മോട്ടോറിൽ വെള്ളം കയറിയില്ല, നോക്കുമ്പോൾ കിണറ്റിൽ കടുവ

0

വയനാട്ടിൽ കിണറിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. പാപ്ലശ്ശേരി ചുങ്കത്ത് കളപ്പുരക്കൽ അഗസ്റ്റിന്റെ കിണറിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവമറിയുന്നത്.മോട്ടറിൽ വെളളമെത്താത് പരിശോധിക്കാനെത്തിയ പ്രദേശവാസിയായ ബിജുവാണ് കടുവയുടെ ജഡം കണ്ടത്.

വനം വകുപ്പുദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉടൻ തന്നെ വനം വകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.കിണറിൽ നിന്നും കടുവയുടെ ജഡം പുറത്തെടുത്തു. കടുവയുടെ ജഡത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് വനം വകുപ്പുദ്യോഗസ്ഥർ അടക്കമുള്ളവർ പരിശോധന തുടരുകയാണ്.

നൻപകൽ നേരത്ത് മയക്കത്തിലെ മോഷണാരോപണത്തെ ഏറ്റെടുത്ത് സംവിധായകൻ പ്രതാപ് ജോസഫ്

0

ലിജോ ജോസ് പെല്ലിശ്ശേരിയുടെ എല്ലാ സിനിമകളിലും മോഷണാരോപണമുണ്ടെന്ന് സ്വതന്ത്ര സിനിമകളുടെ സംവിധായകൻ പ്രതാപ് ജോസഫ്. നൻപകൽ നേരത്ത് മയക്കം എന്ന സിനിമ തൻ്റെ ‘എലേ’ എന്ന സിനിമയുമായി സാമ്യമുണ്ടെന്ന് ഇന്നലെയാണ് തമിഴ് സംവിധായിക ഹലിത ഷമീം ആരോപിച്ചത്. ഈ ആരോപണത്തെ പിന്തുണച്ചുകൊണ്ടാണ് പ്രതാപ് ജോസഫ് ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്.

പ്രതാപ് ജോസഫിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഹലിത ഷമീം സംവിധാനം ചെയ്ത 2021 ൽ റിലീസ് ചെയ്ത തമിഴ് സിനിമ ഏലെ കൈകാര്യം ചെയ്യുന്നത് ആൾമാറാട്ടം എന്ന വിഷയമാണെങ്കിൽ നൻപകൽ നേരത്ത് മയക്കം ആളുമാറൽ ആണ്. ഒരേ ലൊക്കേഷൻ, ഒരേ കാമറമാൻ, സമാനമായ ചില സന്ദർഭങ്ങൾ. തന്റെ കഥ മോഷ്ടിച്ചു എന്നല്ല എസ്‌തെറ്റിക്‌സ് മോഷ്ടിച്ചു എന്നാണ് സംവിധായികയുടെ ആരോപണം. തീർച്ചയായും രണ്ട്സിനികളുടെയും പ്ലോട്ടിലും ട്രീറ്റ്‌മെന്റിലും വ്യത്യാസമുണ്ട്. ഏലെ എന്ന സിനിമയുടെ ഫ്ലേവറുകളാണ് നൻപകലിൽ കൂടുതലായും ഉപയോഗിക്കുന്നത്. രണ്ടു സിനിമയുടെയും പോസ്റ്ററിൽ പോലുമുണ്ട് താരതമ്യം. ഇത് യാദൃശ്ചികമല്ല എന്നുറപ്പ്.
ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും മുഴുവനായോ ഭാഗികമായോ മോഷണാരോപണം ഉണ്ട്. അതുകൊണ്ടാണ് ഈ പോസ്റ്റും ഇടേണ്ടിവരുന്നത്.

ബാഡ് ടച്ച് തന്നെയെന്ന് തിരിച്ചറിഞ്ഞ് വിദ്യാർഥിനി; പോക്സോ കേസിൽ അധ്യാപകൻ ജയിലിൽ

അദ്ധ്യാപകൻ തന്നെ തൊട്ടതു ബാഡ് ടച്ച് ആണെന്ന് സ്കൂൾ വിദ്യാർത്ഥിനി മൊഴി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ അധ്യാപകൻ്റെ ജാമ്യപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആജ് സുദർശൻ ആണ് തള്ളിയത്. സ്കൂളിലെ സംഗീത അധ്യാപകനായ ജോമോനാണ് പ്രതി.

