പാഠ്യേതരവിഷയങ്ങളില്‍ മികവ് തെളിയിച്ച എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. മുന്‍വര്‍ഷങ്ങളില്‍ ഗ്രേസ്മാര്‍ക്ക് ശാസത്രീയമായല്ല നല്‍കിയിരുന്നത്. ഇത് പരിഹഹിക്കാൻ ഗ്രേസ് മാര്‍ക്ക് സംവിധാനത്തിന് ക്രമീകരണം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന- ദേശീയ- അന്തര്‍ദേശീയ തല മത്സരങ്ങളിലെ മികവ്, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, നാഷണല്‍ കേഡറ്റ് കോര്‍പ്സ്, ജൂനിയര്‍ റെഡ്ക്രോസ്, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയാണ് ഗ്രേസ് മാര്‍ക്കിനായി പരിഗണിച്ചു വന്നിരുന്നത്. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളിലും ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല.
കേരളത്തിലെ പ്ലസ് വണ്‍ സീറ്റുകളില്‍ ജില്ലാടിസ്ഥാനത്തില്‍ ആവശ്യമായ ക്രമീകരണം നടത്തുമെന്നും മന്ത്രി അറിയിച്ചു. പരീക്ഷ കഴിഞ്ഞ ഉടന്‍ തന്നെ മൂല്യനിര്‍ണയവും ടാബുലേഷനും ആരംഭിക്കും. ഏപ്രില്‍ മൂന്നുമുതല്‍ 26 വരെയാണ് മൂല്യനിര്‍ണയം. മേയ് രണ്ടാംവാരത്തില്‍ ഫലം അറിയാം.
തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ കലോത്സവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ. സ്ഥാപിച്ച സ്ത്രീപദവിയെ കുറിച്ചുള്ള കാവ്യാത്മകമായ ബോർഡ് എടുത്തുമാറ്റി. കുരിശില്‍ തറച്ച പെണ്‍കുട്ടിയുടെ ചിത്രവും അതിനോടൊപ്പമുള്ള കവിതയും മനോഹരമായിരുന്നു. എങ്കിലും പ്രതിഷേധം മത സംഘടനകൾ തുടങ്ങിയതോടെ മാറ്റി.
‘കേട്ടിട്ടുണ്ടോ അടയാള പ്രേതങ്ങളെക്കുറിച്ച്, തൂങ്ങുന്ന മുലകളുള്ള പെണ്‍കുരിശിനെക്കുറിച്ച്, കോലമില്ലാത്ത കുമ്പസാരങ്ങളെക്കുറിച്ച്’ കറുത്ത റോസാ പുഷ്പങ്ങളെ കുറിച്ച്, …..കേട്ടിട്ടില്ലെങ്കിൽ കേട്ടുകൊൾക, …..അണപൊട്ടി വരുന്ന വിപ്ലവങ്ങളെ കുറിച്ച് എന്നു തുടങ്ങുന്ന ബോർഡാണ് മത സംഘടനകൾക്ക് പ്രകോപനമായത്. ക്രൈസ്തവ സംഘടനകള്‍ ബോര്‍ഡിനെതിരെ പ്രതികരിച്ചു. വിഷയം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തതോടെ എസ് എഫ് ഐ അണപൊട്ടി വരുന്ന വിപ്ലവം പ്രവചിച്ച ബോര്‍ഡ് മുക്കി.
ക്രൈസ്തവ സമുദായത്തെയും സമുദായത്തിന്റെ മതവികാരത്തെയും വ്രണപ്പെടുത്തുന്നതാണ് ബോര്‍ഡെന്നും കെ.സി.വൈ.എം. ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആരോപിച്ചിരുന്നു. കലോത്സവ വേദികളെ മതവിശ്വാസത്തെ വ്രണപ്പെടുത്താനുള്ള വേദിയാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും വിശ്വാസികളെ അവഹേളിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും താമരശ്ശേരി രൂപത ആവശ്യപ്പെട്ടു. ഇതോടെ എസ്.എഫ്.ഐ. ബോര്‍ഡ് മാറ്റിയത്.
