പാരാഗ്ലൈഡിങ്ങിനിടെ യുവതിയും യുവാവും രണ്ട് മണിക്കൂറോളം ഹൈമാസ് ലൈറ്റ് ടവറിൽ കുടുങ്ങി

വര്‍ക്കല പാപനാശം ബീച്ചില്‍ പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ് ലൈറ്റ് ടവറിൽ കുരുങ്ങിപ്പോയ യുവാവിനേയും യുവതിയേയും രക്ഷപെടുത്തി. ഇരുവരേയും രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന ആശങ്കകള്‍ക്കും പരിശ്രമത്തിനും ഒടുവിലാണ് രക്ഷപെടുത്തിയത് . ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി.

കോയമ്പത്തൂര്‍ സ്വദേശിയായ പാര്‍വതിയെന്ന യുവതിയും ഇന്‍സ്ട്രക്ടറുമാണ് അപകടത്തില്‍പ്പെട്ടത്.

രക്ഷാപ്രവര്‍ത്തനത്തിനിടെ ഇവർ താഴെ നെറ്റിലേക്ക് സുരക്ഷിതമായി എടുത്തു ചാടി. കടലിലേക്ക് കാറ്റിൽ അകപ്പെട്ടു പോകുന്നതിന് ഇടയിലാണ് ലൈറ്റ് ടവറിൽ കുരുങ്ങിയത്. കടലിൽ പതിച്ചാൽ കൂടുതൽ ദുരന്തത്തിലേക്ക് പോകുമായിരുന്നു.

സുരക്ഷാ കാര്യത്തില്‍ പാരാഗ്ലൈഡിംഗ് വിനോദം സംഘടിപ്പിച്ച സ്വകാര്യ ഏജന്‍സിക്ക് പിഴവ് സംഭവിച്ചിട്ടുണ്ടോ എന്നടക്കം പരിശോധിച്ചുവരികയാണ്. വര്‍ക്കല പൊലീസും ഫയര്‍ഫോഴ്‌സും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

വിൻഡ് മിൽ വൈദ്യുത പദ്ധതി അദാനിക്ക് നൽകിയതിലെ ഇടപെടൽ സമ്മതിച്ച് ശ്രീലങ്ക

രാജ്യത്തെ രണ്ട് കാറ്റാടിപ്പാടങ്ങളുടെ കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയത് സര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാട് എന്ന നിലയിലാണെന്ന് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രി. ദി ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ലങ്കയിലെ മന്നാര്‍, പൂനറിന്‍ നഗരങ്ങളില്‍ വൈദ്യുതി ഉത്പാദനത്തിനായി രണ്ട് കാറ്റാടി പാടങ്ങള്‍ നിര്‍മിക്കാന്‍ കഴിഞ്ഞ മാസം ശ്രീലങ്കന്‍ ബോര്‍ഡ് ഓഫ് ഇന്‍വസ്റ്റ്‌മെന്റ് അനുമതി നല്‍കിയിരുന്നു. ഇതിന്റെ കരാര്‍ അദാനി ഗ്രൂപ്പിന് കിട്ടിയത് ഇന്ത്യന്‍ സര്‍ക്കാരിന്റെ പിന്തുണയോടെയാണെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രിയുടെ സമ്മതിച്ചു.

വെളിപ്പെടുത്തൽ നടത്തിയ ചെയർപേഴ്സൻ്റെ കസേര പോയി

കരാര്‍ അദാനിക്ക് നല്‍കാന്‍ മുന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സയ്ക്കുമേൽ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മര്‍ദ്ദം ചെലുത്തിയെന്ന് നേരത്തെ സിലോണ്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ എം.എം.സി. ഫെര്‍ഡിനാന്‍ഡോ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ജൂണിൽ ശ്രീലങ്കയിലെ പാർലമെൻ്ററി കമ്മിറ്റി മുൻപാകെയായിരുന്നു വെളിപ്പെടുത്തൽ നടത്തിയത്. മാത്രമല്ല ശ്രീലങ്കൻ തുറമുഖത്ത് 700 മില്യൺ ഡോളറിൻ്റെ നിർമ്മാണവും ഇതിൻ്റെ തുടർച്ചയായി കരാർ ആയതായും വെളിപ്പെടുത്തുകയുണ്ടായി.

