സ്വകാര്യ ആശുത്രിയിൽ ചികിത്സ; വിജിലൻസ് കേസിന് പിന്നാലെ ഡോക്ടർക്ക് സസ്പെൻഷൻ

സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് നടത്തിയ ഗവ. മെഡിക്കല്‍ കോളേജിലെ അസി. പ്രൊഫസറെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ അസി. പ്രൊഫസറും എല്ലുരോഗ വിദഗ്ധനുമായ ഡോ. എം.അബ്ദുള്‍ ഗഫൂറിനെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. മലപ്പുറം തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ പ്രാക്ടീസ് നടത്തുന്നതായി കഴിഞ്ഞദിവസം വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണവിധേയമാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അധ്യാപകര്‍ സ്വകാര്യ പ്രാക്ടീസ് നടത്തരുതെന്നാണ് ചട്ടം. എന്നാല്‍ ഡോ. അബ്ദുള്‍ ഗഫൂര്‍ പലദിവസങ്ങളിലും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വരാതെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് നടത്തുന്നതായി വിജിലന്‍സിന് രോഗികൾ പരാതിപ്പെട്ടു. തുടര്‍ന്നാണ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷെഫീഖിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ബുധനാഴ്ച പരിശോധന നടത്തിയത്.

രാവിലെ പത്തരയ്ക്ക് വിജിലന്‍സ് സംഘം സ്വകാര്യ ആശുപത്രിയില്‍ എത്തുമ്പോള്‍ മുറിയില്‍ രോഗികളെ പരിശോധിക്കുകയായിരുന്നു ഡോ. ഗഫൂര്‍. ഒട്ടേറെപ്പേര്‍ ടോക്കണെടുത്ത് പുറത്ത് കാത്തിരിക്കുന്നുമുണ്ടായിരുന്നു. ഒന്നരമണിക്കൂറോളം ആശുപത്രിയില്‍ ചെലവിട്ട വിജിലന്‍സ് സംഘം ഡോക്ടറുടെ മൊഴിയെടുത്ത് മടങ്ങി. ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും തുടര്‍നടപടികള്‍ പിന്നീട് തീരുമാനിക്കുമെന്നുമായിരുന്നു വിജിലന്‍സ് സംഘത്തിന്റെ പ്രതികരണം.

സ്വകാര്യ പ്രാക്ടീസ് നടത്താതിരിക്കാനും രോഗീപരിചരണത്തിനുമായി അടിസ്ഥാനശമ്പളത്തിന്റെ 32 ശതമാനം തുക മെഡിക്കല്‍കോളേജ് അധ്യാപകര്‍ക്ക് അധികം നല്‍കുന്നുണ്ട്. അസി. പ്രൊഫസര്‍ തസ്തികയിലുള്ളവര്‍ക്ക് ഇത് മാസം 20,000 രൂപയ്ക്കുമേല്‍ വരും. മഞ്ചേരി മെഡിക്കല്‍ കോളേജിലെ മറ്റുപലര്‍ക്കുമെതിരേയും പരാതിയുണ്ടെന്ന് വിജിലന്‍സ് സംഘം പറഞ്ഞു.

നാട്ടു നാട്ടു കേട്ട് കീരവാണിക്ക് അഭിനന്ദനവുമായ് കാർപെൻ്റേഴ്സ് കുടുംബം

ഓസ്‌കാർ പുരസ്‌കാരത്തില്‍ കീരവാണിയേയും ആര്‍ആര്‍ആറിനേയും അഭിനന്ദിച്ച് റിച്ചാര്‍ഡ് കാര്‍പെന്ററും കുടുംബവും. ‘കാര്‍പെന്റേഴ്‌സി’ന്റെ പ്രശസ്ത ഗാനം ‘ഓണ്‍ ടോപ്പ് ഓഫ് ദി വേള്‍ഡി’ന്റെ റീ ഇമാജിന്‍ഡ് വേര്‍ഷന്‍ പാടുന്ന വിഡിയോ ആണ് റിച്ചാര്‍ഡ് കാര്‍പെന്റര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്

ഈ പാട്ടിന്റെ ഈണത്തിലാണ് കീരവാണി ഓസ്‌കാർ വേദിയിൽ തന്റെ സന്തോഷം രേഖപ്പെടുത്തിയത്. എംഎം കീരവാണിയേയും ലിറിസിസ്റ്റ് ചന്ദ്രബോസിനേയും റിച്ചാർഡ് മെൻഷൻ ചെയ്തുകൊണ്ട് പങ്കുവച്ച വിഡിയോയിൽ കുറിച്ചത് ഇങ്ങനെ,

‘മികച്ച ഗാനത്തിനുള്ള നിങ്ങളുടെ വിജയത്തിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. നിങ്ങൾക്ക് വേണ്ടി ഞങ്ങളുടെ കുടുംബത്തിൽ നിന്ന് ഒരു ചെറിയ സമ്മാനം ഇതാ.”എന്നാല്‍ ഈ വിഡിയോ കണ്ടതിന് ശേഷം അദ്ദേഹത്തിന് കണ്ണീര്‍ നിയന്ത്രിക്കാനായില്ല. ഞങ്ങളുടെ ആർ ആർ ആർ കുടുംബത്തിന് അവിസ്മരണീയമായ നിമിഷമാണിത്. വളരെ നന്ദി,’ എന്നായിരുന്നു എസ് എസ് രാജമൗലിയുടെ പ്രതികരണം.

