തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പത്ത് മടങ്ങ് വര്‍ധിച്ചു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം(സിഎംഎഫ്ആര്‍ഐ) നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 2004-2013 കാലയളവില്‍ പ്രതിവര്‍ഷം 0.3 ശതമാനമായിരുന്നത് 2013-2023 കാലയളവില്‍ പ്രതിവര്‍ഷം മൂന്നു ശതമാനമായി കുത്തനെ കൂടി.

കേരളത്തിനു പുറമെ കര്‍ണാടക, ഗോവ തീരങ്ങളിലാണ് തിമിംഗിലങ്ങള്‍ ഏറ്റവും കൂടുതല്‍ ചത്തടിയുന്നത്. ഉയര്‍ന്ന അളവിലുള്ള കപ്പല്‍ ഗതാഗതം, മത്സ്യബന്ധനം, പാരിസ്ഥിതിക ഘടകങ്ങള്‍, ആഴം കുറഞ്ഞ തീരക്കടല്‍ എന്നിവ ഈ പ്രവണതയ്ക്ക് ആക്കം കൂട്ടുന്നു. കടലിലെ ശബ്ദമലിനീകരണം, കപ്പല്‍ അപകടങ്ങള്‍, ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ച എന്നിവയും തിമിംഗിലങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന ശ്രദ്ധയും ഉയര്‍ന്ന പൗരബോധവുമാണ് തിമിംഗിലങ്ങള്‍ ചത്തടിയുന്ന സംഭവങ്ങള്‍ പെട്ടെന്ന് പുറത്തറിയാന്‍ സഹായിക്കുന്നത്.

ബ്രൈഡ്‌സ് തിമിംഗിലമാണ് കൂടുതലായി ചത്തടിയുന്നത്. 2023ല്‍ മാത്രം ഒന്‍പത് തിമിംഗിലങ്ങളാണ് ചത്തടിഞ്ഞത്. ഓഗസ്റ്റ്്-നവംബര്‍ കാലയളവിലാണ് കൂടുതല്‍ എണ്ണത്തെ കണ്ടെത്തിയത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നു റീജണല്‍ സ്റ്റഡീസ് ഇന്‍ മറൈന്‍ സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു.

കാലവര്‍ഷത്തോടനുബന്ധിച്ച് പടിഞ്ഞാറന്‍ തീരക്കടലുകളിലെ ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത ചെറുമത്സ്യങ്ങളുടെ വര്‍ധനവിന് സഹായകരമാകും. ഇതിനെ ലക്ഷ്യം വെച്ച് തീരക്കടലിലേക്ക് നീങ്ങുന്ന തിമിംഗിലങ്ങള്‍ പലപ്പോഴും കരയോട് ചേര്‍ന്ന ആഴം കുറഞ്ഞ പ്രദേശങ്ങളില്‍ കുടുങ്ങുകയോ കരക്കടിയുകയോ ചെയ്യും. ഇതോടൊപ്പം പ്രക്ഷുബ്ധമായ കടല്‍ കാരണം ദിശയറിയാനുള്ള ശേഷി നഷ്ടപ്പെട്ട് തീരത്തെത്തിപ്പെടുന്നതും മണ്‍സൂണ്‍ സമയത്ത് തിമിംഗിലങ്ങള്‍ കൂടുതലായി ചത്തടിയാന്‍ കാരണമാകുന്നു.

സമുദ്രോപരിതല താപനില കൂടുന്നതും തിമിംഗിലങ്ങള്‍ക്ക് വിനയാകുന്നു. താപനില വര്‍ധിക്കുന്നത് മൂലം സമുദ്ര ആവാസവ്യവസ്ഥയിലുണ്ടാകുന്ന തടസങ്ങള്‍ തിമിംഗിലങ്ങള്‍ തീരക്കടലുകളിലേക്ക് ഒഴുകിപ്പോകാന്‍ ഇടവരുത്തുന്നു. പരുക്കേറ്റതും ചത്തതുമായ തിമിംഗിലങ്ങളെ ശക്തമായ ഒഴുക്ക് തീരങ്ങളിലേക്ക് എത്തിക്കുന്നുവെന്നും പഠനം പറയുന്നു.

ഈ ഗുരുതര സാഹചര്യം നേരിടുന്നതിന് ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിലുള്ള സംരക്ഷണ പദ്ധതികളാണ് വേണ്ടതെന്നു പഠനത്തിനു നേതൃത്വം നല്‍കിയ സീനിയര്‍ സയന്റിസ്റ്റ് ഡോ. ആര്‍ രതീഷ്‌കുമാര്‍ പറഞ്ഞു. തത്സമയ മുന്നറിയിപ്പുകളും തിമിംഗില സംരക്ഷണ ശൃംഖലകളും ആവശ്യമാണെന്നു നിര്‍ദേശിക്കുന്ന പഠനം, മത്സ്യത്തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കല്‍, വിവര ശേഖരണത്തിന് സിറ്റിസണ്‍ സയന്‍സ് ശക്തിപ്പെടുത്തല്‍ എന്നിവയുടെ അനിവാര്യതയും ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ സമുദ്ര സസ്തനികളുമായി ബന്ധപ്പെട്ട ദേശീയ ഗവേഷണ പ്രൊജക്ടിനു കീഴിലാണ് പഠനം നടന്നത്.

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ വാർഷിക ദിനമായ ആഗസ്ത് 7 ന് കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻ്റിനു സമീപം കൈരളി തിയറ്ററിലെ വേദി ഹാളിൽ വിപുലമായ അനുസ്മരണ പരിപാടി സംഘടിപ്പിക്കുകയാണ്. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ യുടെ അധ്യക്ഷതയിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി വൈകീട്ട് അഞ്ചിന് ഉൽഘാടനം ചെയ്യുന്ന പരിപാടിയിൽ മേയർ ബീന എം ഫിലിപ്പ് മുഖ്യ അതിഥിയായിരിക്കും. കാലിക്കറ്റ് പ്രസ് ക്ലബ്ബ് സെക്രട്ടറി സജിത് കുമാർ, ഗായകരായ ബിനീഷ് വിദ്യാധരൻ, പ്രഭാകരൻ ഇരിങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. തിക്കോടി ശ്രീ ത്യാഗരാജ സംഗീത കോളജ് വിദ്യാർത്ഥികളായ ദേവിക എസ് യു, അനന്ത പാർവ്വതി, അമേയ, അനിൽ കുമാർ പയ്യോളി, പി ടി വി രാജീവൻ, കബീർ തിക്കോടി തുടങ്ങി ഇരുപതോളം പേർ സംഗീത അർച്ചന നടത്തും. തുടർന്ന് മറാത്തെയുടെ പ്രഥമ ശിഷ്യനായ പണ്ഡിറ്റ് സി എസ് അനിൽദാസ് ഹിന്ദുസ്ഥാനി സംഗീത കച്ചേരി അവതരിപ്പിക്കും. നാരായണൻ മൂടാടി, അജിത് തലശ്ശേരി, ശശി പൂക്കാട്, വിനോദ് ശങ്കർ എന്നിവർ കച്ചേരിക്ക് പക്കമേളം അകമ്പടി സേവിക്കും.

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നു

ചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം കുറയുന്നു;

കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലയെ ബാധിക്കുന്നത് പ്രതീക്ഷിച്ചതിലും ഗുരുതരമായി

കാലാവസ്ഥാ വ്യതിയാനം കടല്‍മത്സ്യ മേഖലയെ ഗുരുതരമായി ബാധിക്കുന്നതായി സമുദ്രശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. മത്സ്യങ്ങളുടെ ജൈവപരമായ മാറ്റങ്ങള്‍, പാരിസ്ഥിതിക വ്യതിയാനങ്ങള്‍ തുടങ്ങി അനേകം പ്ര്യത്യാഘാതങ്ങള്‍ക്ക് കാലാവസ്ഥാവ്യതിയാനം കാരണമാകുന്നതായും ശാസ്ത്രജ്ഞര്‍ പറയുന്നു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സോഷ്യല്‍ സയന്‍സസും ചേര്‍ന്ന് കൊച്ചിയില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറിലാണ് ഈ കണ്ടെത്തലുകള്‍ ശാസ്ത്രജ്ഞര്‍ പങ്കുവെച്ചിരിക്കുന്നത്.

മത്സ്യങ്ങളുടെ ജീവിതചക്രത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നതായി സെമിനാറില്‍ അധ്യക്ഷത വഹിച്ച സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. പല മത്സ്യങ്ങളും മതിയായ വളര്‍ച്ചയെത്താതെ തന്നെ പ്രജനനത്തിന് പാകമാകുന്നു. നേരത്തെ 410 ഗ്രാമം വളര്‍ച്ചയിലെത്തുമ്പോള്‍ പ്രജനനം നടന്നിരുന്ന ആവോലി ഇപ്പോള്‍ 280 ഗ്രാം വളര്‍ച്ചയെത്തുമ്പോള്‍ അതിലേക്കു കടക്കുന്നു. തീരദേശ ചെമ്മീനുകള്‍, മത്തി, അയല എന്നിവയുടെ വലുപ്പവും പ്രത്യുല്‍പ്പാദന ശേഷിയും കുറയുന്നത് മത്സ്യസമ്പത്തിനെ ബാധിക്കുന്നു. ഭക്ഷ്യലഭ്യത, മഴ, സമുദ്രത്തിലെ ജലപ്രവാഹം, ഓക്‌സിജന്റെ അളവ് എന്നിവയിലുണ്ടായ മാറ്റങ്ങള്‍ കാരണം മത്തി പോലുള്ള മത്സ്യങ്ങള്‍ അനുകൂലമായ പ്രദേശങ്ങളിലേക്കു പാലായനം ചെയ്യുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെയും ബാധിക്കുന്നു. ഇത് ജൈവവൈവിധ്യത്തിനും തീരദേശ സംരക്ഷണത്തിനും ഭീഷണിയാണ്. കാലാവസ്ഥാ പ്രവചനവും മത്സ്യലഭ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പുകളും കൂടുതല്‍ കൃത്യവും കാര്യക്ഷമവുമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം ലക്ഷദ്വീപിലെ ആവാസവ്യവസ്ഥയെ സാരമായി ബാധിച്ചതായി കേന്ദ്ര ഫിഷറീസ് ഡെവലപ്മെന്റ് കമ്മിഷണര്‍ ഡോ കെ. മുഹമ്മദ് കോയ ചൂണ്ടിക്കാട്ടി. കടല്‍പ്പുല്ല് നിറഞ്ഞ പ്രദേശങ്ങള്‍ നശിച്ചു. ഇത് പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. കടല്‍പായല്‍ കൃഷി ചെയ്യുന്ന് ലക്ഷദ്വീപിലെ മത്സ്യബന്ധന മേഖലയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാവ്യതിയാനം കാരണം രണ്ടായിരത്തിനുശേഷം തീരശോഷണം ഗണ്യമായി വര്‍ധിച്ചുവരികയാണെന്ന് സിക്കിം സര്‍ക്കാരിന്റെ കാലാവസ്ഥാ വ്യതിയാന ഉപദേഷ്ടാവ് പ്രൊഫ. വിനോദ് ശര്‍മ പറഞ്ഞു. അറബിക്കടലില്‍ അടുത്തിടെയായി ചുഴലിക്കാറ്റുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ഇത് തീരപ്രദേശങ്ങളില്‍ ഉപ്പുവെള്ളം കയറുന്നതിന് കാരണമാകുകയും തീരദേശ മേഖലകളില്‍ താമസിക്കുന്നവരുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന സെമിനാര്‍ ഫിഷറി സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ. കെ.ആര്‍. ശ്രീനാഥ് ഉദ്ഘാടനം ചെയ്തു.

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു. അഞ്ച് വർഷത്തോളമായി പൊതുപരിപാടികളിൽ നിന്ന് മാറി തിരുവനന്തപുരത്തെ ബാർട്ടൻ ഹില്ലിലുള്ള മകൻ അരുണിന്റെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ജൂൺ 23ന് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം എസ്.യു.ടി. ആശുപത്രിയിൽ എത്തിച്ചു. അതിതീവ്ര പരിചരണത്തിലായിരുന്നു. 2025 ജൂലൈ 21 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.20 നാണ് അന്ത്യം സംഭവിച്ചത്.

1923 ഒക്ടോബർ 20 ജനിച്ച വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസ് അച്യുതാനന്ദൻ തന്റെ ത്യാഗ പൂർണമായ ജീവിതത്തിലൂടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ മുന്നിൽ നിന്നു നയിച്ച വ്യക്തിത്വമാണ്.

കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ കേരള ഭരണത്തിൽ നിർണ്ണായക സ്ഥാനങ്ങളിലെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം, എൽഡിഎഫ് കൺവിനർ അങ്ങനെ ഇടത് രാഷ്ട്രീയത്തിന്റെ വിവിധ മേഖലകളിൽ വിഎസ് നിസ്തുല സംഭാവനകൾ.

ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെ രാഷ്ടീയത്തിൽ പ്രവേശിച്ച വിഎസ് 1938ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്നു. 1940 ൽ ആണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യയിൽ അംഗമാകുന്നത്. 1946ൽ പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായി. 1964 ൽ സിപിഐ ദേശീയ കൌൺസിൽ വിട്ട് സിപിഎം രൂപീകരിച്ച 32 നേതാക്കളിൽ ജീവിച്ചിരിക്കുന്ന ഒരേയൊരു വ്യക്തിയാണ് അദ്ദേഹം.