എന്നാൽ ഇത് രജപക്‌സെ നിഷേധിച്ചു. ഇതിന് പിന്നാലെ ചെയർപേഴ്സൺ ഫെര്‍ഡിനാന്‍ഡോയ്ക്ക് സ്ഥാനം രാജിവെക്കേണ്ടിവന്നു. ശ്രീലങ്കയിലെ ഏറ്റവും വലിയ തുറമുഖമായ ഹംബന്‍ ടോട്ടയില്‍ ടെര്‍മിനല്‍ നിര്‍മിക്കാനുള്ള കരാറും അദാനിക്ക് ലഭിച്ചിരുന്നു. 70 കോടി ഡോളറിന്റേതായിരുന്നു ഈ കരാര്‍. ഇവ അദാനിക്ക് തന്നെ ലഭ്യമാക്കാൻ വേണ്ടി ഇടപെടൽ നടന്നു എന്നതാണ് വിവാദമായത്. എന്നാൽ രാജപക്സെ പെട്ടെന്ന് തന്നെ ഇക്കാര്യം തിരുത്തി പറഞ്ഞു. ഇതിലാണ് ഇപ്പോൾ വിവാദം ശരിവെക്കുന്ന തരത്തിൽ പുതിയ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.

250 മെഗാ വാട്ടിൻ്റെയും 100 മെഗാവാട്ടിൻ്റെയും പദ്ധതിയാണ്. 400 മില്യൺ യു എസ് ഡോളർ ഇടപാടാണ്.

നയതന്ത്ര വിശദീകരണം

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പിന്തുണയുള്ളതുകൊണ്ടാണോ അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയതെന്ന ചോദ്യത്തെ ‘യഥാർഥത്തിൽ അല്ല’ എന്ന് പറഞ്ഞ് അലി സാബ്രിയുടെ പിന്നീട് പ്രതിരോധിച്ചു. ഒരു ഇന്ത്യന്‍ നിക്ഷേപകന്‍ രാജ്യത്തേക്ക് വരുന്നത് ഞങ്ങള്‍ സൂക്ഷ്മമായാണ് നോക്കിക്കണ്ടത്. ഇന്ത്യന്‍ സര്‍ക്കാരിനെ സംബന്ധിച്ചും തിരഞ്ഞെടുത്ത് അയച്ചവരെ സംബന്ധിച്ചും ആ നിക്ഷേപകന്‍ ആരാണെന്നും ഞങ്ങള്‍ വിലയിരുത്തി. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ പ്രായോഗികതാ- വസ്തുതാ പരിശോധനകളും ഉണ്ടായിരുന്നു. അതില്‍ ഞങ്ങള്‍ തൃപ്തരായാൽ മുന്നോട്ട് പോകാനായിരുന്നു തീരുമാനമെന്ന നയതന്ത്രപരമായ മറുപടിയണ് വിശദീകരണമാണ് പിന്നീട് നൽകിയത്.

കാറ്റാടിപ്പാടം, പ്രതീകാത്മക ചിത്രം

ബംഗ്ലാദേശിലും ഇടപാട് ഉറപ്പിച്ചു നൽകി

അടുത്ത 25 വർഷത്തേക്ക് വൈദ്യുതി വിതരണം നിർവ്വഹിക്കാൻ പോകുന്നത് അദാനിയായിരിക്കും എന്ന് ധാക്ക ട്രിബ്യൂണൽ റിപ്പോർട്ട് ചെയ്തതും കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ത്ധാർഖണ്ഡിലെ ഗോദ ജില്ലയിലാണ് ഇതിനുള്ള പ്ലാൻ്റ്. 2017 തന്നെ അദാനിക്ക് ലഭിച്ച കരാരാണ് ഇതെന്നാണ് എ എൻ ഐ റിപ്പോർട്ട് ചെയ്തത്.

റാബ്രി ദേവിക്ക് പിന്നാലെ രോഗാവസ്ഥയിൽ കഴിയുന്ന ലാലുവിനെ തേടിയും സിബിഐ

ഭൂമി കുംഭകോണ കേസില്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ സിബിഐ ചോദ്യം ചെയ്യും. സിബിഐ സംഘം ലാലു പ്രസാദിന്റെ ഡല്‍ഹിയിലെ വസതിയിലെത്തി. ഗൂഢാലോചനയും പണമിടപാടും കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ ചോദ്യം ചെയ്യലെന്നാണ് സിബിഐ വിശദീകരണം

കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ പകപോക്കലിനായി ഉപയോഗപ്പെടുത്തുന്നു എന്നു കാണിച്ച് പ്രതിപക്ഷ കക്ഷികൾ ചേർന്ന് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ഇതിന് തുടർച്ചയായി തൊട്ടടുത്ത ദിവസമാണ് 2009 ലെ കേസിൽ റാബ്രിദേവിയുടെ വീട്ടിൽ അന്വേഷക സംഘം എത്തിയത്. പിന്നാലെ ലാലു പ്രസാദിനെയും ചോദ്യം ചെയ്യുകയാണ്.

