മാധ്യമങ്ങളെ ലക്ഷ്യമിടുന്ന പൊലീസ് നടപടിക്ക് എതിരെ പോരാടുക- രജ്ദീപ് സർദേശായി

0

ഏഷ്യാനെറ്റ് ന്യൂസിലെ പൊലീസ് നടപടിയെ വിമർശിച്ച് മുതിര്‍ന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. ബിബിസി റെയ്ഡ് ചെയതപ്പോള്‍ ഉണ്ടായ നിലവിളി  ഏഷ്യാനെറ്റ് ന്യൂസിന്‍റെ കാര്യത്തില്‍ എന്തുകൊണ്ട് ഇല്ലെന്ന് സർദേശായ് ചോദിച്ചു. അധികാരം ദുരുപയോഗിച്ച് മാധ്യമങ്ങളെ ലക്ഷ്യമിടുന്ന കേരളത്തിലെ പൊലീസ് നടപടിക്കെതിരെ പോരാടേണ്ടതുണ്ടെന്നും സർദേശായ് ട്വീറ്റ് ചെയ്തു. 

ബിഹാറിൽ നിന്നുള്ള തൊഴിലാളികൾ ആക്രമിക്കപ്പെട്ടതായി പ്രചാരണം തമിഴ്നാട് ബി ജെ പി അധ്യക്ഷനെതിരെയും കേസ്

തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈക്കെതിരെ പൊലീസ് കേസെടുത്തു. ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ തമിഴ്‌നാട്ടില്‍ ആക്രമിക്കപ്പെട്ടെന്ന വ്യാജപ്രചാരണവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. തമിഴ്‌നാട് ക്രൈംബ്രാഞ്ച് സൈബര്‍ വിഭാഗമാണ് കേസെടുത്തത്. ബിഹാറില്‍നിന്നുള്ള 12 കുടിയേറ്റത്തൊഴിലാളികളെ തമിഴ്‌നാട്ടില്‍ തൂക്കിലേറ്റിയതായി സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ സംഭവത്തിന് തുടർച്ചയായാണ് കേസ്. ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ ബിഹാറില്‍നിന്നുള്ള കുടിയേറ്റത്തൊഴിലാളികളെ തൂക്കിക്കൊന്നുവെന്നായിരുന്നു വ്യാജ പ്രചാരണം.

തമിഴ്‌നാട്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന പ്രചരണത്തിൽ യു പി ബി ജെ പി വക്താവ് ഉൾപ്പെടെ നാല് പേർക്കെതിരെ  നേരത്തെ കേസെടുത്തിരുന്നു. വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചവർ രാജ്യത്തിന് എതിരായി പ്രവർത്തിക്കുന്നവരാണെന്നും കേവല രാഷ്‌ട്രീയത്തിനു വേണ്ടിയുള്ള ഇത്തരം പ്രവർത്തികളെ ശക്തമായി അപലപിക്കുന്നുവെന്നുവെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വ്യക്തമാക്കി.

മാധ്യമപ്രവർത്തകർ ഉൾപ്പെടെ നാലു പേർക്കെതിരെ മൂന്ന് കേസുകളാണ് തമി‌ഴ്‌‌നാട് പൊലീസ് രജിസ്റ്റർ ചെയ്‌തത്. ഹിന്ദി ദൈനിക് ഭാസ്‌കർ എഡിറ്റർ, തൻവീർ പോസ്റ്റ് പത്രാധിപർ, ഉത്തർപ്രദേശിലെ ബിജെപി വക്താവ് പ്രശാന്ത് ഉമ്രാവോ, സോഷ്യൽമീഡിയ ഇൻഫ്ലുവൻസറായ സുഗം ശുക്ല എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ബിഹാറിൽ നിന്നുള്ള 12 തൊഴിലാളികളെ തമിഴ്നാട്ടിൽ തൂക്കിലേറ്റിയതായി പ്രചാരണം, ബി ജെ പി നേതാവിനും രണ്ട് ഹിന്ദി പത്രങ്ങൾക്കും എതിരെ കേസ്


സ്വന്തം ഭാര്യയെ രണ്ടാം വിവാഹം ചെയ്യാൻ ഒരുങ്ങി ഷുക്കൂർ വക്കീൽ,

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രണ്ടാം വിവാഹത്തിനൊരുങ്ങി നടനും അഡ്വക്കേറ്റുമായ ഷുക്കൂർ വക്കീൽ. ഇന്ത്യയിലെ മുസ്ലിമിന്റെ പിന്തുടർച്ചാ നിയമ പ്രകാരം തന്റെ സ്വത്തിന്റെ പൂർണ അവകാശം പെൺകുട്ടികളായ മക്കൾക്ക് ലഭിക്കുന്നില്ല എന്നതാണ് സെപ്ഷ്യൽ മാര്യേജ് ആക്ട് പ്രകാരം രണ്ടാം വിവാഹം എന്ന തീരുമാനത്തിലേക്ക് കടക്കുന്നതിനുള്ള കാരണമെന്ന് വക്കീൽ ഫേസ്ബുക്കിൽ രേഖപ്പെടുത്തിയ കുറിപ്പിൽ വക്കീൽ രേഖപ്പെടുത്തി.

