ചാത്തന്നൂർ മോഹൻ സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു

0

കവിയും ഗായകനും ഗാനരചയിതാവും പത്രപ്രവർത്തകനുമായിരുന്ന ചാത്തന്നൂർ മോഹന്റെ സ്മരണയ്ക്കായി ചാത്തന്നൂർ മോഹൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2023-ലെ സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2020, 2021, 2022 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള കവിതാ സമാഹാരമാണ് പരിഗണിക്കുക. വിവർത്തനങ്ങൾ സ്വീകരിക്കില്ല. ഒരാളുടെ ഒരു കൃതി മാത്രമേ പരിഗണിക്കുകയുള്ളൂ. വായനക്കാർക്കും പ്രസാധകർക്കും പുസ്തകം അയക്കാം.

ഇരുപത്തയ്യായിരം രൂപയും ആർകെ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും ആണ് പുരസ്കാരം.
2023 ജൂൺ 15-ന് കൊല്ലത്തു നടക്കുന്ന ചാത്തന്നൂർ മോഹൻ അനുസ്മരണ ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. പുസ്തകത്തിൻ്റെ മൂന്ന് പ്രതികൾ
ഡോ. അനന്തു മോഹൻ, ഫ്ളാറ്റ് നമ്പർ 6 സി, വിൻ്റേജ് അപ്പാർട്ടുമെൻ്റ് (ഫേവറിറ്റ് ഹോംസ് )
ഉള്ളൂർ പി.ഒ., തിരുവനന്തപുരം – 695011 (മൊ. 8921762263) എന്ന വിലാസത്തിൽ മാർച്ച് 31-ന് മുൻപ് ലഭിക്കത്തക്കവിധം അയക്കേണ്ടതാണെന്ന്ഡോ. കെ. പ്രസന്നരാജൻ, ചെയർമാൻ; വിനീഷ് വി. രാജ്, സെക്രട്ടറി എന്നിവർ അറിയിച്ചു.

മൊബൈൽ റീചാർജ്ജ് നിരക്കുകൾ വീണ്ടും ഉയർത്തുന്നു; തീരുമാനവുമായി കമ്പനികൾ

 രാജ്യത്ത് മൊബൈൽ ഫോൺ റീചാർജ്ജ് നിരക്കുകൾ ഉടൻ വർധിക്കും. നിരക്കുകൾ വർധിപ്പിക്കുമെന്ന് ഭാരതി എയർടെൽ വ്യക്തമാക്കി കഴിഞ്ഞു. ചെയർമാൻ സുനിൽ മിത്തൽ തന്നെയാണ് നഷ്ട കണക്കുകൾ നിരത്തി നിരക്ക് വർധന ആവശ്യപ്പെട്ടത്.

ജൂൺ മാസത്തിലാകും വർധന എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വരുമാനത്തിലെ കുറവ് മൂലം നിരക്കുവർധന അനിവാര്യമായിരിക്കുന്നു. അതുകൊണ്ട് എല്ലാ പ്ലാനുകളിലും ജൂൺ മാസത്തോടെ വർധനയ്ക്കാണ് തീരുമാനമെന്ന് മിത്തൽ പറഞ്ഞു. 2021 ൽ 25 ശതമാനം വരെ വർധന അനുവദിച്ചിരുന്നു. ജനങ്ങൾ മൊബൈൽ ഉപയോഗിച്ച് ഇപ്പോൾ ചിലവഴിക്കുന്ന തുകയെക്കാൾ അധികം നേടുന്നു എന്നാണ് ഇപ്പോഴത്തോ വർധനവിന് ന്യായമായി കമ്പനി അവകാശപ്പെടുന്നത്.

