കോവിഡ് കഴിഞ്ഞതോടെ ജനം കൈവിട്ടു; സൂമിൽ കൂട്ടപിരിച്ചു വിടലിന് പിന്നാലെ കമ്പനി പ്രസിഡൻ്റിനെയും പറഞ്ഞു വിട്ടു

കോവിഡ് കാലഘട്ടത്തിൽ ഏറ്റവും അധികം പേർക്ക് പ്രയോജനം ചെയ്ത വീഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോം ആയ സൂമിൽ പ്രതിസന്ധി തുടരുന്നു. കമ്പനി പ്രസിഡൻ്റിനെ തന്നെ പിരിച്ചു വിട്ടതാണ് ഏറ്റവും പുതിയ വാർത്ത. കഴിഞ്ഞ മാസം 1300 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പ്രസിഡന്റ് ഗ്രെഗ് ടോംപിനെ പിരിച്ചുവിട്ടതെ്നന് ബി.ബി.സി. റിപ്പോർട്ട് ചെയ്യുന്നു.

കാരണം വ്യക്തമാക്കാതെയായിരുന്നു പിരിച്ചുവിടൽ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഗ്രെഗ് 2022 ജൂണിലാണ് സൂമിൽ പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്. ഗൂഗിളിലും സാപ്പിലും ഉന്നത പദവികൾ വഹിച്ച വ്യക്തിയാണ്.

2011-ലാണ് സൂം കമ്പനി രൂപീകരിക്കുന്നത്. കോവിഡ് കാലത്ത് വിദ്യാർഥികൾ അടക്കമുള്ളവർ ഏറെ ആശ്രയിച്ചിരുന്ന ഒരു പ്ലാറ്റ് ഫോം കൂടിയായിരുന്നു സൂം. ഇതിന് ശേഷം ഉപഭോക്താക്കൾ കൊഴിഞ്ഞു. ആപ്ലിക്കേഷനിൽ പുതുമകളോ പുതിയ കാലത്തിൻ്റെ ആവശ്യം അറിഞ്ഞുള്ള മാറ്റമോ കമ്പനിക്ക് കഴിഞ്ഞില്ല. തുടർന്ന് വൻ തോതിൽ പിരിച്ചു വിടൽ കമ്പനിയിൽ നടന്നു വരികയായിരുന്നു. ഫെബ്രുവരിയിൽ കമ്പനിയുടെ 15 ശതമാനം ആളുകൾ, 1300 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

പാക്കിസ്ഥാനിൽ സേനാ ട്രക്കിന് നേരെ ചാവേർ; ഒൻപത് പൊലീസുകാർ മരിച്ചു

പാകിസ്ഥാനിലെ ബലൂചിസ്താന്‍ പ്രവിശ്യയിൽ ചാവേര്‍ ആക്രമണത്തില്‍ ഒന്‍പത് പോലീസ് ഉദ്യാഗസ്ഥര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയായിരുന്നു സംഭവം. ബൈക്കിലെത്തിയ ചാവേര്‍ പോലീസ് ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

സംഭവത്തില്‍ ഏഴു ഉദ്യോഗസ്ഥര്‍ക്ക് പരിക്കേൽക്കുയും ചെയ്തു. നിലവില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

ഗർഭാവസ്ഥയിലേ കുഞ്ഞിനെ രാമായണവും ഗീതയും പഠിപ്പിക്കാൻ ആർ എസ് എസ് നേതൃത്വത്തിൽ ഗർഭ സംസ്കാർ പദ്ധതി

ഗര്‍ഭാവസ്ഥയില്‍ത്തന്നെ ശിശുക്കള്‍ക്ക് സംസ്‌കാരവും മൂല്യങ്ങളും അഭ്യസിപ്പിക്കാന്‍ ആര്‍.എസ്.എസ് വനിതാ ഘടകം സംവര്‍ധിനി ന്യാസ് ഗര്‍ഭിണികള്‍ക്കായി ‘ഗര്‍ഭ സംസ്‌കാര്‍’ പരിശീലനപരിപാടി തുടങ്ങി. സംവര്‍ധിനി ന്യാസിൻ്റെ ദേശീയ സംഘാടക സെക്രട്ടറി മാധുരി മറാത്തെയാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്.

