സ്കൂൾ പരീക്ഷാ ടൈംടേബിൾ പുനക്രമീകരിച്ചു

0

മാര്‍ച്ച്‌ 13ന് തുടങ്ങുന്ന ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികളുടെ സ്കൂള്‍ വാര്‍ഷിക പരീക്ഷ ടൈംടേബിള്‍ പുനഃക്രമീകരിച്ചു.

പുതിയ ടൈംടേബിള്‍ പ്രകാരം ഉച്ചക്ക് 1.30 മുതലാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് 2.15നാണ് പരീക്ഷകള്‍ നടക്കുക.

ഒരേസമയം കൂടുതല്‍ കുട്ടികള്‍ പരീക്ഷക്ക് വരുന്ന സാഹചര്യത്തിലാണ് ടൈംടേബിളില്‍ മാറ്റം വരുത്തിയത്. പുതുക്കിയ ടൈംടേബിള്‍ https://education.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്.

https://education.kerala.gov.in/2023/03/10/2022-23-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%95/

തേജസ്വ യാദവിൻ്റെയും കുടുംബാഗങ്ങളുടെയും വീട്ടിൽ പരിശോധന, അരക്കിലോ സ്വർണ്ണക്കട്ടി പിടിച്ചെടുത്തതായി ഇ ഡി

 ജോലിക്കു പകരം ഭൂമി അഴിമതിക്കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി. നേതാവുമായി തേജസ്വി യാദവിനെ ചോദ്യം ചെയ്യാൻ സി ബി ഐ വീണ്ടും നൊട്ടീസ നൽകി. മാര്‍ച്ച് നാലിന് വിളിച്ചിരുന്നെങ്കിലും തേജസ്വി ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ശനിയാഴ്ച വീണ്ടും വിളിപ്പിച്ചത്. രാവിലെയെത്താനാണ് നിര്‍ദേശം നല്‍കിയിരുന്നത്.

തേജസ്വി യാദവ് ഇതുവരെ ഹാജരായിട്ടില്ല. ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിലാണ് എന്നാണ് അറിയിച്ചിട്ടുള്ളത്. ഗർഭിണിയായ ഭാര്യയെ 12 മണിക്കൂറോളം ഇ ഡി ചോദ്യം ചെയ്തത് അവരെ അവശയാക്കി എന്ന ആരോപണം ഉയർന്നിരുന്നു.

കഴിഞ്ഞ ദിവസം തേജസ്വി യാദവിന്റെ ഡല്‍ഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ വസതിയിലും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പാർപ്പിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. 24 ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പരിശോധിച്ചു.

യു.എസ്. ഡോളര്‍ ഉള്‍പ്പെടെയുള്ള വിദേശ കറന്‍സികളും 53 ലക്ഷം രൂപയും അരക്കിലോ സ്വര്‍ണക്കട്ടിയും ഒന്നരക്കിലോ സ്വര്‍ണാഭരണങ്ങളും ലാലുപ്രസാദ് യാദവ് കുടുംബത്തില്‍നിന്ന് പിടിച്ചെടുത്തു എന്നാണ് വാർത്ത. മറ്റു പ്രധാനപ്പെട്ട രേഖകളും ഉപകരണങ്ങളും പരിശോധന നടത്തിയ വീടുകളില്‍നിന്ന് കണ്ടെടുത്തതായും ഇ.ഡി. വ്യക്തമാക്കി.

ലാലുപ്രസാദിന്റെ മക്കളായ തേജസ്വി, രാഗിണി, ചാന്ത, ഹേമ എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. മകള്‍ രാഗിണിയുടെ ഭര്‍ത്താവും എസ്.പി. നേതാവുമായ ജിതേന്ദ്ര യാദവിന്റെ വീട്ടിലും ആര്‍.ജെ.ഡി. മുന്‍ എം.എല്‍.എ.യും ലാലുവിന്റെ ഉറ്റസുഹൃത്തുമായ അബു ദോജനയുടെ വീട്ടിലും ഇ.ഡി. പരിശോധന നടത്തി. സംഭവത്തില്‍ ലാലുപ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി എന്നിവര്‍ക്കെതിരെയും കേസുണ്ട്.

