ഫാസിസത്തിനെതിരെ INTUC

കേന്ദ്രസർക്കാറിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ INTUC ആര്‍പ്പൂക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. INTUC ആര്‍പ്പൂക്കര മണ്ഡലം പ്രസിഡണ്ട് ടി.എസ്. രാജു അധ്യക്ഷത വഹിച്ചു. ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഞ്ചു മനോജ് പ്രകടനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

റീജണൽ പ്രസിഡണ്ട് അച്ചൻ കുഞ്ഞു ചേകൊന്തയിൽ, INTUC ഏറ്റുമാനൂർ നിയോജകമണ്ഡലം യൂത്ത് വിംഗ് പ്രസിഡണ്ട് ശ്രീനാഥ് രഘു, പഞ്ചായത്ത് മെമ്പർ ശ്രീ റോയ് പുതുശ്ശേരി, ടോമിച്ചൻ കാവക്കണ്ണി, സുനു മരങ്ങാട്ട്, ആര്‍പ്പൂക്കര തങ്കച്ചൻ, സതീഷ് ചേകൊന്തപറമ്പിൽ തുടങ്ങി കോൺഗ്രസിന്റെയും INTUC യുടെയും നേതാക്കന്മാരും പ്രവർത്തകരും പ്രകടനത്തിൽ പങ്കെടുക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇന്ത്യ മഹാരാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് INTUC നടത്തിവരുന്നത്.

രക്തസാക്ഷിയായ എന്റെ പിതാവിനെയും മുത്തശ്ശിയേയും അപമാനിച്ചവർക്കെതിരെ എന്തു നടപടിയാണ് നിങ്ങൾ സ്വീകരിച്ചത് – പ്രിയങ്ക ഗാന്ധി

രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്ഘട്ടിൽ നടത്തിയ സത്യാഗ്രഹത്തില്‍ നരേന്ദ്ര മോഡിക്കും പ്രതികാര രാഷ്ട്രീയത്തിനുമെതിരെ രൂക്ഷ വിമര്‍ശവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

രക്തസാക്ഷിയായ തന്റെ പിതാവിനേയും അമ്മയേയും മറ്റു കുടുംബാംഗങ്ങളേയും ബിജെപി മന്ത്രിമാര്‍ പലതവണ അപമാനിച്ചു കാര്യം അവർ വികാര നിർഭരമായി അനുസ്മരിച്ചു. മോശം വാക്കുകൾ പ്രയോഗിക്കയും അപമാനിക്കയും ചെയ്തവർക്കെതിരെ ഒരു നടപടി പോലും ഉണ്ടായില്ല – പ്രിയങ്ക പറഞ്ഞു. തന്റെ കുടുംബാംഗങ്ങള്‍ അവരുടെ രക്തംകൊണ്ട് ഈ രാജ്യത്തിന്റെ ജനാധിപത്യത്തെ പരിപോഷിപ്പിച്ചവരാണെന്നതും അവർ ഓർമ്മപ്പെടുത്തി.

അപമാനിച്ചും ഏജന്‍സികളെ കൊണ്ട് റെയ്ഡ് നടത്തിച്ചും ഭയപ്പെടുത്താമെന്ന് ചിലര്‍ കരുതുന്നുണ്ടെങ്കില്‍ അത് വെറുതയാണ്. തങ്ങള്‍ ഭയപ്പെടില്ല – പ്രിയങ്ക വ്യക്തമാക്കി.

‘പാര്‍ലമെന്റില്‍ എന്റെ പിതാവിനെ അപമാനിച്ചു, എന്റെ സഹോദരന് മിര്‍ ജാഫര്‍ പോലുള്ള പേരുകള്‍ നല്‍കി. നിങ്ങളുടെ മന്ത്രിമാര്‍ പാര്‍ലമെന്റില്‍ എന്റെ അമ്മയെ അപമാനിക്കുന്നു. നിങ്ങളുടെ ഒരു മുഖ്യമന്ത്രി പറഞ്ഞു രാഹുല്‍ ഗാന്ധിക്ക് തന്റെ പിതാവ് ആരാണെന്ന് പോലും അറിയില്ലെന്ന്, എന്നാല്‍ ഇവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല’ പ്രിയങ്ക ഓർമ്മപ്പെടുത്തി.

