ആ എക്സ്റേ കെ കെ രമയുടെ അല്ല

നിയമസഭ സംഘർഷത്തിൽ പരിക്കേറ്റ കെ കെ രമ എംഎൽഎയുടെ കൈക്ക് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വീണ്ടു പ്ലാസറ്ററിട്ടു. ”മൂന്ന് ദിവസത്തിന് ശേഷം വരാൻ ഡോക്ടർ പറഞ്ഞിരുന്നു. ആദ്യത്തെ പ്ലാസ്റ്റർ വെട്ടി. നോക്കിയപ്പോൾ നീര് കുറഞ്ഞിട്ടില്ല, വേദനയുമുണ്ട്. വീണ്ടും ഒരാഴ്ചത്തേക്ക് കൂടി പ്ലാസ്റ്ററിടാൻ ഡോക്ടർ പറഞ്ഞു. ഒന്നൂകൂടി ക്ലിയറാകണമെങ്കിൽ എംആർഐ എടുക്കണം.” കെകെ രമ പറഞ്ഞു.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്നാണ് കെ കെ രമ ആദ്യം ചികിത്സ തേടിയത്. ആശുപത്രിയിൽ നിന്ന് എക്സ് റേ ചോർന്നിട്ടില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് തന്റെ എക്സ് റേ ആണോയെന്ന് ഡോക്ടറോട് ചോദിച്ചിരുന്നു. അത് വ്യാജമാണെന്നും അവിടെ നിന്നും എക്സ് റേ ചോർന്നിട്ടില്ലെന്നും ‍ഡോക്ടർ പറഞ്ഞതായി കെ കെ രമ പറഞ്ഞു. സ്പീക്കർക്ക് നൽകിയ പരാതിയിൽ തുടർ നടപടി സ്വീകരിക്കുമെന്നും രമ കൂട്ടിച്ചേർത്തു.

സൈബർ ആക്രമണങ്ങൾക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കുമെന്നും രമ വ്യക്തമാക്കി.

കെ കെ രമയുടെ പോസ്റ്റ്

പരിക്കേറ്റ കൈ ഇന്ന് വീണ്ടും തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടറെ കാണിക്കുകയുണ്ടായി. ഒരാഴ്ച കൂടി കൈ പ്ലാസ്റ്ററിൽ തുടരണമെന്ന് നിർദ്ദേശിച്ചതിനെ തുടർന്ന് മാറ്റി പ്ലാസ്റ്ററിട്ടിരിക്കുകയുമാണ്. കൈ ഇളകാതെ സൂക്ഷിക്കേണ്ടതുണ്ട്. തുടർചികിത്സ സംബന്ധിച്ചു തീരുമാനിക്കുന്നതിന് അടുത്തദിവസം തന്നെ എം.ആർ.ഐ സ്കാൻ ചെയ്ത് ഡോക്ടറെ കാണാനും നിർദ്ദേശിച്ചിട്ടുണ്ട്.

നിയമസഭയിലുണ്ടായ സംഭവങ്ങളുടെ ഭാഗമായി കൈക്ക് പരിക്കേറ്റ് ചികിത്സതേടി പ്ലാസ്റ്ററിട്ടതിന് ശേഷം മിനിറ്റുകൾക്കകം സി.പി.എം അനുകൂല സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ നിന്ന് വ്യാപകമായി അഭിനയമെന്നും നാടകമെന്നും പറഞ്ഞുള്ള അധിക്ഷേപവർഷമായിരുന്നു. നിയമസഭയിലെ സംഭവങ്ങളുടെ ആരംഭം മുതൽ പ്ലാസ്റ്ററിടുന്നതു വരെയുള്ള ചിത്രങ്ങൾ ക്രമം തെറ്റിച്ചുണ്ടാക്കിയ പോസ്റ്ററുകൾ ഉപയോഗിച്ചായിരുന്നു അധിക്ഷേപം. ഇടതു കയ്യിലെ പ്ലാസ്റ്റർ വലതുകൈക്ക്‌ മാറിയെന്നും, പ്ലാസ്റ്റർ ഒട്ടിച്ചത് ഷാഫി പറമ്പിൽ എം.എൽ.എ ആണെന്നും തുടങ്ങി നുണകൾ കൊണ്ടുള്ള അധിക്ഷേപങ്ങളുടെയും ആക്ഷേപങ്ങളുടെയും ക്രൂരമായ വേട്ടയാടലുകൾ തുടയുകയാണിപ്പോഴും. എന്നെ സംബന്ധിച്ചു കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇത് ആദ്യത്തെ അനുഭവമൊന്നുമല്ല.

