ഇടം

നഗരത്തിന് അടുത്ത് തന്നെയാണ് വീട്. മെയിൻ റോഡിൽ നിന്നു ഇടത്തോട്ട് തിരിഞ്ഞു മുന്നോട്ട് പോയാൽ ആദ്യം കാണുന്നത് പ്രധാന ക്ഷേത്രമാണ്. ക്ഷേത്രവും കഴിഞ്ഞു രണ്ടു വഴി തിരിയുമ്പോൾ വീടിരിക്കുന്ന സ്ഥലമായി. വീട്ടിലേക്ക് വണ്ടി തിരിഞ്ഞു കയറുമ്പോൾ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന എന്റെ മനസ്സിൽ പെട്ടന്നൊരു ഭാരം വന്നു ഭവിച്ചു. വീട് വിറ്റ് തൊട്ടപ്പുറത്തു തന്നെ കുറച്ചു കൂടെ വിശാലമായ സ്ഥലം മാത്രം വാങ്ങി, വാടക വീട്ടിലേക്ക് ഇറങ്ങിത്തിരിച്ചപ്പോൾ മനസ്സിൽ ആദ്യമുണ്ടായ നഷ്ടം, ഞാൻ കിടന്നിരുന്ന മുറിയിൽ നിന്നു ജനാലയിലൂടെ നോക്കിയാൽ വിദൂരതയിൽ കാണുന്ന തെങ്ങിൻ തലകളുടെ കൂട്ടമായിരുന്നു. മഴക്കാലത്ത്, നാലുമണി നേരത്തെ കാർമേഘം മൂടിയ ഇരുളുമയിൽ മുറിയിലെ കട്ടിലിൽ കിടന്നു കൊണ്ട് ഞാൻ ജനാലയിലൂടെ നോക്കുമ്പോൾ ദൂരെയുള്ള തെങ്ങിൻ തലകളിൽ മഴത്തുള്ളികൾ ഏൽക്കുന്നത് കാണാമായിരുന്നു. അത് കണ്ട് ആസ്വദിച്ചു കിടക്കാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അതിന്റെ നഷ്ടബോധം പേറിയാണ് ഞാൻ വാടക വീട്ടിലേക്ക് കാലെടുത്ത് വെച്ചത്. വെച്ച കാലിലേക്ക് ആദ്യം വന്നു പതിച്ചത് തുറന്ന് കിടന്ന ജനാലയിൽ നിന്നു പുറത്തേക്ക് അലറി ഓടി മറഞ്ഞ പൂച്ചയുടെ കാലാണ്.
ഒരു നിമിഷം ഞാൻ ഞെട്ടി പോയി.

“വല്ലോം പറ്റിയോ മോനെ, പൂച്ചയുടെ നഖം കൊണ്ടോ? “
അമ്മിയുടെ ചോദ്യം.

ഇല്ലായെന്നു ഞാൻ തലയാട്ടി. അപ്പോഴും എന്റെ കണ്ണുകൾ പരതിയത് ആ പൂച്ചയെയായിരുന്നു. വെളുത്ത ശരീരത്തിൽ അങ്ങിങ്ങായി ചെറിയ കറുത്ത വരകളുള്ള, കണ്ണുകളിലേക്ക് രോമം ഇറങ്ങി കിടക്കുന്ന പൂച്ച. ആദ്യ കാഴ്ചയിൽ തന്നെ അവൻ എന്നെയും ഞാൻ അവനെയും നോക്കി. അകത്തേക്ക് കാലെടുത്ത് വെച്ചപ്പോഴും, അവൻ പുറത്ത് കിടന്ന് എന്നെ തുറിച്ചു നോക്കി കൊണ്ടിരുന്നു.

മുകളിലത്തെ രണ്ടു മുറികളിൽ ഒന്ന് ചൂണ്ടി അപ്പാ പറഞ്ഞു:
“ഇതാണ് നിന്റെയിടം.. “

ഞാൻ മുറിക്കകത്തേക്ക് തലയിട്ടു. നേരത്തത്തെ മുറിയെക്കാൾ വലിപ്പമുണ്ട്.

“നിന്റെ ബുക്കെല്ലാം ദാ അപ്പുറത്തെ തിയേറ്റർ റൂമിൽ വെക്കാം. വീടിന്റെ ഉടമസ്ഥൻ ഹോം തീയേറ്റർ സെറ്റപ്പിൽ പണിത റൂമാണ്. നീ ബുക്കൊക്കെ അവിടെ വെച്ചോ. വെറുതെ കിടക്കുന്ന മുറിയിൽ വെച്ചു പൊടി വലിച്ചു കേറ്റണ്ട. “

അപ്പാ പറഞ്ഞതിനോട് മനസ്സിൽ വിയോജിപ്പുണ്ടായിട്ടും ഞാൻ എതിർത്തില്ല. സമ്മതമെന്ന് രീതിയിൽ തലയാട്ടി.
എനിക്ക് പക്ഷേ, അപ്പോഴും പുസ്തകം സ്വന്തം മുറിയിൽ വെക്കുന്നത് തന്നെയായിരുന്നു ഇഷ്ടം. മുമ്പത്തെ ചെറിയ മുറിയിൽ പുസ്തക അലമാരി ഇരിക്കുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് കാണുന്നവരെല്ലാം അഭിപ്രായപ്പെട്ടപ്പോഴും എനിക്ക് അങ്ങനെയൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നില്ല.

ഒടുക്കം, അതുമെനിക്ക് നഷ്ടമാകുന്നു. ഒരേ മുറിയിൽ കൂടെയുണ്ടായിരുന്നവർ ഇനി തൊട്ടപ്പുറത്ത്. പരിചയം പുതുക്കാൻ ഇടയ്ക്ക് പുസ്തക അലമാരി തുറക്കാൻ അപ്പുറം പോകണം. ഉറക്കമില്ലാത്ത രാത്രിയിൽ വായിച്ചു തീർത്ത പുസ്തകങ്ങളെ നോക്കി കിടന്നതിനിയൊരു ഓർമ.

മുറിയിൽ വന്ന് ഇരുന്ന് ആദ്യം തന്നെ ജനാല തുറന്ന് പുറത്തേക്ക് നോക്കി, തെങ്ങിൻ തലകളുടെ കൂട്ടത്തെ മനസ്സിൽ വെച്ച് നോക്കിയപ്പോൾ കണ്ടത് മുൻവശത്തിലൂടെ പോകുന്ന റോഡും, തൊട്ടപ്പുറത്തെ വലിയ വീടിന്റെ അതിലും വലിയ മതിലും.
പുത്തൻ വീട്ടിലെത്തി രണ്ടാം ദിവസമാണ് ടോണി വിളിച്ചത്.

“ഡാ എങ്ങനെയുണ്ട് അവിടെ? “

ഞാൻ മറുപടി പറഞ്ഞില്ല. പറയാൻ ഒന്നും ഉണ്ടായിരുന്നില്ല.

എന്റെ നിശബ്ദത കാരണമാകാം അവൻ ചോദിച്ചു :
“എടാ നീ ഓക്കെയാണോ? “

* * * *
“എടാ, നീ ഓക്കെയാണോ? “

താമസം മാറുന്നതിനു രണ്ടു ദിവസം മുമ്പ് ഞങ്ങൾ വൈകുന്നേരം നടക്കാൻ ഇറങ്ങിയപ്പോൾ അവൻ എന്നോട് ചോദിച്ചു.

വീടിന്റെ അടുത്തുള്ള അമ്പലത്തിനു ചുറ്റും നടക്കാൻ തുടങ്ങിയിട്ട് ഒരു മണിക്കൂർ കഴിഞ്ഞിരുന്നു. സാധാരണ ഈ നടത്തത്തിൽ ഞങ്ങൾക്കിടയിൽ പല വിഷയങ്ങളും കടന്നു വരാറുള്ളതാണ്. സ്കൂളിലെ പഴയ കാര്യങ്ങളും, സിനിമ ചർച്ചകളുമായിരിക്കും അതിൽ പ്രധാനം. പക്ഷേ, അന്ന് മാത്രം ഞാൻ ഒന്നും മിണ്ടിയില്ല. രണ്ടു ദിവസം കഴിഞ്ഞാൽ സ്വന്തം വീട്ടിൽ നിന്നും പുതിയൊരിടത്തേക്ക് പോകുന്നതിന്റെ വിഷമം എന്റെ ഉള്ളിൽ ഉള്ളതിനാലാണ് എന്റേയീ നിശബ്ദത എന്നവന് മനസിലായിരുന്നു.

“ഇനി ഇത് പോലെ നമുക്ക് ഇങ്ങനെ നടക്കാൻ സാധിക്കുമോ? “
ഞാൻ അവനോടു തിരിച്ചു ചോദിച്ചു.

“അതിനെന്താ.. നീ ഇടയ്ക്ക് ഇറങ്ങ്. നമുക്ക് ഇതുപോലെ കൂടാം. “

അവനെന്നെ സമാധാനിപ്പിക്കാൻ പറഞ്ഞു.

“ടോണി, ഒറ്റപ്പെടലിനെ ഞാൻ ഭയപ്പെടുന്നു. അതിന്റെ മൂർച്ഛയിൽ ഞാൻ ചിലപ്പോൾ എന്തും പ്രവർത്തിച്ചെന്ന് വരാം…”

എന്റെ ആ വാക്കുകൾ അവനിൽ ഏകിയ ഭീതിയാണ് അവന്റെ ഈ ഫോൺ കോൾ.

എന്റെ നിശബ്ദത കൂടുന്തോറും അവനിൽ ഭയമേറാൻ സാധ്യതയുണ്ടെന്ന് എനിക്ക് മനസിലായി.

“ഒക്കെയാടാ…”

ഞാൻ പറഞ്ഞു.

