ഇറാനിയൻ ജനാധിപത്യ പോരാളികളുടെ പാട്ട് ഏറ്റുവാങ്ങി കണ്ണീരോടെ ലോക സംഗീത പുരസ്കാര വേദി

0

ഇറാനിയൻ ജനാധിപത്യ അവകാശ പോരാളികളുടെ മുദ്രാവാക്യങ്ങൾ പാട്ടിലാക്കി ലോക മനസാക്ഷിയുടെ മുന്നിൽ വെച്ച ഗാനരചയിതാവിന് ഗ്രാമി പുരസ്കാരം. ഇതോടെ അതിരുകൾ ഭേദിച്ച് സംഗീത പ്രേമികളുടെ ഹൃദയത്തിലും പാട്ട് തരംഗമായി പടരുന്നു. പക്ഷെ അപ്പോഴും Shervin Hajipur തടവറുടെ ഭീഷണിയിലാണ്. സാമൂഹിക മാറ്റത്തിനുള്ള മികച്ച രചനയായാണ് ഹാജിപൊർ പുരസ്കൃതനായത്. പാട്ടു രചിച്ചതിന് കലാപം പടർത്തി എന്ന പേരിലാണ് ജയിലിൽ അടച്ചത്.

ഗ്രാമി പുരസ്കാരത്തിൽ ആദ്യമായാണ് ഈ ഒരു ഇനം ഉൾപ്പെടുത്തിയത്. വർത്തമാന കാല സംഭവങ്ങളോട് സാമൂഹിക മാറ്റം മുൻനിർത്തി സംവദിക്കുന്ന പാട്ടുകളാണ് ഈ വിഭാഗത്തിൽ പരിഗണിക്കുക. 1 30 000 പാട്ടുകൾ ചികഞ്ഞാണ് അവാർഡ് നിർണയം നടത്തിയത് എന്ന് ഗ്രാമി റെക്കോഡുകൾ വ്യക്തമാക്കുന്നു.

‘Baraye’ = ആയതിനാൽ എന്ന പദത്തോടെ തുടങ്ങുന്ന ഈ പാട്ട് ഇറാനിലെ പോരാടുന്ന യുവതയുടെ ഹൃദയത്തിലെ ആവേശവും ചുണ്ടിലെ മുദ്രാവാക്യവുമായിരുന്നു. സദാചാര പൊലീസ് കസ്റ്റഡിയിൽ 22 കാരി മഷാ അമിനി മരിച്ചതോടെ അത് കത്തി പടർന്നു. അധികാരത്തെ ഉലച്ചു കൊണ്ട് ലോകത്തിലേക്ക് പടർന്നു കയറി.

അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡനാണ് നിറകണ്ണുകളോടെ പുരസ്കാരം സമ്മാനിച്ചത്. ഫെബ്രുവരി 5 ന് ഓൺലൈനിലൂടെയാണ് ഹാജിപൊർ അതിന് സാക്ഷിയായി ഏറ്റുവാങ്ങിയത്. ജാമ്യത്തിൽ കഴിയുമ്പോൾ അജ്ഞാത കേന്ദ്രത്തിൽ നിന്നാണ് പങ്കെടുത്തത്. വിചാരണ കാത്ത് കഴിയുകയാണ് ഇപ്പോൾ ഗാനരചയിതാവ്

ഈ പാട്ട് 48 മണിക്കൂർ കൊണ്ട് ഇറാനിയൻ ഭരണ കൂടം ഓൺലൈനിൽ നിന്നും നീക്കി. പക്ഷെ അപ്പോഴേക്കും 40 മില്യൺ ആളുകൾ അത് കേട്ടു കഴിഞ്ഞിരുന്നു. 95000 പേർ ഈ വരികൾ ഗ്രാമിയുടെ പുതിയ പുരസ്കാര ഇനത്തിലേക്ക് നിർദ്ദേശിച്ചു.

ഓപ്പറ വേർഷൻ

ബി ബി സി നിരോധിക്കണമെന്ന ഹിന്ദു സേനാ ഹരജി സുപ്രീം കോടതി തള്ളി

0

2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക് വിവരിക്കുന്ന ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്ത ബി.ബി.സിയെ ഇന്ത്യയില്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുകയെന്ന് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി ആരാഞ്ഞു. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.

ബ്രിട്ടീഷ് ചാനലായ ബിബിസി ഇന്ത്യയുടെ പ്രതിച്ഛായയെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ഡോക്യുമെന്ററിക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നും ഹര്‍ജിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ പിങ്കി ആനന്ദ് ആവശ്യപ്പെട്ടു. സുപ്രീം കോടതിക്ക് എങ്ങനെയാണ് ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കഴിയുകയെന്ന് കോടതി ചോദിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതും പൂര്‍ണമായും തെറ്റിദ്ധാരണാജനകവുമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി കോടതി തള്ളിയത്.

