ഒറ്റപ്പാലത്ത് സ്കൂളിലേക്ക് പുറപ്പെട്ട നാല് എട്ടാം ക്ലാസ് വിദ്യാർഥികളെ കാണാനില്ല

ഒറ്റപ്പാലത്തു നിന്ന് കാണാതായ നാല് എട്ടാംക്ലാസ് വിദ്യാര്‍ഥികളെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. രാവിലെ വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് പോയ കുട്ടികളെയാണ് കാണാതായത്. പോലീസും നാട്ടുകാരും അന്വേഷണം തുടരുകയാണ്..

രാവിലെ വീട്ടില്‍നിന്നിറങ്ങിയ നാലുപേരും സ്‌കൂളില്‍ എത്തിയിരുന്നില്ല. രക്ഷിതാക്കളെ വിവരം അറിയച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍നിന്ന് നാലുകുട്ടികള്‍ ട്രെയിന്‍ കയറിയതായും വാളയാറിലേക്കാണ് ഇവര്‍ ടിക്കറ്റെടുത്തിരുന്നതെന്നും വിവരം ലഭിച്ചു.

വാളയാര്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ആര്‍.പി.എഫ് പരിശോധന നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല.

സയീദ് അക്തര്‍ മിര്‍സ കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ

0

 കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയര്‍മാനായി പ്രശസ്ത സംവിധായകന്‍ സയീദ് അക്തര്‍ മിര്‍സയെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞിരുന്നു. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായിരുന്നു മിർസ.

മിര്‍സയേപ്പോലൊരു ചലച്ചിത്ര പ്രതിഭയുടെ സാന്നിധ്യം കെ.ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ചൊരു വഴിവിളക്കാകുമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ദേശീയ തലത്തിലെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് സര്‍ക്കാര്‍ കരുതുന്നതായും മന്ത്രി പറഞ്ഞു.

നിരവധി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മിര്‍സ 2021-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയ ജൂറി ചെയര്‍മാനുമായിരുന്നു.

ഇന്ത്യൻ സിനിമ-ടെലിവിഷൻ രംഗത്തെ അതികായന്മാരിൽ ഒരാളായി കരുതപ്പെടുന്ന വ്യക്തിയാണ് സയീദ് അക്തർ മിർസ. എൺപതുകളിലും തൊണ്ണൂറുകളിലും ഹിന്ദിയിൽ നിരവധി ശ്രദ്ധേയമായ സമാന്തര സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മോഹൻ ജോഷി ഹസീർ ഹോ( 1984), ആൽബർട്ട് പിന്റോ കോ ഗുസ്സാ ക്യൂൻ ആതാ ഹേ (1980), സലീം ലംഗ്ഡേ പേ മത് രോ (1989), നസീം (1995) എന്നിവ ശ്രദ്ധേയമായ സിനിമകളിൽ ചിലതാണ്. നസീമിന് 1996 ൽ രണ്ട് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.

ദൂരദർശനിൽ ശ്രദ്ധേയമായ ടെലിവിഷൻ പരമ്പരകളും സയീദ് അക്തർ സംവിധാനം ചെയ്തിട്ടുണ്ട്. നൂക്കഡ് (1986), ഇൻതിസാർ( 1988) എന്നിവ ഇതിൽ ശ്രദ്ധേയമാണ്. പൂനെ ഫിലിം ഇൻസ്റ്റ്യൂട്ട് പൂർവ വിദ്യാർത്ഥിയായിരുന്ന മിർസ പിന്നീട് സ്ഥാപനത്തിൽ അധ്യാപകനായും ചെയർമാനായും സേവനമനുഷ്ഠിച്ചു.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിക്കപ്പെട്ട സയ്യിദ് അഖ്തർ മിർസ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ചലചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണും ഒപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് വീണ്ടും ഇ ഡി നൊട്ടീസ്

0

ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.)ന്റെ നോട്ടീസ്. ഫെബ്രുവരി 27-ന് രാവിലെ പത്തുമണിക്ക് കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.

ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇ.ഡി. ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച അദ്ദേഹത്തെ വീണ്ടും കോടതിയില്‍ ഹാജരാക്കും. ഈ ചോദ്യംചെയ്യലിന്റെ അനുബന്ധ നടപടിയെന്നോണമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു കൂടി ഇ.ഡി. അന്വേഷണം വ്യാപിപ്പിക്കുന്നത്.

