കുടുംബശ്രീ ഡിജിറ്റലാകുന്നു, ഇനി എല്ലാം ഒരേ ആപ്പ് വഴി നേർക്കു നേരാകും

കുടുംബശ്രീ കൂട്ടായ്മകളുടെ പ്രവർത്തന രേഖകൾ പൂർണ്ണമായും ഡിജിറ്റിലാകുന്നു. അയൽക്കൂട്ടങ്ങളുടെ പൂർണമായ വിവരങ്ങളും സാമ്പത്തിക ഇടപാടുകളടക്കം സെപ്റ്റംബറിനുള്ളിൽ പൂർണമായും ലോക്കോസ് എന്ന മൊബൈലിൽ ആപ്പ് സംവിധാനം വഴി സുതാര്യമാവും. വായ്പ നൽകുന്നതിലെ ക്രമക്കേട് അടക്കം കണ്ടെത്താനുള്ള എളുപ്പമാവും ഇത് എന്നാണ് വിശദീകരണം.

സംസ്ഥാനത്ത് 2,53,000 അയൽക്കൂട്ടങ്ങളുണ്ട്. അയൽക്കൂട്ടങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന എഡിഎസ്- സിഡിഎസ് മേൽനോട്ട സംവിധാനങ്ങളുമുണ്ട്. അയൽക്കൂട്ടങ്ങളുടെ പൂർണ വിവരങ്ങള്‍. ഇവരുടെ വായ്പ നിക്ഷേപം, സ്ഥാപനങ്ങള്‍ എന്നിവ പൂർണമായി ഡിജിറ്റലൈസ് ചെയ്തിട്ടില്ല. വായ്പ വിവരങ്ങളും നിക്ഷേപങ്ങളുമെല്ലാം അയ‌ൽകൂട്ടങ്ങള്‍ രജിസ്റ്ററിൽ എഴുതി മേൽ കമ്മിറ്റിക്ക് കൈമാറുകയാണ് ചെയ്യുന്നത്. വാർഷിക ഓ‍ഡിറ്റ് മാത്രമാണുള്ളത്. 

പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ അൽക്കൂട്ടങ്ങളുടെ പ്രവർത്തനങ്ങളെ തുടർച്ചയായി മനസിലാക്കാൻ കഴിയും. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായ കേന്ദ്രസർക്കാരിന്റെ ലോക്കോസ് എന്ന മൊബൈൽ ആപ്പ് വഴിയാണ് കുടുംബശ്രീകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. ആദ്യം അയൽകൂട്ടങ്ങളുടെ പേര്, അംഗങ്ങള്‍ എന്നിവ ആപ്പിൽ രേഖപ്പെടുത്തും. അതിന് ശേഷം സാമ്പത്തിക വിവരങ്ങള്‍ രേഖപ്പെടുത്തും. ഇതിനായി റിസോഴ്സ് പേഴ്സണ്‍മാരെ തെരഞ്ഞെടുത്ത് പരിശീലിപ്പിച്ചിട്ടുണ്ട്. 

. ജൂലൈ31ന് മുമ്പ് അയൽകൂട്ടങ്ങളുടെ പൂർണ വിവരങ്ങള്‍ ആപ്പിൽ ഉള്‍പ്പെടുത്തും. ഇതിനു ശേഷം മേൽഘടകങ്ങളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തും. കുടുംബശ്രീയുടെ താഴേത്തട്ടിലുള്ള പ്രവർത്തനങ്ങള്‍ വരെ കൃത്യമായി അറിയാൻ പുതിയ ആപ്പുവഴി കഴിയും. സാമ്പത്തിക ക്രമക്കേടുകളും തടയാനും കഴിയും. കേരളത്തിലെ ദാരിദ്ര്യ നി‍ർമാർജ്ജനത്തിനും സ്ത്രീ ശാക്തീകരണത്തിനും വേഗം കൂട്ടിയ കുടുംബശ്രീ 25-ാം വാർഷികം ആഘോഷിക്കുമ്പോഴാണ് ഡിജിറ്റലാകുന്നത്.

തയ്‌വാനെ വളഞ്ഞ് ചൈനീസ് സേനാവ്യൂഹം

തയ്‌വാനെ വളഞ്ഞ് സൈനികപരിശീലനങ്ങളുമായി ചൈന. എച്ച്-6കെ പോർവിമാനങ്ങൾ യുദ്ധസജ്ജമായി പടക്കോപ്പുകളുമായി റോന്ത് ചുറ്റുകയാണെന്ന് ചൈന തന്നെ വ്യക്തമാക്കി. ഉഷാദോങ് വിമാനവാഹിനിക്കപ്പലുകളും പങ്കെടുക്കുന്നുണ്ടെന്നും ചൈന പറയുന്നു. ആണവായുധം വരെ ഉപയോഗിക്കാന്‍ കഴിയുന്ന വിമനങ്ങളാണ്.

