കരൾ രോഗിക്ക് ഹൃദയ ചികിത്സയ്ക്ക് സഹായം; ഒരേ ഡോക്ടർ നൽകിയത് 1500 സർട്ടിഫിക്കറ്റ്, ദുരിതാശ്വാസ നിധിയിൽ ഞെട്ടിക്കുന്ന വെട്ടിപ്പ്

0

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റവന്യു വകുപ്പിൽ കയറി ഇറങ്ങുന്ന ഏജൻ്റുമാരും ഉദ്യോഗസ്ഥരും ചേർന്ന് കൂട്ടമായി തട്ടിപ്പ് നടത്തിയതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. സിഎംഡിആര്‍എഫില്‍ നിന്ന് അനർഹർക്ക് സഹായം വാങ്ങിച്ച് നൽകിയതായി ലിസ്റ്റുകൾ തന്നെ ലഭിച്ചു.

എറണാകുളം ജില്ലയില്‍ സമ്പന്നരായ വിദേശമലയാളികള്‍ക്ക് ചികിത്സാസഹായം അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശിയായ ഒരു ഏജന്‍റ് നൽകിയ 16 അപേക്ഷയിൽ സഹായം അനുവദിച്ചു. കരൾ രോഗിക്ക് ഹൃദ്രോഗിയാണെന്ന സർട്ടിഫിക്കറ്റ് കാണിച്ച് വരെ ചികിത്സാ സഹായം നൽകി.

കൊല്ലത്ത് പരിശോധിച്ച 20 അപേക്ഷയില്‍ 13 മെഡിക്കൽ സർട്ടിഫിക്കറ്റും നൽകിയത് ഒരു എല്ലുരോഗ വിദഗ്ധനാണ്. പുനലൂർ താലൂക്കിലെ ഒരു ഡോക്ടർ 1500 സർട്ടിഫിക്കറ്റ് നൽകി. ഒരു കുടുംബത്തിലെ നാലു‌പേരുടെ പേരിൽ രണ്ട് ഘട്ടമായി സർട്ടിഫിക്കറ്റ് നൽകി ചികിത്സയ്ക്കായി പണം വാങ്ങിയെന്നും കണ്ടെത്തി.

സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവർക്ക് നൽകുന്ന ചികിത്സാ സഹായം വ്യാജ രേഖകളും, സർട്ടിഫിക്കറ്റുകളും ഹാജരാക്കി സംസ്ഥാന വ്യാപകമായി പണം തട്ടുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എറണാകുളം കലക്ട്രേറ്റിൽ നടത്തിയ പരിശോധനയിലാണ് സമ്പന്നനായ പ്രവാസി മൂന്നു ലക്ഷം രൂപ വാങ്ങിയതായി കണ്ടെത്തിയത്

തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ മതിയായ രേഖകളില്ലാതെ സമർപ്പിച്ച അപേക്ഷകളിലും പണം നൽകിയിട്ടുണ്ട്.മലപ്പുറം ജില്ലയിൽ തുക രേഖപ്പെടുത്താത്ത സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പണം നൽകി. തുകയ്ക്കായി സമർപ്പിച്ച പല സർട്ടിഫിക്കറ്റുകളും വ്യാജമാണെന്നതിനുള്ള തെളിവും കിട്ടിയിട്ടുണ്ട്. കോട്ടയം മുണ്ടക്കയം സ്വദേശി കോട്ടയം, ഇടുക്കി കലക്ട്രേറ്റുകളിൽ നിന്നും വ്യത്യസ്ത അസുഖം കാണിച്ച് പണം തട്ടിയെടുത്തു. ഇടുക്കിയിൽ രോഗം തിരുത്തിയും പണം നേടിയെടുത്തു. ഓപ്പറേഷൻ സി.എം.ഡി.ആർ.എഫ് എന്ന പേരിലായിരുന്നു വിജിലൻസ് പരിശോധന. 

നർത്തകിയും ഗുരുവുമായ കനക് റെലെ അന്തരിച്ചു

0

പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകിയും രംഗ കലാ പണ്ഡിതയുമായ പത്മഭൂഷണ്‍ ഡോ. കനക് റെലെ (85) അന്തരിച്ചു. മോഹിനിയാട്ടത്തെ പുനരുജ്ജീവിപ്പിക്കുന്നതിലും ജനകീയമാക്കുന്നതിലും കനക് റെലെ വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്. എട്ടുപതിറ്റാണ്ടുകാലം നൃത്തമേഖലയില്‍ സജീവമായിരുന്നു.

പത്മഭൂഷണുപുറമേ ഗുജറാത്ത് സര്‍ക്കാറിന്റെ ഗൗരവ് പുരസ്‌കാര്‍, കലാവിപഞ്ചി പുരസ്‌കാരം, മധ്യപ്രദേശ് സര്‍ക്കാറിന്റെ കാളിദാസസമ്മാനം, സംഗീതനാടക അക്കാദമി അവാര്‍ഡ്, പദ്മശ്രീ, എം.എസ് സുബ്ബലക്ഷ്മി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായിട്ടുണ്ട്. മോഹിനിയാട്ടം; ദ ലിറിക്കല്‍ ഡാന്‍സ്, ഭാവനിരൂപണ, എ ഹാന്‍ഡ്ബുക്ക് ഓഫ് ഇന്ത്യന്‍ ഡാന്‍സ് ടെര്‍മിനോളജി എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചു.

1937-ല്‍ ഗുജറാത്തില്‍ ജനിച്ച കനക് റെലെയുടെ ബാല്യകാലം കൊല്‍ക്കത്തയിലെ ശാന്തിനികേതനിലായിരുന്നു. അവിടെയാണ് കേരളീയ കലകളായ കഥകളിയും മോഹിനിയാട്ടവും കനക് റെലെയെ ആകര്‍ഷിക്കുന്നത്. പ്രതിഭയെ നിര്‍ണയിക്കുന്നതില്‍ കഥകളിയും മോഹിനിയാട്ടവും നൽകിയ സൌന്ദര്യ സ്വാധീനം അവർ വ്യക്തമാക്കിയിരുന്നു.

മുംബെയിലെ ഗവ. ലോ കോളേജില്‍ നിന്നും നിയമബിരുദവും മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നാഷണല്‍ ലോയില്‍ പിജി ഡിപ്ലോമയും നേടിയ റെലെ നൃത്ത രംഗത്ത് തന്നെ തുടർന്നു. മുംബെയില്‍ സ്ഥിരതാമസമാക്കിക്കൊണ്ട് നളന്ദ നൃത്തകലാ വിദ്യാലയം തുടങ്ങി. ഇതിനിടെ മുംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റ് നേടി.

