കോൺഗ്രസ് പ്ലീനറി സമ്മേളനം ഇന്ന് സമാപിക്കും; കേരളത്തിൽ നിന്നുള്ള എഐസിസി പട്ടികയിൽ തീരുമാനം വൈകും

0

എഐസിസിയിലേക്ക് കെ സുധാകരനും വി ഡി സതീശനും സമര്‍പ്പിച്ച കേരളത്തിലെ നേതാക്കളുടെ പട്ടികയില്‍ പുനഃപരിശോധനയ്‌ക്കൊരുങ്ങി കോണ്‍ഗ്രസ് ദേശീയ നേതൃത്വം. പട്ടികയ്‌ക്കെതിരെ എ, ഐ വിഭാഗങ്ങള്‍ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ഇത്. ദേശീയ നേതൃത്വം സമവായത്തിലൂടെ പ്രവര്‍ത്തക സമിതി അംഗങ്ങളെ നിശ്ചയിക്കാനുള്ള ശ്രമത്തിലാണ്.

പ്രശ്‌നപരിഹാരത്തിന് കേരളത്തില്‍ നിന്നുള്ള നേതാക്കളെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നലെ ചര്‍ച്ച നടന്നിരുന്നില്ല.

കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ 60 അംഗ പട്ടികയാണ് സമർപ്പിച്ചിരുന്നത്. എന്നാല്‍ 50 ല്‍ കൂടുതലാവാന്‍ പാടില്ലെന്നാണ് ദേശീയ നേതൃത്വമെടുത്ത നിലപാട്. പത്തു പേരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് മാറ്റി ക്ഷണിക്കപ്പെട്ടതനുസരിച്ച് പത്തുനേതാക്കളെ കൂട്ടിച്ചേർക്കുകയാണ് കേന്ദ്ര നേതൃത്വം ചെയ്തത്. എന്നാല്‍ ഇവര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനായില്ല. കൂടുതല്‍ അര്‍ഹതയുള്ള ആളുകള്‍ ഉണ്ടായിരുന്നെന്നാണ് ദേശീയ നേതൃത്വത്തിന് സമർപ്പിച്ച പരാതിയില്‍ ഉന്നയിക്കപ്പെട്ടത്.

ഈ സാഹചര്യത്തിൽ അംഗങ്ങളെ അന്തിമമായി നിശ്ചയിക്കുന്നതിന് മുമ്പ് വിശദമായ ചർച്ച നടത്താൻ തീരുമാനം. പ്രധാന നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷൻ ആശയവിനിമയം നടത്തും. പ്രവർത്തകസമിതി പ്രഖ്യാപനത്തിൽവിവാദം ഒഴിവാക്കുക ലക്ഷ്യം. പ്ലിനറി സമ്മേളനത്തിൽ പ്രവർത്തകസമിതി അംഗങ്ങളെ പ്രഖ്യാപിക്കില്ല.

റായിപൂരിൽ നടക്കുന്ന കോൺഗ്രസിന്റെ പ്ലിനറി സമ്മേളനം ഇന്ന് അവസാനിക്കും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് സമ്മേളനത്തിന് തിരശില വീഴുക. ഇന്ന് രാവിലെ പ്ലിനറി സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളിൽ പൊതു ചർച്ച തുടരും.

2021ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

0

സംസ്ഥാന സർക്കാരിന്റെ 2021ലെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിങ്, വികസനോന്മുഖ റിപ്പോർട്ടിങ്, ഫോട്ടോഗ്രഫി, കാർട്ടൂൺ എന്നിവയിലും ദൃശ്യ മാധ്യമ വിഭാഗത്തിൽ ടിവി റിപ്പോർട്ടിങ്, സാമൂഹ്യ ശാക്തീകരണ റിപ്പോർട്ട്, ടിവി അഭിമുഖം, ടിവി ന്യൂസ് എഡിറ്റിങ്, ടിവി ന്യൂസ് ക്യാമറ, ടിവി ന്യൂസ് റീഡർ എന്നീ വിഭാഗങ്ങളിലുമാണു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

