രാജ്യത്തിൻ്റെ ഐക്യവും ആണിക്കല്ലും ബഹുസ്വരതയും മതേതരത്വവുമാണ്, അത് തകർക്കുന്നവരോട് വിട്ടുവീഴ്ചയില്ല- മകന് മറുപടിയുമായി എ കെ ആൻ്റണി

ജീവിതത്തിന്റെ അവസാന നാളുകളിലാണ് താനുള്ളതെന്നും കോണ്‍ഗ്രസുകാരാനായിട്ടായിരിക്കും മരിക്കുകയെന്നും എ കെ ആൻ്റണി. മകൻ അനിൽ ആൻ്റണി ബി ജെ പിയിൽ അംഗത്വം എടുത്തതിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിലാണ് പ്രതികരണം.

കെപിസിസി ആസ്ഥാനത്താണ് എ.കെ.ആന്റണി മാധ്യമങ്ങളോട് സംസാരിച്ചത്. മകന്റെ ബിജെപി പ്രവേശനത്തില്‍ നിലപാട് വിശദീകരിച്ച ആന്റണി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെ മടങ്ങി.

 

ആൻ്റണിയുടെ വാക്കുകൾ …..

“ബിജെപിയില്‍ ചേരാനുള്ള അനിലിന്റെ തീരുമാനം വളരെ വേദനയുണ്ടാക്കി. തികച്ചും തെറ്റായ ഒരു തീരുമാനമായി. ഇന്ത്യാ രാജ്യത്തിൻ്റെ ഐക്യവും അതിൻ്റെ ആണിക്കല്ലും ബഹുസ്വരതയും മതേതരത്വവുമാണ്.

2014- മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ആസൂത്രിതമായി രാജ്യം പ്രാണവായുപോലെ കാത്തുസൂക്ഷിച്ച നമ്മുടെ അടിസ്ഥാന മൂല്യങ്ങളെ ദുര്‍ബലപ്പെടുത്താനള്ള തുടര്‍ച്ചയായ ശ്രമങ്ങളാണ് നടത്തുന്നത്. 2019-ന് ശേഷം നാനാതത്വത്തില്‍ ഏകത്വം എന്നതിന് പകരം ഏകത്വത്തിലേക്കാണ് പോയികൊണ്ടിരിക്കുന്നത്.

രാജ്യത്തിന്റെ ഐക്യം ദുര്‍ബലമായി. മത-സാമുദായിക സൗഹാര്‍ദം തര്‍ന്നുകൊണ്ടിരിക്കുന്നു. എന്നെ സംബന്ധിച്ച് അവസാന ശ്വാസം വരെ ബിജെപിയുടേയും ആര്‍എസ്എസിൻ്റെയും വിനാശകരമായ നയങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തും. അക്കാര്യത്തില്‍ ഒരു സംശയവുംവേണ്ട.

എല്ലാ ഇന്ത്യക്കാരേയും വേര്‍തിരിവില്ലാതെ കണ്ട ഒരു കുടുംബമാണ് നെഹ്‌റുകുടുംബം. ഇന്നും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി വേട്ടയാടലുകള്‍ക്കിടയിലും നിര്‍ഭയമായി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നവരാണ് ആ കുടുംബാംഗങ്ങള്‍. ഒരു ഘട്ടത്തില്‍ ഇന്ദിരാഗാന്ധിയുമായി ഞാന്‍ അകന്നുപോയി. വീണ്ടും അവരോട് യോജിച്ചതിന് ശേഷം ആ കുടുംബവുമായി മുമ്പില്ലാത്ത വിധത്തില്‍ അടുപ്പമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ എൻ്റെ കൂറ് എല്ലാ കാലത്തും ആ കുടുംബത്തോടൊപ്പമായിരിക്കും.