ഇന്ത്യയുടെയും പ്രധാനമന്ത്രി മോദിയുടെയും ആഗോള ഉയര്‍ച്ചയ്‌ക്കെതിരേ നടന്ന ആഴത്തിലുള്ള ഗൂഢാലോചനയുടെ ഫലമാണ് ഡോക്യുമെന്ററിയെന്നും ഹര്‍ജിക്കാരന്‍ വാദിച്ചിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള ആരോപണത്തില്‍ മോദിയുടെ പ്രതിച്ഛായ മാത്രമല്ല ഇന്ത്യയുടെ സാമൂഹ്യഘടന തകര്‍ക്കാനുള്ള ഹിന്ദുത്വ വിരുദ്ധ പ്രചാരണവും ബിബിസിയുടെ ഡോക്യുമെന്ററിക്ക് പിന്നിലുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതും പൂര്‍ണമായും തെറ്റിദ്ധാരണാജനകവുമാണെന്നും കോടതി എടുത്തു പറഞ്ഞു.

ജമ്മു കശ്മീരിൽ വൻ ലിഥിയം ശേഖരം കണ്ടെത്തി, വൈദ്യുത സെൽ നിർമ്മാണത്തിൽ ഇന്ത്യയ്ക്ക് കുതിപ്പിൻ്റെ പ്രതീക്ഷ

0

വൈദ്യുതവാഹന രംഗത്ത് വൻ കുതിപ്പിന് ഒരുങ്ങുമ്പോൾ ബാറ്ററികളിലെ അടിസ്ഥാന മൂലകത്തിൻ്റെ വൻ ശേഖരം കണ്ടെത്തി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. ജമ്മു കശ്മീരിൽ രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി. കശ്മീരിലെ രെയാസി ജില്ലയിലെ സലാൽ ഹൈമന എന്ന പ്രദേശത്താണ് ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തിയിരിക്കുന്നത്. 5.9 ദശലക്ഷം ടൺ ലിഥിയം ശേഖരം ഇവിടെ ഉണ്ടെന്നാണ് കണക്ക്.

സ്വർണം, ലിഥിയം അടക്കം 51 ലോഹ- ധാതു നിക്ഷേപങ്ങളെപ്പറ്റിയുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്. ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിലായി കണ്ടെത്തിയ 51 എണ്ണത്തിൽ 5 ബ്ലോക്കുകൾ സ്വർണവും പൊട്ടാഷ്, മൊളിബ്ഡിനം തുടങ്ങിയവയാണ് മറ്റുള്ളവ.

ജമ്മു കശ്മീർ, ആന്ധ്രാപ്രദേശ്, ഛത്തീസ്‌ഗഢ്, ഗുജറാത്ത്, ഝാർഖണ്ഡ്, മധ്യപ്രദേശ്, കർണാടക, ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലായിട്ടാണ്‌ വിവിധ ലോഹ – ധാതു ശേഖരങ്ങൾ കണ്ടെത്തിയിരിക്കുത്.

ബാറ്ററികളിൽ ഉപയോഗിക്കുന്ന പ്രഥാനഘടകമായ ലിഥിയത്തിന്റെ ശേഖരം വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇപ്പോൾ ബൊലിവിയിയിലാണ് ഏറ്റവും അധികം ഖനനം നടക്കുന്നത്. ഇവിടത്തെ തൊഴിൽ ചൂഷണവും ബാലവേലയും ലോകത്തിൽ തന്നെ വലിയ ആരോപണങ്ങൾക്ക് വിധേയമായി തുടരുകയാണ്. ചിലിയിലും ഓസ്ട്രേലിയയിലും പാറകളിൽ നിന്നും വേർതിരിച്ച് എടുക്കുന്നതും രീതിയാണ്. അർജൻ്റീനയിൽ ഖനനത്തിന് എതിരെ തദ്ദേശീയ ജനത പ്രക്ഷോഭത്തിലാണ്. ഗ്രീൻ എനർജി എന്ന നിലയ്ക്കാണ് ഇവയുടെ ഉപയോഗം കണക്കാക്കുന്നത് എങ്കിലും പ്രകൃതി ചൂഷണവും തൊഴിൽ ചൂഷണവും വിമർശിക്കപ്പെടുന്നു.

നിലവിൽ രാജ്യത്തെ ആവശ്യങ്ങൾക്കായി ലിഥിയം, നിക്കൽ, കോബാൾട്ട് തുടങ്ങിയവ ഇറക്കുമതി ചെയ്യുകയാണ് പതിവ്. ഇ.വി. ബാറ്ററികൾ, മൊബൈൽ ഫോണുകൾ, സോളാർ പാനലുകൾ തുടങ്ങിയവയിൽ ലിഥിയം ഉപയോഗിക്കുന്നുണ്ട്.

2021 ൽ കർണാടകയിലും ലിഥിയം ശേഖരം കണ്ടെത്തിയിരുന്നു. പക്ഷെ നേരിയ അളവിൽ മാത്രമായിരുന്നു.

അഭിമാനം ഉയർത്തി ഇന്ത്യയുടെ ചെറുവിക്ഷേപണ വാഹനം വിജയപഥത്തിൽ, ഇനി ഉപഗ്രങ്ങളുമായി ചുരുങ്ങിയ ചിലവിൽ വാണിജ്യ യാത്രയാവാം

ഇന്ത്യയുടെ പുതിയ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി ഡി2 വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയില്‍ നിന്നും കുതുച്ച് ഉയർന്ന വിക്ഷേപണം വാഹനം ഡി2 വഹിച്ച മൂന്ന് ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തില്‍ നിക്ഷേപിച്ചു.