പ്രതി പല തവണ തൻ്റെ ശരീരഭാഗങ്ങളിൽ ബാഡ് ടച്ച് നടത്തിയിട്ടുണ്ടെന്ന് കുട്ടി പറഞ്ഞു. പല തവണ ഇതാവർത്തിച്ചത് ബാഡ് ടച്ച് ആണെന്ന് തിരിച്ചറിഞ്ഞാണ് പരാതിപ്പെട്ടതെന്നും ഏഴാം ക്ലാസുകാരി പറഞ്ഞിരുന്നു. ക്ലാസ്സ്‌റൂമിന്റെ പുറത്ത് വെച്ച് കാണുമ്പോളൊക്കെ ഇഷ്ടമാണെന്ന് തന്നോടും കൂട്ടുകാരിയോടും പ്രതി പറയുകയും ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ 2023 ഫെബ്രുവരി 10 ന് അറസ്റ്റ് ചെയ്ത പ്രതി റിമാൻ്റിലായിരുന്നു.

നിരപരാധി ആണെന്നും ഈ കേസുമായി തനിക് ഒരു ബന്ധവുമില്ലെന്നും പറഞ്ഞാണ് പ്രതി ജാമ്യപേക്ഷ നൽകിയത്. എന്നാൽ അധ്യാപകനായ പ്രതി നടത്തിയ കുറ്റകൃത്യം അംഗീകരിക്കാനാവില്ല എന്ന് ജാമ്യപേക്ഷ എതിർത്തു കൊണ്ട് സ്പെഷ്യൽ പബ്ലിക്ക് പ്രൊസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ കോടതിയിൽ പറഞ്ഞു.

പ്രതിക്കെതിരെ മറ്റൊരു വിദ്യാർത്ഥിനി കൂടി പരാതി നൽകിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇത് പരിഗണിച്ച കോടതി ജാമ്യ അപേക്ഷ തള്ളി. മാതൃകയാകേണ്ട അദ്ധ്യാപകന്റെ പ്രവർത്തി ന്യായീകരിക്കാനില്ലായെന്ന് കോടതി വ്യക്തമാക്കി.

സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതിനാൽ പ്രതി ജാമ്യത്തിന് അർഹനല്ലായെന്നും കോടതി ഉത്തരവിൽ പറയുന്നു.മറ്റൊരു വിദ്യാർത്ഥിനിയുടെ പരാതിയിൽ പ്രതിക്കെതിരെ ഒരു കേസും കൂടി നിലനിൽക്കുന്നുണ്ട്.

നാഗലാൻ്റിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരാൾ മരിച്ചു, 13 പേർക്ക് പരുക്ക്

0

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് സുരക്ഷാ ഉദ്യോഗസ്ഥരുമായി പോയ ബസ് മറിഞ്ഞ് അപകടം. ഞായറാഴ്ച ഉച്ചയോടെ നാഗാലാൻഡിലെ വോഖയിലാണ് സംഭവം. അപകടത്തിൽ ഒരാൾ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വോഖ ജില്ലയിലെ ദോവാങ് ജലവൈദ്യുത പദ്ധതിക്ക് സമീപം പോളിംഗ് ഉദ്യോഗസ്ഥരുമായി വന്ന ബസ് മറിയുകയായിരുന്നു. പോളിംഗ് സ്റ്റേഷനിൽ നിന്ന് പത്ത് മിനിറ്റ് അകലെയാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ബസ് ഡ്രൈവറാണ് മരിച്ചത്.

പരുക്കേറ്റവരിൽ ആറുപേരെ തുടർ ചികിത്സയ്ക്കായി വിമാനമാർഗം ദിമാപൂരിലേക്ക് കൊണ്ടുപോയി. 