“എന്താ പരിപാടി. മുറിയിൽ ഒറ്റയ്ക്കിരിപ്പാണോ?”

അവന്റെ ചോദ്യത്തിന് അതെയെന്ന് ഉത്തരം പറയാൻ തുനിഞ്ഞ നേരത്താണ് ഞാൻ അവനെ വീണ്ടും കണ്ടത്. കണ്ണിലേക്കു രോമം വീണ പൂച്ച, അവനെന്നെ തുറിച്ചു നോക്കി മുറിയുടെ കതകിന് മുന്നിൽ നിൽക്കുന്നു.

“അമ്മി…”

ഞാൻ അലറി. എനിക്ക് രോഷം ഏറി വന്നു. ഒന്നാമതെ എനിക്ക് ഈ പൂച്ചയെ ഇഷ്ടമല്ല. പോരാത്തതിന് അത് വീടിനുള്ളിൽ കിടന്ന് കറങ്ങുന്നത് ഒട്ടും സഹിക്കാൻ പറ്റുന്നതല്ല.

എന്റെ അലർച്ച കേട്ടവൻ താഴേക്ക് ഓടി ഇറങ്ങി. തൊട്ടു പുറകെ ഞാനും. അതിനെ പുറത്താക്കി മുന്നിലത്തെ കതക് അടച്ചതിന് ശേഷമാണ് എന്റെ പ്രവർത്തികൾ നോക്കി അമ്മി നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചത്.

“എനിക്ക് ഈ പണ്ടാരം, വീട്ടിൽ കയറുന്നത് ഇഷ്ടമല്ലെന്ന് അറിഞ്ഞുകൂടെ…”

“അതിന് ഞാനെന്ത് ചെയ്യാനാ, അത് തന്നെ കയറുന്നതായിരിക്കും.. “
അമ്മിയുടെ മറുപടി.

“ഈ കതക് അടച്ചിടണം. തുറന്ന് മലർത്തിയിടുന്നത് കൊണ്ടാണ് ആ ജന്തു കേറുന്നത്.”
എന്റെ ശബ്ദത്തിൽ മൂർച്ച. അമ്മിയോട് ദേഷ്യപ്പെട്ടു ഞാൻ മുകളിലേക്ക് പോയി.

“എടാ, വീട്ടിൽ വളർത്തു മൃഗങ്ങൾ ഉള്ളത് നല്ലതാടാ. വീട്ടുകാരിലേക്ക് വരുന്ന ദുരന്തങ്ങൾ മൃഗത്തെ തട്ടി പൊക്കോളും.”
എന്നോടായി അമ്മി പറഞ്ഞു.

“അങ്ങനെ പൂച്ചയെ കേറ്റി ദുരന്തങ്ങൾക്ക് മടയിടണ്ട…”

* * * *
ഏഴാം മാസം.

ഈ വീട്ടിലേക്ക് വന്നു ഏഴ് മാസം കഴിഞ്ഞപ്പോഴാണ് ആദ്യ ദുരന്തം വീട്ടിലേക്ക് വന്നത്.

അത്തിത്തായുടെ (അച്ഛന്റെ അച്ഛൻ) മരണം. ഒരു ചെറിയ പനിയായിരുന്നു ആരംഭം. പിന്നീട് അത് നുമോണിയയായി. ലങ്സിനെ ബാധിച്ചു. ഞങ്ങളുടെ എല്ലാ ശ്രമങ്ങളും വിഫലമായി. അത്തിത്താ പോയി. എനിക്ക് ആകെയൊരു മരവിപ്പായിരുന്നു.

എന്ത് ചെയ്യണമെന്ന് മനസിലാകുന്നില്ല. എന്താണ് എനിക്ക് മുമ്പിൽ നടക്കുന്നതെന്ന് മനസിലാകുന്നില്ല.

പള്ളിയിലേക്ക് മയ്യത്ത് എടുത്ത നേരത്തല്ലാതെ ഞാൻ കരഞ്ഞില്ല.

അത്തിത്തായുടെ മരണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞുള്ളൊരു തിങ്കളാഴ്ച.

ഞാൻ പുറത്തേക്ക് പോകാൻ ഇറങ്ങിയ നേരമാണ് എന്റെ ബൈക്കിന്റെ മുകളിൽ അവൻ കിടക്കുന്നു. ആദ്യം എന്നിൽ ദേഷ്യം ഇരമ്പി വന്നെങ്കിലും, അമ്മിയുടെ വാക്കുകൾ പെട്ടന്നെന്റെ ദേഷ്യത്തെ തല്ലി കെടുത്തി. ഞാൻ പതിയെ ബൈക്കിൽ നിന്ന് അവനെ എടുത്ത് വീടിന്റെ സിറ്റൗട്ടിൽ വെച്ചു. ഞാൻ എടുക്കാൻ നേരം അവൻ കുതറി മാറുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ, അവൻ അനുസരണയോടെ എന്റെ കൈകളിലെ ചൂടേറ്റ് കിടന്നു.

പിന്നീട് അവനെ ഞാൻ ദേഷ്യത്തോടെ ആട്ടി അകറ്റിയിട്ടില്ല.

പിന്നീട് അതൊരു പതിവായി. ഞാനെന്നും ഇറങ്ങി ചെല്ലുമ്പോഴും അവൻ എന്റെ ബൈക്കിന്റെ മുകളിൽ ഉണ്ടാകും. എന്റെ കൈകൊണ്ട് അവനെ വാരിയെടുത്ത് ഉമ്മറത്ത് കിടത്തിയിട്ട് ഞാൻ ബൈക്ക് എടുത്ത് പോകും.

അവനും കുടുംബമുണ്ട്. അവന്റെ ഇണയെ ഒരിക്കൽ എന്റെ മുറിയിലേക്ക് അവൻ വിളിച്ചുകൊണ്ടു വന്നു.

ഒരിക്കൽ മുറിയിൽ പുസ്തകം വായിച്ചു കിടക്കുന്ന നേരത്താണ് അവൻ മുറിയിലേക്ക് കയറി വന്നത്. പതിവില്ലാതെ അവനൊപ്പം ഒരാളെ കണ്ടപ്പോൾ എനിക്ക് തെല്ലും അതിശയമായി. എന്താണ് സംഭവമെന്ന് അറിയാൻ, വായന നിറുത്തി അവന്റെ അടുത്തേക്ക് ചെന്നപ്പോൾ രണ്ടാളും മുന്നോട്ടു നടക്കുന്നത് കണ്ടു. കൂടെ അനുഗമിക്കാൻ നിർദേശം നൽകും വിധം ഇടക്കെന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.

അവർക്കൊപ്പം ചെന്ന ഞാൻ കണ്ടത് അവനെപ്പോലെ കറുത്ത വരയുള്ള രണ്ട് വെള്ള പൂച്ചക്കുഞ്ഞുങ്ങളെയാണ്. ഗൃഹനാഥന്റെ ഗൗരവത്തോടെ ഇണയെ അടുത്ത് നിറുത്തി പൂച്ചക്കുട്ടികളുടെ അടുത്ത് നിൽക്കുന്ന അവനെ കണ്ടപ്പോൾ എനിക്കൊരു നിമിഷം അത്തിത്തായേ ഓർമ്മ വന്നു.

അപ്പായുടെ കല്യാണ ആൽബത്തിൽ കല്യാണത്തിന് പന്തലിലേക്ക് ഇറങ്ങും മുമ്പ് അപ്പായെയും രണ്ട് പെങ്ങന്മാരെയും അപ്പാമ്മയെയും ചേർത്ത് അത്തിത്താ നിൽക്കുന്ന ഫോട്ടോ കണ്ടിട്ടുണ്ട്. ഒരു ഫോട്ടോയിലും ചിരിക്കാത്ത അത്തിത്താ ആ ഫോട്ടോയിലും മറ്റെല്ലാവരും സന്തോഷത്തോടെ ചിരിച്ചു നിന്നപ്പോൾ, അത്തിത്താ മാത്രം ഗൗരവത്തിൽ മീശ ഉയർത്തി പിരിച്ചു നിൽക്കുന്നത് കണ്ടു പണ്ട് ഞാൻ ചിരിച്ചത് ഓർത്തപ്പോൾ, അറിയാതെ എന്റെ കണ്ണ് നിറഞ്ഞു. നിറഞ്ഞ കണ്ണ് തുടച്ചു ഞാൻ അകത്തേക്ക് പോകുന്നത് കണ്ട് അവൻ എന്നെ നോക്കി.

വന്ന അന്ന് വീട്ടിലേക്ക് കയറാൻ നേരം നോക്കിയ അതേ, രോമം വീണ കണ്ണുമായുള്ള തുറിച്ചു നോട്ടം.

* * * *

വാങ്ങിയ സ്ഥലത്ത് വീട് പണിക്കുള്ള കല്ലിട്ട് ഒമ്പതാം മാസം പണി പൂർത്തിയാക്കി. പുത്തൻ വീട്ടിലേക്കുള്ള താമസ മാറ്റത്തിനായി ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. സാധനങ്ങൾ ഓരോന്നായി പതിയെ പുത്തൻ വീട്ടിലേക്ക് മാറ്റി കൊണ്ടിരുന്നു. രണ്ടര വർഷത്തെ വാടക വീട് വാസം കഴിഞ്ഞു തിരികെ സ്വന്തം വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിൽ അവനെ ഞാൻ കണ്ടു. അവനിൽ പ്രായം ഏറിയതിന്റെ എല്ലാ അവശതയും കാണാനുണ്ടായിരുന്നു. പഴയപോലെയുള്ള നടത്തങ്ങളോ, മുറിയിലേക്കുള്ള വരവോ ഇല്ല. ഒരേ കിടപ്പ്. ഇടയ്ക്ക് അമ്മി വെക്കുന്ന ഭക്ഷണം കഴിക്കും. പിന്നേം കിടപ്പ്. രോമം വീണു മറഞ്ഞ കണ്ണുകൾ കൂടുതൽ ദയനീയമായി. പ്രായത്തിന്റെ ക്ഷീണം കണ്ണുകളെ താഴ്ത്തി. വീട്ടിൽ നിന്ന് അവസാനത്തെ സാധനങ്ങളും കയറ്റി വണ്ടി വിടാൻ നേരം ഞാൻ അവനെ നോക്കി. കളയാൻ നേരം കൈയ്യിൽ നിന്നു വീണുപോയ ബണ്ണും തിന്ന് ഉമ്മറത്ത് പടിയിൽ കിടക്കുന്ന അവനെ കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത വീർപ്പു മുട്ടൽ അനുഭവപ്പെട്ടു.