ആരോഗ്യാവസ്ഥ തീരെ മോശമായതിനാൽ മകള്‍ മിസ ഭാരതിയുടെ വീട്ടിൽ ചികിത്സയിലാണ് ലാലു പ്രസാദ് യാദവ്. രാവിലെ 10.40ഓടുകൂടിയാണ് സിബിഐ സംഘം പണ്ഡാര പാര്‍ക്കിലെ വീട്ടിലെത്തിയത്. ലാലു പ്രസാദിന്റെ ആരോഗ്യ നില മോശമാണെന്നും സംസാരിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ബന്ധുക്കൾ പറഞ്ഞു.

സിബിഐ നടപടിക്കെതിരെ ലാലു പ്രസാദിന്റെ മകള്‍ രോഹിണി ആചാര്യയും രംഗത്തുവന്നു.

ഇന്നലെ ലാലു പ്രസാദ് യാദവിന്റെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവിയെ സിബിഐ ചോദ്യം ചെയ്തിരുന്നു. പട്‌നയിലെ വസതിയില്‍ അഞ്ച് മണിക്കൂറോളമാണ് റാബ്രിയെ ചോദ്യം ചെയ്തത്.
കുംഭകോണ കേസില്‍ ലാലു പ്രസാദ്, റാബ്രി ദേവി, മകള്‍ മിഷ എന്നിവരെയും മറ്റ് 14 പേരെയും ചേര്‍ത്ത് സിബിഐ നേരത്തെ കുറ്റപത്രം തയ്യാറാക്കിയിരുന്നു.

ആർ എസ് എസ് മുസ്ലീം ബ്രദർ ബ്രദർഹുഡ് സമമായ രഹസ്യ സമൂഹങ്ങളെന്ന് രാഹുൽ ഗാന്ധി

മുസ്ലിം ബ്രദർഹുഡിനെ താരതമ്യം ചെയ്ത് ആര്‍എസ്എസ് മൗലികവാദ-ഫാസിസ്റ്റ് സംഘടനയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ലണ്ടന്‍ ആസ്ഥാനമായുള്ള സംഘടന സംഘടിപ്പിച്ച പരിപാടിയിൽ ഒരു ചോദ്യത്തിന് ഉത്തരമായാണ് രാഹുല്‍ ആര്‍എസ്എസിനെതിരെ പ്രതികരിച്ചത്.

രാജ്യത്തെ ജനാധിപത്യ സ്വഭാവം പൂര്‍ണ്ണമായും മാറി. അതിന്റെ കാരണം ആര്‍എസ്എസ് എന്ന് പേരുള്ള ഒറ്റ സംഘടനയാണ്. മൗലികവാദവും ഫാസിസവും ഉയര്‍ത്തിപ്പിടിക്കുന്ന ഈ സംഘടന ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളും കൈയടക്കി. മുസ്ലിം ബ്രദര്‍ഹുഡിന്റെ മാതൃകയിലുള്ള ഒരു രഹസ്യ സമൂഹമെന്ന് ആര്‍എസ്എസിനെ വിളിക്കാന്‍ സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഈജിപ്തില്‍ ഉത്ഭവിച്ച തീവ്രവാദ സംഘടനയാണ് മുസ്ലിംബ്രദര്‍ഹുഡ്.

‘അധികാരത്തിലെത്താന്‍ ജനാധിപത്യത്തെ ഉപയോഗിക്കുക, അതിനുശേഷം ജനാധിപത്യ മത്സരം അട്ടിമറിക്കുക എന്നതാണ് ഇവരുടെ ആശയം’, രാഹുല്‍ പറഞ്ഞു. എന്നും അധികാരത്തിലിരിക്കുമെന്നാണ് ബിജെപിയുടെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധനം, കർഷക ബില്ല്, ചൈനീസ് കടന്നു കയറ്റം, എന്നിവയിൽ എല്ലാം പ്രതിപക്ഷത്തെ പാർലമെൻ്റിൽ സംസാരിക്കാൻ പോലും അനുവദിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

ഇന്ത്യൻ ജനാധിപത്യം പരാജയപ്പെട്ടാൽ അത് ലോകത്തിൻ്റെ തന്നെ ജനാധിപത്യ മാതൃകകളെ തകർക്കുമെന്നും രാഹുൽ ലണ്ടനിൽ അഭിപ്രായപ്പെട്ടു. തൻ്റെ ഫോണിൽ ഇസ്രയേൽ സോഫ്ട് വേർ സ്ഥാപിച്ച സംഭവവും ഇതിന് തുടർച്ചയായി വിവരിച്ചു.

