തായ് കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ

ആഡംബര ബസിൽ കഞ്ചാവ് കടത്തിയ രണ്ട് തിരുവനന്തപുരം സ്വദേശികൾ പിടിയിൽ. കവടിയാർ സ്വദേശിയായ വരുൺ ബാബു (24) ചുള്ളിമാനൂർ സ്വദേശിനി വിനിഷ (29) എന്നിവരാണ് പിടിയിലായത്. ബംഗളുരുവിൽ നിന്നും തിരുവനന്തപുരത്ത് വരുകയായിരുന്ന ആഡംബര ബസ്സില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരിൽ നിന്ന് ഹൈബ്രിഡ് ഇനത്തിൽപ്പെട്ട 15 ഗ്രാം തായ്‌ലൻഡ് കഞ്ചാവ് കണ്ടെത്തിയതായി ആന്റി നാർക്കോട്ടിക് സംഘം അറിയിച്ചു.

പരശുവയ്ക്കലിൽ നടത്തിയ പരിശോധനയിലാണ് ബംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്ത് വന്നിരുന്ന ആഡംബര ബസ്സ് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ബസ്സിൽ നടത്തിയ പരിശോധനയിൽ ഇരുവരുടെയും ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ പ്ലാസ്റ്റിക് കവറിനുള്ളില്‍ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പിടിയിലായ വരുൺ ബാബുവും വിനിഷയും നേരത്തെയും സമാനമായ കേസുകളിൽ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

തായ് ലാൻ്റിൽ കഞ്ചാവിന് നിമയപരമായി വിലക്കില്ല. 1960 കളിൽ അമേരിക്കൻ സേനാ ക്യാമ്പ് തുടങ്ങിയതോടെയാണ് തായ് കഞ്ചാവ് ലോക ശ്രദ്ധയിൽ വരുന്നത്. പിൽക്കാലത്ത് ഫ്രാൻസിലെ വൈൻ ഉല്പാദകർക്ക് മുന്തിരപ്പാടം എന്നപോലെ തായ് ജനതയ്ക്ക് കന്നാബി കൃഷി ആശ്രയമായ സാഹചര്യമായിരുന്നു. ലാവോസ് കമ്പോഡിയ വിയറ്റ്നാം എന്നിങ്ങനെ രാജ്യങ്ങളിൽ ഇവയുടെ കൃഷി കേന്ദ്രീകരിച്ചു വളർന്നു. ഇപ്പോൾ ഓൺലൈൻ വഴി വരെ വില്പന നടത്തുന്ന സാഹചര്യം മയക്കുമരുന്ന് വിപണിയുടെ വളർച്ചയ്ക്ക് കാരണമായി മാറിയിരിക്കയാണ്.

ഭരണകൂടത്തെ മാധ്യമങ്ങൾ പിന്തുണയ്ക്കണം എന്ന ധ്വനി വേണ്ട- സുപ്രീം കോടതി

മാധ്യമസ്വാതന്ത്ര്യവും അതിന് ജനാധിപത്യത്തിലുള്ള പ്രധാന്യവും ഓര്‍മ്മിപ്പിച്ച് സുപ്രീംകോടതി. മീഡിയാവണ്‍ ചാനലിനെതിരായ വിലക്ക് റദ്ദാക്കി കൊണ്ടുള്ള വിധിയില്‍ ഹൈക്കോടതി വിധിയെയും സുപ്രീം കോടതി വിമർശന വിധേയമാക്കി. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം പൗരന്മാര്‍ക്ക് മുന്നില്‍ കഠിനമായ യാഥാര്‍ഥ്യങ്ങള്‍ അവതരിപ്പിക്കുകയും അതുവഴി ഉചിതമായത് തിരഞ്ഞെടുക്കാൻ പ്രാപ്തമാക്കുകയും ചെയ്യു. മാത്രമല്ല ജനാധിപത്യത്തെ നേര്‍വഴിക്ക് നയിക്കാന്‍ അത് സഹായിക്കുകയും ചെയ്യുന്നു. ഭരണത്തെ നിര്‍ണയിക്കുന്നതിന് വെളിച്ചം വീശുകയും ചെയ്യുന്നതാണ് ഇതെന്ന് ചീഫ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢും ജസ്റ്റിസ് ഹിമ കോലിയും അടങ്ങുന്ന ബഞ്ച് അഭിപ്രായപ്പെട്ടു.

ഹൈക്കോടതി എന്ത് ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ്….

മാധ്യമ വിലക്ക് ശരിവച്ച ഹൈക്കോടതി ഉത്തരവിനെയും കോടതി വിമര്‍ശിച്ചു. ഹൈക്കോടതി എന്ത് ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് ശരിവെച്ചതെന്ന് മനസ്സിലാകുന്നില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

മാധ്യമസ്വാതന്ത്ര്യം കരുത്തുള്ള ജനാധിപത്യത്തിന് ആവശ്യമാണ്. ജനാധിപത്യ സമൂഹത്തില്‍ അതിനുള്ള പങ്ക് ഏറെ നിര്‍ണായകമാണ്. സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചാല്‍ അത് സര്‍ക്കാര്‍വിരുദ്ധതയാകില്ല. സര്‍ക്കാര്‍ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിലൂടെ തന്നെ ഭരണകൂടത്തെ മാധ്യമങ്ങള്‍ പിന്തുണക്കണം എന്ന ധ്വനി നല്‍കുന്നു എന്ന നിർണ്ണായകമായ വിമർശനവും സുപ്രീം കോടതി ഉന്നയിച്ചു.

