അദാനി വിഷയത്തിൽ വാ തുറന്ന് കേന്ദ്രം, ഒളിക്കാൻ ഒന്നുമില്ലെന്ന് അമിത് ഷാ

0

അദാനി വിഷയത്തില്‍ പ്രതികരിച്ച് ആദ്യമായി പ്രതികരിച്ച് കേന്ദ്രം. സര്‍ക്കാരിന് ഇക്കര്യത്തിൽ ഒളിക്കാനോ ഭയക്കാനോ ഒന്നുമില്ലെന്ന് വാര്‍ത്താ ഏജന്‍സിയുടെ ചോദ്യത്തിന് അമിത് ഷാ മറുപടി നൽകി. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് കൂടുതൽ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയും ചെയ്തു.

തങ്ങള്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ ആള്‍ക്കാരാണെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അവകാശപ്പെട്ടു. രാജ്യത്തെ അടിസ്ഥാന വര്‍ഗത്തിന് വേണ്ടി ഏറ്റവുമധികം പ്രവര്‍ത്തനം നടത്തിയത് ബിജെപി സര്‍ക്കാരാണെന്നും അവകാശപ്പെട്ടു. അദാനി വിഷയത്തില്‍ ഇതാദ്യമായാണ് ഒരു ബിജെപി നേതാവ് പ്രതികരിക്കുന്നത്. നേരത്തെ പാര്‍ലമെന്റില്‍ പ്രതിപക്ഷം ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തിയെങ്കിലും പതിവ് പോലെ നിശ്ശബ്ദത പാലിക്കയായിരുന്നു.

മോദിക്കെതിരേ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന ഖാര്‍ഗെയും നടത്തിയ പരമാര്‍ശങ്ങള്‍ സഭാ രേഖകളില്‍നിന്ന് നീക്കിയതിനേയും അദ്ദേഹം ന്യായീകരിച്ചു. കോണ്‍ഗ്രസ് എംപിമാരുടെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്നത് ആദ്യ സംഭവമല്ലെന്നും സഭയില്‍ സഭ്യമായ ഭാഷയില്‍ പ്രതികരിക്കണമെന്നും അവിടെ നടന്നത് എന്താണെന്ന് ജനം കണ്ടിട്ടുണ്ടെന്നും അമിത് ഷാ അവകാശപ്പെട്ടു.

അന്വേഷണ ഏജന്‍സികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച ചോദ്യങ്ങളോടും പ്രതികരിച്ചു. കോൺഗ്രസിന് എതിരായ ആരോപണമായിരുന്നു ഉത്തരം. 1770 പോപ്പുലര്‍ ഫ്രണ്ടുകാരെ ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പ്രതികരണം. 2024 ലെ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് കാര്യമായ മത്സരം നേരിടേണ്ടി വരില്ല എന്നും അദ്ദേഹം പറഞ്ഞു.

വനിതാ IPL കളിക്കാൻ ആദ്യ മലയാളി വയനാട്ടിൽ നിന്ന്; മിന്നു മണി ഡല്‍ഹി ക്യാപിറ്റല്‍സിൽ

0

30 ലക്ഷത്തിനാണ് മിന്നുവിനെ ഡല്‍ഹി സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരും മിന്നുവിന് പിന്നാലെയുണ്ടായിരുന്നു. എന്നാല്‍ ഡല്‍ഹി മനസിലുറപ്പിച്ചപ്പോള്‍ എതിരാളികള്‍ പിന്മാറി.

പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി-20 ക്രിക്കറ്റിന്റെ താരലേലത്തില്‍ കേരളത്തിന് അഭിമാനമായി മിന്നു മണി. മാനന്തവാടി ചോയിമൂല സ്വദേശിനി മിന്നു മണിയെ 30 ലക്ഷം രൂപ ലേല തുക നൽകിയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെടുത്തത്.

വനിതാ ഐ.പി.എല്ലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യമലയാളി

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളും മിന്നുവിനായി രംഗത്തുണ്ടായിരുന്നു. ഒടുവില്‍ 30 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് താരത്തെ സ്വന്തമാക്കി. ചോയിമൂല എടപ്പടി മാവുംകണ്ടി മണിയുടെയും വസന്തയുടെയും മകളാണ് മിന്നു മണി.

നിലവില്‍ ഇന്‍ര്‍സോണ്‍ വനിതാ ക്രിക്കറ്റ് മത്സരത്തില്‍ ദക്ഷിണമേഖലാ ടീം അംഗമാണ് മിന്നു മണി. ഹൈദരാബാദില്‍ മത്സരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കേയാണ് മിന്നുവിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കുന്നത്. ഇന്‍ര്‍സോണ്‍ വനിതാ ക്രിക്കറ്റ് മത്സരത്തില്‍ വെസ്റ്റ് സോണുമായുള്ള മത്സരത്തില്‍ 73 റണ്‍സുമായി നോട്ടൗട്ടാണ് മിന്നു മണിയുടെ നേട്ടം.

