വാണി ജയറാമിന് വിട, ഔദ്യോഗിക ബഹുമതികളോടെ ബസന്ത് നഗറിൽ നിത്യത

അന്തരിച്ച ഗായിക വാണി ജയറാമിന് യാത്രാമൊഴി. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗറിലെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. ഇന്നലെ രാത്രി എഴുമണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ നുങ്കപാക്കത്തെ വീട്ടിൽ വെച്ച മൃതദ്ദേഹത്തിൽ നിരവധിപേർ ആദരം അർപ്പിച്ചു.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പടെ അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലെത്തി. പാട്ടുലോകത്തിന്‍റെ നഷ്ടമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. കേരള സർക്കാരിന് വേണ്ടി നോർക്ക നോഡൽ ഓഫിസർ പുഷ്പചക്രം അർപ്പിച്ചു.

പത്മ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചെങ്കിലും അത് ഏറ്റു വാങ്ങാനും കാത്തുനിന്നില്ല.

തലയടിച്ച് വീണത് മരണ കാരണമായി, ദുരൂഹതയില്ല

വാണി ജയറാമിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് തമിഴനാട് പൊലീസ്. തലക്കേറ്റ മുറിവാണ് മരണകാരണമെന്നും പൊലീസ് അറിയിച്ചു. കിടക്കയിൽ നിന്ന് എഴുനേൽക്കുന്നതിനിടെ ടീപൊയിൽ തലയടിച്ച് വീണതാണ്. ഭർത്താവിന്‍റെ മരണശേഷം ഒറ്റയ്ക്കായിരുന്നു വാണി ജയറാമിന്‍റെ ജീവിതം.

മൂന്നു വര്‍ഷമായി ഒറ്റയ്‌ക്കായിരുന്നു താമസം. രാവിലെ 11 മണിയോടെ സഹായിയായ യുവതി എത്തി വിളിച്ചപ്പോള്‍ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് അവര്‍ അയല്‍വാസികളെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ കടന്നപ്പോള്‍ തലയില്‍ മുറിവോടെ തറയില്‍ കിടക്കുന്ന നിലയിലാണ് വാണി ജയറാമിനെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചു. എങ്കിലും മരണം സ്ഥിരീകരിച്ചു.

കൂടത്തായി കൊലപാതക പരമ്പര കേസിൽ നാല് മൃതദേഹങ്ങളിൽ വിഷാംശം കണ്ടെത്താനായില്ല

കൂടത്തായി കൊലപാതക പരമ്പര കേസിൻ്റെ ഗതിമാറ്റി നാല് മൃതദേഹ ഭാഗങ്ങൾ എടുത്ത് പരിശോധിച്ചതിൽ വിഷാംശം കണ്ടെത്താനായില്ല. ഇതു സംബന്ധിച്ച ദേശീയ ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്തു വന്നു. 2002 ൽ നടന്ന കൊലപാതകമാണ്. 2019 ലാണ് അവശിഷ്ടങ്ങൾ പരിശോധിക്കുന്നത്.

കൊല്ലപ്പെട്ടവരില്‍ നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങളിലും സയനൈഡിന്റെ അംശമോ മറ്റു വിഷാംശങ്ങളോ കണ്ടെത്താനായില്ലെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്. അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയില്‍ മാത്യു, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് ദേശീയ ഫൊറന്‍സിക് ലാബില്‍ പരിശോധിച്ചത്.

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (58) മകന്‍ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകള്‍ ആല്‍ഫൈന്‍ (2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44) എന്നിവരാണു കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട സിലിയുടെ ശരീരത്തില്‍ സയനൈഡിന്റെ അംശമുണ്ടെന്നു ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സയനൈഡ് ഉള്ളില്‍ ചെന്നാണ് റോയ് തോമസിന്റെ മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.ബാക്കി നാലു പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധനയ്ക്കായി അയച്ചതിലാണ് ഇപ്പോൾ റിപ്പോർട്ട് വന്നിരിക്കുന്നത്.

പരിശോധിച്ചത് 15 വർഷത്തിലധികം പഴക്കമുള്ള മൃതാവശിഷ്ടങ്ങൾ

2019-ലാണ് കൂടത്തായി കേസില്‍ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹാവശിഷ്ടങ്ങള്‍ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചത്. ആദ്യം കോഴിക്കോട് റീജിയണല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിലും പിന്നീട് ദേശീയ ഫൊറന്‍സിക് ലാബിലുമായിരുന്നു പരിശോധന.

2002-ല്‍ അന്നമ്മ തോമസിനെ ആട്ടിന്‍സൂപ്പില്‍ ‘ഡോഗ് കില്‍’ എന്ന വിഷം കലര്‍ത്തി നല്‍കിയും മറ്റു മൂന്നുപേരെ സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. അന്നമ്മയെ കൊല്ലാന്‍ ഉപയോഗിച്ച വിഷം ജോളി മൃഗാശുപത്രിയില്‍നിന്ന് വാങ്ങിയതിന്റെ രേഖകളും തെളിവുകളും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതേസമയം, മറ്റുമൂന്നുപേരെ കൊലപ്പെടുത്തിയത് സയനൈഡ് നല്‍കിയാണെന്നത് ജോളിയുടെ കുറ്റസമ്മത മൊഴിയാണ്.

14 വര്‍ഷത്തിനിടെ കുടുംബത്തിലെ ആറുപേരെ ജോളി വിഷം നല്‍കിയും സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നതാണ് കൂടത്തായി കൊലപാതക പരമ്പര കേസ്. ഭര്‍ത്താവ് റോയ് തോമസ്, ഭര്‍തൃമാതാവ് അന്നമ്മ തോമസ്, ഭര്‍തൃപിതാവ് ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വൻ കുടുംബ സ്വത്ത് തട്ടിയെടുക്കലായിരുന്നു പിന്നിൽ.

14 വര്‍ഷത്തിനിടെ ഒരു കുടുംബത്തിലെ ആറ് പേരുടെ കൊലപാതകം നടത്തി2019 ഒക്ടോബര്‍ അഞ്ചിനായിരുന്നു മുഖ്യപ്രതി ജോളി പൊന്നാമറ്റം വീട്ടില്‍ നിന്ന് അറസ്റ്റിലായത്. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ ആറു പേര്‍ സമാന സാഹചര്യത്തില്‍ മരിച്ചത്.

കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

കൂടത്തായി കൊലപാതക പരമ്പര കേസിലെ ദേശീയ ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട് തിരിച്ചടിയല്ലെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍. കാലപ്പഴക്കം കൊണ്ട് മരണകാരണത്തില്‍ വ്യക്തത കിട്ടണമെന്നില്ല. സംസ്ഥാനത്തെ ഫൊറൻസിക്ക് ലാബിൽ പരിശോധിച്ചപ്പോഴും 4 മൃതദേഹങ്ങളിൽ നിന്ന് വിഷത്തിന്‍റെയോ സൈനൈഡിന്‍റെയോ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. കാലപ്പഴക്കം കൊണ്ട് സംഭവിക്കുന്നതാണത്. തുടര്‍ന്ന് നാല് പേരുടെയും മരണം സംബന്ധിച്ച് പരിശോധിക്കാൻ ഡോക്ടറുമാരുടെ പാനൽ തയ്യാറാക്കുകയും അവരുടെ റിപ്പോർട്ട് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നടത്തിയ പരിശോധ ഫലം കൂടുതൽ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര ലാബിലേയ്ക്ക് അയച്ചതെന്നും കെ ജി സൈമൺ പറഞ്ഞു. 

പാക്കിസ്ഥാൻ മുൻ പ്രസിഡൻ്റ് പർവേസ് മുഷറഫ് അന്തരിച്ചു

0

പാകിസ്ഥാൻ മുന്‍ പ്രസിഡൻ്റും സൈനിക മേധാവിയുമായിരുന്ന പര്‍വേസ് മുഷറഫ് (79) ദുബായിലെ ആശുപത്രിയിൽ അന്തരിച്ചു. ദീര്‍ഘനാളായി അമിലോയ്‌ഡോസിസ് ചികിത്സയിലായിരുന്നു.

ഹൃദയം, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളിൽ അമിലോയ്ഡ് പ്രോട്ടീനുകൾ രൂപപ്പെടുന്ന അപൂർവരോഗമായ അമിലോയ്‌ഡോസിസ് ബാധിതനായിരുന്നു മുഷറഫ്. ഇതേത്തുടർന്ന് അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതായും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

പാക് പട്ടാളമേധാവി കൂടിയായിരുന്ന പർവേസ് മുഷറഫ് 1999 ഒക്ടോബർ 12ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2001ൽ പാക്കിസ്ഥാൻ പ്രസിഡന്റായി. 2008ൽ ഇംപീച്മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു. പ്രസിഡന്റ് പദവി രാജിവച്ച് ദുബായിലെത്തിയശേഷം 2013ലാണ് പാക്കിസ്ഥാനിലേക്കു മടങ്ങിയെത്തിയത്. പക്ഷെ വീണ്ടും രാജ്യ ദ്രോഹ കുറ്റം ചുമത്തപ്പെട്ടതോടെ രാജ്യം വിട്ടു. ദുബായിൽ അഭയം തേടി.