കഴിഞ്ഞ മാസം പ്രീപെയ്ഡ് പ്ലാനുകളുടെ അടിസ്ഥാന നിരക്ക് എയർടെൽ വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വർധന വരുന്നത്. എയർടെൽ പ്രഖ്യാപിച്ച നിരക്കുവർധന മറ്റു കമ്പനികളുടെയും നീക്കങ്ങൾക്ക് മുന്നോടിയാണ്. കേന്ദ്ര സർക്കാരിന് ഇതിനുമേൽ വിവേചന അധികാരമുണ്ട്. എന്നാൽ മൊബൈൽ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യം വന്നതോടെ പരമാവധി ലാഭം എന്ന നിലയിലേക്ക് കമ്പനികൾ മാറുകയാണ്. ബിഎസ്എൻഎൽ നെ സ്പെക്ട്രം നൽകാതെയും വികസന സാധ്യത തടഞ്ഞുമാണ് സ്വകാര്യ കമ്പനികൾക്ക് അവസരം ഒരുക്കിയത്. ഇപ്പോഴും ഫൈവ് ജി സ്വന്തം നിലയ്ക്ക് വികസിപ്പിക്കും എന്ന മട്ടിലാണ് സർക്കാർ നിയന്ത്രണത്തിലുള്ള ബിഎസ് എൻഎൽ വികസനം.

ഓരോ വർഷവും പലതവണയായി പത്ത് ശതമാനം വീതം താരിഫ് വർധന തുടർച്ചയായി കൊണ്ടുവരാനാണ് സ്വകാര്യ മൊബൈൽ കമ്പനികൾ ലക്ഷ്യം വെക്കുന്നത്. ഇതോടെ രണ്ടു വർഷത്തിനകം മൊബൈൽ റീ ചാർജ് സാധാരണക്കാരന് താങ്ങാനാവാത്തത് ആവും. ഫൈവ് ജി വന്നതോടെ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാവുന്നത് ലാഭമായി മുതൽ കൂട്ടുകയാണ്.

സ്വകാര്യ വ്യക്തികളും ആരാധനാലയങ്ങളും ആനകളെ പരിപാലിക്കുന്നതും സ്വന്തമാക്കുന്നതും വിലക്കി മദ്രാസ് ഹൈക്കോടതി

സ്വകാര്യവ്യക്തികള്‍ക്കോ മതസ്ഥാപനങ്ങള്‍ക്കോ ആനകളെ സ്വന്തമാക്കാനോ പരിപാലിക്കാനോ അനുമതിയില്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. വ്യക്തികളോ മതസ്ഥാപനങ്ങളോ ആനകളെ കൈവശം സൂക്ഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പരിസ്ഥിതി, വനംവകുപ്പ് സെക്രട്ടറിയ്ക്ക് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിര്‍ദേശം നല്‍കുകയും ചെയ്തു.

സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളുടേയും സ്വകാര്യവ്യക്തികളുടെ ഉടമസ്ഥയിലുള്ള ആനകളെ ഉടനടി പരിശോധിക്കാനും ഉത്തരവ് നൽകി.

ക്ഷേത്രങ്ങളുടേയും സ്വകാര്യവ്യക്തികളുടേയും കീഴിലുള്ള എല്ലാ ആനകളേയും സര്‍ക്കാരിൻ്റെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള സമയമായി. ഇതിനായി ഉയര്‍ന്നിട്ടുള്ള ആവശ്യത്തിന് അനുകൂലമായ തീരുമാനം സ്വീകരിക്കണം. ഹിന്ദു റിലിജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ് വകുപ്പുമായി ചേര്‍ന്ന് ആവശ്യമായ നടപടി കൈക്കൊള്ളണമെന്നും പരിസ്ഥിതി, വനംവകുപ്പ് സെക്രട്ടറിയ്ക്ക് കോടതി അയച്ച നോട്ടീസില്‍ പറഞ്ഞു.

60 വയസ് പ്രായമുള്ള ലളിത എന്ന പിടിയാനയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആനയെ അതിന്റെ പാപ്പാനില്‍ നിന്ന് വേര്‍പിരിക്കേണ്ടതില്ലെന്ന് മധുര ബെഞ്ച് നിർദ്ദേശിച്ചു. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കൊപ്പം ലളിതയെ അടുത്തിടെ സന്ദര്‍ശിച്ച ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍ ആനയുടെ ശരീരത്തിലെ മുറിവുകള്‍ കാണ്ടത് വാർത്തയായിരുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ ആനയ്ക്ക് വേണ്ട സംരക്ഷണം നല്‍കാന്‍ വിരുധുനഗര്‍ ജില്ലാ കളക്ടര്‍ക്ക് അന്ന് നിർദ്ദേശം നൽകുകയും ഉണ്ടായി.