സ്ത്രീ സമത്വവും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും സൂചിപ്പിക്കാനാണ് അത്തരത്തിലൊരു ചിത്രം വരച്ചതെന്നും മതത്തെയോ സമുദായത്തെയോ വേദനിപ്പിക്കാനല്ല അങ്ങനെയൊരു ചിത്രം വരച്ചതെന്നുമാണ് എസ്.എഫ്.ഐ. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ വിശദീകരണം. മതവികാരം വ്രണപ്പെടുത്തി എന്ന പരാമര്‍ശം വന്നതോടെ ചിത്രം മാറ്റിയെന്നും എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് സഞ്ജീവ് പറഞ്ഞു.
സ്ഥലം മാറ്റ വാർത്തകൾക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി എറണാകുളം കലക്ടർ രേണുരാജ്. വനിതാ ദിന ആശംസകൾ നേർന്നു കൊണ്ടാണ് എഫ് ബി പോസ്റ്റ്
നീ പെണ്ണാണ് എന്ന് കേൾക്കുന്നത് അഭിമാനമാണ്. നീ വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം-
ബുധനാഴ്ചയാണ് രേണുരാജിനെ എറണാകുളം കലക്ടർ സ്ഥാനത്തുനിന്ന് മാറ്റി വയനാട്ടിൽ നിയമിച്ച് ഉത്തരവിറങ്ങിയത്. ഐഎഎസ് തലപ്പത്ത് അഴിച്ചു പണിയുടെ ഭാഗമായിരുന്നു മാറ്റം. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ.എസ്.കെ ഉമേഷ് ആണ് പുതിയ എറണാകുളം കളക്ടര്‍. ബ്രഹ്മപുരം മാലിന്യപ്രശ്നം രൂക്ഷമായി തുടരുന്നതിനിടെയാണ് എറണാകുളം കളക്ടറുടെ മാറ്റം എന്നതും ശ്രദ്ധേയമാണ്.
ബ്രഹ്‌മപുരം തീപിടിത്തത്തില്‍ ഇന്നലെ ഹൈക്കോടതി നിലപാട് കടുപ്പിച്ചിരുന്നു. ബ്രഹ്‌മപുരത്തെ അഗ്നിബാധ മനുഷ്യ നിര്‍മ്മിതമാണേയെന്ന് ആരാഞ്ഞ ഹൈക്കോടതി, ജില്ല കലക്ടര്‍, കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ ഇന്നു കോടതിയില്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവിട്ടു. കൃത്യമായ മറുപടിയില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കിയിലരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം എന്നുള്ളതും ശ്രദ്ധേയമാണ്.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, കളക്ടര്‍, കോര്‍പറേഷന്‍ സെക്രട്ടറി എന്നിവര്‍ ഇന്നലെ ഉച്ചയ്ക്കു 1.45ന് ഹാജരാകണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, കളക്ടര്‍ ഹാജരായില്ല. ഇതിന്റെ അതൃപ്തിയും ഹൈക്കോടതി അറിയിച്ചു. ദുരന്തനിവാരണ ചുമതലയുള്ള ഉദ്യോഗസ്ഥയാണ് കളക്ടറുടെ പ്രതിനിധിയായി കോടതിയില്‍ എത്തിയത്. കളക്ടര്‍ ഇന്നു ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.
നിലവിലുള്ള വയനാട് കലക്ടർ എ ഗീതയെ കോഴിക്കോട് കലക്ടറായി നിയമിച്ചു. തൃശൂർ കളക്ടറായ ഹരിത വി കുമാറിനെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റി. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ ഉമേഷ് എൻഎസ്കെയാണ് പുതിയ എറണാകുളം കളക്ടർ. ആലപ്പുഴ കളക്ടർ വൈആർ കൃഷ്ണ തേജയെ തൃശൂർ കളക്ടറായി മാറ്റി നിയമിച്ചു.
