ഇ ഡി ഡയറക്ടറുടെ കലാവധി വീണ്ടും നീട്ടാൻ ഓർഡിനൻസ്; എതിരായ ഹരജിയിൽ പാർട്ടി നോക്കിയല്ല കേസ് പരിഗണിക്കുന്നത് എന്ന് കേന്ദ്രത്തെ ഓർമ്മപ്പെടുത്തി സുപ്രീം കോടതി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി വീണ്ടും നീട്ടിയതിനെതിരായ ഹര്‍ജിക്കാര്‍, കോണ്‍ഗ്രസുകാരാണോ ബിജെപിക്കാരാണോ എന്നത് തങ്ങളുടെ വിഷയമല്ലെന്ന് സുപ്രീം കോടതി. ഹര്‍ജി നിയമപരമായി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സുപ്രീം കോടതിയെയും മറികടക്കാൻ

2018 ലാണ് സഞ്ജയ് കുമാര്‍ മിശ്രയെ ഇ.ഡി. ഡയറക്ടായി ആദ്യം നിയമിക്കുന്നത്. ആ കാലാവധി 2020 നവംബറില്‍ അവസാനിച്ചിരുന്നു. 2020 മേയ് മാസം മിശ്രയ്ക്ക് 60 വയസ് പൂര്‍ത്തിയായിരുന്നു. 2020 നവംബര്‍ 13-ന് ഇ.ഡി. ഡയറക്ടറുടെ കാലാവധി രണ്ട് വര്‍ഷത്തില്‍നിന്ന് മൂന്ന് വര്‍ഷമായി ഉയര്‍ത്തി വിജ്ഞാപനം ഇറക്കി. വിജ്ഞാപനം സുപ്രീം കോടതി ശരിവെച്ചെങ്കിലും മിശ്രയ്ക്ക് ഇനി കാലാവധി നീട്ടരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിനുശേഷം ഇ.ഡി. ഡയറക്‌റാരുടെ കാലാവധി 5 വര്‍ഷംവരെ നീട്ടാന്‍ അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് കേന്ദ്രം പുറത്തിറക്കി. ഇതിനെതിരായ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

നീട്ടിവെക്കാനും കാരണം തേടി

സോളിസിറ്റര്‍ ജനറലിന്റെ അസൗകര്യം ചൂണ്ടിക്കാട്ടി ഹര്‍ജി കേള്‍ക്കുന്നത് നീട്ടിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിലും സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി.

ഹര്‍ജി പരിഗണനക്കെടുത്തപ്പോള്‍ സോളിസിറ്റര്‍ ജനറലിന്റെ അസൗകര്യം ചൂണ്ടിക്കാട്ടി മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഈ ഹര്‍ജി കേള്‍ക്കുന്നത് നിരന്തരം നീട്ടിവെക്കണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കാര്‍ നടപടിയില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. തുടര്‍ന്ന് സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി നൽകി.

പരാതി നൽകിയത്

സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടിയതിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ ഡോ. ജയാ താക്കൂര്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവര്‍ ഉള്‍പ്പടെയുള്ളവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. കോണ്‍ഗ്രസിന്റെ പല മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയും ഇ.ഡിയുടെ അന്വേഷണം നടക്കുന്നതിനാലാണ് പാര്‍ട്ടി നേതാക്കള്‍ ഹര്‍ജി ഫയല്‍ ചെയ്തത് എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ആരോപണം. ഇക്കാര്യം ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി ചൂണ്ടിക്കാട്ടിയപ്പോഴാണ് സുപ്രീം കോടതി ഹര്‍ജിക്കാരുടെ രാഷ്ട്രീയം തങ്ങള്‍ക്ക് വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടിയത്.