കേരളത്തിൽ ഉൾപ്പെടെ ബാധകമാകാവുന്ന വിധിയാണ്. ആനകളെ പ്രാകൃത രീതിയിൽ വിശ്വാസത്തിൻ്റെയും പ്രൌഡിയുടെയും പേരിൽ ചൂഷണം ചെയ്യുന്നത് തുടരുകയാണ്. തൃശൂർ ഇരിഞ്ഞാടൻ പള്ളി ക്ഷേത്രത്തിൽ യന്ത്ര ആനയെ എഴുന്നള്ളിച്ചതിന് തൊട്ടു പിന്നാലെയാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി.

രണ്ടു ഭാര്യമാരും യുവതിയായ മകളും, തൊഴിൽ പാത്ര കച്ചവടം; തിരക്കേറിയ സ്ഥലങ്ങളിൽ മോഷണം പതിവാക്കിയ കുടുംബം പിടിയിൽ

കേരളം, തമിഴ്‌നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ മാളുകള്‍, വൻകിട ഷോപ്പുകള്‍, ആരാധനാലയങ്ങള്‍, ബസ്സുകൾ എന്നിങ്ങനെ കേന്ദ്രങ്ങളിൽ ആസൂത്രിതമായി കവര്‍ച്ച നടത്തുന്ന നാലംഗ സംഘം പിടിയില്‍. ഡിണ്ടിഗല്‍ കാമാക്ഷിപുരം സ്വദേശി അയ്യപ്പന്‍ എന്ന വിജയകുമാര്‍ (44), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38) വസന്ത(45),മകള്‍ സന്ധ്യ (25), എന്നിവരാണ് പിടിയിലായത്.

കൃത്രിമമായി തിരക്കുണ്ടാക്കിയും ആളുകളുടെ ശ്രദ്ധ തെറ്റിച്ചും മോഷണം നടത്തുന്ന സംഘമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും വന്‍തോതില്‍ കവര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയില്‍ നടന്നിട്ടുള്ള കവര്‍ച്ചകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയാണ് പ്രതികളെ വലയിലാക്കിയത്.

തുണിക്കച്ചവടം, പാത്രകച്ചവടം എന്നിങ്ങനെ ഉപജീവനം നടത്തുന്ന മാന്യമായ സംഘം എന്നു തെറ്റിദ്ധരിപ്പിച്ചാണ് ഓരോ കേന്ദ്രങ്ങളിലും താമസിച്ച് മോഷണം നടത്തുന്നത്. മേക്കപ് ചെയ്യുന്നതിലും പെട്ടെന്ന് വേഷം മാറുന്നതിലും പാശ്ചാത്യ രീതിയിൽ വസ്ത്ര ധാരണം ചെയ്യുന്നതിലും എല്ലാം പരിശീലിച്ചാണ് സംഘത്തിൻ്റെ പ്രവർത്തനം എന്ന് പൊലീസ് കണ്ടെത്തി. പാത്രങ്ങളും തുണികളുമായി കച്ചവടത്തിന് പോകുന്നതാണ് ജനങ്ങൾ കാണുക പതിവ്.

കൂട്ടായ അന്വേഷണം, തിരച്ചിൽ, ഒടുവിൽ അറസ്റ്റ്

ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാന സ്ത്രീകളുടെയും പുരുഷന്‍മാരുടെയും സാന്നിധ്യം ഉറപ്പ് വരുത്തിയിരുന്നു. പരാതികൾ പരിശോധിച്ച് സിസിടിവി ദൃശ്യത്തില്‍ മൂന്ന് സ്ത്രീകള്‍ ചേര്‍ന്നാണ് കവര്‍ച്ച ചെയ്യുന്നതെന്ന് കണ്ടെത്തിയാണ് അന്വേഷണം തുടങ്ങിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലും അയല്‍ ജില്ലകളിലും സമാനമായ രീതിയില്‍ കളവ് നടക്കുന്നതായി കണ്ടെത്തി ഒരേ സംഘമാണെന്ന് തിരിച്ചറിഞ്ഞു.

ഫെബ്രുവരി 28-ാം തീയതി നരിക്കുനിയില്‍ നിന്നും തൊണ്ടയാട് ഭാഗത്തേക്ക് ജോലിക്കായി പോവുകയായിരുന്ന സുധ എന്ന സ്ത്രീയുടെ മാല ബസ്സില്‍ വെച്ച് പൊട്ടിച്ച രണ്ട് തമിഴ് സാദൃശ്യമുള്ള സ്ത്രീകളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചിരുന്നു. പക്ഷെ കൂടുതൽ തെളിവുകൾ ലഭിച്ചില്ല.