‘ഇത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. സന്തോഷത്താൽ എനിക്ക് കണ്ണുനീർ അടക്കാനാകുന്നില്ല. ഈ പ്രപഞ്ചത്തിൽ ഇതുനുമേൽ മികച്ച സമ്മാനം ഇനിയെന്ത്, എന്ന് കീരവാണിയും കുറിച്ചു. കാർപെന്റേഴ്സിനെ കേട്ടുവളർന്ന താൻ ഇന്ന് ഓസ്കറിൽ എത്തി നിൽക്കുന്നു,’ എന്നാണ് വേദിയിൽ അദ്ദേഹം പറഞ്ഞത്.

https://www.instagram.com/reel/CpybDiVDy8a/?utm_source=ig_web_button_share_sheet

മുസ്ലീം ലീഗിനെ ആരു നയിക്കും; പക്ഷങ്ങൾ തമ്മിൽ തമ്മിൽ

മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.കെ.മുനീർ വരുമോ അതോ പി.എം.എ.സലാം തുടരുമോ. സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാന കൗണ്‍സില്‍ യോഗം ശനിയാഴ്ച കോഴിക്കോട് ചേരാനാരിക്കെ ചർച്ചകൾ സജീവമാണ്. ഇതിനിടെ ജില്ലാ നേതൃത്വങ്ങളെ മലപ്പുറത്തേക്ക് വിളിപ്പിച്ചു. ജില്ലാ അധ്യക്ഷന്‍മാരോടും ജനറല്‍ സെക്രട്ടറിമാരോടും വെള്ളിയാഴ്ച മലപ്പുറത്തേക്കെത്താനാണ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർദ്ദേശം നൽകിയിട്ടുള്ളത്.

എ.കെ.മുനീറിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്നാണ് കെ.എം.ഷാജിയടക്കമുള്ള ഒരു പക്ഷം നേതാക്കളുടെ ആവശ്യം. ഇ.ടി.മുഹമ്മദ് ബഷീര്‍,പി.വി.അബ്ദുള്‍ വഹാബ്, കെ.പി.എ.മജീദ് തുടങ്ങിയ നേതാക്കളുടെ നിരയിൽ മുനീറിനാണ് പിന്തുണ. സാദിഖലി തങ്ങളെ ഇവർ ഇതിനോടകം പിന്തുണ അറിയിച്ചിട്ടുണ്ട്.

അതേസമയം നിലവിലെ ആക്ടിങ് ജനറല്‍ സെക്രട്ടറി പി.എം.എ.സലാം തുടരടണം എന്നാവശ്യപ്പെടുന്ന പക്ഷവും സജീവമാണ്. പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ നേതാക്കൾ ഈ പക്ഷത്താണ്. മലപ്പുറത്തെ മറ്റു മുതിര്‍ന്ന നേതാക്കളും സലാമിനൊപ്പമാണ്.

എന്നാൽ ഇതിനെല്ലാം ഇടയിൽ ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തണമെന്ന കാഴച്ചപ്പാടുള്ളവരുമുണ്ട്. ഒരു വിഭാഗം കെ എം ഷാജിയെയും ആബിദ് ഹുസൈന്‍ തങ്ങളെയും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർത്തി കാണിക്കുന്നു.

സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെ കെപിഎ മജീദ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയില്‍ സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്നാണ് സലാമിനെ ഈ പദവിയിലേക്ക് താത്കാലികമായി തിരഞ്ഞെടുത്തത്. തിരൂരങ്ങാടിയില്‍ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്ന സലാമിനെ മയപ്പെടുത്തലിന്റെ ഭാഗം കൂടിയായിരുന്നു ചുമതല നല്‍കല്‍. താത്കാലിക സ്ഥാനത്ത് വന്ന നേതാവ് തുടരേണ്ടതുണ്ടോ. അതോ എം കെ മുനീറിനെ പോലുള്ള പാർട്ടിയിൽ പരമ്പരാഗത സ്വാധീനമുള്ള നേതാവ് വരണമോ. നേതൃത്വത്തിൽ നേരത്തെ തുടരുന്ന ശാക്തിക ഗ്രപ്പുകൾ സജീവമാണ്.

ജില്ലാ ഭാരാവാഹികളെ വെള്ളിയാഴ്ച മലപ്പുറത്തേക്ക് വിളിപ്പിച്ചത് സ്വാഭാവിക നടപടി ക്രമത്തിൻ്റെ ഭാഗമായി മാത്രമാണ് എന്നാണ് ലീഗ് നേതൃത്വം വിശദമാക്കുന്നത്.