അച്ചടി മാധ്യമ വിഭാഗത്തിൽ ദേശാഭിമാനി ദിനപത്രത്തിലെ വിനോദ് പായം ജനറൽ റിപ്പോർട്ടിങ്ങിനുള്ള പുരസ്‌കാരത്തിന് അർഹനായി. ‘വഴിവെട്ടണം ആചാരമേ നീയിതെന്തു ഭാവിച്ച്’ എന്ന സ്റ്റോറിക്കാണ് അവാർഡ്. മാതൃഭൂമി ദിനപത്രത്തിലെ അനു എബ്രഹാം വികസനോന്മുഖ റിപ്പോർട്ടിങ്ങിനുള്ള പുരസ്‌കാരത്തിന് അർഹനായി. ‘ബാധ്യതയല്ല, പ്രവാസി സാധ്യതയാണ്’ എന്ന പരമ്പരയ്ക്കാണു പുരസ്‌കാരം. ഫോട്ടോഗ്രഫി വിഭാഗത്തിൽ രണ്ടു പേർ അവാർഡ് അർഹരായി. മാതൃഭൂമി ദിനപത്രത്തിലെ കെ.കെ. സന്തോഷ് പകർത്തിയ ‘പന്തിനൊപ്പം പറക്കും വൈശാഖ്’, മലയാള മനോരമയിലെ അരുൺ ശ്രീധർ പകർത്തിയ ‘കണ്ണിൽ അച്ഛൻ’ എന്നീ അടിക്കുറിപ്പുകളോടെയുള്ള ചിത്രങ്ങളാണു പുരസ്‌കാരത്തിനു തെരഞ്ഞെടുക്കപ്പെട്ടത്. കാർട്ടൂൺ വിഭാഗത്തിൽ മാതൃഭൂമി ദിനപത്രത്തിലെ കെ. ഉണ്ണികൃഷ്ണൻ പുരസ്‌കാരം നേടി. ‘വിവാദങ്ങളെല്ലാം ഒഴുകിപ്പോയി’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച കാർട്ടൂണിനാണു പുരസ്‌കാരം.

ദൃശ്യമാധ്യമ വിഭാഗത്തിൽ ഏഷ്യാനെറ്റ് ന്യൂസിലെ എസ്. ശ്യാംകുമാർ പുരസ്‌കാരത്തിന് അർഹനായി. കോവിൻ ആപ്പിലെ സാങ്കേതിക പിഴവ് തുറന്നുകാട്ടിയ ‘കോവിൻ ഫ്രോഡ്’ എന്ന സ്‌റ്റോറിക്കാണു പുരസ്‌കാരം. മാതൃഭൂമി ന്യൂസിലെ അമൃത എ.യു. മികച്ച സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിനുള്ള പുരസ്‌കാരം നേടി. അട്ടപ്പാടിയിലെ പഞ്ചകൃഷി എന്ന വിഷയത്തിൽ തയാറാക്കിയ സ്‌റ്റോറിക്കാണു പുരസ്‌കാരം. മനു എസ്. പിള്ളയുമായി നടത്തിയ അഭിമുഖത്തിന് മനോരമ ന്യൂസിലെ ജയമോഹൻ നായർ മികച്ച ടിവി അഭിമുഖത്തിനുള്ള പുരസ്‌കാരത്തിന് അർഹനായി. മനോരമ ന്യൂസിലെ ഷാനി ടി.പിക്കാണു മികച്ച ന്യൂസ് റീഡർക്കുള്ള പുരസ്‌കാരം.

