ജി 20 സമ്മേളനത്തിന് ഒരുക്കം തുടങ്ങി; പതിറ്റാണ്ടുകളായി തെരുവിൽ കഴിയുന്നവരെ കുടിഒഴിപ്പിക്കാൻ അധികാരികളും പൊലീസ് സേനയും ഇറങ്ങി

നാഗ്പൂരിൽ ജി20 യോഗത്തിന് മുന്നോടിയായി ഭിക്ഷാടകർക്കും ഭവനരഹിതർക്കും വിലക്ക് ഏർപ്പെടുത്തി പൊലീസും അധികാരികളും. തെരുവോരങ്ങളിൽ കഴിയുന്ന ഭവനരഹിതർ, ഭിക്ഷാടകർ, നാടോടികൾ എന്നിവർ നഗരപരിധിയ്ക്ക് പുറത്തുപോകണമെന്ന് കർശന ഉത്തരവ് പുറപ്പെടുവിച്ചു.

ട്രാഫിക് ഐലൻഡുകളിലും ഡിവൈഡറുകളിലും പണം ആവശ്യപ്പെടുന്നതും ഭിക്ഷാടനം നടത്തുന്നതും ക്രിമിനൽ നടപടിയായി കരുതാൻ ഉത്തരവ് നൽകി. ഇതു സംബന്ധിച്ച് മാർച്ച് എട്ടിനാണ് നാഗ്പൂർ പോലീസ് കമ്മീഷണറുടെ ഓഫീസ് സർക്കുലർ പുറപ്പെടുവിച്ചത്. ഐപിസി സെക്ഷൻ 188 പ്രകാരമുള്ള നടപടികളും പ്രസക്തമായ വകുപ്പുകളും അവർക്കെതിരെ സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു. മാർച്ച് ഒൻപത് മുതൽ ഏപ്രിൽ 30 വരെ പ്രാബല്യം നൽകിയാണ് ഉത്തരവ്. ട്രാഫിക് സിഗ്നലുകളിലും പൊതുവിടങ്ങളിലും പണം യാചിക്കുന്നതും കുറ്റകരമാവും.

യശ്വന്ത് സ്റ്റേഡിയം, കസ്തൂർചന്ദ് പാർക്ക് എന്നിവയുൾപ്പെടെയുള്ള നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന ഭവനരഹിതരോട് നഗരം വിടാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്നു പതിറ്റാണ്ടായി തെരുവിലുള്ള പത്ത് കുടുംബങ്ങൾ

“നിരവധി വിദേശികൾ നഗരം സന്ദർശിക്കുമെന്നും അതിനാൽ നിങ്ങൾ​ നഗരം വിട്ടുപോകണമെന്നും ഞങ്ങളോട് പറഞ്ഞു. രണ്ട് മാസം കഴിഞ്ഞ് മാത്രമേ തിരിച്ചെത്താൻ പാടുള്ളൂ എന്നാണ് പറയുന്നത്,” നാഗ്പൂരിൽനിന്ന് അമരാവതിയിലേക്ക് പോകാൻ നിർബന്ധിതരായ പാർധി സമുദായത്തിൽ നിന്നുള്ള പ്രീതി ഭോസാലെ പറഞ്ഞു. മൂന്ന് പതിറ്റാണ്ടിലേറെയായി യശ്വന്ത് സ്റ്റേഡിയത്തിൽ മറ്റു 10 കുടുംബങ്ങൾക്കൊപ്പമാണ് തന്റെ താമസമെന്നും പ്രീതി പറഞ്ഞു. ഇത്തരത്തിൽ നിരവധി കുടുംബങ്ങൾ നഗരത്തിലുണ്ട്.

“രണ്ടു മാസത്തിനുള്ളിൽ തിരിച്ചുവരാൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ ഞങ്ങളോട് പറഞ്ഞു, പക്ഷേ അതുവരെ ഞങ്ങളെങ്ങനെ ജീവിക്കുമെന്നറിയില്ല, ” ഈ മാസം ആദ്യം അമരാവതിയിലേക്ക് മാറേണ്ടി വന്ന ഷാഹു ഭോസാലെ പറയുന്നു. സമുദായാംഗങ്ങൾക്ക് ഗ്രാമത്തിൽ ഭൂമിയോ ജോലിയോ ലഭ്യമാവില്ല. കടുത്ത ജാതി സമുദായ വിവേചനമാണ് അവിടങ്ങളിൽ. അതിനാൽ ഉപജീവനത്തിനായി വർഷങ്ങൾക്ക് മുൻപ് നഗരങ്ങളിലേക്ക് കുടിയേറിയതാണ് ഇവർ. മടങ്ങിയെത്തിയാൽ ക്രിമിനൽ നടപടി നേരിടേണ്ടിവരുമെന്നും ഭിക്ഷാടകരുടെ ഷെൽറ്റർ ഹോമിലേക്ക് അയക്കുമെന്നും അധികൃതർ പറഞ്ഞതായും ഷാഹു വെളിപ്പെടുത്തി.

നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം ഭിക്ഷാടകരെ മാറ്റി പാർപ്പിക്കാൻ നിർവാഹമില്ലാത്ത സാഹചര്യമാണ് എന്നാണ് വിശദീകരണം.

പുനരധിവാസം സർക്കാർ കണക്കിൽ പോലും എത്തിയില്ല

സാമൂഹിക നീതി- ശാക്തീകരണ മന്ത്രാലയം ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളുടെ സമഗ്രമായ പുനരധിവാസത്തിനായി 2020 ജനുവരിയിൽ നടത്തിയ ദേശീയ കാംപെയ്‌നിന്റെ ഭാഗമായി മുംബൈയ്‌ക്കൊപ്പം തിരഞ്ഞെടുത്ത രണ്ട് നഗരങ്ങളിലൊന്നാണ് നാഗ്പൂർ. നഗരത്തിൽ 1,601 പേരെ ഇത്തരത്തിൽ മാറ്റിപാർപ്പിക്കേണ്ടതുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തിയിരുന്നു. പദ്ധതി പ്രകാരം 2022 ഏപ്രിലിൽ ഒരു ഷെൽട്ടർ ഹോം തുറന്നു. എന്നാൽ​ ഇതിൽ 150 പുരുഷന്മാരെ താമസിപ്പിക്കാനുള്ള സൗകര്യമേ ഉണ്ടായിരുന്നുള്ളൂ. ഭവനരഹിതരായവർക്കെതിരെ പോലും ബോംബെ പ്രിവൻഷൻ ഓഫ് ബെഗ്ഗറി ആക്ട് പ്രകാരം നടപടിയെടുക്കാറുണ്ട്.

രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ നഗരത്തിലെ പല സ്ഥലങ്ങളിൽ നിന്നും ഭവനരഹിതരായ ആളുകളോട് നഗരം വിട്ടുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നാഗ്പൂർ കോഷിഷിലെ പ്രോഗ്രാം ഓഫീസർ നിലേഷ് കാംബ്ലെ പറഞ്ഞു.

സർക്കുലർ പ്രകാരം വീടില്ലാത്തവരെയും ഭിക്ഷാടനത്തിൽ ഏർപ്പെട്ടവരെയും പോലീസും തദ്ദേശസ്ഥാപനങ്ങൾ എങ്ങനെ തിരിച്ചറിയുന്നു എന്ന ചോദ്യത്തിന്, പോലീസ് സെൻസിറ്റീവ് ആണെന്നും ഇതുവരെ ക്രിമിനൽ നടപടികളൊന്നും എടുത്തിട്ടില്ലെന്നും നാഗ്പൂർ പോലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു. എന്നാൽ ‘മറ്റു ഉപജീവനമാർഗങ്ങളുണ്ടായിട്ടും’ കുടുംബത്തോടൊപ്പം തെരുവിൽ കഴിയുന്നവരെയാണ് സർക്കുലറിൽ ഉൾപ്പെടുത്തിയതെന്നും അമിതേഷ് അവകാശപ്പെട്ടു.

