വാട്ട്‌സ് ആപ്പ് സ്റ്റേറ്റസിൽ അഞ്ച് കിടിലൻ പുതുമകൾ അവതരിപ്പിച്ചു

0

വാട്ട്‌സ് ആപ്പിൽ സ്റ്റേറ്റസ് അപ്‌ഡേറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാനും കസ്റ്റമൈസ് ചെയ്യാനും പുതുമകൾ അവതരിപ്പിച്ചു. വോയ്‌സ് മെസേജ്, സ്‌റ്റേറ്റസ് റിയാക്ഷൻ, സ്‌റ്റേറ്റസ് പ്രൊഫൈൽ റിംഗ് , ലിങ്ക് പ്രിവ്യു എന്നീ പുത്തൻ ഫീച്ചറുകളാണ് ലഭിക്കുക

ഇൻസ്റ്റഗ്രാം സ്റ്റോറി പ്രവർത്തിക്കുന്ന അതേ മാതൃകയിലാകും വാട്ട്‌സ് ആപ്പ് സ്റ്റേറ്റസുകളും പ്രവർത്തിക്കുക. വാട്ട്‌സ് ആപ്പ് കോളും മെസേജും പോലെ സ്‌റ്റേറ്റസുകളും എൻഡ് -ടു-എൻഡ് എൻക്രിപ്റ്റഡായിരിക്കും.

വാട്ട്‌സ് ആപ്പിൽ ഇനി മുതൽ ചിത്രങ്ങളും വിഡിയോയും എന്ന പോലെ വോയ്‌സ് സ്‌റ്റേറ്റസും ഇടാൻ സാധിക്കും. ഈ സ്റ്റേറ്റസുകൾക്ക് പല ഇമോജികൾ കൊണ്ട് ഇഷ്ടാനുസരണം മറുപടിയും നൽകാം. കോൺടാക്റ്റ് ലിസ്റ്റിലെ ഒരു വ്യക്തി സ്റ്റാറ്റസ് ഇട്ടിട്ടുണ്ടെന്ന് മനസിലാക്കാൻ പ്രൊഫൈലിന് ചുറ്റും പച്ച നിറത്തിലുള്ള റിംഗും കാണാൻ കഴിയും.

സ്റ്റേറ്റസ് ലിങ്കുകൾ ആദ്യം ടെക്സ്റ്റ് മാത്രമായാണ് വന്നിരുന്നത്. എന്നാൽ ഇപ്പോൾ സ്‌റ്റേറ്റസിലെ ലിങ്കുകളിലെ ചിത്രമടങ്ങിയ പ്രിവ്യൂവും കാണാൻ സാധിക്കും. ഇതോടൊപ്പം പ്രൈവറ്റ് ഓഡിയൻസിനെ സെറ്റ് ചെയ്യാനും കഴിയും.

ചെന്നൈയിനെ വിറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സിന് പത്താം വിജയം

0

ചെന്നൈയിൻ എഫ്സിയെ തകർത്ത് കേരളാ ബ്ലാസ്റ്റേഴ്സ് സീസണിലെ പത്താം വിജയം സ്വന്തമാക്കി. രണ്ടാം മിനിറ്റിൽ അബ്ദുനാസർ എൽ ഖയാത്തി ചെന്നൈയിനായി ഗോൾ നേടിയപ്പോൾ അ‍ഡ്രിയൻ ലൂണ , മലയാളി താരം രാഹുല്‍ കെ.പി എന്നിവർ ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടു.

ആദ്യ ഗോളടിച്ചും രണ്ടാം ഗോളിന് വഴിയൊരുക്കിയും കളം നിറഞ്ഞ അഡ്രിയൻ ലൂണയാണു കളിയിലെ താരം. ചെന്നൈയിന്റെ തുടർച്ചയായ ആക്രമണങ്ങളത്രയും തടഞ്ഞ് ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ ഗില്ലും തിളങ്ങി. കൊച്ചിയിലെ ജവാഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആരാധകരെ കയ്യിലെടുത്തായിരുന്നു ബ്ലാസ്റ്റേഴ്സിൻ്റെ പ്രകടനം.

ഈ വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. നിലവില്‍ 17 മത്സരങ്ങളില്‍ നിന്ന് 31 പോയന്റുമായി മഞ്ഞപ്പട പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. ആറു കളികൾ തോറ്റപ്പോൾ ഒന്നു സമനിലയായി.