പരിപാടിയുടെ ഭാഗമായി ഞായറാഴ്ച ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സംവര്‍ധിനി ന്യാസ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. വര്‍ക്ക്‌ഷോപ്പില്‍ ഡല്‍ഹി ഓള്‍ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി(AIIMS)ലെ ഗൈനക്കോളജിസ്റ്റുകളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചു. രാജ്യസ്നേഹവും മാതൃസ്നേഹവും ഇതുവഴി വളർത്തി എടുക്കാൻ നിർദ്ദേശിച്ചു.

ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ദുലുപുഡി പണ്ഡിറ്റിനെ ചടങ്ങിലേക്കായി ക്ഷണിച്ചു എങ്കിലും ആരോഗ്യ കാരണം പറഞ്ഞ് ഇദ്ദേഹം പങ്കെടുത്തില്ല.

ഗൈനക്കോളജിസ്റ്റുകള്‍, ആയുര്‍വേദ ഡോക്ടര്‍മാര്‍, യോഗ ട്രെയിനര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘം രൂപവത്കരിച്ചാണ് ഗര്‍ഭ സംസ്‌കാര്‍ നടപ്പിലാക്കുന്നത്. ഗീതാ പാരായണം, രാമായണപാരായണം എന്നിവയ്‌ക്കൊപ്പം യോഗപരിശീലനവും ഉള്‍പ്പെടുന്നതാണ് ഗര്‍ഭ സംസ്‌കാര്‍.

ഗര്‍ഭാവസ്ഥ മുതല്‍ ആരംഭിക്കുന്ന പരിശീലനപരിപാടി കുട്ടികള്‍ക്ക് രണ്ട് വയസ് പ്രായമാകുന്നതുവരെ തുടരും. ഗീതാശ്ലോകങ്ങള്‍, രാമായണത്തിലെ കാവ്യങ്ങള്‍ എന്നിവയുടെ പരായണത്തിന് പ്രാധാന്യം നല്‍കിയായിരിക്കും പരിശീലനമെന്നും ഗര്‍ഭസ്ഥശിശുവിന് 500 വാക്കുകള്‍ വരെ ഹൃദിസ്ഥമാക്കാന്‍ സാധിക്കുമെന്നും മാധുരി മറാത്തെ പറഞ്ഞു. ശിവജിയുടെ അമ്മയെയാണ് ഇതിന് മാതൃകയാക്കുന്നത്.

കുറഞ്ഞത് ആയിരം വനിതകളിലേക്കെങ്കിലും ഈ പരിശീലനപരിപാടി എത്തിക്കാനാണ് സംവര്‍ധിനി ന്യാസ് നിർദ്ദേശം.

മാധ്യമ സ്വാതന്ത്ര്യം നിയന്ത്രിക്കുന്ന നടപടി ഉണ്ടായിട്ടില്ല; ക്രിമിനൽ കുറ്റത്തിന് നടപടി തൊഴിൽ നോക്കിയല്ലെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യം നിയന്ത്രിക്കുന്ന നടപടിയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ വ്യാജവാര്‍ത്ത വിഷയത്തില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്രിമിനല്‍ കുറ്റകരം നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുന്നത് തൊഴില്‍ നോക്കിയിട്ടല്ല. വ്യാജ വിഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനമല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു

ഒരാള്‍ ചികിത്സയിലാണോ അയാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നൊക്കെ നോക്കിയല്ല പൊലീസ് നോട്ടീസ് കൊടുക്കുന്നത്. ഹാജരാകാന്‍ വിഷമമുണ്ടെങ്കില്‍ അക്കാര്യം പൊലീസിനെ അറിയിക്കണം.എന്നിട്ടും പൊലീസ് അതിക്രമം കാണിക്കുന്നുണ്ടെങ്കില്‍ ഈ പറഞ്ഞ വിമര്‍ശനങ്ങളെയൊക്കെ ന്യായീകരിക്കാമായിരുന്നു. എന്നെ ആക്ഷേപിക്കാനുള്ള അവസരമായിട്ടാണ് ഇതിനെ സ്വീകരിക്കുന്നതെങ്കില്‍ അങ്ങനെയാകട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ക്രിമിനല്‍ കുറ്റകരം നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുന്നത് അയാളുടെ തൊഴില്‍ നോക്കിയിട്ടല്ല. അങ്ങനെ ചെയ്യാന്‍ നിയമം അനുവദിക്കുന്നുമില്ല. വ്യാജ വിഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനമല്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ അവരറിയാതെ അതിലുള്‍പ്പെടുത്തിയിട്ട് മാധ്യമപ്രവര്‍ത്തനത്തിന്റെ പരിരക്ഷ വേണമെന്ന് വാദിക്കരുത്. വാര്‍ത്ത ചെയ്യുന്നതിനിടെ ഒരാളെ കൊന്നാല്‍ അത് മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി അവകാശപ്പെടുമോ? ഏഷ്യാനെറ്റിലെ റെയ്ഡിനെ ബിബിസി റെയ്ഡുമായി ബന്ധപ്പെടുത്തണ്ട്. ഒരു ഭരണാധികാരിയുടെ വര്‍ഗീയ ലഹളയിലുള്ള പങ്കാണ് വെളിച്ചത്തുകൊണ്ടുവന്നതിനാണ് ബിബിസി റെയ്ഡ്.

ഏഷ്യാനെറ്റ് ചെയ്ത വ്യാജവിഡിയോ നിര്‍മാണം സര്‍ക്കാരിനെതിരെയോ ഭരണാധികാരിക്കെതിരെയോ അല്ല. അതുകൊണ്ട് തന്നെ അധികാരത്തിലുള്ള ആര്‍ക്കെങ്കിലും വിരോധം തോന്നേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ എസ്എഫ്‌ഐ പ്രതിഷേധം ശൂന്യവേളയില്‍ അടിയന്തര പ്രമേയമായി വിഷയമായാണ് പ്രതിപക്ഷം കൊണ്ടുവന്നത്. പി സി വിഷ്ണുനാഥ് ആണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. വ്യാജ വാര്‍ത്താ ദൃശ്യം ചമയ്ക്കല്‍ കേസില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ഓഫീസില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ആ നീക്കത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരത്തിലുള്ളവരുടെ അടിമയായെന്ന് ഉദ്ധവ് താക്കറെ

കടുത്ത പ്രതിഷേധവും അമർഷവുമായി കടന്നാക്രമിച്ച് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹരാഷ്ട്രയിലെ ഖേദില്‍ നടന്ന പൊതു പരിപാടിയില്‍ സംസാരിക്കെ ബിജെപിയേയും അമിത് ഷായേയും മുൻനിർത്തി കടുത്ത വിമർശനം ചൊരിഞ്ഞി. ‘മുഖ്യമന്ത്രിയാകാന്‍ താന്‍ കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടേയും ചെരുപ്പു നക്കിയെന്നാണ് അമിത് ഷാ പറഞ്ഞത്. ഇപ്പോള്‍ ബി.ജെ.പി മേഘാലയില്‍ ചെയ്യുന്നതെന്താണ് ? അധികാരത്തിനു വേണ്ടി കോണ്‍റാഡ് സാങ്മയുടേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടേയും ചെരുപ്പു നക്കുകയല്ലേ ?’ അദ്ദേഹം ചോദിച്ചു. ഗോമൂത്രം തളിച്ചാണോ രാജ്യം സ്വാതന്ത്ര്യം നേടിയത് ? സ്വാതന്ത്ര്യ സമര സേനാനികള്‍ ജീവന്‍ ത്യജിച്ചതിന്റെ ഫലമായാണ് സ്വാതന്ത്ര്യം നേടാന്‍ കഴിഞ്ഞത്.

പാര്‍ട്ടിയുടെ പേരും ചിഹ്നവും ഏക്നാഥ് ഷിന്‍ഡെയ്ക്ക് നല്‍കാന്‍ ഇലക്ഷന്‍ കമ്മീഷനു സാധിച്ചെങ്കിലും ശിവസേനയെ തന്നില്‍നിന്ന് ഒരിക്കലും തട്ടിയെടുക്കാന്‍ കഴിയില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരത്തിലുള്ളവരുടെ അടിമയാണ്. തന്റെ പാര്‍ട്ടിയുടെ പേരും ചിഹ്നവും തട്ടിയെടുക്കാന്‍ ബി.ജെ.പിയെ സഹായിച്ചെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു.