ഉപജീവനമാർഗം തേടി അലയുന്ന സമുദായങ്ങളെ ലക്ഷ്യം വയ്ക്കുന്നത് പോലീസ് സർക്കുലറിൽ ഒതുങ്ങുന്നതല്ലെന്നും ഇത് കൊളോണിയൽ കാലഘട്ടം മുതലുള്ളതാണെന്നുമാണ് അഭിഭാഷക ദിഷ വഡേക്കർ പറയുന്നത്. ക്രിമിനൽ ട്രൈബ്സ് ആക്റ്റ് നടപ്പിലാക്കി ആ സമുദായങ്ങളെ ക്രിമിനൽവൽക്കരിക്കാൻ ലക്ഷ്യമിട്ടിരുന്നതായും പറയുന്നു. ഹാബിച്വൽ ഒഫൻഡേഴ്‌സ് ആക്ടും അത്തരം ക്രിമിനൽ നടപടികളിലൂടെ നാടോടികളെയും ഭിക്ഷാടകരെയും പിന്തുടരുന്നത് തുടരുകയാണെന്നും ദിഷ പറഞ്ഞു.

“നിയമങ്ങളിലൂടെ ആസൂത്രിതമായാണ് പൊലീസും അധികാരികളും പ്രവർത്തിക്കുന്നത്. ഉപജീവനത്തിനുള്ള മാർഗ്ഗമില്ലാതെ അവർ ഗ്രാമങ്ങളിൽനിന്നു പുറത്താക്കപ്പെടുന്നു. അവർ പിന്നീട് നഗരങ്ങളിൽ കുടിയേറുകയും പരമ്പരാഗതമായി അറിയാവുന്ന പല തൊഴിലുകളിലും ഏർപ്പെട്ട് കളിപ്പാട്ടങ്ങളും മറ്റു നിർമ്മിച്ച് ഉപജീവനം കണ്ടാത്താൻ ശ്രമിക്കുമ്പോൾ അവരെ ഭിക്ഷാടകരെന്ന് മുദ്ര കുത്തുകയും അവർക്ക് ക്രിമിനൽ നടപടികൾ​ നേരിടേണ്ടിയും വരുന്നു,” ദിഷ പറഞ്ഞു.

പാഠപുസ്തക അച്ചടിയിൽ എന്താണ് സംഭവിച്ചത്; പേപ്പർ കച്ചവടത്തിന് പിന്നിൽ ആരാണ്

പാഠപുസ്തക അച്ചടിയിൽ 35 കോടി രൂപയുടെ സാന്പത്തിക ഇടപാടിന് കണക്കില്ലെന്ന് റിപ്പോർട്ട്. ടെണ്ടർ വ്യവസ്ഥ അട്ടിമറിച്ചും സർക്കാർ പ്രസ് സൂപ്രണ്ടിന്‍റെ പരിശോധന ഇല്ലാതെയുമാണ് കെബിപിഎസ്സ് ആവശ്യപ്പെട്ട തുക സംസ്ഥാന സർക്കാർ അനുവദിച്ചതെന്ന രേഖകൾ ഏഷ്യാനെറ്റ് ന്യുസ് പുറത്തു വിട്ടി. മില്ലുകളിൽ നിന്ന് കേരള ബുക്ക്സ് ആന്‍റ് പബ്ലിഷിംഗ് കോർപ്പറേഷൻ നേരിട്ട് പേപ്പർ വാങ്ങാൻ തുടങ്ങിയത് മുതലുള്ള ഇടപാടുകളാണ് സംശയ നിഴലിൽ.

വൈകിയതോ വൈകിപ്പിച്ചതോ

2015– 16 വർഷത്തിൽ പാഠപുസ്തക അച്ചടി വൈകിയതിനെ തുടർന്നാണ് സ്വന്തമായി പേപ്പർ വാങ്ങാൻ അനുമതി നേടിയെടുത്തത്. രണ്ട് വർഷത്തേക്ക് അച്ചടിക്കാനുള്ള പേപ്പർ മില്ലുകളിൽ നിന്ന് നേരിട്ട് വാങ്ങാൻ 2016 ജനുവരിയിൽ സംസ്ഥാന സർക്കാർ കെബിപിഎസ്സിന് അനുമതി നൽകി.സർക്കാർ പ്രസ് സൂപ്രണ്ട് ബില്ലുകൾ പരിശോധിക്കണമെന്ന കർശന വ്യവസ്ഥയിൽ ആയിരുന്നു ഇത്.

സ്റ്റേഷനറി വകുപ്പ് ടെണ്ടർ വിളിച്ച് ധനകാര്യ വകുപ്പ് അനുമതിൽ വിദ്യാഭ്യാസ വകുപ്പ് മില്ലുകൾക്ക് നേരിട്ട് പണം നല്‍കുന്ന രീതി അച്ചടിയിൽ കാലതാമസം വരുത്തുന്നത് ഒഴിവാക്കാനായിരുന്നു ഈ മാറ്റം. എന്നാൽ 2016-17 അദ്ധ്യയന വർഷത്തിലെ അച്ചടിക്കായി കെബിപിഎസ്സ് നേരിട്ട് ടെണ്ടർ വിളിച്ചു. 83 സെന്‍റിമീറ്റർ 80 ജിഎസ്എം നിലവാരത്തിൽ 6000 മെട്രിക് ടൺ പേപ്പർ ഇടപാട് നടത്തി.ടെണ്ടറിൽ റേറ്റ് ക്വോട്ട് ചെയ്യാതെ പങ്കെടുത്ത ആദിത്യ അശ്വിൻ എന്ന കന്പനിയിൽ നിന്ന് വാങ്ങിയത് 19 കോടി 50 ലക്ഷം രൂപയുടെ പേപ്പറുകളാണ് എന്നാണ് വെളിപ്പെടുത്തൽ.

ആന്ധ്രയില്‍ നിന്നുള്ള ഡെല്‍റ്റ ,ശ്രീ ശക്തി പേപ്പർ മില്ലുകളിൽ നിന്നായി മൊത്തം 59 കോടി 73 ലക്ഷം രൂപയ്ക്ക് പേപ്പർ വാങ്ങിയതായി സർക്കാരിന് നൽകിയ ഇൻവോയിസിൽ വ്യക്തമാക്കുന്ന രേഖയും പ്രസിദ്ധപ്പെടുത്തി. ഇതിൽ പ്രാധാന നിബന്ധനയായ, എല്ലാ ബില്ലുകളും സർക്കാർ പ്രസ് സൂപ്രണ്ട് പരിശോധിക്കണമെന്ന ഉത്തരവ് അട്ടിമറിച്ചതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

നികുതി വെട്ടിപ്പും കൂട്ടു നിന്ന് പേപ്പർ ബിസിനസ്സും

തൊട്ടടുത്ത വർഷം 2017 18 അദ്ധ്യയന വർഷത്തേക്ക് പേപ്പർ വാങ്ങുന്നതിന് 75 കോടി രൂപ കെബിപിഎസ് ആവശ്യപ്പെട്ടപ്പോൾ ഈ തുക അത്രയും സർക്കാർ കൈമാറി. 2017 ജൂൺ 30 വരെ വാറ്റ് നികുതിയായിരുന്നു. രാജ്യം ജിഎസ്ടിയിലേക്ക് മാറിയത് ജൂലൈ 1 മുതൽ.2017 ,ജൂലൈ 30 വരെ 117 കോടി രൂപ 77ലക്ഷം രൂപയുടെ പേപ്പർ വാങ്ങിയെന്നാണ് കെബിപിഎസ് കണക്കുകൾ.രണ്ട് ശതമാനമായിരുന്നു അന്ന് വാറ്റ് നികുതി.അങ്ങനെ എങ്കിൽ 2.25 കോടി രൂപ എങ്കിലും നികുതി ഇനത്തിൽ കന്പനികൾ അടച്ചിരിക്കണം.എന്നാൽ ഇൻപുട്ട് ക്രെഡിറ്റായി കന്പനികൾ എടുത്തത് 1 കോടി 61 ലക്ഷം രൂപ.ഈ തുക പ്രകാരം പേപ്പർ വാങ്ങിയത് 80 കോടി 50 ലക്ഷം രൂപയ്ക്ക് മാത്രമാണ്. 37 കോടി രൂപയുടെ അധിക തുക കെബിപിഎസ്സ് സർക്കാരിൽ നിന്ന് കൈപ്പറ്റിയത് വ്യാജ ബില്ലുകൾ നൽകിയെന്നാണ് ആരോപണം.

