അമിതമായ ക്ഷീണം, പേശി വലിവ്, വിയർപ്പ്, ദാഹം; രോഗാവസ്ഥയിലേക്ക് എത്തരുത്, ഉഷ്ണകാല മുൻ കരുതലുകൾ അറിയണം

0

അമിതമായ വിയർപ്പ്, കഠിനമായ ക്ഷീണം, തലവേദന, തലകറക്കം പേശിവലിവ്, ഓക്കാനം, ഛർദി തുടങ്ങിയവ ഉഷ്ണകാല ശരീര ശോഷണത്തിൻ്റെ പ്രാരംഭ ലക്ഷണങ്ങളാണ്. വിയർപ്പിലൂടെ ധാരാളം വെള്ളവും ലവണങ്ങളും നഷ്ടപ്പെടുന്നത് കൊണ്ടാണിത്.

കുട്ടികൾക്ക് ദ്രവ രൂപത്തിലുള്ള ഭക്ഷണം നൽകുന്നത് വർധിപ്പിക്കണം, കൃത്രിമ പാനീയങ്ങൾ പരമാവധി ഒഴിവാക്കാം. വെയിലത്ത് ഇറങ്ങേണ്ടി വരുമ്പോൾ അസ്വസ്ഥത തോന്നിയാൽ പെട്ടെന്ന് തണലിലേക്കു മാറി കാറ്റുകൊള്ളണം. കുടിക്കാനുള്ള വെള്ളം അടച്ച് വൃത്തിയായി സൂക്ഷിക്കുക. വെള്ളം സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിൽ വളർത്തുമൃഗങ്ങൾ കടന്നു വരാതിരിക്കാൻ ശ്രദ്ധിക്കണം. വെള്ളം ശേഖരിച്ചു വെച്ചിരിക്കുന്ന പാത്രം ആഴ്ചയിൽ ഒരിക്കലെങ്കിലും വൃത്തിയായി കഴുകണം ആരോഗ്യ വകുപ്പ് അറിയിച്ചു.

എല്ലാ ജില്ലകളിലും 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില.

ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം ഇന്നലെ സംസ്ഥാനത്തു ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലെ എരിമയൂർ മേഖലയിലാണ്. ഈ മേഖലയിൽ ഇന്നലെ 41.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു.

അന്തരീക്ഷ താപനില ഇന്നും കൂടുതലാണ് മിക്കയിടത്തും. ജില്ലകളിലെ ശരാശരിയിൽ കോട്ടയത്താണ് കൂടുതല്‍ ചൂട്. 36.5 ഡിഗ്രി സെല്‍ഷ്യസാണ് കോട്ടയത്ത്. തൃശൂര്‍ ജില്ലയിലെ വെള്ളാണിക്കരയും, കോഴിക്കോട് സിറ്റിയും തൊട്ടുപിന്നിലുണ്ട്. 36.4 ഡിഗ്രി സെല്‍ഷ്യസാണ് രണ്ടിടത്തും. മറ്റിടങ്ങളിലും 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില. കഴിഞ്ഞ ദിവസം 40 ന് മുകളിലായിരുന്നു രണ്ട് ജില്ലകള്‍. താരതമ്യേന ഇന്ന് നേരിയ ആശ്വാസമാണ്. ചൂടിനെ പ്രതിരോധിക്കാനുള്ള നടപടികളിലേക്ക് സംസ്ഥാനം കടക്കുകയാണ്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദ്ദേശിച്ച ക്യാമ്പയിന് തുടക്കമായിട്ടുണ്ട്. എല്ലായിടങ്ങളിലും തണ്ണീര്‍പന്തല്‍ ആരംഭിക്കും