നാവിക വിഭാഗവും തയ്‌വാനു ചുറ്റും സൈനികാഭ്യാസം തുടരുന്നുണ്ട്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഈസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡാണ് സൈനികാഭ്യാസത്തിന് നേതൃത്വം നല്‍കുന്നത്.

തങ്ങളുടെ അതിര്‍ത്തിക്ക് ചുറ്റും 70 യുദ്ധവിമാനങ്ങള്‍ ചൈന വിന്യസിച്ചതായി തയ്‌വാന്‍ അറിയിച്ചു. ഇതില്‍ 35 വിമാനങ്ങള്‍ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചതായി തയ്‌വാന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

തയ്‌വാന്‍ പ്രസിഡന്റ് സായ് ഇങ്ങ് വെന്‍ അമേരിക്കന്‍ ജനപ്രതിനിധിസഭാ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയുമായി ലോസ് ആഞ്ജലിസില്‍ ചര്‍ച്ചനടത്തിയതില്‍ പ്രതിഷേധിച്ചാണ് ചൈന മൂന്ന് ദിവസത്തെ സൈനികാഭ്യാസം തുടങ്ങിയത്. സൈനിക അഭ്യാസമായാണ് തുടക്കം. അഭ്യാസം അവസാനദിവസത്തിലേക്ക് കടന്നതിന് പിന്നാലെയാണ് ചൈന പ്രകോപനം ശക്തമാക്കിയത്.

റിപ്പബ്ലിക്ക് ഓഫ് ചൈന എന്നറിയപ്പെടുന്ന തയ്‌വാന്‍ സ്വന്തമായി ഭരണഘടനയും ജനാധിപത്യരീതയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുമുള്ള രാജ്യമാണ്. തയ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്നും തയ്‌വാന്റെ ഭൂപ്രദേശത്തിന് മുകളില്‍ തങ്ങള്‍ക്കാണ് അവകാശമെന്നും ചൈന അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അമേരിക്കന്‍ ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തയ്‌വാന്‍ സന്ദര്‍ശിച്ചപ്പോഴും ചൈന തയ്‌വാനു ചുറ്റും പ്രകോപനം സൃഷ്ടിച്ചിരുന്നു. അന്ന് ഇതിനെക്കാൾ വലിയ സന്നാഹങ്ങളുമായാണ് ചൈന സൈനികാഭ്യാസം നടത്തിയത്.

ബി ജെ പിയെ വളർത്തിയത് ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വം- ഗുലാം നബി ആസാദ്

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഗുലാം നബി ആസാദ്. വളർച്ചക്ക് കാരണം ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വമാണെന്ന് ഗുലാം നബി ആസാദ്. ബിജെപിയുടെ നയങ്ങൾ ഒരിക്കലും മുസ്ലിങ്ങളെയോ ന്യൂനപക്ഷങ്ങളെയോ സഹായിക്കുന്നവയല്ല. പക്ഷേ സഹായിക്കുകയാണ് എന്ന പ്രതീതി അവർ ഉണ്ടാക്കുന്നുണ്ട്.  കോൺഗ്രസ് നിശ്ചലരായി ഇരുന്ന് ബിജെപിയെ വളരാൻ സഹായിക്കുകയായിരുന്നു എന്ന് ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ‘ഡയലോഗ്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ദിര ഗാന്ധിയെ അറസ്റ്റ് ചെയ്തപ്പോൾ ലക്ഷക്കണക്കിനാളുകൾ രാജ്യത്തുടനീളം ജയിലിൽ പോയി. എന്നാൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയപ്പോൾ ഒരു കൊതുക് പോലും കരഞ്ഞില്ല. ബിജെപിയുടെ നയങ്ങളോട് വിയോജിക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നല്ല ഗുണങ്ങളുണ്ട്. മോദിക്കെതിരെ ഏഴ് വർഷം പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഞാൻ അദ്ദേഹത്തിന്റെ ചായസത്കാര ക്ഷണങ്ങൾ നിരസിച്ചിരുന്നു. പക്ഷേ അതിന്റെ വിരോധം അദ്ദേഹം കാണിച്ചിട്ടില്ല, നരേന്ദ്ര മോദിയുടെ നയങ്ങളോട് യോജിക്കാനാവില്ലന്നും പക്ഷേ പ്രധാനമന്ത്രി കാട്ടിയ മര്യാദ പ്രശംസനീയമാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു. 