എൻ്റെ ജീവിതത്തിന്റെ അവസാന നാളുകളിലൂടെയാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. എനിക്ക് വയസ് 82 ആയി. എത്രനാള്‍ ഇനി ജീവിക്കും എന്നതറിയില്ല. ദീര്‍ഘായുസ്സില്‍ എനിക്ക് താത്പര്യവുമില്ല. എത്രനാള്‍ ജീവിച്ചാലും മരിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകന്‍ ആയിട്ടായിരിക്കും.ഇനി അനിലുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയ്ക്കും ചോദ്യത്തോരങ്ങള്‍ക്കും ഒരിക്കല്‍ പോലും ഞാന്‍ തയ്യാറാകില്ല. ഇത് സംബന്ധിച്ച് എന്റെ ആദ്യത്തേയും അവസാനത്തേയും പ്രതികരണമാണ്”

ആൻ്റണി പറഞ്ഞു നിർത്തി

അനിൽ ആന്റണി ബിജെ പിയിൽ ചേർന്നു

എ.കെ.ആന്റണിയുടെ മകനും മുൻ കെപിസിസി സോഷ്യല്‍ മീഡിയ കണ്‍വീനറുമായ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു.

BBC ഡോക്യുമെന്ററിയിൽ തുടങ്ങി സവർക്കർ ആരാധന വെളിപ്പെടുത്തി സീറ്റുറപ്പിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെയും കേന്ദ്ര മന്ത്രി വി. മുരളീധരന്റേയും സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അംഗത്വം സ്വീകരിച്ചത്.

കേന്ദ്ര മന്ത്രി പിയൂഷ് ഗോയലാണ് അനില്‍ ആന്റണിക്ക് ബിജെപി അംഗത്വം നൽകിയത്. അംഗത്വം സ്വീകരിക്കുന്നതിന് മുമ്പായി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ അടക്കമുള്ളവരേയും അനില്‍ ആന്റണി കണ്ടിരുന്നു.

മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ വ്യത്യസ്ത നിലപാട് രേഖപ്പെടുത്തിയതിന് കോണ്‍ഗ്രസില്‍ നിന്നടക്കം രൂക്ഷമായ വിമര്‍ശനം നേരിട്ടിരുന്നു. തുടർന്ന് അനില്‍ ആന്റണി പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങളെല്ലാം ഒഴിഞ്ഞിരുന്നു. പിന്നീട് പാര്‍ട്ടി വിടുകയും ചെയ്തു.

അടുത്തിടെ പ്രധാനമന്ത്രിയേയും കേന്ദ്ര സര്‍ക്കാരിനേയും പുകഴ്ത്തി നിലപാട് തെളിയിച്ചു.

രാഹുല്‍ ഗാന്ധി പരിഹസിച്ച് വിദ്വേഷ പക്ഷത്തും കയ്യടി നേടി. ഇതിന് പിന്നാലെ സവര്‍ക്കറെ പിന്തുണച്ച് താത്വിക പക്ഷത്തെ കൂറും ഉറപ്പിച്ചു. ഇതിനെല്ലാം പിന്നാലെയാണ് ബിജെപിയിലേക്ക് ഔദ്യോഗിക പ്രവേശനം.

പ്ലസ് ടു വിദ്യാഭ്യാസം സെമസ്റ്റർ സമ്പ്രദായത്തിലാക്കാൻ നിർദ്ദേശം

രാജ്യത്തെ പ്ലസ്ടു വിദ്യാഭ്യാസം സെമസ്റ്റര്‍ സമ്പ്രദായത്തിന് കീഴിൽ കൊണ്ടുവരാൻ ദേശിയ പാഠ്യ പദ്ധതി ചട്ടക്കൂട് (National Curriculum Framework (NCF)) കമ്മിറ്റി. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ വർഷത്തിൽ രണ്ട് ബോർഡ് പരീക്ഷകൾ നടത്താനാണ് ശുപാർശ. ഇത് വഴി വിദ്യാർഥികൾക്ക് മേലുള്ള സമ്മർദ്ദം കുറയ്ക്കാം. കൂടുതൽ അയഞ്ഞ ചട്ടക്കൂടിൽ അവസരം പ്രയോജനപ്പെടുത്തുകയും ചെയ്യാം.