1967 ലെ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്ന് ജയിച്ചാണ് വിഎസ് ആദ്യമായി നിയമസഭയിൽ എത്തുന്നത്. 1980 മുതൽ തുടർച്ചയായി മൂന്ന് തവണ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയും വിഎസ് വഹിച്ചു. 1985ൽ പോളിറ്റ് ബ്യൂറോ അംഗമായി. 2006ൽ കേരളത്തിന്റഎ 20-ാമത്തെ മുഖ്യന്ത്രിയായി. 2001 ലും 2011 ലും പ്രതിപക്ഷനേതാവിന്റെ സ്ഥാനവും അദ്ദേഹം വഹിച്ചു.

ഉടനീളം കത്തിജ്വലിച്ച ജീവിതം

നാലാംവയസ്സില്‍ അമ്മയും പതിനൊന്നാം വയസ്സില്‍ അച്ഛനും മരിച്ചതോടെ പന്ത്രണ്ടാം വയസ്സില്‍ ജ്യേഷ്ഠൻ ഗംഗാധരന്‍റെ തയ്യല്‍ക്കടയിൽ സഹായിയായി. പിന്നീട് ആസ്പിന്‍വാൾ കയർ ഫാക്ടറിയില്‍ തൊഴിലാളിയായ വിഎസ് 1939 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി.

1940 ൽ പതിനേഴാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. പുന്നപ്ര-വയലാര്‍ സമരത്തിന്‍റെ ഭാഗമായി 1946 ഒക്ടോബര്‍ 28 ന് പൊലീസിന്റെ പിടിയിലായി. പൂഞ്ഞാര്‍ ലോക്കപ്പില്‍വച്ച് അനുഭവിച്ചത് കൊടിയ മര്‍ദനങ്ങളാണ്. പൊലീസുകാർ തോക്കിന്‍റെ ബയണറ്റ് കാല്‍വെള്ളയില്‍ തുളച്ചിറക്കി. അന്ന് മരിച്ചെന്ന് കരുതി പൊലീസ് ഉപേക്ഷിച്ചതാണ്.

പുന്നപ്ര-വയലാര്‍ സമരത്തിന്‍റെ പേരില്‍ വിഎസ് മൂന്നുവര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടു. രാഷ്ട്രീയ ജീവിതത്തിൽ വിഎസ് അഞ്ചുവര്‍ഷവും എട്ടുമാസവും ജയില്‍ജീവിതവും നാലരവര്‍ഷം ഒളിവുജീവിതവും നയിച്ചിട്ടുണ്ട്. പുന്നപ്ര-വയലാര്‍ സമരത്തിന്‍റെ പേരിൽ മൂന്നുവര്‍ഷത്തെ ശിക്ഷയ്ക്ക് ശേഷം 1963 ല്‍ ചൈനീസ് ചാരന്‍ എന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു വര്‍ഷം നീണ്ട ജയില്‍വാസം. പിന്നീട്, 1975ല്‍ അടിയന്തരാവസ്ഥയെ തുടര്‍ന്ന് 20 മാസം ജയില്‍ വാസം അനുഭവിച്ചു. അങ്ങനെ യൗവനകാലം മുഴുവൻ വേട്ടയാടപ്പെട്ടവനായി.

കുട്ടനാടിന്റെ ഭാഷയും മനസും സ്വന്തമാക്കിയ പതിനെട്ടുകാരൻ

സഖാവ് പി കൃഷ്ണപിള്ളയാണ് വി എസിനെ കണ്ടെത്തി, കുട്ടനാട്ടില്‍ കര്‍ഷകത്തൊഴിലാളികള്‍ക്കായി പ്രവര്‍ത്തിക്കാന്‍ പറഞ്ഞയച്ചത്. കര്‍ഷത്തൊഴിലാളികളുമായി നിരന്തരം സംസാരിച്ച് അവരുടെ ഭാഷ മനസ്സിലാക്കി, ആ സംസാരരീതി തന്റെ പ്രസംഗശൈലിയാക്കി മാറ്റിയയാളാണ് വി.എസ്.

1940-കളിൽ അദ്ദേഹം ആദ്യത്തെ, മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ചപ്പാടിലുള്ള തൊഴിലാളി പ്രസ്ഥാനത്തിന് തുടക്കമിട്ടു. കുട്ടനാട്ടിലെ കൈനകരിയിലെ ചെറുകാലിക്കായല്‍ പാടവരമ്പത്താണ് ആദ്യ യോഗം ചേര്‍ന്നത്. സര്‍ സി പിയുടെ രാജഭരണവും ക്രൂരവാഴ്ചയുമായിരുന്ന അക്കാലത്ത് യോഗം ചേരാൻ അനുമതിയുണ്ടായിരുന്നില്ല. അവിടെ ജാനകി എന്ന കര്‍ഷകത്തൊഴിലാളി സ്ത്രീയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. അന്ന് വി എസിന് 18 വയസ്സ് തന്നെ ആയിട്ടില്ല. ആ സമ്മേളനത്തിലുണ്ടായിരുന്നവരിൽ അവസാന കണ്ണിയാണ് വി എസ്.

വി. എസ് അച്യുതാനന്ദൻ, രാഷ്ട്രീയ റെക്കോർഡുകൾ

  • ഏറ്റവും കൂടുതൽ കാലം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന മാർക്സിസ്റ്റ് പാർട്ടി നേതാവ്. (2011-2016, 2001-2006, 1992-1996)
  • കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായി ആകെ 5150 ദിവസം. (14 വർഷം, 1 മാസം, 5 ദിവസം)
  • കേരള നിയമസഭാംഗമായി ആകെ 12652 ദിവസം. (34 വർഷം, 7 മാസം, 21 ദിവസം)
  • കേരളത്തിൻ്റെ മുഖ്യമന്ത്രിയായി ആകെ 1826 ദിവസം. (5 വർഷം) (2006-2011)
  • പതിനാലാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം. (97 വയസ്, 2021 മെയ് 3)
  • പന്ത്രണ്ടാം കേരള നിയമസഭയിൽ മാർക്സിസ്റ്റ് പാർട്ടിയുടെ ഏറ്റവും പ്രായം കൂടിയ നിയമസഭാ കക്ഷി നേതാവ്. 2006 മെയ് 18ന് കേരളത്തിൻ്റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ 83 വയസ്
  • ആകെ പത്ത് തവണ നിയമസഭയിലേയ്ക്ക് മത്സരിച്ചതിൽ ഏഴ് തവണ വിജയിച്ചു. (2016, 2011, 2006, 2001, 1991, 1970, 1967). മൂന്ന് പ്രാവശ്യം പരാജയപ്പെട്ടു. (1996, 1977, 1965)
  • ഏറ്റവും കൂടുതൽ തവണ മലമ്പുഴയിൽ നിന്ന് തുടർച്ചയായി 20 വർഷം നിയമസഭാംഗമായ മാർക്സിസ്റ്റ് പാർട്ടി നേതാവ്. (2016, 2011, 2006, 2001)
  • ഏറ്റവും കൂടിയ പ്രായത്തിൽ പതിനാലാം കേരള നിയമസഭയിലെ ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ.(93 വയസ്, 2016 മെയ് 25) ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ ഒറ്റത്തവണയായി അഞ്ച് വർഷം. (2016-2021)
  • പത്താം കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചപ്പോൾ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പാർട്ടി നിശ്ചയിച്ചിരുന്ന വി.എസ് അച്യുതാനന്ദൻ നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. (1996-മാരാരിക്കുളം)
  • വി.എസ് അച്യുതാനന്ദൻ നിയമസഭയിലേക്ക് ജയിക്കുമ്പോൾ സംസ്ഥാനത്ത് മാർക്സിസ്റ്റ് പാർട്ടി നേതൃത്വം നൽകിയ ഇടതുമുന്നണി പരാജയപ്പെട്ടു. (1991, 2001, 2011 നിയമസഭ തിരഞ്ഞെടുപ്പുകൾ)
  • പിണറായി വിജയനും (17 വർഷം) (1998-2015) ഇ.കെ നായനാർക്കും (13 വർഷം) (1991-1996, 1972-1980) ശേഷം ഏറ്റവും കൂടുതൽ കാലം (11 വർഷം) കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ (1980-1991) സി.പി.എം നേതാവ്

വി.എസ്.അച്യുതാനന്ദൻ: ജീവിതരേഖ

  • ജനനം: 1923 ഒക്‌ടോബർ 20
  • അച്‌ഛൻ: നോർത്ത് പുന്നപ്ര വെന്തലത്തറ വീട്ടിൽ ശങ്കരൻ.
  • അമ്മ: അക്കമ്മ.
  • വിദ്യാഭ്യാസം: പറവൂർ, കളർകോട്, പുന്നപ്ര സ്‌കൂളുകളിൽ ഏഴാം ക്ലാസ് വരെ.
  • നാലാംവയസ്സില്‍ അമ്മയും പതിനൊന്നാം വയസ്സില്‍ അച്ഛനും മരിച്ചു.
  • പന്ത്രണ്ടാം വയസ്സില്‍ ജ്യേഷ്ഠന്‍ ഗംഗാധരന്‍റെ ഒപ്പം തയ്യല്‍ക്കടയില്‍ സഹായിയായി.
  • ആസ്പിന്‍വാള്‍ കയര്‍ ഫാക്ടറിയില്‍ തൊഴിലാളിയായി.
  • 1939 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു സ്വതന്ത്ര്യസമരത്തിന്‍റെ ഭാഗമായി.
  • 1940 ല്‍ പതിനേഴാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗം.
  • 1946 ഒക്ടോബര്‍ 28 ന് പുന്നപ്ര-വയലാര്‍ സമരത്തിന്‍റെ ഭാഗമായി പൊലീസിന്റെ പിടിയിലായി. പൂഞ്ഞാര്‍ ലോക്കപ്പില്‍ കൊടിയ മര്‍ദനം ഏറ്റു. മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു.
  • 1952ൽ പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറി.
  • 1956 മുതല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി
  • 1957 ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം.
  • 1958 ല്‍ പാര്‍ട്ടിയുടെ കേന്ദ്രസമിതി അംഗം.
  • 1963 ല്‍ ചൈനീസ് ചാരന്‍ എന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു വര്‍ഷം നീണ്ട ജയില്‍വാസം.
  • 1964 ല്‍ പാര്‍ട്ടി നേതൃത്വത്തോട് കലഹിച്ച് ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) രൂപീകരിച്ച 32 അംഗങ്ങളില്‍ ഒരാളായി.
  • 1965 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയില്‍നിന്ന് ആദ്യമായി സ്ഥാനാര്‍ഥിയായി. കോണ്‍ഗ്രസിലെ കെ.കൃഷ്ണക്കുറുപ്പിനോടു തോറ്റു.
  • 1967 ലെ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ.അച്യുതനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി.
  • 1970 ല്‍ അമ്പലപ്പുഴയിൽനിന്നു നിയമസഭയിലേക്ക് തിരിഞ്ഞെടുക്കപ്പെട്ടു. ആര്‍എസ്പിയുടെ കുമാരപിള്ളയെയാണ് തോൽപിച്ചത്.
  • 1975 ല്‍ അടിയന്തരാവസ്ഥയെ തുടര്‍ന്ന് 20 മാസം ജയില്‍ വാസം.
  • 1977 ലെ അടിയന്തരാവസ്ഥ കഴിഞ്ഞുള്ള തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയില്‍ ആര്‍എസ്പിയുടെ കുമാരപിള്ളയോടു പരാജയപ്പെട്ടു.
  • 1980 മുതല്‍ 1992 വരെ തുടര്‍ച്ചയായി സിപിഎം സംസ്ഥാന സെക്രട്ടറി.
  • 1985 ല്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം.
  • 1991 ല്‍ മാരാരിക്കുളത്ത് മത്സരിച്ചു. കോണ്‍ഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകള്‍ക്ക് തോല്‍പിച്ചുകൊണ്ടായിരുന്നു വിഎസിന്‍റെ പാര്‍ലമെന്‍ററി രംഗത്തേക്കുള്ള തിരിച്ചുവരവ്.
  • 1996 ലെ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് പരാജയപ്പെട്ടു.
  • 2001 ല്‍ മലമ്പുഴ മണ്ഡലത്തില്‍നിന്ന് വിജയിച്ച വിഎസ് പ്രതിപക്ഷ നേതാവായി.
  • 2006 ല്‍ മലമ്പുഴയില്‍നിന്ന് 20,017 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ വി.എസ്. അച്യുതാനന്ദന്‍ കേരളത്തിന്‍റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായി.
  • 2011 ലും 2016 ലും വിഎസിന്‍റെ മണ്ഡലം മലമ്പുഴ തന്നെയായിരുന്നു. ഇരുവട്ടവും മണ്ഡലത്തിലെ വോട്ടര്‍മാര്‍ അദ്ദേഹത്തെ പിന്തുണച്ചു.
  • 2011-2016 ൽ പ്രതിപക്ഷ നേതാവായി.
  • 2016 ഓഗസ്റ്റ് 9 മുതല്‍ 2021 ജനുവരി 31 വരെ ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷൻ
  • ദേശാഭിമാനിയുടെ പത്രാധിപരായി ഏഴു വര്‍ഷം പ്രവര്‍ത്തിച്ചു.
  • ചിന്തയുടെ പത്രാധിപരായും ദീര്‍ഘകാലം പ്രവർത്തിച്ചു.
  • 2020-ൽ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു.