ഏഴാം വയസ്സില്‍ ഗുരു കരുണാകരപ്പണിക്കരുടെ കീഴിൽ റെലെ കഥകളി അഭ്യസനം ആരംഭിച്ചിരുന്നു. കലാമണ്ഡലം രാജലക്ഷ്മിയുടെ കീഴില്‍ മോഹിനിയാട്ടവും പരിശീലിച്ചു. സംഗീത നാടക അക്കാദമിയുടെ ഗ്രാന്റോടെയായിരുന്നു പഠനം. മോഹിനിയാട്ടത്തിലെ ആദ്യഗുരുക്കന്മാരായ കുഞ്ചുക്കുട്ടിയമ്മ, ചിന്നമ്മുവമ്മ, കല്യാണിക്കുട്ടിയമ്മ എന്നിവരുടെ ശൈലികള്‍ പഠിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. നൃത്ത രംഗത്തെ തുടർന്ന് സ്വന്തമായ ശൈലി രൂപപ്പെടുത്തി. കൊറിയോ ഗ്രഫിയിൽ അതുല്യ പ്രതിഭാശാലിയായിരുന്നു.

യതീന്ദ്ര റെലെ ആണ് ഭര്‍ത്താവ്. രാഹുല്‍ ഏകമകനാണ്.

വസ്തുതാപരമല്ലാത്ത ഊതിവീർപ്പിക്കലുകൾക്ക് പ്രത്യേക സംഘം, അദാനി “തള്ളൽ” വെളിപ്പെടുത്തി വിക്കിപീഡിയ

0

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ ഗൗതം അദാനിയുടെ വ്യാജ നിർമ്മിതി പുറത്ത് പറഞ്ഞ് വിക്കിപീഡിയ. അദാനി ഗ്രൂപ്പിൻ്റെ കച്ചവടവും വ്യവസായ ബന്ധങ്ങളും മറ്റുമായി ബന്ധപ്പെട്ട വിക്കിപീഡിയ ലേഖനങ്ങളില്‍ വ്യാജ സ്തുതികൾ ചേർത്തു. അദാനി ഗ്രൂപ്പിലെ ജീവനക്കാരുടെ സംഘം തന്നെ ഇതിനായി പ്രവർത്തിച്ചു. വസ്തുതാപരമല്ലാത്ത വിവരങ്ങള്‍ ഉള്‍പ്പെടുത്തി തിരുത്തല്‍ വരുത്തുകയായിരുന്നു എന്നാണ് വിക്കിപീഡിയ കണ്ടെത്തൽ

പ്രചാരവേല ലക്ഷ്യമിട്ടുള്ളതും വസ്തുതാപരമല്ലാത്തതുമായ പ്രവൃത്തി, വിക്കിപീഡിയ ലേഖനങ്ങളുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായെന്ന് ഏറെക്കുറേ ഉറപ്പാണെന്ന് വിക്കിമീഡിയ മൂവ്‌മെൻ്റ് ഓണ്‍ലൈന്‍ ന്യൂസ്‌പേപ്പറായ ദ സൈന്‍പോസ്റ്റിലെ ലേഖനത്തില്‍ വെളിപ്പെടുത്തുന്നു.

വ്യാജ ഐ.ഡിക്കാരും കൂലിയെഴുത്തുകാരുമായ നാല്‍പ്പതിലധികം പേര്‍ അദാനി കുടുംബവുമായും ബിസിനസുമായും ബന്ധപ്പെട്ട ഒന്‍പതു ലേഖനങ്ങള്‍ സൃഷ്ടിക്കുകയോ തിരുത്തുകയോ ചെയ്തിട്ടുണ്ടെന്നാണ് സൈന്‍പോസ്റ്റ് കൃത്യമായി പറയുന്നത്.

ലേഖനങ്ങള്‍ എഡിറ്റ് ചെയ്യുകയും അതില്‍ വസ്തുതാപരമല്ലാത്ത വിവരങ്ങളോ വ്യാജസ്തുതികളോ കൂട്ടിച്ചേര്‍ത്തിരുന്നു. ഇങ്ങനെ ചെയ്ത നാല്‍പ്പതിലധികംപേരെ വിക്കിപീഡിയ പിന്നീട് നിരോധിക്കുകയോ വിലക്കുകയോ ചെയ്തിട്ടുണ്ട് എന്നും വെളിപ്പെടുത്തുന്നു.

കമ്പനി ഐ.പി. വിലാസത്തില്‍നിന്നുള്ള ഒരാള്‍ അദാനി ഗ്രൂപ്പിന്റെ ലേഖനം ആകെ മാറ്റിയെഴുതിയെന്നും സൈന്‍പോസ്റ്റ് ലേഖനം പറയുന്നു. ഗൗതം അദാനിയെ കുറിച്ചുള്ള ലേഖനം, വ്യാജ അക്കൗണ്ടുകാരായ 25 പേര്‍ എഡിറ്റ് ചെയ്തു. ഇതോടൊപ്പം അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ലേഖനത്തില്‍ 22 പേര്‍ തെറ്റായ വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തുവെന്നുമാണ് സൈന്‍പോസ്റ്റ് പറയുന്നത്‌.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ അദാനി ഗ്രൂപ്പ് വലിയ തിരിച്ചടിയാണ് ഓഹരിവിപണിയില്‍ നേരിടുന്നത്.

ലെഫ്.ഗവർണർ വഴി വോട്ട് തിരുകി കയറ്റാനുള്ള ശ്രമം കോടതി തടഞ്ഞു, ഡൽഹിക്ക് വനിതാ മേയർ

എഎപിയുടെ ഷെല്ലി ഒബ്രോയിയെ പുതിയ ഡല്‍ഹി മേയറായി തിരഞ്ഞെടുത്തു. ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി രേഖ ഗുപ്തയ്‌ക്കെതിരേ 34 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്‌ ഡല്‍ഹിയുടെ ആദ്യ വനിതാ മേയറായി ഷെല്ലി ഒബ്രോയ് തിരഞ്ഞെടുക്കപ്പെട്ടത്.

ഷെല്ലി ഒബ്‌റോയ്ക്ക് 150 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി രേഖ ഗുപ്തക്ക് 116 വോട്ടുകളാണ് ലഭിച്ചത്.