പ്രമുഖ വാർത്താ ഏജൻസികളെ തള്ളി ഹിന്ദുസ്ഥാൻ സമാചാറിന് പ്രസാർ ഭാരതി സ്രോതസ് പദവി; സംഘപരിവാർ തൊഴുത്തിൽ കെട്ടലെന്ന് മുഖ്യമന്ത്രി

ദൂരദർശനും ആകാശവാണിയും ഉൾക്കൊള്ളുന്ന പ്രസാർ ഭാരതിയുടെ ഏക വാർത്താ സ്രോതസ്സായി സംഘപരിവാർ ബന്ധമുള്ള ഹിന്ദുസ്താൻ സമാചാറിനെ നിയോഗിച്ച കേന്ദ്ര സർക്കാർ തീരുമാനം വാർത്തകളുടെ കാവിവൽക്കരണത്തിനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്വഹിന്ദു പരിഷത്തിന്റെ സ്‌ഥാപക ജനറൽ സെക്രട്ടറിയും ആർഎസ്എസ് നേതാവുമായിരുന്ന ശിവ്റാം ശങ്കർ ആപ്തേ സ്ഥാപിച്ച ഹിന്ദുസ്താൻ സമാചാർ എക്കാലവും സംഘപരിവാറിനായി പ്രവർത്തിച്ച വാർത്താ ഏജൻസിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അധികാരത്തിലേറിയ കാലം മുതൽ പ്രസാർ ഭാരതിയെ ചൊൽപ്പടിയിൽ നിർത്താനുള്ള ശ്രമങ്ങളിലാണ് സംഘപരിവാർ. ത്രിപുര മുഖ്യമന്ത്രിയായിരിക്കെ മണിക്ക് സർക്കാരിന്റെ സ്വാതന്ത്ര്യദിന പ്രസംഗം പ്രക്ഷേപണം ചെയ്യാതെ തടഞ്ഞുവച്ച പ്രസാർ ഭാരതി ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ വിജയദശമി പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തത് ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. ആർഎസ്എസ് പ്രസിദ്ധീകരണങ്ങളായ പാഞ്ചജന്യത്തിന്റെയും ഓർഗനൈസറിന്റെയും ഗ്രൂപ്പ് എഡിറ്ററായിരുന്ന ജഗദീഷ് ഉപാസനയെയാണ് പ്രസാർ ഭാരതിയുടെ റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായി 2020ൽ കേന്ദ്രം നിയമിച്ചത്.

രാജ്യത്തെ പ്രമുഖ വാർത്താ ഏജൻസികളായ പിടി ഐയുടെയും യുഎൻഐയുടെയും സേവനങ്ങളവസാനിപ്പിച്ചാണ് പ്രസാർ ഭാരതി ആർഎസ്എസ് വാർത്താ ഏജൻസിയുമായി കരാർ ഒപ്പിട്ടത് എന്നാണ് വാർത്ത. വാർത്താമാധ്യമങ്ങളെ കോർപ്പറേറ്റുകളിലൂടെ കയ്യടക്കുന്നതിനൊപ്പം ദൂരദർശനെയും ആകാശവാണിയെയും പരിപൂർണമായും സംഘപരിവാറിന്റെ തൊഴുത്തിൽ കെട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ജനാധിപത്യത്തിന്റെ കഴുത്തിൽ കത്തിവെക്കുന്നതാണ്. വിയോജിപ്പിന്റെ ഒരു സ്വരവും പുറത്തുവരരുത് എന്ന ഫാസിസ്റ്റ് ഇംഗിതത്തിന്റെ പ്രയോഗവൽക്കരണമാണിത്. ഈ വിപത്ത് മതനിരപേക്ഷ ജനാധിപത്യ സമൂഹം തിരിച്ചറിയുകയും പ്രതിഷേധിക്കുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡൽഹി ഉപമുഖ്യമന്ത്രിയെ സിബിഐ അറസ്റ്റ് ചെയ്തു, രാഷ്ട്രീയ പകപോക്കലെന്ന് എഎപി

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. രാവിലെ മുതല്‍ അദ്ദേഹത്തെ ചോദ്യം ചെയ്തുവരികയായിരുന്നു. വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. മദ്യനയവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

ജയിലില്‍ അടയ്ക്കപ്പെടുന്ന ഡല്‍ഹിയിലെ രണ്ടാമത്തെ മന്ത്രിയാണ് സിസോദിയ. മറ്റൊരു കേസില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ നിലവില്‍ ജയില്‍വാസത്തിലാണ്. കേസില്‍ ആദ്യംസമര്‍പ്പിച്ച കുറ്റപത്രത്തില്‍ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നില്ല.

കഴിഞ്ഞയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി സിസോദിയ സമയം മാറ്റിച്ചോദിച്ചിരുന്നു.പിന്നീടാണ് 26-ന് ഹാജരാകാന്‍ സി.ബി.ഐ. ആവശ്യപ്പെട്ടത്. ഒക്ടോബറിലായിരുന്നു ഇതിനുമുമ്പ് സിസോദിയയെ സി.ബി.ഐ. ചോദ്യം ചെയ്തത്.

സിസോദിയയെ ഇന്ന് അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടെ ആം ആദ്മി പാര്‍ട്ടി വലിയ പ്രതിഷേധ പരിപാടികളാണ് രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ചിരുന്നത്.

മദ്യനയത്തിലെ ക്രമക്കേടുകളുടെപേരില്‍ സിസോദിയ അടക്കം 15 പേര്‍ക്കെതിരേയായിരുന്നു കേസെടുത്തിരുന്നത്. ഇ.ഡി.യും കേസന്വേഷിക്കുന്നുണ്ട്. മദ്യനയവുമായി ബന്ധപ്പെട്ട് സിസോദിയ അടക്കം ഇതുവരെ പത്തുപേര്‍ അറസ്റ്റിലായി.

സിസോദിയയെ നാളെ കോടതിയില്‍ ഹാജരാക്കും. താന്‍ ഏഴോ എട്ടോ മാസം ജയിലില്‍ കഴിയുമെന്ന് ചോദ്യം ചെയ്യലിന് മുന്നോടിയായി സിസോദിയ പറഞ്ഞിരുന്നു. സിസോദിയയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും അറിയിക്കുകയുണ്ടായി.

വൃത്തികെട്ട രാഷ്ട്രീയമാണ് സിസോദിയയുടെ അറസ്റ്റിനു പിന്നിലെന്നാണ് അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചത്.

ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് വിശേഷിപ്പിച്ച ആംആദ്മി, സിസോദിയയുടെ അറസ്റ്റ് ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും തുറന്നടിച്ചു. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെയാണ് ബിജെപി ഇടപെടലിൽ സിബിഐ വ്യാജ കേസിൽ അറസ്റ് ചെയ്തത്. ഇതെല്ലാം ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും പാര്‍ട്ടി വ്യക്തമാക്കി.

ജോയ് ആലുക്കാസ് ഗ്രൂപ്പിൻ്റെ 305 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി, ഹവാല കേസ് ചുമത്തി

0

ഹവാല ഇടപാടിലൂടെ വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) ലംഘിച്ചതായി കണ്ടെത്തിയ കേസിൽ ജ്വല്ലറി ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസിന്റെ 305.84 കോടി രൂപയുടെ സ്വത്ത്‌ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. തൃശ്ശൂർ ശോഭാസിറ്റിയിലെ ഭൂമിയും കെട്ടിടങ്ങളുമുൾപ്പെടെ 81.54 കോടി രൂപ വിലമതിക്കുന്ന 33 വസ്തുക്കൾ ഇവിയിൽ ഉൾപ്പെടുന്നു. ഒപ്പം 91.22 ലക്ഷം രൂപയുടെ മൂന്ന്‌ ബാങ്ക് അക്കൗണ്ടുകൾ, 5.58 കോടിരൂപയുടെ മൂന്ന്‌ സ്ഥിരനിക്ഷേപങ്ങൾ, ജോയ് ആലുക്കാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 217.81 കോടി രൂപയുടെ ഓഹരികൾ എന്നിവയാണ് കണ്ടുകെട്ടിയത്.

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ തൃശ്ശൂരിലെ വീടും ഹെഡ് ഓഫീസിലുമടക്കം നടന്ന റെയ്ഡിനുശേഷമാണ് നടപടി. ഉടമ ജോയ് ആലുക്കാസ്‌ വർഗീസിനെ കൊച്ചി ഇഡി ഓഫീസിൽ വിളിച്ചുവരുത്തിയിരുന്നു.ആദായനികുതി വകുപ്പാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് ഹവാല ഇടപാട് നടത്തിയെന്ന് സംശയിക്കുന്ന രേഖകൾ കണ്ടെടുത്തത്. വർഷങ്ങൾക്ക് മുൻപായിരുന്നു ഇത്.

ദുബായിലെ  ജ്വല്ലറിയിലേയ്‌ക്ക്‌ ഇന്ത്യയിൽനിന്ന് ഹവാലയായി പണം നിക്ഷേപിച്ചെന്നായിരുന്നു മറ്റൊരു കണ്ടെത്തൽ. ജോയ് ആലുക്കാസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ളതാണ് ഈ ജ്വല്ലറി. അഞ്ച് വർഷം മുൻപുള്ള ആദായനികുതിവകുപ്പിന്റെ ഈ കേസിൽനിന്നാണ്  ഇഡി കേസിന്റെ തുടക്കം. ഹവാല ഇടപാടിൽ ഗ്രൂപ്പിന്റെ പങ്ക്‌ വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചെന്ന് ഇഡി വാർത്താക്കുറിപ്പിൽ പറഞ്ഞു.

നിയമവിരുദ്ധമായി കടത്തിയ പണത്തിന്റെ പ്രയോജനം ലഭിച്ചത് ദുബായിലെ ജ്വല്ലറി കമ്പനി ഉടമ ജോയ് ആലുക്കാസ് വർഗീസിനാണ്. അതിനാൽ അദ്ദേഹത്തിനെതിരെ ഫെമ നിയമപ്രകാരം കേസെടുത്തെന്നും ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.

എൻഡിടിവിയാണ് റിപ്പോ‍ർട്ട് ആദ്യം പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ ആലുക്കാസ് ഗ്രൂപ്പിൻെറ അഞ്ച് ഔട്ട്‍ലെറ്റുകളിൽ ആദായ നികുതി വകുപ്പ് റെയിഡ് നടത്തിയിരുന്നു. ജോയ് ആലുക്കാസ് നേരത്തെ പ്രഖ്യാപിച്ചിരുന്ന പ്രാഥമിക ഓഹരി വിൽപ്പനയിൽ നിന്ന് കഴിഞ്ഞ ദിവസം പിൻമാറിയിരുന്നു. ചൊവ്വാഴ്ചയാണ് കമ്പനിയുടെ സാമ്പത്തിക ഫലങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉൾപ്പെടുത്താൻ കൂടുതൽ സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി 2,300 കോടി രൂപയുടെ പ്രാഥമിക ഓഹരി വിൽപന പിൻവലിച്ചത്. ജോയ്ആലുക്കാസിന് ഇന്ത്യയിലെ 68 നഗരങ്ങളിലായി ഷോറൂമുകൾ ഉണ്ട്. രാജ്യത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലർമാരിൽ ഒന്നാണ് കമ്പനി. ഗ്രൂപ്പിന് ലോകമെമ്പാടുമുള്ളത് 160-ഓളം ഷോറൂമുകൾ ആണ്. ഗൾഫ് രാജ്യങ്ങൾക്ക് പുറമേ യുഎസ്,യുകെ,മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും സാന്നിധ്യമുണ്ട്.

നാലാം ശനിയാഴ്ച അവധിയില്ല, പ്രവർത്തി സമയം കൂട്ടുന്നതും എതിർപ്പിനെ തുടർന്ന് ഒഴിവാക്കി

0

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ചയും അവധിയാക്കണമെന്ന ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ഭരണ പരിഷ്ക്കര കമ്മീഷന്റെതായിരുന്നു ശുപാർശ. എന്നാൽ എൻജിഒ യൂണിയനും സെക്രട്ടറിയേറ്റ് സർവീസ് അസോസിയേഷനും നിർദ്ദേശത്തെ ശക്തമായി എതിർത്തു. ഇതേ തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. പ്രവർത്തി ദിവസം 15 മിനിറ്റ് കൂട്ടി നാലാം ശനിയാഴ്ച അവധി എന്നായിരുന്നു ചീഫ് സെക്രട്ടറി സർവീസ് സംഘടനകൾക്ക് മുന്നിൽ വച്ച നിർദ്ദേശം. പ്രതി വർഷം 20 കാഷ്വൽ ലീവ് 18 ആയി കുറയ്ക്കാനും നിർദ്ദേശിച്ചിരുന്നു. ഇതാണ് ഇടതു സംഘടനകൾ തന്നെ നിർദ്ദേശത്തെ എതിർക്കാൻ കാരണം. 

സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സർക്കാർ ജീവനക്കാർക്ക് മുന്നിൽ നാലാം ശനിയാഴ്ച അവധിയെന്ന നിർദ്ദേശം സർക്കാർ വെച്ചത്. ഒരു വര്‍ഷത്തിനകം ജോലി കിട്ടാൻ അർഹതയുള്ളവർക്ക് മാത്രമായി ആശ്രിയ നിയമനം പരിമിതപ്പെടുത്തുന്നതിനാണ് നിയന്ത്രണത്തിന് നീക്കം നടത്തിയത്. അന്ന് പ്രതിദിന പ്രവർത്തി സമയം കൂട്ടുന്നതിനൊപ്പം അഞ്ച് കാഷ്വൽ ലീവ് കുറയ്ക്കുമെന്നും സർവീസ് സംഘടനകളോട് ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു. എതിർപ്പിനെ തുടർന്ന് അഞ്ചെന്ന കുറയ്ക്കുന്ന കാഷ്വൽ ലീവുകളുടെ എണ്ണം രണ്ടാക്കി ചുരുക്കി. എന്നിട്ടും സംഘടനകൾ അയഞ്ഞില്ല.

ഫെബ്രുവരിയിൽ തന്നെ 37 കടന്നു, കരുതൽ വേണം, ചൂട് ഇനിയും കൂടും

ഉച്ചസമയത്ത് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിൽ  പകൽസമയങ്ങളിൽ പലയിടത്തും 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തുന്നത്. കണ്ണൂരും തൃശൂരും പാലക്കാടും കഴിഞ്ഞ ദിവസം താപനില 40ഡിഗ്രി സെൽഷ്യസിന് അടുത്തെത്തി. പകല്‍ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം കൂടുതല്‍ സമയം ഏല്‍ക്കുന്നത് ഒഴിവാക്കണം.

ഫെബ്രുവരിയിൽ തന്നെ കടുത്ത് വേനൽ

ഫെബ്രുവരി മാസം അവസാനിക്കും മുൻപ് തന്നെ സംസ്ഥാനത്ത് വേനൽ ചൂടിൽ പൊള്ളുകയാണ് കേരളം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ ഓട്ടോമെറ്റിക് വെതർ സ്റ്റേഷനുകളിൽ പലയിടത്തും കഴിഞ്ഞദിവസം 40 ഡിഗ്രി സെൽഷ്യസിനടുത്താണ് താപനില രേഖപ്പെടുത്തിയത്. കണ്ണൂർ വിമാനത്താവളം 39.6 ഡിഗ്രി സെൽഷ്യസ്, ഇരിക്കൂർ 38.9 ഡിഗ്രി സെൽഷ്യസ്, തൃശൂർ വെള്ളാനിക്കര 38.9 ഡിഗ്രി സെൽഷ്യസ്, തൃശൂർ പീച്ചി 38.8 ഡിഗ്രി സെൽഷ്യസ്, കണ്ണൂർ ചെമ്പേരി 38.7 ഡിഗ്രി സെൽഷ്യസ്, പാലക്കാട് മണ്ണാർക്കാട് 38.4ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് കൂടുതൽ ചൂടനുഭപ്പെട്ട പ്രദേശങ്ങളുടെ പട്ടിക.

ഓട്ടോമെറ്റിക് വെതർ സ്റ്റേഷനുകളിൽ നിന്നുള്ള ഈ കണക്കിൽ വ്യക്തക്കുറവുണ്ടെങ്കിലും സംസ്ഥാനത്ത് അപകടരമാം വിധം താപനില കൂടുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഉച്ചസമയത്ത് തുടർച്ചയായി വെയിൽ നേരിട്ട് കൊള്ളുന്നത് ഒഴിവാക്കണം.

വെള്ളം കുടി കുറയ്ക്കരുത്

നിർജ്ജലീകരണം തടയാൻ കൂടുതൽ വെള്ളം കുടിക്കണം, എന്നീ നിർദേശങ്ങൾക്കൊപ്പം കാട്ടുതീ വ്യാപിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മാർച്ചിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ വളരെ നേരത്തെ സംസ്ഥാനത്ത് ചൂട് കനത്തത് വരൾച്ചയിലേക്ക് നയിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.

വിദ്യാർഥികളെ വെയിലത്ത് നിർത്തരുത്

വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികള്‍ക്ക് വെയില്‍ കൂടുതലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മുതല്‍ 3 മണി വരെ, കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കണം. ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം. പരീക്ഷാക്കാലമായതിനാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം അതത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും നടപ്പാക്കണം.

യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാണ് ഉചിതം. കയ്യില്‍ വെള്ളം കരുതണം. നിര്‍മ്മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജോലി സമയം ക്രമീകരിക്കണം.  ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തണം.

ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും  പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കണം.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം.

കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകരുത്. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാലുടന്‍ വിശ്രമിക്കണമെന്നും വൈദ്യസഹായം തേടണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

സൂര്യാഘാതം

അതിതാപംമൂലം ഉണ്ടാകുന്ന സൂര്യാഘാതം എന്ന സങ്കീര്‍ണാവസ്‌ഥ കേരളത്തിലും കണ്ടുതുടങ്ങി. കഠിനചൂടിനെ തുടര്‍ന്ന്‌ താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുമ്പോള്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നു.

ഇത്‌ ആന്തരാവയവങ്ങളായ തലച്ചോര്‍, കരള്‍, ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം സ്‌തംഭിപ്പിച്ചു മരണത്തിനു വരെ കാരണമായേക്കാം.

പ്രായമേറിയവരിലും കുട്ടികളിലുമാണ്‌ സൂര്യാഘാത ലക്ഷണങ്ങള്‍ പെട്ടെന്ന്‌ പ്രകടമാവുന്നതെങ്കിലും കടുത്തചൂടില്‍ അധ്വാനിക്കുന്ന കര്‍ഷകര്‍, കായികതാരങ്ങള്‍ എന്നിവരിലും ചൂടിന്റെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവുന്നു.

സൂര്യാഘാതം ഏല്‍ക്കുന്നതുവഴി പൊള്ളല്‍ മുതല്‍ മരണംവരെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. പകര്‍ച്ചവ്യാധി തടയാന്‍ വ്യക്‌തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.
2. കുറഞ്ഞത്‌ 10 മിനിറ്റെങ്കിലും തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. തുറന്നുവച്ചതും പഴകിയതുമായ ആഹാരസാധനങ്ങള്‍ ഉപയോഗിക്കരുത്‌.

3. ദിവസവും കുറഞ്ഞത്‌ രണ്ടു ലിറ്റര്‍ വെള്ളം കുടിക്കുക.
4. ചൂടുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.

5. ഹോട്ടല്‍ ഭക്ഷണം പരമാവധി ഒഴിവാക്കുക.
6. ഭക്ഷണത്തിനു മുന്‍പും മലവിസര്‍ജനശേഷവും സോപ്പിട്ട്‌ കൈ കഴുകുക.

7. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ചികിത്സ തേടുക.
8. രോഗി കഴിച്ചതിനുശേഷം ബാക്കി വരുന്ന ആഹാരങ്ങള്‍ കഴിക്കാതിരിക്കുക.

9. കൊതുകു പെരുകുന്നതു തടയാന്‍ ഇടയ്‌ക്കിടെ വീടും പരിസരവും വൃത്തിയാക്കുക.
10. സൂര്യതാപം ശരീരത്ത്‌ ഏല്‍ക്കാതിരിക്കാന്‍ സഹായിക്കുന്ന വസ്‌ത്രങ്ങള്‍ ധരിക്കുക.

ക്ഷീണം അകറ്റാന്‍

ശരീരത്തെ തണുപ്പിക്കുന്നതിനായുള്ള ശരീരത്തിന്റെ തന്നെ സ്വാഭാവിക പ്രതികരണമാണ്‌ വിയര്‍പ്പ്‌. എന്നാല്‍ ചൂടുകാലത്തുണ്ടാകുന്ന വിയര്‍പ്പുമൂലം ശരീരത്തിലെ ജലാംശം കുറയുന്നു.

വിയര്‍പ്പിലൂടെ ജലാംശത്തോടൊപ്പം സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളും നഷ്‌ടപ്പെടുന്നു. തന്മൂലം ശരീരക്ഷീണവും തളര്‍ച്ചയും ഉണ്ടാകും. ഇത്‌ പരിഹരിക്കുന്നതിനായി ധാരാളം വെള്ളം കുടിക്കുക.

ഒറ്റയടിക്ക്‌ കുറേ വെള്ളം കുടിക്കാതെ അല്‌പാല്‌പമായി ഇടവിട്ട്‌ കുടിക്കുക. പച്ചവെള്ളം കുടിക്കരുത്‌. പകരം തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം.

കരിക്കിന്‍വെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം ഇവ ക്ഷീണം പെട്ടെന്ന്‌ ശമിപ്പിക്കുന്നു. ലവണ നഷ്‌ടം പരിഹരിക്കാനും ഇത്‌ സഹായിക്കും.


ജാതി സൻസസ്, ദുർബല സംരക്ഷണത്തിന് രോഹിത് വെമുല നിയമം- പ്ലീനറി സമ്മേളന പ്രമേയത്തിൽ പുതിയ രാഷ്ട്രീയം

പുതിയ രാഷ്ട്രീയത്തെ ഉൾക്കൊണ്ട് മുന്നേറാൻ കോൺഗ്രസ് തീരുമാനം. അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന് കോണ്‍ഗ്രസ് പ്ലീനറി സമ്മേളന പ്രമേയം പറയുന്നു. പിന്നാക്ക വിഭാഗങ്ങളുടെ താത്പര്യവും പ്രാതിനിധ്യവും സംരക്ഷിക്കും. ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം സ്ഥാപിക്കും. വനിത കമ്മീഷന് ഭരണഘടന പദവി നല്‍കുമെന്നും പ്രമേയത്തിലൂടെ വ്യക്തമാക്കി. ദുര്‍ബലരുടെ അന്തസ് സംരക്ഷിക്കാന്‍ ‘രോഹിത് വെമുല നിയമം’ പ്രാവര്‍ത്തികമാക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലാണ് കോണ്‍ഗ്രസ് പ്രമേയം അവതരിപ്പിച്ചത്.

താഴേത്തട്ട് മുതൽ പ്രസ്ഥാനം ശക്തിപ്പെടണമെന്ന് പ്രിയങ്ക ഗാന്ധി സമ്മേളനത്തില്‍ പറഞ്ഞു. പ്രവർത്തകർ ഗ്രാമങ്ങളിലേക്ക് പോകണം. ഭാരത് ജോഡോ യാത്രയുടെ വികാരം പ്രവർത്തകർക്ക് ഊർജ്ജമാകണം. വലിയ ഉത്തരവാദിത്തമാണ് ഓരോ പ്രവർത്തകനുമുള്ളത്. പ്ലീനറി സമ്മേളനത്തിലെ ചർച്ചകൾ പൊതുജനങ്ങളിലേക്കെത്തണം. ഈ ചർച്ചകൾ ഇവിടെ അവസാനിക്കരുത് പ്രിയങ്ക ഗാന്ധി പറഞ്ഞു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി എത്തിയ പതിനയ്യായിരത്തോളം കോൺഗ്രസ്‌ നേതാക്കളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. താഴേതട്ടിൽ പാർട്ടി ദുർബലമെന്നാണ് സംഘടന ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ട്. സംസ്ഥാന ഘടകങ്ങളിലെ ഭിന്നത പാർട്ടിയുടെ വളർച്ചക്ക് തടസമാകുന്നുണ്ടെന്നും റിപ്പോ‍ർട്ടിൽ പറയുന്നു. കേന്ദ്ര നേതൃത്വത്തിൻ്റെ പ്രചാരണ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പാകുന്നില്ലെന്നും വിമർശനം. പാർട്ടിയുടെ മുൻപിലുള്ള വഴികൾ എളുപ്പമുള്ളതല്ലെന്ന് സോണിയ ഗാന്ധിയും പറഞ്ഞു.