മുൻകരുതലുകൾ

  • ദാഹമില്ലെങ്കിലും ഓരോമണിക്കൂർ ഇടവിട്ട് ധാരാളം വെള്ളം കുടിക്കണം.
  • ഉപ്പിട്ട് നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, സംഭാരം എന്നിവ ഉപയോഗിക്കാം.
  • സൂര്യാഘാതമേറ്റാൽ ഉടനടി തണലിലേക്ക്‌ മാറണം. ഉഷ്ണം മാറുന്നില്ലെങ്കിൽ വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണികൊണ്ട് തലോടാം.
  • കട്ടികുറഞ്ഞ വെളുത്തതോ ഇളംനിറത്തിലോ ഉള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണം.
  • വെയിലത്ത് ജോലിചെയ്യേണ്ട സാഹചര്യങ്ങളിൽ ജോലിസമയം ക്രമീകരിക്കണം.
  • ചൂടുകൂടുന്ന സമയങ്ങളിൽ കുട്ടികൾ, പ്രായമായവർ, രോഗികൾ, ഗർഭിണികൾ എന്നിവർ പുറത്തിറങ്ങരുത്.
  • വെയിലത്ത് കാറുകളിലും ഇതരവാഹനങ്ങളിലും കുട്ടികളെ ഇരുത്തരുത്.
  • വീട്ടിനുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കുന്നതിന് വാതിലുകളും ജനലുകളും തുറന്നിടാം.
  • പഴങ്ങളും പച്ചക്കറികളും ധാരാളം ഉപയോഗിക്കാം. വറുത്തതും പൊരിച്ചതുമായ ഭക്ഷണം കുറയ്ക്കാം.
  • യാത്രാവേളയിൽ തൊപ്പി, സൺഗ്ലാസ്, കൈലേസുകൾ എന്നിവ കരുതണം.
  • അസ്വാസ്ഥ്യം അനുഭവപ്പെട്ടാൽ പ്രഥമശൂശ്രൂഷ നൽകി തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ എത്തിക്കണം.
  • എലിപ്പനി പ്രതിരോധിക്കാം
  • ഉപയോഗശൂന്യമായി കിടക്കുന്ന കുളങ്ങളിലും വെള്ളക്കെട്ടിലും മറ്റുമിറങ്ങുമ്പോൾ എലിപ്പനി വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ കുളത്തിൽ ഇറങ്ങുന്നവർ വെള്ളത്തിൽ ഇറങ്ങുന്നതിനു ഒരു ദിവസം മുമ്പ് എലിപ്പനിയെ പ്രതിരോധിക്കുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ നിർദേശം അനുസരിച്ച് ഡോക്‌സി സൈക്ലിൻ ഗുളിക കഴിക്കണം.
  • സൂര്യാഘാതം
  • അന്തരീക്ഷതാപം പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തുകളയുന്നതിന് തടസ്സം നേരിടും. ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെയും തകരാറിലാക്കും. ഈ അവസ്ഥയാണ് സൂര്യാഘാതം.
  • ലക്ഷണങ്ങൾ
  • വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ എന്നിവയോടൊപ്പം ചിലപ്പോൾ അബോധാവസ്ഥയും കാണപ്പെടാം. ഈ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ ഡോക്ടറുടെ സേവനം ലഭ്യമാക്കണം.
  • സൂര്യതാപം
  • സൂര്യാഘാതത്തെക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതാപം. കൂടുതൽ സമയം വെയിലത്ത് ജോലിചെയ്യുന്നവരിൽ നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യതാപമേറ്റ് ചുവന്നുതടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യാം. ഇവർ ഉടനടി ചികിത്സ തേടണം. പൊള്ളലേൽക്കുന്ന ഭാഗത്തുണ്ടാകുന്ന കുമിളകൾ പൊട്ടിക്കരുത്.
  • ലക്ഷണങ്ങൾ
  • ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞനിറം ആകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

‘സുര്യനു താഴെ ഏതവൻ എതിർത്താലും നിർത്തില്ല’ മൂന്നാറിലെ അമ്യൂസ്മെൻ്റ് പാർക്ക് നിർമ്മാണം തുടുരുമെന്ന് എം എം മണി

മൂന്നാറിലെ അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മാണത്തില്‍ റവന്യൂ വകുപ്പിൻ്റെയും കോടതിയുടെയും ഇടപെടലുകൾ തള്ളി എം എം മണി. റവന്യൂ വകുപ്പും ഹൈക്കോടതിയും തടഞ്ഞ നിര്‍മാണം പുനരാരംഭിച്ചു. സൂര്യന് താഴെയുള്ള ഒരു ശക്തിക്കും പാര്‍ക്ക് നിര്‍മാണം തടയാനാകില്ലെന്ന് മുന്‍ മന്ത്രി എം.എം. മണി വ്യക്തമാക്കി.