ധനകാര്യവകുപ്പ് സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായ മൊഹമ്മദ് വൈ സഫിറുള്ളയെ ഈ ഹെൽത്ത് പ്രോജക്ട് ഡയറകർക്കുള്ള അധിക ചുമതല നൽകി. ഐടി മിഷൻ ഡയറക്ടർ സ്നേഹിൽ കുമാറിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി നിയമിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഡയറക്ടറായ അനു കുമാരി ഐഎഎസിനെ കേരള ഐടി മിഷൻ ഡയറക്ടറായി നിയമിച്ചു. തിരുവനന്തപുരം സബ് കളക്ടർ അശ്വതി ശ്രീനിവാസിന് തിരുവനന്തപുരം ജില്ലാ വികസന കമ്മീഷണറുടെ അധിക ചുമതല നൽകി.
കെപിസിസി ഭാരവാഹിയോഗത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ ഏകപക്ഷീയ നിലപാടുകൾ എടുക്കുന്നതായി ആക്ഷേപം. പുനഃസംഘടന വൈകുന്നതിലുള്ള വിമർശനങ്ങൾക്കിടെ ചർച്ചകൾ കൂടാതെ പട്ടിക തയ്യാറാക്കിയയതായി കൊടിക്കുന്നിൽ സുരേഷ് പരാതിപ്പെട്ടു.
വർക്കിംഗ് പ്രസിഡണ്ടായ താൻ പോലും ഒന്നും അറിയുന്നില്ലെന്നും ഭാരവാഹികളുടെ പട്ടികയിൽ പുതുതായി 60 പേരെ കൂട്ടിച്ചേർത്തത് ഒരു ആലോചനയും ഇല്ലാതെയാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
റായ്പൂർ പ്ലീനറി സമ്മേളന തീരുമാനപ്രകാരം പട്ടിക നിശ്ചയിക്കുന്നതിന്‍റെ മാനദണ്ഡം മാറ്റണമെന്നും സംവരണം കൃത്യമായി പാലിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.
പുനസംഘടന അനന്തമായി വൈകുന്നതിൽ എല്ലാവർക്കും ഉത്തരവാദിത്വം ഉണ്ടെന്നായിരുന്നു സുധാകരൻറെ നിലപാട്. ഭാരവാഹികൾ പ്രശ്നപരിഹാരത്തിന് കൂടുതൽ മുൻകയ്യെടുക്കണമെന്നും കെപിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടു.
കെപിസിസി അംഗങ്ങളെ തീരുമാനിച്ചതിൽ കെ സുധാകരനും വി ഡി സതീശനുമെതിരെ സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പുകൾ അതൃപ്തിയിലാണ്. ഇരുവരും സ്വന്തം ഇഷ്ടക്കാരെ കുത്തിനിറച്ചു എന്നാണാക്ഷേപം.
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് നാളെ തുടക്കമാകും. 4,19,362 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ മുഴുവൻ പാഠഭാഗങ്ങളിൽ നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടാകും.വേനൽ കണക്കിലെടുത്ത് എസ്എസ്എൽസി പരീക്ഷകൾ രാവിലെ 9.30 മുതലാണ്.
പകുതിയിൽ അധികവും ഇംഗ്ലീഷ് മീഡിയം കുട്ടികൾ
29 വരെയാണ് എസ്എസ്എൽസി പരീക്ഷ. എസ് എസ്എൽസി പരീക്ഷ എഴുതുന്നതിൽ 57.20 ശതമാനവും ഇംഗ്ളീഷ് മീഡിയം വിദ്യാർത്ഥികളാണ്.ഏപ്രിൽ 3 മുതൽ എസ്എശ്എൽസി മൂല്യനിർണ്ണയും തുടങ്ങും. മെയ് രണ്ടാം വാരം എസ്എസ്എൽസി ഫലം പ്രഖ്യാപിക്കും.