ഹൈസ്കൂൾ തലത്തിലും മാറ്റം

9, 10 ക്ലാസുകളുടെ ഘടനയിലും പരീക്ഷാ രീതിയിലും ശുപാർശ പ്രകാരം മാറ്റമുണ്ടാകും. മിനിമം മാർക്ക് രീതി ഒഴിവാക്കും. നിലവിൽ, സിബിഎസ്ഇ ഉൾപ്പെടെയുള്ള മിക്ക ബോർഡുകളിലെയും വിദ്യാർത്ഥികൾ പത്താം ക്ലാസിൽ കുറഞ്ഞത് അഞ്ച് വിഷയങ്ങളെങ്കിലും ക്ലിയർ ചെയ്യണം. എന്നാൽ ഇനിമുതൽ വിദ്യാർത്ഥികൾ എട്ട് പേപ്പറുകൾ ക്ലിയർ ചെയ്താലേ വിജയിക്കാനാകൂ.

മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ.കസ്തൂരിരംഗൻ അധ്യക്ഷനായ എൻസിഎഫ് കമ്മിറ്റിയുടെ നിർദേശം പൊതുജനാഭിപ്രായത്തിനായി ഉടൻ പ്രസിദ്ധീകരിക്കും. 2005 ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്താണ് National Curriculum Framework അവസാനമായി പരിഷ്കരിച്ചത്.

പാർലമെൻ്റ് ബജറ്റ് സെഷൻ ഇന്നവസാനിക്കും; പിരിയുന്നത് ഒറ്റ ദിവസവും സമ്മേളിക്കാതെ

 പാര്‍ലമെന്‍റിന്റെ ബജറ്റ് സമ്മേളനം ഇന്നവസാനിക്കും. സഭ ഭരണ, പ്രതിപക്ഷ പ്രതിഷേധത്തിൽ തുടർച്ചയായി മുടങ്ങി. ഒരു ദിവസം പോലും സ്വാഭാവിക നടപടികളിലേക്ക് കടന്നില്ല. 

ഇന്നലെയും ഭരണ, പ്രതിപക്ഷ ബഹളത്തിൽ നിർത്തിവച്ചിരുന്നു. നരേന്ദ്ര മോഡി അദാനി ബന്ധം, രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി എന്നീ വിഷയങ്ങളിലാണ് സഭയിൽ ഇന്നലെയും ബഹളം തുട‍ർന്നത്. ഇരുസഭകളും ചേര്‍ന്നയുടന്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രണ്ട് മണിവരെ നിര്‍ത്തി വച്ചു. ഉച്ചക്ക് ശേഷവും ബഹളം തുടര്‍ന്നതോടെ ലോക് സഭ പിരിയുകയായിരുന്നു

ഒരു ദിവസം പോലും സഭ സമ്മേളിക്കാനായില്ലെങ്കിലും ഭൂരിപക്ഷ പിന്തുണയില്‍ ബജറ്റ് പാസാക്കുകയും ബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് സർക്കാർ മുന്നോട്ട് പോയത്.

ഹെമറേജിക് ഫീവർ ഭീഷണിയാവുന്നു, ഗൾഫ് രാജ്യങ്ങളിൽ മാർബർഗ് വൈറസിനെതിരെ മുന്നറിയിപ്പ്

മാർബർഗ് വൈറസ് ആഗോള ഭീഷണിയായതോടെ ഗൾഫ് രാജ്യങ്ങളിലും അതീവജാഗ്രതാ നിർദേശം. അന്താരാഷട്ര യാത്രകൾ സ്ഥിരമായി നടത്തുന്നവർക്ക് പ്രത്യേക മുന്നറിയിപ്പും ഉണ്ട്. എബോളയുമായി സാമ്യമുള്ള ഈ വൈറസ് രോഗം ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യു.എ.ഇ., സൗദി അറേബ്യ എന്നിവയ്ക്ക് പിന്നാലെ ബുധനാഴ്ച ഖത്തർ ആരോഗ്യമന്ത്രാലയവും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്ന് വ്യക്തമാക്കി പത്രകുറിപ്പ് ഇറക്കി. അടിയന്തര സാഹചര്യങ്ങളിൽ ഒഴികെയുള്ള ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ഖത്തർ പൗരന്മാരോടും പ്രവാസികളോടും മന്ത്രാലയം നിർദേശിച്ചു.

മാറ്റിവെക്കാനാകാത്ത കാരണങ്ങളാൽ ഈ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവർ, ഇരു രാജ്യങ്ങളിലെയും പ്രാദേശിക ആരോഗ്യ അധികൃതർ നൽകുന്ന മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ച ശേഷം ഖത്തറിലെത്തുന്ന യാത്രികർ, 21 ദിവസം വരെ നിരീക്ഷണത്തിൽ കഴിയണം.