വിമർശനങ്ങളെ രാജ്യ സ്നേഹം കലർത്തി നേരിടുന്ന ഭരണ കൂട തന്ത്രത്തെ തുറന്നു കാട്ടി

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ ആര്‍ട്ടിക്കിള്‍ 19(2) ന്റെ പരിധിയില്‍ പെടുത്തുന്നത് നിലനില്‍ക്കില്ല. അത് പൗരന്‍മാരുടെ അഭിപ്രായ സ്വാതന്ത്ര്യം തടയാന്‍ വഴിയൊരുക്കും. സീല്‍ ചെയ്ത കവറില്‍ രഹസ്യമായി കോടതിയെ ധരിപ്പിക്കുന്ന രീതി സ്വാഭാവിക നീതി തടയുന്നതാണ്.

പൗരന്റെ അവകാശങ്ങള്‍ ഹനിക്കാന്‍ ദേശ സുരക്ഷവാദം ഉപയോഗിക്കുകയാണ്. നീതിന്യായ വ്യവസ്ഥയില്‍ ഇതിനോട് യോജിക്കാനാകില്ല. ദേശസുരക്ഷയ്ക്ക് ഭീഷണി എന്ന് വെറുതെ പറഞ്ഞാല്‍ പോര. അതിന് വസ്തുതകളുടെ പിന്‍ബലമുണ്ടാകണമെന്നും കോടതി അടിവരയിട്ടു.

ട്രെയിനിൽ തീവെച്ച കേസിലെ പ്രതിയെ പിടികൂടി; രത്നഗിരിയിൽ നിന്നും കേരളത്തിലേക്ക് കൊണ്ടു വരുന്നു

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയെ പിടികൂടിയെന്ന വിവരം എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ സ്ഥിരീകരിച്ചു.

എക്സിക്യൂട്ടീവ് എക്സ്പ്രസിലെ തീവെപ്പ് കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയിട്ടുണ്ടെന്നും വിവിധ ഏജന്‍സികളുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലായതെന്നും എ.ഡി.ജി.പി. മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിൽ എത്തിച്ച് ചോദ്യം ചെയ്യും

കൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ, എന്താണ് കാരണം തുടങ്ങിയ കാര്യങ്ങളൊക്കെ ചോദ്യംചെയ്യലിന് ശേഷം അറിയിക്കും. ഇതുവരെയുള്ള ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്തിയത്. ദേശീയശ്രദ്ധ പിടിച്ചുപറ്റിയ കേസായതിനാല്‍ മറ്റു ഏജന്‍സികളുമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നു.

മഹാരാഷ്ട്രയിലെ രത്നഗിരിയിൽ വെച്ച്

മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍വെച്ചാണ് പ്രതിയെ പിടികൂടിയതെന്ന കാര്യവും അദ്ദേഹം സ്ഥിരീകരിച്ചു. ബുധനാഴ്ച കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയ എ.ഡി.ജി.പി. തീവെപ്പുണ്ടായ ട്രെയിനിലെ കോച്ചുകള്‍ പരിശോധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

രത്‌നഗിരി റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നാണ് ഷാരൂഖ് സെയ്ഫിയെ പിടികൂടിയതെന്ന് രത്‌നഗിരി എസ്.പി. ധനഞ്ജയ് കുല്‍ക്കര്‍ണിയും മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് പ്രതി രത്‌നഗിരിയില്‍ എത്തിയെന്ന വിവരം പോലീസിന് ലഭിച്ചത്. ഇതോടെ പോലീസ് ജാഗ്രതയിലായി. പുലര്‍ച്ചെ രണ്ടരയ്ക്ക് ഇയാള്‍ റെയില്‍വേ സ്റ്റേഷന് സമീപം ഒളിച്ചിരിക്കുന്നതായ വിവരം ലഭിച്ചെന്നും തുടര്‍ന്നാണ് പിടികൂടിയതെന്നും പറഞ്ഞു

ഷാരൂഖ് സെയ്ഫിയുമായി കേരള പോലീസിന്റെ പ്രത്യേക അന്വേഷണസംഘം കേരളത്തിലേക്ക് യാത്രതിരിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് പ്രതിയെ കേരള പോലീസ് സംഘത്തിന് കൈമാറിയത്. ഇതിന് മുന്‍പ് എന്‍.ഐ.എ.യും മഹാരാഷ്ട്ര എ.ടി.എസും പ്രതിയെ ചോദ്യംചെയ്തിരുന്നു. തുടര്‍ന്ന് വൈദ്യപരിശോധന പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയശേഷം പ്രതിയുമായി കേരള പോലീസ് സംഘം യാത്രതിരിക്കുകയായിരുന്നു.

ഡിവൈ.എസ്.പി. റഹീം അടക്കമുള്ളവരാണ് കേരള പോലീസ് സംഘത്തിലുള്ളത്. സുരക്ഷാപ്രശ്‌നം കാരണം പോലീസ് സംഘത്തിന് ട്രെയിന്‍മാര്‍ഗമുള്ള യാത്രയ്ക്ക് അനുമതി കിട്ടിയില്ല. ഇതോടെയാണ് റോഡ് മാര്‍ഗം എത്തിക്കുകയാണ് ചെയ്യുന്നത്.