2021 ലും 22 ലും കോവിഡ് ഭീതിക്കിടെയായിരുന്നു എസ്എസ്എൽസി പരീക്ഷ. പാഠഭാഗങ്ങൾ തീരാത്തതിനാൽ ഫോക്കസ് ഏരിയ വെച്ചായിരുന്നു അന്നത്തെ പരീക്ഷ. അതായത് ചോയ്സ് അടിസ്ഥാനത്തിലായിരുന്നു ചോദ്യങ്ങൾ. ഇത്തവണ അത് മാറി പഴയപോലെ പാഠഭാഗങ്ങൾ മുഴുവനും അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ.
ഹയർ സെക്കൻ്ററി മറ്റന്നാൽ മുതൽ, ഉച്ചയ്ക്ക് ശേഷം സ്കൂൾ തല പരീക്ഷകളും
ഹയർസെക്കണ്ടറി പരീക്ഷകള്‍ തുടങ്ങുന്നത് മറ്റന്നാളാണ്. 30ന് പരീക്ഷകൾ തീരും. എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾക്കിടെ ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ കൂടി ഇത്തവണ വരുന്നുണ്ട്. 13 മുതലാണ് ഈ പരീക്ഷകൾ തുടങ്ങുന്നത്. അതും ഉച്ചക്ക് 1.30 മുതൽ. എല്ലാ പരീക്ഷകളും ഒരുമിച്ചാണ്.
കൊയിലാണ്ടിക്ക് അടുത്ത് ആനക്കുളത്ത് സഹയാത്രികൻ തള്ളിയിട്ടതിനെ തുടർന്ന് ട്രെയിനിൽനിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. ആന്ധ്രപ്രദേശ് സ്വദേശിയായ റഫീഖ്(23) ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
കുട്ടിയായിരിക്കുമ്പോൾ ആന്ധ്രയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയതാണ് റഫീഖ്. തുടര്‍ന്ന് ചില്‍ഡ്രന്‍സ് ഹോമിലായിരുന്നു വളർന്നത്. അവിടെനിന്ന് പുറത്തിറങ്ങിയശേഷം പലയിടത്തായി കഴിയുകയായിരുന്നു.
പോലീസ് പങ്കുവെച്ച ഫോട്ടോകള്‍ കണ്ട് ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടാണ് റഫീഖിനെ തിരിച്ചറിഞ്ഞത്. ചില്‍ഡ്രന്‍സ് ഹോമിലെ ഡാറ്റാബേസിലുള്ള ഫോട്ടോകളുമായി പോലീസ് പങ്കുവെച്ച ഫോട്ടോകള്‍ ഒത്തുനോക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച രാത്രി പത്തരയോടെയാണ് കൊയിലാണ്ടിയില്‍ യുവാവിനെ ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സഹയാത്രികനായ തമിഴ്‌നാട് ശിവഗംഗ സ്വദേശി സോനുമുത്തു(35)വിനെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ മരിച്ചയാളെ അപ്പോൾ തിരിച്ചറിയാനായില്ല.
മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള മലബാര്‍ എക്‌സ്പ്രസിലെ യാത്രക്കാരായിരുന്നു റഫീഖും സോനുമുത്തുവും. ട്രെയിനിന്‍റെ വാതിലിന് സമീപം നില്‍ക്കുകയായിരുന്ന ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് റഫീഖിനെ സോനു ട്രെയിനില്‍നിന്ന് തള്ളിയിട്ടെന്നുമാണ് പോലീസ് പറയുന്നത്.
കുട്ടിക്കാലത്ത് അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നു വെളിപ്പെടുത്തിയതില്‍ സ്വയം ലജ്ജിക്കേണ്ടതില്ലെന്ന് നടിയും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബു.
‘എനിക്കു നേരിടേണ്ടി വന്ന അനുഭവം സത്യസന്ധമായി പറയുകയാണ് ഞാന്‍ ചെയ്തത്. അതില്‍ എനിക്ക് ലജ്ജ തോന്നുന്നില്ല. ഞാന്‍ അല്ല എന്നോടിത് ചെയ്തയാളാണ് ലജ്ജിക്കേണ്ടത്. ‘ സ്ത്രീകള്‍ അവര്‍ക്കു നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് തുറന്നു സംസാരിക്കണം.
