SSLC പരീക്ഷകൾ മാർച്ച് ഒൻപത് മുതൽ, ഹയർ സെക്കൻ്ററി 10 നും തുടങ്ങും

0

2023 മാര്‍ച്ച് 9 ന് ആരംഭിക്കും. പരീക്ഷ മാര്‍ച്ച് 29 വരെ ആയിരിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ മാര്‍ച്ച് 10 ന് ആരംഭിച്ച് മാര്‍ച്ച് 30 ന് അവസാനിക്കും. രാവിലെ 9.30 നാണ് പരീക്ഷകൾ.

4,19,554 പേര്‍ എസ്.എസ്.എല്‍.സിയും 4,25,361 വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി പരീക്ഷയും 4,42,067 പേര്‍ രണ്ടാം വര്‍ഷ പരീക്ഷയും എഴുതും. എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി 2023 ഏപ്രില്‍ 3 മുതല്‍ 26 വരെയും ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍ മെയ് ആദ്യ വാരംവരെയും നടക്കും

ഫെബ്രുവരി 15 മുതല്‍ 25 വരെ നടന്ന എസ്.എസ്.എല്‍.സി ഐ.ടി പരീക്ഷ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി അറിയിച്ചു. 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് ഇക്കുറി പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2,13,801 ആണ്‍കുട്ടികളും 2,05,561 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുക.സര്‍ക്കാര്‍ മേഖലയില്‍ 1,170 സെന്ററുകളും എയ്ഡഡ്മേഖലയില്‍ 1,421പരീക്ഷ സെന്ററുകളും അണ്‍ എയ്ഡഡ്മേഖലയില്‍ 369 പരീക്ഷ സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാര്‍ത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്.

റഫറിയോട് ചോദിച്ചാണ് കിക്ക് എടുത്തത്, ലൂണ കേട്ടിരുന്നില്ലേ എന്ന് ഛേത്രി

0

കേരള ബ്ലാസ്റ്റേഴ്സിനെതിരായ നോക്കൗട്ട് മത്സരത്തിൽ താൻ എടുത്ത ഫ്രീ കിക്കിനെ ന്യായീകരിച്ച് ബെംഗളൂരു എഫ്സിയുടെ മുതിർന്ന താരം സുനിൽ ഛേത്രി. റഫറിയോട് ചോദിച്ചിട്ടാണ് താൻ ക്രിക്കെടുത്തതെന്നും ലൂണ അത് കേട്ടു എന്നാണ് തനിക്ക് തോന്നുന്നത് എന്നും ഛേത്രി മത്സരത്തിനു ശേഷം പ്രതികരിച്ചു. ഛേത്രിയുടെ വിവാദ ഗോളിൽ വിജയിച്ച ബെംഗളൂരു സെമി ഫൈനലിലെത്തി.

“റഫറി പറഞ്ഞു, മുഴക്കാൻ അദ്ദേഹത്തിനു വിസിലിൻ്റെയോ പ്ലയർ വാളിൻ്റെയോ ആവശ്യമില്ലെന്ന്. ഞാൻ ചോദിച്ചു, ഉറപ്പാണോ എന്ന്. അദ്ദേഹം ‘അതെ’ എന്ന് പറഞ്ഞു. ലൂണ അത് കേട്ടെന്ന് തോന്നുന്നു. അതുകൊണ്ടാണ് അദ്ദേഹം എന്നെ ഒരു തവണ ബ്ലോക്ക് ചെയ്യാൻ ശ്രമിച്ചത്. ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളി ബഹിഷ്കരിച്ചത് ശരിയായില്ല.”- ഛേത്രി പറഞ്ഞു.