പിറന്ന ഉടനെ അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞുമായി പൊലീസിൻ്റെ മരണയോട്ടം, അവസാനം ജീവനോടെ ആശുപത്രിയിൽ

പ്രസവത്തിന് പിന്നാലെ മാതാവ് ബക്കറ്റില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ തക്ക സമയത്ത് പോലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചു. ആറന്മുള സ്വദേശിനിയുടെ കുഞ്ഞിനെയാണ് വീട്ടിലെ ബക്കറ്റില്‍നിന്ന് പോലീസ് തിരഞ്ഞ് കണ്ടെത്തിയത്.

പൊലീസ് അറിഞ്ഞത് ആശുപത്രിയിൽ നിന്ന്

ആറന്മുള സ്വദേശിനിയായ യുവതി അമിത രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതോടെയാണ് കുഞ്ഞിനെ കുറിച്ച് സംശയം ഉണരുന്നത്. രക്തസ്രാവം എങ്ങിനെ ഉണ്ടായി എന്ന അന്വേഷണത്തിൽ വീട്ടില്‍നിന്ന് പ്രസവിച്ചതാണ് എന്ന് യുവതി സമ്മതിക്കയായിരുന്നു.

എന്നാൽ ആശുപത്രി അധികൃതര്‍ കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടിയാണ് നല്‍കിയത്. ഒരു ഘട്ടത്തിൽ കുഞ്ഞ് മരിച്ചെന്നും മൊഴി നല്‍കി. ഇതോടെ സംശയം തോന്നി ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറിയിച്ചു.

തക്ക സമയത്ത് ചെങ്ങന്നൂര്‍ പോലീസ് യുവതിയുടെ വീട്ടിലെത്തി. വീട് മുഴുവൻ പരിശോധന നടത്തി. പക്ഷെ കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ബക്കറ്റിലെ അനക്കം ശ്രദ്ധയിൽ പെട്ടു. തുടർന്നാണ് ഉപേക്ഷിച്ചനിലയില്‍ നവജാതശിശുവിനെ കണ്ടെത്തിയത്.

തുണിയിൽ പൊതിഞ്ഞ ജീവൻ്റെ തുടിപ്പ്, ബക്കറ്റുമായി ഓടി പൊലീസ്

ബക്കറ്റിനുള്ളില്‍ തുണിയില്‍പൊതിഞ്ഞ നിലയില്‍ ആയിരുന്നു കുഞ്ഞ്. ഉടന്‍തന്നെ പോലീസ് സംഘം കുഞ്ഞിനെയും എടുത്ത് ഓടി. എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. പോലീസ് വാഹനത്തില്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഇപ്പോൾ കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്. വീട്ടിലെ പ്രസവത്തിനിടെ കുഞ്ഞിൻ്റെ ആരോഗ്യനില ഗുരുതരമായി എന്നാണ് വിവരം.

മാനഹാനി ഭയന്ന് അമ്മ ചെയ്തത്

ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതിയാണ്. ഗര്‍ഭിണിയായവിവരം ആരെയും അറിയിച്ചിരുന്നില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. മാനഹാനിയും സാമൂഹിക പ്രശ്നങ്ങളും ഭയന്ന് മറ്റാരുമറിയാതെ യുവതി വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഗുരുതരമായി രക്തം സ്രാവം ഉണ്ടായി. ജീവൻ രക്ഷിക്കാനായി ആശുപത്രിയിലെത്തുകയായിരുന്നു. കുഞ്ഞിനെ ഇതിനിടെ തുണിയിൽ പൊതിഞ്ഞ് ബക്കറ്റിൽ വെച്ച നിലയിലായിരുന്നു.

സംഭവത്തിൽ യുവതിക്കെതിരെ ആറന്മുള പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവുമാണ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അനക്കമില്ലെന്നു കണ്ടതിനെ തുടർന്ന് കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നാണ് യുവതി മൊഴി നൽകിയത്. ഇവർ ഐസിയുവിൽ ചികിത്സയിലാണ്. പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി

അട്ടപ്പാടി മധു കൊലക്കേസിൽ 14 പേരെ കുറ്റക്കാരെന്ന് കണ്ടെത്തി, വിധി നാളെ

 അട്ടപ്പാടി മധു കൊലക്കേസിലെ 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി കോടതി. ബുധനാഴ്ചയാണ് ശിക്ഷാവിധി. 13 പേർക്കെതിരെ നരഹത്യക്കുറ്റമാണ്. നാലും പതിനൊന്നും പ്രതികളെ പ്രതികളെ വെറുതെ വിട്ടു. നാളെയാണ് മണ്ണാർക്കാട് എസ് സി എസ് റ്റി കോടതി വിധി പ്രഖ്യാപിക്കം. 

ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുൾ കരീമിനെയുമാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്. 

16 ആം പ്രതി മുനീറിനെതിരെ തെളിഞ്ഞത് ബലപ്രയോ​ഗം മാത്രമാണ്. ഇയാൾക്കെതിരെ ഐപിസി 352 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 3 മാസം വരെ തടവും 500 രൂപ പിഴയും ചുമത്താവുന്ന കുറ്റമാണ് ഇത്.

ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസിൽ 24 പേർ കൂറ് മാറി. ഇതിൽ മധുവിന്റെ ബന്ധുവടക്കം ഉൾപ്പെടുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്. കേസിൽ 16 പ്രതികളുണ്ട്. അസാധാരണ സംഭവങ്ങളാണ് വിചാരണ ഘട്ടത്തിൽ നടന്നത്. കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്ന സ്ഥിതിയുണ്ടായി. കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിച്ചു. രഹസ്യമൊഴി നൽകിയവർ വരെ കൂറുമാറി. മജിസ്റ്റീരിയിൽ റിപ്പോർട്ടിന് മേൽ തെളിവ് മൂല്യത്തർക്കം ഉണ്ടായി. ഒടുവിൽ സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കേണ്ടിയും വന്നു.

