കടുവ ചത്തതിന് വനം വകുപ്പ് ചോദ്യം ചെയ്തു, ഗൃഹനാഥൻ ജീവനൊടുക്കി

വയനാട് പൊന്‍മുടിക്കോട്ടയില്‍ ഭീതിപരത്തിയ കടുവയെ കഴുത്തിൽ ചരട് കുരുങ്ങി ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പ് അധികൃതര്‍ ചോദ്യംചെയ്ത പ്രദേശവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പുകുത്തി പാടിപറമ്പ് നാലുസെന്റ് കോളനിയിലെ ഹരിയാണ് മരിച്ചത്.

ഹരിയെ കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ഒരാഴ്ച മുമ്പാണ് പാടിപറമ്പിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കുട്ടിക്കടുവയെ കഴുത്തില്‍ കുരക്ക് മുറുകി ചത്ത നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ ഹരിയടക്കമുള്ളവര്‍ കടുവ ചത്ത് കിടക്കുന്നത് കണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ചിരുന്ന വിവരം.

കടുവ ചത്തതിന് നാട്ടുകാരുടെ നേരെ

ഒന്നരവയസ്സുള്ള ആണ്‍കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലം ഉടമക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. എന്നാല്‍ തൻ്റെ പറമ്പില്‍ അതിക്രമിച്ച് കടന്ന് കുരുക്ക് സ്ഥാപിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് അമ്പലവയല്‍ പോലീസില്‍ പരാതി നല്‍കി, ഇതോടെയാണ് കടുവയുടെ ജഡം ആദ്യം കണ്ടവരെക്കുറിച്ച് അന്വേഷണം തുടങ്ങിയത്.

ഹരിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ബത്തേരിയില്‍ ദേശീയപാത ഉപരോധിക്കും. ചോദ്യംചെയ്യലിനുശേഷം കേസില്‍ കുടുക്കുമെന്ന് ഹരി ഭയപ്പെട്ടിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു ഹരിയെന്ന് കുടുംബം പറയുന്നു. ഹരിയെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ലെന്നും സാക്ഷിയാക്കിയിട്ടില്ലെന്നുമാണ് ഇപ്പോൾ വനം വകുപ്പ് വിശദീകരിക്കുന്നത്. കാര്യങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നാണ് വിശദീകരണം.

ഏതാണ്ട് ഒന്നരവയസ്സു പ്രായമുള്ള ആണ്‍കടുവയാണ് ചത്തത്. അമ്പുകുത്തി 19 പാടിപറമ്പ് പാതയോരത്തെ തോട്ടത്തിലാണ് ജഡം കണ്ടെത്തിയത്. കഴുത്തില്‍ കുരുക്കു കുരുങ്ങിയനിലയിലായിരുന്നു ജഡം. കടുവ ചത്തത് കഴുത്തില്‍ കുരുക്കുമുറുകിയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ വീണു കിടന്ന സ്ഥലത്തെ തോട്ടമുടമയുടെപേരില്‍ വനംവകുപ്പ് കേസെടുത്തു.

പുലിയെ തിരഞ്ഞു കടുവയെ കണ്ടു, നാട്ടുകാർക്ക് എന്നും ഭീതി

ചത്ത കടുവയെ കണ്ടെത്തിയ തോട്ടത്തിന്റെ ഉടമയായ പള്ളിയാലില്‍ മുഹമ്മദിന്റെ പേരിലാണ് വന്യജീവിസംരക്ഷണനിയമത്തിലെ വേട്ടയാടല്‍ നിരോധനനിയമപ്രകാരം കേസെടുത്തത്. കടുവയെ ചത്തനിലയില്‍ കണ്ടെത്തിയ ദിവസം അമ്പുകുത്തി വെള്ളച്ചാട്ടം, റേഷന്‍കടയ്ക്ക് സമീപത്തെ പാറയില്‍നിന്ന് ഒരു പുലി റോഡിലേക്കിറങ്ങുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. സമീപത്തെ തോട്ടത്തിലേക്കാണ് പുലി പിന്നീട് കയറിപ്പോയത്. സമീപവാസികള്‍ പുലിയെ തിരയുന്നതിനിടെയാണ് പാടിപറമ്പിലെ തോട്ടത്തില്‍ കടുവയുടെ ജഡം കണ്ടെത്തിയത്. ഉടന്‍ വനപാലകരെ വിവരമറിയിച്ചു.