ഏഷ്യാനെറ്റ് ന്യൂസിലെ കൃഷ്ണപ്രസാദ് ആർ.പി മികച്ച ടിവി ന്യൂസ് ക്യാമറയ്ക്കുള്ള പുരസ്‌കാരത്തിന് അർഹനായി. സത്രം ട്രൈബൽസ് എന്ന സ്റ്റോറിക്കു ദൃശ്യഭാഷയൊരുക്കിയതിനാണു പുരസ്‌കാരം. ഏഷ്യാനെറ്റ് ന്യൂസിലെ വി. വിജയകുമാർ മികച്ച ടിവി ന്യൂസ് എഡിറ്റിങ്ങിനുള്ള പുരസ്‌കാരം നേടി. കക്കകളുടെ നിലനിൽപ്പും കക്ക വാരൽ തൊഴിലാളികളുടെ അതീജീവനവും വിഷയമാക്കി ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്ത സ്റ്റോറി എഡിറ്റ് ചെയ്തതിനാണു പുരസ്‌കാരം. പുരസ്‌കാരങ്ങൾ ഫെബ്രുവരി 28നു വൈകിട്ട് 5.30നു തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും.

ആർ. പാർവതീദേവി, കെ.എം. മോഹൻദാസ്, എസ്.ആർ. സഞ്ജീവ് എന്നിവരടങ്ങിയ ജൂറിയാണ് അച്ചടി മാധ്യമ പുരസ്‌കാരങ്ങൾ നിർണയിച്ചത്. കൃഷ്ണ പൂജപ്പുര, വാമനപുരം മണി, എം.കെ. വിവേകാനന്ദൻ നായർ എന്നിവരായിരുന്നു കാർട്ടൂൺ വിഭാഗം ജൂറി അംഗങ്ങൾ. ഡോ. മീന ടി. പിള്ള, കെ. മനോജ് കുമാർ, ടി.എം. ഹർഷൻ എന്നിവരടങ്ങിയ ജൂറിയാണു ദൃശ്യമാധ്യമ പുരസ്‌കാരങ്ങൾ നിർണയിച്ചത്.

ദുരിതാശ്വാസ നിധി തട്ടിപ്പ്; അടൂർ പ്രകാശിന് വീഴ്ച പറ്റിയെന്ന് എം വി ഗോവിന്ദൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍. വിജിലന്‍സ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുന്നത് പരിഗണനയിലാണ്. വിവിധ വകുപ്പുകളുടെ സംയുക്ത അന്വേഷണവും നിർദ്ദേശിച്ചിട്ടുണ്ട്.

സിഎംഡിആര്‍എഫില്‍ അന്വേഷണം തുടരട്ടെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. വിഷയത്തില്‍ അടൂര്‍ പ്രകാശിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. സിപിഐഎം പ്രതിരോധ ജാഥയക്കിടെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇത് പറഞ്ഞത്.

‘തട്ടിപ്പ് പുറത്തുവന്നയുടന്‍ മാധ്യമങ്ങളും പ്രതിപക്ഷവും പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്’ പാര്‍ട്ടി അറിഞ്ഞുകൊണ്ടുള്ള’താണെന്നാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ ഉന്നതരായ നേതൃത്വം അറിഞ്ഞുകൊണ്ടാണ് തട്ടിപ്പ് നടന്നതെന്ന് അന്വേഷണം പുരോഗമിക്കുമ്പോള്‍ വ്യക്തമാകുന്നത്. അടൂര്‍ പ്രകാശിന്റെയും വി ഡി സതീശന്റെയുമൊക്കെ പങ്കിനെ കുറിച്ചാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കോണ്‍ഗ്രസിലെ ചില നേതാക്കന്മാരുടെ ഫോണ്‍ ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പുകാര്‍ പ്രവര്‍ത്തിച്ചത് എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ഗുരുതരമായ രോഗം ബാധിച്ചവര്‍, അപകടത്തില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, പ്രകൃതിക്ഷോഭങ്ങളില്‍ ഇരയായവര്‍ എന്നിങ്ങനെ നാല് വിഭാഗങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം നല്‍കുന്നത്. ചികിത്സാ സഹായത്തിനാണ് ഏറ്റവും കൂടുതല്‍ സഹായം നല്‍കാറുള്ളത്. ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടന്നതും ഈ വിഭാഗത്തിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് മേധാവി മനോജ് എബ്രഹാം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പിച്ചിട്ടുണ്ട്.

