ട്രെയിനിന് തീവെച്ചതിന് പിന്നിൽ എന്താണ്; തീവ്രവാദ ബന്ധമെന്ന് കേന്ദ്ര ഏജൻസികൾ

എലത്തൂര്‍ ട്രെയിന്‍ തീവെപ്പില്‍ തീവ്രവാദബന്ധമെന്ന് ഉറപ്പിച്ച് കേന്ദ്ര ഏജന്‍സികള്‍. ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ(ഐ.ബി)യും തീവ്രവാദ ബന്ധം സംബന്ധിച്ച അന്വേഷണത്തിലാണ്.

പിടിയിലായ ഷാരൂഖ് സെയ്ഫി കേരളത്തിലെത്തിയത് സ്വന്തംനിലയ്ക്ക് ആവില്ല എന്നാണ് വിലയിരുത്തൽ. ഇയാളെ കേരളത്തില്‍ എത്തിച്ചത് ആരെന്ന് കണ്ടെത്തേണ്ടതുണ്ട്. ട്രെയിനിലെ ഒരു ബോഗി പൂര്‍ണമായി കത്തിക്കാനാണ് പദ്ധതിയിട്ടതെന്നും ഇതിലൂടെ വലിയ ആക്രമണത്തിനാണ് ലക്ഷ്യമിട്ടതെന്നും കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തുന്നു. കേരള പൊലീസ് എന്നാൽ ഇത്തരം ബന്ധങ്ങളെ കുറിച്ച് നിരീക്ഷണം ഒന്നും നടത്തിയിട്ടില്ല.

കോഴിക്കോട് എലത്തൂരിലുണ്ടായ ട്രെയിന്‍ തീവെപ്പില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയാണ് പ്രധാനമായും അന്വേഷണം നടത്തിയത്. ഷാരൂഖ് സെയ്ഫിയെ കേരളത്തില്‍ എത്തിക്കാന്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും ഇതിന് വലിയ സഹായം ലഭിച്ചെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

വന്‍സംഘം തന്നെ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിരിക്കാം. ഷാരൂഖ് സെയ്ഫിക്ക് ഇതിന് പ്രേരണ നല്‍കിയതിന് പിന്നിലും ഇവരുടെ കൈകളുണ്ട്. കൃത്യത്തിനായി കേരളം തിരഞ്ഞെടുത്തതിന് പിന്നിലും ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് തിരഞ്ഞെടുത്തതിന് പിന്നിലും വലിയ ആസൂത്രണം നടന്നിട്ടുണ്ടെന്നും ഏജൻസികൾ സംശയിക്കുന്നു.

മൂന്നുകുപ്പി പെട്രോള്‍ ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ഷാരൂഖിന്റെ കൈവശമുണ്ടായിരുന്നു. എന്നാല്‍ ആസൂത്രണംചെയ്തത് പോലെ കൃത്യം നടപ്പാക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരിക്കില്ല. പരിശീലനത്തിൻ്റെ കുറവായിരിക്കാം കാരണം എന്നും വിലയിരുത്തലുകളുണ്ട്.

ആക്രമണത്തിന് ശേഷം ഷാരൂഖ് രക്ഷപ്പെട്ടതിന് പിന്നിലും വലിയ ആസൂത്രണം നടന്നാതായാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍. ഇതിന് കൃത്യമായ സഹായം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ കരുതുന്നു.

പ്രതിയെ കൂടുതല്‍ചോദ്യംചെയ്ത ശേഷം തീവ്രവാദബന്ധം സ്ഥിരീകരിച്ചാല്‍ കേസ് കേന്ദ്ര ഏജനസകൾക്ക് വിടാമെന്നാണ് കേരള പോലീസിന്റെ തീരുമാനമെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ അന്വേഷണം എന്‍.ഐ.എ.യെ ഏല്‍പ്പിച്ചുള്ള ഉത്തരവിറക്കാനുള്ള നീക്കവുമുണ്ട്.

അദാനി ഗ്രൂപ്പിനെ കുറിച്ചുള്ള അന്വേഷണ വിഷയത്തിൽ പ്രതിപക്ഷത്ത് ഭിന്നത, ഇരയാക്കരുത് എന്ന് ശരദ് പവാർ

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം വേണമെന്ന ആവശ്യത്തിൽ പ്രതിപക്ഷനിരയില്‍ ഭിന്നത. ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തില്‍ അദാനിയ്‌ക്കെതിരെ ജെപിസി അന്വേഷണം നടത്തുന്നതില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വിയോജിപ്പ് അറിയച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാന പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നില്ലെന്ന് ശരദ് പവാര്‍ വിമര്‍ശിച്ചു. അംബാനിയേയും അദാനിയേയും വിമര്‍ശിക്കുന്നത് ഉചിതമായി തോന്നുന്നില്ലെന്ന അഭിപ്രായവും ശരദ് പവാര്‍ പ്രകടിപ്പിച്ചു.

രാഹുല്‍ ഗാന്ധിയുടെ അയോഗ്യതാ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം കൂടുതല്‍ ശക്തമായതിന് പിന്നാലെയാണ് അദാനി വിഷയത്തില്‍ ശരദ് പവാര്‍ എതിര്‍സ്വരമുയര്‍ത്തുന്നത്. അദാനി ഗ്രൂപ്പ് കരുവാക്കപ്പെടുന്നുവെന്ന് ആരോപിച്ചാണ് ശരദ് പവാറിന്റെ പ്രതികരണം.