യുവനേതാക്കളെ കോണ്‍ഗ്രസ് പാർട്ടിക്ക് നഷ്ടമാകുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. അനിൽ ആന്റണി കോൺഗ്രസ് വിട്ടത് നിർഭാഗ്യകരമാണ്. ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ്, ആർപിഎൻ സിങ്, ഹാർദിക് പട്ടേൽ… അങ്ങനെ നിരവധി യുവനേതാക്കളാണ് പാർട്ടി വിട്ടത്.  രാഹുൽ ഗാന്ധിക്ക് നേതൃത്വപാടവം ഇല്ലാത്തതുകൊണ്ടാണ് യുവനേതാക്കൾ കൊഴിഞ്ഞുപോകുന്നതെന്നും ഗുലാം നബി ആസാദ് പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ സഖ്യം വന്നാൽ നല്ലതാണ്.  ‘കോൺഗ്രസിന്റെ വീഴ്ച ഒരുപാട് നേരത്തേ തുടങ്ങിയാണ്. വലിയ നേതാക്കളുള്ളപ്പോൾ അത് പിടിച്ചുനിർത്താനായി. നേതാക്കൾ ദുർബലരായപ്പോൾ വീഴ്ച പൂർണ്ണമായി. ഒരു ദിവസംകൊണ്ടോ ഒരു വർഷം കൊണ്ടോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ ഇല്ലാതാകില്ല.

ട്രെയിനിലെ തീവെപ്പ് കേസിൽ പ്രതി കേരളത്തിൽ ബന്ധപ്പെട്ടത് ആരെ

എലത്തൂ‍ർ ട്രെയിൻ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി ഷൊർണൂരിൽ ചെലവിട്ടത് 14 മണിക്കൂറെന്ന് പൊലീസിന്‍റെ കണ്ടെത്തൽ. ആരുടെയും സഹായമില്ലാതെ ഒരു ദിവസം കേരളത്തിൽ എത്തി ഇത്രയും നേരം ചിലവഴിച്ച് വിധ്വംസക പ്രവർത്തനത്തിന് ആവശ്യമായ വസ്തുക്കൾ ശേഖരിച്ചത് എങ്ങിനെ. ഷൊ‍ർണ്ണൂരിൽ ചെലവിട്ട 14 മണിക്കൂറുകളിൽ എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു എന്നത് അന്വേഷണത്തിൽ നിർണായകമാകും.

എന്നാൽ ഇക്കാര്യത്തിൽ പ്രതി ഒരു വെളിപ്പെടുത്തലിനും തയ്യാറായിട്ടില്ല. എന്തിനാണ് 14 മണിക്കൂർ ഷൊർണൂരിൽ ചെലവിട്ടത് എന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങളോടും ഇയാൾ വ്യക്തമായി പ്രതികരിച്ചിട്ടില്ല. ഷൊർണ്ണൂരിൽ പ്രതി സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറുടെ മൊഴിയെടുത്തിട്ടുണ്ട്.

വിവിധയിടങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചുകൊണ്ടാണ് അന്വേഷണം. റെയിൽവേ സ്റ്റേഷനും പെട്രോൾ പമ്പിനും പുറമെ ഇയാളെത്തിയെ സ്ഥലങ്ങളിലും പരിശോധന നടത്തുന്നുണ്ട്. ഇയാൾ സമീപ ദിവസങ്ങളിൽ ഉപയോഗിച്ച സിം കാർഡുകളെക്കുറിച്ച് വിവരവും പൊലീസ് ശേഖരിക്കുന്നുണ്ട്. ഇതിൽ കേരളത്തിൽ നിന്നുള്ള ആളുകളും ഉണ്ട് എന്നാണ് പൊലിസും കേന്ദ്ര ഏജൻസികളും സംശയിക്കുന്നത്. 

ബി ജെ പി നേതാക്കൾക്ക് എതിരെ അന്വേഷണം വേണം; രാജസ്ഥാൻ കോൺഗ്രസിൽ ഗെഹ്ലോത് സർക്കാരിനെതിരെ സച്ചിൻ പൈലറ്റ്

മുൻ ബി.ജെ.പി സർക്കാരിനെതിരേ ഉയർന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് തെളിവുകൾ ഉണ്ടായിട്ടും അന്വേഷണം നടത്താത്തത് എന്താണ്. രാജസ്ഥാനിൽ വോട്ടർമാർക്ക് ഒപ്പം സംശയവുമായി വിവാദ യുവ സച്ചിൻ പൈലറ്റ് വീണ്ടും സ്വന്തം പാർട്ടി നേതൃത്വത്തെ ചോദ്യമുനയിൽ നിർത്തുകയാണ്.

മാത്രമല്ല അന്വേഷണമാവശ്യപ്പെട്ട് അശോക് ഗെഹ്‌ലോത് സർക്കാരിനെതിരെ നിരാഹാര സമരവും പ്രഖ്യാപിച്ചു. രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റ് ഏപ്രില്‍ 11ന് നിരാഹാര സമരം തുടങ്ങുകയാണെന്ന് വാര്‍ത്താ സമ്മേളനത്തിലൂടെ പ്രഖ്യാപിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങൾക്ക് കോൺഗ്രസ് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കി എന്ന് ഉറപ്പാക്കേണ്ടതുണ്ട്. എക്സൈസ് മാഫിയ, അനധികൃത ഖനനം, ഭൂമി കൈയേറ്റം തുടങ്ങിയവ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കയാണ്. രാജസ്ഥാനിലെ പ്രശ്നങ്ങളെക്കുറിച്ച് പാർട്ടി നേതൃത്വത്തിന് നിരവധി നിർദേശങ്ങൾ നൽകിയിട്ടും അനക്കമില്ല. ഇതോടെയാണ് സമര രംഗത്ത് ഇറങ്ങുന്നത്.

കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന വസുന്ധരെ രാജയ്ക്കെതിരേ അശോക് ഗെഹ്‌ലോത് നടത്തുന്ന അഴിമതി ആരോപണങ്ങളുടെ വീഡിയോ തെളിവായി സച്ചിൻ പൈലറ്റ് പ്രദർശിപ്പിക്കയും ചെയ്തു. എന്തുകൊണ്ടാണ് ഈ ആരോപണങ്ങളിൽ അന്വേഷണം നടത്തുന്നില്ല. കോൺഗ്രസ് സർക്കാരിന്റെ കൈയിൽ ഇതിന് ആവശ്യമായി തെളിവുകളുണ്ട്. എന്നാൽ ഒരു നടപടിയും സ്വീകരിക്കുന്നില്ല.

‘വാഗ്ദാനങ്ങളൊന്നും തന്നെ നടപ്പിലാക്കാതെ ഒരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ സാധിക്കില്ല. അഴിമതി ആരോപണങ്ങളിൽ തെളിവുകളുണ്ട്, അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കണം. ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുകയാണ്. ജനങ്ങളുടെ ചോദ്യങ്ങൾ നമ്മൾ ഉത്തരം പറയേണ്ടതുണ്ട്’ സച്ചിൻ പൈലറ്റ് സ്വന്തം നേതാക്കളോടും പാർട്ടിയോടും ഇതിനായി സമര രംഗത്ത് ഇറങ്ങുകയാണ്.

അശോക് ഗെഹ്‌ലോത് സച്ചിൻ പൈലറ്റ് തർക്കങ്ങൾ കോൺഗ്രസ് ഒരുവേള ഒതുക്കി തീർത്തതായിരുന്നു. പക്ഷെ തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും യുവ നേതാവ് രംഗത്ത് ഇറങ്ങിയിരിക്കയാണ്.

കൃഷി ഭൂമിയല്ലെന്ന് വനം വകുപ്പ് തീരുമാനിച്ചാൽ വെറും കയ്യോടെ പുറത്താക്കാം, സംസ്ഥാന സർക്കാരിൻ്റെ നിയമ ഭേദഗതിയിൽ നിസ്സഹായരായി കർഷകർ

മലബാറിലെ ആയിര കണക്കിന് കർഷകരെ കുടി ഒഴിപ്പിക്കാൻ വനം വകുപ്പിന് ഏകപക്ഷീയ അധികാരം നൽകുന്ന നിയമ ഭേദഗതിയിൽ പ്രതിഷേധം കനക്കുന്നു. മൃഗ ശല്യവും സാമ്പത്തിക പ്രശ്നവും മൂലം കൃഷി മുടങ്ങിയ ഭൂമികൾ സുപ്രീം കോടതി ഉത്തരവിനെയും മറികടന്ന് വഭൂമിയായി നിക്ഷിപ്തമാക്കാൻ അധികാരം നൽകുന്ന ഭേദഗതി ഭൂ ഉടമകളെ വെറും കയ്യോടെ കുടി ഒഴിപ്പിക്കാൻ അവസരം നൽകും.

റവന്യൂ വകുപ്പിന്റെ പട്ടയങ്ങള്‍ വനംവകുപ്പിന് ബാധകമല്ലെന്നാണ് ബില്ലില്‍ ഇപ്പോഴത്തെ ഭേദഗതി

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൻ്റ അവസാനദിവസം പാസാക്കിയ 1971-ലെ കേരള സ്വകാര്യവനം നിക്ഷിപ്തമാക്കലും പതിച്ചുനല്‍കലും ബില്‍ ഭേദഗതിയാണ് കർഷകരുടെയും ഭൂ ഉടമകളുടെയും ജനാധിപത്യ അവകാശങ്ങളെ പോലും കുടി ഒഴിപ്പിക്കുന്നത്.

അച്യുതമേനോന്‍ സര്‍ക്കാരിൻ്റെ കാലത്താണ് കേരള സ്വകാര്യവനം നിക്ഷിപ്തമാക്കലും പതിച്ചുനല്‍കലും നിയമം പാസാക്കിയത്. ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കര്‍ഷകരുടെ പക്കല്‍ കൃഷിചെയ്യാതെ കിടന്നിരുന്നു. ഇങ്ങനെയുള്ള ഭൂമി ഒരു നിശ്ചിത തീയതിക്കുശേഷം കൃഷിചെയ്തില്ലെങ്കില്‍ വനമായി നിക്ഷിപ്തമാക്കപ്പെടുമെന്നായിരുന്നു അന്നത്തെ നിയമം. അന്ന് കാർഷിക ഭൂമി വെറുതെ നികുതി അടച്ച് തരിശ് ഇടുന്ന പതിവായിരുന്നു.