2014-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ട് ബിജെപി എങ്ങനെ അധികാരം പിടിച്ചുവെന്നത് സംബന്ധിച്ചും രാഹുല്‍ വിശദീകരിച്ചു. ഞങ്ങള്‍ ഗ്രാമീണ മേഖലയില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചുവരികയായിരുന്നു. എന്നാല്‍ നഗര പ്രദേശങ്ങളില്‍ പക്ഷേ..ഞങ്ങള്‍ക്ക് അവിടുത്തെ വികാരം മനസ്സിലാക്കാന്‍ കഴിയാതെ പോയി. അതൊരു വസ്തുതയാണ്. അതെല്ലാം അവിടെയുണ്ട്. എന്നാല്‍ ബിജെപി അധികാരത്തിലാണെന്നും കോണ്‍ഗ്രസ് ഇല്ലാതായി എന്നും പറയുന്നത് പരിഹാസ്യമായ കാര്യമാണ്’, രാഹുല്‍ പറഞ്ഞു.

https://www.ndtv.com/india-news/bjp-likes-to-believe-it-will-be-in-power-eternally-rahul-gandhi-in-london-3840221

വിദേശത്ത് പോയി ഇന്ത്യയെ ഇകഴ്ത്തുന്നു – ബി ജെ പി

രാഹുലിന്റെ പ്രസ്താവനകള്‍ക്കെതിരെ ബിജെപി രൂക്ഷ പ്രതികരണങ്ങളുമായി രംഗത്തെത്തി. വിദേശത്ത് പോയി രാഹുല്‍ രാജ്യത്തെ ഇകഴ്ത്തുകയാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാഹുല്‍ മാവോയിസത്തിന്റേയും അരാജകത്വത്തിന്റേയും പിടിയിലാണെന്നും ബിജെപി നേതൃത്വം ആരോപിച്ചു.

‘നിങ്ങള്‍ എല്ലാ പാര്‍ലമെന്ററി മാനദണ്ഡങ്ങളും രാഷ്ട്രീയ ഔചിത്യവും മറക്കുന്നു. ഞങ്ങള്‍ അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഇവിടെ യാത്ര നടത്തി. അദ്ദേഹം രാജ്യത്തുടനീളം സഞ്ചരിച്ചു, എല്ലായിടത്തും സംസാരിച്ചു. ഒരു വ്യവസായ സ്ഥാപനത്തിനെ ചൂണ്ടി പാര്‍ലമെന്റില്‍ സംസാരിച്ച അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തി’, രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇന്ത്യയില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് വിദേശത്തേക്ക് പറക്കുകയാണെന്നും ബിജെപി പരിഹസിച്ചു.

രാഹുൽ വിവാഹിതനാവാത്തത് കുഞ്ഞുണ്ടാവാത്തതിനാൽ

ഇതിനിടെ രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ രംഗത്ത് എത്തി. രാഹുല്‍ ഗാന്ധി വിവാഹിതനാകാത്തത് അദ്ദേഹത്തിന് കുട്ടികളുണ്ടാവത്തതിനാലാണെന്നാണ് നളിനിന്റെ പരാമര്‍ശം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വിജയ സങ്കല്‍പ് യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് നേതാവായ സിദ്ധരാമയ്യയും രാഹുല്‍ ഗാന്ധിയും കോവിഡ് വാക്‌സിനെതിരെ കുപ്രചാരണം നടത്തി. വാക്‌സിനെടുത്തവര്‍ക്ക് കുട്ടികളുണ്ടാവില്ല എന്ന് അവര്‍ പറഞ്ഞു, നളിന്‍ പ്രസംഗത്തിൽ പറഞ്ഞു. എന്നാല്‍, ഇരുവരും പിന്നീട് വാക്‌സിന്‍ എടുത്തു. രാഹുല്‍ ഗാന്ധിക്ക് കുട്ടികളുണ്ടാകില്ലെന്ന് അറിയാവുന്നതിനാലാണ് വിവാഹം കഴിക്കാത്തതെന്ന് ബിജെപി നിയമസഭാംഗം മഞ്ജുനാഥ് തന്നോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

