എക്സിക്യൂട്ടീവ് ട്രെയിനിൽ തീയിട്ടി സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം പുറത്തു വിട്ടു

0

ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീയിട്ട സംഭവത്തില്‍ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. ട്രെയിനിലുണ്ടായിരുന്ന ദൃക്‌സാക്ഷി റാഷിക്ക് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. ചിത്രവും താന്‍ കണ്ട ആളുമായി സാമ്യം ഉണ്ടെന്ന് റാഷിക്ക് സ്ഥിരീകരിച്ചു.

പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യവും നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു. സംഭവത്തില്‍ പ്രതിയെ കണ്ടെത്താനായി കേരളാ പോലീസിന്റെയും റെയില്‍വേ പോലീസിന്റെയും സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്. ട്രെയിനില്‍ തീവെപ്പ്, വധശ്രമം തുടങ്ങി അഞ്ചു വകുപ്പുകള്‍ ചുമത്തി റെയില്‍വേ പോലീസ് കേസെടുത്തിട്ടുണ്ട്.

സാഹചര്യത്തെളിവുകള്‍ പ്രകാരം കൃത്യം പെട്ടെന്നുള്ള പ്രകോപനത്തില്‍ ചെയ്തതല്ല മറിച്ച ആസൂത്രിതമാണ് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇയാള്‍ ഉത്തരേന്ത്യക്കാരനാണോയെന്ന സംശയവും പോലീസിനുണ്ട്. ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍ കയറിയ അക്രമി എവിടെ നിന്നാണ് ട്രെയിനില്‍ കയറിയതെന്ന് കണ്ടെത്താന്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാണ്. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗില്‍ നിന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും കുറിപ്പുകള്‍ കണ്ടെത്തിയിരുന്നു. രണ്ടു ഭാഷകളിലും പ്രാവീണ്യമുള്ളയാളാണെന്ന് കുറിപ്പുകള്‍ വ്യക്തമാക്കുന്നുണ്ട്. മൃതദേഹം കിട്ടിയ സ്ഥലത്തിന് തൊട്ടടുത്താണ് ബാഗ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു കുപ്പി പെട്രോള്‍ ഉണ്ടായിരുന്നു. നോട്ട്ബുക്ക്, ലഘുഭക്ഷണം, വസ്ത്രം, കണ്ണട, ഒരു പേഴ്‌സ്, മറ്റുചില വസ്തുക്കള്‍ എന്നിവ ബാഗില്‍ നിന്ന് കണ്ടെത്തി. ബാഗില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും പേഴ്‌സില്‍ നിന്ന് കഷ്ണം കടലാസും ഫോറന്‍സിക് സംഘം കണ്ടെത്തി.

ഒട്ടേറെ ദുരൂഹത നിറഞ്ഞതാണ് കണ്ടെത്തിയ നോട്ട്ബുക്കിലെ കുറിപ്പുകള്‍. ഡയറിക്കുറിപ്പുകള്‍ പോലെ കൃത്യമായ തീയതി നല്‍കിയിട്ടുണ്ട്. ജീവിതത്തില്‍ നേടേണ്ട ലക്ഷ്യങ്ങള്‍, പണം കുറച്ചു ചെലവാക്കണം, പുകയില ഉപയോഗം നിര്‍ത്തണം, വിവിധ സ്ഥലപ്പേരുകള്‍ തുടങ്ങി പരസ്പരബന്ധമില്ലാത്ത പല കാര്യങ്ങളും കുറിച്ചിട്ടുണ്ട്. പല ആകൃതിയിലും വലിപ്പത്തിലും എസ് എന്ന ഇംഗ്ലീഷ് അക്ഷരം നോട്ട്ബുക്കില്‍ കാണാം. ചിലരുടെ പേരുകളും പലഭാഗത്തായി കുറിച്ചിട്ടുണ്ട്. ഇതില്‍ അക്രമിയുടെ പേരുണ്ടോ എന്ന സംശയത്തിലാണ്. കുറിപ്പില്‍ ആവര്‍ത്തിച്ചെഴുതിയ ചില പേരുകളില്‍ നിന്ന് ഇയാള്‍ക്ക് മറ്റാരുടേയോ സഹായം കിട്ടിയതായി സൂചനയുണ്ട്.