നിശ്ചിത സമയവും കഴിഞ്ഞ് അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ സുനിൽ ഛേത്രി എടുത്ത ഫ്രീ കിക്കിൽ ബെംഗളൂരു ജയം കുറിക്കുകയായിരുന്നു. 97ആം മിനിട്ടിൽ നേടിയ ഗോളിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് ടീം കളം വിട്ടെങ്കിലും ബെംഗളൂരു ടീം തുടർന്നു. അധികസമയം അവസാനിക്കും വരെ ബെംഗളൂരു താരങ്ങൾ കളത്തിലുണ്ടായിരുന്നു. സമയം അവസാനിച്ചപ്പോൾ റഫറി ഫൈനൽ വിസിൽ മുഴക്കി ബെംഗളൂരുവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

നിശ്ചിത സമയത്ത് ഒരു ടീമുകളും ഗോൾ രഹിത സമനില വഴങ്ങിയ മത്സരത്തിൻ്റെ അധികസമയത്താണ് വിവാദമുണ്ടായത്. 97ആം മിനിട്ടിൽ ലഭിച്ച ഫ്രീ കിക്ക് പകരക്കാരനായെത്തിയ സുനിൽ ഛേത്രി പെട്ടെന്ന് വലയിലാക്കിയത് കേരള ബ്ലാസ്റ്റേഴ്സ് അംഗീകരിച്ചില്ല. തങ്ങൾ തയാറാവുന്നതിനു മുൻപാണ് ഛേത്രി കിക്കെടുത്തതെന്ന് താരങ്ങൾ വാദിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചു. തുടർന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമാനോവിച് താരങ്ങളെ തിരികെവിളിക്കുകയായിരുന്നു.

കളിക്കളത്തിൽ നിന്നും കയറിപ്പോയി; ബ്ലാസ്റ്റേഴ്സിന് വിലക്ക് വരുമോ

0

ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരത്തില്‍ എക്‌സ്ട്രാ ടൈമിലെ ഫ്രീ കിക്ക് ഗോളിനെച്ചൊല്ലി തര്‍ക്കിച്ച് ബ്ലാസ്‌റ്റേഴ്‌സ് കളി ഉപേക്ഷിച്ച് തിരിച്ചുകയറിയത് ഇന്ത്യന്‍ ഫുട്‌ബോളിന് തന്നെ നാണക്കേടായി എന്ന് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സിന് വിലക്ക് വരെ ലഭിച്ചേക്കാം. ഇന്ത്യന്‍ സൂപ്പര്‍ലീഗ് ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ് ഒരു ടീം മത്സരം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഗ്രൗണ്ട് വിടുന്നത്.

മാച്ച് കമ്മീഷണര്‍ ഇത് സംബന്ധിച്ച് നൽകിയ റിപ്പോര്‍ട്ട് എന്താണെന്ന് വ്യക്തമല്ല. ഇതോടൊപ്പം ബ്ലാസ്‌റ്റേഴ്‌സ് ഉന്നയിച്ച തെളിവും പരാതിയും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പരിശോധിച്ച് വരികയാണ്. ഫുട്‌ബോള്‍ ചട്ടപ്രകാരം കനത്ത നടപടി ബ്ലാസ്റ്റേഴ്‌സിനെതിരേ സ്വീകരിച്ചേക്കാം. അങ്ങനെയെങ്കില്‍ ഒരു സീസണ്‍ വിലക്ക് വന്നേക്കാം. അതല്ലെങ്കില്‍ കനത്ത തുക പിഴയായി നല്‍കേണ്ടി വരും. ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയില്‍ കാര്യമുണ്ടെന്ന് കണ്ടാല്‍ മത്സരം വീണ്ടും നടത്തുന്നത് പരിഗണിക്കപ്പെടാം.

കളിക്കളത്തിൽ നടന്നതും പ്രതിഷേധവും

ക്വിക്ക് റീ സ്റ്റാര്‍ട്ടില്‍ കളി വീണ്ടും ആരംഭിച്ചെന്നാണ് ബെംഗളൂരുവിന്റെ വാദം. ഫൗള്‍ സംഭവിച്ച് നിമിഷനേരത്തിനുള്ളില്‍ കളി പുനരാരംഭിക്കുന്നതിനെയാണ് ക്വിക്ക് റീ സ്റ്റാര്‍ട്ട് എന്ന് പറയുന്നത്. ഇത്തരത്തില്‍ മത്സരം വീണ്ടും തുടങ്ങാന്‍ റഫറി വിസില്‍ അടിക്കേണ്ടതില്ല. പക്ഷേ ഈ മത്സരത്തില്‍ ഫൗള്‍ കഴിഞ്ഞ് ഏറെ നേരം കഴിഞ്ഞാണ് ഛേത്രിയുടെ ഫ്രീ കിക്ക് ഗോള്‍ വരുന്നത്. ആ സമയത്ത് ഗോള്‍കീപ്പര്‍ പോലും സ്ഥാനം തെറ്റിയാണ് നിന്നിരുന്നത്‌. ഇതാണ് ബ്ലാസ്റ്റേഴ്‌സ് പ്രതിഷേധിക്കാനുള്ള കാരണവും.