മേയറായി തെരഞ്ഞെടുക്കപ്പെട്ട ഷെല്ലി ഒബ്‌റോയ്‌യെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അഭിനന്ദിച്ചു. ‘ഗുണ്ടകള്‍ തോറ്റു, ജനം വിജയിച്ചു’ എന്ന് അദ്ദേഹം പറഞ്ഞു. കോര്‍പ്പറേഷനിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാനാവില്ല എന്ന സുപ്രീം കോടതി വിധി വന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് തെരഞ്ഞെടുപ്പ് നടന്നത്. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളെ ഒപ്പം നിര്‍ത്തി മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നായിരുന്നു ബിജെപി പദ്ധതി. എന്നാല്‍ ഈ പദ്ധതി കോടതിവിധിയോടെ പരാജയപ്പെടുകയായിരുന്നു.

ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഡിസംബറില്‍ നടന്നിരുന്നെങ്കിലും ബിജെപി നീക്കങ്ങൾക്ക് എതിരായ പ്രതിഷേധം മൂലം മൂന്നു തവണ മാറ്റിവെക്കേണ്ടിവന്നിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി നിര്‍ദേശപ്രകാരം ലെഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേന തിരഞ്ഞെടുപ്പിനായി ബുധനാഴ്ച സഭായോഗം വിളിക്കുകയായിരുന്നു.

പത്ത് പേരെ നാമനിർദ്ദേശം ചെയ്തു, അവർക്ക് വോട്ടും പ്രഥമ പരിഗണനയും

കോര്‍പ്പറേഷനിലേക്ക് ലെഫ്. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത ബി.ജെ.പിക്കാരായ പത്ത് അംഗങ്ങളുടെ പേരിലാണ് മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കലഹം ആരംഭിച്ചത്. ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായ ജനവിധി അട്ടിമറിക്കാന്‍ കൃത്യമായ രാഷ്ട്രീയ നീക്കമായി ഇത് മാറി. 250 വാര്‍ഡില്‍ ആപ് 134 വാര്‍ഡിലും ബി.ജെ.പി. 104 സീറ്റിലുമായിരുന്നു ജയിച്ചത്. കോണ്‍ഗ്രസിന് ഒമ്പത് സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.

ഡിസംബറില്‍ തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരുമാസത്തിനുശേഷം ജനുവരി ആറിനായിരുന്നു ആദ്യത്തെ കൗണ്‍സില്‍ യോഗംചേര്‍ന്നത്. എന്നാല്‍ നാമനിര്‍ദേശം ചെയ്യുപ്പെട്ട അംഗങ്ങളെ ആദ്യംതന്നെ സത്യപ്രതിജ്ഞചെയ്യാന്‍ വിളിച്ചതോടെ പ്രതിഷേധം കനത്തു. സഭ പിരിയുകയും ചെയ്തു. ജനുവരി 24-നു ചേര്‍ന്ന രണ്ടാംയോഗവും ബഹളത്തില്‍ കലാശിച്ചു.

അട്ടിമറിക്കാൻ അവസാന നിമിഷം വരെ ശ്രമം, അവസാനം സുപ്രീം കോടതി വിധിച്ചു

ഈമാസമാദ്യം ചേര്‍ന്ന മൂന്നാം യോഗത്തില്‍, നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ടായിരിക്കുമെന്ന് ബി.ജെ.പി. അംഗം കൂടിയായ വരണാധികാരി സത്യ ശര്‍മ പ്രഖ്യാപിച്ചു. വരണാധികാരിയെ നിയമച്ചതും വിചിത്രമായിരുന്നു. നിലവിലെ വരണാധികാരിയുടെ അധ്യക്ഷതയില്‍തന്നെ തിരഞ്ഞെടുപ്പുകള്‍ തുടര്‍ച്ചയായി നടത്തുന്ന നീക്കം എന്തിനെന്ന് ബി ജെ പി ഇതര കക്ഷികൾ തുറന്നു കാട്ടി. തുടർന്ന് ആം ആദ്മി പാര്‍ട്ടി സുപ്രീം കോടതിയെ സമീപിക്കയായിരുന്നു.

കഴിഞ്ഞദിവസം ഹര്‍ജിപരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ക്ക് വോട്ടവകാശമുണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കി. ആദ്യം മേയര്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും പിന്നീട് മേയറുടെ അധ്യക്ഷതയില്‍ വേണം ബാക്കി തിരഞ്ഞെടുപ്പുകളെന്നും കോടതി ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് വൈകരുതെന്ന കോടതി നിര്‍ദേശത്തിനു പിന്നാലെയാണ് സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം ബുധനാഴ്ച മേയര്‍ തിരഞ്ഞെടുപ്പ് നിശ്ചയിച്ച് ലെഫ്. ഗവര്‍ണറുടെ വിജ്ഞാപനം വന്നത്.

ഡല്‍ഹി ഈസ്റ്റ് പട്ടേല്‍ നഗര്‍ വാര്‍ഡില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഷെല്ലി ഒബ്‌റോയി ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. 2013 മുതല്‍ എഎപിയില്‍ പ്രവര്‍ത്തിക്കുന്ന ഷെല്ലിയുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയമായിരുന്നു ഇത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടാൻ ഇടനില ഉദ്യോഗസ്ഥ കൂട്ട്കെട്ട്; കളക്ടറേറ്റുകളിൽ മിന്നിൽ പരിശോധനയുമായ് വിജിലൻസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വ്യാജരേകളുണ്ടാക്കി തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തി വിജിലൻസ്. അവിഹിതമായ കൂട്ടുകെട്ട് ദുരിതാശ്വാസ രംഗത്തേക്കും പടർന്നു. അന്വേഷണത്തിന്റെ ഭാഗമായി ഓപ്പറേഷൻ സിഎംആർഡിഎഫ് എന്ന പേരിൽ സംസ്ഥാന വ്യാപകമായി കളക്ടറേറ്റുകളിൽ വിജിലൻസ് മിന്നൽ പരിശോധന തുടങ്ങി.

ഏജന്റുമാർ മുഖേനെയാണ് വ്യാജ രേഖകൾ ഹാജരാക്കി പണം തട്ടുന്നത്. ഇതിന് കളക്ടറേറ്റിലെ ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നതായാണ് കണ്ടെത്തൽ. റവന്യൂ വകുപ്പിലെ ഏജൻസികൾ അഴിമതിയുടെ വലിയ മറയായും ദല്ലാൾ മാഫിയായും വളരുന്ന സാഹചര്യത്തിലാണ് ഞെട്ടിക്കുന്ന പുതിയ കണ്ടെത്തൽ.

ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം ലഭിക്കുന്നതിനായി കളക്ടറേറ്റുകൾ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സഹായം ആവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് സംസ്ഥാന വ്യാപകമായി ഓരോ കളക്ടറേറ്റുകളിലും ലഭിക്കാറുള്ളത്. ഈ അപേക്ഷകൾ  ഉദ്യോഗസ്ഥർ പരിശോധിച്ച് അർഹരെ കണ്ടെത്തിയ ശേഷം സെക്രട്ടറിയേറ്റിലേക്ക് അയക്കും. തുടർന്ന് പണം അക്കൌണ്ടിലേക്ക് വരും. കാലങ്ങളായി തുടരുന്ന ഈ രീതിയിലാണ് അഴിമതി കണ്ടെത്തിയത്. അഴിമതി സംഘങ്ങളാണ് പണം തട്ടുന്നത്.

സിഎംആർഡിഎഫ് കൈകാര്യം ചെയ്യുന്ന കളക്ടറേറ്റിലെ ഉദ്യേഗസ്ഥർ, ഏജന്റുമാരുമായി ചേർന്ന് പണം വാങ്ങി വ്യാജ വരുമാന സർട്ടിഫിക്കറ്റുകളടക്കം നൽകി പണം തട്ടുന്നുവെന്നാണ് വിവരം. അനർഹരായ ആളുകളുടെ പേരിൽ അപേക്ഷ സമർപ്പിക്കുന്നതാണ് തട്ടിപ്പ് രീതി. വ്യാജ രേഖകൾ ഉണ്ടാക്കും. ഫോൺ നമ്പറുകളും ബാങ്ക് അക്കൌണ്ട് രേഖകളും ഏജന്റുകളുടേതാകും. പണം ലഭിച്ച ശേഷം ഒരു വിഹിതം തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും അപേക്ഷ സമർപ്പിച്ച വ്യക്തിക്കും നൽകും. രാവിലെ 11 മണിക്കാണ് വിജിലൻസ് പരിശോധന തുടങ്ങിയത്.

സുബി സുരേഷ് യാത്രയായത് കെപിഎസി ലളിത വിടവാങ്ങിയ അതേ ദിനത്തിൽ

0

 പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കരൾ രോഗത്തെ തുടർന്നാണ് മരണം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി കേരളത്തില്‍ പരിചിതമായ മുഖമാകുന്നത്.

മലയാളത്തിൻ്റെ പ്രിയ നടി കെ പി എ സി ലളിത വിട പറഞ്ഞ് ഒരാണ്ട് തികയുന്ന അതേ ദിവസമാണ് സുബിയും യാത്രയാവുന്നത്. ഇരുവരുടെയും അഭിനയ ജീവിത യാത്രയിൽ സമാനതകൾ ഏറെയാണ്. സാധ്യകളിലേക്ക് വളരാൻ പക്ഷെ സുബി കാത്തു നിന്നില്ല.

മിമിക്സ് മിമിക്രി രംഗത്ത് സ്ത്രീകള്‍ അധികം സാന്നിധ്യമാല്ലാത്ത കാലത്ത് ജനപ്രിയ കോമഡി പരിപാടിയിലെ മുഖമാണ് സുബി. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടി വളരെ ജനപ്രിയമായിരുന്നു. ഇതോടെ അവർ ജനഹൃദയങ്ങളിൽ ഇടം നേടി. സ്റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. അടുത്തകാലത്തായി യൂട്യൂബില്‍ അടക്കം സജീവമായിരുന്നു സുബി.കൊറോണ കാലത്തിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. 

സ്‌കൂള്‍ പഠനകാലത്ത് ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് കലാരംഗത്തേക്ക് എത്തിയത്.   വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളില്‍ കോമഡി സ്‌കിറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കൊച്ചിൻ കലാഭവൻ ട്രൂപ്പിലും തിളങ്ങി. ടൈമിങ്ങും ഡയലോഗുകളുടെ തനതായ ശൈലിയും പെട്ടെന്ന് സ്ക്രീനിലേക്ക് എത്തിച്ചു.

രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. സ്റ്റാൻഡപ് കൊമേഡിയൻ എന്ന നിലയിലേക്ക് വളർന്ന് ഉയരങ്ങൾ കീഴടക്കുന്ന ഘട്ടമായിരുന്നു.

എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ എന്നിവയുള്‍പ്പെടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചു. 

കരള്‍ മാറ്റ ശസ്ത്രക്രിയ ആവശ്യമാണെന്ന് കണ്ടതിനെ തുടര്‍ന്ന് സുബിക്ക് വേണ്ടി അതിനുള്ള ഒരുക്കങ്ങള്‍ ചെയ്യുന്നതിനിടെയാണ് മരണം സംഭവിച്ചത്.എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബി ജനിച്ചത്.  തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെ രേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം.അച്ഛന്‍: സുരേഷ്, അമ്മ:  അംബിക, സഹോദരന്‍ : എബി സുരേഷ്.

വിദ്യാർഥികളെ വിലവീശാൻ ലഹരി സംഘങ്ങൾ, ബോധവൽക്കരണ പ്രഹസനവും ഒത്തു തീർപ്പും വളമാവുന്നു

മൂന്നു മാസത്തിനിടെ രണ്ട് വിദ്യാലയങ്ങളിലെ കുട്ടികള്‍ ലഹരിക്കടത്ത് സംഘത്തിന്‍റെ വലയിൽപ്പെട്ടു. കുട്ടികൾ തന്നെ സാന്ദർഭികമായി വെളിപ്പെടുത്തിയാണ് കേസ് പുറത്ത് വന്നിരിക്കുന്നത്. അഴിയൂരില്‍ എട്ടാം ക്ലാസുകാരിയാണ് കെണിയില്‍ പെട്ടതെങ്കില്‍ കുറ്റിക്കാട്ടൂരില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് അനുഭവം തുറന്ന് പറ‍ഞ്ഞത്. സ്കൂള്‍ അധികൃതരുടെയും പൊലീസിന്‍റെയും വീഴ്ച രണ്ടിടത്തും ലഹരി സംഘത്തിന് പ്രോത്സാഹനമായി എന്നും വ്യക്തമാവുന്നു.