വൈക്കം സത്യഗ്രഹ വാർഷിക പരസ്യത്തിൽ വനിതാ എം എൽ എ യെ തഴഞ്ഞു, പഴി പി ആർ ഡിക്ക്

0

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ പരസ്യത്തില്‍ നിന്ന് സികെ ആശ എംഎല്‍എയെ ഒഴിവാക്കിയെന്ന കോട്ടയം ജില്ലാ കമ്മിറ്റിയുടെ വാദങ്ങള്‍ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സികെ ആശയെ പരസ്യത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ ജില്ലാ കമ്മിറ്റിക്ക് പരാതിയുള്ളതായി അറിയില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

ആശയ്ക്ക് പരിഗണന ലഭിച്ചില്ലെന്ന വാദം തെറ്റാണ്. പ്രചരിക്കുന്നത് തെറ്റായ വാദങ്ങളാണെന്നും വിഷയത്തില്‍ പാര്‍ട്ടിക്ക് പരിഭവമില്ലെന്നും കാനം വ്യക്തമാക്കി. 

വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ പരസ്യത്തില്‍ നിന്നും സി കെ ആശയുടെ ചിത്രം ഒഴിവാക്കിയതിനെതിരെ സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വി ബി ബിനുവാണ് പരസ്യമായി രംഗത്തെത്തിയത്. പിആര്‍ഡി നല്‍കിയ പരസ്യത്തില്‍ സി കെ ആശ എംഎല്‍എയുടെ പേര് ഉണ്ടാകേണ്ടതായിരുന്നുവെന്നും ഒഴിവാക്കിയതില്‍ സിപിഐക്ക് പരാതിയുണ്ടെന്നും ഇത് സര്‍ക്കാരിനെ അറിയിച്ചുവെന്നുമാണ് ബിനു അറിയിച്ചത്. പിആര്‍ഡി തെറ്റ് തിരുത്തിയേ മതിയാകു. ആര് വകുപ്പ് കൈകാര്യം ചെയ്യുന്നുവെന്നതല്ല, തെറ്റ് ഉണ്ടെങ്കില്‍ തിരുത്തണമെന്നതാകണം നിലപാടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ പരിപാടിയുമായി ബന്ധപ്പെട്ട് ഒരു പരാതിയുമുണ്ടായിട്ടില്ലെന്ന് സംഘാടകരിലൊരാളായ മന്ത്രി വിഎന്‍ വാസവൻ വിശദീകരിച്ചു. ഒരു കുറ്റവും ഇല്ലാതെ, ഒരു വിവാദത്തിനും അവസരം ഇല്ലാതെയാണ് പരിപാടി നടന്നത്. പരസ്യവുമായി ബന്ധപ്പെട്ട് പിആര്‍ഡിക്ക് തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

പത്രപരസ്യത്തില്‍ നിന്ന് തന്റെ പേരും ചിത്രവും ഒഴിവാക്കിയ സംഭവത്തില്‍ പിആര്‍ഡിയെ വിമര്‍ശിച്ച് ആശയും രംഗത്തെത്തി. വീഴ്ച ഉണ്ടായത് പിആര്‍ഡി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നാണെന്നും പരിപാടിയില്‍ തനിക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചെന്നും ആശ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. 

തരൂർ അനുകൂലികളും എതിരാളികളും ഡി സി സി ഓഫീസിൽ ഏറ്റുമുട്ടി

 ശശി തരൂർ പങ്കെടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ചുള്ള യോഗത്തിന് പിന്നാലെ തിരുവനന്തപുരം ഡിസിസി ഓഫീസിൽ വാക്കേറ്റം കയ്യാങ്കളിയിലെത്തി. തരൂരിനെ വിമർശിച്ചതിന് തരൂർ അനുകൂലികളും പേഴ്സണൽ സ്റ്റാഫും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ് പരാതിപ്പെട്ടു. എന്നാൽ സതീഷ് അനാവശ്യ പ്രകോപനമുണ്ടാക്കിയെന്നാണ് തരൂർ അനുകൂലികളുടെ വിമർശനം.

തിരുവനന്തപുരം സെൻട്രൽ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ചായിരുന്നു ഡിസിസി ഓഫീസിലെ ചർച്ച. തരൂരും ഡിസിസി അധ്യക്ഷൻ പാലോട് രവി അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു.

