ഫാരിസ് അബൂബക്കറിൻ്റെ വീട്ടിലും ഓഫീസുകളിലും കേന്ദ്ര ഏജൻസി റെയിഡ്

വിവാദ വ്യവസായി ഫാരിസ് അബൂബക്കറിൻ്റെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് വിവരം. കൊച്ചിയിലും കോഴിക്കോട് നന്തിയിലെ വീട്ടിലും ചെന്നൈയിലും ഒരേസമയമാണ്‌ പരിശോധന ആരംഭിച്ചിട്ടുള്ളത്.

തിങ്കളാഴ്ച രാവിലെ എട്ടുമണിമുതലാണ് പരിശോധന ആരംഭിച്ചത്. മുംബൈയിലും ഡല്‍ഹിയിലും ഒപ്പം റെയ്ഡ് നടക്കുന്നുണ്ട്. കൊച്ചിയിലേയും ചെന്നൈയിലേയും ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്.

ലാന്റ് ബാങ്കിന്റെ പേരിലുളള സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. നിലം ഭൂമിയടക്കം വാങ്ങി നികത്തി വൻകിട ഗ്രൂപ്പുകൾക്ക് കൈമാറിയെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ വിദേശത്ത് വെച്ച്  നടത്തിയതായും ആദായ നികുതി വകുപ്പ് കണ്ടെത്തി. ഫാരിസുമായി നടത്തിയ ഇടപാടുകളുടെ പശ്ചാത്തലത്തിൽ ശോഭാ ഡെവലപ്പേഴ്സിന്റെ ഓഫീസിലും സ്ഥാപനങ്ങളിലും ഇൻകം ടാക്സ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. തൃശൂരിലെ ഹെഡ് ഓഫീസിലാണ് പരിശോധന നടക്കുന്നത്.  

92 റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ ഫാരിസിൻ്റെ ബന്ധത്തിൽ ആദായനികുതി വകുപ്പ് അന്വേഷണ പരിധിയിലുണ്ട്. ഈ കമ്പനികളുടെ പേരില്‍ വിവിധയിടങ്ങളില്‍ ഫാരിസ് അബൂബക്കറിന് ഭൂമി ഇടപാടുകളുണ്ട് എന്നാണ് കണ്ടെത്തൽ. വിദേശത്ത് നിന്നടക്കം നിക്ഷേപമുണ്ട്. ചെന്നൈ ആസ്ഥാനമായി കാണിച്ചിരിക്കുന്ന കമ്പനികളില്‍ വിവിധ ഡയറക്ടര്‍മാരെയാണ് രേഖകളില്‍ കാണിച്ചിരിക്കുന്നത്. ഇവരില്‍ വിദേശത്തുനിന്നുള്ളവരും ഉൾപ്പെടും.

ഇപ്പോൾ ഫാരിസ് അബൂബക്കര്‍ ലണ്ടനിലാണെന്നാണ് സൂചന. അടിയന്തരമായി ഹാജരാകാന്‍ ആദായനികുതി വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. സി.പി.എമ്മുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പലവട്ടം ഫാരിസ് അബൂബക്കറിന്റെ പേര് ഉയര്‍ന്നിരുന്നു. പിണറായി വിജയനും മറ്റ് നേതാക്കള്‍ക്കുമെതിരെ വി.എസ്. അച്യുതാനന്ദന്‍ ഫാരിസ് അബൂബക്കറുമായുള്ള ബന്ധമാരോപിച്ച് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇദ്ദേഹം തുടങ്ങിയ പത്രം പിന്നീട് പൂട്ടിക്കുന്ന ഘട്ടം വരെ എത്തി.

തിങ്കളാഴ്ച മഴയ്ക്ക് സാധ്യത

0

സംസ്ഥാനത്ത് തിങ്കളാഴ്‌ച ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായസ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നും ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്‌.

കേരളത്തിലെ 6 ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. നാല് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പാർട്ടി അധോലോക നായകരുടെ കൈകളിലെന്ന് മുസ്ലീം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ

മലപ്പുറത്തെ മുസ്ലിം ലീഗ് എം.എൽ.എയും ആർ എസ് എസ്സുമായി ചർച്ച നടത്തിയെന്ന വാർത്ത ശരിവെച്ച് പാർട്ടി മുൻ സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ. മുസ്ലിം ലീഗിനെ ഇടത് പാളയത്തിലെത്തിക്കുകയാണ് ആർ.എസ്.എസ്. ലക്ഷ്യം. ഈ വാർത്ത ആർ എസ് എസ് തന്നെയാണ് പുറത്ത് വിട്ടത്. കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധിയായാണ് എം.എൽ.എ ചർച്ചക്ക് പോയതെന്നും ലീഗ് മുൻ സെക്രട്ടറി കെ.എസ് ഹംസ ആരോപിച്ചു. പാർട്ടിയെ അധോലോക നായകരിൽ നിന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

ബി.ജെ.പിയും സി.പിഎമ്മുമായി കുഞ്ഞാലിക്കുട്ടി ഒത്തുതീർപ്പുണ്ടാക്കുകയാണ്. അധികാര മോഹവും കള്ളപ്പണ ഇടപാടും ഉണ്ടായി. ഇതോടൊപ്പം ഹൈദരലി തങ്ങളെ ഇ.ഡി. ചോദ്യം ചെയ്തതും പാർട്ടി യോഗത്തിൽ ചോദ്യം ചെയ്തു. ഇതിന്റെ പ്രതികാരമായാണ് തന്നെ പുറത്താക്കിയത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഹംസ പറഞ്ഞു.സാദിഖലി ശിഹാബ് തങ്ങള്‍ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനവലയത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാര്‍ട്ടി പത്രത്തിന്റെ അക്കൗണ്ടുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ ഹൈദരലി ശിഹാബ് തങ്ങളെ പെടുത്താന്‍ ശ്രമിച്ചു. ആ ഭയവുമായാണ് അദ്ദേഹം മരണപ്പെട്ടത്. എ.ആര്‍. നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട കേസില്‍ ഇ.ഡി. ഇനിവരില്ലെന്നും അത് താന്‍ സെറ്റില്‍ ചെയ്തിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞെന്നും കെ.എസ്. ഹംസ വെളിപ്പെടുത്തി.