ഇവയിൽ, അന്നത്തെ നിയമം പാസായപ്പോള്‍ സ്വകാര്യവ്യക്തികളുടെ കൈവശമുണ്ടായിരുന്ന 5,10,000 ഏക്കര്‍ ഭൂമി വനഭൂമിയായി സര്‍ക്കാരില്‍ നിക്ഷിപ്തമായി. ഈ ഭൂമി കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പതിച്ചുകൊടുക്കുമെന്നായിരുന്നു നിയമത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ പതിച്ചുകൊടുക്കലും നടന്നില്ല. പഴയ ഉടമകളില്‍ പലര്‍ക്കും പട്ടയമുള്ള ഭൂമിയായിരുന്നു ഇത്.

ഭേദഗതി സുപ്രീം കോടതി ഉത്തരവ് നൽകിയ സംരക്ഷണത്തെ മറികടക്കാൻ

കേരളസര്‍ക്കാരിനെതിരേ മുഹമ്മദ് ബഷീര്‍ എന്ന വ്യക്തി അന്ന് നല്‍കിയ കേസില്‍ റവന്യൂ പട്ടയം അടിസ്ഥാനരേഖയാണെന്നും അത്തരം കൃഷിഭൂമിയില്‍ വനംവകുപ്പ് ജണ്ടയിടാനോ കൈവശപ്പെടുത്താനോ പാടില്ലെന്നും 2019-ല്‍ സുപ്രീംകോടതിയുടെ അന്തിമവിധി പുറപ്പെടുവിച്ചു.

റവന്യൂ വകുപ്പിന്റെ പട്ടയങ്ങള്‍ വനംവകുപ്പിന് ബാധകമല്ലെന്നാണ് ബില്ലില്‍ ഇപ്പോഴത്തെ ഭേദഗതി. വനം വകുപ്പ് ഒരു ഭൂമി കൃഷി ഭൂമി അല്ലെന്ന് തീരുമാനിച്ചാൽ കർഷകൻ്റെ ലാഭ നഷ്ടങ്ങൾ ഒന്നും പ്രശ്നമല്ല. അവർ പുറത്താവും. 50 സെന്റില്‍ താഴെയുള്ള കര്‍ഷകരെ ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ തോട്ടം മേഖലകളിൽ 50 സെൻ്റ് ഭൂമി എന്നത് വളരെ തുച്ഛമായ സ്ഥലമാണ്. 50 സെന്റിനുമേല്‍ ഭൂമിയുള്ള നിരവധി കര്‍ഷകരെ ബില്‍ ദോഷകരമായി ബാധിക്കും. കാസര്‍കോടുമുതല്‍ മലപ്പുറംവരെയുള്ള ജില്ലകളിലെ കര്‍ഷകരെയായിരിക്കും കൂടുതല്‍ ബാധിക്കുക. ഇത്തരം 7800 കര്‍ഷകരുടെ കേസുകള്‍ ഫോറസ്റ്റ് ട്രിബ്യൂണലിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി ഇപ്പോൾ തന്നെ നിലവിലുണ്ട്

ആടു ജീവിതം ചോർന്നതോ അതോ ? എന്തായാലും ഇനി ഒഫീഷ്യലാവട്ടെ എന്ന് ട്രെയിലർ പുറത്തു വിട്ട് പൃഥ്വിരാജ്

ബെന്യാമിന്‍റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്ത കാത്തിരിക്കുന്ന ചിത്രമാണ് ആടു ജീവിതം. പക്ഷെ സംവിധായകനെ പോലും ഞെട്ടിച്ച് ഇതിൻ്റെ ട്രെയിലർ ചോർന്നത് സിനിമാ ലോകത്തിന് ഞെട്ടലായി. മണിക്കൂറുകള്‍ക്ക് മുന്‍പ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട ട്രെയിലറിന് ഇപ്പോള്‍ ആയിരങ്ങളാണ് കാഴ്ചക്കാര്‍. ഇതിന് പിന്നാലെ ഓഫീഷ്യല്‍ ട്രെയിലര്‍ തന്‍റെ പ്രൊഡക്ഷന്‍ കമ്പനി അക്കൌണ്ടിലൂടെ പുറത്തുവിട്ട് പൃഥ്വിരാജ് ചാലഞ്ച് പ്രഖ്യാപിച്ചു. 