കൊയിലാണ്ടിക്ക് അടുത്ത് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ യുവാവിൻ്റെ മരണം കൊലപാതകം

 കൊയിലാണ്ടിക്ക് അടുത്ത് ആനക്കുളം ഭാഗത്തായി റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ യുവാവിൻ്റെ മരണം കൊലപാതകം. 30 വയസ്സുതോന്നിക്കുന്ന അജ്ഞാതനെ തീവണ്ടിയിൽ നിന്ന് വീണുമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണത്തിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. വാക് തർക്കത്തെ തുടർന്ന് ഇയാളെ സഹയാത്രികൻ ട്രെയിനിൽ നിന്നും തള്ളിയിട്ടതാണെന്നാണ് പൊലീസ് കണ്ടെത്തൽ.

സംഭവത്തിൽ സഹയാത്രികനായ തമിഴ്‌നാട് ശിവഗംഗ സ്വദേശി സോനമുത്തുവിനെ കോഴിക്കോട് റെയിൽവേ പോലീസ്‌ അറസ്റ്റ് ചെയ്തു. മരിച്ച യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് തൊട്ടുമുമ്പ് ട്രെയിനിന്റെ ഡോറിനടുത്ത് ഇരുവരും അപകടകരമാം വിധത്തിൽ നിൽക്കുന്നതിൻ്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. വേറൊരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഞായറാഴ്ച രാത്രി മംഗളൂരു-തിരുവനന്തപുരം മലബാർ എക്‌സ്‌പ്രസിൽ ആണ് ഇവർ സഞ്ചരിച്ചത്.

സംഭവത്തിന് മുമ്പ് മരിച്ച യുവാവും കസ്റ്റഡിയിലുള്ള സോനമുത്തുവുമായി വാക്കേറ്റം നടന്നിരുന്നു. കംപാർട്ട്മെന്റിന്റെ വാതിലിനരികിൽനിന്ന് ഇരുവരും സംസാരിക്കുന്നതിന്റെ വീഡിയോദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ എന്തിനെ ചൊല്ലിയാണ് തർക്കം എന്നു വ്യക്തമല്ല. മാത്രമല്ല ഇവർ തമ്മിൽ നേരത്തെ പരിചയമുള്ളവരാണോ എന്നതും വ്യക്തമല്ല.

ഞായറാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് യുവാവ് പാളത്തിനരികിൽ വീണുകിടക്കുന്നത് പ്രദേശവാസികൾ കണ്ടത്. കൊയിലാണ്ടിയിൽനിന്ന് ഫയർ ഫോഴ്സും പോലീസുമെത്തി യുവാവിനെ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അന്വേഷണം തുടരുകയാണെന്ന് കോഴിക്കോട് റെയിൽവേ പോലീസ് അറിയിച്ചു.

വീഡിയോ എടുത്തുതതുമായി ബന്ധപ്പെട്ടാണ് ഇരുവരും തർക്കിക്കുന്നത് എന്നാണ് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ എന്ത് വീഡിയോയാണ് എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

ഡൽഹി മദ്യനയ കേസിൽ ഒരു മലയാളി കൂടി അറസ്റ്റിൽ

മദ്യനയ കേസിൽ ഒരു മലയാളി കൂടി അറസ്റ്റില്‍ .അരുൺ രാമചന്ദ്രന്‌ പിള്ളയെയാണ് ഇഡി അറസ്റ്റ് ചെയ്തത്.തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയുമായി അടുപ്പമുള്ള വ്യവസായിയാണ്.സിബിഐ കേസില് പതിനാലാം പ്രതിയാണ് അരുൺ.

നേരത്തെ കേസിലെ മുഖ്യ സൂത്രധാരനായ മലയാളി വിജയ് നായരും അറസ്റ്റിലായിരുന്നു.ജെയിലില് കഴിയുന്ന ദില്ലി മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് ഇഡി ചോദ്യം ചെയ്യും, പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

മദ്യനയ കേസിൽ അറസ്റ്റിലായ ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ദില്ലി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ സിസോദിയയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെടുകയായിരുന്നു. ഡയറി, ഭഗവത് ഗീത, പെൻ, കണ്ണട എന്നിവ തിഹാ‍ര്‍ ജയിലിലെ സെല്ലിൽ കൈയിൽ വയ്ക്കാൻ കോടതി അദ്ദേഹത്തിന് അനുമതി നൽകിയിട്ടുണ്ട്. 