ഒരു ആൺകുട്ടി പോലും ഇല്ലാത്തതിനാൽ ഇന്ത്യയിലെ മുസ്ലിമിന്റെ പിന്തുടർച്ചാ നിയമപ്രകാരം വ്യക്തിയുടെ സ്വത്തിൽ മൂന്നിൽ രണ്ട് ഓഹരി പെൺകുട്ടികൾക്കും ഒരെണ്ണം സഹോദരങ്ങൾക്കും ലഭിക്കും. തന്റെ പെൺകുട്ടികൾക്ക് സ്വത്തിൽ പൂർണ അവകാശം ലഭിക്കുവാനും സ്‌പെഷ്യൽ മാര്യേജ് ആക്ട് വഴി വിവാഹം കഴിക്കുന്നവരെ മുസ്ലിം വ്യക്തിനിയമം ബാധിക്കുകയില്ല എന്ന സാധ്യതയെ ഉപയോഗിക്കുകയുമാണ് താൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

1994 ഒക്ടോബർ 6 ന് ഇസ്ലാം മതാചാര പ്രകാരം വിവാഹിതരായ ഷൂക്കൂർ വക്കീലും ഭാര്യ ഷീനയും വനിതാ ദിനമായ 2023 മാർച്ച് 8 ന് കാഞ്ഞങ്ങാട് ഹോസ്ദുർഗ്ഗ് സബ്ബ് രജിസ്ട്രാർ മുമ്പാകെ രാവിലെ 10 മണിക്ക് സ്‌പെഷ്യൽ മാര്യേജ് നിയമം വകുപ്പ് 15 പ്രകാരം വീണ്ടും വിവാഹിതർ ആകും.

പോസ്റ്റ്

ഒരു വിവാഹം കൂടി ജീവിതത്തിലുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ചില കാര്യങ്ങള്‍ അങ്ങിനെയാണ്. നമ്മള്‍ വിധേയരാകും.

പറഞ്ഞുവന്നത്, ഈ വരുന്ന മാര്‍ച്ച് എട്ടിന് എന്റെ രണ്ടാമത്തെ വിവാഹമാണ്…

വിശദമായി പറയാം,

1994 ഒക്ടോബര്‍ ആറിനായിരുന്നു എന്റെ ആദ്യ വിവാഹം.

ഇസ്‌ലാം മത വിശ്വാസികളായ ഞാനും പാലക്കാട് പുതുപ്പരിയാരം പറക്കാട്ടില്‍ ആലിക്കുട്ടിയുടെയും കെ.എം. സാറയുടെയും മകള്‍ പി.എ. ഷീനയും മതാചാര പ്രകാരമാണ് നിക്കാഹ് കഴിച്ചത്. ആദരണീയനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിൽ ചെറുവത്തൂര്‍ കാടങ്കോട് നസീമ മന്‍സിലില്‍ വെച്ചായിരുന്നു ഞങ്ങളുടെ നിക്കാഹ്.

ഒക്ടോബര്‍ ഒമ്പതു മുതല്‍ ഞാനും ഷീനയും ഒന്നിച്ചു ജീവിച്ചു തുടങ്ങി. സന്തോഷകരമായ ഞങ്ങളുടെ ജീവിതത്തിലേക്ക് മൂന്ന് പെണ്‍മക്കളാണ് വരിവരിയായി കടന്നുവന്നത്. മൂന്നു പെണ്‍മക്കളുടെ പിതാവായി സ്വര്‍ഗ്ഗം ഉറപ്പിച്ചിരിക്കുന്ന ഭാഗ്യവാനാണ് ഞാന്‍!

മരണം കണ്‍മുന്നിലൂടെ മിന്നിമാഞ്ഞുപോയ രണ്ട് അസാധാരണ സന്ദര്‍ഭങ്ങളിലാണ് ജീവിതവുമായി ബന്ധപ്പെട്ട ചില വേവലാതികള്‍ ഉള്ളില്‍ ഉടലെടുത്തത്. ഇന്നും ഓര്‍ക്കാന്‍ ഭയപ്പെടുന്ന, 2017 ലെ അതിഭീകരമായ ഒരു അപകടത്തില്‍ സഞ്ചരിച്ചിരുന്ന കാറ് തവിടുപൊടിയായെങ്കിലും ഞാന്‍ ബാക്കിയായി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, 2020 ലും മറ്റൊരപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മരണം തൊട്ടുതലോടി പോയ ആ രണ്ട് നേരത്തും ജീവന് കാവലായത് സീറ്റ് ബെല്‍റ്റായിരുന്നു.

ഞാന്‍ മരണപ്പെട്ടാല്‍, പലര്‍ക്കും സങ്കടം വരും! FB യില്‍ സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ വന്നേക്കാം. ഖബറടക്കവും പ്രാര്‍ത്ഥനയും കഴിഞ്ഞ് ബന്ധുക്കള്‍ പിരിയും, അവസാനം വീട്ടുകാര്‍ മാത്രം ബാക്കിയാവും.

എന്തൊക്കെയാണ് ഉപ്പയുടെ നീക്കിയിരിപ്പ്?

കടം വല്ലതും തീര്‍ക്കാനുണ്ടോ?

സമ്പാദ്യങ്ങള്‍ മക്കള്‍ക്കുള്ളതല്ലേ?

തുടങ്ങിയ ചോദ്യങ്ങളുടെ നേരമെത്തും.

എന്റെ (ഞങ്ങളുടെ) ജീവിത സമ്പാദ്യങ്ങള്‍ മൂന്നു മക്കള്‍ക്ക് കിട്ടേണ്ടതല്ലേ?

സംശയമെന്തിരിക്കുന്നു.

അവര്‍ക്കു തന്നെ കിട്ടണം.

എന്നാല്‍, അവര്‍ക്ക് കിട്ടുമോ?

അതെന്തേ അങ്ങിനെ ഒരു ചോദ്യം!

കിട്ടില്ല, അതു തന്നെ.

1937 ലെ The Muslim Personal Law (Shariat)Application Act ആണ് കാരണം.

ഈ നിയമ പ്രകാരം ഇന്ത്യയിലെ മുസ്ലിമിന്റെ പിന്തുടര്‍ച്ചാ നിയമം, മുസ്ലിം പേഴ്‌സണല്‍ ലോ അഥവാ ശരീഅ പ്രാകാരം ആണ്.

എന്താണ് ശരീഅ എന്നതിനെ കുറിച്ച് 1937ലെ ഈ നിയമത്തില്‍ ഒന്നും പറയുന്നില്ല.