എന്നാൽ ഉത്തരവാദപ്പെട്ട ജനപ്രതിനിധികളിലൊരാൾ, നിയമസഭയിൽ നിത്യേന കാണുന്ന സഹപ്രവർത്തകരിലൊരാൾ തന്നെ ഈ അധിക്ഷേപ വർഷത്തിന് നേതൃത്വം നൽകിയത് സൃഷ്ടിച്ച ഒരു അമ്പരപ്പും നിരാശയുമുണ്ടായിരുന്നു. അത് പറഞ്ഞറിയിക്കാൻ കഴിയുന്നതിലുമപ്പുറമായിരുന്നു. പിന്നീട് അത് മറികടന്നു. എന്നാൽ തൊട്ടടുത്ത ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറിയും ഇതേറ്റു പിടിക്കുകയും, ഇത്തരം സൈബർ സംഘങ്ങൾക്ക് പ്രോത്സാഹനം നൽകുകയുമായിരുന്നു.

ആക്രമിക്കുന്നത് സി.പി.എം നേതൃത്വം നൽകുന്ന സർക്കാരും അതിന്റെ ഭാഗമായ സംവിധാനങ്ങളുമാണെങ്കിൽ പരിക്കേറ്റ ആളെ പ്രാഥമികമായ ചികിത്സതേടാൻ പോലും അനുവദിക്കില്ലെന്ന നിഷ്ടൂരമായ പ്രഖ്യാപനമല്ലേ കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടത്? പരിക്കേറ്റയാളുടെ ചികിത്സയിൽ ബോധപൂർവ്വം സംശയമുണ്ടാക്കുകയും, വ്യാജരേഖകളും നുണകഥകളുമുണ്ടാക്കി പരിക്കേറ്റയാളെ പൊതുമധ്യത്തിൽ പരസ്യമായ സോഷ്യൽ ഓഡിറ്റിങ്ങിനു വിധയേമാക്കുകയും ചെയ്യുമ്പോൾ ശരീരത്തിനേറ്റ വേദനയെക്കാൾ വലിയ വേദനയും മുറിവുമാണ് അവരിൽ അത് ബാക്കിയാകുന്നത്.

ഇന്നിപ്പോൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം രണ്ടാമതും പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്.

അല്ല ക്ഷമിക്കണം, നാടകത്തിന്റെ രണ്ടാം ഭാഗം തുടങ്ങുകയാണ്.

നിങ്ങൾക്ക് നിരാശയുണ്ടാക്കുന്നതാണെങ്കിലും എനിക്കെന്റെ ചികിത്സ തുടരാതിരിക്കാൻ കഴിയില്ലല്ലോ!!..

പ്രിയരേ,നിങ്ങൾ ഇനിയും നിങ്ങളുടെ അധിക്ഷേപ വർഷങ്ങളും നുണ പ്രചാരണങ്ങളും തുടരുക.