ഏറെ കാലമായി പാക് രാഷ്ട്രീയത്തിൽ നിന്നും പുറന്തള്ളപ്പെട്ട മുഷറഫിനെതിരെ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് കോടതി അദ്ദേഹത്തെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പാക് പ്രാദേശിക കോടതി മുഷറഫിനെ മുൻപ് വധശിക്ഷക്കും വിധിച്ചിരുന്നു.  

ഇന്ത്യയിൽ ജനിച്ചു, പാക്കിസ്ഥാൻ സൈനിക മേധാവും പ്രസിഡൻ്റുമായി

1943 ഓഗസ്റ്റ് 11-ന് ബ്രിട്ടീഷ് ഇന്ത്യയിലെ ഡല്‍ഹിയിലായിരുന്നു മുഷറഫിന്റെ ജനനം. വിഭജനത്തിനു ശേഷം പാകിസ്ഥാനിലെ കറാച്ചിയിലെത്തിയ അദ്ദേഹം 1964 -ല്‍ പാക് സൈനിക സര്‍വീസിലെത്തി.

റോയൽ കോളജ് ഒാഫ് ഡിഫൻസ് സ്റ്റഡീസ്, പാക്കിസ്താൻ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലായി ഉന്നതവിദ്യാഭ്യാസം പൂർത്തീകരിച്ചു.1964ൽ പാക് സൈനിക സർവിസിലെത്തി. സ്‍പെഷൽ സർവിസ് ഗ്രൂപ്പിന്റെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1965,1971 യുദ്ധങ്ങളിലും അദ്ദേഹം പ​ങ്കെടുത്തു. 1965ലെ ഇന്ത്യ – പാക് യുദ്ധത്തിൽ സെക്കൻഡ് ലഫ്‌റ്റനന്റായിരുന്ന മുശർറഫ്, അന്നു ഖേംകരൻ സെക്‌ടറിൽ പാക് സൈന്യത്തെ നയിച്ചു. 1971ലെ ഇന്ത്യ – പാക് യുദ്ധത്തിൽ കമാൻഡോ ബറ്റാലിയന്റെ കമ്പനി കമാൻഡറായിരുന്ന അദ്ദേഹത്തിന് അന്നു നടത്തിയ സൈനിക മുന്നേറ്റങ്ങളുടെ പേരിൽ ഉന്നത ബഹുമതികൾ ലഭിച്ചു. 1998ലാണ് ജനറൽ റാങ്കിലേക്ക് ഉയർന്നത്. പിന്നീട് സൈനിക മേധാവിയായി.

1998 -ലാണ് പ്രധാനമന്ത്രി നവാസ് ഷെരീഫ് മുഷറഫിനെ സൈനിക മേധാവിയായി നിയമിക്കുന്നത്. 1999 ഒക്ടോബറില്‍ നവാസ് ഷെരീഫിനെ പുറത്താക്കിയാണ് മുഷറഫ് അധികാരം പിടിച്ചെടുത്തത്‌. തുടര്‍ന്ന് ഭീകരവാദ പ്രോത്സാഹനക്കുറ്റം ചുമത്തി ഷെരീഫിനെ ജയിലിലാക്കി.

1999 ഒക്ടോബറിൽ 13ന് അധികാരം പിടിച്ചെടുത്ത മുശർറഫ് ഭീകരവാദ പ്രോത്സാഹനക്കുറ്റം ചുമത്തി നവാസ് ഷെരീഫിനെ തടവിലാക്കി. തുടർന്ന് 2001 വരെ അദ്ദേഹം പാക്കിസ്താൻ പ്രതിരോധസേനയുടെ സമ്പൂർണ മേധാവിയായി പട്ടാളഭരണകൂടത്തിനു നേതൃത്വം നൽകി. 2001 ജൂണിൽ കരസേനമേധാവി എന്ന സ്ഥാനം നിലനിർത്തി അദ്ദേഹം പ്രസിഡന്റായി.

2007 മാർച്ചിൽ ചീഫ് ജസ്‌റ്റിസ് ഇഫ്‌തിഖാർ മുഹമ്മദ് ചൗധരിയെ പെരുമാറ്റദൂഷ്യത്തിനു പുറത്താക്കിയത് വൻ വിവാദമായി. ചീഫ് ജസ്‌റ്റിസിനെ തിരിച്ചെടുത്തുകൊണ്ടു പാക് സുപ്രീം കോടതി ഉത്തരവും പിന്നാലെ നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തതും രാഷ്ട്രീയരംഗം കലുഷിതമാക്കി. 2007 ഡിസംബറിൽ മുശർറഫ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒടുവിൽ മുശർറഫിനെതിരെ യോജിച്ചുനീങ്ങാൻ ഷരീഫും സർദാരിയും തീരുമാനിച്ചു. 2008 പിപിപി – പിഎംഎൽ (എൻ) ഭരണസഖ്യം ദേശീയ അസംബ്ലിയിൽ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാനുള്ള അന്തിമഘട്ടത്തിൽ 2008 ഓഗസ്റ്റ് 18നാണ് അദ്ദേഹം രാജിവെച്ചത്.

അധികാര ഭ്രഷ്ടനായ ശേഷം മുഷറഫിനെതിരേ 2013-ൽ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഏകാധിപത്യഭരണ സമീപനം പുലർത്തിയതിൻ്റെ പേരിലായിരുന്നു കേസ്. അറസ്റ്റ് ഭയന്ന് രാജ്യം വിട്ട മുഷറഫ് 2016 മുതൽ ദുബായിലാണു കഴിയുന്നത്. കാര്‍ഗില്‍ യുദ്ധ കാലത്ത് മുഷറഫായിരുന്നു മേധാവി.

ഞാൻ ഞാനെന്ന ഭരണം

2001 ൽ പ്രസിഡന്റായി. ഭരണകാലത്ത് രാഷ്ട്രീയ എതിരാളിയാക്കളെ നിർദയം വേട്ടയാടി. 2007 മാർച്ചിൽ ജുഡീഷ്യറിയുമായുണ്ടായ ഏറ്റുമുട്ടലാണ് മുഷറഫിന്റെ ഭരണത്തിന് അന്ത്യം കുറിച്ചത്. ചീഫ് ജസ്‌റ്റിസ് ഇഫ്‌തിഖാർ മുഹമ്മദ് ചൗധരിയെ  മുഷറഫ് പുറത്താക്കി. ചീഫ് ജസ്‌റ്റിസിനെ തിരിച്ചെടുത്തു കൊണ്ട് പാക്ക് സുപ്രീം കോടതി പിറ്റേന്ന് ഉത്തരവിട്ടു.  

അധികാരം നിലനിർത്താനുള്ള വ്യഗ്രതയിൽ 2007 ഡിസംബറിൽ മുഷറഫ് പാകിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒടുവിൽ
മുഷറഫിനെതിരെ യോജിച്ചുനീങ്ങാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. ഇംപീച്ചേമ്ന്റിന്റെ വക്കിൽ നിൽക്കെ 2008 ഓഗസ്റ്റ് 18ന് മുഷറഫ് രാജിവച്ചു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജഡ്ജിമാരെ ഇംപീച്ച് ചെയ്യുകയും തടങ്കലിലാക്കുകയുംചെയ്ത കേസില്‍  പ്രാദേശിക കോടതി വധശിക്ഷ വിധിച്ചു. നാട്ടിൽ എത്തിയാൽ എന്താകും ഫലമെന്ന് അറിയാവുന്ന മുഷറഫ് പിന്നീട അതിനു ശ്രമിച്ചതുമില്ല.  നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗംബാധിച്ച് രണ്ടു വർഷമായി യുഎഇയിൽ ചികിത്സയിലായിരുന്നു. യന്ത്ര സഹായത്തോടെ അന്ന് ഏറെ മാസങ്ങളായി ജീവൻ നിലനിർത്തിയിരുന്നത്. 

കേന്ദ്രം 24000 കോടി വെട്ടിക്കുറച്ചു, കേരളം കടന്നു പോകുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ എന്നും സെസിന് ന്യായം പറഞ്ഞ് ധനമന്ത്രി

സമാനതകളില്ലാത്ത പ്രതിസന്ധി മൂലമാണ് ഇന്ധന സെസ് ഏർപ്പെടുത്തേണ്ടി വന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഭാവികേരളത്തിന് വേണ്ടിയുള്ള നിരവധി പദ്ധതികളും ആശയങ്ങളുമാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്നതെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്താൻ കാരണം കേന്ദ്ര സർക്കാരാണ് എന്നും ആരോപിച്ചു.