എന്നാല്‍ 1906ല്‍ Sir D H Mulla എഴുതിയ Principles of Mahomedan Law എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി നമ്മുടെ കോടതികള്‍ എടുക്കുന്ന സമീപന പ്രകാരം എന്റെ/ ഞങ്ങളുടെ സ്വത്തിന്റെ മൂന്നില്‍ രണ്ടു ഓഹരി മാത്രമേ ഞങ്ങളുടെ മക്കള്‍ക്ക് ഞങ്ങളുടെ കാലശേഷം ലഭിക്കുകയുള്ളൂ. ബാക്കി ഒരു ഓഹരി ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്.

അഥവാ താഹിസില്‍ദാര്‍ നല്‍കുന്ന അനന്തരവകാശ സര്‍ട്ടിഫിക്കറ്റില്‍ ഞങ്ങളുടെ മക്കള്‍ക്ക് പുറമേ സഹോദരങ്ങള്‍ക്ക് കൂടി ഇടം ലഭിക്കും. ഇതിന്റെ ഏക കാരണം ഞങ്ങള്‍ക്ക് ആണ്‍ മക്കളില്ല എന്നതു മാത്രമാണ്. ഒരാണ്‍കുട്ടിയെങ്കിലും ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ മുഴുവന്‍ സ്വത്തും മക്കള്‍ക്ക് തന്നെ കിട്ടിയേനെ.

ഞങ്ങള്‍ക്ക് ജനിച്ചത് പെണ്‍കുട്ടികളായതു കൊണ്ട് മാത്രം കടുത്ത വിവചനം മക്കള്‍ നേരിടേണ്ടി വരുന്നു. മാത്രവുമല്ല ശരീഅ പ്രകാരം വസിയത്ത് പോലും സാധിക്കുകയുമില്ല.

1950 ല്‍ നാം നമുക്കു വേണ്ടി അംഗീകരിച്ചു നടപ്പിലാക്കിയ ഭരണ ഘടനയിലെ 14ാം അനുഛേദം ജാതി മത വര്‍ഗ്ഗ ലിംഗ ഭേദമന്യേ എല്ലാവര്‍ക്കും തുല്യത എന്നത് മൗലിക അവകാശമായി ഉറപ്പു നല്‍കുന്ന രാജ്യത്ത് ഇസ്ലാം മതം പ്രാക്ടീസ് ചെയ്യുന്നവരുടെ മക്കള്‍ക്ക് ഇത്തരത്തിലുള്ള ലിംഗപരമായ വിവേചനം നേരിടേണ്ടി വരുന്നത് അത്യന്തം ഖേദകരമാണ്.

തങ്ങളുടെ ജീവിതസമ്പാദ്യം സ്വന്തം മക്കള്‍ക്ക് തന്നെ ലഭിക്കാനെന്ത് ചെയ്യുമെന്ന, എന്നെപ്പോലെ പെണ്‍മക്കള്‍ മാത്രമുള്ള ആയിരക്കണക്കിന് മുസ്ലിം രക്ഷിതാക്കളുടെ ആശങ്കകള്‍ക്കെന്താണ് പോംവഴി?

അനന്തര സ്വത്ത് പെണ്‍മക്കള്‍ക്ക് തന്നെ ലഭിക്കാന്‍ എന്താണ് മാര്‍ഗ്ഗം?

നിലവിലുള്ള നിയമ വ്യവസ്ഥയ്ക്കകത്തു നിന്നു കൊണ്ട് ഇസ്ലാം മത വിശ്വാസികളായ ഞങ്ങള്‍ക്ക് ഈ പ്രതി സന്ധിയെ മറികടക്കാനുള്ള ഏക വഴി 1954 ല്‍ നമ്മുടെ പാര്‍ലമെന്റ് അംഗീകരിച്ച സ്പെഷ്യല്‍ മാര്യേജ് ആക്ട് മാത്രമാണ്. അതില്‍ ആശ്രയം കണ്ടെത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു.

അഥവാ, ഞങ്ങളുടെ രണ്ടാം വിവാഹമാണ്.

1994 ഒക്ടോബര്‍ 6 ന് ഇസ്ലാം മതാചാര പ്രകാരം വിവാഹിതരായ ഞാനും ഷീനയും, അന്തര്‍ദേശീയ വനിതാ ദിനമായ 2023 മാര്‍ച്ച് 8 ന് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ്ഗ് സബ്ബ് രജിസ്ട്രാര്‍ മുമ്പാകെ രാവിലെ 10 മണിക്ക് സ്‌പെഷ്യല്‍ മാര്യേജ് നിയമം വകുപ്പ് 15 പ്രകാരം വീണ്ടും വിവാഹിതരാകുന്ന വിവരം നിങ്ങളെ അറിയിക്കുകയാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ രജിസ്റ്ററില്‍ ഒപ്പു വെക്കും ഇന്‍ശാ അല്ലാഹ്.

ഇത് ആരെയെങ്കിലും വെല്ലുവിളിക്കലോ, എന്തിനെയെങ്കിലും ധിക്കരിക്കലോ അല്ല. തുല്യത എന്ന മാനവിക സങ്കല്‍പത്തിന് നിരക്കാത്ത ഒരു വ്യവസ്ഥ ഇസ്ലാമിന്റെ പേരില്‍ നിലനില്‍ക്കുമ്പോള്‍ നീതിക്ക് വേണ്ടി നമ്മുടെ മഹത്തായ ഭരണഘടനയില്‍ അഭയം പ്രാപിക്കുക മാത്രമാണ്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വഴി വിവാഹം കഴിക്കുന്നവരെ മുസ്ലിം വ്യക്തിനിയമം ബാധിക്കുകയില്ല എന്ന സാധ്യതയെ തേടുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. ഞങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഞാനും ഷീനയും ഒന്നുകൂടി വിവാഹിതരാകുന്നു.

