ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യത്തിന് നിയന്ത്രണം, തീരുമാനം സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ

സാമ്പത്തിക വര്‍ഷം തുടങ്ങുന്ന ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30-വരെ സർക്കാർ ജീവനക്കാർക്ക് ലീവ് സറണ്ടറിന് അപേക്ഷിക്കാനാവില്ല. ലീവ് സറണ്ടര്‍ ജൂണ്‍ 30 വരെ നീട്ടി. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് സർക്കാർ തീരുമാനം.

സാധാരണ ഏപ്രില്‍ ഒന്നു മുതല്‍ ബാക്കിയുള്ള ലീവ് സറണ്ടര്‍ ചെയ്ത് പണം വാങ്ങാനുള്ള അവസരമുണ്ടായിരുന്നു. ലീവ് സറണ്ടര്‍ വഴി സര്‍ക്കാരിനുണ്ടാകുന്ന അധിക ചെലവ് ഒഴിവാക്കുകയാണ് പുതിയ നിയന്ത്രണ സംവിധാനത്തിന്റെ ലക്ഷ്യം.

ഒഴിവാക്കിയവർ

ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍, മുന്‍സിപ്പല്‍ കണ്ടിജന്റ് എംപ്ലോയീസ്, പാര്‍ട്ട് ടൈം കണ്ടിജന്റ് എംപ്ലോയീസ്, ഓഫീസ് അറ്റന്‍ഡേഴ്‌സ്, മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതിപക്ഷനേതാവിന്റെയും പേഴ്‌സണല്‍ സ്റ്റാഫിലുള്ള പാചകക്കാര്‍ എന്നിവരെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുമോ, അതെ എന്ന് ക്ലബ് തലവൻ

0

പിഎസ്ജിയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ബാഴ്‌സലോണയിലേക്ക് തിരികെയെത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായി ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് റാഫ യുസ്‌തെ. പിഎസ്ജിയുമായുള്ള മെസ്സിയുടെ കരാര്‍ ജൂണില്‍ അവസാനിക്കുന്നത് മുന്നില്‍ക്കണ്ടാണ് സ്പാനിഷ് നീക്കം.

2021-ലാണ് മെസ്സി ബാഴ്‌സലോണ വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറിയത്. നിലവില്‍ പിഎസ്ജിയില്‍ മികച്ച ഫോമിലാമെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ടീം പുറത്തായിക്കഴിഞ്ഞു. ബാഴ്‌സലോണയിലേക്ക് മെസ്സി തിരിച്ചുവരുമോയെന്ന കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

‘ലയണല്‍ മെസ്സിയുടെ അടുത്ത വൃത്തങ്ങളുമായി ഞങ്ങള്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഞാന്‍ ഇഷ്ടപ്പെടുന്നു. രണ്ടു വര്‍ഷം മുമ്പുള്ള മെസ്സിയുടെ കൂടുമാറ്റത്തില്‍ ഞാനും പങ്കാളിയായിരുന്നു. മെസ്സിയുടെ കൂടുമാറ്റം എത്ര വിഷമകരമായിരുന്നുവെന്ന ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.- യുസ്‌തെ പറഞ്ഞു

എന്നാല്‍ മെസ്സിയുടെ തിരിച്ചുവരവിനെ സംബന്ധിച്ച് സംസാരിക്കാന്‍ പറ്റിയ സമയം ആയിട്ടില്ലെന്നാണ് ബാഴ്‌സ പരിശീലകന്‍ സാവി പ്രതികരിച്ചത്.

ഏകാകിതയുടെ അനശ്വര കാവ്യമായി തീർന്ന താര ജീവിതം

ഇന്ന് മീനാകുമാരിയുടെ
അമ്പത്തി ഒന്നാം ചരമ വാർഷികം

സ്മരണ : KPA സമദ്

“പ്യാർ കാ ഇക് ഖൂബ്സൂരത് ഖ്വാബ്
ജൊ മേരി സുലഗ്തി ഹുയി ആംഖ് മെ
ഠണ്ടക് ഭർ ദേ
മൊഹബത് കാ ഇക് പുർതപാക് ലംഹാ
ജൊ മേരി ബേചൈൻ റൂഹ് കൊ
പുർസുകൂൻ കർ ദേ
ബസ് ഇൻഹി ഏക് ദോ ചീസോം കി
മൈനെ ഖരീദാർ ഥി
ഔർ വക്ത് കി ദുകാൻ
ഇൻ ചീസോം സെ ഖാലി ഹൈ”

(“തീയാളും മിഴികളെ തണുപ്പിക്കുന്ന
പ്രണയത്തിന്റെ ഒരു മധുരസ്വപ്നം
ആത്മാവിന്റെ അശാന്തിയെ ശമിപ്പിക്കുന്ന
അടുപ്പത്തിന്റെ ഒരു കറയറ്റ നിമിഷം
ഇങ്ങനെ ഒന്നോ രണ്ടോ വസ്തുക്കൾ
വാങ്ങാനാണ് ഞാൻ വന്നത്
കാലത്തിന്റെ കടയിൽ പക്ഷേ
അവ രണ്ടും ഉണ്ടായിരുന്നില്ല”)
– മീനാകുമാരി

ഇന്ന് മീനാകുമാരിയുടെ 51-ാം ചരമ വാർഷികം.

ദുരന്തനായികയുടെ പര്യായമായി അറിയപ്പെടുന്ന മീനാകുമാരി ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും ഏററവും മികച്ച നടികളിൽ ഒരാളും ഹിന്ദിസിനിമയുടെ സുവർണ്ണയുഗത്തിലെ താരറാണിയുമാണ്. അഭിനയത്തിന്റെ എല്ലാ നിറഭേദങ്ങളും അസാധാരണമായ മികവോടെ അവർ അവതരിപ്പിച്ചു. ട്രാജഡിയും കോമഡിയും ഒരേപോലെ അവർക്കു വഴങ്ങി. അവരുടെ ബൈജു ബാവ്‌ര, പാകീസ, സാഹിബ് ബീബി ഔർ ഗുലാം തുടങ്ങിയ ചിത്രങ്ങൾ ഇന്ത്യൻ സിനിമയിലെ ക്ലാസിക്കുകളാണ്.

ശാലീനമായ സൗന്ദര്യം, നൈസർഗ്ഗിക മായ അഭിനയചാതുര്യം, നിലയ്ക്കാത്ത ദുരനുഭവങ്ങൾ – ഇവ മൂന്നിന്റെയും ഉൻമത്തമിശ്രിതമായിരുന്നു അവരുടെ പെഴ്സോണ. ഇന്ത്യൻ സ്ത്രീത്വം അനുഭ വിക്കുന്ന ദുരിതങ്ങളെ അനുപമമായ വൈഭവത്തോടെ അവർ ആവിഷ്ക്കരി ച്ചു.

