പാചക വാതക വില വർധനവിന് പിന്നിൽ എന്താണ് ? കണക്കും രാഷ്ട്രീയവും കെട്ടിമറിയുന്നു

ഒൻപത് വർഷം കൊണ്ട് 750 രൂപയുടെ വർധന; സബ്സിഡിയുടെ പേരിൽ കബളിപ്പിക്കൽ; ലോക മാർക്കറ്റിൽ വില കുറയുമ്പോൾ രാജ്യത്ത് കുത്തനെ കൂട്ടൽ

പാചക വാതക വിലയിൽ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് ഉണ്ടായത് 750 രൂപയുടെ വർധനവ്. മോഡി സർക്കാർ അധികാരമേൽക്കുമ്പോൾ പാചകവാതകത്തിന് ഒരു സിലിണ്ടറിന് 410 രൂപയായിരുന്നു. ഇപ്പോൾ അത് 1103 രൂപയിലെത്തി നില്‍ക്കുന്നു. സർവ്വീസ് ചാർജ് കൂടി കൂട്ടിയാൽ കുടുബങ്ങളുടെ മേൽ വന്ന് പതിച്ചത് ഏകദേശം 700 രൂപയുടെ വര്‍ധന.

2022-ല്‍ ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത് നാലു തവണയായിരുന്നു. ജനുവരി മാസത്തില്‍ 906.50 ആയിരുന്ന വില മാര്‍ച്ച് 22-ന് അന്‍പതു രൂപ കൂടി 956.50-ത്തില്‍ എത്തി. രണ്ടുമാസത്തിനു ശേഷം മേയ് ഏഴിന് അത് 1006.50 ആയി. പിന്നീട് വര്‍ധനയുണ്ടാകുന്നത് ജൂലൈ മാസത്തിലാണ്. ജൂലൈ ആറിന് വില 1060-ല്‍ എത്തി. 2023 ജനുവരിയിലും ഫെബ്രുവരിയിലും വില കൂടിയില്ലെങ്കിലും മാര്‍ച്ച് ഒന്നാം തീയതി ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ വില 1110-രൂപയായി.

മിക്ക രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ നിശ്ശബ്ധത പാലിക്കുന്നതിലെ രഹസ്യവും അവ്യക്തമാണ്. വിറക് കത്തിച്ചോളും, അത്ര സെൻസിറ്റീവ് അല്ല, വോട്ട് ബാങ്കുകളെ സ്വാധീനിക്കില്ല എന്നിങ്ങനെ വിലയിരുത്തുന്നവർ ഉണ്ട്. എന്നാലും വർധനവിന് പിന്നിലെ ന്യായവും കണക്കുകളും കൂടി ദുരൂഹമായി തുടരുന്നു.

അന്താരാഷ്ട്ര മാർക്കറ്റിൽ കുറയുന്നു ഇന്ത്യയിൽ കൂടുന്നു

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടുന്നതിനാല്‍ ഇവിടെയും വര്‍ധിപ്പിക്കുന്നു എന്നാണ് ഇതിന് ഒരു കാരണം പറഞ്ഞിരുന്നത്. എന്നാൽ നിലവില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞുനില്‍ക്കുന്ന സമയമാണ്. സബ്‌സിഡി സംബന്ധിച്ച് ഇപ്പോൾ മിണ്ടാട്ടമില്ല. നിങ്ങളുടെ അക്കൌണ്ടിൽ നേരിട്ട് എത്തിച്ചല്ലോ എന്നാണ് ചോദിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആരുടെ അക്കൌണ്ടിലും അങ്ങിനെ ഒരു തുക എത്തുന്നില്ല. ഈ തുക എവിടെ പോകുന്നു എന്തു ചെയ്യുന്നു. അതല്ല എന്ത് കാരണത്താൽ പിൻവലിച്ചു എന്നൊന്നും വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി സബ്‌സിഡി എന്ന വാക്ക് എവിടെയും ഇല്ല.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ഈ വിലവര്‍ധന എന്നത് ഈ കളിയിലെ മനപൂർവ്വമുള്ള ഇടപെടൽ വെളിച്ചത്ത് കൊണ്ടു വരുന്നു.

വര്‍ഷത്തില്‍ 10 സിലിണ്ടര്‍ വരെ മാത്രം സബ്‌സിഡി എന്ന നയം മൻമോഹൻ സിങ് കാലഘട്ടത്തിലെയാണ്. എന്നാൽ അത് വീടുകളെ ബാധിച്ചിരുന്നില്ല. ശരാശരി കുടുംബം പത്ത് സിലിണ്ടറിൽ കൂടുതൽ ഉപയോഗിക്കുന്നത് കുറുവായിരുന്നു. മറിച്ചു വില്പന തടയാനായി എന്ന മെച്ചവും ഉണ്ടായിരുന്നു. സബ്‌സിഡി കിട്ടാന്‍ അക്കൗണ്ട് തുടങ്ങിയവര്‍ അക്കൗണ്ട് നിലനിര്‍ത്താന്‍ ബാങ്കുകൾക്ക് പണം നൽകേണ്ടതുണ്ട്.

കണക്ക് കാട്ടി പേടിപ്പിച്ച് കുടുംബ ബജറ്റിൽ കയ്യിട്ടു

2014 മേയ് 26-നാണ് ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. 14.2 കിലോയുടെ ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വില അപ്പോൾ 410 രൂപയായിരുന്നു .

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില, നികുതികള്‍, ഡീലര്‍ കമ്മീഷന്‍, ഡോളറിനെതിരേയുള്ള രൂപയുടെ നില, ബോട്ടിലിങ് ഉള്‍പ്പെടെയുള്ള മറ്റ് ചെലവുകള്‍ എന്നിവ ചേര്‍ന്നാണ് പാചകവാതക വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ. ഇംപോര്‍ട്ട് പാരിറ്റി പ്രൈസ് അഥവാ ഐ.പി.പി. അനുസരിച്ചാണ് വില കണക്കാക്കുന്നത്. ആകെ വിലയുടെ 90 ശതമാനവും എല്‍.പി.ഗ്യാസിനാണ്. സിലിണ്ടറിന്റെ ചില്ലറ വിലയുടെ 10 ശതമാനത്തോളം മാത്രമാണ് മേൽ പറഞ്ഞ മറ്റ് ഘടകങ്ങള്‍ ഉള്‍പ്പെടുന്നത്.

ലോക രാഷ്ട്രീയ സാഹചര്യവും വില കുറയാൻ സഹായകമായി, എന്നിട്ടും……….

2021 ഫെബ്രുവരി 24-നാണ് യുക്രൈനെതിരേ റഷ്യ യുദ്ധം പ്രഖ്യാപിച്ചത്. ഇതിന് തൊട്ടുപിന്നാലെ ആഗോള വിപണയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. പ്രധാനമായും മധ്യേഷ്യന്‍ രാജ്യങ്ങളില്‍നിന്നായിരുന്നു ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ റഷ്യ-യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ കഥ മാറി. മറ്റ് രാജ്യങ്ങൾ അഥവാ ഏറ്റവും കൂടുതൽ എണ്ണ വാങ്ങിക്കുന്ന രാജ്യങ്ങൾ റഷ്യൻ എണ്ണ ബഹിഷ്കരിച്ചു. ഇന്ത്യ അത് അവസരമാക്കി റഷ്യയിൽ നിന്നും വാങ്ങി തുടങ്ങി.

ഓർക്കുക, ലോകത്തെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയും ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.

എന്താണ് റഷ്യൻ എണ്ണയ്ക്ക് വില കുറഞ്ഞത്

റഷ്യ-യുക്രൈന്‍ യുദ്ധം നീണ്ടതിന് പിന്നാലെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും മോസ്‌കോയ്‌ക്കെതിരേ ഉപരോധം പ്രഖ്യാപിച്ചു. റഷ്യയുടെ പ്രധാന വരുമാനമാര്‍ഗങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടു. ഇതോടെ റഷ്യന്‍ ക്രൂഡ് ഓയിലിന്റെ വിപണി പ്രതിസന്ധി നേരിട്ടു. എന്നാല്‍ സ്വന്തം ഊര്‍ജാവശ്യങ്ങള്‍ പരിഹരിക്കാന്‍ എവിടെനിന്നും, റഷ്യയില്‍നിന്ന് ഉള്‍പ്പെടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുമെന്നായിരുന്നു ഇന്ത്യന്‍ നിലപാട് എടുത്തു. ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യ വിലയില്‍ ഇളവു വരുത്തിയത് ഇന്ത്യ അവസരമാക്കി.

റഷ്യ-യുക്രൈന്‍ യുദ്ധത്തിന് മുന്‍പ്, ഒരു ശതമാനത്തില്‍ താഴെയായിരുന്നു റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി. എന്നാല്‍ ഇപ്പോള്‍ ഇത് 35 ശതമാനത്തോളമായി വര്‍ധിച്ചിട്ടുണ്ട്. ദിവസം ശരാശരി 16 ലക്ഷം ബാരൽ എണ്ണ ഇപ്പോൾ ഇന്ത്യയിൽ എത്തുന്നു. റഷ്യയിൽ നിന്നും നാഫ്ത വാങ്ങുന്നത് 15 മടങ്ങായും വർധിച്ചിട്ടുണ്ട്. നേരത്തെ ഇത്രയും ഇറക്കിയത് ഇറാഖിൽ നിന്നായിരുന്നു. വലിയ അളവില്‍, കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ ലഭ്യമായിട്ടും പാചകവാതക സിലിണ്ടര്‍ വില വർധിപ്പിച്ചു കൊണ്ടേയിരുന്നു.

യു.പി.എ. അധികാരത്തിലിരുന്ന പത്തുകൊല്ലം ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 2,14,474 കോടിരൂപ സബ്‌സിഡി ഇനത്തില്‍ നല്‍കിയിരുന്നു. അതിനാലാണ് വില അഞ്ഞൂറിനു മുകളില്‍ പോകാതിരുന്നത്. എന്നാല്‍ മോദി സര്‍ക്കാരിന്റെ കഴിഞ്ഞ ഒന്‍പതു വര്‍ഷകാലയളവില്‍ ഈ സബ്‌സിഡി 36,598 കോടിരൂപയായി.

പ്രതിവര്‍ഷം രണ്ടായിരത്തിലധികം കോടി രൂപയുടെ അധിക ഭാരമാണ് കേരളത്തിലെ കുടുംബങ്ങൾക്ക് മേൽ ഇതിലൂടെ ഉണ്ടായിട്ടുള്ളത് എന്നാണ് സംസ്ഥാന ധന മന്ത്രി കണക്ക് വെക്കുന്നത്.

ഒരു വര്‍ഷം 10 സിലിണ്ടറുകള്‍ ഉപയോഗിക്കുന്ന ഒരു കുടുംബത്തിന് സബ്‌സിഡി നിര്‍ത്തലാക്കിയതിലൂടെയും ഗ്യാസ് വിലവര്‍ദ്ധനവിലൂടെയും ഏകദേശം 5000 രൂപയുടെ അധികഭാരം വര്‍ഷം തോറും ഉണ്ടാവുകയാണ്. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനായുള്ള സീഡ് ഫണ്ടിലേക്ക് 2 രൂപ പെട്രോള്‍ ഡീസല്‍ സെസ്സ് വകയിരുത്തിയപ്പോൾ വൻ പ്രതിഷേധം ഉയർന്നു. പക്ഷെ ഗ്യാസ് വിലയിൽ ജനങ്ങളുടെ പ്രതികരണ ശേഷിയെ പ്രത്യേക രീതിയിൽ പരുവപ്പെടുത്തി എടുത്തിരിക്കയാണ്.

ത്രിപുരയിൽ ബിജെപി അധികാരം നിലനിർത്തി; വിജയം നിശ്ചയിച്ച സാമൂഹിക സംഘടന തിപ്രമോത എവിടെ നിന്ന് വന്നു

 ത്രിപുരയില്‍ ബിജെപി അധികാര തുടർച്ച ഉറപ്പിച്ചപ്പോൾ വിജയം നിർണ്ണയിച്ച പുത്തൻ പാർട്ടി പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്റെ തിപ്രമോത മുഖ്യപ്രതിപക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു. സിപിഎമ്മിന് കഴിഞ്ഞ തവണ ഭരണവും ഇത്തവണ പ്രതിപക്ഷ സ്ഥാനവും നഷ്ടമായി.

സിപിഎം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയെങ്കിലും പൊരുതി മുന്നേറാൻ കഴിഞ്ഞില്ല. രാഷ്ട്രീയമായും കായികമായും വലിയ വെല്ലുവിളികളാണ് സിപിഎമ്മിന് നേരിടേണ്ടി വന്നത്. ദീർഘ കാലം ഭരണത്തിൻ്റെ ആലസ്യത്തിലും സുരക്ഷിതത്വത്തിലും കഴിഞ്ഞ പാർട്ടിക്ക് നേർക്കുനേർ എതിരിടൽ കഴിയാതെ പോയി. കഴിഞ്ഞ തവണ ബി ജെ പി ഭരണം പിടിച്ചതിന് ശേഷം അറുപതിൽ അധികം പ്രവർത്തകർ കൊല്ലപ്പെട്ട സാഹര്യമാണ് നേരിടേണ്ടി വന്നത്. ത്രിപുര സന്ദർശിച്ചപ്പോൾ ഒരു ചെങ്കൊടി പോലും കാണാനായില്ലെന്ന് പാർട്ടി നേതാവ് തോമസ് ഐസക് പരസ്യമായി ഫേസ്ബുക്കിൽ കുറിച്ചു. ഭയത്തിൻ്റെ സാഹചര്യമായിരുന്നു എന്നാണ് വ്യക്തമാക്കുന്നത്. വീടുകൾ തന്നെ ഇടിച്ചു നിരത്തിയും കാട്ടിലേക്ക് ഓടിച്ചുമായിരുന്നു പാർട്ടി കളി.

ബിജെപിയുടെയും സിപിഎമ്മിൻ്റെയും വോട്ട് ചോർന്നു

സിപിഎമ്മിന് കഴിഞ്ഞ തവണത്തേക്കാള്‍ വന്‍ വോട്ടുചോര്‍ച്ചയാണ് ഉണ്ടായത്. 2018-ല്‍ അധികാരം നഷ്ടമായെങ്കിലും ബിജെപിയുമായുള്ള വോട്ടിങ് വ്യത്യാസം 1.37 ശതമാനം മാത്രമായിരുന്നു. 35 സീറ്റുകളില്‍ വിജയിച്ച് അധികാരം നേടിയ ബിജെപിക്ക് 43.59 ശതമാനം വോട്ടുകളാണ് അന്ന് ലഭിച്ചിരുന്നത്.

തോറ്റു എങ്കിലും അന്ന് 16 സീറ്റകള്‍ നേടിയ സിപിഎമ്മിന് 42.22 ശതമാനം വോട്ടുകള്‍ നേടാനായിരുന്നു. ഇത്തവണ കോൺഗ്രസുമായി ഒത്തു തീർപ്പിൽ എത്തി 11 സീറ്റുകളിലൊതുങ്ങി. അതോടൊപ്പം വോട്ട് ശതമാനവും കുറഞ്ഞു. സിപിഎമ്മിന് 24.6 ശതമാനം വോട്ടുകളേ നേടാനായുള്ളൂ.

32 സീറ്റുകളില്‍ വിജയിച്ച് ഭരണ പിടിച്ച ബിജെപിയും വോട്ട് ചോർച്ച അനുഭവിച്ചു. 39 ശതമാനത്തോളം വോട്ടുകളാണ് നേടാനായത്. 43.59 ശതമാനത്തിൽ നിന്നുള്ള ഇടിച്ചിലാണ് ഇത്. ബിജെപിയെയും ഉലച്ചത് പ്രാദേശിക ശക്തിയാണ്. സിപിഎമ്മുമായി സഖ്യത്തില്‍ മത്സരിച്ച് മൂന്ന് സീറ്റുകളില്‍ ജയിച്ച കോണ്‍ഗ്രസ് 8.6 ശതമാനം വോട്ടുകളാണ് നേടിയത്.

തിപ്രമോത ചെറിയ മീനല്ല

13 സീറ്റുകളോടെ മുഖ്യപ്രതിപക്ഷമായി മാറിയ ത്രിപമോത പാര്‍ട്ടിക്ക് 22 ശതമാനത്തോളം വോട്ടുകള്‍ പിടിക്കാനായി. ആദ്യമായാണ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കാലു കുത്തിയത്. മേഘാലയയിൽ സങ്മയുടെ എൻപിപിയെ പോലെ കടന്നു കയറി വോട്ട് പിടിച്ചു. ഇത് സിപിഎമ്മിൻ്റെ വോട്ട് ചോർത്തിയതിനെക്കാൾ ബിജെപി വോട്ടുകൾ അടർത്തിയതാണ് രാഷ്ട്രീയ പ്രധാന്യം നേടുന്നത് എന്നാണ് ചർച്ചകൾ. സിപിഎമ്മനെതിരെ ഭരണവിരുദ്ധ തരംഗം ദീർഘകാല ഭരണത്തിൽ രൂപപ്പെടാം. എന്നാൽ ബിജെപി പിടിച്ച വോട്ടുകളിൽ വലിയ ഒരു വിഭാഗം താത്കാലിക വോട്ടുകളാണ്. വൈകാരിക തരംഗങ്ങൾ കുത്തി ഇളക്കിയാണ്. ഇത് അതിനെക്കാൾ ശക്തമായ പുതിയ തരംഗം വരുമ്പോൾ നഷ്ടമാവുന്നു. പ്രാദേശിക പാർട്ടികളാണ് കളിച്ച് കയറുന്നത്.

എന്നാൽ ഇതിനെയും വോട്ടും അധികാരവും ആക്കി മാറ്റുക എന്ന തന്ത്രത്തിലാണ് ബിജെപി വീണ്ടും ജയിക്കുന്നത് എന്നത് മറ്റൊരു ലോജിക്കാണ്. മേഘാലയയിൽ തിരഞ്ഞെടുപ്പിൽ ശത്രുത പ്രഖ്യാപിച്ച സങ്മയുമായി ഫലം വന്ന ഉടനെ ചർച്ച നടത്തി കഴിഞ്ഞു. നോർത്ത് ഈസ്റ്റ് രാഷ്ട്രീയത്തിലെ ഈ മെയ് വഴക്കം മേഖലയെ മുഴുവൻ സ്വാധീനിക്കുന്ന രാഷ്ട്രീയമാക്കി മാറ്റാൻ ബി ജെ പിക്ക് കഴിഞ്ഞു. ഗ്രേറ്റർ തിപ്ര ലാൻ്റ് എന്ന മുദ്രാവാക്യം ഉപേക്ഷിച്ച് വരൂ എന്ന് തിരഞ്ഞെടുപ്പ് ഫലം വന്ന ഇന്നും ബി ജെ പി തിപ്രമോതയെ ഭരണത്തിൽ പങ്കു പറ്റാൻ സ്വാഗതം ചെയ്തിട്ടുണ്ട്.

എന്നിരുന്നാലും പ്രാദേശികമായി ഉയർന്നു വരുന്ന മുദ്രാവാക്യങ്ങൾ ചെറുതല്ല. വലിയ വിലപേശൽ ശേഷിയും അവർ നേടിയെടുത്തു. പഴയ തീവ്രവാദവും തോക്കുമല്ല ജനാധിപത്യത്തിൻ്റെ പുതു കളികൾ പയറ്റുകയാണ്.

ഭരണം ഭാരമായി മാറി സിപിഎം

പശ്ചിമ ബംഗാളില്‍ പ്രതീക്ഷ തന്നെയും നഷ്ടപ്പെടുത്തിയതോടെ കേരളം കഴിഞ്ഞാല്‍ സിപിഎമ്മിന് ഏക ആശ്വാസ കേന്ദ്രമായിരുന്നു ത്രിപുര. പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്റെ നേതൃത്വത്തില്‍ ത്രിപ്രമോത ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമാണ് നേടിയെടുത്തത്. കോൺഗ്രസ് രാഷ്ട്രീയത്തിലൂടെയാണ് പ്രദ്യോത് മാണിക്യ ദേബ് ബര്‍മൻ്റെ രംഗ പ്രവേശം. പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം അഴിമതിക്ക് നിർബന്ധിക്കുന്നു എന്ന് പറഞ്ഞാണ് സ്ഥാനം വലിച്ചെറിഞ്ഞത്. ത്രിപുര രാജവംശ പാരമ്പര്യം പരസ്യമായി അവകാശപ്പെടുന്ന കക്ഷിയാണ്.

പ്രലോഭിപ്പിച്ച പാർട്ടികളിൽ ഒന്നിലും തൊടാതെ ഒരു സാമൂഹി സംഘടനയുമായി ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങി. 2019 ലായിരുന്നു ഇത്. തുടർന്ന് Tipraha Indigenous Progressive Regional Alliance രൂപീകരിച്ച് പ്രവർത്തനം തുടന്നു. 2021 ഫെബ്രുവരി അഞ്ചിനാണ് പാർട്ടി പ്രഖ്യാപിച്ചത്. മൂന്നു പ്രാദേശിക പാർട്ടികളെ കൂട്ടി ചേർത്തായിരുന്നു തിപ്രമോത വിപുലപ്പെടുത്തിയത്. പ്രാദേശിക രാഷ്ട്രീയത്തിൻ്റെ ഈ കളി നഷ്ടപ്പെടുവാൻ ഏറെ ഉണ്ടായിരുന്ന സിപിഎമ്മിനും കോൺഗ്രസിനും അറിഞ്ഞിട്ടും തിരിച്ചറിയാൻ കഴിയാതെ പോയി.

വികാര രാഷ്ട്രീയത്തിലെ പുതു കരുക്കൾ

മാത്രമല്ല ബിജെപിയെക്കാൾ വിഭജന രാഷ്ട്രീയം അവർ കയ്യാളുന്നുമുണ്ടായിരുന്നു. ഗ്രേറ്റർ തിപ്രലാൻ്റിന് വേണ്ടിയുള്ള മുദ്രാവാക്യമാണ് ആദ്യം ഉയർത്തിയത്. വിഭജന രാഷ്ട്രീയത്തെ ത്രിപുരയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ച് അമിത് ഷാ തന്നെ ഒരു ഘട്ടത്തിൽ ഇവരെ പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ പാർട്ടിയുടെ മുദ്രാവാക്യം സമുദായം ആദ്യം രാഷ്ട്രീയം പിന്നീട് (“Puila Jati, Ulobo Jati” and “Puila Jati, Ulo Party” ) എന്നു തന്നെയായിരുന്നു. അതവർ പരസ്യമായി പ്രഖ്യാപിച്ചു. ഗോത്ര മേഖലയിലേക്ക് അത് പടർന്നു കയറി. ദേശീയ രാഷ്ട്രീയത്തിൽ ബിജെപി പയറ്റിയത് ഒന്നും അവിടെ വിലപ്പോയില്ല. ഗോത്ര സ്പീരിറ്റ് വേറെ ആയിരുന്നു.

സ്വതന്ത്രാധികാര ജില്ലാ കൌൺസിലുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും തിപ്രമോത തൂത്തു വാരിയിരുന്നു. ഒരു ദേശീയ പാർട്ടിയുടെയും പിന്തുണയില്ലാതെ ജയിച്ചു കയറിയത് ത്രിപുര രാഷ്ട്രീയത്തിലെ ചരിത്രമായിരുന്നു. മുന്നണി രാഷ്ട്രീയത്തിൻ്റെയും പ്രാദേശിക രാഷ്ട്രീയത്തിൻ്റെയും തുടർച്ച വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ പരീക്ഷിക്കയാണ്.

സപ്ത സഹോദരിമാർ എന്നറിയപ്പെടുന്ന ഈ സംസ്ഥാനങ്ങളിൽ മിക്കതിലും കേന്ദ്രത്തിൽ ആര് അധികാരത്തിൽ എത്തുന്നുവോ അവർക്ക് ഒപ്പം എന്ന തിരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടായിക്കൊണ്ടിരുന്നത്. ത്രിപുരയിൽ മാത്രമല്ല മണിപ്പൂരിലും നാഗാലാൻ്റിലും മേഘാലയയിലും എല്ലാം കമ്മൂണിസ്റ്റ് പാർട്ടികൾ കേഡർ സംവിധാനവും സീറ്റുകളും ഉണ്ടായിരുന്നു. ഭരണം നിശ്ചയിക്കാനുള്ള സ്വാധീനം വരെ നേടിയിരുന്നു. ഇതിൻ്റെ ഒഴിവിലാണ് പ്രാദേശിക പാർട്ടികൾ കളിച്ചു കയറുന്നത്. അവർ കൃത്യമായും പുതിയ മുദ്രാവാക്യങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. പക്ഷെ അത് രാജ്യം എന്ന നിലയ്ക്ക് അതിർത്തി സംസ്ഥാനങ്ങളിൽ എങ്ങിനെ മാറി വരും എന്നതും കാത്തിരുന്ന് കാണേണ്ടി വരും. വിഭാഗീയതയും വികാര രാഷ്ട്രീയവും ആർക്കും ഉപയോഗിക്കാവുന്ന ടൂൾ ആണെന്ന പോസ്റ്റ് മോഡേൺ സോദാഹരണ സമീപനമാണ്.

ഹാഥ്റസ് കൂട്ടബലാത്സംഗ കേസിൽ മൂന്നു പ്രതികളെ വെറുതെ വിട്ടു; മുഖ്യ പ്രതി മാത്രം കുറ്റക്കാരൻ

മനസാക്ഷിയെ നടുക്കിയ ഹാഥ്‌റസ് കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികളെ ഉത്തര്‍ പ്രദേശിലെ കോടതി വെറുതെ വിട്ടു. മുഖ്യപ്രതി മാത്രം കുറ്റക്കാരനെന്ന് കോടതി വിധിച്ചു. 20കാരനായ സന്ദീപിനെയാണ് എസ് സി/ എസ്‌ടി കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. മറ്റ് പ്രതികളായ ലവ് കുശ് (23), രവി (35), രാം കുമാർ (26) എന്നിവരെ തെളിവ് ഇല്ലാത്തതിനാൽ കോടതി വെറുതെ വിട്ടു.

പൊലീസിനും ജില്ലാ ഭരണ കൂടത്തിനും എതിരെ തുടക്കം മുതൽ ആരോപണം ഉയർന്ന കേസാണ്. രാജ്യ വ്യാപകമായി പ്രതിഷേധം ഉയർന്നതോടെ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടി വന്നു. സി ബി ഐ അന്വേഷിച്ച കേസിൽ നാല് പേർക്ക് എതിരെ കൂട്ട ബലാത്സഗത്തിനും കൊലപാതകത്തിനും കുറ്റപത്രം നൽകിയിരുന്നു.

മുഖ്യപ്രതിക്ക് എതിരെ വെറും നരഹത്യാ കുറ്റം

2020-ലെ ഹാഥ്‌റസ് കേസില്‍ മുഖ്യപ്രതിയായ സന്ദീപ് ഠാക്കൂറിനെ മാത്രമാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കുറ്റകരമായ നരഹത്യാക്കുറ്റം മാത്രമാണ് ഇയാള്‍ക്കെതിരേ കോടതിയില്‍ തെളിയിക്കാനായത്. ഇത് ഭാവിയിൽ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. കേസിലെ മറ്റുപ്രതികളായ രാമു സന്ദീപിന്റെ ബന്ധുവും മറ്റുള്ളവര്‍ സന്ദീപിന്റെ സുഹൃത്തുക്കളുമാണ്.

2020 സെപ്റ്റംബറിലാണ് രാജ്യത്തെ നടുക്കിയ ഹാഥ്‌റസ് കൂട്ടബലാത്സംഗം നടന്നത്. 19-കാരിയായ ദളിത് പെണ്‍കുട്ടിയെ മേല്‍ജാതിയില്‍പ്പെട്ട നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെ രണ്ടാഴ്ചയ്ക്ക് ശേഷമാണ് മരിച്ചത്. ഈ സാഹചര്യത്തിൽ കുട്ടിയുടെ മൊഴി ഉണ്ടായിരുന്നു. നെട്ടെല്ല് പൊട്ടി നാവ് കടിച്ച് മുറിച്ച നിലയിൽ പാടത്തിന് നടുവിലാണ് കുട്ടിയെ അതി നീചമായി ബലാത്സംഗം ചെയ്ത നിലയിൽ കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ വന്‍പ്രതിഷേധങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യംവഹിച്ചത്. അര്‍ധരാത്രി ജില്ലാ ഭരണകൂടം പെണ്‍കുട്ടിയുടെ സംസ്‌കാരചടങ്ങുകള്‍ നടത്തിയത് വൻ വാർത്തയായി. തുടർന്ന് കുടുംബത്തെ വീട്ടില്‍ ബന്ദിയാക്കിയതും വന്‍വിവാദമായി. സംഭവത്തില്‍ യു.പി.യിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരേ വ്യാപക പ്രതിഷേധമുയരുകയും ചെയ്തിരുന്നു. രാജ്യ തലസ്ഥാനത്ത് നിന്നും 200 കിലോ മീറ്റർ മാത്രം അകലത്തിലാണ് ഹാഥ്റസ്. 2012 ലെ ഡൽഹി കൂട്ടബലാത്സംഗ കേസിന് പിന്നാലെ കടുത്ത നിയമ പരിരക്ഷ ഇത്തരം കേസുകളിൽ നിലവിൽ വന്നിരുന്നു. ഉത്തർ പ്രദേശിലെ ഹഥ്റസിലേത് സി ബി ഐ അന്വേഷിച്ച കേസാണ്.


മാങ്കുളത്ത് വിനോദ സഞ്ചാരത്തിന് എത്തിയ സ്കൂൾ സംഘത്തിലെ മൂന്നു കുട്ടികൾ മുങ്ങി മരിച്ചു

മാങ്കുളം വലിയ പാറകുട്ടിയില്‍ വിനോദ സഞ്ചാരത്തിനെത്തിയ സ്കൂൾ സംഘത്തിലെ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി  മരിച്ചു. മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ ഒമ്പതാം  ക്ലാസ് വിദ്യാര്‍ഥികളായ തുറവൂര്‍ കൂരാന്‍ വീട്ടില്‍ റിചാര്‍ഡ്, അര്‍ജുന്‍, അയ്യമ്പുഴ കട്ടിങ് കോളാട്ടുകുടി വീട്ടില്‍ ജോബിയുടെ മകന്‍ ജോയല്‍  എന്നിവരാണ് മരിച്ചത്. സ്‌കൂളില്‍ നിന്നും മാങ്കുളത്ത് വിനോദ സഞ്ചാരത്തിനെത്തിയ 30 അംഗ സംഘത്തില്‍പ്പെട്ട വിദ്യാര്‍ഥികളാണ് .

വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. മുപ്പതോളം വിദ്യാര്‍ഥികളും രണ്ടധ്യാപകരും ഉള്‍പ്പെടെയുള്ള സംഘമായിരുന്നു മാങ്കുളത്ത് വിനോദ സഞ്ചാരത്തിനെത്തിയത്. പുഴയില്‍ കുളിക്കുന്നതിനും മറ്റുമായി വല്യപാറക്കുട്ടിയില്‍ എത്തുകയും നല്ലതണ്ണി പുഴയില്‍ ഇറങ്ങുകയും ചെയ്തു. ഇതിനിടയില്‍ വിദ്യാര്‍ഥികള്‍ മുങ്ങിപ്പോകുകയായിരുന്നു.

തുടര്‍ന്നിവരെ കരക്കെത്തിച്ച് അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹങ്ങള്‍ അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഒരു മാസത്തിനിടെ അഞ്ചു പേർ ഇവിടെ സമാനമായ അപകടത്തിൽ മരിച്ചു.

അദാനി ഗ്രൂപ്പിൻ്റെ ഓഹരി ക്രിത്രിമം സംബന്ധിച്ച ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണത്തിന് സമിതിയെ നിർദ്ദേശിച്ച് സുപ്രീം കോടതി

ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട പരാതിയിൽ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ഒപി ഭട്ട്, ജസ്റ്റിസ് ദേവ്‌ധർ, കെവി കാമത്ത്, നന്ദൻ നിലേകനി എന്നിവരടങ്ങിയ സമിതിയാണ് അന്വേഷിക്കുക. മുൻ ജഡ്ജി അഭയ് മനോഹർ സപ്രെയാണ് നയിക്കുക. സമിതിയിൽ ഇൻഫോസിസ് മുൻ സി ഇ ഒ  നന്ദൻ നിലേകനിയെ സുപ്രീം കോടതി ഉൾപ്പെടുത്തുകയായിരുന്നു. സെബി അന്വേഷണം 2 മാസത്തിനകം പൂർത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല സെബി നടത്തുന്ന ഈ റിപ്പോർട്ട് സുപ്രീം കോടതി സമിതിക്ക് കൈമാറുകയും വേണം.

അദാനി ഗ്രൂപ്പിൻ്റെ സാമ്പത്തിക ഇടപാടുകളിലെ പ്രശ്നങ്ങൾ തുറന്നു കാണിച്ച റിപ്പോർട്ടാണ്. ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ചത് വെളിപ്പെടുത്തി. ഇന്ത്യയിൽ നരേന്ദ്ര മോഡി സർക്കാരിനെ ഇത് പ്രതിസന്ധിയിലാക്കി. അദാനി ബന്ധം തുറന്നു കാട്ടി പ്രതിപക്ഷവും മാധ്യമങ്ങളും രംഗത്ത് എത്തി.

ഹിൻഡൻബർഗ് വിവാദത്തിലെ ഹർജികളിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. നിക്ഷേപകരുടെ പരിരക്ഷയ്ക്ക് സമിതിയെ നിയോഗിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വിദഗ്ധ സമിതിയെ നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രവും സെബിയും അറിയിച്ചിരുന്നു.

പക്ഷെ ഇതിനിടെ സമിതിയിൽ ഉൾപ്പെടുത്താനായി മുദ്രവെച്ച കവറിൽ കേന്ദ്ര സർക്കാർ നൽകിയ പേരുകൾ സുപ്രീം കോടതി തള്ളി കളഞ്ഞു. ഇത് കോടതിയുടെ വിശ്വാസ്യതയും അപകടത്തിലാക്കും എന്ന് നിരീക്ഷിച്ചായിരുന്നു.

അഭിഭാഷകരായ എംഎൽ ശർമ്മ, വിശാൽ തിവാരി എന്നിവരാണ് ഹിൻഡൻബർഗ് വിഷയത്തിൽ  ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയാ താക്കൂർ നൽകിയ ഹർജിയും കോടതിയിൽ എത്തിയിരുന്നു.

ഓഹരി മൂല്യം പെരുപ്പിച്ചു

ജനുവരി 24നാണ് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിലുള്ളത്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ട് തട്ടിപ്പിലും ഏര്‍പ്പെടുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഓഹരികള്‍ പ്ലെഡ്ജ് ചെയ്ത് വലിയ തോതില്‍ കടം വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവും ഉയര്‍ത്തുന്നുണ്ട്. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു

ഇ പി ജയരാജൻ്റെ പേരിൽ വിവാദത്തിലായ വൈദേകം റിസോർട്ടിൽ ആദായ നികുതി പരിശോധന

0

വൈദേകം റിസോർട്ടിൽ പരിശോധന ആദയ നികുതി വകുപ്പ് പരിശോധന. ഇ പി ജയരാജൻ്റെ  ഭാര്യ ഇന്ദിര ചെയർ പേഴ്സണായിരുന്ന റിസോർട്ട് ആണ് വൈദേകം. മകൻ ഡയറക്ടറും. റിസോർട്ടിനെതിരെ എൻഫോഴ്സ്മെന്റ് വിഭാഗവും അന്വേഷണം തുടങ്ങി.  

ഇ പി ജയരാജന്റെ മകൻ ഡയറക്ടർ ആയ ആയുർവേദ റിസോർട്ടിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് ഇഡി അന്വേഷണം. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിൽ നൽകിയിട്ടുണ്ട്. ഒന്നര കോടി രൂപ നിക്ഷേപിച്ചവർ വരെ ഈ പട്ടികയിലുണ്ട്. ഈ റിസോർട്ടിൻ്റെ പേരിലാണ് സി പി എമ്മിൽ ഇ പിക്ക് എതിരെ അനധികൃത സ്വത്ത് സമ്പാദന പരാതി ഉയർന്നത്.

വിജിലൻസ് ആവശ്യം സർക്കാർ പരിഗണനയിൽ തന്നെ

ഇപി ജയരാജന്റെ കുടുംബം ഉൾപ്പെട്ട വൈദേകം റിസോർട്ടിനെതിരായ പരാതിയിൽ അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ് നേരത്തേ കത്ത് നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് അനുമതി തേടിയത്. കുടുംബത്തിന് പങ്കാളിത്തമുള്ള റിസോർട്ടിനായി  മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ ഇപി ജയരാജൻ വഴിവിട്ട ഇടപെടലുകൾ നടത്തിയെന്നും, അഴിമതിയും ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും ഉൾപ്പെടെയാണ് പരാതിയിലെ പ്രധാന ആരോപണം.

വൈദേകം സ്ഥിതി ചെയ്യുന്നത് കൺവൻഷൻ സെൻ്ററിന് അനുമതി ലഭിക്കാതെ വ്യവസായി ആത്മഹത്യ ചെയ്ത ആന്തൂർ നഗരസഭയിൽ

നിയമം ലംഘിച്ചിച്ചുള്ള അനുമതികൾ നൽകാനായി ആന്തൂർ നഗരസഭ അധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും പരാതിയിലുണ്ടായിരുന്നു.  ഇക്കാര്യത്തിലാണ്  അന്വേഷണത്തിന് വിജിലൻസ് സർക്കാരിന്റെ അനുമതി തേടിയത്. സർക്കാർ ഇതിൽ തീരുമാനമെടുത്തിരുന്നില്ല.

കണ്ണൂരിൽ സി പി എം ശക്തികേന്ദ്രമായ മോറാഴയ്ക്കടുത്ത് വെള്ളിക്കീലിലാണ് വൈദേകം ആയുർവേദ വില്ലേജ്. കുന്നിടിച്ചുള്ള നിർമ്മാണ സമയത്ത് തന്നെ  പാർട്ടിക്കുള്ളിൽ വൻ വിമർശനം ഉയർന്നിരുന്നു. ഇ പി യുടെ മകനുൾപെടെ ഡയറക്ടർ ബോർഡിലുണ്ടെങ്കിലും തനിക്ക് ഈ റിസോർട്ടുമായി ബന്ധമില്ലെന്നാണ് ഇ പി പറയുന്നത്. 

2014ൽ ഇപി ജയരാജന്റെ മകൻ പികെ ജെയ്സണും തലശ്ശേരിയിലെ വ്യവസായി  കെപി രമേശ് കുമാറും ഡറക്ടർമാരായാണ്  വൈദേകം ആയുർവേദ ഹീലിങ് വില്ലേജ് എന്ന സംരഭം ആരംഭിക്കുന്നത്. ദേശീയ പാതയിൽ നിന്നും ആറ് കിലോമീറ്റർ മാറി മോറാഴ വെള്ളിക്കീഴലെ ഉടുപ്പ കുന്ന് ഇടിച്ചു നിരത്തിയുള്ള നിർമ്മാണം തുടങ്ങിയത് 2017ലാണ്. 

കുന്നിടിച്ചുള്ള നിർമ്മാണത്തിനെതിരെ തുടക്കത്തിൽ പ്രാദേശികമായി സിപിഎമ്മും ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്തുവന്നു. പക്ഷെ സിപിഎം ഭരിക്കുന്ന ആന്തൂർ നഗരസഭയിൽ നിർമ്മാണത്തിനുള്ള അനുമതി കിട്ടി. 30 കോടിയാണ് നിക്ഷേപം.  ഇപിയുടെ ഭാര്യ ഇന്ദിരയും 2021 ഒക്ടോബർറിൽ വൈദേകം ഡയറക്ടർ ബോർഡ് അംഗമായെങ്കിലും ഇപ്പോൾ റിസോർട്ടിന്റെ വെബ്സൈറ്റിൽ അവരുടെ പേരില്ല.

പാർട്ടിയിലും കലഹം

റിസോര്‍ട്ട് നടത്തിപ്പിനെതിരെ മറ്റൊരു സി.പി.എം നേതാവായ പി ജയരാജന്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. കള്ളപ്പണ ഇടപാടും തുടര്‍ന്നുണ്ടായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് വൈദേകം റിസോര്‍ട്ടിനെതിരെ ഇ.ഡി കേസെടുത്തിരുന്നു. ആദായനികുതി വകുപ്പിന്‍റെ കൊച്ചി യുണിറ്റാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

വൈദേകം റിസോര്‍ട്ടിനെച്ചൊല്ലി സി.പി.എം സംസ്ഥാന സമിതിയിലിടക്കം നേരത്തെ തര്‍ക്കങ്ങള്‍ അരങ്ങേറിയിരുന്നു. റിസോർട്ട് വിവാദത്തില്‍ സി.പി.എം നേതാക്കളായ ഇ.പി ജയരാജനും പി. ജയരാജനും സംസ്ഥാന കമ്മിറ്റിയില്‍ പരസ്പരം ഏറ്റുമുട്ടിയത് അന്ന് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും വ്യക്തിഹത്യക്ക് ശ്രമം നടന്നെന്നുമാണ് അന്ന് ഇ.പി ജയരാജൻ ആരോപിച്ചത്. എന്നാല്‍ സാമ്പത്തിക ആരോപണം നടത്തിയില്ലെന്നും മറ്റൊരാള്‍ എഴുതിത്തന്നത് പാർട്ടിയെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പി ജയരാജന്‍റെ മറുപടി.

 ഭാര്യക്ക് റിട്ടയർമെന്റായി കിട്ടിയ തുകയാണതെന്നും ഇത് അനധികൃതമല്ലെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് ഇ.പി വിശദീകരണം നൽകിയിരുന്നു.

യുവതിയുടെ വയറ്റിൽ മറന്നുവെച്ച കത്രിക മെഡിക്കൽ കോളിജിലേത് അല്ലെന്ന് ‘വിദഗ്ധ’ അന്വേഷണ സംഘം

0

പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക വെച്ചുമറന്ന സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വയറ്റിൽ നിന്നും കണ്ടെത്തിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതല്ലെന്നാണ് കണ്ടെത്തൽ. ഇക്കാര്യം വ്യക്തമാക്കി വിദഗ്ധസംഘം സർക്കാരിന് റിപ്പോർട്ട് നൽകി.

2017-ലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹര്‍ഷിന എന്ന യുവതി പ്രസവശസ്ത്രക്രിയയ്ക്ക് വിധേയമായത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എല്ലാവിധ പരിശോധനകളും നടത്തിയിരുന്നു. അന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്‍സ്ട്രുമെന്റല്‍ രജിസ്റ്റര്‍ ഉള്‍പ്പെടെ എല്ലാ രേഖകളും നിലവിലുണ്ട്. ഇവ പരിശോധിച്ചതില്‍ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലെ വിശദീകരണം.

അതിന് മുമ്പ് 2012-ലും 2016-ലും സിസേറിയന്‍ നടത്തിയത് താമരശേരി ആശുപത്രിലാണ് എന്ന കാര്യം മുൻ നിർത്താണ് സമിതി തെളിവ് നിരത്തുന്നത്. താമരശേരിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയമായ കാലഘട്ടത്തിലൊന്നും ഇന്‍സ്ട്രമെന്റല്‍ രജിസ്റ്റര്‍ സൂക്ഷിക്കുന്ന പതിവ് ഇല്ല. ഇതിനാൽ കത്രിക ഏതാശുപത്രിയിലേതാണെന്ന് മെഡിക്കല്‍ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നും വിദഗ്ധ സമിതി പറയുന്നു. കത്രികയുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ഫോറന്‍സിക് വിഭാഗത്തത്തിന്‍റെ  സഹായവും തേടിയിരുന്നു.

കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിലേതാണെന്ന് ഉറപ്പുണ്ടെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഹര്‍ഷിന പറഞ്ഞു. വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഹര്‍ഷിന മെഡിക്കല്‍ കോളേജിനു മുന്നില്‍ നിരാഹാര സമരം നടത്തിവരികയാണ്.

കത്രിക രോഗി വിഴുങ്ങിയതാണോ ?

അന്വേഷണത്തിൽ അട്ടിമറി നടന്നെന്നു ഹർഷിന പറഞ്ഞു.മെഡിക്കൽ കോളേജിൽ നിന്നല്ലെങ്കിൽ എവിടെ നിന്നാണ് കത്രിക വയറ്റിൽ കുടുങ്ങിയത് എന്ന് പറയണം. മെഡിക്കൽ കോളേജിലെ ശസ്ത്ര ക്രിയക്ക് ശേഷമാണു ശാരീരിക പ്രശനങ്ങൾ ഉണ്ടായത്. ആരോഗ്യവകുപ്പിലും മന്ത്രിയിലും വിശ്വാസം നഷ്ടപ്പെട്ടു’.നീതി കിട്ടും വരെ പോരാടും- അവർ പ്രതികരിച്ചു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് രണ്ട് സമിതിയെ കൊണ്ട് അന്വേഷണം നടത്തിയിരുന്നു. രണ്ടിലും കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്‍റേതാണെന്ന്  കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന റിപ്പോർട്ടാണ് ഉണ്ടായത്. ആദ്യ അന്വേണത്തെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയും തൃശൂര്‍ ജില്ലാ ആശുപത്രിയിലേയും സര്‍ജറി, ഗൈനക്കോളജി ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ടതാണ് അന്വേഷണ സംഘം. ഈ കമ്മിറ്റിയുടെ അന്വേഷണത്തിലാണ് പുതിയ കണ്ടെത്തൽ.

ത്രിപുരയിൽ തിപ്ര മോത നിലപാട് നിർണ്ണായകമാവും; ഇടത് കോൺഗ്രസ് സഖ്യം വൻ നേട്ടം

0

ത്രിപുരയില്‍ ബിജെപിയുടെ പിടിച്ചടക്കൽ തന്ത്രങ്ങൾ പിഴച്ച് ഇടത് കോണ്‍ഗ്രസ് സഖ്യം 23 സീറ്റില്‍ മുന്നേറുന്നു. ബിജെപി സഖ്യം 24 സീറ്റില്‍ ലീഡ് ചെയ്യുന്നു. എന്നാൽ ഗോത്രപാര്‍ട്ടി തിപ്ര മോതയാവും നിര്‍ണായകമാവുക. 12 സീറ്റില്‍ മുന്നിലാണ് തിപ്ര മോത. 

60 നിയമസഭാ സീറ്റുകളാണുള്ളത്. ബിജെപി, സിപിഎം-കോണ്‍ഗ്രസ്, തിപ്ര മോത്ത പാര്‍ട്ടി എന്നിവർ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ത്രിപുര സാക്ഷ്യം വഹിക്കുന്നത്. കാല്‍നൂറ്റാണ്ടു നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, 60 നിയമസഭാ സീറ്റുകളില്‍ 36 സീറ്റില്‍ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. എന്നാൽ അവരുടെ തുടർ പ്രതീക്ഷകളെ ഗോത്ര വീര്യം തളർത്തി.

2021 ഏപ്രിലിലെ ത്രിപുര ട്രൈബല്‍ ഏരിയ ഡിസ്ട്രിക്ട് ഓട്ടോണമസ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ തിപ്ര മോത്ത പാര്‍ട്ടി സിപിഎമ്മിനെയും ബിജെപിയെയും നിലംപരിശാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന തിപ്ര മോത്ത പാര്‍ട്ടി 42 സീറ്റിലാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. ബിജെപി 55 സീറ്റിലും സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) 6 സീറ്റിലും മത്സരിക്കുന്നു. 

25 വര്‍ഷം തുടര്‍ഭരണത്തിനൊടുവില്‍ കഴിഞ്ഞ തവണ സി.പി.എമ്മിനെ നിലംപരിശാക്കി ബി.ജെ.പി. ഭരണം പിടിക്കുകയായിരുന്നു. 2013 ല്‍ ഒരു എം.എല്‍.എ പോലുമില്ലാതിരുന്ന ബിജെപി 2018-ല്‍ 36 സീറ്റുകള്‍ ഒറ്റയ്ക്ക് നേടിയായിരുന്ന സര്‍ക്കാരുണ്ടാക്കിയത്. ഗോത്ര പാര്‍ട്ടിയായ ഐ.പി.എഫ്.ടി. കൂടി ചേര്‍ന്നതോടെ 44 എം.എല്‍.എമാര്‍ സഖ്യത്തിലുണ്ടായിരുന്നു. തുടര്‍ഭരണം ആഗ്രഹിച്ച ബി.ജെ.പി. പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയെ മാറ്റി പരീക്ഷിക്കുന്ന സാഹചര്യം പോലും സംസ്ഥാനത്തുണ്ടായിരുന്നു.