നമ്മുടെ പെണ്‍മക്കളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും സര്‍വ്വ ശക്തനായ അല്ലാഹു ഉയര്‍ത്തി നല്‍കട്ടെ. അല്ലാഹുവിന്റെ മുമ്പിലും നമ്മുടെ ഭരണഘടനയുടെ മുന്നിലും എല്ലാവരും സമന്മാരാണ്.

സമത്വം സകല മേഖലകളിലും പരക്കട്ടെ.

എല്ലാവര്‍ക്കും നന്മയും സ്‌നേഹവും നേരുന്നു.

എല്ലാവര്‍ക്കും മുന്‍കൂര്‍ വനിതാ ദിന ആശംസകള്‍.

Shukkur Vakkeel

ഗുജറാത്ത് സർക്കാരിൻ്റെ അദാനി വൈദ്യുതി ഇടപാട് വിവാദത്തിൽ

0

അദാനി ഗ്രൂപ്പിൽനിന്ന്‌ ഗുജറാത്ത് സർക്കാർ വാങ്ങുന്ന വൈദ്യുതിയുടെ വില നിശ്ചയിക്കുന്നത് വിവാദത്തിൽ. ഒരുവർഷത്തിനിടെ നിരക്ക് വർധിപ്പിച്ച് നൽകിയത് 102 ശതമാനമാണ്. വില കൂടിയപ്പോഴും അധിക വൈദ്യുതി വാങ്ങി സർക്കാർ കൂടെ നിന്നു. നിയമസഭയിൽ വെച്ച കണക്ക് പുറത്തായതോടെയാണ് ജനങ്ങൾ ഞെട്ടിയത്. എല്ലാ ഭാരവും അവരുടെ തലയിലായിരുന്നു.

2021-’22-ൽ അദാനി പവറിൽനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ വില യൂണിറ്റിന് 3.58 രൂപയിൽനിന്ന് 7.24 രൂപയായി വർധിച്ചു. വില കൂടിയിട്ടും 2022-ൽ മുൻ വർഷത്തെക്കാൾ 7.5 ശതമാനം വൈദ്യുതി അദാനിയിൽനിന്ന്‌ സർക്കാർ അധികം വാങ്ങി. 2021-ൽ 55,870 ലക്ഷം യൂണിറ്റ് വാങ്ങിയിരുന്നത് 2022-ൽ 60,070 ലക്ഷം യൂണിറ്റായി. 8160 കോടി രൂപ വൈദ്യുതിനിരക്കായി 2021-22 വർഷം കമ്പനിക്ക് ഗുജറാത്ത് നൽകിയിട്ടുണ്ട്.

2007-ൽ കരാറിലെത്തുമ്പോൾ കാൽനൂറ്റാണ്ടത്തേക്ക് യൂണിറ്റിന് 2.35 രൂപയ്ക്കും 2.89 രൂപയ്ക്കും ഇടയിലേ വാങ്ങൂവെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില വർധിച്ചതിനെത്തുടർന്ന് 2018-ൽ വ്യവസ്ഥ പുതുക്കി. ഈ അമിതഭാരം ഉപഭോക്താക്കളാണ് വഹിക്കുന്നത്. ഫ്യുവൽ ആൻഡ് പവർ പർച്ചേസ് പ്രൈസ് അഡ്ജസ്റ്റ്മെന്റ് ചാർജ് കൂട്ടുകയാണ് പതിവ്. 2021-‘22 കാലത്ത് സർക്കാർ ഈ നിരക്ക് എട്ടുതവണ വർധിപ്പിച്ച് നൽകുകയുണ്ടായി.

ഹഥ്റാസ് കൂട്ട ബലാത്സംഗ കേസിൽ കുറ്റപത്രത്തിലെ പിഴവുകൾ പുറത്ത്, കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിലും പീഡനമില്ല

ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ ബലാത്സഗവും പീഡനവും നടന്നതിന് തെളിവില്ലെന്ന്‌ ഉത്തർപ്രദേശിലെ എസ്.സി. – എസ്.ടി. കോടതി. കേസിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായി എന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു. യു പി പൊലീസ് നൽകിയ കുറ്റപത്രത്തിൽ കുട്ടി മരിക്കാനിടയാക്കിയ സംഭവങ്ങൾ ഒന്നുമുണ്ടായിരുന്നില്ല എന്നാണ് വ്യക്തമാവുന്നത്.

കൂട്ട ബലാത്സംഗത്തിനിരയായി എന്നതിന് മെഡിക്കൽ രേഖകൾ കുറ്റപത്രത്തിൽ ഇല്ലായിരുന്നു. പെൺകുട്ടിയുടെ പ്രാഥമിക മൊഴിയിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടില്ല എന്നുമാണ് സ്പെഷ്യൽ ജഡ്ജ് ത്രിലോക് പാൽ സിങിന്റെ വിലയിരുത്തൽ. സംഭവത്തിൽ പ്രതികളിൽ മൂന്ന് പേരെ വെറുതെ വിട്ടുകൊണ്ടുള്ള 167 പേജടങ്ങുന്ന വിധിന്യായത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്.

കൂട്ട ബലാത്സംഗം ക്രൂരമായ കൊലപാതം, എന്നിട്ടും ഒരാൾക്കെതിരെ നരഹത്യാ കുറ്റം മാത്രം

സംഭവത്തിന് ശേഷം എട്ട് ദിവസം പെൺകുട്ടിക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ഈ സമയങ്ങളിൽ ഒന്നും തന്നെ പ്രതിക്ക് തന്നെ കൊല്ലാൻ ഉദ്ദേശമുണ്ടായിരുന്നു എന്ന് പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. സംഭവം കഴിഞ്ഞ് അഞ്ച് ദിവസങ്ങൾക്ക് ശേഷം പെൺകുട്ടി വനിതാ കോൺസ്റ്റബിളിന് മൊഴി നൽകിയപ്പോൾ കൂട്ട ബലാത്സംഗത്തെക്കുറിച്ച് യാതൊന്നും തന്നെ രേഖയിൽ ഉൾപ്പെടുത്തിയിട്ടില്ല. പ്രതി സന്ദീപിന്റെ പേര് മാത്രമായിരുന്നു പെൺകുട്ടി പരാമർശിച്ചതായി രേഖപ്പെടുത്തിയത്. ഒരാൾക്ക് മാത്രം ശിക്ഷ വിധിക്കയും മൂന്നു പേരെ തെളിവില്ലാതെ വെറുതെ വിടുകയും ചെയ്ത കോടതി ഇത് കോടതി ചൂണ്ടിക്കാട്ടി.