മലപ്പുറം മക്കരപ്പറമ്പ് ഭാഗത്ത് താമസിക്കുന്ന തമിഴ്‌നാട്ടുകാരെ കേന്ദ്രീകരിച്ച് ആന്വേഷണം വ്യാപിപ്പിച്ചപ്പോഴാണ് ഇവർ വീണ്ടും പിടിയിലാവുന്നത്. മക്കരപ്പറമ്പ് ഭാഗങ്ങളില്‍ മാറിമാറി താമസിച്ചു വരുന്നവരാണെന്നും കോഴിക്കോടും പാലക്കാടും തുണിക്കച്ചവടവും പാത്രകച്ചവടവുമാണ് ജോലിയെന്നും കണ്ടെത്തി. ആളുകള്‍ക്ക് ഒരു വിധത്തിലും സംശയംതോന്നാത്ത തരത്തില്‍ വേഷം ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പെട്ടെന്ന് വേഷംമാറാന്‍ കയ്യിലുള്ള ബാഗില്‍ കൂടുതല്‍ വസ്ത്രങ്ങള്‍ കരുതുകയും വഴിയില്‍ വെച്ച് തന്നെ വേഷം മാറുകയും മോഡേണ്‍ ഡ്രസുകള്‍ ധരിച്ചും മേക്കപ്പ് ചെയ്യാനുള്ള വസ്തുക്കളും കയ്യില്‍ കരുതിയുമാണ് സഞ്ചാരം. മക്കരപ്പറമ്പ് സ്‌കൂളിന് സമീപമുള്ള ലൈന്‍ മുറി ക്വാര്‍ട്ടേഴ്‌സിലാണ് ഒരു വര്‍ഷത്തോളമായി താമസിക്കുന്നത്.

പ്രതികളില്‍ നിന്നും സ്വര്‍ണ്ണം തൂക്കുന്നതിനുള്ള മെഷീന്‍, മൊബൈല്‍ഫോണ്‍, സ്വര്‍ണ്ണം, പണം, പഴ്‌സുകള്‍,കട്ടിങ്ടൂള്‍ എന്നിവയും പോലീസ് കണ്ടെടുത്തു. പിടിക്കപ്പെടുമ്പോള്‍ മൊബൈല്‍ ഫോണും സിംകാര്‍ഡും നശിപ്പിക്കുകയും പോലീസിന് വിവരങ്ങള്‍ ലഭിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കയും ചെയ്തിരുന്നു. പിടികൂടിയപ്പോൾ സിം കടിച്ചു പൊട്ടിച്ചും മൊബൈല്‍ഫോണ്‍ എറിഞ്ഞു കളയാന്‍ ശ്രമിച്ചെങ്കിലും പോലീസ് കൈക്കലാക്കി.

ചോദ്യം ചെയ്തതില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ നിരവധി മോഷണങ്ങൾ പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഞെട്ടിച്ച് യു ഡി എഫ്

28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം. എല്‍ഡിഎഫിന്റെ അഞ്ച് സിറ്റിങ് സീറ്റുകള്‍ യുഡിഎഫും ഒരു സീറ്റ് ബിജെപിയും പിടിച്ചെടുത്തു.

എൽ ഡി എഫ് 15 സീറ്റിൽ യുഡിഎഫ് 11

സംസ്ഥാനത്ത്‌ 12 ജില്ലകളിലായി ഉപതെരഞ്ഞെടുപ്പ്‌ നടന്ന 28 തദ്ദേശഭരണ വാർഡുകളിൽ 15ലും എൽ ഡി എഫ് വിജയം നേടി. 11 സീറ്റില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ രണ്ട് സീറ്റില്‍ ബിജെപി വിജയിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി. ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി വിജയിച്ചതാണ് ഇവിടെ എല്‍.ഡി.എഫിന് തിരിച്ചടിയായത്.