കെ.എസ്. ഹംസ പറഞ്ഞത്:

നേതൃത്വത്തെ വിമര്‍ശിച്ചുവെന്നാണ് തനിക്കെതിരയുള്ള ആരോപണം. തന്നെ കൗണ്‍സില്‍ പദവികളിലേക്കോ പാര്‍ട്ടി ഭാരവാഹിത്വത്തിലേക്കോ പരിഗണിക്കരുതെന്ന് സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കി. ഈ കത്ത് പിന്‍വലിക്കാന്‍ താന്‍ പലരേയും കണ്ടു. തങ്ങള്‍ക്ക് അതിന് താത്പര്യമുണ്ട്, പക്ഷേ കുഞ്ഞാലിക്കുട്ടി സമ്മതിക്കുന്നില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. സംഘടനയില്‍ ഏത് ഘടകത്തിലും മത്സരിക്കാന്‍ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. അതിന് പാകത്തില്‍ തിരഞ്ഞെടുപ്പുകള്‍ നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു.

കുഞ്ഞാലിക്കുട്ടി ഏത് പക്ഷത്താണെന്ന് പറയണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. ചോറ് യു.ഡി.എഫിലും കൂറ് എല്‍ഡിഎഫിലുമാണെന്നാണ് തന്റെ വിമര്‍ശനം. ഇത് രാഷ്ട്രീയനേതാവിന് ഭൂഷണമല്ലെന്ന് താന്‍ പറഞ്ഞു. ബി.ജെ.പിയുമായി രഹസ്യ ചങ്ങാത്തമാണ്. പേടിയും അഡ്ജസ്റ്റുമെന്റുമാണ്. ഇ.ഡിയെ പേടിച്ച് മോഡിയെ വിമര്‍ശിക്കില്ല, വിജിലന്‍സിനെ പേടിച്ച് വിജയനെ വിമര്‍ശിക്കില്ല. കെ.ടി. ജലീലിനെ തെറിപറഞ്ഞു നടക്കുകയായിരുന്നു. എ.ആര്‍. നഗര്‍ ബാങ്ക് ആരോപണം വന്നതോടെ ഒറ്റ ദിവസം കൊണ്ട് ജലീലിന്റെ കാലുപിടിച്ചു. ഇതോടെ ജലീല്‍ നിശബ്ദനായി. കുഞ്ഞാലിക്കുട്ടി രക്ഷപ്പെട്ടോട്ടെ, അണികളെ കബളിപ്പിക്കരുതല്ലോ.

കുഞ്ഞാലിക്കുട്ടി നാലു കൊല്ലത്തിനിടെ അഞ്ച് തവണ സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്ന് രാജിവെച്ച് കേന്ദ്രത്തില്‍ പോയി, തിരിച്ചുവന്നു. അത് ജനാധിപത്യത്തെ കളിയാക്കലാണ്, പൗരന്മാരെ കളിയാക്കലാണ്. ഇതാണ് യു.ഡി.എഫിന്റെ പരാജയത്തിന്റെ കാരണങ്ങളിലൊന്ന്. മാര്‍ക്‌സിസ്റ്റുകാരുടെ ഭാഷയാണ് ഹംസയുടേത് എന്നായിരുന്നു ഇതിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

ഹൈദരലി ശിഹാബ് തങ്ങളെ ഇ.ഡി. എന്തിനാണ് ചോദ്യം ചെയ്തത് എന്ന് ചോദിച്ചപ്പോള്‍, ചോദ്യം ചെയ്തിട്ടേയില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. രേഖകള്‍ കാണിച്ചപ്പോള്‍ കുരുമുളക് വള്ളി പറിക്കാനാണ് വന്നതെന്ന് പറഞ്ഞു. താന്‍ വീണ്ടും ഇക്കാര്യം ചോദിച്ചപ്പോള്‍ ഹംസ കഴിഞ്ഞ 25 വര്‍ഷമായി തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. 25 വര്‍ഷമായോ എന്നറിയില്ല, ഐസ്‌ക്രീം കേസിന് ശേഷമാണെന്ന് താന്‍ പറഞ്ഞു. ഇനി ഇ.ഡി. വരില്ല, അത് താന്‍ സെറ്റില്‍ ചെയ്തിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിന് ശേഷം അദ്ദേഹം പറഞ്ഞ കാര്യം ഇപ്പോള്‍ പറയുന്നില്ല, വേണമെങ്കില്‍ നിങ്ങള്‍ പിന്നീട് അറിയും.

പാര്‍ട്ടി കോംപ്രമൈസിന് ശ്രമിച്ചു. ഭാരവാഹിസ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് തന്നോട് ആവശ്യപ്പെട്ടു. താന്‍ തയ്യാറാവാതിരുന്നതോടെ നടപടിയുണ്ടാവുമെന്ന് അറിയിച്ചു. മത്സരിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നു. അത് ഒഴിവാക്കാനാണ് തലേന്ന് സസ്‌പെന്‍ഡ് ചെയ്തത്.

