ഹോട്ടൽ ജീവനക്കാർക്ക് കുത്തിവെപ്പ് നിർബന്ധമാക്കി, മരുന്നു പൂഴ്ത്തി കൊള്ളയടിക്കാൻ കമ്പനികൾ; വില 165 ൽ നിന്ന് രണ്ടായിരത്തിലേക്ക്

0

ഹോട്ടല്‍ ജീവനക്കാര്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡിന് ടൈഫോയ്ഡിനെതിരായ കുത്തിവെപ്പെടുക്കണമെന്ന നിബന്ധനയ്ക്കുപിന്നാലെ വിപണിയില്‍ കുറഞ്ഞവിലയ്ക്ക് ലഭിച്ചിരുന്ന ടൈഫോയ്ഡ് വാക്‌സിന്‍ പൂഴ്ത്തിവെച്ച് മരുന്നു കമ്പനികളുടെ പരസ്യമായ കൊള്ള. സംഭവം വിവാദമായതോടെ കര്‍ശനനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി മന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി.

എന്നാൽ വലിയൊരു മാഫിയ പ്രവർത്തനമായി മാറിക്കഴിഞ്ഞ ഇത്തരം വിപണന തന്ത്രങ്ങൾക്ക് എന്ത് നടപടിയാവും എടുക്കുക എന്ന കാത്തിരിപ്പിലാണ് ജനം. ലോകത്തിലെ തന്നെ ഏറ്റവും ചിലവ് കുറഞ്ഞതും ഫല പ്രദവും എന്ന് കണ്ടെത്തിയ ഇന്ത്യൻ നിർമ്മിത ടൈഫോയിഡ് വാക്സിന് 2018 ൽ ലോക ആരോഗ്യ സംഘടന അംഗീകാരം നൽകിയിരുന്നു. ക്ലിനിക്കലി പ്രൂവ് ചെയ്ത് ലോകത്തിലെ ആദ്യത്തെ ടൈഫോയിഡ് വാക്സിൻ എന്നാണ് ഇത് വിശേഷിപ്പിക്കപ്പെട്ടത്.

ഈ മാസം ആദ്യം ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ നിര്‍ദേശം വന്നതിനുപിന്നാലെ വിപണിയില്‍ 165 രൂപയ്ക്ക് ലഭിച്ചിരുന്ന വാക്‌സിനാണ് കിട്ടാതായത്. പകരം 2000 രൂപവരെ വിലയുള്ള വാക്‌സിന്‍ വിപണിയിലെത്തി. അപൂവ്വം കളില്‍മാത്രമാണ് കുറഞ്ഞവിലയ്ക്കുള്ള വാക്‌സിന്‍ ഇപ്പോള്‍ കിട്ടുന്നത്. കൊള്ളയ്ക്ക് കൂട്ടൂ നിൽക്കാൻ കൂട്ടാക്കത്തവർ മാത്രം പഴയ വിലയുള്ള മരുന്ന് നിബന്ധിച്ച് സ്റ്റോക്ക് ചെയ്യുന്നു.

സര്‍ക്കാര്‍ ഔട്ട്ലെറ്റുകളിലും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കാരുണ്യ മെഡിക്കല്‍ സ്റ്റോറുകളിലും പതിവ് പോലെ വാക്‌സിന്‍ കിട്ടാനില്ല. Kerala Medical Services Corporation Ltd (KMSCL) വഴി കാരുണ്യ കേന്ദ്രങ്ങളിൽ ലഭ്യമാക്കും എന്ന് മന്ത്രി പറഞ്ഞിരുന്നു. നിലവിൽ വിപണിയില്‍ ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ മരുന്നുകച്ചവടക്കാര്‍ കുറഞ്ഞവിലയ്ക്കുള്ള മരുന്ന് പൂഴ്ത്തിവെച്ച് വിലകൂടിയ മരുന്ന് വില്‍പ്പനയ്ക്കിറക്കിയതായാണ് ആരോപണം.

പ്രശ്നം വിവാദമായതോടെ ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 60 ശതമാനത്തോളം ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തെന്നാണ് കരുതുന്നത് ബാക്കിയുള്ളവര്‍ക്കുവേണ്ടിയാണ് തീയതി നീട്ടുന്നതെന്ന് മന്ത്രി പറഞ്ഞു.

മോഡി കപട നാട്യങ്ങളുടെ പിതാവ്; കടന്നാക്രമിച്ച് കോൺഗ്രസ്

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കപടനാട്യത്തിന്റെ പിതാവാണെന്ന് കോണ്‍ഗ്രസ്.

ഇന്ത്യയിലെ ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനയുടെ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസ് കടന്നാക്രമണം. ഒപ്പം പ്രധാനമന്ത്രിയുടെ അദാനി ബന്ധം ഉയർത്തിയും പരിഹാസം ഉതിർത്തു

ബിബിസിയിലുള്ള തന്റെ വിശ്വാസം പ്രകടിപ്പിക്കുന്ന മോദിയുടെ പഴയ വീഡിയോ ചൂണ്ടിക്കാട്ടി, മോദിക്ക് ഇപ്പോള്‍ ബിബിസിയേക്കുറിച്ചുണ്ടായിരുന്ന കാഴ്ചപ്പാടില്‍ മാറ്റംവന്നത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ചോദിച്ചു.