എ എ പിക്ക് സംഭാവന നൽകിയ ഉറവിടങ്ങൾ

കേസിലെ നിര്‍ണായക കണ്ണിയെന്ന് ആരോപിക്കപ്പെടുന്ന സൗത്ത് ഗ്രൂപ്പിലെ പ്രധാനിയാണ് അരുണ്‍ രാമചന്ദ്രപിള്ള. സൗത്ത് ഗ്രൂപ്പിലെ മറ്റൊരു പ്രധാനിയായ തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ കെ കവിതയുടെ ബിനാമിയും ബിസിനസ് പങ്കാളിയുമാണ് പിള്ളയെന്നും ഏജന്‍സികള്‍ പറയുന്നു. ഇദ്ദേഹത്തിന്‍റെ സ്വത്തുക്കള്‍ കഴിഞ്ഞ ജനുവരിയില്‍ ഇ.‍ഡി കണ്ടുകെട്ടിയിരുന്നു. 

കവിതയുടെ ചാര്‍‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ് നേരത്തെ അറസ്റ്റിലായിട്ടുണ്ട്. സൗത്ത് ഗ്രൂപ്പ്, വിജയ് നായര്‍ വഴി നൂറ് കോടി രൂപ ‍ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയെന്നും പ്രത്യുപകാരമായി മറ്റൊരു പ്രതായായ സമീഹര്‍ മഹേന്ദ്രുവിന്‍റെ ഇന്‍ഡോ സ്പിരിറ്റെന്ന കമ്പനിയില്‍ കെ കവിതയ്ക്കുള്‍പ്പെടെ ഓഹരി നല്‍കിയെന്നതാണ് ഇ.ഡിയുടെയും സി.ബി.ഐയുടെ കേസുകളിലെ മുഖ്യ ആരോപണം. തിഹാര്‍ ജയിലിലെത്തി മൊഴി രേഖപ്പെടുത്തിയ ശേഷം മനീഷ് സിസോദിയയുടെ അറസ്റ്റും ഇ.ഡി രേഖപ്പെടുത്തിയേക്കും. അരുണ്‍ രാമചന്ദ്ര പിള്ളയെയും സിസോദിയയെയും ഇ.ഡി ഒരേസമയം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ട്. 

ലൈഫ് മിഷൻ കേസിൽ സി എം രവീന്ദ്രൻ ഇ ഡിക്ക് മുന്നിൽ ഹാജരായി

 ലൈഫ് മിഷൻ കേസിലെ കോഴ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സി എം രവീന്ദ്രൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിന് മുന്നിൽ ഹാജരായി. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ ഇദ്ദേഹത്തിന് ഇഡി രണ്ട് തവണ നോട്ടീസ് നൽകിയിരുന്നു. നിയമസഭ നടക്കുന്നതിനാൽ എത്താനാകില്ലെന്നറിയിച്ച് കഴിഞ്ഞയാഴ്ച നീട്ടി വാങ്ങി. ലൈഫ് മിഷൻ അഴിമതി സംബന്ധിച്ച് സിഎം രവീന്ദ്രന് മുന്നറിവോ പങ്കാളിത്തമോ ഉണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുളള വാട്സ് ആപ് ചാറ്റുകളിൽ രവീന്ദ്രൻ്റെ പേര് വന്നതാണ് അന്വേഷിക്കുന്നത്.

സ്വപ്ന ജോലിക്കായി  മുഖ്യമന്ത്രിയെ കണ്ടെന്ന് അവകാശപ്പെടുന്നതിന് തുടർച്ചയായി സ്വപ്നയും ശിവശങ്കറും തമ്മിലെ ചാറ്റുകൾ പുറത്ത് വന്നിരുന്നു. 2019ൽ  നോർക്കയുടെ കീഴിൽ തുടങ്ങാനിരുന്ന നിക്ഷേപ കമ്പനിയിലേക്ക് എംബിഎ ബിരുദധാരിയെ ആവശ്യമുണ്ടെന്ന് നോർക്ക സിഇഒ ശിവശങ്കർ അടക്കമുള്ളവരുമായുള്ള ചർച്ചയിൽ  പറഞ്ഞിരുന്നു. സ്വപനയുടെ പേര് താൻ നിർദ്ദേശിച്ചെന്നും അത് അവരെല്ലാവരും അംഗീകരിച്ചെന്നും നാളെ ഇക്കാര്യം മുഖ്യമന്ത്രിയെ കണ്ട് അറിയിക്കാമെന്നുമാണ് 2019 ജൂലൈ 8 ന് നടത്തിയ ചാറ്റിൽ  ശിവശങ്കർ പറയുന്നത്.