മാനന്തവാടി ജി.വി.എച്ച്.എസില്‍ പഠിക്കുമ്പോള്‍ കായികാധ്യാപിക കെ.എം. എല്‍സമ്മയാണ് മിന്നുവിനെ ക്രിക്കറ്റിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്. മികവ് തെളിയിച്ചതോടെ ക്രിക്കറ്റ് അക്കാദമിയില്‍ സെലക്ഷനും കിട്ടി. ഒമ്പത്, പത്ത് ക്ലാസുകള്‍ തൊടുപുഴ ക്രിക്കറ്റ് അക്കാദമിയിലും പ്ലസ്വണ്‍, പ്ലസ്ടു ബത്തേരി സര്‍വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പഠിച്ചു. വഴുതക്കാട് വിമെന്‍സ് കോളേജിലാണ് ബിരുദത്തിനു ചേര്‍ന്നത്. ഇതിനോടകം ഇന്ത്യന്‍ വനിതാ എ ടീം, ചലഞ്ചേഴ്സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യ ബ്ലൂവിനുവേണ്ടി സീനിയര്‍ വിഭാഗത്തിലും അണ്ടര്‍ 23 വിഭാഗത്തിലും മിന്നു മണി ക്രീസിലിറങ്ങിയിട്ടുണ്ട്. ശ്രീലങ്കയില്‍ നടന്ന എമര്‍ജിങ് ഏഷ്യാ കപ്പ് മത്സരത്തിലും കളിച്ചിട്ടുണ്ട്.

കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജൂനിയര്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം, യൂത്ത് പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം, പ്രോമിസിങ് പ്ലെയര്‍ പുരസ്‌കാരം എന്നിവയും മിന്നുവിനെ തേടിയെത്തിയിട്ടുണ്ട്.

അവസരം ഒപ്പം ഉയരാനുള്ള അവസരം

ഇരുന്നൂറിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് പരിചയമുളള ഇതിഹാസ താരങ്ങളായ ഓസ്‌ട്രേലിയയുടെ മെഗ് ലാന്നിംഗ്, ദക്ഷിണാഫ്രിക്കയുടെ മരിസാനെ കാപ്പ്, ഇന്ത്യന്‍ താരങ്ങളായ ജമീമ റോഡ്രിഗസ്, ഷെഫാലി വര്‍മ, ശിഖ പാണ്ഡെ, രാധാ യാദവ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ടീമാണ് ഡല്‍ഹി കാപിറ്റല്‍സ്. ഇത്രത്തോളം ഉയര്‍ന്ന തലത്തില്‍ കളിക്കുന്ന താരങ്ങള്‍ക്കൊപ്പം ഡ്രസിംഗ് റൂം പങ്കിടാന്‍ കഴിയുന്നത് തന്നെ വലിയ ഭാഗ്യമാണെന്നാണ് മിന്നു പറയുന്നത്.

ഓഫ് സ്പിന്നര്‍ കൂടിയായ ഈ ഇരുപത്തിമൂന്നുകാരി കേരളത്തിനായി അണ്ടര്‍ 16 മുതലുള്ള എല്ലാ വിഭാഗത്തിലും കളിച്ചു. ചരിത്രത്തിലാദ്യമായി കേരളം അണ്ടര്‍ 23 ചാംപ്യന്‍മാരായപ്പോള്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായിരുന്നു മിന്നു. ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനം ചാലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ബ്ലൂ ടീമിലും ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനിലും ഇന്ത്യ എ ടീമിലുമെത്തിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അദാനിയും തമ്മിൽ എന്താണ് ? ആവർത്തിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അദാനിയും തമ്മിലുള്ള ബന്ധം ആവർത്തിച്ച് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ വിദേശയാത്രയിൽ എങ്ങനെയാണ് അദാനി പങ്കെടുത്തതെന്ന് രാഹുൽ ഗാന്ധി വയനാട് വെച്ച് ചോദിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ആദ്യമായി കേരള സന്ദർശനത്തിനെത്തിയതായിരുന്നു രാഹുൽ.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അദാനി വാങ്ങിക്കുന്നത് എങ്ങനെയാണ്. അദാനി – മോദി ബന്ധത്തെക്കുറിച്ച് പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യമാണ്. ആരേയും തേജോവധം ചെയ്തിട്ടില്ല. പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് തെളിവ് നൽകിയിട്ടുണ്ട്. മറുപടി പറയുന്നതിന് പകരം തന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് ചെയ്തതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രേഖകളില്‍ നിന്നും നീക്കം ചെയ്താലും സത്യം പുറത്തുവരും. പാര്‍ലമെന്റില്‍ സത്യസന്ധമല്ലാത്ത കാര്യങ്ങളോ, ആരെയെങ്കിലും വ്യക്തിഹത്യ നടത്തുകയോ ചെയ്താലാണ് സാധാരണ രേഖകളില്‍ നിന്നും നീക്കം ചെയ്യാറുള്ളത്. എന്നാല്‍ വളരെ ബഹുമാനത്തോടെ താന്‍ പറയുന്ന കാര്യങ്ങള്‍ രേഖകളില്‍ നിന്നും നീക്കം ചെയ്യുകയാണെന്ന് രാഹുൽ വ്യക്തമാക്കി.

വയനാട് മീനങ്ങാടിയില്‍ നടന്ന കോണ്‍ഗ്രസ് പൊതുസമ്മേളനം ഉദ്ഘാടനവും കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായുള്ള വീടുകളുടെ താക്കോല്‍ദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദാനിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന്, എന്തുകൊണ്ട് തന്റെ പേര് രാഹുൽ നെഹ്റു എന്നായില്ല, പകരം രാഹുൽ ഗാന്ധി എന്നായി എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചത്. എന്നാൽ ഇന്ത്യയിൽ അച്ഛന്റെ കുടുംബപ്പേരാണ് സാധാരണയായി ഉപയോഗിക്കാറുള്ളത് എന്ന കാര്യം മോദിക്ക് അറിയാത്തതല്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ഭാരത് ജോഡോ യാത്രയിലെവിടെയും സന്തോഷമുള്ള കര്‍ഷകനെ കണ്ടില്ല. വിത്തിനെ കുറിച്ചും, പ്രധാനമന്ത്രിയുടെ ഇന്‍ഷൂറന്‍സിനെ കുറിച്ചും, വിപണികളില്ലാത്തതിനെ കുറിച്ചുമെല്ലാം അവര്‍ പരാതിപ്പെട്ടു. വന്‍കിടക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളുന്ന സര്‍ക്കാര്‍ കൃഷിക്കാരുടെ വായ്പകള്‍ എന്തുകൊണ്ട് എഴുതിത്തള്ളുന്നില്ലെന്ന് അവര്‍ ചോദിച്ചുവെന്ന് രാഹുൽ പറഞ്ഞു.