വി എസ് കുടുംബം

ഭാര്യ: കെ.വസുമതി 1991-ൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഹെഡ് നേഴ്സായി വിരമിച്ചു.
മകൻ : വി.എ.അരുൺകുമാർ ഐ.എച്ച്.ആർ.ഡി അസിസ്റ്റൻറ് ഡയറക്ടറാണ്. മരുമകൾ ഇ.എൻ.ടി സർജനായ ഡോ. രജനി ബാലചന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ട്യൂട്ടറായി പ്രവർത്തിക്കുന്നു.
മകൾ: ഡോ. വി.വി.ആശ തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിൽ റിട്ട.ശാസ്ത്രജ്ഞയാണ്. ഭർത്താവ് ഡോ. വി.തങ്കരാജ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ന്യൂറോ സർജൻ

സ്വരാജിന് നിലമ്പൂർ കടക്കാനായില്ല, ഒറ്റയാൻ കരുത്തിൽ അൻവർ

– ജിബി


മലപ്പുറം: സിപിഎമ്മിലെ മുഖ്യമന്ത്രി കഴിഞ്ഞാല്‍ അണികൾക്ക് ഇടയിൽ ഏറ്റവും ഫാന്‍ ബേസുള്ള നേതാക്കളില്‍ ഒരാളാണ് എം സ്വരാജ്. സ്വന്തം നാട് കൂടിയായതിനാല്‍ അഭിമാനപോരാട്ടത്തില്‍ വിജയിച്ചുകയറുമെന്നായിരുന്നു വിലയിരുത്തല്‍. എല്ഡിജഎഫ് കോട്ടകളിലടക്കം കടന്നുകയറിയ ആര്യാടന്‍ ഷൗക്കത്ത് സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് തിരിച്ചുപിടിച്ചു. രണ്ടാം പിണറായി സര്ക്കാമരിന്റെ കാലത്തെ അഞ്ചാമത്തെ ഉപതെരഞ്ഞെടുപ്പിൽ ഇതാദ്യായി ഒരു സിറ്റിങ് സീറ്റും എല്ഡി്എഫ് കൈവിട്ടതാണ്. അൻവർ ഏശി എന്നുതന്നെയാണ് ഫലം പറയുന്നത്.
നിലപാടിന്റെ രാജകുമാരന്‍ എന്നാണ് അണികള്ക്കിഎടയില്‍ സ്വരാജ് അറിയപ്പെടുന്നതുതന്നെ. പതിറ്റാണ്ടുകള്ക്കികപ്പുറം പാര്ട്ടിയ ചിഹ്നത്തില്‍ സ്ഥാനാര്ഥിന വന്നതും എല്ഡിപഎഫ് ക്യാമ്പിന് നല്കിപയ അവേശം ചെറുതായിരുന്നില്ല. അണികളുടെ ആവേശവും മണ്ഡലത്തിലെ പ്രചാരണങ്ങളും എന്തുകൊണ്ട് വോട്ടായി മാറിയില്ല.
വോട്ടെണ്ണിയ ആദ്യ 8 റൗണ്ടുകളില്‍ വ്യക്തമായ ലീഡാണ് യുഡിഎഫ് സ്വന്തമാക്കിയത്. തങ്ങളുടെ ശക്തികേന്ദ്രങ്ങളിലൂടെ മറികടക്കാമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടിയതെങ്കിലും അത് നടന്നില്ല. വോട്ടെണ്ണല്‍ എല്ഡിഫഎഫ് ഭരിക്കുന്ന നിലമ്പൂര്‍ മുന്സിടപ്പാലിറ്റിയിലേക്ക് കടന്നതോടെ ലീഡ് പതിനായിരം കടന്നു.

രാഷ്ട്രീയമായ പോരാട്ടത്തിനാണ് താനിറങ്ങുന്നതെന്നാണ് സ്വരാജ് തുടക്കം മുതല്‍ തന്നെ പറഞ്ഞത്. അന്വവറും യുഡിഎഫും തമ്മിലുള്ള ഭിന്നത രൂക്ഷമാണെന്നും ശക്തനായ സ്ഥാനാര്ഥി.യെ നിര്ത്തി യാല്‍ മണ്ഡലത്തില്‍ നിന്ന് ജയിക്കാമെന്നും കരുതിയ ഇടതുപക്ഷ മോഹം നടന്നില്ല. അന്വനര്‍ പിടിച്ച വോട്ടുകള്‍ സ്വരാജിന്റെ സാധ്യതകളെ ബാധിച്ചു. എന്നാൽ യുഡിഎഫ് വോട്ടുകളും പിടിച്ചിട്ടുണ്ടെന്ന് ഫലം പരിശോധിച്ചാല്‍ ബോധ്യമാകും.

യുഡിഎഫിന്റെ പ്രതീക്ഷകളെ ശരിവെക്കുന്നതായി തിരഞ്ഞെടുപ്പ് ഫലവും. രാഷ്ട്രീയപോരാട്ടമാണ് നിലമ്പൂരിലേതെന്ന് ആവര്ത്തി ച്ചുപറഞ്ഞ യുഡിഎഫ് നേതാക്കള്ക്ക് ഫലം സമ്മാനിക്കുന്നത് വന്‍ നേട്ടമാണ്. മാത്രമല്ല അൻവറിനെ മുന്നണിയിലെടുക്കാതെയാണ് മണ്ഡലം തിരിച്ചുപിടിച്ചിരിക്കുന്നത്. ഇത് രാഷ്ട്രീയ വിജയമാണെന്ന കാര്യത്തില്‍ തർക്കമില്ല. തിരഞ്ഞെടുപ്പിന് നേതൃത്വം നല്കിയ വി.ഡി. സതീശന് ഇത് യുഡിഎഫില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവാക്കി ഉയര്ത്തും.

ഇനി തദ്ദേശ തിരഞ്ഞെടുപ്പിനെയും 2026 നിയമസഭാ തിരഞ്ഞെടുപ്പിനെയും ആത്മവിശ്വാസത്തോടെ യുഡിഎഫിന് നേരിടാം. പിണറായിയുടെ നേതൃത്വത്തില്‍ വീണ്ടുമൊരു തുടര്ഭംരണമെന്ന സ്വപ്‌നം ഇത്തിരി ദൂരത്തായി.

തൃക്കാക്കരയും പുതുപ്പള്ളിയും പാലക്കാടും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്ഗ്രസ് വിജയിച്ചപ്പോള്‍ സിപിഎം ഉയര്ത്തിയത് അതൊക്കെ കോണ്ഗ്രരസിന്റെ സിറ്റിങ് സീറ്റുകള്‍ ആണെന്നായിരുന്നു. ചേലക്കരയില്‍ രമ്യ ഹരിദാസിനെ യു.ആര്‍. പ്രദീപ് പരാജയപ്പെടുത്തിയപ്പോള്‍ സിപിഎം വാദത്തിന് കൂടുതല്‍ ബലം കിട്ടുകയും ചെയ്തു.. യുഡിഎഫ് വിപുലീകരിക്കുമെന്ന് വി.ഡി സതീശന്റെ പ്രസ്താവന ചേര്ത്തുോവായിച്ചാല്‍ ചില കക്ഷികളുടെ മുന്നണി മാറ്റ സാധ്യതയും തള്ളാനാകില്ല.
ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യൂത്ത് കോണ്ഗ്രെസിന്റെ വെല്ലുവിളികള്ക്കി ടയിലൂടെയാണ് എം.സ്വരാജ് മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങിയത്. ആളെ തപ്പി അങ്ങാടിയില്‍ നടക്കാതെ ധൈര്യമുണ്ടെങ്കില്‍ സ്വരാജിനെ മത്സരിപ്പിക്ക് എന്നായിരുന്നു യൂത്ത് കോണ്ഗ്രണസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പി.വി.അന്വലറും സ്വരാജിനെ എന്തുകൊണ്ട് മത്സരിപ്പിക്കുന്നില്ലെന്ന് ചോദിച്ചിരുന്നു. പാര്ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ഇത്രയും വോട്ട് നേടാനായി എന്ന ആശ്വാസം മാത്രമാണ് പാര്ട്ടികക്ക് ബാക്കി.

നിലമ്പൂര്‍ പോത്തുകല്ല് സ്വദേശിയായ സ്വരാജിന് സ്വന്തം നാട്ടിലെ തോൽവി ഒരു പ്രഹരമാണ്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ നിന്നായിരുന്നു സ്വരാജ് ജനവിധി തേടിയത്. 2016-ല്‍ വിജയിച്ചെങ്കിലും 2021-ല്‍ പരാജയപ്പെട്ടു. കോൺഗ്രസ് നേതാവ് കെ. ബാബുവായിരുന്നു രണ്ടുതവണയും എതിരാളി.

2016-ല്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് സ്വരാജിന് മത്സരരംഗത്ത് ആദ്യ നറുക്കുവീണത്. 1991 മുതല്‍ 2011 വരെ തൃപ്പൂണിത്തുറയെ പ്രതിനിധാനംചെയ്ത കോണ്ഗ്ര സ്സിലെ അതികായനായ കെ. ബാബുവിനെ നേരിടുകയെന്ന വെല്ലുവിളിയാണ് പാര്ട്ടി ഏല്പ്പിച്ചത്. 4467 വോട്ടിന്റെ ഭൂരിപക്ഷത്തിന് സ്വരാജ് തൃപ്പൂണിത്തുറയെ ചുവപ്പിച്ചു. പക്ഷേ, 2021-ല്‍ ബാബു 992 വോട്ടിന് സ്വരാജിനെ പരാജയപ്പെടുത്തി.

ഡ്യൂട്ടിക്രമീകരണത്തിൽ വീഴ്ച എയർ ഇന്ത്യ ഉദ്യോഗസ്ഥർക്കെതിരെ നടപടി

0

വിമാന ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണവുമായി ബന്ധപ്പെട്ട് ആവർത്തിച്ചുള്ള ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിക്ക് വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ടു. എയർ ഇന്ത്യ സ്വമേധയാ വീഴ്ചകൾ വെളിപ്പെടുത്തിയതോടെയാണ് ഡിജിസിഎ കടുത്ത നടപടി സ്വീകരിച്ചത്.

ലൈസൻസിംഗ്, വിശ്രമം, പ്രവർത്തന പരിചയം എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കാതെ തന്നെ വിമാനജീവനക്കാരെ ഷെഡ്യൂൾ ചെയ്യുകയും പറക്കാൻ അനുവദിക്കുകയും ചെയ്തുവെന്ന് എയര്‍ ഇന്ത്യ സമ്മതിക്കുകയായിരുന്നു. എആർഎംഎസ് (ഏവിയേഷൻ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റം) സിസ്റ്റത്തിൽ നിന്ന് സിഎഇ ഫ്ലൈറ്റ് ആൻഡ് ക്രൂ മാനേജ്മെന്‍റ് സിസ്റ്റത്തിലേക്കുള്ള മാറ്റത്തിന് ശേഷമുള്ള പരിശോധനയിലാണ് ഈ ലംഘനങ്ങൾ കണ്ടെത്തിയത്.

കമ്പനി സ്വമേധയാ വെളിപ്പെടുത്തിയ വിവരങ്ങൾ ജീവനക്കാരുടെ ഷെഡ്യൂളിംഗ്, പാലിക്കൽ നിരീക്ഷണം, ആഭ്യന്തര ഉത്തരവാദിത്തം എന്നിവയിലെ വ്യവസ്ഥാപിത പിഴവുകളിലേക്ക് വിരൽ ചൂണ്ടുന്നു. 

നിലമ്പൂരില്‍ പ്രചാരണത്തിന്റെ അജന്‍ഡ സൃഷ്ടിച്ചത് സിപിഎം; അവസാന നിമിഷത്തിലും കോണ്‍ഗ്രസ് പോയത് ആ വഴിയെ

0

– തപൻ-


തുടര്‍ച്ചയായ മൂന്നാം ഇടതു സര്‍ക്കാരെന്ന സിപിഎം ലക്ഷ്യത്തിന്റെ സൂചനയാകുമോ അതോ ഒന്‍പതു വര്‍ഷത്തിനുശേഷം സ്വന്തം കോട്ട തിരിച്ചുപിടിച്ച് സംസ്ഥാന ഭരണത്തിലേക്കു കോണ്‍ഗ്രസ് കൈപിടിക്കുമോ എന്നതില്‍ ഏതിനായിരിക്കും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഉത്തരം നല്‍കുക? സര്‍ക്കാരിന്റെ നേട്ടമോ അതിന്റെ മറുപുറമായ ഭരണവിരുദ്ധവികാരമോ ചര്‍ച്ചായിട്ടുണ്ടെങ്കിലും അതാവില്ല നിലമ്പൂര്‍ വിധിയെഴുത്തിലെ പ്രധാന ഘടകമെന്നു വ്യക്തമായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം ഉയര്‍ന്നുവന്ന ചില വിവാദങ്ങളാണ് മണ്ഡലത്തില്‍ എല്ലാ സമയവും ഉയർന്നുനിന്നത്. കോണ്‍ഗ്രസ് നേതൃത്വം പകല്‍ തള്ളിപ്പറഞ്ഞ പി വി അന്‍വറിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ രാത്രിയില്‍ സന്ദര്‍ശിച്ചത്, ജമാഅത്ത് ഇസ്ലാമി പിന്തുണ, ക്ഷേമപെന്‍ഷന്‍, പന്നിക്കെണിയില്‍നിന്ന് വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ചതിനെത്തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ എന്നിങ്ങനെ യുഡിഎഫ് തൊട്ടതെല്ലാം അവര്‍ക്കു വിനയായി വന്നതാണ് നിലമ്പൂരില്‍ കണ്ടത്. പി വി അന്‍വറിന്റെ പിന്തുണ ഇല്ലാത്ത സാഹചര്യത്തിലും, എം സ്വരാജ് എന്ന സിപിഎമ്മിന്റെ കരുത്തനായ എതിരാളിക്കെതിരെ സ്വന്തം വോട്ട് കണക്കില്‍ ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന കോണ്‍ഗ്രസിന്, ഭരണവിരുദ്ധവികാരം, ദേശീയപാത തകര്‍ച്ച, വന്യജീവി ആക്രമണം എന്നിവ പ്രചാരണത്തിന്റെ കേന്ദ്രബിന്ദുവാക്കാന്‍ ഒരു ഘട്ടത്തിലും കഴിഞ്ഞിട്ടില്ല. മറിച്ച്, സിപിഎം നിശ്ചയിച്ച അജന്‍ഡയ്ക്കു പിന്നില്‍ സഞ്ചരിക്കേണ്ട ഗതികേടിലായിരുന്നു അവര്‍. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മുന്‍ ഡിസിസി പ്രസിഡന്റും 2021ല്‍ നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായിരുന്ന അന്തരിച്ച വിവി പ്രകാശിന്റെ കുടുംബത്തെ ആര്യാടന്‍ ഷൗക്കത്തും കോണ്‍ഗ്രസും അവഗണിച്ചുവെന്ന ലാസ്റ്റ് മിനുട്ട് വിവാദം.