എന്‍ ഡി ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദാനി ഗ്രൂപ്പിനെതിരെ ജെപിസി അന്വേഷണം ആവശ്യമില്ലെന്ന് പവാര്‍ വ്യക്തമാക്കിയത്.

ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തിന് രാജ്യത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അമിത പ്രാധാന്യം നല്‍കിയെന്നാണ് ശരദ് പവാറിന്റെ വിമര്‍ശനം.

വി എസ് സനോജിൻ്റെ അരിക് ചിത്രീകരണം പൂർത്തിയായി

മാധ്യമപ്രവർത്തകനായ വി.എസ്.സനോജ് കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയായ അരിക് സിനിമാ ചിത്രീകരണം പൂർത്തിയായി. ഒന്നര കോടി ബജറ്റിലാണ് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ഈ ചിത്രം നിർമ്മിക്കുന്നത്. കൊല്ലങ്കോട്, ലഖ്നൗ എന്നിവിടങ്ങളിലായി 26 ദിവസമായിരുന്നു ഷൂട്ടിങ്.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ആരംഭിച്ചു.

ഇർഷാദ്, സെന്തിൽ കൃഷ്ണ, ധന്യ അനന്യ, ശാന്തി ബാലചന്ദ്രൻ, റോണി ഡേവിഡ് രാജ്, സിജി പ്രദീപ്, ആർ.ജെ.മുരുകൻ, ഹരീഷ് പേങ്ങൻ, അഞ്ജലി, യൂനസ്, ഭാനു പ്രതാപ്, ഭൂപേന്ദ്ര ചൗഹാൻ, അർച്ചന പത്മിനി, ഡാവിഞ്ചി, പ്രശോഭ്, അബു, പ്രതാപൻ , സതീശ് , ഊരാളി ഷാജി, സുധീഷ് കുമാർ, സക്കറിയ, നയന, സവിത, ഉത്തര, മല്ലു പി. ശേഖർ, ഫേവർ ഫ്രാൻസിസ്, സി.അനൂപ്, പി.കെ.ഭരതൻ, പോൾ ഡി, തുടങ്ങി സിനിമാ, നാടക രംഗത്തുള്ളവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

തിരക്കഥ, സംഭാഷണം – വി.എസ്.സനോജ്, ജോബി വർഗീസ്, ഛായാഗ്രഹണം- മനേഷ് മാധവൻ, എഡിറ്റിങ്- പ്രവീൺ മംഗലത്ത്, പശ്ചാത്തല സംഗീതം – ബിജിബാൽ, കലാസംവിധാനം-ഗോകുൽദാസ്, ശബ്ദമിശ്രണം- രാധാകൃഷ്ണൻ എസ്., മേക്കപ്പ് ശ്രീജിത്ത്- ഗുരുവായൂർ, വസ്ത്രാലങ്കാരം- കുമാർ എടപ്പാൾ, പ്രൊ‍ഡക്ഷൻ കൺട്രോളർ – എസ്. മുരുഗൻ, ചീഫ് അസോ.ഡയറക്ടർ- ശ്രീഹരി ധർമ്മൻ, ഫസ്റ്റ് ലുക്ക് പോസ്റ്റർ ആന്റ് ടൈറ്റിൽ ഡിസൈൻ- അജയൻ ചാലിശ്ശേരി, കാസ്റ്റിങ് ഡയറക്ടർ- അബു വളയംകുളം, സ്റ്റിൽസ്-രോഹിത് കൃഷ്ണൻ.

എംവി ഗോവിന്ദനെ അറിയില്ല, സ്വപ്ന സുരേഷ് ഗൂഡാലോചന നടത്തിയിട്ടുണ്ടാവാം അതും അറിയില്ലെന്ന് വിജേഷ് പിള്ള

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ സ്വപ്ന സുരേഷിന്‍റെ ആരോപണത്തിൽ വിജേഷ് പിള്ളയെ പ്രത്യേക സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. എം വി ഗോവിന്ദനെയോ, മകനെയോ നേരിട്ട് അറിയില്ലെന്നും ആരോപണം സ്വപ്ന സുരേഷ് കെട്ടിച്ചമച്ചതാണെന്നും വിജേഷ് പിള്ള പറഞ്ഞു. ബിസിനസ് ആവശ്യത്തിന് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയിട്ടുണ്ടാകാം, അത് തനിക്ക് അറിയില്ലെന്നും 30 കോടിയും കൊല്ലുമെന്നുള്ള കഥയും സ്വപ്ന സുരേഷ് ഉണ്ടാക്കിയതാണെന്നും വിജേഷ് പിള്ള പറഞ്ഞു.

സ്വപ്ന ഗൂഢാലോചന നടത്തിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് വിജേഷ് പിള്ളയെ ചോദ്യം ചെയ്തത്. പരാതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ ബാംഗ്ലൂരിലെത്തി അന്വഷണ സംഘം ചോദ്യം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  നിയോഗിച്ച പ്രകാരം വിജേഷ് പിള്ള തനിക്ക് 30 കോടി വാഗ്ദാനം ചെയ്തുവെന്നായിരുന്നു സ്വപ്നയുടെ ആരോപണം. സി പി എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി നൽകിയ പരാതിയിലാണ് ചോദ്യം ചെയ്യൽ.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ ഇടനിലക്കാരനെന്ന നിലയിൽ തന്നെ ഭീഷണിപ്പെടുത്തിയെന്ന് വിജേഷ് പിള്ളയ്ക്കെതിരെ  സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. കേസിൽ നിന്ന് പിൻമാറണമെന്നും മുഴുവൻ രേഖകളും കൈമാറണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയായ വിജേഷ് പിളള എന്ന വിജയ് പിളള തന്നെ സമീപിച്ചെന്നാണ് സ്വപ്നയുടെ ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗേവിന്ദൻ പറഞ്ഞിട്ടാണ് വന്നതെന്നും 30 കോടി രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തെന്നുമാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. 