സംസ്ഥാന കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പ് അസാധുവാണ്. കോടതിയെ ധിക്കരിച്ച് തിരഞ്ഞെടുപ്പ് നടത്തിയത് ജനാധിപത്യ പാര്‍ട്ടിക്ക് ഭൂഷണമല്ല. കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജരേഖകള്‍ നിര്‍മിച്ചിട്ടുണ്ട്. ഇത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. തിരഞ്ഞെടുപ്പ് റദ്ദ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോവും.

നോട്ട് നിരോധനത്തിന് പിന്നാലെ ചന്ദ്രികയുടെ അക്കൗണ്ടില്‍ പത്ത് കോടി രൂപ വന്നു. ഇത് ആദായ നികുതി വകുപ്പ് കണ്ടെത്തിയതിന് പിന്നാലെ പിഴയടച്ചു. ഇ.ഡി. ചോദ്യം ചെയ്യുമെന്നായപ്പോള്‍ ഹൈദരലി തങ്ങളുടെ മുകളില്‍ ചാര്‍ത്താന്‍ ശ്രമിച്ചു. നിരപരാധിത്യം ബോധ്യമുണ്ടെങ്കിലും സൂക്ഷിക്കണമെന്ന് ഇഡി അദ്ദേഹത്തോട് പറഞ്ഞു. ഈ ഭയവുമായാണ് അദ്ദേഹം മരിക്കുന്നത്.

മൂലധനശക്തികളുടെ കരാളഹസ്തത്തിലാണ് നിലവില്‍ പാര്‍ട്ടി. നിഷ്‌കളങ്കരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടി, അധോലാക നായകരുടെ കരാളഹസ്തത്തില്‍ നിന്ന് പാര്‍ട്ടിയെ മോചിപ്പിക്കാനുള്ള പോരാട്ടത്തിലാണ് താന്‍. അത് അവസാനിപ്പിക്കില്ല.

കുഞ്ഞാലിക്കുട്ടി സാഹിബ് ഇരിക്കുമ്പോള്‍ പിണറായി വിജയനെക്കുറിച്ചും ബി.ജെ.പിയെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ തന്നെ പേടിയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നോട് പറഞ്ഞിട്ടുണ്ട്. ചര്‍ച്ച ചെയ്യുന്നത് അവിടെ എത്തുമെന്നാണ് അവര്‍ പറയുന്നത്. ലീഗ് എം.എല്‍.എയുമായി ചര്‍ച്ച നടത്തിയെന്ന് ആര്‍.എസ്.എസ്. നേതാക്കള്‍ പറഞ്ഞു. അത് ആരാണെന്ന് ലീഗ് വ്യക്തമാക്കണം. ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് വ്യക്തമാക്കാനുണ്ട്. കുഞ്ഞാലിക്കുട്ടിയല്ല അത്. അദ്ദേഹത്തിന്റെ ആവശ്യവുമായി പോയ എം.എല്‍.എയാണ്. ലീഗ് സി.പി.എമ്മിലേക്ക് പോകുന്നുവെന്ന പ്രചാരണത്തിന് ആര്‍.എസ്.എസുമായുള്ള ചര്‍ച്ചയുമായി ബന്ധമുണ്ട്. ലീഗും സി.പി.എമ്മുമായി ചേരണമെന്ന് ഇരുവരും ആഗ്രഹിക്കുന്നതിനേക്കാള്‍ ബി.ജെ.പി. ആഗ്രഹിക്കുന്നുണ്ട്. ഇതിന് ചരടുവലിക്കുന്നത് ബി.ജെ.പി.യാണ്, നാഗ്പുരില്‍ നിന്നാണ്. ലീഗ് സി.പി.എമ്മുമായി ചേര്‍ന്നാല്‍ രാജ്യത്ത് ചില രാഷ്ട്രീയ ധ്രുവീകരണം നടക്കും. സി.പി.എമ്മിന്റെ മതനിരപേക്ഷതയ്ക്ക് കോട്ടം തട്ടും. സി.പി.എമ്മിന്റെ ഹിന്ദു വോട്ട് ബി.ജെ.പിയിലേക്കും കോണ്‍ഗ്രസിലേക്കും പോവും. ഇത് ബി.ജെ.പിക്ക് നേട്ടമാവും. ലീഗ് എം.എല്‍.എ. ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയതിന് ഇതുമായി ബന്ധങ്ങളും ചിലമാനങ്ങളുമുണ്ട്. അത് വ്യക്തമാക്കണം. ചര്‍ച്ച നടത്തിയെന്ന പൂര്‍ണ്ണബോധ്യമുണ്ട്. ലീഗ് ഇടതുപക്ഷത്തിന്റെ ആലയില്‍ കൊണ്ടുകെട്ടാനുള്ള ചര്‍ച്ചയാണ് നടന്നത്. ജമാഅത്തെ ഇസ്ലാമിയുമായി ചര്‍ച്ച നടത്തിയ അതേസമയത്താണ് ഈ ചര്‍ച്ചയും നടന്നത്.