അതേസമയം വിജയമില്ലാതെ മടങ്ങുന്ന തുടർച്ചയായ എട്ടാം പോരാട്ടമാണ് ചെന്നൈയുടേത്. 17 കളികളിൽനിന്ന് നാലു വിജയങ്ങളുമായി എട്ടാം സ്ഥാനത്താണ് അവർ. 18 പോയിന്റുകളാണു ചെന്നൈയിനുള്ളത്.

സ്റ്റാർ ഹോട്ടലിൽ തങ്ങിയത് വീട്ടിൽ അറ്റാച്ച്ഡ് ബാത്ത് റൂം ഇല്ലാത്തതിനാൽ അമ്മയുടെ ചികിത്സയ്ക്കായി എന്ന് യുവജന കമ്മീഷൻ അധ്യക്ഷ

കൊല്ലത്തെ ഫോര്‍ സ്റ്റാർ ഹോട്ടലിലെ  താമസത്തിൽ വീണ്ടും വിശദീകരണവുമായി യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. അനാരോഗ്യത്തിൻ്റെ അവശതകളുള്ള അമ്മയുടെ ചികിത്സാ സമയത്താണ് റിസോർട്ടിൽ താമസിച്ചത്. അറ്റാച്ച്ഡ് ബാത്റൂമില്ലാത്ത സ്വന്തം വീട് പുതുക്കി പണിയുന്ന സമയമായിരുന്നു. ഇരുപതിനായിരം രൂപയാണ് വാടകയിനത്തിൽ നൽകിയത്. തന്റെ സാലറിക്കൊപ്പം അമ്മയുടെ പെൻഷൻ തുകയുമുപയോഗിച്ച് വാടക നൽകിയതെന്നും ചിന്ത ജെറോം പറഞ്ഞു.

അമ്മയുടെ ചികിത്സയ്ക്കാണ് പ്രാധാന്യം നൽകിയതെന്നും തൻ്റെ സ്വകര്യ വിവരങ്ങൾ പുറത്തു പറയുന്നതിൽ ദുഃഖമുണ്ടെന്നും ചിന്ത കൂട്ടിച്ചേർത്തു

അമ്മയെ ചികിത്സിക്കുന്ന ഡോക്ടർ താമസിക്കുന്നതിന്റെ അപാർട്മെന്റിന്റെ താഴെ മുറി എടുക്കുകയായിരുന്നു. മാസ വാടക ഇരുപതിനായിരം രൂപയാണ് നൽകിയത്. കുറച്ചു മാസം തന്റെ കയ്യിൽ നിന്നും കുറച്ചു മാസം അമ്മയുടെ പെന്ഷനിൽ നിന്നുമാണ് പണം നൽകിയത്. റിസോർട്ടുകാർ ഇരുപതിനായിരം രൂപയാണ് പറഞ്ഞത്. ആ തുകയാണ് നൽകിയത്.  മാതാപിതാക്കളുടെ പെൻഷൻ ഉണ്ട്’.

വിവാദത്തിന് തീ പകർന്ന്

കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ മൂന്ന് മുറികളുള്ള അപാർട്മെൻ്റിൽ ചിന്താ ജെറോം ഒന്നേമുക്കാൽ വർഷം താമസിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം.  പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാർട്മെന്റിന്റെ വാടക. ഈ കണക്ക് നോക്കിയാൽ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നൽകേണ്ടി വന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് വെളിപ്പെടുത്തിയിരുന്നു. ഇത്രയും പണം യുവജന കമ്മീഷൻ അധ്യക്ഷക്ക് എങ്ങനെ കിട്ടി, ചിന്തയുടെ സാന്പത്തിക ശ്രോതസ് തുടങ്ങിയ കാര്യങ്ങൾ അന്വഷിക്കണമെന്നുമാണ് ആവശ്യം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, എന്നിവർ വിജിലൻസിനും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിലും പരാതി നൽകിയിട്ടുണ്ട്. 

കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധം, സിസ്റ്റർ സ്റ്റെഫിയുടെ കേസിൽ ഡൽഹി ഹൈക്കോടതി

കന്യകാത്വ പരിശോധന ഭരണഘടന വിരുദ്ധമാണെന്ന് ഡല്‍ഹി ഹൈക്കോടതി. അഭയ കേസിൽ പ്രതിയായ സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.

ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്. കെ. ശര്‍മ്മയുടേതാണ് വിധി. കേസ് അന്വേഷണത്തിൻ്റെ ഭാഗമായി സിബിഐ കന്യകാത്വ പരിശോധന നടത്തിയിരുന്നു. ഇതിനെതിരെ 2009-ല്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് വിധി. ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് കരുതി കന്യാകാത്വ പരിശോധന നടത്താന്‍ കഴിയില്ല. ഇരയാണോ, പ്രതിയാണോ എന്നതൊന്നും ഇത്തരത്തിൽ പരിശോധന നടത്തുന്നതിന് ന്യായീകരണമല്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി.

പൗരൻ്റെ സ്വകാര്യതയും അന്തസ്സും ലംഘിക്കുന്നതാണിത്. ഒരു കാരണവശാലും കന്യകാത്വ പരിശോധന നടത്തരുതെന്നും വിധിയില്‍ മുന്നറിയിപ്പ് നൽകി. ക്രിമിനല്‍ കേസില്‍ നടപടി പൂര്‍ത്തിയായ ശേഷം ഇതിൽ സി.ബി.ഐക്കെതിരെ മാനനഷ്ടത്തിനും മനുഷ്യാവകാശ ലംഘനത്തിനും കേസ് നല്‍കാന്‍ സിസ്റ്റര്‍ സെഫിക്ക് അവകാശമുണ്ടെന്നും ഡല്‍ഹി ഹൈക്കോടതി പറഞ്ഞു.

കന്യാകാത്വ പരിശോധനക്കെതിരെ നല്‍കിയ പരാതി നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ തള്ളിയിരുന്നു. ഇതിനെതിരെ കൂടിയാണ് സിസ്റ്റര്‍ സെഫി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

ശാസ്ത്രം തന്നെ തള്ളിക്കളഞ്ഞ പരിശോധന

കന്യകാത്വം എന്നത് തന്നെ ശാസ്ത്രത്തിൻ്റെ കണ്ണിൽ സാങ്കൽപ്പികമാണ്. കന്യകാത്വ പരിശോധനയ്ക്ക് എതിരെ ലോക ഗൈനക്കോളജി കോൺഗ്രസ് തന്നെ രംഗത്ത് വന്നിരുന്നു. പല രാജ്യങ്ങളിലും വിവിധ മതവിഭാങ്ങൾക്ക് ഇടയിൽ ഇത്തരത്തിൽ ആചാരപരമായ പരിശോധന നടത്തുന്നതിന് എതിരെയും ലോക വ്യാപകമായി മുന്നറിയിപ്പ് ഉണ്ടായിരുന്നു.

ഇരയാക്കലും ലൈംഗിക പീഡനവുമായി ഇതിനെ കണക്കാക്കണമെന്ന വാദ പോലും ഉയരുന്ന ഘട്ടത്തിലാണ് കോടതിയുടെ നിർണ്ണായക വിധി. ഇത് സി ബി ഐ പോലുള്ള ഏജൻസികൾക്ക് മുന്നറിയിപ്പുമായി മാറുകയാണ്.

സിസ്റ്ററും ഫാദർ കോട്ടൂരും തമ്മിലുള്ള അവിഹിതം കണ്ടെത്തിയതിൻ്റെ പ്രതികാരമാണ് അഭയ കൊല എന്ന് സ്ഥാപിക്കാനും അവരുടെ അവിഹിതം തെളിയിക്കാനും ആയിരുന്നു ടെസ്റ്റ് സി ബി ഐ സ്വീകരിച്ചത്.

JEE മെയിൻ ഫലം പ്രസിധീകരിച്ചു

എന്‍ജിനീയറിങ് പ്രവേശനപരീക്ഷയായ JEE മെയിന്‍ സെഷന്‍ ഒന്നിൻ്റെ ഫലം വന്നു. ഈ ലിങ്കിൽ ആപ്ലിക്കേഷന്‍ നമ്പര്‍ നല്‍കി വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാം. ഫെബ്രുവരി ആറിനാണ് ഫൈനല്‍ ആന്‍സര്‍ കീ പ്രസിദ്ധീകരിച്ചത്.

ജനുവരി 24 മുതല്‍ ഫെബ്രുവരെ ഒന്ന് വരെയാണ് JEE മെയിന്‍ പരീക്ഷ നടന്നത്. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതിയത് മഹാരാഷ്ട്രയില്‍ നിന്നാണ്.