‘സി എം രവീന്ദ്രൻ ഞെട്ടിയത് എന്തിനാണ്: പുതിയ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറുമായുള്ള ചാറ്റുകള്‍ ഏഷ്യാനെറ്റ് പുറത്തു വിട്ടു. സ്വപ്‌ന യു.എ.ഇ. കോണ്‍സുലേറ്റിലെ ജോലി രാജിവെച്ച ശേഷമുള്ള ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. ചാറ്റ് പുറത്തു വന്ന വാർത്തയ്ക്ക് പിറകെ മുഖ്യമന്ത്രിക്ക് എതിരെ കൂടുതൽ ആരോപണങ്ങളുമായി സ്വപ്ന സുരേഷ് രംഗത്ത് എത്തി. ബെഗ്ലൂരുവിലായിരുന്നു ചാറ്റ് വാർത്തകൾക്ക് പിന്നാലെ സ്വപ്ന നേരിൽ പ്രത്യക്ഷപ്പെട്ടുള്ള വിശദീകരണങ്ങൾ.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ്. നിയമസഭയിൽ വന്ന് എന്നെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും പച്ചക്കള്ളം വിളിച്ച് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ എന്ന് സ്വപ്ന സുരേഷ്  ചോദിച്ചു. മണിക്കൂറുകളോളം ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ ബിസിനസ്സുകൾ സംബന്ധിച്ചും ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് ബാംഗ്ലൂരിൽ അവകാശപ്പെട്ടു.

സ്വപ്‌നയ്ക്ക് നോര്‍ക്കയില്‍ ജോലി തരപ്പെടുത്താന്‍ ശിവശങ്കര്‍ ഇടപെട്ടു എന്ന നിലയ്ക്കുള്ള ചാറ്റുകളാണ് പുറത്തുവന്നത്. നോര്‍ക്കയുടെ സി.ഇ.ഒയുമായി ഉള്‍പ്പെടെ ദീര്‍ഘമായ മീറ്റിങ് നടത്തിയതായി ചാറ്റുകളില്‍ ശിവശങ്കര്‍ അവകാശപ്പെടുന്നു. നോര്‍ക്കയുടെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയിലെ ജോലിക്ക് സ്വപ്‌നയായിരിക്കും ഉചിതമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞുവെന്നും ചാറ്റിലുണ്ട്.

നോര്‍ക്കയുടെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയില്‍ യുവ എം.ബി.എ. ബിരുദധാരിയെ ആവശ്യമുണ്ടെന്ന് നോര്‍ക്ക അറിയിച്ചപ്പോള്‍ താന്‍ സ്വപ്‌നയുടെ പേര് നിര്‍ദ്ദേശിച്ചുവെന്ന് ശിവശങ്കര്‍ വ്യക്തമാക്കുന്നതായി ചാറ്റിലുണ്ട്. മുഖ്യമന്ത്രിയുമായടക്കം സംസാരിച്ചുവെന്നും ചാറ്റില്‍ പറയുന്നു. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം നിര്‍ദ്ദേശിക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഇതിന്റെ പശ്ചാത്തലമറിയാമെന്നും ചാറ്റില്‍ പറയുന്നു. സ്വപ്‌ന മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചിരുന്നുവെന്ന് സി.എം. രവീന്ദ്രനോട് താന്‍ പറഞ്ഞുവെന്നും ചാറ്റില്‍ ശിവശങ്കര്‍ അവകാശപ്പെടുന്നു.

സി.എം. രവീന്ദ്രനുമായി ബന്ധപ്പെട്ട പരാമര്‍ശവും ചാറ്റിലുണ്ട്. യു.എ.ഇ. കോണ്‍സുലേറ്റില്‍ നിന്ന് സ്വപ്‌ന രാജിവെച്ചതറിഞ്ഞ് സി.എം. രവീന്ദ്രന്‍ ഞെട്ടി എന്ന് ശിവശങ്കര്‍ പറയുന്നു.

ബെംഗ്ലൂരുവിൽ സ്വപ്ന സുരേഷ് പറഞ്ഞത്

ഒറ്റയ്ക്കും ശിവശങ്കറിനൊപ്പവും മണിക്കൂറുകളോളം മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ കച്ചവടങ്ങൾക്കായി മാത്രം താൻ വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. എന്നിട്ടും എന്നെ കണ്ടിട്ട് പോലുമില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്കെങ്ങനെ കഴിയുന്നു എന്നായിരുന്നു സ്വപ്നയുടെ ചോദ്യം. മുഖ്യമന്ത്രിയെ കണ്ട തീയതികൾ പുറത്തുവിടുമെന്നും സ്വപ്ന വ്യക്തമാക്കി. അന്നേ ദിവസങ്ങളിലെ ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ ധൈര്യമുണ്ടോ എന്നും സ്വപ്ന വെല്ലുവിളിച്ചു. സഭയിൽ പ്രസ്താവന നടത്താതെ തെളിവുമായി മുഖ്യമന്ത്രി വരട്ടെയെന്നാണ് സ്വപ്ന സുരേഷിന്‍റെ വെല്ലുവിളി.