വെള്ള വസ്ത്രവും തെളിഞ്ഞ, തിളക്ക മാർന്ന കണ്ണുകൾ പ്രതിഫലിപ്പിക്കുന്ന ആത്മനൊമ്പരവും വിറയാർന്ന അധര ങ്ങളിൽനിന്ന് പതറിയ ശബ്ദത്തിൽ പുറത്തുവരുന്ന വാക്കുകളിലെ വികാര വും അവരെ ഇന്ത്യൻ സിനിമയിലെ ദുരന്തനായികയുടെ വാർപ്പുമാതൃക യാക്കി. പരിണീത, ആർതി, ശാരദ, കാജൽ, ദിൽ അപ്നാ ഔർ പ്രീത് പരായി, ദിൽ ഏക് മന്ദിർ, പ്യാർ കാ സാഗർ, ദുശ്മൻ…. ഒക്കെയും ആ മാതൃകയുടെ വിജയഗാഥകളാണ്.

അതേ നിപുണതയോടെ അവർ കോമ ഡിയും ചെയ്തു. ആസാദ്, കോഹിനൂർ, ശരാരത്, മേംസാബ് തുടങ്ങിയ ചിത്ര ങ്ങൾ ആ നിരയിലെ നാഴികക്കല്ലുകളാണ്.

അവരഭിനയിക്കുന്ന ചിത്രങ്ങളിൽ അവരായിരുന്നു കേന്ദ്രബിന്ദു. ഓരോ ഫ്രെയിമിലും നിറഞ്ഞൊഴുകുന്ന അവരുടെ പ്രകടനത്തിനും പ്രതിഭയ്ക്കും മുമ്പിൽ കൂടെ അഭിനയിക്കുന്നവർ പതറി. ദിലീപ് കുമാർ മാത്രമാണ് പിടിച്ചു നിന്നത്. കോഹിനൂർ പോലുള്ള കോമഡി ചിത്രങ്ങളിലും അവർ ദിലീപിന്റെ പ്രകടനത്തെ വരുതിയിൽ നിറുത്തി.

പിൽക്കാലത്ത് താരരാജാക്കളായി വളർന്ന സുനിൽദത്തും രാജേന്ദ്ര കുമാറും ധർമ്മേന്ദ്രയും തങ്ങളുടെ താരപദവിക്ക് കടപ്പെട്ടിരിക്കുന്നത് അവരോടാണ്. അവരോടൊപ്പം യഥാക്രമം അഭിനയിച്ച ഏക് ഹി രാസ്ത (1956), ചിരാഗ് കഹാം രോഷ്നി കഹാം (1959), ഫൂൽ ഔർ പത്ഥർ (1959) എന്നീ ജൂബിലി ചിത്രങ്ങളിലൂടെയാണ് മൂന്നുപേരും താരങ്ങളാവുന്നത്.

ഹിറ്റുകളുടെ നീണ്ടനിര വർഷംതോറും അവരുടേതായി പുറത്തിറങ്ങി. പലതും നിർമ്മാതാക്കളുടെ അമിതപ്രതീക്ഷകളെ യും അതിലംഘിച്ച വിജയങ്ങൾ.

അവരുടെ അസാധാരണമായ ജനപ്രിയതയുടെ മറ്റൊരു കാരണം അവരുടെ സ്വകാര്യജീവിതമായിരുന്നു. അത് അവരുടെ സിനിമകളെക്കാൾ സംഘർഷഭരിതവും ദുരന്തപൂർണ്ണവു മായിരുന്നുതാനും.

അഞ്ചുവയസ് പ്രായത്തിൽ സിനിമയിലെത്തിയ അവരെ പിതാവും ബന്ധുക്കളും ഭർത്താവും സഹപ്രവർത്ത കരും ഒരേപോലെ ചൂഷണം ചെയ്തു. സമ്പാദിക്കുന്നതെല്ലാം മറ്റുളളവർ കൈയടക്കി. അതവർ കാര്യമാക്കിയില്ല. പക്ഷേ, വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നിയന്ത്രണങ്ങൾ വകവെച്ചില്ല. അതിന് കനത്ത വില നൽകേണ്ടിവന്നു. രണ്ടുദശകങ്ങളായി ഹിന്ദിസിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി പ്രശസ്തിയുടെ ഉച്ചകോടിയിൽ നിൽക്കേ മരിച്ചപ്പോൾ ഹോസ്പിറ്റൽ ബിൽ അടക്കാൻ ആളില്ലാതെ പോയത് അവരെ ചൂഴ്ന്നുനിന്ന ദുരന്തത്തിന്റെ വ്യാപ്തി നമ്മെ ബോദ്ധ്യപ്പെടുത്തും.

അഞ്ചു വയസ്സുമുതൽ കുടുംബത്തിന്റെ ബ്രെഡ് വിന്നർ ആയതുകൊണ്ട്, കളിക്കാനോ സ്കൂളിൽ പോകാനോ കഴിഞ്ഞില്ല. പഠിക്കാൻ ആഗ്രഹമുണ്ടായി രുന്നതുകൊണ്ട് സ്വന്തമായി പഠിച്ചു. വായനയിലും ഭാഷകളിലും താൽപ്പര്യ മായിരുന്നു. അത് കവിതയിലേക്ക് വാതിൽ തുറന്നുകൊടുത്തു.

പതിനാറു തികയുംമുമ്പേ, കുടുംബത്തെ ദാദറിലെ പഴകിയ ഒറ്റമുറി ഫ്ലാറ്റിൽനിന്ന് സമ്പന്നരുടെ ആവാസകേന്ദ്രമായ ബാന്ദ്രയിൽ ആധുനിക സൗകര്യങ്ങളുള്ള വില്ലയിലേക്ക് മാറ്റിത്താമസിപ്പിച്ചു. കുറഞ്ഞ സമയത്തിനകം, ഇഷ്ടപുരുഷ നെ വിവാഹം കഴിച്ച കുറ്റത്തിന് ആ വീട്ടിൽനിന്ന് പുറത്താക്കപ്പെട്ടു.

ഇഷ്ടപുരുഷൻ കമാൽ അംറോഹിയായി രുന്നു. തന്നേക്കാൾ ഇരട്ടിയോളം പ്രായമു ണ്ടായിരുന്നെങ്കിലും അയാളുടെ പ്രതിഭ യും കവിതയിലുള്ള വ്യുൽപ്പത്തിയും അഭിജാതമായ പെരുമാറ്റവുമാണ് അവരെ ആകർഷിച്ചത്. ഒന്നിച്ചുതാമസി ക്കാൻ തുടങ്ങിയതോടെ അത് മിഥ്യയാ ണെന്ന് തെളിഞ്ഞു. വരുന്നതിനും പോകു ന്നതിനും മറ്റുള്ളവരെ കാണുന്നതിനും സിനിമകൾ സ്വീകരിക്കുന്നതിനുമെല്ലാം നിയന്ത്രണം വന്നു. ദേഹോപദ്രവും ഏൽക്കേണ്ടി വന്നു.