ആരൊക്കെ വാഴും ആരൊക്കെ വീഴും

കഴിഞ്ഞ നാലിന് കൗണ്‍സില്‍ ചേരാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ മാറ്റിവെക്കുകയായിരുന്നു. നേതാക്കളുടെ പട തന്നെയുള്ള മലപ്പുറത്ത് ഭാരവാഹി തിരഞ്ഞെടുപ്പ് തര്‍ക്കങ്ങളില്ലാതെ പൂര്‍ത്തീകരിച്ചപ്പോള്‍ നാമമാത്ര മെമ്പര്‍ഷിപ്പുള്ള ജില്ലകളിലാണ് ജില്ലാ ഭാരവാഹിത്ത്വത്തിന് വേണ്ടി ചേരിതിരിഞ്ഞ് ഏറ്റമുട്ടലും തര്‍ക്കങ്ങളും നടന്നത്. എറണാകുളം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ ജില്ലാ കമ്മിറ്റികളിലാണ് തര്‍ക്കം രൂക്ഷമായിരുന്നത്. എറണാകുളം ജില്ലാ കമ്മിറ്റി പുനസംഘടന ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലില്‍ തന്നെ കലാശിച്ചിരുന്നു.

നിലവില്‍ സംസ്ഥാന കമ്മിറ്റിയില്‍ എട്ട് വൈസ് പ്രസിഡന്റുമാരും 11 സെക്രട്ടറിമാരുമുണ്ട്. സി ടി അഹമ്മദിലിയാണ് നിലവിലെ സംസ്ഥാന കമ്മിറ്റി ട്രഷറര്‍. പി കെ കെ ബാവ, എം സി മായീന്‍ ഹാജി, പി എച്ച് അബ്ദുസ്സലാം ഹാജി, കെ കുട്ടി അഹമ്മദ്കുട്ടി, ടി പി എം സാഹിര്‍, സി പി ബാവ ഹാജി, സി എ എം എ കരീം, കെ ഇ അബ്ദുറഹിമാന്‍ എന്നിവരാണ് നിലവിലെ വൈസ് പ്രസിഡന്റുമാര്‍.

അബ്ദുറഹിമാന്‍ കല്ലായി, ടി എം സാലിം, കെ കെ അബിദ് ഹുസൈന്‍ തങ്ങള്‍, കെ എം ഷാജി, അഡ്വ. എന്‍ ഷംസുദ്ധീന്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, സി എച്ച് റഷീദ്, ബീമാപള്ളി റഷീദ്, സി പി ചെറിയ മുഹമ്മദ്, പി എം സാദിഖലി, ഷാഫി ചാലിയം എന്നിവരാണ് നിലവിലെ സെക്രട്ടറിമാര്‍. ഇവരില്‍ ഭൂരിഭാഗവും പുതിയ കമ്മിറ്റിയില്‍ ഇടം പിടിക്കില്ലെന്നാണ് സൂചന.

മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസിൽ കോഴിക്കോടാണ് കൗണ്‍സില്‍. രാവിലെ 11ന് നിലവിലെ സംസ്ഥാന കമ്മിറ്റി ചേരും. ഉന്നതാധികാരസമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും. മൂന്നു മണിക്ക് പുതിയ സംസ്ഥാന കൗണ്‍സില്‍ ചേരും.

തുടര്‍ന്ന് 21 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെയും 75 അംഗ പ്രവര്‍ത്തക സമിതിയെയും തിരഞ്ഞെടുക്കും. സംസ്ഥാന കമ്മിറ്റിയിലെ 10 പേരും മുതിര്‍ന്ന നേതാക്കളില്‍ നിന്ന് 11 പേരെയും ഉള്‍പ്പെടുത്തിയാണ് സംസ്ഥാന സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുക്കുക. 485 പ്രതിനിധികളാണ് സംസ്ഥാന കൗണ്‍സിലില്‍ പങ്കെടുക്കുക. മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കും അറിയിപ്പ് നല്‍കി കഴിഞ്ഞതായി ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാം പറഞ്ഞു.

കലശം വരവിൽ പി ജയരാജൻ്റെ ചിത്രം; പാർട്ടിയും ഭക്തിയും കൂട്ടി കുഴയ്ക്കുരുതെന്ന് എം വി ജയരാജൻ

കണ്ണൂരിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവിൽ പി ജയരാജന്റെ ചിത്രം പതിച്ച സംഭവം ഏറ്റെടുത്ത് എം വി ജയരാജൻ. പ്രവർത്തകരുടെ നടപടിയെ എം വി ജയരാജൻ വിമർശിച്ചു. വിശ്വാസം രാഷ്ട്രിയ വൽകരിക്കുന്നതിനോട് യോജിപ്പില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായ എം വി ജയരാജൻ പറഞ്ഞു. കതിരൂർ പാട്യം നഗറിലെ കുറുമ്പക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിലാണ് പി ജയരാജന്റെ ചിത്രവും ഉൾപ്പെടുത്തിയത്.

“കലശം, ഘോഷയാത്ര ഇവയെല്ലാം രാഷ്ട്രീയ ചിഹ്നങ്ങളും രാഷ്ട്രീയ നേതാക്കളുടെ ചിത്രവുമില്ലാതെയാണ് പോകേണ്ടത്. വിശ്വാസം രാഷ്ട്രീയവത്കരിക്കാൻ പാടില്ല. വിശ്വാസത്തിന്റെ ഭാഗമായി വർഗീയ സംഘടനകൾ രാഷ്ട്രീയത്തെയും രാഷ്ട്രീയം വിശ്വാസത്തെയും ഉപയോഗപ്പെടുത്താൻ പാടില്ലെന്നതാണ് ഞങ്ങളുടെ നിലപാട്”- എന്നും പാർട്ടി പക്ഷത്തു നിന്ന് എംവി ജയരാജൻ വിശദീകരിച്ചു.

