ഇതിഹാസ താരം, സുഹൃത്ത്… പ്രകീർത്തിച്ച് പൗലോ കൊയ്‌ലോ, കാണാൻ കൊതിയെന്ന് ഷരൂഖ് ഖാൻ

0

സംഘടിത ആക്രമണങ്ങൾ അതിജീവിച്ച് ഗംഭീര തിരിച്ചുവരവ് അറിയിച്ച ഷാരൂഖ് ഖാന് വിശ്രുത എഴുത്തുകാരൻ്റെ പ്രശംസ. പഠാന്‍ ബോക്‌സ്ഓഫിസ് തകര്‍ത്ത് പ്രയാണം തുടരുന്നതിനിടെ ഷാരൂഖ് ഖാനെ പ്രകീര്‍ത്തിച്ച് എഴുത്തുകാരന്‍ പൗലോ കൊയ്‌ലോയാണ് ട്രെൻഡിങ് ട്വിറ്റ് ഇട്ടത്.

ഷാരൂഖ് ഖാനെ ബോളിവുഡ് വിശേഷിപ്പിക്കുന്ന കിംഗ് എന്ന പേര് ആവര്‍ത്തിച്ചാണ് ട്വിറ്ററിലൂടെ പൗലോ കൊയ്‌ലോയുടെ പ്രശംസ. ഷാരൂഖ് രാജാവും ഇതിഹാസവും സുഹൃത്തുമാണെന്നാണ് ട്വീറ്റ്. അതിലെല്ലാമുപരി ഷാരൂഖ് ഗംഭീര നടനുമാണെന്ന് പൗലോ കൊയ്‌ലോ പറഞ്ഞു.

ഷാരൂഖിനെ അറിയാത്ത പാശ്ചാത്യരാജ്യങ്ങളിലുള്ളവര്‍ക്ക് താന്‍ മൈ നെയിം ഈസ് ഖാന്‍- ഐ ആം നോട്ട് എ ടെററ്‌സിറ്റ് എന്ന സിനിമ നിര്‍ദേശിക്കുന്നുവെന്നും പൗലോ കൊയ്‌ലോ പറഞ്ഞു. ഷാരൂഖിനെ കാണുന്നതിനായി മുംബൈയിലുള്ള അദ്ദേഹത്തിന്റെ വസതിയ്ക്ക് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്ന ആരാധകരുടെ കൂട്ടത്തെ താരം അഭിവാദ്യം ചെയ്യുന്ന വിഡിയോയും പൗലോ കൊയ്‌ലോ പങ്കുവച്ചിട്ടുണ്ട്.

മതേതര ജീവിതം നയിക്കുന്ന നടന് എതിരെ ഹിന്ദുത്വ തീവ്രവാദ സംഘടനകളുടെ ആക്രമണവും വേട്ടയാടലും തുടരുന്നതിനിടെയാണ് നടന് പ്രശംസ. എഴുത്തുകാരന്റെ ട്വീറ്റിന് 40.2K ലൈക്കുകളാണ് ലഭിച്ചിട്ടുള്ളത്.

പൗലോ കൊയ്‌ലോയുടെ ട്വീറ്റ് എസ്ആര്‍കെ ആരാധകര്‍ ആഘോഷമാക്കിയതിന് പിന്നാലെ ഷാരൂഖ് പൗലോ കൊയ്‌ലോയ്ക്ക് ട്വീറ്റിലൂടെ മറുപടിയും നല്‍കി. നിങ്ങള്‍ എപ്പോഴും വളരെ ദയാലുവാണ് സുഹൃത്തേ എന്ന് ഷാരൂഖ് നന്ദി പ്രകടിപ്പിച്ചു. നമ്മുക്ക് ഉടനെ തന്നെ നേരിൽ കാണാമെന്ന് ആഗ്രഹിക്കുന്നതായും താരം പൗലോ കൊയ്‌ലോയുടെ വാക്കുകള്‍ റീട്വീറ്റ് ചെയ്തുകൊണ്ട് പറഞ്ഞു.