ജോലിക്കു പകരം ഭൂമി അഴിമതിയുമായി ബന്ധപ്പെട്ടുള്ള സി.ബി.ഐ. അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് ഇ.ഡി.യുടെ പരിശോധന. പിതാവ് ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ യാദവ് കുടുംബത്തിന് സമ്മാനമായോ കുറഞ്ഞ വിലക്കോ ഭൂമി നല്‍കിയിരുന്നവര്‍ക്ക് റെയില്‍വേയില്‍ ജോലി നല്‍കിയിരുന്നു. ഈ കേസിലാണ് സി.ബി.ഐ. അന്വേഷണവും ഇ.ഡി.യുടെ പരിശോധനയും .

കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള സംഘപരിവാർ നീക്കം പാളി, വൈസ് പ്രസിഡൻ്റ് സ്ഥാനം അട്ടിമറിച്ചു

കേന്ദ്രസാഹിത്യഅക്കാദമി പ്രസിഡണ്ടായി മാധവ് കൗശിക് തിരഞ്ഞെടുക്കപ്പെട്ടു.അക്കാദമി നേതൃത്വം പിടിക്കാന്‍ ഇത്തവണ സംഘപരിവാർ പാനല്‍ പ്രഖ്യാപിച്ച് രംഗത്ത് വന്നതോടു കൂടിയാണ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. ചണ്ഡീഗഡിൽ നിന്നുള്ള എഴുത്തുകാരനായ മാധവ് കൗശിക് അക്കാദമിയുടെ വൈസ് പ്രസിഡണ്ടായിരുന്നു.

ബി.ജെ.പി പിന്തുണയുള്ള പാനലിലെ കന്നട എഴുത്തുകാരന്‍ പ്രൊഫ. മല്ലേപുരം ജി. വെങ്കടേഷ്, സ്വതന്ത്ര സ്ഥാനാര്‍ഥി മഹാരാഷ്ട്രയിലെ എഴുത്തുകാരനായ രംഗനാഥ് പഠാരെ എന്നിവരെ തോല്‍പിച്ചാണ് മാധവ് കൗശിക് കേന്ദ്രസാഹിത്യഅക്കാദമി അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

92 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ 60 പേരുടെ പിന്തുണയോടെയാണ് മാധവ് കൗശിക് വിജയിച്ചത്. തിൽ പത്തുപേർ കേന്ദ്ര സർക്കാർ നോമിനികളാണ്. മലയാളികളായ കെ.പി രാമനുണ്ണി, വിജയലക്ഷ്മി എന്നിവർക്കും വോട്ടവകാശമുണ്ട്.

എന്നാൽ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക്അ ക്കാദമി വിശിഷ്ടാംഗമായ സി.രാധാകൃഷ്ണന്‍ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. സംഘപരിവാർ പാനലിലെ കുമദ് ശര്‍മയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദി വിഭാഗം മേധാവിയാണ് കുമുദ് ശര്‍മ.

സംഘപരിവാർ നീക്കം ആസൂത്രിതം വൈസ് പ്രസിഡൻ്റ് സ്ഥാനം പിടിച്ചു

മാധവ് കൗശികിനെ പ്രസിഡന്റും എഴുത്തുകാരൻ സി. രാധാകൃഷ്ണനെ വൈസ് പ്രസിഡന്റുമാക്കാൻ നേരത്തെ ധാരണയായിരുന്നു. എന്നാൽ, സംഘ്പരിവാർ അനുകൂലികളുടെ പാനൽ അപ്രതീക്ഷിതമായി മത്സരം പ്രഖ്യാപിച്ചതോടെയാണ് തെരഞ്ഞെടുപ്പിലേക്ക് നീണ്ടത്.

സാധാരണയായി ധാരണ പ്രകാരമാണ് പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ് പദവികൾ നിശ്ചയിക്കപ്പെടാറ്. ഇത്തവണ സംഘപരിവാർ പാനൽ രംഗത്ത് വന്നതും ഇതേ ലക്ഷ്യം വെച്ചാണ്. വൈസ് പ്രസഡൻ്റ് സ്ഥാനം കൈക്കലാക്കുന്നതിലൂടെ അടുത്ത തവണത്തേക്കുള്ള നീക്കം കൂടിയായാണ് കാണുന്നത്.