ഡിസംബര്‍ അഞ്ചിനാണ് വടകര അഴിയൂര്‍ സ്വദേശിയായ എട്ടാം ക്ലാസുകാരി കേരളത്തെ ഞെട്ടിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച കുറ്റിക്കാട്ടൂര്‍ സ്വദേശിയായ ഒമ്പതാം ക്ലാസുകാരിയും സമാനമായ തുറന്നുപറച്ചില്‍ നടത്തി. ലഹരിക്കെതിരേ കേരളം നടത്തിയെന്നാവകാശപ്പെടുന്ന സകല മുന്നേറ്റങ്ങളെയും ചോദ്യം ചെയ്യുന്നതാണ് ഈ രണ്ട് സംഭവങ്ങളും. ബോധവൽക്കരണ നാടകങ്ങളിൽ തീരുകയാണ് പൊതു സമൂഹത്തിൻ്റെയും അധികാരികളുടെയും ജാഗ്രത.

ഈ രണ്ടു കേസുകളിലും പൊലീസ് എക്സൈസ് സംഘങ്ങൾ ഫലപ്രദമായി ഇടപെട്ടിരുന്നു എങ്കിൽ വേരോടെ പിഴുതെറിയാൻ കഴിയുന്നതാണ്. കുറ്റാന്വേഷണത്തിൽ ഏറ്റവും മികച്ച സേനയാണ് കേരളത്തിനുള്ളത്. എന്നിട്ടും പലവിധ പരിഗണനകളിലും ഒത്തു തീർപ്പുകളിലും കേസ് ഇഴയുന്നു. ഇത് വളർന്നു വരുന്ന മയക്കു മരുന്ന് മാഫിയ സംഘങ്ങൾക്ക് വളമാവുന്നു.

പൊലീസും അധികൃതരും എന്തു ചെയ്യുകയാണ്, സർക്കാർ ഇടപെടൽ ഇല്ലാതെ പോകുന്നത് എന്ത്

ഈ ചെറുപ്രായത്തില്‍ ലഹരിസംഘങ്ങളുടെ കെണിയിലെങ്ങനെ പെട്ടു, എംഡിഎംഎ എന്ന രാസ ലഹരിക്കെങ്ങനെ അടിമകളായി, ഒടുവില്‍ ഇതേ ലഹരിയുടെ കാരിയര്‍മാറായി എങ്ങനെ മാറി തുടങ്ങിയ കാര്യങ്ങളാണ് ഇരുവരും വെളിപ്പെടുത്തിയത്. സമാനത ഇവിടെ തീരുന്നില്ല. സംഭവം അറിഞ്ഞ ശേഷം സ്കൂള്‍ അധികൃതരും പൊലീസും നടത്തിയ പ്രതികരണത്തിലുമുണ്ട് സാമ്യത. അഴിയൂരിലെ പെണ്‍കുട്ടി കള്ളം പറയുന്നു എന്ന് സ്ഥാപിക്കാനായിരുന്നു പൊലീസിന്‍റെ ആദ്യ മുതലേ ഉളള ശ്രമം.

ഡിസംബര്‍ രണ്ടിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കാനോ ലഹരിസംഘത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനോ പൊലീസ് തയ്യാറായില്ല. നിയമസഭയിലടക്കം വിഷയം ചര്‍ച്ചയായതോടെയാണ് പേരിനെങ്കിലും ഒരന്വേഷണത്തിന് പൊലീസ് തയ്യാറായത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കൂടുതല്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണിപ്പോള്‍.

കുറ്റിക്കാട്ടൂരിലെ പെണ്‍കുട്ടി ലഹരി സംഘത്തിന്‍റെ വലയില്‍ പെട്ട കാര്യം രണ്ട് മാസം മുമ്പ് തന്നെ വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. നശിപ്പിച്ചു കളയാനാണ് നിർദ്ദേശം ലഭിച്ചത് എന്ന് കുടുംബം തന്നെ പറയുന്നു.

ഒടുവില്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയച്ച ശേഷമാണ് പൊലീസ് അന്വേഷണത്തിന് തയ്യാറായത്. ശരീരത്തില്‍ രാസലഹരിയുടെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ യഥാസമയം വൈദ്യ പരിശോധന നടത്തേണ്ടത് ആവശ്യമാണ്. എന്നാല്‍ ഈ രണ്ടിടത്തും പൊലീസിന്‍റെ ഉദാസീനത മൂലം നടപടികള്‍ വൈകി. സംശയിച്ചും ഉപദേശിച്ചും വിലപ്പെട്ട സമയം പൊലീസും സ്കൂള്‍ അധികൃതരും പാഴാക്കിയതിന്‍റെ നേട്ടം കിട്ടിയതാകട്ടെ ഒരു തലമുറയെയാകെ വിനാശത്തിലേക്ക് നയിക്കുന്ന ലഹിര സംഘങ്ങള്‍ക്കാണ്. ഇവരെ മുളയിലെ നുള്ളിക്കളയേണ്ടതുണ്ട്. മാത്രമല്ല വേരോടെ പിഴുതെറിയുകയും ആവശ്യമാണ്. വിദ്യാർഥികളെ തൊട്ടാൽ വിവരമറിയും എന്ന് മാഫയകൾക്ക് താക്കീത് ലഭിക്കേണ്ടതുണ്ട്. വിദ്യാർഥി സംഘടനകളും ഇത്തരം കേസുകളിൽ അകലം പാലിക്കുന്ന വിചിത്ര സാഹചര്യമാണ്.

സ്റ്റുഡൻ്റ്സ് പൊലീസ് സംവിധാനവും തകർത്തുവോ

സറ്റുഡൻ്റ്സ് പൊലീസ് സംവിധാനം വിലപ്പെട്ട പല വിവരങ്ങളും പൊലീസിന് നൽകുന്നതായിരുന്നു. ഒരു ഘട്ടത്തിൽ കേരളത്തിലെ വ്യാജ മദ്യ നിർമ്മാണ വില്പന ലോബികൾ കുട്ടി പൊലീസിനെ ഭയന്നിരുന്നു. അവർക്ക് വിവരങ്ങൾ ലഭിക്കാൻ എളുപ്പമാണ്. ഇത് അത്രയും വേഗം പൊലിസിൽ എത്തുകയും ചെയ്തിരുന്നു.