‘ഏത് പുല്ലന്‍ വന്നാലും ഇത് തടയാന്‍ പറ്റില്ല. അതാണ്. ആര് തടയാന്‍ വന്നാലും നമ്മള്‍ നിര്‍മാണം പുനരാരംഭിക്കും. നിങ്ങള്‍ പാര്‍ക്കിന്റെ പണി നടത്തണം. അവിടെ ടൂറിസ്റ്റുകളെ സ്വീകരിക്കണം. നല്ല ഭംഗിയായി അത് നടത്തണം. സൂര്യനുതാഴെ ഏതവന്‍ പറഞ്ഞാലും അതൊന്നും നമ്മള്‍ സ്വീകരിക്കേണ്ട കാര്യമില്ല. തടയാന്‍ ആര് വന്നാലും വഴങ്ങാന്‍ പാടില്ല. നടത്തുകതന്നെ ചെയ്യണം. പിന്നെ എന്തുചെയ്യണമെന്നൊന്നും ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. അത് പറയേണ്ട കാര്യമില്ല’ എന്നായിരുന്നു – എം.എം മണിയുടെ വാക്കുകൾ.

വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള, പഴയമൂന്നാറിലെ ഹൈഡല്‍ പാര്‍ക്കിനുള്ളിലെ നാല് ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് മൂന്നാര്‍ സഹകരണ ബാങ്ക് അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മിക്കുന്നത്. സി.പി.എമ്മാണ് മൂന്നാര്‍ സഹകരണ ബാങ്ക് ഭരിക്കുന്നത്.

കോൺഗ്രസ് ഉടക്കി, റവന്യു കൈ ഒഴിഞ്ഞു

റവന്യൂ വകുപ്പിന്റെ നിരാക്ഷേപ പത്രം (എന്‍.ഒ.സി.) ഇല്ലാതെയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാജാറാം ഹൈക്കോടതിയെ സമീപിച്ചു. ഈ കേസില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് റവന്യൂ അഡീഷ്ണല്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ഒ.സി. നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ച് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. പിന്നീട് സബ് കളക്ടറും സ്റ്റോപ്പ് മെമ്മോ നല്‍കി.

“പൊളിറ്റിക്കൽ കറക്ട്നെസിൽ കുരുങ്ങി ചിരിപ്പടങ്ങൾ ഇല്ലാതായോ” സലീം കുമാറിനെതിരെ പുതു സിനിമാ പ്രേമികൾ

പൊളിറ്റിക്കല്‍ കറക്ടനസ് കാരണം നല്ല ചിരിപ്പടങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് നടന്‍ സലീം കുമാര്‍. പൊളിറ്റിക്കല്‍ കറക്ടനസ്സിനടിയില്‍പ്പെട്ട എങ്ങനെ ചിരിപ്പിക്കണം എന്ന് അറിയാതെ സംവിധായകര്‍ കണ്‍ഫ്യൂഷനിലാണ് എന്നും ദേശീയ അവാര്‍ഡ് ജേതാവായ സലീം കുമാര്‍ പറഞ്ഞു.

ഇതിനെതിരെ പുതു തലമുറ സിനിമകൾ മുൻനിർത്തിയാണ് നടനെ കളിയാക്കി ട്രോളുകൾ എത്തിയത്. ഇന്നത്തെക്കാലത്തെ കോമഡികള്‍ ആസ്വദിക്കാന്‍ കഴിയാത്തതാണ് സലീം കുമാറിന്‍റെ പ്രശ്നം എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ഇന്നത്തെ സിനിമയെക്കാള്‍ ഇന്നത്തെ ജനറേഷനെ പിടിച്ചിരുത്തുന്ന കോമഡികള്‍ യൂട്യൂബ് സീരിസുകളിലും മറ്റും വരുന്നത് നടന്‍ കാണുന്നില്ലെ എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. 

ജാതി, മതം, രാഷ്ട്രീയം എന്നീ വിമര്‍ശനങ്ങള്‍ വേണ്ട എന്നതല്ല പൊളിറ്റിക്കല്‍ കറക്ടനസ് എന്നും ചിലര്‍ ഓര്‍മ്മിപ്പിക്കുന്നു. അടുത്തകാലത്ത് വിജയകരമായ രോമാഞ്ചം അടക്കമുള്ള ചിരിപ്പടങ്ങളുടെ പട്ടികയും ചിലര്‍ നിരത്തുന്നു