ശിവശങ്കറിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ സ്വപ്‌ന സുരേഷും സി.എം. രവീന്ദ്രനും തമ്മിലുള്ള വാട്ട്‌സാപ്പ് സന്ദേശത്തിന്റെ പകര്‍പ്പും ഉള്‍പ്പെടുത്തിയിരുന്നു.അതിനാല്‍ത്തന്നെ രവീന്ദ്രനും സ്വപ്‌നയും തമ്മില്‍ അടുപ്പമുണ്ടായിരുന്നോ എന്നും ലൈഫ് മിഷന്‍ അടക്കമുള്ള വിഷയങ്ങളിലെ ചര്‍ച്ചകളില്‍ ശിവശങ്കറിനെ കൂടാതെ രവീന്ദ്രനും പങ്കാളിത്തം ഉണ്ടായിരുന്നോ എന്നുമുള്ള അന്വേഷണത്തിലേക്കാണ് ഇ.ഡി. കടക്കുന്നത്.

ഇത് രണ്ടാം തവണയാണ് ചോദ്യംചെയ്യലിന് രവീന്ദ്രനെ ഇ.ഡി. വിളിപ്പിക്കുന്നത്. 2020 ഡിസംബറില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ 13 മണിക്കൂറോളം ഇദ്ദേഹത്തെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു.

സി എം രവീന്ദ്രൻ

കോഴിക്കോട് ജില്ലയിലെ പാര്‍ട്ടി കോട്ടയായ ഒഞ്ചിയം സ്വദേശിയായ സി എം രവീന്ദ്രന്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.  പിന്നീട് രവീന്ദ്രന്‍ പാര്‍ട്ടിയുടെ വിശ്വസ്തനാവുകയും പ്രവര്‍ത്തന മണ്ഡലം തിരുവനന്തപുരത്തേക്ക് മാറുകയുമായിരുന്നു. എല്‍ഡിഎഫ് കണ്‍വീനറായ പി വി കുഞ്ഞിക്കണ്ണന്‍റെ സഹായിയായാണ് 1980 കളില്‍ രവീന്ദ്രന്‍ തലസ്ഥാനത്ത് എത്തുന്നത്. പിന്നീടിങ്ങോട്ട് നാല്‍പത് വര്‍ഷത്തോളമായി വിവിധ സിപിഎം നേതാക്കളുടെ പഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു സി എം രവീന്ദ്രന്‍. 

സിപിഎം നേതാക്കളുടെ പഴ്സണല്‍ സ്റ്റാഫില്‍ ഏറ്റവുമധികം കാലം ജോലി ചെയ്തിട്ടുള്ള വ്യക്തികളിൽ ഒരാളാണ്. വി എസ് അച്യുതാനന്ദനൊപ്പവും കോടിയേരി ബാലകൃഷ്ണനൊപ്പവും പിണറായി വിജയനൊപ്പവും വിശ്വസ്തനായി രവീന്ദ്രന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫില്‍ കെഎസ്ആര്‍ പാര്‍ട്ട് 3 ചട്ടം 100 അനുസരിച്ച് പുനര്‍ നിയമനം ലഭിച്ച ജീവനക്കാരിലൊരാള്‍ കൂടിയാണ് സി എം രവീന്ദ്രന്‍. പ്രതിപക്ഷ നേതാവിന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പദവിയില്‍ നിന്നാണ് സി എം രവീന്ദ്രന് പുനര്‍ നിയമനം ലഭിച്ചത്.

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ് മാനദണ്ഡം; കേന്ദ്രവും സംസ്ഥാനവും കളിയിൽ രക്ഷിതാക്കൾ അനിശ്ചിതത്വത്തിൽ

ഒന്നാം ക്ലാസ് പ്രവേശനത്തിലെ ആറു വയസ് മാനദണ്ഡമെന്ന അറിയിപ്പ് കിട്ടിയിട്ടില്ലെന്നുമുള്ള വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വാദം തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കേന്ദ്ര ഉത്തരവിന്  കേരളം ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വ്യക്തമാക്കി .കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉൾപ്പെടെ 22 സംസ്ഥാനങ്ങൾ ഉത്തരവ് നടപ്പാക്കി. കേരളം അടക്കം എട്ട് ഇടങ്ങളിൽ മാത്രമാണ് നടപ്പാക്കാത്തത്.

