നിശാ ക്ലബ്ബിലെ അസാധാരണ സ്പർശം, ബ്രസീൽ താരം ഡാനി ആൽവസിന് ജാമ്യമില്ല

0

ലൈംഗികാതിക്രമ കേസിൽ ബ്രസീൽ ഫുട്ബോൾ താരം ഡാനി ആൽവസിന് ജാമ്യമില്ല. ജയിലിൽ തന്നെ കഴിഞ്ഞ് വിചാരണ നേരിടാൻ ബാർസിലോണയിലെ സ്പാനിഷ് കോടതി വിധിച്ചു. കഴിഞ്ഞ മാസമാണ് ലൈംഗികാതിക്രമ കേസിൽ താരം അറസ്റ്റിലായത്.

ഡാനി ആൽവസ് രാജ്യം വിടുന്നതിനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ജാമ്യം നിഷേധിച്ചിരിക്കുന്നത്.വിചാരണ നടക്കുന്നതുവരെ ഡാനി ആൽവസ് ജയിലിൽ തുടരേണ്ടി വരും. സ്പെയിനും ബ്രസീലും തമ്മിൽ കുറ്റവാളികളെ കൈ മാറുന്നതിന് ഉടമ്പടി നിലവിലില്ല.

 സംഭവത്തിൽ ഡാനിയുടെ മുൻ ഭാര്യ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. 10 വർഷത്തെ ദാമ്പത്യവും 22 വർഷത്തെ സൌഹൃദവും ഉണ്ടായിരുന്നു. ഒരിക്കലും അങ്ങിനെ ചെയ്യുന്ന വ്യക്തിയല്ല. അങ്ങിന എങ്കിൽ താൻ സ്വന്തം തീ കൊളുത്താൻ തായാറാണ് എന്നായിരുന്നു പ്രതികരണം. മുൻ ഭാര്യയായ ദിനോറ സന്താനയിൽ അവർക്ക് രണ്ട് കുട്ടികളുണ്ട്.

ഡാനി ആൽവസ് പൊലീസിൽ സ്വയം കീഴടങ്ങുകയായിരുന്നു. നിശാ ക്ലബ്ബിൽ നൃത്തം ചെയ്യുന്നതിനിടെ അടിവസ്ത്രത്തിന് അകത്ത് കൈ കടത്തി എന്നായിരുന്നു യുവതിയുടെ പരാതി. എന്നാൽ അങ്ങിനെ ഒരു യുവതിയെ അറിയുകയോ കാണുകയോ ചെയ്തിട്ടില്ല എന്നാണ് ഡാനി മൊഴി നൽകിയത്. നിശാ ക്ലബ്ബിലെ നിരീക്ഷണ ക്യാമറകളും പരാതിക്കാരിയുടെ ബയോളജിക്കൽ തെളിവുകളും പരിഗണിച്ചതായി കോടതി വെളിപ്പെടുത്തി.

കേസിന്റെ ഗൗരവവും എതിരെയുള്ള തെളിവുകളും സാമ്പത്തിക ശേഷിയും അദ്ദേഹത്തെ സ്പെയിൻ വിടാൻ പ്രേരിപ്പിക്കും എന്നാണ് കോടതി വ്യക്തമാക്കിയത്. ബാഴ്‌സലോണയിലെ ബ്രിയൻസ് ജയിലിലാണ് നിലവിൽ താരത്തെ പാർപ്പിച്ചിരിക്കുന്നത്. 2022 ഡിസംബർ 30ന് ബാഴ്‌സലോണയിലെ നിശാക്ലബ്ബിൽ വെച്ച് ആൽവസ് ഒരു സ്ത്രീയെ ആക്രമിച്ചു എന്നാണ് കേസ്. 39 കാരനായ ആൽവ്സ് നൈറ്റ് ക്ലബിൽ ഉണ്ടായിരുന്നുവെന്ന് സമ്മതിച്ചെങ്കിലും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് അവകാശപ്പെടുന്നത്.

കേസിനെ തുടർന്ന് മെക്സിക്കൻ ടീമായ പ്യുമാസ് താരവുമായുള്ള കരാർ റദാക്കിയിരുന്നു. പുരുഷ ലോകകപ്പിൽ ബ്രസീലിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായിരുന്നു അദ്ദേഹം.