അതെ, അത് മനഃപൂർവമല്ലായിരുന്നു. ഇത് ഓൺലൈനിൽ “ചോർന്നത്” എന്നു വിശദീകരിച്ചാണ് പോസ്റ്റ്. ഫെസ്റ്റിവൽ സർക്യൂട്ടുകൾക്ക് മാത്രമായി കട്ട് ചെയ്ത ആടുജീവിതം ട്രെയിലർ ഓൺലൈനില്‍ എത്തിയിരുന്നു. അതിനാല്‍ ആടുജീവിതം, ദ ഗോട്ട് ലൈഫ് ( ചിത്രം പൂര്‍ത്തിയായിട്ടില്ല ജോലികള്‍ പുരോഗമിക്കുകയാണ്) ട്രെയിലർ ലോകമെമ്പാടുമുള്ള ഫിലിം ഫെസ്റ്റ്വെലുകള്‍ക്ക് മാത്രമായുള്ളതാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു – എന്ന വാക്കുകളോടെയാണ് പൃഥ്വി ട്രെയിലര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

നാലു വർഷത്തെ അധ്വാനം, കോവിഡിലും ഒറ്റപ്പെടലിലും കുരുങ്ങി

ടുജീവിതം റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മലയാള സിനിമയില്‍ സമാനതകളില്ലാത്ത ഒരു ഏടാണ് ആടുജീവിതം എന്ന പ്രോജക്റ്റിന്‍റെ ഇതുവരെയുള്ള നാള്‍വഴി. സംവിധായകന്‍ ബ്ലെസിക്ക് വേണ്ടിവന്നത് 160നു മുകളില്‍ ദിവസങ്ങളാണ്. നാലര വര്‍ഷം കൊണ്ടാണ് ബ്ലെസിയും സംഘവും സിനിമ സാധിച്ചെടുത്തത്. 

ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാനായി പൃഥ്വിരാജിന് ശരീരഭാരം കുറച്ച് വലിയ മേക്കോവറും നടത്തേണ്ടിവന്നിരുന്നു. 

2018 ഫെബ്രുവരിയിലാണ് പത്തനംതിട്ടയിലായിരുന്നു ആടുജീവിതം ചിത്രീകരണത്തിന്‍റെ തുടക്കം. അതേ വര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോര്‍ദാനില്‍ ചിത്രീകരണം നടന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാസംഘം അവിടെ കുടുങ്ങി. 2022 മാര്‍ച്ച് 16ന് സഹാറ, അള്‍ജീരിയ എന്നിവിടങ്ങളില്‍ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു. 

കൊവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദ്ദാനില്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യൂ ഒരിക്കല്‍ക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും ഏപ്രില്‍ 14ന് പുനരാരംഭിച്ചു. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. കെ എസ് സുനില്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. എ ആര്‍ റഹ്‍മാന്‍ ആണ് സംഗീതം. 

മുൻ കോൺഗ്രസ് നേതാക്കളുടെ അദാനി ബന്ധം വെളിപ്പെടുത്തി ട്വീറ്റ്; രാഹുലിന് എതിരെ നിയമ നടപടി എന്ന് അസം മുഖ്യമന്ത്രി

മുന്‍ കോണ്‍ഗ്രസ് നേതാക്കളായ ഹിമന്ത ബിശ്വ ശര്‍മ, ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ കുമാര്‍ റെഡ്ഢി, അനില്‍ ആന്റണി എന്നിവരുടെ അദാനി ബന്ധം സൂചിപ്പിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെതിരെ നിയമ വെല്ലുവിളിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാക്കളെയും ഗൗതം അദാനിയെയും ബന്ധപ്പെടുത്തി രാഹുല്‍ ഗാന്ധി നടത്തിയ ട്വീറ്റിനെതിരെ കോടതിയെ സമീപിക്കുമെന്ന സൂചന നല്‍കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് ആദ്യം രംഗത്ത് എത്തിയത്.

ട്വീറ്റില്‍ കോണ്‍ഗ്രസിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണം ചൂണ്ടിക്കാട്ടി രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവും ഹിമന്ത നടത്തി. ഹുമന്തയുടെ പേരും ട്വീറ്റിൽ ഉൾപ്പെടുന്നുണ്ട്. ബൊഫേഴ്‌സ്, നാഷണല്‍ ഹെറാള്‍ഡ് അഴിമതികളില്‍ നിന്നുള്ള കുറ്റകൃത്യങ്ങളുടെ പണം എവിടെയാണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്ന് ഒരിക്കലും ചോദിക്കാത്തത് ഞങ്ങളുടെ മാന്യതയാണ്. നമുക്ക് കോടതിയില്‍ കണ്ടുമുട്ടാം’, ഹിമന്ത ട്വീറ്റ് ചെയ്തു.

തെറ്റായ ആരോപണം ഉന്നയിച്ച് കോടതിയില്‍ കയറി, നടപടിയുണ്ടാകുമ്പോള്‍ മാപ്പുപറഞ്ഞ് അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങുന്നത് രാഹുല്‍ ഗാന്ധിയുടെ പതിവ് ശൈലിയാണെന്നായിരുന്നു ബിജെപി നേതാവ് അശോക് സിംഗാള്‍ പ്രതികരിച്ചത്.