പട്ടേലിനേയും സുഭാഷ് ചന്ദ്രബോസിനേയും തട്ടിയെടുത്ത ബി.ജെ.പി ഇപ്പോള്‍ തന്റെ പിതാവും ശിവസേന സ്ഥാപകനുമായ ബാലസഹാബ് താക്കറെയെ തട്ടിയെടുക്കുകയാണെന്നും താക്കറെ പറഞ്ഞു. ശിവസേനയുടെ പേരിലും ബാലസഹാബ് താക്കറെയുടെ ഫോട്ടോ വെച്ചുമല്ലാതെ മോദിയുടെ പേരില്‍ വോട്ടു ചോദിക്കാന്‍ ബി.ജെ.പിയ്ക്കു ധൈര്യമുണ്ടോയെന്നും താക്കറെ ചോദിച്ചു.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയം; പ്രധാനമന്ത്രിക്ക് പ്രതിപക്ഷം കത്തയച്ചതിന് തൊട്ട് പിന്നാലെ റാബ്രിദേവിയുടെ വീട്ടിൽ സി ബി ഐ

ബിഹാര്‍ മുന്‍മുഖ്യമന്ത്രി റാബ്രി ദേവിയുടെ വീട്ടില്‍ സി.ബി.ഐ റെയിഡ്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ പകപോക്കലിന് ദുരുപയോഗം ചെയ്യുന്നതിന് എതിരെ പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് തൊട്ടു പിന്നാലെയാണ് അപ്രതീക്ഷി പരിശോധന. 2004 – 2009 കാലയളവിലെ, റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് കുറഞ്ഞ വിലയ്ക്ക് ഭൂമി സ്വന്തമാക്കിയെന്ന കേസിലാണ് ഇത്. ലാലു പ്രസാദ് യാദവിന്റെ ഭാര്യയും ആര്‍.ജെ.ഡി നേതാവുമായ റാബ്രി ദേവിയെ സി.ബി.ഐ ചോദ്യം ചെയ്യുകയാണ് ചെയ്യുന്നത്. റെയിഡ് അല്ലെന്നാണ് വിശദീകരണം.

സി.ബി.ഐയേയും ഇ.ഡിയേയും കേന്ദ്രം പ്രതിപക്ഷ സര്‍ക്കാരുകള്‍ക്കെതിരായ ആയുധമായി ഉപയോഗിക്കുന്നു എന്നാരോപിച്ച് ആര്‍.ജെ.ഡി, ബി.ആര്‍.എസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, എന്‍.സി.പി., ശിവസേന(ഉദ്ദവ് വിഭാഗം), സമാജ് വാദി പാര്‍ട്ടി എന്നിവയുടെ നേതാക്കള്‍ പ്രധാനമന്ത്രിയ്ക്ക് സംയുക്തമായി കത്തയച്ചിരുന്നു. ലാലു പ്രസാദ് യാദവ് ഉള്‍പ്പടെയുള്ളവരെ ഉന്നം വെച്ചുള്ള നീക്കമാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും നിരന്തരം ഉണ്ടാകുന്നതെന്നും കത്തില്‍ ആരോപിച്ചിരുന്നു. ബിഹാര്‍ ഉപമുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവും കത്തില്‍ ഒപ്പിട്ടിരുന്നു. തൊട്ടടുത്ത ദിവസമാണ് റാബ്രി ദേവിയുടെ വീട്ടില്‍ സി.ബി.ഐ സംഘം എത്തിയത്. എന്നാല്‍ റെയ്ഡോ സെര്‍ച്ചോ അല്ലെന്നും റാബ്രി ദേവിയെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്യുക എന്നുമാണ് സി.ബി.ഐയുടെ വിശദീകരണം.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലാലു പ്രസാദ് യാദവിന്റെ അസിസ്റ്റന്റ് ഭോല യാദവിനെ സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നു.

ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പകരമായി കുറഞ്ഞ വിലയ്ക്ക് ഭൂമി തട്ടിയെടുത്തതിന് ബിഹാര്‍ മുന്‍മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, മക്കളായ മിസ ഭാരതി, ഹേമ എന്നിവരുള്‍പ്പടെ പതിമൂന്ന് പേര്‍ക്കെതിരെയാണ് കേസ്. 2004-2009 കാലയളവില്‍ ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്നപ്പോഴാണ് കേസിനാസ്പദമായ സംഭവമെന്നാണ് ആരോപണം.

രണ്ടായിരത്തിനും ഡിമാൻ്റ്; നോട്ടടി നിർത്തി

രാജ്യത്ത് 2000 രൂപ നോട്ടുകൾ നിലവിൽ അച്ചടിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2018 – 19 സാമ്പത്തികവർഷം 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായും റിസർബാങ്ക് ബാങ്ക് നൽകിയ വിവരാവകാശ രേഖകയിൽ വിശദീകരിക്കുന്നു.

37 ലക്ഷത്തിലധികം 2000 രൂപ നോട്ടുകൾ രാജ്യത്ത് ഇതുവരെ അച്ചടിച്ചിട്ടുണ്ടെന്നും റിസർബാങ്ക് വ്യക്തമാക്കുന്നു.

100 200 500, 2000 രൂപ നോട്ടുകൾ അച്ചടിക്കാൻ ബാങ്കിന് വേണ്ടിവരുന്ന തുക വളരെ തുച്ഛമാണെന്നും റിസർവ് ബാങ്കിൽ നിന്നും ലഭിച്ച രേഖകളിൽ സൂചിപ്പിക്കുന്നു.

2021 22 കാലയളവിൽ ആയിരം നൂറു രൂപ നോട്ട് അച്ചടിക്കാൻ ചിലവഴിക്കേണ്ടി വന്നത് 1770 രൂപ മാത്രമാണ്. യഥാക്രമം 1000 – 200 രൂപ നോട്ടുകൾ അച്ചടിക്കാൻ 2370 രൂപയും 1000 , 500 രൂപ നോട്ടുകൾ അച്ചടിക്കാൻ 2290 രൂപയും, 2000 രൂപ നോട്ടുകൾ അച്ചടിക്കാൻ 3530 രൂപയും വേണ്ടിവന്നുവെന്നും റിസർവ്ബാങ്ക് നൽകിയ മറുപടിയിൽ പറയുന്നു.

സ്വർണ്ണാഭരണങ്ങൾക്ക് ഇനി ഹാൾമാർക്ക് നമ്പർ: രണ്ട് ഗ്രാമിൽ കൂടുതലുള്ളവ അണിഞ്ഞു നടക്കാനും നമ്പർ നിർബന്ധം

സ്വർണ്ണാഭരണങ്ങൾക്ക് പുതിയ ഹാൾമാർക്കിങ് തിരിച്ചറിയൽ നമ്പർ (എച്ച്.യു.ഐ.ഡി.) നിർബന്ധമാക്കുന്നു. ഏപ്രിൽ ഒന്നുമുതൽ തന്നെ പുതിയ നിബന്ധന നിലവിൽ വരും. രണ്ട് ഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾക്ക് ഹാൾമാർക്കിങ് ബാധകമല്ല. പഴയ ഹാൾമാർക്കിങ് ആഭരണങ്ങളിലും മാർച്ച് 31നകം 6 അക്ക എച്ച്.യു.ഐ.ഡി പതിപ്പിക്കണമെന്നാണ് പുതിയ ചട്ടം. എന്നാൽ ഉപഭോക്താക്കൾക്ക് പഴയ സ്വർണം വിൽക്കുന്നതിനോ കൈയിൽവെക്കുന്നതിനോ തടസ്സമില്ല.