സാദിഖലി തങ്ങള്‍ പലരീതിയില്‍ കുഞ്ഞാലിക്കുട്ടിക്ക് കീഴടങ്ങുന്നുണ്ട്‌. എന്താണ് സ്വാധീനമെന്ന് പറയാന്‍ പറ്റുന്നില്ല, പലകാര്യങ്ങളും മോശമായതുണ്ട്. സരിതയുടെ ആരോപണങ്ങള്‍ അന്വേഷിച്ച ജസ്റ്റിസ് ശിവരാമന്‍ കമ്മിഷന്‍ സഭയില്‍ വെച്ച റിപ്പോര്‍ട്ടില്‍ 116-ാം പേജില്‍ ഒരുവാക്ക് പറഞ്ഞിട്ടുണ്ട്. ബഷീറലി ശിഹാബ് തങ്ങളുടെ അടുത്തേക്ക് സരിതയെ വിട്ടത് പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു എന്നാണത്. അതിന് ശേഷം കുറച്ച് കാര്യങ്ങള്‍ അതില്‍ പറയുന്നുണ്ട്, അത് താന്‍ ഇപ്പോള്‍ പറയുന്നില്ല. ഇതില്‍ നിന്ന് മനസ്സിലാക്കേണ്ട കുറച്ചുകാര്യങ്ങളുണ്ട്. അത് എല്ലാവര്‍ക്കും പാഠമാണ്. കുഞ്ഞാലിക്കുട്ടിയുടെ മാനിപ്പുലേഷന്‍ പലരീതിയിലാണ്. അങ്ങനെ ആരെയൊക്കെ കുടുക്കാന്‍ സാധിക്കുമോ എന്ന ചിന്തയാണ് അദ്ദേഹത്തിന്, അതിന് യാതൊരു ധാര്‍മ്മിക ചിന്തയും സത്യസന്ധതയും ജനാധിപത്യബോധവുമില്ല.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നിരുന്നെങ്കില്‍ എം.കെ. മുനീര്‍ ജയിക്കുമായിരുന്നു. പാര്‍ട്ടിയില്‍ ജനാധിപത്യമില്ല. തങ്ങള്‍ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനവലയത്തിലാണ്.

ഡ്രൈവിങ് ടെസ്റ്റിന് ഗിയർ ഇല്ലാത്ത കാർ ഓടിച്ചാലും മതി, കേരളത്തിലും ഉത്തരവായി

ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള എച്ച് എടുക്കലും, റോഡ് ടെസ്റ്റും ഇനി ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷൻ വാഹനങ്ങളും വൈദ്യുത വാഹനങ്ങളും ഉപയോഗിച്ചും ആവാം. കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണർ ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍.എം.വി.) ലൈസന്‍സിന് വാഹനത്തിന്റെ എന്‍ജിന്‍ ട്രാന്‍സ്മിഷന്‍ എന്നിവ പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്രനിര്‍ദേശം ഉണ്ടായിരുന്നു. ഇതിനു തുടർച്ചയായുള്ള നിയമ പ്രശ്നങ്ങൾ പരിഗണിച്ചാണ് ഉത്തരവ് എന്നാണറിയുന്നത്.

ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഉപയോഗിച്ചാണ് ലൈസന്‍സ് നേടുന്നതെങ്കിലും ഗിയര്‍ ഉള്ള വാഹനങ്ങള്‍ ഓടിക്കുന്നതില്‍ തടസ്സമുണ്ടാവില്ലെന്നാണ് കേന്ദ്ര നിയമ പ്രകാരം വ്യവസ്ഥയുള്ളത്. കാറുകള്‍ മുതല്‍ ട്രാവലര്‍ വരെ 7500 കിലോഗ്രാമില്‍ താഴെ ഭാരമുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് നേടുന്നതിനാണ് ഈ നിര്‍ദേശങ്ങള്‍ ബാധകമാകുക. ഇരുചക്ര വാഹനങ്ങള്‍ക്ക് മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍, മോട്ടോര്‍ സൈക്കിള്‍ വിത്ത് ഔട്ട് ഗിയര്‍ എന്നിങ്ങനെ പ്രത്യേകം ലൈസന്‍സുണ്ട്. ഇവ നാലു ചക്രവാഹനങ്ങളിൽ പിന്തുടരാത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കപ്പെട്ടിട്ടില്ല.

ഗിയർ വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഓട്ടോ മാറ്റിക് വാഹനങ്ങൾ എളുപ്പമാണ്. എന്നാൽ ഓട്ടോ മാറ്റികിൽ പരിശീലനം നേടി ലൈസൻസ് നേടുന്നവർക്ക് ഗിയർ വാഹനം ഓടിക്കാൻ പ്രത്യേകം പരിശീലിക്കേണ്ടി വരും. ഇത് ടെസ്റ്റിൽ ഉൾപ്പെടുത്താതെ വന്നാൽ റോഡിൽ ഉണ്ടാവുന്ന ആശയ കുഴപ്പവും അപകട സാധ്യതയും വർധിക്കില്ലെ എന്ന സംശയം നിലനിൽക്കുന്നുണ്ട്.

2019-ല്‍ സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കേന്ദ്ര ഗതാഗത മന്ത്രാലായം ഗിയർ ഇല്ലാത്ത വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാം എന്ന നിലയിൽ മാറ്റം വരുത്തിയിരുന്നെങ്കിലും കേരളം നടപ്പാക്കിയിരുന്നില്ല. ഓട്ടോമാറ്റിക്കോ മാന്വല്‍ ട്രാന്‍സ്മിഷന്‍ വാഹനങ്ങളോ ടെസ്റ്റിന് ഉപയോഗിക്കാമെന്നു കേന്ദ്ര അതോറിറ്റി നേരത്തെ തന്നെ ഉത്തരവ് ഇറക്കിയിരുന്നു. പുതിയ കാർ നിർമ്മാതാക്കളുടെ താത്പര്യവും ഇതിന് പിന്നിൽ ആരോപിക്കപ്പെട്ടു.