ഇവരാണ് പ്രതികൾ, ഇതാണ് കുറ്റം

ഒന്നാംപ്രതി- ഹുസൈന്‍

മധുവിനെ മുക്കാലിയിലേക്ക് കൊണ്ടുവരുമ്പോള്‍ നെഞ്ചില്‍ ചവിട്ടി, ഇതിനെത്തുടര്‍ന്ന് മധു തലയിടിച്ച് വീണു, ഭണ്ഡാരപ്പെട്ടിയില്‍ തലയിടിച്ച് പരിക്കേറ്റു.

രണ്ടാംപ്രതി- മരയ്ക്കാര്‍

മധുവിനെ ആള്‍ക്കൂട്ട വിചാരണയ്ക്കായി പിടിച്ചുകൊണ്ടുവന്നത് മരയ്ക്കാര്‍. മധുവിനെ മര്‍ദിച്ചു.

മൂന്നാംപ്രതി- ഷംസുദ്ദീന്‍

മധുവിനെ വടികൊണ്ട് മര്‍ദിച്ചതും കൈകള്‍ ബന്ധിച്ചതും ഷംസുദ്ദീന്‍. സി.പി.എം. പ്രാദേശിക നേതാവായ ഷംസുദ്ദീനെ മധു കൊലക്കേസിന് ശേഷം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. പിന്നീടാണ് പാര്‍ട്ടി ചുമതലയില്‍നിന്ന് മാറ്റിയത്.

അഞ്ചാംപ്രതി- രാധാകൃഷ്ണന്‍

മധുവിന്റെ ഉടുമുണ്ടഴിച്ച് നടത്തിച്ചു. മര്‍ദിച്ചു.

ആറാംപ്രതി- അബൂബക്കര്‍

മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തുകയും മര്‍ദിക്കുകയും ചെയ്തു.

ഏഴാംപ്രതി- സിദ്ദിഖ്

മധുവിനെ മര്‍ദിച്ചു

എട്ടാംപ്രതി- ഉബൈദ്

മധുവിനെ മര്‍ദിക്കുന്നതില്‍ പങ്കാളിയായി.

ഒമ്പതാംപ്രതി- നജീബ്-

മധുവിനെ പിടികൂടാന്‍ പോയത് നജീബിന്റെ ജീപ്പില്‍. മധുവിനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

പത്താംപ്രതി- ജൈജുമോന്‍

മധുവിനെ ദേഹോപദ്രവം ഏല്‍പ്പിച്ചു

12-ാം പ്രതി- സജീവ്

മധുവിനെ മര്‍ദിച്ചതില്‍ പങ്കാളിയായി

13-ാം പ്രതി- സതീഷ്

മധുവിനെ മര്‍ദിച്ചതില്‍ പങ്കാളിയായി

14-ാം പ്രതി – ഹരീഷ്

മധുവിനെ മര്‍ദിച്ചു. മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് മധുവിന്റെ പുറത്ത് ഇടിച്ചു.

15-ാംപ്രതി- ബിജു

മധുവിനെ മുക്കാലിയിലേക്ക് പിടിച്ചുകൊണ്ടുവന്ന സംഘത്തിലുള്ളയാള്‍. മധുവിനെ മര്‍ദിച്ചു.

16-ാംപ്രതി- മുനീര്‍

പ്രതിക്കെതിരേ തെളിഞ്ഞത് ഐപിസി 352 വകുപ്പ് മാത്രം. മൂന്നുമാസം തടവ് മാത്രമാണ് ഈ വകുപ്പിലെ പരാമവധി ശിക്ഷ. മർദ്ദിച്ചു എന്നതാണ് കുറ്റം

ട്രെയിനിൽ തീ കൊളുത്തിയ ആളുടെ ദേഹത്തും തീ പടർന്നു; അപകടം പറ്റിയതെന്ന് കരുതി സഹ യാത്രികർ തീയണക്കാൻ സഹായിച്ചു

എലത്തൂരിലെ  ട്രെയിൻ ആക്രമണ സംഭവത്തിൽ അക്രമിയുടെ കാലിൽ പൊള്ളലേറ്റിരുന്നെന്ന് കണ്ണൂർ സ്വദേശിയായ യാത്രക്കാരൻ. ഏഷ്യാനെറ്റ് ഈ യാത്രക്കാരൻ്റെ ദൃക്സാക്ഷി മൊഴി പുറത്തു വിട്ടു. അക്രമിയാണെന്ന് അറിയാതെ ഇയാളെ രക്ഷപ്പെടുത്താൻ യാത്രക്കാർ സഹായിച്ചു. സംഭവം ഉണ്ടായി അധികം താമസിയാതെ ഇയാളെ കാണാതായി. അപകടം പറ്റിയതാണ് എന്നു കരുതിയാണ് പ്രതിയെ സഹാനുഭൂതിയോടെ സഹ യാത്രികർ തീയണക്കാൻ സഹായിച്ചത്.

ട്രെയിനിനകത്ത് പത്ത് മിനിറ്റിന് ശേഷമാണ് ഉദ്യോ​ഗസ്ഥരെത്തിയത് എന്നും വെളിപ്പെടുത്തി. മാത്രമല്ല പുഴയ്ക്ക് മുകളിലാണ് വണ്ടി നിർത്തിയത്. ഇത് പരിഭ്രാന്തി വർധിപ്പിച്ചു.