കോൺസുലേറ്റിലെ  ജോലി രാജി വെച്ച ഘട്ടത്തിലായിരുന്നു ഇരുവരും തമ്മിലുള്ള സംഭാഷണം.  ഹൈദരാബാദിലേക്ക് സ്വപ്നയുടെ സ്ഥലം മാറ്റത്തിന് പിന്നിൽ യൂസഫലി ആണെന്ന് താൻ സിഎം രവീന്ദ്രനോട്  പറഞ്ഞിരുന്നു. സ്വപ്നയുടെ രാജി വിവരം കേട്ട് സിഎം രവീന്ദ്രൻ ഞെട്ടി. നോർക്കയിലെ ജോലിയ്ക്കും എതിർപ്പുണ്ടാകില്ലേയെന്ന് തന്നോട് സിഎം രവീന്ദ്രൻ ചോദിച്ചതായും ശിവശങ്കർ പറയുന്നുണ്ട്.

എന്നാൽ സ്വപ്ന മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചെന്നും അദ്ദേഹത്തിന് പശ്ചാത്തലം ബോധ്യപ്പെട്ടിട്ടുണ്ടെന്നും ശിവശങ്കർ സിഎം രവീന്ദ്രനെ അറിയിച്ചതായും സ്വപ്നയോട് പറയുന്നുണ്ട്.

ഓടുന്ന കാർ ടയർ പൊട്ടി ലോറിയിൽ ഇടിച്ചു, രണ്ട് മലയാളി യുവാക്കൾ മരിച്ചു

0

ദേശീയപാതയിൽ തേനിക്ക് സമീപത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ അക്ഷയ് അജേഷ് (23), ഗോകുൽ (23) എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന കോട്ടയം വടവാതൂർ സ്വദേശി അനന്തു വി രാജേഷിനെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ 3.30-ഓടെ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിൻ്റെ ടയർ പൊട്ടി നിയന്ത്രണം വിട്ടു. എതിരെ വന്ന ലോറിയിൽ ഇടിച്ചാണ് അപകടമെന്ന് പൊലീസ് പറഞ്ഞു.

അനന്തുവിൻ്റെ സഹോദരിയെ തമിഴ്നാട്ടിലെ കോളേജിൽ നിന്ന് കൂട്ടിക്കൊണ്ടുവരാനാണ് മൂന്നു പേരും കാറുമായി പോയത്. അനന്തുവിന്റെ പിതാവിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിൽ ഉള്ള കാറാണ്. കാറിന്റെ പിൻഭാഗത്തെ ടയർപൊട്ടി എതിർ ദിശയിൽ വന്ന കർണാടക രജിസ്ട്രേഷൻ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ തേനി അല്ലിനഗരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അമിതാഭ് ബച്ചന് വാരിയെല്ലിൽ പൊട്ടലും പേശികളിൽ മുറിവും; വിശ്രമത്തിലാണ് ഇനിയും കാണാമെന്ന് ആരാധകരോട്

പ്രോജക്ട് കെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തിന് ശേഷം തൻ്റെ ആരോഗ്യ വിവരങ്ങൾ ബ്ലോഗിൽ പങ്കുവെച്ച് നടന്‍ അമിതാഭ് ബച്ചന്‍. വാരിയെല്ലിൽ പൊട്ടലും വേദനയുമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

അപകടത്തേക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെയ്‌ക്കേണ്ടിയിരിക്കുന്നുവെന്ന് അമിതാഭ് ബച്ചന്‍ ബ്ലോഗിലെഴുതി. ഹൈദരാബാദില്‍ പ്രോജക്റ്റ് കെ എന്ന ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ പരിക്കുപറ്റിയെന്ന് അദ്ദേഹം വാർത്തകൾ ശരിവെച്ചു. വാരിയെല്ലിന്റെ തരുണാസ്ഥിക്കും വലത് വാരിയെല്ലിലെ പേശികള്‍ക്കും പൊട്ടലുണ്ട്. ഷൂട്ട് റദ്ദാക്കി. ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലില്‍ വെച്ച് ഡോക്ടര്‍ പരിശോധിച്ച് സിടി സ്‌കാന്‍ ചെയ്ത് വീട്ടിലേക്ക് പോയെന്നും വ്യക്തമാക്കി.