അനില്‍ ആന്റണി അടക്കമുള്ളവരെ അദാനിയുടെ പേരിനോട് കോര്‍ത്തിണക്കി രാഹുലിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ‘അവര്‍ സത്യം മറച്ചുവെക്കുന്നു. അതുകൊണ്ടാണ് എല്ലാ ദിവസവും അവര്‍ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അപ്പോഴും ചോദ്യം അതേപടി നിലനില്‍ക്കുകയാണ്… അദാനിയുടെ കമ്പനിയിയിലെ 20,000 കോടി ബിനാമി പണം ആരുടേതാണ്.. ?’

വിവര സാങ്കേതിക വിജ്ഞാന രംഗങ്ങളിൽ ശീതയുദ്ധം കടുക്കുന്നു, കോർപ്പറേറ്റ്,അധികാര താത്പര്യങ്ങൾ മുന്നിൽ

അമേരിക്കയിലെ ഏറ്റവും വലിയ ചിപ്പ് നിര്‍മാണ കമ്പനികളിലൊന്നായ മൈക്രോണ്‍ ടെക്‌നോളജിക്കെതിരെ സൈബര്‍ സുരക്ഷാ ആശങ്കകള്‍ ഉന്നയിച്ച് ചൈനയുടെ അന്വേഷണം. ചൈനീസ് സാങ്കേതികവിദ്യാ കമ്പനികള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും മേല്‍ യുഎസും സഖ്യരാജ്യങ്ങളും ഏർപ്പെടുത്തിയ സംഘടിത വിലക്കിന് മറുപടിയായാണ് അന്വേഷണം.

ഇൻഫർമേഷൻ ടെക്നോളജി കാലഘട്ടത്തിൽ ശീതയുദ്ധങ്ങൾക്ക് പുതിയ മുഖം കൈവരികയാണ്. അധികാരവും വൻ വ്യവസായ താത്പര്യങ്ങളും പരസ്പരം ചേർന്നാണ് പുതിയ താത്പര്യങ്ങൾ മുൻ നിർത്തി സൈബർ ശീതയുദ്ധ മുഖത്ത് പോരാടുന്നത്.

മൈക്രോണ്‍ ടെക്‌നോളജി ചൈനയില്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ സൈബര്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ചൈന (സിഎസി ) പരിശോധിക്കാൻ തീരുമാനിച്ചിരിക്കയാണ്. രാജ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സൈബര്‍ സുരക്ഷാ ഭീഷണി തടയുന്നതിനും വേണ്ടിയാണ് ഈ നീക്കമെന്ന് സിഎസി മാര്‍ച്ച് 31-ന് പുറത്തുവിട്ട പ്രസ്താവനയില്‍ അവകാശപ്പെട്ടു.

ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് ചിപ്പ് നിര്‍മാണത്തിനുള്ള ഉപകരണങ്ങള്‍ കയറ്റുമതിചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് യുഎസിന്റെ സഖ്യരാജ്യമായ ജപ്പാന്‍ പ്രഖ്യാപനം നടത്തിയ അതേ ദിവസംതന്നെയാണ് മൈക്രോണിനെതിരെ ചൈന അന്വേഷണം പ്രഖ്യാപിച്ചത്. ഓരോ പക്ഷവും സൈബർ യുദ്ധ രംഗത്ത് അധികാര വ്യവസായ താത്പര്യങ്ങൾ മുൻ നിർത്തി പൊരുതുകയാണ്.

ചൈനയിലെ സെമികണ്ടക്ടര്‍ വ്യവസായത്തിന് യുഎസും സഖ്യരാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും നിയന്ത്രണം കടുപ്പിക്കുന്നത് സാങ്കേതികവിദ്യാ രംഗത്ത് മുന്‍നിരക്കാരാകാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്കുള്ള താക്കീതായിരുന്നു. കഴിഞ്ഞ മാസമാണ് സെമികണ്ടക്ടര്‍ സാങ്കേതിക വിദ്യ വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നതിന് നെതര്‍ലാന്‍ഡ്സ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ചൈനീസ് കമ്പനികള്‍ മുന്‍നിര ചിപ്പുകളും ചിപ്പ് നിര്‍മാണ ഉപകരണങ്ങളും ലൈസന്‍സില്ലാതെ വാങ്ങുന്നതിന് യുഎസും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

എല്ലാ സ്ഥാപനങ്ങള്‍ക്കും തുല്യ പരിഗണന നല്‍കണമെന്ന് കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയോട് ചൈന ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഉപകരണങ്ങളില്‍ ടിക് ടോക്കിന് ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ചൈന വിമര്‍ശനവുമായി രംഗത്തുവന്നത്. മൈക്രോണ്‍ ടെക്‌നോളജിയുടെ വരുമാനത്തിന്റെ 10 ശതമാനത്തിലേറെ പങ്കും ചൈനയില്‍ നിന്നാണ്. ചൈന അന്വേഷണം പ്രഖ്യാപിച്ചതോടെ വിപണിയില്‍ 4.4 ശതമാനത്തിന്റെ ഇടിവ് മൈക്രോണിനുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ മാസം യുഎസ് കോര്‍പ്പറേറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ മിന്റ്‌സ് ഗ്രൂപ്പിന്റെ ഓഫീസ് അടച്ചുപൂട്ടിയ ചൈന അഞ്ച് പ്രാദേശിക ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ബെയ്ജിങില്‍ ഡെലോയിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും 3.1 കോടി ഡോളര്‍ പിഴ ചുമത്തുകയും ചെയ്തിരുന്നു.