“നമുക്ക് ഇവനെയും അങ്ങ് കൊണ്ടുപോയാലോ?”
ഞാൻ എല്ലാവരോടുമായി ചോദിച്ചു.

“അതിന് പ്രായമായി. അവിടെ കൊണ്ട് പോയിട്ട് എന്തിനാ?”
അമ്മിയുടെ ചോദ്യം.

“ഇവിടെ കിടന്ന് ആരും നോക്കാതെ… അതിനേക്കാൾ നല്ലതല്ലേ നമ്മുടെ അവിടെ, അവനായിട്ട് ഒരിടം. അവനവിടെ കഴിയട്ടെ…”
എന്റെ വാക്കുകൾക്ക് വീട്ടുകാർ സമ്മതം മൂളി.

ഉമ്മറപ്പടിയിൽ കിടക്കുന്ന അവനെ എടുക്കാനായി ഞാൻ അടുത്തേക്ക് ചെന്നു. എന്റെ കൈകളിലെ ചൂടേൽക്കാൻ കൊതിച്ചു കിടന്ന ശരീരത്തിൽ കൈ വെച്ചതും, തളർന്നു കിടന്ന അവനെന്റെ നേരെ ചീറി. അതിന്റെ ആഘാതത്തിൽ ഞാൻ പിന്നോട്ടേക്ക് ആഞ്ഞു. അവനിൽ നിന്നുണ്ടായ പ്രവർത്തി എന്നെ അത്ഭുതപ്പെടുത്തി. വീണ്ടും അവനെ എടുക്കാൻ തുനിയവെ, എന്നെ കുതറി മാറ്റി കാലിട്ടടിച്ചവൻ വീടിനകത്തേക്ക് കയറി പോയി.

“എടാ വല്ലതും പറ്റിയോ, നഖം വല്ലോം കൊണ്ടോ?”
അമ്മി ചോദിച്ചു.

ഞാൻ ഇല്ലായെന്ന് തലയാട്ടി.

കുറച്ചു നേരം കൂടെ ഞാൻ അവനെ നോക്കി നിന്നു.

ഞാൻ കാതോർത്തു. ഇല്ല, അവന്റെ ഒച്ച കേൾക്കാൻ സാധിക്കുന്നില്ല.

“നീ ഇങ്ങ് പോരെ… ഓരോരുത്തർക്ക് ഒരു ഇടമുണ്ട്. ഇതാ അവന്റെ ഇടം. അവനിവിടം വിട്ട് വരില്ല.”

ഞാൻ പിന്നെ കാത്തില്ല. ഞങ്ങൾ അവിടെ നിന്ന് യാത്രയായി. വീടിന്റെ കോമ്പൗണ്ട് വിട്ടു ഇറങ്ങും നേരം ഞാൻ തിരിഞ്ഞു നോക്കിയില്ല.

* * * *

സ്വന്തം വീട്ടിൽ താമസമായി ഏഴ് ദിവസം കഴിയുന്നു.

ഈ രാത്രിയിലും ഞാൻ അവനെ കുറിച്ച് ഓർക്കുന്നു.

ഞങ്ങൾ താമസിച്ച വാടക വീട്, ഹൗസ് ഓണർ പുതിയൊരു കൂട്ടർക്ക് വാടകയ്ക്ക് കൊടുത്തുവെന്ന് അറിഞ്ഞു.

ഒരു പക്ഷേ, അവനിപ്പോഴും അവിടെയുണ്ടാകും. പുതുതായി വരുന്നവർ കാലെടുത്ത് വെക്കും മുമ്പേ, തന്റെ ഇടമാണിതെന്ന് അവരെ ഓർമ്മിപ്പിക്കാൻ, വീടിനുള്ളിൽ നിന്നും അവൻ പുറത്തേക്ക് ചാടി വീഴുമായിരിക്കും.

മാറി വരുന്ന മനുഷ്യർക്കിടയിൽ മാറ്റമില്ലാതെ, ഇടത്തിന്റെ സ്വന്തക്കാരനായി, അഹങ്കാരത്തോടെ പുതിയ താമസക്കാരെ, രോമം വീണ കണ്ണ് കൊണ്ട് തുറിച്ചു നോക്കി അവൻ അങ്ങനെ കിടപ്പുണ്ടാകും…

ശബരിമലയിൽ വിമാനത്താവളം, 2570 ഏക്കർ ഭൂമി ഏറ്റെടുക്കാൻ അനുമതിയായി

0

ശബരിമല വിമാനത്താവള പദ്ധതിയ്ക്കായി 2570 ഏക്കർ ഭൂമി ഏറ്റെടുക്കാൻ അനുമതിയായി. സംസ്ഥാന സർക്കാരിൻ്റെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിൻ്റെ പേരിലാണ് ഏറ്റെടുക്കൽ ഉത്തരവ് പുറത്തിറങ്ങിയത്. ഹാരിസൺ മലയാളം കമ്പനി, ബിലീവേഴ്സ് ചർച്ചിന് വിറ്റ വിവാദമായ ചെറുവളളി എസ്റ്റേറ്റിലാണ് വിമാനത്താവളം നിർമ്മിക്കുന്നത്.

എരുമേലി സൗത്ത്, മണിമല വില്ലേജുകളിൽ ഉൾപ്പെട്ട ഭൂമിയാണിത്. സാമൂഹികാഘാത പഠനത്തിൻെറയും ജില്ലാ കളക്ടറുടെ റിപോർട്ടിൻെറയും അടിസ്ഥാനത്തിലാണ് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സാമൂഹ്യ നീതി ഉറപ്പാക്കും വിധം പുനരധിവാസ പാക്കേജ് തയാറാക്കണമെന്നും വിദഗ്ധ സമിതി നിർദേശിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം രേഖപ്പെടുത്തിയാണ് ഭൂമി ഏറ്റെടുക്കലിന് റവന്യു വകുപ്പ് ഉത്തരവ് ഇറക്കിയത്.

ഭൂഉടമയ്ക്ക് നഷ്ടപരിഹാരം നൽകിയാണ് ഭൂമി ഏറ്റെടുക്കേണ്ടതെങ്കിലും ഉടമസ്ഥാവകാശം ചോദ്യം ചെയ്ത് സർക്കാർ തന്നെ സിവിൽ കേസ് നൽകിയിട്ടുളളതിനാൽ ബിലീവേഴ്സ് ചർച്ചിന് പണം നൽകില്ല. കേസ് തീരുന്ന മുറയ്ക്ക് കോടതിയിൽ പണം കെട്ടിവെയ്ക്കാനാണ് തീരുമാനം.

വിമാനത്താവള റണ്‍വേ എരുമേലി ഗ്രാമപ്പഞ്ചായത്തിലെ ഒഴക്കനാട്, മണിമല പഞ്ചായത്തിലെ ചാരുവേലി പ്രദേശങ്ങള്‍ ബന്ധിപ്പിച്ച് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. റണ്‍വേയുടെ കിഴക്കുദിശ എരുമേലി ടൗണിനുസമീപം ഓരുങ്കല്‍ക്കടവും പടിഞ്ഞാറ് മണിമല പഞ്ചായത്തിലെ ചാരുവേലിയുമായിരിക്കും.

കേരളത്തിലേയ്ക്കു നിർദ്ദേശിക്കപ്പടുന്ന അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് ശബരിഗിരി അന്താരാഷ്ട്ര വിമാനത്താവളം. 2017 ജൂൺ 19 ന് സർക്കാർ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. 

2020 ജൂൺ മാസത്തിലാണ് കേരള വ്യവസായ വികസന കോർപ്പറേഷൻ പുതിയ വിമാനത്താവള നിർമ്മാണത്തിനുള്ള അനുമിത അപേക്ഷ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് സമർപ്പിച്ചത്. വിശദ പരിശോധനയ്ക്കു ശേഷം പദ്ധതിയുടെ കൺസൽട്ടന്റ് അമേരിക്കൻ കമ്പനി ലൂയിസ് ബർഗർ സർവ്വീസസ് സാങ്കേതിക, സാമ്പത്തിക പഠന റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചു.

വിവിധ പരിശോധനകൾ അടിസ്ഥാനമാക്കി ചെറുവള്ളി തോട്ടവും പരിസര പ്രദേശങ്ങളും വിമാനത്താവള നിർമ്മാണത്തിന് തികച്ചും അനുയോജ്യമാണെ് കണ്ടെത്തിയ കേന്ദ്ര വ്യോമയാന മന്ത്രാലയം 2023 ൽ ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറൻസ് നൽകി

അഞ്ച് കൊലപാതക കേസ്, രണ്ടെണ്ണത്തിൽ വധശിക്ഷ, 17 വർഷമായി ജയിലിൽ, റിപ്പർ ജയാനന്ദൻ്റെ പുസ്തകം പുറത്തിറങ്ങുന്നു

0

ജയിലില്‍ കഠിന തടവ് അനുഭവിക്കെ എഴുതിയ ‘പുലരി വിരിയും മുന്‍പേ’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനായി റിപ്പര്‍ ജയാനന്ദന് ഹൈക്കോടതി പരോള്‍ അനുവദിച്ചു.