ഓട്ടോമാറ്റിക് വാഹനങ്ങള്‍ ലൈസന്‍സ് ടെസ്റ്റിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാര്‍ മുമ്പ് കോടതിയെ സമീപിച്ചിരുന്നു. ലൈസന്‍സ് നല്‍കുന്നതിനു നിലവിലുള്ള മാനദണ്ഡങ്ങളില്‍ പഠിതാവിന്റെ ഗിയര്‍ഷിഫ്റ്റ് രീതികളെ വിലയിരുത്തേണ്ടതുണ്ട്. അതിനാല്‍ കൃത്യമായ നിര്‍ദേശങ്ങള്‍ ഇല്ലാതെ ഏങ്ങനെ ടെസ്റ്റിങ് രീതിയില്‍ മാറ്റംവരുത്തുമെന്ന സംശയമാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ചിരുന്നത്. എന്നാൽ ഈ സംശയങ്ങൾ നിലനിൽക്കെ തന്നെ ഓട്ടോമാറ്റിക് വാഹനങ്ങൾ ഉപയോഗിച്ചുള്ള ടെസ്റ്റുകൾക്കും നിയമ പ്രാബല്യം ഉത്തരവിലൂടെ കൈവരികയാണ്.

അദാനിയെ കുറിച്ച് ചോദിക്കുമ്പോൾ പൊലീസിനെ അയച്ച് ഭീഷണി, രാഹുലിൻ്റെ വീട്ടിൽ പൊലീസ് എത്തിയതിനെതിരെ കോൺഗ്രസ്

ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമര്‍ശം സംബന്ധിച്ച് രാഹുല്‍ഗാന്ധിക്ക് പോലീസ് നോട്ടീസ് നൽകിയതിന് മറുപടിയുമായി കോണ്‍ഗ്രസ്. നോട്ടീസിന് യഥാസമയം നിയമപരമായിത്തന്നെ മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രാഹുല്‍ ചോദിക്കുമ്പോള്‍ അതിന് പോലീസ് സംവിധാനത്തെ ഉപയോഗിച്ച് മറയിടുകയാണ്. ഭാരത് ജോഡോ യാത്ര പൂര്‍ത്തിയായിട്ട് 45 ദിവസം കഴിഞ്ഞു. ചില സ്ത്രീകള്‍ നേരിട്ട അതിക്രമം, ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുലിനോട് തുറന്നു പറഞ്ഞത് വെളിപ്പെടുത്തിയിരുന്നു. ഇതിന് വിശദീകരണം തേടി എന്നവകാശപ്പെട്ടാണ് ഡൽഹി പൊലീസ് രാഹുലൻ്റെ വീട്ടിൽ എത്തിയത്. നോട്ടീസിന് യഥാസമയത്ത് നിയമപരമായിത്തന്നെ മറുപടി നല്‍കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

സര്‍ക്കാര്‍ ഭയപ്പെടുന്നുണ്ട് എന്നതിന്റെയും ജനാധിപത്യം, സ്ത്രീശാക്തീകരണം, അഭിപ്രായസ്വാതന്ത്ര്യം, പ്രതിപക്ഷം എന്നിവയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിന്റെയും തെളിവാണിതെന്ന് കോൺഗ്രസ് വെളിപ്പെടുത്തി.

രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് രാഹുല്‍ഗാന്ധിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് വീടിനു ചുറ്റും ബാരിക്കേഡുകള്‍ തീര്‍ത്തു. അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.

ഭാരത് ജോഡോ യാത്രയ്ക്കിടെ ശ്രീനഗറില്‍ നടന്ന സമാപന സമ്മേളനത്തില്‍ പ്രസംഗിക്കവേ, സ്ത്രീകള്‍ ഇപ്പോഴും ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയമാവുന്നതായി താന്‍ കേട്ടെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദീകരണം ലഭിക്കാനാണ് എന്നവകാശപ്പെട്ടാണ് ഡല്‍ഹി പോലീസ് രാഹുലിന്റെ വസതിയിലെത്തിയത്.

അടുത്ത അധ്യയന വർഷത്തേക്കുള്ള സ്കൂൾ യൂണിഫോം വിതരണം തുടങ്ങുന്നു, ചരിത്രം നേട്ടത്തിനായി വിദ്യാഭ്യാസ വകുപ്പ്

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള യൂണിഫോം വിതരണത്തില്‍ റെക്കോഡ് നേട്ടവുമായി സംസ്ഥാന സര്‍ക്കാര്‍. 2022-23 അധ്യയന വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് തന്നെ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള യൂണിഫോമുകള്‍ വിതരണം ചെയ്യും.

25-ന് രാവിലെ 11-ന് ഏലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കൈത്തറി യൂണിഫോം നല്‍കിയാണ് സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിക്കും.

സ്‌കൂളിനു സമീപത്തുള്ള ഏലൂര്‍ മുനിസിപ്പല്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി വി. ശിവന്‍കുട്ടി, മന്ത്രി പി. രാജീവ് തുടങ്ങിയവര്‍ പങ്കെടുക്കും. സമീപത്തെ മുഴുവന്‍ സ്‌കൂളുകളിലെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി പരിപാടിയെ ജനകീയ ഉത്സവമാക്കി മാറ്റുമെന്ന് ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ മന്ത്രി പറഞ്ഞു.