വിജിലന്‍സ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാവും. ദുരിതാശ്വാസം നല്‍കുന്നത് ആറുമാസത്തിലൊരിക്കല്‍ ഓഡിറ്റ് ചെയ്യാന്‍ കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സെല്‍ വേണമെന്ന് മനോജ് എബ്രഹാം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായം അര്‍ഹരായവര്‍ക്ക് ഉറപ്പുവരുത്താനും അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വിമാനം ഇടിച്ചിറക്കേണ്ടി വന്നത് ശ്രദ്ധക്കുറവ്; പൈലറ്റിന് സസ്പെൻഷൻ

0

കോഴിക്കോടു നിന്നും ദമാമിലേക്ക് പറന്നുയ‍ര്‍ന്ന കരിപ്പൂർ – ദമാം എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം തകരാറിനെ തുട‍ര്‍ന്ന് അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്ന സംഭവത്തിൽ പൈലറ്റിന് സസ്പെൻഷൻ. ടേക്ക് ഓഫിനിടെ പിൻചിറകിൽ അപകടമുണ്ടായതിന് കാരണം വിമാനത്തിന്റെ ഭാര നിർണ്ണയത്തിൽ പൈലറ്റാനുണ്ടായ പിഴവാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

കെഎസ്ആർടിസിയിൽ 7200 പേർക്ക് സ്വയം വിരമിക്കൽ അവസരം തുറന്ന് മാനേജ്മെൻ്റ്

0

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കെ.എസ്.ആര്‍.ടി.യില്‍ വി.ആര്‍.എസ്. പദ്ധതി നടപ്പിലാക്കാനൊരുങ്ങി മാനേജ്‌മെന്റ്. ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ മാനേജ്‌മെന്റിന് ധനവകുപ്പിന്റെ നിര്‍ദേശമുണ്ടായിരുന്നു

50 വയസ്സ്‌ കഴിഞ്ഞവര്‍ക്കും 20 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കുമായിരിക്കും സ്വയം വിരമിക്കല്‍ സൗകര്യം. പദ്ധതിയുമായി ബന്ധപ്പെട്ട് 7,200 പേരുടെ പട്ടിക തയ്യാറാക്കി. യൂണിയനുകളുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.

ഇത്തരത്തില്‍ വിരമിക്കുന്നവര്‍ക്ക് 15 ലക്ഷം രൂപ നല്‍കാനാണ് തീരുമാനം. കെ.എസ്.ആര്‍.ടി.സി.യില്‍ ശമ്പള തുകയും പെന്‍ഷന്‍ തുകയും നല്‍കുന്നത് വലിയ പ്രതിസന്ധിയായി തുടരുന്ന സാഹചര്യമുണ്ട്. ഈ അവസരത്തിലാണ് നിര്‍ബന്ധിത വി.ആര്‍.എസ്. എന്ന ആശയത്തെക്കുറിച്ച് മാനേജ്‌മെന്റ് ആലോചിക്കുന്നത്.

ഇതോടെ ശമ്പളച്ചെലവ് പകുതിയായി കുറയുമെന്നാണ് മാനേജ്‌മെന്റ് കരുതുന്നത്. 40 കോടി രൂപയോളം ഒരു മാസം ലാഭിക്കാനാകും.

സിനിമാ ചരിത്രത്തിലെ ഹിറ്റായി ഫെബ്രുവരി 24 വെള്ളിയാഴ്ച

0

മലയാള സിനിമയിൽ വെള്ളിയാഴ്ച പുതിയ സിനിമകളുടെ ദിവസമാണ്. എന്നാൽ ഈ വെള്ളിയാഴ്ച മറ്റ് എല്ലാ വെള്ളിയാഴ്ചകളെയും കടത്തി വെട്ടി. റിലീസാകുന്ന സിനിമകളുടെ എണ്ണത്തിൽ കോവിഡ് കാലത്തിൻ്റെ ക്ഷീണം തീർത്തു. കോവിഡിന് ശേഷം മലയാള സിനിമയിൽ ഏറ്റവും അധികം സിനിമകൾ റീലിസ് ചെയ്ത ദിവസമായി ഫെബ്രുവരി 24 വെളളിയാഴ്ച.