മദ്യലഹരിയിൽ വിളയാടിയ യുവാവ് പൊലീസ് ജീപ്പിൽ എസ് ഐയുടെ ചെവി കടിച്ചു മുറിച്ചു

മദ്യലഹരിയിൽ ബൈക്ക് ഓടിച്ച് ഭീതി സൃഷ്ടിച്ച യുവാവ് പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നതിനിടെ എസ് ഐയുടെ ചെവി കടിച്ചു മുറിച്ചു. നാട്ടുകാർ പൊലീസിൽ പിടിച്ചേൽപ്പിച്ച മധൂർ സ്വദേശി സ്റ്റനി റോഡ്രിഗസ് (48) ആണ് പൊലീസ് ജീപ്പിൽ അക്രമം കാണിച്ചത്.

കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെ എസ്.ഐ. എം.വി. വിഷ്ണുപ്രസാദിന്റെ ചെവി പ്രതിയുടെ കടിയേറ്റ് അറ്റ് തൂങ്ങി. മദ്യലഹരിയിൽ സ്റ്റനി ഓടിച്ചിരുന്ന ബൈക്ക് ഉളിയത്തടുക്കയിൽവെച്ച് ഒരു വാനുമായി കൂട്ടിമുട്ടി. അപകടത്തെ തുടർന്ന് ഇയാളെ പെരുമാറ്റത്തിലെ പിശക് മനസിലാക്കി നാട്ടുകാർ തടഞ്ഞു. വിവരമറിഞ്ഞ് എസ്.ഐ.യും സംഘവുമെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

ഇതോടെ പ്രതി അക്രമാസക്തനായി. പൊലീസ് ജീപ്പിൽ കയറ്റി തുടർനടപടികൾക്കായി സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴാണ് എസ്.ഐ.ക്ക് നേരെ തിരിഞ്ഞത്.

പരിക്കേറ്റ എസ്‌.ഐ.യെ കാസർകോട് സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ചെവിയിൽ തുന്നിട്ടതിനുശേഷം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

PSC പ്രൊഫൈലിൽ ഇനി യോഗ്യതയും തിരുത്താം

പി.എസ്.സി പ്രൊഫൈലിൽ ഇനി മുതൽ വിദ്യാഭ്യാസ യോഗ്യതയും സ്വയം തിരുത്താം. ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ ചേർത്ത വിദ്യാഭ്യാസ യോഗ്യത സ്വയം തിരുത്തുവാനുള്ള സംവിധാനം പി.എസ്.സി ലഭ്യമാക്കി. പ്രൊഫൈലിലെ വ്യക്തിഗത വിവരങ്ങൾ, സമുദായം എന്നിവ തിരുത്താനുള്ള സൗകര്യം ഇതിനകം തന്നെ ലഭ്യമാക്കിയിരുന്നു

ഇത്തരം ആവശ്യങ്ങൾക്കായി ഇനി മുതൽ പി.എസ്.സി ഓഫിസിൽ നേരിട്ട് ഹാജരാകേണ്ടതില്ല എന്നതാണ് ഏറ്റവും പ്രധാനം. എന്നാൽ, ജനന തീയതി, ഫോട്ടോ, ഒപ്പ് എന്നിവ സ്വയം തിരുത്തവാനാകില്ല. അവയ്ക്ക് നിലവിലുള്ള രീതി തുടരുക തന്നെ ചെയ്യും.

തിരുത്തലുകൾ ഉദ്യോഗാർത്ഥികളുടെ അറിവോടെ തന്നെ നടക്കുന്നുവെന്ന് ഉറപ്പു വരുത്തുവാൻ ഒ.ടി.പി രീതിയും ഏർപ്പെടുത്തിയിട്ടുണ്ട്. സ്വയം വരുത്തുന്ന മാറ്റങ്ങൾ പ്രമാണ പരിശോധനാ സമയത്ത് ഉദ്യോഗാർത്ഥികൾ രേഖാമൂലം തെളിയിക്കുകയും വേണം.