സംസ്ഥാനത്ത് 46 പേർക്ക് H1N1

സംസ്ഥാനത്ത് ഇതുവരെ 46 പേർക്ക് H1N1 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. വയറിളക്കവും ചിക്കൻപോക്സും വ്യാപിക്കുന്നതായും വലിയ ജാഗ്രത പുലർത്തണമെന്നും ഉന്നതല യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു. പനി ബാധിച്ചു ആശുപത്രിയിൽ എത്തുന്നവരുടെ സ്രവം പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ധാരാളം വെള്ളം കുടിക്കണം; ദാഹിക്കുന്നത് വരെ കാത്തിരിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം തന്നെ കുടിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നേരിട്ടുള്ള വെയിൽ ഏൽക്കരുത് എന്നും കുട്ടികളെ വെയിലത്തു പുറത്തു വിടരുത് എന്നും മുന്നറിയിപ്പുണ്ട്. നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകും. വേനൽച്ചൂടിനൊപ്പം പകർച്ചവ്യാധികളും പടരുന്നതിനാൽ മറ്റു രോഗങ്ങൾ ഉള്ളവരും കുട്ടികളും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. പരീക്ഷ കാലത്തേക്ക് വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ചു ആരോഗ്യവകുപ്പ് പദ്ധതികൾ നടപ്പാക്കും എന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്‍ഫ്‌ളുവന്‍സ ഒക്ടോബറില്‍ തന്നെ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ‘ഇന്‍ഫ്‌ളുവന്‍സയ്ക്ക് പല തരത്തിലുള്ള വകഭേദങ്ങളുണ്ട്. സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. സംസ്ഥാനത്ത് H3N2 വകഭേദം കൂടുന്നതായൊരു കണക്ക് നിലവില്ല. പനി വരുമ്പോൾ ഇൻഫ്ലുവൻസ കൂടി പരിശോധിക്കണം.

സംസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുന്ന സാഹചര്യമുണ്ട്. ഇതു സംബന്ധി
ച്ച് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ഏതെങ്കിലും തരത്തിലുള്ള പുതിയ വൈറസുകളുണ്ടോയെന്ന് സാമ്പിളുകൾ കൃത്യമായി പരിശോധിക്കുന്നുണ്ട്. എന്നാല്‍ അത്തരത്തില്‍ നിലവില്‍ കണ്ടെത്തലുകളൊന്നും ഉണ്ടായിട്ടില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു.

ഇന്ത്യയിൽ ഇതുവരെ 90 പേർക്കാണ് എച്ച്3എൻ2 വൈറസ് ബാധയുണ്ടായത്. എച്ച്1എൻ1 വൈറസ് ബാധയുടെ 8 കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു.

പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ചുമ, വിറയൽ, ശ്വാസംമുട്ടൽ തുടങ്ങിയവയാണു രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ. വായുവിൽ കൂടി പകരുന്നതിനാൽ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടണം. മുഖവും കൈകളും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. രോഗലക്ഷണങ്ങൾ കണ്ടാൽ പൂർണ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കുകയും ചെയ്യണം.

മറ്റുള്ളവരുമായുള്ള സമ്പർക്കവും ഒഴിവാക്കണം. രോഗലക്ഷണങ്ങളുള്ളവർ കൃത്യസമയത്ത് ചികിത്സ തേടണം. പ്രമേഹം, ഹൃദ്രോഗം, കാൻസർ, വൃക്ക-കരൾ രോഗങ്ങൾ തുടങ്ങിയവ ഉള്ളവരിലും, ഗർഭിണികളിലും ചെറിയ കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും, രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം

വിജേഷ് പിള്ള അടിമുടി തട്ടിപ്പ്, സിനിമയുടെ ഒ ടി ടി അവകാശം വാങ്ങി പറ്റിച്ചതായും മനോജ് കാന

ഇടനിലക്കാരനെന്ന് സ്വപ്‍ന സുരേഷ് ആരോപിക്കുന്ന വിജേഷ് പിള്ള തന്നെയും തട്ടിപ്പിന് ഇരയാക്കിയെന്ന് സംവിധായകൻ മനോജ്‌ കാന. ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ‘കെഞ്ചിറ’ സിനിമ ഒടിടി യിലൂടെ പ്രദർശിപ്പിക്കാമെന്ന് പറഞ്ഞു കബളിപ്പിച്ചുവെന്നും മനോജ് കാനയുടെ വാക്കുകൾ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈൻ പ്രസിധീകരിച്ചു.