ഏഴുമണിയോടെ വനപാലകരെത്തി ജഡം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയിരുന്നു. പൊന്‍മുടിക്കോട്ട, എടക്കല്‍, അമ്പുകുത്തി പ്രദേശങ്ങളില്‍ രണ്ടുമാസത്തിലേറെയായി വന്യമൃഗങ്ങളെ ആക്രമിച്ച കടുവകളില്‍ ഒന്നാണ് ചത്തത്. പൊന്‍മുടിക്കോട്ടയില്‍ രണ്ടുമാസംമുമ്പ് വനംവകുപ്പിന്റെ കൂട്ടിലകപ്പെട്ട കടുവയുടെ കുഞ്ഞാണിതെന്നാണ് നിഗമനം. വന്യമൃഗങ്ങളുടെ ആക്രമണവും പെരുപ്പവും തടയാൻ കഴിയാതെ അധികാരികൾ ജനങ്ങക്ക് നേരെ കേസും മാനസിക പീഡനവുമായി വരികയാണെന്ന് കർഷകർ പറയുന്നു.

ഹിമാചലിലെ അദാനി സ്റ്റോറിൽ റെയിഡുമായി സംസ്ഥാന സർക്കാർ

ഹിമാചല്‍പ്രദേശിൽ പര്‍വാനോയിലെ അദാനി ഗ്രൂപ്പിന്റെ സ്ഥാപനത്തില്‍ റെയ്ഡ്. അദാനി വില്‍മര്‍ സ്‌റ്റോറിലാണ് സംസ്ഥാന എക്‌സൈസ്-നികുതി വകുപ്പ് പരിശോധന. കഴിഞ്ഞ അഞ്ചുവര്‍ഷമായി കമ്പനി ജി.എസ്.ടി. വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് റെയ്ഡ് ഉണ്ടായത്.

ബുധനാഴ്ച രാത്രി വൈകിയാണ് അദാനി വില്‍മര്‍ സ്‌റ്റോറില്‍ റെയ്ഡ് നടന്നത്. കമ്പനി ഗോഡൗണില്‍നിന്നുള്ള വിവിധ രേഖകളടക്കം ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

അദാനി ഗ്രൂപ്പിനും സിങ്കപ്പൂര്‍ ആസ്ഥാനമായുള്ള വില്‍മറിനും പങ്കാളിത്തമുള്ള സ്ഥാപനമാണ് അദാനി വില്‍മര്‍ സ്റ്റോര്‍. ഹിമാചല്‍ പ്രദേശില്‍ മാത്രം അദാനി ഗ്രൂപ്പിന്റെ ഏഴ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കോഴിക്കോട് എൻഐടിയിൽ പ്രണയികൾക്ക് സദാചാര വിലക്ക്

0

കോഴിക്കോട് എന്‍.ഐ.ടി.യിൽ പ്രണയികൾക്ക് മുന്നറിയിപ്പുമായി അധികൃതൃ. പൊതുയിടങ്ങളിൽ സ്നേഹപ്രകടനങ്ങൾ വിലക്കിക്കൊണ്ട് സർക്കുലർ ഇറക്കി. ക്യാമ്പസിന് പുറത്ത് നിന്നും മറ്റും വിദ്യാർഥികളുടെ പെരുമാറ്റത്തിൽ നിരവധി പരാതികൾ ലഭിച്ചു എന്ന് വിശദീകരിച്ചാണ് സദാചാര സർക്കുലർ.

ക്യാമ്പസിന് അകത്തും പുറത്തും പരിധി വിട്ട സ്നേഹ പ്രകടനം പാടില്ല. ഇത്തരം കാര്യങ്ങൾ മറ്റ് വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്നുവെന്നും കാണുന്നവർക്ക് അലോസരമുണ്ടാക്കുന്നുവെന്നും മയപ്പെടുത്തിയാണ് സദാചാര സർക്കുലർ.

ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

കണ്ണൂരിൽ കാർ കത്തിയത് ഷോർട് സർക്യൂട്ട്, മരണത്തിനിടയാക്കി തീപടർന്നത് സാനിറ്റൈസറും സ്പ്രേയും കാരണമെന്നും റിപ്പോർട്ട്

കണ്ണൂരിൽ ഗർഭിണിയായ ഭാര്യയും ഭർത്താവും കാറിനകത്ത് മരിക്കാനിടയായ സംഭവം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണസംഘം. തീ ആളിപ്പടരാന്‍ ഇടയാക്കിയത് കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിനായി ഉപയോഗിക്കുന്ന സ്‌പ്രേയുമാകാമെന്നും കണ്ണൂര്‍ ആര്‍.ടി.ഒ.വിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കാറില്‍നിന്ന് കിട്ടിയ മറ്റ് വസ്തുക്കളുടെ രാസപരിശോധനാഫലം പുറത്തുവന്നിട്ടില്ല.

ഫെബ്രുവരി രണ്ടിനായിരുന്നു കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം അപകടമുണ്ടായത്. അപകടത്തില്‍ കുറ്റിയാട്ടൂര്‍ സ്വദേശികളായ ടി.വി.പ്രജിത്ത് (35), ഗര്‍ഭിണിയായിരുന്ന ഭാര്യ റീഷ (26)എന്നിവരാണ് മരിച്ചത്. മരിച്ച ഇരുവരും വാഹനത്തിന്റെ മുന്‍വശത്താണ് ഇരുന്നിരുന്നത്. അപകടം നടക്കുമ്പോള്‍ റീഷയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേരും വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് വാഹനത്തില്‍ തീ പടരാന്‍ കാരണമെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. കാറിന്റെ ഡാഷ് ബോര്‍ഡില്‍നിന്നാണ് തീ പടര്‍ന്നത്. ബോണറ്റിലേക്കോ പെട്രോള്‍ ടാങ്കിലേക്കോ തീ പടര്‍ന്നിരുന്നില്ല. ഇതാണ് ദുരൂഹത വർധിപ്പിച്ചത്. സ്പീക്കറും ക്യാമറയുമാണ് അഗ്‌നിക്കിരയായ കാറില്‍ അധികമായി ഘടിപ്പിച്ചിരുന്നത്.

അദാനി ബന്ധം പൊളിച്ചടുക്കിയ രാഹുലിനെ സഭയിൽ കാണാനില്ല; നന്നായി ഉറങ്ങിക്കാണുമെന്ന് മോഡി

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. ലോക്‌സഭയില്‍ കഴിഞ്ഞദിവസം ചിലരുടെ പ്രസംഗത്തിന് ശേഷം അവര്‍ക്ക് ചുറ്റുമുള്ളവരും പിന്തുണയ്ക്കുന്നവരും ഉല്ലാസോന്മാദത്തിലാണ്. പ്രസംഗത്തിന് ശേഷം നന്നായി ഉറങ്ങാന്‍ സാധിച്ചിട്ടുണ്ടാവുമെന്നും അതിനാല്‍ സമയത്ത് ഉണരാന്‍ കഴിഞ്ഞിട്ടുണ്ടാവില്ലെന്നും പ്രധാനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. സഭയില്‍ രാഹുലിന്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം.

‘ഇപ്പോള്‍ രാജ്യത്ത് രാഷ്ട്രീയ സ്ഥിരതയുണ്ട്. ശക്തവും സ്ഥിരതയുമുള്ള സര്‍ക്കാര്‍ നിലവിലുണ്ട്. ഇന്ത്യയില്‍ ലോകത്തിന് വിശ്വാസവും പ്രതീക്ഷയുമുണ്ട്. ജി20 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നത് രാജ്യത്തെ സംബന്ധിച്ച് അഭിമാനകരമാണ്. എന്നാല്‍, അതില്‍ ചിലര്‍ അസ്വസ്ഥരാണ്. ഉത്പാദനത്തിന്റെ കേന്ദ്രമായി ഇന്ത്യ മാറുകയാണ്. ഇന്ത്യയുടെ വളര്‍ച്ചയില്‍ ലോകം സമൃദ്ധികാണുന്നുവെങ്കിലും ചിലര്‍ അത് അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല’- പ്രധാനമന്ത്രി സഭയില്‍ പറഞ്ഞു.