രാവിലെ 9.18 നായിരുന്നു വിക്ഷേപണം. 15 മിനുട്ടിനുള്ളില്‍ ഉപഗ്രഹങ്ങളെ വഹിച്ച് റോക്കറ്റ് 450 കിലോ മീറ്റര്‍ ഉയരത്തിലുള്ള സര്‍ക്കുലാര്‍ ഓര്‍ബിറ്റില്‍ എത്തി. രാജ്യത്തെ 750 വിദ്യാര്‍ത്ഥിനികള്‍ തയ്യാറാക്കിയത് അടക്കം മൂന്ന് ഉപഗ്രഹങ്ങളെയാണ് എസ്എസ്എല്‍വി ഡി2 വഹിച്ചത്. 

ആദ്യവിക്ഷേപണത്തിലെ പിഴവ് മറികടന്ന വിജയം

രാജ്യത്തിന്‍റെ അഭിമാന വാഹനമായ പിഎസ്എൽവിയുടെ ചെറു പതിപ്പായാണ് എസ്എസ്എൽവി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന എസ്എസ്എൽവിയുടെ ആദ്യ വിക്ഷേപണം പരാജയമായിരുന്നു. വാഹനത്തിന്‍റെ ആക്സിലറോമീറ്ററിലുണ്ടായ തകരാർ പരിഹരിച്ചതിന് ശേഷമാണ് രണ്ടാം വിക്ഷേപണത്തിൽ ഐഎസ്ആ‍ർഒ വിജയം കണ്ടത്.

ഇനി ചെറു ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇന്ത്യയിലേക്ക് വരാം

ദൗത്യം വിജയിച്ചതോടെ വാണിജ്യ വിക്ഷേപണ രംഗത്ത് ഐ എസ് ആർ ഓ കുതിപ്പ് നേടും. ബഹിരാകാശ രംഗത്ത് കൂടുതല്‍ വാണിജ്യവത്കരണത്തിന് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് ഈ രംഗത്തേക്ക് ഇറങ്ങാനുള്ള ഏറ്റവും മികച്ച വിഭവമാണ് സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ.

എസ്എസ്എല്‍വി ഡി2

34 മീറ്ററാണ് ഈ റോക്കറ്റിന്‍റെ ഉയരം. വ്യാസം 2 മീറ്റർ. ഭാരം 120 ടൺ മാത്രം. ചെറുതും ചിലവ് കുറഞ്ഞതുമാണ് ഇതിൻ്റെ ഉപയോഗം.

 അതേ സമയം പിഎസ്എൽവിയുടെ ഉയരം 44 മീറ്ററും, വ്യാസം 2.8 മീറ്ററുമാണ്. പിഎസ്എൽവിയുടെ എറ്റവും കരുത്തേറിയ എക്സ് എൽ വകഭേദത്തിന് 1,750 കിലോ ഭാരം ലോ എർത്ത് ഓർബിറ്റിലേക്ക് എത്തിക്കാൻ കഴിയും.

എസ്എസ്എൽവി പൂർണമായും ഖര ഇന്ധനമാണ് ഉപയോഗിക്കുന്നത്. മൂന്ന് ഘട്ടങ്ങളാണ് ഈ റോക്കറ്റിനുള്ളത്. Hydroxyl-terminated polybutadiene ആണ് ഈ ഘര ഇന്ധനം. മൂന്ന് ഘട്ടങ്ങൾക്ക് പുറമേ ഉപഗ്രഹങ്ങൾ സ്ഥാപിക്കുന്ന പീഠത്തിന്റെ അടിയിൽ ദ്രവീകൃത ഇന്ധനമുപയോഗിക്കുന്ന ഒരു പ്രവേഗ നിയന്ത്രണ സംവിധാനം കൂടിയുണ്ട്.

അ‌ഞ്ഞൂറ് കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹത്തെ ലോ എർത്ത് ഓർബിറ്റിലേക്ക് എത്തിക്കാൻ എസ്എസ്എൽവിക്കാകും. ഇനി സൺ സിൻക്രണസ് ഓർബിറ്റിലേക്കാണെങ്കിൽ പരമാവധി 300 കിലോ വരെ ഭാരമുള്ള ഉപഗ്രഹത്തെ എത്തിക്കാം.

നേരത്തെ ഘടങ്ങൾ നിർമ്മിച്ച് വച്ചിട്ടുള്ള ഒരു പിഎസ്എൽവി റോക്കറ്റ് വിക്ഷേപണത്തിനായി ഒരുക്കാൻ നാല്‍പ്പത് ദിവസത്തിനടുത്ത് സമയം വേണം. എന്നാൽ എസ്എസ്എൽവി വിക്ഷേപണത്തിന് തയ്യാറാക്കാൻ ഒരാഴ്ച മാത്രം മതി.

ധാരാളം സ്വകാര്യ കമ്പനികൾ ബഹിരാകാശ രംഗത്തെക്ക് കടന്നു വരുന്ന സമയമാണിത്. ഇവർ നിർമ്മിക്കുന്ന ചെറിയ ഉപഗ്രഹങ്ങളെ ചെലവ് കുറച്ച് പരമാവധി പെട്ടന്ന് വിക്ഷേപിക്കാനുള്ള സാധ്യതയാണ് എസ്എസ്എൽവി തുറന്നത്.