ഒൻപത് സിനിമകളാണ് ഇന്ന് കേരളത്തിൽ റിലീസായത്.

സിനിമാ രംഗത്ത് ഉള്ളവരുടെ ആരുടെയും ഓർമ്മയിൽ ഇത്രയും സിനിമകൾ ഒന്നിച്ച് റിലീസ് ചെയ്ത ഓർമ്മയില്ല. കോവിഡിന് മുൻപ് സിനിമ സജീവമായിരുന്ന ഘട്ടത്തിലും ഇത്രയും ചിത്രങ്ങൾ ഒരേ ദിവസം പുറത്തിറങ്ങാറില്ല. എല്ലാം മലയാള സിനിമകളുമാണ്.

ആദിൽ അഷ്‌റഫ് സംവിധാനം ചെയ്ത ഷറഫുദ്ധീനും ഇടവേളക്ക് ശേഷം ഭാവനയും മുഖ്യവേഷത്തിലെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’, ഷൈൻ ടോം ചാക്കോയും സംയുക്തയും മുഖ്യവേഷത്തിലെത്തുന്ന മനു സുധാകരൻ സംവിധാനം ചെയ്ത ‘ബൂമറാങ്’, ഐജി മിനി സംവിധാനം ചെയ്ത ‘ഡിവോഴ്സ്’, ശ്രീവല്ലഭന്റെ ‘ധരണി’, സി നെറ്റോ എഴുത്തും സംവിധാനവും നിർവഹിച്ച ‘ഏകൻ’, അനിഖ മുഖ്യവേഷത്തിലെത്തുന്ന ആൽഫ്രഡ്‌ ഡി സാമുവലിന്റെ ‘ഓ മൈ ഡാർലിംഗ്’, ഇടവേളക്ക് ശേഷം നിത്യ ദാസ് മടങ്ങിയെത്തുന്ന അനിൽ കുമ്പഴയുടെ ‘പള്ളിമണി’, അർജുൻ അശോകനും അനശ്വരയും പ്രധാന വേഷങ്ങളിലെത്തുന്ന നിഖിൽ മുരളിയുടെ ‘പ്രണയ വിലാസം’, അജിത് തോമസ് സംവിധാനം ചെയ്ത ‘സന്തോഷം’ ഇനീ സിനിമകളാണ് ഇന്ന് വെള്ളിത്തിരയിൽ എത്തിയത്.

എന്നാൽ, ഇത്രയധികം സിനിമകൾ ഒരുമിച്ച് റിലീസ് ചെയ്യുന്നത് നിർമാതാക്കൾക്ക് സാമ്പത്തികമായി അത്ര താത്പ്യമുള്ള കാര്യമല്ല. കാണേണ്ടവർ വീതം വെച്ചു പോകുന്നത് ബിസിനസിന് അത്ര നല്ലതല്ല.

പ്രവർത്തക സമിതി തെരഞ്ഞെടുപ്പ് ഇല്ല, നാമനിർദ്ദേശം മതിയെന്ന് കോൺഗ്രസ് പ്ലീനറി സമ്മേളനം

കോണ്‍ഗ്രസിന്റെ പുതിയ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പുണ്ടാകില്ല. പ്രിയങ്ക ഗാന്ധിയും ശശി തരൂരും ഉൾപ്പെടെ പുതിയ തലമുറയിലുള്ളവർ ഇതിനായി പ്രതീക്ഷ അറിയിച്ചു എങ്കിലും പ്രശ്നങ്ങൾ ഒഴിവാക്കുക എന്നാണ് തീരുമാനം. റായ്പൂരില്‍ തുടരുന്ന പ്ലീനറി സമ്മേളനത്തിലാണ് സമവായമായത്. അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുക മാത്രമാവും.