ആർത്തവ പ്രശ്നങ്ങൾ ചെറുത്, പ്രത്യേക പരിഗണന ഇല്ലെന്ന് മന്ത്രി

ശമ്പളത്തോടെയുള്ള ആർത്തവ അവധി നൽകുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പവാർ പറഞ്ഞു. ആർത്തവം സാധാരണ ശാരീരിക പ്രതിഭാസം മാത്രമാണ്. ആർത്തവത്തെ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുണ്ടാകുന്നത് ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ്. മറ്റുള്ളവരെ അത് വലിയ രീതിയിൽ ബാധിക്കാറില്ല. അതുകൊണ്ട് തന്നെയാണ് ആർത്തവ അവധി കേന്ദ്ര സർക്കാർ പരിഗണിക്കാത്തതെന്‌നും ഭാരതി പവാർ വ്യക്തമാക്കി.

ഭീതിവിതച്ച കടുവയെ പിടികൂടാനായില്ല, കുരുക്കു മുറുകി ചത്തതിന് ജനങ്ങൾക്ക് എതിരെ വനം വകുപ്പ്, ജനരോഷം താങ്ങാനാവാതെ രാഷ്ട്രീയ പാർട്ടികൾ

0

പൊന്‍മുടിക്കോട്ടയില്‍ ഭീതിപരത്തിയ കടുവ ചത്തത് കഴുത്തില്‍ കുരുക്കുമുറുകിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ തോട്ടമുടമയുടെപേരില്‍ വനംവകുപ്പ് കേസെടുത്തു. ജീവിതം തന്നെ പ്രതിസന്ധിയിലാക്കിയ കടുവ ചത്തതിന് വനം വകുപ്പ് ജനങ്ങൾക്ക് എതിരെ പ്രതികാര നടപടികളുമായി എത്തിയത് വൻ പ്രതിഷേധം ഉയർത്തി. എന്നാൽ കേസുമായി വനം വകുപ്പ് നടപടി തുടർന്നു. ചത്ത കടുവയെ കണ്ടെത്തിയ തോട്ടത്തിന്റെ ഉടമയായ പള്ളിയാലില്‍ മുഹമ്മദിന്റെ പേരിലാണ് വന്യജീവിസംരക്ഷണനിയമത്തിലെ വേട്ടയാടല്‍ നിരോധനനിയമപ്രകാരം കേസെടുത്തത്.

കടുവ ഷെഡ്യൂള്‍ഡ് ഒന്നില്‍പ്പെട്ട ജീവിയാണ്. കര്‍ശന നിയമനടപടി സ്വീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. ബുധനാഴ്ച വൈകീട്ടാണ് അന്പുകുത്തി പാടിപറന്പിലെ മുഹമ്മദിന്റെ തോട്ടത്തില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തിയത്. ഒന്നരവയസ്സുള്ള കടുവയെ പിടികൂടാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് ഈ സംഭവമുണ്ടായതെന്നാണ് വനംവകുപ്പ് വിശദീകരിക്കുന്നത്.

തന്റെ പറമ്പില്‍ അതിക്രമിച്ചുകയറി കുരുക്ക് സ്ഥാപിച്ചവരെ എത്രയുംവേഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പള്ളിയാലില്‍ മുഹമ്മദ് അമ്പലവയല്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതിനല്‍കി. താന്‍ വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ പ്രയാസമനുഭവിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തന്റെ പറമ്പില്‍നിന്ന് കഴിഞ്ഞദിവസം കടുവയെ കഴുത്തില്‍ കുരുക്കുമുറുകി ചത്തനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തന്റെ ഭൂമിരേഖയുടെ പകര്‍പ്പ് വാങ്ങിക്കൊണ്ടുപോയെന്നും പരാതിയില്‍ പറയുന്നു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ സ്വകാര്യതോട്ടമുടമയുടെപേരില്‍ കേസെടുത്തതില്‍ പ്രദേശത്ത് പ്രതിഷേധവും ശക്തമാണ്. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ കഴിയുന്ന ആള്‍ക്കെതിരേയാണ് വനംവകുപ്പ് നടപടിയുമായി മുന്നോട്ടുനീങ്ങുന്നതെന്നും ഇത് കര്‍ഷകരോടുള്ള വെല്ലുവിളിയാണന്നുമാണ് നാട്ടുകാര്‍ പറയുന്നത്. സ്ഥലത്ത് മഹസര്‍ തയ്യാറാക്കാനായി വ്യാഴാഴ്ച വൈകീട്ടോടെ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിഷേധത്തെത്തുടര്‍ന്ന് തിരികെപ്പോകേണ്ടിവന്നു.