കോവിഡ് മഹാമാരിക്കാലത്ത് പല രാജ്യങ്ങളും വിലക്കയറ്റവും തൊഴിലില്ലായ്മയും ഭക്ഷ്യപ്രതിസന്ധിയും അനുഭവിക്കുമ്പോള്‍ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി. ഇതില്‍ ഇന്ത്യക്കാര്‍ അഭിമാനിക്കേണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. യു.പി.എ. സര്‍ക്കാരിന്റെ പത്തുവര്‍ഷ ഭരണകാലത്ത് നാണ്യപ്പെരുപ്പം രണ്ടക്കത്തിലായിരുന്നു. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തില്‍ 2004-14 കാലഘട്ടം അഴിമതി നിറഞ്ഞതായിരുന്നു. പത്ത് വര്‍ഷത്തിനിടെ രാജ്യത്തുടനീളം ഭീകരാക്രമണങ്ങള്‍ നടന്നു. എന്നാല്‍, ചില നല്ലകാര്യങ്ങള്‍ നടക്കുമ്പോള്‍ അവര്‍ ദുഃഖിതരായിരിക്കുമെന്നും മോഡി പരിഹസിച്ചു.

ജനവിധിക്ക് കഴിയാത്തത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സാധിച്ചുവെന്നും പ്രധാനമന്ത്രി . എല്ലാ പ്രതിപക്ഷ പാര്‍ട്ടികളേയും ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരാന്‍ ഇ.ഡിക്ക് സാധിച്ചു. ഇത് സമ്മതിദായകര്‍ക്ക് സാധിക്കാത്തതാണ്. മോഡി കളിയാക്കി.

പഞ്ഞി മിഠായിയിൽ വസ്ത്രങ്ങൾക്ക് നിറം നൽകുന്ന രാസവസ്തു, കർശന നടപടിക്ക് ആരോഗ്യ മന്ത്രി

കൊല്ലത്ത് പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തി. ഈ സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അടുത്തിടെ രൂപം നല്‍കിയ സ്റ്റേറ്റ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് പരിശോധനയിലാണ് കണ്ടെത്തൽ. വസ്ത്രങ്ങളിൽ ഉപയോഗിക്കുന്ന നിറമായ റോഡമിൻ എന്ന രാസവസ്തു ചേർത്തായിരുന്നു മിഠായി നിർമ്മിച്ചിരുന്നത്. 

 

നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പഞ്ഞിമിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. കരുനാഗപ്പളളിയിലാണ് ഇത്തരത്തില്‍ മിഠായി ഉണ്ടാക്കുന്ന കേന്ദ്രം പരിശോധിച്ചത്. മിഠായി നിര്‍മ്മിക്കുന്ന പരിസരം വൃത്തിഹീനമാണെന്നും കണ്ടെത്തി. വില്‍പ്പനയ്ക്കായി തയ്യാറാക്കിയിരുന്ന കവറിലാക്കിയ മിഠായികള്‍ പിടിച്ചെടുത്തു. കെട്ടിട ഉടമയ്ക്കും 25 ഇതരസംസ്ഥാന തൊഴിലാളികൾക്കും എതിരേ കേസെടുത്തു. 

വര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പരിശോധന ശക്തമായി തുടരുമെന്നും മന്ത്രി അറിയിച്ചു. മിഠായി നിർമ്മാണ കേന്ദ്രത്തിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ വ്യക്തമാക്കി. അനധികൃത ഭക്ഷ്യ ഉൽപ്പാദനത്തിനും നിരോധിത നിറം ഉപയോഗിച്ചതിനും തൊഴിലാളികൾക്കെതിരെ കേസെടുത്തു.  ഭക്ഷ്യസുരക്ഷ വിഭാഗം കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ അജി, കൊല്ലം കരുനാഗപ്പള്ളി, ചവറ  എന്നിവിടങ്ങളിലെ  ഫുഡ് സേഫ്റ്റി ഓഫീസർമാരും പരിശോധനയിൽ പങ്കെടുത്തു.