ഭാര്യ ഇന്ദിര നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് അനുമതി. അമ്മയുടെ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് നേടിയതും ഇരുവരുടെയും അഭിഭാഷകയായ മകള്‍ കീര്‍ത്തി ജയാനന്ദന്‍ ആണ്.

‘പുലരി വിരിയും മുമ്പേ’ എന്ന നോവല്‍ പുസ്തക വായനയിലൂടെ മാനസാന്തരം വന്ന വ്യക്തിയുടെ കഥയാണെന്നും ഹര്‍ജിക്കാരി വിശദീകരിച്ചു. നേരത്തെ മകള്‍ കീര്‍ത്തിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജയാനന്ദന് പരോള്‍ അനുവദിച്ചിരുന്നു

23 കേസുകളിൽ ശിക്ഷ ലഭിച്ചത് രണ്ടെണ്ണത്തിൽ മാത്രം

നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ് റിപ്പര്‍ ജയാനന്ദന്‍. അഞ്ച് കൊലപാതക കേസ് ഉള്‍പ്പടെ 23 കേസുകളില്‍ പ്രതിയാണ് റിപ്പര്‍ ജയാനന്ദന്‍. അഞ്ച് കൊലപാതക കേസുകളില്‍ രണ്ടെണ്ണത്തില്‍ ശിക്ഷിക്കപ്പെട്ടു. ഇതിലൊരെണ്ണം വധശിക്ഷയാണ്. മൂന്നെണ്ണത്തില്‍ വെറുതെ വിട്ടു. പതിനേഴ് വര്‍ഷമായി തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവറയിലാണ് റിപ്പര്‍ ജയാനന്ദന്‍. രണ്ട് തവണ ജയില്‍ ചാടാനും ശ്രമിച്ച കൊടും കുറ്റവാളിയാണ്.

ജയിലില്‍ കഴിയുന്നതിനിടെ നോവലുകളും കഥകളും റിപ്പര്‍ ജയാനന്ദന്‍ എഴുതി. ‘പുലരി വിരിയും മുന്‍പെ’ പ്രകാശനത്തിന് തയ്യാറായിക്കഴിഞ്ഞു. ഡിസംബര്‍ 23ന് രാവിലെ പത്തരയ്ക്ക് കൊച്ചിയിലാണ് ചടങ്ങ്. ഡോ. സുനില്‍ പി ഇളയിടം പുസ്തകം പ്രകാശനം ചെയ്യും. ലോഗോസ് പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍.

പുസ്തകമെഴുത്തിനും പ്രസാധനത്തിനും നേരത്തെ ജയില്‍ ഡിജിപി അനുമതി നല്‍കിയിരുന്നു. 30 ദിവസത്തെ പരോളാണ് റിപ്പര്‍ ജയാനന്ദന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പരോളിന് നല്‍കിയ അപേക്ഷയില്‍ ജയില്‍ ഡിജിപി തീരുമാനമെടുത്തില്ല. തുടര്‍ന്നാണ് അഭിഭാഷകയായ മകള്‍ കീര്‍ത്തി ജയാനന്ദന്‍ അമ്മയുടെ പേരില്‍ അച്ഛന് വേണ്ടി ഹൈക്കോടതിയെ സമീപിച്ചത്. 15 ദിവസത്തെ പരോള്‍ അനുവദിക്കണമെന്ന് ആയിരുന്നു ഹര്‍ജിയിലെ ആവശ്യം. മകളുടെ വിവാഹത്തിനായി പൊലീസ് സാന്നിധ്യത്തില്‍ റിപ്പര്‍ ജയാനന്ദന് രണ്ട് ദിവസത്തെ പരോള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഹൈക്കോടതി അനുവദിച്ചിരുന്നു.

ഒന്‍പതാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം നേടിയ റിപ്പര്‍ ജയാനന്ദന്റെ സ്വപ്‌നമാണ് പുസ്തക പ്രകാശനം എന്നായിരുന്നു ഇന്ദിരയുടെ വാദം. പുസ്തകം വിറ്റ് ലഭിക്കുന്ന തുക പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിന് വേണ്ടി നല്‍കുമെന്നായിരുന്നു ഹര്‍ജിയില്‍ ഹൈക്കോടതിയെ അറിയിച്ചത്. അച്ഛന് വേണ്ടി അഭിഭാഷകയായ മകള്‍ അച്ഛന് വേണ്ടി അമ്മ വഴി നടത്തുന്ന പോരാട്ടം എന്നാണ് ഹൈക്കോടതി ഹൈക്കോടതി ഹര്‍ജിയെ വിശേഷിപ്പിച്ചത്. പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ കുറ്റവാളി പുസ്തകമെഴുതാനായതില്‍ പ്രശംസയര്‍ഹിക്കുന്നുവെന്നാണ് കോടതിയുടെ പരാമര്‍ശം.

അനുവദിച്ചത് രണ്ട് ദിവസം

റിപ്പര്‍ ജയാനന്ദന് സാധാരണ പരോള്‍ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നിയമം ഇതിന് അനുവദിക്കുന്നില്ല. ഈ അസാധാരണ സാഹചര്യത്തില്‍ ഭരണഘടനാ കോടതികള്‍ക്ക് ഇടപെടാനാകും. ഈ സാഹചര്യത്തില്‍ ഡിസംബര്‍ 22, 23 തീയതികളില്‍ പരോള്‍ അനുവദിക്കുന്നു. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് രണ്ട് ദിവസവും പരോള്‍. ഇതിന് ശേഷം ജയിലിലേക്ക് മടങ്ങണം. റിപ്പര്‍ ജയാനന്ദനൊപ്പം പൊലിസിന്റെ സാന്നിധ്യമുണ്ടാകുമെന്നും ഹൈക്കോടതി ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.

ഭാര്യയുടെയും മകളുടെയും സ്നേഹം തിരിച്ചറിയണമെന്ന് കോടതി

കൊലപാതകിയെന്നതില്‍ നിന്ന് നവീകരിക്കപ്പെടുന്നുവെന്ന് കാണിക്കുന്നതാണ് റിപ്പര്‍ ജയാനന്ദന്റെ എഴുത്തുകളെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഭാര്യയും മകളും നടത്തിയ നിയമ പോരാട്ടം റിപ്പര്‍ ജയാനന്ദന്റെ മനസിലുണ്ടാകണം. അച്ഛനെ സ്‌നേഹിക്കുന്നതുകൊണ്ടാണ് മകള്‍ ഇത്തരമൊരു നിയമയുദ്ധത്തിന് ഇറങ്ങിയത്. അച്ഛന്റെ പുസ്തകം പ്രകാശനം ചെയ്യുന്നത് കാണാന്‍ കാത്തിരിക്കുകയാണ് മകളും ഭാര്യയും. അതിനാല്‍ കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ മാനിച്ച് ചടങ്ങില്‍ പങ്കെടുത്ത് മടങ്ങാമെന്നുമാണ് വിധിയില്‍ പറയുന്നത്.

രണ്ട് ദിവസവും രാവിലെ 9 മണി മുതല്‍ 5 മണിവരെ കുടുംബത്തിനൊപ്പം സമയം ചെലവിടാം. അഞ്ച് മണിക്ക് ശേഷം അടുത്തുള്ള ജയിലിലേക്ക് മാറ്റണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മടക്കിയയ്ക്കാം എന്ന് അഭിഭാഷകയായ മകളും ഹര്‍ജിക്കാരിയായ ഭാര്യയും വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് സത്യവാങ്മൂലം നല്‍കണം.

കേരളം കണ്ട ക്രൂരനായ ക്രിമിനൽ

റിപ്പര്‍ ജയാനന്ദന്‍ എന്ന ക്രൂരനായ കൊലപാതകി കൊന്നുതള്ളിയത് ഏഴുപേരെയാണ്. മരണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടവര്‍ നിരവധി. സ്വര്‍ണത്തിനും പണത്തിനും വേണ്ടി ആരെയും നിഷ്ഠൂരം കൊന്നുതളളും. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുളള ജയാനന്ദന്‍ സിനിമകളിലെ അക്രമരംഗങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പല മോഷണങ്ങളും കൊലപാതകങ്ങളും നടത്തിയത്. സ്വര്‍ണവള ഊരിയെടുക്കാന്‍ പ്രയാസമായതിനാല്‍ കൈ വെട്ടിമാറ്റി വളയെടുത്തു. അയാളുടെ ഏഴാമത്തെ കൊലപാതകത്തിന് ശേഷമാണ് പ്രതിയുടെ പേരുപോലും അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഒരു തെളിവും അവശേഷിപ്പിക്കാതെയുള്ള കൊലപാതകങ്ങള്‍ക്കു മുന്നില്‍ സിബിഐ പോലും മുട്ടുമടക്കി.

ജയാനന്ദന്റെ ആറാമത്തെ കൊലപാതമായിരുന്നു ബിവറേജസ് ജീവനക്കാരനായ സുഭാഷിന്റേത്. 2005 ലായിരുന്നു ഇത്. ഈ കേസിൻ്റെ അന്വേഷണത്തിൽ മാത്രമാണ് റിപ്പർ ജയാനന്ദൻ്റെ നേരത്തെയുള്ള കുറ്റ കൃത്യങ്ങൾ പൊലീസിന് മുന്നിൽ എത്തുന്നത്. ഒരു ബന്ധുവിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് പറവൂരിലെ ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ മദ്യവില്‍പനശാലയിലെ വിറ്റുവരവ് ലക്ഷങ്ങളാണെന്ന് അറിഞ്ഞത്. മോഷണ ശ്രമത്തിനിടെയാണ് സുഭാഷിനെ കൊന്നതെന്നും ജയാനന്ദന്‍ തുറന്നു പറഞ്ഞു. ഏഴാമത്തെ കൊലപാതകം പുത്തന്‍വേലിക്കരയില്‍ ആയിരുന്നു. രാമകൃഷ്ണനെ തലക്ക് കമ്പിക്ക് അടിച്ചുവീഴ്ത്തിയ ശേഷം ഉറങ്ങുകയായിരുന്ന ബേബിയെ തലക്കടിച്ചു കൊല്ലുകയായിരുന്നെന്നും, സ്വര്‍ണവള ഊരിയെടുക്കാന്‍ പ്രയാസമായതിനാലാണ് കൈ വെട്ടിമാറ്റി വളയെടുത്തതെന്നും പ്രതി ഏറ്റുപറഞ്ഞു.