ആറ് അക്കമുള്ള ആൽഫാ ന്യൂമെറിക് കോഡാണ് എച്ച്യുഐഡി നമ്പർ. ഹാൾമാർക്കിംഗിന്റെ സമയത്ത് തന്നെ ഇത് സ്വർണാഭരണങ്ങളിൽ പതിച്ചിരിക്കും. ബിഐഎസ് കെയർ ആപ്പിലൂടെ സ്വർണ വാങ്ങുന്ന ഉഭപോക്താവിന് തന്നെ എച്ച് യുഐഡി കോഡ് യഥാർത്ഥമാണോ എന്ന് വേരിഫൈ ചെയ്യാം. ഒരു ജ്വല്ലറി ഉടമ വ്യാജ ഹോൾമാർക്കിംഗ് നടത്തിയാൽ പരാതിപ്പെടാനും സാധിക്കും.

ഇനി മുതൽ വിപണിയിൽ ലഭ്യമാകുന്ന സ്വർണാഭരണങ്ങളുടെ ഹോൾമാർക്കിൽ മൂന്ന് ഘടകങ്ങളുണ്ടാകും. ഒന്ന് ബിഐഎസ് ലോഗോ, രണ്ട് ഫിറ്റ്‌നസ് ഗ്രേഡ് മൂന്ന് ആറക്ക എച്ച്‌യുഐഡി കോഡ്.

കൈക്കൂലി നൽകാനില്ല, താലൂക്ക് ആശുപത്രിയിൽ തോളെല്ല് പൊട്ടിയ 12 കാരനെ ഇറക്കി വിട്ട് ഡോക്ടർ

0

തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ കൈക്കൂലി നല്‍കാത്തതിനാല്‍ പന്ത്രണ്ട് വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. കുട്ടിയെ ചികിത്സിക്കാന്‍ ഡോക്ടര്‍ അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കുട്ടിയുടെ പിതാവ് രാജേഷ് പറഞ്ഞു. പണം ഇല്ലാത്തതിനാല്‍ ചികിത്സ തേടാതെ കുട്ടിയുമായി മാതാപിതാക്കള്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഞായറാഴ്ച 11.30 ഓടെയാണ് കുട്ടിയുമായി കടവൂര്‍ സ്വദേശികളായ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിയത്. സൈക്കിളില്‍നിന്ന് വീണ് തോളെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു ഇത്.

ഈ ഡോക്ടർക്ക് എതിരെ നേരത്തെയും സമാനമായ പരാതി ഉണ്ടായിരുന്നു. എന്നിട്ടും ആരുടെയോ താത്പര്യ പ്രകാരം സംരക്ഷിക്കയായിരുന്നു എന്നാണ് നാട്ടുകാരുടെ പരാതി. ആശുപത്രി വികസന സമിതിക്കും ഇയാൾക്ക് എതിരെ പരാതി നിലനിൽക്കുന്നുണ്ട്.

