തമിഴ് നാട്ടിൽ ഉത്തരേന്ത്യൻ തൊഴിലാളികൾ ആക്രമിക്കപ്പെടുന്നതായി പ്രചാരണം; യൂ ട്യൂബർ അറസ്റ്റിൽ

0

തമിഴ്‌നാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ അക്രമിക്കപ്പെടുന്നതായി വ്യാജ വീഡിയോകള്‍ നിര്‍മിച്ച കേസില്‍ ബിഹാറിൽ യൂ ട്യൂബര്‍ അറസ്റ്റിലായി. ബിഹാര്‍, തമിഴ്‌നാട് പോലീസുകള്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മനീഷ് കശ്യപാണ്‌ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ അറസ്റ്റാണിത്. വ്യാജ പ്രചാരണ നടത്തി നാട്ടിൽ സമാധാനം തകർത്തതിന് തമിഴ്‌നാട് ബിജെപി അധ്യക്ഷനെതിരെ നേരത്തെ കേസ് എടുത്തിരുന്നു.

പ്രതി കശ്യപ് സംഭവത്തിന് ശേഷം മുങ്ങി നടപ്പായിരുന്നു. തുടർന്ന് ഇയാളുടെ സ്വത്തുക്കള്‍ കണ്ടുക്കെട്ടാന്‍ ബിഹാര്‍ പോലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വീട്ടിലെത്തി. പിന്നാലെ ശനിയാഴ്ച രാവിലെ ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വെസ്റ്റ് ചാമ്പരന്‍ ജില്ലയിലെ ജഗദീഷ്പുര്‍ പോലീസ് സ്‌റ്റേഷനിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തമിഴ്‌നാട്ടില്‍ താമസിക്കുന്ന ബിഹാര്‍ തൊഴിലാകളുമായി ബന്ധപ്പെട്ട് വ്യാപകമായ വിദ്വേഷ പ്രചാരണങ്ങളാണ് നടന്നത്. നൂറുകണക്കിന് തൊഴിലാളികൾ ഇവിടം വിട്ടു പോയി. വീഡിയോകൾ കണ്ട് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ പരക്കെ ആശങ്കയും വിദ്വേഷവും നിറഞ്ഞു. തമിഴ്‌നാട്ടില്‍ ബിഹാറികളെ മര്‍ദിച്ചുകൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ എന്ന പേരിലടക്കമാണ് വീഡിയോകള്‍ പ്രചരിച്ചിരുന്നത്.

ഇതേ തുടര്‍ന്ന് ബിഹാറില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ബിഹാര്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ തമിഴ്‌നാട്ടില്‍ സന്ദര്‍ശനത്തിനായി അയക്കുകയും ചെയ്തിരുന്നു. വ്യാജ പ്രചാരണമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും വ്യക്തമാക്കി.

മുൻ സംസ്ഥാന സെക്രട്ടറിയെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി മുസ്ലീം ലീഗ്

മുസ്ലീം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുറത്താക്കൽ. കോഴിക്കോട് മുസ്ലിം ലീഗിന്റെ സംസ്ഥാന കൗൺസിൽ ചേരാനിരിക്കെയാണ് നടപടി. സംസ്ഥാന കൗൺസിലിൽ പാർട്ടിയുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ കെ. എസ് ഹംസ പങ്കെടുക്കുകയും മത്സരിക്കുകയും ചെയ്യുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

എന്നാൽ പുറത്താക്കൽ സംബന്ധിച്ച് പാർട്ടിയുടെ മുഖപത്രമായ ചന്ദ്രികയിൽ വാർത്ത വന്നതല്ലാതെ തനിക്ക് ഇടുമായി ബന്ധപ്പെട്ട അറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ല എന്ന് കെ. എസ് ഹംസ അറിയിച്ചു. Muslim League expelled KS Hamza

സംസ്ഥാന കൗണ്‍സില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ഹംസ കോടതിയെ സമീപിച്ചതാണ് പുറത്താക്കല്‍ നടപടി തിടുക്കപ്പെട്ട് എടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന. കഴിഞ്ഞ നാലിന് ചേരാനിരുന്ന കൗണ്‍സില്‍ യോഗം കെ.എസ്. ഹംസ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയതിനെത്തുടര്‍ന്ന് 18-ലേക്ക് മാറ്റിവെക്കുകയായിരുന്നു. ജില്ലാ കൗണ്‍സിലുകള്‍ ചേരാതെ സംസ്ഥാന കൗണ്‍സില്‍ ചേരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം.