2003 സെപ്തംബറില്‍ തൃശ്ശൂര്‍ ജില്ലയിലെ മാള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതകമായിരുന്നു ജയാനന്ദന്റെ തെളിയിക്കപ്പെട്ട ആദ്യ കേസ്. പഞ്ഞിക്കാരന്‍ ജോസ് എന്നയാളായിരുന്നു കൊല്ലപ്പെട്ടത്. രാത്രിയില്‍ ജോസിന്റെ വീട്ടില്‍ അതിക്രമിച്ചു കടന്ന ജയാനന്ദന്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അയാളുടെ തലക്ക് ഇരുമ്പുപാരകൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു.

2004 മാര്‍ച്ച് 26നാണ് രണ്ടാം കൊലപാതകം. മാള പള്ളിപ്പുറം കളത്തിപ്പറമ്പില്‍ നബീസ മരുമകള്‍ ഫൗസിയ എന്നിവരെയും കമ്പിപ്പാരകൊണ്ട് തലക്കടിച്ചാണ് ജയാനന്ദന്‍ കൊന്നത്. മറ്റൊരു മരുമകളായ നൂര്‍ജഹാനും അന്ന് ആക്രമിക്കപ്പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. 32 പവനോളം ആഭരണങ്ങളും അവിടെനിന്നും ജയാനന്ദന്‍ കവര്‍ന്നു. മറ്റ് കൊലപാതകങ്ങള്‍ പോലെതന്നെ തെളിവുകള്‍ അവിടെയും അവശേഷിപ്പിച്ചിരുന്നില്ല. അതിനാല്‍ തന്നെ പ്രതി ജയാനന്ദനാണെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. പിന്നീട് സിബിഐ എത്തിയിട്ടും കേസ് തെളിഞ്ഞില്ല.

2004 ഒക്‌ടോബറില്‍ വീണ്ടും രണ്ടുപേരെ കൊലപ്പെടുത്തി. കളപ്പുര സഹദേവനും ഭാര്യ നിര്‍മ്മലയുമായിരുന്നു ഇരകള്‍. അവിടെ നിന്ന് പതിനൊന്ന് പവന്‍ സ്വര്‍ണവും പ്രതി കവര്‍ന്നു. 2005 മെയ് മാസത്തിലായിരുന്നു അടുത്ത കൊലപാതകം. വടക്കേക്കരയിലുള്ള ഏലിക്കുട്ടി എന്ന വയോധികയായിരുന്നു കൊല്ലപ്പെട്ടത്. രാത്രിയില്‍ വീട്ടില്‍ കടന്ന ജയാനന്ദന്‍, ശബ്ദം കേട്ട് ഉണര്‍ന്ന ഏലിക്കുട്ടിയെ തല്ക്കടിച്ചു കൊല്ലുകയായിരുന്നു. പിന്നീടാണ് പറവൂര്‍ ബീവറേജസ് ജീവനക്കാരന്‍ സുഭാഷിനെ കൊലപ്പെടുത്തിയത്. അവസാന കൊലപാതകമായിരുന്നു 2006 ഒക്‌ടോബറില്‍ നടന്ന പുത്തന്‍വേലിക്കരയിലെ രാമകൃഷ്ണന്റെ ഭാര്യ ബേബിയുടേത്. ഈ കാലയളവില്‍ എറണാകുളം തൃശൂര്‍ അതിര്‍ത്തി മേഖലകളില്‍ നടന്ന പല മോഷണങ്ങളുടേയും പിന്നില്‍ ജയാനന്ദനായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ ധരിച്ച സ്ത്രീകളായിരുന്നു ലക്ഷ്യം.

ആദ്യം വധശിക്ഷക്ക് വിധിച്ച ജയാനന്ദനെ പിന്നീട് ജീവിതാവസാനം വരെ ജയില്‍ശിക്ഷക്ക് വിധിച്ചു. ജയിലിലും അടങ്ങിയിരുന്നില്ല ജയാനന്ദന്‍. രണ്ടുതവണ ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ ജയാനന്ദനെ ഊട്ടിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പിന്നീട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് സഹടവുകാരനോടൊപ്പം ജയില്‍ചാടി. പിന്നീട് തൃശൂരില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

അദാനിയില്ല, റഫേൽ ഇല്ല, 150 പാർലമെൻ്റ് അംഗങ്ങളെ പുറത്താക്കിയതും ചർച്ചയിലില്ല, മാധ്യമങ്ങൾ മിമിക്രിക്ക് പിറകെയെന്ന് രാഹുൽ ഗാന്ധി

മിമിക്രി വിവാദത്തില്‍ രൂക്ഷപ്രതികരണവുമായി. പാര്‍ലമെൻ്റിൽ എം.പി.മാരെ കൂട്ടത്തോടെ പുറത്താക്കിയത് മാധ്യമങ്ങള്‍ക്ക്‌ പ്രശ്‌നമല്ലാതാവുന്നത് എന്തെന്ന് രാഹുൽ ഗാന്ധി. ഇതൊന്നു കാണാതെ മിമിക്രിക്ക് പിറകെയാണ്. അനാവശ്യവിവാദങ്ങളില്‍ ചര്‍ച്ച നടത്തുന്നതില്‍ മാത്രമാണ് മാധ്യമങ്ങൾക്ക് ശ്രദ്ധയെന്നും രാഹുല്‍ വിമര്‍ശിച്ചു.

അദാനിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ല, റഫേലിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ല, തൊഴിലില്ലായ്മയെ കുറിച്ചും ചര്‍ച്ചയില്ല. ഞങ്ങളുടെ എം.പി.മാര്‍ നിരാശരായി പുറത്തു പ്രതിഷേധിക്കുകയാണ്. അതിനെ കാണുന്നില്ല, പക്ഷേ നിങ്ങള്‍ക്ക് താത്പര്യം മിമിക്രിയാണ്.’ക്ഷുഭിതനായാണ് രാഹുൽ പ്രതികരിച്ചത്.

‘എം.പി.മാര്‍ അവിടെ ഇരിക്കുകയായിരുന്നു. ഞാനാണവരുടെ വീഡിയോ എടുത്തത്. അത് എന്റെ ഫോണിലുണ്ട്. മാധ്യമങ്ങള്‍ അത് സംപ്രേഷണം ചെയ്യുന്നു. ഞങ്ങളുടെ 150 എം.പി.മാരെയാണ് സഭയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ അതിനെക്കുറിച്ച് ഒരു മാധ്യമങ്ങളിലും ചര്‍ച്ചയില്ല.

പാര്‍ലമെന്റ് സുരക്ഷാവീഴ്ചയും കൂട്ടസസ്‌പെന്‍ഷനും ചോദ്യം ചെയ്ത് പ്രതിപക്ഷ എം.പി.മാര്‍ നടത്തിയ പ്രതിഷേധത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കല്യാണ്‍ ബാനര്‍ജി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ അനുകരിച്ച് മിമിക്രി കാണിച്ചതാണ് വിവാദത്തിന്റെ പശ്ചാത്തലം. ഇത് രാഹുല്‍ ഗാന്ധി ഫോണില്‍ ചിത്രീകരിച്ചിരുന്നു. ഇതിനെതിരെ തന്നെ അവഹേളിച്ചു എന്നാരോപണമായി ധന്‍കര്‍ രംഗത്തെത്തിയിരുന്നു.

രാഷ്ട്രീയ അവസരമാക്കി ബി ജെ പി

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ അനുകരിച്ച സംഭവത്തിൽ എഐസിസി ആസ്ഥാനത്തേക്ക് മാർച്ച്‌ നടത്തി ജാട്ട് സംഘടനകൾ ഇത് രാഷ്ട്രീയമായി ഉപയോഗിച്ചത്. കോൺഗ്രസിന്റെ പ്രതീകാത്മക ശവമഞ്ചം കത്തിച്ചാണ് ജാട്ട് സംഘടനകളുടെ പ്രതിഷേധം. ന്യൂനപക്ഷങ്ങളെ നിരത്തിയാണ് ഇത് രാഷ്ട്രീയ പ്രതിഷേധമായി ബിജെപി ഉയ‍ർത്തി എടുത്തത്. ഇതിന് പിന്നാലെ മാധ്യമങ്ങളും എടുത്തു പിടിച്ചു.

തന്റെ സമുദായത്തെയും പശ്ചാത്തലത്തെയും അപമാനിച്ചുവെന്നാണ് ഇതിനോട് ധൻക‍ർ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ജാട്ട് സമുദായം ഇന്ന് എഐസിസി ആസ്ഥാനത്തേക്ക് പ്രതിഷേധ മാ‍ർച്ച് നടത്തിയത്. മിമിക്രി രാഷ്ട്രീയ ആയുധമാക്കി, സുരക്ഷാ വീഴ്ചയ്ക്കെതിരെയും സസ്പെൻഷനെതിരെയും പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.