ഈ ഗതിയില്‍ സിപിഎമ്മിനും രണ്ടു തവണ പിഴച്ചു. അതില്‍ ആദ്യത്തേത് ഹിന്ദുമഹാ സഭ എം സ്വരാജിനു പിന്തുണ പ്രഖ്യാപിച്ചതും നിലമ്പൂരിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെ സന്ദർശിച്ച ഹിന്ദു മഹാസഭ നേതാക്കളുടെ ഫോട്ടോയുമായിരുന്നു. എന്നാല്‍ ഹിന്ദുമഹാ സഭയിലെ മറ്റൊരു വിഭാഗം തങ്ങളുടെ പിന്തുണ സിപിഎമ്മിന് ഇല്ലെന്നു പ്രഖ്യാപിച്ചതും വിഷയം യുഡിഎഫിനു വലിയ രീതിയിൽ ഏറ്റെടുക്കാന്‍ കഴിയാതിരുന്നതും എല്‍ഡിഎഫിനു കാര്യമായി പരുക്കേല്‍പ്പിച്ചില്ല. എന്നാല്‍, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അറിഞ്ഞുകൊണ്ടു തന്നെ സൃഷ്ടിച്ച രണ്ടാമത്തെ വിവാദത്തില്‍ സിപിഎമ്മും സ്ഥാനാര്‍ഥി എം സ്വരാജും വലിയ രീതിയില്‍ പ്രതിരോധത്തിലാകുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്. മുസ്ലിം ജനസംഖ്യ പ്രബലമായ ഒരു മണ്ഡലത്തില്‍, തങ്ങള്‍ ആര്‍എസ്എസുമായി കൂട്ടുചേര്‍ന്നിട്ടുണ്ട് (അടിയന്തരാവസ്ഥയെ പ്രതിരോധിക്കാനാണെങ്കിലും) എന്ന് വിവാദത്തെ ഭയക്കുന്നില്ലെന്നു കൂട്ടിച്ചേര്‍ത്തുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ തുറന്നുപറഞ്ഞത് കോണ്‍ഗ്രസിന് കിട്ടിയ അപ്രതീക്ഷിതമായ പിടിവള്ളിയാണ്. പ്രത്യേകിച്ച്, യുഡിഎഫ് വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നത് പ്രചാരണത്തിന്റെ കേന്ദ്രബിന്ദുവാക്കിയ സിപിഎം തന്നെ ആര്‍എസ്എസ് ബന്ധം അപ്രതീക്ഷിതമായി തുറന്നുപറഞ്ഞത്. കോണ്‍ഗ്രസ് പ്രതിരോധത്തിലായ വിവാദങ്ങളോ അതോ ഗോവിന്ദന്‍ മാഷിന്റെ വെളിപ്പെടുത്തലോ- ഇവയില്‍ ഏതായിരിക്കും ജനമനസില്‍ കാര്യം സ്വാധീനം ചെലുത്തുക എന്നതാണ് അറിയാനുള്ളത്. ഇവയ്ക്കപ്പുറം വോട്ടര്‍മാരുടെ മനസില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് തീര്‍ച്ചയായും യുഡിഎഫിന്റെ 2026ലേക്കുള്ള മുന്നൊരുക്കത്തിനു കരുത്തുപകരുന്നതായിരിക്കും.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജും സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറും അന്തരിച്ച മുന്‍ ഡി സി സി പ്രസിഡന്റ് വി വി പ്രകാശിന്റെ കുടുംബത്തെ സന്ദര്‍ശിച്ചിട്ടും ആര്യാടന്‍ ഷൗക്കത്ത് ആ വഴിക്കു പോകാത്തത് ചർച്ചയാക്കി യുഡിഎഫിനെ അവസാന നിമിഷത്തിൽ പ്രതിരോധത്തിലാക്കിയ സിപിഎമ്മിനുമേൽ അപ്രതീക്ഷിതമായാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ രൂപത്തിൽ തന്നെ വിവാദം പതിച്ചത്. നാമനിര്‍ദേശ പത്രിക നല്‍കുന്നതിനു മുന്‍പ് പാണക്കാട് തങ്ങളെയും കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരെയും ഉമ്മന്‍ ചാണ്ടിയുടെയും കെ കരുണാകരന്റെ കല്ലറയും സന്ദര്‍ശിച്ച ഷൗക്കത്ത്, വി വി പ്രകാശിന്റെ കുടുംബത്തെ മനപ്പൂര്‍വം അവഗണിച്ചുവെന്ന തോന്നല്‍ വീണ്ടും സജീവമാക്കിയിരുന്നു. 2021ലെ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്ന വി വി പ്രകാശിന്റെ പ്രചാരണത്തില്‍ ഷൗക്കത്ത് സഹകരിക്കാത്തതതിനെയും പ്രകാശിന്റെ മരണത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഇനിയും മാഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍, സിപിഎം സൃഷ്ടിച്ച അജന്‍ഡയ്ക്ക് പ്രചാരണത്തിന്റെ അവസാന സമയത്ത് മറുപടി പറയേണ്ടിവന്ന കോൺഗ്രസിന് ഗോവിന്ദൻ മാഷിനെ വെളിപ്പെടുത്തൽ വലിയ പിടിവള്ളിയായി.

വി വി പ്രകാശ് വിഷയത്തില്‍ ഒരേസമയം, ഇരട്ട സമീപനങ്ങളുള്ള തന്ത്രമാണ് സിപിഎം പയറ്റിയത്. പ്രചാരണത്തിലൂടനീളം പാര്‍ട്ടി കോണ്‍ഗ്രസിനെ കടന്നാക്രമിക്കുമ്പോള്‍, സ്ഥാനാര്‍ഥിയെന്ന നിലയില്‍ സ്വരാജ് ഈ വിഷയം ഉന്നയിക്കുയോ ഷൗക്കത്തിനെ ആക്രമിക്കുകയോ ചെയ്തില്ല. ചങ്ക് പൊട്ടി മരിച്ച കോണ്‍ഗ്രസ് നേതാവ് എന്ന് നിലമ്പൂരുകാര്‍ പറയുന്ന വി വി പ്രകാശിന്റെ വീട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വോട്ട് ചോദിക്കാന്‍ പോയിട്ടില്ലെന്നും മരിച്ചിട്ടും പക സൂക്ഷിക്കുന്ന മനസാണ് കോണ്‍ഗ്രസിന്റേതെന്ന എ എ റഹിം എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നത് ഷൗക്കത്തിനെ ലക്ഷ്യമിട്ടുള്ള സിപിഐഎം നിലപാടിനെയാണ്. സ്വരാജ് പ്രകാശിന്റെ ഭാര്യയെയും മകളെയും സന്ദര്‍ശിച്ച ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് റഹിമിന്റെ പോസ്റ്റ്. അതേസമയം, മരണം വരെ പ്രകാശിനോട് വളരെ അടുപ്പമുണ്ടായിരുന്നുവെന്നും തിരഞ്ഞെടുപ്പ് വേറെ സൗഹൃദം വേറെ എന്നു പറഞ്ഞുകൊണ്ട് വോട്ടര്‍മാര്‍ക്കിടയില്‍ രാഷ്ട്രീയമാന്യതയുടെ ചിത്രം സൃഷ്ടിച്ച സ്വരാജ് ലക്ഷ്യമിടുന്നതും ഷൗക്കത്തിനെ തന്നെ. സന്ദര്‍ശനം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള സാധാരണ കാര്യം മാത്രമാണെന്നും അതൊരു തര്‍ക്കവിഷയം ആക്കേണ്ടതില്ലെന്നുമാണ് സ്വരാജ് പറഞ്ഞതെങ്കിലും ലക്ഷ്യം വിവാദം തന്നെ.

പി വി അന്‍വറാണ് പ്രകാശിന്റെ വീട്ടില്‍ ആദ്യമെത്തിയത്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു അന്‍വറിന്റെ നീക്കം. സന്ദര്‍ശനം സജീവ ചര്‍ച്ചയാകുകമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടെങ്കിലും അതിന്റെ മുനയൊടിക്കുന്നതായിരുന്നു പ്രകാശിന്റെ ഭാര്യ സ്മിത പ്രകാശിന്റെ വാക്കുകള്‍. പ്രകാശിന്റെ ഭൗതികശരീരത്തില്‍ പുതപ്പിച്ചത് പാര്‍ട്ടി പതാകയാണെന്നും തങ്ങള്‍ കോണ്‍ഗ്രസ് കുടുംബമാണെന്നുമാണ് സ്മിത അന്നു പറഞ്ഞത്. ഇങ്ങനെ പാര്‍ട്ടിയോട് എക്കാലവും കൂറ് കാണിച്ച, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വളരെ സ്വാധീനമുള്ള പ്രകാശിന്റെ കുടുംബത്തെ ഷൗക്കത്തും കോണ്‍ഗ്രസും അവഗണിച്ചുവെന്ന പ്രതീതിയാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ഒരുപക്ഷേ ഷൗക്കത്തിനു സ്വമേധയാ പ്രകാശിന്റെ വീട്ടിലേക്കു കടന്നുചെല്ലുക മാനസികമായി എളുപ്പമായിരിക്കില്ല. എന്നാല്‍ പ്രകാശിന്റെ തോല്‍വിയും മരണവും ഇപ്പോഴും നിലമ്പൂരില്‍ സജീവമായി നില്‍ക്കുമ്പോള്‍, ഷൗക്കത്തിനെ പ്രകാശിന്റെ വീട്ടിലെത്തിച്ച് പാര്‍ട്ടി അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വികാരത്തിനൊപ്പമാണെന്ന സന്ദേശം നല്‍കാന്‍ കഴിഞ്ഞില്ലെന്നതാണ് ഇവിടെ കോണ്‍ഗ്രസിന് പറ്റിയ പിഴവ്. നിലമ്പൂരില്‍ തമ്പടിച്ച എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലോ കേരളത്തിന്റെ സംഘടനാ ചുമതലയുള്ള നേതാവ് ദീപദാസ് മുന്‍ഷിയോ പ്രതിപക്ഷ നേതാവ് വി ഡി സതീശനോ പ്രകാശിന്റെ വീട്ടിലേക്കു തിരിഞ്ഞുനോക്കിയില്ല. ഈ അവസാന നിമിഷത്തില്‍ മുതിര്‍ന്ന നേതാക്കളോ ഇനി ഷൗക്കത്തോ അങ്ങോട്ടുപോവുന്നതില്‍ അര്‍ഥമില്ലെന്നു മാത്രമല്ല, അത് വിപരീത ഫലം സൃഷ്ടിക്കുകയും ചെയ്യും.

പ്രചാരണത്തിന്റെ അവസാന മണിക്കൂറില്‍ പോലും വിഷയത്തില്‍ തെറ്റായ സന്ദേശം നല്‍കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് ഉണ്ടാവുന്നത്. ‘ഞങ്ങളുടെ സ്ഥാനാര്‍ഥി എവിടെ പോകണമെന്ന് ഞങ്ങള്‍ തീരുമാനിച്ചോളാമെന്ന,’ സ്വരാജിന്റെ സന്ദര്‍ശനത്തെയും ഷൗക്കത്ത് പോവാത്തതിനെയും സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മറുപടി ഇതിന് ഉദാഹരമാണ്.

2021ലെ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി വി പ്രകാശ് വോട്ടെണ്ണലിനു ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഹൃദയാഘാതം മൂലം മരിച്ചത്. 2021ല്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ട ഷൗക്കത്ത്, വി വി പ്രകാശിന്റെ പ്രചാരണത്തില്‍ കാര്യമായി സഹകരിച്ചില്ലെന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ അന്ന് ശക്തമായിരുന്നു. വോട്ടെടുപ്പിനുശേഷം, തന്നെ മാറ്റി പ്രകാശിനെ വീണ്ടും ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിയോഗിച്ചതിനു പിന്നാലെ ഷൗക്കത്ത് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ചില ഒളിയമ്പുകള്‍ എയ്തിരുന്നു. ഇത് പ്രകാശിനെ ലക്ഷ്യമിട്ടായിരുന്നുവെന്നും അതില്‍ കടുത്ത മാനസിക പ്രയാസം അദ്ദേഹം അനുഭവിച്ചിരുന്നുവെന്നും അതിനു പിന്നാലെയാണ് മരണം സംഭവിച്ചതെന്നുമാണു അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങളും പാര്‍ട്ടിയിലെ ഒരു വിഭാഗവും പറയുന്നത്.