ആയുർ വേദ റിസോർട്ട് വിവാദം മുതൽ പി ജയരാജൻ എം വി ജയരാജൻ നേതൃപക്ഷങ്ങൾ വീണ്ടും സജീവമായിരിക്കെയാണ് വിവാദം.ഈ ഒരിടവേളയ്ക്ക് ശേഷമാണ് കണ്ണൂരിൽ വ്യക്തിപൂജയുമായി ബന്ധപ്പെട്ട് വിവാദം ഉടലെടുക്കുന്നത്. സംഭവം നടന്ന കതിരൂർ പി ജയരാജന് വലിയ പിന്തുണയുള്ള പ്രദേശമാണ്. സിപിഎം അനുഭാവികളായ പ്രവർത്തകരാണ് പി ജയരാജന്റെയും ചെഗുവേരയുടെയും ചിത്രമുള്ള കലശം എടുത്ത് ക്ഷേത്രത്തിലേക്ക് പോയത്.

പി ജയരാജനെ കേന്ദ്രീകരിച്ചുള്ള വ്യക്തിപൂജാ വിവാദം കണ്ണൂരിൽ നേരത്തെ തന്നെ വലിയ വിവാദമായിരുന്നു. പിജെ ആർമി പോലുള്ള കൂട്ടായ്മകളെ തള്ളിപ്പറയാൻ പി ജയരാജൻ തന്നെ നിർബന്ധിതനായ സാഹചര്യം ഉണ്ടായിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് കണ്ണൂരിൽ പുതിയ വിവാദം ഉണ്ടായതെങ്കിലും ഇതിനോട് പി ജയരാജൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ദുരൂഹത നിറഞ്ഞ വിദേശ കമ്പനിയ്ക്ക് മിസൈലുകളും റഡാറുകളും പുതുക്കാൻ കരാർ നൽകിയത് ആരാണ്; ചോദ്യവുമായി രാഹുൽ ഗാന്ധി വീണ്ടും

കേന്ദ്ര സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനും വിദേശകമ്പനിയായ എലേറയ്ക്കും രാജ്യത്തെ മിസൈലുകളും റഡാറുകളും പുതുക്കാനുള്ള കരാര്‍ നല്‍കിയതിൽ ദുരൂഹത ആരോപിച്ച് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. എലേറ എന്ന കമ്പനി ഏറെ ദുരൂഹതകള്‍ നിറഞ്ഞ കമ്പനിയാണ്. ഇതിനെ നിയന്ത്രിക്കുന്നത് ആരാണെന്നുള്‍പ്പെടെ യാതൊരു വിവരവും ആര്‍ക്കുമറിയില്ല. ഈ സാഹചര്യത്തിൽ കമ്പനിയ്ക്ക് പ്രതിരോധ ഉപകരണങ്ങളുടെ കരാർ നൽകിയത് രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തു.

രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളുടെ നിയന്ത്രണം ഇത്തരം വിദേശ സ്ഥാപനങ്ങള്‍ക്കു നല്‍കുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന ആശങ്ക രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പരസ്യപ്പെടുത്തി.

ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ച് ലണ്ടനില്‍ വെച്ച് രാഹുല്‍ നടത്തിയ പ്രസ്താവന ഉയർത്തിയ രാഷ്ട്രീയ വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ പ്രസ്താവന. രാഹുലിനെതിരെ ഭരണപക്ഷത്തിന്റെയും സര്‍ക്കാരനുകൂല സംഘടനകളുടേയും പ്രകടനങ്ങൾക്കിടെയാണ് ഇത്.

ഫാസിസ്റ്റ് സംഘടനയായ ആര്‍എസ്എസ് ഭരണഘടന സ്ഥാപനങ്ങള്‍ പിടിച്ചെടുത്തതോടെ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ്  മത്സരത്തിന്‍റെ സ്വഭാവം അട്ടിമറിക്കപ്പെട്ടെന്നടക്കം ബ്രിട്ടണില്‍ നടത്തിയ പ്രഭാഷണ പരമ്പരകളില്‍ രാഹുല്‍ ഗാന്ധി തുറന്നടിച്ചിരുന്നു. താനടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ ചാര സോഫറ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഭാഷണ പരമ്പരയിലാണ് രാഹുല്‍ ഗാന്ധി ആദ്യം പ്രസംഗിച്ചത്. 

ഇന്ത്യയില്‍ ജനാധിപത്യം അടിച്ചമര്‍ത്തപ്പെടുകയാണെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍, പ്രതിപക്ഷ നേതാക്കള്‍ക്ക് ഫോണിലൂടെ പോലും സംസാരിക്കാനാവാത്ത സാഹചര്യമാണ് ഇന്ത്യയിലെന്നും അഭിപ്രായപ്പെട്ടിരുന്നു. ചാരസോഫ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും കരുതലോടെ സംസാരിക്കണമെന്നും ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ തനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ ലണ്ടനിൽ വച്ച് വെളിപ്പെടുത്തി. 

