുന്നത്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്.

താരങ്ങള്‍ ലൈംഗികചൂഷണം അടക്കം പരാതി നല്‍കിയിട്ടും ഡല്‍ഹി പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തില്ലെന്ന് പരാതിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ബോധിപ്പിച്ചു. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരുടെ ബെഞ്ച് ചൂഷണ പരാതി ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയത്. കേസ് ഏപ്രില്‍ 28-ന് കോടതി വീണ്ടും പരിഗണിക്കും.

ബ്രിജ് ഭൂഷനെതിരെ പരാതി നല്‍കിയിട്ടും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പോലീസ് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം മുതല്‍ ഗുസ്തി താരങ്ങള്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ സമരത്തിലാണ്. ഒളിമ്പിക് മെഡല്‍ ജേതാക്കളായ ബജ്‌രംഗ് പൂനിയ, സാക്ഷി മല്ലിക്, കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട് തുടങ്ങിയവരാണ് ഞായറാഴ്ച സമരം തുടങ്ങിയത്. ബ്രിജ് ഭൂഷനെതിരായ ലൈംഗിക ചൂഷണ പരാതി അന്വേഷിച്ച മേല്‍നോട്ട സമിതിയുടെ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ പരസ്യപ്പെടുത്തണമെന്നും സമരം ചെയ്യുന്ന താരങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.

ബ്രിജ് ഭൂഷനെതിരായ പരാതി അന്വേഷിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം രൂപവത്കരിച്ച സമിതിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചിരിക്കയാണ്. ഇതിൽ കോടതി ഇടപെടൽ ഉണ്ടായതോടെ റിപ്പോർട്ട് ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.

ലാവലിൻ കേസ് വീണ്ടും മാറ്റി

0

എസ്എന്‍സി ലാവലിന്‍ കേസിന്റെ വാദം കേള്‍ക്കല്‍ സുപ്രീം കോടതി വീണ്ടും മാറ്റി. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്മാറിയതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്. 26-ാമത് തവണയാണ് സുപ്രീം കോടതി ഈ കേസ് കേള്‍ക്കുന്നത് മാറ്റിവെക്കുന്നത്. ഇപ്പോൾ ആറ് മാസത്തിന് ശേഷം പരിഗണനയ്ക്ക് വന്നപ്പോഴാണ് നീട്ടിവെക്കൽ.

നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ ഗവർണർമാരുടെ കാലതാമസം വേണ്ട- സുപ്രീം കോടതി

നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ അതിവേഗം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ 200-ാം അനുച്ഛേദം അതാണ് ആവശ്യപ്പെടുന്നതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ഓർമ്മപ്പെടുത്തി.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ തീരുമാനമെടുക്കുന്നില്ലെന്ന് ആരോപിച്ച് തെലങ്കാന സര്‍ക്കാര്‍ ഫയല്‍ചെയ്ത ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ബില്ലുകളിലെല്ലാം ഒപ്പുവെച്ചെന്ന് ഗവര്‍ണര്‍ അറിയിച്ച സാഹചര്യത്തില്‍ ഹര്‍ജി സുപ്രീം കോടതി തീര്‍പ്പാക്കി.

മിക്ക സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ നിയമസഭ പാസാക്കിയ ബില്ലുകള്‍ തീരുമാനമെടുക്കാതെ പിടിച്ചുവയ്ക്കുകയാണെന്ന് തെലങ്കാന സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ഈ ഹര്‍ജി പരിഗണിച്ച് സുപ്രീംകോടതി ഇക്കാര്യത്തില്‍ തീര്‍പ്പു കല്‍പ്പിക്കണമെന്നും ദാവെ ആവശ്യപ്പെട്ടു.

ഈ ആവശ്യത്തെ സർക്കാർ പക്ഷത്തു നിന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. എല്ലാ സംസ്ഥാനങ്ങളിലെയും വിഷയം ഒരുപോലെ കാണാനാകില്ലെന്ന വാദം ഉന്നയിച്ചു