പാര്‍ലമെന്റില്‍ സംസാരിക്കുമ്പോള്‍ മോദിയുടെയും തന്റെയും ശരീരഭാഷ ശ്രദ്ധിച്ചാല്‍ എവിടെയാണ് സത്യമുള്ളതെന്ന് മനസിലാക്കാം. പ്രസംഗത്തിനിടെ എത്രതവണ അദ്ദേഹം വെള്ളം കുടിച്ചുവെന്ന് നോക്കിയാല്‍ മതിയെന്നും രാഹുല്‍ പരിഹസിച്ചു. എല്ലാവിധ ആയുധങ്ങളും കൈയ്യിലുണ്ടെങ്കിലും സത്യം മോദിക്കൊപ്പമില്ല. മോദി വിചാരിച്ചിരിക്കുന്നത് എല്ലാവര്‍ക്കും അദ്ദേഹത്തെ ഭയമാണെന്നാണ്. 

രാജ്യത്തെ 20 ശതമാനം വിമാനത്താവളങ്ങളുടേയും മുഖ്യപങ്കാളിത്തം അദാനി വഹിക്കാനുണ്ടായ കാരണം മോദിയുമായുള്ള അടുത്ത ബന്ധം തന്നെയാണ്. വിമാനത്താവള നടത്തിപ്പുമായി പരിചയമില്ലാത്തവരെ പരിഗണിക്കരുതെന്ന നിബന്ധന അദാനിക്ക് വേണ്ടി രാജ്യത്ത് ഭേഗഗതി ചെയ്തു.

നീതി ആയോഗ് അടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും അദാനിക്കായി ഇളവുകള്‍ നല്‍കി. ശ്രീലങ്കയിലെ പ്രധാനപ്പെട്ട ഒരു വ്യവസായ കരാര്‍ അദാനിക്ക് നല്‍കാന്‍ മോദി ശുപാര്‍ശ ചെയ്തതായി അവിടുത്തെ പ്രധാനമന്ത്രി പറഞ്ഞതായി അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്. മോദി ബംഗ്ലാദേശില്‍ സന്ദര്‍ശനം നടത്തിയയുടന്‍ തന്നെ അവിടെയും ഒരു കരാറൊപ്പിട്ടു. ആസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയതിന് പിന്നാലെയും വന്‍കിട കരാറാണ് ആ രാജ്യവുമായി അദാനി ഉണ്ടാക്കിയത്. മുംബൈ വിമാനത്താവളത്തിന്റെ കാര്യം പരിശോധിച്ചാല്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെ ഭീഷണിപ്പെടുത്തിയാണ് അദാനി ഏറ്റെടുത്തിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ക്ഷേത്ര ഭൂമിയുമായി അതിർത്തി തർക്കം, ഭാരവാഹികൾക്കെതിരെ പൊലീസിന് ശബ്ധ സന്ദേശമയച്ച് യുവതി ജീവനൊടുക്കി

ക്ഷേത്രം ഭാരവാഹികള്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് പോലീസിന് സന്ദേശം അയച്ചശേഷം വീട്ടമ്മ ആത്മഹത്യ ചെയ്തു. ആക്കുളം തുറവിയ്ക്കല്‍ ശിവശക്തി നഗര്‍ ശിവകൃപയില്‍ എസ്. വിജയകുമാരി (46) യെയാണ് ശനിയാഴ്ച വീടിന്റെ സണ്‍ഷേഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ ഉള്ളൂര്‍ പുലയനാര്‍ കോട്ടയില്‍ ക്ഷേത്രം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസിന് പരാതി നല്‍കിയിരുന്നു. കേസില്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയും ജീവനോടുക്കാന്‍ കാരണമായെന്നാണ് ആക്ഷേപം. വീടിന്റെ പിന്നാമ്പുറത്ത് സണ്‍ഷേയ്ഡിഡില്‍ ശനിയാഴ്ചയാണ് വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മെഡിക്കല്‍ കോളേജ് സിഐക്ക് സന്ദേശം അയച്ചശേഷമായിരുന്നു വിജയകുമാരി ആത്മഹത്യ ചെയ്തത്.

ഉപദ്രവം ആവർത്തിച്ചിട്ടും അനങ്ങാതെ പൊലീസ്

വീട്ടില്‍നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലും മരണത്തിന് കാരണമായരുടെ പേരുകൾ നൽകിയിട്ടുണ്ട്. വിജയകുമാരിയുടെ സമീപമുള്ള ദേവസ്വം ബോഡിന്റെ കീഴിലുള്ള കുന്നം മഹാദേവക്ഷേത്രം ഭാരവാഹികളാണ്. ക്ഷേത്ര കമ്മിറ്റിയും വിജയകുമാരിയുടെ കുടുംബവും തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ട്. ക്ഷേത്രഭരണസമിതി
പ്രസിഡന്റ് അശോകന്റെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച ഇവരുടെ സര്‍വ്വേക്കല്ല് പിഴുതു മാറ്റിയിരുന്നു.