ആരോഗ്യ വകുപ്പ് നരേത്തെ മുന്നറിയിപ്പ് നൽകി, അന്ന് പ്രാദേശിക വാർത്ത മാത്രം

സംസ്ഥാനത്തെ വിദ്യാലങ്ങള്‍ക്ക് സമീപം വില്‍ക്കുന്ന പല മിഠായികളും ഗുണനിലവാരമില്ലാത്തതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മാസങ്ങൾക്ക് മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. അതുപോലെ പഞ്ഞി മിഠായികള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നും പരിശോധനയില്‍ വ്യക്തമായതായി അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ ഇത്തരം മിഠായി വാങ്ങി കഴിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നൽകുക ഉണ്ടായി.

നിരോധിച്ച നിറങ്ങള്‍, കൃത്രിമ നിറങ്ങള്‍ എന്നിവ ചേര്‍ത്ത മിഠായികള്‍ കഴിക്കരുത്. പഞ്ഞി മിഠായി ഈ ഗണത്തില്‍പ്പെടുന്നതാണ്. ഇതില്‍ നിരോധിച്ച റോഡാമിന്‍ ബി എന്ന നിറമാണ് ചേര്‍ത്തിരിക്കുന്നത്. മിഠായികളില്‍ കൃത്യമായ പാക്കിങ്, ലേബല്‍ എന്നിവ ഉണ്ടോ എന്ന് നോക്കണം. കൂടാതെ ഭക്ഷ്യസുരക്ഷാ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കണം. അതുപോലെ നിര്‍മ്മിച്ച തീയതി, കാലാവധി എന്നിവ പരിശോധിക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

മൂന്നു മാസം മുൻപ് കിഴക്കഞ്ചേരി മൂലങ്കോട് സ്‌കൂള്‍ പരിസരത്തില്‍ നിന്ന് മിഠായി വാങ്ങി കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പല മിഠായികള്‍ക്കും ഗുണ നിലവാരമില്ലെന്ന് കണ്ടെത്തിയത്. തിരെ കുറഞ്ഞ വിലയില്‍ ആകര്‍ഷകമായ നിറങ്ങളിലാണ് ഇവ ലഭിക്കുന്നത് എന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയങ്കരമാണ് ഇത്തരം മിഠായികള്‍. ഇതിനു തുടർച്ചയായി ഇപ്പോഴാണ് മുന്നറിയിപ്പ് വരുന്നത്.

പ്രധാനമന്ത്രിയുടെ അദാനി ബന്ധം തെളിവില്ലാത്തത്, രാഹുലിന് എതിരെ അവകാശ ലംഘന നൊട്ടീസുമായി ബി ജെ പി

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരവും വസ്തുതാവിരുദ്ധവുമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിക്കെതിരെ ലോക്സഭയിൽ ബിജെപി അവകാശ ലംഘന നോട്ടീസ് നൽകി. രാഹുലിൻ്റെ പ്രസംഗം രേഖകളിൽ നിന്ന് നീക്കണമെന്നും നടപടി വേണമെന്നും പാർലമെൻററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി ആവശ്യപ്പെട്ടു

നന്ദി പ്രമേയ ചർച്ചയ്ക്കിടെ അഴിച്ചു വിട്ട കൊടുങ്കാറ്റ്

രാജ്യത്തിന്‍റെ ബജറ്റും, നയങ്ങളും അദാനിക്ക് വേണ്ടി തയ്യാറാക്കി,അദാനിയുമായി എത്ര തവണ വിദേശ യാത്ര നടത്തി, ബിജെപിക്ക് അദാനി എത്ര തുക സംഭാവന നല്‍കിയ തുടങ്ങിയ ചോദ്യങ്ങള്‍ പ്രധാനമന്ത്രിയോട് രാഹുൽ ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വിദേശ യാത്രകളും രാജ്യത്തിന്‍റെ വിദേശ നയവും അദാനിക്ക് വേണ്ടിയാണെന്ന് രാഹുല്‍ ഗാന്ധി തുറന്നടിക്കയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തുന്നതിന് മുൻപ് വിദേശ രാജ്യങ്ങളിൽ അദാനി എത്തിയത് എന്തിനാണ്. പ്രധാനമന്ത്രി അവിടം വിടുമ്പോഴും പിന്നെ എന്താണ് ചെയ്യുന്നത് എന്നും രാഹുൽ ചോദിച്ചിരുന്നു.