കുപ്പക്കൊല്ലി, പൊന്മുടിക്കോട്ട, അമ്പുകുത്തി, എടക്കല്‍, പാടിപറമ്പ് ഭാഗങ്ങളില്‍ 12 വളര്‍ത്തുമൃഗങ്ങള്‍ കടുവയുടെ ആക്രമണത്തില്‍ രണ്ടുമാസത്തിനിടെ കൊല്ലപ്പെട്ടിരുന്നു. രണ്ടുമാസംമുമ്പ് കുപ്പമുടിയില്‍ പത്തുവയസ്സുള്ള പെണ്‍കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലകപ്പെട്ടിരുന്നു. അതിനൊപ്പമുണ്ടായിരുന്ന കുഞ്ഞാണിത്. പ്രദേശത്ത് മറ്റൊരു കടുവകൂടിയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ബുധനാഴ്ച വൈകീട്ട് അമ്പുകുത്തി വെള്ളച്ചാട്ട പരിസരത്ത് അമ്പുകുത്തി മലയില്‍നിന്ന് പുലിയിറങ്ങി റോഡുമുറിച്ചുകടന്ന് ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ കണ്ടെത്തിയത്.

കുപ്പാടി ഫോറസ്റ്റ് വെറ്ററിനറി ലാബില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് വൈല്‍ഡ് ലൈഫ് സര്‍ജന്‍മാരായ ഡോ. അരുണ്‍ സത്യന്‍, ഡോ. അജേഷ് മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വനം വകുപ്പിനും ജനങ്ങൾക്കും ഇടയിൽ രാഷ്ട്രീയ നാടകങ്ങൾ

കടുവയെ ചത്തനിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതികാരനടപടികളിലേക്ക് വനംവകുപ്പ് കടക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു.

പൊന്‍മുടിക്കോട്ടയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലമുടമയുടെപേരില്‍ കേസെടുത്ത വനംവകുപ്പിന്റെ നടപടിയില്‍ സി.പി.ഐ. പ്രതിഷേധിച്ചു. അന്യായമായി കൃഷിക്കാരെ ഉപദ്രവിച്ചാല്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുംജില്ലാ സെക്രട്ടറി ഇ.ജെ. ബാബു പറഞ്ഞു.

ദ മോഡി ക്വസ്റ്റ്യന്‍ വിലക്കിയ നടപടിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നൊട്ടീസ്

ബി.ബി.സിയുടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. അഭിപ്രായ സ്വാതന്ത്രത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും എതിരായ നിരന്ത ഇടപെടലുകൾ നടക്കുന്ന സാഹചര്യത്തിൽ മഹുവ മൊയ്ത്രയും അഡ്വ പ്രശാന്ത് ഭൂഷണുമാണ് കോടതിയെ സമീപിച്ചത്.

ഡോക്യുമെന്ററിയുടെ ലിങ്ക് പങ്കുവെക്കുന്ന ടീറ്റുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് പുറപ്പെടുവിച്ച ഉത്തരവിൻ്റെ ആധികാരികമായ രേഖ ഹാജരാക്കാന്‍ കോടതി കേന്ദ്രത്തോടു നിര്‍ദേശിച്ചു.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. മറുപടി സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. വിഷയം ഏപ്രില്‍ മാസത്തില്‍ പരിഗണിക്കാനായി കോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഡോക്യുമെന്ററി ലിങ്കുകള്‍ പങ്കുവെക്കുന്നത് വിലക്കിയ കേന്ദ്ര നടപടിയ്‌ക്കെതിരേ രണ്ടു ഹര്‍ജികളാണ് കോടതിക്ക് മുന്‍പാകെ എത്തിയത്. ഇതില്‍ ഒന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവാ മോയിത്രയും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും സംയുക്തമായി സമര്‍പ്പിച്ചതാണ്. മറ്റൊന്ന് അഭിഭാഷകന്‍ എം.എല്‍. ശര്‍മയുടേതാണ്.