”ഞാനും ഭാര്യയും മകളും ചേർത്തലയിൽ നിന്ന് കണ്ണൂരേക്ക് വരികയായിരുന്നു. ഞങ്ങളുണ്ടായിരുന്നത് ഡി 2 വിന്റെ ആദ്യത്തെ സീറ്റുകളിലാണ്. സംഭവം നടന്നത് ഡിവൺ കോച്ചിന്റെ അവസാന ഭാ​ഗത്താണ്. വലിയ ശബ്ദം കേട്ട് നോക്കുമ്പോൾ വലിയൊരു അ​ഗ്നി​ഗോളമാണ് കാണുന്നത്. ഷോർട്ട് സർക്യൂട്ട് മൂലമോ മറ്റോ കോച്ച് കത്തുന്നു എന്നാണ് ആദ്യം കരുതിയത്. ആളുകൾ പരിഭ്രാന്തരാകുന്നതും കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ തീ ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടു. ദേഹത്ത് തീ പിടിച്ച് പൊള്ളലേറ്റ ആളെ ബാത്റൂമിനുള്ളിലേക്ക് ആരോ കയറ്റി. പിന്നീടാണ് കാലിൽ തീ പടർന്ന ഒരാൾ നടന്നു വരുന്നത് കണ്ടത്. നമ്മൾ കരുതിയത് പൊള്ളലേറ്റ ആൾ ആണ് വരുന്നതെന്നാണ്. അയാളുടെ മുഖം ശരിക്ക് കണ്ടില്ല. കാൽ കത്തിയിട്ട് നടന്നു വരുന്നതാണ് കണ്ടത്. കാലിലെ തീ അണഞ്ഞ്,  അയാൾ പോയതിന് ശേഷം മാത്രമാണ് അറിയുന്നത് അയാളാണ്  തീ കൊളുത്തിയതെന്ന്.” പിന്നീട് സ്വയം രക്ഷപ്പെടാനുള്ള ശ്രമമാണ് എല്ലാവരും നടത്തിയതെന്നും ജോയ് വ്യക്തമാക്കി. 

”ചങ്ങല വലിച്ച് വണ്ടി നിർത്തി പുറത്തേക്ക് ചാടാൻ നോക്കിയപ്പോൾ മുന്നിൽ വലിയ പുഴയാണ് കണ്ടത്. തുടർന്ന് വാതിലുകൾ ലോക്ക് ചെയ്തു. അപ്പോഴേക്കും തീ അണഞ്ഞ് പുക മാത്രമായി. പൊള്ളലേറ്റ ആളെ കുപ്പി വെള്ളം ഉപയോ​ഗിച്ച് വരെയാണ് ആളുകൾ തീയണച്ചത്. പിന്നീട് ഡിടൂ വിൽ കൊണ്ടുവന്നു. അപ്പുറത്തെ ഭാ​ഗത്ത് അപ്പോഴും ആളുകൾ പൊള്ളലേറ്റ് കിടക്കുന്നുണ്ടെന്ന് അറിഞ്ഞു. ട്രെയിനിനുള്ളിൽ ഔദ്യോ​ഗികമായ ആരെയും കണ്ടെത്താൻ സാധിച്ചില്ല. പത്ത് മിനിറ്റിന് ശേഷമാണ് റെയിൽവേയിലെ ആളുകൾ എത്തുന്നത്. ആളുകളെ ബെഡ്ഷീറ്റിൽ കിടത്തിയാണ് പുറത്തിറക്കിയത്. കത്തിച്ചാമ്പലാകും അല്ലെങ്കിൽ വെള്ളത്തിൽ മുങ്ങിമരിക്കും എന്നാണ് കരുതിയത്.” ജോയ് പറഞ്ഞു

മാധ്യമം ദിനപത്രത്തിൽ കൂട്ട പിരിച്ചു വിടൽ, ജീവനക്കാർ പണിമുടക്കി

മാധ്യമം ദിനപത്രത്തിൽ പ്രൂഫ് റീഡര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിച്ച് ജീവനക്കാർ പണിമുടക്കി. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമുതലാണ്എല്ലാം വിഭാഗം തൊഴിലാളികളും പണിമുടക്കിലേര്‍പ്പെട്ടത്.

   പ്രൂഫ് റീഡര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നുവെന്ന് കാണിച്ച് 23 പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഒരാളൊഴികെ മറ്റു 22 പേരും നോട്ടീസ് കൈപറ്റിയില്ല. ജൂലായ് ഒന്നുമുതല്‍ ജോലിയില്ല എന്നറിയിക്കുന്ന നോട്ടീസാണ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയത്.

സീനിയറായ നാലുപേരെ നിലനിര്‍ത്തിയാണ് 24 പേരെ പിരിച്ചുവിടുന്നത്.  1947 ലെ  വ്യവസായ തര്‍ക്കനിയമം 25ലെ ഉപവകുപ്പ് പ്രകാരമാണ് നടപടി. 

പ്രസിദ്ധീകരണത്തിന്റെ ഗുണമേന്മയും ജീവനക്കാരുടെ കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ എല്ലാ പ്രധാന വകുപ്പുകളിലും ഓട്ടോമേഷന്‍ കൊണ്ടുവരുമെന്നാണ് പിരിച്ചുവടല്‍ നോട്ടീസില്‍ പറയുന്നത്.  പ്രൂഫ് വിഭാഗത്തില്‍ പുതിയ സംവിധാനം ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. അതുകൊണ്ട് പരിച്ചുവിടലല്ലാതെ മറ്റുമാര്‍ഗമില്ല. ഇതിന് തൊഴില്‍വകുപ്പിനോട് അനുമതി തേടുകയും ചെയ്തിട്ടുണ്ട്.

പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു

മാധ്യമം ദിനപത്രത്തിൽ നിന്നും 23 പ്രൂഫ് റീഡർമാരെ അന്യായമായി പിരിച്ചുവിടാനുള്ള മാനേജ്‌മെന്റ് തീരുമാനം പിൻവലിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മാധ്യമമേഖലയിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥയ്‌ക്ക് ആക്കം കൂട്ടുന്നതാണ് 23 മാധ്യമപ്രവർത്തകരെ പിരിച്ചുവിടാനുള്ള മാധ്യമം മാനേജ്‌മെന്റിന്റെ നീക്കം.

ജീവിതത്തിന്റെ നല്ല ഭാഗം ഈ സ്ഥാപനത്തെ കെട്ടിപ്പെടുക്കാൻ വിനിയോഗിച്ച ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ട നടപടി പ്രതിഷേധാർഹമാണ്. ഈ നടപടി പിൻവലിക്കണം.  കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും അറിയിച്ചു.

കുവൈററിൽ ഗാർഹിക തൊഴിലാളികളിൽ 44.8 ശതമാനവും ഇന്ത്യക്കാർ

0

കുവൈറ്റിലെ ആകെ പ്രവാസി തൊഴിലാളികളില്‍ നാലിലൊന്നും ഗാര്‍ഹിക തൊഴിലാളികളാണെന്ന് ‘അല്‍-ഷാല്‍’ സെന്റര്‍ പുറത്തിറക്കിയ പ്രതിവാര റിപ്പോര്‍ട്ടില്‍ കണക്കുകൾ. കണക്കുകളില്‍ പുരുഷ വിഭാഗത്തില്‍ 2,39,000 പേരുമായി ഇന്ത്യയാണ് മുന്നില്‍. സ്ത്രീകളില്‍ 199,000 പേരുമായി ഫിലിപ്പീന്‍സും മുന്നിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

രാജ്യത്തെ ആകെ ഗാര്‍ഹിക തൊഴിലാളികളില്‍ 44.8 ശതമാനവും ഇന്ത്യക്കാരും 26.6 ശതമാനവും ഫിലിപ്പീന്‍സുകാരുമാണ്. സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കനുസരിച്ച് ഈ വിഭാഗത്തില്‍ ഏദേശം 753,000 പ്രവാസികളില്‍ 347,000 പുരുഷന്മാരും 406,000 സ്ത്രീകളുമാണെന്ന് അല്‍-ജരിദ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

10 രാജ്യങ്ങളില്‍ നിന്നുള്ള മൊത്തം പ്രവാസികളുടെ കണക്കെടുത്താല്‍ ഇന്ത്യ, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നി രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ആകെ ഗാര്‍ഹിക തൊഴിലാളികളില്‍ 94.9 ശതമാനവും. എത്യോപ്യ (1.1 ശതമാനം), ബെനിന്‍ (0.6 ശതമാനം), സുഡാന്‍ (0.2 ശതമാനം) ശതമാനവുമാണ് കണക്കുകള്‍.

രാജ്യത്തെ മൊത്തം തൊഴിലാളികളെ എടുത്താല്‍ അവരില്‍ നിന്ന് ഏകദേശം 835,000 പേര്‍ ഇന്ത്യക്കാരാണ്. അതായത് മൊത്തം തൊഴിലാളിളുടെ 29.9 ശതമാനം പേരും ഇന്ത്യന്‍ പ്രവാസികളാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തൊഴിലാളികളില്‍ 483,000 പേര്‍ അഥവാ 17.8 ശതമാനം ഈജിപ്തുകാരും, 443,000 പേര്‍ അഥവാ 15.9 ശതമാനം പേര്‍ കുവൈറ്റ് പൗരന്‍മാരും 267,000 പേര്‍ ഫിലിപ്പീന്‍സുകാരും 241,000 പേര്‍ ബംഗ്ലാദേശുകാരും ആണെന്നും കണക്കുകള്‍ വ്യക്തമാക്കി.

എക്സിക്യൂട്ടീവ് ട്രെയിനിൽ തീയിട്ടത് ഉത്തരേന്ത്യയിൽ നിന്നുള്ള യുവാവ് എന്ന് സംശയം, കോഴിക്കോടും എറണാകുളത്തും പരിശോധന; മരിച്ചവരുടെ മൃതദേഹം ഖബറടക്കി

എക്സിക്യൂട്ടീവ് ട്രെയിനിൽ പെട്രോൾ ഒഴിച്ച് തീകത്തിച്ച കേസിലെ പ്രതിയെന്ന് കരുതുന്ന യുവാവിനെ തേടി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി. ഉത്തർ പ്രദേശിലെ നോയിഡ സ്വദേശിയെ തേടി കോഴിക്കോട് പൊലീസ് തൊഴിലാളി ക്യാമ്പുകളിൽ അന്വേഷണം നടത്തിയത് വാർത്തയായി. അക്രമി കോഴിക്കോടാണ് താമസിച്ചിരുന്നത്. കെട്ടിട നിർമ്മാണ ജോലിക്കാരനായാണ് പണിയെടുത്തിരുന്നത് എന്നാണ് വിവരങ്ങൾ ലഭിച്ചത്.