ട്രെയിൻ തീവെപ്പ് കേസിൽ ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. റെയിൽവേ പൊലീസ് സമർപ്പിച്ച എഫ്ഐആറിലാണ് 302 ഐപിസി സെക്ഷൻ ചേർത്തത്. മൂന്ന് പേരുടെ മരണവുമായി ബന്ധപ്പെട്ട് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ഷാറൂഖ് സെയ്ഫിയെ ഈ മാസം 20 വരെ റിമാൻഡ് ചെയ്തു. പ്രതി ചികിത്സയിൽ കഴിയുന്ന മെഡിക്കൽ കോളജിലെത്തിയാണ് മജിസ്ട്രേറ്റ് റിമാൻഡ് നടപടി പൂർത്തിയാക്കിയത്.

14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പ്രതിക്കായി ഉടൻ കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു. സിറ്റി പൊലീസ് കമ്മീഷണറടക്കമുള്ള പൊലീസുകാ‍ർ മെഡിക്കൽ കോളജിലുണ്ടായിരുന്നു. 25-ാം വാ‍ര്‍ഡിലെ സെല്ലിലാണ് പൊലീസ് കാവലിൽ ചികിത്സയിൽ കഴിയുന്നത്.

കരൾ സംബന്ധമായ അസുഖം കണ്ടതിനെത്തുടർന്നാണ് പരിശോധനക്കെത്തിച്ച ഷാറുഖിനെ അഡ്മിറ്റ് ചെയ്തത്. ബിലിറൂബിൻ അടക്കമുള്ള പരിശോധനകളിൽ അസ്വാഭാവികമായ കൗണ്ട് ഉണ്ടായിരുന്നുവെങ്കിലും ഇന്ന് സ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. കൈയിൽ നേരിയ പൊള്ളലേറ്റ പാടുകളുണ്ട്. ശരീരമാസകലം ഉരഞ്ഞ പാടുകളുണ്ട്. ഉത് ട്രെയിനിൽ നിന്നുള്ള വീഴ്ചയിൽ പറ്റിയതാണെന്നാണ് വിലയിരുത്തൽ. മുറിവുകൾക്ക് നാല് ദിവസത്തെ പഴക്കമുണ്ട്. കണ്‍പോളകളിലെ മുറിവ് ഗൗരവമുള്ളതല്ല. സിടിസ്കാൻ, എക്സ്റേ പരിശോധനകളിലും കുഴപ്പമില്ല. 

ഉമിനീരും തൊലിയും മറ്റും രാസപരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

കേരളത്തിൽ ബിജെപി സർക്കാർ ഉടൻ, കൂടുതൽ കോൺഗ്രസ് സിപിഎം നേതാക്കൾ പാർട്ടിയിൽ എത്തുമെന്നും കെ സുരേന്ദ്രൻ

വരുംദിവസങ്ങളില്‍ കേരളത്തിലെ കൂടുതല്‍ കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അധികം വൈകാതെ തന്നെ കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു. എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍.

‘പ്രധാനമന്ത്രി മോദിയുടെ വികസന അജണ്ടയെ കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. യുവാക്കള്‍ക്ക് മാതൃകയാണ് മോദി. വരുംദിവസങ്ങളില്‍ കൂടുതല്‍ കൂടുതല്‍ കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേരും. കൂടുതല്‍ നേതാക്കള്‍ മോദിയെ പിന്തുണയ്ക്കും. കേരളത്തില്‍ മാറ്റമുണ്ടാകും, സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രി കിരൺ കുമാർ ബി ജെ പിയിൽ

മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കിരണ്‍കുമാര്‍ റെഡ്ഢി ബി.ജെ.പി.യില്‍ ചേര്‍ന്നു. വെള്ളിയാഴ്ച രാവിലെ ബി.ജെ.പി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ നേതൃത്വത്തിൽ റെഡ്ഢിക്ക് അംഗത്വം നല്‍കി. കോൺഗ്രസ് വിട്ട് സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് പരാജിതനായ ശേഷം വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തിയതായിരുന്നു. പക്ഷെ അവസരങ്ങൾ ലഭിക്കാതെ നിശ്ശബ്ദനായിരുന്നു.

അറുപത്തിരണ്ടുകാരനായ റെഡ്ഢി കഴിഞ്ഞ മാസമാണ് വീണ്ടും കോണ്‍ഗ്രസ് വിട്ടത്. അവിഭക്ത ആന്ധ്രപ്രദേശിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരുന്നു.

സംസ്ഥാന വിഭജനത്തോടെ പുതിയ പാർട്ടി, പക്ഷെ…..