നന്ദി…

കെ.കെ.രമ

മാസപ്പിറവി കണ്ടു, നാളെ റമദാൻ വ്രതാരംഭം

കേരളത്തില്‍ വ്യാഴാഴ്ച റമദാന്‍ വ്രതാരംഭം. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറ കണ്ടു. വിവിധ ഖാസിമാർ ഇത് സംബന്ധിച്ച വർത്ത സ്ഥിരീകരിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവരും അറിയിപ്പ് പുറപ്പെടുവിച്ചു

മോഡിയെ വിമർശിക്കുന്ന പോസ്റ്ററുകൾ കീറി മാറ്റി ഡൽഹി പൊലീസ്; 100 കേസുകൾ, ആറു പേരെ അറസ്റ്റു ചെയ്തു

രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ പല ഭാഗങ്ങളിലായി നാലായിരത്തോളം പോസ്റ്ററുകൾ ഡൽഹി പൊലീസ് നശിപ്പിച്ചു. നരേന്ദ്ര മോഡിയെ വിമർശിക്കുന്നതിൻ്റെ പേരിലാണ് നടപടി. ‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്നെഴുതിയ പോസ്റ്ററുകളാണ് നശിപ്പിച്ചത്. സംഭവത്തില്‍ 100 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആറു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മോഡി സർക്കാരിൻ്റെ ഏകാധിപത്യ പ്രവണതകൾ അതിൻ്റെ ഏറ്റവും വളർന്ന ഘട്ടത്തിൽ എത്തിയിരിക്കയാണ് എന്ന് വിമർശിച്ച് കൊണ്ട് ഇതിന് എതിരെ എ എ പി രംഗത്ത് എത്തി.

അറസ്റ്റിലായവരില്‍ രണ്ടുപേര്‍ പോസ്റ്ററുകൾ പ്രിൻ്റ് ചെയ്ത് നൽകിയ പ്രസ്സുടമകളാണ്. ഇത്തരത്തില്‍ 50,000 പോസ്റ്ററുകള്‍ക്കുള്ള ഓര്‍ഡര്‍ ലഭിച്ചിരുന്നതായി അറസ്റ്റിലായ പ്രസ്സുടമകള്‍ അറിയിച്ചെന്ന് പോലീസ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമർശിക്കുന്ന ഉള്ളടക്കമുള്ള മറ്റു രണ്ടായിരം പോസ്റ്ററുകളും പോലീസ് കണ്ടുകെട്ടുകയും ചെയ്തു. വിവിധ സ്ഥലങ്ങളില്‍ പതിക്കാനായി ഇവ ആം ആദ്മി പാര്‍ട്ടി ഓഫീസിലേക്കെത്തിച്ചതാണെന്നാണ് പോലീസ് പറഞ്ഞു. പോസ്റ്ററുകള്‍ എ.എ.പി. ആസ്ഥാനത്തെത്തിക്കാന്‍ നിര്‍ദേശം ലഭിച്ചിരുന്നതായി ഒരു ഡ്രൈവറുടെ മൊഴി മുൻ നിർത്തിയാണ് ഇത്.

Printing Press Act & Defacement of Property Act, Prevention of Defacement of Public Property Act കൾ പ്രയോഗിച്ചാണ് കേസ് എടുത്തിട്ടുള്ളത്. പോസ്റ്ററുകളിൽ പ്രസിൻ്റെ പേർ ഇല്ലെന്നാണ് പൊലീസ് വിശദീകരണം. കോവിഡ് വാക്സിനേഷൻ സമയത്ത് കേന്ദ്ര സർക്കാരിൻ്റെ പരാജത്തിനെതിരെ പോസ്റ്റർ പതിച്ച 30 പേരെ ഡൽഹിയിൽ അറസ്റ്റ് ചെയ്തിരുന്നു. അന്ന് 25 കേസുകളാണ് റജിസ്ത്ര് ചെയ്തത്.

ലൈഫ് മിഷൻ കേസ്; ഹാബിറ്റാറ്റിനെ വെട്ടി യൂണിടാക് വന്നതിൽ മുൻ സിഇഒ കുരുക്കിൽ

ലൈഫ് മിഷൻ അഴിമതിക്കേസിൽ മുൻ സി ഇ ഒ  യു വി ജോസിന് കുരുക്കായി കരാറുകാരൻ സന്തോഷ് ഈപ്പന്‍റെ മൊഴി. യു വി ജോസ് മുഖേന ചില രേഖകൾ തങ്ങൾക്ക് ചോർന്നു കിട്ടിയെന്നാണ് സന്തോഷ് ഈപ്പൻ എൻഫോഴ്സ്മെന്‍റിനോട് പറഞ്ഞിരിക്കുന്നത്.