ഇന്ന് രാവിലെ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ആദ്യംഘട്ടം മുതല്‍തന്നെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. 47 അംഗങ്ങളാണ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തത്. പി ചിദംബരമാണ് തെരഞ്ഞെടുപ്പ് വേണം എന്ന ആവശ്യം മുന്‍നിര്‍ത്തി സമ്മേളനത്തിൽ രംഗത്തെത്തിയത്. ചില അംഗങ്ങള്‍ തെരഞ്ഞെടുപ്പ് വേണമെന്നും വേണ്ട എന്നും തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിരുന്നു.

വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന അഭിപ്രായങ്ങളിലേക്ക് പോകരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. പിന്നാലെ ദിഗ്വിജയ് സിംഗ് അടക്കം ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് പ്രതികരണം അറിയിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും തെരഞ്ഞെടുപ്പിനെ എതിര്‍ത്തു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തുന്ന സംഘടനയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നായിരുന്നു ഗെഹ്ലോട്ടിന്റെ നിലപാട്.

തുടര്‍ന്ന് തെരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാടിലേക്ക് പാര്‍ട്ടിയെത്തുകയായിരുന്നു. സമവായത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന പട്ടികയായിരിക്കും പ്ലീനറി സമ്മേളനം അംഗീകരിക്കുന്നത്. പട്ടികയിലെ അന്തിമ പേരുകള്‍ സംബന്ധിച്ച പ്രാഥമിക ധാരണയും രൂപപ്പെടുത്തിയിട്ടുണ്ട്.

പ്രവര്‍ത്തക സമിതിയിലെ സ്ഥിരാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള ഭേദഗതിക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ,മുന്‍ പ്രധാനമന്ത്രി, ലോക്‌സഭയിലെയും രാജ്യസഭയിലെയും നേതാക്കള്‍ എന്നിവരെ കൂടി ഉള്‍പ്പെടുത്തി സമിതിയിലെ അംഗബലവും വര്‍ധിപ്പിക്കും.

ഒൻപത് ദിവസം ചോദ്യം ചെയ്തു, എം ശിവശങ്കറിനെ തിരികെ റിമാന്‍ഡിൽ അയച്ചു

0

ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തു. കൊച്ചി കലൂരിലെ പിഎംഎല്‍എ കോടതിയാണ് റിമാന്‍ഡ് ചെയ്തത്. കസ്റ്റഡി കാലാവധി തീര്‍ന്നതിനാല്‍ ശിവശങ്കറെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ശിവശങ്കറെ കൂടുതല്‍ ദിവസം കസ്റ്റിഡിയില്‍ വിടണമെന്ന് അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടില്ല. കേസില്‍ ശിവശങ്കര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

ഒന്‍പത് ദിവസമാണ് ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കറെ ഇ ഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്തത്.

അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ഇ.ഡി ആവശ്യപ്പെട്ടതനുസരിച്ച് നാലുദിവസം കൂടി ശിവശങ്കറിനെ കോടതി കസ്റ്റഡിയില്‍ വിടുകയായിരുന്നു. കേസില്‍ സ്വപ്ന സുരേഷുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകള്‍ തന്റെ തന്നെയെന്ന് എം ശിവശങ്കര്‍ സമ്മതിച്ചതായാണ് സൂചന. 

മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയായിരുന്നു അടച്ചിട്ട കോടതി മുറിയിലെ നടപടിക്രമങ്ങള്‍. എം ശിവശങ്കര്‍ ആവശ്യപ്പെട്ടതിനാലാണ് അടച്ചിട്ട മുറിയിലാക്കിയത്. നടപടിയെ ഇ.ഡിയും പിന്തുണച്ചിരുന്നു.

ബാഴ്‌സലോണ – മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് മത്സരത്തിനിടെ കോർട്ടിൽ തല്ലുമാല: യുണൈറ്റഡ് പ്രീക്വാർട്ടറിൽ

0

 യൂറോപ്പ ലീഗിലെ ബാഴ്‌സലോണ – മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് മത്സരത്തിനിടെ കോർട്ടിൽ തല്ലുമാല. യുണൈറ്റഡ് താരം ബ്രൂണോ ഫെര്‍ണാണ്ടസ് നിലത്തു വീണ കളിക്കാരനു നേരെ ഷോട്ട് എടുത്തതാണ് പ്രകോപനം.