‘കെഞ്ചിറ’ എന്ന ചിത്രം തന്‍റെ ഒടിടി പ്ലാറ്റ്ഫോമിന്‍റെ പരസ്യത്തിനും മറ്റും വിജേഷ് ഉപയോഗിച്ചു. പക്ഷെ ഒരു തരത്തിലും ഒടിടി പ്ലാറ്റ്ഫോം നടത്തേണ്ട ഒരു സംവിധാനവും ഇല്ലാത്തയാളാണെന്നും മനോജ് കാന പറയുന്നു. സിനിമ മേഖലയിലെ പലരെയും വിജേഷ് പറ്റിച്ചിട്ടുണ്ട് മനോജ് കാന പറയുന്നു. 2019ലാണ് ‘കെഞ്ചിറ’ എന്ന പടം നിര്‍മ്മിച്ചത്. നേര് കള്‍ച്ചറല്‍ സൊസേറ്റി എന്ന സൗഹൃദ കൂട്ടായ്മയാണ് അത് നിര്‍മ്മിച്ചത്. തുടര്‍ന്ന് ‘കെഞ്ചിറ’ ചലച്ചിത്ര മേളകളില്‍ അടക്കം ഏറെ ശ്രദ്ധിക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ചിത്രം, ഛായഗ്രഹണം, കോസ്റ്റ്യൂം എന്നീ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഈ ചിത്രം നേടി. ഒരു ദേശീയ അവാര്‍ഡും ചിത്രത്തിന് ലഭിച്ചു. തുടര്‍ന്നാണ്  ‘കെഞ്ചിറ’യുടെ  ഒടിടി റിലീസിനായി വിജേഷ് പിള്ള ബന്ധപ്പെടുന്നത് എന്ന് മനോജ് കാന പറഞ്ഞു.

ഒടിടിക്കാര്‍ സാധാരണ സിനിമയുടെ അവകാശം സ്വന്തമാക്കുന്നത് മൊത്തം തുകയ്‍ക്കാണ്.  രണ്ടാമത്തെ രീതി അത് പ്രദര്‍ശിപ്പിച്ച് കിട്ടുന്ന വരുമാനം ഷെയര്‍ ചെയ്യുകയാണ്. വലിയ അന്താരാഷ്ട്ര സങ്കേതിക വിദ്യയോടെയാണ് തന്‍റെ പ്ലാറ്റ് ഫോം എന്നാണ് വിജേഷ് പിള്ള  പറഞ്ഞിരുന്നത്. ഇതെല്ലാം വിശ്വസിച്ചാണ് അയാള്‍ക്ക് പടം നല്‍കിയത്. എന്നാല്‍ അയാളുടെ അവകാശവാദം തീര്‍ത്തും പൊള്ളയാണെന്ന് പിന്നീട് മനസിലായി. ഒരു ഒടിടി പ്ലാറ്റ്ഫോമിന്‍റെ അടിസ്ഥാന കാര്യം പോലും അയാളുടെ അടുത്ത് ഇല്ലായിരുന്നു. എത്ര പേര്‍ കണ്ടു എന്നത് അറിയാന്‍ അയാള്‍ കാണിച്ച ഡാഷ് ബോര്‍ഡ് അടക്കം തട്ടിപ്പായിരുന്നു.

തട്ടിപ്പ് സംബന്ധിച്ച് 2020 ൽ പത്രസമ്മേളനം നടത്തിയിരുന്നു

അങ്ങനെ നാട്ടുകാര്‍ക്ക് പടം കാണാന്‍ പോലും പറ്റുന്നില്ല എന്ന അവസ്ഥയിലാണ് എന്ന് മനസിലായപ്പോള്‍ അയാളില്‍ നിന്നും പടം തിരിച്ചെടുത്തു. ഒടിടിക്ക് കൊടുത്ത പടം തിരിച്ചുവാങ്ങാൻ അങ്ങോട്ട് അയാള്‍ക്ക് പണം കൊടുക്കേണ്ടി വന്നു. 2020 ലാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്. അന്ന് ഇതെല്ലാം പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നെങ്കിലും വലിയ വാര്‍ത്തയായില്ല. ഇപ്പോള്‍ ഇയാള്‍ ഇങ്ങനെ വിവാദത്തിലായപ്പോള്‍ വീണ്ടും പറയുകയാണ്. ഒരിക്കല്‍ ഒരു ഒടിടിക്ക് നല്‍കിയ ചിത്രം ആയതിനാല്‍ ‘കെഞ്ചിറ’ പിന്നീട് ആരും വാങ്ങിയുമില്ല. ഇതിനെതിരെ ഹൈക്കോടതി വഴി  വിജേഷ് പിള്ളയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും അയാള്‍ പ്രതികരിച്ചില്ല. പിന്നീട് സാമ്പത്തിക ബാധ്യതയും മറ്റും ആലോചിച്ച് കൂടുതല്‍ നിയമ നടപടിയിലേക്ക് പോയില്ലെന്നും മനോജ് കാന പറയുന്നു.