തങ്ങള്‍ നേരിടേണ്ടി വരുന്നദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറയാന്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കണമെന്നാണ് തന്റെ വെളിപ്പെടുത്തലിലൂടെ ആഗ്രഹിക്കുന്നതെന്നും ഖുശ്ബു പറഞ്ഞു.
ഖുശ്ബുവിനെ ദേശീയ വനിതാ കമ്മിഷന്‍ അംഗമായി തിരഞ്ഞെടുത്തത് അടുത്തിടെയാണ്. 2010-ല്‍ രാഷ്ട്രീയത്തിലെത്തിയ ഖുശ്ബു കോണ്‍ഗ്രസ് ദേശീയ വക്താവായിരുന്നു. 2020 ഒക്ടോബറിൽ ബി.ജെ.പി.യിലേക്ക് കൂറു മാറി. തുടർന്നാണ് കമ്മിഷൻ അംഗമാവുന്നത്.
കഴിഞ്ഞ ദിവസമാണ് എട്ടുവയസ്സുള്ളപ്പോള്‍ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു അഭിമുഖത്തില്‍ ഖുശ്ബു വെളിപ്പെടുത്തിയത്. ബാല്യത്തിലെ പീഡനം ജീവിതത്തിലെന്നെന്നും മുറിവേല്‍പ്പിച്ചുവെന്നും ഭാര്യയെയും മക്കളെയും തല്ലുന്നതും മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും ജന്മാവകാശമാണെന്ന് കരുതിയ ആളായിരുന്നു അച്ഛനെന്നും ഖുശ്ബു വെളിപ്പെടുത്തിയിരുന്നു.
ഓസ്കറിൽ വോട്ട് രേഖപ്പെടുത്തി നടന്‍ സൂര്യ. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ താരമാണ്. ഈ വര്‍ഷമാണ് സൂര്യ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കമ്മിറ്റിയില്‍ അംഗമാകുന്നത്.
വിജയകരമായി വോട്ട് ചെയ്‌തെന്ന് കാണിക്കുന്ന ഒരു സ്‌ക്രീന്‍ഷോട്ടാണ് സൂര്യ ട്വീറ്റ് ചെയ്തത്. 397 പേരെയാണ് അക്കാദമി ഈ വര്‍ഷം പുതിയ അംഗങ്ങളായി പ്രഖ്യാപിച്ചത്. അഭിനേതാക്കളുടെ ലിസ്റ്റിലാണ് സൂര്യ ഇടംപിടിച്ചിരിക്കുന്നത്. ബോളിവുഡ് നടി കജോള്‍, സംവിധായിക റീമ കാഗ്തി, സുഷ്മിത് ഘോഷ്, ഡല്‍ഹി മലയാളിയായ റിന്റു തോമസ്, ആദിത്യ സൂദ്, പിആര്‍ ആയ സോഹ്നി സെന്‍ഗുപ്ത എന്നിവരാണ് അംഗങ്ങളിലെ മറ്റ് ഇന്ത്യക്കാര്‍.
അക്കാദമിയുടെ ഭാഗമാകാന്‍ ക്ഷണം ലഭിച്ച കലാകാരന്മാരില്‍ 44 ശതമാനം സ്ത്രീകളും 50 ശതമാനം അമേരിക്കക്കാരല്ലാത്തവരുമാണ്.
ഇക്കഴിഞ്ഞ ഓസ്‌കറില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയ ഡോക്യുമെന്ററിയായ ‘റൈറ്റിങ് വിത്ത് ഫയര്‍’ എന്ന ചിത്രമൊരുക്കിയവരാണ് റിന്റുവും സുഷ്മിത് ഘോഷും. ദളിത് വനിതകള്‍ മാധ്യമപ്രവര്‍ത്തകരായ ‘ഖബര്‍ ലഹാരിയ’ എന്ന ഹിന്ദി പത്രത്തെക്കുറിച്ചുള്ള ചിത്രം ‘ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചര്‍’ എന്ന വിഭാഗത്തിലാണ് മത്സരിച്ചത്.