ഈ സാഹചര്യത്തിലാണ് 2021 ൽ നൽകിയ നിർദ്ദേശങ്ങൾ വീണ്ടും ആവർത്തിച്ചത് .ഫെബ്രുവരി 9 നാണ് വീണ്ടും കേന്ദ്രം സർക്കുലർ അയച്ചത്. ആയിരക്കണക്കിന് രക്ഷിതാക്കൾ ഇതു മൂലം അനിശ്ചിതത്വം അനുഭവിക്കും. കേരളം പിന്തുരുന്നുവോ ഇല്ലയോ എന്ന് കൃത്യമാക്കിയിട്ടില്ല. എന്നാൽ ഇത് തള്ളി കളഞ്ഞിട്ടുമില്ല. ഓരോ അധ്യായന വർഷം തുടങ്ങുമ്പോഴും ഇതുമുലം രക്ഷിതാക്കൾക്ക് ആശയ കുഴപ്പം ബാക്കിയാവും.

ഒന്നാം ക്ലാസ് പ്രവേശനത്തിലെ ആറു വയസ് മാനദണ്ഡം സംസ്ഥാനത്ത് കൂടിയാലോചനകൾക്ക് ശേഷം മാത്രം നടപ്പിലാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേന്ദ്ര നിർദ്ദേശം പാടെ തള്ളുന്നില്ല .കേന്ദ്ര നിർദേശം നടപ്പിലാക്കണമെങ്കിൽ പാഠപുസ്തകങ്ങളിൽ അടക്കം മാറ്റം വരുത്തണം. കേരളത്തിന്‍റെ  സാഹചര്യം കൂടി പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു

എളമരത്തിന് എതിരെ ഒരു വർഷം മുൻപ് നടത്തിയ പരാമർശത്തിൻ്റെ പേരിൽ കേസ്; മാധ്യമ പ്രവർത്തകൻ വിനു വി ജോൺ പൊലീസ് സ്റ്റേഷനിൽ

0

 ന്യൂസ് അവർ ചർച്ചയിലെ പരാമർശത്തിൻ്റെ പേരിൽ എളമരം കരീം നൽകിയ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി ജോൺ പൊലീസിന് മൊഴി നൽകി. തിരുവനന്തപുരം കൻ്റോൺമെൻ്റ പൊലീസ് സ്റ്റേഷനിലാണ് വിനു വി ജോൺ മൊഴി നൽകാനെത്തിയത്. അസാധാരണ നിബന്ധകൾ ഉൾപ്പെടുത്തിയാണ് ചോദ്യം ചെയ്യല്ലിന് ഹാജരാകാനുള്ള നോട്ടീസ് പൊലീസ് വിനുവിന് നൽകിയത്. എളമരം കരീമിൻ്റെ പരാതിയിൽ വിനു വി ജോണിനെതിരെ കേസെടുത്ത കാര്യം പോലും ഒരു വർഷത്തോളമായി പൊലീസ് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.   

കഴിഞ്ഞ വർഷം മാർച്ച് 28-ന് ട്രേഡ് യൂണിയനുകൾ നടത്തിയ 48 മണിക്കൂർ പണിമുടക്കിലെ അക്രമസംഭവങ്ങൾ ചർച്ച ചെയ്ത ന്യൂസ് അവറിലെ പരാമർശത്തിൻ്റെ പേരിലാണ് വിനുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പണിമുടക്ക് നടന്ന രണ്ട് ദിവസവും സംസ്ഥാനത്തിൻ്റെ പല ഭാഗത്തും സാധാരണക്കാർ അക്രമിക്കപ്പെട്ടിരുന്നു. കുടുംബവുമായി ഓട്ടോയിൽ സഞ്ചരിച്ചവരും രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷാ ഡ്രൈവറും ജോലിക്ക് പോയ ആളുകളും സമരാനുകൂലികളാൽ അക്രമിക്കപ്പെട്ടു. വിഷയം വലിയ വാർത്തയാവുകയും ട്രേഡ് യൂണിയനുകൾക്കെതിരെ ജനരോഷം ഉയരുകയും ചെയ്തപ്പോൾ നുള്ളിയതും പിച്ചിയതും മാന്തിയതും പരാതിയാക്കുന്നു എന്ന പരിഹാസമാണ് ട്രേഡ് യൂണിയൻ നേതാവായ രാജ്യസഭാ എംപി എളമരം കരീമിൽ നിന്നുണ്ടായത്. 