സ്മൃതിപഥങ്ങൾ

ഓർമ്മകളുടെ പുസ്തകം

ജയശങ്കർ ശങ്കരനാരായണൻ

ഓർമ്മകൾ നഷ്‌ടപ്പെടുന്ന ഒരു ദിവസം ജീവിതത്തിൽ സംഭവിക്കുമോ എന്നൊരു ഭീതി വന്നു തുടങ്ങിയപ്പോൾ ഓർക്കാൻ കഴിയുന്നതൊക്കെ ഞാൻ എഴുതിത്തുടങ്ങി. ഓർമ്മകൾ നഷ്‌ടപ്പെട്ടാൽ എനിക്ക് എന്നെത്തന്നെ നഷ്‌ടപ്പെടുന്നപോലായിരുന്നു.

എൻ്റെ ഓർമ്മകളും അനുഭവങ്ങളുമാണ് ഈ പുസ്‌തകത്തിൽ ഞാൻ കഥകളായി അവതരിപ്പിച്ചിരിക്കുന്നത്. ഭാവനയുടെ രസങ്ങൾ കലർത്താതെ ഓർമ്മകളെ പകർത്തുമ്പോൾ എഴുത്തിൽ സത്യസന്ധത പുലർത്താൻ കഴിയണമേ എന്ന പ്രാർത്ഥന മനസ്സിൽ ഉണ്ടായിരുന്നു.

ഈ പുസ്‌തകത്തിലെ ഓരോ കഥയും എൻ്റെ മനഃസാക്ഷിക്കുറിപ്പുകളാണ്. ഞാൻ സ്നേഹിച്ചവരും എന്നെ സ്നേഹിച്ചവരും അക്ഷരങ്ങളിലൂടെ പുനർജ്ജനിക്കുകയായിരുന്നു. മൺമറഞ്ഞുപോയ ബന്ധുജനങ്ങളും, സുഹൃത്തുക്കളും, മറ്റു പ്രിയപ്പെട്ടവരും ഒരിക്കൽ എന്നെ സ്നേഹിച്ചവരായിരുന്നു. കാലം നീങ്ങുമ്പോൾ ഞാനും മാഞ്ഞുപോകും. അപ്പോഴും ക്ഷരം (നാശം) ഇല്ലാത്ത അക്ഷരങ്ങളിൽ ഈ ഓർമ്മകൾ തുടർന്നും ജീവിക്കും.

മൂന്ന് പതിറ്റാണ്ടു മുമ്പായിരുന്നു ഞാൻ മുംബയിൽ വന്നത്. മഹാനഗരത്തിൽ ഞാൻ ഏകനായിരുന്നു. ഏകാന്തതയിൽ എനിക്ക് കൂട്ടിരിക്കാൻ വന്നത് ഓർമ്മകളായിരുന്നു. ഓർമ്മകളെ താലോചികൊണ്ട് ഞാൻ എൻ്റെ ഏകാന്തതയെ സമ്പന്നമാക്കിയിരുന്നു. അധികമായി പുസ്‌തകങ്ങൾ വായിച്ചു തുടങ്ങിയതും മുംബയിൽ വന്നതിനു ശേഷമായിരുന്നു. അന്ന് മുംബൈ ബോംബെയായിരുന്നു. ഞാൻ ആദ്യമായി മുംബയിൽ വന്ന ദിവസത്തെ ഓർമ്മകളാണ് ‘മുംബയിൽ ആദ്യം വന്ന ദിവസം’ എന്ന കഥ.

എൻ്റെ ചിറ്റപ്പനും സംഗീതജ്ഞനുമായ ശ്രീ. തൃക്കൊടിത്താനം ജി. രവീന്ദ്രനാഥിനെ ഞാൻ ഓർമ്മിക്കുന്ന കഥയാണ് ‘എന്ദരോ മഹാനുഭാവുലു അന്ദരികി വന്ദനമു’ എന്ന കഥ. ചിറ്റപ്പൻ മരിച്ച ദിവസം അദ്ദേഹം ജേഷ്‌ഠ സഹോദരനെ പോലെ സ്നേഹിച്ചിരുന്ന പ്രശസ്ത സംഗീതജ്ഞനായ ശ്രീ. ആലപ്പി രംഗനാഥ് എന്നോട് ഫോണിൽ സംസാരിച്ചവസാനിപ്പിക്കുമ്പോൾ പാടിയ ഒരു വരിയായിരുന്നു ‘എന്ദരോ മഹാനുഭാവുലു അന്ദരികി വന്ദനമു’. ശ്രീ. ആലപ്പി രങ്കനാഥും ഇന്ന് ഓർമ്മയായി കഴിഞ്ഞിരിക്കുന്നു.

ഇരുപത്തിമൂന്നു വർഷങ്ങൾക്കു മുമ്പ് സംഭവിച്ച അനിയൻ്റെ അപ്രതീക്ഷിത മരണ ദിവസത്തിൻ്റെ മങ്ങാത്ത ഓർമ്മകളാണ് ‘അനിയൻ പോയ ദിവസം’ എന്ന കഥ. അഗാധതയുടെ നിശബ്ദതയിൽ അപ്രത്യക്ഷനായ അനിയൻ രവിശങ്കറിനാണ് ഈ പുസ്‌തകം ഞാൻ സമർപ്പിച്ചിരിക്കുന്നത്.

അനിയൻ്റെ വേർപാടിൻ്റെ ആഘാതത്തിൽ നിന്നും മുക്തരാകാതെ കഴിയുമ്പോളായിരുന്നു ഹൃദയാഘാതം വന്നു അമ്മയും വിടപറഞ്ഞത്. അമ്മ മരിച്ചു ഇരുപത്തിമൂന്നു വർഷങ്ങൾ കഴിഞ്ഞിട്ടും അമ്മയെ കുറിച്ചുള്ള ഓർമ്മകൾ എന്നിൽ ഇന്നും വേദന ഉണർത്തുന്നു. ആ ഓർമ്മകൾ കഥയായതാണ് ‘ഒരു നോവായ് .. നനവായ് .. നിനവായ്’ എന്ന കഥ.

അനിയൻ്റെയും അമ്മയുടെയും വേർപാടിൻ്റെ വേദനയിൽ കഴിഞ്ഞ പതിനാറു മാസങ്ങൾക്കൊടുവിലായിരുന്നു ആരോഗ്യം ക്ഷയിച്ചു അച്ഛൻ ആശുപത്രിയിലാവുന്നത്. ഐസിയുവിൽ കഴിഞ്ഞ വേദനകളുടെ പത്തു ദിവസങ്ങൾക്കൊടുവിൽ അച്ഛൻ കണ്ണടച്ചു. അച്ഛനെ ഓർത്തുകൊണ്ട് ഞാൻ എഴുതിയതാണ് ‘തൊട്ടാവാടിമുള്ളുകൾ’ എന്ന കഥ.

ഇതുവരെ ജീവിച്ച ജീവിതത്തിൽ ഞാൻ അടുത്തറിഞ്ഞ, എനിക്ക് മറക്കാനാവാത്ത, ചില മനുഷ്യരുടെ കഥകളും സംഭവങ്ങളും ഈ ഓർമ്മകളുടെ പുസ്‌തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എൻ്റെ അച്ഛൻ്റെ കൗമാരകാലത്തെ ഒരു ഒളിച്ചോട്ടത്തിൻ്റെ കഥയാണ് ‘ഒരു ബൊക്കാറോ സ്റ്റീൽ പ്ലാൻറ്റ് ദുരന്തം’. പരീക്ഷയിൽ പരാജയപ്പെട്ട ദുഃഖത്തിൽ അച്ഛൻ വീട് വിട്ടുപോയ കഥ അന്ന് ആ സംഭവങ്ങൾക്കൊക്കെ സാക്ഷിയായിരുന്ന അച്ഛൻ്റെ സഹോദരനായ ചന്ദ്രൻ ചിറ്റപ്പൻ എൺപതു കഴിഞ്ഞ വാർധക്യത്തിലും ഓർക്കുന്നു. ആ സംഭവം അച്ഛൻ്റെ പ്രകൃതത്തെ തന്നെ ഉലച്ച ഒരു സംഭവമായിരുന്നു. കലാപ കലുഷിതമായ യുദ്ധഭൂമി പോലുള്ള മനസ്സുമായി ജീവിച്ച അച്ഛൻ്റെ കഥയാണ് ‘ഒരു ബൊക്കാറോ സ്റ്റീൽ പ്ലാൻറ്റ് ദുരന്തം’.

ഈ പുസ്‌തകത്തിലെ എല്ലാ കഥകളും വ്യക്തിപരമാണ്. ‘ഞാൻ’ എന്ന കഥ എഴുതാനായിരുന്നു ഞാൻ ഏറ്റവുമധികം മനസ്സുരുക്കിയത്. എഴുതണോ വേണ്ടയോ എന്ന് പലവട്ടം ആലോചിച്ചു. പക്ഷെ എൻ്റെ ഓർമ്മകളോട് പൂർണ്ണമായും സത്യസന്ധത പുലർത്തണമെങ്കിൽ ഞാൻ അതും എഴുതിയേ മതിയാവുമായിരുന്നുള്ളു. ഞാൻ എന്നെത്തന്നെ വെളിപ്പെടുത്തുന്ന കഥയാണ് ‘ഞാൻ’ എന്ന അവസാന കഥ.

2024 ലെ ക്രിസ്മസ് രാവിൽ എംടി വിടപറയുമ്പോൾ എൻ്റെ ഓർമ്മകളുടെ ഈ പുസ്തകത്തിന് ഒരു പേരിട്ടിരുന്നില്ല ഞാൻ. ഒരു രാത്രിയും ഒരു പകലും ഞാൻ ടിവിയിൽ കണ്ണും നട്ടിരുന്നു. ഒടുവിൽ കോഴിക്കോട്ടെ മാവൂർ റോഡിലെ നവീകരിച്ച വൈദ്യുത ശ്മശാനത്തിൽ എംടി പ്രവേശിച്ചപ്പോൾ ആ പദം ഒരു മുഴക്കത്തോടെ എൻ്റെ ഹൃദയത്തിൽ വന്നു പതിച്ചു .. സ്മൃതിപഥം.

എംടിയുടെ ഓർമ്മകൾക്ക് മുന്നിൽ നമസ്കരിച്ചുകൊണ്ട് ഞാനെഴുതി .. സ്മൃതിപഥങ്ങൾ.

കുഞ്ഞാലിയുടേയാ ആര്യാടന്റെയോ അതോ അന്‍വറിന്റെയോ? ആരുടെ തുടർച്ച കാക്കും നിലമ്പൂര്‍?


തപൻ-

നിലമ്പൂർ:


പി വി അന്‍വര്‍ മറുകണ്ടം ചാടിയതിനെത്തുടര്‍ന്നുള്ള മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കല്‍, മൂന്നാം എല്‍ഡിഎഫ് സര്‍ക്കാരിനുവേണ്ടിയുള്ള മുന്നൊരുക്കമായി വരുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെന്ന പരീക്ഷണം ഗുണകരമാവില്ലെന്ന വിശകലനം- ഇതാണ് നിലമ്പൂരില്‍ പാര്‍ട്ടി ചിഹ്നത്തില്‍ കരുത്തനായ സ്ഥാനാര്‍ഥിയെന്ന തീരുമാനത്തിലേക്ക് സിപിഐഎമ്മിനെ എത്തിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സ്വരാജ് നിലമ്പൂര്‍ സ്വദേശിയാണെന്നതും അദ്ദേഹത്തിലേക്ക് എത്താന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലേതു പോലെ ന്യൂനപക്ഷവോട്ട് ഏകീകരണം സംഭവിക്കുകയാണെങ്കില്‍ ഹിന്ദു വോട്ടുകള്‍ ആകര്‍ഷിക്കുകയെന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് യുവനേതൃത്വത്തിൽനിന്നുള്ള സ്വരാജിനെ സിപിഐഎം മത്സരിപ്പിക്കുന്നത്. 2006നുശേഷം ആദ്യമായാണ് നിലമ്പൂരില്‍ പാര്‍ട്ടി ചിഹ്നത്തില്‍ സിപിഎം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നത്. 2006ല്‍ പി ശ്രീരാമകൃഷ്ണനായിരുന്നു പാര്‍ട്ടി സ്ഥാനാര്‍ഥി.

പിന്നില്‍നിന്നു കുത്തി എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ട് ഇപ്പോള്‍ യുഡിഎഫിന്റെ കനിവ് കാത്തുനില്‍ക്കുന്ന അന്‍വറിന്, തങ്ങളുടെ സ്ഥാനാര്‍ഥിയായതുകൊണ്ടാണ് അദ്ദേഹം ജയിച്ചതെന്നും അല്ലാതെ സ്വന്തം മികവുകൊണ്ടല്ലെന്നുമുള്ള ശക്തമായ മറുപടി നല്‍കുക കൂടിയാണ് പാര്‍ട്ടി ചിഹ്നത്തില്‍ ശക്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നതിലൂടെ സിപിഐഎം ലക്ഷ്യമിടുന്നത്. അന്‍വറും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുമെന്നും അത് ഷൗക്കത്തിനെ ദോഷകരമായി ബാധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് സിപിഐഎം. ഈ സാഹചര്യം നേട്ടമാക്കാന്‍ ലക്ഷ്യമിട്ടാണ് മണ്ഡലത്തില്‍നിന്നു തന്നെയുള്ള സ്ഥാനാര്‍ഥി എന്ന ലേബലില്‍ സ്വരാജിനെ അവതരിപ്പിക്കുന്നത്.

