മാർച്ച് മാസത്തിൽ ചൂട് അൽപം കുറയാൻ സാധ്യത. കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തു വിട്ട റിപ്പോർട്ടിലാണ് മാർച്ച മാസത്തിൽ കേരളത്തിലെ താപനില വല്ലാതെ ഉയരില്ലെന്ന പ്രവചനമുള്ളത്. സാധാരണ മാർച്ച് മാസത്തിൽ ലഭിക്കുന്നതിലും കൂടുതൽ മഴ ലഭിക്കാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നു. മാർച്ച് മുതൽ മെയ് വരെയുള്ള സീസണിൽ പൊതുവേ കേരളത്തിൽ സാധാരണ നിലയിലുള്ള താപനിലയാവും അനുഭവപ്പെടുകയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നു.
ഡൽഹി ഉപമുഖ്യമന്ത്രി സിസോദിയയും ആരോഗ്യ മന്ത്രി സത്യേന്ദ്രയും രാജി നൽകി
ജയിലിൽ അടയ്ക്കപ്പെട്ട ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനും മന്ത്രിസ്ഥാനത്ത് നിന്നും രാജിവെച്ചു. ഇരുവരുടേയും രാജി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സ്വീകരിച്ചു.
മദ്യനയക്കേസില്‍ രണ്ടു ദിവസം മുമ്പാണ് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. നിലവില്‍ അദ്ദേഹം അഞ്ചു ദിവസത്തെ സിബിഐ കസ്റ്റഡിയിലാണുള്ളത്. കള്ളപ്പണ കേസ് എടുത്ത് കഴിഞ്ഞ മെയ് മാസം ഇ.ഡി.അറസ്റ്റ് ചെയ്ത ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ തിഹാര്‍ ജയിലിലാണ്.
അറസ്റ്റുമായി ബന്ധപ്പെട്ട് സിസോദിയ ഇന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ഇടപെടാന്‍ തയ്യാറായില്ല. ഈ ഘട്ടത്തില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതിയെ സമീപിക്കാനും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. തുടര്‍ന്ന് ഹൈക്കോടതിയില്‍ സിസോദിയ ജാമ്യാപേക്ഷ നല്‍കി. പിന്നാലെയാണ് രാജി.
ധനകാര്യം അടക്കം 18 ഓളം വകുപ്പുകളാണ് സിസോദിയ കൈകാര്യം ചെയ്തിരുന്നത്. ഇരുവർക്കും രണ്ട് വർഷത്തിലധികം തടവ് ലഭിക്കയാണെങ്കിൽ സീറ്റ് നഷ്ടപ്പെട്ടു. ആറു വർഷത്തേക്ക് മത്സരിക്കാനും ബുദ്ധിമുട്ടാവും.
റേഷൻ കടകളിലെ ഷിഫ്ട് പിൻവലിച്ചു, പ്രവർത്തനം ഇനി പഴയപടി
സംസ്ഥാനത്തെ റേഷന്‍കടകളുടെ പ്രവര്‍ത്തനം ഷിഫ്റ്റ് സമ്പ്രദായത്തിലാക്കിയത് പിൻവലിച്ചു. പഴയ രീതിയിലേക്കുതന്നെ മാറ്റുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചു. മാര്‍ച്ച് ഒന്നുമുതല്‍ സംസ്ഥാനത്തൊട്ടാകെ റേഷന്‍കടകളുടെ പ്രവര്‍ത്തനസമയം പഴയപടിയായിരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.
രാവിലെയും വൈകീട്ടും റേഷൻ വാങ്ങാം
രാവിലെ എട്ടുമുതല്‍ ഉച്ചക്ക് 12 മണി വരെയും വൈകുന്നേരം നാലുമണി മുതല്‍ ഏഴുമണി വരെയുമായി പ്രവർത്തനം പുനഃക്രമീകരിച്ചു.
ഷിഫ്റ്റ് സമ്പ്രദായം കാരണം പൊതുജനങ്ങള്‍ക്ക് റേഷന്‍ വിഹിതം കൈപ്പറ്റുന്നതിന് പ്രയാസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. വേനലിന്റെ കാഠിന്യം കൂടിവരുന്ന പശ്ചാത്തലവും പരിഗണിച്ചാണ് മുന്‍വര്‍ഷങ്ങളിലെ പോലെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം പുനഃക്രമീകരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ഫെബ്രുവരി മാസത്തെ റേഷന്‍ വിഹിതം ഗുണഭോക്താക്കള്‍ക്ക് യഥാസമയം കൈപ്പറ്റാന്‍ കഴിയാത്ത സാഹചര്യം പരിഗണിച്ച് 2023 ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം മാര്‍ച്ച് 4-ാം തീയതി വരെ നീട്ടിയതായും അറിയിച്ചു.