‘2014-ന് മുന്‍പ് മോദി സ്ഥിരമായി ബിബിസിയേക്കുറിച്ച് പ്രസംഗിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ബിബിസി 20 വര്‍ഷം മുന്‍പത്തെ ചരിത്രം തോണ്ടി പുറത്തിട്ടപ്പോള്‍ എന്തുപറ്റി? എങ്ങനെയാണ് എല്ലാ കാര്യങ്ങളും വിദേശ ഗൂഢാലോചനയാകുന്നത്? ഇന്ത്യയിലെ മാധ്യമ സ്ഥാപനങ്ങളില്‍ നടത്തുന്ന റെയ്ഡുകളേക്കുറിച്ച് എന്താണ് പറയാനുള്ളത്? ആര്‍ക്കുവേണമെങ്കിലും ഇന്ത്യയ്‌ക്കെതിരേ ഗൂഢാലോചന നടത്താവുന്നത്ര ദുര്‍ബലമാണോ സര്‍ക്കാരിന്റെ വിദേശനയം?

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്, എന്നാല്‍ മോദി കപടനാട്യത്തിന്റെ പിതാവാണ്’ – പവന്‍ ഖേര ആരോപിച്ചു.

റെയിഡ് കഴിഞ്ഞാൽ അദാനി വാങ്ങും

ദേശീയ ഏജന്‍സികള്‍ നടത്തുന്ന റെയ്ഡുകളുടെ പ്രത്യേക ക്രമം പരിശോധിച്ചാല്‍ ചില കാര്യങ്ങള്‍ വ്യക്തമാകുമെന്ന് ഖേര ചൂണ്ടിക്കാട്ടി. ആദ്യം റെയ്ഡ് നടത്തുകയും പിന്നീട് മോദിയുടെ സുഹൃത്ത് ആ സ്ഥാപനം വാങ്ങുകയും ചെയ്യും- ഇതാണ് ആ ക്രമം. മാധ്യമസ്ഥാപനങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, തുറമുഖങ്ങള്‍, സിമന്റ് കമ്പനികള്‍ എന്നിങ്ങനെ എല്ലാ സ്ഥാപനങ്ങളുടെ കാര്യത്തിലും ഇത് കാണാം. ആദ്യം അന്വേഷണ ഏജന്‍സി വരും, പിന്നാലെ അദാനി വരും, പവന്‍ ഖേര ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ ബിബിസിയില്‍ നടക്കുന്ന സര്‍വേയെ തുടര്‍ന്ന് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് എന്തുസംഭവിക്കും എന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ട്.

ചിലപ്പോള്‍ ആര്‍എസ്എസ് ശാഖകള്‍ പോലെ സിബിഐ, ഇഡി, ഐടി തുടങ്ങിയ ഏജന്‍സികള്‍ക്ക് മറ്റു രാജ്യങ്ങളിലും ശാഖകള്‍ ഉണ്ടാകുമായിരിക്കും.

പ്രധാനമന്ത്രി ഈ രാജ്യത്തെ പരിഹസിക്കുകയാണ്. നമ്മുടെ രാജ്യം ഒരു ബനാന റിപ്പബ്ലിക് അല്ല, ഒരിക്കലും ആവുകയുമില്ല, അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോഡിയുടെ പങ്ക് ചർച്ച ചെയ്യുന്ന ബിബിസി സംപ്രേഷണം ചെയ്ത ‘ഇന്ത്യ: ദി നരേന്ദ്ര മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യമെന്ററി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ സര്‍ക്കാര്‍ വിലക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.

ചൊവ്വാഴ്ച രാവിലെ ആരംഭിച്ച പരിശോധന ബുധനാഴ്ച വൈകുന്നേരവും തുടരുകയാണ്. നടപടിക്കെതിരേ പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നടക്കം രാജ്യത്തിന്റെ വിവിധ കോണുകളില്‍നിന്ന് കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

പച്ചക്കറി കടയിൽ നിന്നും മാങ്ങ മോഷ്ടിച്ച് സി സി ടി വിയിൽ കുരുങ്ങിയ പൊലീസുകാരനെ പിരിച്ചു വിടാൻ തീരുമാനം

കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം. ഇതിനു മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് ഇടുക്കി എസ്പി വി.യു. കുര്യാക്കോസ് പൊലീസുകാരനു കൈമാറി. ഇടുക്കി എആർ ക്യാംപിലെ സിപിഒ കൂട്ടിക്കൽ പുതുപ്പറമ്പിൽ പി.വി. ഷിഹാബിനെതിരെയാണു നടപടി. 15 ദിവസത്തിനുള്ളിൽ മറുപടി നൽകണം. മറുപടി കിട്ടിയശേഷം അന്തിമ നടപടിയുണ്ടാകും. മാങ്ങാ മോഷണത്തിനു പുറമേ ഷിഹാബിനെതിരെ ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പിരിച്ചുവിടല്‍ നടപടി.