റബറിന് 300 രൂപയാക്കി തരൂ, ഒരു എം പി പേലുമില്ലെന്ന വിഷമം മാറ്റിത്തരാം, ബി ജെ പി യോട് തലശ്ശേരി ബിഷപ്

ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂനപക്ഷ ബെൽറ്റുകളിൽ ബി ജെ പി ശ്രദ്ധയൂന്നവേ കർഷകരെ മുൻനിർത്തി തലശ്ശേരി ബിഷപ്പിൻ്റെ വാഗ്ദാനം. തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയാണ് വാഗ്ദാനവുമായി പരസ്യ പ്രഖ്യാപനത്തിന് എത്തിയത്.

“ബി.ജെ.പിയെ സഹായിക്കാമെന്നല്ല ഞാന്‍ പറഞ്ഞത്. ഇപ്പോള്‍ ഞങ്ങളെ സഹായിക്കാന്‍ വേണ്ടി നയം രൂപീകരിക്കാന്‍ സാധിക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയ്ക്കാണ് അതു കൊണ്ടാണ് റബ്ബറിന്റെ ഇറക്കുമതി തീരുവയെ കുറിച്ച് തീരുമാനമെടുക്കുകയും റബ്ബറിന്റെ വില 300 രൂപയാക്കുകയും ചെയ്താല്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ഇവിടുത്തെ മലയോര കര്‍ഷകര്‍ തയ്യാറാകുമെന്നും പറഞ്ഞത്. കാരണം അവര്‍ അത്രയേറെ ഗതികേടിലാണ്. പലരും ജപ്തി ഭീഷണി നേരിടുന്ന സാഹചര്യമാണ്. അവരുടെ ആകെ വരുമാന മാര്‍ഗം റബ്ബര്‍ കൃഷിയാണ്. റബറിനെ ആരാണോ പിന്തുണയ്ക്കുന്നത് അവര്‍ക്ക് പിന്തുണ നല്‍കുമെന്ന് പറയുന്നത് മറ്റു രാഷ്ട്രീയ ലക്ഷ്യങ്ങളുടെ മറവിലല്ല. മറിച്ച് കര്‍ഷകന്റെ അവസ്ഥ അത്രമേല്‍ ദയനീയമാണ് എന്ന് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ്. കര്‍ഷകരെ സഹായിക്കുന്ന ഏത് മുന്നണിയേയും പിന്തുണയ്ക്കും. അത് ഇടതോ കോണ്‍ഗ്രസോ ബി.ജെ.പിയോ ആകട്ടെ.” അദ്ദേഹം വ്യക്തമാക്കി.

“റബ്ബര്‍ കര്‍ഷകര്‍ ഒരു ചെറിയ വിഭാഗമല്ല. കേരളത്തില്‍ ഏകദേശം 15 ലക്ഷത്തിലധികം കുടുംബങ്ങള്‍ റബ്ബറിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്.അവര്‍ ഇപ്പോള്‍ അനുഭവിക്കുന്നത് സമാനകളില്ലാത്ത പ്രതിസന്ധിയാണ്. ഒരു കിലോ റബ്ബറുത്പാദിപ്പിക്കാന്‍ 220 രൂപയ്ക്കടുത്ത് ചെലവുണ്ട്. എന്നാല്‍ കര്‍ഷകനു കിട്ടുന്നത് 120 രൂപയാണ്. അത് പരിഹരിക്കാന്‍ ആരാണോ സഹായിക്കുന്നത് അവര്‍ക്കൊപ്പം കര്‍ഷകര്‍ നില്‍ക്കും. ബി.ജെ.പിയാണ് സഹായിക്കുന്നതെങ്കില്‍ അവര്‍ക്കൊപ്പം നില്‍ക്കും. ഇടതു മുന്നണിയാണെങ്കില്‍ അവര്‍ക്കൊപ്പം. ഇതിനെ കത്തോലിക്കാ സഭയുടെ നിലപാടായി വ്യാഖ്യാനിക്കേണ്ട മതപരമായി ചിത്രീകരിക്കുകയും വേണ്ട.” സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനം വസ്തുതാപരമാണെന്നും ബി.ജെ.പി നേതാക്കള്‍ തങ്ങളെ സമീപിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ ആലക്കോട് നടന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലിയിലായിരുന്നു മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രതികരണം. റബ്ബറിനു 300 രൂപയാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാമെന്നും ബി.ജെ.പിയ്ക്ക് കേരളത്തില്‍ ഒരു എം.പി പോലുമില്ല എന്ന വിഷമം മാറ്റി തരാമെന്നുമായിരുന്നു ബിഷപ്പിന്റെ വാഗ്ദാനം.

സുപ്രീം കോടതി കൊളീജിയം നിനനിൽക്കുന്ന വ്യവസ്ഥയുടെ ഭാഗം; കേന്ദ്രത്തെ തള്ളി ചീഫ് ജസ്റ്റീസ്

സുപ്രീംകോടതി കൊളിജീയം രാജ്യത്ത് നിലനിൽക്കുന്ന വ്യവസ്ഥ തന്നെയാണെന്ന് ഓർമ്മപ്പെടുത്തി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. ജഡ്ജിനിയമനത്തിൽ ബാഹ്യഇടപെടൽ പ്രതിരോധിക്കേണ്ടതുണ്ടെന്നും.  ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത് ഏറെ ശ്രദ്ധയോടെയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ അംഗങ്ങളായ കൂടൂതൽ പേരെ ജൂഡീഷ്യറിയിലേക്ക് കൊണ്ടുവരണം. ഒരു ജഡ്ജിയെ എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്ന കാര്യം വ്യക്തമാക്കി കൊണ്ടുള്ള റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ വെയ്ക്കുന്നുണ്ടെന്നും സുപ്രീംകോടതി വെബ്സൈറ്റിൽ കോളീജിയം യോഗങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാണെന്നും ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ ചന്ദ്രചൂഢ് പറഞ്ഞു