പാഠപുസ്തകം അല്ലാതെ കെബിപിഎസ്സ് അച്ചടിക്കുന്ന കൊമേഴ്ഷ്യൽ പ്രിന്റിംഗിനായി എത്തിക്കുന്ന പേപ്പറുകളും കുട്ടികൾക്കുള്ള പാഠപുസ്തക അച്ചടി ഇനത്തിൽ ഉൾപ്പെടുതിയതായാണ് രേഖകൾ പറയുന്നത്.ഈ കാലയളവിൽ ടോമിൻ തച്ചങ്കരിയായിരുന്നു കെബിപിഎസ് എംഡി.

ക്രമക്കേട് ഇവിടെ അവസാനിക്കുന്നില്ലെന്ന് കഴിഞ്ഞ എട്ട് വർഷമായി കെബിപിഎസ്സിലെ പാഠപുസ്തക അച്ചടിക്ക് പിറകെ ഉള്ള വിവരാവകാശപ്രവർത്തകൻ ചങ്ങനാശ്ശേരി സ്വദേശി രതീശൻ എൻ എസ് പറയുന്നു. പാഠപുസ്തക അച്ചടിയിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രതീശൻ.

സ്ത്രീകൾക്കായി സ്ത്രീകളുടെ കൂട്ടായ്മയിൽ കലാകായികോത്സവം

.മലയാള സർവകലാശാലയും വിങ്ങ്സ് കേരളയും ജൻഡർ പാർക്ക്, സ്പോർട്സ് കൗൺസിൽ എന്നിവയുമായി ചേർന്ന് 2023 മാർച്ച് 25,26 തിയ്യതികളിൽ കോഴിക്കോട് വച്ച് സ്ത്രീകൾക്കായി കലാ കായിക പരിപാടി സംഘടിപ്പിക്കുന്നു.

25-ന് ജൻഡർ പാർക്കിൽ

  1. വനിതകളുടെ ചെസ്സ് മത്സരം
    എല്ലാ സ്ത്രീകൾക്കും പങ്കെടുക്കാം.
    സമയം:9 am. 2.ജൻഡർ ക്വിസ് മത്സരം
    എല്ലാവർക്കും പങ്കെടുക്കാം.
    സമയം 11.30am
  2. സെമിനാർ
    എല്ലാവർക്കും പങ്കെടുക്കാം.
    സമയം:2pm

4.കലാപരിപാടികൾ
3 മുതൽ 6 വരെ

  1. നീന്തൽ മത്സരം
    25/3/23 സ്പോർട്ട് സ് കൗൺസിൽ നീന്തൽ കുളം.
    രാവിലെ 8 മണി.
    എല്ലാ സ്ത്രീകൾക്കും പങ്കെടുക്കാം.

26/3/23
അഞ്ചാമത് കെ. സരസ്വതിയമ്മ വോളി ബോൾ ടൂർണ്ണമെന്റ്
രാവിലെ 8 മണിക്ക്
കോഴിക്കോട് സ്പോർട്ട് സ് കൗൺസിൽ ഇന്റോർ സ്റ്റേഡിയം.

30 വയസ്സിനുമുകളിലുള്ള എല്ലാ സ്ത്രീകൾക്കും പങ്കെടുക്കാം.

എത്രയും പെട്ടെന്ന് നിങ്ങളുടെ പേരുകൾ താഴെക്കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.

https://docs.google.com/forms/d/e/1FAIpQLSdAMLntgxKfkkr7amFY54utSntBzuwh3VL4l7YUck7mPZNZCw/viewform?usp=sf_link

ഹൈദരാബാദിനെ ഷൂട്ട് ഔട്ടിൽ തകർത്ത് എടികെ മോഹൻ ബഗാൻ സൂപ്പർ ലീഗ് ഫൈനലിൽ

0

2022-23 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി എടികെ മോഹൻ ബഗാൻ. ഇന്നും ഷൂട്ട് ഔട്ടിൻ്റെ തനിയാവർത്തനമായിരുന്നു. നിലവിലെ ജേതാക്കളായ ഹൈദരാബാദ് എഫ്‌സിയെ സ്വന്തം തട്ടകത്തിൽ അവസാന നിമിഷം വരെ പൊരുതി തകർത്താണ് കൊൽക്കത്തൻ ക്ലബ്ബിന്റെ മുന്നേറ്റം.

ഇന്നലെ നടന്ന ആദ്യ സെമി ഫൈനലിൽ ഐഎസ്എൽ ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റിക്ക് എതിരെ ബംഗളുരു എഫ്‌സി വിജയിച്ചതും പെനാൽറ്റിയിലൂടെയായിരുന്നു. രണ്ടാമത്തെ സെമി ഫൈനലിലും ഇതാവർത്തിച്ചു.

സ്വന്തം കാണികൾക്ക് മുന്നിൽ ഫൈനൽ ടിക്കറ്റിനായി പൊരുതി തോറ്റു

സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ഹൈദരാബാദിലെ ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും ഫലം സമനിലയായിരുന്നു. ഇന്ന് സ്വന്തം കാണികൾക്ക് മുന്നിൽ ഫൈനൽ ടിക്കറ്റ് നേടുക എന്ന ലക്ഷ്യത്തോടെയാണ് എടികെ മോഹൻ ബഗാൻ ഇറങ്ങിയത്. അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിന്റെ കടിഞ്ഞാൺ എടികെ മോഹൻ ബഗാന്റെ കയ്യിലായിരുന്നു. എന്നാൽ, ഹൈദരാബാദിന്റെ യുവ ഗോൾകീപ്പർ ഗുരുമീത് സിങ്ങിന്റെ പ്രകടനമായിരുന്നു എതിർ നിരക്ക് ഗോൾ നിഷേധിക്കാൻ കാരണം.

അധിക സമയത്തും ഗോൾരഹിത സമനില പാലിച്ച മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നു. ഹാവിയർ സിവേരിയോയുടെ ഷോട്ട് എടികെ മോഹൻ ബഗാൻ ഗോൾകീപ്പർ വിശാൽ കേയ്ത് തടഞ്ഞിട്ടതും ബാർത്തലോമിയോ ഓഗ്ബച്ചെയുടേത് ബോക്സിൽ തട്ടി പുറത്തു പോയതും ഹൈദരാബാദിന് തിരിച്ചടിയായി. എടികെയുടെ ബ്രെണ്ടൻ ഹാമിലിന് ഷോട്ട് പിഴച്ചെങ്കിലും വിജയം കൊൽക്കത്തൻ നിരയുടെ ഒപ്പമായിരുന്നു. വിശാൽ കേയ്ത് ആണ് ഇന്നത്തെ മത്സരത്തിലെ മികച്ച താരം.
മാർച്ച് 18 ന് ഗോവയിലെ ഫാട്രോഡ സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനൽ മത്സരം അരങ്ങേറുക. ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ നാലാം കിരീടം തേടിയാണ് എടികെ ഇറങ്ങുക. ബംഗളുരു ആകട്ടെ രണ്ടാം കിരീടം ലക്ഷ്യമാക്കിയും. നിലവിലെ ഐഎസ്എൽ ജേതാക്കളെയും ഈ സീസണിലെ ലീഗ് ടോപ്പേഴ്സിനെയും അട്ടിമറിച്ച് ഇരു ടീമുകളും ഫൈനലിൽ എത്തുമ്പോൾ കളി തീയാവും.