ബി.ബി.സി. ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ പരാമര്‍ശിക്കുന്ന യുട്യൂബ് വീഡിയോകളും ട്വിറ്റര്‍ പോസ്റ്റുകളും ബ്ലോക്ക് ചെയ്യാന്‍ ജനുവരി 21-ന് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. രണ്ടു ഡോക്യുമെൻ്ററികളും ഗുജറാത്ത് കലാപത്തിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയുടെ പങ്ക് വെളിപ്പെടുത്തുന്ന വിവരങ്ങൾ ഉൾക്കൊള്ളുന്നവയാണ്.

വിമാന കമ്പനികളുടെ സീസൺ കൊള്ളയ്ക്ക് എതിരെ ബജറ്റിൽ ബദൽ നിർദ്ദേശവുമായി മന്ത്രി

0

കേരളത്തിലെ പ്രവാസി സമൂഹത്തെ സീസണുകളിൽ പിഴിയുന്ന വിമാന നിരക്കു വർധനയ്ക്ക് ബദൽ മാർഗ്ഗ നിർദ്ദേശവുമായ് സംസ്ഥാന ബജറ്റ്. പ്രത്യേകിച്ചും ഗള്‍ഫ് മേഖലയിലുള്ളവരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ്. ഇതിനെ പ്രതിരോധിക്കാന്‍ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലിൻ്റെ  ബജറ്റ് പ്രസഗത്തിലാണ് നിർദ്ദേശം മുന്നോട്ട് വെച്ചത്.

പ്രവാസികളുടെ യാത്രാ ആവശ്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോര്‍ക്ക റൂട്ട്സ് വഴി ഒരു പ്രത്യേക പോര്‍ട്ടല്‍ നടപ്പാക്കാനാണ് ബജറ്റിൽ മുന്നോട്ട് വെക്കുന്ന ആശയം. യാത്രാക്കാരുടെ ആവശ്യവും എണ്ണവും പരിഗണിച്ച് അതിനനുസരിച്ച് ആവശ്യമായ സെക്ടറുകളില്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുകയാവും ചെയ്യുക. നോർക്ക് വഴി ലഭിക്കുന്ന യാത്രാ ആവശ്യം സംബന്ധിച്ച വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയാവും വിമാനം ചാർട്ടർ ചെയ്യുക.

ഇതുസംബന്ധിച്ച് ആഭ്യന്തര, വിദേശ എയര്‍ലൈന്‍ കമ്പനികളുമായും പ്രവാസി സംഘടനകളുമായും ഇതിനോടകം നടത്തിയ ചര്‍ച്ചകളെക്കുറിച്ചും ബജറ്റില്‍ പ്രതിപാദിച്ചു.

വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ സീറ്റ് അടിസ്ഥാനത്തിലുള്ള നിരക്ക് വിമാനക്കമ്പനികളില്‍ നിന്ന് സുതാര്യമായ പ്രക്രിയയിലൂടെ വാങ്ങിക്കും. ഇതനുസരിച്ച് പരമാവധി നിരക്ക് കുറച്ച് ചാര്‍ട്ടര്‍ വിമാനങ്ങള്‍ സജ്ജീകരിക്കാനാവും എന്നാണ് വിശദീകരിക്കുന്നത്. സീസണില്‍ പത്തിരട്ടിയോളവും അതിലധികവുമൊക്കെ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. യാത്രാ ആവശ്യങ്ങളുടെ ഡാറ്റ ശേഖരിച്ച് അതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടര്‍ വിമാനങ്ങളില്‍ പ്രവാസികള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. ഇതിലൂടെ യാത്രക്കാര്‍ക്ക് താങ്ങാനാവുന്ന പരിധിയിക്കുള്ള ടിക്കറ്റ് നിലനിര്‍ത്താന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷ ബജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി പങ്കുവെച്ചു. 