ഇൻ്റലിജൻസ് റിപ്പോര്‍ട്ട് കൊളീജിയം കുറിപ്പിൽ പരസ്യപ്പെടുത്തിയെന്ന വിമര്‍ശനത്തിനും ഇന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകി. ജഡ്ജിയായി തെര‍ഞ്ഞെടുക്കാൻ പേര് നൽകിയ വ്യക്തിയുടെ ലൈംഗീക ആഭിമുഖ്യത്തെക്കുറിച്ചുള്ള വിവരമാണ് കൊളീജിയം കുറിപ്പിൽ ഉൾപ്പെടുത്തിയതെന്നും അത് വ്യക്തിപരമായ വിവരമാണെന്നും രാജ്യസുരക്ഷയെ ബാധിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എതിർപ്പുമായി കേന്ദ്ര നിയമ മന്ത്രി

അതേസമയം വിരമിച്ച ചില  ജഡ്ജിമാര്‍ ഇന്ത്യ വിരുദ്ധ സംഘങ്ങളുടെ ഭാഗമായി  ജുഡീഷ്യറിയെ പ്രതിപക്ഷ പാര്‍ട്ടിയുടെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയാണെന്ന് കേന്ദ്ര നിയമ- മന്ത്രി കിരണ്‍ റിജിജ്ജു. അടുത്തിടെ ജഡ്ജിമാരുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ഒരു സെമിനാര്‍ ഉണ്ടായിരുന്നു. എന്നാല്‍ എങ്ങനെയോ ഭരണനിര്‍വഹണം ജുഡീഷ്യറിയെ എങ്ങനെ ബാധിക്കുന്നുവെന്ന് സെമിനാറായി ഇത്  മാറി. പ്രതിപക്ഷ പാര്‍ട്ടികളെപ്പോലെ ജുഡീഷ്യറിയെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യാ വിരുദ്ധ സംഘത്തിന്റെ ഭാഗമായ ആക്ടിവിസ്റ്റുകളായ കുറച്ച് ജഡ്ജിമാരുണ്ടെന്നും മന്ത്രി വിമർശിച്ചു. നിയമ വ്യവസ്ഥ നിഷ്പക്ഷമാണെന്നും കോടതികളെ ഉപയോഗിച്ച് സർക്കാരിനെ നിയന്ത്രിക്കാനുള്ള ചിലരുടെ ശ്രമം വിലപ്പോകില്ലെന്നും മന്ത്രി പറഞ്ഞു.

ലീഗിൽ പഴയ നേതൃത്വം തന്നെ തുടരും

മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം തുടരും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളും ജനറൽ സെക്രട്ടറിയായി പിഎംഎ സലാമും ട്രഷററായി സി ടി അഹമ്മദ് അലിയും തുടരാൻ ധാരണയായി. കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിലിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്ത് പിഎംഎ സലാം തന്നെ തുടരട്ടെ എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ഒരു വിഭാഗത്തിന്‍റെ നിലപാട്. എന്നാൽ എം കെ മുനീർ ജനറൽ സെക്രട്ടറിയാകട്ടെ എന്ന അഭിപ്രായം ചില മുതിർന്ന നേതാക്കള്‍ മുന്നോട്ട് വെച്ചു. 

പി.എം.എ. സലാമിനെ പുറമേ എം.കെ. മുനീർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇ.ടി. മുഹമ്മദ് ബഷീർ എംപി, കെ.എം. ഷാജി ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിന് വേണ്ടി പാർട്ടിയിൽ രംഗത്തെത്തിയിരുന്നു. പി.എം.എ. സലാമിന് വേണ്ടി പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. തുടർന്ന് നടന്ന വാശിയേറിയ നേതൃയോഗത്തിന് ശേഷമാണ് പി.എം.എ. സലാമിന് വീണ്ടും മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ

പ്രസിഡന്‍റ് : സയ്യിദ്‌ സാദിഖലി ശിഹാബ് തങ്ങൾ
വൈസ് പ്രസിഡന്‍റുമാർ : വി.കെ ഇബ്രാഹിംകുഞ്ഞ്
: എം.സി മായിൻ ഹാജി
: അബ്ദുറഹിമാൻ കല്ലായി
: സി.എ.എം.എകരീം
: സി.എച്ച്‌റഷീദ്
: ടി.എം. സലീം
: സി.പി ബാവഹാജി
: ഉമ്മർ പാണ്ടികശാല
: പൊട്ടൻകണ്ടി അബ്ദുള്ള
: സി.പിസൈതലവി
ജനറൽസെക്രട്ടറി : അഡ്വ.പി.എം.എസലാം
സെക്രട്ടറിമാർ : പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
: അബ്ദുറഹിമാൻ രണ്ടത്താണി
: അഡ്വ.എൻ ഷംസുദ്ധീൻ
: കെ.എംഷാജി
: സി.പിചെറിയ മുഹമ്മദ്
: സി.മമ്മുട്ടി
: പി.എംസാദിഖലി
: പാറക്കൽ അബ്ദുള്ള
: യു.സി രാമൻ
: അഡ്വ.മുഹമ്മദ് ഷാ
: ഷാഫിചാലിയം
ട്രഷറർ : സി.ടി അഹമ്മദലി