രണ്ടുമണിയോടെയാണ് എക്‌സ് റേ ലഭിച്ചത്. അതുമായി അത്യാഹിതവിഭാഗത്തിലുള്ള ഡോക്ടറുടെ അടുത്ത് കൊണ്ടുകൊടുത്തു. അപ്പോള്‍ അയ്യായിരം രൂപ വേണമെന്ന് കൈയാംഗ്യത്തിലൂടെ അദ്ദേഹം കാണിച്ചതായി രാജേഷ് മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. ഇത്രയും പൈസയുണ്ടെങ്കില്‍ ഇവിടെ വരേണ്ടതില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ മറ്റേതെങ്കിലും ആശുപത്രിയിലോ കോട്ടയത്തിനോ കൊണ്ടുപൊയ്‌ക്കോളൂ ഇവിടെ വേറെ മരുന്നില്ല എന്ന് പറഞ്ഞു. കുട്ടിക്ക് പ്രഥമശുശ്രൂഷ പോലും നല്‍കാന്‍ അവര്‍ തയ്യാറായില്ലെന്നും രാജേഷ് ആരോപിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു നഴ്‌സ് ഞങ്ങളുടെ വിലാസം എഴുതി എടുക്കുന്നതിനിടെ കുട്ടിയുടെ അവസ്ഥ കണ്ട്, കുട്ടിയുടെ കൈ കെട്ടിവിടട്ടേ എന്നു ചോദിച്ചപ്പോള്‍ കെട്ടിവിടണ്ട പോട്ടെ എന്നു പറഞ്ഞെന്നും രാജേഷ് പറഞ്ഞു. കുട്ടിയുടെ കരച്ചില്‍ കണ്ടാണ് നഴ്‌സ് അങ്ങനെ പറഞ്ഞതെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് കുട്ടിയുമായി തിരുമ്മിക്കെട്ടുന്ന ഒരു വൈദ്യരുടെ അടുത്തുപോയി. അവിടെ തിരുമ്മിക്കെട്ടിയിരിക്കുകയാണ്. തിങ്കളാഴ്ച കോട്ടയത്തോ മറ്റോ കൊണ്ടുപോകണമെന്ന് വിചാരിക്കുകയാണെന്നും രാജേഷ് പറഞ്ഞു. കയ്യില്‍ പണം ഇല്ലായിരുന്നു അതിനാലാണ് കൊടുക്കാതിരുന്നത്. ഉണ്ടെങ്കില്‍ കൊടുക്കുമായിരുന്നു. ആ ഒരു അവസ്ഥയില്‍ കൊടുത്തുപോകും. വേദനസംഹാരിയായി ഒരു കുത്തിവെപ്പോ ഗുളികയോ കൊടുക്കാന്‍ തയ്യാറാകാതിരുന്നതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോപണ വിധേയനായ ഡോക്ടര്‍ക്കെതിരേ സമാനമായ പരാതി ആശുപത്രി വികസന സമിതിയില്‍ ഉള്‍പ്പെടെ വന്നിട്ടുണ്ടെന്നാണ് വിവരം. ആശുപത്രി സൂപ്രണ്ട് തന്നെ ഇദ്ദേഹത്തിനെതിരേ റിപ്പോര്‍ട്ട് നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ഇദ്ദേഹം ഇപ്പോഴും ജോലിയില്‍ തുടരുന്നത് എങ്ങനെയെന്നാണ് ചോദ്യം ഉയരുന്നത്.

റോഹിംഗ്യൻ അഭയാർഥി ക്യാമ്പിൽ തീ, ആയിരങ്ങൾ തെരുവിൽ

0

ബം​ഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ വൻ തീപിടിത്തം. നിരവധി വീടുകൾ കത്തി നശിക്കുകയും ആയിരങ്ങൾ തെരുവിലാകുകയും ചെയ്തു. പ്രദേശം കറുത്ത പുകപടലങ്ങളാൽ മൂടി‌യിരിക്കുകയാണ്. അതിർത്തി ജില്ലയായ കോക്സിലെ ബസാറിലെ ക്യാമ്പ് 11-ലാണ് തീപിടുത്തമുണ്ടായത്. നാശനഷ്ടങ്ങളുടെ റിപ്പോർട്ട് ഇതുനരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ ആളപായത്തെക്കുറിച്ച് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കോക്‌സ് ബസാറിലെ അഡീഷണൽ പോലീസ് സൂപ്രണ്ട് റഫീഖുൽ ഇസ്‌ലാം റോയിട്ടേഴ്‌സിനോട് പറഞ്ഞു. 

അതേസമയം, തീ നിയന്ത്രണവിധേയമായെന്ന് ഫയർഫോഴ്‌സ് വ്യക്തമാക്കി. അഭയാർത്ഥി ദുരിതാശ്വാസ വകുപ്പുകളിൽ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥൻ ഫാറൂഖ് അഹമ്മദ് പറഞ്ഞു. തകർന്ന വീടുകളുടെ കണക്ക് പൊലീസ് ഉദ്യോഗസ്ഥരും നൽകിയിട്ടില്ല.

കോക്‌സ് ബസാറിലെ അഭയാർത്ഥി ക്യാമ്പുകളിൽ നേരത്തെയും തീപിടുത്തമുണ്ടായിരുന്നു. 2021 മാർച്ചിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 15 അഭയാർത്ഥികൾ കൊല്ലപ്പെടുകയും പതിനായിരത്തിലധികം വീടുകൾ നശിക്കുകയും ചെയ്തു. 2017 ൽ മ്യാൻമറിൽ സൈന്യത്തിന്റെ അടിച്ചമർത്തലിൽ നിന്ന് പലായനം ചെയ്ത് ബം​ഗ്ലാദേശിലെത്തിയവരാണ്. പലരു‌ടെയും ജീവിതം നരകതുല്യമാണ്.