ഫ്രാൻസിനെ ഇനി എംബാപ്പെ നയിക്കും

ഫ്രാന്‍സ് ദേശീയ ഫുട്‌ബോള്‍ ടീമിൻ്റെ നായകനായി സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെ തിരഞ്ഞെടുത്തു. ടോട്ടനം ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചതോടെയാണ് നിയമനം. പുതിയ ക്യാപ്റ്റൻ്റെ സ്ഥാനാരോഹണം സംബന്ധിച്ച ഫ്രാന്‍സ് ദേശീയ ടീമിന്റെ ഔദ്യോഗിക അറിയിപ്പ് ഉടന്‍ ഉണ്ടാവും.

കഴിഞ്ഞ ജനുവരിയിലാണ് ഫ്രാന്‍സ് ദേശീയ ടീമില്‍ നിന്ന് നായകനായിരുന്ന ഹ്യൂഗോ ലോറിസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2018 ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിന്റെ നായകനായിരുന്ന ഇദ്ദേഹം 2022 ലോകകപ്പ് ഫൈനലിലും ടീമിനെ എത്തിച്ചു. ഫൈനലില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. പിഎസ്ജി യുടെ സൂപ്പര്‍താരം എംബാപ്പെയുയും വരവ് ടീമിന് പുതു ജീവൻ നൽകും എന്നാണ് വിലയിരുത്തൽ.

സൂപ്പര്‍താരത്തിന്റെ ഗോളടിമികവിലാണ് ഫ്രാന്‍സ് ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്. ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരേ പരാജയപ്പെട്ടെങ്കിലും ഹാട്രിക് നേടിയ എംബാപ്പെയുടെ പ്രകടനം ഏവരുടേയും മനം കവര്‍ന്നു. എട്ടുഗോളുകളോടെ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് കരസ്ഥമാക്കിയാണ് സൂപ്പര്‍താരം ഖത്തറില്‍ നിന്ന് മടങ്ങിയത്. 2018 ല്‍ ലോകകപ്പ് ജേതാവായ എംബാപ്പെ ടൂര്‍ണമെന്റിലെ മികച്ച യുവതാരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫ്രഞ്ച് ദേശീയ ടീമിനായി 66 മത്സരങ്ങള്‍ കളിച്ച എംബാപ്പെ 36 ഗോളുകളും നേടിയിട്ടുണ്ട്.

ക്ലബ്ബ് ഫുട്‌ബോളില്‍ പിഎസ്ജിയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് എംബാപ്പെ. ശനിയാഴ്ച നെതര്‍ലന്‍ഡ്‌സിനെതിരായ 2024 യൂറോ ക്വാളിഫയര്‍ മത്സരത്തില്‍ ഫ്രാന്‍സിനെ എംബാപ്പെ നയിക്കും.

CUET, UG വർഷത്തിൽ മൂന്ന്, നീറ്റ് ഒറ്റത്തവണ മാത്രം

വർഷത്തിൽ ഒരുതവണ മാത്രമേ നീറ്റ് യു.ജി. പരീക്ഷ നടത്തുകയുള്ളൂ എന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ ലോക്‌സഭയെ അറിയിച്ചു. ജെ.ഇ.ഇ. (മെയിൻ) മാതൃകയിൽ വർഷത്തിൽ രണ്ടുതവണ നീറ്റ് നടത്തുന്ന വിഷയം പരിഗണനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കൽ പ്രവേശനം സുതാര്യമാക്കാൻ നീറ്റ് സഹായിച്ചിട്ടുണ്ട്. വർഷത്തിൽ ഒരുതവണമാത്രമേ നീറ്റ് യു.ജി. നടത്തൂവെന്ന് ദേശീയ മെഡിക്കൽ കമ്മിഷനും അറിയിച്ചിട്ടുണ്ട്.

അതേസമയം, ബിരുദപ്രവേശനത്തിനായുള്ള സി.യു.ഇ.ടി. യു.ജി. ഈ വർഷം മൂന്ന് ഷിഫ്റ്റുകളിലായി നടത്തും.