സാങ്കേതിക വിദ്യാ രംഗത്തെ വികസനവും അതിൻ്റെ ആഗോള നേട്ടങ്ങളും മനുഷ്യരാശിക്കായി പ്രയോജനപ്പെടുത്തുക എന്നതിന് പകരം കോർപ്പറേറ്റ് താത്പര്യങ്ങളും അധികാര കേന്ദ്രീകരണവുമാണ് വൈജ്ഞാനിക രംഗത്തെ വളർച്ചയെ നിർണ്ണയിക്കുന്നത് എന്ന ഘട്ടത്തിലേക്കാണ് മത്സര സൂചന

സൂപ്പർകപ്പ്‌ ഫുട്‌ബോളിന്‌ ഇന്ന്‌ കോഴിക്കോട്ട്‌ കിക്കോഫ്‌

0

ഇന്ത്യയിലെ ചാമ്പ്യൻ ക്ലബ്ബിനെ നിശ്‌ചയിക്കുന്ന സൂപ്പർകപ്പ്‌ ഫുട്‌ബോളിന്‌ ഇന്ന്‌ കോഴിക്കോട്ട്‌ കിക്കോഫ്‌. കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ അഞ്ചിന്‌ ആദ്യമത്സരത്തിൽ ബംഗളൂരു എഫ്‌സിയും ശ്രീനിധി ഡെക്കാൻ എഫ്‌സിയും എറ്റുമുട്ടും. രാത്രി 8.30ന്‌ നടക്കുന്ന രണ്ടാമത്തെ മത്സരം കേരള ബ്ലാസ്‌റ്റേഴ്‌സും ഐ ലീഗ്‌ ചാമ്പ്യന്മാരായ പഞ്ചാബ്‌ റൗണ്ട്‌ഗ്ലാസ്‌ എഫ്‌സിയും തമ്മിലാണ്‌.

സൂപ്പർകപ്പിന്റെ മൂന്നാമത്തെ പതിപ്പാണ്‌ ഏപ്രിൽ എട്ടിന് കോഴിക്കോട് തുടങ്ങുന്നത്. ഫെഡറേഷൻ കപ്പിനുപകരമായി 2018ൽ ആരംഭിച്ച സൂപ്പർകപ്പിൽ 16 ടീമുകൾ അണിനിരക്കും. 11 ഐഎസ്‌എൽ ടീമുകളും അഞ്ച്‌ ഐ ലീഗ്‌ ടീമുകളുമാണ്‌. നാലുവീതം ടീമുകളുള്ള നാല്‌ ഗ്രൂപ്പുകളായാണ്‌ മത്സരങ്ങൾ. ഗ്രൂപ്പ്‌ ജേതാക്കൾ സെമിയിലെത്തും. ദിവസവും രണ്ടുവീതം മത്സരം നടക്കും. വൈകിട്ട്‌ അഞ്ചിനും രാത്രി 8.30നും. എ, സി ഗ്രൂപ്പ്‌ മത്സരം കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലും ബി, ഡി ഗ്രൂപ്പ്‌ മത്സരം മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിലുമാണ്‌. ഒന്നിടവിട്ട ദിവസങ്ങളിലാണ്‌ ഇരു സ്‌റ്റേഡിയങ്ങളിലും മത്സരം. ഫൈനൽ 25ന്‌ രാത്രി 8.30ന്‌ കോഴിക്കോട്ട്‌ നടക്കും. പയ്യനാട്‌ സ്‌റ്റേഡിയത്തിൽ നാളെ വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന ആദ്യ മത്സരത്തിൽ ഹൈദരാബാദ്‌ എഫ്‌സിയും ഐസ്വാളും എറ്റുമുട്ടും. രണ്ടാംമത്സരം രാത്രി എട്ടിന്‌ ഒഡിഷ എഫ്‌സിയും  ഈസ്‌റ്റ്‌ ബംഗാളും തമ്മിലാണ്‌ മത്സരം

രണ്ടുതവണയാണ്‌ സൂപ്പർകപ്പ്‌ നടന്നത്‌. 2018ൽ ഈസ്‌റ്റ്‌ബംഗാളിനെ തോൽപ്പിച്ച്‌ ബംഗളൂരു എഫ്‌സി ജേതാക്കളായി. 2019ൽ ഗോവ എഫ്‌സി കിരീടംനേടി. ഫൈനലിൽ ചെന്നൈയിൻ എഫ്‌സിയെ കീഴടക്കി. കോവിഡ്‌മൂലം പിന്നീട്‌ ടൂർണമെന്റ്‌ നിലച്ചിരിക്കയായിരുന്നു