കുട്ടികൾക്ക് ഇടയിൽ ഇത്തരം പ്രവണത വളരുന്നതിന് ബോധവൽക്കരണ റാലികളെക്കാൽ കുട്ടികൾക്ക് തന്നെ പരിശീലനം നൽകി തുടക്കത്തിലേ കണ്ടെത്താൻ കഴിയും. കമ്മ്യൂണിറ്റി പൊലീസിങ് എന്ന ചിന്തയുടെ തുടർച്ചയായി വളർന്നു വന്നതാണ് സ്റ്റുഡൻ്റ്സ് പൊലീസ്. എന്നാൽ ഇത് ക്രമേണ ട്രാഫിക് നിയന്ത്രണവും

ആകാശ് ബന്ധം, ഡി വൈ എഫ് ഐ സംസ്ഥാന നേതാവിനെതിരെ പാർട്ടി അന്വേഷണം

സ്വർണക്കടത്ത് സംഘത്തിൽ നിന്നും ലാഭവിഹിതമായി സ്വർണ്ണം കൈപ്പറ്റി, ആകാശ് തില്ലങ്കേരിക്ക് പാർട്ടി രഹസ്യങ്ങൾ ചോർത്തി നൽകുന്നു എന്നിങ്ങനെ പരാതികളിൽ ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.ഷാജറിനെതിരെ പാർട്ടി അന്വേഷണം. ആകാശും ഷാജറും സംസാരിക്കുന്ന ഓഡിയോ തെളിവ് സഹിതം ജില്ല കമ്മറ്റിയംഗം മനു തോമസ് നൽകിയ പരാതിയിലാണ് നടപടി. അന്വേഷണ ചുമതല ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രനാണ്. പരാതിക്കാരനിൽ നിന്ന് അന്വേഷണ കമ്മീഷൻ മൊഴിയെടുത്തിരുന്നു.

വെല്ലുവിളിയും താക്കീതും

ആകാശ് തില്ലങ്കേരിക്കെതിരെ ഞങ്ങൾ നിലപാട് വ്യക്തമാക്കിയെന്നും മാധ്യമങ്ങൾ ഇവിടെ ഈ വിഷയം അവസാനിപ്പിച്ചേക്കണം എന്നും താക്കീത് ചെയ്തായിരുന്നു തില്ലങ്കേരിയിലെ പൊതുയോഗത്തിൽ ഡിവൈഎഫ്ഐ യുവ നേതാവ് എം ഷാജറുടെ കത്തിക്കയറിയ പ്രസംഗം.

ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി അംഗവുമാണ്. കണ്ണൂരിലെ സ്വർണക്കടത്ത് സംഘളിൽ നിന്നും ലാഭവിഹിതമായി സ്വർണ്ണം കൈപ്പറ്റി, ആകാശ് തില്ലങ്കേരിയുമായി അടുത്തബന്ധം പുലർത്തുന്നു, പാർട്ടി ചർച്ചകൾ ആകാശിന് ചോർത്തിക്കൊടുക്കുന്നു എന്നിവയൊക്കെയാണ് ജില്ലാ കമ്മറ്റിയിൽ പരാതിയായി എത്തിയത്. ആകാശുമായി ഷാജർ സംസാരിക്കുന്ന വാട്സാപ് ഓ‍ഡിയോയുടെ പകർപ്പ് അടക്കമാണ് പരാതി നൽകിയത്. ഷാജർ ജില്ലാ സെക്രട്ടറിയായിരിക്കെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആയിരുന്ന മനു തോമസ്.

സ്വന്തമായി സൈബർ ക്വട്ടേഷൻ സംഘവും

ആകാശിന്റെ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തെ അമർച്ച ചെയ്യാൻ ഡിവൈഎഫ്ഐയിൽ മുൻകൈയെടുത്തയാൾ മനു തോമസായിരുന്നു. അതോടെ ആകാശും കൂട്ടാളികളും മനുവിനെതിരെ സൈബർ ആക്രമണം തുടങ്ങി. ഇതിന് പിന്നിൽ ചരടുവലിച്ചതും ഈ സംഘങ്ങളുമായി അടുപ്പം പുലർത്തുന്ന ഷാജറാണെന്ന് മനസിലായതോടെയാണ് കഴിഞ്ഞ വർഷം ആദ്യം മനു തോസ് ജില്ലാ നേതൃത്വത്തിന് തെളിവടക്കം പരാതി നൽകിയത് എന്നാണ് പുറത്തു വരുന്ന വിവരം

ആദ്യം പരാതി പൂഴ്ത്തി

ജില്ലാ നേതൃത്വം പരാതി പൂഴ്ത്തി. സംസ്ഥാന കമ്മറ്റി അംഗീകരിച്ച തെറ്റുതിരുത്തൽ രേഖ സംബന്ധിച്ച് എംവി ഗോവിന്ദൻ ഉൾപെടെ പങ്കെടുത്ത് കഴിഞ്ഞ മാസം നടത്തിയ ജില്ലാ കമ്മറ്റി ചർച്ചയിൽ മനു ഈ വിഷയം വീണ്ടും ഉന്നയിച്ചു. അതോടെയാണ് ഷാജറിനെതിരായ ഗുരുതര ആരോപണങ്ങൾ അന്വേഷിക്കാൻ ജില്ല സെക്രട്ടറിയേറ്റ് അംഗമായ എം സുരേന്ദ്രനെ അന്വേഷണ കമ്മീഷനായി നിയോഗിച്ചത്. ഷാജറിനായി സ്വർണ്ണം കൊണ്ടുവരാൻ ചെറുപുഴയിൽ പോയ പാർട്ടി ഓഫീസ് ഭാരവാഹിയിൽ നിന്നും പരാതിക്കാരൻ മനു തോമസിൽ നിന്നും എം സുരേന്ദ്രൻ വിശദമായ മൊഴി രേഖപ്പെടുത്തി എന്നാണ് വിവരം.

സാനിയ മിർസ ഇനി കളിക്കളത്തിലേക്ക് ഇല്ല

0

സാനിയ മിര്‍സയുടെ ഐതിഹാസിക ടെന്നിസ് കരിയറിന് വിരാമം. എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യയുടെ കരുത്തിന്‍റെ ജൈത്രയാത്രയ്‌ക്കാണ് ദുബായിയുടെ മണ്ണില്‍ വിരാമം പ്രഖ്യാപിച്ചത്. മുപ്പത്തിയാറാം വയസിലാണ് സാനിയ മിര്‍സ ടെന്നിസില്‍ നിന്ന് പടിയിറങ്ങുന്നത്.  