നേരത്തെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആക്ഷേപം ഉന്നയിച്ചു എന്നതിൻ്റെ പേരിൽ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. പാർട്ടി രഹസ്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി. അച്ചടക്ക വിരുദ്ധ നീക്കം ഉണ്ടായി എന്നിങ്ങനെ കുറ്റങ്ങൾക്കാണ് അന്ന് നടപടി സ്വീകരിച്ചത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. ഇപ്പോൾ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ ഒഴിവാക്കി. അച്ചടക്ക സമിതിയുടെ റിപ്പോർട്ട് പ്രകാരം മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് ഹംസക്ക് എതിരെ നടപടി എടുത്തത്.

ഹരിത കർമ്മ സേനയുടെ യൂസർ ഫീ നിർബന്ധമാക്കും; നൽകിയില്ലെങ്കിൽ നികുതിക്ക് ഒപ്പം പിടിക്കും- മന്ത്രി

ബ്രഹ്‌മപുരം വിഷയത്തിൽ ഹരിത ട്രൈബുണലിന്റെ ഉത്തരവ് കോർപ്പറേഷന് ലഭിച്ചുവെന്ന് എംബി രാജേഷ് പറഞ്ഞു. ഉത്തരവ് ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി പറഞ്ഞു. 100 കോടി രൂപ പിഴയിട്ട സംഭവത്തിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. ( minister mb rajesh about Bhrahmapuram )

യുദ്ധ കാലാടിസ്ഥാനത്തിൽ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കോടതിയെ സമീപിക്കുമെന്ന മേയറുടെ പ്രതികരണം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ആദ്യ പരിഗണന പ്രശ്‌നം പരിഹരിക്കുന്നതിനാണ്.

‘സംസ്ഥാനത്ത് ആകെ മാലിന്യ സംസ്‌കരണ പദ്ധതികൾ ഊർജ്ജിതമാക്കും. ഹരിത കർമ്മ സേനയുടെ യൂസർ ഫീ നിർബന്ധമാക്കും. ഫീസ് നൽകിയില്ലെങ്കിൽ വസ്തു നികുതിയോടൊപ്പം ഈടാക്കും.

‘28,000 കോടി രൂപ വിവിധ സംസ്ഥാനങ്ങൾക്ക് ട്രൈബ്യൂണൽ നേരത്തെ പിഴ ചുമത്തിയിരുന്നു. അപ്പോൾ കേരളത്തെ ഒഴിവാക്കുകയാണ് ചെയ്തത്. മാലിന്യ സംസ്‌കരണത്തിൽ കേരളം സ്വീകരിച്ച നടപടികൾ അംഗീകരിച്ചാണ് ട്രൈബ്യൂണൽ അങ്ങനെയൊരു തീരുമാനമെടുത്തത്. ഇപ്പോൾ വന്ന ഉത്തരവ് ഗൗരവത്തോടെ കാണുന്നു. ബ്രഹ്‌മപുരം വിഷയത്തിൽ സർക്കാർ കൃത്യമായി ഇടപെട്ടു’- മന്ത്രി എംബി രാജേഷ് പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന നിർദ്ദേശത്തിൽ ഉത്തരവ് വിശദമായി പഠിച്ച ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മെയ് 31ന് മുൻപ് 10 മാലിന്യ സംസ്‌കരണം പ്ലാന്റുകൾ കമ്മീഷൻ ചെയ്യും’ മന്ത്രി അറിയിച്ചു.

പോപ്പുലർ ഫ്രണ്ട് സ്വന്തമായി കോടതി നടപ്പാക്കിയതായി എൻഐഎ; കുറ്റപത്രത്തിൽ 59 പ്രതികൾ

പോപ്പുലർ ഫ്രണ്ട് നിരോധന കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ കൊച്ചി എൻഐഎ കോടതിയിലാണ് 30000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. പ്രതിപ്പട്ടികയിൽ 59 പേരുണ്ട്. ( popular front of india chargesheet )

അതീവ ഗൗരവതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ എൻഐഎ ചുമത്തിയിട്ടുള്ളത്. ഭീകരസംഘടനയായ ഐഎസിന്റെടയടക്കം പിന്തുണയോടെ രാജ്യത്ത് അരക്ഷിതമാവസ്ഥ ഉണ്ടാക്കാനായിരുന്നു പിഎഫ്‌ഐ നീക്കം എന്ന് പറയുന്നു. ഇതരമതസ്ഥരെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയതായും ജനങ്ങൾക്കിടയിൽ മതസ്പർധയുണ്ടാക്കി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചതായും പറയുന്നു. ജനാധിപത്യത്തെ ഇല്ലാതാക്കി 2047ൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ ശ്രമിച്ചു എന്നും കുറ്റപത്രത്തിൽ പരാമർശമുണ്ട്.