മാത്രമല്ല, ബലാത്സംഗത്തിനിരയായി എന്നതിന് മതിയായ മെഡിക്കൽ രേഖകൾ ഉണ്ടായിരുന്നില്ല എന്നും കോടതി പറഞ്ഞു. നാല് പേർ ചേർന്ന് തന്നെ കൂട്ട ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടിയെ കൊണ്ട് നിര്‍ബന്ധിച്ച് മൊഴിമാറ്റി പറയിച്ചതാകാന്‍ സാധ്യതയുണ്ടെന്നാണ് ഈ സാഹചര്യത്തിൽ കോടതിയുടെ നിരീക്ഷണം.

നാവ് കടിച്ചു മുറിച്ചു, നട്ടെല്ല് തകർത്തു, പക്ഷെ… പ്രതികൾക്ക് എതിരെ തെളിവില്ല

രാജ്യത്തെ നടുക്കിയ ഹാഥ്‌റസ് കൂട്ടബലാത്സംഗ- കൊലപാതക കേസില്‍ മുഖ്യപ്രതി മാത്രം കുറ്റക്കാരനാണെന്ന് വ്യക്തമാക്കി കേസിലെ മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. കേസില്‍ മുഖ്യപ്രതിയായ സന്ദീപ് ഠാക്കൂറിനെ മാത്രമാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കുറ്റകരമായ നരഹത്യാക്കുറ്റം മാത്രമാണ് ഇയാള്‍ക്കെതിരേ കോടതിയില്‍ തെളിയിക്കാനായത്. കേസിലെ മറ്റുപ്രതികളായ രവി, ലവ്കുഷ, രാമു എന്നിവരാണ് കുറ്റവിമുക്തരായവര്‍. രാമു സന്ദീപിന്റെ ബന്ധുവും മറ്റുള്ളവര്‍ സന്ദീപിന്റെ സുഹൃത്തുക്കളുമാണ്.

. വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും കുടുംബം പ്രതികരിച്ചു.

2020 സെപ്റ്റംബറിലാണ് രാജ്യത്തെ നടുക്കിയ ഹാഥ്‌റസ് കൂട്ടബലാത്സംഗം നടന്നത്. 19-കാരിയായ ദളിത് പെണ്‍കുട്ടിയെ മേല്‍ജാതിയില്‍പ്പെട്ട നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി ആക്രമിക്കയും ചെയ്തതായായിരുന്നു കേസ്‌. ലോകം മുഴുവൻ പ്രതിഷേധം ഉയർന്ന കേസാണ്.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെ രണ്ടാഴ്ചയ്ക്ക് ശേഷമാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം പൊലീസ് കാവലിൽ കുടുംബത്തെ അറിയിക്കാതെ ദഹിപ്പിക്കുകയായിരുന്നു. പിന്നീട് സുരക്ഷയ്ക്ക് എന്ന പേരിൽ കുടുംബത്തെ പൊലീസ് കാവലിൽ വീടിനകത്ത് കുരുക്കി.

CBI സമർപ്പിച്ചത് 2000 പേജുള്ള കുറ്റപത്രം ഇതിൽ 700 രേഖകൾ, എന്നിട്ടും തെളിവില്ലെന്ന്

അന്നത്തെ പൊലീസ് എ ഡി ജി പി പ്രശാന്ത് കുമാർ ബലാത്സംഗത്തിന് തെളിവില്ലെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. സംഭവം കഴിഞ്ഞ് 11 ദിവസം കഴിഞ്ഞാണ് ഇതിനുള്ള ഫൊറൻസിക് പരിശോധന നടത്തിയത് എന്നത് പരക്കെ വിമർശിക്കപ്പെട്ടിരുന്നു. സപ്തംബർ 24 നാണ് കുട്ടി മരിക്കുന്നത് എന്നാൽ അടുത്ത മാസം ബി ജെ പി എംഎൽഎയുടെ നേതൃത്വത്തിൽ മേൽജാതി ഗ്രാമത്തിൽ പ്രതികൾക്ക് അനുകൂലമായി പൊതു സമ്മേളനം -സപ്പോർട്ട് മീറ്റിങ് – നടത്തിയത് വാർത്തായായിരുന്നു. (https://timesofindia.indiatimes.com/india/hathras-case-cbi-charges-four-with-gang-rape-murder/articleshow/79806505.cms)

60 താക്കൂർ കുടുംബവും നാല് ദലിത് കുടുംബവും ഉൾപ്പെടുന്നതാണ് ഇവരുടെ ഗ്രാമം.

https://thewire.in/law/hathras-gang-rape-cbi-chargesheet-up-police കേസ് നേരത്തെ അട്ടിമറിക്കപ്പെട്ട ?

കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീത്തിന് എതിരെ പ്രധാനമന്ത്രിക്ക് പ്രതിപക്ഷ പാർട്ടികളുടെ കത്ത്

രാജ്യത്തെ എട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ ഇടപെടലുകൾക്ക് എതിരെ ഒരുമിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. കോൺഗ്രസ് ഇല്ലാതെയാണ് പ്രതിഷേധം.

ബി.ആര്‍.എസ്., തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, ആര്‍.ജെ.ഡി., നാഷണല്‍ കോണ്‍ഫറന്‍സ്, എന്‍.സി.പി., ശിവസേന (ഉദ്ദവ്), സമാജ് വാദി പാര്‍ട്ടി നേതാക്കളാണ് സംയുക്തമായി കത്തെഴുതിയത്. സി.ബി.ഐയേയും ഇഡിയേയും കേന്ദ്രം പ്രതിപക്ഷ സര്‍ക്കാരുകള്‍ക്കെതിരായ ആയുധമായി ഉപയോഗിക്കുന്നതിൽ പ്രതിഷേധം അറിയിക്കയാണ്. ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന എ.എ.പി. നേതാവ് മനീഷ് സിസോദിയയെ സി.ബി.ഐ. അറസ്റ്റ് ചെയ്ത സാഹചര്യം കൂടി മുൻനിർത്തിയാണ്.

ബി ജെ പിയിൽ ചേർന്നാൽ കേസില്ല

ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റ് തെളിവുകളുടെ യാതൊരു അടിസ്ഥാനവുമില്ലാതെയാണ്. 2014ന് ശേഷം അറസ്റ്റ് ചെയ്യപ്പെട്ടതും, റെയ്ഡ് ചെയ്യപ്പെട്ടതും, ചോദ്യം ചെയ്യപ്പെട്ടതും കൂടുതലും പ്രതിപക്ഷത്ത് നിന്നുള്ള നേതാക്കളാണ്. ബി.ജെ.പി. ഭരണത്തില്‍ ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങള്‍ ഭീഷണിയിലാണ് എന്ന് ലോകം തന്നെ സംശയിക്കുന്നു. അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുന്നതോടെ അവര്‍ക്കെതിരായ നടപടികള്‍ ഇല്ലാതാകുന്നു. അതിന് ഉദാഹരണമായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയെ ബി ജെ പി സംരക്ഷിച്ചത് കത്തിൽ ചൂണ്ടികാട്ടുന്നുണ്ട്. ശാരദ ചിട്ടി ഫണ്ട് തട്ടിപ്പില്‍ അന്വേഷണം നേരിട്ട കാലത്താണ് ഹിമന്ദ ബി.ജെ.പിയില്‍ ചേര്‍ന്നത്, അതിന് ശേഷം കേസില്‍ ഹിമന്ദയ്‌ക്കെതിരായ അന്വേഷണം നിർത്തി.

ഇത്തരം ഉദാഹരണങ്ങള്‍ അനവധിയാണ് അക്കമിട്ട് ചൂണ്ടിക്കാട്ടിയാണ് കത്ത്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇ.ഡിയും സി.ബി.ഐയും നടത്തിയ റെയ്ഡുകളും നടപടികളും കത്തില്‍ പറയുന്നുണ്ട്.

ഗവർണർ പദവിയിലും രാഷ്ട്രീയം

പൊതു വിഷയത്തില്‍ കോണ്‍ഗ്രസില്ലാതെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്ത് വരുന്നത് സമീപകാലത്ത് ആദ്യമാണ്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷ സഖ്യം സാധ്യമാക്കാന്‍ വലിയ ശ്രമം നടക്കുന്നതിനിടെയാണ് പുതിയ നീക്കം.

ഗവര്‍ണമാരുടെ ഇടപെടലിനെക്കുറിച്ചും കത്തില്‍ പരാമര്‍ശമുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം മോശമാക്കുന്ന ഗവര്‍ണര്‍മാരുടെ ഇടപെടലിനെക്കുറിച്ച് ആശങ്ക അറിയിക്കുന്നുമുണ്ട്. ജനാധിപത്യത്തില്‍ ഗവര്‍ണര്‍മാര്‍ക്കുള്ള സ്ഥാനം എന്ത് എന്നതിനെപ്പറ്റി ജനങ്ങള്‍ ചോദ്യം ഉന്നയിച്ച് തുടങ്ങി എന്നതും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.

ഡി.എം.കെയും ഇടത് പാര്‍ട്ടികളും കത്തില്‍ ഒപ്പുവെച്ചിട്ടില്ല.

വയറ്റിൽ കത്രിക മറന്നു വെച്ച സംഭവത്തിൽ മന്ത്രിയുടെ നഷ്ടപരിഹാര വാഗ്ദാനത്തിൽ സമരം അവസാനിപ്പിച്ചു; ഉത്തരവാദികളെ കണ്ടെത്താനാവാതെ വഴിമുട്ടി അന്വേഷണം

വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ സമരം അവസാനിപ്പിച്ച് ഹർഷിന. ആരോ​ഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ അഭിമുഖത്തിലാണ് തീരുമാനം. നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകിയാതായി ഹർഷിന പറഞ്ഞു. കത്രിക ഏത് ആശുപത്രിയിലേതാണെന്നു കണ്ടെത്തണം. നിയമപോരാട്ടം തുടരുമെന്നും ഹർഷിന പറഞ്ഞു. ആരോ​ഗ്യം ഉള്ളതുകൊണ്ടല്ല, തന്റെ ഉൾക്കരുത്തുകൊണ്ടാണ് ഇവിടെ നിൽക്കുന്നതെന്നും അർഷിന പറഞ്ഞു. കഴിഞ്ഞ ആറ് ദിവസമായി ആശുപത്രിക്ക് മുന്നിൽ സമരത്തിലായിരുന്നു ഹർഷിന. 

രണ്ടാഴ്ച കൊണ്ട് നടപടിയുണ്ടാകുമെന്ന് ആരോ​ഗ്യമന്ത്രി വീണാജോർജ് പറഞ്ഞു. സർക്കാർ ഹർഷിനയ്ക്ക് ഒപ്പമെന്നും മന്ത്രി പറഞ്ഞു. ഒടുവിൽ സമർപ്പിച്ച റിപ്പോർട്ട് കണ്ടിട്ടില്ല. കത്രികയുടെ കാലപ്പഴക്കം കണ്ടെത്താനുള്ള സംവിധാന കേരളത്തിലില്ലെന്നും വീണ ജോർജ് കൂട്ടിച്ചേ‌‍ർത്തു. സർക്കാരിന്റെ നിലപാട് ഹർഷിനയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് തുക ഉടൻ നൽകാമെന്ന് വീണ്ടും ഉറപ്പുമായി മന്ത്രി

എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് തുക ഉടന്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. 31 കോടി രൂപയാണ് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ ഇനിയും വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുള്ളത്.

സംസ്ഥാനത്തെ സ്‌കൂളുകളിലെ നാല്, ഏഴ് ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലോവര്‍, അപ്പര്‍ പ്രൈമറി സ്‌കൂള്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് ജേതാക്കള്‍ക്ക് തുക നൽകിയില്ല. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ ഇത് കടുത്ത അമർഷത്തിന് ഇടയാക്കി.

സ്കൂൾ വിദ്യർഥികൾ വളരെ ആവേശത്തോടെയും കഠിനമായി പരിശീലിച്ചുമാണ് സ്കോളർഷിപ്പിനായി പഠിച്ചത്. എന്നാൽ ഇത്രയും കാലമായിട്ടും റിസൾട്ട് മാത്രമാണ് അവർക്ക് കിട്ടിയത്. നൽകാം എന്ന് പരീക്ഷാ സമയത്ത് വാഗ്ദാനം നൽകിയ തുക അനുവദിച്ചില്ല. കുട്ടികളെ കബളിപ്പിക്കയായിരുന്നു എന്ന് വരെ ഇതിന് എതിരെ പരാതിയുണ്ടായി

ഈ വര്‍ഷത്തെ പരീക്ഷകള്‍ ഏപ്രില്‍ മാസത്തില്‍ നടക്കും. പരീക്ഷാ തീയ്യതിയും ടൈം ടേബിളും വരും ദിവസങ്ങളില്‍ അറിയിക്കുമെന്നും സ്‌കോളര്‍ഷിപ്പ് വിതരണം വൈകുന്നതാണ് പരീക്ഷ വൈകുന്നതിന് കാരണമായതെന്നും മന്ത്രി അറിയിച്ചു.

ബിഹാറിൽ നിന്നുള്ള 12 തൊഴിലാളികളെ തമിഴ്നാട്ടിൽ തൂക്കിലേറ്റിയതായി പ്രചാരണം, ബി ജെ പി നേതാവിനും രണ്ട് ഹിന്ദി പത്രങ്ങൾക്കും എതിരെ കേസ്

ബിഹാറില്‍നിന്നുള്ള 12 കുടിയേറ്റത്തൊഴിലാളികളെ തമിഴ്‌നാട്ടില്‍ തൂക്കിലേറ്റിയതായി സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ ബിജെപി നേതാവിനും ഹിന്ദി പത്രങ്ങൾക്കും എതിരെ കേസെടുത്തു. ഉത്തര്‍പ്രദേശ് ബിജെപി യൂണിറ്റ് വക്താവ് പ്രശാന്ത് ഉംറാവുവിനെതിരെയാണ് കേസെടുത്തത്. ഉത്തർ പ്രദേശിലെ ബി ജെ പി വക്താവാണ് ഉംറാവു. മാധ്യമ പ്രവർത്തകനാണെന്നും ഇയാൾ അവകാശപ്പെടുന്നു.

ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ ബിഹാറില്‍നിന്നുള്ള കുടിയേറ്റത്തൊഴിലാളികളെ തൂക്കിക്കൊന്നുവെന്നായിരുന്നു വ്യാജ പ്രചാരണം. രാജ്യത്തിൻ്റെ ഐക്യത്തെ തന്നെ തകർക്കുന്ന ഗുരുതരമായ പ്രചാരണത്തിൽ പത്രങ്ങളും പങ്കാളികളായി. സംഭവത്തില്‍ ഹിന്ദി ദിനപ്പത്രമായ ദൈനിക് ഭാസ്‌കറിന്റെ എഡിറ്റര്‍ക്കെതിരെയും പ്രാദേശിക ദിനപത്രമായ തന്‍വില്‍ പോസ്റ്റിന്റെനടത്തിപ്പുകാരനെതിരെയും കേസെടുത്തിട്ടുണ്ട്.

രാജ്യത്തിൻ്റെ ഐക്യത്തെ തകർക്കുന്ന പ്രചാരണത്തിൽ മാധ്യമങ്ങളും

ബിഹാറില്‍ നിന്നുള്ള 12 തൊഴിലാളികളെ തമിഴ്നാട്ടില്‍ തൂക്കിലേറ്റിയെന്നായിരുന്നു വ്യാജ ട്വീറ്റ്. ബിഹാറിത്തൊഴിലാളികള്‍ക്കെതിരെ ഇത്തരത്തിലൊരുആക്രമണമുണ്ടായിട്ടും തേജസ്വി യാദവ് സ്റ്റാലിന്റെ ജന്മദിനാഘോഷപരിപാടിയില്‍ പങ്കെടുത്തു എന്ന് പ്രചരിപ്പിച്ചു. ഒപ്പം ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഒന്നിച്ചുള്ള ഫോട്ടോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തുകൊണ്ട് പ്രശാന്ത് ഉംറാവു കുറിച്ചു.

പ്രശാന്തിന്റെ ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടു. ഭാഷ, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും ശത്രുതയും സൃഷ്ടിച്ചതിനാണ് പ്രശാന്തിനെതിരെ പോലീസ് കേസെടുത്തത്. ശത്രുത പ്രചരിപ്പിച്ചതിനും കലാപങ്ങള്‍ക്ക് ഇടവരുത്തിയതിനുമാണ് ദൈനിക് ഭാസ്‌കറിന്റെ എഡിറ്റര്‍ക്കെതിരേയും തന്‍വീര്‍ പോസ്റ്റിന്റെ ഉടമക്കെതിരേയും കേസെടുത്തിട്ടുള്ളത്.

ഒരു ബിഹാര്‍ സ്വദേശി ഝാര്‍ഖണ്ഡ് സ്വദേശിയുമായുള്ള പ്രശ്നത്തിൽ കൊലചെയ്തതിനെ തമിഴ്നാട്ടില്‍ ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്കെതിരെ നടന്ന ആക്രമണമായി ദൈനിക് ഭാസ്‌കര്‍ പെരുപ്പിച്ച് കാണിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.തമിഴ്നാട്ടില്‍ ബിഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ക്കെതിരെ ആക്രമണസംഭവങ്ങള്‍ അരങ്ങേറുന്നതായി കഴിഞ്ഞയാഴ്ച വാട്സാപ്പിലൂടെ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇത്തരം സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് തമിഴ്നാട്, ബിഹാര്‍ സര്‍ക്കാരുകള്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി.

കുടിയേറ്റ തൊഴിലാളികള്‍ ഒരുതരത്തിലും ഭയപ്പെടേണ്ടതില്ലെന്നും ആരെങ്കിലും ഭീഷണിപ്പെടുത്തിയാല്‍ ഉടനെതന്നെ ഹെല്‍പ് ലൈനിലേക്ക് വിളിക്കാനും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ആവശ്യപ്പെട്ടു. കുടിയേറ്റ സഹോദരങ്ങളുടെ സുരക്ഷക്കായി തമിഴ്നാട് സര്‍ക്കാരും ജനങ്ങളും എന്നും നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം ഭീകര പ്രവർത്തനങ്ങളെ തടയാൻ, കുടിയേറ്റ തൊഴിലാളികള്‍ ഭയപ്പെടേണ്ടതില്ലെന്ന് തമിഴ്നാട് ജില്ലാ കളക്ടര്‍മാര്‍ ഹിന്ദിയില്‍ത്തന്നെ ഇതിന് തുടർച്ചയായി അറിയിപ്പുകള്‍ പുറത്തിറക്കി.

പാർട്ടിയിൽ ഒന്നും മിണ്ടാതിരുന്നാൽ ഗ്രേസ് മാർക്ക് – കെപിസിസി നേതൃത്വത്തിനെതിരെ കെ മുരളീധരൻ

കെപിസിസി നേതൃത്വത്തെ വിമര്‍ശിച്ച എംകെ രാഘവന് കെ. മുരളീധരന്‍റെ പിന്തുണ. കോൺഗ്രസ് പാർട്ടിയുടെ വികാരമാണ് രാഘവന്‍ പറഞ്ഞതെന്നും പാര്‍ട്ടിക്കുള്ളിൽ മതിയായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും മുരളീധരന്‍ തുറന്നടിച്ചു. ഒരു കാര്യവും തന്നോട് പോലും ആലോചിക്കാറില്ല. വിവാദമാകുമെന്നത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. മിണ്ടാതിരുന്നാലാണ് പാർട്ടിയിൽ ഗ്രേസ് മാർക്കെന്നും മുരളീധരന്‍ തുറന്നടിച്ചു. എംകെ രാഘവനെതിരെ കോഴിക്കോട് ഡിസിസി നൽകിയ റിപ്പോർട്ടിനെ കുറിച്ച് ഡിസിസി പ്രസിഡന്‍റ് തന്നെ പരസ്യമായി പ്രതികരിച്ചത് ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു.

എന്നാല്‍ രാഘവന്‍റെ പരസ്യപ്രതികരണം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും, അഭിപ്രായം പാര്‍ട്ടിക്കുള്ളിലാകണമെന്നുമാണ് കെസി വേണുഗോപാലിന്റെ പ്രതികരണം. നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങളില്‍ മറുപടി പറയേണ്ടത് കെപിസിസി പ്രസിഡന്‍റാണെന്നായിരുന്നു മുൻ അധ്യക്ഷൻ വിഎം സുധീരന്റെ മറുപടി. പരാമർശത്തിൽ എംകെ രാഘവനെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് റിപ്പോര്‍ട്ട് നല്‍കിയ പശ്ചാത്തലത്തില്‍ കെപിസിസി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയേക്കും. അങ്ങനെ വന്നാല്‍ കൂടുതല്‍ നേതാക്കളിൽ നിന്ന് പരസ്യപ്രതികരണമുണ്ടായേക്കുമെന്നാണ് സൂചന.  

പാര്‍ട്ടി പുനസംഘടനയില്‍ സ്വന്തക്കാര്‍ക്ക് പകരം അര്‍ഹരായവരെ കൊണ്ടുവരണമെന്നും ഉപയോഗിച്ച് പുറംതള്ളലാണ് ഇപ്പോഴത്തെ പാര്‍ട്ടി സംസ്കാരമെന്നുമായിരുന്നു രാഘവന്റെ വിമർശനം. കോഴിക്കോട്ട് പി.ശങ്കരന്‍ അനുസ്മരണവേദിയിലാണ് എംകെ രാഘവന്‍ എംപി നേതൃശൈലിയെ രൂക്ഷമായി വിമര്‍ശിച്ചത്. വിയോജനവും വിമര്‍ശനവും പറ്റാത്ത രീതിയിലേക്ക് പാര്‍ട്ടി എത്തി. സ്ഥാനമാനം നഷ്ടപ്പെടുമെന്ന് ഭയന്ന് ആരും മിണ്ടുന്നില്ല. സംഘടനാ തിരഞ്ഞെടുപ്പില്ല. കെപിസിസി പട്ടിക ഘട്ടംഘട്ടമായി പുറത്തുവിടുന്നു. രാജാവ് നഗ്നനാണെന്ന് പറയാന്‍ ആരും തയ്യാറല്ലെന്നും രാഘവൻ അഭിപ്രായപ്പെട്ടിരുന്നു.  പിന്നാലെയാണ് പരസ്യ വിമർശനത്തിനെതിരെ പാർട്ടിക്കുളളിൽ നിന്നും പരാതിയുയർന്നത്.