എറണാകുളം ഇരുമ്പനത്തെ ഫ്ളാറ്റിലും പൊലീസ് പരിശോധന നടത്തി. ഫ്ളാ റ്റിലെത്തി പൊലീസ് താമസക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രതിയെ കണ്ടെത്താനായുള്ള പൊലീസ് ശ്രമം തുടരുകയാണ്. കോഴിക്കോട് സംശയിക്കുന്ന വ്യക്തി താമസിച്ചിരുന്ന അശോകപുരത്തെത്തി വിവരങ്ങൾ തിരക്കി. നാട്ടുകാരോടാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് തിരക്കിയത്. സമീപത്തു നിർമാണം നടക്കുന്ന കെട്ടിടത്തിലെ ഇതര സംസ്ഥാന തൊഴിലാളികളോടും പ്രതിയെക്കുറിച്ച് പൊലീസ് അന്വേഷിച്ചു. 

അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഡി ജി പി അനിൽകാന്ത് അറിയിച്ചിരുന്നു. ക്രമസമാധാന ചുമതല ഉള്ള എ ഡി ജി പി  എം ആർ അജിത് കുമാർ അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. ഇന്നലെയാണ് ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ ആക്രമണം നടന്നത്. 

കോച്ചിൽ രക്ത കറ എങ്ങിനെ വന്നു എന്നും അന്വേഷണം

രണ്ട് ബോഗികളിൽ കോഴിക്കോട് നിന്നുള്ള ഫോറൻസിക് സംഘവും കണ്ണൂരിൽ നിന്നുള്ള ഫോറൻസിക് സംഘവും പരിശോധന നടത്തി. ഡി1, ഡി2 ബോ​ഗികളിലാണ് പരിശോധന. അന്വേഷണ സംഘവും ഫോറൻസിക് സംഘത്തിനൊപ്പമുണ്ട്.

ഡി1 കോച്ചിലാണ് കൂടുതലും പെട്രോളിച്ച് കത്തിച്ചതിന്റെ പാടുകളുള്ളത്. ഒന്നുമുതൽ ആറുവരെ സീറ്റിലാണ് തീപടർന്നത്. അതേസമയം, ഡി2 കോച്ചിൽ രക്തക്കറയുമുണ്ട്. ഇത് അക്രമിയുടേതാണോ അതോ ആക്രമണത്തിൽ പരിക്കേറ്റവരുടേതാണോ എന്ന് ഫോറൻസിക് പരിശോധനക്ക് ശേഷം മാത്രമേ തിരിച്ചറിയാൻ കഴിയൂ. പരിശോധനക്കായി കോച്ചുകൾ മാറ്റിയിട്ടിരുന്നു.

ട്രെയിനിലെ ആക്രമണം, പൊള്ളലേറ്റ് മരിച്ച രണ്ടു പേരുടെ മൃതദേഹങ്ങൾ ഖബറടക്കി

ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിലുണ്ടായ തീവെപ്പിൽ നിന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ മൂന്ന് പേരെയാണ് ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മട്ടന്നൂർ സ്വദേശി റഹ്മത്ത്, ഇവരുടെ സഹോദരീ പുത്രി രണ്ട് വയസുകാരി സഹറ, മട്ടന്നൂർ സ്വദേശി നൗഫിക് എന്നിവരാണ് മരിച്ചത്. ട്രെയിൻ വേഗത കുറക്കുന്നതിന് മുമ്പ് പുറത്തേക്ക് ചാടിയതാണ് ഇവർ എന്നാണ് കരുതുന്നത്. റെയിൽവേ ട്രാക്കിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് വയസുകാരി സഹറയുടെ ഉമ്മ കോഴിക്കോട്ട് പഠിക്കുകയാണ്. ഇവിടെ നിന്ന് കുഞ്ഞുമായി കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു റഹ്മത്ത്. മരിച്ച നൗഫീഖ് ആക്കോട് നോമ്പു തുറ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. കോഴിക്കോട് നിന്നാണ് ഇയാൾ ട്രെയിൻ കയറിയത്.

മരിച്ച മട്ടന്നൂർ സ്വദേശി റഹ്മത്തിന്റേയും രണ്ടു വയസുകാരി സുഹറയുടെയും കോടോളിപ്രം സ്വദേശി നൗഫീഖിന്റെയും മൃതദേഹം ഖബറടക്കി. റഹ്മത്തിന്റെ മൃതദേഹം പാലോട്ട് പള്ളി ഖബർസ്ഥാനിലും നൗഫിഖിന്റെ മൃതദേഹം എടയന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിലും ആണ് കബറടക്കിയത്. 

നൗഫീഖിന്റെ മൃതദേ​​ഹം വയോജന വിശ്രമ കേന്ദ്രത്തിൽ പൊതുദ‍ർശനത്തിനെത്തിച്ചിരുന്നു. നിരവധി പേരാണ് നൗഫീഖിനെ അവസാനമായി കാണാൻ വിശ്രമകേന്ദ്രത്തിലെത്തിയത്. പൊതുദർശനത്തിന് ശേഷം മൃതദേഹം കോടോളിപ്പുറത്തെ വീട്ടിൽ എത്തിച്ചിരുന്നു. ഭാര്യ ബുഷ്റയും മൂന്ന് കുട്ടികളുമാണ് നൗഫീഖിനുള്ളത്. 