സിപിഎം പിന്തുണയോടെ മത്സരിച്ചിട്ടും 2021ല്‍ അന്‍വര്‍ 2700 വോട്ടിനു മാത്രമാണു വിജയിച്ചതെന്നും ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ പ്രിയങ്ക ഗാന്ധി അറുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷമുണ്ടെന്നതുമാണ് അന്‍വറിന്റെ ഭീഷണിക്ക് കീഴങ്ങേണ്ടതില്ലെന്ന യുഡിഎഫിന്റെ ഇന്നലെ വരെയുള്ള തീരുമാനത്തിനുപിന്നില്‍. എന്നാല്‍ സ്വരാജിനെ സ്ഥാനാര്‍ഥിയായി സിപിഎം പ്രഖ്യാപിച്ചതോടെ അന്‍വറിനെ എങ്ങനെയെങ്കിലും കൂടെനിര്‍ത്താനുള്ള സമീപനത്തിലേക്കു കോണ്‍ഗ്രസ് നിര്‍ബന്ധിതമാകാനാണു സാധ്യത. ആര്യാടന്‍ ഷൗക്കത്തിനു പിന്തുണ പ്രഖ്യാപിച്ചതുകൊണ്ടാണു അന്‍വറിനെ യുഡിഎഫിനൊപ്പം നിര്‍ത്താന്‍ തീരുമാനിച്ചതെന്ന പ്രതീതി സൃഷ്ടിക്കാനു കോണ്‍ഗ്രസ് ശ്രമം. ‘ഇല്ലത്തുനിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത് എത്തിയുമില്ല’ എന്ന നിലയില്‍ നില്‍ക്കുന്ന അന്‍വറിനും ഇതേ നിവൃത്തിയുള്ളൂ. യുഡിഎഫില്‍ പോകാന്‍ കഴിയാതെ വന്നാല്‍ ശക്തി തെളിയിക്കാന്‍ അന്‍വറിന് ഒറ്റയ്ക്ക് മത്സരിക്കേണ്ടി വരും. എല്‍ഡിഎഫ്-യുഡിഎഫ് ശക്തമായ മത്സരത്തിന്റെ സാഹചര്യത്തില്‍ കാര്യമായി വോട്ട് നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് അന്‍വറിന്റെ രാഷ്ട്രീയ ഭാവിക്ക് കനത്ത തിരിച്ചടിയാവുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാന്‍ ഇടയില്ല.

നിലമ്പൂരില്‍ ഡി സി സി പ്രസിഡന്റ് വി എസ് ജോയ് എന്ന പേരാണ് പി വി അന്‍വര്‍ രാജിവെച്ചതു മുതല്‍ കോണ്‍ഗ്രസിലും ഉയര്‍ന്നുകേട്ടത്. സഭയ്ക്ക് സ്വീകാര്യനായ സ്ഥാനാര്‍ഥി എന്ന ഘടകവും ജോയിയുടെ പേര് ഉറപ്പിച്ചു. എന്നാല്‍ തന്റെ നോമിനിയായി ജോയിയുടെ പേര് അന്‍വര്‍ നിര്‍ദേശിച്ചതോടെയാണ് അത്ര സ്വീകാര്യനല്ലാത്ത ആര്യാടന്‍ ഷൗക്കത്തിലേക്ക് കോണ്‍ഗ്രസിനെ എത്തിച്ചത്. 2021ലെ തിരഞ്ഞെടുപ്പില്‍ ഡിസിസി പ്രസിഡന്റായിരുന്ന വി വി പ്രകാശ് 2700 വോട്ടിനു മാത്രമാണ് പി വി അന്‍വറിനോട് തോറ്റത്. ഷൗക്കത്ത് സഹകരിക്കാതിരുന്നതാണ് പ്രകാശിന്റെ തോല്‍വിയിലേക്കു നയിച്ചതെന്ന വിലയിരുത്തലുകള്‍ കോണ്‍ഗ്രസില്‍ ഇപ്പോഴുമുണ്ട്. ഷൗക്കത്തിനു തല്‍ക്കാലത്തേക്കു നല്‍കിയ ഡിസിസി പ്രസിഡന്റ് സ്ഥാനം വോട്ടെടുപ്പിനു പിന്നാലെ തിരിച്ചെടുത്ത് അവിടെ പ്രകാശിനെ വീണ്ടും അവരോധിച്ചത് വലിയ പൊട്ടിത്തെറികളാണ് അന്ന് മലപ്പുറത്തുണ്ടാക്കിയത്. ഭിന്നത പ്രകടമാക്കുന്ന ഷൗക്കത്തിന്റെ ചില ഫേസ്ബുക്ക് പോസ്റ്റുകളും വോട്ടെണ്ണലിന്റെ മുന്‍ ദിവസമുണ്ടായ വി വി പ്രകാശിന്റെ മരണവും പൊട്ടിത്തെറി രൂക്ഷമാക്കി. ഷൗക്കത്തിനെതിരെ നിലമ്പൂരിലെ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിലും വി വി പ്രകാശിന്റെ കുടുംബത്തിനിടയിലും അമര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഇത്തവണ സ്ഥാനാര്‍ഥിയാക്കില്ലെന്ന കണക്കുകൂട്ടലിലായിരുന്നു അന്‍വര്‍. എന്നാല്‍, ജോയിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ അത് അന്‍വറിനു വഴങ്ങിയെന്ന പ്രതീതി സൃഷ്ടിക്കുമെന്ന അപകടം കോണ്‍ഗ്രസ് മണത്തു. കാരണം, അന്‍വര്‍ 2026ലെ തിരഞ്ഞെടുപ്പില്‍ തവനൂര്‍, തിരുവമ്പാടി സീറ്റുകളിലൊന്ന് ലക്ഷ്യമിട്ടുകൊണ്ടാണ് നിലമ്പൂരില്‍ കരുക്കള്‍ നീക്കുന്നതെന്നു കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. ഷൗക്കത്താണെങ്കില്‍, യുഡിഎഫ് സീറ്റ് നല്‍കിയില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കാന്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകളും ഇതിനിടെ പുറത്തുവന്നു.

ഷൗക്കത്തിനെതിരെ മുസ്ലിം സമൂഹത്തിനകത്ത് ഇപ്പോഴും ചില പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ‘പാഠം ഒന്ന്, ഒരു വിലാപം’ പോലുള്ള അദ്ദേഹത്തിന്റെ സിനിമകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ നേരിടുന്ന ചൂഷണം തുറന്നുപറഞ്ഞത് സമുദായത്തിനെതിരായ വിമര്‍ശനമാണെന്ന വ്യാഖ്യാനമാണ് അതിപിന്നില്‍. ഇക്കാരണം കൊണ്ട് ഷൗക്കത്തും ലീഗും തമ്മില്‍ നേരത്തെ ബന്ധത്തിലായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആ ഭിന്നത മാറിയിട്ടുണ്ട്. യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ലീഗ് പാര്‍ട്ടി സംവിധാനം പൂര്‍ണമായും രംഗത്തിറങ്ങിയിരിക്കുന്ന കാഴ്ചയാണിപ്പോള്‍. 48 ശതമാനത്തോളം മുസ്ലിം വോട്ടുകളുള്ള നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദിന്റെ മരണം വരെ കോണ്‍ഗ്രസ് തീരുമാനിക്കുകയും ലീഗ് അനുസരിക്കുകയും ചെയ്യുന്നതായിരുന്നു കണ്ടുപോന്നിരുന്നത്. എന്നാല്‍ ആര്യാടന്റെ മരണത്തിനുശേഷം മണ്ഡലത്തില്‍, ജില്ലയിലെ മറ്റിടങ്ങളിലേതുപോലെ കോണ്‍ഗ്രസിനുമേല്‍ ലീഗിന്റെ മേധാവിത്വം പ്രകടമാവുന്ന സ്ഥിതിയുണ്ട്. ഇതും ഷൗക്കത്തിനോടുള്ള എതിര്‍പ്പ് മാറ്റിവെച്ച് തങ്ങളുടെ സ്ഥാനാര്‍ഥിയെന്ന നിലയിലേക്കു പ്രചാരണം നയിക്കാന്‍ ലീഗിനെ പ്രേരിപ്പിച്ച ഒരു ഘടകമാണ്. പി വി അന്‍വറിനെ യുഡിഎഫിനൊപ്പം നിര്‍ത്താന്‍ പരമാവധി ശ്രമിച്ചതും ലീഗ് തന്നെ.

ഈ ഘടകങ്ങളൊക്കെ മുതലാക്കി നിലമ്പൂര്‍ നിലനിര്‍ത്താന്‍ സിപിഐഎമ്മിനു കഴിയുമോയെന്നതാണ് ഇനിയുള്ള ചോദ്യം? പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മുമായി അല്‍പ്പമേറെ അകലം പാലിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പലസ്തീന്‍ വിഷയത്തില്‍ സിപിഐഎം കോഴിക്കോട്ട് ന്യൂനപക്ഷ സംഘടനകളുടെ കണ്‍വെന്‍ഷന്‍ നടത്തിയെങ്കിലും തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷം പാര്‍ട്ടിയെ കൈവിട്ടിരുന്നു. എക്കാലത്തും സിപിഐഎമ്മിനൊപ്പം നിന്നിരുന്ന എപി വിഭാഗം സമസ്ത (സുന്നി മുസ്ലിം വിഭാഗം) വോട്ടുകളും പാര്‍ട്ടിക്കു നഷ്ടപ്പെട്ടു. ന്യൂനപക്ഷ പ്രീണനം എന്ന പ്രചാരണം ഉയര്‍ന്നതോടെ പരമ്പരാഗതമായി സിപിഐഎമ്മിനൊപ്പം നിന്നിരുന്ന ഹിന്ദു (പ്രത്യേകിച്ച് ഈഴവ വിഭാഗം) വോട്ടുകളും പാര്‍ട്ടിയെ കൈവിട്ടു. ഇക്കാര്യം തിരഞ്ഞെടുപ്പിനുശേഷം വിലയിരുത്തിയ സിപിഐഎം, തൊട്ടുപിന്നാലെ പരസ്യമായ ലീഗ്-ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകളിലൂടെ ‘തിരുത്തല്‍ ശ്രമങ്ങള്‍’ക്കു തുടക്കമിട്ടു. ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയത ഒരുപോലെ ആപത്താണെന്നന്ന ഭാഷ്യമാണ് ഇതിനു ന്യായീകരണമായി സിപിഐഎം പറഞ്ഞത്. അടുത്തിടെ വെള്ളാപ്പളളി നടേശന്‍ മലപ്പുറം ജില്ലയിലെ ലക്ഷ്യമിട്ടു നടത്തിയ ന്യൂനപക്ഷവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ വലിയ എതിര്‍പ്പുയര്‍ന്നപ്പോള്‍ സിപിഎം കണ്ണടച്ചതും ഹിന്ദു വോട്ട് ലക്ഷ്യമിട്ടു തന്നെ. നിലമ്പൂരില്‍ 17 ശതമാനമാണ് ഈഴവ വോട്ട്. ജൂൺ ഒന്നിനു നടക്കുന്ന എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പ്രസംഗം നിലമ്പൂരില്‍ സിപിഐഎം രാഷ്ട്രീയ സമീപനത്തിന്റെയും അടവിന്റെയും ദിശ വ്യക്തമാക്കും.

എസ്ഡിപിഐയും ജമാഅത്ത് ഇസ്ലാമിയുമായി കൂട്ടുചേര്‍ന്ന് വര്‍ഗീയതയ്ക്കു കുടപിടിക്കുന്നുവെന്ന് ആരോപിച്ച് ലോക്‌സഭ തിരഞ്ഞെടുപ്പിനു പിന്നാലെ ലീഗിനെതിരെ സിപിഐം നടത്തിയ പരസ്യമായ ആക്രമണം നഷ്ടപ്പെട്ട ഹിന്ദു വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്ന വിലയിരുത്തലുകള്‍ പൊതുമണ്ഡലത്തില്‍ സജീവമാണ്. ഈ നിലപാട് നിലമ്പൂരിലും ലീഗിനെതിരെ സിപിഐഎം ആയുധമാക്കാനാണ് സാധ്യത. ഒപ്പം ഇ കെ വിഭാഗം സമസ്തയിലെ ലീഗിനെതിരെ നിലകൊള്ളുന്ന വിഭാഗത്തെ ഒപ്പംനിര്‍ത്താനും അതിനൊപ്പം കാന്തപുരം വിഭാഗം കൈവിടാതിരിക്കാനുമായിരിക്കും സിപിഐഎം ശ്രമം. മലപ്പുറത്ത് ജമാഅത്ത് വേദികളില്‍ ലീഗ് നേതാക്കള്‍ പ്രത്യക്ഷപ്പെടുന്നതിനെതിരായ ലീഗ് അനുകൂല ഇകെ സമസ്തയിലെ ഒരു വിഭാഗം പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ പ്രതിഷേധം പരസ്യ ഭിന്നതയുടെ രൂപത്തിലാണിപ്പോള്‍. ഇതിനു പരിഹാരം കാണാന്‍ ലീഗിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, ഈ വിഭാഗം പതിവിനു വിപരീതമായി സിപിഐഎമ്മുമായും എല്‍ഡിഎഫ് സര്‍ക്കാരുമായും അടുപ്പം പുലര്‍ത്താന്‍ തുടങ്ങിയതെന്നതും ശ്രദ്ധേയമാണ്.