ഇത്തരക്കാരെ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യരാക്കില്ല, ജയിലിലേക്ക് അയക്കില്ല, വര്‍ഷങ്ങളോളം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അവരെ തടയില്ല. അവര്‍ തന്റെ കുടുംബത്തെ ഒരുപാട് തവണ അപമാനിച്ചിട്ടുണ്ട്, പക്ഷേ ങ്ങള്‍ മിണ്ടാതിരിക്കുകയാണ് ചെയ്ത് – അവര്‍ കൂട്ടിച്ചേര്‍ത്തു.

‘എന്റെ സഹോദരന്‍ പ്രധാനമന്ത്രി മോഡിയുടെ അടുത്ത് പോയി പാര്‍ലമെന്റില്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് എനിക്ക് നിങ്ങളോട് ഒരു വെറുപ്പും ഇല്ലെന്ന് പറഞ്ഞു. നമുക്ക് വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുണ്ടാകാം, എന്നാല്‍ വെറുപ്പിന്റെ പ്രത്യയശാസ്ത്രം ഞങ്ങള്‍ക്കില്ല. ഞങ്ങളുടെ കുടുംബാംഗങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി പോരാടിയതിന് ഞങ്ങള്‍ ലജ്ജിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്. എന്റെ കുടുംബം ഈ രാജ്യത്തിന്റെ ജനാധിപത്യത്തെ അവരുടെ രക്തം കൊണ്ടാണ് പരിപോഷിപ്പിച്ചത്’ പ്രിയങ്ക പറഞ്ഞു.

രാഹുല്‍ തന്റെ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത് ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ രണ്ട് സ്ഥാപനങ്ങളിലാണ്. ഹാര്‍വാര്‍ഡ്,കേംബ്രിഡ്ജ് സര്‍വകലാശാലകളിലാണ് അദ്ദേഹം പഠിച്ചത്. എന്നിട്ടവര്‍ അദ്ദേഹത്തെ പപ്പു എന്ന് വിളിച്ചാണ് തുടങ്ങിയത്.

രാഹുല്‍ ഗാന്ധിക്കെതിരെ സൂറത്ത് പരാതി നല്‍കിയ ആള്‍ കോടതിയില്‍ ഒരു വര്‍ഷത്തേക്ക് കേസ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. രാഹുല്‍ അദാനിക്കെതിരെ പാര്‍ലമെന്റില്‍ സംസാരിച്ചപ്പോള്‍ കേസ് വീണ്ടും തുറന്നു. ഒരു മാസത്തിനുള്ളില്‍ വിചാരണ നടത്തി അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തി – ഇതെന്ത് നീതിയാണെന്നും അവർ ചോദിച്ചു.

ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ ഇന്നസെന്‍റിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഗുരുതരമായ പല രോഗാവസ്ഥകളും പ്രകടമാണെന്നും അടിസ്ഥാന ആരോഗ്യ സൂചകങ്ങൾ അനുകൂലമല്ലെന്നും ഡോക്ടർമാർ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു.

ECMO പിന്തുണയിലാണ് ഇന്നസെന്‍റിന്‍റെ ചികിത്സ തുടരുന്നത്. കഴിഞ്ഞ മാർച്ച് മൂന്നിനാണ് ഇന്നസെന്‍റിനെ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചത്. രണ്ട് തവണ അർബുദത്തെ അതിജീവിച്ച അദ്ദേഹത്തിന് തുടർച്ചയായി കൊവിഡ് ബാധിച്ചിരുന്നു. ഇതേ തുടർന്നുള്ള ന്യൂമോണിയ ആണ് ആരോഗ്യാവസ്ഥ ഗുരുതരമാക്കിയത്.