വിജേഷ് പിള്ളയെ കണ്ടെത്തി; സ്വപ്നയെ കണ്ടിട്ടുള്ളതായി സമ്മതിച്ചു, പക്ക ബിസിനസ് കാര്യമെന്ന് വിശദീകരണം

സ്വപ്ന സുരേഷിന കണ്ടിരുന്നതായി സമ്മതിച്ച് വിജേഷ് പിള്ള. ബെംഗളൂരുവിൽ വെച്ചാണ് സ്വപ്നയുമായി കണ്ടതെന്നും സമ്മതിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിജേഷ് പിള്ളയെ ചോദ്യംചെയ്തു. വ്യാഴാഴ്ച അർദ്ധ രാത്രി വരെ ഇ ഡിയുടെ ചോദ്യം ചെയ്യലിന് വിധേയമായി.

വിശദീകരണം ഇങ്ങനെ

ബിസിനസ് ആവശ്യത്തിനാണ് സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയത്. സ്വർണ്ണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഒരേ നാട്ടുകാരാണെങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ടി.വിയിൽ മാത്രമാണ് കണ്ടിട്ടുള്ളതെന്നും വിജേഷ് പിള്ള പറഞ്ഞു.

‘ഒ.ടി.ടി. പ്ലാറ്റ്ഫോമിലെ വെബ് സീരിസിന്റെ കാര്യം ചർച്ച ചെയ്യാൻ വേണ്ടിയാണ് ബെംഗളൂരുവിൽ പോയത്. ഞങ്ങളുടെ ഹോട്ടലിൽ സ്വപ്ന വന്നു. അവിടെ വെച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്. എന്നാൽ, ഇപ്പോൾ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളിൽ യാതൊരു വാസ്തവവുമില്ല, ആരോപണങ്ങളെല്ലാം തെറ്റായ കാര്യങ്ങളാണ്. പാർട്ടിയുമായിട്ട് യാതൊരു ബന്ധവുമില്ല, ഈ പറയുന്ന ആരേയും അറിയില്ല. പത്രത്തിലും മാധ്യമങ്ങളിലും കണ്ട പരിചയമല്ലാതെ അവർക്ക് എന്നെയോ എനിക്ക് അവരെയോ അറിയില്ല. ബിസിനസ് ബന്ധപ്പെട്ട കാര്യത്തിനായിരുന്നു ബെംഗളൂരുവിൽ ചെന്നത്. വെബ് സീരിസുമായി ബന്ധപ്പെട്ട ചർച്ചകൾ മാത്രമായിരുന്നു. രണ്ട് ദിവസം മുമ്പായിരുന്നു സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയത്. ഇ.ഡിയുടെ അടുത്ത് എനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. വെബ് സീരിസുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയിലെ ചിത്രങ്ങളാണ് സ്വപ്ന പുറത്തുവിട്ടത്’ വിജേഷ് പിള്ള പറഞ്ഞു.

സ്വപ്ന സുരേഷ് പറഞ്ഞത്

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സ്വർണക്കടത്തു കേസിൽ ഒത്തു തീർപ്പിനായി വിജയ് പിള്ള എന്നയാൾ സി.പി.എം. നേതാക്കൾക്കുവേണ്ടി തന്നെ സമീപിച്ചു എന്ന ആരോപണവുമായി സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിൽ വന്നത്. ബെംഗളൂരുവിൽ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും 30 കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തുവെന്നും സ്വപ്ന ഫേസ്ബുക്ക് ലൈവിൽ ആരോപിച്ചിരുന്നു. ആരോപണവുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. വിജയ് പിള്ള എന്നായിരുന്നു സ്വപ്ന സുരേഷ് പറഞ്ഞതെങ്കിലും ഇയാളുടെ യഥാർഥ പേര് വിജേഷ് പിള്ള എന്നാണെന്ന് പിന്നീട് വ്യക്തമായിരുന്നു.