കഴിഞ്ഞദിവസം യു.എ.ഇ. യും കരുതൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. സൗദി ആരോഗ്യമന്ത്രാലയവും അതീവ സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളിലെയും പ്രാദേശിക അധികൃതർ മുന്നോട്ട് വെക്കുന്ന നിബന്ധനകൾ പാലിക്കാൻ സൗദി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹെമറേജിക് ഫീവർ കോവിഡിനെക്കാൾ ഇരട്ടി മരണകാരി

ഹെമറേജിക് ഫീവറിന് കാരണമാകുന്ന മാർബർഗ് വൈറസ് മാരകമാണ്. രോഗം ബാധിച്ചാല്‍ മരണം സംഭവിക്കാനുള്ള സാധ്യത 88 ശതമാനമാണ്. 1967-ല്‍ ഫ്രാങ്ക്ഫര്‍ട്ട്, ജര്‍മനി, ബെല്‍ഗ്രേഡ്, സെര്‍ബിയ എന്നിവിടങ്ങളില്‍ മാര്‍ബര്‍ഗ് വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രോഗിയുടെ ശരീരത്തിലെ മുറിവുകള്‍, രക്തം, ശരീര സ്രവങ്ങള്‍ തുടങ്ങിയവയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ രോഗം ബാധിക്കും. ഈ സ്രവങ്ങള്‍ പടര്‍ന്നിട്ടുള്ള ഉപരിതലം വഴിയും രോഗവ്യാപനമുണ്ടാകാം. രോ​ഗലക്ഷണങ്ങൾ ഉള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുകയാണ് രോ​ഗപ്രതിരോധത്തിനുള്ള മാർ​ഗം.

ലക്ഷണങ്ങള്‍

  • ഉയര്‍ന്ന പനി
  • അസഹ്യമായ തലവേദന
  • പേശിവേദന
  • ശരീരവേദന
  • ഛര്‍ദി
  • അടിവയര്‍ വേദന
  • വയറിളക്കം

രോഗം തീവ്രമാകുന്നതോടെ കഠിനമായ ആലസ്യം, കുഴിഞ്ഞ കണ്ണുകള്‍, വലിഞ്ഞു മുറുകിയ മുഖം എന്നിവ കാണപ്പെടാം. ഏഴുദിവസത്തിനുള്ളില്‍ ബ്രെയിന്‍ ഹെമറേജും രക്തസ്രാവവും ഉണ്ടായാണ് മരണം സംഭവിക്കുന്നത്.

ട്രെയിനിലെ ആക്രമണം, വിചിത്രമായ കാരണവുമായി പിടിയിലായ യുവാവ്; ദുരൂഹത നീക്കാനായി പൊലീസ്

കുറ്റം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചത് മറ്റൊരാളുടെ ഉപദേശമെന്ന് എലത്തൂരിൽ ട്രെയിനിൽ യാത്രക്കാർക്ക് മേൽ പെട്രോളിച്ച് തീ കൊളുത്തിയ കേസിലെ പ്രതി. ആക്രമണം നടത്തിയാൽ നല്ലത് സംഭവിക്കുമെന്ന് ഒരാൾ ഉപദേശം നൽകിയത് കൊണ്ടാണ് ആക്രമണം നടത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞതായി ഏഷ്യനെറ്റ് റിപ്പോർട്ട് ചെയ്തു.

ദില്ലിയിൽ നിന്ന് മുംബൈ വരെ ഒരു സുഹൃത്ത് ഒപ്പമുണ്ടായിരുന്നുവെന്ന് ഷാരൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞതായി ഏഷ്യാനെറ്റ് വാർത്തയിൽ വ്യക്തമാക്കുന്നു . ഇയാളെ യാത്രയിലാണ് പരിചയപ്പെട്ടത്. കോഴിക്കോട്ടേക്കുള്ള ജനറൽ ടിക്കറ്റ് ആണ് കൈവശം ഉണ്ടായിരുന്നത്. എന്നാൽ ഏത് സ്റ്റേഷനിൽ ഇറങ്ങി എന്നറിയില്ല. ട്രെയിൻ ഇറങ്ങിയതിന് പിന്നാലെ പമ്പിൽ പോയി മൂന്ന് കുപ്പി പെട്രോൾ വാങ്ങി. തൊട്ടടുത്ത ട്രെയിനിൽ കയറി അക്രമണം നടത്തുകയായിരുന്നു. പെട്രോൾ ഒഴിച്ച ശേഷം കയ്യിൽ കരുതിയ ലൈറ്റർ കൊണ്ട് കത്തിച്ചുവെന്നും മൊഴി നൽകിയതായും വ്യക്തമാക്കുന്നു.