സലീം കുമാർ പറഞ്ഞത്

സത്യം പറഞ്ഞാല്‍ ഞാന്‍ ഒരു നല്ല ചിരിപ്പടം കണ്ടിട്ടുതന്നെ കുറെക്കാലമായി. പണ്ട് മാസത്തില്‍ ഒരിക്കല്‍ ഒരു ചിരിപ്പടമെങ്കിലും വരാറുണ്ടായിരുന്നു. ഇന്ന് സമൂഹത്തിന് ചിരിയില്ല. ഈ പൊളിറ്റിക്കല്‍ കറക്ടനസിനടിയില്‍പ്പെട്ട് എങ്ങനെ ചിരിപ്പിക്കണം എന്ന് അറിയാതെ കണ്‍ഫ്യൂഷനിലാണ് സംവിധായകര്‍. ജാതിവിമര്‍ശനം പാടില്ല, മതവിമര്‍ശനം പാടില്ല, രാഷ്ട്രീയവിമര്‍ശനം പാടില്ല. പിന്നെങ്ങനെ ചിരിയുണ്ടാകും – സലീം കുമാര്‍ ചോദിക്കുന്നു. 

എക്കാലത്തും മലയാളികള്‍ കാണാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ളവയാണ് സലീം കുമാറിൻ്റെ കഥാപാത്രങ്ങള്‍. ഹാസ്യതാരം എന്ന നിലയിൽ ആയിരിക്കെ തന്നെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളേയും സലീം കുമാര്‍ മലയാളത്തിന് സമ്മാനിച്ചു.

ബ്രഹ്മപുരത്ത് ജൈവമാലിന്യ സംസ്കരണ കരാർ ലഭിക്കാൻ വ്യാജരേഖ ചമച്ച നേതാവിനെതിരായ അന്വേഷണം മുക്കി

ബ്രഹ്മപുരത്ത് ജൈവമാലിന്യ സംസ്‌കരണത്തിന് കരാര്‍ എടുത്ത കമ്പനി ടെന്‍ഡറില്‍ പങ്കെടുക്കാന്‍ വ്യാജരേഖകള്‍ ഹാജരാക്കിയെന്ന വിജിലൻസ് കേസ് അട്ടിമറിച്ചു. സി.പി.എം. പ്രാദേശിക നേതാവ് മാനേജിങ് പാര്‍ട്ണറായ കമ്പനിയ്ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നൽകിയില്ല.

രണ്ടുമാസത്തിനകം ത്വരിതപരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി വിജിലന്‍സിനെ ചുമതലപ്പെടുത്തിയത് മരവിപ്പിച്ചു.

ബ്രഹ്മപുരത്ത് ജൈവമാലിന്യ സംസ്‌കരണത്തിന് കരാറുള്ളത് സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിക്കാണ്. ഒരുമാസം 30 ലക്ഷത്തിലധികം രൂപയുടെ കരാറാണ് സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സുമായുള്ളത്. 250 ടണ്‍ മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് കരാര്‍ വ്യവസ്ഥ. ഇത്രയും മാലിന്യം സംസ്‌കരിക്കുന്നതില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമായിരുന്നു ടെന്‍ഡറില്‍ പങ്കെടുക്കാനുള്ള അടിസ്ഥാന യോഗ്യത. ഒറ്റപ്പാലം, മലപ്പുറം നഗരസഭകളിലെ മാലിന്യസംസ്‌കരണത്തിന്റെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റാണ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സ് ഹാജരാക്കിയത്.

ടെന്‍ഡറില്‍ പങ്കെടുക്കാന്‍ വ്യാജരേഖകള്‍ ഹാജരാക്കിയെന്ന പരാതിയില്‍ 2022 നവംബറില്‍ ത്വരിതപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. രണ്ടുമാസത്തിനുള്ള റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ആ ആന്വേഷണം ഇന്നുവരെ എങ്ങുമെത്തിയിട്ടില്ല. വിജിലന്‍സിന്റെ എറണാകുളം റെയ്ഞ്ച് ഓഫീസില്‍ നിന്ന് അന്വേഷണവുമായി ബന്ധപ്പെട്ട് കത്തയച്ചുവെന്നല്ലാതെ മറ്റൊരു നടപടിയും കേസില്‍ ഉണ്ടായിട്ടില്ല.