ഇതിനെതിരെ ന്യൂസ് അവറിൽ വിനു വി ജോൺ നടത്തിയ പരാമർശത്തിൻ്റെ പേരിലാണ് കേസ് ഉണ്ടായത്. എന്നാൽ ഇങ്ങനെയൊരു കേസ് എടുത്ത വിവരം വിനു വി ജോണിനെ പൊലീസ് അറിയിച്ചിരുന്നില്ല. ഇതേക്കുറിച്ച് മാധ്യമങ്ങൾക്കും യാതൊരു വിവരവും ലഭിച്ചില്ല. മാസങ്ങൾക്ക് ശേഷം തൻ്റെ പാസ്പോർട്ട് പുതുക്കാൻ വിനു വി ജോൺ അപേക്ഷ നൽകിയ ഘട്ടത്തിലാണ് കേസുള്ള വിവരം അറിയുന്നത്. ഇതിനു പിന്നാലെ കടുത്ത നിബന്ധനകളോട് കൂടിയ നോട്ടീസ് പൊലീസ് വിനു വി ജോണിന് നൽകി. ഈ സാഹചര്യത്തിലാണ് ഇന്ന് വിനു പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയത്.  

ഒരു മാധ്യമപ്രവർത്തകൻ ജനങ്ങളുടെ വേദനയ്ക്കൊപ്പം നിൽക്കേണ്ടതുണ്ടെന്നും, ഭരണഘടന അനുവദിച്ച സഞ്ചാര സ്വാതന്ത്ര്യം ജനങ്ങൾക്ക് നിഷേധിക്കപ്പെടപ്പോൾ ചൂണ്ടിക്കാണിക്കേണ്ട കർത്തവ്യം തനിക്കുണ്ടെന്നും വിനു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തൻ്റെ പരാമർശത്തിൻ്റെ പൂർണ രൂപം അടങ്ങിയ വീഡിയോ ക്ലിപ്പുകളും ഇന്ന് വിനു പൊലീസിന് കൈമാറി. അതേസമയം പൊലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് പൊതുസമൂഹത്തിലും സമൂഹമാധ്യമങ്ങളിലും ഉയരുന്നത്. ബിബിസിയിലെ ആദായ നികുതി വകുപ്പിൻ്റെ റെയ്ഡിനെതിരെ വലിയ വിമർശനം ഉന്നയിച്ച സിപിഎം നേതൃത്വത്തിൽ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

മോഡിക്കെതിരെ വിമർശനം; കോൺഗ്രസ് വക്താവ് പവൻ ഖേരയെ വിമാനത്തിൽ നിന്നും വിളിച്ചിറക്കി അറസ്റ്റു ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് വക്താവ് പവൻ ഖേരയെ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. ദില്ലി വിമാനത്താവളത്തിലെ ഇൻഡിഗോ വിമാനത്തിൽ നിന്നും നാടകീയമായി വിളിച്ചിറക്കിയാണ് പവൻ ഖേരയെ അറസ്റ്റ് ചെയ്തത്. റായ്പൂരിൽ നടക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാനായി കോൺഗ്രസ് നേതാക്കൾക്കൊപ്പം ദില്ലി വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഖേര. അസം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. എന്നാൽ കേസ് എന്താണെന്ന് വെളിപ്പെടുത്തിയില്ല.

എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, രൺദീപ് സുർജെവാല അടക്കമുള്ള നേതാക്കൾ ഖേരയ്ക്കൊപ്പം ഉണ്ടായിരുന്നു. റായ്പൂരിലുള്ള ഇൻഡിഗോ വിമാനത്തിൽ ഇവർ ചെക്ക് ഇൻ ചെയ്ത ശേഷമാണ് പിന്നാലെ ദില്ലി പൊലീസ് സംഘം വിമാനത്തിലേക്ക് എത്തി പവൻ ഖേരയെ റൺവേയിലേക്ക് ഇറക്കിയത്. 

കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചു എങ്കിലും ഉദ്യോഗസ്ഥർ അദ്ദേഹത്തെ റൺവേയിൽ നിന്നും വിമാനത്താവളത്തിലെ പൊലീസ് സ്റ്റേഷനിലേക്ക്  കൊണ്ടു പോയി. വൈകാതെ അദ്ദേഹത്തെ കോടതിയിൽ ഹാജരാകും. കോടതിയിൽ നിന്നും ഖരേയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അസം പൊലീസ് അറിയിച്ചു. ദില്ലി പൊലീസിനൊപ്പം സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.  അസമിലെ ഹഫ് ലോങ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

വിളിച്ചിറക്കിയത് ലഗേജിൽ പ്രശ്നമുണ്ടെന്ന് പറഞ്ഞ്

ലഗേജിൽ പ്രശ്നമുണ്ടെന്ന് പറഞ്ഞാണ് തന്നെ വിമാനത്തിൽ നിന്ന് പുറത്തിറക്കിയതെന്ന് പവൻ ഖേര പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ, റായ്പൂരിലേക്ക് പോകാനാവില്ലെന്നും ദില്ലി പൊലീസ് ഡിസിപിക്ക് കാണണമെന്ന് പറഞ്ഞതായും പവൻ ഖേര പറഞ്ഞു. എന്തു നിയമ വ്യവസ്ഥയാണ് ഇതെന്ന് പവൻ ഖേര ചോദിച്ചു.

പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ യുപി പൊലീസ് പവൻ ഖേരക്കെതിരെ കേസ് എടുത്തിരുന്നു. രണ്ട് കേസുകൾ അദ്ദേഹത്തിനെതിരെ യുപിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബിജെപി നേതാവാണ് ഈ കേസുകളിൽ പരാതിക്കാരൻ. എന്നാൽ  അസം പൊലീസ് ആവശ്യപ്പെട്ടത് പ്രകാരമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നതെന്നാണ് ദില്ലി പൊലീസ് പറയുന്നത്.

രാജ്യത്ത് ഏകാധിപത്യം വിലപ്പോകില്ലെന്ന് പറഞ്ഞാണ് റായ്പൂരിലേക്കുള്ള വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും റൺവേയിൽ ഉപരോധ സമരം തുടങ്ങിയത്. മോദി സർക്കാർ ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്ന് കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി. ദുർബലമായ കേസുകൾ  എടുത്ത് ഖേരയെ തടയാനും നിശബ്ദനാക്കാനും ആണ് ശ്രമം. നാണംകെട്ട. അംഗീകരിക്കാൻ ആകാത്ത പ്രവർത്തിയാണിതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം റൺവേയിൽ മുതിർന്ന ഉദ്യോഗസ്ഥർ അടക്കം ദില്ലി പോലീസിന്റെ വൻ സംഘം നിലയുറപ്പിച്ചിട്ടുണ്ട്. അസമിൽ കേസുണ്ടെങ്കിൽ വിവരങ്ങൾ വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതൃത്വം ദില്ലി പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാൽ കേസ് വിവരങ്ങൾ വെളിപ്പെടുത്താൻ ദില്ലി പോലീസ് തയ്യാറായില്ല. റായ്പൂരിലേക്കുള്ള വിമാനം പ്രതിഷേധത്തെ തുടർന്ന് വിമാനത്താവളത്തിൽ തന്നെ തുടരുകയാണ്. കോൺഗ്രസ് പ്ലീനറി തടസ്സപ്പെടുത്താനുള്ള ബിജെപി നീക്കമാണിതെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ കുറ്റപ്പെടുത്തി. 