യോഗത്തിനിടെ പുറത്തിറങ്ങിയ തമ്പാനൂർ സതീഷും തരൂരിൻറെ പേഴ്സനൽ സ്റ്റാഫ് പ്രവീൺകുമാറും തമ്മിലാണ് ആദ്യം തർക്കമുണ്ടാകുന്നത്.  തരൂരിനെതിരെ സതീഷ് മോശമായി സംസാരിച്ചുവെന്നും പ്രകോപനമുണ്ടാക്കിയെന്നുമാണ് തരൂർ അനുകൂലികളുടെ ആരോപണം. 

അതേ സമയം പ്രവീൺകുമാറിനോട് ഓഫീസിൽ നിന്നും പുറത്ത് പോകണമെന്നാവശ്യപ്പെട്ട് സതീഷ് കയർത്ത് സംസാരിച്ചതാണ് പ്രശ്നത്തിന് കാരണമെന്നാണ് തരൂർ അനുകൂലികൾ പറയുന്നത്. നേതാക്കൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഡിസിസി അധ്യക്ഷന് സതീഷ് പരാതി നൽകി. 

കയ്യാങ്കളി ഉണ്ടായിട്ടില്ലെന്നാണ് ഡിസിസി നേതൃത്വത്തിൻറെ വിശദീകരണം

ആലപ്പുഴ കണ്ണൂര്‍ എക്സ്പ്രസിൽ പെട്രോൾ ഒഴിച്ച് തീയിട്ടു, എട്ട് പേർക്ക് പൊള്ളലേറ്റു

0

ആലപ്പുഴ- കണ്ണൂർ ട്രയിനിൽ യാത്രക്കാരിയുടെ ദേഹത്ത് തീ കൊളുത്തി. ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. കോഴിക്കോട് എലത്തൂര്‍ പാലത്തില്‍ വെച്ച്. D 1 കമ്പാർട്ട്മെന്റിലാണ് തീ പടർന്നത്. സംഭവത്തില്‍ എട്ട് പേര്‍ക്ക് പൊള്ളലേറ്റു. ട്രെയിന്‍ എലത്തൂര്‍ പാലത്തില്‍ എത്തിയപ്പോഴായിരുന്നു അക്രമം. കാറ്റില്‍ തീ ആളിപ്പടര്‍ന്നാണ് മറ്റ് യാത്രക്കാര്‍ക്ക് പൊള്ളലേറ്റത്. പരിക്കേറ്റവരില്‍ അഞ്ചുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മറ്റു മൂന്നുപേര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

പെൺകുട്ടിക്ക് നേരെ ഉണ്ടായ ആക്രമമാണ് ഇതെന്നാണ് അറിയുന്നത്. രണ്ട് കുപ്പി പെട്രോളുമായി വന്ന ഒരാള്‍ പെണ്‍കുട്ടിയും കുടുംബവും ഇരുന്ന സ്ഥലത്ത് എത്തി ഉച്ചത്തില്‍ സംസാരിച്ച് ബഹളം വെക്കുകയും ഒരു കുപ്പി പെട്രോള്‍ ഇവര്‍ക്ക് നേരെ ഒഴിച്ച് തീ കൊളുത്തുകയും ആയിരുന്നെന്ന് പരിക്കേറ്റ ഒരാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആക്രമണത്തിന് ശേഷം തീയിട്ട ആള്‍ ചങ്ങല വലിച്ച് ഇറങ്ങിയോടി എന്നും പരിക്കേറ്റയാള്‍ പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്. ഇയാള്‍ക്കും പൊള്ളലേറ്റിട്ടുണ്ടെന്നാണ് സൂചന.

പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയെ രക്ഷിച്ചത് ഒപ്പമുണ്ടായിരുന്ന യാത്രക്കാരാണ്. ട്രെയിൻ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടു. സ്ത്രീകൾക്കാണ് ​ഗുരുതരമായ പരിക്ക്. അക്രമിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് പ്രാഥമിക വിവരം. ഇയാൾക്കായി തെരച്ചിൽ തുടങ്ങി.

അക്രമി ചുവന്ന ഷര്‍ട്ട് ധരിച്ച ആളാണിതെന്നാണ് മറ്റ് യാത്രക്കാര്‍ പറയുന്നത്.റൂബി, അനിൽകുമാർ, അദ്വൈത്, സജിഷ, അശ്വതി എന്നിവരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവർ.