കീരവാണി പറഞ്ഞ ആ കാർപെൻ്റേഴ്സ് ഇതാ ഈ പാട്ടുകാരാണ്

മലയാളത്തിലെ പ്രമുഖ മാധ്യമങ്ങൾ കാർപെൻ്റർ ആക്കി തീർത്തത് ഒരു പ്രമുഖ മ്യൂസിക് ബ്രാൻ്റിനെയാണ്. ഒരു കാലത്ത് മനസുകളിൽ മഴ പെയ്യിച്ച സോഫ്ട് മെലോഡിയസ് പോപ്പിൻ്റെ തരംഗ ജോഡികളെ. നാട്ടു നാട്ടുവിന് ഓസ്കാർ ലഭിച്ചപ്പോൾ കീരവാണി താൻ കേട്ടുവളർന്ന സംഗീത ബ്രാൻ്റിനെ കുറിച്ച് പറഞ്ഞത് വാർത്ത തർജ്ജമ ചെയ്തവർ ചിന്തയില്ലാതെ കാർപെൻ്റർ എന്ന വാക്കിൽ കുരുങ്ങി ആവർത്തിക്കയായിരുന്നു.

1969 മുതൽ 2004 വരെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ആരാധകരെ കീഴടക്കിയ മ്യൂസിക് ബാൻഡ് ആണ് ഇപ്പറഞ്ഞ ‘കാർപെന്റേഴ്സ്’. സഹോദരങ്ങളായ കാരെൻ കാർപെൻ്ററും (1950–1983) റിച്ചാർഡ് കാർപെൻ്ററും (ജനനം 1946) മായി രണ്ടു പേർ പട്ടാളമായിരുന്നു അത്. പിന്നീട് സുഹൃത്ത് ജേക്കബുമായി ചേർന്ന് മൂവർ പട്ടാളമായി.

റിച്ചാർഡിൻ്റെ ഗാനരചനാപാടവവും സംഗീതചിട്ടപ്പെടുത്തലും, സഹോദരി കാരൻ്റെ മനോഹര ഗാനാലാപനവും ഒരുമിച്ചപ്പപ്പോൾ വളരെ പുതുമയാർന്ന ഒരു സോഫ്റ്റ് ക്ലാസിക്കൽ സംഗീതശൈലി തന്നെ ഉയർന്നു വന്നു. രണ്ടു പേരും പാടും എഴുതും. സംഗാത ആസ്വാദകർ ‘കാർപെൻ്റേഴ്സ്’നെ ആരാധന കൊണ്ട് മൂടി. ‘കാർപെൻ്റേഴ്സ്’ൻ്റെ 14 വർഷത്തെ കരിയറിൽ, നിരവധി സിംഗിൾസും നിരവധി ടെലിവിഷൻ സ്‌പെഷ്യലുകളും സഹിതം 10 ആൽബങ്ങൾ ചെയ്തു.

1965ൽ അവർ ആദ്യമായി ഒരു ജോഡിയായി, ഒപ്പം സുഹൃത്ത് ജേക്കബി​നൊപ്പം ജാസ് അധിഷ്ഠിതമായ ‘റിച്ചാർഡ് കാർപെൻ്റർ ട്രിയോ’ എന്നൊരു ബാൻഡ് രൂപീകരിച്ചു. അതാണ് തുടക്കം പിന്നീട് 1969ൽ ‘കാർപെൻ്റേഴ്സ്’ എന്ന പേരിൽ A&M Records യുമായി​ കരാറിൽ ഒപ്പ് വച്ചു. അന്ന് കാരന് 19 വയസ്സ് മാത്രമായിരുന്നു പ്രായം. മാതാപിതാക്കളാണ് കാരന് വേണ്ടി കരാറിൽ ഒപ്പ് വച്ചത് എന്നും കഥയുണ്ട്.

അറുപതുകളിൽ ഉയർന്ന അവർ അടുത്ത ദശകത്തോടെ ലോക സംഗീതത്തിൻ്റെ ഗ്ലാമർ ലോകത്ത് എത്തി.1971 ൽ ഒരു ഓസ്‌കാറും രണ്ട് ഗ്രാമി അവാർഡ്സും ‘കാർപെൻ്റേഴ്സ്’നെ തേടിയെത്തി. കാർപെൻ്റേഴ്സ് ലോകമെമ്പാടും 90 ദശലക്ഷത്തിലധികം റെക്കോർഡുകൾ വിറ്റു. യുകെയിൽ, 1970കളിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഏഴാമത്തെ ആൽബം ആർട്ടിസ്റ്റായി അവർ റാങ്ക് ചെയ്യപ്പെടുകയും ചെയ്തു.

70 കളൂടെ അവസാനം കാരെൻ അനോറെക്സിയ എന്ന അസുഖത്തിൻ്റെ പിടിയി​ലകപ്പെടുകയും റിച്ചാർഡ് സെഡേറ്റീവ് ക്വാലുഡ്സിൻ്റെ പിടിയിലായി ചികിത്സയിലാവുകയും ചെയ്തു. അവർ ഒന്നിച്ചുള്ള അവസാന ആൽബം ‘മെയ്ഡ് ഇൻ അമേരിക്ക’ 1981 ൽ പുറത്തിറങ്ങി.

1983ൽ തൻ്റെ 32ആം വയസ്സിൽ കാരൻ ഹൃദയസ്തംഭനം മൂലം മരിച്ചു. കാരെൻ്റെ മരണശേഷം, റിച്ചാർഡ് കാർപെൻ്റേഴ്സ് സമാഹാരങ്ങൾ നിർമ്മിച്ചു. 2004ൽ ഇറക്കിയ ”As Time Goes By” എന്ന ആൽബമാണ് ‘കാർപെൻ്റേഴ്സ്’ൻ്റേതായി അവസാനമായി ഇറങ്ങിയത്.

കീരവാണിയെ കീഴടക്കിയത്

ജാസിലെ ലളിത സംഗീതത്തിൻ്റെ വഴിയായിരുന്നു കാർപെൻ്റേഴ്സിൻ്റേത്. ഈണവും താളവും ലയസംഗീതത്തിൽ ആരാധകരെ മുക്കി. ഇന്നത്തെ അത്രയും മികച്ച റെക്കോഡിങ് സംവിധാനങ്ങൾ ഒന്നുമില്ലാത്ത കാലഘട്ടമായിരുന്നു. മികച്ച ബ്രാൻ്റുകൾ പലതും ജാസിലും പോപ്പിലും ശബ്ദതരംഗങ്ങൾ തന്നെ സൃഷ്ടിക്കുന്ന കാലഘത്തിലാണ് ആലാപനത്തിലെ ഭംഗിയും വരികളിലോ ആകർഷകതയും കൈ മുതലാക്കി അവർ ആരാധകരെ പിടിച്ചത്

തമിഴിൽ ഒരു കാലത്ത് ഇളയ രാജയും എ ആർ റഹാമാനും ഒക്കെ തുടങ്ങിവെച്ച മെലഡിയുടെ ഉന്മാദ ഭംഗിയുമായി കാർപൻ്റേഴ്സ് സംഗീതത്തിന് സാമ്യം കാണാം.

സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനായി നാട്ടിലെത്തി

0

 മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനായ ശേഷം ആദ്യമായി നാട്ടിൽ എത്തി. കുടുംബാംഗങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരിച്ചു. ജയിൽ മോചിതനായെങ്കിലും ജാമ്യ വ്യവസ്ഥകൾ പ്രകാരം ആറു ആഴ്ചക്കാലം ദില്ലിയിൽ തങ്ങുകയായിരുന്നു.

27 മാസം നീണ്ട ജയിൽവാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്.

‘പല സഹോദരൻമാരും കള്ളക്കേസിൽ കുടുങ്ങി ജയിൽ കഴിയുന്നുണ്ട്. അവർക്കൊന്നും നീതി ലഭിക്കാത്ത കാലം വരെയും നീതി പൂർണമായി നടപ്പിലായെന്ന് പറയാൻ കഴിയില്ല. തനിക്കൊപ്പം ജയിലിലായവർക്കും ഇപ്പോഴും പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. ആ നിലയിൽ നീതി നടപ്പായെന്ന് പറയാനാകില്ലെന്നും അദ്ദേഹം അന്ന് പ്രതികരിച്ചിരുന്നു. 

റിപ്പോർട്ടിംഗിന് വേണ്ടി പോയ സമയത്താണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊന്നും ചെയ്തിട്ടില്ല. ബാഗിൽ നോട്ട് പാഡും രണ്ട് പേനയുമായിരുന്നു ഉണ്ടായിരുന്നത്. മറ്റൊന്നും ബാഗിൽ നിന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്നും കാപ്പൻ പറഞ്ഞു. ലക്നൗ ജയിലിൽ നിന്നും പുറത്തിറങ്ങിയ കാപ്പൻ ദില്ലിയിൽ തങ്ങുകയായിരുന്നു.   ആറ് ആഴ്ചക്ക് ശേഷമണ് കേരളത്തിലേക്ക് മടങ്ങുന്നത്. 

ഹാഥ്റാസ് കേസ് റിപ്പോർട്ട് ചെയ്യാൻ പോയ വഴിയെ പൊലീസ്

ഹാഥ്റാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനായി പോയപ്പോഴാണ് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവരെ  2020 ഒക്ടോബർ അഞ്ചിന് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യു എ പി എ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യു എ പി എ അടക്കമുള്ള വകുപ്പുകൾ ചുമത്തുകയായിരുന്നു. അറസ്റ്റിലായി രണ്ട് വർഷവും മൂന്ന് മാസവും പൂർത്തിയാകുമ്പോഴാണ് സിദ്ദിഖ്  കാപ്പൻ ജയിൽ മോചിതനാകുന്നത്. 

ഹഥ്റാസ് കേസിൽ കുറ്റവാളികളെ വെറുതെ വിട്ട വാർത്ത രാജ്യത്തെ തന്നെ നടുക്കിയിരുന്നു. കേസിൽ ഉൾപ്പെട്ട നാല് പേരിൽ മൂന്നു പോരെ വെറുതെ വിട്ടു. ഒരാളുടെ പേരിൽ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് മാത്രം ശിക്ഷ ശരിവെച്ചു.

വനഭൂമി നിക്ഷിപ്തമാക്കൽ; 50 സെൻറ് വരെ കൈവശമുള്ളവർക്ക് ഇളവ്

സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള വനഭൂമി നിക്ഷിപ്തമാക്കൽ ബില്ലിൽ ഇളവ് വരുത്താൻ തീരുമാനം. 50 സെൻറ് വരെ കൈവശമുള്ള ഭൂമിക്ക് ഇളവ് നൽകാനാണ് വനം-റവന്യുമന്ത്രിമാരുടെ യോഗത്തിലെ തീരുമാനം. 26 സെൻറ് വരെയുള്ള ഭൂമിക്ക് ഇളവ് നൽകാനായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ. സ്വകാര്യവ്യക്തികളുടെ കൈവശമുള്ളതും പിന്നീട് വനഭൂമിയായി മാറിയതുമായ ഭൂമി സർക്കാർ ഏറ്റെടുക്കാനുള്ള 1971 ലെ ബില്ലിലാണ് ഇപ്പോൾ ഭേദഗതി വരുത്തുന്നത്. 

വിഷം തുപ്പിയവരും പിന്നാലെ; നിറ താരമായി ദീപിക പദുക്കോൺ ഓസ്കാർ വേദിയിൽ

രണ്ട് ഓസ്കാര്‍ പുരസ്കാരങ്ങള്‍ ഇന്ത്യയിലേക്ക് എത്തി. ഇതിനൊപ്പം തന്നെ നടി ദീപിക പദുക്കോണ്‍ അവതാരകയുടെ വേഷത്തില്‍ ഓസ്‌കാര്‍ വേദിയില്‍ തിളങ്ങി. ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ വേദിയില്‍ ലോകകപ്പ് അവതരിപ്പിച്ച് തിളങ്ങിയ ദീപിക വീണ്ടും ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചു പറ്റിയ നിമിഷങ്ങളായിരുന്നു അത്. പഠാനിൽ ഷരൂഖ് ഖാനൊപ്പം പ്രത്യക്ഷപ്പെട്ട അവർക്കെതിരെ വിഷം തുപ്പിയവർ ഇത്തവണയും കണ്ടു നിന്നും താരത്തിൻ്റെ വലിപ്പത്തെ.

അന്ന് ഫിഫ വേൾഡ് കപ്പ് ഫൈനലിൽ ട്രോഫി അനാവരണം ചെയ്യാന്‍ ദീപിക പദുക്കോൺ എത്തിയപ്പോൾ, അത് ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷമായി മാറി. സമൂഹമാധ്യമങ്ങളിൽ ദീപികയെ പ്രശംസിച്ചും പുകഴ്ത്തി കൊണ്ടുമുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. 

‘ഇതാണ് സ്ത്രീ, ഈയിടെയായി രാജ്യം ദിവസവും ശല്യപ്പെടുത്തുകയും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്തവർ. ഇന്ത്യക്ക് അഭിമാനമായി മാറിയവർ, വെറുപ്പിന്റെ നടുവിൽ തലയുയർത്തി നിൽക്കുന്ന ദീപിക. അവിടെ ആരും ബിക്കിനിയുടെ നിറം നോക്കിയില്ല, ഇന്ത്യയെ ലോകം അറിയുന്നത് ദീപിക പദുകോണിലൂടെയും ഷാരൂഖ് ഖാനിലൂടെയുമാണ്, ദീപിക ഇന്ത്യയുടെ മകൾ, വിമർശകർക്കുള്ള കടുത്ത മറുപടി’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

ഓസ്കാർ വേദിയിലും സൌന്ദര്യ താരമായപ്പോൾ

ഓസ്കാറില്‍ മികച്ച ഗാനത്തിനുള്ള പുരസ്കാരം നേടിയ ആര്‍.ആര്‍.ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന്‍റെ പെര്‍ഫോമന്‍സിന് മുന്‍പ് ഗാനം പരിചയപ്പെടുത്തിയാണ് ദീപിക ഓസ്കാര്‍ വേദിയില്‍ എത്തിയത്. ഓസ്കാര്‍ പുരസ്കാര നിശയില്‍ പതിനാറ് അവതാരകരാണ് ഉണ്ടായിരുന്നത്, അവരുടെ കൂട്ടത്തിലെ ഏക ഇന്ത്യന്‍ വ്യക്തിയായിരുന്നു ദീപിക. വളരെ രസകരമായി  നാട്ടു നാട്ടു എന്ന പാട്ടിനെ പരിചയപ്പെടുത്തി ദീപിക സദസ്സിന്റെ കൈയ്യടിയും നേടി.