ലൈഫ് മിഷൻ അഴിമതിക്കേസിൽ മുൻ സിഇഒ യുവി ജോസിനെ തുടർച്ചയായ രണ്ടാം ദിവസമാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിളിച്ചുവരുത്തിയത്. ലൈഫ് മിഷൻ സി ഇ യുടെ പൂർണ അറിവോടെയാണ് തങ്ങൾക്ക് കരാർ ലഭിച്ചതെന്നാണ് സന്തോഷ് ഈപ്പൻ മൊഴി നൽകിയത് സംബന്ധിച്ചാണ് തുടരന്വേഷണം.

കരാർ നടപടികൾക്കുമുമ്പ് ചില രേഖകൾ യുവി ജോസ് മുഖാന്തിരം തങ്ങൾക്ക് കിട്ടിയിരുന്നു. ഹാബിറ്റാറ്റ് നൽകിയ ചില രേഖകളാണ് കിട്ടിയത്. ഇത് പരിഷ്കരിച്ചാണ് കരാർ രേഖയാക്കി സമർപ്പിച്ചത് എന്നാണ് മൊഴി. മുഖ്യമന്ത്രി മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്‍റെ നിർദേശാനുസരണമാണ് താൻ എല്ലാക്കാര്യങ്ങളും ചെയ്തതെന്നും നടപടി ക്രമങ്ങളുടെ ഭാഗമായിരുന്നെന്നുമാണ് യുവി ജോസ് പറഞ്ഞതും പരിശോധനയിലാണ്.

മെയിൽ ചെയ്തത് എന്തിന്

പദ്ധതിക്കായി ഹാബിറ്റാറ്റ് സമര്‍പ്പിച്ചിരുന്ന പ്ലാനും റിപ്പോര്‍ട്ടുകളുമാണ് യുവി ജോസ് സരിത്തിന് മെയില്‍ ചെയ്തത്. ഇതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ഇഡി കണ്ടെടുത്തു. അതേസമയം, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിന്റെ വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് വിവരങ്ങള്‍ സരിത്തിന് കൈമാറിയതെന്ന് യുവി ജോസ് ഇഡിക്ക് മൊഴി നല്‍കി.

ഹാബിറ്റാറ്റിനെ വെട്ടി യൂണിടാക് വന്ന വഴി

ലൈഫ് മിഷന്‍ പദ്ധതിയുടെ പ്രോജക്റ്റ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി ആദ്യം നിയോഗിച്ചത് ഹാബിറ്റാറ്റിനെയായിരുന്നു. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലും ലൈഫ് മിഷനിലും ഉള്‍പ്പെടെ പദ്ധതിയുടെ പ്ലാന്‍, മണ്ണ് പരിശോധന റിപ്പോര്‍ട്ട്, പ്രോജക്റ്റ് റിപ്പോര്‍ട്ട് എന്നിവ ഹാബിറ്റാറ്റ് സമര്‍പ്പിച്ചിരുന്നു. ഇവയാണ് ഇ-മെയില്‍ വഴി സരിത്തിന് ലഭിച്ചത്. അതിനുശേഷമാണ് ഹാബിറ്റാറ്റ് ഒഴിവാക്കപ്പെടുകയും സന്തോഷ് ഈപ്പന്റെ യൂണിടാകിന് കരാര്‍ ലഭിക്കുകയും ചെയ്തത്.