എതിര്‍ത്തപ്പോള്‍ വിജയകുമാരിയെ മണ്‍വെട്ടി ഉപയോഗിച്ച് തലയ്ക്ക് വീശുകയും ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിന് ശേഷവും ഈ സംഘത്തിലുള്ളവര്‍ വെട്ടുകത്തിയും ആയുധങ്ങളുമായി കുടുംബത്തിന് നേരെ വധഭീഷണി മുഴക്കി. അതിന്റെ ദൃശ്യങ്ങളും കുടുംബം പോലീസിന് കൈമാറിയിരുന്നു. എന്നാൽ നടപടി എടുത്തില്ല.

അക്രമം ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തതല്ലാതെ മറ്റു നടപടികള്‍ ഒന്നും സ്വീകരിച്ചില്ലെന്നാണ് ആരോപണം. പ്രതികളുടെ ഭാഗത്തുനിന്ന് വീണ്ടും ഉപദ്രവമുണ്ടായതോടെയാണ് വിജയകുമാരി ആത്മഹത്യയിൽ എത്തിയത്. വിജയകുമാരിക്ക് പ്ലസ് വണ്ണിന് പഠിക്കുന്ന ഒരു മകളുണ്ട്.

കോട്ടയം മെഡിക്കൽ കോളിജിൽ വൻ തീപ്പിടുത്തം

0

കോട്ടയം മെഡിക്കൽ കോളേജിലെ നിർമ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിച്ചു. തത്സമയം രക്ഷാപ്രവർത്തനം നടത്തിയതിനാൽ അപകടം ഒഴിവായി. ഒമ്പതു നില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു തീപിടുത്തം. തുടർന്ന് തീ മുകളിലേക്ക് പടരുന്നു. വിവിധ നിലകളിലായി നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്ന 350ലേറെ തൊഴിലാളികൾ ഈ സമയത്ത് അകത്തുണ്ടായിരുന്നു.

ഇവർ തീ ഉയർന്നപ്പോൾ തന്നെ കെട്ടിടത്തിന് പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. അപകടസാധ്യത കണക്കിലെടുത്ത് തീപിടിച്ച കെട്ടിടത്തിന് സമീപം ഉണ്ടായിരുന്ന ഡയാലിസിസ് യൂണിറ്റിലെയും മൂന്നാം വാർഡിലെയും രോഗികളെയും കൂട്ടിരിപ്പുകാരെയും പെട്ടെന്ന് ഒഴിപ്പിച്ചു. 

ഏറ്റുമാനൂരിൽ നിന്നും കോട്ടയത്ത് നിന്നുമായി ഏഴ് യൂണിറ്റ് ഫയർഫോഴ്സ് എത്തി ഒരു മണിക്കൂറിൽ ഏറെ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് രണ്ടേകാലോടെ തീ പൂർണമായും നിയന്ത്രണ വിധേയമായത്. വെൽഡിങ് ജോലികൾക്കായി എത്തിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ അടക്കം സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിഞ്ഞതും അപകടത്തിന്റെ ആഘാതം കുറച്ചു.

തൊഴിലാളികൾ ഭക്ഷണ ആവശ്യത്തിനായി കരുതിയിരുന്ന ഗ്യാസ് സിലിണ്ടറുകളിൽ ചിലത് പൊട്ടിത്തെറിച്ചതായി സംശയം ഉയർന്നിരുന്നു. വൻ പൊട്ടിത്തെറി ശബ്ദം കേട്ടതാണ് ഇതിന് കാരണം. എന്നാൽ ഫയർഫോഴ്സ് ഈ സാധ്യത തള്ളി. കവിശദമായ അന്വേഷണം നടത്തുമെന്ന് പോലീസും ഫയർഫോഴ്സും അറിയിച്ചു

കേന്ദ്രം തടഞ്ഞു വെക്കാൻ ശ്രമിക്കുന്നു, എങ്കിലും വികസനത്തിൽ പിന്നോട്ടില്ല; ധാർഷ്ട്യം എന്നു വിളിച്ചോളൂ – മുഖ്യമന്ത്രി

0

ഒന്നാം ഇടത് സർക്കാർ അധികാരത്തിൽ വരും മുമ്പ് നാട്ടിൽ ഒന്നും നടക്കില്ലെന്ന സ്ഥിതിയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മാറ്റവും ഇവിടെ വരില്ല എന്ന ശാപവാക്ക് ചിലരുടെ ഭാഗത്ത് നിന്നുണ്ടായി. എന്നാൽ അവിടെ നിന്ന് കേരളം മാറി. ആ മാറ്റത്തിനാണ് 2016 ൽ എൽ ഡി എഫ് സർക്കാരിനെ ജനം അധികാരമേൽപ്പിച്ചത്.