2021 ലാണ് ഇദ്ദേഹത്തിന്  ലിംഫോമ രോഗം സ്ഥിരീകരിച്ചത്. ചികിത്സ കഴിഞ്ഞ് ഒരു വർഷത്തോളം സജീവമായി. പക്ഷെ വീണ്ടും രോഗം തിരികെ പിടികൂടി

നെടുമ്പാശ്ശേരിയിൽ തീര രക്ഷാ സേനയുടെ ഹെലികോപ്റ്റർ തകർന്നു വീണു, റൺവേ അടച്ചു

നെടുമ്പാശേരി വിമാനത്താവളത്തില്‍ കോസ്റ്റ് ഗാർഡ് ഹെലികോപ്ടര്‍ തകര്‍ന്നുവീണു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം.

പരിശീലന പറക്കലിനായി ടേക്ക് ഓഫ് ചെയ്യുന്നതിനിടെ അധികം ഉയരത്തിലേക്ക് എത്തുന്നതിന് മുമ്പ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു. അപകടകാരണം വ്യക്തമല്ല.

മൂന്നു പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. മൂന്ന് പേര്‍ക്കും പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.. അപകടത്തെ തുടര്‍ന്ന് റണ്‍വേ താത്കാലികമായി അടച്ചിരിക്കയാണ്.

അപകടത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കോസ്റ്റ് ഗോര്‍ഡ് വ്യക്തമാക്കി. നെടുമ്പാശേരി വിമാനത്താവളം അധികൃതരും സംഭവം പരിശോധിക്കയാണ്.

ആ 20,000 കോടി ആരുടേതാണ്, ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുമെന്ന് രാഹുൽ

ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയ ശേഷവും അദാനി-മോദി ബന്ധത്തിലെ കാണാ ചരടുകളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജീവിത കാലം മുഴുവന്‍ അയോഗ്യനാക്കിയാലും മോദിയും അദാനിയും തമ്മിലുള്ള ദുരൂഹ ബന്ധം ചോദ്യം ചെയ്തുകൊണ്ടേയിരിക്കുമെന്ന് രാഹുല്‍ അവർത്തിച്ചു.

അദാനിയുടെ ഷെല്‍ കമ്പനികള്‍ക്ക് ലഭിച്ച 20,000 കോടി രൂപ ആരുടേതാണെന്നതാണ് രാഹുൽ ചോദിച്ചു. ഇത് ഉന്നയിക്കുന്നതിൽ വളരെ ലളിതമായ ചോദ്യമാണ്, ഭീഷണികളെയോ അയോഗ്യതകളെയോ ജയില്‍ ശിക്ഷകളെയോ ഭയപ്പെട്ട് മാറ്റി വെക്കില്ല – രാഹുൽ പറഞ്ഞു.

ഇന്ത്യയിലെ ജനാധിപത്യത്തിനായി താന്‍ ചോദ്യങ്ങള്‍ ചോദിക്കുകയും പോരാടുകയും ചെയ്യും. അദാനിയുടെ ഷെല്‍ കമ്പനികളിലേക്ക് പോയ 20,000 കോടി രൂപ ആരുടേതാണ്. ഈ ഭീഷണികളെയോ അയോഗ്യതകളെയോ ജയില്‍ ശിക്ഷകളെയോ താന്‍ ഭയപ്പെടുന്നില്ല. സത്യമല്ലാതെ മറ്റൊന്നിലും എനിക്ക് താല്‍പര്യമില്ല. താന്‍ സത്യം മാത്രമേ സംസാരിക്കൂ, ഇത് എന്റെ ജോലിയാണ്. തന്നെ അയോഗ്യനാക്കുകയോ അറസ്റ്റുചെയ്യുകയോ ചെയ്താലും താന്‍ അത് തുടര്‍ന്നു കൊണ്ടേയിരിക്കും. ‘ഈ രാജ്യം എനിക്ക് എല്ലാം തന്നു, അതുകൊണ്ടാണ് ഞാന്‍ ഇത് ചെയ്യുന്നത്’, രാഹുല്‍ പത്ര സമ്മേളനത്തിൽ പറഞ്ഞു.