അദാനി വിഷയത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ലോക്‌സഭയില്‍ ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ബഹളമുണ്ടായി. ബുധനാഴ്ചയും രണ്ടു മണി വരെ ലോക്‌സഭയും നിയമസഭയും നിര്‍ത്തിവെച്ചു. അദാനി ഗ്രൂപ്പുമായുള്ള കേന്ദ്ര ബന്ധങ്ങളെ തുറന്നു കാട്ടുന്നതായിരുന്നു രാഹുലിൻ്റെ വെളിപ്പെടുത്തലുകൾ. എന്നാൽ തെളിവില്ലാത്ത ആരോപണങ്ങൾ എന്ന വിശദീകരണത്തോടെ പ്രതിപക്ഷം നടപടി ആവശ്യപ്പെട്ടു.

പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പു പറയണമെന്ന ആവശ്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തള്ളി. രാഹുല്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ലെന്നും ജനാധിപത്യത്തെക്കുറിച്ചുള്ള വസ്തുതകള്‍ മാത്രമാണ് രാഹുല്‍ പങ്കുവെച്ചതെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു. വിദേശ രാജ്യങ്ങളില്‍ പോയി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തുന്നത് മോദിയാണെന്നും ഖാര്‍ഗെ ആരോപിച്ചു.

ഫുട്ബോൾ ലോകകപ്പിൽ മാറ്റങ്ങൾ, നോർത്ത് അമേരിക്കയിൽ 48 രാജ്യങ്ങൾ പങ്കെടുക്കും

ഫിഫ ഫുട്ബോൾ ലോകകപ്പിൽ ഇനി മുതൽ 48 രാജ്യങ്ങൾ മാറ്റുരയ്ക്കും. 2026ൽ നോർത്ത് അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ് മുതലാണ് ഈ മാറ്റങ്ങൾ. നാല് രാജ്യങ്ങൾ വീതമുള്ള 12 ഗ്രൂപ്പുകളായി തരംതിരിച്ചായിരിക്കും ഇനി മത്സരങ്ങൾ. ലോകകപ്പിന്റെ പുതിയ ഫോർമാറ്റ് ഫിഫ അംഗീകരിച്ചതായി ഇന്ന് അറിയിച്ചു. World Cup 2026 to feature 12 groups of four teams

പുതിയ ഫോർമാറ്റ് പ്രകാരം ഫിഫ ലോകകപ്പിൽ 104 മത്സരങ്ങൾ ഉണ്ടായിരിക്കും. അതായത്, കഴിഞ്ഞ വർഷം നടന്ന ഖത്തർ ലോകകപ്പിലെ മത്സരങ്ങളുടെ എണ്ണത്തിൽ നിന്ന് 64 മത്സരം അധികമാണ് അടുത്ത ടൂർണമെന്റ് മുതൽ.

ഫിഫ ഇന്ന് അംഗീകരിച്ച ഫോർമാറ്റിൽ പന്ത്രണ്ട് ഗ്രൂപുകളിൽ നിന്നായി ആദ്യ രണ്ടു സ്ഥാനക്കാരോടൊപ്പം എട്ട് മികച്ച മൂന്നാം സ്ഥാനക്കാരും അടുത്ത റൗണ്ടിലേക്ക് (റൗണ്ട് ഓഫ് 32) യോഗ്യത നേടും. അതായത് ഗ്രൂപ്പ് ഘട്ടം കഴിഞ്ഞുള്ള പ്രീ ക്വാർട്ടർ റൗണ്ടിന് മുന്നോടിയായി ഒരു റൗണ്ട് മത്സരങ്ങൾ കൂടി ടീമുകൾ കളിക്കണം. ഇന്നത്തെ ഫിഫ മീറ്റിംഗിലെ മറ്റൊരു തീരുമാനം 2026 ലോകകപ്പിന്റെ ഫൈനൽ ജൂലൈ 19 ഞായറാഴ്ച ആയിരിക്കുമെന്നാണ്.

ശ്വാസ തടസ്സവും മൂക്കൊലിപ്പും പനിയും ശ്രദ്ധിക്കുക; H3N2 കേരളത്തിലും റിപ്പോർട്ട് ചെയ്തു

 കേരളത്തിലെ H3N2 കേസുകളുടെ എണ്ണം പതിമൂന്ന് ആയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തു. ആലപ്പുഴ, പാലക്കാട്, എറണാകുളം ജില്ലകളിലാണ് കേസുകൾ പ്രാഥമികമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന പനി, ചുമ, ശ്വാസകോശരോ​ഗങ്ങൾ H3N2 ഇൻഫ്ളുവൻസ വൈറസ് മൂലമാണെന്ന് ഐ.സി.എം.ആർ കണ്ടെത്തിയതിന് പിന്നാലെയാണ് കേരളത്തിലും പരിശോധന കർശനമാക്കിയത്.