234 ഫ്ലാറ്റുകൾ 140 ആയ വഴി

ഹാബിറ്റാറ്റിന്റെ നിര്‍ദേശപ്രകാരം 234 ഫ്‌ളാറ്റുകളാണ് വടക്കാഞ്ചേരിയില്‍ നിര്‍മിക്കേണ്ടിയിരുന്നത്. എന്നാല്‍ ഹാബിറ്റാറ്റിന്റെ പ്ലാന്‍ വെട്ടിക്കുറച്ച് 140 ഫ്‌ളാറ്റുകളായി കുറച്ചു. കരാര്‍ യൂണിടാക്കിന് കൊടുക്കാനും കമ്മീഷന്‍ ഇടപാടിനുമുള്ള ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്ന സമയത്താണ് യുവി ജോസ് നിര്‍ണായക വിവരങ്ങള്‍ സരിത്തിന് കൈമാറിയതെന്നാണ് ഇഡി പുറത്തു വിട്ട വാർത്ത.

സ്പേസ് പാർക്കിലെ സ്വപ്ന സുരേഷിന്‍റെ വഴിവിട്ട നിയമനം ലൈഫ് മിഷൻ കോഴയ്ക്കുളള പ്രതിഫലമായിരുന്നോ. ശിവശങ്കർ ഇടപെട്ടാണ് സ്വപ്നയ്ക്ക് സ്പേസ് പാർക്കിൽ ജോലി തരപ്പെടുത്തിയതെന്ന് ആരോപണമുണ്ടായിരുന്നു. ഇതറിയാലാണ് സ്പേസ് പാർക് സ്പെഷൽ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പിനെ വിളിച്ചുവരുത്തിയത്. സ്വപ്നയ്ക്ക് നിയമനം നൽകിയ പ്രൈസ് വാട്ടർ കൂപ്പേഴ്സിന്‍റെ അസോസിയേറ്റ് ഡയറക്ർ പ്രതാപ് നായരേയും വിളിച്ചുവരുത്തിയിരുന്നു. 

കോൺഗ്രസ് പുനഃസംഘടനയ്ക്ക് ഏഴംഗ ഉപസമിതി

ഡിസിസി, ബ്ലോക്ക് പുനഃസംഘടന പ്രവര്‍ത്തനങ്ങള്‍ പൂർത്തീകരിക്കാനായി ഏഴംഗ ഉപസമിതിയെ രൂപീകരിച്ചു. കൊടിക്കുന്നിൽ സുരേഷ് എം പി, അഡ്വ. ടി സിദ്ധിക്ക് എംഎൽഎ, കെ സി ജോസഫ്, എ പി അനിൽ കുമാർ എംഎൽഎ, ജോസഫ് വാഴക്കൻ,അഡ്വ കെ ജയന്ത് , അഡ്വ. എം ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങൾ. 

ജില്ലകളിൽ നിന്ന് പുനഃസംഘടനാ സമിതി കെപിസിസിക്ക് കൈമാറിയ ഡിസിസി ഭാരവാഹികളുടെയും, ബ്ലോക്ക്‌ പ്രസിഡന്റ്റുമാരുടെയും ലിസ്റ്റിൽ നിന്നും അന്തിമ പട്ടിക രൂപീകരിക്കുകയാണ് ഉപസമിതിയുടെ ദൗത്യം. ജില്ലാതല ഉപസമിതികൾ കെപിസിസിക്ക് സമർപ്പിച്ചിട്ടുള്ള പട്ടിക പരിശോധിച്ച് പത്ത് ദിവസത്തിനകം ജില്ലാ ബ്ലോക്ക് തല പുനഃസംഘടന പട്ടിക കെപിസിസിക്ക് കൈമാറുവാൻ ഉപസമിതിക്ക് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ നിർദ്ദേശം നൽകി.

ഇതോടെ കെപിസിസി പുനഃസംഘടന അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചും എല്ലാവരുമായും ചര്‍ച്ച നടത്തിയും പരാതിരഹിതവുമായിട്ടാണ് പുനഃസംഘടന പ്രക്രിയയുമായി കെപിസിസി മുന്നോട്ട് പോയതെന്നും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ പറഞ്ഞു.