‘മകള്‍ ഇപ്പോഴേ അറബി സംസാരിക്കുകയാണ്’ റൊണാൾഡോയുടെ കുടുംബ ചിത്രം വൈറലായി

0

സൂപ്പര്‍താരത്തോടൊപ്പം കുടുംബവും ഇപ്പോള്‍ സൗദിയിലാണുള്ളത്. മക്കള്‍ അറബി പഠിക്കാൻ തുടങ്ങി. റൊണാള്‍ഡോയുടെ മകള്‍ അറബി സംസാരിക്കുന്ന വീഡിയോ പങ്കാളി ജോര്‍ജിന പങ്കുവെച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ജോര്‍ജിന ഈ വീഡിയോ പുറത്തുവിട്ടത്.

‘ഞങ്ങളുടെ മകള്‍ ഇപ്പോഴേ അറബി സംസാരിക്കുകയാണ്’ എന്ന വാചകത്തോടെയാണ് മകളുടെ വീഡിയോ ജോര്‍ജിന പങ്കുവെച്ചത്. ക്രിസ്റ്റ്യാനോയെ ഇതില്‍ മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട്. ജോര്‍ജിനയെ നോക്കിക്കൊണ്ട് ആവേശത്തോടെ മകള്‍ അലാന അറബി സംസാരിക്കുന്നതാണ് വീഡിയോയില്‍. അവസാനം ജോര്‍ജിന ചിരിക്കുന്നതും കേള്‍ക്കാം. ചുരുങ്ങിയ നിമിഷം കൊണ്ടുതന്നെ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

യൂറോപ്പിലെന്ന പോലെ ഏഷ്യയിലും മികവുകളാൽ സ്വാധീനം നേടുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗില്‍ ഫെബ്രുവരിയിലെ മികച്ച താരമായും പോര്‍ച്ചുഗീസ് നായകന്‍ മാറി. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിട്ട് സൗദി ക്ലബ്ബ് അല്‍നസ്‌റിലേക്ക് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് റൊണാള്‍ഡോ കൂടുമാറിയത്. തുടക്കം മികച്ചതായിരുന്നില്ലെങ്കിലും പതിയെ അല്‍നസ്‌റിലും നക്ഷത്രമായി.

സൗദി പ്രോ ലീഗില്‍ ഇത്തിഫാഖിനെതിരേയാണ് അല്‍നസ്‌റിനായുള്ള അരങ്ങേറ്റം. മൂന്നാം മത്സരത്തില്‍ അല്‍ ഫത്തേഹിനെതിരേ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് റൊണാള്‍ഡോ സൗദിയിലെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ അല്‍ വെഹ്ദയ്‌ക്കെതിരേ നാല് ഗോളുകളടിച്ച് റോണോ സൗദിയിലും തന്റെ വരവറിയിച്ചു. ലീഗില്‍ ദമാകിനെതിരേയും ഹാട്രിക്ക് നേടി. കരിയറിലെ 62-ാം ഹാട്രിക്കാണ് താരം നേടിയത്. ഇതിന് പിന്നാലെ റൊണാള്‍ഡോ ഫെബ്രുവരിയിലെ മികച്ച താരമായി.

ഫേസ്ബുക്കും മെസഞ്ചറും രണ്ടായത് ജനപ്രീതി കുറച്ചു, പ്രൊഫൈലിനകത്തെ ചാറ്റ് ബോക്സ് തിരികെ കൊണ്ടു വരാൻ മെറ്റ

ഫെയ്‌സ്ബുക്കിന്റെ ജനപ്രീതി ഇടിഞ്ഞതോടെ ഉപഭോക്താക്കളെ തിരികെ കൊണ്ടു വരാൻ നമ്പറുകളുമായി മെറ്റ. ഫെയ്സ് ബുക്കിന് അകത്തെ ചാറ്റ് സൌകര്യം തിരികെ കൊണ്ടു വരാൻ കമ്പനി തീരുമാനിച്ചതായാണ് വാർത്തകൾ. 2014 ല്‍ ആണ് മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്നതിന് എന്ന് അവകാശപ്പെട്ട് ഫെയ്സ് ബുക്കും ചാറ്റിങ് സൌകര്യവും തമ്മിൽ വേർപെടുത്തിയത്.