കോടതി ഉത്തരവുണ്ടെങ്കിലും അന്വേഷണം നടത്താന്‍ സെക്ഷന്‍ 17 പ്രകാരം സര്‍ക്കാരിന്റെ അനുമതി വേണം. ഇതിനായി സര്‍ക്കാരിനെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ഇതാണ് അന്വേഷണം മുന്നോട്ടുപോകാതിരിക്കാന്‍ കാരണമെന്നാണ് വിജിലന്‍സിൽ അന്വേഷിക്കുമ്പോൾ നൽകുന്ന മറുപടി.

ചന്ദ്രനെ ചുറ്റാൻ ആരൊക്കെയാണ് പോകുന്നത്; യാത്രികരുടെ പേര് ഏപ്രിൽ മൂന്നിന് പ്രഖ്യാപിക്കുമെന്ന് നാസ

ആര്‍ട്ടെമിസ് 2 ദൗത്യത്തിൽ ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന നാല് ബഹിരാകാശ സഞ്ചാരികളെ ഏപ്രില്‍ മൂന്നിന് പ്രഖ്യാപിക്കുമെന്ന് നാസ. ദൗത്യത്തിൻ്റെ ഭാഗമായുള്ള മനുഷ്യ യാത്രയാണിത്. ചന്ദ്രനില്‍ മനുഷ്യൻ്റെ ദീർഘകാല സാന്നിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നാസ ആര്‍ട്ടെമിസ് ദൗത്യം ആസൂത്രണം ചെയ്തിരിക്കുന്നത്. 22 ലക്ഷം കിമീ ദൈര്‍ഘ്യമുള്ള യാത്രയാണ്.

ആര്‍ട്ടെമിസ്-2 ദൗത്യത്തില്‍ നാസയുടെ മൂന്ന് സഞ്ചാരികളും കനേഡിയന്‍ സ്‌പേസ് എജന്‍സിയുടെ ഒരു സഞ്ചാരിയുമാണ് ഉണ്ടാവുക.

ആർട്ടെമിസ് 2 സംഘം ചന്ദ്രനെ ചുറ്റും, ആർട്ടെമിസ് 3 ചന്ദ്രനിൽ ഇറങ്ങും

അപ്പോളോ ദൗത്യത്തിന് ശേഷം ചന്ദ്രനിലേക്കുള്ള ആദ്യ മനുഷ്യയാത്രയായിരിക്കും ആര്‍ട്ടെമിസ് 2. എന്നാല്‍ ആര്‍ട്ടെമിസ് 2 ദൗത്യത്തില്‍ പേടകം ചന്ദ്രനില്‍ ഇറങ്ങില്ല. പകരം ചന്ദ്രനെ ചുറ്റി തിരികെ ഇറങ്ങുകയാണ് ചെയ്യുക. ആര്‍ട്ടെമിസ് 3 ദൗത്യത്തില്‍ പുറപ്പെടുന്ന യാത്രികരാണ് അപ്പോളോ പദ്ധതിക്ക് ശേഷം വീണ്ടും ചന്ദ്രനില്‍ കാലുകുത്തുക. ഇതില്‍ ഒരു വനിതയും ഉണ്ടായിരിക്കും.

നാസയുടെ സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റെ സഹായത്തോടെ ഓറിയോണ്‍ പേടകത്തിലായിരിക്കും ചന്ദ്രനിലേക്കുള്ള യാത്ര. 10 ദിവസം ദൈര്‍ഘ്യമുള്ള ഈ ദൗത്യത്തില്‍ ഓറിയോണ്‍ പേടകം മനുഷ്യയാത്രയ്ക്ക് എത്രത്തോളം അനുയോജ്യമാണെന്ന് പരിശോധിക്കപ്പെടും.

ആര്‍ട്ടെമിസ് 1 ദൗത്യത്തില്‍ സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റെയും ഓറിയോണ്‍ പേടകത്തിന്റെയും വിക്ഷേപണ ശേഷിയും കാര്യക്ഷമതയും പരിശോധിച്ചു വിജയം നേടിയിരുന്നു.

രാഹുൽ ഗാന്ധിയെ ഇന്ത്യയിൽ നിന്ന് പുറത്താക്കണമെന്ന് പ്രഗ്യാസിംഗ് ഠാക്കൂർ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ബിജെപി എംപി പ്രഗ്യസിംഗ് ഠാക്കൂർ. വിദേശിയുടെ മകന് രാജ്യസ്നേഹം ഉണ്ടാകില്ലെന്ന ചാണക്യ വചനം സത്യമായെന്നാണ് ബിജെപി എംപിയായ പ്രഗ്യയുടെ കണ്ടെത്തൽ.