ഐസിയുവിൽ മയക്കത്തിലായ യുവതിക്കെതിരായ പീഡനം; യൂറിൻ ബാഗ് നേരെയാക്കിയതാണെന്ന് ന്യായീകരണം

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പീഡന പരാതിയില്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ ഉള്‍പ്പെടെ 15 പേരുടെ മൊഴി എടുത്തു. സംഭവദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യു.വില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി.

തൈറോയ്ഡ് ശസ്ത്രക്രിയക്കു ശേഷം ഐ.സി.യു.വിലേക്ക് മാറ്റിയപ്പോള്‍ അറ്റന്‍ഡര്‍ ശശീന്ദ്രന്‍ (55) വസ്ത്രം മാറ്റി യുവതിയുടെ സ്വകാര്യ ഭാഗങ്ങള്‍ സ്പര്‍ശിച്ചെന്നാണ് പരാതി. യുവതിയുടെ വസ്ത്രങ്ങള്‍ സ്ഥാനം മാറിക്കിടക്കുന്നതു കണ്ടതായി മൊഴിയുണ്ട്. ഇത് സബന്ധിച്ച് അറ്റന്‍ഡറോട് ചോദിച്ചിരുന്നതായി നഴ്സിൻ്റെ മൊഴി രേഖപ്പെടുത്തി. യൂറിന്‍ബാഗ് ഉണ്ടോ എന്ന് നോക്കിയതാണെന്നാണ് പ്രതി മറുപടി നല്‍കിയത്. തൈറോയ്ഡ് രോഗിക്ക് യൂറിന്‍ബാഗ് ആവശ്യമില്ലെന്ന് നിങ്ങള്‍ക്ക് അറിയില്ലേയെന്ന് ചോദിച്ച് ശശീന്ദ്രനെ ഇവർ അപ്പോൾ തന്നെ ശകാരിച്ചിരുന്നു.

യുവതിയുടെ രഹസ്യ മൊഴിയെടുക്കാനും ശാസ്ത്രീയ പരിശോധനകള്‍ നടത്താനും പൊലീസ് തീരുമാനിച്ചു.സംഭവദിവസമുണ്ടായിരുന്ന കൂട്ടിരിപ്പുകാരുടെയും യുവതിയുടെ ഭര്‍ത്താവിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി ശശീന്ദ്രന്‍ മുന്‍പ് ഒരു നഴ്‌സിനോട് അതിക്രമത്തിന് ശ്രമിച്ചിരുന്നു എന്ന വിവരവും പോലീസിന് പരിശോധിക്കുന്നു.

വടകര മയ്യന്നൂര്‍ സ്വദേശിയായ രവീന്ദ്രനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. കൃത്യം ചെയ്ത ശേഷം സ്‌കൂള്‍ സഹപാഠികളായിരുന്നവര്‍ക്കൊപ്പം വിനോദയാത്ര പോയിരിക്കുകയായിരുന്നു പ്രതി. യാത്രകഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.

മാസ്ക് മറക്കാനായില്ല, ആശുപത്രികളിൽ എത്തുന്നവർക്ക് നിർബന്ധമാക്കി

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധന. ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. ആകെ 1026 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 111 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. കോവിഡ് രോഗികള്‍ വര്‍ധിക്കുന്നത് മുന്നില്‍ക്കണ്ട് ഐസിയു, വെന്റിലേറ്റര്‍ ആശുപത്രി സംവിധാനങ്ങള്‍ കൂടുതല്‍ നീക്കിവെക്കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

പുതിയ വകഭേദം വന്നിട്ടുണ്ടോയെന്നറിയാന്‍ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കും.

കോവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. അതിനാല്‍ സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. കോവിഡ് പ്രതിരോധത്തിന് മാസ്‌ക് ധരിക്കേണ്ടതാണ്. മറ്റ് രോഗമുള്ളവരും പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് കൃത്യമായി ധരിക്കണം. ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി അറിയിച്ചു.