റായ്പൂരിലേക്കുള്ള വിമാനം  വിമാനത്തിന് ചില പ്രതിഷേധങ്ങളെ തുടർന്ന് ഇതു വരെ പുറപ്പെടാൻ സാധിച്ചിട്ടില്ലെന്ന് ഇൻഡിഗോ വിമാനക്കമ്പനി പിന്നീട് അറിയിച്ചു. അധികൃതരുടെ നിർദ്ദേശപ്രകാരമാണ് നടപടികളെന്നും ഒരു യാത്രക്കാരനെ വിമാനത്തിൽ നിന്ന് പോലീസ് പുറത്തിറക്കിയെന്നും പിന്നാലെ മറ്റു ചില യാത്രക്കാരും വിമാനത്തിൽ നിന്നും പുറത്തിറങ്ങിയെന്നും ഇൻഡിഗോ വ്യക്തമാക്കി. 

ദുരിതാശ്വാസ നിധിയിലെ തട്ടിപ്പ് ആസൂത്രിതം, ഉദ്യോഗസ്ഥർക്കും പങ്ക്,

 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പുകേസില്‍ ഉദ്യോഗസ്ഥരും ഏജൻ്റുമാരും ഉൾപ്പെടുന്ന വലിയ ശൃംഖല തന്നെ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി. സംഘടിതമായ തട്ടിപ്പാണ് നടന്നതെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം പറഞ്ഞു. തട്ടിപ്പിനു പിന്നില്‍ സംഘടിതമായ ഒരു പ്രവര്‍ത്തനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുതന്നെയാണ് അന്വേഷണത്തിന് നിര്‍ദേശം ലഭിച്ചത്. നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയെന്നും വിജിലന്‍സ് ഡയറക്ടര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള പരിശോധനയിലാണ് ക്രമക്കേടുകള്‍ ആദ്യം കണ്ടെത്തുന്നത്. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. കൊല്ലം ജില്ലയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ പങ്കും വിശദമായി പരിശോധിക്കുകയാണ് .

കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. രണ്ടുവര്‍ഷത്തെ മാത്രം ഫയലുകളാണ് ഇപ്പോള്‍ പരിശോധിച്ചത്. അതില്‍ത്തന്നെ നിരവധി തട്ടിപ്പുകള്‍ നടന്നതായി കണ്ടെത്തി. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി അപേക്ഷകരെയും വില്ലേജ് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെയും സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനര്‍ഹര്‍ക്ക് സഹായധനം വാങ്ങിനല്‍കാന്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. ചില കളക്ടറേറ്റുകളില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സഹായധനം ഏര്‍പ്പാടാക്കാന്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. അപേക്ഷകളില്‍ പലതിലും അപേക്ഷകന്റെ ഫോണ്‍ നമ്പറിന് പകരം ഏജന്റുമാരുടെ നമ്പറുകളാണുള്ളത്. സഹായധനം ലഭിച്ചാല്‍ ഏജന്റുമാര്‍ തുകയുടെ പങ്കുപറ്റുന്നതായും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു

ഓഹ് മൈ ഡാര്‍ലിംഗ്… അടിപൊളി ചുവടുകളുമായി കൊറിയൻ പോപ് ഗാനം മലയാള സിനിമയിലും

0

മലയാള സിനിമയിലും കൊറിയന്‍ ഗാനം എത്തിയിരിക്കുകയാണ്. അനിഖ സുരേന്ദ്രന്‍ നായികയാവുന്ന ഓഹ് മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിലാണ് കെ- പോപ്പ് ഗാനം എത്തിയിരിക്കുന്നത്. യുവ മനസുകളെ കീഴടക്കിയ കൊറിയൻ ദ്രുത താളങ്ങളും ചടുല നൃത്തവും ചേർത്ത് അതേ പതിപ്പിലാണ് അവതരണം.

ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ സ്വീകരിക്കപ്പെട്ടു കഴിഞ്ഞു. ഗായിക ലിന്‍ഡ ക്യുറോ തന്നെയാണ് വരികൾ എഴുതിയതും പാടിയതും. ഷാന്‍ റഹ്‌മാൻസംഗീത സംവിധാനം തകർത്തു. KPOP India Contest 2022 വിജയികളായ മിക്‌സഡ് അപ് ആണ് ‘ഡാര്‍ലിംഗ്’ സീനിൽ അനിഖയ്‌ക്കൊപ്പം ചുവട് വെക്കുന്നത്. http://www.kpopindia.com/

മിക്‌സഡപ്പ് തന്നെ മനോഹരമായി കൊറിയോഗ്രാഫി നിര്‍വഹിച്ചു. ഗ്രൂപ്പിലെ പ്രമുഖ താരങ്ങളായ ക്രിസ്, ഡയാന, സോയ, നാബി അനിഖയ്‌ക്കൊപ്പം എത്തിയത്.