2009-10 കാലത്ത് ആന്ധ്രപ്രദേശ് നിയമസഭാ സ്പീക്കറായിരുന്നു. 2010 നവംബറില്‍ ആന്ധ്ര വിഭജിക്കുന്ന സമയത്തെ മുഖ്യമന്ത്രിയും ഇദ്ദേഹമായിരുന്നു. തുടര്‍ന്ന് 2014 മാര്‍ച്ചില്‍ സംസ്ഥാനം വിഭജിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് രാജിവെക്കുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് വിട്ട് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും തിരഞ്ഞെടുപ്പില്‍ ജയിക്കാനായില്ല. ഇതോടെ 2018-ല്‍ വീണ്ടും കോണ്‍ഗ്രസിലെത്തി.

റായലസീമ മേഖലയിൽ നിന്നുള്ള നേതാവാണ്. സംസ്ഥാനത്ത് ദുർബലമായ ബി ജെ പി മുഖ്യമന്ത്രി സ്ഥാനാർഥി എന്ന പദവിൽ ഉയർത്തി കാട്ടാനുള്ള സാധ്യതയാണ് വിലയിരുത്തുന്നത്. ജയ് സമയ്ക് ആന്ധ്ര എന്ന അദ്ദേഹത്തിൻ്റെ പാർട്ടി ശിഥിലമാണ്.

ആഗോള സന്നദ്ധ സംഘടനയായ ഓക്‌സ്ഫാം ഇന്ത്യയെ ലക്ഷ്യമിട്ട് സർക്കാർ വീണ്ടും, സിബിഐ അന്വേഷണത്തിന് നിർദ്ദേശം

ആഗോള സന്നദ്ധസംഘടനകളുടെ കൂട്ടായ്മയിലെ ഇന്ത്യന്‍ ശാഖയായ ഓക്‌സ്ഫാം ഇന്ത്യയുടെ ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്താന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ)യ്ക്ക് കേന്ദ്ര സർക്കാർ നിര്‍ദേശം. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) അമെന്റ്‌മെന്റ് ആക്ട് (എഫ്‌സിആര്‍എ) നിലവില്‍ വന്നതിനുശേഷവും ഓക്‌സ്ഫാം ഇന്ത്യ വിവിധ സ്ഥാപനങ്ങള്‍ക്ക് വിദേശപണം കൈമാറ്റം ചെയ്തതായി കണ്ടെത്തി എന്നാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ വിശദീകരണം.

കഴിഞ്ഞ കൊല്ലം മാര്‍ച്ചില്‍ ആഭ്യന്തരമന്ത്രാലയം എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദ് ചെയ്ത സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് എന്ന സ്ഥാപനം ഓക്‌സ്ഫാം ഇന്ത്യയുടെ ഫണ്ട് കൈമാറ്റ ശൃംഖലയില്‍ ഉള്‍പ്പെടുന്നു. എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദായ സ്ഥാപനത്തിന് വിദേശപണം സ്വീകരിക്കാന്‍ അനുമതിയില്ല എന്ന സമീപനമാണ് ഇതിനെതിരെ ഉയർത്തിക്കൊണ്ട് വന്നിട്ടുള്ളത്. സന്നദ്ധ സംഘടനകളെയും ഗവേഷക സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്ന സര്‍ക്കാരിന്റെ ഈ നടപടിയെ കോണ്‍ഗ്രസ് അപലപിക്കുകയും യുകെയില്‍ നടന്ന ഉഭയകക്ഷിയോഗത്തില്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു.

ഇന്ത്യയിൽ അടുത്ത കാലത്ത് വളർന്നു വരുന്ന അസമത്വം ചൂണ്ടികാട്ടി

ഓക്‌സ്ഫാം ഇന്ത്യയുടെ എഫ്‌സിആര്‍എ ലൈസന്‍സ് കഴിഞ്ഞകൊല്ലം ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഓക്‌സ്ഫാം ആഭ്യന്തര മന്ത്രാലയത്തില്‍ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ സാമ്പത്തിക അസമത്വം വര്‍ധിച്ചുവരികയാണെന്നും രാജ്യത്ത് ഒരു വിഭാഗത്തിന്റെ കൈകകളില്‍ സമ്പത്ത് കുമിഞ്ഞുകൂടുകയാണെന്നും ഭൂരിപക്ഷമുള്ള മറുവിഭാഗം ജീവിതവൃത്തിക്കായി കഷ്ടപ്പെടുകയാണെന്നും ഓക്‌സ്ഫാം ഇന്ത്യ 2021 ല്‍ പുറത്തിറക്കിയ സര്‍വേഫലത്തില്‍ ചൂണ്ടികാട്ടിയിരുന്നു.

ഓക്‌സ്‌ഫാം

ഓക്‌സ്‌ഫാം ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ആഗോള ദാരിദ്ര്യ നിർമാർജനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 21 സ്വതന്ത്ര ചാരിറ്റബിൾ ഓർഗനൈസേഷനുകളുടെ കോൺഫെഡറേഷനാണ് ഓക്‌സ്‌ഫാം. 2021ല്‍ എഫ്സിആര്‍എ ലൈസന്‍സ് പുതുക്കാന്‍ ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചതോടെ ഓക്സ്ഫാമിന്റെ വിദേശ ധനസഹായം തടഞ്ഞിരുന്നു. വിദേശ ഫണ്ടിങ് മാനദണ്ഡങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. പിന്നാലെ, എഫ്സിആര്‍എ ലംഘനം ആരോപിച്ച് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആദായനികുതി വകുപ്പ് ഓക്സ്ഫാമിന്റെ ഡല്‍ഹി ഓഫീസില്‍ പരിശോധന നടത്തുകയും ചെയ്തു.