ട്രെയിനിന് തീ പിടിച്ചു എന്നാണ് യാത്രക്കാര്‍ ആദ്യം കരുതിയത്. പിന്നീട് ചങ്ങല വലിച്ച് നിര്‍ത്തുകയായിരുന്നു. തീവണ്ടിക്ക് തീ കൊളുത്തി എന്ന നിലയ്ക്കും പ്രചാരണം ഉണ്ടായി. പെൺകുട്ടിക്ക് നേരെ വിദ്വേഷം ഉയരാൻ കാരണം എന്താണെന്ന് വ്യക്തമല്ല. പെട്രോൾ തത്സമയം ലഭിച്ചതും ദുരൂഹത പരത്തുന്നു.

പ്രതിപക്ഷ ഐക്യം ചെറുപാർട്ടികളുടെ നേതൃത്വത്തെ ഏല്പിക്കണമെന്ന് ശശി തരൂർ

0

പ്രതിപക്ഷ സഖ്യത്തിന്റെ കണ്‍വീനര്‍ സ്ഥാനം ചെറുപാര്‍ട്ടികളെ ഏല്‍പ്പിക്കണമെന്ന നിരീക്ഷണം പങ്കുവെച്ച് ശശി തരൂർ. താന്‍ നേതൃസ്ഥാനത്തായിരുന്നെങ്കില്‍ 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന്റെ കണ്‍വീനര്‍ സ്ഥാനം ചെറുപാര്‍ട്ടികളെ ഏല്‍പ്പിക്കുമായിരുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു.

പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തരൂര്‍. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നാലെ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടത് സംബന്ധിച്ച ചോദ്യത്തിന് തരൂരിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഒരുമിക്കാന്‍ പ്രതിപക്ഷത്തിന് പുതിയൊരു കാരണം കിട്ടി. 2024-ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം കിട്ടുക എന്നത് പ്രയാസകരമായിരിക്കും. പ്രതിപക്ഷത്ത് ഇപ്പോഴുണ്ടായിരിക്കുന്ന ഐക്യം ആശ്ചര്യപ്പെടുത്തുന്നതും സ്വാഗതാര്‍ഹവുമാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനത്തിനേക്കാള്‍ പ്രധാനമാണ് ഐക്യം

മുഖ്യ പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസ് ആണെങ്കിലും താന്‍ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നെങ്കിൽ 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടുന്നതിനുള്ള പ്രതിപക്ഷ സഖ്യത്തിന്റെ കണ്‍വീനര്‍ സ്ഥാനം വഹിക്കാന്‍ ചെറിയ പാര്‍ട്ടികളിലൊന്നിനെ പ്രോത്സാഹിപ്പിക്കുമായിരുന്നു എന്നാണ് തരൂര്‍ പറഞ്ഞത്.

‘ഇപ്പോള്‍ രാഹുലിനെ പിന്തുണച്ചില്ലെങ്കില്‍, പ്രതികാരബുദ്ധിയുള്ള കേന്ദ്ര സര്‍ക്കാര്‍ ഓരോരുത്തരെയായി തേടിയെത്തിയേക്കാമെന്ന ബോധ്യം പ്രതിപക്ഷ നേതാക്കള്‍ക്ക് വന്നിരിക്കുന്നു. വസ്തുനിഷ്ഠമായ ദേശീയ കാഴ്ചപ്പാടുള്ള ഒരേയൊരു പ്രതിപക്ഷ പാര്‍ട്ടി ഞങ്ങളാണ്. 200-ഓളം സീറ്റുകളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമായിരിക്കും’,

‘എന്നാല്‍, ഞാന്‍ പാര്‍ട്ടി നേതൃസ്ഥാനത്താണെങ്കില്‍, ഞാന്‍ കൺവീനർ സ്ഥാനത്തിനായി ആവശ്യപ്പെടില്ല. വാസ്തവത്തില്‍, പ്രതിപക്ഷ സഖ്യത്തിന്റെ കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കാന്‍ ചെറിയ പാര്‍ട്ടികളിലൊന്നിനെ ഞാന്‍ പ്രോത്സാഹിപ്പിക്കും. എന്റെ കാഴ്ചപ്പാടില്‍ സ്ഥാനത്തിനേക്കാള്‍ പ്രധാനമാണ് ഐക്യം’, തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ദേവികുളത്ത് മാത്രമല്ല വയനാട്ടിലും വേണ്ടേ ഉപതിരഞ്ഞെടുപ്പ് ? കെ സുധാകരനോട് എം വി ഗോവിന്ദൻ

0

ദേവികുളത്തെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ. രാജയുടെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ ഉപതിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ നടപടി ജനാധിപത്യവിരുദ്ധവും നിയമവാഴ്ചക്ക് കളങ്കമേല്‍പ്പിക്കുന്നതുമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. അധികാര ദുര്‍വിനിയോഗത്തിലൂടെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സാഹചര്യത്തില്‍ വയനാട്ടിലും ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണോ കെ.പി.സി.സിയുടെ അഭിപ്രായമെന്നും എം.വി. ഗോവിന്ദന്‍ പ്രസ്താവനയില്‍ ചോദിച്ചു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സമീപകാലത്ത് സമാനമായ കേസുകളില്‍ കൈക്കൊണ്ടിട്ടുള്ള അമിതാധികാര പ്രയോഗങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് കെ.പി.സി.സിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടറിയേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കാനുള്ള ബി.ജെ.പി. നീക്കത്തെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ച് അപലപിച്ചിരുന്നു. ഈ പ്രതിപക്ഷ ഐക്യത്തെ തകര്‍ത്ത് ബി.ജെ.പിക്ക് ശക്തിപകരാനാണ് കെ.പി.സി.സിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു

‘സൂറത്ത് കോടതി അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചപ്പോള്‍ ധൃതിപിടിച്ച് അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടി സ്വേച്ഛാധിപത്യമാണെന്ന് വിലയിരുത്തിയ പാര്‍ട്ടിയാണ് സി.പി.എം. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനേയും ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ നടപടിയേയും സി.പി.എം. നിശിതമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍, ബി.ജെ.പിയുടെ ഇത്തരം നടപടികള്‍ക്ക് സാധുത നല്‍കുന്നതാണ് കെ.പി.സി.സി. കൈക്കൊള്ളുന്ന നിലപാട്. കെ.പി.സി.സി. പ്രസിഡന്റിന്റെ ആര്‍.എസ്.എസിനോടുള്ള വിധേയത്വം പ്രസിദ്ധമാണ്. ആര്‍.എസ്.എസ് ശാഖയ്ക്ക്‌ കാവല്‍ നിന്നതായി കെ. സുധാകരന്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. സ്വയം തീരുമാനിച്ചാല്‍ ആര് എതിര്‍ത്താലും ബി.ജെ.പിയിലേക്ക് പോകുമെന്ന് പറഞ്ഞ കെ. സുധാകരന്‍, മതനിരപേക്ഷതയില്‍ അടിയുറച്ച് വിശ്വസിച്ച നെഹ്റു പോലും ബി.ജെപിയുമായി സന്ധിചെയ്തിട്ടുണ്ടെന്ന് പറഞ്ഞാണ് തന്റെ ബി.ജെ.പി. പ്രേമത്തെ ന്യായീകരിച്ചിട്ടുള്ളത്.’,പ്രസ്താവനയില്‍ പറയുന്നു.

നീന്തൽ പഠിപ്പിക്കുന്നതിനിടെ മകൻ ചെളിയിൽ താഴ്ന്നു, അച്ഛനും മകനും ദാരുണാന്ത്യം

കണ്ണൂർ കൊട്ടിയൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. കേളകം ഒറ്റപ്ലാവിലെ നെടുമറ്റത്തിൽ ലിജോ ജോസ് (32), ആറ് വയസുകാരനായ മകൻ നെബിൻ ജോസഫ് എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. ഇരട്ടത്തോട് ബാവലിപ്പുഴയിലെ താൽക്കാലിക തടയണയിൽ  കുളിക്കാനിറങ്ങിയതായിരുന്നു. നീന്തൽ പരിശീലിപ്പിക്കുന്നതിനിടെ മകൻ പുഴയുടെ അടിത്തട്ടിൽ മുങ്ങി ചെളിയിൽ അകപ്പെട്ടു.

രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് പിതാവും അപകടത്തിൽപ്പെട്ടത്. ഇരുവരെയും പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദുരിതാശ്വാസ നിധി ഫണ്ട് വിവാദത്തിൽ ലോകായുക്തയുടെ ഭിന്ന വിധി ചോദ്യം ചെയ്ത് പാരാതിക്കാരൻ ഹൈക്കോടതിയിലേക്ക്

 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റൽ കേസിൽ ലോകായുക്ത ഭിന്നവിധി പുറപ്പെടുവിച്ചതിലെ അവ്യക്തതത മുൻനിർത്തി പരാതിക്കാരൻ ഹൈക്കോടതിയിലേക്ക്. എന്ത് കൊണ്ടാണ് ഭിന്നാഭിപ്രായം ഉണ്ടായതെന്നും ആർക്കാണ് ഭിന്നാഭിപ്രായമെന്നും ലോകായുക്ത ഉത്തരവിൽ വ്യക്തമാക്കുന്നില്ലെന്ന് കാണിച്ച് വ്യക്തത ആവശ്യപ്പെട്ട് റിട്ട് ഹർജി നൽകാനാണ് പരാതി ഉന്നയിച്ച ആർഎസ് ശശി കുമാറിന്‍റെ തീരുമാനം. 

ഭിന്നവിധി നിയമ-രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ച ഉയർത്തിയതിന് പിന്നാലെയാണ് നീക്കം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും തുക അനുവദിച്ച കാബിനറ്റ് തീരുമാനം ലോകായുക്ത നിയമപ്രകാരം പരിശോധിക്കാമോ എന്നതിലാണ് ലോകായുക്ത ഡിവിഷൻ ബെഞ്ചിൽ സംശയം നിലനിന്നത്.

പക്ഷെ സംഭവത്തിൽ ലോകായുക്തക്കും ഉപലോകായുക്തക്കുമുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ എന്തെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നില്ല. എന്ത് കൊണ്ടാണ് ഭിന്നാഭിപ്രായമെന്നും പറയുന്നില്ല. ഈ കാര്യങ്ങൾ ഉന്നയിച്ച് തുടർ നിയമനടപടിക്കാണ് പരാതിക്കാരൻ ആർഎസ് ശശികുമാർ ഒരുങ്ങുന്നത്. നിയമ രാഷ്ട്രീയ രംഗങ്ങളിൽ ചർച്ചയ്ക്ക് പിന്നാലെയാണ് റിട്ട് ഹർജി നൽകാനുള്ള തീരുമാനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിലാണ് ഹർജി നൽകുക. 

വിവാഹ പ്രായം ഉയർത്തുന്നതിനെ എതിർത്ത് കേരളം സുപ്രീം കോടതിയിൽ

0

 സ്ത്രീകളുടെ വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 21 ആയി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമ ഭേദഗതിയെ കട്ടയ്ക് എതിർത്ത് കേരളം. സംസ്ഥാന വനിതാ-ശിശുവികസന വകുപ്പാണ് സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരെ കത്തയച്ചത്. 1875ലെ നിയമപ്രകാരം പ്രായപൂര്‍ത്തി വോട്ടവകാശം 18 വയസാണെന്നതും സമ്മതപ്രകാരമുള്ള ശാരീരിക ബന്ധത്തിന് 18 വയസായിരിക്കണമെന്ന പോക്സോ നിയമത്തിലെ വ്യവസ്ഥയുമൊക്കെ ചൂണ്ടിക്കാട്ടിയാണ് കേരളം വിവാഹപ്രായമുയര്‍ത്തുന്നതിനെതിരെ നിലപാടെടുത്തത്.

നിയമപ്രകാരം വിവാഹം കഴിക്കാനുള്ള പ്രായപരിധി 21 വയസാവുകയും എന്നാല്‍ നിയമപ്രകാരം പ്രായപൂര്‍ത്തിയാകുന്നത് 18 വയസായിരിക്കുന്നതും നിയമപ്രശ്നങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും കാരണമാകും. 2017ലെ സുപ്രീംകോടതി വിധിക്കെതിരായിരിക്കും ഈ നീക്കം. മാത്രമല്ല വിവാഹപ്രായം ഉയര്‍ത്തുന്നത് അപ്രതീക്ഷിത ഗര്‍ഭധാരണത്തിന് വഴിതെളിക്കുകയും അങ്ങനെ ജനിക്കുന്ന കുട്ടികള്‍ക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം നഷ്ടപ്പെടുമെന്നും കത്തില്‍ പറയുന്നു. ഇങ്ങനെയുണ്ടാകുന്നത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും കാരണമാകും. നിര്‍ബന്ധിത ഗര്‍ഭം അലസിപ്പിക്കലിന് കാരണമാകും. അതുകൊണ്ട് വിവാഹപ്രായമുയര്‍ത്തുന്നത് പ്രായോഗിക തലത്തില്‍ സാധ്യമാകില്ല.