തന്‍റെ പ്രൊഫഷനല്‍ കരിയറിലെ അവസാന ടൂര്‍ണമെന്‍റായ ദുബായ് ഓപ്പണിന്‍റെ വനിതാ ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍ തന്നെ സാനിയ മിര്‍സ തോറ്റ് പുറത്തായി. ദുബായ് ഓപ്പണോടെ വിടവാങ്ങൽ പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ താരം മാഡിസൺ കീസിനൊപ്പമാണ് സാനിയ തന്‍റെ കരിയറിലെ അവസാന അങ്കത്തിന് കോർട്ടിലെത്തിയത്. എന്നാല്‍ റഷ്യയുടെ വെറോണിക്ക കൂഡർമെറ്റോവ-ലിയൂഡ്മില സാംസനോവ സഖ്യത്തോട് ഒരു മണിക്കൂര്‍ നേരം കൊണ്ട് സാനിയ സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍വി സമ്മതിച്ചു. സ്കോര്‍: 4-6, 0-6.

ഗ്രാന്‍ഡ്സ്ലാമില്‍ നിന്ന് കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണോടെ സാനിയ മിര്‍സ വിരമിച്ചിരുന്നു. ഹൈദരാബാദില്‍ ആറാം വയസില്‍ റാക്കറ്റ് വീശിത്തുടങ്ങിയ സാനിയ രാജ്യാന്തര വേദിയിലെത്തിയത് 2003ലാണ്. 2013ല്‍ സിംഗില്‍സ് മതിയാക്കി ഡബിള്‍സിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഡബിൾസിലും മിക്സഡ് ഡബിൾസിലുമായി ആറ് ഗ്ലാൻഡ്‌സ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള സാനിയ മിര്‍സ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ടെന്നിസ് താരമാണ്. ആറ് ഗ്ലാൻഡ്‌സ്ലാം ട്രോഫികള്‍ ഉള്‍പ്പടെ 43 മേജര്‍ കിരീടങ്ങള്‍ പേരിലാക്കി. അര്‍ജുന അവാര്‍ഡ്, പത്മശ്രീ, ഖേല്‍രത്‌ന അംഗീകാരങ്ങള്‍ നല്‍കി രാജ്യം സാനിയ മിര്‍സയെ ആദരിച്ചിരുന്നു. 

ടെന്നീസിൽ ഇന്ത്യയ്ക്ക് മേൽവിലാസം ഉണ്ടാക്കിയ കളിക്കാരിയാണ്. വനിതാ താരങ്ങൾ കുറവായിരുന്ന കാലത്ത് കരുത്തിൻ്റെയും അഴകുറ്റ കേളീ ശൈലിയുടെയും പ്രതീകമായി ഉയർന്നു.

ഗ്രാൻ്റ്സ്ലാമിൽ നിന്നും വിടവാങ്ങൽ പ്രഖ്യാപിച്ചത് കഴിഞ്ഞ മാസം

ഓസ്ട്രേലിയൻ ഓപ്പണ്‍ മിക്സഡ് ഡബിൾസ് ഫൈനലിൽ പരാജയപ്പെട്ട ശേഷം വേദിയിൽ വിടവാങ്ങൽ പ്രഖ്യാപിച്ചിരുന്നു. മെൽബണിലെ റോഡ് ലേവർ അരീനയിലെ ആരാധകർക്കു മുന്നിൽ സാനിയ മിർസ വികാരഭരിതമായാണ് അന്ന് സംസാരിച്ചത്. ഗ്രാൻഡ് സ്‍ലാമിൽ കരിയർ അവസാനിപ്പിക്കുന്നതിന് ഇതിലും മികച്ച ഒരു വേദിയെക്കുറിച്ച് ചിന്തിക്കാന്‍ കഴിഞ്ഞില്ലെന്ന് അന്ന് സാനിയ പറഞ്ഞു. സന്തോഷം കാരണമാണു കരയുന്നതെന്നും സാനിയ വ്യക്തമാക്കി.

ദുബിയിയിലെ വിടവാങ്ങലും അന്ന് പ്രഖ്യാപിച്ചു

‘‘മെൽബണിലാണ് എന്റെ പ്രൊഫഷനൽ കരിയർ ആരംഭിച്ചത്. ഗ്രാ‍ൻഡ്‌‍സ്‍ലാമിൽ എന്റെ കരിയർ അവസാനിപ്പിക്കാൻ ഇതിലും മികച്ച ഒരു വേദിയെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ല. ഞാൻ ഇനിയും കുറച്ചു ടൂർണമെന്റുകൾ കൂടി കളിക്കും. 2005ൽ മെൽബണിലാണ് എന്റെ കരിയർ തുടങ്ങിയത്. ഇവിടെ വീണ്ടും വരാനുള്ള അനുഗ്രഹം എനിക്കു ലഭിച്ചു. ഈ വേദി എനിക്ക് സവിശേഷമാണ്. മകനു മുന്നിൽ ഒരു ഗ്രാൻഡ് ‌സ്‌‍ലാം ഫൈനൽ കളിക്കാൻ സാധിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല.’’–

ഫെബ്രുവരിയിൽ ദുബായിൽ നടക്കുന്ന ഡബ്ല്യുടിഎ ടൂർണമെന്റോടെ ടെന്നീസിൽനിന്ന് വിരമിക്കുമെന്നും അന്നു തന്നെ 36 വയസ്സുകാരിയായ സാനിയ മിർസ പ്രഖ്യാപിച്ചിരുന്നു. മെൽബണിൽ മിക്സഡ് ‍ഡബിൾസ് ഫൈനലിലും സാനിയ മിർസ- രോഹൻ ബൊപ്പണ്ണ സഖ്യം തോറ്റുപുറത്താകുകയായിരുന്നു. ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി, റാഫേൽ മാറ്റോസ് സഖ്യത്തോടാണ് ഇന്ത്യൻ താരങ്ങള്‍ തോറ്റത്. സ്കോർ: 6-7, 2-6.

രണ്ടു വട്ടം ഓസ്ട്രേലിയൻ ഓപ്പണ്‍ ചാംപ്യനായിട്ടുള്ള സാനിയ മിർസ, 2009ൽ മഹേഷ് ഭൂപതിക്കൊപ്പം മിക്സഡ് ഡബിൾസ് വിജയിച്ചിട്ടുണ്ട്. 2016ൽ മാർട്ടിന ഹിൻജിസിനൊപ്പം ചേർന്ന് വനിതാ ഡബിൾസും വിജയിച്ചു.