എഫ്സിആര്‍എ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള ഓക്‌സ്ഫാം ഇന്ത്യയുടെ നീക്കം പിന്തള്ളിയതിന് പിന്നാലെ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ഇടപെടുകയും, സംഭവത്തില്‍ കേന്ദ്രത്തോട് അഭിപ്രായം ആരായുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്ത്യയിലെ വികസനത്തിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും വേണ്ടിയാണ് ഓക്‌സ്ഫാം പ്രവര്‍ത്തിക്കേണ്ടതെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

എന്താണ് ഓക്‌സ്ഫാം

ദാരിദ്ര്യനിര്‍മാര്‍ജനം എന്ന ലക്ഷ്യത്തോടെ 1942ല്‍ ബ്രിട്ടണിലാണ് ഓക്‌സ്ഫാം സ്ഥാപിതമായത്. നിലവില്‍ 21 സ്വതന്ത്ര ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുകളാണ് ഓക്‌സ്ഫാം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ ഓക്‌സ്ഫാം പ്രവര്‍ത്തിക്കുന്നത് ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ബിഹാര്‍, ഛത്തീസ്ഗഡ്, ഒഡീഷ, അസം എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് .

2013ല്‍ ഇന്ത്യന്‍ കമ്പനീസ് ആക്ടിന്റെ സെക്ഷന്‍ എട്ട് പ്രകാരം ലാഭേച്ഛയില്ലാതെ പ്രവര്‍ത്തികുന്ന ചാരിറ്റബിള്‍ സ്ഥാപനമായി രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ അസം, ബിഹാര്‍, ഉത്തര്‍പ്രദേശ്, കേരളം, കാശ്മീര്‍, മണിപ്പൂര്‍, ഗുജറാത്ത് തമിഴ്‌നാട്, ബെസ്റ്റ് ബെംഗാള്‍ ,ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ നേരിട്ട പ്രശ്‌നങ്ങളിലും ഓക്‌സ്ഫാം സമഗ്രമായി ഇടപ്പെട്ടിരുന്നു. കൂടാതെ കാര്‍ഗില്‍ യുദ്ധം, മുസാഫര്‍ നഗര്‍ കലാപം, കൊക്രജാര്‍ അക്രമം എന്നിങ്ങനെ രാജ്യത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തിയ പ്രതിന്ധിഘട്ടത്തിലും ഓക്‌സ്ഫാം സഹായ ഹസ്തവുമായി രംഗത്തെത്തിയിരുന്നു.

അവർ ചെയ്തത്

സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ വച്ചാണ് ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെ കുറിച്ചുള്ള റിപ്പോർട്ട് ഓക്സ് ഫാം പുറത്ത് വിട്ടത്. ‘സർവൈവൽ ഓഫ് ദ റിച്ചസ്റ്റ്’ എന്ന ഈ റിപ്പോർട്ടിലാണ് ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ സമ്പത്തിന്റെ വളർച്ചയെ കുറിച്ച് വിശദമായി തന്നെ പറയുന്നത്. മാത്രമല്ല ഈ ‘അശ്ലീല’ അസമത്വം പരിഹരിക്കാൻ അതിസമ്പന്നരിൽ വെൽത്ത് ടാക്സ് (wealth tax) ചുമത്തണമെന്നും ഇന്ത്യയുടെ ധനമന്ത്രിയോട് ഫോറം ആവശ്യപ്പെട്ടിട്ടുണ്ട്.

നിറം പിടിപ്പിച്ച വികസന കഥകൾക്കും, സാമ്പത്തിക വളർച്ചയുടെ വീമ്പുപറച്ചിലുകൾക്കും അല്പം ഇടവേള കൊടുക്കാം. ഇതൊന്നു മനസ്സിരുത്തി വായിക്കൂ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആകെ സമ്പത്തിന്റെ 40.5% കയ്യടക്കി വെച്ചിരിക്കുന്നത് വെറും 1% മാത്രമുള്ള അതിസമ്പന്നരാണ്! ദൈനംദിന ചിലവുകൾക്ക് മുന്നിൽ പകച്ചുനിൽക്കുന്ന ശരാശരി ഭാരതീയനു മുന്നിലേക്കാണ് ഭയപ്പെടുത്തുന്ന ഈ കണക്കുകൾ വന്നുവീഴുന്നത്. വിരലിലെണ്ണാവുന്ന അതിസമ്പന്നരുടെ അവിശ്വസനീയമായ ജീവിതകഥകളാണ് ഈ കണക്കുകൾ പറയുന്നത്. ഇനിയുള്ള നാളുകളെ കരുതലോടെ നേരിടണം എന്ന മുന്നറിയിപ്പാണ് നമുക്കിത് നൽകുന്നത്.

ദിവസേന കോടികൾ വരുമാനമുള്ളവരിലേക്കു തന്നെ വീണ്ടും പണമൊഴുകിയെത്തുന്ന ‘സാമ്പത്തിക അശ്ലീലം’ ഒരു വശത്ത് നടക്കുമ്പോൾ അങ്ങേയറ്റം ദരിദ്രരായ മനുഷ്യർക്ക് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള വരുമാനം പോലും ലഭിക്കുന്നില്ലെന്ന് ഓക്സ്ഫാം ഇന്ത്യ പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു

ഓക്സ്ഫാം?