പ്രതിപക്ഷത്തിന്റെ മൈക്ക് പതിവായി ഓഫ് ചെയ്യുന്നതിനാല്‍ ഇന്ത്യൻ പാര്‍ലമെന്റില്‍ എതിര്‍ ശബ്ദങ്ങള്‍ ഉയരാറില്ലെന്നതടക്കമുള്ള രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളെകുറിച്ച് പ്രതികരിക്കുകയായിരുന്നു പ്രഗ്യസിംഗ് ‘നിങ്ങളുടെ അമ്മ ഇറ്റലിയിൽ നിന്നാണെങ്കിലും നിങ്ങൾ ഇന്ത്യയിൽ നിന്നാണ് കരുതിപ്പോയി’. പക്ഷേ വിദേശിയുടെ മകന് രാജ്യസ്നേഹം ഉണ്ടാകില്ലെന്നത് സത്യമായെന്നുമായിരുന്നു ബിജെപി എംപി കൂടിയായ പ്രഗ്യയുടെ പരാമർശം.

ഫാസിസ്റ്റ് സംഘടനയായ ആര്‍എസ്എസ് ഭരണഘടന സ്ഥാപനങ്ങള്‍ പിടിച്ചെടുത്തതോടെ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് മത്സരത്തിന്റെ സ്വഭാവം അട്ടിമറിക്കപ്പെട്ടെന്നടക്കം ബ്രിട്ടണില്‍ നടത്തിയ പ്രഭാഷണ പരമ്പരകളില്‍ രാഹുല്‍ ഗാന്ധി തുറന്നടിച്ചിരുന്നു. താനടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ ചാര സോഫറ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഭാഷണ പരമ്പരയിലാണ് രാഹുല്‍ ഗാന്ധി ആദ്യം പ്രസംഗിച്ചത്. ഇന്ത്യയില്‍ ജനാധിപത്യം അടിച്ചമര്‍ത്തപ്പെടുകയാണെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍, പ്രതിപക്ഷ നേതാക്കള്‍ക്ക് ഫോണിലൂടെ പോലും സംസാരിക്കാനാവാത്ത സാഹചര്യമാണ് ഇന്ത്യയിലെന്നും അഭിപ്രായപ്പെട്ടിരുന്നു. ചാരസോഫ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും, കരുതലോടെ സംസാരിക്കണമെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ ലണ്ടനിൽ വച്ച് വെളിപ്പെടുത്തി.

പ്രതിപക്ഷത്തിന്റെ മൈക്ക് പതിവായി ഓഫ് ചെയ്യുന്നതിനാല്‍ പാര്‍ലമെന്റില്‍ എതിര്‍ ശബ്ദങ്ങള്‍ ഉയരാറില്ല. ലഡാക്കിലും, അരുണാചല്‍ പ്രദേശിലുമായി രണ്ടായിരത്തി അഞ്ഞൂറ് സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശം ചൈനീസ് സൈന്യം കൈയേറിയപ്പോള്‍ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം ചൈനക്ക് പ്രോത്സാഹനമായെന്നും രാഹുല്‍ പരിഹസിച്ചു. ലണ്ടനിൽ രാഹുല്‍ ഗാന്ധി നടത്തിയ പ്രഭാഷണ പരമ്പരകളിലൂടെ രാജ്യം അപമാനിക്കപ്പെട്ടെന്നാണ് ബിജെപി വിമർശനം. പരാമർശങ്ങൾ പാർലമെന്റിൽ ഉന്നയിക്കാനൊരുങ്ങുകയാണ് ബിജെപി. നാളെ അവകാശലംഘനത്തിന് നോട്ടീസ് നല്കാനാണ് തീരുമാനം.

സ്വവർഗ വിവാഹം ഇന്ത്യൻ കുടുംബ കാഴ്ചപ്പാടിന് ചേർന്നതല്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത തേടിയുള്ള ഹര്‍ജികള്‍ തള്ളണമെന്ന നിലപാടുമായ് കേന്ദ്ര സര്‍ക്കാര്‍. ഭര്‍ത്താവ്, ഭാര്യ, അവരില്‍ ഉണ്ടാകുന്ന കുട്ടികള്‍ എന്ന ഇന്ത്യന്‍ കുടുംബ കാഴ്ചപ്പാടിന് സമാനമല്ല സ്വവര്‍ഗ വിവാഹമെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാരിൻ്റെ എതിർപ്പ്.

സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമ സാധുത നല്‍കുന്നത് വലിയ സങ്കീര്‍ണ്ണതകള്‍ക്ക് വഴിവച്ചേക്കും എന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരേ ലിംഗത്തില്‍പ്പെടുന്നവരുടെ വിവാഹം അംഗീകരിക്കുന്നതും, രജിസ്റ്റര്‍ ചെയ്യുന്നതിനും അപ്പുറം ആണ് കുടുംബപരമായ വിഷയങ്ങള്‍ എന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. സ്വവര്‍ഗ ബന്ധം ക്രിമിനല്‍ കുറ്റമല്ലെങ്കിലും, വിവാഹത്തിന് നിയമ സാധുത നല്‍കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഒരേ ലിംഗത്തില്‍പെടുന്നവര്‍ തമ്മിലുള്ള വിവാഹത്തിനു സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം സാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഈ ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഹര്‍ജികള്‍ തിങ്കളാഴ്ച്ച സുപ്രീം കോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

കെ മുരളീധരൻ പാർട്ടി പ്രവർത്തനം നിർത്തുമോ, നേതൃത്വം ആവശ്യപ്പെട്ടാൽ റെഡി എന്ന് പ്രഖ്യാപനം

കോൺഗ്രസിനകത്ത് പാര്‍ട്ടിയെ പരസ്യമായി വിമര്‍ശിക്കുന്നതിനെതിരായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് കെ. മുരളീധരന്‍ പറഞ്ഞു. എന്നാൽ തന്നോട് പാര്‍ട്ടിപ്രവര്‍ത്തനം നിര്‍ത്താന്‍ പറഞ്ഞാല്‍ നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കകത്ത് പ്രവര്‍ത്തിക്കുകയാണെങ്കിൽ സ്വാഭാവികമായും അഭിപ്രായം പറയും.

അഭിപ്രായങ്ങള്‍ പറയാന്‍ പാടില്ല എന്നാണെങ്കില്‍ അതറിയിച്ചാല്‍ മതി. പിന്നെ വായ തുറക്കില്ലെന്നും മുരളീധരന്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എവിടെയാണ് പാര്‍ട്ടി വേദി? രാഷ്ട്രീയകാര്യ സമിതി, എക്‌സിക്യുട്ടീവ് യോഗങ്ങള്‍ വിളിക്കണമെന്ന് പറഞ്ഞത് പാര്‍ട്ടി വേദിക്കു വേണ്ടിയാണ്. അതിലെന്താണ് തെറ്റെന്ന് പറയണം.പാര്‍ട്ടിക്ക് പുറത്ത് വിമര്‍ശനമുന്നയിച്ചതിനെത്തുടര്‍ന്ന് കെ. മുരളീധരന്‍, എം.കെ. രാഘവന്‍ എന്നിവര്‍ക്ക് കെ.പി.സി.സി. മുന്നറിയിപ്പ് നല്‍കുകയും ഇതുസംബന്ധിച്ച കത്തയക്കുകയും ചെയ്തിരുന്നു.

വിമര്‍ശനങ്ങള്‍ പാര്‍ട്ടി വേദിക്കു പുറത്ത് നടത്തിയതിനെതിരായാണ് കെ. മുരളീധരന്‍, കോഴിക്കോട് എം.പി. എം.കെ. രാഘവന്‍ എന്നിവര്‍ക്കെതിരേ കെ.പി.സി.സി. വിമര്‍ശനമുന്നയിച്ചത്. ഇതിനു മറുപടിയായാണ് പാര്‍ട്ടി വേദി എവിടെയാണെന്ന് മുരളീധരന്‍ ചോദിച്ചത്. സേവനം ഇനി പാര്‍ട്ടിക്ക് ആവശ്യമില്ല എന്ന് പാര്‍ട്ടി പറഞ്ഞാല്‍ അതിനനുസരിച്ചു നില്‍ക്കാം എന്ന അന്തിമ നിലപാട് കൂടി മുരളീധരൻ പ്രഖ്യാപിച്ചു.