2018-ല്‍ സംസ്ഥാനത്തെ ആദ്യ ബി.ജെ.പി. മുഖ്യമന്ത്രിയായി അധികാരമേറ്റ ബിപ്ലബ് ദേബ് കുമാറിനെ മാറ്റി ദന്തരോഗവിദഗ്ധന്‍ കൂടിയായ മണിക് സാഹയെ മുന്‍നിര്‍ത്തിയാണ് അവസാനത്തെ ഒരു വര്‍ഷം സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോയതും തിരഞ്ഞെടുപ്പിനെ നേരിട്ടതും.

നാഗാലാൻ്റിൽ ബി ജെ പി സഖ്യം അധികാരത്തിലേക്ക്

നാഗാലാന്‍ഡില്‍ എന്‍ഡിപിപിയുമായി ഉണ്ടാക്കിയ സഖ്യത്തിൻ്റെ ബലത്തിൽ ബിജെപിക്ക് വൻ മുന്നേറ്റം. 60 അംഗ സഭയില്‍ 43 സീറ്റില്‍ ഇവരുടെ എന്‍ഡിഎ സഖ്യം മുന്നിട്ടുനില്‍ക്കുന്നു.

ബിജെപി 17 സീറ്റിലും സഖ്യകക്ഷിയായ എന്‍ഡിപിപി 26 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എന്‍പിഎഫ്-4, എന്‍പിപി-3, എന്‍സിപി-2, കോണ്‍ഗ്രസ്-1 മറ്റ് കക്ഷികളില്‍ പെട്ടവര്‍ അഞ്ച് സീറ്റിലുമാണ് മുന്നിലുള്ളത്. 60 സീറ്റുകളില്‍ എന്‍.ഡി.പി.പി. 40 സീറ്റുകളിലും ബി.ജെ.പി 20 സീറ്റുകളിലുമാണ് മത്സരിച്ചത്.

2018ല്‍ തിരഞ്ഞെടുപ്പിനു മുമ്പ് വരെയും സഖ്യകക്ഷിയായിരുന്ന എന്‍. പി.എഫുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചാണ് എന്‍.ഡി.പി.പിയുമായി ബി.ജെ.പി. സഖ്യമുണ്ടാക്കിയത്.

20 സീറ്റില്‍ മത്സരിച്ചതില്‍ മൂന്നിടത്തൊഴികെ 17 സീറ്റിലും ബി ജെ പി വിജയത്തോടടുക്കുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഒരു സീറ്റ് ഉറപ്പക്കാന്‍ ബി.ജെ.പിയ്ക്കു കഴിഞ്ഞിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കൊണ്ട് പത്രിക പിന്‍വലിപ്പിച്ചതോടെ ബി.ജെ.പിയുടെ കസെറ്റോ കിമിനിയാ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

2018 ൽ എന്‍.ഡി.പി.പി 40 സീറ്റുകളിലും ബി.ജെ.പി 20 സീറ്റിലും മത്സരിച്ചു. ഫലം വന്നപ്പോള്‍ 58 സീറ്റില്‍ 27 സീറ്റുകള്‍ എന്‍.ഡി.പി.പി.- ബി.ജെ.പി സഖ്യം സ്വന്തമാക്കി. ഒരു സീറ്റു പോലും നേടാനാകാതെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. 2013-ല്‍ ഒറ്റ സീറ്റില്‍ ഒതുങ്ങേണ്ടി വന്ന ബി.ജെ.പി. അന്ന് നേടിയത് 11 എണ്ണമാണ്. എന്‍.സി.പിയുടെ നാല് എം.എല്‍.എമാരില്‍ മൂന്നു പേരെ ചാടിച്ചതോടെ നാഗാലാന്‍ഡിലെ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായും ബി.ജെ.പി മാറി.

ഫ്രോണ്ടിയര്‍ നാഗാലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് ഗോത്രവിഭാഗങ്ങളുടെ സംഘടനയായ ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പീള്‍സ് ഓര്‍ഗനൈസേഷന്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനമെടുക്കാമെന്ന് അമിത് ഷാ ഉറപ്പു നല്‍കിയതോടെ ബഹിഷ്‌കരണത്തില്‍ നിന്നും പിന്മാറിയിരുന്നു. ഇതും ബി.ജെ.പിയെ തുണച്ചു

മേഘാലയയിൽ ബി ജെ പിയുടെ ഒറ്റയാൾ പോരാട്ടം ഫലം കണ്ടില്ല; കൂട്ടു ഭരണത്തിന് സാധ്യത

മേഘാലയയില്‍ ബിജെപിയ്ക്ക് സ്വന്തം നില മെച്ചപ്പെടുത്താൻ കഴിഞ്ഞില്ല. എങ്കിലും അവരുടെ സഖ്യമായ മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ് (എം.ഡി.എ.) വീണ്ടും അധികാരത്തിലേക്ക്‌. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളില്‍ എന്‍.പി.പി. 26 സീറ്റുകളിലും ബി.ജെ.പി. നാല്‌ സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. മൊത്തം 60 സീറ്റുകളാണ് ഉള്ളത്.

2018 നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു. പക്ഷെ എന്‍പിപിയും യുഡിപിയും ബിജെപിയുമായി കൂട്ടുമുന്നണി സര്‍ക്കാരാണ് ഉണ്ടായത്.

ഈ തിരഞ്ഞെടുപ്പിൽ എന്‍.പി.പിയും ബി.ജെ.പിയും തനിച്ചാണ് മത്സരരംഗത്തിറങ്ങിയത്. പക്ഷെ ബി ജെ പിയുടെ സ്വന്തം നിലയ്ക്കുള്ള തന്ത്രങ്ങൾ വിലപ്പോയില്ല എന്നാണ് ഫലം വ്യക്തമാക്കുന്നത്. 2018-ല്‍ ബി.ജെ.പിയ്ക്ക് വിജയിക്കാന്‍ സാധിച്ചത് രണ്ടു സീറ്റില്‍ മാത്രമായിരുന്നു. സീറ്റിന്റെ എണ്ണം രണ്ടക്കം കടത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തവണ തന്ത്രങ്ങൾ മെനഞ്ഞത്.

മേഘാലയയിലും സാന്നിധ്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ മത്സരിക്കാനിറങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് ഏഴിടത്ത് ലീഡ് ചെയ്യുന്നുണ്ട്. അതേസമയം കോണ്‍ഗ്രസ് നാലിടത്തുമാത്രമാണ്‌ മുന്നിട്ടുനില്‍ക്കുന്നത്.

എന്‍ .ഡി.എയുടെ ഭാഗമായിരുന്ന യു.ഡി.പി. ഒന്‍പതിടത്തും ലീഡ് ചെയ്യുന്നുണ്ട്. വി.പി.പി. മൂന്നിടത്തും പി.ഡി.എഫ്. രണ്ടിടത്തും ലീഡ് ചെയ്യുന്നു.