പറഞ്ഞുവന്നത് നിലമ്പൂരില്‍ സ്വാധീനിക്കാവുന്ന രാഷ്ട്രീയ ഉള്‍പ്പിരിവുകളെക്കുറിച്ചാണ്. ഈ ഘടകങ്ങളൊക്കെ നിലമ്പൂരില്‍ എങ്ങനെ പ്രതിഫലിക്കുമെന്നാണ് ഇനി അറിയാനുള്ളത്. രൂക്ഷമായ വന്യജീവി ആക്രമണം തടയുന്നതിലെ പാളിച്ച, ആദിവാസിമേഖലകളിലെ വികസന മുരടിപ്പും തകര്‍ന്ന പാലങ്ങളും റോഡുകളും പുനര്‍നിര്‍മിക്കാത്തത് എന്നിവ യുഡിഎഫ് സജീവ പ്രചാരണം ആയുധങ്ങളാക്കുന്നുണ്ട്. ഇതിനെ മറികടക്കാന്‍ വന്യജീവി ആക്രമണം തടയുന്നതില്‍ തടസം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണെന്ന വാദമാണ് സിപിഐഎം ഉയര്‍ത്തുന്നത്. അക്രമകാരികളായ വന്യജീവികളെ വെടിവെച്ചുകൊല്ലാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു കത്തെഴുതിയതും യുഡിഎഫ വാദം പൊളിക്കാന്‍ ലക്ഷ്യമിട്ടുതന്നെ. പി വി അന്‍വര്‍ എംഎല്‍എയായിരിക്കെ അദ്ദേഹത്തിനെതിരെ അഴിമതി ആരോപിച്ചും തടയണ വിഷയത്തിലും കോണ്‍ഗ്രസ് ഉയര്‍ത്തിയ പ്രചാരണം അവര്‍ക്കു തന്നെ വിനയാവുമോയെന്നും അത് എല്‍ഡിഎഫ് പ്രചാരണ ആയുധമാക്കുമോയെന്നും കണ്ടറിയാം.

മലയോരമേഖലയായ നിലമ്പൂരിൽ ക്രൈസ്തവ സമൂഹം പൊതുവെ യുഡിഎഫിന് അനുകൂലമായാണ് നിലകൊള്ളാറുള്ളത്. വന്യജീവി ആക്രമണം ഇപ്പോഴും രൂക്ഷമായി നിലനിൽക്കുന്ന മണ്ഡലത്തിൽ സഭ നിലവിലെ സാഹചര്യത്തിൽ സർക്കാരിന് അനുകൂലമായൊരു നിലപാടെടുക്കാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. പത്ത് ശതമാനത്തോളമാണ് നിലമ്പൂരിലെ ക്രൈസ്തവ വോട്ട് ബാങ്ക്. അതേസമയം, ബി.ജെ.പി-ബിഡിജെഎസ് സ്ഥാനാർഥി ഉണ്ടാവുമോയെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. മത്സരിക്കേണ്ടതില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എന്നാൽ മത്സരിക്കണമെന്ന വികാരം പാർട്ടി അണികൾക്കിടയിലുണ്ട്. ഇനി അഥവാ 2016ൽ മത്സരിച്ച ബിഡിജെഎസിന് സീറ്റ് വിട്ടുകൊടുക്കുമോയെന്നും വ്യക്തമായിട്ടില്ല. എൻഡിഎ സ്ഥാനാർഥി ഉണ്ടായില്ലെങ്കിൽ ഈഴവ വോട്ട് സിപിഐഎമ്മിലേക്കു മറിയുമെന്ന ആശങ്ക യുഡിഎഫിനുണ്ട്..

സ്വരാജ്: എസ് എഫ് ഐയില്‍നിന്ന് പാര്‍ട്ടി നേതൃത്വത്തിലേക്ക്

പാര്‍ട്ടി നിലപാട് സമൂഹമാധ്യമങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും അണികള്‍ക്കു സന്ദേഹമില്ലാത്ത നിലപാട് വിധം വ്യക്തമാക്കുന്നതില്‍ എം സ്വരാജിനെ വെല്ലുന്നൊരു നേതാവ് സിപിഎമ്മില്‍ ഇപ്പോഴില്ല. മികച്ച വാഗ്മി, എഴുത്തുകാരന്‍ എന്നീ നിലകളിലും തിളങ്ങുന്ന സ്വരാജ്, എസ്എഫ്‌ഐയിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്കു കടന്നത്. 1999 ല്‍ കാലിക്കറ്റ് സര്‍വകലാശാല സ്റ്റുഡന്റ്‌സ് യൂനിയന്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. എസ് എഫ് ഐ മലപ്പുറം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ച സ്വരാജ്, 2005 ല്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി. 2011ല്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, 2013ലും 2016 ലും സംസ്ഥാന സെക്രട്ടറിയുമായി. ദേശീയ ജോയിന്റ് സെക്രട്ടറി സ്ഥാനവും വഹിച്ചു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2021ല്‍ പരാജയപ്പെട്ടു.

സിപിഎം സംസ്ഥാന അംഗമായി ഉയര്‍ന്ന് 2022ൽ സംസ്ഥാന സെക്രട്ടറിയേറ്റിലും ഇടം പിടിച്ചു. നാല്‍പ്പത്തിയാറുകാരനായ സ്വരാജ് സെക്രട്ടേറിയറ്റിലെ പ്രായം കുഞ്ഞവരില്‍ ഒരാളാണ്. സിപിഐഎം മുഖപത്രമായ ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്ററാണ്.

പോത്തുകല്ല് പതാര്‍ സുമാനിവാസില്‍ പി എന്‍ മുരളീധരന്റെയും പി ആര്‍ സുമംഗിയമ്മയുടെയും മകനായി 1979 മേയ് 27നാണ് സ്വരാജിന്റെ ജനനം. ഭാര്യ:സരിത. പാലേമാട് എസ്‌വിഎച്ച്എസ്എസ് ഇയില്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും ചുങ്കത്തറ മാര്‍ത്തോമ കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബി.എയും പൂര്‍ത്തിയാക്കി. എല്‍എല്‍ബിയും ബിരുദാനന്തര ബിരുദവും നേടി.

കാൾ സാഗന്റെ ഇന്റർസ്റ്റെല്ലർ

0

“കോസ്മോസ്” എന്ന പുസ്തകത്തെ അധികരിച്ചെഴുതിയ ലേഖനം

മനുഷ്യനുണ്ടായ കാലം മുതൽക്കേ അന്വേഷണം ആരംഭിച്ച ഒന്നാണ് പ്രപഞ്ച ഉല്പത്തി എന്നത്. ആദ്യ കാലങ്ങളിൽ വിവിധ ഗോത്രവംശങ്ങൾ തനതു രീതിയിൽ അവരുടേതായ വിശ്വാസങ്ങൾ വച്ച് പുലർത്തിയിരുന്നു. ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്നതാണ് പൊതുവായി എല്ലാ മതങ്ങളും എല്ലാ സംസ്കാരങ്ങളും ആവർത്തിച്ച് പറഞ്ഞിട്ടുള്ളത്. നിർഭാഗ്യമെന്നു പറയട്ടെ ഉത്തരമില്ലാത്ത ചോദ്യങ്ങൾ നമ്മളെ പണ്ട് മുതൽക്കേ അലട്ടിയിട്ടുണ്ട്. എന്നാൽ നമ്മൾ ജീവിച്ച ഈ കാലയളവിൽ കുറച്ചുപേരെങ്കിലും അത് ചോദ്യം ചെയ്യാൻ ധൈര്യം കാണിക്കുകയുണ്ടായി. അതിന്റെ ഫലമായി ഈ ഭൂമി പരന്നതല്ല ഉരുണ്ടതാണെന്നും പ്രപഞ്ചം ഭൂമിയെ അല്ല ഭൂമി സൂര്യനെ വലം വയ്ക്കുന്നു എന്നും സൗരയൂഥത്തിന് പുറത്തു ഒട്ടനേകം പ്രപഞ്ചങ്ങൾ ഉണ്ടെന്നും നാം കണ്ടെത്തി. മറിച്ചായിരുന്നെങ്കിൽ ഒന്ന് ആലോചിച്ചുനോക്കു ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഭൂമി പരന്നതാണെന്നും സൂര്യൻ നമ്മളെ വലം വയ്കുകയാണെന്നും വിശ്വസിക്കുക മാത്രമല്ല മറിച്ചു പറയുന്നവനെ അന്ധവിശ്വാസിയായി ചുട്ടുകരിക്കാനും മടിക്കുമായിരുന്നില്ല. ദൈവത്തിന്റെ മുട്ട വിരിഞ്ഞു പ്രപഞ്ചമുണ്ടായി എന്ന് വിശ്വസിച്ചിരുന്ന ചൈനക്കാരുടെ കാലത്തിൽ നിന്നും ഇപ്പോഴും നാം അധികം മുന്നോട്ട് വന്നിട്ടില്ല എന്നോർക്കണം.

യുദ്ധം ഉണ്ടാകുമ്പോഴും രാജ്യങ്ങൾ ആണവപരീക്ഷണങ്ങൾ നടത്തുമ്പോഴും നമ്മൾ അന്ധവിശ്വാസങ്ങളിൽ അഭയം കണ്ടെത്തുമ്പോഴും നാം സ്വയം പിന്നോട്ട് പോകുകയാണ് ചെയുന്നത്. കാൾ സാഗൻ പറയുന്നു ഭൂമിയിലെ ആദ്യത്തെ ഉദാത്തമായ ആധുനിക സംസ്‍കാരം മെഡിറ്ററേനിയൻ കടലിന് സമീപം നിലനിന്നിരുന്ന അയോണിയൻ സംസ്കാരമാണ്. അക്കാലത്തു മനുഷ്യൻ നക്ഷത്രങ്ങളെ നിരീക്ഷിക്കാനും ഭൂമിയുടെ ചുറ്റളവ് കണ്ടെത്താനും പഠിച്ചിരുന്നു. എന്നാൽ മനുഷ്യ മനസുകളിലെ ആർത്തിയും ദുരയും ആ സംസ്കാരത്തെ അപ്പാടെ വിഴുങ്ങുകയും മത അന്ധത ലോകമെമ്പാടും വ്യാപിക്കുകയും ചെയ്തു. ഇത് മനുഷ്യനെ അന്ധകാരത്തിന്റെ തടവിലാക്കി. 2025 ലും നക്ഷത്രങ്ങളിലേക്കുള്ള പര്യവേഷണമോ മറ്റ് സരയൂഥങ്ങളിലേക്കുള്ള അന്വേഷണമോ നമ്മൾ തുടങ്ങിയിട്ടില്ല. ലോകത്തെ മയക്കിയ മത അന്ധത നമ്മളെ ഇരുപത് നൂറ്റാണ്ടുകളോളം പുറകിലേക്ക് കൊണ്ട് പോയി. ഒരുപക്ഷേ അയോണിയൻ സംസ്‍കാരം നശിപ്പിക്കപ്പെട്ടില്ലായിരുന്നു എങ്കിൽ ഇതിനോടകം നാം പ്രകാശവേഗത്തിൽ സഞ്ചരിച്ചു നക്ഷത്ര പര്യവേഷണം പൂർത്തിയാക്കിയേനെ. ഒരു മനുഷ്യായുസ് ശുഷ്കമായ സമയക്രമം ആയിരിക്കെ നമ്മൾ അമാന്തിക്കുന്ന ഓരോ നിമിഷവും ഭാവിയിൽ ജനിക്കാൻ പോകുന്ന ഓരോ തലമുറയോടും ചെയ്യുന്ന മഹാപാതകമായിരിക്കും. ശാസ്ത്ര പരിണാമത്തെ കണക്കിലെടുത്തു ഒരു സമയരേഖ വരക്കുകയാണെങ്കിൽ AD 500 നും AD 1500 നും ഇടയിൽ ഒരു വലിയ വിടവ് കാണുവാനാകും. അത് മനുഷ്യരാശി നിഷ്ക്രിയമായി അന്ധവിശ്വാസങ്ങളിൽ നഷ്ടപ്പെടുത്തിയ കാലയളവാണ്. ശാസ്ത്രത്തെ പൂർണമായി മനസിലാക്കാൻ ഒരു മനുഷ്യജന്മത്തിൽ സാധ്യമല്ല. നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രമായ ആൽഫ സെഞ്ചുറിയിൽ എത്തിപ്പെടാൻ തന്നെ നിലവിൽ നമുക്ക് പതിനായിരക്കണക്കിന് വർഷങ്ങൾ സഞ്ചരികേണ്ടി വരും. നമുക്ക് ചെയ്യാനാകുന്നത് നമ്മുടെ പൂർവികർ ചെയ്തത് പോലെ കൃത്യമായി മാർഗമൊരുക്കുക എന്നതാണ്. ചരിത്രം പരിശോധിച്ചാൽ മനസിലാകും ആദ്യം തെലിസ് അതിന്റെ ചുവട് പിടിച്ചു പൈതഗോറസ്, ഡെമോക്രിറ്റസ്, പ്ലേറ്റോ, അരിസ്റ്റാർക്കസ്, ഇറസ്തോസ്തനീസ്, കൊളമ്പസ്, കോപ്പർ നിക്കസ്, കെപ്ലർ, ഹൈഗൻസ്, ന്യൂട്ടൻ, ഐൻസ്റ്റീൻ ഇങ്ങനെ പോകുന്നു മനുഷ്യരാശി. ഓരോരുത്തരും അവരുടേതായ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു. വരുന്ന തലമുറ ഈ അറിവ് ആർജ്ജിച്ചു പരീക്ഷണങ്ങളിൽ ഏർപ്പെടുകയും പുതിയ തിയറികൾ കണ്ടെത്തുകയോ പഴയത് തെറ്റാണെന്ന് തെളിയിക്കുകയോ ചെയ്യുന്നു.