കൈവെട്ട് കേസിലെ പ്രതിയെ ഇനിയും പിടികൂടാനായില്ല, 10 ലക്ഷം ഇനാം പ്രഖ്യാപിച്ച് എൻ ഐ എ

 തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യ പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ച് എൻഐഎ.  കേസിലെ ഒന്നാം പ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെ കുറിച്ച് വിവരം നൽകുന്നവർക്കാണ് എൻഐഎ പരിതോഷികം പ്രഖ്യാപിച്ചത്. സംഭവം നടന്നത്  മുതൽ ഇയാൾ ഒളിവിലായിരുന്നു. 2010 ൽ ആണ് തൊടുപുഴ ന്യൂമൻ കോളേജ് അധ്യാപകനായ പ്രൊഫസർ ടി ജെ ജോസഫ്ന്റെ കൈവെട്ടുന്നത്.11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ

ഫ്രാൻസിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയുള്ള കക്കുകളി നാടകത്തിനെതിരെ ക്രൈസ്തവ സംഘടനകൾ; സർക്കാർ പ്രതിരോധത്തിൽ

കക്കുകളി എന്ന നാടകത്തിനെതിരെ ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധം. ഈ നാടകം നിരോധിക്കണം എന്നാവശ്യപ്പെട്ട് വിവിധ സംഘടകനകൾ രംഗത്തെത്തി. കന്യാസ്ത്രീ മഠങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നൽകുന്നു എന്നാണ് വിലയിരുത്തൽ. ‘കക്കുകളി’ എന്ന നാടകത്തിന്റെ പ്രദര്‍ശനം സര്‍ക്കാര്‍ നിരോധിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. കന്യാസ്ത്രി മഠങ്ങളെ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിക്കുന്നതാണ് നാടകം എന്നാണ് പരാതി. കഴിഞ്ഞ ദിവസം തൃശ്ശൂര്‍ അതിരൂപതയും സമാനമായ പരാതി ഉന്നയിച്ചിരുന്നു.

നാടകം കേരളത്തില്‍ നിരോധിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പും കെസിബിസി പുറത്തിറക്കി. ഞായറാഴ്ച തൃശ്ശൂര്‍ അതിരൂപതയിലെ പള്ളികളില്‍ ഈ വിഷയത്തില്‍ പ്രതിഷേധം ഉണ്ടാകുമെന്നാണ് അതിരൂപത അറിയിച്ചിട്ടുള്ളത്. തിങ്കളാഴ്ച കളക്ടറേറ്റ് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 9.30-ന് പടിഞ്ഞാറേക്കോട്ടയില്‍നിന്ന് കളക്ടറേറ്റിലേക്കാണ് മാര്‍ച്ച് നടത്തുന്നത്.

സംസ്ഥാന സർക്കാരിന്റെ അന്തർദേശീയ നാടക മേളയിൽ ഉൾപ്പെടെ സ്ഥാനം ലഭിച്ച നാടകമാണ്. നാടകത്തിനെതിരെ തൃശൂർ അതിരൂപത ഇടവകകൾക്ക് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. നാടകം ക്രൈസ്തവവിശ്വാസത്തേയും സ്ഥാപനങ്ങളെയും പൊതുസമൂഹത്തിന് മുമ്പിൽ അപഹാസ്യമായി ചിത്രീകരിക്കുന്നതാണെന്നാണ് സർക്കുലറിൽ പറയുന്നത്. കന്യാസ്ത്രീ മഠങ്ങളെ ചൂഷണ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിക്കുകയാണ് നാടകമെന്നും സഭ ആരോപിക്കുന്നു. 

ഫ്രാൻസിസ് നൊറോണയുടെ കഥയുടെ നാടകാവിഷ്കാരമാണ് കക്കുകളി. അന്താരാഷ്ട്ര നാടകോത്സവത്തിലും  ഗുരുവായൂർ നഗരസഭയുടെ സർഗോത്സവത്തിലും നാടകം അവതരിപ്പിച്ചിരുന്നു. എന്നാൽ, പൊതുഖജനാവിൽ നിന്ന് ഫണ്ട് ചെലവാക്കി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവവിശ്വാസത്തേയും സന്യസ്തരേയും വികലമായി ചിത്രീകരിക്കുന്നത് എതിർക്കപ്പെടേണ്ടതാണെന്നാണ് അതിരൂപതയുടെ വാദം.