കഴിഞ്ഞ  സെപ്റ്റംബർ 30ന് പുലർച്ചെയാണ് സംഭവം. കോട്ടയത്തുനിന്ന് ജോലികഴിഞ്ഞു മടങ്ങുന്ന വഴിയാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാരനായ പി വി ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ്  മോഷ്ടിച്ചത്.

പൊലീസുകാരന്‍ കടയില്‍ നിന്നും മാങ്ങ മോഷ്ടിച്ച് ബാഗിലിട്ട് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചു. ഇതിന് പിന്നാലെ ഷിഹാബ് ഒളിവില്‍ പോയി. കടയുടമ ദൃശ്യമടക്കം നൽകിയ പരാതിയില്‍ പൊലീസുകാരനെതിരെ കേസെടുത്തു. തുടർന്ന്  ഷിഹാബിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്യുകയായിരുന്നു.

മാങ്ങമോഷണ കേസ് പൊലീസ് സേനയ്ക്ക് തന്നെ അപമാനമായതോടെ  കേസ് ഒത്തു തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ഇതിന് പിന്നാലെ കടയുടമ പൊലീസുകാരനെതിരെയുള്ള പരാതി പിന്‍വലിച്ചു. മാങ്ങ മോഷണ കേസ് ഒത്തുതീർപ്പാക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചതോടെ ഐ പി സി 379 പ്രകാരമുള്ള മോഷണ കേസിലെ തുടർ നടപടികൾ അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങൾ ഉണ്ടെങ്കിൽ പൊലീസിന് അന്വേഷിക്കാമെന്ന് കോടതി അറിയിച്ചു.

കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെങ്കിലും പൊലീസിന്‍റെ സൽപേരിനു കളങ്കമായി എന്ന് ആരോപിച്ച് ഇയാളെ പിരിച്ചുവിടാൻ എസ്പി ആഭ്യന്തര വകുപ്പിന് ശുപാർശ ചെയ്യുകയായിരുന്നു. നോട്ടിസിന് മറുപടി ലഭിച്ചാലുടൻ പിരിച്ചു വിടാനുള്ള നടപടി സ്വീകരിക്കുമെന്ന് ഇടുക്കി എസ്പി പറഞ്ഞു. മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ പ്രതിയാണ് ഷിഹാബ്. ഈ കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് ഷിഹാബ് മാങ്ങ മോഷണം നടത്തിയത്.

പെനാൽറ്റി കിക്ക് തടുത്ത ഉടൻ ഗോളി കുഴഞ്ഞ് വീണു മരിച്ചു

0

പെനാല്‍റ്റി കിക്ക് രക്ഷപ്പെടുത്തിയതിന് പിന്നാലെ ഗോള്‍കീപ്പര്‍ കുഴഞ്ഞുവീണ് മരിച്ചു.

ബല്‍ജിയം പ്രാദേശിക ഫുട്‌ബോള്‍ ലീഗില്‍ വിംഗല്‍ സ്‌പോര്‍ട്ട് ബി ക്ലബ്ബിന്റെ താരം അര്‍നെ എസ്പീലാണ് സഹതാരങ്ങളുടെയും ആരാധകരുടെയും കണ്‍മുന്നില്‍ മരണപ്പെട്ടത്.


മത്സരത്തില്‍ വിംഗല്‍ 2-1ന് മുന്നില്‍ നില്‍ക്കെയാണ് എതിര്‍ ടീം പെനാല്‍റ്റി നേടിയെടുത്തത്. ഷോട്ട് രക്ഷപ്പെടുത്തിയ എസ്പീല്‍ വൈകാതെ ഗോള്‍ മുഖത്ത് കുഴഞ്ഞു വീണു. സഹതാരങ്ങളും മെഡിക്കല്‍ സ്റ്റാഫുകളും എസ്പീലിന് പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

More Read

ബി ബി സി ഓഫീസിൽ റെയിഡ് തുടരുന്നു, കടുത്ത പ്രതിഷേധങ്ങൾക്കിടെ നടപടി കടുപ്പിച്ച് മറുപടി

ബി.ബി.സി. ഡല്‍ഹി, മുംബൈ ഓഫീസുകളിലെ റെയ്ഡ് രാത്രി വൈകിയും തുടരുന്നു. റെയ്ഡിനിടെ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു. ചൊവ്വാഴ്ച പകല്‍ 11.30ഓടെയാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിനായി ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ എത്തിയത്. പോലീസ് സുരക്ഷയിലായിരുന്നു പരിശോധന. നടക്കുന്നത് റെയ്ഡല്ല, സര്‍വേയാണെന്നായിരുന്നു ആദ്യത്തെ വിശദീകരണം.