20 വിദ്യാര്‍ഥികള്‍ 100 പെര്‍സന്റൈല്‍ സ്‌കോര്‍ ചെയ്തു. ജനറല്‍ 14, ഒ.ബി.സി നാല്, എസ്.സി, ഇ.ഡ്ബ്ല്യൂ.എസ് എന്നീ വിഭാഗത്തില്‍ നിന്ന് ഒരാള്‍ വീതവുമാണ് സ്‌കോര്‍ നേടിയത്. മീസല പ്രണതി ശ്രീജയാണ് പെണ്‍കുട്ടികളില്‍ ഒന്നാമത്. 99.997259 ആണ് ശ്രീജയുടെ പെര്‍സന്റൈല്‍ സ്‌കോര്‍

ഉമ്മൻ ചാണ്ടിയുടെ നില മെച്ചപ്പെട്ടു, വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റും

0

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആശുപത്രിയിൽ ചികിത്സ ലഭിച്ചതോടെ നില മെച്ചപ്പെട്ടു. വിദഗ്ധ ചികിത്സയ്ക്കായി ബുധനാഴ്ച ബെംഗളൂരുവിലേക്ക് മാറ്റും. അണുബാധ നിയന്ത്രണവിധേയമായിട്ടുണ്ട്. പ്രാർത്ഥനാ ചികിത്സ എന്ന പേരിൽ ചികിത്സ നിഷേധിക്കുന്നതായി ആരോപണം ഉയർന്നതോടെ തിങ്കളാഴ്ച വൈകിട്ടാണ് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ക്ഷീണിതനായിരുന്നു.

ചൊവ്വാഴ്ച രാവിലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു.

ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. മരുന്നുകള്‍ നല്‍കിത്തുടങ്ങിയെന്നും അണുബാധയില്‍ കുറവുണ്ടെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

അണുബാധ നിയന്ത്രണവിധേയമായതിനാല്‍ അദ്ദേഹത്തിനെ കാന്‍സറിന്റെ തുടര്‍ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റാനാണ് തീരുമാനം. ബുധനാഴ്ച വൈകിട്ടോടെ എയര്‍ലിഫ്റ്റ് ചെയ്ത് ബെംഗളൂരുവിലെത്തിക്കും. ശേഷം അവിടെനിന്ന് കാന്‍സര്‍ ചികിത്സ പൂര്‍ത്തിയാക്കിയിതിനു ശേഷമായിരിക്കും കേരളത്തിലേക്ക് മടങ്ങുക.

ഭാരവാഹി പട്ടിക തയാറായില്ല, കോൺഗ്രസ് പുനസംഘടന തുടങ്ങിയിടത്ത് തന്നെ

കോൺഗ്രസ് ഡിസിസി ഭാരവാഹികളുടെ പട്ടിക തയ്യാറാക്കാനുള്ള അവസാന തീയതി അവസാനിക്കെ ഒരു ജില്ലയും പട്ടിക സമര്‍പ്പിച്ചില്ല. തെരഞ്ഞെടുപ്പ് രീതി സംബന്ധിച്ച് കെപിസിസി ഇറക്കുന്ന സര്‍ക്കുലറുകളും പാലിക്കപ്പെടാതെ മാറുന്നു. ഗ്രൂപ്പ് തര്‍ക്കത്തില്‍ കെപിസിസി പുനഃസംഘടനയിലെ അനിശ്ചതത്വം തുടരുകയാണ്.

പത്തു ജില്ലകളില്‍ കണ്ടത്തേണ്ടത് പ്രസിഡന്‍റ് അടക്കം 35 ഭാരവാഹികളെ വീതം. ഈ ജില്ലകളില്‍ 27 ജനറല്‍സെക്രട്ടറിമാരെയും ആറ് വൈസ് പ്രസിഡന്‍റുമാരെയും ഒരു ട്രഷററെയും തീരുമാനിക്കാനാണ് മാസങ്ങളുടെ താമസം.

ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായതിനാൽ പട്ടിക ചുരുക്കാനും മാറ്റാനും കഴിയാത്ത അവസ്ഥയാണ്. തീയതി പതിവ് പോലെ നീട്ടി നീട്ടി നൽകി എങ്കിലും തർക്കം തീർന്നില്ല. കാസര്‍കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഭാരവാഹികളുടെ എണ്ണം താരതമ്യേന കുറവാണ്. പക്ഷേ ഇതിനായി നിയോഗിച്ച നേതാക്കള്‍ക്ക് ജില്ലാതലത്തില്‍ ഇനിയും യോജിപ്പില്‍ എത്താനായിട്ടില്ല. ഡിസിസി ഭാരവാഹികളെ തീരുമാനിച്ചു കഴിഞ്ഞാല്‍ എക്സിക്യൂട്ടീവിനെയും ഡിസിസി അംഗങ്ങളെയും ബ്ലോക്ക് ഭാരവാഹികളെയുമാണ് നോമിനേറ്റ് ചെയ്യേണ്ടത്.

ജില്ലാതല സമിതികള്‍ക്കായിരുന്നു അധികാരം. പരാതികളേറിയതോടെ അന്തിമ തീരുമാനം കെപിസിസി തന്നെ ഏറ്റെടുത്തു. ഇങ്ങനെ പാര്‍ട്ടി ആസ്ഥാനത്തുനിന്ന് സര്‍ക്കുലറുകള്‍ പലതും മാറിമാറി ഇറങ്ങുകയാണ്.

വീണ്ടും വിവാദം; യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം രണ്ടു വർഷം താമസിച്ചത് ഫോർ സ്റ്റാർ ഹോട്ടലിൽ

യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ പേരിൽ വീണ്ടും വിവാദം. കൊല്ലത്തെ ഫോര്‍ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വര്‍ഷം താമസിച്ചെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. അമ്മയുടെ ആയുര്‍വേദ ചികിത്സയ്ക്കായി താമസിച്ചതാണെന്നാണ് ചിന്താ ജെറോമിന്റെ വിശദീകരണം.

ചിന്താ ജെറോമിന്റെ പി എച്ച് ഡി പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങും മുൻപേ അടുത്ത ആരോപണം ഉയർത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ്‌. ഏറെ നിയമ ലംഘനങ്ങൾ നടത്തിയിട്ടുള്ള കൊല്ലത്തെ ഒരു നക്ഷത്ര ഹോട്ടലിൽ ചിന്തയും അമ്മയും ഒരു വർഷത്തിലേറെയായി താമസിക്കുന്നുവെന്നാണ് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ആരോപിക്കുന്നത്.

വാടക ദിവസം 8000 രൂപ

കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ മൂന്ന് മുറികളുള്ള അപാർട്മെൻ്റിൽ ചിന്താ ജെറോം ഒന്നേമുക്കാൽ വർഷം താമസിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാർട്മെന്റിന്റെ വാടക. ഇക്കണക്കിൽ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നൽകേണ്ടി വന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇത്രയും പണം യുവജന കമ്മീഷൻ അധ്യക്ഷക്ക് എങ്ങനെ കിട്ടി, ചിന്തയുടെ സാമ്പത്തിക സ്രോതസ് തുടങ്ങിയ കാര്യങ്ങൾ അന്വഷിക്കണമെന്നാണ് ആവശ്യം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, വിജിലൻസിനും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിലും പരാതി നൽകിയിട്ടുണ്ട്.

2021-2022 കാലയളവിൽ ഒന്നരക്കൊല്ലത്തോളം ഫോർ സ്റ്റാർ ഹോട്ടലിൽ താമസിച്ചതായി ചിന്ത സമ്മതിക്കുന്നുണ്ട്. അമ്മയുടെ ആയുര്‍വേദ ചികിത്സയുടെ ഭാഗമായാണ് ഇത്. എന്നാൽ കൊടുത്ത വാടകയുടെ കണക്ക് യൂത്ത് കോണ്‍ഗ്രസ് പറയുന്നത് പോലെയല്ലെന്നും പ്രതിമാസം ഇരുപതിനായിരം രൂപ മാത്രമാണ് മാസ വാടകയായി നൽകിയതെന്നുമാണ് ചിന്ത പറയുന്നത്. ഏതായാലും ഗവേഷണ പ്രബന്ധത്തിലെ വിവാദങ്ങൾക്ക് പിന്നാലെ സിപിഎം സംസ്ഥാന കമ്മറ്റി അംഗത്തിന്റെ പേരിലുണ്ടായ പുതിയ വിവാദം പാർട്ടിയെ കൂടുതൽ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്

കനത്ത മഴ, തുർക്കിയിലും സിറിയയിലും രക്ഷാ പ്രവർത്തനം ദുഷ്കരമാവുന്നു; മരണ സംഖ്യ 4000 കടന്നു

0

തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വമ്പന്‍ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 4000 കടന്നു. ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനം തുടരുന്നു. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് പ്രതികൂലമായി ബാധിക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. സിറിയയിൽ 1444 പേരുടെ മരണവും തുർക്കിയിൽ 2379 പേരുടെയുെം സ്ഥിരീകരിച്ചിട്ടുണ്ട്.