ആക്രമണത്തിനും തിരിച്ചടി നൽകാനും പ്രതികാരം ചെയ്യാനും പാകത്തിൽ അണികൾക്ക് ആയുധപരിശീലനമടക്കം നൽകി. ഇതിനായി പിഎഫ്‌ഐ നേതാക്കൾ കേഡറുകളെ സൃഷ്ടിച്ചു. മാത്രമല്ല പിഎഫ്‌ഐക്ക് ദാറുൽ ഖദ എന്ന പേരിൽ സ്വന്തം കോടതിയുണ്ടെന്നും ചൂണ്ടി കാട്ടുന്നു. ഈ കോടതി വിധികൾ പിഎഫ്‌ഐ പ്രവർത്തകർ നടപ്പാക്കിയെന്നും എൻഐഎ പറയുന്നുണ്ട്.

പോപ്പലുർ ഫ്രണ്ട് സംസ്ഥാന നേതാവായിരുന്ന കരമന അഷ്‌റഫ് മൗലവിയാണ് കേസിൽ ഒന്നാം പ്രതി. 59 പ്രതികൾ, 800 സാക്ഷികൾ, 1494 തെളിവ് രേഖകൾ, 638 മാരകായുധങ്ങൾ ഉൾപ്പടെയുള്ള മെറ്റീരിയൽ ഒബ്ജക്റ്റുകൾ അടക്കം 30,000 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.

പശു വോട്ട് ബാങ്ക് വികസന പാതയിൽ, ഹിമാചൽ പ്രദേശിൽ ഇനി ഒരു കുപ്പി മദ്യത്തിന് 10 രൂപ പശു സെസ് നൽകണം

പശു രാഷ്ട്രീയം മത്സരാധിഷ്ഠിതമായി മുന്നേറുമ്പോൾ മദ്യപാനികൾക്കും രക്ഷയില്ല. ഹിമാചൽ പ്രദേശ് സർക്കാർ ഒരു മുഴം കടന്ന് മദ്യ വില്‍പ്പനയ്ക്ക് പശു സെസ് ഏര്‍പ്പെടുത്തി. ഒരു കുപ്പി മദ്യം വില്‍ക്കുമ്പോള്‍ പത്തു രൂപ പശു സെസ് നൽകണം. ബജറ്റ് അവതരണത്തിൽ കൃത്യമായി തന്നെ ഹിമാചല്‍ സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

മദ്യപാനികളിൽ നിന്നും പശു സംരക്ഷണത്തിന് വര്‍ഷം നൂറ് കോടി രൂപ വരുമാനം ഉണ്ടാക്കാമെന്ന് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. ഈ തുക പശുക്കള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ചെലവഴിക്കും എന്നാണ് വിശദീകരണം.

പശുക്കള്‍ക്ക് ഷെല്‍ട്ടര്‍ പണിയാനായി 0.5 ശതമാനം സെസ് ഏർപ്പെടുത്തിയ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടിക്ക് പിന്നാലെയാണ് ഹിമാചൽ പ്രദേശ് നൂതന ഐഡിയ അവതരിപ്പിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ 2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 2176 കോടി രൂപ പശു സെസിലൂടെ സ്വരൂപിച്ചിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ സംഭരിക്കുന്ന വികാരം വോട്ടാവുകയല്ലാതെ കാശ് എങ്ങിനെ ചിലവഴിക്കുന്നു എന്നതിൽ അത്ര വ്യക്തതയില്ല.