കൂടുതൽ ആവശ്യക്കാരെത്തുന്നതോടെ വ്യാവസായിക അടിസ്ഥാനത്തിൽ എസ്എസ്എൽവി നിർമ്മാണം നടത്താനാണ് പദ്ധതി. ഒരു വർഷം എട്ട് എസ്എസ്എൽവി വിക്ഷേപണങ്ങളെങ്കിലും നടത്താനാണ് തുടക്കത്തിലെ ലക്ഷ്യം. ആദ്യത്തെ രണ്ട് പരീക്ഷണ വിക്ഷേപണങ്ങൾക്ക് ശേഷം പൂർണമായും റോക്കറ്റിന്റെ ചുമതല വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിനെ ഏൽപ്പിക്കാനാണ് തീരുമാനം.

2016ലെ നാഷണൽ സ്പേസ് സയൻസ് സിമ്പോസിയത്തിലാണ് പിഎസ്എൽവിയെക്കാൾ ചെറിയ വിക്ഷേപണ വാഹനമെന്ന ആശയം ആദ്യമുയരുന്നത്. 2019 അവസാനത്തോടെ ആദ്യ വിക്ഷേപണം നടത്തി. 2020 മുതൽ വാണിജ്യ ദൗത്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം. കൊവിഡ് അടക്കമുള്ള കാരണങ്ങൾ മൂലം വൈകിയ പദ്ധതിയാണ് ഒടുവിൽ  യാഥാർത്ഥ്യമാകുന്നത്.

പിഎസ്എൽവിയുടെ സങ്കീർണത

നാല് ഘട്ടങ്ങളാണ് ഒരു പിഎസ്എൽവി റോക്കറ്റിനുള്ളത്. കൂടാതെ താഴെ കുഞ്ഞൻ സ്ട്രാപ്പോൺ ബൂസ്റ്ററുകളുള്ള വകഭേദങ്ങളുമുണ്ട്. ഒന്നാം ഘട്ടം ഖരഇന്ധനം, രണ്ടാം ഘട്ടം ദ്രാവക ഇന്ധനം ഉപയോഗിക്കുന്ന വികാസ് എഞ്ചിൻ, മൂന്നാം ഘട്ടം പിന്നെയും ഖര ഇന്ധനം, നാലാം ഘട്ടം വീണ്ടും ദ്രാവക ഇന്ധനം.എന്നിങ്ങനെയാണ് പിഎസ്എൽവിയുടെ ഘടന.

നേരത്തെ ഘടങ്ങൾ നിർമ്മിച്ച് വച്ചിട്ടുള്ള ഒരു പിഎസ്എൽവി റോക്കറ്റ് വിക്ഷേപണത്തിനായി ഒരുക്കാൻ നാല്‍പ്പത് ദിവസത്തിനടുത്ത് സമയം വേണം. എന്നാൽ എസ്എസ്എൽവി വിക്ഷേപണത്തിന് തയ്യാറാക്കാൻ ഒരാഴ്ച മാത്രം മതി.

ആശ്രമത്തിലെത്തിയ കുടുംബത്തിലെ 12 കാരനെ പീഡിപ്പിച്ച മഠാധിപതി പിടിയിൽ

ആശ്രമത്തിലെത്തിയ 12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മഠാധിപതി അറസ്റ്റിൽ. ആലപ്പുഴ ചേർത്തല സ്വദേശി രഞ്ജിത്തെന്ന സൂര്യനാരായണനെ ആണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. 2021ൽ ആണ് കേസിന് ആസ്പദമായ സംഭവം. സംഭവത്തിന് ശേഷം മുങ്ങിയ ഇയാളെ തമിഴ് നാട്ടിൽ സമാനമായ ആശ്രമം നടത്തവെയാണ് പിടികൂടിയത്.

സൂര്യനാരായണൻ മലയിൻകീഴ് വിളവൂർക്കൽ പെരുകാവിൽ വാടകയ്ക്ക് വീട് എടുത്ത് ആശ്രമം നടത്തി വരുമ്പോഴാണ് കേസ്. 36 വയസുകാരനായ ഇയാള്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

കുട്ടിയുടെ മാതാപിതാക്കളുമായി സൂര്യ നാരായണൻ അടുത്ത ബന്ധം പുലർത്തിയിരുന്നതായി പൊലീസ് വിശദമാക്കി. പൂജയുടെ ഭാഗമായി കുടുംബത്തെ ആശ്രമത്തിൽ തുടരാൻ പ്രേരിപ്പിച്ചാണ് കുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. ഒരു വർഷത്തോളം ഇയാൾ പീഡനം തുടർന്നു. മകൻ്റെ സ്വഭാവത്തിലെ മാറ്റങ്ങൾ കണ്ട രക്ഷിതാക്കൾ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മുന്നിൽ ഹാജരാക്കിയപ്പോഴാണ് പീഡന വിവരം അറിയുന്നത്. 

ചൈൽഡ് വെൽഫെയർ കമ്മിറ്റി വിവരം പൊലീസിൽ അറിയിക്കയായിരുന്നു. സംഭവം പുറത്ത് അറിഞ്ഞതോടെ മലയിൻകീഴ് നിന്ന് മുങ്ങിയ സൂര്യനാരായണൻ തമിഴ്നാട് തക്കലയിൽ എത്തി. അവിടെ ആശ്രമം സ്ഥാപിച്ച് ഗുരു സ്വാമിയായി കഴിയുകയായിരുന്നു. മലയിൻകീഴ് പൊലീസിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാളെ തക്കലയിൽ എത്തി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.  