ഡി സി സി പ്രസിഡൻ്റിൻ്റെ വീട്ടിൽ കേന്ദ്ര ഏജൻസികളുടെ റെയിഡ്

ഡി സി സി സെക്രട്ടറിയുടെ വീട്ടിൽ ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റ് വിഭാഗവും റെയ്ഡ് നടത്തി. തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും ഒരുമിച്ചാണ് പരിശോധന. തിരുവനന്തപുരം മണ്ണന്തലയ്ക്ക് അടുത്തുള്ള വീട്ടിലായിരുന്നു പരിശോധന. ഇന്നലെ ഉച്ചയ്ക്ക് ശേഷം തുടങ്ങിയ പരിശോധന രാത്രി 8.30 വരെ നീണ്ടു.

നാദിറ സുരേഷിന്റെ ഭർത്താവ് സുരേഷ് കുമാറിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്നാണ് വിശദീകരണം. സുരേഷും ഫാരിസ് അബൂബക്കറുമായുള്ള ബന്ധം അന്വേഷണത്തിൻഅറെ ഭാഗമാണ്.

“ഹിന്ദുത്വയെ തോല്‍പിക്കാന്‍ സത്യത്തിനു മാത്രമേ കഴിയൂ, തുല്യത എന്നതാണ് ആ സത്യം” ‘ട്വീറ്റിൻ്റെ പേരിൽ കന്നഡ നടൻ അറസ്റ്റിൽ

0

 ഹിന്ദുത്വ വാദികളെ കളിയാക്കി ട്വീറ്റ് ചെയ്തതതിന് കന്നഡ നടന്‍ ചേതന്‍ അഹിംസ (ചേതന്‍ കുമാര്‍) അറസ്റ്റില്‍. ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകളിലാണെന്ന ട്വീറ്റിന്റെ പേരിലാണ് ശേഷാദ്രിപുരം പോലീസ് ചൊവ്വാഴ്ച നടനെ അറസ്റ്റ് ചെയ്തത്.

ഹിന്ദുത്വയെ തോല്‍പിക്കാന്‍ സത്യത്തിനു മാത്രമേ കഴിയൂ എന്നും തുല്യത എന്നതാണ് ആ സത്യം എന്നും ട്വീറ്റില്‍ ചൂണ്ടികാട്ടുന്നു.

മാര്‍ച്ച് 20-ന് നടത്തിയ ട്വീറ്റിനെതിരേ ശിവകുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയുടെ പേരിലാണ് അറസ്റ്റ്. ഹിന്ദുക്കളുടെ വികാരങ്ങളെ മുറിപ്പെടുത്തി എന്നാണ് പരാധിക്കാരൻ്റെ ആരോപണം. സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനുള്ള പ്രകോപനം സൃഷ്ടിച്ചെന്നും ആരോപിച്ചാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295എ, 505(2) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകളിലാണെന്നായിരുന്നു ചേതന്‍ അഹിംസയുടെ ട്വീറ്റ്. സവര്‍ക്കര്‍, ബാബറി മസ്ജിദ്, ഉറി ഗൗഡ, നഞ്‌ജെ ഗൗഡ എന്നിങ്ങനെയുള്ള ഉദാഹരണങ്ങളും ട്വീറ്റില്‍ പറയുന്നുണ്ട്.

ആൻ്റിബയോട്ടിക്കുളുടെ അമിതോപയോഗത്തിനെതിരെ ഐസിഎംആർ

0

ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് കർശനനിർദേശവുമായി ഐ.സി.എം.ആർ. ബാക്ടീരിയൽ അണുബാധയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താതെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുത് എന്നാണ് മുന്നറിയിപ്പ്. ഉപയോഗിക്കരുതാത്ത ആന്റിബയോട്ടിക്കുകളുടെ പട്ടികയും ഐ.സി.എം.ആർ. പുറത്തുവിട്ടു.