കിടുങ്ങി; സിപിഐ ആഗോള ഭീകര പട്ടികയിൽ; പേരിലെ വിശേഷണം മാറിയെന്ന് ഐ ഇ പി

ഇൻ്റർനാഷണൽ സംഘടനയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പീസ് (ഐ.ഇ.പി) തയ്യാറാക്കിയ ആഗോള ഭീകര പട്ടികയില്‍ ലഷ്കറിനും മുകളിൽ ഭീകര സംഘടയായി സി.പി.ഐ. എന്തു പറ്റി എന്ന് ഇന്ത്യൻ നേതാക്കൾ തിരയുവോളം ലോക ഭീകര പട്ടികയിൽ പാർട്ടി ഉയരത്തിൽ തന്നെ നിന്നു. സി.പി.ഐ മാവോയിസ്റ്റ് എന്നതിന് പകരം സി.പി.ഐ എന്ന് മാത്രം പഠന റിപ്പോര്‍ട്ടില്‍ ലിസ്റ്റ് ചെയ്തതാണ് പ്രശ്നമെന്ന് പിന്നീട് പരിശോധനയിൽ കണ്ടെത്തി.

ഓസ്ട്രേലിയയിലെ സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആന്‍ഡ് പീസ് കഴിഞ്ഞ ദിവസമാണ് 2022ലെ ആഗോള ഭീകരപ്പട്ടിക പുറത്തു വിട്ടത്. അതില്‍ പന്ത്രണ്ടാമതായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തി. അല്‍ഖ്വയ്ദയും ലഷ്‌കര്‍ ഇ തൊയ്ബയുമെല്ലാം സി.പി.ഐയ്ക്ക് താഴെയായാണ് പട്ടികയില്‍ രേഖപ്പെടുത്തിയത്.

സംഭവം രാഷ്ട്രീയമായി പ്രചാരണം നേടിയതോടെയാണ് പാർട്ടി വിവരം അറിഞ്ഞത്. തുടർന്ന് സി.പി.ഐ ഐ.ഇ.പിയ്ക്ക് പരാതി അയച്ചു. തുടർന്നാണ് ലിസ്റ്റിലെ പിഴവ് പുനപരിശേധിക്കപ്പെട്ടത്. പറ്റിയ തെറ്റ് വൈകാതെ തന്നെ ഐഇപി. തിരുത്തി. സി.പി.ഐ എന്ന് പകരം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് എന്ന് മാറ്റി എഴുതി.

ശ്രീനഗറിൽ സ്കൂളിൽ ഭീകരാക്രമണം, രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു

ശ്രീനഗറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഭീകരാക്രമണത്തിൽ രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു. ആയുധധാരികൾ സ്കൂളിൽ എത്തി അധ്യാപർക്ക് നേരെ വെടി ഉതിർക്കുകയായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സതീന്ദര്‍ കൗര്‍, അധ്യാപകനായ ദീപക് ചാന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്.

സഫ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വ്യാഴാഴ്ച രാവിലെയാണ് ഭീകരാക്രമണമുണ്ടായത്. സ്‌കൂളിനുള്ളിലേക്ക് പ്രവേശിച്ച ഭീകരര്‍ അധ്യാപകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട രണ്ട് പേരും ശ്രീനഗറില്‍ താമസിക്കുന്നവരാണ്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ശ്രീനഗറില്‍ ഭീകരാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കശ്മീരിയായ ഒരു മെഡിക്കല്‍ ഷോപ്പ് ഉടമയേയും വഴിയോര കച്ചവടക്കാരനേയും കാബ് ഡ്രൈവറേയും ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇവയിൽ ഒന്നിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല.

അധ്യാപകരെ വെടി വെച്ച് കൊലപ്പെടുത്തിയ പ്രതികളെ കണ്ടെത്താനായി പൊലീസും സൈന്യവും അന്വേഷണം തുടങ്ങി.

മുറുക്ക് കച്ചവടക്കാരനിൽ നിന്നും 13,500 രൂപ കൈക്കൂലി; ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ

 മുറുക്ക് കച്ചവടക്കാരനില്‍നിന്ന് 13,500 രൂപ കൈക്കൂലി വാങ്ങിയ കൊടുവായൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയിലായി. വ്യാഴാഴ്ച രാത്രി 8.30-ഓടെ കൊടുവായൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍വെച്ചാണ് എച്ച് ഐ പിടിയിലായത്. കൊടുവായൂർ ഹെൽത്ത് ഇൻസ്പെക്ടറായ ഷാജി മാത്യു നേരത്തെയും ഇതേ സ്ഥാപനത്തിൽ നിന്നും കൈക്കൂലി ചോദിച്ച് വാങ്ങിയിരുന്നു.