ആക്രമണ ശേഷം രണ്ടു കമ്പാർട്ട്മെൻറ് അപ്പുറത്തേക്ക് മാറിയിരുന്നു. ഓടിപ്പോയാൽ പിടിക്കപ്പെടും എന്ന് തോന്നിയതിനാലാണ്. പിന്നീട് അജ്മീറിലേക്ക് പോകാനായിരുന്നു ശ്രമം. മഹാരാഷ്ട്രയിൽ എത്തിയത് പിറ്റേന്നാണ്. ഖേദിനടുത്തുള്ള ഒരു റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ട്രെയിനിൽ നിന്ന് വീണുവെന്നും നാട്ടുകാർ ചേർന്നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്.

ഇന്ന് പുലർച്ചെ രത്നഗിരി റെയിൽവെ സ്റ്റേഷനിൽ വെച്ച് എടിഎസും ഇന്റലിജൻസും മറ്റ് അന്വേഷണ ഏജൻസികളും പ്രതിയെ ചോദ്യം ചെയ്തിരുന്നു. തന്നെ ആക്രമണത്തിന് പ്രേരിപ്പിച്ച സഹയാത്രികൻ ആരാണെന്ന് ഇയാൾ പറഞ്ഞിട്ടില്ല. ഇയാൾ മുംബൈയിൽ ഇറങ്ങിയെന്നാണ് മൊഴി. ദില്ലിയിൽ നിന്ന് വന്ന പ്രതി കേരളത്തിലെ ഒരു സ്റ്റേഷനിൽ ഇറങ്ങി. ഇവിടെ വെച്ചാണ് പെട്രോൾ വാങ്ങിയത്. പിന്നീട് അടുത്ത ട്രെയിനിൽ കയറിയ ശേഷം ആക്രമണം നടത്തി രണ്ട് കംപാർട്മെന്റ് അപ്പുറത്തേക്ക് മാറി. ആക്രമണത്തിന് ശേഷം അടുത്ത ട്രെയിനിൽ കയറി മുംബൈയിലേക്ക് പോവുകയായിരുന്നു.

ഖേദിനടുത്തെ റെയിൽവെ സ്റ്റേഷനിൽ വെച്ച് അപകടത്തിൽ പരിക്കേറ്റ ഷാരൂഖിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഇതൊരു പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ ചിപ്ലുവിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. ഇതിനായി ആംബുലൻസ് വിളിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചിപ്ളുവിലെ കാംതാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസ് ജീവനക്കാരെ ആക്രമിച്ച് പ്രതി കടന്നു കളഞ്ഞു. ഒരു ഇന്ധന ടാങ്കറിന്റെ പുറകിൽ കയറി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പോലീസ് പിടികൂടിയാണ് രത്നഗിരിയിലെ സിവിൽ ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ രാവിലെ ആറുമണിയോടെ ആശുപത്രിയിൽ നിന്നും ഇയാൾ വീണ്ടും മുങ്ങി.

ഈ മാസം 10 ദിവസം ബാങ്ക് അവധി

0

ഏപ്രിൽ 7ന് ദുഃഖ വെള്ളിയാണ്. ഏപ്രിൽ 8 ശനിയും ബാങ്ക് അവധിയാണ്. ഏപ്രിൽ 9 ഞായറാണ്. അതുകൊണ്ട് തന്നെ ഈ ആഴ്ച അടുപ്പിച്ച് മൂന്ന് ദിവസം ബാങ്ക് അവധിയായിരിക്കും. ഈ ദിനങ്ങളിൽ ബാങ്ക് ഇടപാടുകൾ സാധിക്കില്ല.