ജനങ്ങൾക്ക് ബോധ്യപ്പെടും

നികുതിയും സെസും കൂട്ടിയ സാഹചര്യം ജനങ്ങൾക്ക് ബോധ്യപ്പെടുമെന്ന് ധനമന്ത്രി ഫേസ്ബുക്കിൽ ചൂണ്ടിക്കാട്ടി. സെസ് കൂട്ടിയതിനെ പർവ്വതീകരിക്കാൻ ശ്രമം നടക്കുന്നുവെന്നും കുറ്റപ്പെടുത്തി.കാൽ നൂറ്റാണ്ടിനുള്ളിൽ കേരളത്തെ ഏതൊരു വികസിത രാജ്യത്തോടും സമാനമായ അടിസ്ഥാന സൗകര്യ വികസനത്തിലേക്കും ജീവിതസൗകര്യങ്ങളിലേക്കും ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യമാണ് എൽ.ഡി.എഫ്. സർക്കാരിനുള്ളതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്

2023-24 ലേക്കുള്ള സംസ്ഥാന ബജറ്റ് ഇന്നലെ അവതരിപ്പിക്കുകയുണ്ടായി. ഭാവി കേരളത്തിനു വേണ്ടിയുള്ള നിരവധി പദ്ധതികളും ആശയങ്ങളുമാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്നത്.

അറിവിനെ ഉത്പാദനമൂല്യത്തിലേക്ക് പരിവർത്തനം ചെയ്യാനുതകുന്ന വിധത്തിൽ വിജ്ഞാന സമ്പദ് വ്യവസ്ഥയെ സൃഷ്ടിക്കുക എന്നതായിരുന്നു കഴിഞ്ഞ ബജറ്റിന്റെ ഫോക്കസെങ്കിൽ വ്യാവസായിക വളർച്ചയും തൊഴിലവസരങ്ങളും വർദ്ധിപ്പിച്ച് സംസ്ഥാനത്തിന്റെ വളർച്ച ത്വരിതപ്പെടുത്തുക എന്നതിലായിരുന്നു ഇത്തവണത്തെ ബജറ്റിന്റെ ഊന്നൽ. മേക് ഇൻ കേരള പദ്ധതിയിലൂടെ തദ്ദേശീയമായ ഉത്പാദനം വർദ്ധിപ്പിക്കുകയും വിഴിഞ്ഞം തുറമുഖത്തെ കേരളത്തിന്റെ ഭാവി വികസനത്തിന്റെ കവാടമായി മാറ്റുകയും ചെയ്യുക എന്നതുൾപ്പെടെ കേരളത്തെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായ പല പ്രഖ്യാപനങ്ങളും ഉണ്ടായിരുന്നു. വടക്ക് -തെക്ക് ജലപാത, സംസ്ഥാനമാകെ വർക്ക് ഫ്രം ഹോം സംവിധാനങ്ങൾ, ഐടി രംഗത്തെ അടിസ്ഥാന സൗകര്യ വികസനം, ഗ്രീൻ ഹൈഡ്രജൻ ഹബ്ബ് ഉൾപ്പെടെ പാരമ്പര്യേതര ഊർജ്ജോൽപാദനം മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങി നിരവധി പദ്ധതികളാണ് അവതരിപ്പിക്കപ്പെട്ടത്.

കാൽ നൂറ്റാണ്ടിനുള്ളിൽ കേരളത്തെ ഏതൊരു വികസിത രാജ്യത്തോടും സമാനമായ അടിസ്ഥാന സൗകര്യ വികസനത്തിലേക്കും ജീവിതസൗകര്യങ്ങളിലേക്കും ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യമാണ് എൽഡിഎഫ് സർക്കാരിനുള്ളത്. ആ ലക്ഷ്യം മുൻനിർത്തിയാണ് ബജറ്റ് തയ്യാറാക്കപ്പെട്ടതും.

എന്നാൽ ബജറ്റിന്റെ ഭാഗമായി അവതരിപ്പിച്ച നികുതി നിർദേശങ്ങളിൽ മദ്യത്തിന് ചെറിയതോതിൽ വില വർദ്ധിപ്പിക്കാനും പെട്രോളിനും ഡീസലിനും മേൽ രണ്ട് രൂപ രണ്ടു രൂപ സെസ് ചുമത്തി സാമൂഹ്യ സുരക്ഷ സീഡ് ഫണ്ടിലേക്ക് വകയിരുത്താനുമുള്ള നിർദ്ദേശങ്ങളും ഉണ്ടായിരുന്നു. അതിനെ പർവതീകരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകളും അവലോകനങ്ങളും പൊതുവെ കാണുന്നുണ്ട് . വിശദമായി തന്നെ വിഷയം പറയാം.

സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ വലിയ കുറവാണ് നടപ്പ് സാമ്പത്തിക വർഷത്തിൽ ഉണ്ടായിരിക്കുന്നത്. കേരളത്തിന് നൽകേണ്ട അർഹമായ വിഹിതത്തിൽ ഏകദേശം 24000 കോടി രൂപയുടെ വെട്ടിക്കുറവാണ് കേന്ദ്രം വരുത്തിയിരിക്കുന്നത്. കോവിഡിന്റെ പ്രതിസന്ധികളിൽനിന്ന് സംസ്ഥാന സമ്പദ് വ്യവസ്ഥ കരകയറി വന്നപ്പോഴാണ് അങ്ങേയറ്റം പ്രതിലോമകരമായ ഈ സമീപനം കേന്ദ്രം സ്വീകരിച്ചത്.

ഇത് സംസ്ഥാനത്ത് ധനഞെരുക്കം ഉണ്ടാക്കി എന്നത് യാഥാർത്ഥ്യമാണ്. അടുത്ത വർഷവും സ്ഥിതി ഇതുതന്നെ ആകാനാണ് സാധ്യത. പലതവണ മാധ്യമങ്ങളോടും ജനങ്ങളോടും ഈ വസ്തുത തുറന്നു പറഞ്ഞിട്ടുള്ളതാണ്.

ബുദ്ധിമുട്ടുകളുണ്ടെങ്കിലും അതൊന്നും നമ്മുടെ നാട്ടിലെ വികസന- ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. സർക്കാരുദ്യോഗസ്ഥരുടെ ശമ്പളവും പെൻഷനും നൽകാൻ ഒരു വർഷം വേണ്ടത് 70000 ഓളം കോടി രൂപയാണ്. ക്ഷേമപെൻഷൻ നൽകാൻ 11000 കോടി വേണം. വിവിധ ക്ഷേമ പദ്ധതികൾക്കും വികസന പദ്ധതികൾക്കും അനേകം കോടികൾ വേറെയും വേണം. ഇതുകൂടാതെ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കുതിച്ചുചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആശുപത്രികളിലും വിദ്യാലയങ്ങളിലും ഉണ്ടാകുന്ന മാറ്റം ഏവർക്കും അറിയുന്നതാണ്. വൻകിട പദ്ധതികളും റോഡ് വികസനവും എല്ലാം അനുസ്യൂതമായി നടന്നുവരികയാണ്. ഒന്നിനും സർക്കാർ യാതൊരു മുടക്കവും വരുത്തിയിട്ടില്ല.

എന്നാൽ ഒരു വശത്ത് വരുമാനത്തിൽ വലിയ ഇടിവുണ്ടാവുകയും മറുവശത്ത് സാമ്പത്തിക ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ വിഭവസമാഹരണം നടത്തേണ്ടത് അനിവാര്യമാകുന്നു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ തന്നെ പരമാവധി വരുമാനം വർദ്ധിപ്പിക്കാനുള്ള പരിശ്രമങ്ങൾ ഒരു വശത്ത് നടത്തി വരുന്നുണ്ട്. ജിഎസ്ടി വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വകുപ്പ് പുന സംഘടിപ്പിച്ചു. അതുൾപ്പെടെ വരുമാനം ലഭിക്കുന്ന മറ്റെല്ലാ സംവിധാനങ്ങളെയും കാര്യക്ഷമമാക്കുന്നു. ഇതിന്റെയെല്ലാം ഭാഗമായാണ് സംസ്ഥാന സർക്കാരിന്റെ തനിതു വരുമാനത്തിൽ കഴിഞ്ഞവർഷം 13000 കോടി രൂപയുടെ വർദ്ധനവ് ഉണ്ടായത്. ഈ വർഷം 13000 കോടിയിലധികം രൂപയുടെ കൂടി വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2016 ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ കേരളത്തിലെ ക്ഷേമപെൻഷൻ 600 രൂപയായിരുന്നു. 33 ലക്ഷം ആളുകൾക്ക് മാത്രമാണ് അത് നൽകിവന്നിരുന്നത്. 18 മാസമായി മുടങ്ങിക്കിടന്ന പെൻഷൻ കൊടുത്തുതീർത്തത് തുടർന്ന് അധികാരത്തിൽ വന്ന എൽ ഡി എഫ് സർക്കാരാണ്. എന്നാൽ ഇന്ന് മാസംതോറും 1600 രൂപ വീതം 63 ലക്ഷം ജനങ്ങൾക്ക് നൽകുകയാണ്. ഇതിൽ 50.66 ലക്ഷം പേർക്ക് സാമൂഹ്യ ക്ഷേമ പെൻഷൻ എന്ന നിലയിലും 6.73 ലക്ഷം പേർക്ക് ക്ഷേമനിധി പെൻഷൻ എന്ന നിലയിലും സർക്കാർ നൽകുകയാണ്. വരുമാനമുള്ള ക്ഷേമനിധി ബോർഡുകൾ 4.28 ലക്ഷം പേർക്ക് പെൻഷൻ നൽകിവരുന്നു. അതായത് 57 ലക്ഷത്തിലധികം ആളുകൾക്ക് സർക്കാർ നേരിട്ടാണ് ക്ഷേമപെൻഷൻ നൽകുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പ്രതിമാസം 200 കോടി രൂപയായിരുന്നു സാമൂഹ്യ ക്ഷേമ പെൻഷൻ നൽകാൻ വേണ്ടിവരുന്ന ചെലവ് എങ്കിൽ ഇന്നത് 950 കോടി രൂപയാണ്.

