ആദിവാസി യുവാവ് മെഡിക്കൽ കോളിജിൽ ജീവനൊടുക്കും മുൻപ് പലതവണ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു, പക്ഷെ…

0

മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ചോദ്യം ചെയ്ത ദിവസം ജീവനൊടുക്കുന്നതിന് മുൻപ് ആദിവാസി യുവാവ് വിശ്വനാഥൻ പലതവണ പൊലീസിനെ വിളിച്ചിരുന്നു.  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടിപ്പോവും മുന്‍പ് എമർജൻസി നമ്പറിൽ സഹായം തേടിയെന്നതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു. അര്‍ദ്ധരാത്രിയാണ് വിശ്വനാഥന്‍ ഓടിപ്പോയത്. ഇതിനുമുന്‍പ് മൂന്നുതവണയാണ് വിശ്വനാഥന്‍ പോലീസ് സഹായത്തിനായി വിളിച്ചത്.

കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് അര്‍ദ്ധരാത്രി 12.05,12.06,12.09 എന്നിങ്ങനെ മൂന്ന് തവണ വിശ്വനാഥന്‍ വിളിച്ചു. മൂന്നുതവണയും കോള്‍ പെട്ടെന്ന് കട്ടായി. ഇതിൻ്റെ കാരണം അറിയില്ല. തിരുവന്തപുരത്തെ കണ്‍ട്രോള്‍ റൂമിലേക്കാണ് കോള്‍ എത്തിയത്. ആള്‍ക്കൂട്ടത്തില്‍ അപമാനിതനായതിനാല്‍ പോലീസ് സഹായം തേടി വിളിച്ചതാവാം എന്ന അനുമാനത്തിലാണ് പോലീസ്.

തൊട്ടടുത്ത ദിവസമാണ് വിശ്വനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് രാത്രി ആശുപത്രിയില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അറിയാമെന്ന് കരുതുന്ന രണ്ട് പേരെ കണ്ടെത്താന്‍ വയനാട്ടിലാണ് അന്വേഷണ സംഘം നിലവില്‍ ഉള്ളത്. വിശ്വനാഥന്‍ ഇവരുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

ഫെബ്രുവരി 9-ന് വിശ്വനാഥനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍വെച്ച് മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം മര്‍ദിച്ചതായി കുടുംബം പരാതിപ്പെട്ടിരുന്നു. അന്നുതന്നെ കാണാതായ വിശ്വനാഥനെ പിറ്റേന്ന് മെഡിക്കല്‍ കോളേജിനു സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കരിപ്പൂരിൽ നിന്നും പറന്നുയർന്ന വിമാനം അടിയന്തിര ലാൻ്റിങ് നടത്തി; ആകാശത്ത് മൂന്നു മണിക്കൂർ നീണ്ട ആശങ്ക

0

കോഴിക്കോട് നിന്ന് ടേക്ക് ഓഫ് ചെയ്ത കോഴിക്കോട് – ദമാം എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. പറന്നുയർന്നതിന് പിന്നാലെ തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ അടിയന്തിര ലാന്റിംഗിന് അനുമതി തേടുകയായിരുന്നു.  9.44-ന് ടേക്ക്ഓഫ് ചെയ്ത വിമാനത്തിനാണ്‌ സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത്‌ അടിയന്തര ലാന്‍ഡിങ് വേണ്ടി വന്നത്. 182 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്‌

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് രണ്ടര മണിക്കൂറിന് ശേഷമാണ് ലാന്റിംഗ്. ലാന്റ് ചെയ്തത് സുരക്ഷിതമായാണ് എന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. 

കരിപ്പൂരിൽനിന്ന് ഉയർന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ IX 385 വിമാനം ടേക് ഓഫ് ചെയ്യുമ്പോള്‍ പിന്‍ഭാഗം റണ്‍വേയില്‍ ഉരസിയെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ ഉണ്ടെന്ന സംശയത്തിലാണ് എമര്‍ജെന്‍സി ലാന്‍ഡിങ്ങ് നിശ്ചയിച്ചത്. 

ഏറെ നേരം കോഴിക്കോട് വിമാനത്താവളത്തിന് ചുറ്റും പറന്നിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ തന്നെ ലാന്റ് ചെയ്യാൻ അനുമതിക്ക് ശ്രമിച്ചിരുന്നു. പിന്നീട് കൊച്ചിയിലോ തിരുവനന്തപുരത്തോ എന്ന് ആലോചിക്കുകയും സുരക്ഷ കൂടിയ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു. 