ഗുജറാത്ത് കലാപമടക്കം പരാമര്‍ശിച്ചും നരേന്ദ്ര മോഡിയുടെ പങ്കാളിത്തം വ്യക്തമാക്കിയും ബി.ബി.സിയുടെ ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററി വന്നതിന് പിന്നാലെയാണ് നടപടി. ഡോക്യുമെൻ്ററി നിരോധിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടങ്ങുന്നതിന് മുമ്പേയാണ് ബി.ബി.ബി. ഓഫീസുകളില്‍ റെയ്ഡ് തുടങ്ങിയത്. അടുത്ത ദിവസവും തുടരും എന്നാണ് സൂചന

ആസ്രൂത്രണം ചെയ്ത് നടപ്പാക്കിയ റെയിഡ്

അന്താരാഷ്ട്ര നികുതിയടക്കമുള്ളവയിലെ ക്രമക്കേടുകള്‍, ലാഭം വകമാറ്റല്‍, ബി.ബി.സിയുടെ ഉപകമ്പനികളുടെ ട്രാന്‍സ്ഫര്‍ വിലനിര്‍ണ്ണയത്തില്‍ ക്രമക്കേടുകള്‍ എന്നിവ ആരോപിച്ചാണ് ആദായനികുതി പരിശോധന. 2012 മുതലുള്ള രേഖകളാണ് പരിശോധിച്ചുവരുന്നത്.

അഴിമതി കോർപ്പറേഷൻ എന്ന് പരിശോധനയ്ക്കും മുൻപേ ബി ജെ പി

ബി.ബി.സി. റെയ്ഡിനെ പിന്തുണച്ച് ബി.ജെ.പി. രംഗത്തെത്തി. രാജ്യത്തെ നിയമം പാലിക്കുന്നുണ്ടെങ്കില്‍, മറയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ ഭയപ്പെടേണ്ടതില്ലെന്ന് പറഞ്ഞ ബി.ജെ.പി. വക്താവ് ഗൗരവ് ഭാട്ടിയ, ബി.ബി.സിയുടേത്‌ ഇന്ത്യാവിരുദ്ധ പ്രൊപ്പഗണ്ടയാണെന്ന് വിമര്‍ശിച്ചു. വിഷം ചീറ്റാത്തിടത്തോളം കാലം എല്ലാ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ബി.ബി.സിയെ ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ കോര്‍പ്പറേഷന്‍നാണെന്നും അദ്ദേഹം പരിഹസിച്ചു.

ശുദ്ധ തെമ്മാടിത്തമെന്ന് എൻ റാം

ബി ബി സി ഓഫീസിലെ പരിശോധന ശുദ്ധ തെമ്മാടിത്തം എന്നാണ് ഹിന്ദു എഡിറ്ററും രാജ്യത്തെ മുതിർന്ന പത്രപ്രവർത്തകനുമായ എൻ റാം വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഇന്ത്യൻ ജനാധിപത്യത്തെ കരിതേക്കുന്ന നടപടി എന്നും വിശേഷിപ്പിച്ചു.

വിനാശകാലേ വിപരീത ബുദ്ധിയെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശ് പരിഹസിച്ചു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് തന്നെയോയെന്ന ചോദ്യവുമായി സീതാറാം യെച്ചൂരിയും രംഗത്തെത്തി. അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലില്‍ പ്രതിപക്ഷം സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെടുമ്പോള്‍ കേന്ദ്രം ബി.ബി.സിക്ക് പിന്നാലെ പോകുന്നുവെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. റെയ്ഡ് ദയനീയമായ സെല്‍ഫ് ഗോളാണെന്ന് പറഞ്ഞ ശശി തരൂര്‍ പറഞ്ഞു. ബി.ബി.സി. ഡോക്യുമെന്ററിക്കെതിരായ പ്രതികാരമായേ ലോകം കാണൂ എന്നും വിമര്‍ശിച്ചു.

റെയ്ഡിനോട് പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ടെന്നായിരുന്നു ബി.ബി.സിയുടെ പ്രതികരണം. എത്രയും പെട്ടെന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബി.ബി.സി. കൂട്ടിച്ചേര്‍ത്തു. നടപടികള്‍ നിരീക്ഷിച്ചുവരുന്നുവെന്നായിരുന്നു ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രതികരണം. ഭരണത്തിലുള്ളവര്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന വാര്‍ത്താമാധ്യമങ്ങളെ സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് ഉപദ്രവിക്കുന്ന നീക്കം തുടര്‍ച്ചയാവുന്നത് ദുഃഖകരമാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പ്രതികരിച്ചു.

അർജുൻ ആയങ്കിക്കെതിരെ ഭാര്യയുടെ പരസ്യ മൊഴി, “ആത്മഹത്യ ചെയ്താൽ ഉത്തരവാദി അർജുനും കുടുംബവും”

0

അര്‍ജുന്‍ ആയങ്കിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല. താന്‍ ആത്മഹത്യ ചെയ്താല്‍ അതിന് കാരണം അര്‍ജുനും കുടുംബവുമാണ്. ക്രൂര പീഡനമാണ് നേരിടുന്നനത്, വിവാഹത്തിന് മുമ്പ് നിർബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നും ആരോപണം. ഫേസ്ബുക്ക് ലൈവിലൂടെയാണ് അമലയുടെ വെളിപ്പെടുത്തൽ.

ഇപ്പോൾ പൊലീസിൻ്റെ സഹായത്തോടെ താമസിപ്പിച്ച സ്ഥലത്ത് നിന്നാണ് ഫെയ്സ് ബുക്ക് ലൈവ് ചെയ്യുന്നതെന്നും അമല വിഡിയോയിൽ പറയുന്നു. അതേ സമയം അമല ഇതുവരെ അർജുൻ ആയങ്കിക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. 

അമലയുടെ വാക്കുകൾ…
“2019 ഓഗസ്റ്റിലാണ് അര്‍ജുന്‍ ആയങ്കിയുമായി പരിചയപ്പെടുന്നത്. പിന്നീട് പ്രണയമായി. പ്രണയത്തിലാകുന്ന സമയത്ത് അര്‍ജുന്‍ ആയങ്കിയുടെ കൈയില്‍ ഒരുരൂപപോലും ഉണ്ടായിരുന്നില്ല. ആത്മാര്‍ഥമായ പ്രണയമാണെന്നാണ് വിശ്വസിച്ചത്. അയാള്‍ക്ക് ഹെഡ്‌സെറ്റ് പോലും വാങ്ങിനല്‍കിയത് താനാണ്. പലതവണ പണം നല്‍കി സഹായിച്ചിട്ടുണ്ട്. കാശിന് വേണ്ടിയാണ് സ്‌നേഹം കാണിക്കുന്നതെന്ന് അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് പോലും പറഞ്ഞിട്ടും വിശ്വസിച്ചിട്ടില്ല. ഇനി വിശ്വസിക്കുന്നുമില്ല.

ഒന്നരവര്‍ഷം കഴിഞ്ഞ് 2021 ഏപ്രില്‍ എട്ടിനായിരുന്നു കല്യാണം. എന്നാല്‍ 2020 ജൂണില്‍, വിവാഹത്തിന് മുന്‍പ് തന്നെ കണ്ണൂരിലേക്ക് കൊണ്ടുവന്നിരുന്നു. വിവാഹത്തിന് മുന്‍പ് നാലുമാസത്തോളം ഒരുമിച്ച് താമസിച്ചു. ഇതിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി. പിന്നീടാണ് വിവാഹം കഴിഞ്ഞത്.

ഒരിക്കല്‍ അര്‍ജുനൊപ്പം സിനിമ കാണാന്‍ പോയി. എന്നാല്‍ രാത്രി വീട്ടില്‍ മടങ്ങിയെത്തിയതിന് ശേഷം അര്‍ജുന്‍ വീണ്ടും പുറത്തുപോയി.രാത്രി എട്ടുമണിക്ക് പോയിട്ട് പിറ്റേദിവസം ഒമ്പതുമണിക്കാണ് വന്നത്. കൈയില്‍ ബിയറൊക്കെ ഉണ്ടായിരുന്നു. അത് ഞാന്‍ ഫ്രിഡ്ജില്‍വെച്ചു. കഴുത്തില്‍ ഉമ്മവെച്ചത് പോലെയുള്ള പാടുണ്ടായിരുന്നു. ചോദിച്ചപ്പോള്‍ കുഴല്‍പണവുമായി ബന്ധപ്പെട്ട ഇടപാടിന് പോയതാണെന്ന് പറഞ്ഞു. സ്വര്‍ണക്കടത്തിനെക്കുറിച്ചും കുഴല്‍പ്പണത്തെക്കുറിച്ചുമെല്ലാം അര്‍ജുന്‍ ആയങ്കി പറഞ്ഞിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ തന്നെ പലരും മോശമാക്കി ചിത്രീകരിച്ചു. എന്നാൽ ഭര്‍ത്താവിനെ തള്ളിപറഞ്ഞില്ല. അര്‍ജുന്‍ ആയങ്കിക്കെതിരേ മൊഴി കൊടുത്തിട്ടുമില്ല. കേസിനും ജാമ്യത്തിനുമെല്ലാം കൂടെനിന്നു. കേസിന്റെ എല്ലാകാര്യങ്ങളും നോക്കിയത് ഞാനാണ്.”

ആർ എസ് എസും ജമാഅത്തെ ഇസ്ലാമിയുമായി രഹസ്യ ചർച്ച പുറത്തായി; പ്രാഥമിക ചർച്ച മാത്രമെന്ന് നേതാക്കൾ

ആര്‍എസ്എസുമായി അടച്ചിട്ട മുറയിൽ രഹസ്യ ചര്‍ച്ച നടത്തിയെന്ന് സമ്മതിച്ച് ജമാഅത്തെ ഇസ്ലാമി. ജനുവരി 14ന് ന്യൂഡല്‍ഹിയില്‍ വെച്ചായിരുന്നു രഹസ്യ ചര്‍ച്ചയെന്ന് ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറിയും കേരള മുന്‍ അമീറുമായ ടി ആരിഫ് അലി “ദി ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസി’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചര്‍ച്ചകള്‍ ഇനിയും തുടരുമെന്നും നിലവില്‍ നടന്നത് പ്രാഥമിക ചര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 14ന് ദില്ലിയില്‍ നടന്ന ചര്‍ച്ചയില്‍ ആള്‍ക്കൂട്ട ആക്രമണം അടക്കമുളള വിഷയങ്ങള്‍ ചര്‍ച്ചയായെന്ന് ജമാ അത്തെ ഇസ്ളാമി ജനറല്‍ സെക്രട്ടറി ടി. ആരിഫ് അലി വെളിപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സംഘടനയെന്ന നിലയിലാണ് ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതെന്നും ആരിഫ് അലി പറയുന്നു.

മുസ്ലി സംഘടനകളും ആര്‍എസ്എസുമായുളള ചര്‍ച്ചകള്‍ക്ക് വേദിയാെരുക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ്.വൈ ഖുറേഷിയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളുടെ തുടര്‍ച്ചയായായിരുന്നു ജനുവരി 14ന് ദില്ലിയില്‍ നടന്ന ചര്‍ച്ച.

അഖിലേന്ത്യാ നേതൃത്വമാണ് ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന തീരുമാനം കൈക്കൊണ്ടതെന്ന് ടി ആരിഫ് അലി പറയുന്നു. മാത്രമല്ല, ആര്‍എസ്എസുമായി ചര്‍ച്ച ചെയ്യുന്ന കാര്യം താഴെത്തട്ടിലെ അണികളെ അറിയിക്കുകയും ചെയ്‌തിരുന്നു. കേന്ദ്ര സര്‍ക്കാറിനെ നയിക്കുന്ന ഒരു സംഘടനയുമായി ചര്‍ച്ച നടത്തരുത് എന്ന നിലപാട് സ്വീകരിക്കുന്നത് ബുദ്ധിപരമല്ലെന്നും ആരിഫലി പറഞ്ഞു. ഈ ചര്‍ച്ചയിലൂടെ ആര്‍എസ്എസാണ് കേന്ദ്ര സര്‍ക്കാറിനെ നയിക്കുന്നതെന്ന് തെളിഞ്ഞു. സമൂഹത്തിലെ ഏതെങ്കിലും വിഭാഗവുമായി ഇടപഴകുന്നതില്‍ യാതൊരു പ്രതിബന്ധവും ഉണ്ടാകരുതെന്ന നിലപാടുള്ളവരും ചര്‍ച്ചയില്‍ വിശ്വസിക്കുന്നവരുമാണ് തങ്ങള്‍.

ആര്‍എസ്എസുമായി ഒത്തുതീര്‍പ്പുണ്ടാക്കുക ചര്‍ച്ചകളുടെ ലക്ഷ്യമല്ലെന്നും ആരിഫ് അലി വ്യക്തമാക്കി. എസ്‍വൈ ഖുറേഷി, മുന്‍ ദില്ലി ലഫ്റ്റനനന്‍റ് ഗവര്‍ണര്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജംഗ്, ഷാഹിദ് സിദ്ദീഖി, സയ്യീദ് ഷെര്‍വാണി എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതുമായി  നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ആര്‍എസ്എസ് നേതൃത്വം തുടര്‍ ചര്‍ച്ചകള്‍ക്കായി നാല് നേതാക്കളെ ചുമതലപ്പെടുത്തിയത്.

ചർച്ച തുടരും

ആള്‍ക്കൂട്ട ആക്രമണം, മുസ്ലിം മേഖലകളില്‍ അനധികൃത നിര്‍മാണങ്ങളുടെ പേരു പറഞ്ഞ് ഇടിച്ചു നിരത്തുന്ന ബുള്‍ഡോസര്‍ രാഷ്ട്രീയം, നിരപരാധികള്‍ക്കെതിരായ കേസുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ജനറല്‍ സെക്രട്ടറി ടി ആരിഫ് അലി പറഞ്ഞു. കാശിയിലെയും മധുരയിലെയും മോസ്‌കുകളുമായി ബന്ധപ്പെട്ട വിഷയം ആര്‍എസ്എസ് നേതൃത്വവും ചര്‍ച്ചയില്‍ ഉന്നയിച്ചതായാണ് ലഭിക്കുന്ന വിവരം. ആര്‍എസ്എസ്സിന്റെ രണ്ടാം നിര നേതാക്കളുമായുളള പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നടന്നതെന്നും തുടര്‍ ചര്‍ച്ചകള്‍ ഈ വിഷയത്തിലുണ്ടാകുമെന്നും ആരിഫ് അലി എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.


എന്ത് ഉറപ്പാണ് നിങ്ങൾക്ക് ലഭിച്ചത്, വെളിപ്പെടുത്തണമെന്ന് കെ ടി ജലീൽ

ആർഎസ്എസ്സുമായി സംസാരിച്ചതിൻ്റെ വിശദാംശങ്ങൾ ജമാഅത്തെ ഇസ്ലാമി വെളിപ്പെടുത്തണമെന്ന് കെ ടി ജലീൽ എംഎൽഎ ആവശ്യപ്പെട്ടു. ചർച്ചകൾക്കൊടുവിൽ ആർക്കാണ് മാനസാന്തരം സംഭവിച്ചതെന്നറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ട്. ഈ ചർച്ച എന്തിനാണ് ഇരുകൂട്ടരും രഹസ്യമാക്കി വെച്ചത്? മീഡിയാവണ്ണോ മാധ്യമമോ തത്സംബന്ധമായ വാർത്ത കൊടുക്കാതിരുന്നത് എന്തു കൊണ്ടാണ്?. എവിടെയായിരുന്നു കൂടിക്കാഴ്‌ച‌? എന്നായിരുന്നു? മദ്ധ്യസ്ഥർ വല്ലവരും ഉണ്ടായിരുന്നോ?.

പൗരത്വ നിയമം മരവിപ്പിക്കാമെന്ന ഉറപ്പ് മോഹൻ ഭാഗവതിൽ നിന്ന് കിട്ടിയോ? മുത്തലാഖ് നിയമം പിൻവലിക്കുമെന്ന് RSS നേതാക്കൾ പറഞ്ഞോ? കാശ്‌മീരിൻ്റെ പ്രത്യേക പദവി പുനസ്ഥാപിക്കുമെന്ന് ഭരണം നിയന്ത്രിക്കുന്നവർ വാക്ക് നൽകിയോ? ബാബരി മസ്ജിദ് പൊളിച്ചതിൽ സംഘ് പരിവാരങ്ങൾ ക്ഷമാപണം നടത്തിയോ? ഗുജറാത്തിലെ മുസ്ലിം കൂട്ടക്കൊലയിൽ ബി.ജെ.പി മാപ്പപേക്ഷിച്ചോ? ബീഫ് വിവാദത്തിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്ലാഖ് ഉൾപ്പടെയുള്ള അൻപതോളം മനുഷ്യരുടെ മരണത്തിൽ “ഗോ സംരക്ഷണ സേന” ഖേദം പ്രകടിപ്പിച്ചോ? സ്ഥല നാമങ്ങൾ മാറ്റുന്ന നയം അവസാനിപ്പിക്കാമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മതിച്ചോ? NDA സഖ്യത്തിൽ വെൽഫെയർ പാർട്ടിയെ ചേർക്കാമെന്ന വല്ല ഉറപ്പും ലഭിച്ചോ? ഈ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ജമാഅത്തെ ഇസ്ലാമിക്ക് മുന്നോട്ട് പോകാനാവില്ല. പഴമൊഴി: “നായയുടെ വാല് പന്തീരാണ്ടു കാലം കുഴലിലിട്ടാലും അത് വളഞ്ഞ് തന്നെ ഇരിക്കും” വളഞ്ഞ വാൽ ഓടക്കുഴലിട്ട് നിവർത്താൻ ശ്രമിക്കുന്നവരെ എന്ത് പേരിട്ടാണ് വിളിക്കുക? – ജലീൽ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ലോക സമ്പന്നരുടെ പട്ടികയിൽ 24-ാം സ്ഥാനത്തേക്ക് തലകുത്തി വീണ് അദാനി

0

 ലോക സമ്പന്നരുടെ പട്ടികയിൽ നിന്നും  24-ാം സ്ഥാനത്തേക്ക് നിലം പതിച്ച് ഗൗതം അദാനി. രണ്ട് മാസം മുൻപ് വരെ ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ രണ്ടാം സ്ഥാനത്തായിരുന്നു. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം അദാനി ഇപ്പോൾ  24-ാം സ്ഥാനത്താണ്. ഫെബ്രുവരി 14 വരെയുള്ള അദാനിയുടെ ആസ്തി 52.4 ബില്യൺ ഡോളറിലേക്കെത്തി. ഫോർബ്സ് റിയൽ-ടൈം ബില്യണയർ സൂചിക പ്രകാരം, വ്യവസായിയുടെ ആസ്തി 53 ബില്യൺ ഡോളറാണ്.

അദാനി ഗ്രൂപ്പ് സ്ഥാപകനും ശതകോടീശ്വരനും ഇന്ത്യൻ വ്യവസായിയുമായ ഗൗതം അദാനി ഇന്ത്യയിൽ രാഷ്ട്രീയ അധികാരവുമായി ബന്ധപ്പെട്ട ചർച്ചകളിലും ഇതോടെ ഇടിവ് നേരിടുകയാണ്. നരേന്ദ്ര മോഡിയുമായുള്ള ബന്ധവും വിദേശ യാത്രകളിലെ സ്ഥിര പങ്കാളിത്തവും വാർത്തകളായി നിറഞ്ഞു. മാത്രമല്ല യാത്രകൾക്ക് ശേഷം കരാറുകൾ ഓരോന്നായി അദാനി തന്നെ കൈക്കലാക്കുന്നതിലെ വൈചിത്രവും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ഉയർത്തി തുടങ്ങി.

യുഎസ് ആസ്ഥാനമായുള്ള ഗവേഷക സ്ഥാപനമായ ഹിൻഡൻബർഗിൻ്റെ റിപ്പോർട്ടിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിലാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ വൻ തകർച്ച നേരിട്ടത്.

ക്രമക്കേടുകൾ പുറത്ത് കൊണ്ടുവന്ന ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടതോടെ ഓഹരി വിപണിയിൽ കനത്ത തിരിച്ചടിയാണ് അദാനി ഗ്രൂപ്പ് നേരിട്ടത്. ഒറ്റ ദിവസം ഏതാണ്ട് എഴുപത്തിനാലായിരം കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ നേരിട്ടത്. ഓഹരി മൂല്യം ഉയർത്തി കാണിച്ച് അദാനി ഗ്രൂപ്പ് വഞ്ചന നടത്തിയെന്ന കണ്ടെത്തലാണ് വിശ്വാസ്യത തകർത്തത്.

ജനുവരി 24 ന് ഹിന്റൻബെർഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് അദാനി ഗ്രൂപ്പിന് വലിയ തിരിച്ചടിയാണ് നൽകിയത്. അതിന്റെ ആഘാതത്തിൽ നിന്ന് പുറത്ത് കടക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല.

മുന്തിരിയും കൽക്കണ്ടവും നൽകി പീഡനം; പൂജാരിക്ക് 45 വർഷം കൊടും തടവ്

മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച പൂജാരിക്ക് 45 വർഷം കഠിനതടവും എൺപതിനായിരം രൂപ പിഴയും ശിക്ഷ. ഉദയംപേരൂർ സ്വദേശി മണക്കുന്നം ചാക്കുളം കരയിൽ വടക്കേ താന്നിക്കകത്ത് വീട്ടിൽ പുരുഷോത്തമനെയാണ് (83) എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ശിക്ഷിച്ചത്. 2019 – 2020 കാലഘട്ടത്തിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അമ്പലത്തിലെ പൂജാരിയായിരുന്ന പ്രതി മൂന്നര വയസ്സുകാരിയായ കുട്ടിക്ക് കൽക്കണ്ടവും മുന്തിരിയും നൽകി വശത്താക്കി പീഡനത്തിനിരയാക്കി.

കുട്ടിയുടെ സ്വഭാവത്തിൽ  മാറ്റങ്ങൾ കണ്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് കുട്ടിയുടെ മൊഴിയിൽ എടുത്തു. ഉദയം പേരൂർ പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ നിയമപ്രകാരവും പത്തോളം ഗുരുതരമായ വകുപ്പുകളിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്ക് നൽകുവാനും കോടതി ജഡ്ജി കെ സോമൻ നി‍ദ്ദേശിച്ചു. കൊച്ചു മകളുടെ പ്രായം മാത്രമുള്ള കുട്ടിയോട്  ചെയ്ത ക്രൂരത അതിഹീനമായതിനാൽ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ല എന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. ത്യക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണർ കെ എം ജിജിമോനാണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം നൽകിയത്.

ബി ബി സി ഓഫീസിൽ ആദായ നികുതി റെയിഡ്, ഡോക്യൂമെൻ്ററിക്ക് പിന്നാലെ നടപടി: അപ്രഖ്യാപിത അടിയന്തരവാസ്ഥയെന്ന് കോൺഗ്രസ്

0

ബിബിസി ഓഫീസിൽ ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി വിവാദം നിലനിൽക്കുന്നതിനിടെയാണ് പരിശോധന. ഇന്ന് രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്ഥർ ബിബിസി ഓഫീസിൽ എത്തിയത്. ബിബിസി ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തു. മുംബൈയിലെ ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്.

അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിഷേധത്തിന് തൊട്ടു പിറകെയാണ് മാധ്യമ സ്ഥാപനത്തിൽ റെയിഡ്. ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോഡിയുടെ പങ്ക് വിവരിക്കുന്ന ഡോക്യൂമെൻ്ററി കേന്ദ്ര സർക്കാരിന് വലിയ പ്രതിഛായാ നഷ്ടം ഉണ്ടാക്കിയിരുന്നു. എട്ട് ഉദ്യോഗസ്ഥരാണ് അകത്ത് കടന്ന് പരിശോധന നടത്തിയത്. ബിസിനസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും അതിന്റെ ഇന്ത്യൻ ഭാഷ ചാനലുകളുടെ വരുമാന  രേഖകളും പരിശോധിക്കുന്നു.

അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോൺഗ്രസ്

അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. അദാനിയുടെ വിഷയത്തിൽ  ജെപിസി അന്വേഷണം ആവശ്യപ്പെടുന്നു. എന്നാൽ സർക്കാർ ബിബിസിയിൽ പരിശോധന നടത്തുന്നുവെന്ന് ജയറാം രമേശ് ആഞ്ഞടിച്ചു. വിനാശ കാലേ  വിപരീത ബുദ്ധിയെന്ന് കോൺഗ്രസ് വിമർശിച്ചു. 

ഫോണുകളും ലാപ്ടോപ്പും പിടിച്ചെടുത്തു, വിശദീകരണം സർവ്വെ മാത്രമെന്ന്

അന്താരാഷ്ട്ര നികുതിയടക്കമുള്ള ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങളില്‍ ‘സര്‍വേ’ നടത്തിയെന്നാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

റെയ്ഡിനിടെ ചില രേഖകള്‍ പിടിച്ചെടുത്തു. ജേര്‍ണലിസ്റ്റുകളുടെ ലാപ്‌ടോപുകളും ഫോണുകളും ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ടുപോയി. പരിശോധന പൂര്‍ത്തിയാകുന്നത് വരെ ഓഫീസുകള്‍ സീല്‍ ചെയ്തു. ഇത് റെയ്ഡല്ല സര്‍വെയാണ് നടത്തുന്നതെന്നാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

ഡല്‍ഹിയിലെ ഓഫീസിലെ റെയ്ഡില്‍ 20 ഓളം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തുവെന്നാണ് വിവരം. റെയ്ഡ് നടക്കുമ്പോള്‍ ഒരു വിവരങ്ങളും പുറത്തേക്ക് കൈമാറരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.