വിക്ഷേപിച്ച ഉപഗ്രഹം നിയന്ത്രണവിധേയമായി തിരിച്ചിറക്കി ഐ എസ് ആർ ഓ ബഹിരാകാശ ദൌത്യങ്ങളിൽ ഒരു നേട്ടം കൂടി കൈവരിച്ചു. 2011 ഒക്ടോബര്‍ 12നു വിക്ഷേപിച്ച മേഘാ ട്രോപിക്‌സ്-1 എന്ന കാലാവസ്ഥാപഠന ഉപഗ്രഹം ചൊവ്വാഴ്ച വൈകിട്ട് പസിഫിക് സമുദ്രത്തിലെ നിശ്ചിത മേഖലയില്‍ തിരികെ പതിച്ചു.
തെക്കേ അമേരിക്കയില്‍ പെറുവിന്റെ തലസ്ഥാനമായ ലിമയില്‍നിന്ന് ഏകദേശം 3800 കിലോമീറ്റര്‍ അകലെയാണിത്. കാലഹരണപ്പെട്ട ഉപഗ്രഹത്തില്‍ 125 കിലോഗ്രാം ഇന്ധനം ബാക്കിയുണ്ടായിരുന്നു. 870 കിലോമീറ്റര്‍ ഭ്രമണപഥത്തിലുള്ള ഉപഗ്രഹം 300 കിലോമീറ്റര്‍ ഭ്രമണപഥത്തിലേക്കു താഴ്ത്തിയ ശേഷം പലതവണ ഭൂമിയെച്ചുറ്റിച്ചു. ഇങ്ങനെ ഇന്ധനത്തിന്റെ അളവ് കുറച്ചാണ് തിരിച്ചിറക്കിയത്.
പല രാജ്യങ്ങളും ഉപഗ്രഹങ്ങള്‍ തിരിച്ചിറക്കുന്നതിൽ വിജയം കണ്ടിട്ടുണ്ട്. അവ തിരിച്ചിറക്കുന്നതിനുള്ള സാങ്കേതികത കൂടി ഉൾപ്പെടുത്തിയവ ആയിരുന്നു. ഇന്ത്യയുടെ മേഘാ ട്രോപിക്‌സ്-1 ആ രീതിയില്‍ രൂപകല്‍പന ചെയ്തത് അല്ലായിരുന്നു. ഇതായിരുന്നു പ്രധാന വെല്ലുവിളി.
ബഹിരാകാശ മാലിന്യം വലിയ പ്രതിസന്ധിയാകുന്ന സാഹചര്യത്തിലാണ് ഉപഗ്രഹം തിരിച്ചിറക്കുന്നത്. ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയായ സിഎന്‍ഇഎസുമായി ചേര്‍ന്നു വിക്ഷേപിച്ചതാണ് മേഘ ട്രോപിക്‌സ്1. 1000 കിലോ ഭാരമുണ്ട്. കാലാവസ്ഥാ പഠനത്തിനായായിരുന്നു വിക്ഷേപണം. മൂന്നു വർഷത്തേക്കായിരുന്നു പഠന ലക്ഷ്യം.
കഴിഞ്ഞവര്‍ഷം നിയന്ത്രണവിധേയമല്ലാത്ത രീതിയില്‍ ഇസ്‌റോയുടെ റിസാറ്റ് 2 ഉപഗ്രഹം തിരിച്ചിറങ്ങിയിരുന്നു.