അദാനിയെക്കുറിച്ചുള്ള തന്റെ അടുത്ത പ്രസംഗത്തെ പ്രധാനമന്ത്രി ഭയക്കുന്നുവെന്നു. ആദ്യ പ്രസംഗത്തില്‍ മോദിയുടെ കണ്ണുകളില്‍ ഭയം കണ്ടു. അതുകൊണ്ടാണ് ആദ്യമുണ്ടായ പതര്‍ച്ചയും പിന്നീടുള്ള അയോഗ്യതയുമെയെന്നും രാഹുല്‍ തുറന്നടിച്ചു.

രാഹുൽഗാന്ധി ഉൾപ്പെട്ട അപകീർത്തിക്കേസിൽ വിചാരണ നിർത്തിവെപ്പിക്കാനും പിന്നീട് പുനരാരംഭിക്കാനും ഹൈക്കോടതിയിൽനിന്ന് അനുകൂലവിധികൾ നേടിയത് ഒരേ വ്യക്തി

രാഹുൽഗാന്ധി ഉൾപ്പെട്ട അപകീർത്തിക്കേസിൽ വിചാരണ നിർത്തിവെപ്പിക്കാനും പിന്നീട് പുനരാരംഭിക്കാനും ഹൈക്കോടതിയിൽനിന്ന് അനുകൂലവിധികൾ നേടിയത് ഒരേ വ്യക്തി തന്നെ. പരാതിക്കാരനായ ബി.ജെ.പി. നേതാവ് പൂർണേഷ് മോദിതന്നെയാണ് രണ്ട് ഹരജിയും നൽകിയത്.

വിചാരണക്കോടതിയിലെ ജഡ്ജിയെ മാറ്റിയതിനുപിന്നാലെ സ്റ്റേ ഒഴിവാക്കാൻ ഹരജിയുമായി എത്തുകയായിരുന്നു. ജഡ്ജിയെ മാറ്റിയതിന് തൊട്ടു പിന്നാലെ പരാതിക്കാരൻ നീങ്ങിയതിൽ ദുരൂഹതയുണ്ടെന്ന് കോൺഗ്രസ് പ്രതിഷേധിച്ചു.

സൂറത്ത് കോടതിയിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ എ.എൻ. ദവേയാണ് 2021 ഒക്ടോബർ 29-ന് രാഹുൽ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തിയത്. 25 ചോദ്യങ്ങൾക്കാണ് അന്ന് രാഹുൽ മറുപടിനൽകിയത്. ഇരുപതിനും ‘അറിയില്ല’ എന്നായിരുന്നു ഉത്തരം. സി.ഡി, ഡി.വി.ഡി, പെൻഡ്രൈവ് എന്നിവയടക്കം 29 തെളിവുകളാണ് വാദിഭാഗത്തിനായി ഹാജരാക്കിയത്.

പെൻഡ്രൈവും ഡി.വി.ഡി.യും രാഹുലിന്റെ സാന്നിധ്യത്തിൽ പരിശോധിക്കണമെന്ന പൂർണേഷ് മോദിയുടെ ആവശ്യം കോടതി തള്ളി. ഇതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ച പരാതിക്കാരൻ 2022 മാർച്ചിൽ വിചാരണയ്ക്ക് സ്റ്റേ വാങ്ങുകയായിരുന്നു. ഒരുവർഷത്തോളം സ്റ്റേ നിലനിന്നു. ദവെയ്ക്കുപകരം എച്ച്.എച്ച്. വർമ സൂറത്തിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായി എത്തിയതിനുപിന്നാലെ സ്റ്റേ നീക്കാനായി പൂർണേഷ് ഹൈക്കോടതിയെ സമീപിച്ചു. പ്രതിക്കെതിരേ മതിയായ തെളിവുകളുള്ളതിനാൽ പരാതി പിൻവലിക്കാൻ അനുവദിക്കണമെന്ന അപേക്ഷ 2023 ഫെബ്രുവരിയിൽ ഹൈക്കോടതി അംഗീകരിച്ചു. ഒരുമാസത്തിനുള്ളിൽ ബാക്കിവാദം പൂർത്തിയാക്കി കോടതി വിധിയുംപറഞ്ഞു. പരാതിക്കാരന്റെ ദുരൂഹമായ നീക്കം അപ്പീലിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഘ്‌വി വ്യക്തമാക്കിയിട്ടുണ്ട്. അദാനിവിഷയത്തിൽ പാർലമെന്റിൽ രാഹുൽ, പ്രധാനമന്ത്രിക്കെതിരേ ആഞ്ഞടിച്ച് ഒരാഴ്ചയ്ക്കുശേഷമാണ് സ്റ്റേ നീക്കാൻ പൂർണേഷ് അപേക്ഷിച്ചതെന്നും ചൂണ്ടിക്കാട്ടി. വിധി പറഞ്ഞതിനുശേഷം ചുരുങ്ങിയസമയം വാദം കേട്ടാണ് കോടതി പരമാവധി ശിക്ഷ പ്രഖ്യാപിച്ചതെന്ന പരാതിയും പ്രതിഭാഗത്തിനുണ്ട്.