വരവും ചെലവും തമ്മിലുള്ള അനുപാതത്തിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്ന വിടവ് നികത്താൻ കൂടുതൽ കടമെടുത്തു കൂടെ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാൽ സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയിലും കേന്ദ്രം നിയന്ത്രണം വരുത്തിയിരിക്കുന്നു. ബജറ്റിനു പുറത്തുനിന്ന് ധനം സമാഹരിച്ച് പ്രവർത്തിക്കുന്ന കിഫ്ബി, പെൻഷൻ കമ്പനി എന്നിവയുടെ ബാധ്യതയും സംസ്ഥാനത്തിന്റെ പൊതു കടമായി കേന്ദ്രം പരിഗണിക്കുന്നു. അങ്ങനെയും നമ്മുടെ വിഭവ സമാഹരണത്തിൽ ശോഷണം സംഭവിക്കുന്നു. ഈ സമാനതകളില്ലാത്ത പ്രതിസന്ധിയുടെ ഘട്ടത്തിലാണ് ചെറിയ രീതിയിൽ എങ്കിലും ചില മേഖലകളിൽ നികുതി വർദ്ധിപ്പിക്കാനും പെട്രോളിയം ഉൽപ്പന്നങ്ങളുടെ മേൽ സെസ് ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചത്. സാമൂഹ്യ ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള ഒന്നും ഒരു കാരണവശാലും തടസ്സപ്പെടാൻ പാടില്ല എന്നതാണ് സർക്കാരിന്റെ നയം. ആ ഉദ്ദേശം കൊണ്ടു കൂടിയാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി ഒരു സീഡ് ഫണ്ട് രൂപീകരിച്ച് അതിലേക്ക് ഇന്ധന സെസ് വകയിരുത്താൻ സർക്കാർ തീരുമാനിച്ചത്

ജിഎസ്ടി നടപ്പിലായതോടുകൂടി സംസ്ഥാനങ്ങൾക്ക് ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും മേൽ നികുതി ചുമത്താനുള്ള അധികാരം നഷ്ടപ്പെട്ടു. പെട്രോൾ,ഡീസൽ, മദ്യം എന്നിവയിൽ മാത്രമാണ് സംസ്ഥാന സർക്കാരിന് നികുതി ചുമത്താൻ അധികാരം ഉള്ളത്.

സെസും സർചാർജും പിരിക്കുന്നത് ഇടതുനയമാണോ എന്ന് ചോദിക്കുന്നവരുണ്ട്. പെട്രോളിയം ഉൽപ്പന്നങ്ങൾക്കുമേൽ കേന്ദ്രം ചുമത്തുന്ന സെസുകൾക്കും സർചാർജുകൾക്കും ഇപ്പോഴും ഇടതുപക്ഷം എതിരുതന്നെയാണ്. ആ നിലപാടിൽ യാതൊരു മാറ്റവുമില്ല. കാരണം പെട്രോളും ഡീസലും സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താൻ അധികാരമുള്ള ഉത്പന്നങ്ങളാണ്. സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടന്നുകയറി നികുതിക്ക് മേൽ നികുതി എന്ന പേരിൽ സംസ്ഥാനങ്ങളുമായി വീതം വെക്കേണ്ടതില്ലാത്ത സെസുകളും സർചാർജുകളും ചുമത്തുന്നതിൽ യാതൊരു ന്യായവുമില്ല.

ഒരു ലിറ്റർ പെട്രോളിന്മേൽ കേന്ദ്രം ചുമത്തുന്ന സെസ് 20 രൂപയോളമാണ്. വിലവർധനയുടെ യഥാർത്ഥ കാരണമിതാണ്. സംസ്ഥാന വിൽപ്പന നികുതിയുടെ പരിധിയിൽ വരുന്ന ഒരു ഉൽപ്പന്നത്തിന്മേൽ കടന്നു കയറി സർചാർജും സെസും ചുമത്തുന്ന കേന്ദ്രത്തിന്റെ നടപടി തന്നെ തെറ്റാണ്. അതാണ് പിൻവലിക്കേണ്ടത്.

സംസ്ഥാനത്തിന്റെ നികുതി അധികാരങ്ങൾ അങ്ങേയറ്റം പരിമിതമായ സാഹചര്യവും സംസ്ഥാന വിഹിതം വെട്ടി കുറയ്ക്കുന്ന കേന്ദ്രത്തിന്റെ സമീപനവും ചേർന്നു സൃഷ്ടിച്ച ധനഞെരുക്കത്തെത്തുടർന്ന് സംസ്ഥാന ഗവൺമെന്റ് സ്വീകരിച്ച നടപടിയുടെ പശ്ചാത്തലം ജനങ്ങൾക്ക് ബോധ്യപ്പെടുക തന്നെ ചെയ്യും എന്നുറപ്പുണ്ട്.

കൂടുതൽ വികസന ക്ഷേമ പ്രവർത്തനങ്ങളുമായി എൽ ഡി എഫ് സർക്കാർ മുന്നോട്ടു പോകും. അതിനുള്ള സമീപന രേഖയാണ് ഈ ബജറ്റ്.

ഗുജറാത്ത് കലാപം; ബ്രിട്ടീഷ് ആഭ്യന്തരവകുപ്പ് റിപ്പോർട്ട് പുറത്ത് വിട്ട് മാധ്യമങ്ങൾ

0

ബ്രിട്ടീഷ് ആഭ്യന്തരവകുപ്പ് റിപ്പോർട്ട്;

ഈ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ബി ബി സി അന്വേഷണാത്മക ഡോക്യുമെൻ്ററി നിർമ്മിച്ചത്


സംക്ഷിപ്തം

1.കലാപത്തിന്‍റെ വ്യാപ്തി റിപ്പോര്‍ട്ടുചെയ്യപ്പെട്ടതിനേക്കാള്‍ വളരെ വലുതാണ്. കുറഞ്ഞത് 2000 പേരെങ്കിലും കൊല്ലപ്പെട്ടു. മുസ്ലീം സ്ത്രീകള്‍ വ്യാപകമായി ബലാത്സംഗം ചെയ്യപ്പെട്ടു. 1,38,000 പേര്‍ അഭയാര്‍ഥികളായി. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലും ഹിന്ദു/മുസ്ലീം സമ്മിശ്ര പ്രദേശങ്ങളിലുമുള്ള മുസ്ലീങ്ങളുടെ ബിസിനസുകള്‍ ടാര്‍ഗറ്റു ചെയ്ത് നശിപ്പിക്കപ്പെട്ടു.

2.കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതും രാഷ്ട്രീയപ്രേരിതവും ആണ്. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍നിന്നും മുസ്ലീങ്ങളെ നിര്‍മാര്‍ജനം ചെയ്യുകയായിരുന്നു ലക്ഷ്യം. സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ സംരക്ഷണയില്‍ വിശ്വ ഹിന്ദു പരിഷത്ത് (ഹിന്ദു തീവ്രവാദ സംഘടന) ആണ് കലാപത്തിന് നേതൃത്വം നല്‍കിയത്. മോദി മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം സമയവായം അസാധ്യവുമായി.

വിശദവിവരം

3.അപ്പോഴും നടമാടിക്കൊണ്ടിരുന്ന കലാപത്തിന്‍റെ ആഘാതം വിലയിരുത്തുന്നതിനുവേണ്ടി ഏപ്രില്‍ 8 മുതല്‍ 10 വരെയുള്ള തീയതികളില്‍ (പരിശോധനാ സംഘം) ഗുജറാത്തിലെ അഹമ്മദാബാദ് സന്ദര്‍ശിച്ചു.

ജാക് സ്ട്രാ ബ്രിന്തീഷ് വിദേശകാര്യ സെക്രട്ടറിമനുഷ്യാവകാശപ്രവര്‍ത്തകര്‍, സമുദായ നേതാക്കള്‍ (ഇരുസമുദായങ്ങളിലെയും), ഡയറക്ടര്‍ ജനറല്‍ അടക്കമുള്ള (പ്രധാന കോണ്‍സ്റ്റബിള്‍ തൊട്ട്) മുതിര്‍ന്ന പൊലീസുദ്യോഗസ്ഥര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, ജേണലിസ്റ്റുകള്‍, ബിസിനസുകാര്‍ എന്നിവരുടെ വലിയൊരു നിരയെത്തന്നെ അവര്‍ കണ്ടു. എന്നാല്‍ അവര്‍ സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ പ്രതിനിധികളെ കണ്ടില്ല.