 

പ്രതീക്ഷയായി മോഹൻലാലിൻ്റെ ‘നേര്’ നാളെ നേർക്കു നേർ

0

മോഹൻലാൽ ചിത്രം ‘നേര്’ നാളെ റിലീസിനെത്തുകയാണ്. മോഹൻലാലിൻ്റെ ഒരു മുഴുനീള കഥാപാത്രമാണ് തിയേറ്ററിൽ എത്തുന്നത്. ബോക്സ് ഓഫീസിൽ ഏറെക്കാലത്തിന് ശേഷം വിജയത്തിനായുള്ള കാത്തിരിപ്പാണ് ഈ ചിത്രം. ഒരു മാസ് എന്റർടെയ്നർ സിനിമയല്ലെന്ന് ജീത്തു ജോസഫും മോഹൻലാലും മുൻകൂർ പറഞ്ഞെങ്കിലും ലാൽ ആരാധകരുടെ തിരിച്ചു വരവിൻ്റെ പ്രതീക്ഷയുമാണ്.

വിവാദത്തോടെ ശ്രദ്ധയിലേക്ക്

ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് എഴുത്തുകാരന്‍ ദീപക് ഉണ്ണി നൽകിയ ഹർജി ചർച്ചയായെങ്കിലും കോടതി ഹർജി നിരസിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് നേര് സിനിമയുടെ തിരക്കഥ മോഷ്ടിച്ചുവെന്ന ആരോപണവുമായി ഹൈക്കോടതിയിൽ ദീപക് ഉണ്ണി ഹർജി നൽകിയത്. മൂന്ന് വർഷം മുൻപ് കൊച്ചിയിലെ ഒരു ഹോട്ടലിൽ വച്ച് ജീത്തുവും ശാന്തി മായാദേവിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്ന് ദീപക് ഹർജിയിൽ പറയുന്നു. ജീത്തുവും ശാന്തിയും ചേർന്ന് തന്റെ കഥ നിർബന്ധിച്ച് വാങ്ങിയെന്നും, തുടർന്ന് സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കുകയായിരുന്നെന്നും ദീപക് ഉണ്ണി പരാതിയിൽ പറയുന്നു.

പതിമൂന്ന് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ വക്കീൽ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും നേരിനുണ്ട്. താൻ ഒരു മുഴുനീള വക്കീൽ കഥാപാത്രത്തിലെത്തുന്ന സിനിമയാണ് നേര് എന്നും ഇതുവരെ ചെയ്യാത്ത കഥാപാത്രമാണെന്നുമാണ് മോഹൻലാൽ പറഞ്ഞത്.

യൂത്ത് കോൺഗ്രസുകാരെ തല്ലിയവരുടെ പേരും വിലാസവും കയ്യിലുണ്ട്, നടപടി ഇല്ലെങ്കിൽ തിരിച്ചടിക്കും അല്ലെങ്കിൽ സന്യാസത്തിന് പോവും- വി ഡി സതീശൻ

0

നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ഡി.വൈ.എഫ്.ഐ. നേതാക്കള്‍ക്കെതിരെ നടപടി വേണം. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി ഉറപ്പാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. നടപടി ഇല്ലെങ്കിൽ തങ്ങള്‍ തിരിച്ചടിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ വി ഡി സതീശൻ മുന്നറിയിപ്പ് നൽകി.

വി ഡി സതീശൻ്റെ വാക്കുകൾ

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ കൊല്ലാന്‍ കരിങ്കല്ലെറിഞ്ഞപ്പോള്‍ അതിനെ ന്യായീകരിച്ച പാര്‍ട്ടി സെക്രട്ടറിയാണ് പിണറായി വിജയന്‍. ഞങ്ങള്‍ പിണറായി വിജയന്റെ പാരമ്പര്യത്തിലുള്ളവരല്ല. ഒരു കടലാസ് പോലും ചുരുട്ടിയെറിയരുതെന്ന് കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞവരാണ് ഞങ്ങള്‍. അത് മാറ്റിപ്പറയാന്‍ വേണ്ടിയാണ് ഇന്നത്തെ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.

പോലീസിനോടാണ്, ഡിജിപിയോടാണ്, കേരളത്തിന്റെ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയോടാണ്, കല്യാശ്ശേരി മുതല്‍ കൊല്ലം വരെ ഞങ്ങളെ ഉപദ്രവിച്ച കേസുകളില്‍ ശരിയായ വകുപ്പുകള്‍ ചേര്‍ത്ത് ക്രിമിനലുകളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണം. നിങ്ങളുടെ ഗണ്‍മാന്മാരും ടി.എസ്.ഒമാരും ക്രിമിനലുകളാണ്. അവരെ ആ സ്ഥാനത്തുനിന്ന്‌ പുറത്താക്കണം. ഇതുരണ്ടും ചെയ്തില്ലെങ്കിലും തിരിച്ചടിക്കണം, തിരിച്ചടിക്കും. ഒരു സംശയവും വേണ്ട. എണ്ണിയെണ്ണി അടിക്കും.

കല്യാശ്ശേരി മുതൽ ഇങ്ങോട്ട് എല്ലാ ജില്ലകളിലും ക്രൂരമായ മർദനമാണ് അഴിച്ചുവിട്ടത്. ക്രിമിനലുകളുടെ അകമ്പടിയോടെ മുഖ്യമന്ത്രി സഞ്ചരിക്കുന്നത് കോൺഗ്രസുകാരെ പേടിച്ചിട്ടാണോ? മുഖ്യമന്ത്രിയുടെ ധാരണ അദ്ദേഹം മഹാരാജാവാണെന്നാണ്. മറ്റുള്ളവരുടെ മക്കളെ റോഡിലിട്ട് തല്ലിച്ചതയ്ക്കുമ്പോൾ അത് കണ്ട് ആഹ്ളാദിക്കുന്ന സാഡിസ്റ്റ്, ക്രിമിനൽ മനസ്സുള്ളയാളാണ് മുഖ്യമന്ത്രി.

കല്യാശ്ശേരി മുതല്‍ കൊല്ലം വരെ യൂത്ത് കോണ്‍ഗ്രസുകാരെ തെരുവിലിട്ട് പേപ്പട്ടിയെപ്പോലെ തല്ലിയവരുടെ പേരുകള്‍ മുഴുവന്‍ ഞങ്ങളുടെ കൈയിലുണ്ട്. വഴിയിലിട്ട് വയര്‍ലെസ് സെറ്റ് വെച്ച് തല്ലിയവരെ, മാരകായുധങ്ങള്‍വെച്ച് ആക്രമിച്ചവരെ, പോലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്നവരെ ആലപ്പുഴയില്‍വെച്ച് ക്രൂരമായി മര്‍ദിച്ചവരെ, പ്രിയപ്പെട്ട അജിമോനെ പുറകില്‍നിന്ന് ചവിട്ടയവരെ, എല്ലാവന്റേയും പേരും മേല്‍വിലാസവും ഞങ്ങളുടെ കൈയിലുണ്ട്.

ഇത് ചെയ്തില്ലെങ്കില്‍ കല്യാശ്ശേരിയില്‍നിന്ന് തന്നെ തുടങ്ങും. അവരെ സംരക്ഷിക്കും. ഈ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ പറ്റിയില്ലെങ്കില്‍, യൂത്ത് കോണ്‍ഗ്രസിന്റേയും കെ.എസ്.യുവിന്റേയും കുട്ടികളെ സംരക്ഷിക്കാന്‍ പറ്റിയില്ലെങ്കില്‍, ഉള്ള സ്ഥാനം വലിച്ചെറിഞ്ഞ് സന്ന്യാസത്തിനു പോവും. ഇവരുടെ ചോരവീണ, ചോരച്ചാലുകള്‍ ചവിട്ടി ഞങ്ങള്‍ക്കാര്‍ക്കും അധികാരസ്ഥാനത്തേക്ക് പോവേണ്ട. അധികാരസ്ഥാനത്തേക്കാള്‍ ഞങ്ങള്‍ക്ക്‌ പ്രിയപ്പെട്ടവരാണ് ഇവര്‍. അവരുടെ ദേഹം നൊന്തിട്ടുണ്ടെങ്കില്‍, നിലവിളിച്ചിട്ടുണ്ടെങ്കില്‍, പരിക്കേറ്റിട്ടുണ്ടെങ്കില്‍, അവരുടെ ചോര ഈ മണ്ണില്‍ വീണിട്ടുണ്ടെങ്കില്‍, നിയമപരമായ നടപടി നിങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഉറപ്പായും തിരിച്ചടിക്കും. അതിന്റെ കൂടെ ഞങ്ങളുണ്ടാവും. പുറത്തുനിന്ന് പറയാനല്ല, കൂടെയുണ്ടാവും.

വെല്ലുവിളി സ്വീകരിച്ച് ഇ പി ജയരാജൻ നേർക്കു നേർ

എണ്ണിയെണ്ണി തിരിച്ചടിക്കുമെന്ന വി.ഡി. സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം നേതാവ് ഇ.പി. ജയരാജൻ. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഗുണ്ടായിസം വ്യാപിപ്പിക്കുകയാണെന്ന് ജയരാജന്‍ പറഞ്ഞു.

‘സതീശൻ പത്രസമ്മേളനം നടത്തി എണ്ണി എണ്ണി തിരിച്ചടിക്കാൻ പുറപ്പെടുമ്പോൾ സതീശാ എണ്ണി എണ്ണി കണക്കു തീർക്കാൻ മറുഭാഗവുമുണ്ടാകും നോക്കിക്കോ. അഹങ്കാരത്തിനും ധിക്കാരത്തിനും ഒരു പരിധിയുണ്ട്. അതുകൊണ്ട് ഇരിക്കുന്ന സ്ഥാനത്തെ കുറിച്ചാലോചിച്ചേ പ്രഖ്യാപനം നടത്താവൂ. നിങ്ങൾ അടിക്കാൻ വരുമ്പോൾ എല്ലാവരും പുറംകാണിച്ചു തരുമെന്ന് ധരിക്കേണ്ട. ആ പ്രഖ്യാപനം തന്നെ സംഘര്‍ഷവും സംഘട്ടനവും ഉണ്ടാക്കാനാണ്. കേരളത്തിന്റെ പ്രതിപക്ഷ നേതാവാണെന്നു മനസ്സിലാക്കി പിന്തിരിയുക’’– ഇ.പി. ജയരാജൻ പറഞ്ഞു. 

ഇന്ത്യൻ പാർലമെന്റിൽ 146 പ്രതിപക്ഷ എംപിമാരെ ബിജെപി ഗവൺമെന്റ് പുറത്താക്കിയിരിക്കുകയാണ്. അതാണിന്ന് കേരളത്തിന്റെയും ഇന്ത്യയുടെയും പ്രശ്നം. വി.ഡി സതീശന് അതേകുറിച്ച് ഒന്നും പറയാനില്ലേ എന്നും ജയരാജൻ ചോദിച്ചു.

മതേതരവാദിയെ സംഘപരിവാർ ചാപ്പകുത്തി തകർക്കാനുള്ള കുത്സിത ശ്രമം വിലപ്പോവില്ല- കെ സുധാകരൻ

0

സെനറ്റ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്തതിൽ ഗവർണർ സംഘപരിവാർ ബന്ധമുള്ളവരെ തിരുകി കയറ്റി എന്ന വിവാദത്തോട് പ്രതികരിച്ച് ‘ സംഘപരിവാറിലും കൊള്ളാവുന്നവർ ഉണ്ട്’ എന്ന തൻ്റെ പ്രസ്താവനയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍.

തന്നെ സംഘപരിവാറിൻ്റെ ചാപ്പകുത്താന്‍ നടത്തുന്ന ശ്രമത്തെ തികഞ്ഞ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നരേന്ദ്രമോദിക്കെതിരെ നാവുചലിപ്പിക്കാന്‍ പോലും കരുത്തില്ലാത്ത പിണറായി വിജയനും കൂട്ടരും എത്ര ശ്രമിച്ചാലും അത് പ്രബുദ്ധരായ മതേതര ജനാധിപത്യബോധമുള്ള കേരള ജനത ഒരിക്കലും ഉള്‍ക്കൊള്ളില്ല. തനിക്ക് സംഘപരിവാര്‍പട്ടം ചാര്‍ത്തി നല്‍കാന്‍ അഹോരാത്രം പണിയെടുക്കുന്നവര്‍ ആ വെള്ളം വാങ്ങിവെക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം കുറിച്ചു.

കെ സുധാകരൻ എഫ് ബി-

ബിജെപിയുടെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അനീതിക്കെതിരെ ശബ്ദം ഉയര്‍ത്തിയതിന്റെ പേരില്‍ പാര്‍ലമെന്റില്‍ നിന്നും സസ്പെന്‍ഷന്‍ വാങ്ങിയ ദിനംതന്നെ എന്നെ സംഘപരിവാറിന്റെ ചാപ്പകുത്താന്‍ നടത്തുന്ന ശ്രമത്തെ തികഞ്ഞ പുച്ഛത്തോടെ തള്ളിക്കളയുന്നു.

നരേന്ദ്ര മോദിക്കെതിരെ നാവുചലിപ്പിക്കാന്‍ പോലും കരുത്തില്ലാത്ത പിണറായി വിജയനും കൂട്ടരും എത്ര ശ്രമിച്ചാലും അത് പ്രബുദ്ധരായ മതേതര ജനാധിപത്യബോധമുള്ള കേരള ജനത ഒരിക്കലും ഉള്‍ക്കൊള്ളില്ല. എനിക്ക് സംഘപരിവാര്‍പട്ടം ചാര്‍ത്തി നല്‍കാന്‍ അഹോരാത്രം പണിയെടുക്കുന്നവര്‍ ആ വെള്ളം വാങ്ങിവെക്കുന്നതാണ് ഉചിതം.

കോണ്‍ഗ്രസിന്റെ മതേതര ഗര്‍ഭപാത്രത്തില്‍ ജനനം കൊണ്ട് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ദൃഢപ്രതിജ്ഞയെടുത്ത് പൊതുപ്രവര്‍ത്തന രംഗത്ത് കടന്നുവന്നവനാണ് ഞാന്‍. നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ പാര്‍ലമെന്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ കൂട്ടത്തില്‍ ഒരാളാണ് ഞാന്‍.

മഹാത്മാ ഗാന്ധിജിയും ജഹര്‍ലാല്‍ നെഹ്റുവും ഉള്‍പ്പെടെയുള്ള മഹാരഥന്‍മാരായ കോണ്‍ഗ്രസിന്റെ പൂര്‍വ്വസൂരികള്‍ പകര്‍ന്ന് നല്‍കിയ മതേതര ബോധമാണ് എന്റെ ഞരമ്പിലോടുന്ന ഓരോ തുള്ളി രക്തവും.

അതിന്റെ ശുദ്ധി അളക്കാന്‍ സംഘപരിവാറിന്റെ അച്ചാരം വാങ്ങി,കേരളത്തില്‍ അവര്‍ക്ക് ചുവന്ന പരവതാനി വിരിക്കാന്‍ പണിയെടുക്കുന്ന ആരും മെനക്കെടണമെന്നില്ല. നാടിന്റെ ബഹുസ്വരതയും മതേതരത്വവും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന ഒരു മതേതരവാദിയെ സംഘപരിവാറുകാരനെന്ന് ചാപ്പകുത്തി തകര്‍ക്കുകയെന്ന കുത്സിത ശ്രമത്തിന്റെ ഭാഗമാണ് കുറുച്ചുനാളുകളായി എനിക്ക് എതിരെ നടക്കുന്ന ആക്രമണങ്ങള്‍. അത് നിങ്ങള്‍ തുടരുക. അതിന്റെ പേരില്‍ തളര്‍ന്ന് പിന്‍മാറാന്‍ എന്നെ കിട്ടില്ല.

ഫാസിസത്തിന് എതിരായ സന്ധിയില്ലാത്ത പോരാട്ടം ഞാന്‍ തുടര്‍ന്നു കൊണ്ടേയിരിക്കും.

സെനറ്റിലേക്ക് യോഗ്യതയില്ലാത്തവരെയാണ് നോമിനേറ്റ് ചെയ്യുന്നതെങ്കില്‍ അതിനെ ശക്തമായി വിമര്‍ശിക്കും എന്നാണ് ഞാന്‍ വ്യക്തമാക്കിയത്. സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്തവരുടെ മെറിറ്റ് നോക്കി നിയമിക്കണം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അതല്ലാതെ, സംഘപരിവാര്‍ ശക്തികളെ അനുകൂലിക്കുന്ന രാഷ്ട്രീയം എന്റെ ശൈലിയല്ല.

പകലും രാത്രിയിലും സംഘപരിവാറിന് വേണ്ടി വെള്ളം കോരുന്ന പിണറായി വിജയനും കൂട്ടരും എത്ര ശ്രമിച്ചാലും എന്റെ മതേതര മനസിനും ബോധത്തിനും ഒരു ചെറുതരി പോറല്‍പോലും ഏല്‍പ്പിക്കാന്‍ സാധ്യമല്ല.

സംഘപരിവാര്‍ ആശയങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണ്ണറെ ഒരുകാലത്തും കോണ്‍ഗ്രസ് പിന്തുണച്ചിട്ടില്ല. ഗവര്‍ണ്ണറെ പിന്‍വലിക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടവരാണ് ഞങ്ങള്‍. എന്നാല്‍ അതിനെ അനുകൂലിച്ചില്ലെന്ന് മാത്രമല്ല, ആ ആവശ്യത്തെ പരാജയപ്പെടുത്തിവരാണ് പിണറായി വിജയനും കൂട്ടരും.

മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഇപ്പോള്‍ നടത്തുന്ന പോര് വെറും രാഷ്ട്രീയ കച്ചവടത്തിന്റെ പേരില്‍ നടക്കുന്ന നൈമിഷികമായ സ്പര്‍ദ്ധമാത്രമാണ്. ഇരുവരുടേയും ഈ ഒത്തുകളി എത്രയോ തവണ കേരളം കണ്ടതാണ്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സംഭവങ്ങള്‍ വരുമ്പോള്‍ മാത്രം പൊട്ടിപ്പുറപ്പെടുന്ന ഒന്നാണ് ഗവര്‍ണര്‍-മുഖ്യമന്ത്രി പോര്. ശേഷം ഇരുവരും ഒത്തുതീര്‍പ്പിലെത്തും.

കേരളത്തിലെ സര്‍വകലാശാലകളെ വല്ലാത്ത പരുവത്തിലാക്കിയതും ഇതേ ധാരണയുടെ പുറത്താണ്. കണ്ണൂര്‍ സര്‍വകലാശാലയില്‍ ചട്ടവിരുദ്ധമായി വൈസ് ചാന്‍സിലറെ നിയമിക്കാന്‍ വഴങ്ങിയ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ പലഘട്ടത്തിലും മുഖ്യമന്ത്രിയോടുള്ള മമത കാട്ടിയിട്ടുണ്ട്.

ഗവര്‍ണറുടെ താല്‍പ്പര്യങ്ങളും ആവശ്യങ്ങളും നിറവേറ്റാനും മുഖ്യമന്ത്രിയും പ്രത്യേകം ശ്രദ്ധപുലര്‍ത്തിയിട്ടുണ്ട്. സിപിഎമ്മിനും ബിജെപിക്കും പരസ്പരം കൈകോര്‍ക്കാനുള്ള നിരവധി പാലങ്ങളിലൊന്നാണ് ഗവര്‍ണര്‍. അത് നിലനിര്‍ത്തി കൊണ്ട് ജനശ്രദ്ധതിരിക്കാനും കണ്ണില്‍പ്പൊടിയിടാനും ഇത്തരം വിവാദങ്ങള്‍ മനഃപൂര്‍വ്വം അവര്‍ സൃഷ്ടിക്കുന്നതാണ്.

പരാജയപ്പെട്ട നവ കേരള സദസിന്റെ ജാള്യത മറയ്ക്കാനുള്ള പാഴ് ശ്രമമാണ് ഇപ്പോള്‍ എന്നെ കരുവാക്കി ഉയര്‍ത്തി കൊണ്ടുവരുന്ന പുതിയവിവാദം. അത് വിലപ്പോകില്ലെന്ന് മാത്രം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

പലസ്തീനിൽ കൊല്ലപ്പെട്ടവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളും, ഉക്രെയിൻ റഷ്യ യുദ്ധത്തെക്കാൾ രൂക്ഷം

0

പലസ്തീനിനു മേലുള്ള ഇസ്രയേൽ ആക്രമണത്തിലും ഉപരോധത്തിലും കൊല്ലപ്പെട്ടത് 18,800 പേർ. ഇവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. ഒക്ടോബര്‍ 7 മുതല്‍ ഡിസംബര്‍ 15 വരെയുള്ള 70 ദിവസത്തെ കണക്കാണ് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.

ഗസയില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 51,100ലധികം ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായും, നിരവധി പൗരന്‍മാരുടെ വിവരങ്ങള്‍ ലഭ്യമല്ലെന്നും വ്യക്തമാക്കുന്നു. ആക്രമണം ആരംഭിച്ച ശേഷം 22000 സ്ഥലങ്ങളിൽ ആക്രമണം ലക്ഷ്യം കണ്ടതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കിയിരുന്നു.

ഉക്രെയ്ന്‍ – റഷ്യ യുദ്ധത്തിലെ 40 ദിവസത്തിനിടയില്‍ കൊല്ലപ്പെട്ട സിവിലിയന്‍മാരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ സ്ത്രീകളും കുട്ടികളും ഫലസ്തീനില്‍ കൊല്ലപ്പെട്ടതയാണ് കണക്ക്.

നിലവില്‍ ഗസയിലെ 36 ആശുപത്രികളില്‍ എട്ടെണ്ണം മാത്രമേ പ്രവര്‍ത്തനക്ഷമമായിട്ടുള്ളുവെന്നും, നഗരത്തിലെ എട്ട് ആശുപത്രികള്‍ ഭാഗികമായി മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരോഗ്യ മേഖലയിലെ 300ലധികം തൊഴിലാളികള്‍, 86 മാധ്യമപ്രവര്‍ത്തകര്‍, ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സിയിലെ 135 ജീവനക്കാര്‍, 35ഓളം സിവില്‍ ഡിഫന്‍സ് തൊഴിലാളികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും കണ്ടെത്തി.

യൂത്ത് കോൺഗ്രസ് തിരിച്ചറിൽ കാർഡ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹരജിയിൽ ഹൈക്കോടതി വിശദീകരണം തേടി

0

യൂത്ത് കോൺഗ്രസ്സ് തെരഞ്ഞെടുപ്പിൽ വ്യാജ ഐഡികാർഡ് ഉപയോഗിച്ചെന്ന കേസിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജിയിൽ  ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടി. കേസ് ഹൈക്കോടതി ക്രിസ്മസ് അവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമ്മിച്ചെന്ന പരാതിയിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. വിഷയത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് സിബിഐ അന്വേഷണമെന്ന ആവശ്യം ഉയർന്നത്. ഇതിലാണ് പൊലീസ് റിപ്പോർട്ട് തേടിയത്.

മൂവാറ്റുപുഴ സ്വദേശിയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നിഷ്പക്ഷ അന്വേഷണത്തിനായി കേസ് സി.ബി.ഐയ്ക്ക് വിടാൻ നിർദേശം നൽകണമെന്നാണാവശ്യം. ഹർജിക്കാരൻ്റെ പേരിൽ വ്യാജ ഐ.ഡി. കാർഡുപയോഗിച്ച് യൂത്ത് കോൺഗ്രസ് മെമ്പർഷിപ്പെടുത്തു. ഇതിനു പിന്നിലുള്ള കുറ്റക്കാരെ കണ്ടെത്താൻ യൂത്ത് കോൺഗ്രസ് സെൻട്രൽ ഓഫീസിലെ രേഖകൾ പിടിച്ചെടുക്കണം എന്നും ഹർജിയിൽ പറയുന്നുണ്ട്.

കേസില്‍, പിടിച്ചെടുത്ത 24 തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. അഭി വിക്രമിന്റെ ഫോണില്‍ നിന്നും ബിനിലിന്റെ ലാപ്‌ടോപ്പില്‍ നിന്നുമാണ് തിരിച്ചറിയില്‍ കാര്‍ഡുകളുടെ കോപ്പികള്‍ കണ്ടെത്തിയത്. പ്രതികള്‍ക്ക് എതിരെ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. വ്യാജ കാര്‍ഡുകള്‍ പരസ്പരം കൈമാറിയതിനും തെളിവുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പിടിച്ചടുത്ത കാര്‍ഡുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാക്കുന്നതായും വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ വിവാദം

ഏത് അന്വേഷണവും നടക്കട്ടെയെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം. തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു. യാതൊരു ആശങ്കയും ഇല്ല. ആർക്കുവേണമെങ്കിലും പരാതി കൊടുക്കാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു.

ഇലക്ഷൻ കമ്മീഷൻ വിഷയം ഗൗരവമായി എടുത്ത് വിശദീകരണം തേടിയിരുന്നു. വ്യാപകമായി വ്യാജ രേഖകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഗൗരവ സ്വഭാവമുള്ള കേസിൽ സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണെന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷന് പൊലീസ് റിപ്പോർട്ട് നൽകി. നാലു പ്രതികള്‍ക്ക് ജാമ്യം നൽകിയ സിജെഎം കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനും പൊലിസ് തീരുമാനിച്ചിരുന്നു

കേരളാ പൊലീസിൽ നിന്ന് സാധാരണക്കാർക്ക് നീതി കിട്ടില്ല. ഇങ്ങനെയുള്ള പരാതി നൽകുമ്പോൾ ഡിവൈഎഫ്ഐക്കെങ്കിലും നീതി കിട്ടുമോ എന്ന് നോക്കാം. ഡിവൈഎഫ്ഐക്ക് ഇത്തരത്തിൽ താഴെ തട്ടു മുതൽ ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കുമോയെന്നുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം.

കെ. സുരേന്ദ്രനെതിരെ ആവശ്യമെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞിരുന്നു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ കമ്മീഷൻ്റെ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രനാണ് ആരോപണമുന്നയിച്ചത്. 

ഗ്യാൻവാപി പള്ളിക്കേസിൽ മുസ്ലീം സംഘടനകളുടെ ഹരജി തള്ളി

ഗ്യാന്‍വാപി പള്ളിക്കേസില്‍ മുസ്‌ലിം സംഘടനകൾ സമര്‍പ്പിച്ച മുഴുവന്‍ ഹര്‍ജികളും അലഹാബാദ് ഹൈക്കോടതി തള്ളി.പള്ളി നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി ഉത്തരവ്. സമര്‍പ്പിക്കപ്പെട്ട ഹര്‍ജികൾ നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞു.

ഇതോടൊപ്പം, വിഷയത്തില്‍ ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും വാരണാസിയിലെ വിചാരണ കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.

കാശി വിശ്വനാഥ് ക്ഷേത്രത്തിന് തൊട്ടടുത്ത് കാലങ്ങളായി സ്ഥിതിചെയ്യുന്ന ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ടതാണ് കേസ്. ഗ്യാന്‍വാപി മോസ്‌ക് കമ്മിറ്റിയുടെ മൂന്ന് ഹര്‍ജികളും ഉത്തര്‍ പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന്റെ രണ്ട് ഹര്‍ജികളുമാണ് ഹൈക്കോടതിക്ക് മുന്‍പിലെത്തിയത്.

വാരണാസി കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയുടെ സാധുത ചോദ്യംചെയ്യുന്നതായിരുന്നു ഇതില്‍ മൂന്ന് ഹര്‍ജികള്‍.

ഗ്യാൻവാപി മസ്ജിദിൽ വീണ്ടും സർവേ ആവശ്യമാണെങ്കിൽ പുരാവസ്തു സർവേ വിഭാഗത്തിന് അനുമതി നൽകണമെന്നും കോടതി ഉത്തരവിട്ടു. ഗ്യാൻവാപി പള്ളിയിൽ എഎസ്ഐ നടത്തിയ സർവെയുടെ റിപ്പോർട്ട് ഇന്നലെ കോടതിയിൽ സമർപ്പിച്ചിരുന്നു. സീൽ ചെയ്ത റിപ്പോർട്ടാണ് സമർപ്പിച്ചത്. റിപ്പോർട്ട് ഈ മാസം 21 ന് കോടതി പരിശോധിക്കും. ഹിന്ദു ക്ഷേത്രം നിലനിന്ന സ്ഥലത്താണ് പള്ളി നിർമിച്ചതെന്ന് കാട്ടിയാണ് ഹിന്ദു സംഘടനകൾ സർവെ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേടുപാടുണ്ടാകുമെന്നതിനാൽ സർവേ ഒഴിവാക്കണമെന്ന മുസ്‍ലിം വിഭാഗത്തിന്റെ ആവശ്യം അവഗണിച്ചാണ് കോടതി സർവേയ്ക്ക് അനുമതി നൽകിയത്. നൂറിലേറെ ദിവസമെടുത്താണ് പള്ളിയുടെ സർവേ പൂർത്തിയാക്കിയത്.