ആലപ്പുഴയിൽ പീഡന വീരൻ പൂജാരി പിടിയിലായി

ആലപ്പുഴ വള്ളികുന്നത്ത് വീട്ടമ്മയെ പീഡിപ്പിച്ച പൂജാരിയെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. വൈക്കം റ്റി വി പുരം സ്വദേശി സനുവിനെയാണ് വള്ളികുന്നം പൊലീസ് പിടികൂടിയത്. മാവേലിക്കര തഴക്കരയിലെ ക്ഷേത്രത്തിൽ പൂജാരിയാണ് സനു. കട്ടച്ചിറ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. ക്ഷേത്രങ്ങളിലെത്തുന്ന വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിച്ച് വീടുകളില്‍ എത്തി ഇവരെ വശത്താക്കുന്നതായിരുന്നു ഇയാളുടെ രീതി. സമാനമായ കേസുകള്‍ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെയുണ്ട്. 

Powered By

തുർക്കിയിലും സിറിയയിലും മരിച്ചവരുടെ എണ്ണം 19000 കവിഞ്ഞു, തകർത്തെറിഞ്ഞ ഭൂകമ്പത്തിന് പിന്നാലെ വെല്ലുവിളിയായി അതി ശൈത്യവും

0

തുർക്കി സിറിയ ഭൂചലനത്തിൽ 19,300 ൽ അധികം പേരുടെ മരണം സ്ഥിരീകരിച്ചു. ഭക്ഷണവും മരുന്നും ലഭിക്കാതെയും അതി ശൈത്യത്തിലും ജനങ്ങൾ നരകിക്കുകയാണ്. രക്ഷാ പ്രവർത്തനം ഇനിയും ഊർജിതമായില്ല. കടുത്ത കാലാവസ്ഥ വെല്ലുവിളിയാണ്. ഏകോപനത്തിൽ വീഴ്ച പറ്റിയെന്ന് പ്രസിഡന്റ് തയ്യിബ് എർദോഗൻ സമ്മതിച്ചു.

തുർക്കിയിലെ ഭൂകമ്പത്തിൽ ഇടിഞ്ഞുവീണ ആറായിരത്തിലധികം കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന ആയിരങ്ങൾ പ്രതീക്ഷ കൈ വിടേണ്ട അവസ്ഥയിലാണ്. ഇത് ജീവനും മരണത്തിനും ഇടയിലുള്ള അവസാന മണിക്കൂറുകളാണ്. 72 മണിക്കൂറിൽ അധികമായി. അവർ ജീവൻ മരണ പോരാട്ടത്തിൽ രാക്ഷാ പ്രവർത്തകരെ കാത്തിരുന്നു. പ്രതീക്ഷയുടെ ഇടവേള പിന്നിട്ടതോടെ ജീവനോടെ ഇനിയും ആളുകളെ രക്ഷപ്പെടുത്താം എന്ന പ്രതീക്ഷയും മങ്ങുകയാണ്.

അപ്രതീക്ഷിതമായെത്തിയ ഭൂകമ്പം നാട്ടിലെ സംവിധാനങ്ങൾ പൂർണമായും തച്ചു തരിപ്പണമാക്കിയത് രക്ഷാപ്രവർത്തനത്തെ വല്ലാതെ പിന്നോട്ടടിപ്പിക്കുകയാണ്. ഭൂകമ്പത്തിൽ ഇന്ധനവിതരണം നിലച്ചു. പ്രകൃതി വാതക പൈപ്പ് ലൈനുകൾ അടച്ചു. റോഡുകൾ പൊട്ടിപൊളിഞ്ഞതോടെ ക്രെയ്നും വലിയ വാഹനങ്ങൾക്കും പലയിടത്തേക്കും എത്താനാകുന്നില്ല.

കലാവസ്ഥയും ചതിച്ചു

അടുത്ത ഒരാഴ്ച താപനില പൂജ്യം ഡിഗ്രിക്ക് താഴേക്ക് പോകുമെന്നും മുന്നറിയിപ്പുണ്ട്. ദുരിതമേഖലയിൽ തുടർ ഭൂചലന മുന്നറിയിപ്പുകൾ നിലനിൽക്കെ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാക്കേണ്ടി വരുമെന്നതും വലിയ വെല്ലുവിളിയാണ്. ടർക്കിഷ് ദുരിതാശ്വാസ അതോറിറ്റി പുറത്തുവിട്ട പട്ടിക പ്രകാരം കാഹ്രാമാൻമറാസ്, ഗാസിയന്റപ്, സൻലിർഫാ, അദാനാ, അദിയാമാൻ എന്നിങ്ങനെ പത്തിലധിം പ്രവിശ്യകളിലാണ് തുടർ ഭൂചലസാധ്യത. ചികിത്സയോ ഭക്ഷണമോ, തണുപ്പിൽ നിന്ന് രക്ഷയോ കിട്ടാത്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