സെക്രട്ടറിയേറ്റ്

1. സയ്യിദ്‌സാദിഖലി ശിഹാബ് തങ്ങൾ
2. പി.കെകുഞ്ഞാലിക്കുട്ടി
3. ഇ.ടി മുഹമ്മദ് ബഷീർ
4. പി.വി അബ്ദുൽവഹാബ്
5. അബ്ദുസമദ്‌സമദാനി
6. കെ.പി.എമജീദ്
7. വി.കെ ഇബ്രാഹിംകുഞ്ഞ്
8. എം.കെമുനീർ
9. മുനവ്വറലി ശിഹാബ് തങ്ങൾ
10. പി.കെ.കെ ബാവ
11. കുട്ടി അഹമ്മദ്കുട്ടി
12. പി.കെഅബ്ദുറബ്ബ്
13. ടി.എ അഹമ്മദ് കബീർ
14. കെ.ഇ അബ്ദുറഹിമാൻ
15. എൻ.എ നെല്ലിക്കുന്ന്
16. പി.കെ ബഷീർ
17. മഞ്ഞലാംകുഴിഅലി
18. പി. ഉബൈദുള്ള
19. അഡ്വ.എം.ഉമ്മർ
20. സി.ശ്യാംസുന്ദർ
21. പി.എം.എസലാം
22. ആബിദ് ഹുസൈൻ തങ്ങൾ
23. എം.സി മായിൻ ഹാജി
24. അബ്ദുറഹിമാൻ കല്ലായി
25. അബ്ദുറഹിമാൻ രണ്ടത്താണി
26. എൻ.ഷംസുദ്ധീൻ
27. കെ.എം.ഷാജി
28. സി.എച്ച്‌റഷീദ്
29. ടി.എംസലീം
30. സി.പി ചെറിയ മുഹമ്മദ്
31. എം.സി വടകര

സ്ഥിരം ക്ഷണിതാക്കൾ

1. അഹമ്മദ്കുട്ടി ഉണ്ണിക്കുളം
2. അഡ്വ.റഹ്‌മത്തുളള
3. സുഹറ മമ്പാട്
4. അഡ്വ.കുൽസു
5. അഡ്വ നൂർബീന റഷീദ്
6. പികെ ഫിറോസ്
7. പികെ നവാസ്

ചോദ്യം ചെയ്യുന്നവരെ ദേശ വിരുദ്ധരാക്കുന്നു- യെച്ചൂരി

0

ചോദ്യം ചെയ്യുന്നവരെയെല്ലാം ദേശവിരുദ്ധരാക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാരിൻ്റെ നടപടി ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.

മോദിയെ ചോദ്യം ചെയ്യുന്നവരെയെല്ലാം ദേശവിരുദ്ധരായി മുദ്രകുത്തുന്നു എന്നതാണ് ഇപ്പോഴത്തെ ഏറ്റവും ഗുരുതരമായ കാര്യം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഒരു ഡോക്യുമെന്ററി ബി.ബി.സി. ലോകവ്യാപകമായി പുറത്തിറക്കിയപ്പോള്‍ ബി.ബി.സി.യെ ദേശവിരുദ്ധരാക്കി. അദാനിയുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന ഹിന്‍ഡന്‍ ബര്‍ഗിനെയും രാജ്യദ്രോഹിയായി മുദ്രകുത്തി. അദാനിയുടെ തട്ടിപ്പിനെപ്പറ്റി സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണം. ഏറെ കാര്യങ്ങള്‍ ഒളിപ്പിക്കാനുള്ളതിനാലാണ് മോദി അന്വേഷണത്തെ ഭയക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

ഇ ഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു

മോദി പറയുന്നത് എന്നോട് എന്തു ചോദ്യവും ചോദിക്കൂ, എനിക്കു ഭയമില്ല, 140 കോടി ജനതയുടെ പിന്തുണ എനിക്കുണ്ട് എന്നാണ്. എങ്ങനെയാണ് ഇത്തരം തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ക്ക് ഒരു പ്രധാനമന്ത്രി തന്നെ നേതൃത്വം കൊടുക്കുന്നത്? കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തതിന്റെ 37% വോട്ട് മാത്രമാണ് ബി.ജെ.പി.ക്ക് ലഭിച്ചത്. ബാക്കി 63% ബി.ജെ.പി.ക്കെതിരായാണ് വോട്ട് ചെയ്തത് എന്നോര്‍ക്കണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ഇ.ഡി.യെ കേന്ദ്രം രാഷ്ട്രീയമായി ഉപയോഗിക്കുന്നു. ഇ.ഡി. കേസെടുക്കുന്നത് പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്താനും അപമാനിക്കാനുമാണ്. 2014-ന് ശേഷം ഒന്‍പത് കൊല്ലംകൊണ്ട് 3554-ല്‍പരം കേസാണ് ഇ.ഡി. രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 23 കേസില്‍ മാത്രമാണ് ശിക്ഷിച്ചത്.

കേരളത്തെ കുറിച്ച് തെറ്റായ പ്രചാരണങ്ങൾ

കേരളത്തെപ്പറ്റി തെറ്റായ പ്രചാരണം നടക്കുന്നു. കേരള സര്‍ക്കാരിന് നല്ല സര്‍ട്ടിഫിക്കറ്റാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു നല്‍കിയത്. ബി.ജെ.പി. ഇതര സര്‍ക്കാര്‍ എന്ന നിലയില്‍ ബദല്‍ നയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഏക സര്‍ക്കാര്‍ കേരളത്തിലേതാണെന്നും യെച്ചൂരി പറഞ്ഞു.

ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 18 വരെയായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയായിരുന്നു എം.വി. ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥ. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെയുള്ള യാത്രയായിരുന്നു