രക്ഷാ പ്രവർത്തനങ്ങൾ പൂർത്തിയാവുന്നതോടെ മരണ സംഖ്യ പല മടങ്ങ് ഉയരാം എന്നാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നത്. ഈ ഭൂഭാഗത്ത് ഉണ്ടായ ഏറ്റവും വലിയ ചലനമാണ്. രണ്ടു മിനിറ്റ് വരെ നീണ്ടു നിന്നതായി സാക്ഷികളെ ഉദ്ദരിച്ച് ബി ബി സി റിപ്പോർട്ട് ചെയ്തു. വിമാനത്താവളങ്ങളും തകർന്നതിനാൽ അന്താരാഷ്ട്ര സഹായവും പ്രതിസന്ധിയിലാണ്.

7.8 ഉയർന്ന തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിന് പിന്നാലെ തുർക്കിയിൽ തുടരെ ഭൂചനങ്ങൾ ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. കുറഞ്ഞത് 50 തുടർചലനങ്ങളാണ് ഉണ്ടായത്.

ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർ തുർക്കിയിലേക്ക് തിരിച്ചു. ഇന്ത്യ ഉൾപ്പെടെ 45 ലോകരാജ്യങ്ങളാണ് മരുന്ന് ഉൾപ്പെടെയുള്ള സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു.

അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്. വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് മേഖലയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നൂറിലേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായി സിറിയ സിവിൽ ഡിഫൻസ് സേന അറിയിച്ചു.

പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ 4.17നാണ് ഭൂചലനമുണ്ടായത്. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായത്. ഞെട്ടിയുണര്‍ന്ന ആളുകള്‍ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തകര്‍ന്നുവീണ കെട്ടിടങ്ങളില്‍നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഉമ്മൻ ചാണ്ടി ആശുപത്രിയിൽ, പ്രാർത്ഥനാ സംഘങ്ങളുടെ ഇടപെടൽ വിവാദത്തിൽ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആവശ്യമായ ശാസ്ത്രീയ ചികിത്സ നൽകുന്നില്ലെന്ന പരാതി ശക്തമായതോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനി ന്യൂമോണിയയായി മാറിയതായാണ് കണ്ടെത്തൽ. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് ചികിത്സ തേടിയത്.

ഉമ്മൻ ചാണ്ടിയ്ക്ക് ചികിത്സ നൽകുന്നില്ലെന്നും പ്രാർത്ഥനയുടെ വഴിയാണ്  കുടുംബം തേടുന്നതെന്നുമുള്ള  പരാതി സ്വന്തം ജേഷ്ഠൻ തന്നെയാണ് ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിയ്ക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും അടിയന്തിരമായി മെഡിക്കൽ ബോർഡ് രൂപീകരിച്ച ചികിത്സ നൽകണമെന്നും സഹോദരൻ അലക്സ് ചാണ്ടിയും ബന്ധുക്കളും ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകുകയും മകൾ  അച്ചു ഉമ്മൻ ഈ നിലപാടിന് അനുകൂലമാകുകയും ചെയ്തപ്പോഴാണ് ചികിത്സാ വിവാദം വഴിത്തിരിവിലെത്തിയത്. 

ചികിത്സാ നിഷേധ വിവാദങ്ങൾക്കിടെ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് ഇന്ന് വൈകീട്ടോടെ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ചികിത്സയെ ചൊല്ലിയുള്ള വിവാദത്തിനിടെയാണ് നീക്കം. ന്യൂമോണിയക്കുള്ള ചികിത്സയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇദ്ദേഹത്തെ ബെംഗലൂരുവിലേക്ക് ചികിത്സയ്ക്കായി മാറ്റുമെന്നാണ് നേരത്തെ യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞത്. ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരൻ അലക്സ് വി ചാണ്ടി പരാതിപ്പെട്ട സാഹചര്യത്തിൽ കൂടിയാണിത്. ഇന്നലെയാണ് അലക്സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. 