യുണൈറ്റഡ് താരം ആരോണ്‍ വാന്‍-ബിസാക്കയുടെ ഫൗളില്‍ ബാഴ്‌സ താരം ഫ്രെങ്കി ഡിയോങ് നിലത്ത് വീണു. ഈ സമയം പന്ത് നേരേ പോയത് അടുത്തുണ്ടായിരുന്ന ബ്രൂണോ ഫെര്‍ണാണ്ടസിന്റെ കാലിലേക്കായിരുന്നു. പന്ത് പാസ് ചെയ്യുന്നതിനോ ക്ലിയര്‍ ചെയ്യുന്നതിനോ പകരം ബ്രൂണോ അത് ഡിയോങ്ങിന്റെ ദേഹത്തേക്ക് ആഞ്ഞടിക്കുകയായിരുന്നു.

പന്തുകൊണ്ട ഡിയോങ് മൈതാനത്ത് വേദനകൊണ്ട് നിലത്ത് കിടന്നു പുളഞ്ഞു. ഇതോടെ ഇരു ടീമിലെയും താരങ്ങള്‍ കൊമ്പു കോർത്തു. താരങ്ങള്‍ തമ്മില്‍ കുറച്ച് ഉന്തും തള്ളും തുടർന്നു. കാസിമിറോ ഉൾപ്പെടെ കളിക്കാർ പ്രകോപിതരായി പരസ്പരം ഏറ്റു. മനപൂർവ്വം അല്ല എന്ന വിലയിരുത്തലിൽ ബ്രൂണോയ്ക്ക് റഫറി മഞ്ഞക്കാര്‍ഡ് നല്‍കി.

അല്‍പനേരം നീണ്ടുനിന്ന വാഗ്വാദം അവസാനിച്ച ശേഷമാണ് കളി പുനരാരംഭിച്ചത്. മത്സരം 2-1ന് ജയിച്ച യുണൈറ്റഡ് യൂറോപ്പ ലീഗ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ബാഴ്‌സ പുറത്തായി.

അനുമതിയില്ലാതെ അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചു; യുവാവിൻ്റെ പരാതിയിൽ സംവിധായിക അറസ്റ്റിൽ

0

 യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ച് സംപ്രേഷണം ചെയ്തെന്ന കേസില്‍ സംവിധായിക ശ്രീല പി. മണിയെന്ന ലക്ഷ്മി ദീപ്തയെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ യുവാവാണ് പരാതിക്കാരന്‍. സിനിമയില്‍ നായകനാക്കാമെന്ന് പറഞ്ഞ് അശ്ലീല സീരീസില്‍ അഭിനയിപ്പിച്ചെന്നാണ് പരാതി. തിരുവനന്തപുരം അരുവിക്കരയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചായിരുന്നു സീരിസിന്റെ ചിത്രീകരണം. അശ്ലീല ചിത്രമാണെന്ന് പറഞ്ഞിരുന്നില്ലെന്നും യുവാവ് പരാതിപ്പെട്ടിരുന്നു.

നാൻസി, പാൽപായസം, സൈലൻ്റ് ട്യൂഷൻ, ലേഡീസ് ഹോസ്റ്റൽ എന്നിവ ഇവരുടെ വെബ് സീരീസാണ്. ഇവ സ്വകാര്യ വെബ് സൈറ്റ് വഴിയായിരുന്നു റിലീസ്

നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ ലക്ഷ്മി ദീപ്തിക്ക് കോടതി വ്യവസ്ഥകളോടെ ജാമ്യം നല്‍കി. എല്ലാ ബുധനാഴ്ച്ചയും വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകണം. വരുന്ന ആറ് ആഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന തെളിവുകള്‍ നല്‍ക്കണം, ചോദ്യംചെയ്യാന്‍ സമയം കുടുതല്‍ വേണമെങ്കില്‍ അനുവദിക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ലക്ഷ്മി ദീപ്തയ്ക്ക് ജാമ്യം അനുവദിച്ചത്.