ഒഴിവാക്കേണ്ട ആന്റിബയോട്ടിക്കുകൾ

  • ലോപിനാവിർ-റിറ്റോണാവിർ
  • ഹൈഡ്രോക്സിക്ലോറോക്വിൻ
  • ഐവർമെക്റ്റിൻ
  • കോൺവാലെസെന്റ് പ്ലാസ്മ
  • മോൾനുപിരാവിർ
  • ഫാവിപിരാവിർ
  • അസിത്രോമൈസിൻ
  • ഡോക്സിസൈക്ലിൻ

പലരും കൃത്യമായ ഡോസോ അളവോ ഇല്ലാതെയാണ് ആന്റിബയോട്ടിക് ഉപയോ​ഗിക്കുന്നത്. ലക്ഷണങ്ങൾ ഭേദപ്പെടുമ്പോൾ തന്നെ അവ നിർത്തുകയും ചെയ്യുന്നു. ഈ ശീലം നിർത്തിയില്ലെങ്കിൽ ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്നും യഥാർഥത്തിൽ ആന്റിബയോട്ടിക് എടുക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ അവ ഫലിക്കാതെ വരികയും ചെയ്യുമെന്നാണ് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നത്.

ഡയേറിയ കേസുകളിൽ 70 ശതമാനവും വൈറലാണ്, അവയ്ക്ക് ആന്റിബയോട്ടിക് കഴിക്കേണ്ട കാര്യമില്ല. പക്ഷേ അത്തരം സാഹചര്യത്തിലും ഡോക്ടർമാർ ആന്റിബയോട്ടിക് നിർദേശിക്കുന്നുണ്ടെന്ന്. അമോക്സിലിൻ, അമോക്സിക്ലാവ്, നോർഫ്ലൊക്സാസിൻ, സിപ്രോഫ്ളോക്സാസിൻ, ലെവോഫ്ളൊക്സാസിൻ തുടങ്ങിയവയാണ് കൂടുതൽ ദുരുപയോ​ഗം ചെയ്യപ്പെടുന്ന ആന്റിബയോട്ടിക്കുകൾ എന്ന് ഐ.എം.എ. വ്യക്തമാക്കിയിരുന്നു. അണുബാധ ബാക്റ്റീരിയൽ ആണോ അല്ലയോ എന്ന് ഉറപ്പായതിനുശേഷം മാത്രമേ ആന്റിബയോട്ടിക് നിർദേശിക്കാവൂ എന്ന് ഐ.എം.എ. നിർദേശിക്കുകയുണ്ടായി.

ആന്റിബയോട്ടിക് റെസിസ്റ്റൻസ്

ബാക്ടീരിയകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തുകയോ അനുരൂപമാക്കുകയോ ചെയ്യുന്നതിലൂടെ അവയെ ഫലശൂന്യമാക്കുന്ന ബാക്ടീരിയയുടെ ആർജ്ജിത പ്രതിരോധശേഷിയെയാണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്നു വിളിക്കുന്നത്.

കോവിഡ് സാഹചര്യവും കരുതണം

രാജ്യത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ മറ്റെന്തെങ്കിലും വൈറൽബാധയുള്ള രോഗികളിൽ കോവിഡ് ഗുരുതരമായേക്കാം. അതിനാൽ, പ്രത്യേക ജാഗ്രത പുലർത്തണം. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, അഞ്ചുദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പനി, ചുമ എന്നിവ കണ്ടാൽ ഉടനടി വൈദ്യസഹായം തേടണം. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നതുൾപ്പെടെയുള്ള മറ്റുമാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം.

കഴിഞ്ഞയാഴ്ചമുതൽ രാജ്യത്ത് കോവിഡ് വർധിക്കുന്നുണ്ട്. തുടർന്ന് കേരളം, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ നിരീക്ഷണവും ജാഗ്രതയും ശകതമാക്കണമെന്ന് ആരോഗ്യമന്ത്രാലയം കത്തെഴുതിയിരുന്നു.