വളരെ മനോഹരമായ കറുത്ത വസ്ത്രത്തില്‍ ആയിരുന്നു ദീപിക. ദീപികയുടെ ഓസ്കാര്‍ റെഡ് കാര്‍പ്പറ്റിലെ ചിത്രങ്ങള്‍ ഇതിനകം വൈറലാണ്. ഒരു ക്ലാസിക് ബ്ലാക്ക് ലൂയിസ് വിറ്റണ്‍ ധരിച്ച് അതീവ സുന്ദരിയായിട്ടാണ് ദീപിക കാണപ്പെട്ടത്. റെഡ് കാര്‍പ്പറ്റ് ദൃശ്യങ്ങള്‍ ദീപിക തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. 

നേരത്തെയും ഓസ്കാര്‍ വേദിയില്‍ ദീപിക എത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ താന്‍ പരിചയപ്പെടുത്തിയ ഗാനത്തിന് അതും ഇന്ത്യന്‍ ഗാനത്തിന് പുരസ്കാരം കിട്ടി എന്ന സന്തോഷവും ദീപികയ്ക്കുണ്ട്. നാട്ടു നാട്ടുവിന് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ സദസില്‍ ദീപിക ആനന്ദ കണ്ണീര്‍ പൊഴിക്കുന്ന വീഡിയോ വൈറലാകുകയാണ്.

ഓസ്കാറിൻ്റെ പെരുമയിൽ കേരള അതിർത്തിയിൽ നിന്നും എത്തിയ ആനക്കഥ

ഊട്ടി സ്വദേശിയായ കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത് ഗുണീത് മോംഗ നിര്‍മിച്ച ‘ദ എലഫന്റ് വിസ്പറേഴ്‌സ്’ ഷോർട് ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍നിന്ന് ഓസ്‌കാര്‍ നേടുന്ന ആദ്യചിത്രമാണ്. ദക്ഷിണേന്ത്യയില്‍നിന്നുള്ള സിനിമകളാണ് ഇത്തവണ ഓസ്കാറിൽ തിളങ്ങിയവ രണ്ടും.

ഇതിൽ എലിഫൻ്റ് വിസ്പറേഴ്സ് കേരളത്തോടു ചേര്‍ന്നുകിടക്കുന്ന മുതുമലൈ നാഷണല്‍ പാര്‍ക്ക് പശ്ചാത്തലമായി വരുന്ന ചിത്രമാണ്. നാട്ടിൽ എങ്ങും കേൾക്കുന്ന ഒരു ആനക്കഥ. പറഞ്ഞു പറഞ്ഞ് സിനിമയായി ലോകത്തിൻ്റെ അംഗീകാരത്തിൻ്റെ നെറുകയിലെത്തി.

ബെല്ലിയും രഘുവും തമ്മിലുള്ള ശക്തമായ അമ്മ-മകന്‍ ബന്ധത്തിലാണ് ഡോക്യുമെന്ററി ഊന്നുന്നത്. പരിക്കേറ്റ് ദുര്‍ബലനായ ഒരു കുട്ടിയാനയില്‍നിന്ന്, നിര്‍വ്യാജസ്‌നേഹവും പരിചരണവും പങ്കുവെക്കലും കൊണ്ട് രഘുവിനെ ആരോഗ്യവാനായ ഒരാനയാക്കി മാറ്റുന്ന ബെല്ലിയുടെ, പ്രകൃതിയുടെ കാരുണ്യസ്പര്‍ശമാണ് ഡോക്യുമെന്ററി പങ്കുവെക്കുന്നത്.

സംവിധായികയും നിർമ്മാതാവും

പ്ലോട്ട്

മുതുമല വന്യജീവി സങ്കേതത്തിന്റെ ഭാഗമായ തെപ്പക്കാട് ആന പരിശീലനകേന്ദ്രത്തിലെ പരിശീലകരായ ബൊമ്മന്‍, ബെല്ലി ദമ്പതിമാരുടേയും അവിടെ എത്തിപ്പെട്ട രഘു എന്ന കുട്ടിയാനയുടെയും ജീവിതമാണ് എലഫന്റ് വിസ്പറേഴ്‌സ്. 2017 ൽ ശരീരത്തിലാകെ പരിക്കേറ്റ് കാട്ടില്‍ ഒറ്റപ്പെട്ടുപോയ 11 മാസം പ്രായമുള്ള ആനക്കുട്ടിയെ വനപാലകര്‍ ആണ് കാട്ടുനായ്കര്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസി ദമ്പതിമാരുടെ അടുത്തെത്തിക്കുന്നത്. പിന്നീട് ബെല്ലിയും ബൊമ്മനും ചേര്‍ന്ന് കുട്ടിയാനയെ പരിശീലിപ്പിക്കുന്നു, വളര്‍ത്തുന്നു, ഒരു കുടുംബമായി ഒരുമിച്ച് ഒരു വീട്ടിൽ ജീവിക്കുന്നു. രഘു അവരെ വിട്ട് ആനവളർത്തു കേന്ദ്രത്തിലേക്ക് പോകുമ്പോൾ പകരം, രഘുവിന്റെ സ്ഥാനത്ത് അമ്മു എന്ന കുട്ടിയാന വരുന്നു.

ആനക്കുട്ടിയുടെ വളര്‍ച്ചയുടെയും അവനുചുറ്റിലുമുള്ള മനുഷ്യ-പ്രകൃതി ജീവിതത്തിന്‍റെയും വിവിധ ഘട്ടങ്ങള്‍ വര്‍ഷങ്ങളെടുത്ത് ചിത്രീകരിച്ചാണ് സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് സിനിമ പൂർത്തിയാക്കിയത്. മൂന്നുമാസം മാത്രം പ്രായമുള്ളപ്പോഴാണ് രഘുവിനെ താന്‍ കാണുന്നതെന്ന് കാര്‍ത്തികി ഗോണ്‍സാല്‍വസ് പറഞ്ഞിട്ടുണ്ട്. ഒന്നര വര്‍ഷത്തോളം അവനൊപ്പം ചെലവഴിച്ചതിനു ശേഷമാണ് ഡോക്യുമെന്ററി ആരംഭിച്ചത്. അത് പൂര്‍ത്തിയാക്കിയപ്പോഴേക്കും അഞ്ചുവര്‍ഷമെടുത്തു. ആനകള്‍ മാത്രമല്ല, മുതുമല വന്യജീവി സങ്കേതത്തിലെ നിരവധി മൃഗങ്ങളും പ്രകൃതിയുമെല്ലാം ചേരുന്ന ആവാസവ്യവസ്ഥയുടെ ചിത്രീകരണംകൂടിയായി സിനിമ മാറിയിട്ടുണ്ട്.

ഗോൾഡൻ ഗ്ലോബിന് പിന്നാലെ ഓസ്കാറിലും തിളങ്ങി നാട്ടു നാട്ടു; എലിഫൻ്റ് വിസ്പറേഴ്സ് മികച്ച ഷോർട് ഫിലിം

95-ാമത് ഓസ്‌കര്‍ പുരസ്‌കാരം തിങ്കളാഴ്ച വിതരണം ചെയ്തു. രാജമൗലിയുടെ ആർ.ആർ.ആർ., കാർതികി ഗോൺസാൽവസിന്റെ ദ എലിഫന്റ് വിസ്‌പറേഴ്സ് എന്നീ ചിത്രങ്ങൾ ഇന്ത്യൻ സിനിമാ ലോകത്തു നിന്ന് പുരസ്കാരം സ്വന്തമാക്കി. മികച്ച ഒറിജിനൽ സ്കോർ, ഡോക്യുമെന്ററി (ഷോർട്ട്) എന്നീ വിഭാ​ഗങ്ങളിലായിരുന്നു പുരസ്കാരം.

 മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം ദ എലഫന്റ് വിസ്പറേഴ്സ് സ്വന്തമാക്കുമ്പോൾ അത് ചരിത്രവുമാണ് .കാര്‍ത്തികി ഗോള്‍സാല്‍വേസ് ആണ് സംവിധാനം ചെയ്തത്. ഗുനീത് മോംഗയാണ് നിര്‍മാണം. അനാഥനായ ഒരു ആനക്കുട്ടിയും അതിന്റെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് എലിഫന്റ് വിസ്പറേഴ്സിന്റെ പ്രമേയം. ഈ വിഭാഗത്തിൽ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ സിനിമയ്ക്ക് പുരസ്കാരം ലഭിക്കുന്നത്.

എം.എം കീരവാണിയാണ് നാട്ടു നാട്ടു എന്ന ഗാനത്തിന് സംഗീതം നല്‍കിയത്. കാലഭൈരവ, രാഹുല്‍ സിപ്‌ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. മലയാളത്തിലും ഏറെക്കാലമായി അറിയപ്പെടുന്ന ഏറെ ആരാധകരുള്ള സംഗീത സംവിധായകനാണ് കീരവാണി. അത്രയും ആകർഷമായി ഒരുക്കിയിരിക്കുന്നു ആ പാട്ട്. ലോകത്തിലെ വ്യത്യസ്തരായ എല്ലാവിധ സംഗീത ആസ്വാദകരെയും കയ്യിലെടുക്കുന്നതാണ് അതിൻ്റെ ശാരീരം. 20 ട്യൂണുകൾ ചിട്ടപ്പെടുത്തിയ ശേഷം ആർആർആർ അണിയറപ്രവർത്തകർ വോട്ടിനിട്ടാണ് ഇപ്പോൾ കേൾക്കുന്ന നാട്ടു നാട്ടുവിലേക്കെത്തിയത്. ചന്ദ്രബോസാണ് പാട്ടിന് വരികളൊരുക്കിയിരിക്കുന്നത്.

ഓസ്കർ മികവിൽ ആനക്കഥ

‘ദ എലഫന്റ് വിസ്പറേഴ്‌സ്’ എന്ന ഡോക്യുമെന്‍ററി ഒരു കുട്ടിയാനയും അവന്‍റെ പരിപാലകരായ ബെല്ലിയും ഭർത്താവ് ബൊമ്മനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥപറയുന്നതാണ്. 40 മിനിറ്റ് ദൈർഘ്യമുള്ള കൊച്ചു സിനിമയാണത്. മികച്ച ഡോക്യുമെന്ററി (ഹ്രസ്വചിത്ര വിഭാഗം) ചിത്രത്തിനുള്ള ബഹുമതിയാണ്. ഊട്ടി സ്വദേശിയായ കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത് ഗുണീത് മോംഗ നിര്‍മിച്ച ‘ദ എലഫന്റ് വിസ്പറേഴ്‌സ്’ ഈ വിഭാഗത്തില്‍ ഇന്ത്യയില്‍നിന്ന് ഓസ്‌കാര്‍ നേടുന്ന ആദ്യചിത്രവുമാണ്. 

2009-ല്‍ 81-ാമത് ഓസ്‌കറിലായിരുന്നു ഇതിന് മുൻപ് ഇന്ത്യ തിളങ്ങിയത്. സ്ലം ഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിലൂടെ എ.ആര്‍. റഹ്‌മാനും റസൂല്‍പൂക്കുട്ടിയും ഓസ്‌കര്‍ ശില്പം കൈയിലേന്തി. അന്ന് രണ്ട് പുരസ്‌കാരമാണ് എ.ആര്‍. റഹ്‌മാനെ തേടിയെത്തിയത്. മികച്ച സംഗീത സംവിധാനത്തിനും ഒറിജിനല്‍ സ്‌കോറിനും. ഇതില്‍ ജയ് ഹോ എന്ന ഗാനം ഗാനരചയിതാവ് ഗുല്‍സാറിനൊപ്പമാണ് റഹ്‌മാന്‍ പങ്കിട്ടത്. മികച്ച സൗണ്ട് മിക്‌സിങ്ങിനുള്ള പുരസ്‌കാരം നേടി റസൂല്‍ പൂക്കുട്ടി അന്ന് കേരളത്തിന്റെയും അഭിമാനം ഉയർത്തി.

2009 ൽ സ്ലംഡോഗ് മില്യണർ എന്ന ബ്രിട്ടീഷ് ചത്രത്തിൻ്റെ സംഗീത സംവാധനത്തിനാണ് ആദ്യമായി എ ആർ റഹ്മാൻ ഗോൾഡൻ ഗ്ലോബ് ഇന്ത്യയിലേക്ക് എത്തിച്ചത്. ഡാനി ബോയിൽ ആയിരുന്നു സംവിധായകൻ. 127 അവേഴ്സ് എന്ന ചിത്രത്തിന് 2011 ൽ റഹ്മാൻ നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും പുരസ്കാരം ലഭിച്ചിരുന്നില്ല.

ഗോള്‍ഡന്‍ ഗ്ലോബിന്റെ സുവര്‍ണശോഭയിലാണ് സംഗീത സംവിധായകന്‍ എം.എം. കീരവാണി ഓസ്‌കര്‍ പുരസ്‌കാരം സ്വീകരിക്കാന്‍ ഗാനരചയിതാവ് ചന്ദ്രബോസിനൊപ്പം വേദിയിൽ എത്തിയത്.

നാട്ടു നാട്ടു. നാട്ടു എന്നാല്‍ നൃത്തമെന്നാണ് അര്‍ത്ഥം. ആന്ധ്രയിലെ ചരിത്രപുരുഷന്മാരായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ആര്‍.ആര്‍.ആര്‍. രണ്ടുകാലങ്ങളില്‍ ജീവിച്ചിരുന്നു ഇവര്‍ ഒരുമിച്ച് കണ്ടാല്‍ എങ്ങനെയിരിക്കും എന്നതിന്റെ ചലച്ചിത്ര ആവിഷ്‌കാരമായിരുന്നു ചിത്രം. രാഹുല്‍ സിപ്ലിഗഞ്ജും കാലഭൈരവയുമായിരുന്നു ഗായകര്‍.

14 വർഷങ്ങൾക്ക് ശേഷം ഓസ്കർ വീണ്ടും എത്തുമ്പോൾ

1983-ലായിരുന്നു ഒരു ഓസ്‌കര്‍ പുരസ്‌കാരം ആദ്യമായി ഇന്ത്യയിലേക്ക് എത്തുന്നത്. ഗാന്ധി എന്ന ചിത്രത്തിലൂടെ ഭാനു അത്തയ്യ മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ഓസ്‌കര്‍ നേടി. റിച്ചാര്‍ഡ് അറ്റെന്‍ബെറോ സംവിധാനം ചെയ്ത ഗാന്ധി മികച്ച ചിത്രത്തിനുള്‍പ്പെടെ എട്ട് പുരസ്‌കാരങ്ങളാണ് വാരിക്കൂട്ടിയത്. ഇതേ ചിത്രത്തിലെ മഹാത്മാ ഗാന്ധിയായുള്ള വേഷപ്പകര്‍ച്ചയ്ക്ക് ബെന്‍ കിങ്സ്ലി മികച്ച നടനുള്ള ഓസ്‌കറും സ്വന്തമാക്കി.