പ്രാഥമികമായി 15 കോടിയുടെ ഒരു കോര്‍പസ് ഫണ്ട് ഈ പദ്ധതിക്കായി രൂപീകരിക്കാനാണ് ബജറ്റിലെ നിര്‍ദേശം. ഏതെങ്കിലും ഒരു വിമാനത്താവളം പദ്ധതിയില്‍ പങ്കാളിയാവാന്‍ ആഗ്രഹം പ്രകടിപ്പിക്കുമെങ്കില്‍ അതിനുള്ള അണ്ടര്‍റൈറ്റിങ് ഫണ്ടായും ഈ പണം ഉപയോഗിക്കും.

അദാനിക്കെതിരെ അന്വേഷണം വേണം, പാർലമെൻ്റ് സ്തംഭിപ്പിച്ച് പ്രതിപക്ഷം

അദാനിക്കെതിരായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്‍റ് രണ്ടാം ദിനവും സ്തംഭിച്ചു. അന്വേഷണത്തിന് സർക്കാർ ഉത്തരവിടുന്നത് വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ  തീരുമാനം. അദാനിക്കെതിരായ വെളിപ്പെടുത്തലുകളില്‍ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സിപിഎം, ശിവസേന  ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പാർലമെന്‍റില്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വിഷയം ച‍ർച്ചക്കെടുക്കാനാകില്ലെന്ന് ലോക്സഭാ-രാജ്യസഭ അധ്യക്ഷന്മാർ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ബജറ്റ് ഉള്‍പ്പെടെയുള്ള വിഷയം ചർച്ച ചെയ്യേണ്ട സമയം പ്രതിപക്ഷം പാഴാക്കുകയാണെന്ന് ലോക്സഭ സ്പീക്കർ കുറ്റപ്പെടുത്തി.

അദാനി വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്  പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാർ ലോകസഭയുടെ നടുത്തളത്തിലറങ്ങി മുദ്രാവാക്യം വിളിച്ചു.  ബജറ്റ്, ജി20 വിഷയങ്ങളില്‍ ചർച്ച നടക്കേണ്ട സമയമാണെന്നും തടസ്സപ്പെടുത്തരുതെന്നും ലോകസഭ സ്പീക്കർ ഓംബിർള ആവശ്യപ്പെട്ടു. പ്രതിഷേധം കനത്തതോടെ ഒടുവില്‍ ലോക്സഭ രണ്ട് മണിവരെയും രാജ്യസഭ രണ്ടര വരെയും നിര്‍ത്തിവെച്ചു.

സഭ ചേരുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേർന്നിരുന്നു. പതിനാറ് പാർട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. അദാനിക്കെതിരെ ജെപിസി അന്വേഷണമോ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷമോ നടത്തുന്നത് വരെ പ്രതിഷേധം തുടരാനാണ് യോഗത്തിലെ തീരുമാനം.

നാളെ വീണ്ടും സഭചേരുമ്പോഴും  പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം തുടരും.

നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പ്, നാഗ്പൂരിൽ ബി ജെ പിക്ക് തിരിച്ചടി

മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെയും കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരിയുടെയും തട്ടകമായ നാ​ഗ്പൂരിൽ പാർട്ടിക്ക് നേട്ടമുണ്ടാക്കാനായില്ല. ആർഎസ്എസിന്റെ കേന്ദ്രം സ്ഥിതി ചെയ്യുന്ന ന​ഗരമാണ് നാ​ഗ്പൂർ. പ്രതിപക്ഷമായ മഹാവികാസ് അഘാഡി സഖ്യത്തിനാണ് വിജയം. നിയമസഭയുടെ ഉപരിസഭയിലെ അഞ്ച് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തിങ്കളാഴ്ചയായിരുന്നു. ഇന്നാണ് വോട്ടെണ്ണൽ നടന്നത്. അഞ്ച് കൗൺസിൽ അംഗങ്ങളുടെ ആറ് വർഷത്തെ കാലാവധി ഫെബ്രുവരി 7 ന് അവസാനിക്കുന്നതിനാലാണ് തെരഞ്ഞെടുപ്പ് നടന്നത്. കൊങ്കൺ ഡിവിഷൻ ടീച്ചേഴ്സ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ദ്യാനേശ്വർ മഹാത്രേ വിജയിച്ചു. എന്നാൽ, നാ​ഗ്പൂരിൽ ബിജെപി പിന്തുണ നൽകിയ സ്ഥാനാർഥിയെ എംവിഎ സ്ഥാനാർഥി തോൽപ്പിച്ചു. കൊങ്കൺ ഡിവിഷനിൽ ബിജെപി സ്ഥാനാർഥി 9000 വോട്ടുകൾക്കാണ് ജയിച്ചത്. 

നാ​ഗ്പൂരിൽ എം‌വി‌എ പിന്തുണച്ച സ്ഥാനാർത്ഥി സുധാകർ അദ്ബലെ ബിജെപി പിന്തുണച്ച സ്വതന്ത്രനും സിറ്റിംഗ് എം‌എൽ‌സിയുമായ നാഗോറാവു ഗനാറിനെ പരാജയപ്പെടുത്തി. ഔറംഗബാദ്, അമരാവതി, നാസിക് ഡിവിഷൻ ഗ്രാജ്വേറ്റ് സെഗ്‌മെന്റുകൾ എന്നിവ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഔറംഗബാദ് അധ്യാപക മണ്ഡലത്തിൽ ആദ്യ റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) സ്ഥാനാർഥി വിക്രം കാലെ ലീഡ് ചെയ്യുകയാണ്.

സംസ്ഥാന നിയമസഭയുടെ ഉപരിസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഭരണകക്ഷിയായ ബിജെപി-ബാലാസാഹെബാഞ്ചി ശിവസേനയും (മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗം) ശിവസേനയും (ഉദ്ധവ് ബാലാസാഹേബ് താക്കറെ) ഉൾപ്പെടുന്ന പ്രതിപക്ഷ സഖ്യവും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ്. ഏത് വിഭാ​ഗത്തിനാണ് കരുത്ത് എന്ന് തെളിയിക്കാൻ ഇരു വിഭാ​ഗത്തിനും വിജയം കൂടിയേ തീരൂ. 

ഉച്ചയൂണിനും വൈകീട്ടും, വെണ്ടയിലും കോളിഫ്ലവറിലും രണ്ട് കറി

വെണ്ടക്ക മപ്പാസും കോളിഫ്ലവർ പെപ്പർ മസാലയും

വെണ്ടക്ക മപ്പാസും കോളിഫ്ലവർ പെപ്പർ മസാലയും തയ്യാറാക്കുന്ന വിധം.