എല്ലാവരും ഇൻഫ്ളുവൻസ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും മറ്റേത് ശ്വാസകോശരോ​ഗങ്ങളെയും പോലെയാണ് ഈ രോ​ഗമെന്നും മാസ്ക് ഉപയോ​ഗം ശീലമാക്കണമെന്നും രോ​ഗബാധയുള്ളവർ മതിയായി ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. രോ​ഗബാധയുണ്ടായാൽ വീടുകളിൽ കഴിയുക. പരമാവധി വിശ്രമിക്കുക.

ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്നും ആരോ​ഗ്യമന്ത്രി വീണാ ജോർജും വ്യക്തമാക്കി. രോ​ഗലക്ഷണങ്ങൾ ഉള്ളവർ സ്വയംചികിത്സ നടത്താതെ വിദ​ഗ്ധോപദേശം തേടണം.

ലക്ഷണങ്ങൾ മാറി മറിയാം

ഐ.സി.എം.ആറിന്റെ കണക്കുകൾ പ്രകാരം H3N2 ബാധിതരിൽ 92ശതമാനം പേർക്ക് പനിയും 86 ശതമാനം പേർക്ക് ചുമയും 27 ശതമാനം പേർക്ക് ശ്വാസതടസ്സവും 16 ശതമാനം പേർക്ക് ശ്വാസംമുട്ടലും അനുഭവപ്പെടുന്നുണ്ട്. ഇതുകൂടാതെ രോ​ഗബാധിതരിൽ 16 ശതമാനം പേർക്ക് ന്യൂമോണിയയും ആറ് ശതമാനം പേർക്ക് അപസ്മാരവും റിപ്പോർട്ട് ചെയ്യുകയുണ്ടായി. കടുത്ത ശ്വാസകോശ പ്രശ്നങ്ങളുമായി ആശുപത്രിയിൽ എത്തുന്നവരിൽ 10ശതമാനം പേർക്ക് ഓക്സിജൻ സഹായം വേണ്ടിവന്നതായും 7ശതമാനം പേർക്ക് ഐ.സി.യു സേവനം വേണ്ടിവന്നതായും കണക്കുകൾ പുറത്ത് വിട്ടു.

H3N2 ലക്ഷണങ്ങൾ

  • പനി
  • ചുമ‌
  • മൂക്കൊലിപ്പ്
  • ശരീരവേദന
  • ഛർദി
  • ഓക്കാനം
  • വയറിളക്കം‌

രോ​ഗപ്രതിരോധത്തിനായി ഐ.സി.എം.ആർ. പുറത്തിറക്കിയ മാർ​ഗനിർദേശങ്ങൾ

  • വെള്ളവും സോപ്പും ഉപയോ​ഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക
  • മാസ്ക് ഉപയോ​ഗിക്കുകയും ആൾക്കൂട്ടമുള്ള ഇടങ്ങൾ ഒഴിവാക്കുകയും ചെയ്യുക.
  • മുഖവും മൂക്കും ഇടയ്ക്കിടെ സ്പർശിക്കുന്നത് ഒഴിവാക്കുക.
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും മുഖവും മറയ്ക്കുക.
  • ധാരാളം വെള്ളം കുടിക്കുകയും ശരീരത്തിലെ ജലാംശം നഷ്ടപെടാൻ ഇടവരുത്താതിരിക്കുകയും ചെയ്യുക.
  • പനി, ശരീരവേദന തുടങ്ങിയ അനുഭവപ്പെട്ടാൽ പ്രിസ്ക്രൈബ് ചെയ്ത മരുന്നുകൾ മാത്രം കഴിക്കുക.
  • പൊതുയിടത്ത് തുപ്പാതിരിക്കുക.
  • ആന്റിബയോട്ടിക്കുകൾ കൊണ്ട് സ്വയം ചികിത്സ നടത്താതിരിക്കുക.

ബ്രഹ്മപുരത്ത് തീ പടർന്നത് സെക്ടർ ഒന്നിൽ നിന്ന്; അട്ടിമറി സാധ്യത പൊലീസ് പരിശോധിക്കുന്നു

 ബ്രഹ്‌മപുരം തീപ്പിടിത്തത്തിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ആറ് സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങളാണ് കണ്ടെത്തിയത്. മാര്‍ച്ച് രണ്ട് വൈകിട്ട് സെക്ടര്‍ ഒന്നില്‍ നിന്നാണ് തീ പടര്‍ന്നത് എന്നാണ് ഇതു പ്രകാരം കണ്ടെത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട അട്ടിമറി സാധ്യത പരിഗണിച്ച് പോലീസ് വിശദമായ അന്വേഷണത്തിന് തീരുമാനിച്ചിട്ടുണ്ട്.

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ സി.സി.ടി.വി. ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോർട്ട്. എന്നാല്‍ ക്യാമറകളെല്ലാം പ്രവര്‍ത്തനക്ഷമമാണ്. ഇവയില്‍നിന്ന് ശേഖരിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് തീ പടര്‍ന്നത് എവിടെനിന്നാണെന്ന് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. തീപ്പിടിത്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുള്ള പശ്ചാത്തലത്തില്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഏറെ നിര്‍ണായകമാണ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു.