ആഭ്യന്തരയുദ്ധം ഗതാഗതം നിശ്ചലമാക്കിയ സിറിയയിലേക്ക് രക്ഷാപ്രവർത്തകർക്കോ, ആവശ്യവസ്തുക്കൾക്കോ എത്തിപ്പെടാൻ പോലും പ്രയാസമാണ്. ആദ്യ യുഎൻ സഹായം, ഏറെ വൈകി ഇന്ന് മാത്രമാണ് സിറിയയിൽ എത്തിച്ചേർന്നിട്ടുള്ളത്. കൃത്യമായ തുടർ പരിചരണങ്ങൾ നൽകിയില്ല എങ്കിൽ രക്ഷപ്പെടുത്തിയവരിൽ പലരും മരണത്തെ അതിജീവിക്കില്ല, മരണ സംഖ്യ ഇനിയും ഏറെ വർധിച്ചേക്കും എന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അതൊഴിവാക്കാൻ ലോകമെമ്പാടും നിന്ന് രക്ഷാ സംവിധാനങ്ങളും, വളണ്ടിയർമാരും തുർക്കിയിലേക്കും സിറിയയിലേക്കും പ്രവഹിക്കുകയാണ്. പക്ഷെ വഴികൾ പോലും അടഞ്ഞിരിക്കയാണ്.

മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന് എത്തിയവർക്ക് ഭക്ഷ്യ വിഷബാധ, നൂറിൽ അധികം പേർ ചികിത്സ തേടി

കണ്ണൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി. പയ്യന്നൂരിനടുത്ത് കോറോം മുച്ചിലോട്ട് ഭഗവതിയുടെ പെരുങ്കളിയാട്ടത്തിന് എത്തിയവർക്കാണ് വിഷബാധയേറ്റത്. കുട്ടികളടക്കം നൂറിലേറെ പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റു ആശുപത്രിയിൽ എത്തി.

മുച്ചിലോട്ട് പെരുംകളിയാട്ട നഗരിയിൽ നിന്നും ഐസ്ക്രീമും ലഘു പലഹാരവും കഴിച്ചവർക്കാണ് വിഷബാധ. ഭൂരിഭാഗം പേർക്കും വയറിളക്കവും ഛർദിയും ഉണ്ടായി. അസ്വസ്ഥത നേരിട്ടവരെ പയ്യന്നൂരിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുട്ടികളാണ് ശാരീരിക അസ്വസ്ഥത നേരിട്ടവരിൽ അധികവും. ഐസ്ക്രീം കഴിച്ചവർക്കാണ് കൂടുതൽ അസ്വസ്ഥത ഉള്ളതായി കണ്ടെത്തിയതെന്ന് മുച്ചിലോട്ട് പെരുങ്കളിയാട്ട ആരോഗ്യ കമ്മിറ്റി അറിയിച്ചു. സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് വിശദീകരണവും നടപടിയും ഒന്നും ഉണ്ടായിട്ടില്ല. പതിമൂന്ന് വർഷത്തിൽ ഒരിക്കൽ ഉണ്ടാവുന്ന കളിയാട്ടമാണ്. അത്രയും ജനങ്ങൾ കൂടുന്നിടത്ത് ആരോഗ്യ സംരക്ഷണം പാളുകയായിരുന്നു. ആരോഗ്യ വകുപ്പ് ഇക്കാര്യത്തിൽ ഏറ്റവും അധികം വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഘട്ടത്തിലാണ് ഇത്.

പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റ് അസലോ, അരവിന്ദ് കെജ്രിവാളിൻ്റെ ആവശ്യം ബാലിശമെന്ന് സോളിസിറ്റർ ജനറൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വകാര്യ വിവരങ്ങളെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. ഇതിന് പൊതുതാത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയ്ക്ക് നൽകിയ ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറണമെന്ന് ദേശീയ ഇൻഫർമേഷൻ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഗുജറാത്ത് സർവകലാശാലയാണ് മോദിക്ക് ബിരുദാനന്തര ബിരുദം നൽകിയത്. ഈ വിവരങ്ങൾ തേടി ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളാണ് ദേശീയ ഇൻഫർമേഷൻ കമ്മീഷനെ സമീപിച്ചത്.

കേസിൽ സർട്ടിഫിക്കറ്റ് വിവരങ്ങൾ അരവിന്ദ് കെജ്രിവാളിന് നൽകാൻ ഇൻഫർമേഷൻ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഹർജി സമർപ്പിച്ചത്. വിവരാവകാശ നിയമ പ്രകാരം പൊതുതാത്പര്യമില്ലാത്ത സ്വകാര്യ വിവരങ്ങൾ കൈമാറാനാകില്ല എന്നായിരുന്നു ഇന്ന് ദില്ലി ഹൈക്കോടതിയിൽ സോളിസിറ്റർ ജനറൽ വാദിച്ചത്. മൂന്നാമതൊരാൾക്ക് വിവരങ്ങൾ കൈമാറാൻ കഴിയില്ലെന്ന് പറഞ്ഞ സോളിസിറ്റർ ജനറൽ, അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം ബാലിശമാണെന്നും കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലഭിച്ച എംഎ ബിരുദത്തിന്‍റെ വിവരങ്ങൾ കൈമാറണമെന്ന ഉത്തരവിനെതിരെ ഗുജറാത്ത് സ‍ർവകലാശാല സമർപ്പിച്ച ഹർജിയിൽ വാദം പൂർത്തിയായി. കേന്ദ്ര വിവരാവകാശ കമ്മീഷനാണ് അരവിന്ദ് കെജരിവാളിന്‍റെ അപേക്ഷയിൽ വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടത്. ജനപ്രതിനിധികളുടെ വിദ്യാഭ്യാസ വിവരങ്ങൾ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ തന്നെയാണെന്ന് എതിർ ഭാഗവും വാദിച്ചു. വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടത് പ്രധാനമന്ത്രിയുടെ ഓഫീസിലെ വിവരാവകാശ ഓഫീസറോടാണെന്നും സർവകലാശാലയ്ക്ക് എതിർക്കാനാവില്ലെന്നും കെജരിവാളിന്‍റെ അഭിഭാഷക ചൂണ്ടിക്കാട്ടി. 