21 ചാരിറ്റി സംഘടനകളുടെ ഒരു അന്തർദ്ദേശീയ കൂട്ടായ്മയാണ് ഓക്സ്ഫാം. ബ്രിട്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സംഘടന 1942-ലാണ് രൂപംകൊണ്ടത്. ആഗോളതലത്തിൽ ദാരിദ്ര്യം ഇല്ലായ്മ ചെയ്യുന്നതിനുള്ള നയരൂപീകരണങ്ങൾക്ക് സാധ്യമായ പിന്തുണ നൽകുകയെന്നത് ഈ സംഘടനയുടെ വിവിധ ലക്ഷ്യങ്ങളിലൊന്നാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓക്സ്ഫാം ദാരിദ്ര്യത്തിനെതിരായ പ്രവർത്തനങ്ങൾ ശക്തമായി നടത്തിവരുന്നുണ്ട്. നേരിട്ടുള്ള ഇടപെടലുകളും ഇതിലുൾപ്പെടും. ക്ഷാമപ്രദേശങ്ങളിൽ ഭക്ഷ്യവസ്തുക്കളും മറ്റും എത്തിക്കുന്നതടക്കം.

‘സർവൈവൽ ഓഫ് ദ റിച്ചസ്റ്റ്’

സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ വെച്ചാണ് ഇന്ത്യയിൽ വർധിച്ചുവരുന്ന കടുത്ത സാമ്പത്തിക അസമത്വത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഓക്സ്ഫാം പുറത്തുവിട്ടത്. ‘സർവൈവൽ ഓഫ് ദ റിച്ചസ്റ്റ്’ എന്ന ഈ റിപ്പോർട്ടിൽ ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ സമ്പത്തിന്റെ വളർച്ചയെക്കുറിച്ച് വിശദമായിത്തന്നെ പറയുന്നുണ്ട്. മാത്രമല്ല ഈ ‘അശ്ലീല’ അസമത്വം പരിഹരിക്കാൻ അതിസമ്പന്നരിൽ സമ്പത്ത് നികുതി (wealth tax) ചുമത്തണമെന്ന നിർദ്ദേശവും ഇന്ത്യയുടെ ധനമന്ത്രിക്കു മുമ്പാകെ ഫോറം വെച്ചിട്ടുണ്ട്.

ഞെട്ടിച്ച റിപ്പോർട്ട്

ഓക്സ്ഫാമിന്റെ പുതിയ റിപ്പോർട്ടനുസരിച്ച് 2020-ൽ 102 ശതകോടീശ്വരൻമാരാണ് ഇന്ത്യയിലുണ്ടായിരുന്നതെങ്കിൽ 2022 എത്തിയപ്പോൾ അതിൽ 64 പേരുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2012 മുതൽ 2021 വരെ രാജ്യത്ത് സൃഷ്ടിക്കപ്പെട്ട സമ്പത്തിന്റെ 40 ശതമാനവും ജനസംഖ്യയുടെ ഒരു ശതമാനം പേരിലേക്കാണ് എത്തിപ്പെട്ടതെങ്കിൽ വെറും 3 ശതമാനം സമ്പത്ത് മാത്രമാണ് താഴേക്കിടയിലുള്ള 50 ശതമാനം വരുന്ന സാധാരണക്കാരിലേക്ക് എത്തിയത്. രാജ്യത്തെ സമ്പത്തിന്റെ വിതരണത്തിലെ ഈ വലിയ അസമത്വം തന്നെയാണ് റിപ്പോർട്ടിൽ ഊന്നിപ്പറയുന്നത്.

നികുതിയടയ്ക്കുന്നത് സാധാരണക്കാർ

അതേസമയം സമ്പത്ത് കുമിഞ്ഞു കൂടുന്നത് ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ പക്കലാണെങ്കിലും രാജ്യത്തെ ദരിദ്രരും ഇടത്തരക്കാരുമാണ് സമ്പന്നരേക്കാൾ കൂടുതൽ നികുതി അടയ്ക്കുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കുറഞ്ഞ കോർപ്പറേറ്റ് നികുതികൾ, നികുതി ഇളവുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയിൽ നിന്ന് നിലവിൽ സമ്പന്നർക്ക് നേട്ടമുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യ സമ്പന്നർക്ക് മാത്രം സുഖകരമായി ജീവിക്കാൻ കഴിയുന്ന രാജ്യമാകാനുള്ള അതിവേഗ പാതയിലാണെന്നാണ് റിപ്പോർട്ടിനെ ഉദ്ധരിച്ച് ഓക്‌സ്ഫാം ഇന്ത്യ സിഇഒ അമിതാഭ് ബെഹർ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല അതിസമ്പന്നരുടെ നിലനിൽപ്പ് ഉറപ്പാക്കുന്ന ഈയൊരു സംവിധാനത്തിൽ രാജ്യത്തെ പാർശ്വവൽക്കരിക്കപ്പെട്ടവർ, ദലിതർ, ആദിവാസികൾ, മുസ്ലീങ്ങൾ, സ്ത്രീകൾ, നിർമ്മാണ മേഖലയിലെ തൊഴിലാളികൾ തുടങ്ങിയവവർ ദുരിതം അനുഭവിക്കുകയാണെന്നും കണക്കുകൾ ഉദ്ദരിച്ചു.