സമൂഹ മാധ്യമങ്ങളിൽ സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ട് പോര്, സിവിൽ സർവ്വീസ് ഉദ്യോഗസ്ഥകളെ പദവികളിൽ നിന്നും നീക്കി

കർണാടകയിൽ പരസ്യമായി സമൂഹമാധ്യമങ്ങളിൽ പോരടിച്ച വനിതാ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി സര്‍ക്കാര്‍. പരസ്യപോരില്‍ ഏര്‍പ്പെട്ട ദേവസ്വം കമ്മിഷണര്‍ രോഹിണി സിന്ദൂരി ഐ.എ.എസിനെയും കരകൗശല വികസന കോര്‍പ്പറേഷന്‍ എം.ഡി. ഡി.രൂപ ഐ.പി.എസിനെയും തത്സ്ഥാനങ്ങളിൽ നിന്നു നീക്കി.

ഇരുവർക്കും വേറെ പദവികളൊന്നും നൽകിയിട്ടില്ല. ഇരുവരെയും പരസ്യപ്രതികരണം നടത്തുന്നതിൽ നിന്ന് ഇന്നലെ ചീഫ് സെക്രട്ടറി വിലക്കിയിരുന്നു. രാത്രി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. സ്വകാര്യ ഫോട്ടോകളടക്കം പുറത്തുവിട്ട്, ഡി.രൂപയും രോഹിണി സിന്ദൂരിയും നടത്തിയ പോര് സര്‍ക്കാരിനു നാണക്കേടായി. മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ സംശയ നിഴലില്‍ വന്നു. രാഷ്രട്രീയക്കാരും വെളിച്ചത്തായി. ഇതോടെ ഉദ്യോഗസ്ഥ സംവിധാനത്തിനു തന്നെ നാണക്കേടായി

മൈസൂരു കെ ആർ നഗർ എംഎൽഎ മഹേഷുമായി അനൗദ്യോഗികമായി കൂടിക്കാഴ്ച നടത്തിയതിനാണ് ദേവസ്വം കമ്മീഷണറായ രോഹിണി സിന്ദൂരിക്കെതിരെ നടപടിയെടുത്തത്. രോഹിണി സിന്ദൂരിയുടെ ചിത്രങ്ങളടക്കം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനാണ് ഡി. രൂപയ്ക്ക് എതിരെ നടപടിയെടുത്തത്.

സർവകലാശാലയിൽ വി സിയുടെ നേതൃത്വത്തിൽ മൃത്യുഞ്ജയ ഹോമം, പ്രതിഷേധവുമായി വിദ്യാർഥികൾ

 സർവകലാശാല കാമ്പസിനുള്ളില്‍ ദോഷ പരിഹാരത്തിന് ഹോമം നടത്താനൊരുങ്ങി ആന്ധ്രയിലെ അനന്തപൂരിലുള്ള ശ്രീകൃഷ്ണദേവരയ്യ സര്‍വകലാശാല. ഇതിനായി വൈസ് ചാന്‍സിലർ ഔദ്യോഗിക സർക്കുലർ പുറപ്പെടുവിച്ചു. ജീവനക്കാരുടെ മരണത്തെത്തുടര്‍ന്നുണ്ടായ ദോഷം തീര്‍ക്കാനാണ് മഹാമൃത്യുഞ്ജയ ശാന്തി ഹോമം നടത്തുന്നതായാണ് സർവകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. രാമകൃഷ്ണ റെഡ്ഡിയുടെ അറിയിപ്പ്.

ഫെബ്രുവരി 24-ന് രാവിലെയാണ് ഹോമം. മാത്രമല്ല ഇതിന് നിർബന്ധിത പിരിവും നടത്തുന്നുണ്ട്. അധ്യാപക ജീവനക്കാർ 500 രൂപയും അനധ്യാപക ജീവനക്കാർ 100 രൂപയും വീതം നല്‍‌കണമെന്നാണ് വൈസ് ചാൻസലറുടെ ഉത്തരവ്.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വിവിധ കാരണങ്ങളാല്‍ സര്‍വകലാശാലയിലെ അഞ്ച് ജീവനക്കാര്‍ മരിച്ചു. ഇതിന് കാരണമായ ദോഷപരിഹരത്തിനു വേണ്ടിയാണ് ഹോമം നടത്തുന്നതെന്നാണ് സർക്കുലറില്‍ വിശദമാക്കിയിട്ടുള്ളത്.