വെണ്ടക്ക മപ്പാസ്

ചേരുവകൾ

  • വെണ്ടക്ക – 200g
  • സവാള – 1 വലുത്
  • തക്കാളി – 1
  • ഇഞ്ചി ചെറുതായി അരിഞ്ഞത് – 1 ടീസ്പൂൺ
  • വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 2 ടീസ്പൂൺ
  • പച്ചമുളക് – 2 എണ്ണം
  • ചുവന്നുള്ളി – 2
  • തേങ്ങയുടെ ഒന്നാംപാൽ – 1 കപ്പ്
  • തേങ്ങയുടെ രണ്ടാംപാൽ – 2 കപ്പ്
  • മുളകുപൊടി – 1 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി – 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • വെളിച്ചെണ്ണ – 2+1 ടേബിൾസ്പൂൺ
  • കറിവേപ്പില – 2 തണ്ട്
  • ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് അരിഞ്ഞ വെണ്ടക്ക 2 മിനിറ്റ് വഴറ്റി മാറ്റി വെക്കുക. ബാക്കിയുള്ള എണ്ണയിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് 1 മിനിറ്റ് വഴറ്റുക. അതിലേക്ക് ചെറുതായി അരിഞ്ഞ സവാള കൂടെ ചേർത്ത് ചുവക്കെ വഴറ്റുക. പൊടികൾ ഓരോന്നായി ചേർത്ത് കൊടുക്കുക. മൂത്ത് വരുമ്പോൾ അരിഞ്ഞ തക്കാളി ചേർത്ത് യോജിപ്പിക്കുക.
ശേഷം തേങ്ങയുടെ രണ്ടാംപാൽ ചേർക്കുക. തിളച്ചു വരുമ്പോൾ വഴറ്റി മാറ്റി വച്ചിരിക്കുന്ന വെണ്ടക്കയും പാകത്തിന് ഉപ്പും ചേർത്ത് കൊടുക്കുക.
വെണ്ടക്ക നന്നായി വെന്ത് ചാറു കുറുകി വരുമ്പോൾ ഒന്നാംപാൽ ചേർത്ത് തിളച്ചു വരും മുൻപ് തീ അണക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞ ചുവന്നുള്ളി, കറിവേപ്പില എന്നിവ മൂപ്പിച്ച് കറിയിൽ ചേർക്കുക. ചോറിനൊപ്പം വിളമ്പാം.

കോളിഫ്ലവർ പെപ്പർ മസാല

ചേരുവകൾ

  • കോളിഫ്ലവർ – 1
  • സവാള – 2
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
  • തക്കാളി – 1 ചെറുത്
  • പച്ചമുളക് – 2
  • മല്ലിപ്പൊടി – 1 ടീസ്പൂൺ
  • മുളക്പൊടി – 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • ഗരം മസാല – 1/2 ടീസ്പൂൺ
  • കുരുമുളക് – 1 ടേബിൾസ്പൂൺ
  • പെരുംജീരകം – 2 ടീസ്പൂൺ
  • ജീരകം – 1 ടീസ്പൂൺ
  • കറിവേപ്പില – 2 തണ്ട്
  • മല്ലിയില അരിഞ്ഞത് – 1/4 കപ്പ്
  • എണ്ണ – 2 ടേബിൾസ്പൂൺ
  • ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ചൂടുവെള്ളത്തിൽ അല്പം ഉപ്പ് ചേർത്ത് വെക്കുക. കോളിഫ്ലവർ ചെറുതാക്കി അടർത്തി കഴുകി ഉപ്പ് വെള്ളത്തിൽ അൽപസമയം മുക്കി വെക്കുക.
കുരുമുളക്, പെരുംജീരകം, ജീരകം എന്നിവ ചൂടാക്കി വറുത്ത് പൊടിച്ച് വെക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ചെറുതായി അരിഞ്ഞ സവാള ചേർത്ത് 3 മിനിറ്റ് വഴറ്റുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വീണ്ടും വഴറ്റുക. ചുവന്നു വരുമ്പോൾ അതിലേക്ക് മുളക്പൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് മൂപ്പിക്കുക. അരിഞ്ഞ തക്കാളി കൂടെ ചേർത്ത് കൊടുക്കുക.
തക്കാളി ഉടഞ്ഞു വരുന്ന പരുവം ആകുമ്പോൾ കോളിഫ്ലവർ ചേർത്ത് യോജിപ്പിക്കുക. ഇനി വറുത്ത് പൊടിച്ച് വച്ചിരിക്കുന്ന കുരുമുളക് കൂട്ട് ചേർത്ത് കൊടുക്കുക. ശേഷം അല്പം വെള്ളം ചേർത്ത് അടച്ച് വച്ച് വേവിക്കുക. പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. കറി വെന്ത് വെള്ളം വറ്റി വരുന്ന പരുവം ആകുമ്പോൾ ഗരം മസാല, അരിഞ്ഞ മല്ലിയില എന്നിവ തൂകി അടുപ്പിൽ നിന്നും മാറ്റാം. ചപ്പാത്തി, ചോറ്, പത്തിരി എന്നിവയ്ക്കൊപ്പം വിളമ്പാം.