സൂറത്ത് വെസ്റ്റിൽനിന്ന് മൂന്നാംവട്ടം എം.എൽ.എ.യായ പൂർണേഷ് മോദി, 2021-ൽ ഭൂപേന്ദ്ര പട്ടേലിന്റെ ആദ്യ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു. എന്നാലിക്കുറി അഭിഭാഷകനായ അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് പരിഗണിച്ചില്ല.

ക്രിമിനൽ നടപടിച്ചട്ടം 202 പാലിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ വാദം വിധിയിൽ കോടതി തള്ളിയിരുന്നു. കർണാടകത്തിലെ കോലാറിലാണ് രാഹുൽ പ്രസംഗിച്ചതെന്നിരിക്കെ അധികാരപരിധിയുടെ പ്രശ്നമാണ് ഇതുപ്രകാരം ഉന്നയിച്ചത്. സമൻസ് വിചാരണയിൽ പ്രാഥമികാന്വേഷണം കോടതി നടത്തിയിട്ടില്ലെന്നും ആരോപിച്ചിരുന്നു. ബോധപൂർവം സമുദായത്തെ രാഹുൽഗാന്ധി അവഹേളിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി നിരാകരിക്കുകയാണുണ്ടായത്. ‘‘നരേന്ദ്രമോദി, നീരവ് മോദി, അനിൽ അംബാനി എന്നൊക്കെ പറഞ്ഞ് നിർത്താമായിരുന്നു. പക്ഷേ, മോദി എന്നുപേരുള്ളവരെ ബോധപൂർവം അവഹേളിക്കുന്ന പരാമർശമുണ്ടായി…’’ -വിധിയിൽ പറയുന്നു.

കർണ്ണാടകയിൽ മുസ്ലിം സംവരണം ഇനി സാമ്പത്തിക അടിസ്ഥാനത്തിൽ

കർണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് മുമ്പ് മുസ്ലിം വിഭാഗത്തിനുള്ള 4% ന്യൂനപക്ഷ സംവരണം റദ്ദാക്കി കർണാടക സർക്കാർ. ഇത് വൊക്കലിംഗ, ലിംഗായത്ത് വിഭാഗങ്ങൾക്ക് നൽകും

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജോലികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉള്ള സംവരണമാണ് റദ്ദാക്കിയത്. സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള മുസ്ലിങ്ങൾക്ക് മാത്രമേ ഇനി സംവരണം ലഭിക്കൂ. മുസ്ലിം വിഭാഗത്തിന്റെ 4% ശതമാനം സംവരണം 2% വീതം വൊക്കലിംഗ, ലിംഗായത്ത് വിഭാഗങ്ങൾക്ക് വീതിച്ച് നൽകാനും തീരുമാനമായിട്ടുണ്ട്. 

തെരഞ്ഞെടുപ്പ് അടുത്തയാഴ്ച പ്രഖ്യാപിക്കാനിരിക്കേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കർണാടകത്തിലെത്തും. ബെംഗളുരുവിൽ കെ ആർ പുരം മുതൽ വൈറ്റ് ഫീൽഡ് വരെയുള്ള മെട്രോ പാത മോദി ഉദ്ഘാടനം ചെയ്യും. 