പരിഹാരം ചൂണ്ടികാട്ടിയതും വെല്ലുവിളിയായി

ഈ അസന്തുലിതാവസ്ഥ എങ്ങനെ പരിഹരിക്കണമെന്നതിനും റിപ്പോർട്ടിൽ സൂചനയുണ്ട്. വരാനിരിക്കുന്ന ബജറ്റിൽ വെൽത്ത് ടാക്‌സ് പോലുള്ള പുരോഗമന നികുതി നടപടികൾ നടപ്പിലാക്കണമെന്നാണ് ഇവർ മുന്നോട്ടുവെയ്ക്കുന്ന ഒരു ആവശ്യം. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ മുഴുവൻ സ്വത്തിനും 2% നികുതി ചുമത്തുകയാണെങ്കിൽ അടുത്ത മൂന്ന് വർഷത്തേക്ക് രാജ്യത്തെ പോഷകാഹാരക്കുറവുള്ള മേഖലയിലെ ജനങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കാമെന്ന് റിപ്പോർട്ട് പറയുന്നു. ഒന്നര വർഷത്തിലേറെയായി ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യസംരക്ഷണ പദ്ധതിയായി നിലനിൽക്കുന്ന നാഷണൽ ഹെൽത്ത് മിഷന് ധനസഹായം നൽകണമെങ്കിൽ ഈ ശതകോടീശ്വരൻമാർക്ക് വെറും ഒരു ശതമാനം വെൽത്ത് ടാക്സ് ചുമത്തിയാൽ മതിയാകും. ഇന്ത്യയിലെ ഏറ്റവും വലിയ 100 ശതകോടീശ്വരന്മാർക്ക് 2.5% നികുതി ചുമത്തുകയോ അതുമല്ലെങ്കിൽ 10 ഇന്ത്യൻ ശതകോടീശ്വരന്മാർക്ക് 5% നികുതി ചുമത്തുകയോ ചെയ്താൽ പല കാരണങ്ങളാൽ സ്കൂളുകളിൽ നിന്ന് കൊഴിഞ്ഞുപോയ ഏകദേശം 150 ദശലക്ഷം കുട്ടികളെ സ്‌കൂളിലേക്ക് തിരികെ കൊണ്ടുവരാൻ ആവശ്യമായ മുഴുവൻ തുകയും ലഭിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

അവതരിപ്പിച്ചത് പരമ്പരാഗത വിരുദ്ധ നിലപാട്

ട്രിക്കിൾ ഡൗൺ സിദ്ധാന്തം തെറ്റ്

അതിസമ്പന്നരുടെ നികുതി വെട്ടിക്കുറച്ചാൽ അവരുടെ സമ്പത്ത് മറ്റെല്ലാവരിലേക്കും താനെ എത്തുമെന്ന മിഥ്യാധാരണ പൊളിച്ചെഴുതേണ്ട സമയമാണിതെന്ന് ഓക്സ്ഫാം ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഗബ്രിയേല ബുച്ചർ പറഞ്ഞത് ചർച്ചയായിരുന്നു. അസമത്വം കുറയ്ക്കുന്നതിനും ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും’ അതിസമ്പന്നർക്ക് നികുതി ചുമത്തുന്നത് അനിവാര്യമാണെന്ന നിലപാടാണ് അവതരിപ്പിച്ചത്.

അദാനിയെ ആദ്യം തൊട്ടത്

ഈ റിപ്പോർട്ടിനെ മുൻനിർത്തി കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യവസായഭീമൻ ഗൗതം അദാനിയുടെ സമ്പത്ത് 2022-ൽ 46% വർദ്ധിച്ചപ്പോൾ, ഇന്ത്യയിലെ 100 അതിസമ്പന്നരുടെ ആകെ സമ്പത്ത് 660 ബില്യൺ ഡോളറിലെത്തി. 2022-ൽ എഴുപത് ബില്യൺ ഡോളറാണ് അദാനി സ്വന്തം സമ്പത്തിൽ കൂട്ടിച്ചേർത്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അംബാനിയെ പിന്തള്ളി അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി മാറിയത്. മാത്രമല്ല ആ ഏപ്രിലിൽ മൈക്രോസോഫ്റ്റിന്റെ ബിൽ ഗേറ്റ്‌സിനെയും പിന്തള്ളി അദാനി വളർന്നു.

ബ്ലൂംബെർഗ് സാമ്പത്തികസൂചിക പ്രകാരം 2022-ൽ ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാമതെത്തിയതും ഗൌതം അദാനിയായിരുന്നു. ഫ്രഞ്ച് വ്യവസായി ബെർണാൾഡ് ആർണോൾട്ടിനെയും ആമസോൺ മേധാവി ജെഫ് ബൈസോസിനെയും പിന്തള്ളിയാണ് അദാനി അന്ന് സ്ഥാനം കരസ്ഥമാക്കിയത്. മാത്രമല്ല 2022-ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സമ്പത്ത് വർധിച്ച ആളുകളുടെ പട്ടികയിലും ഒന്നാമതെത്തിയിരുന്നു.

അതേസമയം ബ്ളൂംബെർഗിന്റെ പുതിയ സൂചിക പ്രകാരം അദാനി ഇപ്പോൾ നാലാം സ്ഥാനത്താണ്. ടെസ്ല, സ്പേസ് എക്സ് സ്ഥാപകനും ട്വിറ്റർ സിഇഒയുമായ ഇലോൺ മസ്കും ജെഫ് ബേസോഴ്സുമാണ് അദാനിക്ക് മുന്നിലായി ഇടംപിടിച്ചിരിക്കുന്നത്. ബ്ലൂംബെർഗ് സൂചികയിൽ ആദ്യ നൂറ് ഇന്ത്യക്കാരിൽ അദാനിയെ കൂടാതെ മുകേഷ് അംബാനി, ഷപൂർ മിസ്ത്രി, ശിവ് നാടാർ, അസിം പ്രേംജി, ലക്ഷ്മി മിത്തൽ, രാധാകിഷൻ ദമാനി എന്നിവരും ഇടംപിടിച്ചിട്ടുണ്ട്.

അദാനി മാധ്യമങ്ങളിൽ തുടങ്ങി

അദാനിയുടെ വ്യവസായ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണങ്ങളും വിവാദങ്ങളും റിപ്പോർട്ട് ചെയ്യാറുള്ള ചുരുക്കം ചില മുൻനിര മാധ്യമങ്ങളിലൊന്നായിരുന്ന എൻഡിടിവിയെ സ്വന്തമാക്കിയാണ് അദാനി അതിനുള്ള മറുപടി നൽകിയത്. വഴിവിട്ട രീതിയിലാണ് എൻഡിടിവിയെ അദാനി സ്വന്തമാക്കിയതെന്ന് അന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. എൻ.ഡി.ടി.വിയുടെ മാതൃസ്ഥാപനമായ ആർ.ആർ.പി.ആർ 2010-ൽ ഒരു സ്ഥാപനത്തിൽ നിന്ന് 400 കോടി രൂപ പലിശരഹിത വായ്പ എടുക്കുകയും, ആ സ്ഥാപനത്തെ അദാനി ഗ്രൂപ്പ്‌ സ്വന്തമാക്കുകയും ചെയ്തതിനെത്തുടർന്നാണ് എൻഡിടിവി അദാനിക്ക് ലഭിച്ചത്. നിലവിൽ കൽക്കരി ഉൽപ്പാദനം, വിതരണം ഹരിത ഊർജം, വിമാനത്താവള നിർമ്മാണം, ഡാറ്റാ സെന്ററുകൾ, സിമന്റ് എന്നീ മേഖലകളിലെല്ലാം പടർന്നു കിടക്കുന്നതാണ് ഗുജറാത്തിൽ നിന്നുള്ള ഈ അറുപതുകാരന്റെ വ്യവസായ സാമ്രാജ്യം.

നാളെയും വേനൽ മഴ പ്രതീക്ഷിക്കാം

0

ഞായറാഴ്ച്ച വരെ പരക്കെ വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ,കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ നാളെ വേനൽ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു. മധ്യ- തെക്കൻ കേരളത്തിലെ കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യത ഉണ്ട്. ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലോട് കൂടിയ മഴയാണ് ലഭിക്കുന്നത് എന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

കോൺഗ്രസ് ഒരു കുടുംബത്തിന് വേണ്ടി പ്രവർത്തിക്കുന്നു, ബി ജെ പി രാജ്യത്തിന് വേണ്ടിയും എന്ന് വിശദീകരണവുമായി അനിൽ ആൻ്റണി

കോണ്‍ഗ്രസ് ഒരു കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ബി.ജെ.പി രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിനു ശേഷം വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അനില്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് രാജ്യത്തെ ഉന്നതങ്ങളിലേക്ക് നയിക്കാനുള്ള കാഴ്ചപ്പാടുണ്ടെന്ന് അനില്‍ ആന്‍റണി അവകാശപ്പെട്ടു. ബി.ജെ.പി രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. ഈ നയം കൃത്യമായി നടപ്പാക്കുന്നതിന് പ്രധാനമന്ത്രിയും പാര്‍ട്ടിയും പ്രതിജ്ഞാബദ്ധരാണ്. രാജ്യത്തെ ഭൂരിഭാഗംവരുന്ന യുവാക്കളുടെ പ്രതിനിധിയെന്ന നിലയില്‍ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നാണ് കരുതുന്നതെന്നും അനില്‍ അവകാശപ്പെട്ടു.

ബി.ജെ.പിയുടെ 44-ാം സ്ഥാപകദിവസത്തില്‍ തന്നെ ഭാരതത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് പാര്‍ട്ടി അവസരം നല്‍കി. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകള്‍ക്കായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ച നേതൃത്വത്തിന് നന്ദി പറയുന്നതായും അനില്‍ പറഞ്ഞു. എ.കെ. ആന്റണിയുമായി ചര്‍ച്ചചെയ്തിരുന്നോ എന്ന ചോദ്യത്തിന് തന്‍റെ തീരുമാനം വ്യക്തിപരമാണെന്ന് അനിൽ മറുപടി പറഞ്ഞു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെയും കേന്ദ്ര മന്ത്രി വി. മുരളീധരന്റേയും സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലാണ് അനില്‍ ആന്റണിക്ക് ബിജെപി അംഗത്വം നൽകിയത്. അംഗത്വം സ്വീകരിക്കുന്നതിന് മുമ്പായി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ അടക്കമുള്ളവരേയും അനില്‍ ആന്റണി കണ്ടിരുന്നു.