പുതുനഗരം കരിപ്പോട് ‘അമ്പിളി’ മുറുക്ക് ഉടമ അനന്തകൃഷ്ണന്റെ കൈയില്‍നിന്നാണ് 13,500 രൂപ ആവശ്യപ്പെട്ടത്. പണം വാങ്ങുമ്പോള്‍ വിജിലന്‍സ് ഡിവൈ.എസ്.പി. എസ്. ഷംസുദ്ദീനും സംഘവും പിടികൂടുകയായിരുന്നു.

വിവിധ രാജ്യങ്ങളിലേക്ക് കരിപ്പോട് മുറുക്ക് കയറ്റുമതി ചെയ്യുന്ന അമ്പിളി മുറുക്ക് കമ്പനിക്ക് പരിശോധന കൂടാതെ സാനിറ്ററി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കമ്പനിയിലെ 18 തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിന് അനന്തകൃഷ്ണന്‍ മാര്‍ച്ച് ഒമ്പതിന് 10,000 രൂപ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കിയിരുന്നു.

സാനിറ്ററി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ഒരു തൊഴിലാളിക്ക് 750 രൂപ വീതം 18 തൊഴിലാളികളുടെ കണക്കില്‍ 13,500 രൂപ ഷാജി മാത്യു കൈക്കൂലി ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാത്രി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ വരാന്‍ അനന്തകൃഷ്ണനോട് നിർദ്ദേശിക്കയും ചെയ്തു. ഇതിനെത്തുടര്‍ന്ന് അനന്തകൃഷ്ണന്‍ വിജിലന്‍സുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന്, ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ വിജിലന്‍സ് അനന്തകൃഷ്ണനെ ഏല്‍പ്പിച്ചു. നോട്ടുകള്‍ വാങ്ങുന്നതിനിടെയാണ് ഷാജി മാത്യു പിടിയിലായത്.

മാലിന്യ നിർമാർജ്ജനത്തിന് കേന്ദ്രം തന്ന കാശ് എന്ത് ചെയ്തു; കണക്ക് ചോദിച്ച് കെ സുരേന്ദ്രൻ

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി കേരളത്തിന് ലഭിച്ച കോടിക്കണക്കിന് രൂപ എന്തു ചെയ്‌തെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ലോകബാങ്ക് 2021-ല്‍ 105 മില്യണ്‍ ഡോളറിന്റെ സഹായം കേരളത്തിന് പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരും വലിയ തുകയാണ് ശുചീകരണത്തിന് സംസ്ഥാനത്തിന് അനുവദിച്ചത് എന്നും അവകാശപ്പെട്ടു. എന്നാല്‍ സംസ്ഥാനത്ത് ഇതെല്ലാം കൊള്ളയടിക്കുന്ന ഒരു സമീപനമാണുണ്ടായത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ എത്ര തുക സംസ്ഥാനത്തിന് മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ലഭിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. തൃപ്പൂണിത്തുറയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. (k Surendran BJP)

ബ്രഹ്‌മപുരം മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റുമായി ബന്ധപ്പെട്ട് വലിയ അഴിമതിയാണ് നടക്കുന്നത്. മുഖ്യമന്ത്രിയുമായി കരാറുകാര്‍ വിദേശത്ത് ചര്‍ച്ച നടത്തിയ ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് കമ്പനിക്ക് കരാര്‍ കൊടുത്തത്. അതിന് ശേഷമാണ് കേരളത്തിലെ കോര്‍പ്പറേഷനുകളില്‍ ഈ കമ്പനിക്ക് കരാര്‍ ലഭിച്ചത്. മുഖ്യമന്ത്രിയുടെ അറിവോടെ വിദേശത്താണ് ഡീല്‍ നടന്നത് എന്നും അദ്ദേഹം ആരോപിച്ചു. അതുകൊണ്ടാണ് മുഖ്യമന്ത്രി ഒളിച്ചു കളിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

യുഡിഎഫും എല്‍ഡിഎഫും നിയമസഭയില്‍ കയ്യാങ്കളി നടത്തി വിഷയം മാറ്റുകയാണ്. ജനശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. ഷാഡോ ബോക്‌സിംഗാണിത്. നിയമസഭയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം പ്രതികളെ രക്ഷിക്കാന്‍ മാത്രമാണ്. തീ അണഞ്ഞെങ്കിലും കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടണം. സര്‍ക്കാരിന്റെ കള്ളക്കളി പുറത്തെത്തിക്കും വരെ ബിജെപി സമരം ചെയ്യുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

വിവാദ പ്രയോഗത്തിന് പിന്നാലെ മന്ത്രി റിയാസിനെതിരെ പോസ്റ്റുമായ് വി ടി ബൽറാം

0

മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ വിമര്‍ശനവുമായി കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. വി ഡി സതീശനുമായുള്ള വാക് പോര് തുടരുന്നതിനിടെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാമിൻ്റെ ഒളിയമ്പ്.

ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റായിരുന്നപ്പോള്‍ റിയാസ് തങ്ങള്‍ക്ക് വോട്ട് മറിച്ചെന്ന ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ വെളിപ്പെടുത്തലില്‍ നിയമനടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് എഫ് പോസ്റ്റിൽ ചോദിച്ചു.. ഗുരുതരമായ ആരോപണം ഉന്നയിച്ച് മാനനഷ്ടമുണ്ടാക്കിയതിന് വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിന്റെ പേരിലും ബി.ജെ.പി. നേതാവിനെതിരേയും കേസ് കൊടുത്ത് സ്വന്തം നട്ടെല്ല് വാഴപ്പിണ്ടിയല്ലെന്ന് തെളിയിക്കാന്‍ ആരെങ്കിലും തയ്യാറായോ എന്നായിരുന്നു ബല്‍റാമിന്റെ ചോദ്യം.

എഫ് ബി പോസ്റ്റ്

ഇങ്ങനെയൊരു വാർത്ത പുറത്തു വന്നിട്ട് എത്രയോ നാളായി. ഇത് വ്യാജമാണെങ്കിൽ ഇത്ര ഗുരുതരമായ ഒരു ആരോപണമുന്നയിച്ച് അന്നത്തെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ടിന് മാനനഷ്ടമുണ്ടാക്കിയതിന്റെ പേരിൽ പ്രസ്തുത പത്രത്തിനെതിരെയും ബിജെപി നേതാവിനെതിരെയും കേസ് കൊടുത്ത് സ്വന്തം നട്ടെല്ല് വാഴപ്പിണ്ടിയല്ല എന്ന് തെളിയിക്കാൻ ആരെങ്കിലും തയ്യാറായോ?

അതോ, ഇത് സത്യമാണോ?

ഏറെ ജനപ്രിയനായ ഒരു നല്ല സഖാവിനെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ പിന്നിൽ നിന്ന് കുത്തിയവനാണോ അന്നത്തെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട്? ഇന്നും ബിജെപിക്ക് വേണ്ടി കൂടെയുള്ളവരെ ഒറ്റിക്കൊടുക്കുന്നവനായാണോ അദ്ദേഹം തുടരുന്നത്?

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഹമ്മദ് റിയാസിന്റെ അനുയായികള്‍ തനിക്ക് വോട്ട് ചെയ്തുവെന്നായിരുന്നു അന്ന് കോഴിക്കോട് ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്ന അഡ്വ. പ്രകാശ് ബാബുവിന്റെ വെളിപ്പെടുത്തല്‍. സ്വകാര്യ ചാനലിനോടുള്ള പ്രതികരണം അടിസ്ഥാനമാക്കിയായിരുന്നു പത്രവാര്‍ത്ത. റിയാസുമായി ബന്ധപ്പെട്ട ചില നേതാക്കള്‍ തന്നെ നേരിട്ട് വന്നുകണ്ട് സഹായം വാഗ്ദാനം ചെയ്തുവെന്നായിരുന്നു വാര്‍ത്ത.

നേരത്തേയും മന്ത്രിക്കെതിരെ കടുത്ത ഭാഷയില്‍ പരിഹാസവുമായി ബല്‍റാം രംഗത്തെത്തിയിരുന്നു. സ്വപ്‌ന സുരേഷ് നിരന്തരം തന്റെ ഭാര്യയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ ക, മാന്ന് ഒരക്ഷരം മറുപടി പറയാന്‍ ധൈര്യമില്ലാത്ത വ്യക്തിയാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ നട്ടെല്ലിന്റെ ബലം പരിശോധിക്കാന്‍ വരുന്നതെന്നായിരുന്നു ബല്‍റാമിന്റെ പരിഹാസം.

പോസ്റ്റിലെ ‘മൊയ്ന്ത്’ എന്ന പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സൈബര്‍ ലോകത്ത് മാത്രം കാണുന്ന ജീവികള്‍ നിലവാരം കുറഞ്ഞ പ്രചാരണങ്ങള്‍ നടത്തുന്നുവെന്നായിരുന്നു റിയാസിന്റെ മറുപടി.