കേരളത്തിന്‌ വിഭവശേഷി കുറവാണ്. ഖജനാവിന് ശേഷിക്കുറവ് ഉണ്ട്. വിഭവ സമാഹരണം അതിവേഗം നടക്കില്ല.  വിഭവ സമാഹാരണത്തിനു കിഫ്‌ബി ഉപകരിച്ചു. അന്ന് കിഫ്‌ബിയെ പരിഹസിച്ചവർ ഇന്നത്തെ അനുഭവം നോക്കൂ. പണം ഇല്ലാത്തത് കൊണ്ട് മുടങ്ങിയ പല പദ്ധതികളും കിഫ്‌ബി വഴി പൂർത്തിയായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിൽ വ്യവസായ അന്തരീക്ഷം മെച്ചപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോൾ തൊഴിലാളി യൂണിയനുകൾ പണിമുടക്കാറില്ല. പുതിയ സംരംഭങ്ങൾ വരാൻ അത് കാരണമായി. കേരളം സ്റ്റാർട്ട്പ്പുകളുടെ പറുദീസയായി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നമ്മുടെ നാട്ടിലെ സകല വികസനത്തേയും എതിർക്കണം എന്നതാണ് ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും തീരുമാനം. അതിന് ആവുന്നത് എല്ലാം അവർ ചെയ്യുന്നുണ്ട്. സർക്കാറിനോടുള്ള മതിപ്പ് ഇല്ലാതാക്കാൻ വികസനം മുടക്കിയാൽ മതിയല്ലോ എന്നാണ് അവരുടെ കണ്ടെത്തൽ. ഭാവി മുന്നിൽ കണ്ട്, സകല എതിർപ്പിനെയും മറികടക്കും. അതിനെ ധാർഷ്ട്യം എന്നൊക്കെ ചിലർ പറയും. ജനപിന്തുണ ഉള്ളിടത്തോളം മുന്നോട്ട് തന്നെയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മധ്യ പ്രദേശിൽ ചർച്ചിന് തീയിട്ടു, ചുമരിൽ രാമ നാമം

മധ്യപ്രദേശിലെ നര്‍മദാപുരത്ത് ക്രിസ്തീയ ആരാധനാലയം തീവെച്ച് നശിപ്പിച്ചു. ഞായറാഴ്ച പ്രാര്‍ഥനയ്ക്കായി ആളുകള്‍ എത്തിയതോടെയാണ് പള്ളിയിലെ അതിക്രമം കണ്ടെത്തുന്നത്. ആരാധനാലയത്തിനുള്ളിലെ ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചു. പള്ളിക്കകത്ത് തീയിട്ടതായും കണ്ടെത്തി. ഭിത്തിയില്‍ അക്രമികൾ ‘റാം’ എന്ന് ഹിന്ദിയില്‍ എഴുതുകയും ചെയ്തിട്ടുണ്ട്.

ഗോത്രവിഭാഗക്കാര്‍ കൂടുതലായുള്ള സുഖ്താവ ജില്ലയിലെ ചൗക്കിപുര ഗ്രാമത്തിലാണ് അക്രമം. ചർച്ചിലെ ജനലുകളില്‍ ഘടിപ്പിച്ചിരുന്ന വല നീക്കിയ ശേഷമാണ് അക്രമികള്‍ അകത്ത് കയറിയതെന്ന് നര്‍മദാപുരം പോലീസ് സൂപ്രണ്ട് ഗുരുകരണ്‍ സിങ് അറിയിച്ചു. മതഗ്രന്ഥങ്ങളും മറ്റ് വസ്തുക്കളും നശിപ്പിക്കപ്പെട്ടതായി പോലീസ് കണ്ടെത്തി.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രം നിർമ്മിച്ച ആരാധനാലയമാണ്. ഇവാഞ്ചലിക്കൽ ലൂഥറൻ ചര്‍ച്ചുമായി ബന്ധപ്പെട്ടാണ് ആരാധനാലയം. പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഇതേസമയം ഇൻഡോറിൽ സുഹൃത്തിൻ്റെ പിറന്നാൾ പാർട്ടിക്ക് പങ്കെടുക്കാനെത്തിയ യുവാവിനെ മർദ്ദിച്ച് അവശനാക്കിയ സംഭവവും റിപ്പോർട്ട് ചെയ്തു. ലൌ ജിഹാദ് എന്ന് ആരോപിച്ച് ബർത് ഡേ പാർട്ടിക്ക് എത്തിയ യുവാവിനെ അയൽക്കാരായ ഒരു സംഘം മർദ്ദിക്കയായിരുന്നു.

മർദ്ദനത്തിന് ശേഷം എല്ലാവരെയും ഭീഷണിപ്പെടുത്തിയ സംഘം യുവതിയെയും കൂട്ടുകാരനെയും പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ലൌ ജിഹാദിന് കേസ് എടുക്കാൻ ആവശ്യപ്പെട്ടതായി ന്യസ് ഏജൻസി റിപ്പോർട്ട് ചെയ്തു. യുവതി ഇത് നിഷേധിക്കയും സുഹൃത്തുക്കൾ ചേർന്ന് പിറന്നാൾ ആഘോഷത്തെ കുറിച്ച് അറിയിക്കയും ചെയ്തതോടെ പൊലീസ് കേസ് എടുക്കാതെ വിട്ടു. ഇതോടെയാണ് സംഭവം വാർത്തയായത്.

മെഡിക്കൽ കോളിജിൽ ആദിവാസി യുവാവിൻ്റേത് തൂങ്ങി മരണം, മർദ്ദനമേറ്റിട്ടില്ലെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട്

0

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മര്‍ദനമേറ്റത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തൽ.

മാനസിക പീഡനവും അപമാന ഭാരവും മൂലമാണ് മരണമെന്ന് നേരത്തെ തന്നെ പരാതി ഉയർത്തിയിരുന്നു. ഇത് കുടുംബം തന്നെ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഇതിനിടെ യുവാവിനെ മർദ്ദിച്ചതായും ആത്മഹത്യ അല്ലെന്നും വാർത്തകളുണ്ടായി.