എല്ലാ റെക്കോര്‍ഡുകളും തകർത്ത് നൊവാക് ജോക്കോവിച്ച്
എല്ലാ റെക്കോര്‍ഡുകളും തകർത്ത് നൊവാക് ജോക്കോവിച്ച് മുന്നേറ്റം തുടരുകയാണ്. ഇപ്പോള്‍, ഏറ്റവും കൂടുതല്‍ കാലം ലോക ഒന്നാം നമ്പറില്‍ തുടര്‍ന്ന ടെന്നീസ് താരമെന്ന റെക്കോര്‍ഡാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്.
ജര്‍മന്‍ ഇതിഹാസതാരം സ്‌റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡാണ് ജോക്കോ മറികടന്നത്. സ്‌റ്റെഫി ഗ്രാഫ് 377 ആഴ്ചകള്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനം കൈയടക്കിവെച്ചിരുന്നു. അമേരിക്കന്‍ ഇതിഹാസങ്ങളായ മാര്‍ട്ടിന നവരത്‌ലോവ 332 ആഴ്ചകളും സെറീന വില്ല്യംസ് 319 ആഴ്ചകളുമാണ് ഒന്നാം നമ്പറില്‍ തുടര്‍ന്നത്.
കരിയറില്‍ ഇതുവരെ 378-ആഴ്ചകളാണ് സെര്‍ബിയന്‍ താരമായ ജോക്കോവിച്ച് ഒന്നാം റാങ്കില്‍ തുടര്‍ന്നത്.
310 ആഴ്ചകള്‍ ലോക ഒന്നാം നമ്പറില്‍ തുടര്‍ന്ന സ്വിസ് ഇതിഹാസം റോജര്‍ ഫെഡററുടെ നേട്ടത്തെ 2021 മാര്‍ച്ചിലാണ് ജോക്കോ മറികടന്നത്. കഴിഞ്ഞ ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിക്കൊണ്ട് ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടുന്ന പുരുഷതാരമെന്ന റാഫേല്‍ നദാലിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും ജോക്കോയ്ക്കായി. ഇരുവര്‍ക്കും 22 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളാണുള്ളത്. പത്ത് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയ ജോക്കോവിച്ച് രണ്ട് തവണ ഫ്രഞ്ച് ഓപ്പണും ഏഴ് വിംബിള്‍ഡണ്‍ കിരീടവും മൂന്ന് വട്ടം യുഎസ് ഓപ്പണും നേടിയിട്ടുണ്ട്.
തെങ്ങിൻ തോപ്പിൽ തീ പടർന്നു പിടിച്ച് വയോധികൻ മരിച്ചു
തൃശ്ശൂര്‍ പുല്ലൂരില്‍ തെങ്ങിന്‍തോപ്പില്‍ തീ പടർന്ന് പിടിച്ച് കാർഷിക ജോലി ചെയ്തുകൊണ്ടിരുന്നയാൾ മരിച്ചു. ഊരകം സ്വദേശി സുബ്രന്‍ (75) എന്നയാളാണ് മരിച്ചത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇദ്ദേഹം ഇവിടെ സ്ഥിരം ജോലികൾ ചെയ്യുന്ന വ്യക്തിയാണ്.
ഏക്കറുകണക്കിനുള്ള തെങ്ങിന്‍തോപ്പിലാണ് തീ പടര്‍ന്നത്. ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍നിന്നുള്ള ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.
അതിനിടെയാണ് സുബ്രനെ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തെങ്ങിന്‍തോപ്പില്‍ വലിയതോതില്‍ ആളിപ്പടര്‍ന്നതിനാല്‍, പറമ്പിനുള്ളിലുണ്ടായിരുന്ന സുബ്രന് പുറത്തിറങ്ങാന്‍ സാധിച്ചില്ലെന്നാണ് പ്രാഥമിക നിഗമനം.
പരീക്ഷ സംബന്ധിച്ച് സംശയം ചോദിക്കാനെത്തിയ വിദ്യാർഥിയെ പീഡിപ്പിച്ചു, മദ്രസ അധ്യാപകന് 67 വർഷം തടവ്
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവ്. ഒപ്പം 80,000 രൂപ പിഴയും ശിക്ഷ. ചെര്‍പ്പുളശ്ശേരി സ്വദേശി റഷീദി(49)നെയാണ് കുന്നംകുളം അതിവേഗ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്.
മതപഠനകേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും കുട്ടികളുടെ രക്ഷിതാക്കളായി പ്രവര്‍ത്തിക്കേണ്ടവരില്‍നിന്ന് ഇത്തരം പ്രവൃത്തികളുണ്ടാകുന്നത് സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇതിനെതിരെ കരുതൽ വേണമെന്നും വിധിന്യായത്തില്‍ കോടതി അഭിപ്രായപ്പെട്ടു.