ഫെബ്രുവരി 24 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗത സംവിധായകന്‍ ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന ‘ഓ മൈ ഡാര്‍ലിംഗ്’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജിനീഷ് കെ ജോയ് ആണ്.

മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്‍സാര്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീത പകരുന്നത് ഷാന്‍ റഹ്‌മാനാണ്. ലിജോ പോള്‍ എഡിറ്റിംഗും എം ബാവ ആര്‍ട്ടും നിര്‍വഹിച്ചിരിക്കുന്നു. വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടര്‍.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇടത് കാലിന് പകരം വലതു കാലിൽ ശസ്ത്രക്രിയ നടത്തിയതായി പരാതി

0

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന് പരാതി. കക്കോടി സ്വദേശി സജ്‌ന (60)യുടെ ശസ്ത്രക്രിയയിലാണ് ഗുരുതര വീഴ്ച. രോഗിയുടെ ഇടത് കാലിന് പകരം വലത് കാലിന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ നടത്തിയത് നാഷണൽ ഹോസ്പിറ്റലിലെ ഓര്‍ത്തോവിഭാഗം മേധാവി ഡോ.ബഹിര്‍ഷായാണ്. വലതുകാലിന് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും സജ്‌ന പറഞ്ഞു. സംഭവത്തില്‍ ആരോഗ്യമന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നല്‍കുമെന്ന് അവരുടെ മകള്‍ ഷിംന പ്രതികരിച്ചു.

പരുക്കേറ്റ ഇടതു കാലിന് ചികിത്സ തേടി, വലതു കാലിന് സർജറി

ഒരു വര്‍ഷം മുന്‍പ് വാതിലില്‍ കുടുങ്ങിയാണ് സജ്‌നയുടെ ഇടത് കാലിൻ്റെ ഞെരമ്പിന് പരുക്കേറ്റത്. ശസ്ത്രക്രിയ വേണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഇടത് കാലിന്റെ പരിശോധന പൂര്‍ത്തിയാക്കി ഇന്നലെ അനസ്‌തേഷ്യ നല്‍കി. ബോധം തെളിഞ്ഞപ്പോഴാണ് കാലുമാറിയ കാര്യം സജ്‌ന അറിയുന്നത്. വീഴ്ച പറ്റിയെന്ന് ഡോക്ടര്‍ സമ്മതിച്ചെന്നും സജ്‌നയുടെ മകള്‍ പറയുന്നു.

എന്നാല്‍ വലത് കാലിന് ഭാഗികമായി തകരാറുണ്ടായിരുന്നുവെന്നാണ് ഇതിനു ശേഷം ഡോക്ടറുടെ വിശദീകരണം. ചെറിയ പ്രശ്‌നം ആദ്യം പരിഹരിച്ച ശേഷം രണ്ടാമത് ഇടത് കാലിലെ വലിയ പ്രശ്‌നം പരിഹരിക്കാമെന്ന് കരുതിയെന്ന് ഡോക്ടര്‍ അവകാശപ്പെട്ടു. കുടുംബത്തോട് കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നും അവര്‍ക്ക് മനസിലാകാത്തതാണെന്നും ആരോപിക്കയും ചെയ്തു.

പശുക്കടത്തിൻ്റെ പേരിൽ യുവാക്കളെ ചുട്ടു കൊന്ന കേസിൽ അറസ്റ്റിന് എത്തിയ രാജസ്ഥാൻ പൊലീസിന് എതിരെ ഹരിയാന പൊലീസ് കേസ്