എന്തായിരുന്നു ആരോപണങ്ങൾ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് 2015ൽ രോഗം കണ്ടുപിടിച്ചിട്ടും ചികിത്സ നിഷേധിച്ചത് മകൻ ചാണ്ടി ഉമ്മനും ഭാര്യ മറിയാമ്മയുമെന്നാണ് ഉമ്മൻചാണ്ടിയുടെ സഹോദരൻ അലക്സ് ചാണ്ടിയുടെ പ്രതികരണം. ന്യൂയോർക്കിൽ ചികിത്സയ്ക്കായി പോയപ്പോൾ അവിടെവച്ചു ചികിത്സ നിഷേധിച്ചത് മകനും ഭാര്യയും ആണെന്നും സഹോദരൻ ആരോപിച്ചു. രോഗം കണ്ടുപിടിച്ചിട്ട് മൂന്നു വർഷത്തോളം ഈ വിവരം കുടുംബാംഗങ്ങളിൽ നിന്ന് മറച്ചുവെച്ചുവെന്നും സഹോദരൻ പറയുന്നു.

പ്രാർത്ഥനാ സംഘങ്ങൾ

മൂത്ത മകൾ മറിയം ഉമ്മനും ഇളയ മകൻ ചാണ്ടി ഉമ്മനും ഭാര്യ മറിയാമ്മയും ആണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സയ്ക്ക് എതിരായി നിൽക്കുന്നതെന്നും
ആധുനിക ചികിത്സയ്ക്ക് പകരം ആയുർവേദ ചികിത്സയാണ് ഇപ്പോൾ അദ്ദേഹത്തിന് നൽകുന്നത് എന്നും ജർമ്മനിയിൽ വിദഗ്ധ ചികിത്സയ്ക്ക് പോയിട്ടും ശരിയായ രീതിയിൽ ചികിത്സ നടത്താൻ ഇവർ സമ്മതിച്ചില്ലെന്നും സഹോദരൻ ആരോപിച്ചിരുന്നു. ചികിത്സ നിഷേധിക്കുന്നതിൽ പ്രാർത്ഥനാ സംഘങ്ങളുടെ ഇടപെടൽ ഉണ്ടെന്ന് സംശയിക്കുന്നതായും പറഞ്ഞിരുന്നു.

ചികിത്സയല്ല പരിചരണം

ഉമ്മൻ ചാണ്ടിയ്ക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നുണ്ടോ ചോദ്യം എവിടെ നിന്നാണ് ഉയർന്നത്.  ചികിത്‌സാ വിവാദത്തിൽ തങ്ങൾ ഇരയായി മാറ്റപ്പെട്ട വികാരം  കുടുംബം പങ്കു വയ്ക്കുമ്പോൾ തീർത്തും സ്വകാര്യമായ ചികിത്സാ പ്രശ്നങ്ങൾക്ക് വിവാദത്തിന്റെ നിറം വന്നത് കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് തലവേദനയാവുന്നു.

ഉമ്മൻ ചാണ്ടിയ്ക്ക് ജർമ്മനിയിൽ ചികിത്സ നൽകിയിട്ടുണ്ട്.  തൊണ്ടയ്ക്ക് ഉള്ള   ലേസർ ചികിത്സയാണ് നടത്തിയത്.    ബംഗളൂരിലും അദ്ദേഹത്തിനു ചികിത്‌സ നൽകിയിട്ടുണ്ട്.  അടുത്ത്  ബാംഗ്ലൂരിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബം എന്നാണ് മകനായ   ചാണ്ടി ഉമ്മൻ തന്നെ വ്യക്തമാക്കുന്നത്.

എന്നാൽ  ഉമ്മൻ ചാണ്ടിയ്ക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന വാദത്തിലാണ് സഹോദരൻ ഉൾപ്പെടെയുള്ളവർ.  ഉമ്മൻ ചാണ്ടിയുടെ ചികിത്‌സാ രേഖകൾ ഉൾപ്പെടെ ഹാജരാക്കിയാണ് ഇവർ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്. ഇതോടെയാണ് ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം ആളിക്കത്തിയത്.   മുഖ്യമന്ത്രിയ്ക്കും ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കാര്യങ്ങൾ എല്ലാം അറിയാമല്ലോ എന്നും കുടുംബം വിരൽ ചൂണ്ടുന്നു. എന്നിട്ടും  വിവാദം കത്തുകയാണ്.