ബി ബി സി ഡോക്യുമെൻ്ററി ഇന്ത്യയുടെ യശസ്സ് കളങ്കപ്പെടുത്താനുള്ള ശ്രമം, പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് ചർച്ച ചെയ്യുന്ന ബിസിസി ഡോക്യുമെന്ററി വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യയുടെ യശസ്സ് കളങ്കപ്പെടുത്താന്‍ അന്താരാഷ്ട്ര തലത്തില്‍ നടന്ന ശ്രമത്തിന്റെ ഭാഗമാണ് ബിബിസി ഡോക്യുമെൻ്ററി. ഇത് പ്രക്ഷേപണം ചെയ്ത സമയം യാദൃശ്ചികമല്ലെന്നും ജയശങ്കര്‍ പറഞ്ഞു.

രാഷ്ട്രീയ രംഗത്തേക്ക് നേരിട്ടുവരാന്‍ ധൈര്യമില്ലാത്തവര്‍ മാധ്യമങ്ങളുടെ മറയില്‍ കളിച്ച മറ്റൊരു തരത്തിലുള്ള രാഷ്ട്രീയമാണിത്. ഇതിന് പിന്നിലുള്ളവര്‍ രാഷ്ട്രീയ രംഗത്തേക്ക് വരണമെന്ന വെല്ലുവിളിക്കുകയും ചെയ്തു. ചില സമയങ്ങളില്‍ ഇന്ത്യയിലെ രാഷ്ട്രീയം രാജ്യത്തിനകത്തുനിന്നല്ല പുറത്തുനിന്നാണ് ആവിര്‍ഭവിക്കുന്നതെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ജയശങ്കര്‍ പറഞ്ഞു.

രാഷ്ട്രീയ നേട്ടത്തിനായി ഇന്ത്യയ്‌ക്കെതിരേ വിദേശ മാധ്യമങ്ങള്‍ കെട്ടിച്ചമയ്ക്കുന്ന അജണ്ടകള്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കുവെന്ന് കോണ്‍ഗ്രസിന്റെ പേരെടുത്ത് പറയാതെ അദ്ദേഹം വിമര്‍ശിച്ചു.

‘1984-ല്‍ ഡല്‍ഹിയില്‍ നിരവധി കാര്യങ്ങള്‍ നടന്നു. എന്തുകൊണ്ട് അതിലൊന്നും ഡോക്യുമെന്ററി കണ്ടില്ല? ബിബിസി ഡോക്യുമെന്ററി പുറത്തിറങ്ങിയ സമയം ആകസ്മികമാണെന്ന് കരുതുന്നുണ്ടോ? ഞാന്‍ ഒരുകാര്യം പറയാം, ഇന്ത്യയിലും ഡല്‍ഹിയിലും തിരഞ്ഞെടുപ്പ് കാലം ആരംഭിച്ചോ ഇല്ലയോ എന്ന് എനിക്കറിയില്ല. എന്നാല്‍ ലണ്ടനിലും ന്യൂയോര്‍ക്കിലും ആരംഭിച്ചുവെന്ന്‌ ഉറപ്പാണ്’, ജയശങ്കര്‍ പറഞ്ഞു.

“ജനാധിപത്യത്തിലെ മറ്റ് കാര്യങ്ങളിൽ – ബാലറ്റ് പെട്ടിയും ജനവിധിയും അന്തിമ അഭിപ്രായമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നില്ലേ? ഞാന് വിശ്വസിക്കുന്നു. തങ്ങളുടെ കാഴ്ചപ്പാട് തിരഞ്ഞെടുപ്പ് ഫലത്തെ മറികടക്കുമെന്ന് വിശ്വസിക്കുന്ന ചിലരുണ്ടെന്ന് എനിക്കറിയാം. നോക്കൂ, എനിക്ക് നിങ്ങളെ ഇഷ്ടമാണ്, നിങ്ങൾ തിരഞ്ഞെടുപ്പിൽ വിജയിച്ചു-മഹത്തായ ജനാധിപത്യം. നിങ്ങൾ തിരഞ്ഞെടുപ്പിൽ ജയിക്കുന്നത് എനിക്ക് ഇഷ്ടമല്ല. ‘തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യം’. നിങ്ങൾ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഇഷ്ടപ്പെടാത്ത ആളുകൾക്കായി ഇത് നീക്കിവച്ചിരിക്കുന്നു. ഇതാണ് രാഷ്ട്രീയം”-അദ്ദേഹം പറഞ്ഞു.

ചൈന അതിര്‍ത്തിയില്‍ ഇന്ത്യ ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നില്ലെന്ന കോണ്‍ഗ്രസ് ആരോപണത്തെ മന്ത്രി പരിഹസിച്ചു. ചൈന അതിര്‍ത്തിയിലേക്ക് രാഹുല്‍ ഗാന്ധിയല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സൈന്യത്തെ അയച്ചതെന്നും വിദേശകാര്യമന്ത്രി തുറന്നടിച്ചു. അതിര്‍ത്തി വിഷയത്തില്‍ വ്യക്തമായ നിലപാട് ഇന്ത്യയ്ക്കുണ്ട്. അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കി ആവശ്യമായ എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. ഇന്ത്യന്‍ മണ്ണിലേക്ക് ചൈന എത്തിയത് 1958ലും 1962ലുമാണ്. ഇന്ത്യയുടെ ചില ഭാഗങ്ങള്‍ അന്ന് ചൈന കയ്യേറി. അതിന് കാരണം നരേന്ദ്രമോദി ആണെന്നാണോ കോണ്‍ഗ്രസ് പറയുക എന്ന് ജയശങ്കര്‍ ചോദിച്ചു.

1988ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ബീജിങ്ങിലേക്ക് പോയി. അതിനു ശേഷം ചൈനയുമായി രണ്ട് കരാറുകളില്‍ ഇന്ത്യ ഒപ്പുവെച്ചു. അതൊക്കെ തെറ്റാണെന്ന് പറയാനാകില്ല. കാരണം അതിര്‍ത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഓരോ കാലത്തും നടപടികള്‍ ഉണ്ടായിട്ടുള്ളത് എന്നും ജയശങ്കര്‍ പറഞ്ഞു.