ബ്രഹ്‌മപുരം മാലിന്യപ്ലാന്‍റിലേക്ക് പ്രവേശിക്കുമ്പോള്‍ വലതുഭാഗത്തുള്ള പ്രദേശമാണ് സെക്ടര്‍ ഒന്ന്. ഇവിടെനിന്നുതന്നെയാണ് തീ പടര്‍ന്നതെന്നാണ് സി.സി.ടി.വി. ക്യമറാ ദൃശ്യങ്ങളില്‍നിന്ന് പോലീസിന് മനസ്സിലായിട്ടുള്ളത്. സെക്ടര്‍ ഒന്നില്‍നിന്നാണ് തീ പടര്‍ന്നതെന്ന് സോണ്‍ട ഇന്‍ഫ്രാടെക്കിലെ ചില ഉദ്യോഗസ്ഥരും ബ്രഹ്‌മപുരത്തെ ചില ജീവനക്കാരും നേരത്തെ പറഞ്ഞിരുന്നു. മാര്‍ച്ച് രണ്ടാംതീയതി വൈകിട്ട് നാലുമണിക്കാണ് തീപ്പിടിത്തം ആരംഭിച്ചത്. വളരെ വേഗത്തില്‍ ഈ തീ ആളിപ്പടര്‍ന്നെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് മനസ്സിലാക്കാം.

സെക്ടര്‍ ഒന്നില്‍ സോണ്‍ട ഇന്‍ഫ്രാടെക്ക് ബയോമൈനിങ് ആരംഭിച്ചിരുന്നു. ഈ ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. ബയോ മൈനിങ്ങിന് ആവശ്യമായ സോണ്‍ടയുടെ ഉപകരണങ്ങള്‍ ഈ മേഖലയിലുണ്ടായിരുന്നു. തീപ്പിടിത്തം ആരംഭിച്ചപ്പോള്‍ അത് അണയ്ക്കാനുള്ള ശ്രമം ബ്രഹ്‌മപുരം പ്ലാന്റിലെ ജീവനക്കാര്‍ നടത്തിയിരുന്നു എന്നും ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് ശേഷമാണ് ഫയര്‍ ഫോഴ്‌സിൽ വിവരം അറിയിച്ചത്.

ജാതിവ്യവസ്ഥയുടെ കെടുതികൾ പറഞ്ഞ പെരുമാൾ മുരുകൻ്റെ “പൈർ” ബുക്കർ ഇൻ്റർ നാഷണൽ ലിസ്റ്റിൽ

0

ജാതി വ്യവസ്ഥയുടെ കൊടും വിഷങ്ങൾ പുറത്തു കൊണ്ടു വരുന്ന തമിഴ് നോവലിസ്റ്റ് പെരുമാള്‍ മുരുകന്റെ ‘പൈർ’ (Pyre) ഈ വര്‍ഷത്തെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനത്തിനുള്ള പട്ടികയിൽ ഇടം പിടിച്ചു. ആദ്യമായാണ് ബുക്കര്‍ സമ്മാനത്തിനായി ഒരു തമിഴ് നോവല്‍ പരിഗണിക്കുന്നത്. 13 നോവലുകളാണ് പരിഗണനയിൽ.

2013-ല്‍ തമിഴില്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ അനിരുദ്ധന്‍ വാസുദേവന്‍ ആണ് 2016 ൽ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. മാൻ ബുക്കർ ഇൻ്റർ നാഷണലിൽ പരിഗണിക്കുന്നത് ഇംഗ്ലീഷിലെത്തിയ കൃതികളാണ്. ഏപ്രില്‍ 18ന് ഇവയിൽ നിന്നും ആറ് പുസ്തകങ്ങൾ ഉൾപ്പെടുന്ന ചുരുക്കപ്പട്ടികയും മെയ് 23ന് ജേതാവിനെയും പ്രഖ്യാപിക്കും. 50 ലക്ഷം രൂപയാണ് സമ്മാന തുക.

1980കളിലെ തമിഴ് നാട്ടിലെ ഗ്രാമീണ പശ്ചാത്തലത്തില്‍ സാമൂഹിക വിവേചനത്തിനെതിരെയുള്ള യുവ പ്രണയത്തിന്റെ കഥയാണ് ഈ നോവലില്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം ഹിന്ദിയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഗീതാഞ്ജലി ശ്രീയുടെ ‘ടോംപ് ഓഫ് സാന്റ്’ (Tomb of Sand) അഥവാ  (Ret Samadhi), എന്ന നോവലിനായിരുന്നു.