 NEET UG 2023, CUET UG 2023

കെട്ടിട നികുതി കുത്തനെ കൂടും, ഭൂമിയുടെ ന്യായവിലയും പരിഗണിച്ചാവും

നഗരസഭകളിലെയും ഗ്രാമപഞ്ചായത്തുകളിലെയും കെട്ടിട നികുതി അവ നില്‍ക്കുന്ന സ്ഥലത്തിന് അനുസരിച്ച് വര്‍ധിക്കും. ഭൂമിയുടെ ന്യായ വില കൂടി കണക്കിലെടുത്ത് ഓരോ പ്രദേശത്തെയും നികുതി കണക്കാക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. ഇതിനുള്ള ബില്ല് അടുത്ത ദിവസം പരിഗണിക്കും.
ഇതുവരെ മൂന്നു മേഖലകളായി തിരിച്ചായിരുന്നു നികുതി നിര്‍ണ്ണയം. ഇനി മുതല്‍ ഓരോ വര്‍ഷവും അഞ്ചു ശതമാനത്തില്‍ കുറയാത്ത വര്‍ധനവും ഏര്‍പ്പെടുത്തും. പിഴ രണ്ടു ശതമാനമാവും. നികുതി അടച്ചില്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് വസ്തുവകകള്‍ കണ്ടു കെട്ടാനും അധികാരമുണ്ടാവും.

പേടിയില്ല, ഇന്ത്യയെന്നാല്‍ മോഡിയും ആര്‍ എസ് എസ്സുമല്ല- രാഹുല്‍ ഗാന്ധി

ഇന്ത്യ എന്നത് നരേന്ദ്ര മോദിയും ബി.ജെ.പിയും അല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്ന് ആവർത്തിച്ച രാഹുൽ ഗാന്ധി, രാജ്യത്തെ സ്വതന്ത്ര സംവിധാനത്തെ ബി.ജെ.പിയും ആർ.എസ്.എസും തകർക്കുകയാണെന്ന കാര്യം പറഞ്ഞുകൊണ്ടേയിരിക്കുമെന്നും വ്യക്തമാക്കി.

‘പ്രധാനമന്ത്രിയും ബി.ജെ.പിയും ആർ.എസ്.എസും വിചാരിക്കുന്നത് അവരാണ് ഇന്ത്യ എന്നാണ്. എന്നാൽ, പ്രധാനമന്ത്രി രാജ്യത്തെ ഒരു പൗരൻ മാത്രമാണ്. പ്രധാനമന്ത്രിയേയും ആർ.എസ്.എസിനേയും ബി.ജെ.പിയേയും വിമർശിക്കുന്നത് രാജ്യത്തിനെതിരായ വിമർശനമായി കാണേണ്ടതില്ല’,

അതേസമയം, ഇന്ത്യയിലെ സ്വതന്ത്രമായ ഒരു സംവിധാനത്തെ വിമർശിക്കുക എന്നത് ഇന്ത്യയെ വിമർശിക്കുന്നതിന് തുല്യമാണെന്ന് രാഹുൽ പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലൈഫ് മിഷൻകേസിൽ യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ അറസ്റ്റിൽ

ലൈഫ് മിഷൻകേസിൽ യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ഏറ്റെടുത്ത സന്തോഷ് ഈപ്പനാണ് നാലുകോടിയോളം രൂപ കോഴ നൽകിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസിൽ രണ്ടാമത്തെ അറസ്റ്റാണിത്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്റെ ഭാഗമായി ഫ്ലാറ്റ് കെട്ടിടം നിർമ്മിക്കാനുള്ള കരാർ സന്തോഷ് ഈപ്പന്റെ കമ്പനിക്കായിരുന്നു.

സന്തോഷ് ഈപ്പൻ പ്രതികൾക്ക് നാല് കോടിയിലധികം രൂപ കോഴ നൽകിയെന്നാണ് കണ്ടെത്തൽ. സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്ന് കിട്ടിയ ഒരു കോടി രൂപയും ഇതിലുൾപ്പെട്ടതാണെന്നാണ് കണ്ടെത്തൽ. യുഎഇ കോൺസുലേറ്റിലെ ഖാലിദ് അടക്കമുള്ളവർക്ക് ഇത്തരത്തിൽ പണം നൽകിയിട്ടുണ്ട്. 20 കോടി രൂപയാണ് യുഎഇ റെഡ് ക്രസന്റ് വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണത്തിനായി നൽകിയത്. ഇതിലെ 20 ശതമാനത്തോളം തുകയാണ് കമ്മീഷനായി നൽകിയത്. പണം ഡോളറുകളാക്കിയാണ് ഖാലിദ് അടക്കമുള്ള പ്രതികൾക്ക് നൽകിയത്. കേസിൽ എം ശിവശങ്കറിനെ ഇഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നു, കള്ളപ്പണം കൈമാറി, ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ച് പണം ഡോളറുകളാക്കി മാറ്റി, കോഴപ്പണം നൽകി തുടങ്ങി നിരവധി ആരോപണങ്ങൾ ഇദ്ദേഹത്തിനെതിരെയുണ്ട്. സ്വപ്ന സുരേഷിന്റെ മൊഴിയിലും സന്തോഷിനെതിരെ വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. 

ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി, സത്യം ജയിച്ചെന്ന് എതിർ സ്ഥാനാർഥി ഡി കുമാർ

ദേവികുളം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ നടപടി നടപടിയിൽ സിപിഐഎം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ രാജ മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ദേവികുളം സിപിഐഎം എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹെെക്കോടതി വിധി ജനാധിപത്യത്തിന്‍റെ വിജയമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ അഭിപ്രായപ്പെട്ടു.

ഒടുവിൽ സത്യം ജയിച്ചു

പ്രതികരണവുമായി ദേവികുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡി കുമാര്‍ രഗത്ത് എത്തി. കുമാറിന്റെ ഹര്‍ജി പരിഗണിച്ച ശേഷമാണ് എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയത്. ഒടുവില്‍ സത്യം ജയിച്ചെന്നായിരുന്നു കുമാറിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് സമയത്ത് തന്നെ കമ്മീഷന് പരാതി നല്‍കിയിരുന്നു. പക്ഷെ ഉദ്യോഗസ്ഥര്‍ ഭരണ കക്ഷി ആയതിനാല്‍ രാജയ്ക്ക് ഒപ്പം നിന്നു. ശരിയായ എല്ലാ തെളിവുകളും ഹാജരാക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. 

ആരുടെ താത്പര്യമായിരുന്നു

സംവരണ സീറ്റില്‍ മത്സരിക്കാന്‍ എ രാജയ്ക്ക് യോഗ്യതയില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു. പട്ടിക ജാതി, പട്ടിക വര്‍ഗ സംവരണ സീറ്റാണ് ദേവികുളത്തേത്. എ രാജ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളല്ലെന്ന് നോമിനേഷന്‍ നല്‍കിയ ഘട്ടത്തില്‍ തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു.

എ രാജ മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ആളാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ഹൈക്കോടതിയോട് ഡി കുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഹൈക്കോടതി നിലവില്‍ പരിഗണിച്ചിട്ടില്ല.

2021ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് എ രാജ സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ദേവികുളത്തുനിന്ന് വിജയം നേടുന്നത്. തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ തന്നെ എ രാജയുടെ ജാതിസര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. എ രാജ സമര്‍പ്പിച്ചത് വ്യാജ ജാതിസര്‍ട്ടിഫിക്കറ്റാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എ രാജയുടെ ഭാര്യയും മക്കളും ക്രൈസ്തവ വിശ്വാസം തുടരുന്നവരാണെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. ദീര്‍ഘകാലം എംഎല്‍എയായിരുന്ന എസ് രാജേന്ദ്രനെ മാറ്റിയാണ് സിപിഐഎം ഇത്തവണ യുവ നേതാവായ എ രാജയെ മത്സരിപ്പിച്ചത്.