അപമാനവും സങ്കടവും ഏറ്റു വാങ്ങി

ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി എത്തിയ വയനാട് സ്വദേശി വിശ്വനാഥനെ എട്ടാം തിയ്യതി രാത്രിയാണ് ആശുപത്രിയില്‍നിന്ന് കാണാതായത്. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിക്ക് സമീപത്തെ മരത്തില്‍ വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മോഷണക്കുറ്റം ആരോപിച്ച് സുരക്ഷാ ജീവനക്കാര്‍ ചോദ്യംചെയ്തതിന് പിന്നാലെയാണ് വിശ്വനാഥനെ കാണാതായതെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്ക് ഇരിക്കാനുള്ള സ്ഥലത്ത് ഇരിക്കുന്നതിനിടെ ഒരാളുടെ പഴ്സും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു.

ഇത് മോഷ്ടിച്ചത് വിശ്വനാഥനാണെന്ന് ആരോപിച്ചു. മാനസിക പീഡനം ഉണ്ടായ. അപമാനഭാരം സഹിക്കവയ്യാതെയാണ് മകന്‍ ആത്മഹത്യ ചെയ്തതെന്നാണ്‌ കുടുംബം പരാതിപ്പെട്ടത്. പൊതുവെ ദുർബല പ്രകൃതമാണ്. എന്തെങ്കിലും ആരോപണവും കുറ്റപ്പെടുത്തലും ഉണ്ടായാൽ ന്യായീകരിക്കാനും വാദിച്ച് നിൽക്കാനും ഒന്നും നാഗരികരെ പോലെ ശേഷിയും പരിശീലനവും ഉള്ളവരല്ല.

എട്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് വിശ്വനാഥന് കുഞ്ഞു പിറന്നത്. ഇനി മകനോടൊപ്പ് കഴിയണം എന്ന് പറഞ്ഞ് സന്തോഷം അറിയിക്കയും ചെയ്തിരുന്നു. ആത്മഹത്യ ചെയ്യേണ്ട മറ്റു കാരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും വീട്ടുകാര്‍ പറയുന്നു.

കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിത്. വിശ്വനാഥനെ മര്‍ദിച്ചതിന്റെ തെളിവുകള്‍ ലഭിച്ചില്ലെന്നാണ് പൊലീസും പറയുന്നത്. സി.സി.ടി.വി. പരിശോധനയിലൊന്നും അത്തരത്തിലുള്ള ദൃശ്യങ്ങള്‍ കണ്ടെത്താനായില്ലെന്നും പോലീസ് പറയുന്നു.

അതിക്രമങ്ങൾക്ക് പ്രോത്സാഹനം നൽകുന്നത് നിർത്തുക, അമിത് ഷായ്ക്ക് മറുപടിയുമായ് മുഖ്യമന്ത്രി പിണറായി വിജയൻ

0

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രൂക്ഷഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം എന്താണെന്നും കർണാടക എന്താണെന്നും എല്ലാവർക്കും അറിയാമെന്ന് പിണറായി വിജയൻ അമിത് ഷായുടെ പ്രസംഗത്തിന് മറുപടിയായി പറഞ്ഞു. കോൺഗ്രസിനെയും മുഖ്യമന്ത്രി വിമർശിച്ചു. സി.പി.എം. വാഴൂർ ഏരിയ കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്ത് അപകടമാണ് അമിത് ഷാക്ക് കേരളത്തെക്കുറിച്ച് പറയാനുള്ളതെന്ന്‌ മുഖ്യമന്ത്രി ചോദിച്ചു. കൂടുതല്‍ പറയുന്നില്ല എന്നാണ് അമിത്ഷാ പറഞ്ഞത്, പറഞ്ഞോളു, എന്തിനാണ് പകുതി പറഞ്ഞ് നിര്‍ത്തുന്നത്. ബിജെപി വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും കലാപങ്ങളും സൃഷ്‌ടിക്കുന്നു. അത് നടക്കാത്ത ഏക ഇടം കേരളമാണ്. കേരളത്തിലും വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്‌ടിക്കാനാണ് അമിത്ഷായുടെയും കൂട്ടരുടെയും ശ്രമം. അമിത്ഷായുടെ പൂതി നടക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു

ശനിയാഴ്‌ചയായിരുന്നു കര്‍ണാടകയിലെ പുത്തൂരിലെ റാലിയില്‍ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തെ അധിക്ഷേപിച്ചത്. ബിജെപി സര്‍ക്കാരിന് മാത്രമെ കര്‍ണാടകയെ സുരക്ഷിതമാക്കി നിലനിര്‍ത്താന്‍ കഴിയുവെന്നും അയല്‍സംസ്ഥാനമായ കേരളത്തെ കുറിച്ച് ഒന്നും പറയേണ്ടതില്ലല്ലോയെന്നും അമിത് ഷാ പറഞ്ഞിരുന്നു.

അധികമൊന്ന് പറഞ്ഞു നോക്ക്. എന്താ പറയാനുള്ളത് എന്ന് നോക്കാമല്ലോ

കേരളത്തിലെ സ്ഥിതി എല്ലാവർക്കും അറിയാമല്ലോ എന്നായിരുന്നു കർണാടകയിൽ അമിത് ഷാ നടത്തിയ പരാമർശം, എന്നാൽ, ‘ന്യൂനപക്ഷവിഭാഗങ്ങളും ക്രിസ്ത്യാനികളും കർണാടകയുടെ ഏതെല്ലാം ഭാഗത്താണ് ഇരകളാകുന്നത്. എന്നാൽ കേരളത്തിൽ അങ്ങനെയാണോ? ഏതെങ്കിലും മതവിഭാഗങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ? അത്തരം ഒരു സാഹചര്യം സൃഷ്ടിക്കണമെന്നല്ലേ കേന്ദ്ര ആഭ്യന്തര മന്ത്രി പറയേണ്ടത്. എന്ത് അപകടമാണ് അദ്ദേഹത്തിന് കേരളത്തെക്കുറിച്ച്കാണാൻ കഴിഞ്ഞത്. അധികമൊന്നും പറയാനില്ല എന്നല്ലേ അദ്ദേഹം പറഞ്ഞത്. എന്നാൽ അധികമൊന്ന് പറഞ്ഞു നോക്ക്. എന്താ പറയാനുള്ളത് എന്ന് നോക്കാമല്ലോ. ഈ രാജ്യത്ത് ക്രമസമാധാന നില ഏറ്റവും ഭദ്രമായ സംസ്ഥാനമല്ലേ കേരളം, മുഖ്യമന്ത്രി ചോദിച്ചു.