ഏതൊരു ആരംഭത്തിനും ഒരു അവസാനമുണ്ടാകും. എങ്ങനെ പ്രപഞ്ചമുണ്ടായി എന്ന ചോദ്യത്തിന് മഹാവിസ്ഫോടനം മുഖേന എന്ന് പറയുമ്പോഴും അതിന് മുന്നേ എന്തായിരുന്നു എന്ന ചോദ്യം ഉദിക്കുന്നു. ശൂന്യതയിൽ നിന്നാണോ വിസ്ഫോടനം സംഭവിച്ചത് ? ഒന്നുമില്ലായ്മയിൽ നിന്നും എങ്ങനെ നമ്മൾ ഉണ്ടായി ? അതും ഒരിക്കൽ നമ്മൾ കണ്ടെത്തും. എന്തായാലും മഹാവിസ്ഫോടനത്തിന്റെ ഫലമായി രൂപംകൊണ്ട താരാപഥത്തിൽ മറ്റേതോ കത്തിനശിച്ച നക്ഷത്രത്തിന്റെ വാതകത്തെ സ്വീകരിച്ചു സ്വയം അണുസംയോജനം നടത്തിയാണ് സൂര്യൻ ജനിക്കുന്നത്. ഒരുപക്ഷെ സ്വയം ആളിക്കത്താനുള്ള ശേഷിയില്ലായിരുന്നു എങ്കിൽ ഭൂമിപോലെ സൂര്യനും മറ്റൊരു ഗ്രഹമായി മാറിയേനെ. എന്നിരുന്നാലും താരാപഥങ്ങളിലെ വാതക വിനിമയങ്ങളുടെയും നക്ഷത്ര അവശിഷ്ടങ്ങളുടെയും സംയോജനഫലമായി രൂപം കൊണ്ട ഗ്രഹങ്ങളിൽ ഭൂമിയിൽ മാത്രമെങ്ങനെ ജീവനുണ്ടായി ? എന്തുകൊണ്ട് ഭൂമിക്ക് സമാനമായ അന്തരീക്ഷമുള്ള ചൊവ്വയിൽ ജീവന്റെ അംശം കണ്ടെത്താനാകുന്നില്ല? യാദൃച്ഛികത എന്ന പദത്തിന് ഇന്ന് ശാസ്ത്രലോകത്തു വലിയ പ്രസക്തിയുണ്ട്. വെറും ഭാഗ്യം കൊണ്ട് മാത്രമാണ് ഭൂമിയിൽ ജീവന്റെ അംശം രൂപം കൊണ്ടതും, അതിൽ തന്നെ അനേകം ശുക്ളങ്ങളുടെയും അണ്ഡങ്ങളുടെയും മത്സരഓട്ടത്തിൽ ജയിച്ച നമ്മൾ ജനിച്ചതും. ചൊവ്വയിൽ നടത്തിയ കാർബണിക രസതന്ത്ര പരീക്ഷങ്ങൾ അവിടെ ജീവന്റെ സാന്നിധ്യം ഉണ്ടെന്ന് തെളിയിക്കുന്നില്ല. എന്നാൽ അവിടുത്തെ കളിമണ്ണ് പോലുള്ള മണ്ണ് സൂക്ഷ്മജീവികൾക്ക് വളരുവാനുള്ള സാഹചര്യമൊരുക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.

മനുഷ്യൻ അവനെപ്പോലെ മറ്റൊരു സമൂഹത്തെ പ്രപഞ്ചത്തിൽ മറ്റൊരിടത്തു മറ്റൊരു സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നു. എന്നാൽ സിനിമകളിൽ കാണുന്നപോലെ ഭയപ്പാടോടെ അല്ല, മാനവികതയുടെ. നമ്മൾ മനുഷ്യന്റെ ഉൽപത്തി മുതലുള്ള വിവരണങ്ങൾ ക്രോഡീകരിച്ചു റേഡിയോ തരംഗങ്ങൾ മുഖേന ബഹിരാകാശത്തേക്ക് നിരന്തരമായി അയച്ചുകൊണ്ടിരിക്കുന്നു. ഒരുപക്ഷെ പ്രപഞ്ചത്തിന്റെ അങ്ങേ തലയ്ക്കൽ ആ തരംഗങ്ങൾ ചെന്നെത്തുകയും അതിനുള്ള മറുപടി ലഭിക്കുമെന്നും നമ്മൾ പ്രതീക്ഷിക്കുന്നു. ഒരുപക്ഷെ ആ സമൂഹം നമ്മുടെ വളർച്ചപോലും എത്തിയതാകണമെന്നില്ല അല്ലെങ്കിൽ ഒരുപക്ഷെ മനുഷ്യസമൂഹത്തിന്റെ നിസ്സാരതയിൽ നമ്മെ തള്ളിക്കളഞ്ഞവയുമാകാം. അതുമല്ലെങ്കിൽ അങ്ങനൊരു സമൂഹം തന്നെ ഉണ്ടായിട്ടുപോലും ഇല്ലായിരിക്കാം എന്നിരുന്നാലും നാം പ്രതീക്ഷ കൈവിടുന്നില്ല. 450 കോടി വർഷങ്ങളായി ഏകാന്തതയിൽ അമർന്ന് അവസാനം സ്വന്തം വർഗത്തെ തന്നെ നശിപ്പിക്കുന്ന നമുക്ക് ഒരു അന്യവർഗ്ഗത്തെ കാണുമ്പോഴെങ്കിലും അല്പം നാണക്കേട് തോന്നുമോ എന്ന് കണ്ടറിയണം. സൂര്യനിൽ ഹൈഡ്രജൻ അറ്റങ്ങൾ ഹീലിയമായി മാറുന്ന പ്രക്രിയ അവസാനിക്കാറാകുമ്പോൾ സൂര്യൻ ചുവപ്പ് ഭീമനായും പിന്നീട് വെള്ളകുള്ളനായും അവസാനം കറുത്ത കുള്ളനായും മാറും. ഇന്നേരം സ്വന്ത്രമാകുന്ന ഊർജം മറ്റൊരു വാതകസീമയിൽ ശേഖരിക്കപ്പെടുകയും പുതിയൊരു നക്ഷത്ര രൂപീകരണത്തിന് കാരണമാകുകയും ചെയുന്നു. എന്നാൽ ഭൂമിയാകട്ടെ നമ്മുടെ ഇടപെടൽ മൂലം മലിനീകരണ തോത് കൂടി ജീവികൾക്ക് വംശനാശം സംഭവിച്ചു ഏതാണ്ട് അതിനുമുന്നെ തന്നെ ഇല്ലാതാകും. 1987 ഇൽ ലോകജനസംഖ്യ 500 കോടി കടക്കുമ്പോൾ മുഴുവൻ രാഷ്ട്രങ്ങളുടെ കയ്യിലായി 20000 കോടി ജനങ്ങളെ നശിപ്പിക്കാൻ തക്ക ആണവായുധങ്ങൾ ഉണ്ടായിരുന്നു. അങ്ങനെയെങ്കിൽ ഇന്നത്തെ അവസ്ഥ ഓർത്തുനോക്കൂ. സൂര്യന്റെ മരണംവരെയൊന്നും നമ്മുക്ക് കാത്തിരിക്കേണ്ടിവരുമെന്നു തോന്നുന്നില്ല. ക്രിസ്റ്റഫർ നോളന്റെ 2014 ഇൽ പറത്തിറങ്ങിയ ഇന്റെർസ്റ്റെല്ലർ എന്ന ചിത്രത്തിൽ ഒരു അന്യഗ്രഹത്തിലെ ജീവ സാഹചര്യത്തെ തേടിപ്പോകുന്ന നായകനും സംഘവും നമുക്ക് നല്ലൊരു മെസ്സേജ് നൽകുന്നുണ്ട്. ഒരു ഘട്ടത്തിൽ റോമിലി എന്ന യാത്രികൻ നായകനായ കൂപ്പറിനോട് പറയുന്നു “ ഇപ്പോൾ എനിക്ക് മുന്നിൽ അന്ധത മാത്രമാണ്, ഈ ലോകത്തു വ്യത്യസ്തമായി ഒന്നും തന്നെയില്ല “ കൂപ്പർ താൻ അതുവരെ കേട്ടുകൊണ്ടിരുന്ന EARBUDS റോമിലിക്ക് നൽകുന്നു. അയാൾ അതിൽ മഴയുടെ ഒച്ചയും കിളികളുടെ ചിനപ്പും കേൾക്കുന്നു, ഭൂമിയിലെ യാതൊരു പ്രത്യേകതയും തോന്നിക്കാതിരുന്ന ആ ശബ്ദങ്ങൾ അന്നേരം അയാളിൽ പ്രതീക്ഷ ഉണർത്തുന്നു.

ശരിക്കും പ്രപഞ്ചത്തെ മനസിലാക്കുന്നത് വളരെ രസകരവും ഒപ്പം ഭീതിജനകവുമാണ്. സൗരയൂഥം ഉൾപ്പെടുന്ന പ്രപഞ്ചം കഴിഞ്ഞാൽ ഈ ലോകത്ത് എത്ര മനുഷ്യരുണ്ടോ അത്രെയും തന്നെ താരാപഥങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയിലെല്ലാം കോടിക്കണക്കിനു സൂര്യന്മാരുണ്ട്. അനുനിമിഷം പുതിയ സൂര്യന്മാർ ഉദയം ചെയ്തുകൊണ്ടിരിക്കുന്നു. ഇവയിൽ മിക്കവാറും സ്വന്തമായി ഭ്രമണപാതയും അവയെ ചുറ്റുന്ന ഗ്രഹങ്ങളുമുണ്ടാവാം. ഈ കോടിക്കണക്കിനു സൂര്യന്മാരിൽ യാതൊരു സവിശേഷതയുമില്ലാത്ത ഒരു സൂര്യന്റെ ഭ്രമണപഥത്തിലെ ഒരു ചെറു കുത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന ചിന്ത നമ്മെ എത്ര നിസാരന്മാരാക്കുന്നു. ജാതിമതങ്ങൾക്ക് വേണ്ടി നടത്തപ്പെടുന്ന അക്രമങ്ങളും ചൊവ്വാദോഷത്തിനായി ചൊവ്വപോലുമറിയാതെ നടത്തപെടുന്ന പരിഹാരകർമങ്ങൾക്കും ഇരയായവരെ ദുഃഖപൂർവം സ്മരിക്കുന്നു. വിശ്വാസങ്ങൾ നല്ലതുതന്നെ പക്ഷെ അവയൊന്നും അന്ധതയിലേക്ക് നയിച്ചുകൂടാ. കാരണം അവിടെ പരാജയപ്പെടുന്നത് നമ്മൾ തന്നെയാണ്.

പ്രപഞ്ചം സദാ വികസിച്ചുകൊണ്ടിരിക്കുന്നു എന്ന് എഡ്വിൻ ഹബിൾ കണ്ടെത്തിയിട്ടുണ്ട്. അതിനെ സംബന്ധിച്ചു പറയപ്പെടുന്ന രസകരമായ ഒരു കാര്യം എന്തെന്നാൽ കുറെ വർഷങ്ങൾക്കു ശേഷം പ്രപഞ്ച വികാസം നിലക്കുകയും അത് സങ്കോചിക്കുവാൻ ആരംഭിക്കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. ഇത് മൂലം കല്ലെറിഞ്ഞു കുളത്തിൽ ഓളങ്ങൾ ഉണ്ടാകുന്നതിന് പകരം ആദ്യം ഓളങ്ങൾ ഉണ്ടാകുകയും പിന്നീട് കല്ലെറിയുകയും ചെയ്യും. കാൾ സാഗൻ പുസ്തകത്തിൽ ഉടനീളം ഊന്നി ഊന്നി പറയുന്ന ഒരു കാര്യം നമ്മൾ മനുഷ്യർ ആണ് എന്നുള്ളതാണ്. ഒരുപക്ഷെ ഇന്നത്തെകാലത്തു വിശ്വപൗരൻ അഥവാ ആഗോളപൗരൻ എന്ന പ്രയോഗം പരിഹാസമുണർത്തിയേക്കാം കാരണം സ്വാർത്ഥ ലാഭത്തിനും താല്പര്യങ്ങൾക്കും വേണ്ടി അതാത് രാജ്യങ്ങളിലെ കുത്തകകളും ഗവൺമെന്റും അതിർത്തികൾ ശക്തമാക്കി കഴിഞ്ഞു. ആണവായുധങ്ങൾ അനിവാര്യമാണെന്ന് ജനങ്ങളെ കബളിപ്പിച്ചു കഴിഞ്ഞു. കാൾ സാഗനെ പോലുള്ള മഹാന്മാർ സ്വപ്നം കണ്ട ലോകം വിസ്‌മൃതിയിലായിക്കഴിഞ്ഞു. എന്നാൽ ഇപ്പോഴും പ്രതീക്ഷ കൈവിടാതെ കുറച്ചുപേർ ബാക്കിയുണ്ട്. ഞാൻ വിശ്വസിക്കുന്നപോലെ എന്നെപോലെ മനുഷ്യമാനവികതയിൽ വിശ്വസിക്കുന്ന ഒരു പുത്തൻ തലമുറ ഉയർന്നു വരികതന്നെ ചെയ്യും. അവർ ഈ കളവ് പറഞ്ഞു ഭരിക്കുന്ന വിഷങ്ങളെ കുടഞ്ഞെറിയുകയും വിശ്വമാനവികതക്കായി കൈ കോർക്കുകയും ചെയ്യും. നാം വിശ്വസിക്കുന്നപോലെ പ്രപഞ്ച രാശിയിൽ മറഞ്ഞിരിക്കുന്ന ജീവന്റെ കണിക ഒരുനാൾ മറനീക്കി പുറത്തു വന്നാൽ നാം അവർക്ക് മുന്നിൽ വിശ്വസ്നേഹത്തിന്റെ ഒരായിരം ജീവിതങ്ങൾ കാട്ടികൊടുക്കും .