കെ സുരേന്ദ്രൻ്റെ അധിക്ഷേപം നിന്ദ്യം- പി കെ ശ്രീമതി; മറുപടി പറയാൻ സംസ്കാരം അനുവദിക്കുന്നില്ല- ചിന്ത ജെറോം

0

യുവജനക്ഷേമ കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരായ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പരാമര്‍ശത്തിനെതിരെ പികെ ശ്രീമതി. ചിന്തക്കെതിരായ സുരേന്ദ്രന്റെ പരാമർശം നിന്ദ്യവും മ്ലേച്ചവുമാണെന്ന് പി കെ ശ്രീമതി വിമര്‍ശിച്ചു. സുരേന്ദ്രന് അതേ നാണയത്തിൽ മറുപടി പറയാൻ സംസ്കാരം അനുവദിക്കുന്നില്ലെന്ന് ചിന്ത ജെറോമും പ്രതികരിച്ചു.

രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് സംസ്കാര ശൂന്യമായ വാക്കുകൾ കൊണ്ട് ചെറുപ്പക്കാരിയെ അവഹേളിക്കുന്നത്. സംസ്കാര സമ്പന്നരായ മലയാളികൾ ഇതിനെതിരെ പ്രതികരിക്കണമെന്നും ഇനി ഒരാൾക്കെതിരെയും ഇത്തരം വാക്ക് ഉപയോഗിക്കാൻ സുരേന്ദ്രൻ മുതിരരുതെന്നും പി കെ ശ്രീമതി പറഞ്ഞു. അങ്ങേ അറ്റം പ്രതിഷേധാർഹമായ സുരേന്ദ്രന്റെ പ്രസ്താവന. വിഷയത്തില്‍ ബിജെപിയുടെ ദേശീയ നേതൃത്വം അഭിപ്രായം പറയണമെന്നും ആവശ്യപ്പെട്ടു.

വിലക്ക് വാക്കുകൾ പിൻവലിക്കാതെ കെ സുരേന്ദ്രൻ

ചിന്താ ജെറോമിനെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്നായിരുന്നു കെ സുരേന്ദ്രന്‍റെ അധിക്ഷേപ പരാമര്‍ശം. എന്ത് പണിയാണ് അവൾ ചെയ്യുന്നതെന്ന് ചോദിച്ച സുരേന്ദ്രൻ, കമ്മീഷൻ അടിക്കൽ മാത്രമാണ് ജോലിയെന്നും ആരോപിച്ചു. കോഴിക്കോട് കളക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു സുരേന്ദ്രന്‍റെ അധിക്ഷേപ പരാമര്‍ശം. ഈ പരാമ‍ര്‍ശം മോശമല്ല, ചിന്ത ചെയ്യുന്നതാണ് അൺപാര്‍ലമെന്ററിയെന്നും സുരേന്ദ്രൻ കളക്ട്രേറ്റ് മാര്‍ച്ചിലെ പ്രസംഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ ജനത്തിന്‍റെ പ്രതികരണമാണ് താനും നടത്തിയതെന്നും കെ സുരേന്ദ്രൻ ന്യായീകരിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ചും സുരേന്ദ്രൻ രംഗത്തെത്തി. കേരളത്തിലെ പശുക്കൾ നാടിന് ഒരുപാട് സംഭാവന  ചെയ്യുന്നുണ്ട്. എന്നാൽ  പശുക്കൾ ചെയ്യുന്ന സംഭാവന പോലും പിണറായി ചെയ്യുന്നില്ലെന്ന് സുരേന്ദ്രൻ പരിഹസിച്ചു. ജനങ്ങളുടെ പോക്കറ്റ് അടിക്കുകയും പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുകയും ചെയ്യുന്ന സർക്കാർ വൻ കിടക്കാരെ തൊടുന്നില്ല. മാഫിയ സർക്കാർ ആണ് കേരളം ഭരിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.