മെയ്ക്കപ്പ് റൂമിൽവരെ ചാരൻമാർ പിന്തു ടർന്നപ്പോൾ അവർ ബന്ധം വിഛേദിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. രണ്ടുപേരുടെ യും മാനസസന്താനമായ ‘പാകീസ’ നിർമ്മാണത്തിന്റെ പ്രാരംഭഘട്ടം പിന്നിട്ടി രുന്നു. അകൽച്ച വ്യക്തിതലത്തിൽ മാത്രമാണെന്നും ചിത്രം പൂർത്തിയാക്കാ ൻ എല്ലാ നിലയിലും സഹകരിക്കുമെന്നും അവർ അംറോഹിയെ അറിയിച്ചു. അതുൾക്കൊള്ളാൻ കഴിയുന്ന മാനസികാവസ്ഥയിലായിരുന്നില്ല അംറോഹിയപ്പോൾ.

അക്കാലത്താണവർ ധർമ്മേന്ദ്രയുമായി അടുക്കുന്നത്. അന്നയാൾ പുതുമുഖമാ യിരുന്നു. അഭിനയിക്കാൻ അവസരം തേടി സ്റ്റുഡിയോഫ്ലോറുകളിൽ അലയുന്ന സമയം. അരക്ഷിതത്വം അലട്ടിയ അവരെ അയാളുടെ പ്രകൃതവും പഞ്ചാബിയത്തും ആകർഷിച്ചു. അയാളെ പിന്തുണച്ചു. തന്റെ ചിത്രങ്ങളിൽ നായകനാക്കി. അയാളുമായുള്ള അടുപ്പം അവർ മൂടിവെച്ചില്ല. അയാൾ വിവാഹിതനും പിതാവുമാണെന്നതും കാര്യമാക്കിയില്ല. അവരൊന്നിച്ചഭിനയിച്ച ‘ഫൂൽ ഔർ പത്ഥർ’ എന്ന ചിത്രം വൻ വിജയമായ തോടെ ധർമ്മേന്ദ്ര താരമായി.

അതായിരുന്നു അയാളുടെ ലക്ഷ്യം. അത് കൈവരിച്ചതോടെ അവരിൽനിന്ന കന്നു. “അവരെ നിർബാധം ഉപയോഗി ക്കുകയും നിഷ്ക്കരുണം വലിച്ചെറിയു കയും ചെയ്ത മനുഷ്യൻ” എന്നാണ് അവ രുടെ ജീവചരിതമെഴുതിയ വിനോദ്മെഹ്ത ധർമ്മേന്ദ്രയെ വിശേഷിപ്പിക്കുന്നത്.

ഉറക്കം കിട്ടാതെ വലഞ്ഞ നാളുകളിൽ പ്രതിവിധിയായി ഡോക്ടർ നിർദ്ദേശിച്ച തായിരുന്നു ഉറങ്ങാൻ കിടക്കുംമുമ്പ് അൽപ്പം വിസ്കി കഴിക്കാൻ. പ്രക്ഷുബ്ധതകൾ പെരുകുന്നതനുസരി ച്ച് കഴിക്കുന്ന വിസ്കിയുടെ അളവുകൂടി. അതവരെ മദ്യത്തിനടിമയാക്കി.

കവിതയെഴുത്തായിരുന്നു മറെറാരാശ്വാ സം. ആത്മനൊമ്പരങ്ങൾ അസാധാര ണമായ മിഴിവോടെ, കൃതഹസ്തയായ കവിയുടെ കരവിരുതോടെ, അവർ പകർത്തി. നാസ് എന്ന പേരിലാണ് എഴുതിയിരുന്നത്. അവയിൽനിന്ന് തിരഞ്ഞെടുത്ത രചനകൾ അവരുടെതന്നെ സമ്മോഹന ശബ്ദ ത്തിൽ, ഖയ്യാമിൻറ സംഗീതത്തിൽ, I Write I Recite എന്ന പേരിൽ, എഛ്. എം. വി പുറത്തിറക്കി.

സ്വകാര്യ ജീവിതം ഈ വിധം സംഘർഷ ങ്ങളിലൂടെ കടന്നുപോകുമ്പോഴും പ്രൊഫഷനൽ ജീവിതം അലോസരങ്ങൾ ക്കിടനൽകാതെ അവർ കൈകാര്യം ചെയ്തു. കരിയർഗ്രാഫ് അപ്പോഴും മേലോട്ടുതന്നെയാണ് നീങ്ങിയത്.

ഒരുദിവസം ചോര ഛർദ്ദിച്ച് ആശുപത്രി യിൽ അഡ്മിറ്റായി. ലിവർ സിറോസിസ് മാരകാവസ്ഥയിലെത്തിയിരുന്നു. ഇംഗ്ലണ്ടിൽ പോയി ചികിൽസിച്ചു. മാരകാവസ്ഥ മറികടന്നെങ്കിലും ആരോഗ്യനില തൃപ്തികരമായിരുന്നില്ല. വിശ്രമവും ദിനചര്യകളിലെ നിയന്ത്രണ ങ്ങളുമാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. കടംകൊണ്ട സമയവുമായി അവർ ബോംബെയിൽ തിരിച്ചെത്തി. മുടങ്ങിക്കി ടന്ന ചിത്രങ്ങൾ പൂർത്തിയാക്കി.

പാകീസയും പൂർത്തിയാക്കണമെന്ന് അവർ അതിയായി ആഗ്രഹിച്ചു. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമു ള്ള മനുഷ്യാത്മാവിന്റെ അദമ്യമായ ദാഹ ത്തിന്റെ കഥ പറഞ്ഞ പാകീസ സ്വന്തം ജീവിതകഥയായാണ് അവർ കണ്ടത്. അത് പൂർത്തിയാക്കാനാണ് മരണം സമയം അനുവദിച്ചത് എന്ന് അകം അവരോട് പറഞ്ഞുകൊണ്ടിരുന്നു. സുനിൽദത്തു വഴി അവർ ആഗ്രഹം അംറോഹിയെ അറിയിച്ചു. പാകീസ പൂർത്തിയാക്കേണ്ടത് അംറോഹിയുടെ യും ആവശ്യമായിരുന്നു. പക്ഷേ, എങ്ങനെ? പ്രശ്നങ്ങൾ നിരവധിയായി രുന്നു. വർഷങ്ങളായി മുടങ്ങിക്കിടന്നതു കൊണ്ട് അഴിച്ചുപണി ആവശ്യമാണ്. നൃത്തങ്ങളടക്കം ദീർഘമായ ചിത്രീകര ണം ബാക്കിയുണ്ട്. കൂടാതെ അവരുടെ ആകാരവും വല്ലാതെ മാറിപ്പോയി. ശാരീരികാവസ്ഥയും അനുകൂലമല്ല.
എങ്കിലും രണ്ടുപേരും പ്രൊജക്ടുമായി മുമ്പോട്ടുനീങ്ങി. കൈയിലുള്ളതെല്ലാം മീനാജി പാകീസക്കായി നീക്കിവെച്ചു. കടുത്ത വേദനയും വയ്യായ്കയും മറച്ചു പിടിച്ച് അവർ ക്യാമറയ്ക്കുമുമ്പിൽ സാഹബ്ജാനായി പുനർജ്ജനിച്ചു.
1972 ജനുവരി ആദ്യം ചിത്രീകരണം പൂർത്തി യായി. ഫെബ്രുവരി മൂന്നിന് ചിത്രം റിലീസ് ചെയ്തു.

പാകീസ പുറത്തിറക്കുക എന്ന തകർക്കാനാകാത്ത ഇച്ഛയ്ക്കുമുമ്പിൽ രോഗങ്ങൾ പതറി നിൽക്കുകയായി രുന്നു. പടമിറങ്ങിയതോടെ ഇച്ഛ ഫണം താഴ്ത്തി. രോഗങ്ങൾ പിടിമുറുക്കി. അവസ്ഥ മൂർച്ഛിച്ചു. മാർച്ച് 31 ന്, മുപ്പത്തൊമ്പതാം വയസ്സിൽ, അവർ മരണത്തിനു കീഴടങ്ങി.

അവരുടെ ആത്മാവിന്റെ തേങ്ങലുകൾ അവരുടെ ഈ ഈരടികളിൽ നമുക്ക് കേൾക്കാനാകും.

“ഏകാകിതയുടെ അനന്തമായ മരുക്കാട്ടിൽ
കെട്ടുപിണഞ്ഞ ശിരോരേഖയിൽ
കുടുങ്ങി
ശുഭ്രവസ്ത്രത്തിൽ സ്വന്തം
മുറിവുകൾ പൊതിഞ്ഞ്
വീണ്ടും അതേ ഞാൻ
അതേ ചത്വരം
അതേ പേരറിയാശാന്തി.”

“ഉണർന്നിരിക്കും കണ്ണിൽത്തറച്ച
സ്വപ്നത്തിന്റെ സ്ഫടികച്ചീളുപോലെ
ഉന്മാദരാവുകൾ കടന്നുപോകുന്നു.”

“അവൾ ജീവനൊടുക്കി
തകർന്ന തംബുരുപോലെ
ഇടറിയ ഗാനം പോലെ
നുറുങ്ങിയ ഹൃദയം പോലെ
എന്നാൽ ദുഃഖമേതുമില്ലാതെ.”

ജയ്പുർ സ്ഫോടന പരമ്പര : അന്വേഷണ സംഘത്തിനെതിരെ അന്വേഷണം; വധ ശിക്ഷക്ക് വിധിച്ചവർക്ക് മോചനം

71 പേരുടെ മരണത്തിനിടയാക്കിയ ജയ്പുർ സ്ഫോടന പരമ്പര കേസിൽ കീഴ്കോടതി വധശിക്ഷയ്ക്ക് വിധിച്ച നാല് പ്രതികളെ കുറ്റവിമുക്തരാക്കി രാജസ്ഥാൻ ഹൈക്കോടതി.

കേസ് അന്വേഷിച്ച് യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിൽ വീഴ്ച വരുത്തിയ അന്വേഷണ സംഘത്തിന് എതിരെ പ്രത്യേക അന്വേഷണത്തിനും കോടതി ഉത്തരവിട്ടു.

അന്വേഷണ ഏജൻസികൾ അവരുടെ കടമ നിർവ്വഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പറഞ്ഞ ഹൈക്കോടതി അന്വേഷണം മതിയായ തെളിവുകളില്ലാതെയാണെന്നും കൃത്രിമമെന്നും ചൂണ്ടിക്കാട്ടി. ക്രൂര മനോഭാവത്തോടെ, മതിയായ രീതിയിൽ നിയമങ്ങൾ അറിയാത്തവരെപ്പോലെ, പരിശീലനം ലഭിക്കാത്തവരെപ്പോലെയാണ് അന്വേഷണ സംഘം കേസിനെ സമീപിച്ചത്. അന്വേഷണ ഏജൻസികളുടെ ഭാഗത്ത് നിന്നുണ്ടായ പരാജയം പ്രോസിക്യൂഷനെ നിരാശപ്പെടുത്തി, ഹാജരാക്കിയ തെളിവുകളൊന്നും തന്നെ മതിയായതല്ലെന്നും അദ്ദേഹം ജെയ്ൻ പറഞ്ഞു.

കൊത്വാലി, മനക് ചൗക് പോലീസ് സ്റ്റേഷനുകളിലായി എട്ട് എഫ്.ഐ.ആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്. കഴിഞ്ഞ 15 വർഷമായി മുഹമ്മദ് സൈഫ് ജയിൽ ശിക്ഷ അനുഭവിച്ച് വരികയാണ്. മുഹമ്മദ് സർവർ അസ്മി, സൈഫുറഹ്മാൻ എന്നിവർ 14 വർഷവും മുഹമ്മദ് സൽമാൻ 13 വർഷവും ജയിലിലാണ്. കേസിലെ അഞ്ചാം പ്രതി ഷഹബാസ് ഹുസ്സൈനെ കുറ്റക്കാരനല്ലെന്ന് കണ്ട് നേരത്തെ തന്നെ കീഴ്കോടതി വിട്ടയച്ചിരുന്നു.

2008 മെയ് മാസത്തിലാണ് രാജ്യത്തെ നടുക്കിയ ജയ്പൂര്‍ സ്‌ഫോടന പരമ്പര നടന്നത്.  സ്‌ഫോടക വസ്തുക്കള്‍ വെച്ച സൈക്കിളുകള്‍ ജയ്പുര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുകയായിരുന്നു. പുലര്‍ച്ചെ 7.20 മുതല്‍ 7.45 വരെയുള്ള സമയത്തിനിടയ്ക്കാണ് സ്‌ഫോടനങ്ങള്‍ നടന്നത്.സംഭത്തില്‍ 80 പേര്‍ കൊല്ലപ്പെടുകയും 170 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പത്ത് ഇടങ്ങളിലാണ് പ്രതികള്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചത്. ഇതില്‍ ഒമ്പതിടത്തും സ്‌ഫോടനം നടന്നു.

മുഹമ്മദ് സൈഫ്, മുഹമ്മദ് സൈഫു റഹ്മാൻ, മുഹമ്മദ് സർവർ അസ്മി, മുഹമ്മദ് സൽമാൻ എന്നിവരുടെ കുറ്റവിമുക്തരാക്കിക്കൊണ്ടാണ് രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിട്ടത്.

ജസ്റ്റിസ് പങ്കജ് ഭണ്ഡാരി, ജസ്റ്റിസ് സമീർ ജെയിൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചായിരുന്നു വിധി പ്രസ്താവിച്ചത്. 2008-ലെ ജയ്പുർ സ്ഫോടന പരമ്പര കേസിൽ നാല് പേർക്കെതിരെ 2019-ൽ കീഴ്കോടതി വധശിക്ഷ നൽകിയിരുന്നു. കേസിൽ മതിയായ തെളിവുകളില്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സംഭവത്തിൽ അന്വേഷണ സംഘത്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിച്ച സംഘത്തിനെതിരെ അന്വേഷണം നടത്തണമെന്ന് കോടതി വ്യക്തമാക്കി.

PSC അപേക്ഷകരുടെ ആശയ കുഴപ്പങ്ങൾക്ക് അറുതിയാവുന്നു, വിജ്ഞാപനങ്ങളിൽ ഇനി തത്തുല്യ യോഗ്യതകളും വ്യക്തമാക്കും

തത്തുല്യ യോഗ്യതകൾകൂടി ഉൾപ്പെടുത്തിയായിരിക്കും ഇനിമുതൽ പി.എസ്.സി. വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കുന്നത്. തത്തുല്യ യോഗ്യത തെളിയിക്കുന്നതിന് മറ്റ് രേഖകൾ ഉദ്യോഗാർഥി ഹാജരാക്കേണ്ടി വരില്ല. പരീക്ഷ എഴുതിയ ശേഷം കേസും നിയമ നടപടികളുമായി സ്വന്തം യോഗ്യത സ്ഥാപിച്ചു കിട്ടാനായി പിന്നാലെ നടക്കേണ്ട ദുരിതം ഇനി ഇല്ലാതാവും.

നിലവിൽ വിശേഷാൽ ചട്ടത്തിൽ പറയുന്ന യോഗ്യതകളാണ് വിജ്ഞാപനത്തിനൊപ്പം പി.എസ്.സി പരസ്യപ്പെടുത്താറുള്ളത്. അവയ്ക്ക് തത്തുല്യ യോഗ്യതകളുള്ളവർ അത് പ്രത്യേകം അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കണം. പിന്നീട് കമ്മിഷൻ ആവശ്യപ്പെടുമ്പോൾ തത്തുല്യപദവി തെളിയിക്കുന്നതിന് ബന്ധപ്പെട്ട രേഖകൾ ഉദ്യോഗാർഥി ഹാജരാക്കണം. സംസ്ഥാനസർക്കാരിൻ്റെ ഉത്തരവുകളോ സർവകലാശാലകളുടെ ഇക്വലൻസി സർട്ടിഫിക്കറ്റുകളോ ആണ് ഇതിനായി ഹാജരാക്കേണ്ടത്.

തത്തുല്യതാ രേഖ കൃത്യസമയത്തിനുള്ളിൽ നേടിയെടുക്കാൻ സാധിക്കാതെ അവസരം നഷ്ടപ്പെടുന്നവർ നിരവധിയാണ്. ഇതിന് പരിഹാരമായാണ് തത്തുല്യ യോഗ്യതകൾ വിജ്ഞാപനത്തിൽ ഉൾപ്പെടുത്താനുള്ള തീരുമാനം. കാലാകാലമായി ഉദ്യോഗാർഥികൾ ആവശ്യപ്പെട്ട് വരുന്ന കാര്യമാണ് ഇത്. എന്നാൽ തീരുമാനം ആവാതെ തുടരുകയായിരുന്നു.

യോഗ്യതകൾ ഇനി;
ഇനി യോഗ്യതകൾ മൂന്നുതരത്തിൽ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തും. വിശേഷാൽചട്ടത്തിലുള്ള യോഗ്യതകളാണ് ആദ്യത്തെത്.

കമ്മിഷൻ അംഗീകരിച്ച തത്തുല്യ യോഗ്യതകളായിരിക്കും രണ്ടാംഭാഗത്തുണ്ടാവുക.

ഇതിനെല്ലാം പുറമേ തത്തുല്യമെന്ന് അവകാശപ്പെട്ട് അപേക്ഷിക്കാനാകുന്നതും മൂന്നാമതായി ഉണ്ടാവും. ഈ മൂന്ന് വിഭാഗത്തിൽ ഏതിൽ ഉൾപ്പെട്ടവർക്കും ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കാം.

യു ജി സി അംഗീകാരം മതിയാവും

യു.ജി.സി. അംഗീകാരമുള്ള സർവകലാശാലകളുടെ റെഗുലർ കോഴ്‌സുകളെല്ലാം തത്തുല്യ യോഗ്യതയായി പി.എസ്.സി. അംഗീകരിക്കും. നേരത്തെ കമ്മിഷൻ അംഗീകരിച്ച തത്തുല്യ യോഗ്യതകളും ഉയർന്ന യോഗ്യതകളും സംബന്ധിച്ച പട്ടിക പി.എസ്.സി. തയ്യാറാക്കിയിട്ടുണ്ട്. അതാണ് ഓരോ വിജ്ഞാപനത്തിനൊപ്പവും ചേർക്കുക.


പ്രൊഫൈലിലൂടെ ഉദ്യോഗാർഥി അപേക്ഷിക്കുമ്പോൾ ഈ വിവരങ്ങളും ലഭ്യമാകും. മുൻ തിരഞ്ഞെടുപ്പിനുശേഷം സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യതകളുണ്ടെങ്കിൽ അവയും വിജ്ഞാപനത്തിൽ ചേർക്കും. ഈ യോഗ്യതകൾ തെളിയിക്കുന്നതിന് തുല്യതാസർട്ടിഫിക്കറ്റുകളോ സർക്കാർ ഉത്തരവുകളോ ഉദ്യോഗാർഥികൾ ഹാജരാക്കേണ്ടതില്ലെന്നും പി.എസ്.സി. അറിയിച്ചു.

ഉദ്യോഗാർഥികൾക്ക് ഒപ്പം പി എസ് സിക്കും ഇത് ആശ്വാസകരമാവും. തത്തുല്യ യോഗ്യത അവകാശപ്പെട്ട് എത്തുന്ന രേഖകൾ പലപ്പോഴും നിയമ നടപടികളിലേക്ക് നീങ്ങുന്നത് പതിവാണ്.

കർണാടക തെരഞ്ഞെടുപ്പ് മെയ് 10 ന് , വയനാട്ടിൽ ഉപ തിരഞ്ഞെടുപ്പ് നടത്തില്ല

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും.മെയ്10നാണ് വോട്ടെടുപ്പ്,വോട്ടെണ്ണല്‍ മെയ്13ന് നടക്കും. 80 വയസ്സ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കര്‍ണാടകയില്‍ 5, 21, 73 579 വോട്ടർമാർ വിധിയെഴുതും. പുതിയ വോട്ടർമാരെയും  മറ്റ് പ്രത്യേക പരിഗണന വേണ്ട വിഭാഗങ്ങളെയും തെരഞ്ഞെടപ്പിന്‍റെ  ഭാഗമാക്കാൻ പ്രത്യേക ശ്രമം നടത്തിയെന്നും തെരഞ്ഞടുപ്പ് കമ്മീഷന്‍ അറിയിച്ചു. 9, 17,241 പുതിയ വോട്ടർമാർ ഇത്തവണ വോട്ട് ചെയ്യും. 41, 312 ട്രാൻസ്ജെൻഡർ വോട്ടർമാരുണ്ട്. 29, 141 ബൂത്തുകളിൽ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തും. നഗര മേഖലകളിലെ പോളിങ് കുറവ് പരിഹരിക്കാൻ നടപടികൾ  സ്വീകരിച്ചു. സ്ഥാനാർത്ഥിയുടെ സത്യവാങ്മൂലം ഓൺലൈനായി വോട്ടർമാർക്ക് കാണാനാകും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് സിവിജിൽ ആപ്പ് തയ്യാറാക്കുമെന്നും വയനാട്ടിൽ ഉപ തിരഞ്ഞെടുപ്പ് ഇല്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

ബിജെപിക്ക് മുന്നിലെ വെല്ലുവിളികൾ

സംവരണപ്രശ്നം തന്നെയാണ് ബിജെപിക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. തുല്യസംവരണം എന്ന ആവശ്യമുയർത്തി ബഞ്ജാരകളുടെ സമരം അക്രമത്തിലേക്ക് വഴിമാറിക്കഴിഞ്ഞു. മുസ്ലിം ന്യൂനപക്ഷസംവരണം റദ്ദാക്കിയതിൽ സമുദായത്തിനുള്ള അതൃപ്തി ബിജെപിക്ക് നേരിടേണ്ടി വരും. ഇതിൽ നിയമപ്പോരാട്ടങ്ങൾ ഉണ്ടായാൽ അതിനെ എങ്ങനെ സർക്കാർ ന്യായീകരിക്കും എന്നതും കണ്ടറിയണം

ജാതിസമവാക്യങ്ങളൊപ്പിച്ചുള്ള സീറ്റ് വിതരണം, പാർട്ടി ഐക്യം എന്നിവ കോൺഗ്രസിനും ബിജെപിക്കും ജെഡിഎസ്സിനും ഒരുപോലെ തലവേദനയാണ്. ഇതിനൊപ്പം തെരഞ്ഞെടുപ്പ് കാലത്തെ അഴിമതിക്കേസുകൾ കൂടി നേരിടണം ബിജെപിക്ക്.

കൈക്കൂലിക്കേസിൽ ചന്നാഗിരി എംഎൽഎ മാഡൽ വിരൂപാക്ഷപ്പ പെട്ടതോടെ പ്രതിപക്ഷം 40% കമ്മീഷൻ സർക്കാർ എന്ന ആരോപണം വീണ്ടുമുയർത്തിത്തുടങ്ങി. ഇതിനെയെല്ലാം നേരിടാനുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് ഗെയിം പ്ലാൻ വെല്ലുവിളി നേരിടുന്നു

സംസ്ഥാനനേതൃത്വത്തെ മുന്നിൽ നിർത്തുന്നതിന് പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരിട്ടെത്തി പ്രചാരണം നയിക്കും. കോൺഗ്രസാകട്ടെ നേരെ മറിച്ചാണ്. കേന്ദ്രനേതൃത്വത്തേക്കാൾ സിദ്ധരാമയ്യയും ഡി കെ ശിവകുമാറുമടങ്ങുന്ന നേതൃനിരയാണ് എല്ലാറ്റിനും ചുക്കാൻ പിടിക്കുന്നത്.

കോൺഗ്രസിന് മുന്നിലെ വെല്ലുവിളികൾ

ഈ തെരഞ്ഞെടുപ്പ് സീസണിൽ മാത്രം വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങളിലെ ഒരു ഡസനോളം നേതാക്കൾ കോൺഗ്രസിൽ ചേർന്നു. മിക്കവരും സീറ്റ് കിട്ടാത്തതിൽ അതൃപ്തിയുള്ളവർ. ഇതിനെല്ലാം പിന്നിലെ ബുദ്ധികേന്ദ്രം പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ തന്നെയാണ്.

മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തർക്കം തൽക്കാലം മാറ്റി വച്ച് സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഒന്നിച്ച് പാർട്ടി വേദികളിലെത്താൻ തുടങ്ങിയിട്ടുണ്ട്. 

പല പ്രീപോൾ സർവേകളും കോൺഗ്രസിന് നേരിയ ഭൂരിപക്ഷം കിട്ടിയേക്കുമെന്ന് പറയുന്നുണ്ടെങ്കിലും എസ്‍ഡിപിഐ, എഐഎംഐഎം മുതലായ പാർട്ടികൾ ന്യൂനപക്ഷ വോട്ടുകളും ജെഡിഎസ് കർഷകവോട്ടുകളും കൊണ്ടുപോകുമെന്ന ആശങ്കയിലാണ്

സ്ഥാനാർഥിപ്പട്ടികയിൽ ഏറ്റവും കൂടുതൽ സാന്നിധ്യം ലിംഗായത്തുകൾക്കും വൊക്കലിഗകൾക്കും നൽകിയ കോൺഗ്രസ് നയം വ്യക്തം. എങ്ങനെയെങ്കിലും ഇരുവിഭാഗങ്ങളിലെയും വോട്ടുകൾ സ്വന്തം പാളയത്തിലെത്തിക്കുക.

ജെഡിഎസ്സിന് മുന്നിലെ വെല്ലുവിളികൾ

കിങ് മേക്കറാകാൻ ലക്ഷ്യമിട്ട് തന്നെയാണ് കുമാരസ്വാമി ഇറങ്ങുന്നത്

ഏറ്റവുമാദ്യം ആദ്യ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചത് ജെഡിഎസ്സായിരുന്നു. പക്ഷേ നിർണായക സീറ്റുകളിൽ ഇപ്പോഴും പാർട്ടിക്ക് ഒരു തീരുമാനമെടുക്കാനായിട്ടില്ല എന്നതാണ് യാഥാർഥ്യം. ഓൾഡ് മൈസുരു മേഖലയിലെ ജെഡിഎസ്സിന്‍റെ ശക്തികേന്ദ്രമായ ഹാസൻ സീറ്റിനെച്ചൊല്ലി കുടുംബത്തിൽ തന്നെ തമ്മിലടിയാണ്. 

ദേവഗൗഡയുടെ മൂത്ത മകൻ രേവണ്ണയുടെ ഭാര്യ ഭവാനി ഇത്തവണ ഹാസൻ സീറ്റിൽ അവകാശവാദമുന്നയിക്കുന്നുണ്ട്. എന്നാൽ ഒരു തരത്തിലും ഭവാനിക്ക് സീറ്റ് നൽകില്ലെന്ന ഉറച്ച നിലപാടിലാണ് കുമാരസ്വാമി. ഒരു സാധാരണ പ്രവർത്തകൻ ഹാസൻ സീറ്റിൽ നിന്ന് മത്സരിക്കുമെന്നാണ് കുമാരസ്വാമി പറയുന്നത്. കുടുംബത്തിലെ പോരിൽ സമവായമുണ്ടാക്കാൻ വിശ്രമത്തിൽ കഴിയുന്ന ദേവഗൗഡ തന്നെ നേരിട്ട് ഇടപെടേണ്ട സ്ഥിതിയാണ്.

എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷയ്ക്ക് സ്വകാര്യ പരിശീലനം വേണ്ട- നടപടി ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷൻ

 വേനലവധി നഷ്ടപ്പെടുത്തിയുള്ള എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷാ പരിശീലനം വേണ്ടെന്ന് സംസ്ഥാനബാലാവകാശ കമ്മീഷന്‍ മുന്നറിയിപ്പ്. എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും തിളപ്പിച്ചാറിയ വെളളവും ലഭ്യമാക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. ഏപ്രില്‍ 20-നാണ് എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍

അവധിക്കാലത്തെ പരീക്ഷ കാരണം കുട്ടികള്‍ക്ക് വേനലവധി ആസ്വദിക്കാനാകില്ലെന്ന പരാതി പരിഗണിച്ചാണ് കമ്മീഷന്റെ ഉത്തരവ്. എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ക്കായുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ പ്രത്യേക പരിശീലനം നിര്‍ത്തലാക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. രാവിലെയും, രാത്രിയും, അവധിദിവസം പോലും കുട്ടികള്‍ പരിശീലനക്ലാസില്‍ പോകേണ്ട അവസ്ഥയാണ്. ഇത് കുട്ടികളില്‍ കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്ക് വഴിവെയ്ക്കുന്നതായും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകളും പരസ്യങ്ങളും ബാലാവകാശ കമ്മീഷന്‍ വിലക്കിയിട്ടുണ്ട്. സ്‌കൂളുകളില്‍ കുട്ടികളെ വേര്‍തിരിച്ചിരുത്തി അവധി ദിവസങ്ങളിലടക്കം പ്രത്യേക പരിശീലനം നല്‍കുന്നതും കമ്മീഷന്‍ വിലക്കി. അനാവശ്യ മത്സരബുദ്ധിയും സമ്മര്‍ദവും സൃഷ്ടിക്കുന്ന പരീക്ഷകളില്‍ മാറ്റം വരുത്തണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ കമ്മീഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ്കുമാര്‍, അംഗങ്ങളായ സി.വിജയകുമാര്‍, ശ്യാമളാദേവി പി.പി എന്നിവരുടെ ഫുള്‍ ബഞ്ചാണ് ഉത്തരവിട്ടത്. ഉത്തരവിന്മേല്‍ സ്വീകരിച്ച നടപടി 30 ദിവസത്തിനകം ലഭ്യമാക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു

ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ അഴിമതി കണ്ട് വിജിലൻസ് ഞെട്ടി, പരിശോധനയിൽ പരക്കെ അഴിമതി കണ്ടെത്തി

ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിലെ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി വിജിലന്‍സ് പരിശോധന. ചില ഉദ്യോഗസ്ഥര്‍ ഗുണമേന്മ കുറഞ്ഞ ആഹാരസാധനങ്ങള്‍ വിപണിയില്‍ വില്‍ക്കുന്നതിന് ഒത്താശ ചെയ്യുന്നതായി വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ഒപ്പറേഷന്‍ ഹെല്‍ത്ത്- വെല്‍ത്ത് എന്ന പേരില്‍ വ്യാപക പരിശോധന നടത്തിയത്.

സംസ്ഥാന ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ ഓഫീസിലും, പതിനാലു ജില്ലകളിലേയും അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാരുടെ ഓഫീസുകളിലും, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ കീഴിലുള്ള ലാബുകളിലും ഒരേസമയം മിന്നല്‍ പരിശോധന നടന്നു. പരാതിയിൽ ഉന്നയിച്ച പ്രശ്നങ്ങൾ ശരിവെക്കുന്നതാണ് കണ്ടെത്തൽ.

ആഹാരസാധനങ്ങളുടെ സാമ്പിളുകള്‍ വ്യാപകമായി ശേഖരിക്കുന്നുണ്ടെങ്കിലും അതിന്മേല്‍ ഒട്ടുമിക്ക ജില്ലകളിലും തുടര്‍നടപടികള്‍ സ്വീകരിക്കുന്നില്ല. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ അഴിമതി നടത്തി ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അനുമതി വാങ്ങുന്നതിന് ഒരുവര്‍ഷത്തിലധികം കാലതാമസം ഉണ്ടാക്കുന്നതായി കണ്ടെത്തി. കാലതാമസം ഉണ്ടായതിന്റെ പേരില്‍ ഭക്ഷ്യ ഉത്പാദകരും വിതരണക്കാരും ഇറക്കുമതി ചെയ്യുന്നവരും നിയമനടപടികളില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള അവസരം സൃഷ്ടിച്ചെടുക്കുകയാണ് എന്ന് വിജിലന്‍സ് കണ്ടെത്തി.

സുരക്ഷാ വകുപ്പ് പരിശോധന കേമം, നടപടി ഒതുക്കത്തിൽ

സുരക്ഷിതമല്ലെന്ന്‌ ലാബ് പരിശോധനാ ഫലം ലഭിച്ചവയില്‍ എറണാകുളം ജില്ലയിലെ പള്ളുരുത്തി ഭക്ഷ്യസുരക്ഷാ ഓഫീസിലെ 11, പത്തനംതിട്ടയില്‍ 10, കരുനാഗപ്പള്ളിയിലും ചടയമംഗലത്തും രണ്ട്, കോഴിക്കോട് ബേപ്പൂരില്‍ 17, പാലക്കാട് 38, കോട്ടയത്ത് എട്ട്, ആലപ്പുഴയില്‍ ഏഴ്, മലപ്പുറത്ത് ആറും ഭക്ഷ്യ ഉത്പാദക- വിതരണ- ഇറക്കുമതികാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാതിരിക്കുന്നതായും വിജിലന്‍സ് കണ്ടെത്തി.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്മാര്‍ ഫീല്‍ഡ് പരിശോധന വേളയില്‍ എടുക്കുന്ന സാമ്പിളുകളില്‍ ഗുണനിലവാരമില്ലാത്ത്, തെറ്റായബ്രാന്‍ഡ് എന്നിങ്ങനെ ഫലം ലഭിക്കുന്ന ആഹാരസാധനങ്ങള്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ ചില ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനാഫലം നല്‍കുന്നത് വൈകിപ്പിക്കുന്നു. ഇത് നിലവാരമില്ലാത്തതും, തെറ്റായ ബ്രാന്‍ഡുമായ ആഹാരസാധനങ്ങള്‍ വിറ്റ് തീര്‍ക്കുന്നതിന് സാഹചര്യം ഒരുക്കിനല്‍കുന്നതായും വിജിലന്‍സ് കണ്ടെത്തി. ഇത്തരത്തില്‍ പരിശോധനാ ഫലം ലഭിച്ച പത്തനംതിട്ട ജില്ലയിലെ 128 സാമ്പിളുകളില്‍ പിഴ ഈടാക്കിയിട്ടില്ല എന്നും, കോട്ടയം ജില്ലയിലെ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി ഓഫീസില്‍ നടത്തിയ പരിശോധനയില്‍ 2016-2020 വരെയുള്ള കാലയളവില്‍ നിലവാരമില്ലാത്തത് എന്ന് പരിശോധനയില്‍ തെളിഞ്ഞ 46 സാമ്പിളുകളിലും തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും കടുത്തുരുത്തി ഫുഡ് സേഫ്റ്റി ഓഫീസിന്‍ നിന്നും 2022-2023 കാലയളവില്‍ പ്രാഥമികമായി ശേഖരിച്ച 223 സാമ്പിളുകളില്‍ 111 എണ്ണം നിലവാരമില്ലതതെന്നു ഫലം ലഭിച്ചിട്ടും തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും വിജിലന്‍സ് കണ്ടെത്തി.

പരക്കെ വെട്ടിപ്പും മറച്ചു വെക്കലും

കാസര്‍ഗോഡ് ജില്ലയില്‍ 14 ദിവസത്തിനുള്ളില്‍ പരിശോധനാ ഫലം നല്‍കുന്നതിനു പകരം മൂന്ന് മാസമായിട്ടും ലാബുകളില്‍ നിന്ന് പരിശോധനാ ഫലം നല്‍കിയിട്ടില്ലെന്നും വിജിലന്‍സ് കണ്ടെത്തി. കൊല്ലം ജില്ലയില്‍ 200 ഓളം സാമ്പിളുകളുടെ ഫലം ലാബുകളില്‍ നിന്നും ലഭ്യമായിട്ടില്ലായെന്നും, 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ കരുനാഗപ്പള്ളി ഫുഡ് സേഫ്റ്റി ഓഫീസില്‍ പരിശോധനക്ക് അയച്ച 80 സാമ്പിളുകളില്‍ 58 എണ്ണത്തിനും പരിശോധനാ ഫലം ലഭ്യമായിട്ടില്ലയെന്നും വിജിലന്‍സ് കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ ആറന്‍മുള ഭക്ഷ്യസുരക്ഷാ ഓഫീസറുടെ കീഴില്‍ 115 സാമ്പിളുകള്‍ 2021- 22 കാലഘട്ടത്തില്‍ പരിശോധനക്കായി ലാബില്‍ അയച്ചെങ്കിലും ഫലം 14 ദിവസത്തിനകം പരിശോധിക്കണമെന്ന ചട്ടംലംഘിച്ച് പരിശോധന ഫലം ലഭ്യമായിട്ടില്ലെന്നും കോട്ടയം ജില്ലയിലെ വടവത്തൂര്‍ ഭക്ഷ്യസുരക്ഷാ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ 2022 ഓഗസ്റ്റ് മുതല്‍ പരിശോധനക്ക് അയച്ച 29 സാമ്പിളുകളുടെ റിപ്പോര്‍ട്ട് ഇതുവരെ ലഭ്യമായിട്ടില്ലയെന്നും വിജിലന്‍സ് കണ്ടെത്തി.

ബി ജെ പി ചെയ്യുന്നത് ജനാധിപത്യ സംരക്ഷണം- നരേന്ദ്ര മോഡി

 പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടവെ കടുത്ത വിമർശനവമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനാധിപത്യത്തെ സംരക്ഷിക്കുകയാണ് ബി.ജെ.പി. ചെയ്യുന്നതെന്ന് മോഡി അവകാശപ്പെട്ടു. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രമസമാധാനം മെച്ചപ്പെട്ടതാണ്. അഴിമതിയില്‍ മുങ്ങിയവരെല്ലാം ഒരേ വേദിയില്‍ ഒന്നിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ബി ജെ പി നേട്ടങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിക്കെതിരേ നടപടിയെടുക്കുമ്പോള്‍ അന്വേഷണ ഏജന്‍സികളെ കുറ്റപ്പെടുത്തുന്നു. നടപടികള്‍ നിര്‍ത്തരുതെന്നാണ് ജനങ്ങള്‍ പറയുന്നത് എന്നും അദ്ദേഹം അവകാശപ്പെട്ടു. തെറ്റായ ആരോപണങ്ങള്‍ കേട്ട് നടപടി നിര്‍ത്തില്ല. ദേശവിരുദ്ധ ശക്തികള്‍ രാജ്യത്തിനകത്തും പുറത്തും ഒന്നിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള നിയമം വഴി അഴിമതിക്കാരുടെ വേരുകള്‍ ഇളക്കിവിട്ടു- മോഡി പറഞ്ഞു.

“വനിതാ നേതാക്കൾ തടിച്ചു കൊഴുത്ത് പൂതനകളായി” പരാമർശത്തിൽ കെ സുരന്ദ്രനെതിരെ കേസ്

ഇടത് വനിത നേതാക്കൾക്കെതിരായ പരാമർശത്തിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്. ജനാധിപത്യമഹിള അസോസിയേഷൻ സംസ്ഥാന സെ ക്രട്ടറി സി എസ് സുജാത നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഐപിസി 509, 304 എ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വീണ എസ് നായർ കെ സുരേന്ദ്രന് എതിരെ നേരത്തെ പരാതി നൽകിയിരുന്നു. സി പി എം നേതാക്കൾ ആരും തന്നെ പരാതി നൽകാത്ത സാഹചര്യത്തിലാണ് ഇതെന്ന് വിശദീകരിക്കയും ചെയ്തിരുന്നു.

തൃശൂരിൽ നടന്ന ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്‍റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു കെ സുരേന്ദ്രന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശം. ‘സ്ത്രീശാക്തീകരണത്തിന്‍റെ വക്താക്കളായി അധികാരത്തില്‍ വന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ വനിതാ നേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കികൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു കെ സുരേന്ദ്രന്‍റെ പരാമർശം.

സിപിഐഎം പ്രവര്‍ത്തകനായ അന്‍വര്‍ഷാ പാലോട് നേരത്തെ പരാതി നല്‍കിയിരുന്നു. സ്ത്രീകളെയാകെ അപമാനിച്ചുള്ള ബിജെപി നേതാവിന്‍റെ പ്രസ്താവനയ്ക്കെതിരെ നടപടി എടുക്കണമെന്ന് പരാതിയില്‍ പറയുന്നു.