ബഹിരാകാശ മാലിന്യങ്ങൾക്കെതിരെ കരുതൽ
പ്രവര്‍ത്തന രഹിതമായ ഉപഗ്രഹങ്ങള്‍ സുരക്ഷിതമായി ഭ്രമണപഥത്തില്‍ നിന്ന് മാറ്റി മറ്റ് ബഹിരാകാശ ഉപകരണങ്ങള്‍ക്ക് ഭീഷണിയാവുന്നതും മലിനീകരണവും തടയുക എന്ന ഉത്തരവാദിത്വത്തോടെയാണ് ഇന്ന് ബഹിരാകാശ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്.
ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശം അനുസരിച്ച് കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങള്‍ ഓര്‍ബിറ്റില്‍ നിന്ന് മാറ്റണം. അത് ഭൂമിയില്‍ നിന്ന് നിയന്ത്രിച്ചുകൊണ്ട് സുരക്ഷിതമായിതന്നെ ഇറക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ 25 വര്‍ഷത്തില്‍ താഴെ മാത്രം നിലനില്‍ക്കാന്‍ സാധിക്കുന്ന ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ കൊണ്ടുവരണം.
ഇതില്‍ രണ്ടാമത്തെ നിര്‍ദേശം നടപ്പിലാക്കുന്നതിന് ചില തടസങ്ങളുള്ളതിനാല്‍. ആദ്യത്തെ നിര്‍ദേശമാണ് ഐഎസ്ആര്‍ഒ തിരഞ്ഞെടുത്തത്.
ഭാരമേറിയ ഇത്തരം ഉപഗ്രഹങ്ങള്‍ അന്തരീക്ഷത്തിലെ ഘര്‍ഷണം മറികടന്ന് താഴെ പതിക്കാന്‍ കെല്‍പ്പുള്ളവയാണ്. നിയന്ത്രണമില്ലാതെ ഇത് ചെയ്താല്‍ അത് ചിലപ്പോള്‍ ഭൂമിയിലുള്ളവര്‍ക്ക് ഭീഷണി ആയേക്കും. ഇക്കാരണത്താല്‍ നിയന്ത്രിച്ചുകൊണ്ട് തിരിച്ചിറക്കാനാവും വിധമാണ് പുതിയ തരം ഉപഗ്രഹങ്ങള്‍ രൂപകല്‍പന ചെയ്തുവരുന്നത്.
2022 ഓഗസ്റ്റ് മുതല്‍ തന്നെ മെഘാ ട്രോപിക്‌സിന്റെ സഞ്ചാര പഥം മാറ്റിക്കൊണ്ടിരിക്കുന്നുണ്ട്.
പുഴയിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. മാട്ടുമന്ത മുരുകണി രമേശിന്റെ മകന്‍ വൈഷ്ണവ്( 19), മുരുകണി ഉണ്ണികൃഷ്ണന്റെ മകന്‍ അജയ് കൃഷ്ണന്‍(18) എന്നിവരാണ് മരിച്ചത്. മാട്ടുമന്ത മുക്കൈപ്പുഴയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
ഇരുവരുടെയും വീടിനടുത്തുള്ള പുഴയോരത്ത് ഇക്കോ വില്ലേജിന് പിന്‍വശത്താണ് അപകടം. മുക്കൈ പുഴയിലെ കടവില്‍ രാവിലെ 11 മണിയോടെ എത്തിയതായിരുന്നു യുവാക്കള്‍. ജോലി സ്ഥലത്ത് നിന്നും നാട്ടിലെത്തിയ ഇവർക്ക് പുഴയിലെ ചളി അടിഞ്ഞ ഭാഗം തിരിച്ചറിയാനായില്ല. കുളിക്കുന്നതിനിടെ ചെളി നിറഞ്ഞ കുഴിയിൽ പെട്ടാണ് അപകടമുണ്ടായത്. ഏറെ നേരമായിട്ടും ഇരുവരെയും കാണാതായതോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.
പിന്നീട് ചിറ്റൂരില്‍ നിന്ന് അഗ്‌നി രക്ഷാസേനയെത്തി നടത്തിയ തിരിച്ചിലിനിടെ നാലരയോടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബുധാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും. മലമ്പുഴ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജോലിക്കാരാണ് ഇരുവരും.