ത്രിപുരയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശം, കേരളത്തിൽ ഗുസ്തി പിടിക്കുന്നവർ ത്രിപുരയിൽ ദോസ്തുക്കളായി മാറിയിരിക്കുന്നു എന്നാണ്. നരേന്ദ്ര മോദിക്ക് മറവി അധികം ഇല്ലെന്ന് തോന്നുന്നു. ത്രിപുരയിൽ ഞങ്ങൾ പല വഴിയിൽ കൂടി കടന്നു വന്നതാണ്. ഇപ്പോൾ ബി.ജെ.പി. കാണിക്കുന്ന അതിക്രമങ്ങൾ മാത്രമല്ല പാർട്ടിക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരമുള്ളപ്പോൾ കോൺഗ്രസുകാർ അവിടെ കാട്ടിക്കൂട്ടിയ അതിക്രമങ്ങളും സി.പി.എമ്മിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. കോൺഗ്രസ് സി.പി.എമ്മിനെ ഏതെല്ലാം തരത്തിൽ ഇല്ലാതാക്കാന്‍ കഴിയുമെന്ന് അങ്ങേയറ്റം വരെ പരിശ്രമിച്ചതാണ്, എന്നാൽ അതിനെയെല്ലാം അതിജീവിക്കാൻ പ്രസ്ഥാനത്തിന് സാധിച്ചു. പിന്നീട് ത്രിപുരയിലെ അധികാര വാഴ്ചയിൽ പ്രത്യേക സാഹചര്യം വന്നപ്പോഴാണ് ആ അവസ്ഥ മാറ്റിയെടുക്കാൻ ആവശ്യമായ യോചിപ്പുകൾ തിരഞ്ഞെടുപ്പിൽ വന്നത്, മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യ വിരുദ്ധമായകാര്യങ്ങൾ രാജ്യത്തിന്റെ ഒരുഭാഗത്ത് നടക്കുമ്പോൾ അതിന് പ്രോത്സാഹനം നൽകുന്നയാളായി പ്രധാനമന്ത്രി മാറുകയല്ല ചെയ്യേണ്ടത്. അത് അവസാനിപ്പിക്കാനും ജനാഭിലാഷം ശരിയായ രീതിയിൽ പ്രകടിപ്പിക്കാനുള്ള അവസരം ഒരുക്കുകയാണ് വേണ്ടത്. ഈ പറയുന്ന ഏകാധിപത്യ നടപടികളെ ആകെ ചെറുത്തുകൊണ്ട് വലിയ മുന്നേറ്റമാണ് ത്രിപുരയിൽ കാണുന്നത്. രാജ്യത്തെ ബി.ജെ.പിയുടെ അതിക്രമങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന സമീപനമാണ് പ്രധാനമന്ത്രി അടക്കം സ്വീകരിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. ഇനിയും ഒരവസരം ബി.ജെ.പിക്ക് നമ്മുടെ രാജ്യത്ത് ലഭിച്ചാൽ അതിന്റെ ഫലമായി ഉണ്ടാകാൻ പോകുന്നത് രാജ്യത്തിന്റെ സർവനാശമായിരിക്കുമെന്ന് ജനാധിപത്യ വിശ്വാസികളും മതനിരപേക്ഷ ചിന്താഗതിക്കാരും മനസ്സിലാക്കിയിരിക്കുന്നു, മുഖ്യമന്ത്രി പറഞ്ഞു.

അതീവസമ്പന്നരായ ഏതാനും ആളുകൾക്ക് വേണ്ടിയാകരുത് ഭരണം. മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ടവർക്ക് വേണ്ടിയാകണം ഭരണം. എന്നാൽ പാവപ്പെട്ടവരുടെ സ്ഥിതി എന്താണ്. അവർ കൂടുതൽ കൂടുതൽ പാവപ്പെട്ടവരായി മാറുന്നു. പട്ടിണിയും ദാരിദ്രവും കൊടികുത്തിവാഴുന്നു. തൊഴിലാളികൾക്കെതിരെ, കൃഷിക്കാർക്കെതിരേ നടപടി. കാർഷിക രംഗത്ത് നൽകിവരുന്ന ആനുകൂല്യങ്ങൾ റദ്ദ് ചെയ്യുന്നു. ഇങ്ങനെ വരുമ്പോൾ എല്ലാവരും സ്വാഭാവികമായി പ്രതിഷേധവുമായി രംഗത്തെത്തും. ആ കാര്യങ്ങൾ ചിന്തിക്കാൻ അവസരം നൽകാതിരിക്കാൻ വേണ്ടിയാണ് വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കുന്നതെന്നും മുഖ്യന്ത്രി ആരോപിച്ചു.