നിലവിലെ അവസ്ഥ

4. അഹമ്മദാബാദ് ഇപ്പോള്‍ ശാന്തമാണ്. എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട അക്രമങ്ങള്‍ തുടരുന്നു. ഫെബ്രുവരി 27ന് തുടക്കംകുറിച്ച, അന്നുമുതല്‍ തുടരുന്ന കലാപഭീതി നമ്മളിതുവരെ റിപ്പോര്‍ട്ടുചെയ്തതിനേക്കാള്‍ വളരെ വലുതാണ്. ഔദ്യോഗിക രേഖകള്‍ (നിലവില്‍ 840 മരണം) മരണസംഖ്യയെ വലിയ തോതില്‍ കുറച്ചുകാണിക്കുന്നു. കാണാതായ ആളുകളെ അവര്‍ വിട്ടുകളയുന്നു (10 വര്‍ഷമായിട്ടും അവര്‍ മരണപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ടില്ല). ഗ്രാമീണ മേഖലകളില്‍നിന്നുള്ള റിപ്പോര്‍ട്ടിങ് അപൂര്‍ണമാണ്. വിശ്വസനീയമായ മനുഷ്യാവകാശ കോണ്‍ടാക്ടുകളില്‍നിന്നും ലഭിച്ച വിവരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഏറ്റവും ചുരുങ്ങിയ കണക്ക് പറയുന്നത് മരിച്ചവരുടെ എണ്ണം 2000 ആണെന്നാണ്. ചില മനുഷ്യാവകാശ പ്രവര്‍ത്തകരും സമുദായ നേതാക്കളും മറ്റു ചില ചാനലുകളിലെ റിപ്പോര്‍ട്ടുകളും പറയുന്നത്, മരണസംഖ്യ അതിലുമുയര്‍ന്നതാകുമെന്നാണ്.

5.ഒട്ടേറെയിടങ്ങളില്‍ കൊലപാതകത്തോടൊപ്പം മുസ്ലീം സ്ത്രീകളെ വ്യാപകമായി ബലാത്സംഗം ചെയ്യുകയുമുണ്ടായി; ചിലയിടങ്ങളില്‍ അത് ചെയ്തത് പൊലീസായിരുന്നു. 1,38,000 ആളുകള്‍ ഒഴിപ്പിക്കപ്പെടുകയും അവര്‍ 70 അഭയാര്‍ഥി ക്യാമ്പുകളിലായി കഴിഞ്ഞുകൂടുകയും ചെയ്യുന്നു. അവരില്‍ ഒരു ലക്ഷത്തിലധികം പേരും മുസ്ലീങ്ങളാണ്.

6.മുസ്ലീം മതവിശ്വാസികള്‍ നടത്തുന്ന ബിസിനസ് സ്ഥാപനങ്ങള്‍ വ്യവസ്ഥാപിതമായി ആക്രമണലക്ഷ്യമാക്കപ്പെട്ടു. ഒരുപോറലുപോലുമേറ്റിട്ടില്ലാത്ത ഹിന്ദുക്കളുടെ കടകള്‍ക്കിടയില്‍ മുസ്ലീങ്ങള്‍ നടത്തിപ്പോന്നിരുന്ന കടകളുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ കാണാം. അഹമ്മദാബാദ് അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ ഞങ്ങളോട് പറഞ്ഞത്, അഹമ്മദാബാദിലെ ഹിന്ദു ഭൂരിപക്ഷ മേഖലകളിലെയും സമ്മിശ്രമേഖലകളിലെയും മുസ്ലീങ്ങളുടെ ബിസിനസ് സ്ഥാപനങ്ങളെല്ലാംതന്നെ നശിപ്പിക്കപ്പെട്ടു എന്നാണ്.

കലാപത്തിന്‍റെ രീതി

7.വര്‍ഗീയകലാപത്തിന്‍റെ നിരവധി പൊട്ടിത്തെറികള്‍ കണ്ടതാണ് ഗുജറാത്ത് സംസ്ഥാനം; 1992 ല്‍ നടന്നതായിരുന്നു അവസാനത്തേത്. എന്നാല്‍ പൊലീസടക്കം ഞങ്ങളോട് സംവദിച്ചവരില്‍ മിക്കവരും പറഞ്ഞത്, ഇത്തവണത്തെ കലാപത്തിന്‍റെ രീതി വ്യത്യസ്തമായിരുന്നു എന്നാണ്. മറ്റ് ഹിന്ദു തീവ്രവാദ സംഘടനകളോടൊപ്പംചേര്‍ന്ന് വിശ്വഹിന്ദു പരിഷത്താണ് കലാപം നയിച്ചത്. അത് മാസങ്ങള്‍ക്കു മുന്‍പേതന്നെ ആസൂത്രണം ചെയ്യപ്പെട്ടതായിരുന്നു. മുസ്ലീങ്ങളുടെ വീടുകളും ബിസിനസ് സ്ഥാപനങ്ങളും ലക്ഷ്യം വയ്ക്കുന്നതിന് കലാപകാരികള്‍ കമ്പ്യൂട്ടറൈസ്ഡ് ലിസ്റ്റുകള്‍ ഉപയോഗിച്ചിരുന്നുവെന്ന് ഞങ്ങളുടെ പൊലീസ് കോണ്‍ടാക്റ്റുകള്‍ ഉറപ്പാക്കിയിട്ടുണ്ട്. ന്യൂനപക്ഷ മുസ്ലീങ്ങള്‍ക്ക് ഓഹരിയുള്ള ബിസിനസ് സ്ഥാപനങ്ങളടക്കം ഉള്‍ക്കൊള്ളുന്ന ഈ ലിസ്റ്റുകളുടെ കൃത്യതയും അതിലെ വിശദാംശങ്ങളും വ്യക്തമാക്കുന്നത്, അവര്‍ വളരെ നേരത്തെതന്നെ സര്‍വസജ്ജരായിരുന്നു എന്നാണ്.

 

സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ പങ്ക്

8. സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ നിഷ്ക്രിയത്വത്തെക്കുറിച്ച് നമ്മള്‍ നേരത്തെതന്നെ റിപ്പോര്‍ട്ട് ചെയ്തതാണ്. അതിനുപുറമെ, ആദ്യത്തെ ദിവസത്തെ കലാപത്തില്‍ അഞ്ച് സംസ്ഥാന മന്ത്രിമാരും പങ്കെടുത്തിരുന്നു എന്ന് ദൃക്സാക്ഷികള്‍

ഗുജറാത്ത് കലാപത്തിന്റെ ഇരകൾറിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഫെബ്രുവരി 27 ന് വൈകിട്ട് സംസ്ഥാനത്തെ ബിജെപി (പ്രധാനമന്ത്രി വാജ്പേയ്യുടെ പാര്‍ട്ടി) മുഖ്യമന്ത്രി നരേന്ദ്രമോദി മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരെ കാണുകയും കലാപത്തില്‍ ഇടപെടരുതെന്ന് അവരോട് കല്‍പിക്കുകയും ചെയ്തുവെന്ന് വിശ്വസനീയയായ ജേണലിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഞങ്ങളോട് പറയുകയുണ്ടായി. എന്നാല്‍ പൊലീസ് കോണ്‍ടാക്റ്റുകള്‍ ഇങ്ങനൊരു യോഗം നടന്നു എന്നത് നിഷേധിക്കുന്നു.

9.എന്നാല്‍, ചോദ്യം ചെയ്യാന്‍ പാടില്ലാത്ത തരത്തിലുള്ള സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ സമ്മര്‍ദം തങ്ങളുടെ (പ്രവര്‍ത്തനത്തിന് മൂക്കുകയറിട്ടു എന്ന് പൊലീസ് കോണ്‍ടാക്ടുകള്‍ സമ്മതിക്കുന്നുണ്ട്. ചില പൊലീസുകാരും കലാപത്തില്‍ പങ്കെടുത്തു എന്നതും പൊലീസ് ഡയറക്ടര്‍ ജനറലായ ചക്രവര്‍ത്തി അംഗീകരിക്കുന്നുണ്ട്; അതേസമയം ദൃക്സാക്ഷികള്‍ പറയുന്നത് കേവലം ചില പൊലീസുകാര്‍ മാത്രമല്ല, കലാപത്തില്‍ വ്യാപകമായി പൊലീസുകാര്‍ പങ്കുചേര്‍ന്നിരുന്നു എന്നാണ്. പൊലീസുകാര്‍ വെടിവച്ചുകൊന്ന 130 പേരില്‍ പകുതിയും മുസ്ലീങ്ങളായിരുന്നു. കലാപവുമായി ബന്ധപ്പെട്ട് 8,000 പേരെ തങ്ങള്‍ അറസ്റ്റുചെയ്തുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ അവരില്‍ ഹിന്ദുക്കളെത്ര, മുസ്ലീങ്ങളെത്ര എന്നുപറയാന്‍ പൊലീസിനു കഴിയുന്നില്ല.

10. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാര്യത്തില്‍ ഗവണ്‍മെന്‍റ് മന്ദഗതിയിലായിരുന്നു. പരിമിതമായ വാസസ്ഥലവും ശുചിത്വസൗകര്യങ്ങളുംകൊണ്ട് അഭയാര്‍ഥി ക്യാമ്പുകളിലെ സ്ഥിതി പരിതാപകരമായിരുന്നു. ക്യാമ്പുകളിലേക്ക് ഭക്ഷണവും പാര്‍പ്പിടസൗകര്യവും ലഭ്യമാക്കാന്‍ ഗവണ്‍മെന്‍റ് തയ്യാറായത്, കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി വാജ്പേയ് ക്യാമ്പുകള്‍ സന്ദര്‍ശിച്ചശേഷം മാത്രമാണ്. അതുവരെ എന്‍ജിഒകളാണ് അതെല്ലാംതന്നെ ലഭ്യമാക്കിയിരുന്നത്. സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ പ്രഥമ നഷ്ടപരിഹാര വാഗ്ദാനം തന്നെ വിവേചനപരമായിരുന്നു: ഗോധ്രയിലെ തീവണ്ടി ആക്രമണത്തിന്‍റെ (ഹിന്ദുക്കളായ) ഇരകള്‍ക്ക് 2,00,000 രൂപ വീതവും, മറ്റെല്ലാ ഇരകള്‍ക്കും (പ്രധാനമായും മുസ്ലീങ്ങള്‍ക്ക്) 1,00,000 രൂപ വീതവും. എല്ലാ ഇരകള്‍ക്കും 50,000 രൂപയെന്ന ഒരു ഏകസംഖ്യ അവര്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ പണമില്ല എന്ന കാരണം പറഞ്ഞുകൊണ്ട് ഈ നഷ്ടപരിഹാരത്തില്‍ ഏറെയും നല്‍കാന്‍ സംസ്ഥാന ഗവണ്‍മെന്‍റ് തയ്യാറാകുന്നില്ല.

മാധ്യമങ്ങളുടെ പങ്ക്

11. കലാപം മൂര്‍ച്ചിപ്പിക്കുന്നതില്‍ ഗുജറാത്തി ഭാഷയിലുള്ള ഏതാണ്ടെല്ലാ പത്രങ്ങളും നിര്‍ണായക പങ്കുവഹിച്ചു.


വ്യാഖ്യാനം

12.വിഎച്ച്പിയും മറ്റ് ഹിന്ദു തീവ്രവാദസംഘങ്ങളുമടങ്ങുന്ന കലാപകാരികളുടെ ലക്ഷ്യം, മുസ്ലീങ്ങളെ ചേരിവത്കരിക്കുന്നതിന്‍റെ ഭാഗമായി ഹിന്ദു ഭൂരിപക്ഷപ്രദേശങ്ങളില്‍നിന്നും സമ്മിശ്ര പ്രദേശങ്ങളില്‍നിന്നും അവരെ തുടച്ചുനീക്കുക എന്നതായിരുന്നു. കലാപത്തിന്‍റെ വ്യവസ്ഥാപിതമായ ക്യാമ്പയിനിന് വംശീയശുദ്ധീകരണത്തിന്‍റെ എല്ലാ അടയാളവുമുണ്ടായിരുന്നു. ഫെബ്രുവരി 27ന് ഗോധ്രയിലെ തീവണ്ടിയില്‍ നടന്ന ആക്രമണം ഒഴികഴിവാക്കപ്പെട്ടു. അന്ന് ആ തീവണ്ടി ആക്രമണം നടന്നില്ലായിരുന്നുവെങ്കില്‍, മറ്റൊന്ന് ഉണ്ടാക്കുമായിരുന്നു.

13.വിഎച്ച്പിയും അതിന്‍റെ കൂട്ടുകക്ഷികളും അഴിഞ്ഞാടിയത് സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ പിന്തുണയോടെയാണ്. സംസ്ഥാന ഗവണ്‍മെന്‍റ് സൃഷ്ടിച്ച ശിക്ഷാഭീതിയില്ലാത്ത ആ ഒരന്തരീക്ഷമില്ലായിരുന്നുവെങ്കില്‍ അവര്‍ക്ക് ഇത്രയേറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയില്ലായിരുന്നു. മുഖ്യമന്ത്രി നരേന്ദ്രമോദി ഇതിനെല്ലാം നേരിട്ട് ഉത്തരവാദിയാണ്. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ കേവലം രാഷ്ട്രീയനേട്ടത്തിന്‍റെ വിദ്വേഷപരമായ വിലയിരുത്തലിനാല്‍ മാത്രം നയിക്കപ്പെട്ടവയായിരുന്നില്ല. 1995ല്‍ അധികാരത്തില്‍വന്ന അന്നുമുതല്‍ ഗുജറാത്തില്‍ ബിജെപി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഹിന്ദു ദേശീയ അജന്‍ഡയുടെ ഒരു ശില്‍പ്പിയെന്ന നിലയില്‍ വിഎച്ച്പിയുടെ പ്രത്യയശാസ്ത്രത്തില്‍നിന്ന് ഊര്‍ജവും ആവേശവും ഉള്‍ക്കൊള്ളുന്നയാളാണദ്ദേഹം.

14.വിഎച്ച്പി വിജയിക്കുമായിരിക്കാം. നിയമവാഴ്ച പരാജയപ്പെട്ടിരിക്കുന്നു. പൊലീസിലോ ജുഡീഷ്യറിയിലോ ആളുകള്‍ക്ക് വിശ്വാസമില്ലാതായിരിക്കുന്നു. മോദി അധികാരത്തില്‍ തുടരുന്നിടത്തോളം മുസ്ലീങ്ങളും മറ്റനേകം പേരും ഭയചകിതരും അരക്ഷിതരുമാണ്; കലാപംമൂലം ഒഴിപ്പിക്കപ്പെട്ടവര്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ തയ്യാറാകില്ല; മോദി അധികാരത്തിലുള്ളിടത്തോളം സമവായം അസാധ്യമാകും; പ്രതികാര പ്രവര്‍ത്തനങ്ങള്‍ തടയാനാകില്ല; എന്തുതന്നെയായാലും ഇന്നത്തെ ഏറ്റവും പുതിയ വാര്‍ത്ത, മാര്‍ച്ച് 1214 തീയതികളിലുള്ള ബിജെപി യോഗത്തിനുശേഷം വാജ്പേയി മോദിയെ തല്‍സ്ഥാനത്തുനിന്നും മാറ്റുമായിരിക്കാം എന്നതാണ്.

(ദ വയര്‍ മാഗസിനോട് കടപ്പാട്)

തെറ്റ് ആർക്കും പറ്റാം – അനിൽ ആൻ്റണിയെ ന്യായീകരിച്ചും യൂത്ത് കോൺഗ്രസിനെ തള്ളിയും കെ സുധാകരൻ

ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ അനിൽ ആന്റണിയെ ന്യായീകരിച്ച് കെ സുധാകരൻ.  തെറ്റ് ആർക്കും പറ്റാവാമെന്ന് സുധാകരൻ തനിക്കും തെറ്റ് പറ്റിയിട്ടുണ്ട്. അതിന് പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തിൽ യൂത്ത് കോൺഗ്രസ് പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഗുജറാത്ത് കലാപത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് പരാമർശിച്ചുളള ബി ബി സിയുടെ “ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ” ഡോക്യുമെന്‍ററിക്കും ബി ബി സിക്കും എതിരായ അനിൽ ആന്റണിയുടെ ട്വീറ്റ് നേരത്തെ വലിയ ചർച്ചയായിരുന്നു. ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയെ വിമർശിക്കുന്ന ബി ബി സി ഡോക്യുമെന്ററിയെ കോൺഗ്രസും രാഹുൽ ഗാന്ധിയുമടക്കം അനുകൂലിക്കുന്നതിനിടെയാണ് മുതിർന്ന നേതാവ് എ കെ ആന്റണിയുടെ മകൻ വിമർശിച്ച് രംഗത്തെത്തിയത്. 

ഇന്ത്യക്കാർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബി ബി സിയുടെ വീക്ഷണത്തിന് മുൻതൂക്കം നല്‍കുന്നത് അപകടകരമാണെന്നായിരുന്നു അന്ന് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ കൂടിയായ അനില്‍ ആന്‍റണിയുടെ ട്വീറ്റ്. പിന്നാലെ അനിലിനെ കോൺഗ്രസ് നേതാക്കൾ തള്ളി. പരാമർശം ദേശീയ തലത്തിലടക്കം ബിജെപി ചർച്ചയാക്കിയതോടെ അനില്‍ ആന്‍റണി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ സ്ഥാനം രാജിവെച്ചൊഴിഞ്ഞു. ദിവസങ്ങൾക്ക് ശേഷം വീണ്ടും ബിബിസിക്കെതിരെ അനിൽ രംഗത്തെത്തിയിരുന്നു.  

യുത്ത് കോൺഗ്രസിനെ തള്ളി സംസ്ഥാന അധ്യക്ഷൻ

വിവാദത്തിൽ അനിൽ ആൻറണിയുടെ രാജിയെ കൂട്ടത്തോടെ സ്വാഗതം ചെയ്തും കൂടുതൽ നടപടി ആവശ്യപ്പട്ടും സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ബിബിസി ഡോക്യുമെൻററി ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കില്ലെന്ന് പറഞ്ഞ് അനിലിനെ ശശി തരൂരും തള്ളിയിരുന്നു.  പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നതടക്കമുള്ള അഭിപ്രായങ്ങൾ യൂത്ത് കോൺഗ്രസ് പ്രകടിപ്പിക്കുന്നതിനിടെയാണ് കെപിസിസി അധ്യക്ഷന്റെ പുതിയ പരാമർശം. 

കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന അന്താരാഷ്ട്ര സംഘത്തിലെ മുഖ്യ കണ്ണി പിടിയിൽ

കേരളത്തിലേക്ക് രാസലഹരിയെത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ അറസ്റ്റിലായി. നൈജീരിയൻ പൗരനായ ചാൾസ് ഒഫ്യൂഡിലിനെ ബംഗലൂരുവിൽ നിന്ന് പിടികൂടി. അന്താരാഷ്ട്ര മയക്കു മരുന്നു സംഘത്തിലെ കണ്ണിയായി ഇയാളെ കോഴിക്കോട് നടക്കാവ് പൊലീസാണ് കീഴ്പ്പെടുത്തിയത്.

കേരളത്തിലേക്ക് മയക്കുമരുന്നെത്തിക്കുന്ന നൈജീരിയൻ സംഘത്തിലെ  പ്രധാനിയായ ചാൾസ്, മാസങ്ങളായി ബംഗളൂരുവിൽ തങ്ങുകയായിരുന്നു. ബംഗളൂരുവിൽ അന്വേഷകരായ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ തിരിഞ്ഞ ഇയാളെ തോക്കു ചൂണ്ടി കീഴ്പ്പെടുത്തുകയായിരുന്നു. നവംബറിൽ നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിലെ  അന്വേഷണത്തിലാണ് അറസ്റ്റ്. പിടികൂടുമ്പോൾ ഇയാളുടെ കൈവശം 55 ഗ്രാം എംഎഡിഎംഎ ഉണ്ടായിരുന്നു. നേരത്തെയും മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് ചാൾസ്.

ഇയാളുടെ ഇരുചക്രവാഹനവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ വെച്ച് ഖാലിദ് അബാദി എന്നയാളിൽ നിന്ന് 58 ജി എം എം ഡി എം എ പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് കിട്ടിയ വിവരമനുസരിച്ച് വിദേശത്തുനിന്ന് മയക്കുമരുന്നെത്തിക്കുന്ന മൂന്നുപേരെയും തന്ത്രപരമായി പൊലീസ് കുടുക്കി. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചുനൽകിയ വിദേശ പൗരനായ ഘാന സ്വദേശിയായ വിക്ടർ ഡി സാംബെയെയും കീഴ്പ്പെടുത്തി. ഉറവിടം കണ്ടെത്താനുളള അന്വേഷണത്തിലാണ് ചാൾസിലേക്കെത്തിയത്. 

കർണാടകത്തിൽ മയക്കുമരുന്ന് കേസിൽ ഈയിടെയാണ് ചാൾസ് ജാമ്യത്തിലിറങ്ങിയത്. ഇതോടെ രണ്ട് വിദേശ പൗരന്മാരുൾപ്പെടെ ആറുപേരെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്. 262 ഗ്രാം എം ഡി എം എ യും  2 വാഹനങ്ങളും കണ്ടെടുത്തു. ഈ ശൃംഘലയിൽ  തമിഴ്നാട്, കർണാടക ,ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കയാണ്.

വാണിജയറാമിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി, നെറ്റിയിൽ മുറിവ് കണ്ടെത്തിയതിൽ സംശയം

ഗായിക വാണി ജയറാമിൻ്റെ മരണത്തിൽ ഞെട്ടൽ മാറാതെ ആരാധക ലോകം. നെറ്റിയിൽ മുറിവേറ്റ പാടുമായി മരിച്ചു കിടക്കുന്ന നിലയിലാണ് ഇഷ്ട ഗായികയുടെ മൃതദേഹം കണ്ടെത്തിയത്. ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിൽ ഉള്ള വസതിയിലായിരുന്നു. 2018-ൽ ഭര്‍ത്താവ് ജയറാം അന്തരിച്ച ശേഷം വാണി ഒറ്റയ്ക്കായിരുന്നു ഈ വീട്ടിൽ താമസം.

 ചെന്നൈയിലെ വസതിയിലെ സഹായിയായ യുവതിയാണ് വിവരം പൊലീസിൽ അറിയിച്ചത്. രാവിലെ ജോലിക്ക് വന്നപ്പോള്‍, ബെല്ലടിച്ചിട്ടും ഫോണ്‍ വിളിച്ചിട്ടും പ്രതികരണം ഇല്ലാതായതിനെ തുടര്‍ന്ന് അയല്‍വാസികളെയും പിന്നീട് പോലീസിനെയും അറിയിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി വാതിൽ പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. കിടപ്പുമുറിയിൽ മരണപ്പെട്ട നിലയിലാണ് വാണിയെ കണ്ടെത്തിയത്. 

സഹായിയായ യുവതി പറഞ്ഞത്

പത്തേ മുക്കാലിന് താന്‍ ജോലിയ്‌ക്കെത്തി. ആദ്യ ബെല്ലടിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. വീണ്ടും ബെല്ലടിച്ചു നോക്കി. ഫോണ്‍ വിളിച്ചു നോക്കിയപ്പോഴും എടുത്തില്ല. തുടര്‍ന്ന് അയല്‍വാസികളെ അറിയിക്കുകയും അവര്‍ പോലീസിനെ വിളിക്കുകയുമായിരുന്നു. മുറിയില്‍ തറയില്‍ വീണു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹമെന്നും അവര്‍ പറഞ്ഞു.

കുഴഞ്ഞു വീണപ്പോൾ സംഭവിച്ച മുറിവെന്ന് പ്രാഥമിക നിഗമനം

വാണി മുറിയിൽ കുഴഞ്ഞു വീണു മരിച്ചതാവാം എന്നാണ് നിലവിൽ പൊലീസിൻ്റെ നിഗമനം. മൃതദേഹത്തിൻ്റെ നെറ്റിയിൽ മുറിവുണ്ടെന്നും എന്നാൽ ഇത് വീഴ്ചയിൽ മുറിയിലെ ടീപ്പോയിയിൽ തലയിടിച്ചപ്പോൾ സംഭവിച്ചതാവാമെന്നും ചെന്നൈ പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ശേഖര്‍ ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനായി വാണി ജയറാമിൻ്റെ മൃതദേഹം ഓമന്തുരാർ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

അവശ്വസനീയമെന്ന് കെ എസ് ചിത്ര, മൂന്നു ദിവസം മുൻപും സംസാരിച്ചിരുന്നു

മൂന്ന് ദിവസം മുന്‍പ് എന്നെ ഫോണില്‍ വിളിച്ചതേയുള്ളൂ. ഇത് സത്യം തന്നെയാണോ? ഞാന്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ വാണിയമ്മ അതിഥിയായി വന്നത് ഈയിടെയാണ്. പത്മഭൂഷണ്‍ കിട്ടിയതിന് അമ്മയെ ഞങ്ങള്‍ ആദരിച്ചു. ഒരു സാരി ഞാന്‍ സമ്മാനമായി നല്‍കിയിരുന്നു. അതിന് ശേഷം എന്നെ വിളിച്ച് സാരി ഇഷ്ടമായെന്ന് പറഞ്ഞിരുന്നു. എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എനിക്ക് എന്താണ് പറയേണ്ടത് എനിക്കറിയില്ല. വാണിയമ്മ സംഗീതലോകത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. ഒരു പാട്ട് ഒറ്റതവണ കേട്ടാല്‍ മതി പെട്ടന്ന് പഠിച്ചെടുക്കും. തമിഴില്‍ ഞാന്‍ ഏറ്റവു കൂടുതല്‍ ഡ്യൂവറ്റ് പാടിയത് വാണിയമ്മയ്ക്ക് ഒപ്പമായിരിക്കും. എനിക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല ഈ മരണം’ – കെ.എസ് ചിത്ര പറഞ്ഞു.

പാട്ടുകൾ ഓർത്തെടുത്ത് സങ്കടത്തിൽ മുങ്ങി സോഷ്യൽ മീഡിയ സമൂഹം

വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി.. നാടന്‍ പാട്ടിലെ മൈന… കിളിയേ കിളി കിളിയേ… ഓലഞ്ഞാലി കുരുവീ…ഏതോ ജന്മകല്പനയിൽ…സൌരയുഥത്തിൻ … ആഷാഡ മാസം ആത്മാവിൽ … ഉള്‍പ്പെടെ എത്രയെത്ര ഗാനങ്ങള്‍. ജന്‍മ വീഥികളില്‍… തുടങ്ങി അവരുടെ മലയാള ഗാനങ്ങൾ സ്റ്റാറ്റസുകളിലും നിറയുകയാണ്.

പാടിയ പാട്ടുകളെല്ലാം ആരാധകരുടെ ചുണ്ടികളിലും ഹൃദയത്തിലും ഇടം പിടിച്ചവയാണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്നു തവണ ലഭിച്ചു, ഈ വർഷം രാജ്യം നൽകിയ പത്മഭൂഷൺ പുരസ്കാരത്തിന്റെ പ്രഭയും പേറിയാണ് രാജ്യത്തിന്റെ മധുരവാണി വിടവാങ്ങുന്നത്.

കലൈവാണി എന്നാണ് മാതാപിതാക്കൾ നൽകിയ പേര്. ഹിന്ദി സിനിമയിൽ പാടി തുടങ്ങിയപ്പോൾ ഭർത്താവിന്റെ പേര് കൂട്ടിച്ചേർത്ത് വാണി ജയറാം എന്നാക്കി മാറ്റി. അച്ഛൻ ദൊരൈസ്വാമി കൊൽക്കത്ത ഇൻഡോ- ജപ്പാൻ സ്റ്റീൽസ് ലിമിറ്റഡിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ പത്മാവതി പാടുകയും വീണ വായിക്കുകയും ചെയ്യുമായിരുന്നു.

 അഞ്ചാം വയസിൽ ദീക്ഷിതർ കൃതികൾ പഠിച്ചു. എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി. വിവാഹ ശേഷം മുംബൈയിൽ താമസമാക്കിയതോടെയാണു സിനിമാ സംഗീതത്തിന്റെ വഴിയിലേക്കു വന്നത്. ഇക്കണോമിക്സിൽ ബിരുദം നേടിയ വാണിക്ക് എസ്ബിഐയിൽ ഉദ്യോഗസ്ഥയായി ജോലി ലഭിച്ചു. മുംബൈ സ്വദേശിയും ഇൻഡോ ബൽജിയം ചേമ്പർ ഓഫ് കൊമേഴ്സ് എക്സിക്യുട്ടീവ് സെക്രട്ടറിയുമായ ജയറാമിനെയാണ് വിവാഹം ചെയ്തത്.

മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി അങ്ങനെ ഇരുപതോളം ഇന്ത്യൻ ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകളാണ് വാണിയമ്മ സമ്മാനിച്ചത്. അഞ്ച് പതിറ്റാണ്ടുകൾക്കു മുൻപ് ‘ഗുഡി’ എന്ന സിനിമയിലൂടെ പ്രശസ്ത സംഗീത സംവിധായകൻ വസന്ത് ദേശായിയാണ് വാണിയെ സിനിമയിലേക്ക് കൈപിടിച്ച് ആനയിച്ചത്. പിന്നീട് ബോളിവുഡിലെ മുൻനിര സംഗീത സംവിധായകരൊക്കെ ആ മധുരവാണിയെ കൊണ്ട് പാടിച്ചു. ചെന്നൈയിലേക്കു താമസം മാറിയതോടെ മലയാളത്തിനും തമിഴിനും തെലുങ്കിനും ഭാഗ്യമായി.

സ്വപ്നം പോലെ മലയാളത്തിൻ്റെ പ്രിയപ്പെട്ട കലൈവാണി

1973 ൽ സ്വപ്നം എന്ന ചിത്രത്തിലൂടെ സലീൽ ചൗധരിയാണ് വാണിയമ്മയെ മലയാളത്തി‌ലേക്ക് കൊണ്ടുവരുന്നത്. ‘സൗരയുഥത്തിൽ വിരിഞ്ഞോരു’ എന്നു തുടങ്ങുന്ന പാട്ടിലൂടെ വാണി ജയറാം മലയാളികൾക്കും പ്രിയപ്പെട്ടവളായി. വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, ആഷാഢമാസം, കരുണ ചെയ്യുവാൻ എന്തുതാമസം, മഞ്ചാടിക്കുന്നിൽ, ഒന്നാനാംകുന്നിന്മേൽ, നാടൻ പാട്ടിലെ മൈന, ധുംതനധും തനന ചിലങ്കേ, മാമലയിലെ പൂമരം പൂത്ത നാൾ, മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ, ഏതോ ജന്മ കൽപനയിൽ, പത്മതീർഥ കരയിൽ, കിളിയേ കിളി കിളിയേ, എന്റെ കൈയിൽ പൂത്തിരി തുടങ്ങിയ നൂറുകണക്കിന് മധുരഗാനങ്ങൾ സമ്മാനിച്ചു.

1973 ഫെബ്രുവരിയിലാണ് കേരളത്തിൽ നിന്ന് സ്വപ്നം സിനിമയുടെ പ്രൊഡ്യൂസർ സിനിമയിലേക്ക് പാടാൻ വിളിച്ചത്. സലിൽ ചൗധരിയാണ് സംഗീത സംവിധാനമെന്ന് കേട്ടതും വാണി പാടാൻ സമ്മതംമൂളി. ഒ.എൻ.വി കുറുപ്പ് അന്ന് സർക്കാർ സർവിസിലായിരുന്നതിനാൽ ബാലമുരളി എന്ന പേരിലാണ് പാട്ടെഴുതിയിരുന്നത്.

‘സൗരയൂഥത്തിൽ വിടർന്നോരു കല്യാണ- സൗഗന്ധികമാണീ ഭൂമീ – അതിൻ, സൗവർണ്ണപരാഗമാണോമനേ നീ, അതിൻ സൗരഭമാണെന്റെ സ്വപ്നം’ എന്ന മനോഹര ഗാനം സൂപ്പർ ഹിറ്റായി. പിന്നീട് സലിൽ ചൗധരിയുടെ നെല്ല് എന്ന ചിത്രത്തിലൊഴികെ മറ്റെല്ലാം മലയാള ചിത്രത്തിലും വാണിയുടെ പാട്ടുകളുണ്ടായിരുന്നു.

ശ്രീകുമാരൻ തമ്പിയുടെ പാട്ടുകളാണ് മലയാളത്തിൽ വാണി ജയറാം കൂടുതലും പാടിയത്. അന്ന് വയലാർ-ദേവരാജൻ-പി. സുശീല ടീം പോലെ, ശ്രീകുമാരൻ തമ്പി-അർജുനൻ മാഷ്-വാണി ജയറാം ടീമും മലയാള സിനിമ സംഗീത മേഖലയിലുണ്ടായി.

ഏറെ വർഷങ്ങൾക്കു ശേഷമാണ് ‘1983’ എന്ന സിനിയിലൂടെ ആ പെൺസ്വരം മലയാളത്തിൽ തിരിച്ചെത്തിയത്. അതും വാണിയെപ്പോലെ സ്വരത്തിൽ ഇപ്പോഴും ചെറുപ്പം സൂക്ഷിക്കുന്ന ജയചന്ദ്രനൊപ്പം. ഓല‍‌‌ഞ്ഞാലി കുരുവിയും പുലിമുരുകനിലെ മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേയും ആക്ഷൻ ഹീറോ ബിജുവിലെ പൂക്കൾ പനിനീർ പൂക്കൾ എന്നിവയുമായി വീണ്ടും വിസ്മയിപ്പിച്ചു.

ഗായിക വാണി ജയറാം അന്തരിച്ചു

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. അടുത്തിടെയാണ് രാജ്യം പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ചത്. മൃതദേഹം റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വാണി ജയറാമിനെ ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നെറ്റിയിൽ ഒരു മുറിവ് ഏറ്റ നിലയിലാണ്.

തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുൾപ്പെടെ 19 ഭാഷകളിലായി അവർ ഗാനങ്ങൾ ആലപിച്ചു.

സ്വപ്നം എന്ന ചിത്രത്തിലെ ‘സൗരയൂഥത്തിൽ വിടർന്നൊരു’ എന്ന ഗാനമാണ് മലയാളത്തിൽ അവർ ആദ്യം ആലപിച്ചത്

മൂന്നു തവണ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നേടി,

പുന്നഗൈ മന്നനിലെ ഈ ഗാനം വാണി ജയറാമിൻ്റെ ആലാപന വൈവിധ്യത്തിൻ്റെയും സൌന്ദര്യത്തിൻ്റെയും ഉദാഹരണമായി വിലയിരുത്തപ്പെടുന്നു

അഗ്നിവീർ റിക്രൂട്ട്മെന്റ് രീതി മാറ്റി, ഇനി ആദ്യം ഓൺലൈൻ പരീക്ഷ

സേനകളിലേക്ക് കരാർ നിയമനം നടത്തുന്നതിന് പുതിയതായ് ആരംഭിച്ച അഗ്നിവീര്‍ റിക്രൂട്ട്മെന്‍റ് രീതി മാറ്റി. ഇനി മുതല്‍ ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ ആദ്യം നടത്തും.തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാകും ഓണ്‍ലൈന്‍ പരീക്ഷ .

തുടര്‍ഘട്ടങ്ങളില്‍ കായിക ക്ഷമത പരിശോധനയും മെഡിക്കല്‍ പരിശോധനയും നടത്തും. നേരത്തെ കായികക്ഷമത, മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷമായിരുന്നു പൊതു പ്രവേശന പരീക്ഷ. പൊതുപ്രവേശന പരീക്ഷ നടത്തുന്നതിലൂടെ  ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കുറക്കാനാകുമെന്നും, അതു വഴി  സാമ്പത്തിക ചെലവും, ഉദ്യോഗസ്ഥ വിന്യാസവും ചുരുക്കാനാകുമെന്നുമാണ് കരസേനയുടെ വിശദീകരണം. അയ്യായിരം മുതല്‍ ഒന്നരലക്ഷം വരെ ഉദ്യോഗാര്‍ത്ഥികളാണ് പല സംസ്ഥാനങ്ങളിലും റിക്രൂട്ട്മെന്‍റ് നടപടികള്‍ക്കെത്തിയിരുന്നത്