വിശ്രമിക്കുകയാണ്. ആരോഗ്യം പഴയപോലെയാകുന്നതിന് കുറച്ച് ആഴ്ചകളെടുക്കും. വേദനയ്ക്ക് മരുന്ന് കഴിക്കുന്നുണ്ട്. അതിനാല്‍ ചെയ്യേണ്ടിയിരുന്ന എല്ലാ ജോലികളും രോഗശാന്തിയാകുന്നതുവരെ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വസതിയായ ജല്‍സയില്‍ വിശ്രമത്തിലാണ്. അതുകൊണ്ട് വൈകീട്ട് ജല്‍സാ ഗേറ്റിലെത്തുന്ന അഭ്യുദയകാംക്ഷികളെ കാണാന്‍ സാധിക്കുകയില്ല. ശരീരം ചലിപ്പിക്കുമ്പോഴും ശ്വസിക്കുമ്പോഴും വേദന തോന്നുന്നുണ്ട്. ഇനിയും കാണാം എന്നും ” ബച്ചന്‍ കൂട്ടിച്ചേര്‍ത്തു.

പ്രഭാസ്, ദിഷ പാഠനി, ദീപിക പദുകോണ്‍ എന്നിവരാണ് ‘ പ്രോജക്ട്‌ കെ’യില്‍ പ്രധാന വേഷത്തിലെത്തുന്ന മറ്റുതാരങ്ങള്‍. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറാണ്.

അമ്മയാവാൻ ആളില്ല, രാജ്യം തന്നെ ഇല്ലാതാവും എന്ന മുന്നറിയിപ്പ് നൽകി ജപ്പാൻ

ജനനനിരക്ക് ക്രമാതീതമായി കുറയുന്നത് പരിഹരിക്കാനായില്ലെങ്കില്‍ രാജ്യം തന്നെ ഇല്ലാതാകുമെന്ന് മുന്നറിയിപ്പ് നല്‍കി ജപ്പാന്‍ പ്രധാനമന്ത്രിയുടെ നിയമ ഉപദേഷ്ടാവും മുന്‍ മന്ത്രിയുമായ മസാക്കോ മൊറി. കഴിഞ്ഞ വര്‍ഷം രാജ്യത്തെ ജനനനിരക്ക് കുറഞ്ഞ് സർവ്വകാല റെക്കോഡിലേക്ക് കൂപ്പുകുത്തിയിരുന്നു.

ഈ അവസ്ഥയില്‍ മുന്നോട്ട് പോയാല്‍ രാജ്യം ഇല്ലാതാകും. യുവാക്കളും കുട്ടികളും ഇല്ലാത്ത രാജ്യമായി ജപ്പാൻ മാറാൻ അധിക കാലം വേണ്ട. ഇത്തരം സാഹചര്യങ്ങളില്‍ ജനിക്കുന്ന കുട്ടികളെയാണ് ഇത് സാരമായി ബാധിക്കുക. അവര്‍ വികലമായി പ്രവര്‍ത്തിക്കുന്ന ഒരു സമൂഹത്തിലേക്കായിരിക്കും കടന്നുവരുന്നത്, മൊറി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഇടപെട്ടില്ലെങ്കില്‍ രാജ്യത്തെ സാമൂഹിക സുരക്ഷാസംവിധാനം തകരുമെന്നും അവര്‍ ഓർമ്മപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ ജനിച്ചതിൻ്റെ ഇരട്ടി ആളുകള്‍ മരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. രാജ്യത്തെ ജനസംഖ്യ 2008-ല്‍ 12.8 കോടിയില്‍ നിന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ 12.4 കോടിയായി കുറഞ്ഞു. അതേസമയം 65 വയസ്സില്‍ കൂടുതലുള്ളവരുടെ ജനസംഖ്യ 29 ശതമാനത്തോളം ഉയരുകയും ചെയ്തു.

ഇന്നത്തെ സാഹചര്യത്തില്‍ കാര്യങ്ങള്‍ അനുകൂലമാക്കുന്നത് ഏറെ ദുഷ്‌കരമായിരിക്കും.ഗര്‍ഭധാരണം സാധ്യമാകുന്ന പ്രായത്തിലുള്ള സ്ത്രീകള്‍ തന്നെ രാജ്യത്ത് കുറഞ്ഞു വരികയാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൃത്യമായി ഇടപടണമെന്നും മൊറി ഓര്‍മിപ്പിച്ചു. സ്ത്രീശാക്തീകരണവും ജനനനിരക്ക് നയങ്ങളും വ്യത്യസ്തമായി കൈകാര്യം ചെയ്താല്‍ ഫലപ്രദമാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട പാക്കേജുകള്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദാ അടുത്ത് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ നയങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും ഇത്തവണത്തെ
പാക്കേജെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.