മെസഞ്ചർ പ്രത്യേകമായി ഫോണിൽ ഇൻസ്റ്റാൾ ചെയ്യാതെ ഇപ്പോൾ ആർക്കും ഫെയിസ് ബുക്ക് വഴി ചാറ്റ് ചെയ്യാനാവില്ല്. ഈ അസൌകര്യം ആളുകളെ അകറ്റി എന്ന് ദശാബ്ദങ്ങൾക്ക് ശേഷം തിരിച്ചറിയുകയാണ് ഫേസ് ബുക്ക്.

എഒരു ദശാബ്ദക്കാലത്തിനൊടുവില്‍ മെസഞ്ചര്‍ ആപ്പിനെ വീണ്ടും ഫെയ്‌സ്ബുക്ക് ആപ്പിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മെറ്റ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഫെയ്‌സ്ബുക്ക് ആപ്പില്‍ തന്നെ മെസഞ്ചര്‍ ഇന്‍ബോക്‌സ് കാണാനും ചാറ്റ് ചെയ്യാനുമെല്ലാം സാധിക്കും എന്നാണ് പുതിയ വാഗ്ദാനം.

ഫെയ്‌സ്ബുക്ക് ചാറ്റ് ഉപയോഗിച്ച് നോക്കാന്‍ കമ്പനി ഉപഭോക്താക്കളെ ക്ഷണിച്ചു തുടങ്ങിയെന്ന് സോഷ്യല്‍ മീഡിയ അനലിസ്റ്റായ മാറ്റ് നവാര തന്റെ ട്വീറ്റില്‍ പറയുന്നു.

നിലവില്‍ ഫെയ്‌സ്ബുക്ക് ആപ്പിലെ മെസഞ്ചര്‍ ബട്ടന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മെസഞ്ചര്‍ ആപ്പ് തുറന്നുവരികയാണ് ചെയ്യുക. എല്ലാവരും ഇത്തരത്തിൽ മെസഞ്ചർ ഉപയോഗിക്കുന്നില്ല. വാട്സാപ്പിനോട് മത്സരിച്ച് മെറ്റ അതിനെ സ്വന്തമാക്കി എങ്കിലും ജനപ്രീതി കുറയാനുള്ള കാരണങ്ങൾ പരിഹരിച്ചിരുന്നില്ല.

നിങ്ങൾക്ക് ഭർത്താവില്ലെ, സിന്ദൂരമണിയാത്തതെന്ത്; കട നടത്തുന്ന യുവതിക്കെതിരെ ബി ജെ പി എംപിയുടെ ആക്രോശം

നെറ്റിയില്‍ സിന്ദൂരമണിയാത്തതിന് കടയിലെ ജീവനക്കാരിയെ അധിക്ഷേപിച്ച് ബി.ജെ.പി. എം.പി.യുടെ നടപടി വിവാദത്തിൽ. വനിതാദിനത്തില്‍ തെന്നെ കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ ചന്നയ്യ മന്ദിരത്തിലാണ് സംഭവം. ഇവിടത്തെ മാർക്കറ്റ് ഉദ്ഘാടനം ചെയ്തശേഷം കടയിൽ കയറിയാണ് ബി.ജെ.പി. എം.പി. മുനിസ്വാമിയുടെ അധിക്ഷേപം.

യുവതി ഭയന്ന് മാറി എങ്കിലും സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.

‘നിങ്ങളുടെ ഭര്‍ത്താവ് ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ നെറ്റിയില്‍ സിന്ദൂരം ധരിക്കണം’ എന്ന് മുനിസ്വാമി ആക്രോശിക്കുന്ന വീഡിയോയില്‍ പുറത്ത് വന്നതോടെ എംപിയുടെ ഉത്തരം മുട്ടി. കര്‍ണാടകയിലെ കോലാറില്‍ നിന്നുള്ള എം.പിയാണ് എസ്. മുനിസ്വാമി.