നോർക്കയിൽ തന്നെ നിയമിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിക്ക് അറിയാമെന്നും സ്വപ്ന സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്പേസ് പാർക്കിലെ ജോലിക്ക് മുമ്പ് തന്നെ നോർക്കയിൽ നിയമിക്കാൻ ശിവശങ്കർ ശ്രമിച്ചിരുന്നു. ഇത് മുഖ്യമന്ത്രിക്കും അറിയാം, ഇതിനിടയിലാണ് എം എ യൂസഫലിയുടെ എതിർപ്പ് വരുന്നത്. ഇതേത്തുടർന്നാണ് സ്പേസ് പാർക്കിൽ തന്നെ നിയമിക്കാൻ തീരുമാനമായതെന്നാണ് സ്വപ്ന പറയുന്നത്. കച്ചവടങ്ങളുടെ കണ്ണിയായ താൻ രാജി വച്ചതറിഞ്ഞാണ് സിഎം രവീന്ദ്രൻ ഞെട്ടിയത്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ കച്ചവടങ്ങളുടെ കണ്ണിയായിരുന്നു താൻ. യുഎഇ കോൺസുലേറ്റ് വഴിയുള്ള അനധികൃത ഇടപാടുകൾ നിലയ്ക്കുമോ എന്ന് സിഎം രവീന്ദ്രൻ ഭയന്നുവെന്നും യൂസഫലി എന്തുകൊണ്ട് തന്നെ എതിർത്തുവെന്നതിനെക്കുറിച്ച് പിന്നീട് വെളിപ്പെടുത്താമെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.

അടിമുടി പുത്തൻ ലുക്കിൽ രാഹുൽ ഗാന്ധി

ദീർഘനാളുകൾക്ക് ശേഷം താടിയും മുടിയും വെട്ടി പുതിയ ലുക്കില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി യു.കെയിലാണ്ഭാ. ഭാരത് ജോഡോ യാത്രയ്ക്കിടെ വളര്‍ന്ന താടിയും മുടിയും ഇതുവരെ കളഞ്ഞിരുന്നില്ല.

ഭാരത് ജോഡോ യാത്രയിലെ വെള്ള ടീ ഷര്‍ട്ടിന് പകരം കോട്ടും സ്യൂട്ടും അണിഞ്ഞാണ് പ്രത്യക്ഷപ്പെട്ടത്. ന്യൂ ലുക്കിൽ കാംബ്രിഡ്ജ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുന്ന രാഹുലിന്റെ ചിത്രം കോണ്‍ഗ്രസ് നേതാക്കളും ട്വീറ്റ് ചെയ്തിട്ടുണ്ട്.

സെപ്റ്റംബറില്‍ കന്യാകുമാരിയില്‍ നിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചതിന് ശേഷം റൈഡേഴ്സിനെ പോലെ രാഹുല്‍ താടിയും മുടിയും നീട്ടി വളർത്തിയ നിലയിലായിരുന്നു. ജനുവരിയില്‍ കശ്മീരില്‍ യാത്ര അവസാനിച്ചതിന് ശേഷവും രാഹുല്‍ അതേപടി തുടരുന്നത് സോഷ്യൽ മീഡിയ ചർച്ചയായിരുന്നു.

ഒരാഴ്ച യു.കെയില്‍ തുടരുന്ന രാഹുല്‍ പ്രവാസി കോണ്‍ഗ്രസ് സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.

ലൈഫ് മിഷൻ സിഇഒ പി.ബി നൂഹ് ഹാജരാവണം, ഇ ഡി നൊട്ടീസ് നൽകി

ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഇഡി നോട്ടീസ്. പി ബി നൂഹ് ഐഎഎസ് ഇന്ന് ഹാജരാകണമെന്നാണ് നോട്ടീസ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തേടുന്നതിനാണ് ഹാജരാകാൻ നി‍ർദേശിച്ചത്. വടക്കാഞ്ചേരി പദ്ധതിയുടെ കരാർ വിശദാംശങ്ങളിലടക്കം വ്യക്തതയുണ്ടാക്കും. വിവാദ കരാറിനും കേസിനും ശേഷമാണ് പിബി നൂഹ് ചുമതലയേൽക്കുന്നത്.