പരീക്ഷാ കാലത്ത് സംശയം ചോദിക്കാനെത്തിയ വിദ്യാര്‍ഥിയെ റഷീദ് മദ്രസയിലെ മുറിയില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കയായിരുന്നു. 2020 ഓഗസ്റ്റ് 25-നായിരുന്നു സംഭവം. പീഡനത്തിനിരയായ കുട്ടി മാതാപിതാക്കളോടാണ് ആദ്യം വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ പാവറട്ടി പോലീസില്‍ പരാതി നല്‍കി. വിചാരണയ്ക്കിടെ 20 സാക്ഷികളെ വിസ്തരിച്ചു. 30 രേഖകളും ഹാജരാക്കി.
ഇന്ത്യ മതേതര രാജ്യമാണെന്ന് ഓർമ്മ വേണം, ഭിന്നിപ്പിച്ച് ഭരിക്കൽ വേണ്ട; സ്ഥലങ്ങളുടെ പേരുമാറ്റാനുള്ള ഹരജിക്കാരനെ ഓർമ്മിപ്പിച്ച് സുപ്രീം കോടതി
ഇന്ത്യയിലെ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രിം കോടതി. ഇന്ത്യ മതേതര രാജ്യമെന്ന് ഓർക്കണമെന്ന് ഹർജിക്കാരനോട് സുപ്രിം കോടതി പറഞ്ഞു. വിദേശ അധിനിവേശമെന്ന് വാദിച്ച് ഇത്തരത്തിൽ കരുതുന്ന ആയിരം സ്ഥലങ്ങളെ പുനർനാമകരണം ചെയ്യാൻ കമ്മീഷനെ വെക്കണമെന്നായിരുന്നു ഹർജി. ബിജെപി നേതാവായ അശ്വനി കുമാർ ഉപാധ്യായയാണ് ഹർജി നൽകിയത്.
ഹിന്ദു എന്നതിൻ്റെ മഹത്വം മനസിലാക്കാൻ ശ്രമിക്കണമെന്ന് ഹരജിക്കാരനോട് കോടതി നിർദ്ദേശിച്ചു. കോടതി തീരുമാനം ശരിയാണെന്ന് ഹർജിക്കാരന് പിന്നീട് മനസിലാകുമെന്നും കോടതി പറഞ്ഞു. ഹർജി വിരൽ ചൂണ്ടുന്നത് ഒരു സമൂഹത്തിന് നേരെയാണ്. ഇത് ക്രൂരമാണ്. രാജ്യം വീണ്ടും തിളച്ച് മറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോയെന്നും ഹർജി പരിഗണിച്ച സുപ്രിം കോടതി ജസ്റ്റിസ് കെഎം ജോസഫ് ഹർജിക്കാരനോട് ചോദിച്ചു.
ഹർജി വഴി പുതിയ തലമുറയുടെ നേരെ ഭാരം ചുമത്താനാണോ ശ്രമമെന്ന് ഡിവിഷൻ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് നാഗരത്ന ചോദിച്ചു. സമൂഹത്തിൽ നാശം സൃഷ്ടിക്കാനുള്ള ഉപകരണമായി കോടതിയെ മാറ്റാൻ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. ഹിന്ദു സംസ്കാരം ഏല്ലാത്തിനെയും സ്വീകരിക്കുന്ന ജീവിത രീതിയാണ്. കേരളത്തിൽ ഹിന്ദു രാജാക്കന്മാർ മറ്റു മതങ്ങൾക്ക് ആരാധനയലങ്ങൾ പണിയാൻ ഭൂമി കൊടുത്ത ചരിത്രമുണ്ടെന്ന് ജസ്റ്റിസ് കെഎം ജോസഫ് ഹർജിക്കാരനോട് ഓർമ്മിപ്പിച്ചു.
തമ്മിൽ തല്ലാനായി ഇന്ത്യക്കാർക്ക് ഇടയിൽ ബ്രിട്ടീഷുകാർ സ്വീകരിച്ച നയമാണ് ഭിന്നിപ്പിച്ച് ഭരിക്കുക എന്നത്. അതിലേക്ക് വീണ്ടും മതങ്ങളെ വലിച്ചിഴക്കരുത് എന്നും കോടതി പറഞ്ഞു.
ഫിഫ ദ ബെസ്റ്റ് ലയണൽ മെസ്സി, വനിതകളിൽ അലക്‌സിയ പുട്ടെയാസ്
ഫിഫയുടെ കഴിഞ്ഞ സീസണിലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം മിന്നും താരം ലയണല്‍ മെസ്സിക്ക്. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയെയും കരിം ബെന്‍സേമയെയും പിന്നിലാക്കിയാണ് മെസ്സിയുടെ നേട്ടം. പാരീസില്‍ രാത്രി 1.30-നായിരുന്നു പുരസ്‌കാരദാന ചടങ്ങ്.