ഇന്നലെ രാവിലെ മലപ്പുറം ആക്കോട്ട് നോമ്പുതുറ പരിപാടിക്ക് പോയതായിരുന്നു നൗഫീഖ്. നോമ്പുതുറന്നതിന് ശേഷം തിരിച്ച് വരികയായിരുന്നു. ഭാര്യാ സഹോദരനോട് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കാനും ആവശ്യപ്പെട്ടിരുന്നു. വൈകീട്ട് വീട്ടിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ രാത്രി വൈകിയും തിരിച്ചെത്താത്തതിനാൽ അന്വേഷിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് നൗഫീഖിന്റെ മരണവിവരം ബന്ധുക്കളും നാട്ടുകാരും അറിഞ്ഞത്. ഇന്ന് ഉച്ചവരെ മക്കളെയൊന്നും മരണ വിവരം അറിയിച്ചിരുന്നില്ല. നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായ വ്യക്തിയായിരുന്നു. 

പ്രതി കസ്റ്റഡിയിലോ

കേസില്‍ പ്രതി കസ്റ്റഡിയിലെന്ന വാര്‍ത്ത തള്ളി ഭീകരവിരുദ്ധ സ്‌ക്വാഡ് ഐജി എ.വിജയന്‍. പ്രതി എടിഎസിന്റെ കസ്റ്റിഡിയില്‍ ഇല്ലെന്ന് ഐജി വ്യക്തമാക്കി. കേസില്‍ 18 അംഗ പ്രത്യേക സംഘത്തിന് സംസ്ഥാന പൊലീസ് മേധാവി രൂപം നല്‍കിയിട്ടുണ്ട്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി പി.വിക്രമന്‍ ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.

പ്രതിയിലേക്കെത്താന്‍ കഴിയുന്ന നിര്‍ണായ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്ന് ഡിജിപി അനില്‍കാന്ത് വ്യക്തമാക്കി. സമഗ്രമായ അന്വേഷണമുണ്ടാകുമെന്ന് കണ്ണൂരിലെത്തിയ ഡിജിപി അറിയിച്ചു.

ട്രെയിനിൽ തീയിട്ട സംഭവത്തിൽ സി സി ടിവി ദൃശ്യം വിദ്യാർഥിയുടെത്, പ്രതിയെ തേടി പൊലീസ്

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിലുള്ള വ്യക്തി യഥാർഥ പ്രതിയല്ലെന്ന് പോലീസ്.

സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത് കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥിയാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. മാത്രമല്ല വഴിയിൽ നിർത്തിയ ട്രെയിനിൽ നിന്ന് ഇയാളെ കൃത്യമായി ബൈക്കിൽ കയറ്റി കൊണ്ടു പോയി എന്നതിലും അസ്വാഭാവികതയുണ്ടായിരുന്നു.

സംഭവത്തിന് ശേഷം ഏകദേശം 11.25-ഓടെ സ്ഥലത്ത് കണ്ട വിദ്യാര്‍ഥിയെയാണ് സംശയിച്ചത്‌. ഇന്നലെ രാത്രി പരിസരവാസികള്‍ നല്‍കിയ മൊഴിയും യുവാവിനെ കണ്ട കാര്യം വ്യക്തമാക്കിയായിരുന്നു.

മംഗലാപുരത്തേക്ക് പോകുന്ന വിദ്യാർഥിക്ക് വിനയായത് സി സി ടി വിയിൽ പതിഞ്ഞ ചിത്രം

‘ഞാന്‍ രാത്രി 12.15ന്റെ ട്രെയിനില്‍ മംഗലാപുരത്തേക്ക് പോകുന്നതിനായി ട്രെയിന്‍ കയറാന്‍ സുഹൃത്തിനെ കാത്ത് നില്‍ക്കുകയായിരുന്നു. രാവിലെ വാര്‍ത്ത അറിഞ്ഞയുടനെ വീട്ടില്‍ വിളിച്ച് പറഞ്ഞു. അവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. സുഹൃത്തുക്കള്‍ വീഡിയോ അയച്ചു തന്നപ്പോഴാണ് സംഭവം അറിയുന്നത്’- കാപ്പാട് സ്വദേശിയായ വ്യക്തി പറയുന്നു.

സംഭവത്തില്‍ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. ട്രെയിനില്‍ ഉണ്ടായിരുന്ന ദൃക്‌സാക്ഷി റാഷിക് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. പോലീസ് പുറത്തുവിട്ട രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും വിവരം ലഭിക്കുന്നവർ 112 എന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കണമെന്നും പോലീസ് അറിയിച്ചു.

സംഭവത്തില്‍ പ്രതിയെ കണ്ടെത്താനായി കേരളാ പോലീസിന്റെയും റെയില്‍വേ പോലീസിന്റെയും സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്. ട്രെയിനില്‍ തീവെപ്പ്, വധശ്രമം തുടങ്ങി അഞ്ചു വകുപ്പുകള്‍ ചുമത്തി റെയില്‍വേ പോലീസ് കേസെടുത്തിട്ടുണ്ട്.

സാഹചര്യത്തെളിവുകള്‍ പ്രകാരം കൃത്യം പെട്ടെന്നുള്ള പ്രകോപനത്തില്‍ ചെയ്തതല്ല. പ്രതി ഉത്തരേന്ത്യക്കാരനാണോയെന്ന സംശയവും പോലീസിനുണ്ട്. ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍ കയറിയ അക്രമി എവിടെ നിന്നാണ് ട്രെയിനില്‍ കയറിയതെന്ന് കണ്ടെത്താന്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാണ്. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്