കാമ്പസിനുള്ളില്‍ മതപരമായ ചടങ്ങ് നടത്തുന്നതിനെതിരേ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി. മതപരമായ ചടങ്ങുകള്‍ നടത്തേണ്ട ഇടമല്ല സര്‍വകലാശാല കാമ്പസ് എന്നും വിദ്യാര്‍ഥികള്‍ക്ക് പ്രതിഷേധവുമായി ഇറങ്ങി എങ്കിലും വകവയ്ക്കാതെ ഹോമവുമായി മുന്നോട്ട് പോകാനാണ് സർവകലാശാല അധികൃതരുടെ തീരുമാനം.

ക്ഷേത്ര ഭരണ സമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വേണ്ട, വ്യക്തമാക്കി ഹൈക്കോടതി

0

ക്ഷേത്ര ഭരണ സമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. മലബാർ ദേവസ്വത്തിന് കീഴിലെ  കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയിൽ സി പി എം പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിയതിന് എതിരായ ഹർജിയിലാണ് ഉത്തരവ്. മലബാർ ദേവസ്വം ബോഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനി മുതൽ ക്ഷേത്ര ഭരണ സമിതികളിൽ സജീവ രാഷ്ട്രീയ പ്രവർത്തകരെ നിയമിക്കരുതെന്നും ഉത്തരവിലുണ്ട്.

മലബാർ ദേവസ്വത്തിന് കീഴിലുളള  കാളിക്കാവ് ക്ഷേത്ര ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. കാളികാവ് ക്ഷേത്ര ഭരണ സമിതി അംഗങ്ങളായി സിപിഎം , ഡിവൈ എഫ് ഐ പ്രാദേശിക നേതാക്കളായ അശോക് കുമാർ, രതീഷ് , പങ്കജാക്ഷൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഈ തെരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി കണ്ടെത്തി.

ക്ഷേത്രങ്ങളിലെ പാരന്പര്യേതര ട്രസ്റ്റിമാരായി സജീവ രാഷ്ടീയ പാർടി ഭാരവാഹികളെ നിയമിക്കരുതെന്ന്  വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. ഡിവൈഎഫ് ഐ രാഷ്ടീയ സംഘടനയല്ലെന്ന എതിർകക്ഷികളുടെ വാദവും കോടതി തളളി. പുക്കോട്ട് കാളിക്കാവ്  പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിൽ മലബാർ ദേവസ്വം ബോഡിന്‍റെ   വ്യവസ്ഥകളും ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി കണ്ടെത്തി. ഇതോടെ ആരാധനാലയങ്ങളിൽ രാഷ്ട്രീയ പാർട്ടി ഭാരവാഹികൾ നുഴഞ്ഞു കയറുന്നതിന് നിയമപരമായി വിലക്കാവും. രാഷ്ട്രീയ പാർട്ടികൾ ബോധപൂർവ്വം ആരാധനാലയങ്ങളുടെ പ്രതിനിധികളിൽ കയറിക്കൂടുന്നത് പതിവാണ്.

കോഴിക്കോട് നഴ്സിങ് വിദ്യാഥിയെ പീഡിപ്പിച്ച കേസിൽ സുഹൃത്തുക്കൾ അറസ്റ്റിൽ

നഴ്സിംഗ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സ്വദേശികളായ അമ്പാടി ( 19 ), അമൽ ( 21 ) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. നിർബന്ധിച്ച് മദ്യം നൽകി സുഹൃത്തുക്കളായ രണ്ട് പേരാണ് പീഡിപ്പിച്ചതെന്ന് വിദ്യാ‌ർഥിനി പരാതിയിൽ വ്യക്തമാക്കിയിരുന്നു

സുഹൃത്തുക്കളായ രണ്ടുപേര്‍ ബലമായി മദ്യം നല്‍കിയതിന് ശേഷം ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.ശനിയാഴ്ച രാത്രി പ്രതികളുടെ താമസ്ഥലത്തേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ബലമായി വലിയ അളവില്‍ മദ്യം കുടുപ്പിച്ചുവെന്നും പീഡിപ്പിച്ചെന്നുമാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

ഗോവിന്ദപുരം ബൈപ്പാസിലാണ് പ്രതികളില്‍ ഒരാള്‍ താമസിക്കുന്നത്. ഇവിടെ ഒപ്പംതാമസിച്ചിരുന്ന വിദ്യാര്‍ഥികള്‍ വീട്ടില്‍പ്പോയ സമയത്താണ് പ്രതികള്‍ പെണ്‍കുട്ടിയെ ഇവിടെയെത്തിച്ചത്.