0

ഹരിയാനയിൽ പശുക്കടത്താരോപിച്ച്‌ രണ്ട്‌ യുവാക്കളെ ചുട്ടുകൊന്ന സംഭവം സംസ്ഥാന പൊലീസ്‌ സേനകളുടെ ഏറ്റുമുട്ടലിലേയ്‌ക്കും വഴിമാറി. കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാൻ പൊലീസും ബിജെപി ഭരിക്കുന്ന ഹരിയാന പൊലീസുമാണ്‌ ഏറ്റുമുട്ടുന്നത്‌. കേസിലെ പ്രതി ശ്രീകാന്ത്‌ പണ്ഡിറ്റിന്റെ വീട്ടിൽ രാത്രി പരിശോധനയ്‌ക്കെത്തിയ രാജസ്ഥാൻ  സംഘം പ്രതിയുടെ ഗർഭിണിയായ ഭാര്യയുടെ വയറ്റിൽ ചവിട്ടിയെന്നും കുഞ്ഞ്‌ മരിച്ചുവെന്നും പരാതിപ്പെട്ട് നൽകിയ പരാതിയിൽ 40 രാജസ്ഥാൻ ഉദ്യോഗസ്ഥർക്കെതിരെ നൂഹ്‌ പൊലീസ്‌ ഗുരുതര വകുപ്പുകൾ ചേർത്ത്‌ കേസടെുത്തു.

ഭാര്യയോടും അമ്മയോടും മോശമായി  ഇവർ പെരുമാറിയെന്നും പരാതിയിൽ പറയുന്നു.  മുഖ്യപ്രതിയും ബജ്‌റംഗ്‌ദൾ നേതാവുമായ മോനു മനേസറിന്റെ കൂട്ടാളിയാണ്‌ ശ്രീകാന്ത്‌ പണ്ഡിറ്റ്‌.ഇയാളുടെ മറ്റ്‌ രണ്ട്‌ സഹോദരന്മാരെയും റെയ്‌ഡിൽ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

അടിവയറ്റിൽ ചവിട്ടേറ്റ ശ്രീകാന്തിന്റെ ഭാര്യ ആശുപത്രിയിൽ കുഞ്ഞിന്‌ ജന്മം നൽകിയെങ്കിലും മരിച്ചു എന്നാണ്‌ പരാതി. ആയുധങ്ങളുമായി കലാപാന്തരീക്ഷം സൃഷ്‌ടിക്കുക, ഗർഭസ്ഥ ശിശുവിന്റെ മരണം, ഭവനഭേദനം തുടങ്ങിയ വകുപ്പുകൾ ചേർത്താണ്‌ നൂഹ്‌ പൊലീസിന്റെ എഫ്‌ഐആർ. പരാതി ലഭിച്ചപ്പോൾ തന്നെ കേസടെുത്തുവെന്നും ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത്‌ പരിശോധനയ്‌ക്ക്‌ അയച്ചുവെന്നും നൂഹ്‌ എസ്‌പി വരുൺ സിഗ്ല പറഞ്ഞു.

പ്രതിയുടെ കുടുംബത്തിന്റെ ആരോപണം രാജസ്ഥാൻ ഡിജിപി ഉമേഷ്‌ മിശ്ര തള്ളി. രാജസ്ഥാൻ പൊലീസിനൊപ്പം ഹരിയാന പൊലീസും ഉണ്ടായിരുന്നുവെന്നും ഒരു മനുഷ്യാവകാശ ലംഘനവും പരിശോധനയിൽ നടന്നിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.

യുവാക്കളെ ചുട്ടെരിച്ച  ഗോ സംരക്ഷണക്കാരുടെ കാർ  ഹരിയാനയിൽ നിന്ന്‌ കണ്ടെത്തിയെന്നും  മിശ്ര വ്യക്തമാക്കി. ഹരിയാന പൊലീസും മോനു മനേസറിന്റെ സംഘവും ചേർന്നാണ്‌ കൊല്ലപ്പെട്ട ജുനൈദ്‌, നസീർ എന്നിവരെ വഴിയിൽ തടഞ്ഞ്‌ തട്ടിക്കൊണ്ട്‌ പോയതെന്നും മർദ്ദിച്ച്‌ കൊന്ന ശേഷം മനേസറും കൂട്ടാളികളും ഇരുവരെയും ഹാരുവിൽ വെച്ച്‌ ചുട്ടുകരിക്കുകയായിരുന്നുവെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. ഗോരക്ഷ സേനകളുമായി ഹരിയാന പൊലീസിൻ്റെ വഴിവിട്ട ബന്ധം നേരത്തെ ആരോപണ വിധേയമായിരുന്നു.