1992-ല്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി ഓസ്‌കര്‍ സംഘാടകരായ അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് ഇന്ത്യയുടെ വിഖ്യാത സംവിധായകന്‍ സത്യജിത്ത് റായിക്ക് ഓണററി ഓസ്‌കര്‍ സമ്മാനിച്ചു. മരിക്കുന്നതിന് ഒരു മാസം മുമ്പ് ആശുപത്രിക്കിടക്കയില്‍ വെച്ച് വീഡിയോയിലൂടെയാണ് റായി പുരസ്‌കാരം സ്വീകരിച്ചത്.

മൂന്ന് തവണയാണ്‌ ഓസ്‌കറില്‍ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്ക് ഇന്ത്യന്‍ ചിത്രങ്ങള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ളത്. മുമ്പിത് വിദേശ ഭാഷാ ചിത്രമെന്നായിരുന്നു അറിയപ്പെട്ടിരുന്നത്.1958-ല്‍ മെഹ്ബൂബ് ഖാന്റെ സംവിധാനത്തില്‍ പുറത്തുവന്ന ‘മദർ ഇന്ത്യ’യായിരുന്നു ഈ പട്ടികയില്‍ ആദ്യത്തേത്. നര്‍ഗീസും സുനില്‍ ദത്തുമായിരുന്നു മുഖ്യവേഷങ്ങളില്‍. ഇന്ത്യന്‍ സിനിമയിലെ ക്ലാസിക് എന്നാണ് ഈ ചിത്രം അറിയപ്പെടുന്നത്

. മീര നായരുടെ സംവിധാനത്തില്‍ 1989-ല്‍ പുറത്തുവന്ന സലാം ബോംബെ എന്ന ചിത്രത്തിനും ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു. മീര നായരുടെ ആദ്യസംവിധാന സംരംഭം കൂടിയായിരുന്നു ഇത്. ഓസ്‌കര്‍ ലഭിച്ചില്ലെങ്കിലും ക്യാമെറ ഡിയോര്‍, കാന്‍ ചലച്ചിത്രമേളയില്‍ ഓഡിയന്‍സ് പുരസ്‌കാരം എന്നിവ സലാം ബോംബേയ്ക്ക് ലഭിച്ചു.

2002-ലാണ് പിന്നെ ഒരിന്ത്യന്‍ സിനിമയ്ക്ക് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിക്കുന്നത്. അശുതോഷ് ഗവാരിക്കര്‍ സംവിധാനം ചെയ്ത് ഇന്ത്യയെമ്പാടും തരംഗമായ മ്യൂസിക്കല്‍ ഹിറ്റ് ‘ലഗാന്‍’ ആയിരുന്നു ആ ചിത്രം. ആമിര്‍ ഖാന്‍ നായകനായ ചിത്രം ഇന്ത്യയിലെ ബ്രിട്ടീഷ് കാലഘട്ടവും ക്രിക്കറ്റുമായിരുന്നു പശ്ചാത്തലമാക്കിയത്.

അമേരിക്കന്‍ സംവിധായകന്‍ ജെയിംസ് ഐവറിയും ഇന്ത്യന്‍ നിര്‍മാതാവ് ഇസ്മയില്‍ മര്‍ച്ചന്റും ചേർന്ന് മൂന്ന് ചിത്രങ്ങളിലായി മൂന്ന് ഓസ്‌കര്‍ പുരസ്‌കാരങ്ങൾ നേടിയിരുന്നു. പക്ഷെ ഇവ ഇന്ത്യൻ സിനിമകളിൽ നിന്നായിരുന്നില്ല. എ റൂം വിത്ത് എ വ്യൂ (1985), ഹവാര്‍ഡ്‌സ് എന്‍ഡ് (1992), ദ റിമെയ്ന്‍സ് ഓപ് ദ ഡേ (1993) എന്നിവയായിരുന്നു അവ.

സുഷ്മിത് ഘോഷും റിന്റു തോമസും ചേര്‍ന്ന് സംവിധാനം ചെയ്ത് 2022-ല്‍ പുറത്തിറങ്ങിയ ‘റൈറ്റിങ് വിത്ത് ദ ഫയര്‍’ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ 1968-ല്‍ ‘ദ ഹൗസ് ദാറ്റ് ആനന്ദ ബില്‍റ്റ്’, 1979-ല്‍ വിധു വിനോദ് ചോപ്രയുടെ ‘ആന്‍ എന്‍കൗണ്ടര്‍ വിത്ത് ഫെയ്‌സസ്’ എന്നീ ചിത്രങ്ങള്‍ക്കും ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചു.

പതിനൊന്ന് വിഭാഗങ്ങളിൽ “എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്”

ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട് സംവിധാനം ചെയ്ത എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് ആണ് മികച്ച ചിത്രം. പതിനൊന്ന് വിഭാഗങ്ങളില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ചിത്രം ഏഴ് വിഭാഗങ്ങളില്‍ പുരസ്‌കാരം നേടി. മികച്ച സംവിധാനം, മികച്ച നടന്‍, നടി, സഹനടി, സഹനടന്‍, എഡിറ്റിങ്, തിരക്കഥ എന്നീ വിഭാഗങ്ങളിലും ചിത്രം പുരസ്‌കാരം നേടി.

ഇതര മികവുകൾ

മികച്ച ചിത്രം- എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് ( ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട്)

മികച്ച സംവിധാനം- ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട് (എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച നടി- മിഷേല്‍ യോ (എവരിതിങ് എവരിവേര്‍ ഓള്‍ ഏറ്റ് വണ്‍സ്)

മികച്ച നടന്‍- ബ്രെന്‍ഡന്‍ ഫ്രാസെര്‍ (ദ വെയ്ല്‍)

മികച്ച എഡിറ്റിങ്- എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്

മികച്ച സൗണ്ട് റെക്കോഡിങ്- ടോപ് ഗണ്‍ മാര്‍വറിക്

മികച്ച തിരക്കഥ (ഒറിജിനല്‍)- ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട് (എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച തിരക്കഥ (അഡാപ്റ്റഡ്)- സാറാ പോളെ (വുമണ്‍ ടോക്കിങ്)

മികച്ച ഒറിജിനല്‍ സോങ്- ആര്‍ആര്‍ആര്‍ (എം.എം കീരവാണി, ചന്ദ്രബോസ്)
മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രം- ദ എലിഫന്റ് വിസ്പറേഴ്സ് (കാര്‍ത്തികി ഗോള്‍സാല്‍വേസ്, ഗുനീത് മോംഗ)

മികച്ച വിഷ്വല്‍ എഫക്റ്റ്സ് -അവതാര്‍ ദ വേ ഓഫ് വാട്ടര്‍

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- ഓള്‍ ക്വയറ്റ്ഓണ്‍ ദവെസ്റ്റേണ്‍ ഫ്രണ്ട്

മികച്ച ഹ്രസ്വചിത്രം (ആനിമേറ്റഡ്)- ദ ബോയ്, ദ മോ, ദ വോക്സ് ആന്റ് ഹോഴ്സ്

മികച്ച ഒറിജിനല്‍ സ്‌കോര്‍- വോക്കര്‍ ബെര്‍ട്ടെല്‍മാന്‍

മികച്ച ആനിമേറ്റഡ് സിനിമ- പിനോക്കിയോ

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ചിത്രം- നവാല്‍നി

മികച്ച ഛായാഗ്രഹണം- ജെയിംസ് ഫ്രണ്ട് (ഓള്‍ കൈ്വറ്റ് വെസ്റ്റേണ്‍ ഫ്രണ്ട്)

മികച്ച മേക്ക് അപ്പ് ആന്റ് ഹെയര്‍ സ്റ്റെല്‍- അഡ്റിയെന്‍ മോറോട്ട്

മികച്ച കോസ്റ്റിയൂം ഡിസൈന്‍- റുത്ത് കാര്‍ട്ടര്‍ (ബ്ലാക്ക് പാന്തര്‍)