രണ്ടാംപ്രതി എറണാകുളത്താണ് താമസം. ഇയാളെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മൂന്നു പേരും സ്കൂൾ കാലം മുതൽ പരിചയമുളള സുഹൃത്തുക്കളാണ്. പീഡനത്തിനിരയായ പെണ്‍കുട്ടി സംഭവം എറണാകുളത്തുള്ള ബന്ധുക്കളെ അറിയിക്കുകയും തുടര്‍ന്ന് പരാതി നല്‍കുകയുമായിരുന്നു.

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആർ എസ് എസ് പ്രവർത്തകൻ അറസ്റ്റിൽ

 സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം കുണ്ടമണ്‍കടവ് സ്വദേശി കൃഷ്ണകുമാറിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്ന് പൊലീസ് പറഞ്ഞു.

 സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ നാല് വർഷത്തിന് ശേഷമാണ് ആദ്യ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നത്. ആശ്രമം കത്തിച്ച ശേഷം വയ്ക്കാനുള്ള റീത്ത് മുഖ്യപ്രതിക്ക് വാങ്ങി നൽകിയ കുണ്ടമൺകടവ് സ്വദേശി കൃഷ്ണകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ ശബരിഷ് ഒളിവിലാണ്.

ആദ്യ അന്വേഷണ സംഘത്തിനുണ്ടായ വീഴ്ചയാണ് പ്രതികളെ പിടികൂടാൻ വൈകിയതെന്ന് സന്ദീപാനന്ദഗിരി പറഞ്ഞിരുന്നു.

ആശ്രമം കത്തിച്ച കേസിലെ മുഖ്യപ്രതിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ ആർഎസ്എസ് പ്രവർത്തകൻ പ്രകാശിൻറെ സഹോദരൻ പ്രശാന്തിൻറെ വെളിപ്പെടുത്തലാണ് കേസിൽ നിർണായകമായത്. സഹോദരനും സുഹൃത്തുക്കളും ചേർന്നാണ് ആശ്രമം കത്തിച്ചതെന്ന് മൊഴി കോടതിയിൽ മാറ്റിപ്പറഞ്ഞുവെങ്കിലും പ്രശാന്തിൻറെ മൊഴി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്.

സുഹൃത്തുക്കളുടെ മർദ്ദനത്തെ തുടർന്ന് പ്രകാശ് കഴിഞ്ഞ വർഷം ജനുവരിയിൽ ആത്മഹത്യ ചെയ്തു. ഈ കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിലെ ഒന്നാം പ്രതിയായ കൃഷ്ണകുമാർ ആശ്രമം കത്തിച്ച കേസിലും കുറ്റസമ്മതം നടത്തി. പ്രകാശിൻറെ ആത്മഹത്യ കേസിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷമാണ് കോടതിയുടെ അനുമതിയോടെ കൃഷ്ണകുമാറിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

ശബരിമല സ്ത്രീ പ്രവേശന വിവാദം കത്തി നിൽക്കുന്ന 2018 നവംബർ 21ന് പുലർച്ചയാണ് ആശ്രമം കത്തിച്ചത്. ഇതിന് തലേ ദിവസം ചാലയിൽ നിന്നും റീത്തുവാങ്ങി പ്രകാശിന് നൽകിയെന്നാണ് കൃഷ്ണകുമാറിൻറെ മൊഴി. ആശ്രമം കത്തിച്ച ദിവസം മൂകാംബികയിലേക്ക് പോയി. പ്രകാശും കുണ്ടമൺകടവ് സ്വദേശി ശബരിയും ചേർന്ന് ഒരു പൾസർ ബൈക്കിലെത്തിയാണ് ആശ്രമം കത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. ആശ്രമം കത്തിച്ച ശേഷം റീത്ത് പ്രകാശ് അവിടെ വച്ചു.  പ്രതികൾ പോകുന്നതിൻെ സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. വിജിലേഷെന്ന സുഹൃത്തിൻറെ പൾസർ ബൈക്ക് തിരുമലയിലുള്ള ഒരു വർക്ക്ഷോപ്പിൽ കണ്ടുപോയി 2500 നൽകി ശബരീഷ് പൊളിച്ചുവെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി. ശബരീഷ് ഒളിവിലാണ്.

കുണ്ടമണ്‍കടവ് സ്വദേശി പ്രകാശിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കൃഷ്ണകുമാറടക്കം നാലുപേര്‍ നേരത്തെ ക്രൈ ബ്രാഞ്ചിന്റെ കസ്റ്റഡിയിലുണ്ടായിരുന്നു. ആശ്രമം കത്തിച്ചത് പ്രകാശും കൃഷ്ണകുമാറും ചേര്‍ന്നാണെന്ന് മരണപ്പെട്ട പ്രകാശൻ്റെ സഹോദരന്‍ പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കോടതിയില്‍ ഇയാള്‍ മൊഴി മാറ്റി. എങ്കിലും കേസ് അന്വേഷണത്തിലായിരുന്നു.

പരസ്ത്രീ ബന്ധം ആരോപിച്ച് പ്രകാശിനെ പ്രതികള്‍ മര്‍ദ്ദിച്ചതായും ഇതില്‍ മനംനൊന്ത് അദ്ദേഹം ആത്മഹത്യ ചെയ്യുകയുമായിരുന്നെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. കഴിഞ്ഞ ജനുവരിയിലായിരുന്നു പ്രകാശൻ ജീവനൊടുക്കിയത്.

കോഴിക്കോട് നഴ്സിങ് വിദ്യാർഥിനിയെ മദ്യം നൽകി ബലാത്സംഗത്തിന് ഇരയാക്കി , സുഹൃത്തുക്കൾക്ക് എതിരെ കേസ്

കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി. എറണാകുളം സ്വദേശിയായ നഴ്‌സിങ് വിദ്യാര്‍ഥിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ സുഹൃത്തുക്കളും സഹപാഠികളുമായ രണ്ട് പേര്‍ക്കെതിരെ കസബ പോലീസ് കേസെടുത്തു.

ഫെബ്രുവരി 18-ന് രാത്രിയാണ് പരാതിക്ക് ആസ്പദമായ സംഭവം. ബലമായി മദ്യം നല്‍കിയശേഷം പീഡിപ്പിച്ചെന്നാണ് കേസിൽ പറയുന്നത്. സൗഹൃദം ഉപയോഗിച്ച് ചൂഷണത്തിന് വിധേയമാക്കുകയായിരുന്നു.

എറണാകുളം സ്വദേശിയായ പെൺകുട്ടി കോഴിക്കോട്ട്‌‌ അവസാന വർഷ ബിഎസ്‌സി നഴ്‌സിങ്ങിന്‌ പഠിക്കുകയാണ്‌. കഴിഞ്ഞ ദിവസം ആൺകുട്ടികൾ താമസിച്ചിരുന്ന വീട്ടിലേക്ക് പെൺകുട്ടിയെ വിളിച്ചു വരുത്തി. സുഹൃത്തും മെഡിക്കൽ കോഴ്‌സ്‌ വിദ്യാർഥിയുമായ യുവാവ്‌ പെൺകുട്ടിയെ 18ന്‌ രാത്രി ഒമ്പതോടെ ഇയാൾതാമസിക്കുന്ന മിംസ്‌ ആശുപത്രിക്ക്‌ സമീപത്തെ വാടക വീട്ടിലേക്കാണ് ക്ഷണിച്ചത്. മദ്യംനൽകി ബോധരഹിതയാക്കി  എറണാകുളം സ്വദേശിയായ സുഹൃത്തിനെ വിളിച്ചുവരുത്തി. ഇരുവരും ചേർന്ന്‌ പീഡിപ്പിച്ചു എന്നാണ് പരാതി.

ബോധം വീണ്ടെടുത്ത പെൺകുട്ടി പുലർച്ചെ രണ്ടരയോടെ പുറത്തിറങ്ങി സഹപാഠിയായ യുവാവിനെ വിളിച്ചുവരുത്തി ബൈക്കിൽ രക്ഷപ്പെട്ടു. പെൺകുട്ടിയുടെ രക്ഷിതാക്കൾ എത്തിയാണ്‌ കസബ പൊലീസിൽപരാതിനൽകിയത്‌. പെൺകുട്ടിയെ വൈദ്യ പരിശോധനക്ക്‌ ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. യുവാക്കൾരണ്ടുപേരും മുമ്പ്‌ പെൺകുട്ടിക്കൊപ്പം പഠിച്ചവരാണ്‌.

നഴ്‌സിങ് കോളേജിൽ തിരിച്ചെത്തിയ വിദ്യാര്‍ഥിനി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തായത്.

കേസിൽ അകപ്പെട്ട രണ്ടു പേരും കോഴിക്കോടും എറണാകുളത്തും പഠിക്കുന്ന വിദ്യാര്‍ഥികളാണ്. ഇരുവരെയും കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.

അദാനി മോഡി മിത്ര കാലം യു ട്യൂബ് സീരീസുമായി രാഹുൽ ഗാന്ധി; വിമാനത്താവള ഇടപാട് തുറന്നു കാട്ടി തുടക്കം

വ്യവസായി ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും തമ്മിലുള്ള കൂട്ടുകെട്ടിന് തെളിവായി വീഡിയോ എപ്പിസോഡുകൾ പുറത്ത് വിട്ട് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ആദ്യ എപ്പിസോഡ് തിങ്കളാഴ്ച പുറത്തിറക്കി. സമയ ക്രമത്തിലാണ് വിഷയങ്ങൾ അവതരിപ്പിക്കുന്നത്. ‘അദാനി-മോഡി മിത്രകാലം’ എന്നു പേരിട്ട് രാഹുൽ നേരിട്ട് ആരോപണമുന്നയിക്കുന്ന വീഡിയോ യുട്യൂബ് ഉൾപ്പെടെയുള്ള നിരവധി സാമൂഹികമാധ്യമങ്ങളിലും പങ്കുവെച്ചു.

2018-ൽ രാജ്യത്തെ പ്രമുഖ ആറു വിമാനത്താവളങ്ങൾ അദാനിക്കു നൽകി. ഇതു മുതലുള്ള ബന്ധങ്ങൾ പരിശോധിക്കുന്നു. ഒരു വർഷത്തിനപ്പുറം രാജ്യത്തെ വിവിധ തുറമുഖങ്ങളുടെ കരാറുകളും അദാനിക്ക് തുടർന്ന് കൈമാറിയത് ചൂണ്ടി കാട്ടുന്നു. മാധ്യമങ്ങളുടെ നിശ്ശബ്ദതയും ഭയവും കൂടി വിമർശന വിധേയമാവുന്നു. അദാനിയുടെ ഉദയ കാലം വിമാനത്താവള കഥ എന്ന പേരിലാണ് ആദ്യത്തെ ഭാഗം.

ഫെബ്രുവരി എട്ടിന് രാഹുൽ ലോക്സഭയിൽ അവതരിപ്പിച്ച കാര്യങ്ങൾ സൂചിപ്പിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. പാർലമെന്റിൽ നരേന്ദ്രമോഡിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഞാൻ സത്യം പറഞ്ഞു. ഇന്ത്യയിലെ സമ്പത്ത് എങ്ങനെയാണ് കൊള്ളയടിക്കുന്നതെന്നും പറഞ്ഞു. അദാനിക്ക് ഒരു അനുഭവപാരമ്പര്യവുമില്ലാതെ ഏതു വ്യവസായവും ആരംഭിക്കാമെന്നും രാഹുൽ പരഹസിച്ചു.

നവംബർ 2018-ൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം തിരുവനന്തപുരം ഉൾപ്പെടെയുള്ള രാജ്യത്തെ ആറു വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ അദാനിക്കു നൽകിയിരുന്നു. വിമാനത്താവള നടത്തിപ്പിൽ ഒരു ബന്ധവും ഇല്ലാത്ത ഘട്ടത്തിലാണ് ഈ കൈമാറ്റം സമ്മതിച്ചത്.

അഞ്ച് മിനിറ്റാണ് ആദ്യ വീഡിയോയുടെ ദെെർഘ്യം. താൻ വ്യവസായത്തെയല്ല മറിച്ച് കുത്തകയെയാണ് എതിർക്കുന്നതെന്നും രാഹുൽ ജനങ്ങളോട് പറയുന്നുണ്ട്.

വീഡിയോ കാണാം

രാജ്യങ്ങളുടെ അതിർത്തിയും ശത്രുതയും അറിയാത്ത പ്രണയം, പാക് യുവതിയെ പൊലീസ് പിടികൂടി തിരികെ അയച്ചു

0

 ഇന്ത്യൻ യുവാവുമായി പ്രണയത്തിലായി അതിർത്തി കടന്നെത്തിയ പെൺകുട്ടിയെ പൊലീസ് പിടികൂടി പാകിസ്ഥാനിലേക്ക് തിരികെ അയച്ചു. ഞായറാഴ്ച അട്ടാരി ലാൻഡ് ബോർഡർ വഴിയാണ് പൊലീസ് പെൺകുട്ടിയെ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചത്. സെപ്റ്റംബറിലാണ് ഇഖ്റ എന്നു പേരുള്ള 19 കാരി ഇന്ത്യയിലെത്തിയത്.

മൊബൈൽ ​ഫോണിൽ ലുഡോ കളിച്ച് ഉത്തർപ്രദേശ് സ്വദേശിയായ മുലായം സിങ് എന്ന 26കാരനുമായി പരിചയത്തിലായി. പിരിയാൻ വയ്യാതായതോടെ ഇരുവരും ഒന്നിക്കാൻ തീരുമാനിച്ചു. പല വഴികൾ തേടി എങ്കിലും നടന്നില്ല. ഒടുവിൽ പെൺകുട്ടി ഇന്ത്യയിലേക്ക് വരാമെന്നേറ്റു.

വിസ ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടതോടെ പദ്ധതി പൊളിഞ്ഞു. എന്നാൽ നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടക്കാൻ യുവാവ് കുറുക്കു വഴി കണ്ടെത്തി. തുടർന്ന് സെപ്റ്റംബർ 19ന് ഇഖ്റ കാഠ്മണ്ഡുവിലെത്തി. അവിടെ വെച്ച് ഇരുവരും സ്വന്തമായി വിവാഹ കർമ്മം നടത്തി. ഒരാഴ്ചയോളം അവിടെ താമസിച്ചു.

പിന്നീട് ബിഹാറിലെ സനോലി അതിർത്തി വഴി പെൺ കുട്ടിയെ ഇന്ത്യയിലേക്ക് കടത്തി കൊണ്ടു വന്നു. തുടർന്ന് ഇരുവരും ബെം​ഗളൂരുവിൽ എത്തി സ്ഥിരതാമസമാക്കി. ഹിന്ദു പേര് സ്വീകരിച്ചാണ് പെൺകുട്ടി യുവാവിനൊപ്പം കഴിഞ്ഞത്. വ്യാജ തിരിച്ചറിയൽ കാർഡും ഉണ്ടാക്കി.

പാകിസ്ഥാനിലെ ബന്ധുക്കളുമായി പെൺകുട്ടി ഫോണിൽ ബന്ധപ്പെട്ട് തുടങ്ങിയതോടെ പൊലീസിൻ്റെ നിരീക്ഷണത്തിലായി.

പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പാകിസ്ഥാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് ഒളിച്ചോടിയതാണെന്ന് മനസ്സിലായത്. തുടർന്ന് പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തനിക്ക് നാട്ടിലേക്ക് പോകേണ്ടെന്നും കാമുകന്റെ കൂടെ ഇന്ത്യയിൽ താമസിച്ചാൽ മതിയെന്നും പെൺകുട്ടി പറ‍ഞ്ഞിരുന്നു. എന്നാൽ, നിയമ പ്രശ്നങ്ങളിൽ പ്രണയം കുരുങ്ങി. പെൺകുട്ടിയെ തിരിച്ചയക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. 

‘ആർ എസ് എസ് ജമാഅത്തെ ഇസ്ലാമി ചർച്ചയിൽ ലീഗിൻ്റെ പങ്ക് എന്താണ്’ വിശദീകരണവുമായി മുഖ്യമന്ത്രി

0

ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്പര പൂരകങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർ​ഗീയത ഏതായാലും എതി‍ർക്കുന്ന സമീപനമാണ് തങ്ങൾ സ്വീകരിച്ചിട്ടുള്ളത്. ജമാഅത്തെ ഇസ്ലാമിയും ആർ എസ് എസും തമ്മിൽ എന്ത് കാര്യമാണ്

എന്ത് കാര്യങ്ങളാണ് അവർക്ക് സംസാരിക്കാനുള്ളത് എന്ന് ജനം ചോദിക്കുന്നു. തങ്ങൾക്ക് ഇഷ്ടമല്ല എന്ന് കണ്ടാൽ കൊന്നു തള്ളുന്നതിന് മടിയില്ലെന്ന് എത്രയോ സംഭവങ്ങളിലൂടെ സംഘപരിവാ‍ർ തെളിയിച്ചിരിക്കുന്നു. രണ്ട് പേരെ ചുട്ടുകൊന്നത് ഈയടുത്താണ്. അവ‌‍ർ മുസ്ലിങ്ങളായത് കൊണ്ട് മാത്രമാണ് ചുട്ടുകൊലപ്പെടുത്തിയത്. ജമാഅത്തെ ഇസ്ലാമി – ആ‌ർ എസ് എസ് ചർച്ച ആ‍ർക്ക് വേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു. മഞ്ചേശ്വരം കുമ്പളയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയല്ല ജമാഅത്ത് ചർച്ച. ന്യൂനപക്ഷം ഈ ചർച്ചയെ അംഗീകരിക്കില്ല. അത് അവരുടെ പ്രതികരണങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. കോൺഗ്രസ്, വെൽഫയർ പാർട്ടി , മുസ്ലിം ലീ​ഗ് ത്രയമാണ് ഈ നീക്കത്തിന് പിന്നിലെന്ന് സംശയമുണ്ട്. ലീഗ് ഈ ചർച്ചയിൽ വല്ല പങ്ക് വഹിച്ചിട്ടുണ്ടോ? ദുരൂഹമാണ് കാര്യങ്ങൾ. സർക്കാരും പാർട്ടിയും വർഗ്ഗീയതയ്ക്കെതിരെ ശക്തമായ നിലപാടെടുക്കും. 

ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കേന്ദ്രം വർഗ്ഗീയത ആളിക്കത്തിക്കുന്നു. കേരളത്തെ സഹായിക്കുന്ന നിലപാടല്ല കേന്ദ്രത്തിനുള്ളത്. കേന്ദ്രം കാണിക്കുന്ന അവഗണനയ്ക്കെതിരെ അര അക്ഷരം പ്രതിപക്ഷം സംസാരിക്കുന്നില്ല. കേരളത്തിലെ പ്രതിപക്ഷം അവകാശപ്പെടുന്നത് മതനിരപേക്ഷമെന്നാണ്. എന്തുകൊണ്ട് കേന്ദ സർക്കാർ നിലപാടുകളെക്കുറിച്ച് ഇവർ പ്രതികരിക്കുന്നില്ല?

സംസ്ഥാന ബജറ്റ് അവതരിപ്പിച്ചപ്പോൾ പിന്നാക്ക വിഭാഗത്തിന് 16 കോടി അനുവദിച്ചു. മുന്നാക്ക വിഭാഗത്തിന് 40 കോടി എന്ന തരത്തിൽ പ്രചാരണമുണ്ടായി. എന്നാൽ പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 2800 കോടിയിലേറെ വകയിരുത്തി. ഇത് കാണാതെയാണ് പ്രചാരണം. ആകെ പിന്നാക്ക ക്ഷേമത്തിന് 3920 കോടി ചെലവഴിച്ചു. ഇത് മറച്ചുവയ്ക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബി ജെ പി യുടെ വാദം കോൺഗ്രസ് ഏറ്റെടുക്കുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു.

ഇന്നത്തെ കാലത്ത് ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ് വർ​ഗീയത. വർ​ഗീയതയുടെ ആപത്ത് വളർന്നുവരുന്നുണ്ട്. അതിനെ സമൂഹമാകെ കാണേണ്ടതുണ്ട്. വർ​ഗീയതയ്ക്കെതിരെ ഉറച്ച നിലപാടെടുത്ത് സിപിഎമ്മും ഇടതുപക്ഷവും പോരാടുന്നു. സമൂഹമാകെ ഈ പോരാട്ടത്തിലേക്ക് ഉയരേണ്ടതായിട്ടുണ്ട്. ആ സന്ദേശം ജനങ്ങളിലെത്തിക്കാനാണ് ഈ ജാഥയുടെ ഉദ്ദേശം. കേന്ദ്രസ‍ർക്കാർ തുടരുന്ന നയങ്ങൾ വിവിധ തലങ്ങളിൽ രാജ്യത്തിനും ജനത്തിനും സംസ്ഥാനത്തിനും ഫെഡറൽ തത്വങ്ങൾക്കും മതനിരപേക്ഷതയ്ക്കും ഭരണഘടനയ്ക്കും പാർലമെന്ററി ജനാധിപത്യത്തിനും എതിരാണ്. ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ശ്രമമെന്നും അദ്ദേഹം ചൂണ്ടികാട്ടി.