ആവശ്യപ്പെട്ടത് തെളിവ്

മതിയായ തെളിവുകളില്ലാതെ മോദിയ്‌ക്കെതിരായി നടത്തിയ ആരോപണം അപകീര്‍ത്തികരവും ലജ്ജാകരവുമാണെന്ന് ദുബെ കുറ്റപ്പെടുത്തി. പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കവേ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി, ചില പ്രസ്താവനകള്‍ നടത്തി. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ നടത്തിയ പ്രസ്താവനകള്‍ തീര്‍ത്തും അപകീര്‍ത്തികരവും തെറ്റിദ്ധാരണയുളവാക്കുന്നതും ‘അണ്‍പാർലമെന്‍ററി’യുമാണെന്ന് ദുബെ കത്തില്‍ പറയുന്നു. മാന്യതയില്ലാത്ത ഈ പ്രസ്താവന സഭയുടേയും പ്രധാനമന്ത്രിയുടേയും അന്തസ്സിനെ ചോദ്യംചെയ്യുന്നതാണ്. മതിയായ തെളിവുകള്‍ ഒന്നുമില്ലാതെയാണ് ഇത്തരത്തിലുള്ള ആരോപണം രാഹുല്‍ ഉന്നയിച്ചത്, ദുബെ പറയുന്നു.

തന്റെ പ്രസ്താവനകള്‍ സാധൂകരിക്കുന്ന ആധികാരികമായ ഒരു തെളിവും ഹാജരക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞിട്ടില്ല. കൃത്യമായ രേഖകളില്ലാതെ സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുല്‍ ശ്രമിച്ചത്. ഇത് വ്യക്തമായും സഭയെയും അംഗങ്ങളെയും അവഹേളിക്കലും അവകാശലംഘനവുമാണെന്നും നടപടി എടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

സഭയിൽ രാഹുൽ ഉയർത്തിയത് ഇരുവരും ഇരിക്കുന്ന ചിത്രം

പ്രധാനമന്ത്രി നരേന്ദ്രമോദിയും സർക്കാരും ഗൗതം അദാനിക്ക് വിവിധ മേഖലകളിൽ കരാറുകളും പദ്ധതികളും ലഭിക്കാൻ നിയമങ്ങളും ചട്ടങ്ങളും മാറ്റിയെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം സഭയിൽ ആരോപിച്ചിരുന്നു. 2014-ൽ 800 കോടി ഡോളറായിരുന്ന (66,203 കോടി രൂപ) അദാനിയുടെ ആസ്തി 2022-ൽ 14,000 കോടി ഡോളറിലേക്ക് (11.58 ലക്ഷം കോടി രൂപ) വളർന്നത് മോദിയുടെ സഹായത്താലാണ്. സാധാരണജനങ്ങളുടെ പണം അദാനിയുടെ കമ്പനികളിൽ എൽ.ഐ.സി. ഉൾപ്പെടെ പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങൾ നിക്ഷേപിച്ചത് മോദി-അദാനി കൂട്ടുകെട്ടിന്റെ ഉദാഹരണമാണെന്നും രാഹുൽ ആരോപിച്ചിരുന്നു. അദാനിയും നരേന്ദ്ര മോഡിയും ഒന്നിച്ചിരിക്കുന്ന ചിത്രവും ഉയർത്തി കാട്ടി. വരുമാനം പെരുപ്പിച്ചു കാട്ടിയ സംഭവത്തിൽ കമ്പനി തകർച്ച നേരിടുന്ന ഘട്ടത്തിലാണ് രാഹുൽ ആരോപണം ഉയർത്തുന്നത്.

വാലൻ്റൈൻ ദിനത്തിൽ പശുവിനെ കെട്ടിപിടിച്ച് വേദസംസ്കാരം കാക്കാൻ ‘കൗ ഹഗ് ഡേ’ പ്രഖ്യാപിച്ച് കേന്ദ്രം

ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാന്‍ സർക്കുലുറുമായി കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്ന കണ്ടെത്തലിലാണ് മൃഗ സംരക്ഷണ ബോര്‍ഡ് അറിയിപ്പ്. പശു ഇന്ത്യന്‍ സംസ്‌കാരത്തിൻ്റെ നട്ടെല്ലാണെന്നും ചൂണ്ടിക്കാട്ടുന്നു.