സംസ്ഥാനത്ത് സാമ്പത്തിക സ്തംഭനാവസ്ഥ സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ ശ്രമം- മുഖ്യമന്ത്രി

സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രസര്‍ക്കാരിന്റെ യുക്തിരഹിതമായ നടപടികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനസര്‍ക്കാര്‍ കടം വര്‍ധിപ്പിച്ചതുകൊണ്ടോ നികുതിപിരിവില്‍ അലംഭാവം കാണിച്ചതുകൊണ്ടോ അല്ല ഇപ്പോള്‍ സാമ്പത്തിക ഞെരുക്കം ഉണ്ടായത്. കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ അടിക്കടി ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഷിക വായ്പാ പരിധിയില്‍ യുക്തിരഹിതമായി വെട്ടിക്കുറച്ചിരിക്കുകയാണ്. കിഫ്ബി പോലുള്ള സ്ഥാപനങ്ങളെടുക്കുന്ന വായ്പ സംസ്ഥാനങ്ങളുടെ വായ്പയാണെന്ന് പ്രഖ്യാപിച്ചു. 3.5 ശതമാനം വായ്പാ പരിധി വീണ്ടും വെട്ടിക്കുറയ്ക്കുന്നു. അതിലൂടെ സംസ്ഥാനത്ത് സാമ്പത്തിക സ്തംഭനാവസ്ഥ സൃഷ്ടിക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള പകപോക്കല്‍ നയങ്ങളാണ് ഇന്ധന സെസ് ഏര്‍പ്പെടുത്തേണ്ടിവന്നത്. കേരളത്തെ ഞെരുക്കി തോല്‍പിച്ചുകളയാം എന്ന മനോഭാവമാണ് കേന്ദ്രത്തിനുള്ളത്. അതിന് കുടപിടിക്കുന്ന പണിയാണ് ഇവിടത്തെ യുഡിഎഫ് നേതൃത്വം ചെയ്യുന്നത്. അതുകൊണ്ട് ബിജെപിയും യുഡിഎഫും ചേര്‍ന്ന് നടത്തുന്ന സമര കോലാഹലങ്ങള്‍ ജനങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ലെന്നും പിണറായി പറഞ്ഞു.

ഇന്ധന സെസിനെതിരേ ബിജെപിക്കൊപ്പം ചേര്‍ന്ന് സമരം ചെയ്യുന്നവരാണ് കോണ്‍ഗ്രസുകാരെന്നും കേന്ദ്രത്തെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസിന് വിമുഖതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2015-ലെ ബജറ്റില്‍ ഇന്ധനത്തിന് യുഡിഎഫ് സര്‍ക്കാര്‍ ഒരു രൂപ നികുതി വര്‍ധിപ്പിച്ചു. ഇന്നത്തേതിനേക്കാള്‍ പകുതിക്കടുത്ത് വിലമാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. എണ്ണക്കമ്പനികളെ പ്രീണിപ്പിച്ച് ജനങ്ങളെ പിഴിഞ്ഞവരാണ് കോണ്‍ഗ്രസും ബിജെപിയുമെന്നും അദ്ദേഹം പറഞ്ഞു.

കടം കുറഞ്ഞു, കോവിഡ് കാലത്തെ ബാധ്യത അപരാധമോ

കേരളം കടക്കെണിയിലാണെന്നും അതിഭയങ്കരമായ ധനധൂര്‍ത്താണെന്നും പ്രചാരണം നടത്തുകയാണ്. കേരളത്തിന്റെ കടത്തില്‍ നാല് വര്‍ഷക്കാലയളവില്‍ 2.46 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ കോവിഡ് കാലത്ത് ജീവനും ജീവനോപാധികളും നിലനിര്‍ത്താന്‍ സര്‍ക്കാരിന് അധികചെലവ് ഏറ്റെടുക്കേണ്ടിവന്നിരുന്നു. ഇക്കാലത്ത് കടം വര്‍ധിച്ചത് സ്വാഭാവികമാണ്. കോവിഡ് കാലത്ത് ജനോപകാരപ്രദമായ കാര്യങ്ങള്‍ക്കുവേണ്ടി വായ്പയെടുത്തത് എന്തോ മഹാപരാധമായി എന്ന രീതിയിലാണ് പ്രചരിപ്പിക്കുന്നത്.

കടം വളര്‍ന്നു എന്നത് തെറ്റായ പ്രചാരണമാണ്. കടത്തിന്റെ വളര്‍ച്ച കുറയുകയാണ് ചെയ്തത്. നികുതിപിരിവ് നടക്കുന്നില്ലെന്ന പ്രചാരണം തീര്‍ത്തും അസംബന്ധമാണ്. ജി.എസ്.ടി. വരുമാനം 25.11 ശതമാനമായി വര്‍ധിച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ശമ്പളവും പെന്‍ഷനും നല്‍കാന്‍ കടമെടുക്കുന്നു എന്ന പ്രചാരണവും തെറ്റാണ്. കണക്കുകള്‍ വ്യക്തമാക്കുന്നത് കടക്കെണിയുടെ ലക്ഷണങ്ങളല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന് ഒരുതരത്തിലുള്ള ധൂര്‍ത്തും ഉള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നില്ല. വികസനത്തെ ധൂര്‍ത്തായി ചിത്രീകരിക്കുകയാണ്. ശമ്പള-പെന്‍ഷന്‍ ചെലവ് മൊത്തം റവന്യൂ ചെലവിന്റെ 50.34 ശതമാനം മാത്രമാണ്. പര്‍വതീകരിച്ച നുണയ്ക്കുള്ള മറുപടി വസ്തുതകളും കണക്കുകളുമാണ്. സര്‍ക്കാരിനെ താറടിക്കാനാണ് ചിലരുടെ ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു.