അദാനി ഗ്രൂപ്പിൻ്റെ അഴിമതി ചർച്ച ചെയ്യാൻ ഭയം, സംരക്ഷകർ ആരെന്ന് ജനങ്ങൾക്ക് അറിയാം – രാഹുൽ ഗാന്ധി

അദാനി ​ഗ്രൂപ്പിനെക്കുറിച്ച് പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. കഴിഞ്ഞ രണ്ടുവർഷമായി താൻ ഈ വിഷയം ഉന്നയിക്കുന്നുണ്ട്. ജനങ്ങൾക്ക് സത്യം അറിയേണ്ടതുണ്ട്. ലക്ഷക്കണക്കിന് കോടികളുടെ അഴിമതിയാണ്. രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ തന്നെ ഒരു മനുഷ്യനാൽ അട്ടിമറിക്കപ്പെടുകയാണ്. ഇതിനു പിന്നിൽ ആരാണെന്ന് എല്ലാവർക്കും അറിയാം എന്നും രാഹുൽ തുറന്നടിച്ചു.

“അദാനി ​ഗ്രൂപ്പിന് പിന്നിലുള്ള ശക്തികളാരെന്ന് നമുക്കറിയാം. ഭയം കൊണ്ടാണ് കേന്ദ്രസർക്കാർ ഈ വിഷയം ചർച്ച ചെയ്യാത്തത്. അദാനി ജീയെക്കുറിച്ച് ഒരു ചർച്ചയും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ മോദി ജീ ശ്രമിക്കുന്നുണ്ട്”. രാഹുൽ ​ഗാന്ധി പറഞ്ഞു. അദാനി വിഷയത്തില്‍ പാര്‍ലമെന്‍റിനകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ ചര്‍ച്ച വേണമെന്ന ആവശ്യം തള്ളിയതോടെ പ്രക്ഷുബ്ധമായ ലോക്‍സഭയും രാജ്യസഭയും രണ്ട് മണിവരെ നിര്‍ത്തിവെച്ചിരുന്നു.

അദാനിക്കെതിരെ അന്വേഷണം വേണമെന്നും വിവാദത്തില്‍ വിശദമായ ചര്‍ച്ച നടത്തണമെന്നും ലോക്സഭയിലും രാജ്യസഭയിലും ആവശ്യമുയര്‍ന്നു. ചര്‍ച്ചയില്ലെന്ന് സഭാധ്യക്ഷന്മാര്‍ വ്യക്തമാക്കിയതോടെ ബഹളം ശക്തമാകുകയായിരുന്നു. തുടർന്നാണ് ഇരുസഭകളും നിര്‍ത്തിവെച്ചത്. പ്രതിപക്ഷം നിയമത്തെ വെല്ലുവിളിക്കുകയാണെന്നും സഭയില്‍ നടക്കുന്നത് ജനം കാണുന്നുണ്ടെന്നും രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ കുറ്റപ്പെടുത്തി.

ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ടുണ്ടാക്കിയ ഷോക്ക് അദാനി ഗ്രൂപ്പ് മറികടന്നിട്ടില്ല. ഓഹരി വിപണിയിൽ നിന്ന് ഇതിനോടകം 10 ലക്ഷം കോടിയിലേറെ നഷ്ടമായി. ഓഹരികൾക്കൊപ്പം അദാനിയുടെ ബോണ്ടുകളും അന്താരാഷ്ട്രമാർക്കറ്റിൽ വൻ വീഴ്ചയാണ് നേരിടുന്നത്. എസിസി അംബുജാ സിമന്‍റ്സ് കമ്പനികളെ ഏറ്റെടുക്കാൻ 53,000 കോടി രൂപയാണ് കഴിഞ്ഞ വർഷം അദാനി വ്യായ്പ എടുത്തിട്ടുള്ളത്. ഈ വായ്പ പുനക്രമീകരിക്കുന്നതിന് കരുതൽ ധന ശേഖരത്തിൽ നിന്ന് പണം ഗണ്യമായി ചെലവിടേണ്ട സാഹചര്യത്തിലേക്ക് കമ്പനി എത്തിയെന്നാണ് റിപ്പോർട്ടുകൾ. വിദേശ ബോണ്ടുകളിലൂടെ 41,000 കോടി രൂപ സമാഹരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് ഉപേക്ഷിക്കേണ്ടി വന്നു.

ഹജ്ജ് അപേക്ഷാ ഫീസ് ഒഴിവാക്കി, കൊച്ചിക്ക് പുറമെ കോഴിക്കോടും കണ്ണൂരും വിമാന സൌകര്യം

0

പുതിയ ഹജ്ജ് നയത്തിൽ അപേക്ഷാ ഫീസ് ഒഴിവാക്കി. നേരത്തെ 400 രൂപ ഇതിനായി ഈടാക്കിയിരുന്നു. വിഐപി ക്വാട്ട ഇനി മുതൽ ഉണ്ടാവില്ല. എല്ലാവർക്കും ഒരേ പരിഗണനയാവും. കോഴിക്കോടിനെ എംബാർക്കേഷൻ പോയിൻ്റിൽ നിന്നും ഒഴിവാക്കുന്ന പതിവും നിർത്തലാക്കി. ഇനി കോഴിക്കോടും കണ്ണൂരും കൊച്ചിക്ക് ഒപ്പം എംബാർക്കേഷൻ പോയിൻ്റാവും.

മുതിര്‍ന്ന പൗരന്‍മാര്‍ക്കും അംഗപരിമിതര്‍ക്കും വനിതകള്‍ക്കും പുതിയ നയത്തില്‍ മുന്‍ഗണന വാഗാദാനം ചെയ്തിട്ടുണ്ട്. ബാഗ്, സ്യൂട്ട്‌കെയ്‌സ്, കുട തുടങ്ങിയ വസ്തുകള്‍ക്കായി തീര്‍ത്ഥാടകര്‍ പണം നല്‍കേണ്ടതില്ല. സ്വന്തം നിലക്ക് ഈ വസ്തുക്കള്‍ ഹാജിമാര്‍ക്ക് വാങ്ങാം.

ഹജ്ജ് കച്ചവടക്കാർക്ക് തിരിച്ചടി

ഇന്ത്യക്കായി അനുവദിച്ചിട്ടുള്ള ഹജ്ജ് ക്വാട്ടയില്‍ 80 ശതമാനം ഹജ്ജ് കമ്മിറ്റിക്ക് കീഴിലും 20 ശതമാനം സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ക്കുമായാണ് വീതിച്ച് നല്‍കിയിട്ടുള്ളത്. തിങ്കളാഴ്‌ച ചേർന്ന കേന്ദ്ര ഹജ്ജ്‌ കമ്മിറ്റിയാണ്‌  കരടിന്‌ അംഗീകാരം നൽകിയത്‌. ഹജ്ജ്‌ നയത്തിന്റെ കരട്‌ ഒരുമാസംമുമ്പ്‌ പുറത്തിറക്കിയിരുന്നു.

1,75 025 പേർക്കാണ് ഇത്തവണ ഇന്ത്യയിൽ നിന്നും ഹജ്ജിന് ക്വാട്ട അനുമതി ലഭിച്ചിട്ടുള്ളത്. രണ്ടോ മൂന്നോ ദിവസത്തിനകം ഹജ്ജിന് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. ഡിജിറ്റൽ അ​പേക്ഷ തുടങ്ങുന്നതിനു മുമ്പാണ് നവംബർ ഒന്നിന് അപേക്ഷ സ്വീകരിച്ചിരുന്നതെന്നും ഹജ്ജ് നയം വൈകിയതുമൂലം വിശ്വാസികൾക്ക് പ്രയാസമുണ്ടാ​യെന്ന പ്രചാരണങ്ങളിൽ അടിസ്ഥാനമില്ലെന്നും അദ്ദേഹം അറിയിച്ചു.

ഉയർന്ന ഫീസ് വാങ്ങുന്നതടക്കം നിരവധി പരാതികൾ സ്വകാര്യ ഗ്രൂപ്പുകൾക്കെതിരെ ഉയർന്ന സാഹചര്യത്തിലാണ് അവരുടെ ക്വാട്ട 30ൽ നിന്ന് 20 ശതമാനമാക്കി കുറച്ചതെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

കാശ് പിരിച്ചുള്ള കുടയും ബാഗും വേണ്ട, കയ്യിൽ ഉണ്ടായാൽ മതി

ഹജ്ജ് തീർഥാടനത്തിന്റെ ചെലവ് പരമാവധി ചുരുക്കാനുള്ള ചില തീരുമാനങ്ങളെടുത്തുവെന്നും ഇതുമൂലം അര ലക്ഷത്തോളം രൂപയുടെ എങ്കിലും കുറവ് ഈ വർഷം ഓരോ തീർഥാടകനുമുണ്ടാകുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ഇതിന്റെ ഭാഗമായി ഹാജിമാർക്ക് കുട, ബാഗ്, എന്നിവയെല്ലാം ഹജ്ജ് കമ്മിറ്റി നൽകുന്ന സമ്പ്രദായം ഈ വർഷമുണ്ടാകില്ലെന്നും വലിയ അഴിമതിയാണ് ഇതിന്റെ പേരിൽ നടന്നിരുന്നതെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ബാഗ് വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റി മൂന്ന് ഡെപ്യൂട്ടി സി.ഇ.ഒമാരെ പുറത്താക്കിയിരുന്നു. അതിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

ഹാജിമാരിൽനിന്ന് കാശ് വാങ്ങി ബാഗും കുടയും കൊടുക്കുന്നതിന് പകരം അവർ തന്നെ ബാഗും കുടയും കൊണ്ടുവന്നാൽ മതി​. ഹാജിമാരിൽനിന്ന് ഇന്ത്യൻ രൂപ വാങ്ങി സൗദി റിയാൽ ആക്കി കൈവശം വെക്കാൻ കൊടുക്കുന്ന ഏർപ്പാടും ഇത്തവണയുണ്ടാകില്ല.

കഴിഞ്ഞ വർഷം 65 വയസ്സിൽ താഴെ ഉള്ളവർക്ക് മാത്രമായിരുന്നു ഹജ്ജിന് അവസരം ലഭിച്ചിരുന്നത്. ഇതോടെ, ആയിരക്കണക്കിന് അപേക്ഷകർക്ക് അവസരം നിഷേധിക്കപ്പെട്ടിരുന്നു.

കൊവിഡ് സാഹചര്യത്തിൽ പരിമിതപ്പെടുത്തിയ ഹജ്ജ് തീർഥാടകരുടെ എണ്ണം പൂർവസ്ഥിതിയിലാക്കാൻ ഈയിടെ സഊദി ഹജ്ജ്- ഉംറ മന്ത്രാലയം തീരുമാനം പുറപ്പെടുവിച്ചിരുന്നു.  നേരത്തെ 26 ലക്ഷത്തിൽ പരം ആളുകൾ ഹജ്ജിനായി സഊദിയിൽ എത്തിയിരുന്നു. എന്നാൽ, 2020, 2021, 2022 എന്നീ വർഷങ്ങളിൽ പരിമിതമായ ആളുകൾക്ക മാത്രമാണ് ഹജ്ജിന് അവസരമുണ്ടായിരുന്നത്. ഈ വർഷം ഇന്ത്യയിൽ നിന്ന് മാത്രം 1.75 ലക്ഷം തീർഥാടകർക്ക് അവസരം ലഭിക്കും.

ഇത്തവണ ജൂൺ 26 മുതൽ ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടനം ആരംഭിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

ആദ്യ യാത്രികർക്ക് പരിഗണന

നേരത്തെ ഒരു തവണ ഹജ്ജ് ചെയ്തവര്‍ക്ക് ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ വീണ്ടും ഹജ്ജിന് അപേക്ഷ നല്‍കാന്‍ കഴിയില്ല.

കണ്ണൂരില്‍ ഇതാദ്യമായിട്ടാണ് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി വരുന്നത്. കോഴിക്കോട് ഒരിടവേളക്ക് ശേഷവും. ഏറ്റവും അധികം യാത്രികരുള്ള കോഴിക്കോട് വിമാനത്താവളത്തെ പലവിധി കാരണങ്ങൾ പറഞ്ഞ് തഴയുന്നതായിരുന്നു തന്ത്രം.

തുർക്കിയിലും സിറിയയിലും വൻ ഭൂകമ്പം, 1300 ഓളം പേർ മരിച്ചു, നൂറുകണക്കിന് ആളുകൾ കെട്ടിടങ്ങൾക്ക് അടിയിൽ

0

തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലും ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1300 ആയി ഉയർന്നു. തുർക്കിയിൽ മാത്രം 912 പേർ മരിച്ചതായും 5,383 പേർക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എർദോഗൻ അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയരാം.

റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. കുറഞ്ഞത് 20 തുടർചലനങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു.

പ്രാദേശിക സമയം പുലർച്ചെ 4.17നാണ് ഭൂചലനമുണ്ടായത്. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായത്. ഞെട്ടിയുണര്‍ന്ന ആളുകള്‍ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തകര്‍ന്നുവീണ കെട്ടിടങ്ങളില്‍നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

പതിനാറുകാരനെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ചു, ട്രാൻസ് വുമണിന് കഠിന തടവും പിഴയും

പോക്സോ പീഡന കേസിൽ ട്രാൻസ്ജെന്ററായ പ്രതിക്ക് ഏഴ് വർഷം കഠിന തടവ് ശിക്ഷ. പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ ചിറയിൻകീഴ് ആനന്ദലവട്ടം സ്വദേശി സൻജു സാംസണെ (34) കുറ്റവാളിയെന്ന് കണ്ടെത്തിയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. കേരളത്തിൽ ആദ്യമായാണ് ഒരു ട്രാൻസ്ജെണ്ടറെ ശിക്ഷിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദർശൻ വിധിയിൽ പറയുന്നു. 

സംഭവം നടന്നത് 2016 ഫെബ്രുവരി 23 ന് ഉച്ചയ്ക് രണ്ടരയോടെയാണ്. ചിറയിൻ‌കീഴ് നിന്ന് ട്രെയിനിൽ തിരുവനന്തപുരത്ത് വരികയായിരുന്ന ഇരയെ പ്രതി പരിചയപ്പെട്ടു. തുടർന്ന് കുട്ടിയെ തമ്പാനൂർ പബ്ലിക്ക് കംഫർട്ട് സ്റ്റേഷനിൽ കൊണ്ടുപോയി പീഡിപ്പിച്ചു. പ്രതിക്കൊപ്പം പോകാൻ വിസമ്മതിച്ച കുട്ടിയെ ഭീഷണിപ്പെടുത്തി കൊണ്ടുപോവുകയായിരുന്നു എന്നാണ് ആരോപണം.

പീഡനത്തിൽ ഭയന്ന കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞില്ല. പിന്നീട് പല തവണ പ്രതി കുട്ടിയെ ഫോണിലൂടെ വിളിച്ച് കാണണമെന്ന് പ്രതി ആവശ്യപ്പെട്ടു. കുട്ടി പോകാൻ തയ്യാറായില്ല. ഫോണിലൂടെ നിരന്തരം മെസ്സേജുകൾ അയച്ചതും കുട്ടി പലപ്പോഴും ഫോണിൽ സംസാരിക്കുന്നതിൽ ഭയപ്പെടുന്നതും അമ്മ ശ്രദ്ധിച്ചു. തുടർന്ന് പ്രതിയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു. ഫേയസ്ബുക്ക് മെസഞ്ചറിലൂടെ പ്രതി മെസേജുകൾ അയച്ചു. കുട്ടിയുടെ ഫെയ്സ്‌ബുക്കിൽ അമ്മയുടെ ഫോണിൽ ടാഗ്ഗ് ചെയ്തിരുന്നു. മെസേജുകൾ കണ്ട അമ്മയ്ക്ക് സംശയം തോന്നി പ്രതിക്ക് മറുപടി അയച്ചു. അപ്പോഴാണ് പീഡനത്തിന്റെ വിവരം   അമ്മ അറിയുന്നത്.

തുടർന്ന് കുട്ടിയോട് വിവരം തിരക്കിയപ്പോൾ സംഭവം വ്യക്തമായി. തമ്പാനൂർ പൊലീസിനെ ഉടനെ വിവരം അറിയിച്ചു. പൊലീസ് നിർദ്ദേശ പ്രകാരം അമ്മ പ്രതിക്ക് മെസേജുകൾ അയച്ച് തമ്പാനൂരേക്ക് വരുത്തി.  സംഭവ സമയം പ്രതി പുരുഷനായിരുന്നു. വിചാരണ വേളയിൽ പ്രതി ട്രാൻസ് വുമണായി മാറി. സംഭവ സമയത്തും ട്രാൻസ്ജെൻഡറായിരുന്നെന്നും ഷെഫിൻ എന്ന് പേരായിരുന്നുയെന്നും പ്രതി വാദിച്ചിരുന്നു. എന്നാൽ സംഭവ സമയത്ത് പ്രതിയുടെ പൊട്ടൻസി പരിശോധന പൊലീസ് നടത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഭിഭാഷകരായ എം മുബീന, ആർ വൈ അഖിലേഷ് ഹാജരായി. പ്രോസിക്യൂഷൻ ഏഴ് സാക്ഷികളെ വിസ്തരിച്ചു. പന്ത്രണ്ട് രേഖകൾ ഹാജരാക്കി. തമ്പാനൂർ എസ് ഐയായിരുന്ന എസ് പി പ്രകാശാണ് കേസ് അന്വേഷിച്ചത്.

ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു, ആരോഗ്യ സ്ഥിതിയെ കുറിച്ച് പറയേണ്ടത് ഡോക്ടർ എന്ന് എം എം ഹസൻ

ഉമ്മൻ ചാണ്ടിയെ ചികിത്സയ്ക്കായി ബെംഗലൂരുവിലേക്ക് മാറ്റുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. പാർട്ടി ആ കുടുംബത്തിന് പൂർണ പിന്തുണ നൽകുന്നു. ഒരു വ്യക്തിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് മാധ്യമങ്ങൾ അനാവശ്യ ചർച്ച നടത്തരുതെന്നാണ് അഭ്യർത്ഥന.

ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പുത്രനും , ഉമ്മൻ ചാണ്ടിയും  കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. താനിന്ന് ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചപ്പോൾ അദ്ദേഹം പ്രസന്നനായിരുന്നു. സഹോദരന്റെ പരാതിയെ കുറിച്ച് താൻ അഭിപ്രായം പറയുന്നില്ല. ആരോഗ്യ സ്ഥിതിയെ കുറിച്ച് ഡോക്ടറാണ് അഭിപ്രായം പറയേണ്ടതെന്നും ഹസൻ പറഞ്ഞു.

അച്ഛൻ്റെ സഹോദരന് മറുപടിയില്ല – ചാണ്ടി ഉമ്മൻ

അച്ഛന് ചികിത്സ നിഷേധിക്കുന്നുവെന്ന തരത്തിൽ അച്ഛന്റെ സഹോദരൻ അലക്സ് വി ചാണ്ടി നടത്തുന്ന പ്രസ്താവനകൾക്ക് മറുപടി നൽകാൻ താനില്ലെന്ന് ചാണ്ടി ഉമ്മൻ. ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിക്ക് ഉമ്മൻ ചാണ്ടി തന്നെ മറുപടി നൽകിക്കഴിഞ്ഞു. അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഏഴു വയസ്സുകാരനെ പൊള്ളിച്ചു, കണ്ണിൽ മുളക് വിതറി, അമ്മ അറസ്റ്റിൽ

കുമളിയില്‍ ഏഴുവയസ്സുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ബാലനീതി വകുപ്പ് പ്രകാരമാണ് അമ്മയ്‌ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ചികിത്സയിലുള്ള കുട്ടിയെ ആശുപത്രി വിട്ടാല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കും.

അടുത്തവീട്ടിലെ ടയര്‍ കത്തിച്ചതിന്റെ പേരിലാണ് ഏഴുവയസ്സുകാരനെ അമ്മ ക്രൂരമായി ഉപദ്രവിച്ചത്. കൈകളിലും കാലുകളിലും ചട്ടുകംവെച്ച് പൊള്ളിച്ചെന്നും കണ്ണില്‍ മുളകുപൊടി വിതറിയെന്നുമായിരുന്നു കുട്ടിയുടെ മൊഴി.

സംഭവം നടക്കുമ്പോൾ അമ്മയും രണ്ടു മക്കളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മൂത്ത മകനാണ് പീഡനമേറ്റത്. അച്ഛൻ പുറത്തു പോയ സമയത്തായിരുന്നു.

വീട്ടില്‍നിന്ന് കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാരും പഞ്ചായത്ത് മെമ്പറുമാണ് കുട്ടിയെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം, കുട്ടിയുടെ കുസൃതി കാരണമാണ് ഇങ്ങനെയെല്ലാം ചെയ്തതെന്നായിരുന്നു അമ്മയുടെ മൊഴി.

രണ്ട് കൈക്കും, കാലിനും പൊള്ളലേറ്റ് ചികിത്സയിലുള്ള ഏഴ് വയസ്സുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ കുമളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

“ഉമ്മൻ ചാണ്ടിക്ക് ശാസ്ത്രീയ ചികിത്സ നൽകാതെ മഞ്ഞൾ വെള്ളം കുടിപ്പിക്കുന്നു” പരാതി ആവർത്തിച്ച് സഹോദരൻ അലക്സ് വി ചാണ്ടി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന പരാതി ആവര്‍ത്തിച്ച് അദ്ദേഹത്തിൻ്റെ സഹോദരന്‍ അലക്‌സ് വി. ചാണ്ടി വീണ്ടും. തക്കതായ ചികിത്സ നൽകുന്നില്ല. ആയുര്‍വേദ മരുന്നുകളും മഞ്ഞള്‍ വെള്ളവും കലക്കി കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില വഷളായി വരികയാണെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് സഹോദരനും മറ്റുചില ബന്ധുക്കളും ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്ത് പുറത്തുവന്നതോടെ വാർത്തയായിരുന്നു. എന്നാൽ തനിക്ക് ചികിത്സ നിഷേധിക്കുകയാണെന്ന പരാതി സാമൂഹിക മാധ്യമങ്ങളിലൂടെ ഉമ്മന്‍ചാണ്ടി നിഷേധിച്ചു. ഇതും മാധ്യമങ്ങളിൽ വാർത്തയായി.

ഇപ്പോൾ പരാതി മാധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിക്കയാണ് സഹോദരൻ.

‘അസുഖമില്ല, തുടര്‍ ചികിത്സയ്ക്ക് ഇനിയെന്തിനാണ് പോകുന്നതെന്നാണ് അവര്‍ ചോദിക്കുന്നത്. എന്നാല്‍ ആയുര്‍വേദം മരുന്നുകള്‍ നല്‍കുന്നുണ്ട്. ആയുര്‍വേദ മരുന്നുകളും മഞ്ഞള്‍ വെള്ളവും നല്‍കി ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ്. ക്യാന്‍സറിന്റെ ആരംഭമാണ്, ചെറിയ വലിപ്പത്തിലേ ഉള്ളൂ, കരിയിച്ചു കളയാമെന്ന് ആശുപത്രിയില്‍ നിന്ന് ആദ്യം നിര്‍ദേശിച്ചിരുന്നു.

മകള്‍ അച്ചു ചികിത്സ നല്‍കാനൊക്കെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മകന്‍ അമ്മയെ വിളിച്ച ശേഷം ചികിത്സ നല്‍കേണ്ടെന്നുവെച്ചു. ചികിത്സയ്ക്കായി ആശുപത്രിയിലൊക്കെ പോകുന്നുണ്ടെങ്കിലും ചികിത്സ നല്‍കുന്നില്ല’, അലക്‌സ് വി. ചാണ്ടി പറഞ്ഞു.

പരാതി ഭാര്യയ്ക്കും മൂത്ത മകൾക്കും ഇളയ മകനും എതിരെ

മുഖ്യമന്ത്രിക്ക് താന്‍ അയച്ച കത്ത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അവര്‍ ആളെ അയച്ചിരുന്നു. പെങ്ങളേയും വിളിച്ചു പറഞ്ഞു. എന്നാല്‍ അവരെ എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെട്ടല്ല കത്ത് നല്‍കിയത്. ചികിത്സ നടത്താനാണ്. ഭാര്യയും ഇളയ മകനും മൂത്ത മകളുമാണ് ചികിത്സയ്ക്ക് അനുവദിക്കാത്തതെന്നും മറ്റൊരു മകള്‍ അച്ചുവാണ് ചികിത്സ നല്‍കാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതെന്നും അലക്‌സ് വി. ചാണ്ടി പരാതിപ്പെട്ടു.

ആര് പറഞ്ഞാലും കേള്‍ക്കുന്നവരല്ല ഇവരെന്നും ജനപ്രതിനിധികളെ ഉള്‍പ്പടെ കാണാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടിരുന്നോ എന്ന ചോദ്യത്തിന്, അക്കാര്യം വെളിപ്പെടുത്തരുതെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടിയുടെ സഹോദരന്‍ അലക്‌സ് വി. ചാണ്ടി പറഞ്ഞു.

വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി നിയമിച്ച് കേന്ദ്ര വിജ്ഞാപനം; ഗുരുതര ആരോപണങ്ങളുമായി അഭിഭാഷകർ

മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകയായ ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ അഡീഷണല്‍ ജഡ്ജിയായി നിയമിച്ച് കേന്ദ്രം വിജ്ഞാപനം ഇറക്കി.

വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശയ്‌ക്കെതിരായ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുസ്ലീം, ക്രിസ്ത്യൻ ന്യുനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയതിന് വിമര്‍ശനം നേരിട്ടയാളാണ് വിക്ടോറിയ ഗൗരി. ബി.ജെ.പി. മഹിളാ മോര്‍ച്ച നേതാവ് കൂടിയാണ് വിക്ടോറിയ ഗൗരി എന്ന വിവരങ്ങൾ ചൂണ്ടികാട്ടിയാണ് ഇവർക്കെതിരായ ഹരജി.

രാഷ്ട്രപതിക്കും സുപ്രീം കോടതി കൊളീജിയത്തിനും ഇവരെ കുറിച്ച് അഭിഭാഷകർ പരാതി നൽകിയിരുന്നു. ഭാരതീയ ജനതാ പാർട്ടി മഹിളാ മോർച്ച ജനറൽ സെക്രട്ടറി കൂടിയാണ് ഇവർ. ആർ എസ് എസ് പബ്ലിക്കേഷനിൽ വിക്ടോറിയ ഗൌരി എഴുതിയ ലേഖനവും അവരുടെ അഭിമുഖത്തിലെ അഭിപ്രായ പ്രകടനങ്ങളും ഹരജിക്കാർ ചൂണ്ടികാട്ടിയിട്ടുണ്ട്.

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ അഭിഭാഷകയായ വിക്ടോറിയ ഗൗരി ഉള്‍പ്പെടെ അഞ്ചുപേരെ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ജനുവരി 17-നാണ് സുപ്രീംകോടതി കൊളീജിയം പട്ടിക നൽകിയത്. കേന്ദ്ര സര്‍ക്കാര്‍ മൂന്ന് അഭിഭാഷകരെയും രണ്ട് ജുഡീഷ്യല്‍ ഓഫീസര്‍മാരും ഉള്‍പ്പടെ അഞ്ച് പേരെ മദ്രാസ് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിമാരായി നിയമിച്ച് ഉത്തരവിറക്കി.

ബാറിലെ സഹപ്രവർത്തകർ നൽകിയ പരാതി

അഭിഭാഷകയായ ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ ജഡ്ജിയാക്കാനുളള ശുപാര്‍ശയ്‌ക്കെതിരായ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി രാവിലെ വ്യക്തമാക്കിയിരുന്നു. വിക്ടോറിയ ഗൗരിയുടെ നിലപാടുകള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും ഇങ്ങനെയൊരാളെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത് അധാര്‍മികമാണെന്നും ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയിലെ ചില അഭിഭാഷകരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. ഈ ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് സീനിയര്‍ അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു

ഗുണ്ടാ സംഘങ്ങൾക്ക് എതിരെ സംസ്ഥാന വ്യാപകമായി നടപടി, 2,507 പേർ അറസ്റ്റിൽ

സാമൂഹിക വിരുദ്ധര്‍ക്കെതിരായി സംസ്ഥാന വ്യാപകമായി പോലീസ് നടപടി തുടങ്ങി. ഇതിൽ 2,507 പേര്‍ അറസ്റ്റിലായി. ശനിയാഴ്ച ആരംഭിച്ച പരിശോധന തുടരുകയാണ്. 3,501 സ്ഥലങ്ങളിലാണ് ഇതുവരെ പരിശോധന നടത്തിയത്. 1,673 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഓപ്പറേഷന്‍ ആഗ് എന്ന പേരിൽ സംയുക്ത നടപടിയിൽ ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് തിരുവനന്തപുരം റൂറല്‍ പരിധിയിലാണ്. ഇവിടെ കരുതല്‍ തടങ്കല്‍ അടക്കം 270 പേരെ അറസ്റ്റ് ചെയ്തു. 217 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം സിറ്റിയില്‍ 22 കേസുകളില്‍ 63 ആറസ്റ്റുകളാണ് രേഖപ്പെടുത്തിയത്.

കൊല്ലം സിറ്റി 51, കൊല്ലം റൂറല്‍ 110, പത്തനംതിട്ട 32, ആലപ്പുഴ 134, കോട്ടയം 133, ഇടുക്കി 99, എറണാകുളം സിറ്റി 105, എറണാകുളം റൂറല്‍ 107, തൃശൂര്‍ സിറ്റി 151, തൃശൂര്‍ റൂറല്‍ 150, പാലക്കാടും മലപ്പുറത്തും 168, കോഴിക്കോട് സിറ്റി 90, കോഴിക്കോട് 182, വയനാട് 112, കണ്ണൂര്‍ സിറ്റി 136, കണ്ണൂര്‍ റൂറല്‍ 135, കാസര്‍കോട് 111 എന്നിങ്ങനയാണ് കരുതല്‍ തടങ്കലടക്കം അറസ്റ്റ്. തിരുവനന്തപുരം സിറ്റി 22, തിരുവനന്തപുരം റൂറല്‍ 217, കൊല്ലം സിറ്റി 30, കൊല്ലം റൂറല്‍ 104, ആലപ്പുഴ 64, കോട്ടയം 90, എറണാകുളം സിറ്റി 49, എറണാകുളം റൂറല്‍ 37, തൃശൂര്‍ സിറ്റി 122, തൃശൂര്‍ റൂറല്‍ 92, പാലക്കാട് 130, മലപ്പുറം 53, കോഴിക്കോട് സിറ്റി 69, കോഴിക്കോട് റൂറല്‍ 143, വയനാട് 109, കണ്ണൂര്‍ സിറ്റി 130, കണ്ണൂര്‍ റൂറല്‍ 127, കാസര്‍കോട് 85 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍. ഇടുക്കിയിലും പത്തനംതിട്ടയിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

കർഷകരുമായുള്ള മന്ത്രിയുടെ ഇസ്രയേൽ യാത്ര വിമർശനങ്ങളിൽ ഉടക്കി

കർഷകർക്കും ഉദ്യോഗസ്ഥർക്കും ഒപ്പം കൃഷിമന്ത്രി പി. പ്രസാദിൻ്റെ നേതൃത്വത്തിൽ നടത്താനിരുന്ന ഇസ്രയേല്‍ സന്ദര്‍ശനത്തിന് ഉടക്ക്. സി.പി.എം. കേന്ദ്രനേതൃത്വം എതിർ നിലപാട് സ്വീകരിച്ചതോടെ യാത്ര അനിശ്ചിതത്വത്തിലായിരുന്നു. ഇസ്രയേല്‍ സന്ദര്‍ശനം ഇടതു നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന സി.പി.എം. നിലപാടിൽ സി.പി.ഐ. നിശ്ശബ്ദത പാലിക്കയും ചെയ്തു

കർഷകർക്ക് കണ്ടു പഠിക്കാൻ ഏറെ ഉണ്ടായിരുന്ന യാത്ര

ഇസ്രയേല്‍ അവലംബിക്കുന്ന ആധുനിക കൃഷിരീതികളെ കുറിച്ച് പഠിക്കാനാണ് കൃഷിമന്ത്രി പി. പ്രസാദും ഉദ്യോഗസ്ഥരും അവിടേക്ക് പോകാന്‍ തീരുമാനിച്ചത്. യാത്രാ ലിസ്റ്റ് വരെ തയാറാക്കി കഴിഞ്ഞിരുന്നു. പതിവിന് വിപരീതമായി കർഷകർക്കും ഇടം ലഭിച്ചിരുന്നു എന്നത് പ്രത്യേകതയായിരുന്നു.

കാർഷിക മേഖലയിൽ ഇത്രയും വലിയ ഉദഗസ്ഥ വകുപ്പ് സംവിധാനങ്ങൾ ഉണ്ടായിട്ടും എന്ത് പ്രയോജനം എന്ന് സോഷ്യൽ മീഡിയയിൽ അടക്കം പൊതു ജന ഓഡിറ്റ് ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ഉദ്യോഗസ്ഥരും പത്രപ്രവർത്തകരും അടങ്ങുന്ന സംഘത്തെ യാത്രയ്ക്ക് നിശ്ചയിച്ചത്. എന്നാൽ ഉടക്കിന് രാഷ്ട്രീയ, സംഘടനാ പ്രശ്നങ്ങൾ കൂടി ശക്തി പകർന്നു.

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷവേളയില്‍ ഇടതുസര്‍ക്കാരിലെ ഒരു മന്ത്രി ഇസ്രയേല്‍ സന്ദര്‍ശിക്കാനും പഠനത്തിനുമായി പോകാന്‍ ഒരുങ്ങിയത് ശരിയാണോ എന്നായിരുന്നു എതിർപ്പിൻ്റെ ആദ്യ ഘട്ടം. സംസ്ഥാനം കടുത്ത സാമ്പത്തികഞെരുക്കം അനുഭവിക്കുന്ന സാഹചര്യവും ഉയർത്തി കാട്ടി. ബജറ്റിലെ സെസ് നിർദ്ദേശങ്ങളും വ്യപകമായ ചർച്ചയായിരിക്കയാണ്. ജോഡോ യാത്രയുടെ സമാപനത്തിൽ സിപിഐ പങ്കാളിയായതും ഇതിനിടയിലാണ്. ഇതിൽ സി പി എം അത്ര താതപര്യത്തിലായിരുന്നില്ല.

ഇവയ്ക്ക് എല്ലാം പിന്നാലെയാണ് മുഖ്യമന്ത്രി വിഷയവുമായി ബന്ധപ്പെട്ട ഫയല്‍ വിളിച്ചുവരുത്തിയത്. ഒപ്പം കഴിഞ്ഞദിവസം ചേര്‍ന്ന സി.പി.ഐ. എക്‌സിക്യൂട്ടീവില്‍ വിഷയത്തില്‍ പ്രസാദിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിദേശയാത്ര പോകുമ്പോള്‍ പാര്‍ട്ടിയെ അറിയിച്ചില്ല എന്ന നിലയ്ക്കായിരുന്നു വിമർശനം. എന്നാൽ യഥാർത്ഥ കർഷകർ ഇസ്രയേലിൽ നേരിട്ട് എത്തി അവടത്തെ ആധുനിക സാങ്കേതിക മുന്നേറ്റം നേരിൽ കണ്ടു മനസിലാക്കുന്നത് പ്രയോജനപ്രദമാവും എന്ന പ്രതീക്ഷ ഉയർന്നിരുന്നു.