”കേരളത്തിനെതിരെ ബി.ജെ.പിക്കൊപ്പം പാർലിമെന്റിൽ കോൺഗ്രസ്”

കോൺഗ്രസിനെ കടന്നാക്രമിക്കാനും മുഖ്യമന്ത്രി മറന്നില്ല, ‘കോൺഗ്രസ് രാജ്യത്ത് ബി.ജെ.പിയുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ മോഹിപ്പിക്കുന്ന കാര്യങ്ങൾ വരുമ്പോൾ അതിന്റെ പിന്നാലെ നാക്കും നീട്ടി നടക്കുന്ന ഒരു വിഭാഗമായി മാറുന്ന ദയനീയ അവസ്ഥ നമ്മുടെ രാജ്യത്ത് ഉണ്ടാകുന്നു. കോണ്‍ഗ്രസ് യാഥാർഥ്യം ഉൾക്കൊള്ളാൻ തയ്യാറാകണം. ബി.ജെ.പിയെ നേരിടുന്നതിന് അവർ ഉയർത്തുന്ന നയങ്ങളെ എതിർക്കാൻ തയ്യാറാകണം. ഞങ്ങൾ മതനിരപേക്ഷമാണെന്ന് അവകാശപ്പെട്ടാൽ മാത്രം പോര, അത് സംരക്ഷിക്കണമെങ്കിൽ വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. അത് സ്വീകരിക്കാൻ ഏതെങ്കിലും ഘട്ടത്തിൽ സ്വീകരിക്കാൻ കഴിഞ്ഞിട്ടുണ്ടോ. വർഗീയതയോട് സമരസപ്പെടാനല്ലേ കോൺഗ്രസ് ശ്രമിച്ചിട്ടുള്ളതെന്നും പിണറായി ചോദിച്ചു.

യു.ഡി.എഫ്. എം.എൽ.എമാർ ഏതെങ്കിലും ​ഗൗരവമായ പ്രശ്നത്തിൽ ബി.ജെ.പിക്കെതിരെ നിലപാട് സ്വീകരിക്കുന്നത് കണ്ടിട്ടുണ്ടോ. അവർ താത്പര്യം കാണിച്ചത് കേരളത്തെ എങ്ങനെയെല്ലാം ഇകഴ്ത്താമെന്ന് നോക്കാനാണ്. സാധരണ എല്ലാവരും സ്വന്തം നാടിനെ മെച്ചപ്പെടുത്താനാണ് ശ്രമിക്കുക. എന്നാൽ ഇവർ നാടിന് അഭിവൃദ്ധി ഉണ്ടാക്കുന്ന എല്ലാ പദ്ധതികളേയും എതിർക്കുകയാണ് ചെയ്യുന്നത്. കേരളത്തിനെതിരെ ബി.ജെ.പിക്കൊപ്പം പാർലിമെന്റിൽ സംസാരിക്കുകയാണ് കോണ്‍ഗ്രസ്, മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ വനിതാ ടീം, ട്വൻ്റി 20യിൽ വിജയ തുടക്കം

0

 2023 വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഗ്രൂപ്പ് ബിയില്‍ പാകിസ്ഥാനെ തകര്‍ത്തു. ഏഴുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ട്വന്റി 20 ലോകകപ്പില്‍ ചേസിങ്ങിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. ട്വന്റി 20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ചേസുമാണിത്.

പാകിസ്താന്‍ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19 ഓവറില്‍ മറികടന്നു. സ്‌കോര്‍: പാകിസ്താന്‍ 20 ഓവറില്‍ നാലിന് 149. ഇന്ത്യ 19 ഓവറില്‍ മൂന്നിന് 151

അര്‍ധസെഞ്ചുറി നേടി പുറത്താവാതെ നിന്ന ജെമീമ റോഡ്രിഗസിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. ജെമീമ 38 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറിയുടെ സഹായത്തോടെ പുറത്താവാതെ 53 റണ്‍സെടുത്തു. വാലറ്റത്ത് അടിച്ചുതകര്‍ത്ത റിച്ച ഘോഷും മികച്ച പ്രകടനം പുറത്തെടുത്തു.

അവസാന ഓവറുകളില്‍ റിച്ചയും ജെമീമയും നടത്തിയ പ്രകടനമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. റിച്ച ഘോഷ് 20 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറി സഹിതം 31 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

150 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ യസ്തിക ഭാട്ടിയയും ഷഫാലി വര്‍മയും മികച്ച തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ ഇരുവരും 38 റണ്‍സ് ചേര്‍ത്തു. എന്നാല്‍ 17 റണ്‍സെടുത്ത യസ്തികയെ ഇന്ത്യയ്ക്ക് നഷ്ടമായി. മറുവശത്ത് ഷഫാലി തകര്‍പ്പന്‍ ഷോട്ടുകളുമായി കളം നിറഞ്ഞു. താരം 25 പന്തില്‍ 33 റണ്‍സെടുത്താണ് ക്രീസ് വിട്ടത്. മൂന്നാമതായി ക്രീസിലെത്തിയ ജെമീമ വളരെ ശ്രദ്ധയോടെ കളിച്ചാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. നായക ഹര്‍മന്‍ പ്രീത് സിങ് 16 റണ്‍സെടുത്ത് പുറത്തായി.

ഐമാന്‍ അന്‍വര്‍ ചെയ്ത 18-ാം ഓവര്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഈ ഓവറില്‍ റിച്ച ഘോഷ് മൂന്ന് ഫോറുകളടിച്ചുകൊണ്ട് വിജയലക്ഷ്യം രണ്ടോവറില്‍ 14 റണ്‍സായി കുറച്ചു. തൊട്ടടുത്ത ഓവറില്‍ വിജയം നേടിക്കൊണ്ട് ഇന്ത്യ ചരിത്രം കുറിച്ചു.