അടുത്ത ആഴ്ച ഏപ്രിൽ 14ന് വെള്ളിയാഴ്ച അംബേദ്കർ ജയന്തിയും ശനിയാഴ്ച ഏപ്രിൽ 15ന് വിഷുവുമാണ്. ഈ രണ്ട് ദിവസവും തൊട്ടടുത്ത ദിവസം ഞായറാഴ്ചയും വന്നതോടെ ഈ ആഴ്ചയും മൂന്ന് ദിവസങ്ങൾ ബാങ്ക് അവധിയായിരിക്കും.

തൊട്ടടുത്ത ആഴ്ച ഏപ്രിൽ 21ന് ഈദുൽ ഫിത്തർ അവധിയാണ്. ഈ ദിവസം ബാങ്ക് പ്രവർത്തിക്കില്ല. ഏപ്രിൽ 22 ശനിയും ഏപ്രിൽ 23 ഞായറും കൂടി ബാങ്ക് അവധിയായിരിക്കും. പിന്നീട് വരുന്ന ഏപ്രിൽ 30 ഞായറാഴ്ചയും പതിവ് പോലെ ബാങ്ക് അവധിയാണ്.

ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാത്യൂസ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദർശിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാത്യൂസ് തൃതീയന്‍. ബുധനാഴ്ച ഉച്ചയോടെയായിരുന്നു കൂടിക്കാഴ്ച്ച നടത്തിയത്. കേന്ദ്രമന്ത്രി വി മുരളീധരൻ കൂടെയുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച.കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് സഭയുടെ പിന്തുണ അറിയിച്ചു.

ഇതൊരു സൗഹൃദ കൂടിക്കാഴ്ചയാണെന്ന് സഭാധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.സഭയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു. സഭ ആസ്ഥാനം സന്ദര്‍ശിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്നും സഭാ അധ്യക്ഷന്‍ വ്യക്തമാക്കി.

കർണ്ണാടകയിൽ കന്നുകാലി വ്യാപാരിയെ തല്ലിക്കൊന്ന കേസിൽ പശു സേനാ സംഘം രാജസ്ഥാനിൽ പിടിയിൽ

കര്‍ണാടകയിലെ രാമനഗരിയില്‍ കന്നുകാലി വ്യാപാരിയെ തല്ലിക്കൊന്ന കേസിൽ അഞ്ച് പേര്‍ പോലീസ് പിടിയില്‍. ഗുജറാത്ത്, രാജസ്ഥാന്‍ പോലീസ് സഹായത്തോടെ രാജസ്ഥാനിലാണ് അറസറ്റ്.

സ്വയം പ്രഖ്യാപിത പശു സംരക്ഷനും ഹിന്ദുത്വ ആക്ടിവിസ്റ്റുമായ പുനീത് കീരഹള്ളിയുടെ നേതൃത്വത്തിലുള്ള അക്രമി സംഘത്തെ രാജസ്ഥാനിലെ ബനസ്വാരയില്‍ വച്ച് പിടികൂടിയതായി കര്‍ണാടക പോലീസ് അറിയിച്ചു. സംഭവത്തിന് ശേഷം പെലീസ് സേനയിൽ നിന്നും രക്ഷപെടാൻ ഇവര്‍ നിരന്തരമായ യാത്രയിലായിരുന്നു എന്നാണ് അധികൃതരുടെ വിശദീകരണം.

വെള്ളിയാഴ്ച രാത്രിയാണ് ഇദ്രിസ് എന്ന കാലി വ്യാപാരിയെയും സഹായികളെയും കന്നുകാലികളുമായി പോകുമ്പോള്‍ ഗോസംരക്ഷകര്‍ തടഞ്ഞു വെച്ച് മർദ്ദിച്ചത്. കന്നുകാലികളെ വാങ്ങിയതിന്റെ രേഖകളടക്കം കാണിച്ചുനല്‍കിയിട്ടും പുനീതിന്റെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി ആക്രമിച്ചു. മാത്രമല്ല ഇവരോട് പാകിസ്ഥാനിലേക്ക് പോകാനും ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് ക്രൂരമായി ആക്രമിച്ചത്.

ശനിയാഴ്ച ഇദ്രിസിനെ മരിച്ചനിലയില്‍ കണ്ടെത്തി. ഇതോടെ ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി പ്രതിഷേധിച്ചു. ഇദ്രിസിനെ മര്‍ദിച്ച് കൊന്നതാണെന്ന് ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. ഇദ്രിസിനെ ജീവനോടെ വിട്ടുനല്‍കണമെങ്കില്‍ രണ്ടുലക്ഷം രൂപ നല്‍കണമെന്ന് പുനീത് ആവശ്യപ്പെട്ടിരുന്നതായും അവർ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ഇദ്രിസ് പാഷയുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ് മോര്‍ട്ടം പരിശോധനയില്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ കാര്യമായ പരിക്കുകള്‍ കണ്ടെത്തിയിട്ടില്ല എന്നാണ് പൊലീസ് വിശദീകരിച്ചത്.

എലത്തൂരിൽ ട്രെയിനിൽ തീയിട്ട കേസിൽ അറസ്റ്റിലായ യുവാവിനെ നാളെ കേരളത്തിൽ എത്തിക്കും

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതിയെന്ന് കണ്ടെത്തി മഹാരാഷ്ട്ര എടിഎസ് പിടികൂടിയ പ്രതി ഷാറൂഖ് സെയ്ഫിയെ വ്യാഴാഴ്ച പുലര്‍ച്ചയോടെ കേരളത്തിലെത്തിക്കും. ബുധനാഴ്ച ഉച്ചയോടെ മഹാരാഷ്ട്രയില്‍ നിന്ന് പുറപ്പെട്ട കേരള പോലീസ് സംഘം കര്‍ണാട വഴി റോഡ് മാർഗ്ഗമാണ് എത്തുന്നത്.

കേരളത്തില്‍ നിന്ന് രാത്രി 9.30ന് ആക്രമണം നടത്തി ട്രെയിന്‍ മാര്‍ഗം മഹാരാഷ്ട്രയിലേക്ക് കടക്കുകയായിരുന്നു എന്നാണ് പൊലീസ് വിശദീകരണം. വിവിധ അന്വേഷണ സംഘങ്ങളുടെ സംയുക്ത ഓപ്പറേഷനൊടുവിലാണ് ബുധനാഴ്ച രാവിലെ ഇയാള്‍ പിടിയിലായത്. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ വച്ചായിരുന്നു മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തത്.

റെയില്‍വേ ട്രാക്കില്‍നിന്ന് കണ്ടെത്തിയ ബാഗില്‍നിന്ന് ലഭിച്ച നോട്ടുപുസ്തകം, ഫോണ്‍ എന്നിവയില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തില്‍ പോലീസ് അന്വേഷണം. ട്രെയിനില്‍വെച്ച് പ്രതിയെ കണ്ട ദൃക്സാക്ഷിയുടെ സഹായത്തോടെ ഇയാളുടെ രേഖാചിത്രവും പുറത്തുവിട്ടിരുന്നു. പ്രതി യുപി സ്വദേശയാണെന്ന് സൂചന ലഭിച്ചതോടെ അന്വേഷണ സംഘം കഴിഞ്ഞ ദിവസംയുപിയിലെത്തി പ്രതിയുടെ വീട്ടില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മഹാരാഷ്ട്രയില്‍ പിടിയിലായത്.

ആലപ്പുഴയില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഞായറാഴ്ച രാത്രിയായിരുന്നു യാത്രക്കാര്‍ക്ക് നേരേ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവം. മൂന്ന് പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിരുന്നു.

തങ്ങളുടെ ചോദ്യം ചെയ്യലില്‍ ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എടിഎസ് പത്രകുറിപ്പിലൂടെ അറിയിച്ചതിനെ തുടർന്നാണ് കേരള പൊലീസ് എത്തിയത്. ഇയാൾ കുറ്റ കുൃത്യം ചെയ്ത ശേഷം പ്രകടമായ ലക്ഷണങ്ങളോടെ എങ്ങിനെ ഇത്രയും ദൂരം സഞ്ചരിച്ചു എന്നത് വ്യക്തമല്ല. ആക്രമണത്തിന് പിന്നിലെ കാരണവും കേസ് സംബന്ധിച്ച വിശദാംശങ്ങളും പൊലീസ് ചോദ്യ ചെയ്യലിന് ശേഷമാവും അറിവാകുക.