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇ ഡി വീണ്ടും നോട്ടീസ് നൽകിയിട്ടുണ്ട്. ഏഴാം തിയതി ചോദ്യംചെയ്യലിന് ഹാജരാകാണം. രാവിലെ 10.30 ന് കൊച്ചി ഓഫിസിൽ ഹാജരാകാൻ ആണ് നിർദ്ദേശം.

ഗ്യാസ് വില കുത്തനെ കൂട്ടി, സിലിണ്ടറിന് 1100 കവിയും

രാജ്യത്ത് പാചക വാതക വില കുത്തനെ കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 351 രൂപയും കത്തനെ കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന്റെ വില കൊച്ചിയില്‍ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 2124 രൂപയും.

സമീപകാലത്ത് പാചക വാതക വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിത്. എണ്ണക്കമ്പനികളുടെ യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍വന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി പാചക വാതകത്തിന് കൃത്യമായി ഒരു സബ്‌സിഡിയും കേന്ദ്രം നല്‍കുന്നില്ല. സബ്‌സിഡി നിര്‍ത്തിയിട്ടില്ലെന്ന് കേന്ദ്രം പാര്‍ലമെന്റില്‍ ഉള്‍പ്പെടെ പറയുന്നുണ്ടെങ്കിലും ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് സബ്‌സിഡി നൽകാതെ മാറ്റുകയാണ്.

വാരാപ്പുഴ സ്ഫോടനം ഒരു മരണം സ്ഥിരീകരിച്ചു, മൂന്നുപേരുടെ നില ഗുരുതരം

0

വരാപ്പുഴയിൽ പടക്കശാലയിലെ സ്ഫോടനത്തിൽ ഒരു മരണം സ്ഥിരീകരിച്ചു. 7 പേർക്ക് പരുക്കേറ്റു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമെന്ന് ഡോക്ടർമാർ പറഞ്ഞു. ഒരു വീട് പൂർണമായും തകർന്നു. പ്രദേശത്തെ നിരവധി വീടുകൾക്കും വാഹനങ്ങൾക്കും അടക്കം കേടുപാട് സംഭവിച്ചിട്ടുണ്ട്. ലൈസൻസില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചതെന്ന് ജില്ലാ കളക്ടർ രേണു രാജ് വ്യക്തമാക്കി.

വരാപ്പുഴ മേഖല ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ നടുങ്ങി. മുട്ടിനകത്ത് നാട്ടുകാരും റോഡിലെ യാത്രക്കാരും സംഭവിച്ചതെന്തെന്നറിഞ്ഞില്ല. പ്രദേശത്തെ പടക്ക നിർമ്മാണശാലക്ക് തീപിടിച്ചതാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്. അപ്പോഴേക്കും വീടുകളും സമീപത്തെ വാഹനങ്ങളുമൊക്കെ തകർന്നിരുന്നു. സംഭവത്തിൽ ഒരാൾ മരിച്ചു. 7 പേർക്ക് പരുക്കുണ്ട്. മൂന്ന് പേരുടെ നില ഗുരുതരമാണ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

പ്രദേശവാസിയായ ജാൻസൻ്റ ഉടമസ്ഥതയിൽ തന്നെയാണ് സ്ഥാപനം. ഇയാൾക്കും പൊള്ളലേറ്റു. പരുക്ക് പറ്റിയവരിൽ മൂന്ന് കുട്ടികളുമുണ്ട്. പടക്കനിർമ്മാണ ശാലയ്ക്ക് ലൈസൻസ് ഇല്ലെന്നും തഹസിൽദാറോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടെന്നും സ്ഥലത്തെത്തിയ ജില്ലാ കളക്ടർ രേണു രാജ് പറഞ്ഞു.

വർഷങ്ങളായി പ്രദേശത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണിതെന്നാണ് നാട്ടുകാർ പറയുന്നത്. ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലാണ് പരുക്കേറ്റവർ ഉള്ളത്. മരിച്ചയാളുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.