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധം, കോഴിക്കോട് സംഘർഷം

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളിൽ സംഘർഷം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് വൻ സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ റെയിൽവേ സ്റ്റേഷന് മുൻ വശത്ത് ടയറുകൾ കത്തിച്ച് മുദ്രാവാക്യം മുഴക്കുകയാണ്. പ്രതിഷേധം സംഘർഷത്തിലെത്തിയതോടെ പൊലീസ് ലാത്തി വീശി. പ്രവർത്തകരെ പൊലീസ് തുരത്തിയോടിച്ചു. കോണ്‍ഗ്രസ് പ്രവർത്തകർ റെയിൽവേ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. റെയിൽവേ പൊലീസ് വലയം ഭേദിച്ച് പ്രവർത്തകർ പ്ലാറ്റ്ഫോമിനകത്ത് കടന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ചു. 

വടക്കഞ്ചേരിയിൽ ദേശീയപാത തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. 20 മിനിറ്റോളം പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. വടക്കഞ്ചേരി പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ രാജ്ഭവന് മുന്നിൽ പ്രതിഷേധിച്ചു. പ്രതിഷേധക്കാർ ബാരിക്കേഡിന് മുകളിൽ കയറിയതോടെ ജലപീരങ്കി പ്രയോഗിച്ചു.

പൊലീസ് ലാത്തി വീശി. സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പന്തം കൊളുത്തിയെത്തിയ പ്രവർത്തകരെ പൊലീസ് തടയുകയായിരുന്നു. മൂന്നു തവണയാണ് പ്രതിഷേധക്കാർക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചത്. ആലുവയിൽ നരേന്ദ്ര മോദിക്കെതിരെ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിച്ചു. മോഡിയുടെ ചിത്രം കത്തിച്ചായിരുന്നു പ്രതിഷേധം. 

കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിൻ്റെ നേതൃത്വത്തിൽ എറണാകുളം സൌത്ത് റെയിൽവെ സ്റ്റേഷനിലേക്ക് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. 

കൈക്കൂലി കേസ് ഒതുക്കാൻ കൈക്കൂലി, വിജിലൻസ് സ്പെഷ്യൽ സെൽ ഡി വൈ എസ് പി മുങ്ങി

അഴിമതിക്കാരനായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് റെയ്ഡിനിടെ ഡിവൈഎസ്പി മുങ്ങി. വിജിലൻസ് സ്‌പെഷ്യൽ സെൽ ഡിവൈഎസ്പി വേലായുധൻ നായരാണ് വീട്ടിൽ പരിശോധന നടക്കവേ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ചു മുങ്ങിയത് മുങ്ങിയത്.

ഇന്നലെയാണ് വിജിലൻസ് വേലായുധൻ നായരുടെ കഴക്കൂട്ടത്തെ വീട്ടിൽ റെയ്ഡ് നടത്തിയത്. റെയ്ഡ് നടക്കുമ്പോൾ ഇയാൾ വീട്ടിലുണ്ടായിരുന്നു.അറസ്റ്റ് ഭയന്നാകാം മുങ്ങിയതെന്നാണ് പൊലീസ് നിഗമനം.

കുടുംബം പരാതി നൽകാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല. അതേസമയം റെയ്ഡിനിടെ മുങ്ങിയതിനാൽ വിജിലൻസ് എസ്.പി പരാതി നൽകും.

നേരത്തെ തിരുവല്ല മുനിസിപ്പല്‍ സെക്രട്ടറി നാരായണനെ 25000രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് പിടികൂടിയിരുന്നു.ഈ കേസ് അന്വേഷിച്ചത് DYSP വേലായുധന്‍ നായരുടെ നേതൃത്വത്തിലാണ്.പിന്നീട് മുൻസിപ്പൽ സെക്രട്ടറിയുടെ മകന്റെ അക്കൗണ്ടില്‍ നിന്ന് വേലായുധന്‍ നായരുടെ അക്കൗണ്ടിലേക്ക് 50000 രൂപ അയച്ചാതയി വിജിലന്‍സ് കണ്ടെത്തി.ഇത് കേസ് ഒതുക്കാനുള്ള കൈക്കൂലി എന്നാണ് വിജിലന്‍സ് കരുതുന്നത്.തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദേശപ്രകാരമാണ് വേലായുധന്‍ നായര്‍ക്ക് എതിരേ കേസെടുത്തത്.ഇതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.