മികച്ച വനിതാ താരമായി സ്‌പെയിനിന്റെ അലക്‌സിയ പുട്ടെയാസിനെ തിരഞ്ഞെടുത്തു. അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസാണ് മികച്ച ഗോള്‍കീപ്പര്‍. അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലയണല്‍ സ്‌കലോണിയാണ് മികച്ച പരിശീലകന്‍. മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനിയന്‍ ആരാധകര്‍ സ്വന്തമാക്കി.
ഏഴുവട്ടം ബാലണ്‍ ദ്യോര്‍ നേടിയിട്ടുള്ള മെസ്സി 2019-ല്‍ ‘ഫിഫ ദ ബെസ്റ്റ്’ പുരസ്‌കാരവും നേടിയിട്ടുണ്ട്. 2016 മുതലാണ് ‘ഫിഫ ദ ബെസ്റ്റ്’ പുരസ്‌കാരം ആരംഭിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷവും പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയാണ് മികച്ച താരമായത്.
സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിനും ഫ്രഞ്ച് ടീമിനുംവേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ബെന്‍സേമയെ അവസാനറൗണ്ടില്‍ എത്തിച്ചത്. കഴിഞ്ഞ സീസണിലെ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം നേടിയിരുന്നു. ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടിയതടക്കമുള്ള പ്രകടനമാണ് പി.എസ്.ജി. താരം കിലിയന്‍ എംബാപ്പെയ്ക്കുണ്ടായിരുന്നത്.
ഖുശ്ബുവിനെ വനിതാ കമ്മീഷൻ അംഗമായി നാമനിർദ്ദേശം ചെയ്തു
പ്രശസ്ത നടിയും വിവിധ പാർട്ടികളിലൂടെ ബി ജെ പിയിൽ എത്തിയ താരവുമായ ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. ഖുശ്ബുവടക്കം മൂന്ന് അംഗങ്ങളെയാണ് മൂന്ന് വര്‍ഷത്തെ കാലാവധിയില്‍
വനിതാ ശിശുവികസന മന്ത്രാലയം നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.
ഝാര്‍ഖണ്ഡില്‍ നിന്നുള്ള മംമ്താ കുമാരി, മേഘാലയയിലെ ഡെലീന ഖോങ്ദുപ്പ് എന്നിവരാണ് കമ്മീഷനിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റു അംഗങ്ങള്‍.
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കൂടിയാണ് ഖുശ്ബു. നടിയും നിര്‍മാതാവും കൂടിയായ ഖുശ്ബു ഡിഎംകെയിലൂടെയാണ് രാഷ്ട്രീയ പ്രവേശം നടത്തിയത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് വക്താവായിരിക്കെയാണ് ബിജെപിയിലേക്ക് ചേക്കേറിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഡിഎംകെ സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു.
1980 കളിലും 1990 കളിലും തമിഴിലെ മുന്‍നിര നടിയായിരുന്നു ഖുശ്ബു സുന്ദര്‍. തമിഴ്‌നാട്ടില്‍ താരമൂല്യമുള്ള നടിമാരില്‍ മുന്‍ന്തിയിലായിരുന്നു ഖുശ്ബു സുന്ദറിന്റെ സ്ഥാനം. തമിഴ്‌നാട്ടില്‍ ഖുശ്ബു സുന്ദറിനായി ആരാധകര്‍ ക്ഷേത്രം വരെ പണി കഴിപ്പിച്ചിട്ടുണ്ട്.
Rea
അകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
സ്വര്‍ണക്കടത്തും ക്വട്ടേഷനും അടക്കമുള്ള കേസുകളില്‍ പ്രതിയായ ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ആകാശിന്റെ സുഹൃത്ത് ജിജോയെ ഉൾപ്പെടെയാണ് അറസ്റ്റ് ചെയ്തത്.പ്രകോപനപരമായ പ്രസംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആകാശിനെതിരെ നിലവിലുണ്ട്. ജിയോയ്ക്കും ആകാശിനോടൊപ്പം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
മുഴക്കുന്ന് പോലീസാണ് ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്തത്. ജില്ലാ കളക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് അറസ്റ്റ്. ഷുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയാണ് ആകാശ്. മറ്റു കേസുകളില്‍ അകപ്പെടരുതെന്ന് ചൂണ്ടിക്കാട്ടിയാണ് ഷുഹൈബ് വധക്കേസിൽ ആകാശിന് ജാമ്യം അനുവദിച്ചിരുന്നത്.
ഇതിനിടെയാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആകാശ് പ്രതിയായത്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാകണമെന്ന് കോടതി ആകാശിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാട്ടി ആകാശിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