‘നിങ്ങളെന്തുകൊണ്ടാണ് നെറ്റിയില്‍ സിന്ദൂരം ധരിക്കാത്ത്? ആരാണ് നിങ്ങളെ ഇവിടെ കട നടത്താന്‍ അനുവദിച്ചത്? എന്തുകൊണ്ടാണ് ഇവിടെ വൈഷ്ണവി എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്? സുജാതയെന്ന പേരില്‍, നിങ്ങള്‍ക്ക് ഒരാള്‍ കാശുതരുന്നു എന്നതുകൊണ്ട്‌, സിന്ദൂരം ധരിക്കാതിരിക്കാന്‍ പാടില്ല. ആദ്യം സിന്ദൂരം അണിയൂ. ആരെങ്കിലും ഇവര്‍ക്ക് സിന്ദൂരം കൊടുക്കൂ. നിങ്ങളുടെ ഭര്‍ത്താവ് ഇപ്പോഴും ജീവിച്ചിരിപ്പില്ലേ? നിങ്ങള്‍ക്ക് സാമാന്യബോധം ഇല്ലേ?’, എന്നാണ് എം.പി. കടയിലെ ജീവനക്കാരിയോട് ഫത്വ പുറപ്പെടുവിക്കുന്നത്.

എന്നാൽ കട നടത്തി ഉപജീവനം കഴിക്കുന്ന യുവതി ചിരിച്ചു കൊണ്ടാണ് എം പിയുടെ സദാചാര പൊലീസിങ്ങ് നേരിടുന്നത്. അതേ സമയം എം പി ക്ഷുഭിതനായി ആക്രോശിച്ച് നടന്ന് നീങ്ങുന്നു.

എം.പിയുടെ പെരുമാറ്റത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം രംഗത്തെത്തി. സദാചാര പോലീസ് ചമയുകയാണ് ബി.ജെ.പി. നേതാക്കൾ. ‘ഇന്ത്യയെ ബി.ജെ.പി. ഹിന്ദുത്വ ഇറാന്‍ ആക്കിമാറ്റും. ബി.ജെ.പിയുടെ ആയത്തുള്ളമാര്‍ സാദാചാര പോലീസിങ് തെരുവില്‍ നടപ്പാക്കും’, കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തു.

ദിവസ വേതനക്കാരുടെ പേരിൽ വൻ വെട്ടിപ്പ് 18 ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സസ്പെൻ്റെ ചെയ്തു

ദിവസ വേതനക്കാരുടെ പേരിൽ പണം തട്ടിച്ചതായി കണ്ടെത്തി കൊല്ലം ആര്യങ്കാവ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസില്‍ കൂട്ട നടപടി. റെയിഞ്ച് ഓഫീസിലെ 18 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. 2 റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍, 3 ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ഒരു സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, 11 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, ഒരു സീനിയര്‍ ക്ലര്‍ക്ക് എന്നിവര്‍ക്കെതിരെയാണ് നടപടി

വ്യാജമായി ശമ്പളം എഴുതിയെടുത്ത് പണം തട്ടിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കണ്ടെത്തല്‍.ദിവസ വേതനക്കാരുടെ ലിസ്റ്റില്‍ വ്യാജ പേരുള്‍പ്പെടുത്തി 160000 രൂപയാണ് തട്ടിയെടുത്തത്. വനം വകുപ്പ് വിജിലന്‍സും ഫ്‌ലയിങ് സ്‌കോഡും ആണ് തട്ടിപ്പ് കണ്ടെത്തിയത്. ദിവസ വേതനക്കാരായി തൊഴിൽ ചെയ്യാൻ എത്തുന്നവരുടെ പാവങ്ങളായ തൊഴിലാളികളുടെ പേരിലാണ് വെട്ടിപ്പ് നടത്തിയത്.

ആര്യങ്കാവ് നിന്ന് പുറത്തുവന്ന സാമ്പത്തിക തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ റെയിഞ്ച് ഓഫീസുകളില്‍ വ്യാപക പരിശോധനയ്ക്കാണ് വനംവകുപ്പ് ഒരുങ്ങുന്നത്. വനംവകുപ്പില്‍ കൃത്യമായി ഇത്തരം പരിശോധനകള്‍ നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. പല പേരുകളിൽ വകുപ്പിനകത്ത് ആസൂത്രിത തട്ടിപ്പ് നടക്കുന്നു എന്നാണ് തെളിയുന്നത്. ദിവസവേതനക്കാരുടെ പേരുകള്‍ വ്യാജമായി എഴുതിച്ചേര്‍ത്ത് അക്കൗണ്ടുകളിലെത്തുന്ന പണം ഉദ്യോഗസ്ഥര്‍ വീതിച്ചെടുക്കുകയാണെന്ന് പരിശോധന നടത്തിയതോടെ തെളിവ് സഹിതം വ്യക്തമായി. ഇതര ഓഫീസുകളിലും ഇത്തരം പരിശോധനകൾക്ക് തയാറാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.