വേദ സംസ്കാരം സംരക്ഷണം

പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നുപോകാന്‍ ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിയ്ക്ക് കാരണമാകും. അതുകൊണ്ട് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാമെന്ന് മൃഗ സംരക്ഷണ ബോര്‍ഡിന്റെ സര്‍ക്കുലറില്‍ പറയുന്നു.

ഫെബ്രുവരി ആറിനാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയത്.

ഫെബ്രുവരി 14-ന് വാലന്റൈന്‍സ് ഡേ ആയാണ് ലോകം മുഴുവൻ ആഘോഷിക്കപ്പെടുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മൊത്ത് സംരക്ഷണം ഏറ്റെടുത്ത് ഹിന്ദുത്വ സംഘടനകൾ അടുത്ത കാലത്ത് അക്രമം തുടങ്ങിയിരുന്നു. വാലന്റൈന്‍സ് ദിനത്തില്‍ കമിതാക്കള്‍ക്ക് നേരെ ആക്രമണം പതിവായി. ഇതിനു തുടർച്ചയായാണ് കേന്ദ്ര സർക്കുലർ കൂടി എത്തുന്നത്.

അലൻ ഷഹൈബിൻ്റെ ജാമ്യം റദ്ദാക്കണമെന്ന എൻ ഐ എ ആവശ്യം കോടതി തള്ളി

 പന്തീരങ്കാവ് യു.എ.പി.എ കേസില്‍ പ്രതിയായ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ(എന്‍.ഐ.എ) ആവശ്യം കോടതി തള്ളി. റാഗിങ്ങുമായി ബന്ധപ്പെട്ട കേസില്‍ അലന്റെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു എന്‍.ഐ.എയുടെ ആവശ്യം. നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് അലന് എന്‍.ഐ.എ കോടതി മുന്നറിയിപ്പ് നൽകി വിട്ടു.

കണ്ണൂര്‍ പാലയാട് ലോ കോളജിലെ എസ് എഫ് ഐ കേസ് ചൂണ്ടിക്കാട്ടിയാണ് അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ കൊച്ചിയിലെ പ്രത്യേക കോടതിയെ സമീപിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ചു എന്നായിരുന്നു എന്‍.ഐ.എ ചൂണ്ടിക്കാട്ടിയത്. എസ്.എഫ്.ഐ പ്രവര്‍ത്തകരുമായി കോളേജിലെ വിദ്യാര്‍ഥിയായ അലന്‍ റാഗിങ്ങിനെ ചൊല്ലി സംഘര്‍ഷമുണ്ടാക്കിയതായ് കേസ് എടുത്തിരുന്നു. എന്നാൽ ഇത് മനപൂർവ്വം പ്രതി ചേർത്തതാണ് എന്ന് ആരോപണം ഉണ്ടായി.

എസ് ഏഫ് ഐ ഇടപെടലിനെ തുടർന്ന് അലന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. നേരത്തെ പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അലന് ജാമ്യം അനുവദിക്കുമ്പോള്‍ കോടതി ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു. മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല എന്നതായിരുന്നു ഇതില്‍ പ്രധാനം.

റാഗിങ്ങുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി കൊച്ചിയിലെ പ്രത്യേക കോടതിയെ സമീപിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് പരിശീലന വിമാനം ഇടിച്ചിറക്കി

തിരുവനന്തപുരത്ത് വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്.

ടേക്ക് ഓഫിനിടെ തകരാർ മൂലം നിയന്ത്രണം വിടുകയായിരുന്നെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ഇടിച്ചിറക്കിയപ്പോള്‍ തീപിടിക്കാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.

പൈലറ്റ് അപകടം കൂടാതെ രക്ഷപ്പെട്ടു. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ വിമാനത്താവളത്തിന്റെ റണ്‍വേയിലാണ് വിമാനം ഇടിച്ചിറക്കിയത്.