ക്വിക്ക് റീസ്റ്റാര്‍ട്ടിലാണ് ഗോള്‍ അനുവദിച്ചത്. ഇതാവും മാച്ച് കമ്മീഷ്ണര്‍ നിലപാട്. എന്നാല്‍ അങ്ങനെയെല്ലെന്ന് തെളിയിക്കേണ്ടതുണ്ട് വീഡിയോ ബ്ലാസ്‌റ്റേഴ്‌സിന്. ലീഗ് റൗണ്ടിലാണ് ഇത്തരത്തില്‍ മത്സരം പൂര്‍ത്തിയാകുന്നതിന് മുമ്പ് ടീം കയറിപ്പോയതെങ്കില്‍ എതിര്‍ ടീമിന് മൂന്ന് ഗോള്‍ വിജയവും മൂന്ന് പോയിന്റുമാണ് അനുവദിക്കുക.

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസമായ സുനില്‍ ഛേത്രിയില്‍ നിന്ന് ഇത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ലെന്നും ടീമിനെ പിന്‍വലിക്കാനുള്ള വുകോമാനോവിച്ചിന്റെ തീരുമാനം കൃത്യമായിരുന്നെന്നും ആരാധകര്‍ കൂടെ നിൽക്കുന്നുണ്ട്. ‘അപമാനം സഹിച്ചു നില്‍ക്കാതെ തലയുയര്‍ത്തി മടങ്ങിയ ടീമിന് അഭിനന്ദനം’ എന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിനെ അഭിനന്ദിച്ച് പോസ്റ്റുകൾ വരുന്നുണ്ട്. പക്ഷെ ഇതൊന്നും നിയമങ്ങൾ തെറ്റിക്കുന്നതിന് സാധൂകരണമാവില്ല.

വന ഗ്രാമങ്ങളെ പുറത്തു ചാടിക്കാൻ പുതിയ പേരിൽ പദ്ധതി

വനത്തിനുള്ളിൽ താമസിക്കുന്നതും സ്വയം സന്നദ്ധരായി വരുന്നവരുമായ ആദിവാസി ഇതര കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ റീബിൽഡ് കേരള ഡെവലപ്‌മെന്റിന്റെ സ്വയം, സന്നദ്ധ പുനരധിവാസ പദ്ധതി ഇനി മുതൽ ‘നവകിരണം’ എന്ന പേരിൽ അറിയപ്പെടും. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജ് ലോഞ്ചിംഗ് വനം വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ നിർവ്വഹിച്ചു.

വനത്തിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങൾ മാറി താമസിക്കുന്നതു മൂലം വന്യജീവികൾക്ക് ആ സ്ഥലം ഉപയുക്തമാകുമെന്നും ഇതുവഴി മനുഷ്യ-വന്യജീവി സംഘർഷം ഒരു പരിധി വരെ കുറയ്ക്കാൻ കഴിയുമെന്നും മന്ത്രി അവകാശപ്പെട്ടു.

നവകിരണം പദ്ധതിയുടെ ഭാഗവത്തായ ഓരോ കുടുംബത്തിനും പുതിയ താമസ സ്ഥലത്ത് തൊഴിൽ നേടുന്നതിനായി ഒറ്റത്തവണ ഉപജീവന സഹായ പരിശീലനം/ നൈപുണ്യ നവീകരണ പരിശീലനം നൽകുന്നതിനുള്ള പദ്ധതിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലേക്കായി ഓരോ അർഹതപ്പെട്ട കുടുംബത്തിനും തയ്യൽ, ഡ്രൈവിംഗ്, ഇലക്ട്രിക്കൽ വർക്ക്, ഹോം നേഴ്‌സിംഗ് തുടങ്ങിയ ഉപജീവന സഹായ തൊഴിലുകൾക്ക് പരിശീലനം നൽകുന്നതിനുള്ള നടപടികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒരു കുടുംബത്തിൽപ്പെട്ടവർക്ക് പരിശീലനം നൽകുന്നതിന് 25000 രൂപ വരെ വിനിയോഗിക്കാം എന്നാണ് അറിയിപ്പ്.

വനാന്തരങ്ങളിൽ ഒറ്റപ്പെട്ടു താമസിക്കുന്നവർക്കും, വന്യജീവി ആക്രമണം, പ്രകൃതി ദുരന്തം എന്നിവ നിരന്തരം അഭിമുഖീകരിക്കുന്നവർക്കും, മെച്ചപ്പെട്ട ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ മറ്റു അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലഭിക്കാത്തതുമായ ജനങ്ങൾക്കിടയിൽ നവകിരണം പദ്ധതി എന്നാണ് വാഗാദാനം. ഓരോ അർഹതപ്പെട്ട കുടുംബത്തിനും 15 ലക്ഷം രൂപ വീതമാണ് പദ്ധതി തുകയായി നിശ്ചയിച്ചിട്ടുള്ളത്. പദ്ധതി പ്രദേശത്ത് താമസിക്കുന്ന അപേക്ഷകർക്ക് പദ്ധതിയുടെ അംഗീകൃത മാർഗ്ഗരേഖ പ്രകാരം യൂണിറ്റിന് അർഹതയുണ്ട്.

ഈ പദ്ധതിയിൽ ഇതുവരെ 479 കുടുംബങ്ങൾ ഭാഗവത്തായിട്ടുണ്ട്. ഇതിൽ 230 കുടുംബങ്ങളെ പൂർണ്ണമായും 249 കുടുംബങ്ങളെ ഭാഗികമായും പുനരധിവസിപ്പിച്ചിട്ടുണ്ട്. 53.1 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചിട്ടുള്ളത്. 687 അപേക്ഷകർ പരിശോധനയുടെ അവസാനഘട്ടത്തിലും 2200 അപേക്ഷകർ പരിശോധനയ്ക്ക് വിധേയമായിട്ടുള്ളതുമാണ് എന്നാണ് അറിയിപ്പ്.

എന്നാൽ വർഷങ്ങളായി നടപ്പാക്കുന്നു എന്നു പ്രഖ്യാപിച്ചിട്ടുള്ള ഈ പദ്ധതി ഇപ്പോഴും അവ്യക്തതയിലാണ് എന്ന് ആക്ഷേപമുണ്ട്. കേന്ദ്ര ഫണ്ടും ലോക പരിസ്ഥിതി വന്യജീവി ഏജൻസികളിൽ നിന്നുള്ള ഫണ്ടും ലഭ്യാമായിട്ടും ഇവ ഫലപ്രദമായി ജനങ്ങൾക്ക് ഉപകാര പ്രദമായ രീതിയിൽ പ്രയോജനപ്പെടുത്തുന്നില്ല എന്നാണ് ആക്ഷേപം. നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച് ഇപ്പോഴും കൃത്യവും വ്യക്തതയാർന്നതുമായ പദ്ധതികൾ ഇല്ല. നഷ്ടം നിശ്ചയിക്കുന്നത് തന്നെ വസ്തുതാപരമായ മാനദണ്ഡം ഉപയോഗിച്ചല്ല എന്നും പുനരിധിവാസ സന്നദ്ധരായിട്ടുള്ളവർ പറയുന്നു.

വനാന്തരങ്ങളിൽ ഒറ്റപ്പെട്ടു താമസിക്കുന്ന ആദിവാസി ഇതര ജനവിഭാഗങ്ങളെ മാറി താമസിപ്പിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് നവകിരണം പദ്ധതിയുടെ ലക്ഷ്യം. ഇപ്രകാരമുള്ള പ്രദേശത്ത് താമസിക്കുന്നവരുടെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിലാണ് നവകിരണം പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത് എന്നാണ് ഇപ്പോഴും സർക്കാർ വ്യക്തമാക്കുന്നത്.

ചടങ്ങിൽ വനം-വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, നവകിരണം പദ്ധതിയുടെ സ്‌പെഷ്യൽ ഓഫീസറായ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ, പി.സി.സി.എഫ് ജയപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

ത്രിപുരയിൽ സിപിഎം പ്രവർത്തകർക്ക് നേരെ ജെ സി ബി ആക്രമണം

ത്രിപുരയിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ സിപിഐഎം ഓഫീസുകൾക്കും പ്രവർത്തകരുടെ വീടുകൾക്കും നേരെ ബിജെപിയുടെ വ്യാപക ആക്രമണം. ബലോണിയയിൽ സിപിഐഎം പ്രവർത്തകന്റെ വീട് ജെസിബി ഉപയോഗിച്ചു തകർത്തു. ടെലിയമുറയിൽ സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസിന് നേരെയും വലിയ ആക്രമണമുണ്ടായിട്ടുണ്ടെന്നാണ് വിവരം. ഖേയർപൂരിൽ സിപിഐഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായതായി പാർട്ടി പ്രവർത്തകരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പണത്തിന്റെ സ്വാധീനം ഉപയോഗിച്ചാണ് ബിജെപി ത്രിപുര തെരഞ്ഞടുപ്പിൽ വിജയം നിലനിർത്തിയതെന്ന് ആരോപിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ രം​ഗത്തെത്തിയിരുന്നു. അക്രമ രാഷ്ട്രീയമാണ് ബിജെപി മുന്നിട്ട് വെച്ചത്. നേരിയ വിജയം മാത്രമാണ് ബിജെപിക്ക് ഉണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ അവർക്ക് സീറ്റുകൾ കുറവാണ് എന്നും സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു.

അക്രമത്തിൽ പ്രവർത്തകർ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതോടെ തെരഞ്ഞെടുപ്പിന് മൂന്ന് മാസം ബാക്കി നിൽക്കുമ്പോൾ പോലും തങ്ങൾക്ക് പ്രചാരണം നടത്താൻ സാധിച്ചില്ല. എന്നിട്ടും ഇവയെല്ലാം അതിജീവിച്ചു പാർട്ടിയുടെ കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്നും യെച്ചൂരി വ്യക്തമാക്കി.

വീട്ടിൽ വിരുന്നെത്തിയ യുവതിയുടെ പരാതിയിൽ മൊറോക്കൻ താരം അഷ്റഫ് ഹക്കീമിക്ക് എതിരെ കേസ്

0

പീഡന ആരോപണത്തിന് പിന്നാലെ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ ഫുള്‍ബാക്ക് അഷ്‌റഫ് ഹക്കീമിക്കെതിരേ ബലാല്‍സംഗക്കുറ്റം ചുമത്തി. വ്യാഴാഴ്ച താരത്തെ ചോദ്യം ചെയ്തതിന് ശേഷമാണ് ഫ്രഞ്ച് പ്രോസിക്യൂട്ടര്‍
ക്രിമിനൽ കേസ് ചുമത്തിയത്.

എന്നാല്‍ വെള്ളിയാഴ്ച രാവിലെ പിഎസ്ജിക്കായി താരം പരിശീലനത്തിനിറങ്ങിയിരുന്നുവെന്നും ഫ്രഞ്ച് മാധ്യമമായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ക്ലബ്ബ് ഹക്കീമിക്ക് ഒപ്പം രംഗത്ത് എത്തിയിട്ടുമുണ്ട്. അപമതി ഉണ്ടാക്കാൻ ശ്രമിക്കുന്ന റാക്കറ്റിൻ്റെ പ്രവർത്തി എന്നാണ് കേസിനെ വിശേഷിപ്പിച്ചത്.

ഇതിനിടെ കേസ് വാർത്തയായതോടെ ഹക്കീമിയുടെ കാമുകി ഹിബ അബോക്ക് തെറ്റി പിരിഞ്ഞതായും വാർത്ത വന്നു. അവരുടെ ഒന്നിച്ചുള്ള ഇൻസ്റ്റാ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തതോടെയാണ് ഇത്.

ഫെബ്രുവരി 25 നാണ് കേസിന് ആസ്പദമായ സംഭവം. ഫ്രാന്‍സിലെ ബുലോയ്‌നിലുള്ള ഹക്കീമിയുടെ വീട്ടില്‍ വെച്ച് പീഡനം നടന്നുവെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിന് പിന്നാലെ സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് രക്ഷപ്പെട്ടതെന്നും യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.

എന്നാല്‍ പരാതി നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പബ്ബിക് പ്രോസിക്യൂട്ടര്‍ സ്വമേധയാ നിയമനടപടി സ്വീകരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്. സംഭവുമായി ബന്ധപ്പെട്ട് ക്ലബ് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

തിങ്കളാഴ്ച പാരിസില്‍ വെച്ച് നടന്ന ഫിഫ ബെസ്റ്റ് അവാര്‍ഡ് ദാന ചടങ്ങില്‍ ഹക്കീമി പങ്കെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഇലവനിലും ഹക്കീമി ഇടംനേടി. മൊറോക്കോയെ ലോക കപ്പ് ഫുട്ബോൾ സെമിയിൽ എത്തിച്ച് ചരിത്രത്തിൽ ഇടം നേടിയ താരമാണ്.

തനിക്കെതിരെ ഗൂഢാലോചന തുടരുന്നു, ആരെന്ന് സമയമാകുമ്പോൾ പറയും- ഇ പി ജയരാജൻ

തനിക്കെതിരെ ഗൂഢാലോചന തുടരുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ആരാണ് ഗൂഢാലോചന നടത്തുന്നതെന്ന് സമയമാകുമ്പോൾ പറയും. കണ്ണൂരിലെ വൈദേകം റിസോർട്ടുമായി ബന്ധമില്ല. ആദായ നികുതി വകുപ്പ് ടിഡിഎസ് വിഭാഗമാണ് പരിശോധന നടത്തിയതെന്നും ഇ പി ജയരാജൻ പ്രതികരിച്ചു. 

വൈദേകം റിസോർട്ട് കേന്ദ്രീകരിച്ചുള്ള വിവാദത്തിന് പിന്നാലെ കേന്ദ്ര നികുതി വകുപ്പ് പരിശോധന നടന്നതോടെയാണ് ഇ.പി ജയരാജന്റെ ഗൂഢാലോചനാ ആരോപണം. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു. ആരാണ് പിന്നിലെന്നറിയാം. സമയമാകുമ്പോൾ പറയും.

പാർട്ടിയിൽ നിന്നാണോ ഗൂഢാലോചനയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ. ടിഡിഎസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയാണ് ആദായനികുതി വകുപ്പ് നടത്തിയതെന്നും ഇ പി ജയരാജൻ പ്രതികരിച്ചു. കൊച്ചിയിലെ മാധ്യമ പ്രവർത്തകൻ നൽകിയ പരാതിയിൽ വൈദേകം റിസോർട്ടിനെതിരെ ഇ.ഡിയും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കേരള മോഹം അതിരു കവിഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിലും ബി.ജെ.പി. സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗ്ഗീയ ശക്തികൾക്ക് കേരള മണ്ണിൽ സ്ഥാനമില്ല. മതനിരപേക്ഷതയുടെ കേരളമാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനിരിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലത്തിന് തുടർച്ചയായി, കേരളത്തിലും ബി.ജെ.പി. അധികാരത്തിലേറുംമെന്ന് ആത്മവിശ്വാസമുണ്ടെന്ന് പറഞ്ഞ് മോഡി രംഗത്ത് എത്തിയിരുന്നു. ഇതിനു മറുപടിയായാണ് മുഖ്യമന്ത്രിയുടെ എഫ് ബി പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണ്. ന്യൂനപക്ഷങ്ങള്‍ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിനു കാരണക്കാര്‍ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ ബോധ്യമുള്ളവരാണ് ഈ നാട്ടുകാര്‍. സംഘപരിവാറില്‍ നിന്ന് കൊടിയ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപി അനുകൂല നിലപാടിലെത്താനാവില്ല.

ചില താല്‍ക്കാലിക ലാഭങ്ങള്‍ക്കായി ആരെങ്കിലും നടത്തുന്ന നീക്കുപോക്കുകള്‍ ന്യൂനപക്ഷത്തിന്റെ പൊതുസ്വഭാവമാണെന്ന് കരുതുന്നത് ഭീമാബദ്ധമാണ്. വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഈ നാട് എക്കാലത്തും വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷതയുടെ കേരളമാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനുള്ളത്.

ജനങ്ങൾ മോഡിക്ക് വേണ്ടി പ്രാർഥിക്കുന്നു; കോൺഗ്രസിനെ ദൈവം കേൾക്കില്ല, – അമിത് ഷാ

0

കോണ്‍ഗ്രസും എ.എ.പി.യും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നു, എന്നാല്‍ മോഡിയുടെ ദീര്‍ഘായുസ്സിനായി രാജ്യത്തെ ജനങ്ങള്‍ പ്രാര്‍ഥിക്കുന്നതിനാല്‍ ദൈവം നിങ്ങളെ കേള്‍ക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കര്‍ണാടകയിലെ ബിദറില്‍ ബി ജെ പി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പു ഫലങ്ങള്‍ വന്നതോടെ ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളില്‍നിന്ന് കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിനു കീഴില്‍ കോണ്‍ഗ്രസ് അനുദിനം കൂപ്പുകുത്തുകയാണ്. അവരെയിപ്പോള്‍ ബൈനോകുലറില്‍ക്കൂടി നോക്കിയാല്‍പ്പോലും കാണാനാവാത്ത വിധം തോറ്റുപോയെന്നും അമിത്ഷാ പറഞ്ഞു.

ബി.ജെ.പി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവേശിക്കില്ലെന്ന് പറഞ്ഞവരുണ്ടായിരുന്നു. ഇപ്പോള്‍ രണ്ടുപ്രാവശ്യമായി ബി.ജെ.പി.യും എന്‍.ഡി.എ.യും ചേര്‍ന്ന് അവിടെ സര്‍ക്കാര്‍ രൂപവത്കരിച്ചു. മോഡി മാജിക്ക് എല്ലായിടത്തും സാധ്യമാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രമാണ് ബാക്കി. കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ ഇത് അഞ്ചാംതവണയാണ് ഷാ ദക്ഷിണേന്ത്യയിൽ എത്തുന്നത്.

കണ്ണൂരിൽ കാർ കത്തി ഗർഭിണിയായ ഭാര്യയും ഭർത്താവും മരിച്ച സംഭവത്തിൽ അകത്ത് പെട്രോൾ സാന്നിധ്യമെന്ന് ഫൊറൻസിക് റിപ്പോർട്ട്

കണ്ണൂരിൽ കാറ് കത്തി ദമ്പതിമാർ മരിച്ച സംഭവത്തിൽ കാറിനുള്ളിൽ പെട്രോൾ സാന്നിധ്യം സ്ഥിരീകരിച്ച് ഫൊറൻസിക് റിപ്പോർട്ട്. ഒരുമാസത്തോളം നീണ്ട പരിശോധകൾക്ക് ശേഷം തയാറാക്കിയ ഫൊറൻസിക് റിപ്പോർട്ട് തളിപ്പറമ്പ് സബ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.

ഫെബ്രുവരി രണ്ടിനായിരുന്നു അപകടം. കുറ്റ്യാട്ടൂർ സ്വദേശികളായ റീഷയും പ്രജിത്തുമായിരുന്നു കാറിലുണ്ടായിരുന്നത്. കാറിൽ നിന്ന് ഇറങ്ങിപ്പോകാൻ പറ്റാത്തവിധത്തിൽ തീപിടിത്തമുണ്ടാകാനുള്ള കാരണമെന്തായിരുന്നു എന്ന സംശയം പരക്കെ ഉന്നയിക്കപ്പെട്ടിരുന്നു. ഷോർട്ട് സർക്യൂട്ട് മൂലം ഉണ്ടായ തീയുടെ തീവ്രത ഇത്രയും വർധിക്കാനുള്ള കാരണം എന്തായിരുന്നു എന്നും ചോദ്യം ഉയർന്നു. കാറിനുള്ളിൽ വെള്ളം മാത്രമായിരുന്നു ഉണ്ടായിരുന്നത്, പെട്രോൾ സൂക്ഷിച്ചിരുന്നില്ല എന്നായിരുന്നു റീഷയുടെ അച്ഛൻ പറഞ്ഞിരുന്നത്. അച്ഛനും അമ്മയും പിന്നിലാണ് ഇരുന്നിരുന്നത്. ഇവർ രക്ഷപെട്ടു.

അപകടത്തിന് രണ്ടാമത്തെ ദിവസം നടത്തിയ പരിശോധനയിൽ കാറിൽ പെട്രോളിന്റെ സാന്നിധ്യം ഫൊറൻസിക് സംഘം കണ്ടെത്തിയിരുന്നു.

കുപ്പിക്കുള്ളിൽ ഉണ്ടായിരുന്നത് വെള്ളമായിരുന്നില്ല പെട്രോളായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, യാതൊരു തരത്തിലും പെട്രോൾ കാറിൽ സൂക്ഷിച്ചിരുന്നില്ല. അപകടത്തിന് തലേ ദിവസം മാഹിയിൽ നിന്ന് പെട്രോൾ അടിച്ചിരുന്നു. അതുകൊണ്ട് തന്നെ പെട്രോൾ സൂക്ഷിക്കേണ്ട സാഹചര്യം ഇല്ല എന്നാണ് കുടുംബം വ്യക്തമാക്കുന്നത്.

പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യ റീ​ഷ​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​ക​വെ​യാ​ണ് കാ​റി​ന് തീ​പി​ടി​ച്ച​ത്. അപകടം ഉണ്ടായ സമയത്ത് ആറ് പേരാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ പിൻ സീറ്റിലുണ്ടായിരുന്ന ഒരു കുട്ടി ഉൾപ്പെടേ നാല് പേര്‍ അപകടത്തില്‍ നിന്ന് അത്ഭുതരകമായി രക്ഷപ്പെട്ടു. 

പ്രസവ തീയതി അടുത്തതിനാൽ അഡ്മിറ്റാവാനായി വസ്ത്രങ്ങളുൾപ്പെടെ എല്ലാ തയ്യാറെടുപ്പുകളോടും കൂടിയായിരുന്നു റീഷയും കുടുംബവും ആശുപത്രിയിലേക്ക് പുറപ്പെട്ടത്. പിറകിലുള്ള വാഹനത്തിലുണ്ടായിരുന്നവർ കാറിൽ നിന്നും തീ പടരുന്നത് കണ്ട് കണ്ട് പാഞ്ഞെത്തി. എന്നാൽ കാറിന്റെ ഡോർ ലോക്കായി  കൈകൾ പുറത്തിട്ട് രക്ഷിക്കുവാനായി നിലവിളിക്കുകയായിരുന്നു കുടുംബം. മരിച്ച പ്രജിത്ത് തന്നെയാണ് കാറിന്റെ ബാക്ക് ഡോർ ശ്രമപ്പെട്ട് തുറന്ന് നൽകിയത്. ഇരുന്നൂറ് മീറ്റർ മാത്രം അകലെയുള്ള ഫയർ സ്റ്റേഷനിൽ നിന്നും വാഹനമെത്തി തീയണച്ചപ്പോഴേക്കും റീഷയും പ്രജീത്തും വെന്തുതീർന്നിരുന്നു. പിൻസീറ്റിലുണ്ടായിരുന്ന റീഷയുടെ ഏഴ് വയസുകാരി ശ്രീ പാർവ്വതി, അച്ഛൻ വിശ്വനാഥൻ, അമ്മ ശോഭന, മകൾ ഇളയമ്മ സജ്ന എന്നിവരെ രക്ഷിക്കാനായി.