ഐശ്വര്യ രജനീകാന്തിൻ്റെ വീട്ടിലെ വൻ ആഭരണ ശേഖരം കാണാതായി

സംവിധായകയും ഗായികയുമായ ഐശ്വര്യ രജനികാന്തിൻ്റെ വീട്ടിൽ മോഷണം. ലക്ഷങ്ങൾ വിലമതിക്കുന്ന നിരവധി സ്വർണാഭരണങ്ങളും രത്‌നങ്ങളും വീട്ടിൽ നിന്നും കാണാതായതായി ഇവർതെയ്‌നാമ്പേട്ട് പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച പരാതി നൽകി.

പ്രതികളെന്ന് സംശയിക്കുന്നവരുടെ പേര് വിവരങ്ങൾ ഐശ്വര്യ പൊലീസിന് കൈമാറി. രണ്ടു പേർ വീട്ടിൽ ജോലി ചെയ്തിരുന്നവരാണ്.

ഡയമണ്ട് സെറ്റുകൾ, അൺകട്ട് ഡയമണ്ട്, ടെംപിൾ ജ്വല്ലറി കളക്ഷൻ, ആന്റിക് ഗോൾഡ് പീസുകൾ, നവരത്‌നം സെറ്റ്, അറം നെക്ക്‌ലേസ്, 60 പവന്റെ വളകൾ എന്നിവയാണ് ഐശ്വര്യയുടെ വീട്ടിൽ നിന്ന് കാണാതായിട്ടുള്ളത്. എഫ്‌ഐആറിൽ 3.6 ലക്ഷം രൂപയുടെ മോഷണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2019 ൽ സഹോദരി സൗന്ദര്യയുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ഈ ആഭരണങ്ങളെല്ലാം വീട്ടിലെ ലോക്കറിൽ വച്ചതായിരുന്നു. സെന്റ് മേരീസ് റോഡിലെ അപ്പാർട്ട്‌മെന്റിലായിരുന്നു സ്വർണം. കഴിഞ്ഞ ഏപ്രിൽ ഒൻപതിന് ഈ ലോക്കർ രജനികാന്തിന്റെ പയസ് ഗാർഡൻ വീട്ടിലേക്ക് മാറ്റിയിരുന്നു. ലോക്കറിന്റെ താക്കോൽ സെന്റ് മേരീസ് അപ്പാർട്ട്‌മെന്റിലെ അലമാരയിൽ തന്നെയാണ് സൂക്ഷിച്ചിരുന്നത്. ഇക്കാര്യം വീട്ടിലെ സഹായികൾക്ക് മാത്രമേ അറിയാമായിരുന്നുള്ളു എന്നതാണ് സംശയങ്ങൾക്ക് ഇടയാക്കിയത്.

റബറിന് വില കൂട്ടിയാൽ വോട്ട്; പ്രസ്താവനയ്ക്കും മുൻപ് ബിഷപ്പ് ബി ജെ പി നേതാക്കളെ കണ്ടു

റബ്ബറിന്റെ താങ്ങുവില 300 രൂപയാക്കിയാല്‍ ബിജെപിക്ക് എം പിമാർ ഇല്ലെന്ന സങ്കടം മാറ്റാം എന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന ബിജെപി നേതാക്കളെ കണ്ട ശേഷമായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ബിഷ്പ്പ് ഹൗസില്‍ വെച്ച് തന്നെയാണ് ബിജെപി നേതാക്കളും പാംപ്ലാനിയും തമ്മിൽ ചർച്ച നടന്നത്. ഇതിന് പിന്നാലെ ഞായറാഴ്ചയാണ് റബ്ബര്‍ വില വര്‍ധിപ്പിച്ചാല്‍ ബിജെപിക്ക് വോട്ട് നല്‍കാമെന്ന പ്രസ്താവന പാംപ്ലാനി നടത്തിയത്.

ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അരുണ്‍ തോമസ്, ജനറല്‍ സെക്രട്ടറി, ജോസ് എ വണ്‍, ലുയിസ്, എന്നീ നേതാക്കളാണ് ചൊവ്വാഴ്ച ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. ലവ് ജിഹാദ് പോലെയുള്ള സാമൂഹിക പ്രശ്‌നങ്ങളില്‍ ന്യൂനപക്ഷമോര്‍ച്ചയുടെ ഇടപെടല്‍ പ്രശംസനീയം ആണെന്ന് കൂടിക്കാഴ്ചയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടതായി ബിജെപി നേതാക്കള്‍ അറിയിച്ചു.

കത്തോലിക്കാ കോണ്‍ഗ്രസ് തലശ്ശേരി അതിരൂപത ശനിയാഴ്ച ആലക്കോട് സംഘടിപ്പിച്ച കര്‍ഷകറാലിയിലാണ് കര്‍ഷകരെ ബി.ജെ.പി. സഹായിച്ചാല്‍ തിരിച്ചും സഹായിക്കുമെന്ന് പാംപ്ലാനി വ്യക്തമാക്കിയത്. ബിഷപ്പിന്റെ പ്രസ്താവന പുറത്തായതോടെ സി.പി.എം., കോണ്‍ഗ്രസ് നേതാക്കള്‍ ഞായറാഴ്ച രംഗത്തെത്തിയിരുന്നു.

ബി.ജെ.പി.യോട് അയിത്തമൊന്നുമില്ല. പിന്തുണയ്ക്കുന്നതിന് മടിയുമില്ലെന്നും വിശദീകരണമായി ബിഷപ്പ് പറഞ്ഞിരുന്നു. ഇത് സഭയുടെ തീരുമാനമല്ലെന്നും കര്‍ഷകരുമായി കൂടിയാലോചിച്ച് എടുത്തതാണെന്നും ആയിരുന്നു ന്യായം.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കേരളത്തിലും എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരുമെന്ന നരേന്ദ്രമോദിയുടെ വാക്കുകള്‍ എല്ലാ വിഭാഗങ്ങളും ഏറ്റെടുക്കുകയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇതിനോട് പ്രതികരിച്ചത്.

മെഡിക്കൽ കോളിജിലെ സർജിക്കൽ ഐസിയുവിൽ മയക്കത്തിലായ യുവതിയെ പീഡിപ്പിച്ചു, ജീവനക്കാരൻ അറസ്റ്റിൽ

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പീഡനപരാതിയില്‍ ജീവനക്കാരനായ പ്രതി കസ്റ്റഡിയില്‍. മെഡിക്കല്‍ കോളേജിലെ അറ്റന്‍ഡറായ വടകര സ്വദേശി ശശീന്ദ്രനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വിശദമായ മൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തf. ഇയാളെ സർവ്വീസിൽ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ സര്‍ജിക്കല്‍ ഐ.സി.യുവില്‍ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. ശസ്ത്രക്രിയക്ക് ശേഷം മയക്കം പൂര്‍ണ്ണമായും മാറാത്ത അവസ്ഥയില്‍ തന്നെ ജീവനക്കാരന്‍ പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ മൊഴി.

കേസിൽ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെ മെഡിക്കല്‍ കോളേജ് അന്വേഷണസമിതിയെ നിയമിച്ചിരുന്നു. അഡീഷണല്‍ സൂപ്രണ്ട്, ആര്‍.എം.ഒ, നഴ്സിങ് സൂപ്രണ്ട് എന്നിവരാണ് സംഘത്തിലുള്ളത്. സമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു അറിയിച്ചത്.