യൂണൈറ്റഡ് നേഷന്‍സ് ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സില്‍, യുണിസെഫ് എന്നിവരുടെ പ്രമേയങ്ങള്‍ പ്രകാരം 18 വയസിന് താഴെയുള്ള വിവാഹങ്ങള്‍ ശൈശവ വിവാഹത്തിന്റെ പരിധിയില്‍ വരും. വിവാഹപ്രായം ഉയര്‍ത്തുന്നത് അന്താരാഷ്ട്ര ധാരണകളെ ലംഘിക്കുന്നതാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

18 വയസായ ഒരു പെണ്‍കുട്ടിക്ക് തന്റെ നേതാവിനെ തിരഞ്ഞെടുക്കാന്‍ അവകാശം ലഭിക്കുന്നു. എന്നാല്‍ തന്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ അവകാശം നല്‍കാതിരിക്കുന്നത് സ്വാതന്ത്ര്യ നിഷേധമാണ്. 18 വയസാകുന്നതോടെ നിയമപരമായി അവള്‍ പ്രായപൂര്‍ത്തിയായി കഴിഞ്ഞു. എല്ലാ വ്യവസ്ഥാപിത മാര്‍ഗങ്ങളും അവളെ പ്രായപൂര്‍ത്തിയായതായി കണക്കാക്കും. എന്നാല്‍ വിവാഹത്തിന്റെ കാര്യത്തില്‍ മാത്രം പ്രായപൂര്‍ത്തിയാകാത്തതായി കണക്കാക്കുന്നത് വൈരുദ്ധ്യമാണ്.

അതുകൊണ്ട് സ്ത്രീകളുടെ വിവാഹപ്രായമുയര്‍ത്തല്‍ ജീവിതത്തില്‍ ആരോടൊപ്പമുണ്ടാകണമെന്ന അവരുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കലാണ്. വിവാഹപ്രായം 18 ആണെങ്കില്‍ കൂടി 2017ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെല്ലായിടത്തും സ്ത്രീകളുടെ ശരാശരി വിവാഹ പ്രായം 22.1 വയസാണ്. അതിനാല്‍ ഇത്തരമൊരു നിയമത്തിന്റെ ആവശ്യകത തന്നെയില്ല എന്നും കേരളം വാദിച്ചു.

ദേശീയതലത്തില്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ് തുടങ്ങിയ കക്ഷികള്‍ നിയമ ഭേദഗതിയെ എതിര്‍ക്കുന്നുണ്ട്. 2021 ഡിസംബറില്‍ ലോക്സഭയില്‍ സ്മൃതി ഇറാനി അവതരിപ്പിച്ച ബില്‍ പാര്‍ലമെന്ററി സ്ഥിരം സമിതിയുടെ പരിശോധനയ്ക്കു വിടുകയായിരുന്നു.

CUET അപേക്ഷ തിരുത്താൻ അവസരം

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി NTA നടത്തുന്ന ദേശീയ ബിരുദ പൊതുപരീക്ഷ (കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്- CUET-UG യ്ക്കായി അപേക്ഷിച്ചവര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന് വരെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താൻ അവസരം. തിരഞ്ഞെടുത്ത യൂണിവേഴ്സിറ്റി കോളിജ്, കോഴ്‌സ്, ഐശ്ചിക വിഷയങ്ങള്‍ എന്നിവ മാറ്റി നൽകാം.

ഓരോ സര്‍വകലാശാലയുടെയും ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അവിടെ ലഭ്യമായ പ്രോഗ്രാമുകളുടെ യോഗ്യതാ മാനദണ്ഡങ്ങളും എഴുതേണ്ട പരീക്ഷയും അറിയാം. www.cuet.samarth.a-c.in-ല്‍ സര്‍വകലാശാലകളുടെ ലിസ്റ്റും അവിടെ ലഭ്യമായ കോഴ്സ് വിവരങ്ങളും ലഭ്യമാണ്.

രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയാണ് കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET). രാജ്യത്തെ 44 കേന്ദ്രസര്‍വകലാശാലകളിലേക്കും വിവിധ സംസ്ഥാന /കല്‍പിത /സ്വകാര്യ സ്ഥാപനങ്ങളിലേക്കും CUETUG സ്‌കോര്‍ അടിസ്ഥാനപ്പെടുത്തിയാണ് ബിരുദ പ്രവേശനം നല്‍കുന്നത്. വിവിധ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനവും ഈ പ്രവേശനപരീക്ഷ വഴി സാധ്യമാണ്. മെയ് 21 നും 31-നും ഇടയിലായിരിക്കും പരീക്ഷ