കോവളം ഭാഗത്ത് കടലിലേക്ക് ഇന്ധനം ഒഴുക്കിക്കളഞ്ഞാണ് ലാന്‍ഡിങ്ങിന് തയ്യാറെടുത്തത്. ഈ സമയം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എല്ലാ വിമാനങ്ങളുടേയും ടേക് ഓഫും ലാന്‍ഡിങ്ങും നിര്‍ത്തിവെച്ചാണ് ലാന്‍ഡിങ്ങിനായി തയ്യാറെടുത്തത്. ലാന്‍ഡിങ്ങിനുള്ള ഇന്ധനം മാത്രമായിരുന്നു വിമാനത്തില്‍ ബാക്കിയുണ്ടായിരുന്നത്. ഇടിച്ചിറങ്ങിയാല്‍ അത്യാഹിതം ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഇന്ധനം ഒഴുക്കിക്കളഞ്ഞത്‌

ഒടുവില്‍ ഉച്ചയ്ക്ക് 12.15-ന് നിശ്ചയിച്ച സമയത്ത് വിമാനം ഇറങ്ങി

അടിയന്തിര ലാന്റിംഗിന് കൃത്യമായ പ്രോട്ടോക്കോൾ ഉണ്ട്. ഫയർ ഫോഴ്സ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കണം. മാത്രമല്ല, അടുത്തുള്ള ആശുപത്രികൾ, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് അടിയന്തിര സന്ദേശം നൽകണം. ഇത്തരം സംവിധാനങ്ങൾ അടിയന്തിരമായി നടപ്പിലാക്കിയ ശേഷമാണ് ലാന്റ് ചെയ്തത്. യാത്രക്കാർ സുരക്ഷിതരാണ്. ആരെയും ആശുപത്രിയിലക്ക് മാറ്റേണ്ട സാഹചര്യമുണ്ടായില്ലെന്നും അധികൃതർ വ്യക്തമാക്കി. 

ഈസ്റ്ററിന് ഡിജിറ്റൽ നോമ്പ് ആഹ്വാനം ചെയ്ത് കോതമംഗലം രൂപത; മൊബൈലും സീരിയലും ഉപേക്ഷിക്കാൻ നിർദ്ദേശം

0

ഈസ്റ്റർ കാലത്ത് ഡിജിറ്റൽ നോമ്പിന് ആഹ്വാനം ചെയ്ത് കോതമംഗലം രൂപത. മത്സ്യമാംസാദികൾ വർജിക്കുന്നതിനൊപ്പം മൊബൈൽ ഫോണും സീരിയലുമെല്ലാം നോമ്പുകാലത്ത് വിശ്വാസികൾ ഉപേക്ഷിക്കണമെന്ന് കോതമംഗലം രൂപത ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു.

ഈസ്റ്ററിന് മുന്നോടിയായുള്ള വലിയ നോമ്പ് ആചരണത്തിലാണ് ക്രിസ്തീയ വിശ്വാസികൾ. 50 ദിവസം നീളുന്ന നോമ്പ് കാലത്ത് മത്സ്യവും മാംസവും പോലെ ഇഷ്ട വിഭവങ്ങൾ ഭക്ഷണത്തിൽ വർജിക്കുന്നത് പതിവാണ്. ഇഷ്ടമുള്ള കാര്യങ്ങൾ ഒഴിവാക്കി ആശാ നിഗ്രഹത്തിലൂടെയുള്ള പരിത്യാഗം കൂടിയായാണ് ഈ നോമ്പ്. തലമുറകൾ മാറുമ്പോൾ പഴയ രീതികൾ മാത്രം പിന്തുടർന്നാൽ പോരെന്നും നോമ്പ് കാലിക പ്രസക്തമാകണമെന്നും കോതമംഗലം രൂപത ആവശ്യപ്പെടുന്നു.

യുവജനങ്ങളും കുട്ടികളും ഡിജിറ്റൽ നോമ്പ് ആചരിക്കുന്നത് ഉചിതമാണെന്ന് കോതമംഗലം രൂപത ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

നോമ്പ് കുടുംബങ്ങളുടെയും നാടിന്‍റെയും നന്മയ്ക്ക് അനുഗൃഹീതമാകുമെന്ന് ബിഷപ്പ് പറഞ്ഞ് വയ്ക്കുന്നു. നോമ്പ് കാലത്തെ വിശ്വാസികൾക്കുള്ള സന്ദേശത്തിലാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ട് വെച്ചത്. 