പോസ്റ്റ് സർജിക്കൽ ഐസിയുവിൽ യുവതിക്കെതിരെ ലൈംഗിക പീഡനം, അഞ്ച് പേരെ സസ്പെൻ്റ് ചെയ്തു, ഒരാളെ പിരിച്ചു വിട്ടു

മെഡിക്കല്‍ കോളേജില്‍ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ അഞ്ച് പേരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. ഒരാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. താത്കാലിക ജീവനക്കാരി ആയ ദീപയെ ആണ് പിരിച്ചു വിട്ടത്. ഗ്രേഡ് 1 അറ്റൻഡർമാരായ ആസ്യ, ഷൈനി ജോസ്, ഗ്രേഡ് 2 അറ്റന്റർമാരായ ഷൈമ, ഷലൂജ, നഴ്സിംഗ് അസിസ്റ്റന്റ് പ്രസീത മനോളി എന്നിവരെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ചതിനാണ് ആറ് പേർക്കെതിരെ നടപടിയെടുത്തത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്ന് സർക്കാർ പുറത്ത് വിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.

അതിജീവിതയുടെ മൊഴി തിരുത്താൻ സമ്മർദ്ദം ചെലുത്തിയ അഞ്ച് പേർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഒരു നഴ്സിംഗ് അസിസ്റ്റൻറ്, ഒരു ഗ്രേഡ് 2 അറ്റൻഡർ, മൂന്ന് ഗ്രേഡ് 1 അറ്റൻഡർമാർക്കും എതിരെയാണ് കേസ്. സാക്ഷിയെ സ്വാധീനിക്കൽ , ഭീഷണിപ്പെടുത്തൽ എന്നീ  വകുപ്പുകൾ ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നത്. പ്രതിയായ അറ്റൻഡർ ശശീന്ദ്രന്റെ അറസ്റ്റിന് പിന്നാലെ ഇരയ്ക്ക് മേൽ പരാതി പിൻവലിക്കാൻ ജീവനക്കാർ സമ്മർദ്ദം ചെലുത്തുകയായിരുന്നു. 

ശശീന്ദ്രനെതിരെ ശസ്ത്രക്രിയ വിഭാഗത്തിലുണ്ടായിരുന്ന നഴ്സുമാരടക്കം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. രോഗിയെ ഓപ്പറേഷൻ തീയേറ്ററിലെത്തിക്കുന്ന് ജോലിയായിരുന്നു ശശീന്ദ്രന്. സംഭവ ദിവസം സ്ത്രീകളുടെ വാർഡിൽ രോഗിയുടെ ദേഹത്ത് വസ്ത്രങ്ങൾ മാറിക്കിടക്കുന്നത് കണ്ട് ചോദ്യം ചെയ്തപ്പോൾ യൂറിൻ ബാഗ് മാറ്റാൻ വന്നതാണെന്ന് ശശീന്ദ്രൻ നഴ്സിനോട് പറഞ്ഞു. തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് യൂറിൻ ബാഗ് ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ഇയാൾക്ക് മറുപടി ഇല്ലായിരുന്നു. തുടർന്ന് ശശീന്ദ്രനെ ശകാരിച്ച് ഇറക്കിവിട്ടെന്ന് നഴ്സ് പൊലീസിന് മൊഴി നൽകി. പീഡനത്തിനിരയായ യുവതി ബോധം തെളിഞ്ഞപ്പോൾ ഭർത്താവിനോട് വിവരം പറയുകയായിരുന്നു. പൊലീസിലും ആശുപത്രി അധികൃതർക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശശീന്ദ്രനെ അറസ്റ്റ് ചെയ്തത്.