 “ഈ വാർത്ത ഞാനറി​ഞ്ഞിട്ടേയുള്ളൂ. ഞാൻ വളരെ സന്തോഷവാനാണ്, ഇത് എന്റെ എഴുത്തിനുള്ള വലിയ സ്വീകാര്യതയാണ്. ദുരഭിമാനക്കൊലയാണ് “പൈർ” കൈകാര്യം ചെയ്യുന്നത്. ദുരഭിമാനക്കൊല നമ്മുടെ രാജ്യത്ത് വളരെ വലിയ വിഷയാണ്, ഈ അംഗീകാരത്തിന് ശേഷം കൂടുതൽ ആളുകൾ ഈ വിഷയത്തെക്കുറിച്ച് അറിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” പെരുമാൾ മുരുകൻ പ്രതികരിച്ചു

“ഞങ്ങൾ ഒരു പുറപ്പാടും നടത്തിയിട്ടില്ല”ചർച്ച സംബന്ധിച്ച ജമാഅത്തെ ഇസ്ലാമി വിശദീകരണം തള്ളി ആർ എസ് എസ്

 ആര്‍എസ്എസ് മുന്‍കൈയെടുത്ത് ഏതെങ്കിലും മുസ്ലിം സംഘടനകളുമായോ പണ്ഡിതന്‍മാരുമായോ ചർച്ചകൾ നടത്തിയിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബലെ. എന്നാല്‍ ആര്‍ക്കെങ്കിലും സംഘടനയുമായി കൂടിക്കാഴ്ചകള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

ജമാഅത്തെ ഇസ്ലാമിയും ഏതാനും ചില മുസ്ലിം സംഘടനകളും അടുത്തിടെ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയിരുന്നു. ഹരിയാണയില്‍ നടന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനിടെ, ഇന്ത്യ നിലവിൽ ഒരു ഹിന്ദു രാഷ്ട്രം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു രാഷ്ട്രം എന്നത് ഒരു സാസ്കാരിക സംജ്ഞയാണെന്നും ഭരണഘടനാ അധിഷ്ഠിതമായ സ്റ്റേറ്റുമായി അതിന് ബന്ധമില്ലെന്നും അദ്ദേഹം സമ്മേളന വേദിയിൽ വ്യക്തമാക്കി.

സംഘപരിവാർ ഒരു പുറപ്പാടും നടത്തിയിട്ടില്ല

‘ആ ഭാഗത്ത് നിന്ന് ഒരു ക്ഷണം ഉണ്ടാകുമ്പോള്‍, അവരുടെ ഭാഗത്ത് നിന്ന് ഒരു ദൃശ്യമായ താത്പര്യം കാണുമ്പോള്‍, അവര്‍ ഞങ്ങളെ കാണാന്‍ ആഗ്രഹിക്കുമ്പോള്‍, ഞങ്ങള്‍ അതിനനുസരിച്ച് പ്രതികരിക്കും. മറുഭാഗത്ത് നിന്നായിരിക്കണം മുന്‍കൈ എടുക്കേണ്ടത്. സംഘപരിവാര്‍ ഒരു പുറപ്പാടും നടത്തിയിട്ടില്ല. ആ ഭാഗത്ത് നിന്നുള്ള പോസിറ്റീവായിട്ടുള്ള നടപടികളോട് മാത്രമാണ് ഞങ്ങള്‍ പ്രതികരിച്ചത്’. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി.

‘അവര്‍ ആര്‍എസ്എസിനെ വിശ്വസിക്കുന്നു, ചിലര്‍ വിശ്വസിക്കുന്നില്ല. അതിനാല്‍ ഞങ്ങളെ വിശ്വസിക്കുന്നവരെ ഞങ്ങള്‍ക്ക് സ്വീകാര്യരാണ്. ഞങ്ങള്‍ അവരെ കണ്ടുമുട്ടുന്നു. ഒരുമിച്ചുള്ള കൂടിക്കാഴ്ചയ്ക്കും ചായകുടിക്കും ദോഷമില്ല. ലോകത്തെ മുഴുവന്‍ ഒരു കുടുംബമായി ഞങ്ങള്‍ കണക്കാക്കുന്നു. ഞങ്ങള്‍ക്ക് ഒരു വിശ്വാസവുമായോ മതവുമായോ വ്യത്യാസമില്ല. രാഷ്ട്ര താത്പര്യത്തിനായി എല്ലാവരും പ്രവര്‍ത്തിക്കണം എന്നതാണ് ഞങ്ങളുടെ ഏക താത്പര്യം’ ഹൊസബലെ കൂട്ടിച്ചേര്‍ത്തു.

ആരെങ്കിലും തങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, തങ്ങള്‍ കാണും. മുസ്ലീങ്ങളെ കണ്ടുമുട്ടുന്നു, കിസ്ത്യാനികളെ കാണുന്നു, വിദേശികളെ കാണുന്നു. ആളുകള്‍ കണ്ടുമുട്ടുമ്പോള്‍, ചര്‍ച്ചകള്‍ നടക്കുന്നു. ഇതാണ് ജനാധിപത്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വര്‍ഷം ആദ്യമാണ് ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനാ പ്രതിനിധികള്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയത്. ഇത് കേരളത്തിലടക്കം വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ആദ്യമായാണ് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തത് ജമാഅത്ത് സംഘടനകളാണെന്ന് ഇതു സംബന്ധിച്ച ആര്‍എസ്എസ് നേതൃത്വത്തിന്റെ വിശദീകരണം.

ഇതിനിടെ വ്യത്യസ്ത ലിംഗക്കാര്‍ക്കേ പരസ്പരം വിവാഹിതരകാന്‍ കഴിയൂവെന്നും മറ്റുള്ളതെല്ലാം സംസ്‌കാരത്തിനും ചിന്തയ്ക്കും എതിരാണെന്നും അഭിപ്രായപ്പെട്ടു.