വനിതാ ടി-20 സെമിയിൽ ഇന്ത്യ പുറത്ത്

0

ദക്ഷിണാഫ്രിക ആതിഥേയത്വം വഹിക്കുന്ന വനിതാ ടി-20 ലോകകപ്പിൽ ഫൈനൽ കാണാതെ ഇന്ത്യൻ വനിതാ നിര പുറത്ത്. ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയുടെ വിജയം അഞ്ച് റണ്ണുകൾക്ക്.

ആദ്യ നാല് ഓവറുകളിൽ തകർന്നടിഞ്ഞ ഇന്ത്യയെ കരകയറ്റിയത്‌ ഹർമൻപ്രീത് കൗറും ജെമീമ റോഡ്രിഗസും ചേർന്നാണ്. രണ്ടാമത്തെ ഓവറിൽ മേഗൻ ഷൗട്ടിന്റെ പന്തിൽ ലെഗ് ബൈലൂടെ ഷെഫാലി വർമ (9) പുറത്തായി. തൊട്ടടുത്ത ഓവറിൽ ഗാർഡൻറുടെ പന്തിൽ സ്‌മൃതി മന്ദനയെയും (2) കാത്തിരുന്നത് മറ്റൊരു ലെഗ് ബൈ ചതിക്കുഴി ആയിരുന്നു. നാലാം ഓവറിൽ ഡാർസി ബ്രൗണിന്റെ പന്ത് മിഡ് വിക്കറ്റിലേക്ക് തട്ടിയിട്ട് വേഗത്തിൽ ഒരു റണ്ണെടുക്കാൻ ശ്രമിച്ച യാസ്തികക്ക് (4) പിഴച്ചു. റൺ ഔട്ടിലൂടെ താരം പുറത്തായി. തുടർന്നിറങ്ങിയ ജെമിമ റോഡ്രിഗസും ഹർമൻപ്രീത് കൗറുമായിരുന്നു ഇന്ത്യയുടെ ഇന്നിഗ്‌സിന്റെ നട്ടെല്ലായത്. 24 പന്തുകളിൽ നിന്ന് ആറ് ഫോറുകൾ അടക്കം 43 റണ്ണുകൾ ജെമിമ നേടി.

ഡാർസിയുടെ പന്തിൽ ജെമിമ മടങ്ങിയപ്പോൾ പകരക്കാരിയായി എത്തിയ യുവതാരം റിച്ച ഹൂഡ ഹർമൻപ്രീതിന് മികച്ച പിന്തുണയാണ് നൽകിയത്. 32 പന്തുകളിൽ നിന്ന് അർദ്ധ സെഞ്ച്വറി നേടിയ ഹർമൻ രണ്ട് പന്തുകൾക്കപ്പുറം റൺ ഔട്ട് ആക്കുകയായിരുന്നു. വർഹാമിന്റെ പന്തിൽ രണ്ട് റണ്ണുകൾക്കായി ഓടിയ താരം ക്രീസിൽ എത്തിയെങ്കിലും ബാറ്റ് കുത്തിയത് പുറത്തായിരുന്നു. ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പർ കൃത്യമായ നീക്കത്തിലൂടെയാണ് നിർണായകമായ ആ വിക്കറ്റ് നേടിയത്. തുടർന്ന് റിച്ച ഘോഷും (14) സ്നേഹ് റാണയും (11) രാധ യാദവും (0) പുറത്തുപോയതോടെ ഇന്ത്യയുടെ ഇന്നിങ്സിന് അന്ത്യമായി.

ടോസ് നഷ്ടപ്പെട്ട് ബൗളിങ്ങിനിറങ്ങിയ ഇന്ത്യ ശരാശരി പ്രകടനമായിരുന്നു കാഴ്ച്ച വെച്ചത്. കരുത്തരായ ഓസ്‌ട്രേലിയക്ക് എതിരെ ബോളിങ് നിരയും ഫീൽഡിങ്ങും മോശമായി. വളരെ പ്രധാനപ്പെട്ട ക്യാച്ചുകൾ ഇന്ത്യ വിട്ടുകളഞ്ഞതാണ് തിരിച്ചടിയായത്.

ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

0

ഒരുമാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക അനുവദിച്ച് സംസ്ഥാന സർക്കാരിന്‍റെ ഉത്തരവിറങ്ങി. രണ്ട് മാസത്തെ കുടിശ്ശികയില്‍ ഡിസംബർ മാസത്തെ പെൻഷനാണ് അനുവദിച്ചത്. നാളെ മുതൽ തുക വിതരണം ചെയ്യാനാകുമെന്ന് ധനവകുപ്പ് അറിയിച്ചു.  സഹകരണ കൺസോര്‍ഷ്യത്തിൽ നിന്ന് വായ്പയെടുത്താണ് പെൻഷൻ നൽകുന്നത്. 2000 കോടി വായ്പക്ക് ആവശ്യപ്പെട്ടതിൽ ഒരുമാസത്തെ ക്ഷേമ പെൻഷൻ നൽകാനാവശ്യമായ പണം മാത്രമാണ് ഇതുവരെ ലഭിച്ചത്. 

ഒറ്റപ്പാലത്ത് നിന്നും കാണാതായ കുട്ടികളെ കോഴിക്കോട് കണ്ടെത്തി

0

ഒറ്റപ്പാലത്തുനിന്ന് കാണാതായ നാല് എട്ടാം ക്ലാസ് വിദ്യാര്‍ഥികളെ കോഴിക്കോട്ട് കണ്ടെത്തി. രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ കുട്ടികളെയായിരുന്നു കാണാതായത്. ഇതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്തിയിരുന്നില്ല.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍നിന്ന് നാലു കുട്ടികള്‍ ട്രെയിന്‍ കയറിയതായും വാളയാറിലേക്കാണ് ഇവര്‍ ടിക്കറ്റെടുത്തിരുന്നതെന്നും വിവരം ലഭിച്ചിരുന്നു. വാളയാര്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല. ഇതോടെ അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടു.

പവൻ ഖേരയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

0

 പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശത്തിൽ അറസ്റ്റിലായ പവൻ ഖേര ഇടക്കാല ജാമ്യം ലഭിച്ചതോടെ പുറത്തിറങ്ങി.  തനിക്കെതിരായ നടപടി, നിയമവിരുദ്ധമാണെന്നും രാഷ്ട്രീയ വേട്ടയാടലാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്ലീനറി യോഗത്തിൽ പങ്കെടുക്കനാണ് പോകുന്നതെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പവൻ ഖേരയ്ക്ക് സുപ്രീം കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച വരെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസുകൾ ഒന്നിച്ചാക്കണമെന്ന പവൻ ഖേരയുടെ ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചിരുന്നു. പവൻ ഖേരയ്ക്കെതിരെ കേസെടുത്ത അസം, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾക്ക് നോട്ടീസ് നൽകുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഒരു നാക്കുപിഴയുടെ പേരിലാണ് ഗുരുതര കുറ്റം ചുമത്തിയതെന്നും നിർഭാഗ്യകരമായ സംഭവമെന്നും കോൺഗ്രസ് അഭിഭാഷകൻ മനു അഭിഷേക് സിംഗ് വി കോടതിയിൽ പറഞ്ഞു. പവൻ ഖേരയുടെ പരാമർശത്തിന്റെ വീഡിയോ കോടതി പരിശോധിച്ചു. ഇതിന് ശേഷമാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.

കെ സി വേണുഗോപാല്‍

വാക്കാല്‍ പറയുന്നതല്ലാതെ പവന്‍ ഖേരയെ കസ്റ്റഡിയിലെടുക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ രേഖകളില്ലായിരുന്നു. കള്ളംപ്പറഞ്ഞ് അദ്ദേഹത്തെ അവിടെ നിന്ന് കൂട്ടിക്കൊണ്ടുപോകാനുള്ള ഡല്‍ഹി പോലിസിന്‍റെ ശ്രമങ്ങളെ താനടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി എതിര്‍ത്തു. തുടര്‍ന്നാണ് ആസാം പോലീസ് തട്ടിക്കൂട്ട് റിപ്പോര്‍ട്ടും ദുര്‍ബലമായ വകുപ്പുകളും ചുമത്തി പവന്‍ ഖേരയെ കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രിയെ വിമര്‍ശിച്ചാല്‍ യാത്രവിലക്കും തടങ്കലും വിധിക്കുന്ന തലത്തിലേക്ക് രാജ്യത്തെ ജനാധിപത്യം അധപതിച്ചു. പ്രതികാര നടപടികളിലൂടെ പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്താനാണ് മോദി ഭരണകൂടം ശ്രമിക്കുന്നത്.  കോണ്‍ഗ്രസിന്‍റെ പ്ലീനറി സമ്മേളനം എങ്ങനെയും അലങ്കോലപ്പെടുത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദ്യം ഛത്തീസഗഢ് കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തി,ഇപ്പോള്‍ എഐസിസി വക്താവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.മോദി ഭരണത്തില്‍ എന്തും നടക്കുമെന്ന അവസ്ഥയാണ്. വ്യക്തമായ കാരണങ്ങളില്ലാതെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഒരു കാരണവശാലും  കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

നിഷ്പക്ഷമായ വാര്‍ത്തകളും വിവരങ്ങളും നല്‍കുക എന്നതാണ് പ്രാഥമിക ലക്ഷ്യം, പിന്മാറില്ല – വ്യക്തമാക്കി ബി ബി സി

0

തങ്ങള്‍ക്ക് പ്രത്യേക അജണ്ടകളൊന്നും ഇല്ലെന്നും ലക്ഷ്യമാണ് തങ്ങളെ നയിക്കുന്നതെന്നും ബി.ബി.സി. ഡയറക്ടര്‍ ജനറല്‍ ടിം ഡേവി. ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാനും ഇടപഴകാനും ആളുകളെ സഹായിക്കുന്നതിന് നിഷ്പക്ഷമായ വാര്‍ത്തകളും വിവരങ്ങളും നല്‍കുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം. അത് നിറവേറ്റുന്നതിന് ഭയമോ പ്രത്യേക താല്‍പര്യങ്ങളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് പിന്മാറില്ലെന്നും വ്യക്തമാക്കി.

ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയ പശ്ചാത്തലത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ഇ-മെയിലിലൂടെ നല്‍കിയ പ്രസ്താവനയിലാണ് ടിം ഡേവി ഇങ്ങനെ പ്രതികരിച്ചത്. സത്യ സന്ധമായ വാർത്തകൾ പുറത്ത് കൊണ്ടു വരുന്നതിൽ ജീവക്കാരുടെ ധൈര്യത്തെ പ്രശംസിക്കയും അവർക്ക് നന്ദി അറിയിക്കയും ചെയ്തു.

‘ബി.ബി.സിക്ക് ഒരു അജണ്ടയുമില്ല, ലക്ഷ്യമാണ് നമ്മളെ നയിക്കുന്നത്- ഇക്കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’, ടിം ഡേവിയുടെ പ്രസ്താവനയില്‍ പറയുന്നു. ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാനും ഇടപഴകാനും ആളുകളെ സഹായിക്കുന്നതിന് നിഷ്പക്ഷമായ വാര്‍ത്തകളും വിവരങ്ങളും നല്‍കുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം. അത് നിറവേറ്റുന്നതിന് ഭയമോ പ്രത്യേക താല്‍പര്യങ്ങളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പക്ഷപാതരഹിതമായി പ്രവര്‍ത്തിക്കുക എന്നതിനേക്കാള്‍ പ്രധാനപ്പെട്ടതായി മറ്റൊന്നുമില്ലെന്നും അക്കാര്യത്തില്‍ ബി.ബി.സിയുടെ ജീവനക്കാരെ അഭിനന്ദിക്കുകയാണെന്നും ടിം ഡേവി പറയുന്നു. വളരെ മികച്ച ഉള്ളടക്കങ്ങള്‍ നല്‍കി, സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപ്രവര്‍ത്തനത്തിലൂടെ വസ്തുതകളെ പിന്തുടരുക എന്നതാണ് ലോകമെമ്പാടുമുള്ള ഞങ്ങളുടെ പ്രേക്ഷകരോടുള്ള ഉത്തരവാദിത്വം, അദ്ദേഹം വ്യക്തമാക്കി.

ഗുജറാത്ത് കലാപത്തിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയുടെ പങ്ക് ഉൾപ്പെടെ പരാമര്‍ശിച്ചുള്ള ബി.ബി.സിയുടെ ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററി നിരോധിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ബി.ബി.സി. ഓഫീസുകളില്‍ റെയ്ഡ് നടന്നത്. ഫെബ്രുവരി 14-ന് ആണ് ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിനായി ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ എത്തിയത്. നടക്കുന്നത് റെയ്ഡല്ല, സര്‍വേയാണെന്നായിരുന്നു വിശദീകരണം.

മലയാള സിനിമാ ലോകത്തിന് ഇത്രയും പ്രേമണ്ടാർന്ന്…. ഭാവനയെ സ്വീകരിക്കാൻ ആരാധക ലോകം

0

മലയാള സിനിമാ ലോകത്തേക്ക് ആറ് വര്‍ഷത്തിന് ശേഷം തിരിച്ചെത്തുന്ന ഭാവനയ്‌ക്ക് ആശംസകളുമായി പ്രമുഖ താരങ്ങളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും. സോഷ്യൽ മീഡിയ ഭാവനയുടെ വരവ് ആഘോഷിക്കയാണ്. ഇന്ന് ഏറ്റവും അധികം വാട്സ്ആപ് സ്റ്റാറ്റസുകളിൽ നിറഞ്ഞതും ഭാവനയാണ്. ശക്തമായ പോരാട്ടത്തിൻ്റെയും കരുത്തിൻ്റെയും പ്രതീകമായി കൂടിയാണ് ഭാവന എത്തുന്നത്.

വെള്ളിയാഴ്ച വെള്ളിത്തിരയിൽ

ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ആറു വർഷത്തിന് ശേഷം ഭാവന വീണ്ടും മലയാളത്തിൻ്റെ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഭാവനയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ഫെബ്രുവരി 24 ന് തിയറ്ററിലെത്തുകയാണ്. നവാഗതനായ ആദിൽ മൈമൂനത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഭാവനയുടെ തിരിച്ചുവരവ്കൊണ്ടു തന്നെ വളറെ ശ്രദ്ധ നേടിയിരുന്നു.

മാധവൻ, കുഞ്ചാക്കോ ബോബൻ, പ്രിയമണി, ജാക്കി ഷെറോഫ്, ജിതേഷ് പിള്ള, പാർവതി തിരുവോത്ത്, ടൊവിനോ തോമസ്, മഞ്ജു വാര്യർ തുടങ്ങിയവരുടെ ആശംസകൾ കോർത്തിണക്കിയുള്ള വീഡിയോയാണ് ഭാവൻ പങ്കുവെച്ചത്. തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദിയും പങ്കുവെയ്ക്കുന്നുണ്ട് താരം. ‘വളരെയധികം വികാരങ്ങൾ, അനിയന്ത്രിതമായ പരിഭ്രാന്തി, ഹൃദയമിടിപ്പ്, എന്നാൽ ഏറ്റവും പ്രധാനമായി ഈ യാത്രയിൽ എന്നെ പിന്തുണച്ച, ഞാൻ മലയാള സിനിമയിൽ പ്രവർത്തിക്കണമെന്ന് നിർബന്ധിച്ച എല്ലാവർക്കും നന്ദി! നാളെ മുതൽ മറ്റൊരു ഇന്നിംഗ്സ് ആരംഭിക്കുകയാണ്. പ്രിയപ്പെട്ട എല്ലാവരുടെയും സ്നേഹത്തിന് വളരെ നന്ദി’ എന്നായിരുന്നു ഭാവന കുറിച്ചിട്ടത്.

രാഷ്ട്രീയ രംഗത്തെ പ്രമുഖരും

ലയാളത്തില്‍ വീണ്ടും സജീവമാകുന്ന ഭാവനയെ അഭിനന്ദിച്ച് സിനിമാ താരങ്ങള്‍ക്ക് പുറമേ രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും രംഗത്തെത്തി.

മലായാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ഭാവനയ്ക്ക് അഭിനന്ദനങ്ങളുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. നീണ്ട അഞ്ചു വര്‍ഷത്തിന് ശേഷം എല്ലാ വിഷമഘട്ടങ്ങളെയും അതിജീവിച്ച് ഭാവന തന്റെ തൊഴിലിടത്തിലേക്ക് തിരിച്ചു വരുന്നു എന്നത് ഏറെ സന്തോഷകരമാണെന്ന് ശൈലജ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.’ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള ചലച്ചിത്ര മേഖലയില്‍ സജീവമാവുന്ന ഭാവനയ്ക്ക് അഭിനന്ദനങ്ങള്‍. പുതിയ ചിത്രത്തിന് എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു.

ഓരോ പെണ്‍കുട്ടിക്കും കരുത്തും ആത്മവിശ്വാസവും നല്‍കുന്ന ഭാവനയെന്ന് ചിത്രം പങ്കുവെച്ച് കൊണ്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കുറിച്ചു.

മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകളും മന്ത്രി നേര്‍ന്നു. ഭാവനയ്ക്ക് ആശംസകളുമായി എ എ റഹീം എംപിയും ഫേസ്ബുക്കില്‍ കുറിച്ചു.’അതിജീവനമാണ് പ്രധാനം. പ്രതിസന്ധികളെ അതിജീവിച്ചവര്‍, ചരിത്രത്തില്‍ തലയെടുപ്പോടെ നില്‍ക്കും. ഫീനിക്‌സ് പക്ഷികളുടേതാണ് ചരിത്രം. മലയാള സിനിമയിലേയ്ക്ക് അഭിമാനത്തോടെ മടങ്ങിവരുന്ന പ്രിയപ്പെട്ട ഭാവനയ്ക്ക് ഭാവുകങ്ങള്‍’, എ എ റഹീം പറഞ്ഞു.

മലയാളം മറക്കാത്ത താരം

കമല്‍ സംവിധാനം ചെയ്‌ത നമ്മള്‍ എന്ന സിനിമയിലൂടെയാണ് ഭാവന മലയാള സിനിമയില്‍ തുടക്കം കുറിച്ചത്. തിളക്കം, ക്രോണിക് ബാച്ചിലര്‍, സിഐഡി മൂസ, സ്വപ്‌നക്കൂട്, ഇവര്‍, ചതിക്കാത്ത ചന്തു, റണ്‍വേ, ദൈവ നാമത്തില്‍, നരന്‍, ഉദയനാണ് താരം, ചിന്താമണി കൊലക്കേസ്, ചോട്ടാ മുംബൈ, സാഗര്‍ എലിയാസ് ജാക്കി, ഇവിടെ, ഹണി ബീ, ആദം ജോണ്‍ എന്നിങ്ങനെ തൊണ്ണൂറില്‍പരം സിനിമകളില്‍ ഇതിനകം ഭാവന അഭിനയിച്ചു. 2017ലാണ് അവസാനമായി ഭാവന മലയാളത്തില്‍ അഭിനയിച്ചത്. ഇതിനിടെ കന്നട, തമിഴ് , തെലുഗു ചിത്രങ്ങളിലും ഭാവന പ്രേക്ഷകരുടെ പ്രിയതാരമായി.

കുഭമേളയ്ക്ക് 2,500 കോടി രൂപ അനുവദിച്ച് യു പി സർക്കാർ

മഹാ കുംഭമേളയുടെ തയ്യാറെടുപ്പുകള്‍ക്കായി 2,500 കോടി രൂപ അനുവദിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ബുധനാഴ്ച്ച അവതരിപ്പിച്ച 2022 – 23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലാണ് 2025 ല്‍ നടക്കുന്ന കുഭമേളയ്ക്ക് മുൻകൂർ പണം അനുവദിച്ചിരിക്കുന്നത്.

12 വര്‍ഷത്തില്‍ ഒരിക്കലാണ് മഹാ കുംഭമേള നടക്കുന്നത്.അയോധ്യയിലെ മൂന്ന് പ്രവേശന റോഡുകള്‍ വീതികൂട്ടി യാത്രാസൗകര്യം വീണ്ടും മെച്ചപ്പെടുത്തുന്ന പരിപാടികള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ധനമന്ത്രി സുരേഷ് കുമാര്‍ ഖന്ന പറഞ്ഞു.

അയോധ്യ, വാരണാസി, ചിത്രകൂട്, വിന്ധ്യാചല്‍, പ്രയാഗ് രാജ്, നൈമിഷാരണ്യ, ഗോരഖ്പൂര്‍, മഥുര, ബതേശ്വര്‍ ധാം തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ടൂറിസം വികസനവും പുരോഗമിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മതപരവും ചരിത്രപരമായി പ്രാധാന്യമുള്ളതുമായ നഗരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ഗ്രാന്റായി 50 കോടി അനുവദിച്ചു.

മതപരമായ കേന്ദ്രങ്ങളിലേക്കുള്ള പ്രധാന റോഡുകളുടെ വികസനത്തിന് 1,000 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.